പ്രശസ്തി കുറയുമ്പോള്‍…

സുഭാഷിതം

ഏതോ ഒരു സംസ്കൃതകവി എഴുതിയ ഒരു പഴയ ശ്ലോകം:

ശ്ലോകം:

ഘടം ഭിത്വാ പടം ഛിത്വാ
മാതരം പ്രഹരന്നപി
യേന കേന പ്രകാരേണ
പ്രസിദ്ധഃ പുരുഷോ ഭവേത്

അര്‍ത്ഥം:

ഘടം ഭിത്വാ : കുടം പൊട്ടിച്ചോ
പടം ഛിത്വാ : വസ്ത്രം കീറിയോ
മാതരം പ്രഹരൻ അപി : അമ്മയെ തല്ലുക വരെ ചെയ്തോ
യേന കേന പ്രകാരേണ : എന്തെങ്കിലുമൊക്കെ വിധത്തിൽ
പ്രസിദ്ധഃ പുരുഷഃ ഭവേത് : പ്രസിദ്ധൻ ആകണം
: (എന്നാണു ചിലരുടെ ആഗ്രഹം.)

മറ്റുള്ളവരിൽ നിന്നു വ്യത്യസ്തമായി എന്തെങ്കിലും ചെയ്യുന്നവരാണു സാധാരണയായി പ്രസിദ്ധരാകുന്നതു്. നല്ല ആളുകൾ അവരുടെ നല്ല പ്രവൃത്തികൾ കൊണ്ടു പ്രസിദ്ധരാകും. ചീത്ത പ്രവൃത്തികൾ കൊണ്ടും പ്രസിദ്ധി കിട്ടും. പ്രസിദ്ധിയ്ക്കു വേണ്ടി എന്തും ചെയ്യാൻ മടിയില്ലാത്തവരെ പരിഹസിക്കുകയാണു് ഈ ശ്ലോകത്തിൽ. പ്രസിദ്ധരാകാൻ വേണ്ടി അവർ സാധാരണ ആളുകൾ ചെയ്യാത്ത ചീത്ത പ്രവൃത്തികൾ പോലും ചെയ്യും എന്നർത്ഥം.

ചെക്കോവിന്റെ ഒരു കഥയുണ്ടു്. പ്രസിദ്ധി ആഗ്രഹിച്ച ഒരു പയ്യന്റെ കഥ. അതിനു വേണ്ടി അവൻ ഒരു മണ്ടത്തരം പിടിച്ച അപകടത്തിൽ ചാടുന്നു. എല്ലാവരും അതിനെപ്പറ്റി അറിഞ്ഞതിൽ ആഹ്ലാദിക്കുകയാണു് അവൻ. പിറ്റേന്നത്തെ പത്രത്തിൽ അവന്റെ മണ്ടത്തരത്തിന്റെ വാർത്ത വന്നപ്പോൾ അതു് അവൻ എല്ലാവരെയും കാണിക്കുകയാണു്. മനുഷ്യമനസ്സിന്റെ പ്രത്യേകതകളെയും വൈകൃതങ്ങളെയും കഥകൾക്കു വിഷയമാക്കിയ ആ മഹാകഥാകാരൻ ഈ ശ്ലോകം കണ്ടിട്ടില്ലെങ്കിലും ഇത്തരം മനുഷ്യരെ നന്നായി പരിചയപ്പെട്ടിട്ടുണ്ടു്. ഇത്തരം ശ്ലോകങ്ങളും ചെക്കോവിന്റെ കഥകളും പ്രസിദ്ധമാകുന്നതും മറ്റിടങ്ങളിൽ കാണാത്ത ഈ സാർവ്വജനീനത കൊണ്ടാണു്.

രാഷ്ട്രീയത്തിലും സിനിമാരംഗത്തും മറ്റും ഇതുപോലെയുള്ള പല കഥാപാത്രങ്ങളെ ധാരാളമായി കാണാം. പോപ്പുലാരിറ്റി നേടാൻ എന്തു കോപ്രായവും ചെയ്യാൻ മടിക്കാത്തവർ. അമ്മയെത്തല്ലിയാണെങ്കിലും ആളാവാൻ ശ്രമിക്കുന്നവർ.

ബ്ലോഗുലകത്തിലും ഇത്തരം ആളുകൾ കുറവല്ല. ഒന്നും എഴുതാനില്ലെങ്കിലും എന്തെങ്കിലും കുത്തിത്തിരിപ്പുണ്ടാക്കി ആളാവുന്നവർ. പോപ്പുലാരിറ്റി കുറഞ്ഞെന്നു തോന്നിയാൽ അർത്ഥശൂന്യമായ എന്തെങ്കിലും പോസ്റ്റിടുന്നവർ. മറ്റുള്ളവരെ ചൊറിഞ്ഞു ബഹളമുണ്ടാക്കുന്നവർ.

ഇവർ നേടുന്നതു് പ്രസിദ്ധിയല്ല, അപഹാസ്യതയാണെന്നു് ഇവർ എന്നെങ്കിലും മനസ്സിലാക്കുമോ?