2006 ഓഗസ്റ്റ് 31 ഞങ്ങള്‍ക്കു് വളരെ പ്രാധാന്യമുള്ള ഒരു ദിവസമായിരുന്നു.
ഞങ്ങളുടെ വിവാഹജീവിതം പത്തു വര്‍ഷം തികയ്ക്കുന്ന ദിവസം.
മോഹന്‍ ലാലിന്റെ ക്ലീഷേ പോലെ, ബൂലോഗരില്ലാതെ എന്താഘോഷം? ഒരു പോസ്റ്റിടാമെന്നു കരുതി. വിവാഹവാര്‍ഷികത്തിനെടുത്ത ഒരു അടിപൊളി ഫോട്ടോയുമൊക്കെയായി.
പോസ്റ്റിനൊരു ടൈറ്റില്‍ വേണം. തലപുകഞ്ഞാലോചിച്ചു് ഒരെണ്ണം കിട്ടി. ദശവര്‍ഷാണി ദാസവത് (പത്തുകൊല്ലം വേലക്കാരനെപ്പോലെ). ഇതു് ഇട്ടിട്ടു തന്നെ ബാക്കി കാര്യം!
ഒരു ചെറിയ പ്രശ്നം. ഈ സംസ്കൃതം പറഞ്ഞാല്‍ ആളുകള്‍ക്കു മനസ്സിലാകുമോ? ഇതൊരു പഴയ സംസ്കൃതശ്ലോകത്തിലെ വരികളാണെന്നു് ആര്‍ക്കെങ്കിലും തോന്നുമോ? അതു പോസ്റ്റില്‍ത്തന്നെ ചേര്‍ക്കുന്നതു കമ്പ്ലീറ്റ് കുളമാക്കലല്ലേ?
അതിനു വഴി കിട്ടി. വാര്‍ഷികദിനത്തിനു രണ്ടു ദിവസം മുമ്പു് (2006 ഓഗസ്റ്റ് 29-ാം തീയതി) ബുദ്ധിമുട്ടി സുഭാഷിതത്തില്‍ പുത്രനും മിത്രവും എന്ന ശ്ലോകവും വ്യാഖ്യാനവും പ്രസിദ്ധീകരിച്ചു. ശ്ലോകം വായിക്കാനും അര്‍ത്ഥം മനസ്സിലാക്കാനും “ദശവര്‍ഷാണി ദാസവത്” എന്നു കാണുമ്പോള്‍ “അതാണല്ലോ ഇതു്” എന്നു വര്‍ണ്യത്തിലാശങ്ക കൈവരിക്കാനും രണ്ടു ദിവസം ധാരാളം മതിയല്ലോ എന്നു കരുതി.
എന്നിട്ടെന്തുണ്ടായി?
ഒന്നുമുണ്ടായില്ല. കുഛ് നഹീം ഹുവാ!
വീട്ടില്‍ പല തിരക്കുണ്ടായിരുന്നതു കൊണ്ടു പത്താം വിവാഹവാര്‍ഷികത്തിനു് ആഘോഷമുണ്ടായിരുന്നില്ല. കാര്യമായി എങ്ങും പോയി ഭക്ഷണം കഴിച്ചുപോലുമില്ല. നല്ല വസ്ത്രം ധരിച്ചിട്ടുവേണ്ടേ ഫോട്ടോ എടുക്കാന്‍?
പത്താം വാര്‍ഷികം ആഘോഷിക്കാഞ്ഞതില്‍ കൂടുതല്‍ സങ്കടം നല്ല ഒരു ടൈറ്റില്‍ നഷ്ടപ്പെട്ടതിലായിരുന്നു.
എന്നാല്‍ അതിനെപ്പറ്റി പതിനൊന്നാം വാര്‍ഷികമായ ഈ 31-ാം തീയതി ഒരു പോസ്റ്റിടാമെന്നു കരുതി. ഇക്കൊല്ലവും ആഘോഷമൊക്കെ തഥൈവ. ഫോട്ടോ എടുക്കാന്‍ നമ്മുടെ ഫോട്ടോപിടുത്തപ്പുലി സിബു അധികം ദൂരെയല്ലാതെ ഉണ്ടു്. പക്ഷേ ഇതൊക്കെ ഒന്നു സെറ്റപ്പാക്കാന് സമയം കിട്ടണ്ടേ?
ഇക്കുറിയും ആഘോഷവും ഭക്ഷണവും ഫോട്ടോ പിടിത്തവും നടന്നില്ല.
എന്നാല്‍ ഇനി പന്ത്രണ്ടാം വാര്‍ഷികത്തിനിട്ടാലോ?
അതു വേണ്ട. അന്നത്തേയ്ക്കു വല്ല “വ്യാഴവട്ടസ്മരണങ്ങള്‍” എന്നോ മറ്റോ വേറേ ഒരു ടൈറ്റില്‍ കിട്ടില്ല എന്നാരറിഞ്ഞു? അതു മാത്രമല്ല, ഇന്നത്തെ പോക്കു കണ്ടാല്‍ ബൂലോഗം ഒരു കൊല്ലം കൂടി ഉണ്ടാവുമെന്നോ അന്നു ഞാന്‍ ബ്ലോഗ് ചെയ്യുമെന്നോ യാതൊരു ഗ്യാരണ്ടിയുമില്ല.
മഹാഭാരതത്തില്‍ കര്ണ്ണന് കൃഷ്ണനോടു പറയുന്ന ഒരു ശ്ലോകവും ഓര്‍മ്മ വന്നു:
ക്ഷണം ചിത്തം, ക്ഷണം വിത്തം
ക്ഷണം ജീവിതമാവയോഃ
യമസ്യ കരുണാ നാസ്തി
ധര്‍മ്മസ്യ ത്വരിതാ ഗതിഃനമ്മുടെ മനസ്സു പെട്ടെന്നു മാറും, നമ്മുടെ പണം പെട്ടെന്നു പോകും, നമ്മുടെ ജീവിതവും ക്ഷണികമാണു്. യമനു കരുണയില്ല. ധര്‍മ്മന്റെ (ധര്‍മ്മത്തിന്റെ) പോക്കു് വളരെ വേഗത്തിലാണു്.
അതിനാല്‍ ചെയ്യണമെന്നു തോന്നുന്ന കര്‍മ്മം ഉടനേ തന്നെ ചെയ്യണമെന്നു താത്പര്യം. (ഈ സംഗതി കൃഷ്ണന് കുറെക്കഴിഞ്ഞു കര്‍ണ്ണന്റെ അനിയനോടു പറഞ്ഞു എന്നതു മറ്റൊരു കാര്യം.)
അപ്പോ ദാ ഈ പോസ്റ്റിടുന്നു. താഴെ കൊടുക്കുന്ന ഫോട്ടോയും വിവാഹവാര്ഷികവുമായി ബന്ധമില്ല. ഇവിടെ നടന്ന ഒരു ഓണപ്പരിപാടിക്കു് ആരോ എടുത്തതാണു്.
ഈ പോസ്റ്റിന്റെ മറ്റു ചില ശീര്‍ഷകങ്ങള്‍:
- ഏകാദശവര്‍ഷാണി ദാസവത് അഥവാ ഒരു ടൈറ്റിലിന്റെ കഥ
- ഒരു ടൈറ്റിലിന്റെ കഥ
- ദീര്‍ഘസൂത്രം (procrastination എന്നും നെടുംമംഗല്യം എന്നും അര്‍ത്ഥമുള്ള ദീര്‍ഘസൂത്രം എന്ന വാക്കു് ഈ കമന്റിലൂടെ പറഞ്ഞു തന്ന രാജേഷ് വര്‍മ്മയാണു്.)
su | 05-Sep-07 at 2:54 pm | Permalink
എല്ലാവിധ ആശംസകളും. സന്തോഷമായിരിക്കാന്‍ എന്നും താങ്കളേയും കുടുംബത്തേയും ഈശ്വരന് അനുഗ്രഹിക്കട്ടെ.
വാര്‍ഷികത്തിനു ഓണഫോട്ടോയോ? അത് ശരിയല്ല.
നളന് | 05-Sep-07 at 2:56 pm | Permalink
അതാ ഈ പ്രൊകാസ്റ്റിനേഷന് ഉപേക്ഷിക്കണമെന്നു തീരുമാനിച്ചാല്‍ ഉടന്‍ തന്നെ നടപ്പിലാക്കണം, നാളത്തേക്കു മാറ്റി വയ്ക്കരുത്. 🙂
അതു പറഞ്ഞപ്പൊഴാ ക്രെടിറ്റ് കാര്‍ഡ് ബില്ലിന്റെ കാര്യം ഓര്‍മ്മ വന്നത്, ഇനിയിപ്പം നാളെ അടച്ചിട്ടെന്താ കാര്യം ഡേറ്റ് കഴിഞ്ഞല്ലോ 🙁 ക്ഷണം വിത്തം
ബിലേറ്റഡ് ആനിവേഴ്സറി ഇപ്പൊ തന്നെ പിടിച്ചോ(നാളത്തേക്കു മാറ്റുന്നില്ല)
മൂര്‍ത്തി | 05-Sep-07 at 3:00 pm | Permalink
ആശംസകള്‍…
വേണു | 05-Sep-07 at 4:23 pm | Permalink
ആശംസകള്‍.
Kumar © | 05-Sep-07 at 6:27 pm | Permalink
ബിലേറ്റഡ് വിവാഹവാര്‍ഷിക ആശംസകള്‍.
(ആശംസകള്‍ ബിലേറ്റഡ് ആയിപോയതിന്റെ കുറവ് ചെലവു ചെയ്യുമ്പോള്‍ കൂട്ടിചെയ്ത് അങ്ങു തീര്‍ത്താല്‍ മതി)
അടുത്തവര്‍ഷം ഒരു ഡസന്‍! അന്നു നമ്മളൊരു കലക്ക് കലക്കും… ചടങ്ങൊക്കെ ഏതെങ്കിലും ഈവന്റ് മാനേജ്മെന്റ് കമ്പനിയെ ഏല്‍പ്പിക്കണം. (അടുത്തവര്‍ഷത്തേക്ക് ഇതാ പിടിച്ചോളൂ മുന്‍കൂര്‍…!)
സന്തോഷ് | 05-Sep-07 at 7:06 pm | Permalink
ആശംസകള്‍!
ഉമേഷേ, നരച്ച താടി കറുപ്പിക്കുന്നതിന് എന്താണുപയോഗിക്കുന്നത്? (ഈ ചോദ്യം കേട്ട് ക്ഷമ നശിച്ച് ഞാനും ബുള്‍ഗാന്‍ ഉപേക്ഷിച്ചു)
Umesh | 05-Sep-07 at 8:49 pm | Permalink
എല്ലാവര്ക്കും നന്ദി.
സന്തോഷ്,
താടിയും മുടിയുമൊക്കെ നരച്ചു തന്നെയാണു്. ഫോട്ടോയില്‍ അതു വ്യക്തമല്ലെന്നേ ഉള്ളൂ. അതില്‍ ഒന്നു ക്ലിക്ക് ചെയ്തു നോക്കൂ. വലിയ പടം കാണാം.
രാജ് | 05-Sep-07 at 8:55 pm | Permalink
ന്താ ഇമ്മടെ വിശാഖൂട്ടനൊരു നാണം ?
കൃഷ്ണന് കര്‍ണ്ണനോടും കര്‍ണ്ണന്റെ അനിയനോടും പറഞ്ഞ സന്ദര്‍ഭമൊന്ന് എഴുതണേ. ബിലേറ്റഡ് ബ്ലോഗിങിന്, ബിലേറ്റഡ് ആശംസകള്‍.
സാല്‍ജോ | 06-Sep-07 at 4:05 am | Permalink
പതിനൊന്ന് ആശംസകള്‍!
നാലുപേരും കൂടി ഈക്വലായി വീതിച്ചെടുക്കുക!!!
വല്യമ്മായി | 06-Sep-07 at 4:43 am | Permalink
ആശംസകള്‍ പ്രാര്‍ത്ഥനകള്‍
തറവാടി,വല്യമ്മായി,പച്ചാന,ആജു
ഓ.ടോ.പസ്സില്സ് വിഭാഗം അടച്ചു പൂട്ടിയോ
സുല്‍ | 06-Sep-07 at 5:01 am | Permalink
ആശംസകള്‍!
തമനു | 06-Sep-07 at 8:18 am | Permalink
ഉമേഷ്ജീ….
ഈയിടെ മിഡില്‍ ഈസ്റ്റിലെങ്ങാനും വന്ന് വല്ല വേണ്ടാതീനോം കാണിച്ചാ …? ഉമേഷ്ജിയുടെ കൈ രണ്ടും കാണുന്നില്ലല്ലൊ …. 🙂
🙂 🙂
എല്ലാവര്ക്കും ആശംസകള്‍…
ഓ … പറയാന്‍ മറന്നു …. പടം അടിപൊളി ആയിട്ടുണ്ട്.. (പക്ഷേ നിങ്ങള്‍ അതിന്റെ മുന്നില്‍ നില്ക്കണ്ടാരുന്നു, മാത്രോമല്ല അതിന്റെ മുകള്‍ ഭാഗം കാണുന്നുമില്ല….) 🙂
ഓടോ. ഞാന്‍ ഇലന്തൂരില്‍ നിന്നും താമസം മാറി.. ഇപ്പോ ഇടുക്കീലാ ….:)
അപ്പു | 06-Sep-07 at 8:51 am | Permalink
ആശംസകള്‍!!
Kannus | 06-Sep-07 at 9:13 am | Permalink
ആശംസകള്‍, ഉമേഷിനും കുടുംബത്തിനും.
വാര്‍ഷികത്തിന്റെ കാര്യം പറഞ്ഞപ്പോഴാ ഓര്‍ത്തത്. എന്റെ അഞ്ചാം വാര്‍ഷികം വളരെ അടുത്തെത്തിയിരിക്കുന്നു. മറന്നു പോയേനേ. (ദൈവമേ, എന്നാല്‍ ആലോചിക്കാന്‍ വയ്യ!)
പി.എസ് : പോസ്റ്റൊന്നും കാണുന്നില്ലല്ലോ ഈയിടെയായി? ജോലി രാജി വെക്കുന്ന കാര്യം ആലോചിച്ചു കൂടെ?
Bhattathiris | 06-Sep-07 at 8:36 pm | Permalink
Sudeerkha daambathyam aasamsikkunnu.
BTW May 07-il Carlsbad cavern visit undaayirunno? Ithupolorale kandenna orma.
Umesh | 06-Sep-07 at 9:07 pm | Permalink
ഇല്ലല്ലോ ഭട്ടതിരീ. എവിടെയാ ഈ കാള്‍സ്ബാഡ് കാവേണ്‍ എന്നു പോലും അറിയില്ലായിരുന്നു. ന്യൂ മെക്സിക്കോയിലാണെന്നു് ഇപ്പോള്‍ മനസ്സിലായി.
മെയ് 7-നു ഞാന്‍ ഒറിഗണില്‍, പോര്ട്ട്ലാന്ഡില്.
ഞങ്ങളെ നാലു പേരെയും പോലെ ഒരു കുടുംബത്തെ അവിടെ കണ്ടോ? അന്വേഷിക്കണമല്ലോ…
Umesh | 06-Sep-07 at 9:13 pm | Permalink
നളന് എന്റെ കണ്ണു തുറപ്പിച്ചു.
അടുത്താഴ്ച മുതല്‍ ഞാന്‍ പ്രൊക്കാസ്റ്റിനേഷന് ഉപേക്ഷിക്കാന്‍ തീരുമാനിച്ചു…
[ഇതിന്റെ മലയാളമെന്താ? നീട്ടിവെയ്ക്കല്‍ എന്നു മതിയോ?]
കണ്ണൂസേ, എന്നെ തെണ്ടിച്ചേ അടങ്ങൂ, അല്ലേ?
Rajesh R Varma | 06-Sep-07 at 9:37 pm | Permalink
ഉമേഷേ,
ആശംസകള്‍. അടിമത്ത നിരോധനം ഈ അമേരിക്കയില്‍ എന്നു നടപ്പിലാകും? ഉം? 🙂
Rajesh R Varma | 06-Sep-07 at 9:41 pm | Permalink
ഉമേഷേ,
procrastination എന്ന സൂത്രത്തിന് ദീര്‍ഘസൂത്രം എന്നു സംസ്കൃതത്തില്‍ പറയാറുണ്ടെന്ന് കേട്ടിരുന്നു. നിഘണ്ടു നോക്കിയപ്പോഴല്ലേ ഞെട്ടിയത്? ഈ വാക്കിനു നെടുമംഗല്യം എന്നും അര്‍ത്ഥമുണ്ടത്രെ. ഇതാണു പറയുന്നത് സംസ്കൃതം കണ്ടുപിടിച്ചവര്‍ ബുദ്ധിരാക്ഷസന്മാരാണെന്ന്. ഹൊ!
ദീര്‍ഘസൂത്രം നാ. 1. നീണ്ടചരട്; 2. നെടുമംഗല്യം; 3. താമസിച്ചുചെയ്യുന്ന
പ്രവൃത്തി, ചെയ്യേണ്ടകാര്യങ്ങള്‍ യഥാകാലം ചെയ്യാതെ നീട്ടിവയ്ക്കുന്ന സമ്പ്രദായം
അനംഗാരി | 06-Sep-07 at 11:14 pm | Permalink
ഹ!രാജേഷേ, ആ ദീര്ഘസൂത്രത്തിന്റെ നാനാര്‍ത്ഥങ്ങള്‍ ക്ഷ പിടിച്ചു.
ആശംസകള്‍ ഉമേഷ്.
കലേഷ് | 07-Sep-07 at 1:39 am | Permalink
ഉമേഷേട്ടാ,ചേട്ടനും ചേച്ചിക്കും ആശംസകള്‍.
ഇനിയും ഒരുപാടൊരുപാട് വാര്‍ഷികങ്ങള്‍ ആശംസിക്കുന്നു….
സ്നേഹപൂര്‍വ്വം
കലേഷും റീമയും
വിശാലന് | 07-Sep-07 at 11:35 am | Permalink
ഒരു അമേരിക്കന്‍ നോര്‍മ്മല്‍ പ്രഭാതം. ഏതോ ഒരു ഏരിയ. ഏതോ ഒരു സ്ഥലത്തൊരു വീട്.
വീട്ടില്‍ രണ്ടു കൊച്ചു കുഞ്ഞുങ്ങളും സ്നേഹനിധിയായ ഒരു ഭര്‍ത്താവും സ്നേഹസമ്പന്നയായ ഒരു ഭാര്യയും ആമോദത്തോടെ വസിക്കുന്നു.
ആ വീട്ടില്‍ അപ്പോള്‍ കോളിങ്ങ് ബെല്‍ രണ്ടുമിനിറ്റ് ഗ്യാപ്പിട്ട് രണ്ട് തവണ തവണ അടിച്ചു.
ഗൃഹനാഥന് ഉമേഷ് ജി വാതില്‍ തുറക്കുന്നു. വായില്‍ ടൂത്ത് ബ്രഷുണ്ട്.
വാതില്‍ തുറന്നതും അകത്ത് നിന്ന് മിസ്സിസ്സിന്റെ ചോദ്യം കേട്ടു. നിങ്ങള്‍ ബാത്ത് റൂമിലെ ടാപ്പടക്കാതെ എങ്ങോട്ടാ ഈ പോയത് മനുഷ്യാ?
സിറ്റൌട്ടില്‍ ഒരപരിചതന് നില്ക്കുന്നു.
നമസ്കാരം ഉമേഷ് ജി. അപരിചിതന് പറഞ്ഞു.
ഉമേഷ് ജി: നമസ്കാരം, ഹു യു?
‘ഞാന്‍ വിശാലനാണ്‘
‘ഏത്? ബ്ലോഗിലെയോ?‘
‘അതെ‘
‘റിയലി?? നീ എങ്ങിനെ ഇവിടെ എത്തി? ഈ വീടെങ്ങിനെ കണ്ടുപിടിച്ചു? അത്ഭുതമായിരിക്കുന്നു! വാ.. അകത്ത് കയറി ഇരിക്കൂ‘
‘വേണ്ട, പിന്നൊരിക്കലാവാട്ടെ, ധൃതിയുണ്ട്. ഞാന്‍ വിവാഹവാര്ഷികമംഗളാശംസ അറിയിക്കാന്‍ വേണ്ടി വന്നതാ.. ഡ്യൂട്ടിയിലാ..’
വാതിലടക്കാന്‍ നേരം അകത്തുനിന്ന് വീണ്ടും കേട്ടു,
‘ടാപ്പടക്കാന് പറഞ്ഞത് കേട്ടില്ല? മനുഷ്യാ..‘
ഉമേഷ് ജിക്കും ഫാമിലിക്കും എന്റെ സ്നേഹാശംസകള്‍!
Umesh | 08-Sep-07 at 6:28 am | Permalink
രാജേഷേ, ശീര്‍ഷകം മാറ്റിയിട്ടുണ്ടു്. വിവരത്തിനു നന്ദി.
വിശാലോ, വന്ന സ്ഥിതിയ്ക്കു് ഹോര്ലെന്സ് ബ്രിഡ്ജിനടുത്തുള്ള ആര്യഭവനില്‍ നിന്നു് ഒരു പാലും വെള്ളവും പഴം പൊരിയും കഴിച്ചിട്ടു പോകാമായിരുന്നു…
(ദേഷ്യം വരുമ്പോള്‍ ഭാര്യ വിശാലനെ “മനുഷ്യാ” എന്നാണു വിളിക്കുന്നതെന്നു തോന്നുന്നു. ഭാഗ്യവാന്!)
One Swallow | 08-Sep-07 at 7:56 am | Permalink
ഇവിടെ ചിലപ്പോള്‍ മുത്തു വാരാന്‍ വരാറുണ്ട്. നല്ലതെല്ലാം ഭവിക്കട്ടെ, നല്ലതു മാത്രം വരട്ടെ.
അനില്‍ | 08-Sep-07 at 4:19 pm | Permalink
ഉമേഷ്ജിയ്ക്കും കുടുംബത്തിനും ആയുരാരോഗ്യ സൌഖ്യങ്ങള്‍ നേരുന്നു !!!!
shan | 09-Sep-07 at 5:17 am | Permalink
വളരെ ഭംഗി
ബ്ലോഗിനും
അവതരണത്തിനും
വളരെ നന്ദി
വായിക്കാന്‍ കഴിഞ്ഞതില്‍
ആശംസകളോടെ
ഷാന്‍ (സൗദി)
നളന് | 11-Sep-07 at 2:50 am | Permalink
ഉമേഷ് അണ്ണാ,
ഒരാഴ്ച കഴിഞ്ഞോ?
ദീര്ഘസൂത്രമൊക്കെ ഉപേക്ഷിക്കാന്‍ തീരുമാനിച്ചാല്‍ കുറഞ്ഞത് ഒരാഴ്ചത്തെ ദീര്ഘസൂത്രമെങ്കിലും ഇല്ലെങ്കില്‍ അതു ദീര്ഘസൂത്രത്തോടുള്ള അപമാനമായിരിക്കും.
ഈ ദീര്ഘസൂത്രത്തില് സൂത്രമല്പം കൂടിയില്ലേ എന്നു സൂത്രത്തിലാശങ്ക. ഇനി എനിക്കു മാത്രം തോന്നിയതാണോ? 🙂
നെടുമംഗല്യം : ഇതും മംഗല്യസൂത്രവും തമ്മിലെന്തെങ്കിലും ബന്ധമുണ്ടോ ?
Achinthya | 11-Sep-07 at 6:07 pm | Permalink
ഹായ് ഇതിപ്പോ കണ്ടേള്ളൂ…
ഒരു പതിനൊന്നെന്തു! ഇനീം ഇനീം …
കൊറേ കൊറേ സന്തോഷം, സമാധാനം, സ്നേഹം,പിന്നെ പേരിട്ടിട്ടില്ല്യാത്ത കൊറേ നന്മകളും ണ്ടാവട്ടേ ന്ന് പ്രാര്‍ത്ഥിക്കുണു.
സിന്ധൂനെ കണ്ടപ്പോ എന്റമ്മയ്ക്ക് ഭയങ്കര കണ്ട് പരിച്യം ത്രെ.ഹഹഹ…കലക്കീല്യേ.
നാലു പേര്ക്കുമുമ്മ
aravind | 14-Sep-07 at 9:28 am | Permalink
ആശംസകള്‍ ഉമേഷ്ജീ..ഇപ്ലാ കണ്ടേ…
🙂
ഒരിക്കല്‍ രാജുമോന് എന്നോട് ചോദിച്ചു (രാജുമോന് വയസ്സ് മുപ്പതാ ട്ടാ..അവന്റെ പേരങ്ങനായിപ്പോയി!) സന്തുഷ്ടമായ ദാമ്പത്യജീവിതത്തിന്റെ രഹസ്യം എന്താണെന്ന്..
ഞാന്‍ പറഞ്ഞൂ…
“ഡേയ്..റെസ്പോണ്‍സിബിളിറ്റി ഷെയറ് ചെയ്താല്‍ മതി..വ്യക്തമായ അതിര് വരമ്പുകള്‍ തീര്‍ത്ത്..അങ്ങോട്ടുമിങ്ങോട്ടും റെസ്പെക്റ്റോടെ, അവരുടെ തീരുമാനങ്ങള്‍ മാനിച്ച്..”
“എന്ന്വച്ചാ?”
“എന്ന്വച്ചാ, എന്റെ വീട്ടില്‍ വലിയവലിയ കാര്യങ്ങളില്‍ തീരുമാനമെടുക്കുന്നത് ഞാനാണ്. ചെറിയ കാര്യങ്ങളില്‍ ശ്രീമതിയും..അതില്‍ അങ്ങോട്ടുമിങ്ങോട്ടും കൈകടത്താറില്ല..”
“ഫോര്‍ എസ്കാമ്പിള്‍?”
“ഫോര്‍ എസ്കാമ്പിള്‍…ഏതു കാറ് വാങ്ങണം, എത്ര രൂപാ സേവ് ചെയ്യണം, എപ്പോ നാട്ടില്‍ പോകണം, ഏത് സോഫാ, ടി വി, ഫ്രിഡ്ജ് വാങ്ങണം, മാസ ചിലവ്, മെയിഡ് വേണോ വേണ്ടയോ, എക്സ്ട്റാ ഒരു റൂം പണിയണോ വേണ്ടയോ തുടങ്ങിയ ചെറിയ കാര്യങ്ങളില്‍ ശ്രീമതിയാണ് തീരുമാനമെടുക്കാറ്..ഞാന്‍ അത് മാനിക്കും!”
“അപ്പോ താങ്കള്‍?”
“ബു ഹഹഹ..തീരുമാനംസ് ഒണ്‍ലി ഫോര്‍ ബിഗ് ഇഷ്യൂസ്….അമേരിക്ക ഇറാനെ ആക്രമിക്കണോ വേണ്ടയോ, സിംബാവേയുടെ മുകളിലുള്ള ഉപരോധം ബ്രിട്ടന് നീക്കണോ, ആഫ്രിക്കന്‍ ഇകോണമി ഓപ്പണ്‍ ആക്കണോ, ജോലി സംവരണം കളര്‍ അടിസ്ഥാനത്തില്‍ വേണോ മുതലായവയില്‍ ഞാനാണ് തീരുമാനം..എന്റെ ശ്രീമതി കമാന്ന് എതിര് പറയില്ല!!! ങ്ഹാ!”
“…..”
ശ്രീജിത്ത് കെ | 16-Sep-07 at 7:24 pm | Permalink
അരവിന്ദോ, ഹി ഹി. 😉
ഉമേഷ്ജീ ആശംസകള്‍. ചിത്രം കിട്ടുന്നില്ലല്ലോ എനിക്ക് 🙁
ദില്ബാസുരന് | 26-Sep-07 at 6:03 pm | Permalink
ഉമേഷേട്ടനും കുടുംബത്തിനും ആശംസകള്‍. ഉണ്ണികള്‍ രണ്ടാള്‍ക്കും ഉമ്മ. (കുടുംബമടക്കി ഉമ്മ മറ്റേ അമ്മൂമ്മ തന്നൂലോ)
InjiPennu | 08-Oct-07 at 1:19 am | Permalink
ഇത് കണ്ടില്ല്യാര്ന്നു..
നിങ്ങളും ഹോള്‍ ഫുഡ്സില്‍ നിന്നാണോ പച്ചക്കറീം പാലും ഒക്കെ മേടിക്കണത്? എന്നാ സേം പിഞ്ച്. ഞാനും അവിടെന്ന് തന്ന്യാ? മുന്‍പ് വൈല്‍ഡ് ഓട്സില്‍ നിന്നായിരുന്നു. പക്ഷെ വൈല്‍ഡ് ഓട്ട്സിനെ ഹോള്‍ ഫുഡ്സ് മേടിച്ചു. എന്നാപ്പിനെ അവിടെ പോവാന്ന് കരുതി. പക്ഷെ ഇപ്പോള്‍ കോസ്കോയും വാള്‍മാര്‍ട്ടൊക്കെ ഓര്‍ഗാനിക്ക് സെക്ഷന്‍ തുറന്നതില്‍ പിന്നെ ഹോള്‍ ഫുഡ്സില്‍ പോയിട്ട് ഇച്ചിരെ നാളായി. അവിടെയാവുമ്പൊ നമുക്ക് ബാക്കി ഐറ്റംസും മേടിക്കാലോ. കോസ്കോയാണ് സാംക്ലബിനേക്കാളും പ്രിഫര്‍, കാരണം കോസ്കോ എമ്പ്ലോയീസിനെയൊക്കെ നല്ല ശമ്പളവും ആനുകൂല്യങ്ങളും കൊടുക്കും. അതറിഞ്ഞേപ്പിന്നെ കോസ്കോയിലോട്ട് മാറി. സ്റ്റാര്‍ബക്സും അങ്ങിനത്തെ മനുഷ്യപറ്റുള്ള കമ്പനിയാണ്.
ഒ, അപ്പൊ പറഞ്ഞ് വന്നത് ആശംസകള്‍, ദീര്ഘസൂത്രത്തിന്റെ പ്രശ്നങ്ങള്‍. സോറി! 😉