അബദ്ധധാരണകള്‍

നര്‍മ്മം, സ്മരണകള്‍

ഭൂരിഭാഗം കുട്ടികള്‍ക്കുള്ള ഒരു ഗുണം എനിക്കു ചെറുപ്പത്തില്‍ ഉണ്ടായിരുന്നു. അറിയില്ല എന്നു നാലാള്‍ അറിയുന്നതിലുള്ള ചമ്മല്‍. അതുകൊണ്ടു് അറിയാത്ത എന്തെങ്കിലും കേട്ടാല്‍ അതു ചോദിച്ചു മനസ്സിലാക്കുന്ന സ്വഭാവമില്ല. വായിച്ചോ വേറെ ആരോടെങ്കിലും ചോദിച്ചോ അതീന്ദ്രിയദ്ധ്യാനം നടത്തിയോ ടി കാര്യം പിന്നീടു ഗ്രഹിച്ചുകൊള്ളാം എന്നങ്ങു തീരുമാനിക്കും. പിന്നെ ആ വഴിക്കു പോകുന്ന പ്രശ്നമില്ല. കുറേ കഴിയുമ്പോള്‍ താന്‍ തന്നെ മേല്‍പ്പറഞ്ഞ അതീന്ദ്രിയദ്ധ്യാനത്തിലൂടെ കണ്ടുപിടിച്ച സംഗതി ശരിയാണെന്നങ്ങു് ഉറപ്പിക്കും. അതു മഹാ അബദ്ധവുമായിരിക്കും.

വലുതായിട്ടും ഈ സ്വഭാവം മാറിയില്ല. അറിയാത്ത കാര്യങ്ങള്‍ ക്ലാസ്സില്‍ സാറിനോടു ചോദിക്കില്ല. ആചാര്യനല്ലാതെ വിദ്യ നേടാന്‍ നാലില്‍ മൂന്നു കാര്യങ്ങളുണ്ടല്ലോ എന്നു കരുതി അങ്ങു വിടും. അവസാനം അവയില്‍ അതെല്ലാം വിട്ടിട്ടു് കാലക്രമം കൊണ്ടു് അതു കിട്ടുമ്പോഴേയ്ക്കു പശു ചത്തു മോരിലെ പുളിയും പോയി എന്ന സ്ഥിതിയാകും.

ജോലിസ്ഥലത്താണു് ഏറ്റവും ബുദ്ധിമുട്ടിയതു്. സിവില്‍ എഞ്ചിനീയറിംഗില്‍ ബിരുദവും ട്രാന്‍സ്പോര്‍ട്ടെഷന്‍ ആന്‍ഡ് ട്രാഫിക് എഞ്ചിനീയറിംഗില്‍ ബിരുദാനന്തരബിരുദവുമെടുത്തിട്ടു് അവയോടു പുലബന്ധം പോലുമില്ലാത്ത കമ്പ്യൂട്ടര്‍ പ്രോഗ്രാമറായി ജോലി തുടങ്ങിയ എന്നെത്തേടിയെത്തിയ പ്രോജക്ടുകളില്‍ പലതിലും (ടെലഫോണ്‍ സ്വിച്ചിംഗ് ടെക്നോളജി, മ്യൂച്വല്‍ ഫണ്ട്സ്, ഹാര്‍ഡ്വെയര്‍ മോഡങ്ങളുടെ എംബഡഡ് സോഫ്റ്റ്വെയര്‍, ഇലക്ട്രോണിക് ഡിസൈന്‍ ഓട്ടോമേഷന്‍ തുടങ്ങി യൂണിക്കോഡ് വരെ) അറിയുന്നതില്‍ കൂടുതലും അറിയാ‍ത്തതായിരുന്നു. വായിച്ചറിയാം എന്നു കരുതി ചോദ്യങ്ങള്‍ ചോദിക്കാതിരുന്നിടത്തൊക്കെ അത്യാഹിതങ്ങള്‍ പലതും സംഭവിച്ചു. ഏതായാലും കുറെക്കാലമായി സംശയങ്ങള്‍ മടി വിട്ടു ചോദിക്കാന്‍ കഴിയുന്നുണ്ടു്. അതിനു സാദ്ധ്യമായതില്‍ പിന്നെയാണു ജോലിയില്‍ അല്പം സമാധാനമായതു്.

എന്റെ ഗ്രാമത്തില്‍ എനിക്കു മുമ്പുള്ള കുറേ തലമുറകളിലുള്ള ആളുകള്‍ക്കൊരു പ്രത്യേകതയുണ്ടായിരുന്നു. അധികം ദൂരെപ്പോയി വിവാഹം കഴിക്കാന്‍ അധികം പേര്‍ക്കും താത്പര്യമുണ്ടായിരുന്നില്ല. അതിനാല്‍ മിക്കവാറും ആളുകളും സ്വഗ്രാമമായ ഇലന്തൂര്‍, അടുത്ത ഗ്രാമമായ ഓമല്ലൂര്‍ എന്നീ സ്ഥലങ്ങളില്‍ നിന്നു തന്നെ കല്യാണം കഴിച്ചു സസുഖം വാണു. പത്തു കിലോമീറ്ററില്‍ കൂടുതല്‍ ദൂരത്തു നിന്നു ഇവിടെ വന്നു കല്യാണം കഴിച്ചവരെ “വരത്തര്‍” എന്നു വിളിച്ചു. അവരുടെ നാടിനെ കടപ്പുറമെന്നോ മലമ്പ്രദേശമെന്നോ അവര്‍ വന്ന ദിശയെ എക്സ്ട്രാപൊളേറ്റ് ചെയ്തു വിവക്ഷിച്ചു.

ഇതുമൂലം വലഞ്ഞതു് സംശയപൂരണത്തില്‍ പിന്നോക്കമായിരുന്ന ഞാനാണു്. കാണുന്ന മിക്കവാറും മുഖങ്ങളൊക്കെ ബന്ധുക്കളാണു്. എന്നാല്‍ അവരുടെ പേരു്, ബന്ധം, എന്താണു് അവരെ വിളിക്കേണ്ടതു്, അവരുടെ മാതാപിതാപുത്രകളത്രങ്ങള്‍ ആരൊക്കെ എന്നിവയെപ്പറ്റി എനിക്കൊരു ഗ്രാഹ്യവുമില്ല. ജനിച്ചപ്പോള്‍ മുതല്‍ കാണുന്ന ആളുകളോടു് “നിങ്ങളാരാ?” എന്നെങ്ങനെ ചോദിക്കും? അമ്മയോടെങ്ങാനും രഹസ്യമായി ചോദിച്ചാല്‍ പിന്നെ കുശാലായി. അയാളുടെ മുന്നില്‍ വെച്ചു തന്നെ അമ്മ ഉറക്കെ തമാശ പറയും: “ദേ, കേട്ടോ, ഇവനു കൊച്ചാട്ടന്‍ ആരാണെന്നു് അറിയില്ലെന്നു്. ഇവനെപ്പോലൊരു കൊജ്ഞാണന്‍!” (കൊജ്ഞാണന്‍ എന്നതു ബുദ്ധിരാക്ഷസന്‍, സര്‍വ്വജ്ഞന്‍ തുടങ്ങിയവയുടെ വിപരീതപദമാകുന്നു.)

സായിപ്പിന്റെ നാട്ടിലാണെങ്കില്‍ അങ്കിള്‍ എന്നോ ആന്റി എന്നോ പറഞ്ഞു തടി തപ്പാവുന്ന ബന്ധങ്ങളില്‍ പലതും ഇവിടെ വളരെ സങ്കീര്‍ണ്ണമാണു്. അച്ഛന്റെ ജ്യേഷ്ഠന്റെ സ്ഥാനത്തുള്ളവരെ പേരപ്പന്‍ എന്നും അനിയന്റെ സ്ഥാനത്തുള്ളവരെ ചിറ്റപ്പന്‍ എന്നും വിളിക്കണം. (ഈ സ്ഥാനം കണ്ടുപിടിക്കാന്‍ നാലു തലമുറ പുറകോട്ടു പോയി ഒരു സാഹോദര്യം കണ്ടുപിടിച്ചിട്ടു തിരിച്ചു വരണം.) അച്ഛന്റെ സഹോദരിയുടെ സ്ഥാനത്തുള്ള സ്ത്രീ അപ്പച്ചിയാണു്. അതു തന്നെ മൂത്തതാണെങ്കില്‍ വല്യപ്പച്ചി, ഇളയതാണെങ്കില്‍ കൊച്ചപ്പച്ചി. അമ്മയുടെ സഹോദരസ്ഥാനത്തുള്ളവര്‍ അമ്മാവന്‍ (അമ്മാവന്‍, കുഞ്ഞമ്മാവന്‍, ഗോപാലകൃഷ്ണനമ്മാവന്‍ എന്നിങ്ങനെ പല രൂപവുമുണ്ടു് അതിനു്), പേരമ്മ, കൊച്ചമ്മ/കുഞ്ഞമ്മ/ചിറ്റമ്മ (ഇതിലേതു വേണമെന്നു വിളിക്കപ്പെടേണ്ടവരുടെ ഇഷ്ടമനുസരിച്ചു മാറും) എന്നിങ്ങനെ. അതിനും മുമ്പുള്ള തലമുറ അപ്പൂപ്പനും അമ്മൂമ്മയും. ഭാഗ്യത്തിനു് അച്ഛന്‍ വഴിയ്ക്കും അമ്മ വഴിയ്ക്കും വെവ്വേറേ പേരില്ല. എങ്കിലും അച്ഛന്റെയോ അമ്മയുടേയോ അമ്മാവന്റെ/അമ്മായിയുടെ സ്ഥാനത്തുള്ള ആളെ വല്യമ്മാവന്‍/വല്യമ്മായി എന്നേ വിളിക്കാവൂ. ഒരേ ഡെസിഗ്നേഷന്‍ (ഉദാ: വല്യമ്മായി) പലരുണ്ടാകാമെന്നതുകൊണ്ടു് ഒരാളെപ്പറ്റി മറ്റൊരാളോടു പറയുമ്പോള്‍ വീട്ടുപേരും ചിലപ്പോള്‍ ആളിന്റെ പേരും ചേര്‍ത്തും പറയണം. വല്യതറയിലെ പുരുഷോത്തമന്‍ ചിറ്റപ്പന്‍, ഇളം‌പ്ലാവിലെ ദാമോദരനമ്മാവന്‍ എന്നിങ്ങനെ.

ഏറ്റവും ബുദ്ധിമുട്ടു ജരാ‍നരകള്‍ ബാധിച്ച ചില മനുഷ്യരുടെ കാര്യമാണു്. ഏതു കണ്ണുപൊട്ടനും അപ്പൂപ്പാ എന്നു വിളിക്കും. പക്ഷേ കണക്കെടുത്താല്‍ അയാള്‍ നമ്മുടെ ഒരു ചേട്ടനായി വരും. അതിനാല്‍ കൊച്ചാട്ടാ എന്നേ വിളിക്കാവൂ. ചേച്ചിമാരെ ഇച്ചേയീ എന്നും.

ചിലര്‍ ഒരേ സമയത്തു രണ്ടായിരിക്കും. വെള്ളമടിക്കാതെ തന്നെ. അച്ഛന്‍ വഴിക്കു ചിറ്റപ്പനും അമ്മ വഴിക്കു് അമ്മാവനും ഒരാള്‍ തന്നെയാവാം. (നാലഞ്ചു തലമുറകള്‍ കൊണ്ടുള്ള സാഹോദര്യമാണെന്നോര്‍ക്കണം. അല്ലാതെ പെരിങ്ങോടന്‍ പറയുന്ന അഗമ്യഗമനമല്ല.) ഈ സന്ദര്‍ഭത്തില്‍ എന്തു വിളിക്കണം എന്നതു വളരെ കോമ്പ്ലിക്കേറ്റഡ് ആയ ഒരു അല്‍ഗരിതം ആണു്. എനിക്കിതു വരെ മനസ്സിലായിട്ടില്ല. ഇതില്‍ ഏറ്റവും അടുത്ത ബന്ധം നോക്കുകയോ മറ്റോ ആണു്. അതൊന്നും വ്യക്തമാകാത്തതു കൊണ്ടു് “പുസ്തകത്തില്‍ ഇടത്തു വശത്തുള്ളതു് ഉപമ, വലത്തു വശത്തുള്ളതു് ഉത്പ്രേക്ഷ” എന്നു പിള്ളേര്‍ കാണാതെ പഠിക്കുന്നതു പോലെ ഗോപാലകൃഷ്ണനമ്മാവന്‍, വിശ്വനാഥന്‍ ചിറ്റപ്പന്‍ എന്നിങ്ങനെ ഉരുവിട്ടു പഠിച്ചു കഷ്ടിച്ചു രക്ഷപ്പെട്ടു പോന്നു.

ചുരുക്കം പറഞ്ഞാല്‍ ആളുകളുടെ പേരു്, ബന്ധം (through shortest-path algorithm), പ്രായം, ജോലിസ്ഥലം തുടങ്ങി ധാരാളം വിവരങ്ങള്‍ അറിയാമെങ്കിലേ നിന്നു പിഴയ്ക്കാന്‍ പറ്റൂ. എനിക്കിതു വലിയ ബുദ്ധിമുട്ടായിരുന്നു. അതിനാല്‍ “ഓമല്ലൂരെങ്ങാണ്ടുള്ള, നരച്ച താടിയുള്ള, എല്ലാ സദ്യയ്ക്കും ആദ്യത്തെ പന്തിയ്ക്കു തന്നെയിരിക്കുന്ന ഒരു അപ്പൂപ്പനോ പേരപ്പനോ ആരാണ്ടില്ലേ, അങ്ങേരു്” എന്നൊക്കെയാണു് എന്റെ വിവരണം പലപ്പോഴും.

ബന്ധുക്കള്‍ക്കു മാത്രമല്ല ഈ പ്രശ്നം. നാട്ടില്‍ നൂറു വികാരിയച്ചന്മാരുണ്ടു്. എല്ലാവര്‍ക്കും ളോഹയുണ്ടു്, ബെല്‍റ്റുണ്ടു്, താടിയുണ്ടു്, ചുണ്ടില്‍ പുഞ്ചിരിയുണ്ടു്, കക്ഷത്തില്‍ ബൈബിളുണ്ടു്. ഏതച്ചനാ‍ണെന്നു പറയാന്‍ എനിക്കു യാതൊരു നിര്‍വ്വാഹവുമില്ല. എന്നാല്‍ അച്ചനോടു ചോദിച്ചാല്‍ പോരേ പേരെന്താണെന്നോ ഏതു പള്ളിയിലെയാണെന്നോ. ങ്ങേ ഹേ! അച്ചനെന്തു വിചാരിക്കും!

അറിയാത്തതു ചോദിക്കാനുള്ള മടിയുടെ ഉത്തരവാദിത്വം ഞാന്‍ അവസാനം മാതാപിതാക്കളിലാണു ഞാന്‍ ആരോപിച്ചതു്. ആ സ്വഭാവത്തിനുള്ള ജീന്‍ അവര്‍ എനിക്കു തരാഞ്ഞതാണു് അതിനു കാരണം എന്നായിരുന്നു എന്റെ കണ്ടുപിടിത്തം. (ഏതായാലും ആ ജീനാണോ അമ്മ വഴിക്കു കിട്ടിയ ജീനാണോ എന്തോ, എന്റെ മകനു് അറിയാത്തതു ചോദിക്കാനുള്ള സ്വഭാവം കിട്ടിയിട്ടുണ്ടു്.)

സംശയം ചോദിക്കാനുള്ള ജീനിന്റെ അഭാവം മൂലം വന്നുകൂടിയ അസംഖ്യം അബദ്ധധാരണകളില്‍ നിന്നു തിരഞ്ഞെടുത്ത ഏതാനും മുത്തുമണികളാണു താഴെ.


എന്റെ ഓര്‍മ്മയില്‍ ഞാന്‍ ആദ്യമായി വായിക്കുന്ന പത്രവാര്‍ത്ത “ഇന്ത്യയുമായി യുദ്ധത്തിനു പാക്കിസ്താന്‍ ഒരുങ്ങിനില്‍ക്കുന്നു” എന്നു മാതൃഭൂമിയില്‍ വന്ന വാര്‍ത്തയാണു്. 1971-ലായിരിക്കണം. അപ്പോള്‍ എനിക്കു പ്രായം അഞ്ചോ ആറോ. അതിനു മുമ്പു തന്നെ ഇന്ത്യയുടെ ഭൂപടവും അതിന്റെ മുകളില്‍ ഇടത്തുവശത്തായി കിടക്കുന്ന പാക്കിസ്ഥാനെയും കണ്ടിട്ടുണ്ടായിരുന്നു. മുഖലക്ഷണം പറയുന്ന കാക്കാത്തിയുടെ തോളത്തിരിക്കുന്ന തത്തയെപ്പോലെ ഇന്ത്യയുടെ തോളത്തിരിക്കുന്ന ഒരു ജീവിയായാണു ഞാന്‍ അന്നു പാക്കിസ്ഥാനെ കരുതിയിരുന്നതു്. ആ ജീവിക്കു് ഇന്ത്യയോടു യുദ്ധം ചെയ്യാന്‍ എന്തൊരു ധൈര്യമാണെന്നു് അദ്ഭുതപ്പെടുകയും ചെയ്തു.

“ഒരുങ്ങിനില്‍ക്കുന്നു” എന്ന പ്രയോഗമാണു കൂടുതല്‍ കൗതുകമുണര്‍ത്തിയതു്. എവിടെയെങ്കിലും പോകുന്നതിനു തൊട്ടുമുമ്പു് എന്റെ അമ്മ (കര്‍മ്മണിപ്രയോഗത്തിന്റെ പ്രഖ്യാപിതശത്രുവായ ബെന്നി ദയവായി ഈ വാക്യത്തിന്റെ ബാക്കി ഭാഗം വിട്ടു വായിക്കുക.) ഭിത്തിയില്‍ രണ്ടാണികളില്‍ താങ്ങപ്പെട്ട കീഴ്‌ഭാഗവും വലിഞ്ഞുനില്‍ക്കുന്ന ഒരു ചരടിനാല്‍ മറ്റൊരാണിയോടു ബന്ധിതമായ മുകള്‍ഭാഗവുമുള്ള, ലംബദിശയോടു് ഏകദേശം 30 ഡിഗ്രിയില്‍ ചരിഞ്ഞുനില്‍ക്കുന്ന, കണ്ണാടിക്കു മുമ്പില്‍ നിന്നു മുഖത്തു പൗഡറിടുന്ന പ്രക്രിയയെയാണു് അന്നു വരെ ഒരുങ്ങുക എന്ന പദത്തിന്റെ അര്‍ത്ഥമായി ഞാന്‍ മനസ്സിലാക്കിയിരുന്നതു്. ഇന്ത്യയോടു യുദ്ധം ചെയ്യാന്‍ ഇന്ത്യയുടെ വലത്തു തോളിലിരുന്നു് ഇന്ത്യയുടെ ചെവിയിലോ മറ്റോ തൂക്കിയിട്ടിരിക്കുന്ന കണ്ണാടിയില്‍ നോക്കി മുഖത്തു പൗഡറിടുന്ന പാക്കിസ്ഥാനെ ഞാന്‍ മനസ്സില്‍ കണ്ടു. ഇന്ത്യാ-പാക്ക്‌ യുദ്ധത്തെപ്പറ്റി കേള്‍ക്കുമ്പോള്‍ ഇന്നും എന്റെ മനസ്സില്‍ വരുന്ന ചിത്രം ഇതാണു്.


ആദ്യം വായിച്ച പത്രവാര്‍ത്ത ഇന്ത്യാ-പാക്ക് യുദ്ധമാണെങ്കിലും, അതിനു മുമ്പു തന്നെ പത്രം കാണുകയും വലിയവര്‍ വായിക്കുന്ന വാര്‍ത്തകള്‍ കേള്‍ക്കുകയും ചെയ്യുമായിരുന്നു. അങ്ങനെയുള്ളവയില്‍ ഏറ്റവും ആദ്യത്തേതായി മനസ്സില്‍ തങ്ങിനില്‍ക്കുന്നതു് മനുഷ്യന്‍ ചന്ദ്രനിലിറങ്ങിയ വാര്‍ത്തയാണു്. അതിന്റെ പടങ്ങള്‍ പത്രത്തില്‍ കണ്ടതു് നല്ല ഓര്‍മ്മയുണ്ടു്. എന്റെ അമ്മയുടെ അഭിപ്രായത്തില്‍ കഴിഞ്ഞ നൂറ്റാണ്ടിലെ ഏറ്റവും വലിയ രണ്ടു വാര്‍ത്തകള്‍ ഇന്ത്യയ്ക്കു സ്വാതന്ത്ര്യം കിട്ടിയതും മനുഷ്യന്‍ ചന്ദ്രനിലിറങ്ങിയതുമാണു്. അവ രണ്ടും പോലെ മനുഷ്യരെ ആകര്‍ഷിച്ച മറ്റൊരു വാര്‍ത്തയും ഉണ്ടായിട്ടില്ലത്രേ. മൂന്നാമത്തെ വാര്‍ത്തയായ 1957-ലെ തെരഞ്ഞെടുപ്പും കമ്യൂണിസ്റ്റ് മന്ത്രിസഭ അധികാരത്തില്‍ വന്നതും ഇവയുടെ അടുത്തെത്തില്ലത്രേ.

പാക്കിസ്ഥാന്‍ ഇന്ത്യയോടു യുദ്ധത്തിനൊരുങ്ങിയ സമയത്തു തന്നെ നടന്ന സംഭവമാണു്. അന്നു് എന്റെ വീട്ടിനടുത്തുള്ള ഒരു അപ്പൂപ്പന്‍ അദ്ദേഹത്തിന്റെ വീട്ടില്‍ ഞായറാഴ്ചകളില്‍ ഒരു “ഗീതാക്ലാസ്” നടത്തിയിരുന്നു. പേരു് അങ്ങനെയാണെങ്കിലും അവിടെ ഭഗവദ്ഗീതയ്ക്കു പുറമേ ഹരിനാമകീര്‍ത്തനം, എഴുത്തച്ഛന്റെ അദ്ധ്യാത്മരാമായണം തുടങ്ങിയവയും പഠിപ്പിച്ചിരുന്നു. എന്റെ ചേച്ചിയും മറ്റു പല ചേച്ചിമാരും അവിടെ പഠിക്കാന്‍ പോകുമ്പോള്‍ ഞാനും കൂടെപ്പോകുമായിരുന്നു. കൊച്ചുകുട്ടിയായിരുന്നതു കൊണ്ടു് എന്നോടു പഠിക്കാന്‍ പറഞ്ഞിരുന്നില്ല. അപ്പൂപ്പന്റെ പഠനമുറിയിലുണ്ടായിരുന്ന ഭൂതക്കണ്ണാടി, ലാടകാന്തം തുടങ്ങിയവ എടുത്തു കളിക്കുകയായിരുന്നു എന്റെ വിനോദം. അതിനിടയില്‍ രാമായണവും ഹരിനാമകീര്‍ത്തനവുമൊക്കെ കുറേശ്ശെ കേള്‍ക്കും. കുറച്ചൊക്കെ മനസ്സിലാവും. മനസ്സിലാവാത്തതിനു തോന്നുന്ന അര്‍ത്ഥം മനസ്സിലാക്കും. വര്‍ഷങ്ങള്‍ക്കു ശേഷമാണു് അവയില്‍ പലതിന്റെയും അര്‍ത്ഥം മനസ്സിലാക്കിയതു്.

അങ്ങനെ കേട്ട ഒരു പദ്യമാണു് ഇതു്.

ഗര്‍ഭസ്ഥനായ് ഭുവി ജനിച്ചും മരിച്ചുമുദ-
കപ്പോള പോലെ ജനനാന്ത്യേന നിത്യഗതി
ത്വദ്ഭക്തിവര്‍ദ്ധനവുദിക്കേണമെന്‍ മനസി
നിത്യം തൊഴാമടികള്‍ നാരായണായ നമഃ

മനുഷ്യന്‍ ജനിക്കുന്നതിനു മുമ്പു് അമ്മയുടെ ഗര്‍ഭത്തില്‍ കുറച്ചു കാലം കിടക്കുന്നുണ്ടു് എന്നറിയാമായിരുന്നു. ഹിന്ദുമതക്ലാസ്സുകളും മതപ്രസംഗങ്ങളും മറ്റും കേള്‍ക്കുന്നതു കൊണ്ടു് മരിച്ചു കഴിഞ്ഞാല്‍ പിന്നെയും ജനിക്കുമെന്നും പിന്നെയും മരിക്കുമെന്നും അങ്ങനെ ഒരുപാടു ജനനമരണങ്ങള്‍ക്കു ശേഷം മോക്ഷം കിട്ടുമെന്നും കുറേശ്ശെ മനസ്സിലായിരുന്നു. അങ്ങനെ മോക്ഷം കിട്ടാന്‍ ദൈവഭക്തി വേണം. അതുണ്ടാവാന്‍ എന്നും ഈശ്വരന്റെ പാദങ്ങള്‍ തൊഴാം. ഇങ്ങനെ ശ്ലോകത്തിന്റെ അര്‍ത്ഥം വലിയ കുഴപ്പമില്ലാതെ മനസ്സിലാക്കി. ആകെ പ്രശ്നം വന്ന ഒരു വാക്കു് “അപ്പോള” ആണു്. (“ഉദ” എന്നതു് ബത, അപി, ച, ഹന്ത എന്നിവയെപ്പോലെ അര്‍ത്ഥം മനസ്സിലാക്കേണ്ടാത്ത ഒരു വാക്കാണെന്നു ഞാനങ്ങു തീരുമാനിച്ചു!) ഈ അപ്പോള പോലെയാണു ഗര്‍ഭത്തില്‍ കിടക്കുന്ന ശിശു മരിച്ചു സ്വര്‍ഗ്ഗത്തിലേക്കു പോകുന്നതു്.

ഈ അപ്പോള എന്താണെന്നതിനു് അത്ര വലിയ സംശയമൊന്നും തോന്നിയില്ല. സ്വര്‍ഗ്ഗത്തിലേയ്ക്കു് എളുപ്പം പോകാന്‍ സഹായിക്കുന്ന ഒരു വണ്ടിയാണു് അപ്പോള. ഈ അപ്പോളയില്‍ കയറിയാണു് അമേരിക്കക്കാര്‍ ഈയിടെ ചന്ദ്രനില്‍ പോയതു്. മരിക്കാന്‍ സമയമാവുമ്പോള്‍ ഏതോ വിമാനം വന്നു കൊണ്ടുപോകും എന്നൊക്കെയും പലയിടത്തും കേട്ടിട്ടുണ്ടു്. എല്ലാം കൂടി ചേര്‍ത്തു് ആലോചിച്ചപ്പോള്‍ സംഗതി ക്ലിയര്‍!

പിന്നീടെപ്പോഴോ കുങ്കുമം വാരികയില്‍ “ഉദകപ്പോള” എന്നൊരു നോവല്‍ (ആരെഴുതി എന്നോര്‍മ്മയില്ല, വായിച്ചിട്ടുമില്ല) കണ്ടപ്പോഴാണു് “അപ്പോള” അല്ല “ഉദകപ്പോള” ആണു വാക്കെന്നു മനസ്സിലായതു്. അമ്മയോടു ചോദിച്ചു് അര്‍ത്ഥം മനസ്സിലാക്കി. ഉദക+പോള = വെള്ളത്തിലെ കുമിള.

നീറ്റിലെപ്പോളയ്ക്കു തുല്യമാം ജീവിതം
പോറ്റുവാനെത്ര ദുഃഖിക്കുന്നു മാനുഷര്‍!

എന്ന കവിത പിന്നീടാണു കേട്ടതു്.

ഒരു യതിഭംഗം വരുത്തിയ വിന നോക്കണേ!


നാലാം ക്ലാസ്സിലോ ഏഴാം ക്ലാസ്സിലോ എത്തിയ അല്പസ്വല്പം പഠിക്കുന്ന സകലമാന പിള്ളേരുടെയും അന്നത്തെ ഒരു നിഷ്ഠയുണ്ടായിരുന്നു-സ്കോളര്‍ഷിപ്പു പരീക്ഷയ്ക്കു പഠിക്കല്‍. പിള്ളേരുടെ പ്രായത്തിനും അറിവിനും ഒതുങ്ങാത്ത ഒരു പറ്റം ചോദ്യങ്ങള്‍ ചോദിക്കുകയാണു് ഇതിന്റെ രീതി. മലയാളത്തില്‍ വ്യാകരണം, സാഹിത്യം, ലേഖനമെഴുതല്‍, സാഹിത്യചരിത്രം തുടങ്ങി വിവിധമേഖലകളിലെ വിജ്ഞാനം പരിശോധിക്കും. പഠിക്കുന്ന ക്ലാസ്സിനു മൂന്നു ക്ലാസ് മുകളിലുള്ള കണക്കുകളാണു് ഗണിതത്തിലെ ഉള്ളടക്കം. അതും നേരേ ചൊവ്വേ ചോദിക്കുകയില്ല. ബുദ്ധിപരീക്ഷ ബ്ലോഗിലെപ്പോലെ വളച്ചു കെട്ടിയേ ചോദിക്കൂ. ഇതിലും ഭീകരമാണു് ജെനറല്‍ നോളജ് എന്നാ സാധനം. ലോകവിജ്ഞാനം മുഴുവന്‍ അളക്കുന്ന ഈ പേപ്പറില്‍ (ഞാ‍ന്‍ എഴുതിയ വര്‍ഷം ശ്രീലങ്കയിലെ വിദേശകാ‍ര്യമന്ത്രി ആരാണെന്നു ചോദിച്ചിരുന്നു) അഞ്ചിലൊന്നില്‍ കൂടുതല്‍ ഒരു കുട്ടിയും എഴുതുക തന്നെയില്ല.

ഇനി ഇതെഴുതി കിട്ടിയാലോ, സര്‍ട്ടിഫിക്കറ്റില്ല, ട്രോഫിയില്ല, സമ്മാനമില്ല. ആകെ ഉള്ളതു് സ്കോളര്‍ഷിപ്പാണു്. ശിഷ്ടകാലത്തെ വിദ്യാഭ്യാസത്തിനുള്ള കാശു കിട്ടും എന്നു കരുതിയാല്‍ നിങ്ങള്‍ക്കു തെറ്റി. വര്‍ഷം തോറും 20 രൂപാ കിട്ടും. (കേരളത്തിലെ ആ‍ദ്യത്തെ 12-ല്‍ ഒരാളായാല്‍ നാഷണല്‍ സ്കോളര്‍ഷിപ്പു കിട്ടും. വര്‍ഷത്തില്‍ 150 രൂപാ!)

ഇങ്ങനെയൊക്കെയാണെങ്കിലും മിക്കവാറും എല്ലാ കുട്ടികളും ഇതെഴുതും. എന്തിനാണെന്നു ചോദിച്ചാല്‍, എല്ലാം വ്യര്‍ത്ഥമാണെന്നറിഞ്ഞിട്ടും ആളുകള്‍ ബുദ്ധിമുട്ടി മഴയും വെയിലുമേറ്റു ക്യൂ നിന്നു വോട്ടു ചെയ്യുന്നില്ലേ? അതുപോലെ ഒരു അഭ്യാസം.

ഇതിനു പഠിക്കാനായി അസ്സീസ്സി, വിദ്യാര്‍ത്ഥിമിത്രം, വി തുടങ്ങിയവര്‍ ഗൈഡുകള്‍ ഇറക്കിയിരുന്നു. എല്ലാ വിഷയത്തിന്റെയും ഗൈഡുകള്‍ ചേച്ചി പഠിച്ചതു് ഒരു കുഴപ്പവുമില്ലാതെ ലഭ്യമായതിനാല്‍ ഞാന്‍ മൂന്നാം ക്ലാസ്സിലേ പഠനം തുടങ്ങി. അന്നു മുതല്‍ പരീക്ഷയുടെ തലേ ആഴ്ച വരെ മലയാളം പഠിച്ചു. ഒരാഴ്ച കൊണ്ടു് കണക്കും ജെനറല്‍ നോളജും പഠിച്ചു പരീക്ഷയ്ക്കു പോയി. (ഏഴാം ക്ലാസ്സില്‍ ഇവ കൂടാതെ ഇംഗ്ലീഷ് എന്നൊരു സാധനം കൂടി ഉണ്ടെന്നറിഞ്ഞതു പരീക്ഷയുടെ ടൈം ടേബിള്‍ കിട്ടിയപ്പോഴാണു്.)

ബി. എ. നിലവാരത്തിലുള്ള മലയാളം പുസ്തകം രണ്ടു കൊല്ലം പഠിച്ചതിനാല്‍ എനിക്കു അതിഭീകരമായ ഭാഷാവിജ്ഞാനം സിദ്ധിച്ചു. ഗൈഡില്‍ കൊടുത്തിട്ടുള്ള എല്ലാ പദ്യങ്ങളും പഴഞ്ചൊല്ലുകളും കടങ്കഥകളും കാണാതെ പഠിച്ചു് ഉറക്കെ ചൊല്ലി നടന്നു ഞാന്‍ നാട്ടുകാരെ മുഴുവന്‍ ബുദ്ധിമുട്ടിച്ചു.

പദ്യങ്ങളില്‍ പലതിന്റെയും അര്‍ത്ഥം മനസ്സിലായിരുന്നില്ല. എല്ലാ കവികളുടെയും കവിതകളുണ്ടായിരുന്നു. ഒരു കവിയുടെ പേരു പറഞ്ഞു് അയാളുടെ നാലു വരി എഴുതാന്‍ പറഞ്ഞാല്‍ എഴുതണ്ടേ? അതിനാണു ഗൈഡുകാര്‍ അതെല്ലാം ഇട്ടതു്. (അതെല്ലാം ഇട്ടു ഗൈഡു വലുതായെങ്കിലല്ലേ കൂടുതല്‍ വില ഈടാക്കാന്‍ പറ്റൂ?)

അങ്ങനെ പഠിച്ച് കൂട്ടത്തില്‍ ചങ്ങമ്പുഴയുടേതായി ഈ കവിത കണ്ടു.

അങ്കുശമില്ലാത്ത ചാപല്യമേ, മന്നില്‍
അംഗനയെന്നു വിളിക്കുന്നു നിന്നെ ഞാന്‍!

അംഗന എന്നു വെച്ചാല്‍ സ്ത്രീ ആണെന്നറിയാം. മന്നു ഭൂമിയും. ചാപല്യത്തിന്റെ അര്‍ത്ഥവുമറിയാം. അങ്കുശം മാത്രം എന്താണെന്നൊരു പിടിയുമില്ല. എന്തോ ഇല്ലാത്ത ചാപല്യത്തിനെ ഭൂമിയില്‍ പെണ്ണെന്നു വിളിക്കുന്നു എന്നു മനസ്സിലായി. അമ്മ മലയാളാദ്ധ്യാപികയാണു്. ചോദിച്ചാല്‍ പറഞ്ഞു തരും. പക്ഷേ ചോദിച്ചു മനസ്സിലാക്കി അറിവു വര്‍ദ്ധിപ്പിക്കാനുള്ള ജീന്‍ പകര്‍ന്നു തരാത്ത അമ്മയോടു് എങ്ങനെ ചോദിക്കും? ങേ ഹേ!

സ്കോളര്‍ഷിപ്പുപുസ്തകത്തിന്റെ മറ്റൊരു സ്ഥലത്തു് കുത്തും കോമയും കൊടിലുമൊക്കെ പറയുന്ന സ്ഥലത്തു നിന്നു് ഉത്തരം കിട്ടി.


ചോദ്യചിഹ്നം അഥവാ കാകു Question mark (?)
ആശ്ചര്യചിഹ്നം അഥവാ വിക്ഷേപിണി Exclamation mark (!)
ശൃംഖല Hyphen (-)
കോഷ്ഠം Square brackets ([])
വലയം Brackets (())
ഭിത്തിക Colon (:)
അര്‍ദ്ധവിരാമം അഥവാ രോധിനി Semi-colon (;)
പൂര്‍ണ്ണവിരാമം അഥവാ ബിന്ദു Full stop (.)
അല്പവിരാമം അഥവാ അങ്കുശം Comma (,)

“യുറീക്കാ” എന്നു ഞാന്‍ പറയാഞ്ഞതു് ആ വാക്കിനെപ്പറ്റി കേട്ടിട്ടില്ലാത്തതു കൊണ്ടു മാത്രമാണു്. (ആ പേരിലുള്ള ശാസ്ത്രമാസിക അന്നു പ്രസിദ്ധീകരിച്ചു തുടങ്ങിയിട്ടില്ല.) അങ്കുശം എന്നു വെച്ചാല്‍ കോമ. ഒരു കോമയും, അതായതു ചെറിയ ഒരു നിര്‍ത്തും, ഇല്ലാത്ത ചാപല്യമാണു് ഈ പെണ്ണെന്നു പറയുന്നതു്. ഈ ചങ്ങമ്പുഴയുടെ ഒരു വിവരമേ!

അങ്കുശം എന്നു പറയുന്നതു് ആനത്തോട്ടിയാണെന്നും ആനയ്ക്കു തോട്ടി പോലെയുള്ള യാതൊരു കണ്ട്രോളും ഇല്ലാത്ത ചാപല്യമാണു കവി അംഗനയില്‍ കെട്ടിവെച്ചതെന്നും ആനത്തോട്ടി പോലെയിരിക്കുന്നതു കൊണ്ടാണു കോമയെ അങ്കുശം എന്നു വിളിച്ചതെന്നും ചങ്ങമ്പുഴയുടെ കാലത്തിനും ശേഷമാണു് ആ പേര്‍ കോമയ്ക്കു വീണതെന്നും കാലം കുറെക്കഴിഞ്ഞിട്ടാണു് അറിഞ്ഞതു്.

എങ്കിലും ഇന്നും കോമയില്ലാത്ത ചാപല്യം എന്ന അര്‍ത്ഥം തന്നെയാണു് എനിക്കു് ആ പ്രയോഗത്തിനു കൂടുതല്‍ യോജിച്ച അര്‍ത്ഥമായി തോന്നുന്നതു്.


ഞാന്‍ ആദ്യമായി അമേരിക്കയിലെത്തിയ കാലം. ബിയറാണെന്നു കരുതി ഒരു വെന്‍ഡിംഗ് മെഷീനില്‍ നിന്നു റൂട്ട് ബിയര്‍ എടുത്തു കുടിച്ചിട്ടു “ഇതു കോള്‍ഗേറ്റ് ടൂത്ത്‌പേസ്റ്റു കലക്കിയ വെള്ളമാണല്ലോ” എന്നു പറഞ്ഞു തുപ്പിക്കളഞ്ഞ സംഭവം കഴിഞ്ഞിട്ടു് അധികം കാലമായിട്ടില്ല. അന്നു ജോലി ബോസ്റ്റണിലാ‍യിരുന്നു. ഒരു സുഹൃത്തിനോടൊപ്പം നയാഗ്ര കാണാന്‍ പോയി. കാറോടിക്കാനും മറ്റും അറിയില്ല. ഒരു ബസ്സില്‍ കയറി ബോസ്റ്റണില്‍ നിന്നു സിറക്യൂസില്‍ പോയി. അവിടെ സുഹൃത്തിന്റെ സുഹൃത്തുണ്ടു്. അവനും വേറേ ഒന്നുരണ്ടു സുഹൃത്തുക്കളും ചേര്‍ന്നു് ഒരു കാര്‍ റെന്റു ചെയ്തു് നയാഗ്രയിലേക്കു പോയി.

പോകുന്ന വഴിയ്ക്കു കാറിലെ റേഡിയോ വെച്ചപ്പോഴാണു വാര്‍ത്ത കേട്ടതു് – “ദിസ് ഈസ് റേഡിയോ ഒഷാവാ”. കര്‍ത്താവേ, ഞാന്‍ ഇത്രയും കാലം Ottawa എന്ന സ്ഥലത്തെ “ഒട്ടാവാ” എന്നാണല്ലോ വിളിച്ചിരുന്നതു്! വിവരമുള്ള ആരും അതു കേള്‍ക്കാഞ്ഞതു ഭാഗ്യം! സിറക്യൂസിനും നയാഗ്രയ്ക്കുമൊക്കെ വടക്കുഭാഗത്തു കിടക്കുന്ന ഒണ്ടേറിയോ തടാകത്തിന്റെ തൊട്ടു വടക്കു ഭാഗത്താണു കാനഡയുടെ തലസ്ഥാനമായ ഒട്ടാവ, തെറ്റി ഒഷാവ എന്ന ഭൂമിശാസ്ത്രവിജ്ഞാനം എനിക്കുണ്ടായിരുന്നു.

പൊടുന്നനേ അതീന്ദ്രിയദ്ധ്യാനത്തില്‍ നിന്നു കിട്ടിയ വിജ്ഞാനം ഞാന്‍ കാറിലുണ്ടായിരുന്നവരുമായി പങ്കു വെച്ചു. പിന്നീടു പലയിടത്തും വെച്ചു കണ്ടു മുട്ടിയ പലരോടും ആവശ്യമില്ലാതെ തന്നെ പറഞ്ഞു. അവരില്‍ പലരും ഈ വിജ്ഞാനം കുറെക്കൂടി വലിയ ഒരു ജനക്കൂട്ടത്തിനു പകര്‍ന്നു. “കൊടുക്കും തോറുമേറിടും” എന്നാണല്ലോ. അങ്ങനെ Ottawa-യുടെ ഉച്ചാരണം “ഒഷാവ” എന്നാണെന്നു ചിന്തിക്കുന്ന ഒരു വലിയ ജനതതിയെ തന്നെ എനിക്കു സൃഷ്ടിക്കുവാന്‍ കഴിഞ്ഞു.

ഇവ രണ്ടും രണ്ടു സ്ഥലങ്ങളാണെന്നു പിന്നീടു മനസ്സിലായപ്പോഴേയ്ക്കും ഒരു വലിയ ജനക്കൂട്ടം Ottava എന്നതിന്റെ യഥാര്‍ത്ഥ ഉച്ചാരണം ഒഷാവ എന്നാണെന്നു മനസ്സിലാക്കിക്കഴിഞ്ഞിരുന്നു. അറിവുള്ളവരോടു ചോദിക്കാതെ കേള്‍ക്കുന്നതൊക്കെ വിശ്വസിക്കുന്നവരുടെ കാര്യം എന്തു പറയാന്‍?


ഇനിയുമുണ്ടു ധാരാളം. Teetotaler എന്നു വെച്ചാല്‍ ആജാനുബാഹു എന്നാണര്‍ത്ഥമെന്നും, കുങ്ഫു എന്നതിന്റെ അര്‍ത്ഥം “മാരകമായ കൈ” എന്നാണെന്നും വെസ്റ്റ് ഇന്‍ഡീസ് എന്ന സ്ഥലം ഓസ്ട്രേലിയയുടെ അടുത്താണന്നും ഇസ്രയേല്‍ ആഫ്രിക്കയിലാണെന്നും തായ്‌വാനും തായ്‌ലന്‍ഡും ഒന്നാണെന്നും ഞാന്‍ വളരെക്കാലം കരുതിയിരുന്നു. കിം‌വദന്തിയെപ്പറ്റി ചെറുപ്പത്തിലേ കേട്ടിരുന്നതു കൊണ്ടു് ഏതായാലും അതൊരു ജന്തുവാണെന്നുള്ള പൊതുവായ ധാരണ എനിക്കുണ്ടായിരുന്നില്ല.


ഗുണപാഠം: അജ്ഞത ഒരു കുറ്റമല്ല. അറിയില്ല എന്നു പറയുന്നതു് മോശമായ കാര്യമല്ല. അതിനാല്‍ നമുക്കു നമ്മുടെ കുട്ടികളെ ചോദിച്ചു ചോദിച്ചു പോകാന്‍ പഠിപ്പിക്കാം.