ഉയിര്‍ത്തെഴുന്നേല്‍പ്പിലെ കുരിശുകള്‍

കലണ്ടര്‍ (Calendar), ഗണിതം (Mathematics)

അല്പം വൈകിയാണെങ്കിലും എല്ലാവര്‍ക്കും ഈസ്റ്റര്‍ ആശംസകള്‍!

വൈകാതിരിക്കുന്നതെങ്ങനെ? ഈക്കൊല്ലം ഈസ്റ്റര്‍ എത്ര നേരത്തെയാണു വന്നതു്! മാര്‍ച്ച് 23-നു ഈസ്റ്റര്‍ വരുന്നതു കാണുന്നതു് ഇതാദ്യമായാണു്. ഇതു വായിക്കുന്ന മിക്കവാറും ആളുകളുടെയും സ്ഥിതി ഇതു തന്നെയായിരിക്കും. 1913-ല്‍ ആണു് ഏറ്റവും അവസാനം ഇതു സംഭവിച്ചതു്. (95 വയസ്സില്‍ കൂടുതല്‍ പ്രായമുള്ള ആരെങ്കിലും ഗുരുകുലം വായിക്കുന്നുണ്ടോ എന്തോ?) ഇനി ഉണ്ടാവുക 2160-ലും.

മാര്‍ച്ച് 23-നും മുമ്പു് ഈസ്റ്റര്‍ വരുമോ? വരാം. മാര്‍ച്ച് 22 ആണു് ഏറ്റവും നേരത്തേ വരാവുന്ന ഈസ്റ്റര്‍ തീയതി. പക്ഷേ, അതു നമ്മളാരും കാണില്ല. 1818-ലാണു് ഗ്രിഗോറിയന്‍ കലണ്ടറില്‍ ഇതു് അവസാനം വന്നതു്. ഇനി വരുന്നതു് 2285-ലും.

ഏറ്റവും താമസിച്ചു വരുന്ന ഈസ്റ്റര്‍ ഏപ്രില്‍ 25 ആണു്. 1943-ല്‍ ഒരെണ്ണം കഴിഞ്ഞു. ഇനി 2038-ലേ ഉള്ളൂ. നമ്മളില്‍ ചിലരൊക്കെ അതു കാണാന്‍ ഉണ്ടാവും. അത്രയും ക്ഷമിക്കാന്‍ തയ്യാറല്ലാത്തവര്‍ക്കു വേണ്ടി 2011-ല്‍ ഏപ്രില്‍ 24-നു് ഈസ്റ്റര്‍ വരുന്നുണ്ടു്. ഈ അടുത്ത കാലത്തു് ഈസ്റ്റര്‍ ഏറ്റവും വൈകി വന്നതു് 2000-ത്തിലാണു്-ഏപ്രില്‍ 23-നു്.

ഈസ്റ്റര്‍ വരാവുന്ന ഏറ്റവും ആദ്യവും അവസാനവുമായ തീയതികള്‍ മാര്‍ച്ച് 23, ഏപ്രില്‍ 25 എന്നിവയാണെന്നുള്ളതിന്റെ ഒരു വിശദീകരണം ഇവിടെ വായിക്കുക.

ലോകത്തിലെല്ലാ ക്രിസ്ത്യാനികളും ഇക്കൊല്ലം മാര്‍ച്ച് 23-നാണോ ഈസ്റ്റര്‍ ആഘോഷിക്കുന്നതു്?

അല്ല എന്നതാണു് ഉത്തരം. കത്തോലിക്കരും പ്രോട്ടസ്റ്റന്റ് വിഭാഗക്കാരും മാര്‍ച്ച് 23-നായിരുന്നു ഈസ്റ്റര്‍ ആഘോഷിച്ചതു്. എങ്കിലും ഓര്‍ത്തോഡോക്സ് ക്രിസ്ത്യാനികള്‍ (യൂ‍റോപ്പിലാണു് ഇവരില്‍ അധികം ആളുകളും) ഏപ്രില്‍ 27-നാണു് ഇക്കൊല്ല്ലം ഈസ്റ്റര്‍ ആഘോഷിക്കുന്നതു്.

കേരളത്തിലെ ഓര്‍ത്തോഡോക്സ്, പാത്രിയാക്കീസ്/യാക്കോബാ, മാര്‍ത്തോമാ, കല്‍‌ദിയ, സി. എസ്. ഐ., പെന്തക്കോസ്ത്, ബ്രെദറന്‍, റോമന്‍-ലാറ്റിന്‍-മലങ്കര-മലബാര്‍-കത്തോലിക്കര്‍‍ മലബാര്‍ തുടങ്ങി ഹിന്ദുമതത്തിലെ ജാതികളെക്കാളും കേരളാ കോണ്‍ഗ്രസ്സിലെ ഗ്രൂപ്പുകളേക്കാളും കൂടുതല്‍ ക്രിസ്ത്യന്‍ വിഭാഗങ്ങളുള്ളതില്‍ ആരെങ്കിലും മാര്‍ച്ച് 23-നല്ലാതെ ഏപ്രില്‍ 27-നു് ഈസ്റ്റര്‍ ആഘോഷിക്കുന്നുണ്ടോ? കേരളത്തില്‍ ഓര്‍ത്തോഡോക്സ് ക്രിസ്ത്യാനികള്‍ ആരുമില്ലേ?

ഈസ്റ്റര്‍ കണ്ടുപിടിക്കുവാനുള്ള വിവിധ രീതികളും അതിനു പുറകിലെ ജ്യോതിശ്ശാസ്ത്രയുക്തികളും ഇവിടെ എഴുതിയിരുന്നതു് കണക്കു കണ്ടാല്‍ ബോധക്കേടു വരുന്നവരുടെ സൌകര്യാര്‍ത്ഥം ഈസ്റ്റര്‍ കണ്ടുപിടിക്കാന്‍ എന്ന പോസ്റ്റിലേക്കു മാറ്റിയിരിക്കുന്നു. എങ്കിലും അതിന്റെ നൂലാമാലകള്‍ താഴെ വിശദീകരിക്കുന്നു.


ഈസ്റ്റര്‍ എന്നാണു് ആഘോഷിക്കേണ്ടതിന്റെ ഉത്തരം കണ്ടെത്താന്‍ നാം ബൈബിളിനെത്തന്നെ ശരണം പ്രാപിക്കേണ്ടി വരും. യേശുവിനെ കുരിശിലേറ്റിയതിന്റെ തലേ ദിവസം നടന്ന അത്താഴം യഹൂദരുടെ പെസഹാ (passover) ദിവസമായിരുന്നു എന്നു സുവിശേഷങ്ങള്‍ പറയുന്നു.

 • മത്തായി 26:17:

  പുളിപ്പില്ലാത്ത അപ്പത്തിന്റെ ഒന്നാം നാളില്‍ ശിഷ്യന്മാര്‍ യേശുവിന്റെ അടുക്കല്‍ വന്നു: നീ പെസഹ കഴിപ്പാന്‍ ഞങ്ങള്‍ ഒരുക്കേണ്ടതു എവിടെ എന്നു ചോദിച്ചു.

 • മാര്‍ക്കോസ് 14:12:

  പെസഹകുഞ്ഞാടിനെ അറുക്കുന്നതായ പുളിപ്പില്ലാത്ത അപ്പത്തിന്റെ ഒന്നാം നാളില്‍ ശിഷ്യന്മാര്‍ അവനോടു: നീ പെസഹ കഴിപ്പാന്‍ ഞങ്ങള്‍ എവിടെ ഒരുക്കേണം എന്നു ചോദിച്ചു.

 • ലൂക്കോസ് 22:7-8:

  പെസഹകുഞ്ഞാടിനെ അറുക്കേണ്ടുന്ന പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുനാള്‍ ആയപ്പോള്‍ അവന്‍ പത്രൊസിനെയും യോഹന്നാനെയും അയച്ചു: നിങ്ങള്‍ പോയി നമുക്കു പെസഹ കഴിപ്പാന്‍ ഒരുക്കുവിന്‍ എന്നു പറഞ്ഞു.

എല്ലാക്കാര്യത്തിലും മറ്റു സുവിശേഷകരുമായി ഭിന്നാഭിപ്രായം പുലര്‍ത്തുന്ന യോഹന്നാന്റെ സുവിശേഷം അനുസരിച്ചു് ക്രിസ്തുവിനെ ക്രൂശിച്ച ദിവസമാണു പെസഹാ.

യോഹന്നാന്‍ 18:28:

പുലര്‍ച്ചെക്കു അവര്‍ യേശുവിനെ കയ്യഫാവിന്റെ അടുക്കല്‍ നിന്നു ആസ്ഥാനത്തിലേക്കു കൊണ്ടുപോയി; തങ്ങള്‍ അശുദ്ധമാകാതെ പെസഹ കഴിപ്പാന്‍ തക്കവണ്ണം ആസ്ഥാനത്തില്‍ കടന്നില്ല.

യോഹന്നാന്‍ 19:13-14:

ഈ വാക്കു കേട്ടിട്ടു പീലാത്തൊസ് യേശുവിനെ പുറത്തു കൊണ്ടുവന്നു, കല്ത്തളമെന്നും എബ്രായ ഭാഷയില്‍ ഗബ്ബഥാ എന്നും പേരുള്ള സ്ഥലത്തു ന്യായാസനത്തില്‍ ഇരുന്നു. അപ്പോള്‍ പെസഹയുടെ ഒരുക്കനാള്‍ ഏകദേശം ആറാം മണിനേരം ആയിരുന്നു. അവന്‍ യെഹൂദന്മാരോടു ഇതാ നിങ്ങളുടെ രാജാവു എന്നു പറഞ്ഞു.

എന്തായാലും പെസഹായ്ക്കു ശേഷമുള്ള ഞായറാഴ്ചയാണു് ഈസ്റ്റര്‍ എന്നു് ഉറപ്പിക്കാം. ഇതാണു് ക്രിസ്തീയസഭകള്‍ അംഗീകരിച്ച നിര്‍വ്വചനം.

നിര്‍വ്വചനം 1: പെസഹായ്ക്കു ശേഷമുള്ള ആദ്യത്തെ ഞായറാഴ്ചയാണു് ഈസ്റ്റര്‍.

ഇനി എന്നാണു പെസഹാ എന്നു നോക്കാം.

യഹൂദരുടെ ഹീബ്രൂ കലണ്ടറിലെ Nisan എന്ന മാസത്തിലെ 15-)ം ദിവസമാണു പെസഹാ. സൂര്യന്‍ ഭൂമദ്ധ്യരേഖയെ തെക്കു നിന്നു വടക്കോട്ടേയ്ക്കു മുറിച്ചു കടക്കുന്ന Vernal equinox-നോ (ഇതു് ഏകദേശം മാര്‍ച്ച് 21-നാണു സംഭവിക്കുന്നതു്) അതിനു ശേഷമോ ഉള്ള ആദ്യത്തെ കറുത്തവാവിനു ശേഷമുള്ള ദിവസമാണു് ഈ മാസം തുടങ്ങുന്നതു്.

ഈ Vernal equinox-നു ഭൂമിയില്‍ എല്ലായിടത്തും പകലിന്റെയും രാത്രിയുടെയും ദൈര്‍ഘ്യം തുല്യമായിരിക്കും. ഈ ദിവസത്തെത്തന്നെയാണു മലയാളികള്‍ വിഷു എന്നു വിളിച്ചതു്, നിര്‍വ്വചനമനുസരിച്ചു്. പക്ഷേ, സൂര്യഗതിയെ അടിസ്ഥാനമാക്കാതെ സ്ഥിരമെന്നു തെറ്റായി വിശ്വസിക്കപ്പെട്ട നക്ഷത്രങ്ങളെ അടിസ്ഥാനമാക്കി കണക്കുകൂട്ടലുകള്‍ നടത്ത്തിയതു കൊണ്ടു് (ഈ കണക്കുകൂട്ടലുകള്‍ മൂലം ഗ്രഹങ്ങളുടെ geocentric longitude-നു ഏകദേശം 23 ഡിഗ്രിയുടെ വ്യത്യാസം ഇപ്പോഴുണ്ടു്. ഇതിനെയാണു് അയനാംശം എന്നു പറയുന്നതു്.) മേടം 1 എന്നതു് ഏകദേശം ഏപ്രില്‍ 15-നായി. (സൂര്യഗതിയെ അടിസ്ഥാനമാക്കുന്ന പാശ്ചാത്യരുടെ മേടം – Aries – തുടങ്ങുന്നതു മാര്‍ച്ച് 21-നാണെന്നതു ശ്രദ്ധിക്കുക.) അതുകൊണ്ടു് നിര്‍വ്വചനമനുസരിച്ചു് മാര്‍ച്ച് 21-നു വരേണ്ട വിഷു ഏപ്രില്‍ 15-നായി. ഇപ്പോഴും വിഷുവിനു പകലിനും രാത്രിയ്ക്കും ഒരേ ദൈര്‍ഘ്യമാണെന്നു കരുതുന്നവരുണ്ടു്. സൂര്യന്റെ ഉദയാസ്തമയസമയങ്ങളില്‍ നിന്നു് അതൊന്നു കണക്കൂകൂട്ടി നോക്കിയിരുന്നെങ്കില്‍!

കൊന്നപ്പൂക്കള്‍ പൂക്കുന്നതും വിഷുപ്പക്ഷി അലയ്ക്കുന്നതുമൊക്കെ കാലം തെറ്റി നേരത്തേ ആണെന്നു ചിലരൊക്കെ പറയുന്നതു കേള്‍ക്കാറുണ്ടു്. ഇതാവുമോ കാരണം?

അപ്പോള്‍ ഈസ്റ്ററിന്റെ നിര്‍വ്വചനം ഇങ്ങനെ പറയാം.

നിര്‍വ്വചനം 2: മാര്‍ച്ച് 21-നു ശേഷമുള്ള ആദ്യത്തെ കറുത്ത വാവു കഴിഞ്ഞുള്ള പതിനഞ്ചാം ദിവസത്തിനു ശേഷമുള്ള ഞായറാഴ്ചയാണു് ഈസ്റ്റര്‍.

ഇതു തെറ്റാണെന്നു് ഇക്കൊല്ലത്തെ ഈസ്റ്റര്‍ നോക്കിയാല്‍ അറിയാം. മാര്‍ച്ച് 21-നു ശേഷമുള്ള കറുത്ത വാവു് ഏപ്രില്‍ 6-നു്. അതു കഴിഞ്ഞുള്ള 15–)ം ദിവസം ഏപ്രില്‍ 21. അതിനു ശേഷമുള്ള ഞായറാഴ്ച ഏപ്രില്‍ 27. അന്നല്ലല്ലോ ഈസ്റ്റര്‍, മാര്‍ച്ച് 23-നല്ലേ? എവിടെയോ പ്രശ്നമുണ്ടല്ലോ?

ആ പ്രശ്നം തന്നെയാണു് പാശ്ചാത്യരും ഗ്രീക്ക് ഓര്‍ത്തോഡോക്സുകാരും തമ്മിലുള്ള വ്യത്യാസം. ഗ്രീക്ക് ഓര്‍ത്തോഡോക്സുകാര്‍ യഹൂദരുടെ പെസഹാ കഴിഞ്ഞു മാത്രമേ ഈസ്റ്റര്‍ ആഘോഷിക്കുകയുള്ളൂ. ഇക്കൊല്ലം അതു് ഏപ്രില്‍ 27-നാണു്.

സത്യക്രിസ്ത്യാനിയും ഗ്രീക്ക് ഓര്‍ത്തോഡോക്സുകാരുടെ കമ്പനിയില്‍ ജോലി ചെയ്യുന്നവനുമായ തമനുവിനോടു ചോദിച്ചപ്പോള്‍ ഇക്കൊല്ലം രണ്ടു ദിവസം (മാര്‍ച്ച് 23-നും ഏപ്രില്‍ 27-നും) അവധി കിട്ടി എന്നതൊഴിച്ചാല്‍ തനിക്കു് ഒരു കുന്തവും അറിയില്ല എന്നു പറഞ്ഞു. ഇവനും ഇലന്തൂര്‍ക്കാരനാണല്ലോ ദൈവമേ!

പിന്നെ കത്തോലിക്കരും പ്രോട്ടസ്റ്റന്റുകാരും ബാക്കിയുള്ളവരും എങ്ങനെ വേറേ ഒരു ദിവസം ആഘോഷിക്കുന്നു?

ഇതിനു കാരണം മുകളിലുള്ള രണ്ടാം നിര്‍വ്വചനത്തില്‍ സൌകര്യത്തിനു വേണ്ടി വരുത്തിയ ഒരു വ്യത്യാസമാണു്.

കറുത്തവാവിനു ശേഷം 15 ദിവസം കഴിഞ്ഞാല്‍ വെളുത്ത വാവാണല്ലോ. അതുകൊണ്ടു് നിര്‍വ്വചനം ഇങ്ങനെ പരിഷ്കരിച്ചു.

നിര്‍വ്വചനം 3: മാര്‍ച്ച് 21-നോ അതിനു ശേഷമോ വരുന്ന ആദ്യത്തെ വെളുത്ത വാവിനു ശേഷം വരുന്ന ആദ്യത്തെ ഞായറാഴ്ചയാണു് ഈസ്റ്റര്‍.

ഇവിടെ ഒരു പ്രശ്നമുണ്ടു്. മാര്‍ച്ച് 21-നു ശേഷം കറുത്ത വാവിനു മുമ്പു വെളുത്ത വാവാണു വരുന്നതെങ്കില്‍ (ഇക്കൊല്ലം അങ്ങനെയായിരുന്നു) കത്തോലിക്കരുടെ ഈസ്റ്റര്‍ നേരത്തേ വരും. ഓര്‍ത്തോഡോക്സ് ഈസ്റ്റര്‍ അതിനു ശേഷം ഒരു മാസം കഴിഞ്ഞേ വരൂ.

അതു പോകട്ടേ. മൂന്നാം നിര്‍വ്വചനമാണു ശരി എന്നു തന്നെ ഇരിക്കട്ടേ. അപ്പോള്‍ അതനുസരിച്ചാണോ ഈസ്റ്റര്‍ കണ്ടുപിടിക്കുന്നതു്?

ഏയ്, അല്ല. ഈ നിര്‍വ്വചനവും പാലിക്കാന്‍ എന്നാണു വെളുത്ത വാവുണ്ടാക്കുന്നതെന്നു കണ്ടുപിടിക്കണ്ടേ? അതിനു് ജ്യോതിശ്ശാസ്ത്രം ഉപയോഗിക്കണ്ടേ? ശാസ്ത്രം എന്നു കേട്ടാല്‍ അതു പറയുന്നവരെ കുന്തത്തില്‍ കുത്തി തീയില്‍ ചുടാനും വിചാരണ നടത്തി കള്ളസത്യം ചെയ്യിക്കാനുമായിരുന്നല്ലോ സഭയ്ക്കു് അന്നു താത്പര്യം!

ഇതിനു വ്യത്യാസം വാന്നിട്ടുണ്ടെന്നതു് ആശാവഹമാണു്. ഗലീലിയോയെയും ഡാര്‍‌വിനെയും കത്തോലിക്കാസഭ ഇപ്പോള്‍ അംഗീകരിക്കുന്നുണ്ടു്. ബൈബിളിലും മറ്റു മതഗ്രന്ഥങ്ങളിലും പറയുന്നതു നൂറു ശതമാനം ശരിയാണെന്നു ശഠിക്കുന്നവര്‍ കുറഞ്ഞു വരുന്നു എന്നതു നല്ല കാര്യം.

ഭൂമിയില്‍ നിന്നു നോക്കുമ്പോള്‍ സൂര്യനും ചന്ദ്രനും കൃത്യം എതിര്‍വശത്തു വരുന്ന (180 ഡിഗ്രി) സമയമാണല്ലോ വെളുത്ത വാവു്. ഇതു് ആവര്‍ത്തിക്കുന്നതു ശരാശരി 29.5307 ദിവസത്തിലൊരിക്കലാണു്. 19 വര്‍ഷത്തില്‍ ശരാശരി 19 x 365.25 = 6939.75 ദിവസം ഉണ്ടു്. ഈ കാലം നേരത്തേ പറഞ്ഞ വെളുത്ത വാവുകള്‍ക്കിടയിലെ കാലയളവിന്റെ ഏകദേശം 235 ഇരട്ടിയാണു്. 235 x 29.5307 = 6939.688. ഈ വസ്തുത (Metonic cycle) പണ്ടേ മനുഷ്യന്‍ ശ്രദ്ധിച്ചിരുന്നു. (എന്റെ പിറന്നാളും ജന്മദിനവും 19 വര്‍ഷത്തിന്റെ കണക്കും എന്ന പോസ്റ്റില്‍ ഇതിനെപ്പറ്റി പറഞ്ഞിട്ടുണ്ടു്) ക്രിസ്ത്യന്‍ സഭാശാസ്ത്രജ്ഞര്‍ ഇതു കൃത്യമായി ഒന്നാകുന്നു എന്നു തീരുമാനിച്ചു.

ബൈബിളില്‍ രാജാക്കന്മാരുടെ ഒന്നാം പുസ്തകത്തില്‍ (7:23) “അവന്‍ ഒരു കടല്‍ വാര്‍ത്തുണ്ടാക്കി; അതു വൃത്താകാരമായിരുന്നു; അതിന്നു വക്കോടു വക്കു പത്തു മുഴവും ഉയരം അഞ്ചു മുഴവും ചുറ്റും മുപ്പതുമുഴം നൂലളവും ഉണ്ടായിരുന്നു…” എന്നു പറഞ്ഞതുകൊണ്ടു് പൈ (π) യുടെ മൂല്യം 3 എന്നു കരുതിയാല്‍ മതി എന്നു വാദിക്കുന്നവരാണു കടുത്ത വിശ്വാസികള്‍. (അമേരിക്കയില്‍ ഇന്‍ഡ്യാന സ്റ്റേറ്റില്‍ ഒരിക്കല്‍ ഒരു ബില്ലു വരെ വന്നതാണു് ഇങ്ങനെ. രാഷ്ട്രീയക്കാരും കണക്കു തന്നെ!) അതിനെ അപേക്ഷിച്ചു നോക്കുമ്പോള്‍ ഇതു് വളരെ ചെറിയ ഒരു അപരാധം മാത്രം!

അപ്പോള്‍ സംഗതി വളരെ എളുപ്പം. വര്‍ഷത്തെ 19 കൊണ്ടു ഹരിക്കുക. ശിഷ്ടം കാണുക. ഒന്നു കൂട്ടുക. 1 മുതല്‍ 19 വരെയുള്ള ഒരു സംഖ്യ കിട്ടും. ഓരോ സംഖ്യയ്ക്കും ഒരു തീയതിയുണ്ടാവും, മാര്‍ച്ച് 21-നു ശേഷമുള്ള ആദ്യത്തെ വെളുത്ത വാവായി. സഭ അതിനു താഴെപ്പറയുന്ന ഒരു പട്ടികയുണ്ടാക്കി.

1 : ഏപ്രില്‍ 5
2 : മാര്‍ച്ച് 25
3 : ഏപ്രില്‍ 13
4 : ഏപ്രില്‍ 2
5 : മാര്‍ച്ച് 22
6 : ഏപ്രില്‍ 10
7 : മാര്‍ച്ച് 30
8 : ഏപ്രില്‍ 18
9 : ഏപ്രില്‍ 7
10 : മാര്‍ച്ച് 27
11 : ഏപ്രില്‍ 15
12 : ഏപ്രില്‍ 4
13 : മാര്‍ച്ച് 24
14 : ഏപ്രില്‍ 12
15 : ഏപ്രില്‍ 1
16 : മാര്‍ച്ച് 21
17 : ഏപ്രില്‍ 9
18 : മാര്‍ച്ച് 29
19 : ഏപ്രില്‍ 17
ഇതു് ഇപ്പോള്‍ തെറ്റാണെന്നു പറയേണ്ടതില്ലല്ലോ. ഉദാഹരണമായി 2008 = 105 x 19 + 13. ശിഷ്ടം 13 വന്നാല്‍ സംഖ്യ 14. വെളുത്ത വാവു് ഏപ്രില്‍ 12. ഇക്കൊല്ലം മാര്‍ച്ച് 21-നും ഏപ്രില്‍ 20-നുമായിരുന്നു വെളുത്ത വാവു്. നമ്മള്‍ ഇപ്പോള്‍ ഗ്രിഗോറിയന്‍ കലണ്ടര്‍ ഉപയോഗിക്കുന്നതു കൊണ്ടാണു് ഇതു്. അതിനെപ്പറ്റി വിശദവിവരങ്ങള്‍ താഴെ.

പട്ടികയില്‍ നിന്നു വെളുത്തവാവുദിവസം കണ്ടുപിടിച്ചു് അതിനു ശേഷം വരുന്ന ഞായറാഴ്ചയായി ഈസ്റ്റര്‍ ആഘോഷിച്ചു. (വെളുത്ത വാവു് ഞായറാഴ്ചയാണെങ്കില്‍ അതിനടുത്ത ഞായറാഴ്ചയാണു് ഈസ്റ്റര്‍).

പില്‍ക്കാലത്തു വന്ന ഗണിതശാസ്ത്രജ്ഞര്‍ ഈ പട്ടികയെ ഒരു ഗണിത/അല്‍ഗരിതരൂപത്തില്‍ ആക്കാന്‍ പറ്റുമോ എന്നു ശ്രമിച്ചു. അവര്‍ കണ്ടുപിടിച്ച വഴി ഇങ്ങനെ: മാര്‍ച്ച് 22-നുള്ള ചന്ദ്രന്റെ “പ്രായം” കണ്ടുപിടിക്കാന്‍ ഒരു സൂത്രവാക്യം ഉണ്ടാക്കി. അതായതു് കറുത്ത വാവു കഴിഞ്ഞു് എത്ര ദിവസം കഴിഞ്ഞാണു മാര്‍ച്ച് 22 വരുന്നതെന്നു്. അതില്‍ നിന്നു പിന്നീടുള്ള വെളുത്ത വാവും അതിനു ശേഷമുള്ള ഞായറാഴ്ചയും കണക്കു കൂട്ടി.


ഇങ്ങനെ ഈസ്റ്റര്‍ ആഘോഷിച്ചു വരുന്ന വേളയിലാണു് കലണ്ടര്‍ പരിഷ്കരണം ഉണ്ടായതു്. എല്ല്ലാ നാലുകൊല്ലത്തിലൊരിക്കല്‍ അധിവര്‍ഷം വരുന്നതും വര്‍ഷത്തിനു കൃത്യം 365.25 ദിവസം എന്നു കണക്കു കൂട്ടുന്നതുമായ ജൂലിയന്‍ കലണ്ടര്‍ കൃത്യമല്ലെന്നും, 400 കൊണ്ടു നിശ്ശേഷം ഹരിക്കാന്‍ പറ്റാത്ത 1900, 1800 തുടങ്ങിയ നൂറ്റാണ്ടുകളെ അധിവര്‍ഷമല്ലാതെ കണക്കാക്കുന്ന ഗ്രിഗോറിയന്‍ കലണ്ടര്‍ ഉപയോഗിക്കണം എന്നും ശാസ്ത്രജ്ഞര്‍ വാദിച്ചു. പല രാജ്യങ്ങളും ഇതിനെ ആദ്യമൊന്നും അംഗീകരിച്ചില്ല. കാരണം 19 വര്‍ഷത്തിലെ ആവര്‍ത്തനം ഈ പരിഷ്കാരത്തിനു ശേഷം വളരെ ബാ‍ലിശമായിപ്പോകും. അവസാനം ഈസ്റ്ററിനു ഫലപ്രദമായ ഒരു കണക്കുകൂട്ടല്‍ ഉണ്ടാക്കിയതിനു ശേഷം മാത്രമേ പലരും ഗ്രിഗോറിയന്‍ കലണ്ടറിനെ അംഗീകരിച്ചുള്ളൂ. പതിനാറാം നൂറ്റാണ്ടില്‍ ആരംഭിച്ച ജൂലിയന്‍-ഗ്രിഗോറിയന്‍ മാറ്റം ലോകരാഷ്ട്രങ്ങള്‍ എല്ലാം അംഗീകരിച്ചതു് ഇരുപതാം നൂറ്റാണ്ടിലാണു്. ഈസ്റ്റര്‍ തന്നെയായിരുന്നു പ്രധാന പ്രശ്നം.

ഈസ്റ്ററിന്റെ കണക്കുകൂട്ടല്‍ പിന്നെയും സങ്കീര്‍ണ്ണമായി. ഗ്രിഗോറിയന്‍ കലണ്ടറിനു വേണ്ടി വരുന്ന കണക്കുകൂട്ടലുകള്‍ ഒരു വശത്തു്. ജ്യോതിശ്ശാസ്ത്രവ്യവസ്ഥകളൊക്കെ കാറ്റില്‍ പറത്തി 19 വര്‍ഷത്തിന്റെ ചാന്ദ്രചക്രത്തെ അടിസ്ഥാനമാക്കി കണക്കുകൂട്ടിയിരുന്ന ഈസ്റ്റര്‍ ഇനി അതേ പോലെ കണക്കാക്കണമെങ്കില്‍ ഒരുപാടു സങ്കീര്‍ണ്ണതകള്‍ വേണ്ടിവരും. അവസാനം അവയും ശരിയാക്കി. ചന്ദ്രന്റെ “പ്രായം” കണക്കാക്കാനുള്ള തീയതി മാര്‍ച്ച് 22-ല്‍ നിന്നു ജനുവരി 1 ആക്കി. മാര്‍ച്ച് 22-ലെ പ്രായത്തില്‍ നിന്നു് ജനുവരി 1-ലെ പ്രായം കണ്ടുപിടിക്കാന്‍ വഴി കണ്ടുപിടിച്ചു. അതില്‍ ഗ്രിഗോറിയന്‍ കലണ്ടറിലെ അധിവര്‍ഷത്തിന്റെ കണക്കുകള്‍ ചേര്‍ത്തു. പിന്നെ മാര്‍ച്ച് 22-നു ശേഷമുള്ള ആദ്യത്തെ വെളുത്ത വാവു കണ്ടുപിടിച്ചു. അതിനടുത്ത ഞായറാഴ്ചയും. ഇതൊക്കെ ചേര്‍ത്തുവെച്ചാല്‍ സാധാരണമനുഷ്യനു് ഒരു എത്തും പിടിയും കിട്ടാത്ത കണക്കുകളായി.

ഇതിനെ ഗണിതസൂത്രവാക്യങ്ങളാക്കാന്‍ പല ഗണിതജ്ഞരും ശ്രമിച്ചു. പ്രസിദ്ധ ഗണിതശാസ്ത്രജ്ഞനായ ഗാസ് ആണു് ഒരാള്‍. ഗാസ് ഒരു അടിപൊളി അല്‍ഗരിതം ഉണ്ടാക്കി. പക്ഷേ ഒരു കുഴപ്പം. എല്ലാ വര്‍ഷത്തിനും അതു ശരിയാവില്ല. അതു കഴിഞ്ഞു് പിന്നീടു പട്ടികകള്‍ ഉപയോഗിച്ചു് ശരിയാക്കണം.

പത്തൊന്‍പതാം നൂറ്റാണ്ടിന്റെ അവസാനത്തിലും ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യത്തിലുമാണു് ഈസ്റ്റര്‍ കണ്ടുപിടിക്കാനുള്ള കുറ്റമറ്റ ഗണിതരീതികള്‍ ഉണ്ടായതു്. അവയെപ്പറ്റിയുള്ള വിശദമായ വിവരണം ഈസ്റ്റര്‍ കണ്ടുപിടിക്കാന്‍ എന്ന പോസ്റ്റില്‍ വാ‍യിക്കാം.

2006 മാര്‍ച്ചില്‍ എഴുതിത്തുടങ്ങിയതാണു് ആ പോസ്റ്റ്. ആ ഈസ്റ്ററിനു പ്രസിദ്ധീകരിക്കാനായിരുന്നു പ്ലാന്‍. അതു നടന്നില്ല. അടുത്ത ഈസ്റ്ററായപ്പോഴേക്കും ജോലി മാറല്‍, വീടുവില്പന തുടങ്ങിയ തിരക്കുകളായി. ഇക്കൊല്ലമെങ്കിലും ഈസ്റ്ററിനു തൊട്ടുമുമ്പു പ്രസിദ്ധീകരിക്കണമെന്നു കരുതി. നടന്നില്ല. ഇനിയെങ്കിലും ഇതിട്ടില്ലെങ്കില്‍ ഇനി ഒരിക്കലും പറ്റിയില്ലെങ്കിലോ? അതാണു വൈകിയാണെങ്കിലും ഇപ്പോള്‍ പ്രസിദ്ധീകരിക്കാന്‍ തീരുമാനിച്ചതു്.

ഗ്രിഗോറിയന്‍ കലണ്ടറില്‍ ആകെ ഇതു മാത്രമേ സങ്കീര്‍ണ്ണമായുള്ളൂ. ഭാരതത്തിലെ കലണ്ടറുകളുടെ സങ്കീര്‍ണ്ണതകളുമായി താരതമ്യപ്പെടുത്തിയാല്‍ ഇതു് ഒന്നുമല്ല. നമ്മുടെ വിശേഷദിവസങ്ങളും മറ്റും കണ്ടുപിടിക്കാന്‍ സൂര്യോദയാസ്തമയസമയം തുടങ്ങി ഒരുപാടു കാര്യങ്ങള്‍ നോക്കണം. ഇതു പോലെ ഒരു പ്രശ്നം 1957-ല്‍ ഇന്ത്യയില്‍ ശകവര്‍ഷം പരിഷ്കരിച്ചപ്പോഴും ഉണ്ടായി. ഇപ്പോള്‍ വിശേഷദിവസങ്ങളില്‍ പലതും പഴയ നിര്‍വ്വചനങ്ങളുമായി ഒത്തു പോകുന്നില്ല. അതിനെപ്പറ്റി എഴുതാന്‍ വേറെയൊരു വലിയ പോസ്റ്റു തന്നെ വേണം. അതെഴുതിയാല്‍ മധുരാജിന്റെ ഈ ചോദ്യത്തിനു് ഉത്തരവുമാകും.


ജൂലിയന്‍ കലണ്ടറില്‍ 28 വര്‍ഷത്തില്‍ തീയതി-ആഴ്ച കലണ്ടര്‍ ആവര്‍ത്തിയ്ക്കും. 19 വര്‍ഷത്തിലൊരിക്കല്‍ ചാന്ദ്രചക്രവും. ഈസ്റ്റര്‍ രണ്ടിനെയും ആശ്രയിക്കുന്നതുകൊണ്ടു് 28 x 19 = 532 വര്‍ഷത്തില്‍ ഈസ്റ്റര്‍ തീയതികള്‍ ആവര്‍ത്തിക്കും. ഗ്രിഗോരിയന്‍ കലണ്ടരില്‍ സംഭവം ആകെ മാറി. തീയതി-ആ‍ഴ്ച കലണ്ടര്‍ 400 കൊല്ലത്തിലൊരിക്കലേ ആവര്‍ത്തിക്കൂ. ചാന്ദ്രചക്രം 14250 വര്‍ഷത്തിലും. അതിനാല്‍ 57,00,000 വര്‍ഷത്തില്‍ ഒരിക്കലേ ഗ്രിഗോറിയന്‍ കലണ്ടറില്‍ ഈസ്റ്റര്‍ തീയതികള്‍ ആവര്‍ത്തിക്കൂ.

ഈ 57,00,000 വര്‍ഷത്തെ ചക്രത്തില്‍ ഏറ്റവും കൂടുതല്‍ തവണ വരുന്ന ഈസ്റ്റര്‍ തീയതി ഏപ്രില്‍ 19 ആണത്രേ – 3.87%. ഏറ്റവും കുറവു് മാര്‍ച്ച് 22-ഉം – 0.48%. വിശദവിവരങ്ങള്‍ ഇവിടെ.


ഗ്രഹചലനങ്ങളുടെ സിദ്ധാന്തങ്ങള്‍ ഉണ്ടാക്കിയ ജോഹനാസ് കെപ്ലര്‍ ഒരിക്കല്‍ പറഞ്ഞു: “ഈസ്റ്റര്‍ ഒരു ആഘോഷം മാത്രമാണു്, ഗ്രഹമല്ല” (“After all, Easter is a feast, not a planet!”). വിശ്വാസത്തില്‍ അധിഷ്ഠിതമായ ആ ആഘോഷം ജ്യോതിശ്ശാസ്ത്രനിര്‍വ്വചനങ്ങള്‍ അനുസരിച്ചു തന്നെ വേണമെന്നു നിര്‍ബന്ധമില്ല. ഈസ്റ്ററും ക്രിസ്തുമസ്സുമൊക്കെ നല്‍കുന്ന സന്ദേശമാണു പ്രധാനം. ഹിന്ദുക്കളെപ്പോലെ ഗ്രഹങ്ങള്‍ ചില സ്ഥലങ്ങളില്‍ നീല്‍ക്കുന്ന ദിവസങ്ങള്‍ മറ്റുള്ളവയെക്കാള്‍ കൂടുതല്‍ വിശുദ്ധമാണു് എന്ന വിശ്വാസവും ക്രിസ്ത്യാനികള്‍ക്കു പൊതുവേ ഇല്ല.


രാജേഷ് വര്‍മ്മയുടെ ഒരു കഥയാണു് “ഉയിര്‍ത്തെഴുന്നേല്‍ക്കണ്ടായിരുന്നു…”.

കഥയുടെ ശീര്‍ഷകമല്ല, മൊത്തം കഥ തന്നെയാണു് അതു്. കഥ ഇവിടെ.

രാജേഷിന്റെ ക്രിസ്തു അങ്ങനെ പറഞ്ഞതു് ഒരു പക്ഷേ ഉയിര്‍ത്തെഴുന്നേല്‍പ്പിനെച്ചൊല്ലി നടക്കുന്ന കോലാഹലങ്ങള്‍ കണ്ടായിരിക്കും, അല്ലേ?