ദിനപ്പത്രവും ചന്ദ്രക്കലയും

വ്യാകരണം (Grammar)

(ഈയിടെ ഒരു മെയിലിംഗ് ലിസ്റ്റില്‍ നടന്ന ഒരു തര്‍ക്കമാണിതു്. എല്ലാവര്‍ക്കും ഉപയോഗമുള്ളതായതു കൊണ്ടും ഇതിനു കൂടുതല്‍ ചര്‍ച്ച ആവശ്യമായതു കൊണ്ടും ഇവിടെക്കൂടി പ്രസിദ്ധീകരിക്കുന്നു.)

ദിനപത്രം, ദിനപ്പത്രം എന്നിവയില്‍ ഏതാണു ശരി?

ദിന + പത്രം എന്നതാണു സന്ധി. സമാസം തത്‌പുരുഷനും. അതായതു് ആദ്യത്തെ വാക്കു് ഒരു വിധത്തില്‍ വിശേഷണവും രണ്ടാമത്തേതു് വിശേഷ്യവും ആണു്.

വിശേഷണവിശേഷ്യങ്ങള്‍ പൂര്‍വ്വോത്തരപദങ്ങളായി സമാസിച്ചാല്‍ രണ്ടാമത്തെ വാക്കിലെ ആദ്യത്തെ ദൃഢാക്ഷരം (ഖരം, അതിഖരം, മൃദു, ഘോഷം, ഊഷ്മാവു് എന്നിവയാണു ദൃഢാക്ഷരങ്ങള്‍.) ഇരട്ടിക്കും എന്നാണു മലയാളസന്ധിനിയമം. (മൂന്നു കൊല്ലം മുമ്പു് കരിക്കലവും പൊതിച്ചോറും എന്ന പോസ്റ്റില്‍ ഞാന്‍ ഇതിനെപ്പറ്റി എഴുതിയിരുന്നു. കൂടുതല്‍ വിവരങ്ങള്‍ അവിടെയുണ്ടു്.) സംസ്കൃതത്തില്‍ ഈ ഇരട്ടിപ്പില്ല.

സംസ്കൃതത്തില്‍ ദിന + പത്രം = ദിനപത്രം ആണു്. മലയാളത്തില്‍ ദിനപ്പത്രവും. ഇനി ഇതില്‍ ഏതു സ്വീകരിക്കണം എന്നതാണു ചോദ്യം.

രണ്ടു വാക്കുകളും മലയാളമാണെങ്കില്‍ (സംസ്കൃതമല്ലെങ്കില്‍) മലയാളരീതിയില്‍ സന്ധി ചേര്‍ക്കും.

ഉദാ:

ചക്ക + കുരു = ചക്കക്കുരു
കുട്ടി + കുറുമ്പന്‍ = കുട്ടിക്കുറുമ്പന്‍

രണ്ടു വാക്കുകള്‍ തമ്മില്‍ ചേരുമ്പോള്‍ അതിലൊന്നു സംസ്കൃതമല്ലെങ്കിലും മലയാളരീതിയിലാണു യോജിപ്പിക്കുക.

തര്‍ക്ക + കാരന്‍ = തര്‍ക്കക്കാരന്‍
കുഞ്ഞി + പണ്ഡിതന്‍ = കഞ്ഞിപ്പണ്ഡിതന്‍

ഇനി രണ്ടും സംസ്കൃതപദമാണെങ്കില്‍ എന്തു ചെയ്യും? അവയെ സംസ്കൃതസന്ധിനിയമങ്ങളുപയോഗിച്ചു ചേര്‍ക്കണം എന്നാണു സംസ്കൃതപക്ഷപാതികളും ഭാഷാദ്ധ്യാപകരും സാധാരണ പറയാറുള്ളതു്.

വീര + പുരുഷന്‍ = വീരപുരുഷന്‍, വീരപ്പുരുഷന്‍ അല്ല.

നീല + കമലം = നീലകമലവും നീല + താമര = നീലത്താമരയുമാണെന്ന കാര്യം ശ്രദ്ധിക്കുക.

മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, രണ്ടു സംസ്കൃതവാക്കുകള്‍ ചേര്‍ന്നുണ്ടാകുന്നതിനെ സംസ്കൃതരീതിയില്‍ ചേര്‍ത്തു് ഒറ്റ സംസ്കൃതവാക്കായി മലയാളത്തില്‍ സ്വീകരിക്കണമെന്നാണു വാദം.

ഇതനുസരിച്ചു്, ദിന + പത്രം = ദിനപത്രം ആണു്.

പക്ഷേ, ഈ നിയമം ഇത്ര കര്‍ശനമാകണോ എന്നതു ചര്‍ച്ച ചെയ്യേണ്ടതാണു്. ദിനം, പത്രം എന്നീ വാക്കുകള്‍ ഇതിനകം തന്നെ മലയാളം സ്വാംശീകരിച്ച വാക്കുകളാണു്. അവയെ പ്രത്യേക മലയാളവാക്കുകളായിക്കണ്ടു് ദിനപ്പത്രം എന്നു സന്ധി ചേര്‍ത്താലും ശരിയാണെന്നാണു് എന്റെ അഭിപ്രായം. മാത്രമല്ല, ഇതിലെ newspaper എന്ന അര്‍ത്ഥമുള്ള “പത്രം” മലയാളമാണു്. സംസ്കൃതത്തില്‍ “കത്തു്” എന്നാണു് അതിന്റെ പ്രധാന അര്‍ത്ഥം.

ഇതേ തര്‍ക്കം തന്നെ ഉണ്ടാകാവുന്ന വേറേ വാക്കുകളുമുണ്ടു്. ചന്ദ്ര + കല ആണു് ഒരുദാഹരണം. സംസ്കൃതരീതിയില്‍ ചന്ദ്രകലയും (“ചതുര്‍ഭുജേ ചന്ദ്രകലാവതംസേ…” എന്നു കാളിദാസന്‍) മലയാളരീതിയില്‍ ചന്ദ്രക്കലയും (“ചുവന്നു ചന്ദ്രക്കല പോല്‍ വളഞ്ഞും…” എന്നു കാളിദാസപരിഭാഷയില്‍ കേരളപാണിനി.) ആണു്. ഇപ്പോള്‍ ചന്ദ്രക്കല എന്ന രൂപമാണു ധാരാളമായി ഉപയോഗിക്കുന്നതു്. എന്നാല്‍ ശശികലയെ ആരും ശശിക്കല എന്നു വിളിച്ചു കേട്ടിട്ടില്ല. അമ്പിളിക്കലയെ അമ്പിളികല എന്നും. ശശി സംസ്കൃതവും അമ്പിളി മലയാളവുമാണെന്നതു ശ്രദ്ധിക്കുക.

മറ്റു ഭാഷകളിലെ വാക്കുകള്‍ മലയാളത്തിലേക്കെടുത്തു് അവയെ മലയാളസന്ധിനിയമങ്ങള്‍ ഉപയോഗിച്ചു യോജിപ്പിക്കുന്നതു സംസ്കൃതത്തിന്റെ കാര്യം മാത്രമല്ല. ഇംഗ്ലീഷ് വാക്കായ post man നോക്കൂ. പിന്നില്‍ വ്യഞ്ജനം വന്നാല്‍ മലയാളികള്‍ സംവൃതോകാരത്തെ വിവൃതമാക്കുന്നതു കൊണ്ടു് അതു പോസ്റ്റുമാനായി.

ഇതു് എന്റെ അഭിപ്രായം മാത്രം. ഇതനുസരിച്ചു സംസ്കൃതത്തില്‍ മലയാളികള്‍ക്കു ക്ലിഷ്ടസന്ധിയുള്ളവയെയും മാറ്റാം എന്നാണു് എന്റെ അഭിപ്രായം. വിദ്യുച്ഛക്തി അങ്ങനെ തന്നെ നില്‍ക്കട്ടേ; എന്നാലും പാര്‍വ്വതീശനെ (പാര്‍വ്വതി(തീ) + ഈശന്‍) പാര്‍വ്വതിയീശന്‍ എന്നു പറഞ്ഞാലും വലിയ തരക്കേടില്ല എന്നു തോന്നുന്നു. (പാര്‍വ്വതേശന്‍ എന്നു പറയാതിരുന്നാല്‍ മതി!) അണ്വായുധത്തെ (അണു + ആയുധം) അണുവായുധം എന്നും.

ഇതുകൊണ്ടു്, ദിനപത്രം, ചന്ദ്രകല, അണ്വായുധം എന്നിവ തെറ്റാണെന്നു് അര്‍ത്ഥമില്ല. അവയും ശരിയാണു്. ദിനപ്പത്രം, ചന്ദ്രക്കല, അണുവായുധം എന്നിവ തെറ്റാണെന്നു പറയുന്നതു് അത്ര ശരിയല്ല എന്നു മാത്രം.

ഭാഷാപണ്ഡിതരുടെയും മറ്റും അഭിപ്രായം അറിയാന്‍ ആഗ്രഹമുണ്ടു്. ഞാന്‍ മുകളില്‍പ്പറഞ്ഞതാണോ, അതോ ദിനപത്രം, ചന്ദ്രകല എന്നിവ ശരിയും ദിനപ്പത്രം, ചന്ദ്രക്കല തുടങ്ങിയവ പ്രയോഗസാധുത കൊണ്ടു മാത്രം ശരിയായി മാറിയ തെറ്റും ആണു് എന്നാണോ അഭിപ്രായം? ദയവായി അഭിപ്രായങ്ങള്‍ കമന്റായി ഇടുക.