സുജനികയുടെ ശ്ലോകവും സീനിയര്‍ ബ്ലോഗറും…

നര്‍മ്മം, സരസശ്ലോകങ്ങള്‍

സുജനികയിലെ ഒരു പോസ്റ്റിലാണു് ഈ ശ്ലോകത്തെ പരാമര്‍ശിച്ചിരിക്കുന്നതു കണ്ടതു്. ഇപ്പോള്‍ ആ പോസ്റ്റ് കാണുന്നില്ല. എന്തിനു ഡിലീറ്റ് ചെയ്തോ ആവോ?

രാജേഷ് വര്‍മ്മയും പറയുന്നതു കേട്ടു സുജനികയിലെ ഏതോ പോസ്റ്റ് കാണാനില്ലെന്നു്. ഇതെന്താ പോസ്റ്റുകള്‍ കൂട്ടമായി കാണാതാവുകയാണോ?

എന്റെ ചെറുപ്പത്തില്‍ പഴങ്കഥകള്‍ പറയുന്ന ഒരു അപ്പൂപ്പന്‍ പറഞ്ഞാണു് ഈ ശ്ലോകം കേട്ടതു്. രസകരമായതിനാല്‍ അതു് എഴുതിയെടുക്കുകയും പഠിക്കുകയും ചെയ്തു. പിന്നീടു് അതിനെപ്പറ്റി കാണുന്നതു് ഇപ്പോഴാണു്. അപ്പോഴേയ്ക്കും ശ്ലോകം മറന്നുപോയിരുന്നു. സുജനികയുടെ പോസ്റ്റില്‍ കൊടുത്തിരുന്ന അര്‍ത്ഥവിവരണമനുസരിച്ചു് ശ്ലോകം ഓര്‍ത്തെടുത്തതു താഴെച്ചേര്‍ക്കുന്നു. ഈ ശ്ലോകം അറിയാവുന്നവര്‍ തെറ്റുകള്‍ ചൂണ്ടിക്കാണിക്കണം എന്നു് അപേക്ഷിക്കുന്നു.

രാവണവധത്തിനും വിഭീഷണാഭിഷേകത്തിനും ശേഷം എന്തോ കാര്യത്തില്‍ കുപിതനായ രാമന്‍ താന്‍ നേടിക്കൊടുത്തതെല്ലാം തിരിച്ചുകൊടുക്കാന്‍ വിഭീഷണനോടു പറയുന്നതു കേട്ടു് ജാംബവാന്‍ പറയുന്നതായാണു് ആ അപ്പൂപ്പന്‍ ഈ ശ്ലോകം ചൊല്ലിയതു്. ആരെഴുതിയതെന്നോ ഏതു പുസ്തകത്തിലേതെന്നോ അറിയില്ല.

ശ്ലോകം:

ഇന്ദ്രം ദ്വ്യക്ഷ, മമന്ദപൂര്‍വ്വമുദധിം, പഞ്ചാനനം പദ്മജം,
ശൈലാന്‍ പക്ഷധരാന്‍, ഹയാനപി ച, തം കാമം ച സദ്വിഗ്രഹം,
അബ്ധിം ശുദ്ധജലം, സിതം ശിവഗളം, ലക്ഷ്മീപതിം പിംഗളം,
ജാനേ സര്‍വ്വമഹം പ്രഭോ രഘുപതേ ദത്താപഹാരം വിനാ

അര്‍ത്ഥം:

അഹം സര്‍വ്വം ജാനേ : ഞാന്‍ എല്ലാം അറിഞ്ഞിട്ടുണ്ടു്
ദ്വി-അക്ഷം ഇന്ദ്രം : രണ്ടു കണ്ണുള്ള ഇന്ദ്രനെയും
അമന്ദ-പൂര്‍വ്വം ഉദധിം : ഇളകുന്നതിനു മുമ്പുള്ള കടലിനെയും
പഞ്ച-ആനനം പദ്മജം : അഞ്ചു തലയുള്ള ബ്രഹ്മാവിനെയും
പക്ഷധരാന്‍ ശൈലാന് : ചിറകുള്ള പര്‍വ്വതങ്ങളെയും
ഹയാന്‍ അപി ച : അതു പോലെ (ചിറകുള്ള) കുതിരകളെയും
തം സദ്-വിഗ്രഹം കാമം : ആ ശരീരമുള്ള കാമദേവനെയും
ശുദ്ധ-ജലം അബ്ധിം : ശുദ്ധജലമുള്ള കടലിനെയും
സിതം ശിവ-ഗളം : ശിവന്റെ വെളുത്ത കഴുത്തിനെയും
പിംഗളം ലക്ഷ്മീ-പതിം : മുഴുവന്‍ മഞ്ഞനിറമുള്ള മഹാവിഷ്ണുവിനെയും
: (കണ്ടിട്ടുണ്ടു്)
പ്രഭോ രഘു-പതേ : ശ്രീരാമപ്രഭുവേ
ദത്ത-അപഹാരം വിനാ : കൊടുത്തതു തിരിച്ചെടുക്കുന്നതു മാത്രം കണ്ടിട്ടില്ല

ജാംബവാന്‍ വളരെ പഴയ ആളാണെന്നു കാണിക്കാനാണു താന്‍ കണ്ടിട്ടുള്ള പഴയ കാര്യങ്ങള്‍ അക്കമിട്ടു നിരത്തുന്നതു്. ഓരോന്നിന്റെയും പിറകില്‍ ഓരോ കഥയുണ്ടു്.

 • രണ്ടു കണ്ണുള്ള ഇന്ദ്രന്‍: ദേവേന്ദ്രനു് ആദിയില്‍ മറ്റെല്ലാവരെയും പോലെ രണ്ടു കണ്ണുകളായിരുന്നു. ഗൌതമന്റെ ഭാര്യ അഹല്യയുടെ അടുത്തു വേണ്ടാതീനത്തിനു പോയപ്പോള്‍ ഗൌതമന്‍ ശപിച്ചു് ഇന്ദ്രനെ സഹസ്രഭഗനാക്കി. ദേഹം മുഴുവന്‍ മുണ്ടിട്ടു മൂടിയല്ലാതെ പുറത്തിറങ്ങാന്‍ പറ്റാതെ ഇന്ദ്രന്‍ അവസാനം ഗൌതമനെത്തന്നെ ശരണം പ്രാപിച്ചു. ഗൌതമന്‍ ആയിരം ജനനേന്ദ്രിയങ്ങളെയും കണ്ണുകളാക്കി. (പിന്നെ ജനനേന്ദ്രിയമില്ലാതെ വലഞ്ഞ ഇന്ദ്രനു് ഒരു ആടിന്റെ ജനനേന്ദ്രിയം വെച്ചുപിടിപ്പിച്ചു എന്നും കേട്ടിട്ടുണ്ടു്.) അങ്ങനെ ഇപ്പോള്‍ ഇന്ദ്രനു് ആയിരം കണ്ണുകളുണ്ടു്. അതാണു് എല്ലാവരും കാണുന്നതു്. അഹല്യാസംഭവത്തിനു മുമ്പും ഇന്ദ്രനെ കണ്ടവനാകുന്നു ഈ ജാംബവാന്‍!

  പത്തു തലയുള്ള രാവണനെയും പാമ്പിനെ ചൂടുന്ന ശിവനെയും മറ്റും തന്മയത്വത്തോടു കൂടി കാണിച്ച തമിഴ് പുരാണസിനിമക്കാര്‍ എന്തുകൊണ്ടാണു് ഇന്ദ്രനെ ആയിരം കണ്ണുകളുള്ളവനായി കാണിക്കാഞ്ഞതു് (അഹല്യാ എപ്പിസോഡിനു തൊട്ടു ശേഷമുള്ള ഇന്ദ്രനെ കാണിക്കാത്തതു നമ്മുടെ ഭാഗ്യം!) എന്നു് എനിക്കു മനസ്സിലായിട്ടില്ല.

 • ഇളക്കുന്നതിനു മുമ്പുള്ള കടല്‍: സമുദ്രത്തില്‍ തിരമാലകളുണ്ടായതെങ്ങനെ എന്നതിനെപ്പറ്റി പുരാണത്തില്‍ എന്തെങ്കിലും കഥയുണ്ടാവും. എനിക്കറിഞ്ഞുകൂടാ. അറിയാവുന്നവര്‍ ദയവായി പറഞ്ഞുതരൂ.

  സുജനിക തന്നെ പറഞ്ഞു തന്നു:
  പാലാഴിമഥനത്തെയാണു് ഇവിടെ സൂചിപ്പിക്കുന്നതു്. ദേവന്മാരും അസുരന്മാരും കൂടി അമൃതു കിട്ടാന്‍ വേണ്ടി പാലാഴി കടഞ്ഞപ്പോഴാണു് ആദ്യമായി സമുദ്രം ഇളകിയതു്. അതിനു മുമ്പുള്ള സമുദ്രത്തെയും ജാംബവാന്‍ കണ്ടിട്ടുണ്ടു്.

 • അഞ്ചു തലയുള്ള ബ്രഹ്മാവു്: ബ്രഹ്മാവിനു് ഇപ്പോള്‍ നാലു ദിക്കിലേക്കും നോക്കിയിരിക്കുന്ന നാലു തലകളേ ഉള്ളൂ. (ചില ചിത്രങ്ങളില്‍ മൂന്നു തലയേ കാണുന്നുണ്ടാവൂ. അശോകസ്തംഭത്തിലെ സിംഹത്തിനെപ്പോലെ നാലാമത്തെ തല പുറകിലുണ്ടു്.) സരസ്വതിയെ സൃഷ്ടിച്ചു കഴിഞ്ഞപ്പോള്‍ അവളുടെ സൌന്ദര്യം നോക്കി ഇരുന്നുപോയത്രേ ബ്രഹ്മാവു്. അച്ഛന്‍ (സൃഷ്ടിച്ചവന്‍) നോക്കുന്നതില്‍ ജാള്യം തോന്നിയ സരസ്വതി ബ്രഹ്മാവിന്റെ പുറകിലേക്കു മാറി. തല തിരിച്ചു നോക്കാനുള്ള മടി കൊണ്ടോ എന്തോ, ബ്രഹ്മാവു് അവിടെയും ഒരു തല ഉണ്ടാക്കി. സരസ്വതി ഇടത്തോട്ടും വലത്തോട്ടും മാറിയപ്പോള്‍ അവിടെയും ഓരോ തലയുണ്ടായി. രക്ഷയില്ലെന്നു കണ്ട സരസ്വതി ചാടി മുകളിലേയ്ക്കു പോയി. മുകളിലേയ്ക്കു നോക്കുന്ന ഒരു തല കൂടി ഉണ്ടായി. നിവൃത്തിയില്ലാതെ വന്ന സരസ്വതി അവസാനം ഒളിക്കാനുള്ള ശ്രമം ഉപേക്ഷിച്ചു. ബ്രഹ്മാവു സരസ്വതിയെ ഭാര്യയാക്കുകയും ചെയ്തു.

  ചുറ്റി. ചിത്രകാരന്‍ ഇതു വല്ലതും കണ്ടാല്‍ ഇനി ബ്രഹ്മാവിന്റെയും സരസ്വതിയുടെയും അഗമ്യഗമനത്തെപ്പറ്റി (ഇതിനു പകരം ചിത്രകാരന്‍ എന്തു വാക്കുപയോഗിക്കും എന്നു് എനിക്കു ചിന്തിക്കാന്‍ പോലും വയ്യ!) നാലു പേജില്‍ ഒരു പോസ്റ്റെഴുതിയേക്കും. കുന്തിയ്ക്കു ശേഷം കാര്യമായി ഒന്നും പുരാണത്തില്‍ നിന്നു തടഞ്ഞിട്ടില്ലെന്നു തോന്നുന്നു :)

  പിന്നീടു്, ശിവന്‍ ഒരിക്കല്‍ വിഷ്ണുവിനോടും ബ്രഹ്മാവിനോടും ചോദിച്ചു, “നിങ്ങള്‍ക്കെന്റെ അറ്റങ്ങള്‍ കണ്ടുപിടിക്കാമോ?”. ഇതു പറഞ്ഞു് ശിവന്‍ വലിയ രൂപമെടുത്തു നിന്നു. താഴേയ്ക്കു പോയ വിഷ്ണു ശിവന്റെ കാല്‍ കാണാന്‍ പറ്റാതെ തോല്‍‌വി സമ്മതിച്ചു തിരിച്ചു പോന്നു. മുകളിലേയ്ക്കു പോയ ബ്രഹ്മാവിനു് ശിവന്റെ തലയില്‍ നിന്നു് ഊര്‍ന്നുവീണ ഒരു കൈതപ്പൂവിനെ കിട്ടി. ശിവന്റെ തല കണ്ടുവെന്നും അവിടെ നിന്നു് എടുത്തതാണെന്നും ബ്രഹ്മാവു് കള്ളം പറഞ്ഞു. കൈതപ്പൂവും കള്ളസാക്ഷി പറഞ്ഞു. ദേഷ്യം വന്ന ശിവന്‍ ബ്രഹ്മാവിന്റെ മുകളിലേക്കു നോക്കുന്ന തല മുറിച്ചെടുത്തു. (കൈതപ്പൂവിനും കിട്ടി ശാപം-പൂജയ്ക്കെടുക്കാത്ത പൂവു് ആകട്ടേ എന്നു്.) ബ്രഹ്മാവു തിരിച്ചൊരു ശാപവും കൊടുത്തു. ആ തലയോടും എടുത്തു ശിവന്‍ ദിവസവും തെണ്ടാന്‍ ഇടയാവട്ടേ എന്നു്. അങ്ങനെ ശിവന്‍ തെണ്ടിയും കപാലിയുമായി. (ചുമ്മാതല്ല ലക്ഷ്മി പാര്‍വ്വതിയോടു് ഇങ്ങനെയൊക്കെ ചോദിച്ചതു്!)

  അപ്പോള്‍ പറഞ്ഞു വന്നതു്, കൈതപ്പൂ കള്ളസാക്ഷി പറഞ്ഞ കേസ് പരിഗണനയ്ക്കു വരുന്നതിനു മുമ്പു തന്നെ ജാംബവാന്‍ ബ്രഹ്മാവിനെ കണ്ടിട്ടുണ്ടെന്നു്!

 • ചിറകുള്ള പര്‍വ്വതങ്ങള്‍: ആദിയില്‍ പര്‍വ്വതങ്ങളുണ്ടായിരുന്നു. പര്‍വ്വതങ്ങള്‍ ചിറകുകളോടുകൂടി ആയിരുന്നു. അന്നു് അവ ഒരിടത്തു കിടക്കുകയായിരുന്നില്ല. ഇടയ്ക്കിടയ്ക്കു പറന്നു വേറൊരിടത്തേയ്ക്കു പോകും.

  തലയ്ക്കു മുകളിലൂടെ ഈ ഭീമാകാരങ്ങളായ പര്‍വ്വതങ്ങള്‍ പറന്നു പോകുന്നതു കണ്ട മുനിമാര്‍ക്കു പേടിച്ചിട്ടു വെളിയിലിറങ്ങാന്‍ പറ്റാതായി. അവര്‍ ദേവേന്ദ്രനോടു പരാതി പറഞ്ഞു. ദേവേന്ദ്രന്‍ വജ്രായുധം കൊണ്ടു് എല്ലാ പര്‍വ്വതങ്ങളുടെയും ചിറകുകള്‍ വെട്ടിക്കളഞ്ഞു. അവ “പ്ധും” എന്നു താഴേയ്ക്കു വീണു. അവ വീണ സ്ഥലത്താണു് ഇപ്പോള്‍ ഉള്ളതു്.

  എല്ലാ പര്‍വ്വതങ്ങളെയും കിട്ടിയില്ല. ഹിമവാന്റെ മകനും പാര്‍വ്വതിയുടെ സഹോദരനുമായ മൈനാകം ഓടിപ്പോയി കടലില്‍ ഒളിച്ചു. (വരുണന്‍ രാഷ്ട്രീയാഭയം കൊടുത്തതാണെന്നാണു റിപ്പോര്‍ട്ട്.) ആ പര്‍വ്വതത്തിനു മാത്രം ചിറകുകളുണ്ടു്. വല്ലപ്പോഴും കക്ഷി കടലില്‍ നിന്നു് അല്പം പൊങ്ങിവരാറുണ്ടു്. ഹനുമാന്‍ ലങ്കയിലേക്കു ചാടിയപ്പോള്‍ മൈനാകം പൊങ്ങിവന്നു് കാല്‍ ചവിട്ടാന്‍ സ്ഥലം കൊടുത്തിരുന്നു. പിന്നെ പൊങ്ങിയതു് 1970-കളിലാണു്. “മൈനാകം കടലില്‍ നിന്നുയരുന്നുവോ…” എന്ന സിനിമാപ്പാട്ടു് എഴുതിക്കാന്‍ വേണ്ടി.

  ഈ സംഭവം ഉണ്ടാകുന്നതിനു മുമ്പും ജാംബവാന്‍ ഉണ്ടായിരുന്നു. ചിറകുള്ള പര്‍വ്വതങ്ങളെയും കണ്ടിട്ടുണ്ടു്. ജാംബവാനാരാ മോന്‍!

 • ചിറകുകളുള്ള കുതിരകള്‍: ചിറകുള്ള കുതിരകളെപ്പറ്റി എന്തോ ഒരു കഥ കേട്ടിട്ടുണ്ടു്. എന്താണെന്നു് ഓര്‍മ്മയില്ല. ആര്‍ക്കെങ്കിലും ഓര്‍മ്മയുണ്ടോ?
 • ശരീരമുള്ള കാമദേവന്‍: തപസ്സു ചെയ്തിരുന്ന ശിവന്‍ കണ്ണു തുറന്നപ്പോള്‍ പരിചരിച്ചു കൊണ്ടു നിന്ന പാര്‍വ്വതിയെ കാണുകയും ദേവന്മാരുടെ അപേക്ഷപ്രകാരം അപ്പോള്‍ കാമദേവന്‍ “സമ്മോഹനം” എന്ന അമ്പയയ്ക്കുകയും അപ്പോള്‍ ശിവനു മനശ്ചാഞ്ചല്യം വരുകയും ചെയ്തു.

  എന്നിട്ടു്
  ഉമാമുഖേ ബിംബഫലാധരോഷ്ഠേ
  വ്യാപാരയാമാസ വിലോചനാനി

  എന്നു കാളിദാസന്‍.

  ഇതിനു കാരണക്കാരനായ കാമദേവനെ മൂന്നാം കണ്ണു തുറന്നു് ശിവന്‍ ദഹിപ്പിച്ചു കളഞ്ഞു. അതില്‍പ്പിന്നെ കാമദേവനു ശരീരമില്ല. കാമികളുടെ മനസ്സില്‍ മാത്രം ജീവിക്കുന്ന മനോജന്‍ അഥവാ മനോജ് ആണു് കക്ഷി പിന്നീടു്.

  കാമദേവനു പിന്നെ ശരീരം കിട്ടുന്നതു കൃഷ്ണന്റെ മകനായ പ്രദ്യുമ്നനായി ജനിക്കുമ്പോഴാണു്. പക്ഷേ, ജാംബവാന്‍ രാമനോടു സംസാരിക്കുമ്പോള്‍ എന്തു പ്രദ്യുമ്നന്‍?

  ഈ സംഭവത്തിനു മുമ്പു തന്നെ ജാംബവാനു കാമദേവനെ നല്ല പരിചയമായിരുന്നത്രേ. ആളു കൊള്ളാമല്ലോ!

 • ശുദ്ധജലമുള്ള കടല്‍: കടലിലെ വെള്ളത്തിനു് ഉപ്പുരസം വന്നതെങ്ങനെ എന്നതിനെപ്പറ്റി പല കഥകളും കേട്ടിട്ടുണ്ടു്. എന്തു ചോദിച്ചാലും തരുന്ന കുടുക്ക ഉപ്പുണ്ടാക്കിക്കൊണ്ടിരുന്നപ്പോള്‍ കപ്പലില്‍ നിന്നു കടലില്‍ വീണു പോയതും എപ്പോഴും ജോലി ചെയ്തുകൊണ്ടിരുന്ന ജിന്നിനെ അവസാനം കടലില്‍ ഉപ്പു കലക്കുന്ന ജോലി കൊടുത്തു് ഒതുക്കിയതും മറ്റും. എങ്കിലും ഭാരതീയപുരാണങ്ങളില്‍ ഇതിനുള്ള കഥ എന്താണെന്നു് എനിക്കറിയില്ല. എന്തെങ്കിലും കാണും. ആര്‍ക്കെങ്കിലും അറിയാമോ?

  സുജനിക തന്നെ പറഞ്ഞു തന്നു:

  ഒരിക്കല്‍ അഗസ്ത്യമുനി ദേഷ്യം വന്നിട്ടു സമുദ്രത്തെ മുഴുവന്‍ കുടിച്ചു. പിന്നെ ദേവന്മാരും മുനിമാരുമൊക്കെക്കൂ‍ടി താണു കേണപേക്ഷിച്ചപ്പോള്‍ സമുദ്രത്തെ ചെവിയിലൂടെ പുറത്തേയ്ക്കു വിട്ടു. അഗസ്ത്യന്റെ ശരീരത്തിനുള്ളില്‍ക്കൂടി കടന്നു പോയ ഈ പ്രക്രിയയിലാണത്രേ സമുദ്രത്തിനു് ഉപ്പുരസം ഉണ്ടായതു്!

  ഇതും ജാംബവാന്‍ കണ്ടിരിക്കുന്നു. എന്താ കഥ!

 • ശിവന്റെ വെളുത്ത കഴുത്തു്: ദേവന്മാരും അസുരന്മാരും കൂടി പാലാഴി കടഞ്ഞപ്പോള്‍ അതില്‍നിന്നു കാളകൂടവിഷം പൊങ്ങിവന്നു. അതു വീണു ലോകം നശിക്കാതിരിക്കാന്‍ ശിവന്‍ അതെടുത്തു കുടിച്ചു. അതു വയറ്റില്‍ പോകാതിരിക്കാന്‍ പാര്‍വ്വതി ശിവന്റെ കഴുത്തില്‍ കുത്തിപ്പിടിച്ചു. അതു തിരിച്ചു വെളിയില്‍ വരാതിരിക്കാന്‍ വിഷ്ണു വായും പൊത്തിപ്പിടിച്ചു. അങ്ങനെ വിഷം കഴുത്തില്‍ ഉറച്ചു. അങ്ങനെയാണു ശിവന്‍ നീലകണ്ഠനായതു്. (നീലകണ്ഠനിലെ “നീലം” വിഷമാണു്, നീലനിറമല്ല.) ജാംബവാന്‍ അതിനു മുമ്പു തന്നെ ശിവനെ കണ്ടിട്ടുണ്ടത്രേ!

  എനിക്കൊരു സംശയമുണ്ടു്. ശിവന്റെ നിറം വെളുപ്പായിരുന്നോ? ഭാരതത്തിലെ ദേവന്മാരൊക്കെ കറുത്തവരായിരുന്നില്ലേ? ദേവന്മാര്‍ക്കൊക്കെ വെളുപ്പുനിറം കിട്ടിയതു് എന്നാണു്? വെള്ളക്കാര്‍ വന്നതിനു ശേഷമാണോ അതോ ആര്യന്മാര്‍ വന്നപ്പോഴാണോ?

 • മഞ്ഞനിറമുള്ള വിഷ്ണു: വിഷ്ണുവിനു എപ്പോഴോ മഞ്ഞനിറമായിരുന്നത്രേ. പിന്നെ അതു കറുപ്പായി. എങ്ങനെയെന്നു് എനിക്കറിഞ്ഞുകൂടാ. ആര്‍ക്കെങ്കിലും അറിയാമെങ്കില്‍ അറിയിക്കുക. ഏതായാലും വിഷ്ണുവിനു കറുപ്പുനിറമാകുന്നതിനു മുമ്പു് ജാംബവാന്‍ കണ്ടിട്ടുണ്ടു് എന്നു മാത്രം ഇപ്പോള്‍ മനസ്സിലാക്കിയാല്‍ മതി.

  സുജനിക പറഞ്ഞതു്:
  വിഷ്ണുവിന്റെ ശരീരം മുഴുവന്‍ പിംഗളമായിരുന്നു. ഭൃഗു ചവിട്ടിയപ്പോള്‍ അത്രയും ഭാഗം കറുപ്പായി. അതാണു സൂചിതകഥ.

  ത്രിമൂര്‍ത്തികളില്‍ ആരാണു മികച്ചവന്‍ എന്നറിയാന്‍ ആദ്യം ബ്രഹ്മാവിന്റെയും പിന്നെ ശിവന്റെയും അടുത്തു പോയിട്ടു് തൃപ്തിയാകാതെ വിഷ്ണുവിന്റെ അടുത്തെത്തിയതാണു ഭൃഗു എന്ന മുനി. അപ്പോള്‍ ദാ അദ്ദേഹം കിടന്നുറങ്ങുന്നു. ലോകം മുഴുവന്‍ രക്ഷിക്കേണ്ട ആളാണു്, കിടക്കുന്ന കിടപ്പു കണ്ടില്ലേ? കൊടുത്തു ഒരു ചവിട്ടു്. ഒരു മാതിരി ചവിട്ടൊന്നുമല്ല. ചവിട്ടു കൊണ്ട നെഞ്ചു മുഴുവന്‍ കറുത്തു കരുവാളിച്ചു. ഞെട്ടിയുണര്‍ന്ന വിഷ്ണുവിനു ദേഷ്യമൊന്നും വന്നില്ല. പകരം മുനിയുടെ കാലു വേദനിച്ചോ എന്നു ചോദിച്ചു. ഉറങ്ങിയതിനു മാപ്പു പറയുകയും ചെയ്തു. ഇവന്‍ തന്നെ മികച്ചവന്‍ എന്നു് ഉറപ്പിച്ച ഭൃഗു (എതോ വൈഷ്ണവന്‍ ഉണ്ടാക്കിയ കഥയാവാം) എന്തു വരം വേണമെന്നു ചോദിച്ചു. ഭൃഗു ചവിട്ടിയ സ്ഥലത്തെ കരുവാളിച്ച കറുത്ത പാടു് എന്നും ഉണ്ടാവണം എന്നാണു വിഷ്ണു വരം ചോദിച്ചതു്. ആ വരം കൊടുത്തു. അതിനെയാണു് “ശ്രീവത്സം” എന്നു പറയുന്നതു്.

  ശ്രീവത്സത്തോടൊപ്പം തന്നെ പറയുന്ന മറ്റൊരു സാധനമാണു കൌസ്തുഭം. അതു വിഷ്ണു മാറില്‍ ധരിക്കുന്ന രത്നമാണു്.

  (ഈ ശ്രീവത്സവും കൌസ്തുഭവും എന്താണെന്നു ഗുരുവായൂരുള്ളവരോടു ചോദിച്ചു നോക്കൂ. രണ്ടു ഗസ്റ്റ് ഹൌസുകളാണു് എന്നു് ഉത്തരം കിട്ടും. :) )

  ഈ ഭൃഗുവിനെക്കാളും പഴയ ആളാണു ജാംബവാന്‍. കക്ഷി ആദ്യം വിഷ്ണുവിനെക്കാണുമ്പോള്‍ നെഞ്ചത്തു ശ്രീവത്സവുമില്ല, കൌസ്തുഭവുമില്ല. ക്ലീന്‍ മഞ്ഞനിറം!

ചുരുക്കം പറഞ്ഞാല്‍, ഇതില്‍ പറഞ്ഞിട്ടുള്ള ഒന്‍പതു കാര്യങ്ങളില്‍ നാലെണ്ണത്തിന്റെ സൂചിതകഥകള്‍ എനിക്കറിയില്ല.

മൂന്നെണ്ണത്തിന്റെ കഥ സുജനിക എന്ന രാമനുണ്ണി തന്നെ പറഞ്ഞു തന്നു.

പുരാണത്തെപ്പറ്റിയുള്ള വിവരം തുലോം പരിമിതമാണെന്നു മനസ്സിലായി. ഇനി അതറിഞ്ഞിട്ടു് ഇതു പോസ്റ്റു ചെയ്യാം എന്നു കരുതിയാല്‍ ഇതൊരിക്കലും വെളിച്ചം കാണില്ല. ഈ കഥകള്‍ അറിയാവുന്നവര്‍ ദയവായി കമന്റുകളിടുക. അവ ഈ പോസ്റ്റില്‍ത്തന്നെ ചേര്‍ക്കാം.


ബൂലോഗത്തിലും ജാംബവാനെപ്പോലെ ഒരു ജീവിയുണ്ടു്. അതാണു “സീനിയര്‍ ബ്ലോഗര്‍”. പണ്ടു തൊട്ടേ ബ്ലോഗിംഗ് തുടങ്ങിയവരാണെന്നു പറയുന്നു. ഇപ്പോള്‍ കാര്യമായി പോസ്റ്റുകളൊന്നുമില്ല. കണ്ണു കാണാന്‍ ബുദ്ധിമുട്ടുണ്ടു്. ഇടയ്ക്കിടെ കണ്ണിന്റെ പോള പൊക്കി ഒന്നു നോക്കി ഒരു പോസ്റ്റോ കമന്റോ ഇടും. ഇങ്ങേരുടെ കാലം കഴിഞ്ഞു എന്നു കരുതി ഇരിക്കുന്ന നമ്മള്‍ അപ്പോള്‍ ഒന്നു ഞെട്ടും. പിന്നെ കാണണമെങ്കില്‍ ഒരു യുഗം കഴിയണം.

ഇങ്ങനെ ഇടയ്ക്കിടെ മുഖം കാണിക്കുന്ന സന്ദര്‍ഭത്തില്‍ ജാംബവാനെപ്പോലെ തന്റെ പഴക്കം സൂചിപ്പിക്കുന്ന ചില കഥകള്‍ പറയും:

“പണ്ടു കേരളാ ഡോട്ട് കോമിലും മലയാളവേദിയിലും ഞാന്‍ ബ്ലോഗ് ചെയ്തിട്ടുണ്ടു്…”

“ഇപ്പോള്‍ എല്ലാം എളുപ്പമല്ലേ. ഈ വരമൊഴിയും സ്വനലേഖയും മലയാളം കീബോര്‍ഡുമൊക്കെ വരുന്നതിനു മുമ്പു് ഞാന്‍ മലയാളം യൂണിക്കോഡ് ടൈപ്പു ചെയ്തിട്ടുണ്ടു്. ഓരോ കോഡ്‌പോയിന്റിന്റെയും നമ്പര്‍ നോക്കിയിട്ടു് അതിലെ ഓരോ ബിറ്റും ഓരോന്നായി പെറുക്കിവെച്ചു്. ഒരു “അ” എഴുതാന്‍ മൂന്നു ദിവസമെടുത്തു. അങ്ങനെ ഒരു മഹാകാവ്യം എഴുതിയ ആളാണു ഞാന്‍…”

“ഞങ്ങളൊക്കെ ബ്ലോഗ് ചെയ്തിരുന്ന കാലത്തു് നല്ല ഈടുള്ള കൃതികളായിരുന്നു ബ്ലോഗില്‍. ഇപ്പോള്‍ എന്താ കഥ? വായില്‍ തോന്നിയതു കോതയ്ക്കു പാട്ടു് എന്നല്ലേ?”

ഭാവിയില്‍ നമ്മളും ഇങ്ങനെയൊക്കെ പറയുമായിരിക്കും:

“ഞാന്‍ ബ്ലോഗിംഗ് തുടങ്ങിയപ്പോള്‍ പ്ലൂട്ടോ ഒരു ഗ്രഹമായിരുന്നു…”

“ചില്ലില്ലാത്ത മലയാളത്തിലാണു് ഞാന്‍ എന്റെ ഇരുനൂറാമത്തെ പോസ്റ്റ് എഴുതിയതു്…”

“കൊടകരപുരാണം പുസ്തകമാകുന്നതിനു മുമ്പു ബ്ലോഗില്‍ വായിച്ചവനാണു ഞാന്‍…”

“ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ ബ്ലോഗ് നേരിട്ടു കണ്ടിട്ടുള്ളവനാണു ഞാന്‍…”