പണ്ടുപണ്ടു്, ദ്വാപരയുഗത്തില്‍, ദീര്‍ഘദര്‍ശിയായ ഒരു പിതാവുണ്ടായിരുന്നു. തന്റെ മകള്‍ ഒരിക്കല്‍ കടത്തുവള്ളം തുഴഞ്ഞുകൊണ്ടിരിക്കുമ്പോള്‍ ഒരു മുനിയില്‍ നിന്നു ഗര്‍ഭിണിയായതു മുതല്‍ അയാള്‍ മകളുടെ കാര്യത്തില്‍ വളരെയധികം ശ്രദ്ധാലുവായിരുന്നു. പില്ക്കാലത്തു് ഒരു രാജാവു് അവളെ വിവാഹം കഴിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചപ്പോള്‍ അയാള്‍ അവളെ പട്ടമഹിഷിയാക്കണമെന്നും അവളുടെ മക്കള്‍ക്കു രാജ്യം കൊടുക്കണമെന്നും ആവശ്യപ്പെട്ടു.
സത്യവതി എന്നായിരുന്നു മകളുടെ പേരു്. അവളെ മോഹിച്ച രാജാവിന്റെ പേരു് ശന്തനു എന്നും.
അരയത്തിപ്പെണ്ണിനെ പട്ടമഹിഷിയാക്കാന്‍ രാജാവു മടിച്ചു. അദ്ദേഹത്തിനു് ഉന്നതകുലജാതനും സമര്‍ത്ഥനുമായ ഒരു പുത്രനുണ്ടായിരുന്നു-ദേവവ്രതന്. അവനെ രാജാവാക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം. എങ്കിലും സത്യവതിയെ മറക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞില്ല.
അച്ഛന്റെ ദുഃഖം മനസ്സിലാക്കിയ ദേവവ്രതന് രാജ്യം ഉപേക്ഷിക്കാന്‍ തയ്യാറായി. സത്യവതിയുടെ മക്കള്‍ക്കു രാജ്യത്തിന്റെ അവകാശം പൂര്‍ണ്ണമായി നല്കാന് സ്വമേധയാ സമ്മതിച്ചു.
ദാശന്റെ ദീര്‍ഘദര്‍ശിത്വം അവിടെ അവസാനിച്ചില്ല. ദേവവ്രതന്റെ സന്തതിപരമ്പരയും സത്യവതിയുടെ സന്തതിപരമ്പരയും തമ്മില്‍ അധികാരത്തിനു വേണ്ടി വഴക്കുണ്ടാക്കിയേക്കാം എന്നു് അയാള്‍ ഭയപ്പെട്ടു. ദേവവ്രതന് വിവാഹം കഴിക്കരുതു് എന്നു് അയാള്‍ ശഠിച്ചു.
അച്ഛനു വേണ്ടി ദേവവ്രതന് അതിനും വഴങ്ങി. അങ്ങനെ പുരാണത്തിലെ ഏറ്റവും ഭീഷ്മമായ പ്രതിജ്ഞയ്ക്കു വഴിയൊരുങ്ങി.
എന്നിട്ടെന്തുണ്ടായി?
സത്യവതിയ്ക്കു രണ്ടു മക്കളുണ്ടായി. മൂത്തവന് തന്റെ പേരു് മറ്റൊരുത്തനുണ്ടാകുന്നതു സഹിക്കാതെ വഴക്കുണ്ടാക്കി മരിച്ചു. നിത്യരോഗിയായിരുന്ന രണ്ടാമന് കുട്ടികളുണ്ടാകുന്നതിനു മുമ്പു മരിച്ചു.
അവിടെ തീര്‍ന്നു ശന്തനുവിന്റെ വംശം. എങ്കിലും തന്റെ വംശം കുറ്റിയറ്റു പോകരുതു് എന്നു സത്യവതി ആഗ്രഹിച്ചു. അതിനു വേണ്ടി ലൌകികസുഖങ്ങള്‍ ഉപേക്ഷിച്ചു മുനിയായ മൂത്ത മകനെക്കൊണ്ടു് ഇളയവന്റെ ഭാര്യമാരില്‍ കുട്ടികളെ ഉണ്ടാക്കി.
എന്നിട്ടെന്തുണ്ടായി?
മക്കളില്‍ ഇളയവനു കുട്ടികളുണ്ടായില്ല. വേറെ അഞ്ചു പേരില്‍ നിന്നു് അവന്റെ ഭാര്യമാര്‍ ഗര്‍ഭം ധരിച്ചു. മൂത്തവന്റെ പുത്രന്മാരും പൌത്രന്മാരും ഇളയവന്റെ ഭാര്യമാരുടെ മക്കളോടു തല്ലി മരിച്ചു.
ചുരുക്കം പറഞ്ഞാല്‍, സത്യവതിയുടെ സന്തതിപരമ്പര നാലു തലമുറയ്ക്കപ്പുറത്തേയ്ക്കു രാജ്യം ഭരിക്കുന്നതു പോകട്ടേ, ജീവിച്ചു തന്നെയില്ല. ദീര്‍ഘദര്‍ശനം എത്രയുണ്ടായാലും ചില കാര്യങ്ങളൊക്കെ അതിനെതിരായി വരും.
അന്യഥാ ചിന്തിതം കാര്യം
ദൈവമന്യത്ര ചിന്തയേത്
എന്നു പറഞ്ഞതു വെറുതെയാണോ? (സംസ്കൃതത്തില്‍ “ദൈവം” എന്ന വാക്കിന്റെ അര്‍ത്ഥം “വിധി” എന്നാണു്-ഈശ്വരന് എന്നല്ല.)
കലിയുഗത്തിലെ ആറാം സഹസ്രാബ്ദത്തില്‍ കേരളത്തിലെ ഒരു അമ്മ ഇതുപോലെ അല്പം കടന്നു ചിന്തിച്ചു.
എഞ്ചിനീയറിംഗ് പാസ്സായി സ്വന്തം ജില്ലയില്‍ ജോലി കിട്ടാഞ്ഞതിനാല്‍ ജോലിയ്ക്കു പോകാതെ നാലുകൊല്ലം ഹിന്ദി സിനിമകളും കല്യാണാലോചനകളുമായി മകള്‍ പുര നിറഞ്ഞു നിന്നപ്പോള്‍ കല്യാണത്തിനു ശേഷം മകള്‍ കഷ്ടപ്പെടരുതു് എന്നു് അമ്മയ്ക്കു നിര്‍ബന്ധമുണ്ടായിരുന്നു.
ആയിടെ നല്ല ഒരു ആലോചന വന്നു.
പയ്യന് ഇലക്ട്രിസിറ്റി ബോര്‍ഡില്‍ എഞ്ചിനീയര്‍. സുന്ദരന്‍. സത്സ്വഭാവി. ജാതകപ്പൊരുത്തമാണെങ്കില്‍ ബഹുകേമം. വളരെ നല്ല സ്വഭാവമുള്ള വീട്ടുകാര്‍. വീടു് അധികം ദൂരെയല്ല താനും. ഇനിയെന്തു വേണം?
പക്ഷേ…
ഇലക്ട്രിസിറ്റി ബോര്‍ഡില്‍ മൂന്നുകൊല്ലത്തൊലൊരിക്കല്‍ സ്ഥലംമാറ്റം ഉണ്ടാവും. ഓരോ മൂന്നു കൊല്ലത്തിലും തന്റെ മകള്‍ കുട്ടികളേയും കൊണ്ടു് സാധനങ്ങളും പെറുക്കിക്കെട്ടി വീടു മാറുന്നതോര്‍ത്തപ്പോള്‍ അമ്മയ്ക്കു സങ്കടം തോന്നി. ജോലിയ്ക്കായി പല സ്ഥലത്തു പോകേണ്ടി വന്നതു മൂലമുള്ള പ്രശ്നങ്ങള്‍ നന്നായി അറിയാവുന്നതു കൊണ്ടു് മകള്‍ സ്ഥിരമായി ഒരു സ്ഥലത്തു താമസിക്കണമെന്നും അവളുടെ മക്കള്‍ ഇടയ്ക്കിടെ സ്കൂള്‍ മാറാതെ പഠിക്കണം എന്നും ആ അമ്മ ആഗ്രഹിച്ചു.
അങ്ങനെ ആ കല്യാണം വേണ്ടെന്നു വെച്ചു. മകള്‍ തിരികെ ഹിന്ദി സിനിമകളിലേക്കു മടങ്ങി.
കുറെക്കാലത്തിനു ശേഷം മറ്റൊരു ആലോചന വന്നു. പയ്യന് ബോംബെയില്‍ സോഫ്റ്റ്വെയര് എഞ്ചിനീയര്‍. ഇപ്പോള്‍ അമേരിക്കയിലാണു്. ചിലപ്പോള്‍ അമേരിക്കയില്‍ സ്ഥിരതാമസമാക്കാനും മതി.
സൌന്ദര്യം, സ്വഭാവം തുടങ്ങിയവയൊന്നും വലിയ ഗുണമൊന്നുമില്ല. മകളെക്കാള്‍ പത്തിഞ്ചു പൊക്കം കൂടുതലുമുണ്ടു്. എങ്കിലും സ്ഥിരതയുണ്ടല്ലോ. അതല്ലേ പ്രധാനം?
അങ്ങനെ ആ കല്യാണം നടന്നു.
എന്നിട്ടെന്തുണ്ടായി?
അവരുടെ ദാമ്പത്യജീവിതത്തിലെ ആദ്യത്തെ പത്തുകൊല്ലത്തിന്റെ രത്നച്ചുരുക്കം താഴെച്ചേര്‍ക്കുന്നു:
- 1996 ഓഗസ്റ്റ്: വിവാഹം.
- 1996 സെപ്റ്റംബര്‍: ബോംബെയിലുള്ള ജോലിസ്ഥലത്തേയ്ക്കു്.
- 1996 നവംബര്‍: ബോബെയില്‍ത്തന്നെ മറ്റൊരിടത്തേയ്ക്കു താമസം മാറ്റം.
- 1996 ഡിസംബര്‍: ബോംബെയില്‍ മൂന്നാമതൊരിടത്തേയ്ക്കു താമസം മാറ്റം.
- 1997 ജനുവരി: ജോലിസംബന്ധമായി അമേരിക്കയില്‍ ഷിക്കാഗോയ്ക്കടുത്തു വുഡ്റിഡ്ജിലേക്കു്-ഓഫീസില്‍ നിന്നും ഒമ്പതു മൈല്‍ ദൂരെ.
- 1997 ജൂലൈ: ഓഫീസ് ദൂരെയാണെന്നു തോന്നുകയാല്‍ ഓഫീസില്‍ നിന്നു വെറും നാലു മൈല്‍ ദൂരെയുള്ള അപ്പാര്‍ട്ട്മെന്റിലേയ്ക്കു (നേപ്പര്‍വില്‍) താമസം മാറ്റം.
- 1997 ഡിസംബര്‍: പ്രോജക്റ്റ് ക്യാന്‍സല്‍ ചെയ്തതിനാല്‍ തിരിച്ചു ബോംബെയിലേക്കു്.
- 1998 ഫെബ്രുവരി: മറ്റൊരു കമ്പനി വഴി വീണ്ടും ഷിക്കാഗോയ്ക്കടുത്തു്.
(ഇതു് ഓഫീസില്‍ നിന്നും പന്ത്രണ്ടു മൈല്‍ അകലെ. ഭാഗ്യത്തിനു് ഓഫീസിനടുത്തേയ്ക്കു മാറാന്‍ തോന്നിയില്ല.)
- 1999 ജനുവരി: ജോലി മാറി 2000 മൈല്‍ ദൂരെയുള്ള പോര്‍ട്ട്ലാന്‍ഡിലേക്കു്. താമസം ആങ്ങളയുടെ അപ്പാര്‍ട്ട്മെന്റിനടുത്തു് (ബീവര്‍ട്ടണ്‍). ഓഫീസില്‍ നിന്നു് 20 മൈല്‍ ദൂരെ.
- 1999 നവംബര്‍: ഓഫീസിനടുത്തേയ്ക്കു് (വില്‍സണ്‍വില്‍-2 മൈല്‍ ദൂരം.)
- 2000 ജൂലൈ: ഗര്‍ഭിണിയായതിനാല്‍ മുകളിലത്തെ നിലയിലുള്ള രണ്ടു മുറി അപ്പാര്‍ട്ട്മെന്റില്‍ നിന്നു് താഴത്തെ നിലയിലുള്ള മൂന്നു മുറി അപ്പാര്‍ട്ട്മെന്റിലേയ്ക്കു്.
- 2001 ജൂലൈ: ലീസ് തീര്‍ന്നതുകൊണ്ടും ഉടന്‍ തന്നെ നാട്ടില്‍ പോകേണ്ടതു കൊണ്ടും 20 മൈല്‍ ദൂരെയുള്ള ആങ്ങളയുടെ അപ്പാര്‍ട്ട്മെന്റിലേയ്ക്കു താത്ക്കാലികമായ താമസം മാറ്റം.
- 2001 ഓഗസ്റ്റ്: കമ്പനിയുടെ ഹൈദരാബാദിലുള്ള ഓഫീസിലേയ്ക്കു്. തിരിച്ചു് ഇന്ത്യയില്‍. ഖൈരത്താബാദില്‍ താമസം.
(ഭാഗ്യം, ഇവിടെ താമസം മാറിയില്ല.)
- 2002 ഡിസംബര്‍: തിരിച്ചു മാതൃസ്ഥാപനത്തിലേക്കു്. താമസം ആങ്ങളയുടെ അപ്പാര്‍ട്ട്മെന്റിനടുത്തു് (ഹിത്സ്ബൊറോ). ഓഫീസില്‍ നിന്നു് 22 മൈല്‍ ദൂരെ.
- 2003 നവംബര്‍: ഓഫീസിനടുത്തേയ്ക്കു (വില്‍സണ്‍വില്‍-2 മൈല്‍) താമസം മാറ്റം. ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ സമയം ഇവിടെ താമസിച്ചു-രണ്ടു വര്‍ഷം.
- 2005 ഡിസംബര്‍: ആറു മാസം കൊണ്ടു സ്വന്തമായി പണിയിച്ച വീട്ടിലേയ്ക്കു (പോര്‍ട്ട്ലാന്‍ഡ്) താമസം മാറ്റം. ഓഫീസില്‍ നിന്നു് 21 മൈല്‍.
ഒമ്പതു കൊല്ലത്തിനിടയില്‍ പതിനഞ്ചു തവണ വീടു മാറിയ ഈ നെട്ടോട്ടം ഇതോടെ അവസാനിച്ചു എന്നു കരുതി മുപ്പതു കൊല്ലത്തെ ഫിക്സഡ് ലോണുമെടുത്തു താമസം. വീടുമാറ്റം ഇതോടെ അവസാനിച്ചു എന്നു കരുതി. എവിടെ?
- 2007 ഏപ്രില്‍: 600 മൈല്‍ ദൂരെ കാലിഫോര്‍ണിയയില്‍ മറ്റൊരു ജോലി കിട്ടുന്നു. വീടു വില്‍ക്കാനായി തത്കാലത്തേയ്ക്കു് ആങ്ങളയുടെ വീട്ടിലേയ്ക്കു താമസം മാറ്റം.
- 2007 മെയ്: വീടു വിറ്റു. പുതിയ ജോലിയില്‍ പ്രവേശിക്കാന്‍ കാലിഫോര്‍ണിയയില്‍ സാന്‍ ഫ്രാന്‍സിസ്കോയ്ക്കടുത്തേയ്ക്കു്. താമസം കമ്പനി കൊടുത്ത താല്‍ക്കാലിക അപ്പാര്‍ട്ട്മെന്റില്‍ (സാന്റാ ക്ലാര).
- 2007 ജൂണ്‍: അടുത്ത വാടകവീട്ടിലേയ്ക്കു്-ക്യൂപ്പര്‍ട്ടീനോയില്‍.
അങ്ങനെ ഈ ജൂണ്‍ 13-നു് എന്റെ ഹതഭാഗ്യയായ ഭാര്യ സിന്ധു പതിനൊന്നു കൊല്ലത്തെ ദാമ്പത്യജീവിതത്തിലെ പതിനെട്ടാമത്തെ വീടുമാറ്റത്തിനു തയ്യാറെടുക്കുകയാണു്. പഴയ ഇലക്ട്രിക്കല്‍ എഞ്ചിനീയറുടെ കുടുംബം അങ്ങേയറ്റം മൂന്നു തവണ സ്ഥലം മാറി സുഖമായി കഴിയുന്നുണ്ടാവും!
അന്യഥാ ചിന്തിതം കാര്യം
ദൈവമന്യത്ര ചിന്തയേത്
“ആറു മാസമെടുത്തു് സ്വന്തം അഭിരുചിയ്ക്കനുസരിച്ചു പണിയിച്ച, 2700 ചതുരശ്ര അടി വലിപ്പമുള്ള മനോഹരമായ വീടു വിറ്റിട്ടു് അതിന്റെ മൂന്നിലൊന്നു മാത്രം വലിപ്പമുള്ള വാടകവീട്ടിലേയ്ക്കു മാറാന്‍ എന്തേ കാരണം?”
പലരും എന്നോടു ചോദിക്കുന്ന ചോദ്യമാണു്.
ഒന്നാമതായി, ജോലി ചെയ്തുകൊണ്ടിരുന്ന കമ്പനിയില്‍ ചില പ്രശ്നങ്ങള്‍. (ബ്ലോഗിംഗു കൊണ്ടല്ല.) ആളുകളെ പറഞ്ഞുവിടുന്നു. പ്രോജക്ടുകള്‍ ക്യാന്‍സല്‍ ചെയ്യുന്നു. മറ്റെവിടെയെങ്കിലും ജോലി കണ്ടുപിടിക്കണമെന്നു കരുതിയിട്ടു കുറേ നാളായി. വീട്ടിനടുത്തു ജോലിയൊന്നും കിട്ടാഞ്ഞപ്പോഴാണു് ദൂരെ ശ്രമിച്ചതു്.
രണ്ടാമതായി, ജോലി കിട്ടിയതു് ഒരു നല്ല സ്ഥലത്തു്-ഗൂഗിളില്‍. എന്നും മഴയുള്ള ഓറിഗണില്‍ നിന്നു സൂര്യപ്രകാശമുള്ള കാലിഫോര്‍ണിയ കൂടുതല്‍ സുഖപ്രദമാവും എന്നൊരു (തെറ്റായ) വിചാരവുമുണ്ടായിരുന്നു.
മൂന്നാമതായി, ഇഷ്ടമുള്ള വിഷയത്തില്‍ ജോലി. ഭാഷാശാസ്ത്രം, കലണ്ടര്‍ തുടങ്ങി എനിയ്ക്കിഷ്ടമുള്ള പല വിഷയങ്ങളുമായി ബന്ധപ്പെട്ടതു്. ഗൂഗിളില്‍ ഇന്റര്നാഷണലൈസേഷന് ഗ്രൂപ്പിലാണു് ആദ്യത്തെ പ്രോജക്റ്റ്.
നാലാമതായി, ബ്ലോഗും മലയാളവും വഴി പരിചയപ്പെട്ട, രണ്ടു കൊല്ലമായി എന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളിലൊരാളായ സിബുവിനെ നേരിട്ടു പരിചയപ്പെടാനും കൂടെ ജോലി ചെയ്യാനും ഒരു അവസരം.
അങ്ങനെ ഞങ്ങള്‍ തത്ക്കാലം ഇവിടെ. അടുത്ത മാറ്റം ഇനി എന്നാണാവോ?
ഈ മാറ്റത്തെപ്പറ്റി ആരോടും പറഞ്ഞിരുന്നില്ല്ല. സ്ഥിരമായി ഫോണ്‍ ചെയ്യുകയോ ഇ-മെയില്‍ അയയ്ക്കുകയോ ചെയ്തിരുന്ന പെരിങ്ങോടന്, ദേവന്, വിശ്വം, മഞ്ജിത്ത് തുടങ്ങിയവരോടു പോലും. എല്ലാവര്ക്കും സര്‍പ്രൈസായി ഇങ്ങനെയൊരു പോസ്റ്റിടാമെന്നു കരുതി. അതിനു വേണ്ടി എഴുതി വെച്ചിരുന്ന പോസ്റ്റ് പഴയ കമ്പനിയിലെ ലാപ്ടോപ്പ് തിരിച്ചു കൊടുത്തപ്പോള്‍ അതിനോടൊപ്പം പോയി. പിന്നീട്ടു് എഴുതിയതാണു് ഇതു്. പക്ഷേ വൈകിപ്പോയി. ഇതിനിടെ നമ്മുടെ തൊമ്മന് ഇങ്ങനെയൊരു പോസ്റ്റിട്ടു സംഗതി പുറത്താക്കി. ഞാന്‍ തൊമ്മനോടു ക്ഷമിച്ചതുപോലെ നിങ്ങള്‍ എന്നോടും ക്ഷമിക്കുക 🙂
യാത്രാമൊഴി | 11-Jun-07 at 10:12 pm | Permalink
ഉമേഷ്ജി,
പുതിയ ജോലി കൂടാതെ ഒരു “മൂവിംഗ്” കമ്പനി തുടങ്ങാനുള്ള അനുഭവസമ്പത്ത് ഇപ്പോളുണ്ടല്ലോ!
വെറും മൂന്നുതവണ മാത്രം വീടുമാറിയ എനിക്ക് ഇപ്പോഴേ മടുത്തു.
അപ്പോഴാ ഒരാളു പതിനെട്ടിന്റെ കണക്കു പറയുന്നത്.
സമ്മതിച്ചിരിക്കുന്നു!
ഒരിക്കല്‍കൂടി ആശംസകള്‍!
reshma | 11-Jun-07 at 10:34 pm | Permalink
ശല്യം സഹിക്കാന്‍ കഴിയാതെ നാട്ടാരും അയല്‍ക്കാരും ഇട്ടോടിച്ചിട്ട് ദ്വാപര യുഗത്തിലെ കഥ പറയുന്നോ?:)
su | 12-Jun-07 at 1:10 am | Permalink
ഹിഹിഹി. രേഷ് പറഞ്ഞതിലും അല്‍പ്പം കാര്യമില്ലാതില്ലെന്നൊരു ചിന്ത. (ഞാന്‍ വീട് മാറി. ഇപ്പോ).
വീട് മാറ്റത്തിനും ജോലി മാറ്റത്തിനും തിരക്ക് കഴിഞ്ഞ് ബൂലോഗത്തേക്ക് തിരിച്ചെത്തിയതിലും ആശംസകള്‍.
രാജ് | 12-Jun-07 at 3:48 am | Permalink
ഗൂഗിളില്‍ ഭാഷാവസന്തം. ഉമേഷിന്റെ ഗൂഗിള്‍ പ്രവേശനം എന്നെ കൂടുതല്‍ സന്തോഷിപ്പിക്കുന്നു. മലയാളത്തിന്റെ ലോക്കേലില് ഡിഫാള്‍ട്ട് കലണ്ടര്‍ കൊല്ലവര്ഷമാക്കുവാന് എന്തെങ്കിലും ചെയ്യുമോ ഉമേഷേ?
സതീഷ് | 12-Jun-07 at 4:20 am | Permalink
കുറെ കാലം ഗുരുകുലവും പൂട്ടിയിട്ട് ഇപ്പോ വന്നിട്ട് പുരാണം പറയുന്നോ..വീട്ടിന്ന് ആളേക്കൂട്ടി വന്നിട്ട് ക്ലാസില്‍ കയറിയാ മതി!
എന്തായാലും അഭിനന്ദനങ്ങള്‍!.
തമനു | 12-Jun-07 at 5:29 am | Permalink
കുറെ ദിവസങ്ങളായി ജി-ടോക്ക് എന്തൊക്കെയോ കുഴപ്പങ്ങള്‍ കാണിച്ചപ്പോഴേ എനിക്ക് സംശയം തോന്നിയുരുന്നു, “മ്മടെ ആരോ കൂടി ഗൂഗിളില്‍ ചെന്നിട്ടുണ്ടല്ലോ“ എന്ന്. അതുമേഷ്ജി ആയിരുന്നല്ലേ… 🙂
ആശംസകള്‍ ഉമേഷ്ജി.. സിന്ധുച്ചേച്ചിക്കും, കുഞ്ഞുങ്ങള്‍ക്കും ആശംസകള്‍.
സിബുച്ചന്റെ കൂടെ നില്ക്കുന്ന ഫോട്ടൊയില് ഉമേഷ്ജി കലക്കി. എന്താ ഭാവം, എന്താ രസം… (ഏതു രസമാ അത്, ബീഭത്സമോ, ആശ്ചര്യമോ…?)
വല്യമ്മായി | 12-Jun-07 at 5:34 am | Permalink
ആശംസകള്‍.
കണ്ണൂസ് | 12-Jun-07 at 5:42 am | Permalink
ഓഫീസിന് 9 മൈല്‍ ദൂരെയുള്ള വീട് ദൂരക്കൂടുതല്‍ ആയതിനാല്‍ 4 മൈല്‍ ദൂരെയുള്ള വീട്ടിലേക്ക് മാറി എന്ന് കേട്ടിട്ട് ഞാന്‍ അര മണിക്കൂര്‍ നിര്ത്താതിരുന്ന് ചിരിച്ചു. വിശാലന്റെ പോസ്റ്റ് വായിച്ചിട്ട് പോലും ഇങ്ങനെ ചിരിച്ചിട്ടില്ല.
ഓഫീസില്‍ നിന്ന് 37 മൈല്‍ ദൂരത്ത് താമസിച്ച്, യാത്രക്ക് മാത്രം ദിവസേന 2 1/2 മണിക്കൂര്‍ ചിലവാക്കുന്ന ഞാന്‍, ഈ ശേലിനാണെങ്കില്, 35 വീടെങ്കിലും മാറിയ ഒരു കഥ എഴുതണമായിരുന്നു.
(സെപ്റ്റംബറിലും നവംബറിലും, ഡിസംബറിലും ബോംബെയിലെ വീടു മാറിയ കാര്യം ആലോചിക്കുമ്പോള്‍ രേഷ് പറഞ്ഞതിലും ചെറിയ കാര്യമില്ലേ എന്നൊരു സംശയം.)
തക്കുടു | 12-Jun-07 at 5:51 am | Permalink
ഉമേഷ്ജി,
പുതിയ ജോലിയുടെയും പുതിയ വിടുമാറ്റത്തിന്റെയും ആശംസകള്‍ !
ദില്ബാസുരന് | 12-Jun-07 at 5:54 am | Permalink
നന്നായി ഉമേഷേട്ടാ. സന്തോഷമുണ്ട്. ആശംസകള്‍!
അഗ്രജന് | 12-Jun-07 at 5:59 am | Permalink
ആശംസകള്‍
പടങ്ങള്‍ കണ്ടു, നല്ലൊരു വില്ലന്‍ ലുക്ക് – സുന്ദരനായ വില്ലന്‍ 🙂
സന്തോഷ് | 12-Jun-07 at 6:03 am | Permalink
ഉമേഷ്, ആശംസകള്‍!
രാജ്, ലൊകാല് ബില്‍ഡര്‍ എന്നൊരു യൂറ്റിലിറ്റി ഉപയോഗിച്ച് ml-IN ലൊകാലിന്റെ കലണ്ടര്‍ കൊല്ലവര്ഷമാക്കി ഒരു ‘കസ്റ്റം ലൊകാല്’ ഇന്‍സ്റ്റോള്‍ ചെയ്യാം. വിശദവിരം ഇവിടെ. നിര്‍ഭാഗ്യ വശാല്‍ ലൊകാല് ബില്‍ഡര്‍ ബീറ്റ ക്ലോസ് ചെയ്തു എന്നു തോന്നുന്നു.
saljo | 12-Jun-07 at 6:08 am | Permalink
ഗൂഗിളില്ലല്ലേ… അപ്പോ മലയാളത്തിനൊത്തിരി പ്രതീക്ഷിക്കാം അല്ലേ മാഷെ..
ആശംസകള്‍
ഇത്തിരിവെട്ടം | 12-Jun-07 at 6:21 am | Permalink
ഉമേഷേട്ടാ… ആശംസകള്‍.
sandeep | 12-Jun-07 at 6:35 am | Permalink
മൂന്നര വര്‍ഷത്തിനുള്ളില്‍ 8 സ്ഥലം മാറ്റം ചെയ്തവനാ ഈ ഞാന്‍. ഉമേഷ്ജിക്കും… സിന്ധുചേച്ചിക്കും ഒരു tight competition ഞാന്‍ തന്നേക്കാം
1. 2003 August – നെല്ലായില് നിന്ന് ചെന്നൈ ഐ.ഐ.ടി-യിലേക്ക്.
2. 2004 September – ചെന്നൈയില്‍ നിന്ന് മ്യുണിക്കിലേക്ക്
3. 2004 October – മ്യൂണിക്കില്‍ തന്നെ മറ്റൊരിടത്തേക്കു്
4. 2005 July – ഹൈദരാബാദില്‍ മൈക്രോസോഫ്റ്റിലേക്ക്
5. 2006 April – വീണ്ടും മ്യൂണിക്കിലേക്കു് (പി എച്ച് ഡി-ക്കു വേണ്ടി)
6. 2006 July – മ്യൂണിക്കില്‍ തന്നെ മറ്റൊരിടത്തേക്കു്
7. 2006 November – മ്യൂണിക്കില്‍ തന്നെ മറ്റൊരിടത്തേക്കു്
8. 2007 February – മ്യൂണിക്കില്‍ തന്നെ മറ്റൊരിടത്തേക്കു്
ഇനിയെന്തായലും 1-2 കൊല്ലത്തേക്കു് മാറ്റമുണ്ടാവില്ല എന്നു പ്രതീക്ഷിക്കുന്നു!
സന്ദീപ്.
സിജു | 12-Jun-07 at 7:16 am | Permalink
🙂
ആശംസകള്‍..
qw_er_ty
ശിശു | 12-Jun-07 at 7:57 am | Permalink
ഉമേഷേട്ടാ ആശംസകള്‍..
devan | 12-Jun-07 at 8:22 am | Permalink
ഗുരുക്കള്‍ ഇടക്കിടക്കു നാടുമാറുന്നതുകാരണം പഴയ നാട്ടിലെ പുതിയ വിശേഷങ്ങള്‍ ഒന്നും അറിഞ്ഞു കാണില്ലല്ലോ? ഞാന്‍ ഒരു ചെറിയ അന്വേഷണം നടത്തി ഒരു അപ്പ്ഡേറ്റ് ഒപ്പിച്ചിട്ടുണ്ട് ::
1996 ഒക്റ്റോബര്‍ ഒരൊറ്റ മാസം കൊണ്ട് എലന്തൂരില്‍ പിടിച്ചുപറി, കത്തിക്കുത്ത്, തേങ്ങമോഷണം പോക്കറ്റടി ഒക്കെ കുറയ്ക്കാന്‍ കഴിഞ്ഞതില്‍ അഭിനന്ദിച്ച് പത്തനം തിട്ട റൂറല്‍ എസ് പിക്കും ഓമല്ലൂര്‍ സര്‍ക്കിളിനും പൗരസമിതി സ്വീകരണവും പുരസ്കാരവും നല്കി ആദരിച്ചു.
1997 ജനുവരി: കെ ഡി ലിസ്റ്റില്‍ ഉണ്‍റ്റായിരുന്ന ഏതോ പ്രതി രാജ്യാതിര്‍ത്തി കടന്നെന്ന് വീജിലന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ബോംബേ ഇമിഗ്രേഷന്‍ മേലധികാരിക്ക് സസ്പെന്ഷന് കിട്ടി.
1998 ഫെബ്രുവരി: അതിര്‍ത്തി കടന്ന പിടികിട്ടാപ്പുള്ളി ഇന്ത്യയില്‍ വന്നു പോയത് അറിയാഞതിന് സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പണിഷ്മേന്റ് ട്രാന്‍സ്ഫറും സീനിയോറിറ്റി കട്ടും.
(ഇതു് ഓഫീസില്‍ നിന്നും പന്ത്രണ്ടു മൈല്‍ അകലെ. ഭാഗ്യത്തിനു് ഓഫീസിനടുത്തേയ്ക്കു മാറാന്‍ തോന്നിയില്ല.)
2001 ഓഗസ്റ്റ്: ഹിറ്റ് ആന്‍ഡ് റണ്‍ കേസിലെ ഏതോ പ്രതിയെ കിട്ടാതെ കേസ് ക്ലോസ് ചെയ്ത എതോ പോര്ട്ട്ലാന്ഡുകാരന് ഷെറിഫോ സുലൈമാനോ എന്തോ ഗ്രേഡില്‍ പെട്ട സായിപ്പു പോലീസിനു നിര്‍ബ്ബന്ധിത അടുത്തൂണ്‍ കിട്ടി.
അന്വേഷിച്ചത് ഇന്റര്‍പോള്‍ ആയിരുന്നതുകാരണം അവര്‍ നാട്ടിലെ പോലീസുകാരുടെ വിശേഷങ്ങള്‍ മാത്രം തന്നത് ക്ഷമിക്കുമല്ലോ? നാട്ടുകാരുടെ വിശേഷങ്ങള്‍ വല്ല പത്രക്കാരോടും ചോദിച്ചു മനസ്സിലാക്കി വഴിയേ പറയാം.
ഗൂഗിളില്‍ പച്ച പിടിക്കാന്‍ ഗുരുവിനു ആശംസകള്‍. ( ഗള്‍ഫിലുള്ള ആരെയും പച്ച പിടിക്കട്ടെ എന്ന് അനുഗ്രഹിക്കാനാവില്ല, ഇവിടെ പച്ച എന്നു പറയുന്നത് പാക്കിസ്ഥാനിയെ ആണ്)
ധനലക്ഷ്മി, രാജലക്ഷ്മി, വിജയലക്ഷ്മി, ഗജലക്ഷ്മി തുടങിയ എട്ടു പെണ്ണുങ്ങളും എപ്പോഴും ചുറ്റുവട്ടത്ത് ഉണ്ടാകട്ടെ.
അതുല്യ | 12-Jun-07 at 9:18 am | Permalink
ഞാന്‍ 16 കൊല്ലത്തില്‍ ഇരുപ്പത്തഞ്ച്. അതില്‍ സ്വന്തം ഹെഡ്ക്വോര്‍ട്ടേഴ്സ് വീട് തന്നിട്ടും, പോസ്റ്റിങ് കൊണ്ട് വേറെ സ്ഥലത്തിട്ട്, വെറും മണലില്‍ റ്റെന്റ് അടിച്ച് സ്റ്റൌ കത്തിച്ച് കുക്കിയ കഥ വേറേ.. ഗള്ഫിലാണു ഇന്നിങ്ങിസ് മങ്ങിയത്, 2 എണ്ണം. ഉമേഷേ എല്ലാം നല്ലതിനാവട്ടേ. കണ്ണൂസ് പറഞ പോലെ, നാട്ടില്‍ 45 ലക്ഷത്തിനു വീട് പണിത്, ഗള്‍ഫില്‍ വന്ന് ഒരു മുറിയില്‍ താമസിച്ച്, 40 മൈല്‍, 3 മണിക്കൂറുകൊണ്ട് യാത്ര ജീവിയ്കുന്ന് ചില ഗള്ഫുകാര്! ആശംസകള്‍ ഒരുപാട്. സിബുവിനെ എന്റെ മേശയില്‍ ഇരുന്ന കാണാം എന്ന് അന്ന് പറഞത് കേട്ട കോരിത്തരിപ്പ് ഇനിയും എനിക്ക് മാറിയില്ല. (അറിയാതെ ചോദിയ്കുവാണേ, ഗൂഗിളിള്‍ ആപ്പിസ്സിലിരുന്നു, ബ്ലൊഗ്ഗാവോ? )
Ravichandran | 12-Jun-07 at 9:22 am | Permalink
ഉമേഷേട്ടാ,
എല്ലാവിധ ആശംസകളും നേരുന്നു.
ദേവഗുരു സി.ഐ.ഡി പ്പണിയും തുടങ്ങിയോ?:)
പൊതുവാള് | 12-Jun-07 at 9:25 am | Permalink
ഉമേഷേട്ടാ,
എല്ലാവിധ ആശംസകളും നേരുന്നു.
ദേവഗുരു സി.ഐ.ഡി പ്പണിയും തുടങ്ങിയോ?:)
(മുകളിലിട്ട കമന്റ് എന്റേത് തന്നെ ബ്ലോഗര്‍ ഐഡിയിലല്ലെന്നു മാത്രം)
thaRavaTi | 12-Jun-07 at 9:35 am | Permalink
ആശംസകള്‍.
സിജു | 12-Jun-07 at 9:46 am | Permalink
അതുല്യചേച്ചിയേ..
സിബുവിനെ എന്റെ മേശയില്‍ ഇരുന്ന കാണാം എന്ന് പറഞത് കേട്ട കോരിത്തരിക്കാന്‍ സിബു ചേട്ടനെന്താ ഗുരുവായൂരപ്പനാ.. 🙂
devan | 12-Jun-07 at 10:05 am | Permalink
മേശയിലിരുന്നാല്‍ സിബുവിനെ കാണാം, കസേരയില്‍ ഇരുന്നാല്‍ കാണില്ലേ അപ്പോള്‍? ഇതെന്തൊരു മറിയാമം?
ഗൂഗിളാപ്പീസില് നിന്നു ബ്ലോഗാമോ എന്നറിയില്ല, ജാക്ക് ഡാനിയലിന്റെ ആപ്പീസില് ജോലി ചെയ്യുമ്പോ വെള്ളമടി പാടില്ലാത്രേ.
ഓഫ്:
ഒറാക്കില്‍ കോര്‍പ്പറേഷന്റെ കണക്ക് എഴുതുന്നത് ഓറക്കിള്‍ ഫൈനാന്ഷ്യല്സില് അല്ല( ഇപ്പോ എന്താണോ എന്തോ, ൨൦൦൨ വരെ അല്ലായിരുന്നു)! അതായത് ഹോട്ടലില്‍ ഉടമ ശാപ്പാടു കഴിക്കാറില്ലെന്ന്!
kumar | 12-Jun-07 at 10:29 am | Permalink
എനിക്കോര്‍മ്മവന്നത്,
സത്യന് അന്തിക്കാട് ശ്രീനിവാസന് ടീമിന്റെ സന്ദേശം സിനിമയില്‍ ശ്രീനിവാസന് ജയറാം സഹോദരങ്ങളുടെ അളിയന് എസ് ഐ ആയ മാള, സ്ഥലം മാറ്റം കാരണം കേരളത്തില്‍ അങ്ങോളം ഇങ്ങോളം ഓടുന്ന ഒരു കാഴ്ചയാണ്. ഒടുവില്‍ ജോലിതന്നെ കളഞ്ഞു വീട്ടിലിരിക്കുന്നു. അങ്ങനെ ഒന്നും ചെയ്യല്ലേ ഉമേഷേ..
qw_er_ty
അതുല്യ | 12-Jun-07 at 10:37 am | Permalink
ഈ ദേവനമ്മാവനെ ഇന്ന് ഞാന്‍ കൊല്ലും തീര്‍ച്ച.. എന്നോട് ഉമേഷ് പറഞത്, ഐ കാന്‍ സീ ഹിം ഫ്രം മൈ ഡസ്ക് എന്നാണു. അതന്നെ ഞാനിവിടെ തര്ജ്ജിമിച്ചതു. ഗാഡി നമ്പ്ര് 1010 ഗുലുമാല് എക്സ്പ്രസ്സ് ദോഡീഹി ദേര്‍ മേ പ്ലാറ്റ് ഫോം നമ്പ്ര് ദോ മേ ആനേ വാലേ ഹെ ന്ന് കേട്ട് പ്ലാറ്റ് ഫോമ്മില്‍ നിന്നിരുന്ന നിങ്ങളു ട്രാക്കിലേയ്ക് എടുത്ത് ചാടിയ ആളല്ലേ? നിങ്ങക്കിത് വായിച്ച മനസ്സിലാവില്ല. മീണ്ടാണ്ടീരി അവിടെ.അല്ലെങ്കില്‍ രണ്ട് കുഞി പാട്ട് ഒക്കെ പഠിച്ച് വയ്ക്, ഉറക്കമൊഴിയ്കാനുള്ളതല്ലേ ഇനി. ഓഫിനു മാപ്പ് ഉമേഷ്ജി.
SAJAN | 12-Jun-07 at 10:38 am | Permalink
ആശംസകള്‍ ഉമേഷ്ജി:):)
എല്ലാ പ്രവാസകുടുംബങ്ങളുടേയും ജീവിതത്തിലെ അവിഭാജ്യഘടകമാണെന്ന് തോന്നുന്നു.. ഇത്തരം മാറ്റങ്ങള്‍ ഞങ്ങളും ഒരു മാറ്റത്തിനു തയാറാവുന്നു:)
qw_er_ty
benny::ബെന്നി | 12-Jun-07 at 10:58 am | Permalink
“ഭാഷാശാസ്ത്രം, കലണ്ടര്‍ തുടങ്ങി എനിയ്ക്കിഷ്ടമുള്ള പല വിഷയങ്ങളുമായി ബന്ധപ്പെട്ടതു്”… സന്തോഷായി ഇത് വായിച്ചപ്പോള്‍. ഉമേഷിനെയും സിബുവിനെയുമൊക്കെ ഗൂഗിളിന് കിട്ടിയത് മലയാളത്തിന് ലഭിക്കുന്ന അനുഗ്രഹമാണ്! അഭിനന്ദനങ്ങള്‍, ഉമേഷേ!!
പരസ്പരം | 12-Jun-07 at 11:10 am | Permalink
സ്ഥലം മാറ്റം ഒരുപാട് മുഷിപ്പുണ്ടാക്കുമെങ്കിലും, ബോറടിക്കുന്നതിനു മുന്‍പ് ഒരു സ്ഥലവും ആ ചുറ്റുവട്ടങ്ങളും മാറുന്നത് ജീവിതശൈലിയില്‍ തന്നെയൊരു മാറ്റമ്മുണ്ടാക്കും. അമേരിക്കയില്‍ ഈ മാറ്റംകൊണ്ട് എന്തെങ്കിലും വ്യതിയാനം സംഭവിക്കുമോ എന്നറിയില്ല, ഇന്ത്യയിലായിരുന്നെങ്കില്‍ എത്ര തരം ഭാഷയും സംസ്ക്കാരവും മനസ്സിലാക്കാമായിരുന്നു. അങ്ങ് കാലിഫോര്ണ്ണിയായിലിരുന്ന് ഉമേഷജി ഒരു ഗൂഗിള്‍ ഗുരുകുലമുണ്ടാക്കൂ. ………എല്ലാ ഭാവുകങ്ങളും,.
പയ്യന്‍സ് | 12-Jun-07 at 11:15 am | Permalink
ഹായ് ഉമേഷ്
ഒരു പാാാടു കാലമായി ഒന്നും ബ്ളോഗാറില്ല.
മറ്റു ചില എഴുത്തു തിരക്കുകള്‍ ഉണ്ടായിരുന്നു. ഇപ്പോള്‍ ഏതായാലും തികഞ്ഞ ഭാഷാസ്നേഹവും അറിവുമുള്ള രണ്ടു മല്ലൂ മല്ലന്മാര് ഗൂഗിളില്‍ ഒന്നിക്കുന്നത് അത്യാഹ്ളാദകരമാണ്.
മലയാളത്തിന് ഇതൊരു വലിയ നേട്ടമായിരിക്കും സംശയം വേണ്ടാ തെല്ലും.
സസ്നേഹം
പയ്യന്‍സ്
Nanda Kumar | 12-Jun-07 at 11:15 am | Permalink
വീടുമാറുന്നപോലെ ഒരു കഷ്ടപ്പാട് ജീവിതത്തില്‍
വേറെ വരാനില്ല എന്ന് അതനുഭവിക്കുമ്പോഴെ അറിയൂ.
പുതിയ ഇടവുമായി ചേര്‍ന്നു പോകാന്‍ കഴിയട്ടെ
എന്നാശംസിക്കുന്നു.
-നന്ദു
റിയാദ്
ജ്യോതിര്‍മയി | 12-Jun-07 at 11:31 am | Permalink
ക്ഷമിച്ചിരിക്കുന്നു 🙂
ക്ഷമ്യ്ക്കുമുണ്ടേ അതിര്.
എല്ലാം വിധിയെന്നോ!
http://vakjyothi.blogspot.com/2007/05/blog-post_31.htmlപാവം വിധി
ഓ.ടോ: പരസ്യം പതിച്ചതിനു ഗുരുകുലത്തില്‍ നിന്നു പുറത്താക്കരുത്, വേണമെങ്കില്‍ ഏട്ടനെക്കൂട്ടിവരാം:)
qw_er_ty
ജ്യോതിര്‍മയി | 12-Jun-07 at 11:33 am | Permalink
ഇതെന്തൊരു ലിങ്കണ്? ഓരോസമയത്ത് ഓരോ പോലെ:(
qw_er_ty
തഥാഗതന് | 12-Jun-07 at 11:59 am | Permalink
ഈ വീടുമാറ്റം ഒരു വല്ലാത്ത സംഭവം തന്നെയാ.. ഞാന്‍ അധികം വീടുകള്‍ മാറിയിട്ടില്ല. ഡെല്‍ഹിയില്‍ 7 വര്‍ഷം ജോലി ചെയ്തു.ഈ 7 വര്‍ഷവും ഒരേ വീട്ടില്‍ തന്നെ താമസം ( 12 ആം നംപര്‍,ആറാം തെരുവ് ,ഡിഡിഏ, മദന്‍ഗീര്‍.) പിന്നെ ബാംഗളൂര്‍ വന്നതിനു ശേഷം 7 വര്‍ഷം താമസിച്ച വീട് കഴിഞ്ഞ കൊല്ലം മാറി.ഇപ്പോള്‍ വീട്ടില്‍ നിന്നും ഓഫീസിലേയ്ക്കുള്ള ദൂരം വെറും 650 മീറ്റര്‍. വിളിച്ചാല്‍ കേള്‍ക്കും
പുതിയ ജോലിയും താമസസ്ഥലവും ഉമേഷ്ജിയ്ക്ക് കൂടുതല്‍ സന്തോഷവും സമാധാനവും തരട്ടെ എന്ന് പ്രാര്‍ത്ഥിയ്ക്കുന്നു..
qw_er_ty
സന്തോഷ് | 12-Jun-07 at 8:04 pm | Permalink
ഓ. ടോ-യ്ക്ക് ക്ഷമ.
രാജേ, ഞാന്‍ നേരത്തേ പറഞ്ഞത് മറന്നേക്കൂ. 13 കലണ്ടറുകള്‍ മാത്രമേ ലൊകാല് ബില്‍ഡറില്‍ കാണുന്നുള്ളൂ (അത്രയുമേ .NET Framework സപ്പോര്‍ട്ട് ചെയ്യുന്നുള്ളൂ എന്നു തോന്നുന്നു.) മലയാളം കലണ്ടര്‍ ആ ലിസ്റ്റിലില്ല.
qw_er_ty
Rajesh R Varma | 14-Jun-07 at 2:45 am | Permalink
ജീവനിലുള്ള ഭീഷണിയില്ലാതായതിനെത്തുടര്ന്ന് ഞാന്‍ ശ്ലോകമെഴുത്ത് നിര്‍ത്തിയ സന്തോഷവാര്‍ത്ത എല്ലാവരെയും അറിയിക്കാന്‍ ഞാന്‍ ഈയവസരം ഉപയോഗിച്ചുകൊള്ളട്ടെ. ഖുമൈനിയുടെ ഫട്വായില് നിന്നു ഖമനെയി മോചിപ്പിച്ചപ്പോള്‍ നമ്മുടെ സല്മാന് റുഷ്ദിയുടെ ആശ്വാസം എങ്ങനെയായിരുന്നു എന്ന് എനിക്ക് ഈയിടെ മനസ്സിലായി. തൂണില്‍ പിടിച്ചുള്ള നൃത്തത്തിന്റെ ഫോട്ടോ എടുക്കുന്നതിനു പുറമെ സിബു ഇപ്പോള്‍ ഭാഷാഭൂഷണം കാണാതെ പഠിച്ചുതുടങ്ങി എന്നാണ് അറിവ്. ഇന്നലെ ഒരു സായിപ്പ് വിളിച്ച് ഉമേഷിന് വീടു കൊടുക്കുന്നതില്‍ കുഴപ്പമില്ലല്ലോ എന്നു ചോദിച്ചു. വൈകാതെ ഒഴിയും എന്നതില്‍ക്കവിഞ്ഞ് വേറൊരു കുഴപ്പവുമില്ലെന്നു ഞാനും പറഞ്ഞു. സത്യമല്ലേ?
bindu | 14-Jun-07 at 3:06 am | Permalink
അഭിനന്ദനങ്ങള്‍ !!! ചിലവെപ്പോഴാ?? (വീടു മാറിയതിനു നല്ല ചിലവായി എന്നു പറഞ്ഞൊഴിയല്ലെ.) 🙂
ജ്യോതിര്‍മയി | 14-Jun-07 at 3:34 am | Permalink
ഉമേഷ് ജി 🙂
ക്ഷമിച്ചു എന്നൊരു വാക്ക് പറഞ്ഞെന്നുവെച്ച്, എല്ലാം ക്ഷമിച്ചില്ല-
പോസ്റ്റിലെ രണ്ടാം വരിയില്‍ ‘സന്ന്യാസി’ എന്നുപയോഗിച്ചിരിയ്ക്കുന്നത് ശരിയല്ല. ഋഷി എന്നോ മുനി എന്നോ ആക്കണം. (ഓര്‍ഡര്‍! ഓര്‍ഡര്‍!)
നന്ദി.
qw_er_ty
ഉമേഷ് | Umesh | 14-Jun-07 at 3:11 pm | Permalink
ഞങ്ങളുടെ വീടുമാറ്റത്തിന്റെ കദനകഥ വായിച്ചു ചിരിച്ച ദുഷ്ടര്‍ക്കും അനുകമ്പ പ്രകടിപ്പിച്ച തരളഹൃദയര്ക്കും അപവാദങ്ങള്‍ പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്ന കുത്സിതബുദ്ധികള്ക്കും സ്വന്തം അനുഭവങ്ങള്‍ പങ്കുവെച്ച അനുഭവസമ്പന്നര്‍ക്കും ആശംസകള്‍ നല്കിയ മഹാമനസ്കര്ക്കും നന്ദി.
ജ്യോതീ, തെറ്റു ചൂണ്ടിക്കാണിച്ചതിനു നന്ദി. പരാശരനെ മുനിയാക്കിയിട്ടുണ്ടു്. വ്യാസനെയും മുനിയാക്കേണ്ടേ? ജ്യോതിയോടു ചോദിച്ചിട്ടു് ആകാമെന്നു കരുതി:)
രാജേഷെന്ന യൂദാസേ, താങ്കളുടെ ഈ പോസ്റ്റു വായിച്ചു വ്രണിതഹൃദയനായാണു ഞാന്‍ പോര്ട്ട്ലാന്റു വിടാന്‍ തീരുമാനിച്ചതു്. ആ പോസ്റ്റില്‍ത്തന്നെ വിവേകിയായ ബിന്ദു (ബിന്ദു വര്മ്മയല്ല) ഇട്ട ഈ കമന്റില്‍ പറയുന്നതു പോലെ കണ്ണുള്ളപ്പോള്‍ കണ്ണൂസിന്റെ വില അറിയില്ല മ്വാനേ ദിനേശാ… ഇനി നീ പോര്ട്ട്ലാന്റീലെ തെരുവീഥികളിലൂടെ “ആരെങ്കിലും എനിക്കൊരു ശ്ലോകം ചൊല്ലിത്തരുമോ” എന്നു വിലപിച്ചു കൊണ്ടു നടക്കും…
മതി, എനിക്കു തൃപ്തിയായി. അക്ഷരം കൂട്ടിവായിക്കാന്‍ അറിയാത്തവനെയൊക്കെ പിടിച്ചു വിദ്യാസമ്പന്നനാക്കി വൃത്തവും ചതുരവുമൊക്കെ പറഞ്ഞു കൊടുത്തു ശ്ലോകമെഴുതാന്‍ വരെ പ്രാപ്തനാക്കിയ എനിക്കിതു കിട്ടണം. ഹാ ലോകമേ, നീ ഇത്രയും കൃതഘ്നമാണോ? സത്യം പറഞ്ഞവനു വെടിയുണ്ട, സ്നേഹം പഠിപ്പിച്ചവനു കുരിശ്, പട്ടു കൊടുത്തവനു വെട്ടു്, ശ്ലോകം പഠിപ്പിച്ചവനു് ആട്ടു്…
ഓ.ടോ.: ദേവോ, കത്തിക്കുത്തു്, പിടിച്ചുപറി, തേങ്ങാമോഷണം തുടങ്ങിയവ അനുഷ്ഠിക്കാന്‍ പാടവം പോകട്ടേ, ധൈര്യമെങ്കിലും ഉണ്ടായിരുന്നെങ്കില്‍ ഞാന്‍ നാടു വിടുമായിരുന്നു എന്നു തോന്നുന്നുണ്ടോ?
🙂
ജ്യോതിര്‍മയി | 14-Jun-07 at 5:29 pm | Permalink
വ്യാസനും സന്ന്യാസിയല്ല. മുനിയും ഋഷിയും ആണ്.
(വിസ്തരിച്ചു പിന്നെ)
qw_er_ty