ഒരു വായനക്കാരന്‍ കഴിഞ്ഞ ദിവസം ഈ-മെയില്‍ വഴി ചോദിച്ചു:
ഞാന് പ്രൈമറി സ്കൂളില് പഠിച്ചതു (ഇരുപതു വര്‍ഷം മുന്പ്) മലയാള വര്‍ഷാരംഭം മേടം ഒന്ന് (വിഷു) ആണ് എന്നായിരുന്നു. അതിനു ശേഷം എല്ലാ കലണ്ടറുകളിലും കാണാന് കഴിഞ്ഞതു വര്‍ഷാരംഭം ചിങ്ങം ഒന്ന്‍ ആണെന്നാണ്. യഥാര്‍ത്ഥത്തില്‍ പഴയകാലത്ത് വിഷു ആയിരുന്നോ വര്‍ഷാരംഭം? അതോ ഇത് എന്റെ തെറ്റിദ്ധാരണ ആണോ?
ശ്ശെടാ, ഇങ്ങനെ ഒരു സംശയം ഉണ്ടോ? ഇതു ഞാന്‍ ആദ്യമായി കേള്‍ക്കുന്നതു് എന്റെ വിഷു, മാതൃഭൂമി, മനോരമ എന്ന പോസ്റ്റില്‍ പെരിങ്ങോടന്‍ ഇട്ട ഈ കമന്റിലാണു്.
തമിഴ്‌നാടും ബീഹാറും നേപ്പാളും പഞ്ചാബുമെല്ലാം വിഷുദിനം പുതുവത്സരദിനമായി ആഘോഷിക്കുമ്പോള്‍ കേരളത്തില്‍ മാത്രം ചിങ്ങം ഒന്നു് എങ്ങിനെയാണു വര്‍ഷാരംഭമായി തീര്‍ന്നതു്? ആഴ്ചവട്ടങ്ങളും മാസപ്പേരുകളും ചൊല്ലിപ്പഠിച്ചതും “മേടം, ഇടവം..” എന്നിങ്ങനെ ആയിരുന്നു.
ഈ സംശയം പണ്ടു തന്നെ പെരിങ്ങോടനുണ്ടായിരുന്നു എന്നു് പിന്നെ മനസ്സിലായി. ചാക്കോച്ചന്റെ ഇന്നു ചിങ്ങം ഒന്ന് എന്ന പോസ്റ്റിലെ ഈ കമന്റില്‍ ദാ കിടക്കുന്നു പെരിങ്ങോടന്റെ കമന്റ്. മേടം മുതല്‍ മീനം വരെയുള്ള 12 മാസങ്ങള്‍ അക്കമിട്ടു നിരത്തുകയും ചെയ്തിട്ടുണ്ടു്.
ഏതാണ്ടു് അതേ സമയത്തു തന്നെ കലേഷിന്റെ വേര്‍ഡ്പ്രെസ്സ് ബ്ലോഗിലെ പുതുവര്‍ഷാശംസകളില്‍ നമ്മുടെ വായനശാല സുനില്‍ തറപ്പിച്ചു പറഞ്ഞിരിക്കുന്നു:
Malayalam year starts from VISHU in METAM, not from ONAM. ONAM is only a harvest festival, not new year. Even the myth is showing that it is a harvest festival. We are celebrating VISHU with crackers and lights because it is a new year.
…
And count the malayalam maasams. It always start from Metam, iTavam…. like january february.
ഓണത്തിനു് ആരോ വര്‍ഷം തുടങ്ങുന്നു എന്ന അറിവു് അദ്ദേഹത്തിനു് എവിടെ നിന്നു കിട്ടിയോ എന്തോ? ഓണം ചിങ്ങമാസത്തിലെ തിരുവോണം നക്ഷത്രത്തിലാണു്, ചിങ്ങം ഒന്നാം തീയതിയ്ക്കു് അല്ല.
അതു മാത്രമല്ല, കൊല്ലവര്‍ഷം ചിങ്ങത്തില്‍ തുടങ്ങാന്‍ കാരണം മീഡിയയാണെന്നാണു സുനിലിന്റെ വാദം. (ഭാഗ്യം, അമേരിക്കയല്ല!)
പണ്ട്, പഞ്ചാംഗങ്ങളിലും, മേടം, ഇടവം എന്നുതന്നെയാണ് എഴുതിയിരിക്കുന്നത് എന്നാണ് എന്റെ ഓർമ്മ. പക്ഷേ ഇതൊക്കെ media tricks അല്ലെ? അല്ലെങ്കിൽ നമുക്ക് വാലെന്റൈൻസ് ഡേ ഒക്കെ ഉണ്ടായിരുന്നോ? അതുപോലെ ഒരു ട്രിക്ക്. കർക്കിടകം, പഞ്ഞ മാസമാണ് അതു കഴിഞ്ഞ്, ചിങ്ങക്കൊയ്തു കഴിഞ്ഞ് ഉള്ള ആഘോഷമാണ് ഓണം. ഇങ്ങനെയായിരുന്നു പണ്ടൊക്കെ. മാത്രമല്ല വിഷുവിന്റെ importance അപ്പോൾ എന്താണ്?
(സുനിലിന്റെ മംഗ്ലീഷ് ഞാന്‍ മലയാളമാക്കിയതു്)
രണ്ടു പോസ്റ്റുകളിലും അനില്‍ ഇങ്ങനെ ഒരു കമന്റിട്ടിരുന്നു:
പണ്ടൊക്കെ വർഷത്തിൽ രണ്ടു തവണ അച്ഛ്ൻ കലണ്ടർ വാങ്ങിക്കൊണ്ടുവരുമായിരുന്നു; ജനുവരിയും ചിങ്ങവും പിറക്കുന്നതിനുമുമ്പ്. മലയാളം കലണ്ടർ വാങ്ങുന്നതിനൊപ്പം ആ വർഷത്തെ പഞ്ചാംഗവും വാങ്ങും. കലണ്ടർ ചിങ്ങം, കന്നി ക്രമത്തിൽ തന്നെയാണ് മലയാളം കലണ്ടറും പഞ്ചാംഗവും.
മേടം, ഇടവം ക്രമം എനിക്കെന്തായാലും അന്യം.
(എന്നത്തെയും പോലെ അനില്‍ പറഞ്ഞതു് ഇവിടെയും ശരി തന്നെ.)
മനുഷ്യനു കണ്‍ഫ്യൂഷനാവാന്‍ വേറെ വല്ലതും വേണോ?
“കൊല്ലവര്‍ഷം” എന്നറിയപ്പെടുന്ന മലയാളം കലണ്ടറിലെ ആദ്യത്തെ മാസം ചിങ്ങമാണു്, മേടമല്ല.
കേരളത്തില്‍ 2007 ഓഗസ്റ്റ് 16-നു തുല്യമായ കൊല്ലവര്‍ഷത്തീയതി 1182 കര്‍ക്കടകം 31 ആയിരുന്നു. അതിന്റെ പിറ്റേന്നു് (ഓഗസ്റ്റ് 17) 1183 ചിങ്ങം ഒന്നും. ഇങ്ങനെ വര്‍ഷം മാറുന്ന ദിവസമാണു് ഏതു കലണ്ടറിലും പുതുവര്‍ഷത്തീയതി. അതു വരുന്ന മാസമാണു് ആദ്യത്തെ മാസം. ഇതില്‍ യാതൊരു ചിന്താക്കുഴപ്പത്തിനും സ്ഥാനമില്ല.
ഇനി, ജ്യോതിശ്ശാസ്ത്രത്തിലും ജ്യോതിഷത്തിലും പരാമര്‍ശിച്ചിട്ടുള്ള രാശിചക്രം (Zodiac cycle) തുടങ്ങുന്നതു മേടം രാശിയിലാണു്. കൊല്ലവര്‍ഷക്കലണ്ടര്‍ പൂര്‍ണ്ണമായും ജ്യോതിശ്ശാസ്ത്രത്തെ അടിസ്ഥാനമാക്കിയതായതു കൊണ്ടു് അതിലെ മാസങ്ങള്‍ മേടം, ഇടവം തുടങ്ങിയ പേരുകളിലാണു് അറിയപ്പെടുന്നതു്. സൂര്യന്‍ ഓരോ രാശിയിലും സഞ്ചരിക്കുന്ന കാലയളവാണു് കൊല്ലവര്‍ഷത്തിലെ ഓരോ മാസവും.
കൊല്ലവര്‍ഷം തുടങ്ങുന്നതിനു മുമ്പും ശേഷവും കേരളത്തില്‍ കലിവര്‍ഷത്തെ അടിസ്ഥാനമാക്കി ഒരു കാലനിര്‍ണ്ണയം ഉണ്ടായിരുന്നു. കലിവര്‍ഷം തുടങ്ങുന്നതു മേടം 1-നായിരുന്നു. (കൊല്ലവര്‍ഷവും കലിവര്‍ഷവും തമ്മിലുള്ള ബന്ധത്തെപ്പറ്റി ഞാന്‍ ഇതിനു മുമ്പു് കൊല്ലവര്‍ഷത്തീയതിയില്‍ നിന്നു കലിദിനസംഖ്യ എന്ന പോസ്റ്റില്‍ വിശദീകരിച്ചിരുന്നു.)
പല ജ്യോതിഷരീതികളിലും (പാശ്ചാത്യവും പൌരസ്ത്യവും) രാശിചക്രം തുടങ്ങുന്നതു സൂര്യന്‍ വസന്തവിഷുവത്തില്‍ (Vernal/spring equinox) എത്തുമ്പോഴാണു്. (ഇതിനു പാശ്ചാത്യര്‍ ശരിക്കുള്ള വസന്തവിഷുവം ഉപയോഗിക്കുമ്പോള്‍ ഭാരതീയര്‍ നക്ഷത്രങ്ങളെ ആസ്പദമാക്കി വിഷുവം കണക്കാക്കുന്നു. ഇവ തമ്മില്‍ ഇപ്പോള്‍ ഏകദേശം 25 ദിവസത്തെ വ്യത്യാസമുണ്ടു്. അതിനാല്‍ പാശ്ചാത്യരുടെ Aries തുടങ്ങിയിട്ടു് 25 ദിവസം കഴിഞ്ഞേ നമ്മുടെ മേടം തുടങ്ങൂ.) വസന്തവിഷുവത്തില്‍ സൂര്യന്‍ സംക്രമിക്കുന്ന രാശിയാണു് മേടം. അതിനാല്‍ ജ്യോത്സ്യന്മാര്‍ മേടം, ഇടവം എന്നാണു് രാശികളെ ചൊല്ലിപ്പഠിക്കുന്നതു്. ഇത്തരം ഏതോ ജ്യോത്സ്യന്റെ ചൊല്ലിപ്പഠിക്കലാവാം പെരിങ്ങോടനും സുനിലും ചെറുപ്പത്തില്‍ കേട്ടതും മനസ്സിലുറച്ചതും.
പുതുവര്‍ഷാരംഭമായി പല ദിവസങ്ങളെയും പല വിശ്വാസങ്ങള്‍ ആചരിക്കുന്നുണ്ടു്. സാമ്പത്തികകാര്യങ്ങള്‍ക്കായി ഏപ്രില്‍ 1-നെ വര്‍ഷാരംഭമായി കരുതിയിരുന്നതു പോലെ. അങ്ങനെ വിഷുവും പൊങ്കലും മറ്റും പലര്‍ക്കും പുതുവര്‍ഷപ്പിറവിയാണു്. ആ വിശ്വാസങ്ങള്‍ക്കൊന്നും ഒരു കുഴപ്പവുമില്ല. പക്ഷേ കൊല്ലവര്‍ഷക്കലണ്ടറിന്റെ തുടക്കം എന്നാണെന്നു ചോദിച്ചാല്‍ ഒരുത്തരമേ ഉള്ളൂ – ചിങ്ങം 1.
ഇന്നത്തെ കാലത്തു്‍ മുട്ട പുഴുങ്ങുന്നതെങ്ങനെ എന്നതു വരെയുള്ള കാര്യങ്ങളില്‍ സംശയമുണ്ടാകുമ്പോള്‍ ആളുകള്‍ നോക്കുക വിക്കിപീഡിയ ആണല്ലോ. ഇംഗ്ലീഷ് വിക്കിപീഡിയയില്‍ ദാ ഇങ്ങനെ കിടക്കുന്നു.
The malayalam year (solar calendar) starts on the day of vernal equinox (in mid April), in the month of Medam (Mesham in Sanskrit) when the sun moves from the southern to northern hemisphere. This coincides with new year festivities elsewhere in India which occur during the same time, such as Bihu (Assam), Baisakhi (Punjab) etc and is traditionally celebrated as Vishu in Kerala. The last month of Malayalam Calendar is “Meenam”.
അതായതു്, മേടത്തിലാണു മലയാളവര്‍ഷം തുടങ്ങുന്നതെന്നു്. ഇതു തെറ്റാണു്.
മലയാളം വിക്കിപീഡിയയിലാകട്ടേ
ചിങ്ങം, കന്നി തുടങ്ങി 12 മലയാള മാസങ്ങളാണ് ഉള്ളത്.
എന്നും കാണാം. ഇതു ശരിയാണു്.
മലയാളം വിക്കിപീഡിയയില്‍ മറ്റൊരു തമാശ കണ്ടു. ജ്യോതിഷത്തെപ്പറ്റിയുള്ള ലേഖനത്തില്‍ രാശിചക്രം ചിങ്ങം, കന്നി തുടങ്ങിയ രാശികളിലാണെന്നും അശ്വതി തുടങ്ങിയ നക്ഷത്രങ്ങള്‍ ഈ ക്രമത്തിലാണെന്നും കണ്ടു. ഇതു തെറ്റാണു്.
ചുരുക്കം പറഞ്ഞാല്‍, പല ആളുകള്‍ക്കുമുള്ള ഈ അബദ്ധധാരണ വിക്കിപീഡിയയിലും കടന്നുകൂടിയിട്ടുണ്ടെന്നര്‍ത്ഥം.
ഡാലി | 15-May-08 at 10:32 am | Permalink
ഹോ!എനിക്കു് വരെ അറിയാലോ ചിങ്ങം 1 ആണു് കൊല്ലവര്‍ഷാരംഭം എന്നു്. അമ്മയും, അമ്മാമയും എണ്നിയിരുന്നതു് ചിങ്ങം കന്നി എന്നായിരുന്നു. (ഞങ്ങള്‍ എവടന്നും എണ്ണും. 12 തികക്കാന്‍ മേടം 2 തവണ വരെ എണ്ണും പിന്നീണു് 🙂 ). കാലാകാലങ്ങളായി ചിങ്ങം 1 നു് വീട്ടില്‍ പയറുപ്പേരിയാണു് (അച്ചിങ്ങ). പയറു കിട്ടീലെങ്കില്‍ അമ്മാമ ചോദിക്കും “ഇന്നു കൊല്ലാരംഭമായിറ്റ് പയറു് കിട്ടീലേരി”.
സിദ്ധാര്ത്ഥന് | 15-May-08 at 1:00 pm | Permalink
😉 ഡാലീ, എന്റെ ഒരു സുഹൃത്തു് (ഏയ് ഞാനല്ല) അശതി ഭരണി കാര്‍ത്തിക രോഹിണി മിഥുനം കര്‍ക്കിടകം… എന്നെണ്ണിയതോറ്മ്മവന്നു.
ഓടോ:-
മേഷാദൌ പകലേറുന്നു രാത്രിയത്ര കുറഞ്ഞു പോം
തുലാദൌ രാത്രിയേറുന്നു പകലത്ര കുറഞ്ഞു പോം
എന്നതില്‍ മേഷാദൌ തുലാദൌ ഒക്കെ രണ്ടു ഭയാനക സംഭവങ്ങളാണെന്നായിരുന്നു എന്റെ ധാരണ. (ഇവര്‍ക്കു് മേടംതൊട്ടു് എന്നോ മറ്റോ പറഞ്ഞാല്‍ പോരേ)
Sreevallabhan | 15-May-08 at 1:34 pm | Permalink
ഹൊ. ഏപ്രില്‍ പതിനാലിന് ഒരു കര്‍ണാടക സുഹൃത്ത് എഴുതി:
“ഇവിടെയും തമിഴ്നാട്ടിലും ഇന്നാണ് പുതുവര്‍ഷം. നിങ്ങളുടെ പുതു വര്‍ഷവും ഇന്നായിരിക്കുമല്ലോ. ആശംസകള്‍”
അതിന് ഞാന് ഇങ്ങനെ മറുപടി എഴുതി: “കേരളത്തിലെ പുതു വര്‍ഷം ഓണത്തിനു മുന്‍പായ് ആണ് (ആഗസ്റ്റ്- സെപ്റ്റംബര്‍). ആശംസകള്‍”
കുറച്ചു കഴിഞ്ഞു ഓര്‍ക്കുട്ട് തുറന്നപ്പോള്‍ കുറെ അധികം പുതുവര്‍ഷാശംസകള്‍ കണ്ട് അത്ഭുതപ്പെട്ടു. ഏതായാലും തിരുത്താന്‍ പോയില്ല, പക്ഷെ സംശയം കൂടി. ഇപ്പോള്‍ മാറി 🙂
തമിഴ് കലണ്ടറിലും നമ്മളോടൊപ്പമാണു പുതുവര്‍ഷം. അവര്‍ നമുക്കു് അല്പം കിഴക്കായതിനാല്‍ സൂര്യന്‍ നേരത്തേ ഉദിക്കുന്നതു കൊണ്ടു് ചില മാസങ്ങള്‍ തുടങ്ങുന്നതില്‍ ഒരു ദിവസത്തെ വ്യത്യാസമുണ്ടെന്നു തോന്നുന്നു. അവരുടെ ആദ്യത്തെ മാസമായ ആവണി നമ്മുടെ ചിങ്ങം തന്നെയാണു്.
അവര്‍ പക്ഷേ മാസങ്ങള്‍ക്കു പേരിട്ടതു് ശകവര്ഷമാസങ്ങളെ അടിസ്ഥാനമാക്കിയാണു്. ആവണി = ശ്രാവണം, ചിത്തിരൈ = ചൈത്രം എന്നിങ്ങനെ. തിരുവോണം നാളിനടുത്തു പൌര്‍ണ്ണമി വരുന്ന മാസമാണു് ആവണി (ശ്രാവണം). ചിത്തിരനക്ഷത്രത്തില്‍ വരുന്നതു ചിത്തിരൈ(ചൈത്രം)വും.
ശകവര്‍ഷത്തിലെ ആദ്യത്തെ മാസം ചൈത്രമാണു്. അതനുസരിച്ചാണു് ചിത്തിരൈ 1 ആണു് തമിഴരുടെ വര്‍ഷാരംഭം എന്നു പറയുന്നതു്. അതു നമ്മുടെ വിഷുവിനു തന്നെയാണു്. (ചിത്തിരമാസം നമ്മുടെ മേടം തന്നെ. ചൈത്രമാസം അല്പം മുമ്പാണു്. മാര്‍ച്ച് 21-നു തുടങ്ങും, പുതിയ കലണ്ടര്‍ അനുസരിച്ചു്.)
വിഷുവിനു് തമിഴര്‍ (വേണമെങ്കില്‍ മലയാളികളും) പുതുവര്‍ഷപ്പിറവി ആഘോഷിക്കുന്നു എന്നു പറയുന്നതില്‍ തെറ്റില്ല. പക്ഷേ, മലയാളം കലണ്ടറിലും തമിഴ് കലണ്ടറിലും വര്‍ഷം തുടങ്ങുന്നതു് ഓഗസ്റ്റിലാണു്.
vivek | 15-May-08 at 2:16 pm | Permalink
അപ്പൊ ഇതൊര് ആഗോള പ്രശ്നമാണല്ലെ (വിക്കി-യെ ഗ്രസിച്ച തെറ്റ് ആഗോള പ്രശ്നംതന്നെ…) ? :-)… എന്തായാലും സംശയം തീറ്ത്തതിനു നന്ദി ഉമെഷ്. എന്റെ കത്ത് ഒരു “ബ്ലൊഗ് എന്റ്റ്രി” ക്കുള്ള വക ഉണ്ടായിരുന്നു എന്നറിഞ്ഞതില്‍ സന്തൊഷം… പക്ഷെ പ്രശ്നം അവിടം കൊണ്ട് തീരുന്നില്ല… വിഷുക്കണിയുടെ സങ്കല്പവും മലയാളവറ്ഷവും തമ്മില്‍ യാതൊരു ബന്ധവും ഇല്ലെ?
കിനാവ് | 15-May-08 at 3:26 pm | Permalink
ഞാനും ചിങ്ങത്തില്‍ നിന്നു തന്നെയാണ് എണ്ണിപഠിച്ചത്. ചെലരൊക്കെ മേടത്തീന്നെണ്ണ്വേം മേടത്തെ പുതുവര്ഷായി കണക്കുകൂട്ടുകയും ചെയ്യാറുണ്ട്. എനിക്കിങ്ങനെയൊരു സംശയം വന്നത് ഞാന് സ്വയം തിരുത്തീത് ‘ആണ്ട്രതി’ എന്ന ആഘോഷങ്ങളുടെ വിശേഷണത്തെ ഒന്നു അലക്കി വെളുപ്പിച്ചിട്ടാണ്. ഓണവും വിഷുവും പൂരവുമൊക്കെ ആണ്ടറതി അഥവാ ആണ്ടറുതി എന്നാണ് വിശേഷിപ്പിക്കുന്നത്. ഒരു വര്‍ഷത്തില്‍ തന്നെ കുറേ ആണ്ടറുതികളുണ്ടാകുന്നു. കഴിഞ്ഞ പൂരത്തില്‍ നിന്ന് പുതിയ പൂരത്തിലേക്കുള്ള ആണ്ടവസാനം എന്ന അര്‍ത്ഥത്തിലാകണം പൂരവും ആണ്ടറുതിയായത്, ഓണം ചിങ്ങം ഒന്നിനേക്കാള്‍ വലിയ ആണ്ടറുതിയായത്.
രാജ് | 15-May-08 at 3:40 pm | Permalink
ജ്യോതിഷികൾ ചൊല്ലിക്കേട്ടതാവാൻ സാധ്യതയുണ്ട്, അയല്പക്കത്തെ വീടുകളിലും സ്കൂളിലും അങ്ങനെ തന്നെ ആയിരുന്നുവെന്ന് ഒരു ശങ്ക. മറ്റാരോടെങ്കിലും ചോദിച്ചു ഉറപ്പുവരുത്തട്ടെ. നന്ദി.
Moorthy | 15-May-08 at 3:41 pm | Permalink
ഞാനും ചിങ്ങം കന്നി എന്നാണ് മാസപ്പേരുകള്‍ പഠിച്ചിട്ടുള്ളത്…
കിനാവ് | 15-May-08 at 3:52 pm | Permalink
മേലേ കമന്റില്‍ ചിങ്ങം ഒന്നിനേക്കാള്‍ എന്നത് കര്‍ക്കിടകം മുപ്പതാക്കണേ… അറുതികഴിഞ്ഞ് പുതിയ വര്‍ഷത്തിന്റെ തുടക്കമാണ് ആഘോഷിക്കപ്പെടുന്ന്തെന്നു തോന്നുന്നു. തെറ്റ്യാ കണ്ടെത്തല്‍?
Jayarajan | 17-May-08 at 11:45 pm | Permalink
ഉമേഷ്ജീ,
ഞങ്ങള്‍ മേടം, ഇടവം എന്നാണ് ചൊല്ലിപ്പഠിച്ചത്. ഞങ്ങളുടെ നാട്ടില്‍ എല്ലാ കുട്ടികളും ഇങ്ങനെയാണ് ചൊല്ലിപ്പഠിക്കാറും. മാത്രവുമല്ല, പുതിയ വര്‍ഷത്തിന്റെ ആരംഭ ദിനമായതിനാലാണ് രാവിലെ (രാക്കൊണ്ടെ) എഴുന്നേറ്റ് കണി കാണുന്നതെന്നാണ് അമ്മ പണ്ട് പറഞ്ഞുതന്നിട്ടുള്ളതും. പിന്നീട് കുറച്ച് വലുതായപ്പോഴാണ് കൊല്ലവര്‍ഷാരംഭം ചിങ്ങത്തിലാണെന്ന കാര്യം മനസ്സിലാക്കിയത്. ഇതേപ്പറ്റി അന്വേഷിച്ചപ്പോള്‍, പഴയകാലത്ത് പുതുവര്‍ഷാരംഭം മേടത്തിലായിരുന്നുവെന്നും പിന്നീട് അത് ചിങ്ങത്തിലോട്ട് മാറ്റിയെന്നുമാണ് ആരോ പറഞ്ഞുതന്നത്. അപ്പോ അങ്ങനെയല്ല എന്നാണോ? ഇനി ഇത് വടക്കേ മലബാറില്‍ മാത്രമാണോ? ഞങ്ങളാണെങ്കില് വിഷുക്കാലത്ത് പടക്കമൊക്കെ പൊട്ടിച്ച് വന്‍ ആഘോഷമാണ്. ദീപാവലിയ്ക്ക് ആഘോഷമൊന്നും കാര്യമായി ഉണ്ടാകാറുമില്ല.
dinu | 20-May-08 at 9:16 am | Permalink
I’m trying to collect information about Malayalam bloggers who use WordPress..could u share your tips… may be a guest post ?
പ്രശാന്ത് കളത്തില്‍ | 21-May-08 at 8:50 am | Permalink
ഉമേഷ്ജി,
കൊല്ലവര്‍ഷം തുടങ്ങുന്നത് ചേരമാന്‍ പെരുമാള്‍ മക്കയ്ക്ക് പോയ സംഭവവുമായി ബന്ധപ്പെട്ടല്ലെ ? പെരുമാള്‍ കേരനാട് പല നാട്ടുരാജാക്കന്മാര്ക്കും മാടമ്പിമാര്ക്കുമായി വീതിച്ചുകൊടുക്കുകയും മതം മാറി മക്കയ്ക്ക് പോവുകയും ചെയ്തു. ഇതിലെ പ്രധാനസംഭവങ്ങള്‍ നടന്ന ദിവസം (മിക്കവാറും അദ്ദേഹം യാത്ര പുറപ്പെട്ട ദിവസം ആയിരിക്കണം) ആണ് കൊല്ലവര്‍ഷത്തിലെ ആദ്യനാള്‍. അത് ചിങ്ങം ഒന്നാം തീയതി ആയിരുന്നു. അപ്പോള്‍ ചിങ്ങമാസം ഒന്നിനാണ് പുതുവര്‍ഷം പിറക്കുന്നതെന്ന് വ്യക്തം.
വിഷു കാര്‍ഷിക വര്‍ഷത്തിന്റ്റെ തുടക്കമായാണ് കൊല്ലപ്പിറവി എന്ന് കണക്കാക്കാറ്. വിത്തും കൈക്കോട്ടും ആയി പണിക്കിറങ്ങാനുള്ള ദിവസം. മിക്കവാറും വിഷുവിന്റെ തലേന്നൊ അല്ലെങ്കില്‍ അന്നുതന്നെയൊ മഴ പെയ്യാറുണ്ടത്രേ. മേടം ഒന്നാന്തി പാടം ഉഴാറുണ്ടായിരുന്നു. ഒരു പക്ഷെ അത് പ്രതീകാത്മകമായിരുന്നിരിക്കണം.
Resmi | 14-Apr-11 at 1:20 pm | Permalink
1. തമിഴ് വര്‍ഷം തുടങ്ങുന്നത് ഓഗസ്റ്റിലാണെന്ന് മുകളില്‍ പറഞ്ഞതു ശരിയാണോ?
ഇവിടെ ഒരു തമിഴ് കലണ്ടര്‍ ഉണ്ട്.
http://www.chennaiiq.com/astrology/tamil_calendar.asp?mm=5&yy=2011
ഈ കലണ്ടറില്‍, തമിഴ് വര്‍ഷത്തിന്റെ പേരു മാറുന്നത് മേയില്‍ ആണല്ലോ.
2. തമിഴില്‍ വര്‍ഷങ്ങള്‍ക്ക് സംഖ്യ ഇല്ലേ ( 2010, 2011 ഒക്കെ പോലെ ) ? പേരു മാത്രമേ കാണുന്നുള്ളൂ.
പ്രഭവ മുതല്‍ അക്ഷയ വരെ 60 വര്‍ഷങ്ങളൂടെ പേരുകള്‍ വിക്കിയില്‍ ഉണ്ട്.
http://en.wikipedia.org/wiki/Tamil_calendar
60 വര്‍ഷം മുന്‍പുള്ള ഒരു തീയതി അവരെങ്ങനെ പറയും?
R. Sasidhara Varma | 19-Oct-22 at 6:32 pm | Permalink
Sir,
I like to get a 100 years Malayalam calendar for my private use for knowing the dates and nkshthra for making a family tree of my of my family members
Yours faithfully
R. Sasidhara Varma
ഉമേഷ്:Umesh | 19-Oct-22 at 6:45 pm | Permalink
Dear Sasidhara Varma,
Please check http://malayalam.usvishakh.net/calendars/150calendars.html
It has calendars / panchamgams from 1900 to 2049.