ശത്രുതയിലെത്തുന്ന സൌഹൃദം

സുഭാഷിതം

കാളിദാസന്റെ ശാകുന്തളത്തില്‍ ദുഷ്യന്തന്‍ ഓര്‍ക്കുന്നില്ലെന്നു പറഞ്ഞതു കേട്ടു ദുഃഖിതയായി നില്‍ക്കുന്ന ശകുന്തളയോടു് ശാര്‍ങ്ഗരവന്‍ കൊടുത്ത ഉപദേശം:

അതഃ പരീക്ഷ്യ കര്‍ത്തവ്യം
വിശേഷാത് സംഗതം രഹഃ
അജ്ഞാതഹൃദയേഷ്വേവം
വൈരീഭവതി സൌഹൃദം

അര്‍ത്ഥം:

അതഃ : അതിനാല്‍
പരീക്ഷ്യ കര്‍ത്തവ്യം : പരീക്ഷിച്ചേ (എന്തും) ചെയ്യാവൂ
വിശേഷാത് : പ്രത്യേകിച്ചു്
രഹഃ സംഗതം : രഹസ്യമായി ചെയ്യുന്ന കൂട്ടുകെട്ടുകള്‍‌
അജ്ഞാത-ഹൃദയേഷു സൌഹൃദം : ഉള്ളിലിരിപ്പു് അറിയാത്ത ആളുകളോടുള്ള സൌഹൃദം
ഏവം വൈരീ-ഭവതി : ഇങ്ങനെ ശത്രുതയാകും.

വ്യക്തിബന്ധങ്ങളെപ്പറ്റിയുള്ള ഈ ഉപദേശം ഇന്നും പ്രസക്തമാണു്. വനത്തിനു നടുവിലുള്ള ഒരു ആശ്രമത്തില്‍ മുല്ലയ്ക്കു വെള്ളമൊഴിച്ചും മാനിനെ താലോലിച്ചും കഴിഞ്ഞ ഒരു പാവം പെണ്‍‌കുട്ടി വസ്ത്രം മാറുന്നതു് ഒളിഞ്ഞുനോക്കുകയും പിന്നീടു് അവള്‍ തന്റെ ജാതിയ്ക്കു പറ്റിയവളാണോ എന്നു് ആശങ്കപ്പെടുകയും അവളുടെ പ്രീതി എങ്ങനെയെങ്കിലും പിടിച്ചുപറ്റാന്‍ ശല്യപ്പെടുത്തിയ ഒരു വണ്ടിനെ ഓടിച്ചുവിട്ടു് വീരനാകുകയും ആദ്യം രാജാവിന്റെ ജോലിക്കാരനാണെന്നു കള്ളം പറയുകയും പിന്നീടു രാജാവു തന്നെയാണെന്നു പറയുകയും ചെയ്ത ഒരു അപരിചിതനെ വേണ്ടപ്പെട്ടവരെയൊന്നും അറിയിക്കാതെ വിശ്വസിച്ചതിനുള്ള മറുപടി.

ആലോചിക്കാതെ വ്യക്തിബന്ധങ്ങളില്‍ എടുത്തുചാടുന്നവര്‍ക്കുള്ള ഒരു മുന്നറിയിപ്പാണിതു്. കയ്യിലിരിപ്പും മനസ്സിലിരിപ്പും വ്യക്തമാകുന്നതിനു മുമ്പു് ആരുടെയടുത്തും ഒരു പരിധിയില്‍ കൂടുതല്‍ മനസ്സു തുറക്കരുതു്. അവര്‍ ചിലപ്പോള്‍ നമ്മളെ മുതലെടുക്കാന്‍ ശ്രമിക്കുന്നവരാവാം. നമ്മളെ ഉപദ്രവിക്കാന്‍ ശ്രമിക്കുന്നവരാകാം. സൌഹൃദത്തിന്റെ പേരില്‍ നമ്മള്‍ പറഞ്ഞതൊക്കെ പൊതുസ്ഥലത്തു വിഴുപ്പലക്കുന്നവരാവാം. നമ്മളെപ്പറ്റി അപവാദം പറഞ്ഞുപരത്തുന്നവരാവാം. അസൂയക്കാരുടെ കൂടെ കൂടി കുത്തിത്തിരിപ്പുണ്ടാക്കി നമ്മളെ കരി തേച്ചു കാണിക്കുന്നവരുമാവാം.

ഒരു കണ്ണാടിച്ചില്ലിന്റെ അപ്പുറത്തും ഇപ്പുറത്തും നിന്നുള്ള സംവാദം പോലെയായിരിക്കണം സൌഹൃദം. തൊട്ടടുത്തു തന്നെ പരസ്പരം കാണാനും കേള്‍ക്കാനും കഴിയുമെങ്കിലും തൊടാനും ഉപദ്രവിക്കാനും തേജോവധം ചെയ്യാനും അനുവദിക്കാത്ത അകലം. വേണ്ടിടത്തോളം കാലം ഒന്നിച്ചു കഴിയാനും വേണ്ടെന്നു തോന്നിയാല്‍ പിന്തിരിഞ്ഞു പോകാനുമുള്ള സ്വാതന്ത്ര്യമുള്ള അടുപ്പം. കൂട്ടായ്മ (കൂടായ്മ?) എന്ന ക്ലീഷേയ്ക്കും ഇതില്‍ കൂടുതല്‍ അര്‍ത്ഥം കൊടുക്കേണ്ട കാര്യമില്ല.


നല്ല പരിഭാഷകളൊന്നും ഓര്‍മ്മയില്ല. പത്താം ക്ലാസ്സില്‍ പഠിച്ച “ശകുന്തളാപരിത്യാഗം” എന്ന പാഠത്തിലെ “രഹോബന്ധം വിശേഷിച്ചും പരീക്ഷിച്ചു ചെയ്യണം…” എന്ന ഭാഗം ഓര്‍മ്മയുണ്ടു്. ബാക്കി മറന്നുപോയി. അതിനാല്‍ ഒരു പരിഭാഷ ഞാന്‍ തന്നെ തട്ടിക്കൂട്ടുന്നു. വൃത്തം ഭുജംഗപ്രയാതം.

പരീക്ഷിച്ചു ചെയ്തീടണം കാര്യമെല്ലാം
വിശേഷിച്ചൊളിച്ചിട്ടു ചെയ്യുന്ന നേരം.
ശരിക്കാളറിഞ്ഞില്ലയെങ്കില്‍ സുഹൃത്തി-
ന്നരിത്വം ഭവിച്ചിട്ടനര്‍ത്ഥം ഭവിക്കും.