കൂട്ടുകാരനായ മഹാന്‍

മഹാന്മാര്‍, സുഹൃത്തുക്കള്‍

മഹാന്മാരെപ്പറ്റി കേള്‍ക്കുമ്പോള്‍ അസൂയ തോന്നാറുണ്ടു്. മഹാന്മാരോടല്ല, അവരെ കൂട്ടുകാരായും സഹപ്രവര്‍ത്തകരായും ബന്ധുക്കളായും മറ്റും കിട്ടിയ മനുഷ്യരോടു്. ലോകം മുഴുവന്‍ വാഴ്ത്തുന്ന വ്യക്തിത്വത്തെ തങ്ങളുടെ സുഹൃദ്വലയത്തില്‍ കിട്ടിയ സാധാരണ മനുഷ്യരോടു്.

“എന്റെ ആല്‍ബം” എഴുതിയ ടി. എന്‍. ഗോപിനാഥന്‍ നായരോടു് ഈ അസൂയ തോന്നിയിട്ടുണ്ടു്. വയലാറിനെ കളിക്കൂട്ടുകാരനായി കൊണ്ടു നടന്ന മലയാറ്റൂരിനോടു് അസൂയ തോന്നിയിട്ടുണ്ടു്. (ടി. എന്‍., മലയാറ്റൂര്‍ തുടങ്ങിയവര്‍ ഒരു വെറും സാധാരണമനുഷ്യരായിരുന്നു എന്നു വിവക്ഷയില്ല.) അങ്ങനെ മറ്റു പലരോടും.

ഇത്തരം അസൂയയുള്ളവരാണോ നിങ്ങള്‍? ആണെങ്കില്‍ എന്നോടു് അസൂയപ്പെട്ടോളൂ. എന്റെ ഒരു അടുത്ത സുഹൃത്തു് ഒരു വലിയ മഹാനാണു്. മലയാളികള്‍ക്കൊക്കെ അഭിമാനമാണു്. IUSBSE(International Union of Societies of Biomaterials Science and Engineering)-യുടെ FBSE(Fellow, Biomaterials Science and Engineering) അവാര്‍ഡിനു് അര്‍ഹനായ അജിത്ത് നായരാണു് ഈ മഹാന്‍.

കഴിഞ്ഞ മാസം ആംസ്റ്റര്‍ഡാമില്‍ വെച്ചു നടന്ന എട്ടാമത്തെ World Biomaterials Congress-ല്‍ വെച്ചാണു് ഈ ബഹുമതി അജിത്തിനു സമ്മാനിച്ചതു്. ഇതൊരു ആജീവനാന്തബഹുമതിയാണു്.


നോബല്‍ സമ്മാനത്തെപ്പറ്റി എല്ലാവരും കേട്ടിട്ടുണ്ടാവും. ഓസ്കാര്‍ സിനിമാപുരസ്കാരത്തെപ്പോലെ, ഗിന്നസ് റെക്കോര്‍ഡുകളെപ്പോലെ, അളവറ്റ പോപ്പുലാരിറ്റി നേടിയെടുത്ത ഒരു സമ്മാനമാണു് അതു്. പക്ഷേ, പല മേഖലകളിലും നോബല്‍ സമ്മാനത്തെപ്പോലെ തന്നെയോ അതിനെക്കാളോ വിലമതിക്കപ്പെടുന്ന പല പുരസ്കാരങ്ങളുമുണ്ടു്.

ഗണിതശാസ്ത്രത്തിലെ ഇത്തരം ഒരു പുരസ്കാരമാണു് ഫീല്‍ഡ്സ് മെഡല്‍. നോബല്‍ സമ്മാനം എല്ലാ വര്‍ഷവും കൊടുക്കുമ്പോള്‍ ഫീല്‍ഡ്സ് മെഡല്‍ നാലു വര്‍ഷത്തിലൊരിക്കലാണു കൊടുക്കുക. നോബല്‍ സമ്മാനത്തെക്കാള്‍ ബുദ്ധിമുട്ടുമാണു് അതു കിട്ടാന്‍.

ബയോമെറ്റീരിയല്‍‌സ് രംഗത്തെ ഫീല്‍ഡ്സ് മെഡലാണു് FBSE. നാലു വര്‍ഷത്തിലൊരിക്കല്‍ കൊടുക്കുന്ന പുരസ്കാരം. കുറഞ്ഞതു പത്തു വര്‍ഷമെങ്കിലും ബയോമെറ്റീരിയല്‍‌സ് രംഗത്തു ഗവേഷണം നടത്തുകയും, അതിലേയ്ക്കു കനത്ത സംഭാവനകള്‍ നല്‍കുകയും, തുടര്‍ച്ചയായി പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുള്ള ശാസ്ത്രജ്ഞരില്‍ നിന്നാണു് ഈ പുരസ്കാരത്തിനു് അര്‍ഹരായവരെ തിരഞ്ഞെടുക്കുന്നതു്.


ഇതിനെപ്പറ്റി മലയാളമനോരമയില്‍ വന്ന വാര്‍ത്ത:


Material Science & Metallurgy-യില്‍ ശ്രീനഗര്‍ റീജണല്‍ എഞ്ചിനീയറിംഗ് കോളേജില്‍ (ഇപ്പോള്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി) നിന്നു ബിരുദവും ഖരഗ്‌പൂര്‍ ഐ. ഐ. ടി. യില്‍ നിന്നു ബിരുദാനന്തരബിരുദവും നേടിയ അജിത്ത്, ഡോക്ടര്‍ വലിയത്താന്റെ നേതൃത്വത്തില്‍ നടന്നിരുന്ന ബയോമെഡിക്കല്‍ എഞ്ചിനീയറിംഗില്‍ ആകൃഷ്ടനായി ആ മേഖല തിരഞ്ഞെടുത്തു. ഡോക്ടര്‍ വലിയത്താന്‍, ഡോക്ടര്‍ ഭുവനേശ്വര്‍ എന്നിവരുടെ നേതൃത്വത്തില്‍ ശ്രീ ചിത്രാ മെഡിക്കല്‍ സെന്ററില്‍ നടന്നുവന്ന ഹൃദയവാല്‍‌വ് പ്രോജക്ട് ടീമില്‍ അംഗമായിരുന്നു അദ്ദേഹം. അതിനു ശേഷം അമേരിക്കയിലെ യൂണിവേഴ്സിറ്റി ഓഫ് യൂട്ടായില്‍ നിന്നു് Biomaterial Science & Engineering-ല്‍ പി. എച്. ഡി. നേടി. ‘കൃത്രിമാവയവങ്ങളുടെ പിതാവു്’ എന്നു പ്രശസ്തനായ ഡോ. വില്യം കോഫിന്റെ ശിഷ്യനും സഹപ്രവര്‍ത്തകനുമായിരുന്ന അജിത്ത് കൃത്രിമാവയവനിര്‍മ്മാണരംഗത്തു് കനത്ത സംഭാവനകള്‍ നല്‍കിയിട്ടുണ്ടു്.

പ്രശസ്തമായ മെഡ്‌ഫോര്‍ട്ട് അവാര്‍ഡിനു് അജിത്തിനെ അര്‍ഹനാക്കിയതു് കൃത്രിമാവയവരംഗത്തെ സുപ്രധാനമായ ഒരു കണ്ടുപിടിത്തമാണു്. സാങ്കേതികപദങ്ങള്‍ ധാരാളമുള്ളതിനാല്‍ അതിന്റെ വിവരണം ഇംഗ്ലീഷില്‍ത്തന്നെ താഴെച്ചേര്‍ക്കുന്നു.

Dr. Nair has developed a unique flexible, ceramic, amorphous, blood compatible coating that acts as a diffusion barrier for the gases that resolved the diffusion issues in VAD development. The ceramic coating can be applied to any surfaces including plastics. This invention of his brought him the renowned Medforte Innovation award.

കൃത്രിമാവയവങ്ങളില്‍ രക്തം കട്ട പിടിക്കുന്നതിനെ അളക്കാന്‍ ഉപയോഗിക്കുന്ന ഒരു മാനകമാണു് അജിത്തിന്റെ മറ്റൊരു ശ്രദ്ധേയമായ കണ്ടുപിടിത്തം. കൃത്രിമാവയവങ്ങള്‍ എത്ര കാലം പ്രവര്‍ത്തിക്കും എന്നു പ്രവചിക്കാന്‍ വളരെ പ്രയോജനകരമായ ഈ രീതിയെ അദ്ദേഹത്തിന്റെ കണ്ടുപിടിത്തത്തിന്റെ ബഹുമാനാര്‍ത്ഥം “നായര്‍ സ്കെയില്‍” എന്നാണു വിളിക്കുന്നതു്.

ധാരാളം പുരസ്കാരങ്ങള്‍ ഇതിനു മുമ്പും അജിത്തിനെ തേടിയെത്തിയിട്ടുണ്ടു്. അവയില്‍ ചിലവ:

  • Medforte Innovation Award
  • BSC Patent Innovation Awards
  • Whitakar Foundation Award
  • National Interdisciplinary Research Fellowship (Japan)
  • ASAIO Award
  • BOYSCAST Fellowship
  • SCTIMST Award

അജിത്ത് Indian Society for Biomaterials and Artificial Organs-ന്റെ സ്ഥാപകസെക്രട്ടറിയും അമേരിക്കന്‍ ചാപ്റ്ററിന്റെ ഇപ്പോഴത്തെ പ്രെസിഡന്റുമാണു്. ധാരാളം പേറ്റന്റുകള്‍ അദ്ദേഹത്തിന്റേതായുണ്ടു്.


ദന്തഗോപുരവാസിയായ ഒരു ശാസ്ത്രജ്ഞനല്ല അജിത്ത്. മലയാളഭാഷയിലും സാഹിത്യത്തിലും സിനിമയിലും വളരെയധികം താത്പര്യവും അറിവുമുള്ള അദ്ദേഹം മലയാളത്തില്‍ ധാരാളം കവിതകള്‍ എഴുതിയിട്ടുണ്ടു്. കാലിഫോര്‍ണിയയിലെ ബേ ഏരിയയിലെ മലയാളികളുടെ ഒരു സാംസ്കാരികസംഘടനയായ “മങ്ക”യുടെ വൈസ് പ്രെസിഡന്റായ അജിത്ത് എല്ലാ കലാസാംസ്കാരികപ്രവര്‍ത്തനങ്ങളിലും മുന്‍‌നിരയിലുണ്ടു്. നല്ലൊരു നടനും സംവിധായകനും പ്രസംഗകനും സംഘാടകനുമാണു് അദ്ദേഹം. അദ്ദേഹമുണ്ടെങ്കില്‍ സുഹൃത്‌സംവാദങ്ങള്‍ വളരെ സജീവവും രസകരവുമാണു്. വെണ്മണിശ്ലോകങ്ങളും വടക്കന്‍പാട്ടും കടമ്മനിട്ടക്കവിതയും ഷേക്സ്പിയറും വി. കെ. എന്നും നോം ചോസ്കിയുമൊക്കെ അവയില്‍ കൂട്ടിയിണങ്ങി വരും.

അജിത്തിന്റെ ചെറിയ കവിതകളിലൊരെണ്ണം താഴെച്ചേര്‍ക്കുന്നു:

ഇരുട്ടും വെളിച്ചവും

കത്തിനില്‍ക്കുന്നൊരാ പൊന്‍‌വിളക്കിന്‍ തിരി
അല്പമാരേലും ഉയര്‍ത്തി വെയ്ക്കൂ…
എത്തുന്നതില്ലീ മനസ്സുകള്‍ക്കുള്ളിലേ-
യ്ക്കൊട്ടും വെളിച്ചം; ഇരുട്ടു മാത്രം.

എരിതീയിലുരുകാത്തൊരെന്നാദര്‍ശത്തിന്റെ
വയര്‍ കത്തിയെരിയുന്നു തീവ്രതയാല്‍
മനസ്സിന്റെ വാതായനങ്ങളില്‍ തൂക്കുവാന്‍
തിരശ്ശീലയില്ലെന്‍ മയില്‍പ്പെട്ടിയില്‍

ചൊടിയെത്തും മുന്‍പതാ വിരലില്‍ നിന്നവര്‍ തട്ടി-
യെറിയുന്നു ജീവന്റെ പാനപാത്രം
കരയേതുമണയാതെ കദനത്തിന്‍ കടലിലൂ-
ടൊഴുകുന്നു ജീവിതയാനപാത്രം

ഇപ്പോര്‍ക്കളത്തില്‍ ജയിക്കുവാനായൊട്ടു-
മുതകുന്നതില്ലെന്റെ യുദ്ധതന്ത്രം
അകലയായ് കേട്ടുവോ വ്യഥയേതുമറിയാത്ത
പുലരി തന്‍ സാന്ദ്രമാം ശാന്തിമന്ത്രം?

കെട്ടുപോകാതെയാ പൊന്‍‌വിളക്കിന്‍ തിരി
അല്പമാരേലും ഉയര്‍ത്തി നോക്കൂ…
എത്തുമോയെന്നീ മനസ്സുകള്‍ക്കുള്ളിലേ-
യ്ക്കിറ്റു വെളിച്ചം ഇരുട്ടു മാറാന്‍ …


അജിത്ത് ഒരു നല്ല ഒരു ചലച്ചിത്രാസ്വാദകനും കൂടിയാണു്. സിനിമയുടെ സാങ്കേതികകാര്യങ്ങാളെപ്പറ്റി നല്ല അവഗാഹമുള്ള അദ്ദേഹം നല്ല സിനിമകള്‍ കാണാതെ വിടാറില്ല. എല്ലാ സിനിമയും അദ്ദേഹം രണ്ടു തവണ കാണുമത്രേ. ആദ്യത്തേതു് നാമൊക്കെ കാണുന്നതു പോലെ. രണ്ടാമതു് അതിന്റെ സാങ്കേതികവശങ്ങളെപ്പറ്റി പഠിക്കാന്‍. സിനിമ സ്പീല്‍ബെര്‍ഗിന്റേതായാലും സത്യന്‍ അന്തിക്കാടിന്റേതായാലും ഇതിനു വ്യത്യാസമില്ല.


തിരക്കു മൂലം അജിത്തിന്റെ സഹൃദയത്വം സുഹൃത്‌സദസ്സുകളില്ലാതെ ആളുകള്‍ അധികം അറിയാറില്ല. അദ്ദേഹത്തിനു കൂടുതല്‍ സമയമുണ്ടായിരുന്നെങ്കില്‍ ഒരു മികച്ച എഴുത്തുകാരനായും അദ്ദേഹം അറിയപ്പെട്ടേനേ.

അജിത്തിനു് ആയുസ്സും ആരോഗ്യവും ഇനിയും ഉയരാനുള്ള അവസരങ്ങളും നേരുന്നു.