മാതൃഭൂമി ആഴ്ചപ്പതിപ്പു് അടുത്തിടെ തുടങ്ങിയ ഒരു പംക്തിയാണു് ‘ബ്ലോഗന’. “ബ്ലോഗുകളില്‍ പ്രസിദ്ധീകരിക്കുന്ന മികച്ച സൃഷ്ടികളില്‍ നിന്നു് മാതൃഭൂമി ആഴ്ചപ്പതിപ്പു് ഈയാഴ്ച തിരഞ്ഞെടുത്ത രചന” എന്നാണു് ഈ പംക്തിയുടെ ഉള്ളടക്കത്തെപ്പറ്റി ആഴ്ചപ്പതിപ്പുകാര്‍ നല്കുന്ന വിശദീകരണം.
എതിരന്‍ കതിരവന്റെ ഇരട്ടവാലന്റെ ലിംഗപ്രതിസന്ധി എന്ന ലേഖനം, വിശാലമനസ്കന്റെ ഇരുപതിനായിരം ഉറുപ്പിക എന്ന കഥ, വെള്ളെഴുത്തിന്റെ ശിക്ഷയും കുറ്റവും എന്ന ലേഖനം എന്നീ പോസ്റ്റുകള്‍ക്കു ശേഷം, എന്റെ പിതൃത്വം പിഴച്ച പ്രമാണങ്ങള്‍ എന്ന പോസ്റ്റ് ഓഗസ്റ്റ് 17-23 ലക്കത്തിലെ ബ്ലോഗനയില്‍ പ്രസിദ്ധീകരിച്ചു. അതു് ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച രൂപത്തില്‍ ഇവിടെ വായിക്കാം. (ഇതു സ്കാന്‍ ചെയ്തു് PDF ആക്കി അയച്ചുതന്ന പ്രശാന്ത് കളത്തില്‍, ദേവദാസ് (ലോനപ്പന്/വിവി) എന്നിവര്‍ക്കു നന്ദി.) ഒന്നുരണ്ടു് അപവാദങ്ങള്‍ ഒഴിച്ചാല്‍ (ഹലായുധന് – ഹലായുധനു്, ശുല്‍ബസൂത്രം – ശൂല്ബസൂത്രം) അക്ഷരത്തെറ്റുകളൊന്നുമില്ലാതെ നന്നായി ടൈപ്സെറ്റ് ചെയ്തിട്ടുള്ള ലേഖനം. ലേഖനത്തില്‍ പരാമര്‍ശിച്ചിട്ടുള്ള ചില വ്യക്തികളുടെ ചിത്രങ്ങള്‍ ചേര്‍ത്തും, ചില പ്രധാനവാക്യങ്ങളെ വലിയ അക്ഷരത്തില്‍ എടുത്തെഴുതിയും അതിനൊരു പ്രൊഫഷണല്‍ അച്ചടിരൂപം നല്കിയിട്ടുണ്ടു്. പക്ഷേ, ബ്ലോഗില്‍ നിന്നു് അച്ചടിയിലേക്കു വന്നപ്പോള്‍ പലതും ചോര്‍ന്നുപോയി ചിന്താക്കുഴപ്പമുണ്ടാക്കി എന്നതു നിര്‍ഭാഗ്യകരമായി.
ഒരു ബ്ലോഗ്പോസ്റ്റ് അച്ചടിമാദ്ധ്യമത്തില് വരുമ്പോള്‍ അതിന്റെ ആവിഷ്കാരത്തില്‍ പല പരിമിതികളും ഉണ്ടാവും. ചിലവ ബ്ലോഗില്‍ സാദ്ധ്യമാവുന്ന പലതും അച്ചടിമാദ്ധ്യമത്തില് സാദ്ധ്യമല്ലാത്തതുകൊണ്ടാണു്. മറ്റു ചിലവ, അച്ചടിമാദ്ധ്യമങ്ങളില്‍ മാത്രം വ്യാപരിച്ചിട്ടുള്ള എഡിറ്റര്‍മാര്‍ക്കു് ബ്ലോഗുകളുടെ ഉള്ളടക്കം വേണ്ട വിധത്തില്‍ പകര്‍ത്താന്‍ കഴിയാത്തതുകൊണ്ടാണു്. ഈ രണ്ടു ന്യൂനതകള്‍ക്കും എന്റെ പോസ്റ്റില്‍ ഉദാഹരണങ്ങളുണ്ടു്. എതിരന്‍ കതിരവന്റെയും വെള്ളെഴുത്തിന്റെയും പോസ്റ്റുകള്‍ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ വരുന്ന ലേഖനങ്ങളുടെ ശൈലിയിലുള്ളവയായതുകൊണ്ടും വിശാലമനസ്കന്റേതു് ഒരു കഥയായതിനാലും അവയൊന്നും ബ്ലോഗിന്റെ ഒരു പ്രത്യേകസാദ്ധ്യതയെയും അവ ഉപയോഗിക്കാത്തതുകൊണ്ടും അവയില്‍ കാര്യമായ കല്ലുകടികള്‍ ഉണ്ടായില്ല. പക്ഷേ, മറ്റു പല ബ്ലോഗുകളുടെയും സ്ഥിതി അതല്ല.
ഇന്റര്‍നെറ്റില്‍ പ്രസിദ്ധീകരിക്കുന്ന കൃതികളുടെ ഏറ്റവും വലിയ ശക്തിയാണു ലിങ്കുകള്‍. ഒരു പോസ്റ്റില്‍ പരാമര്‍ശിക്കപ്പെടുന്ന ഒരു വിഷയത്തെപ്പറ്റി വായനക്കാരനു് മറ്റൊരാളുടെ കൃതിയിലോ വിക്കിപീഡിയ പോലെയുള്ള വിജ്ഞാനകോശങ്ങളിലോ വായിക്കാം. അച്ചടിമാദ്ധ്യമങ്ങളില്‍ ഇതു പലപ്പോഴും ഉദ്ധരണികള്‍ വഴിയാണു് നടത്തുക. ഉദ്ധരണികള്‍ സാദ്ധ്യമല്ലാത്ത അവസരങ്ങളില്‍ പുസ്തകത്തിന്റെ പേരോ ആഴ്ചപ്പതിപ്പിന്റെ ലക്കത്തിന്റെ നമ്പരോ കൊടുത്തു് വായനക്കാരനോടു് അതും തപ്പിപ്പിടിച്ചു വാങ്ങി വായിക്കാന്‍ പറയും. എത്ര പേര്‍ക്കു് വായനയുടെ ഒഴുക്കു് നഷ്ടപ്പെടാതെ അതിന്റെ റെഫറന്‍സുകള്‍ തപ്പിപ്പിടിച്ചു് വായിക്കാന്‍ കഴിയും എന്നു സംശയമാണു്. എങ്കിലും പറഞ്ഞതു് മറ്റൊരിടത്തെ കാര്യമാണു് എന്നു വ്യക്തമായി പറയുകവഴി അതിലേയ്ക്കെത്താന്‍ ഒരു മാര്‍ഗ്ഗരേഖ കൊടുക്കേണ്ടതു് അത്യാവശ്യമാണു്. ഇതു് ഈ ലേഖനത്തില്‍ മാതൃഭൂമി ചെയ്തിട്ടില്ല.
ഈ ലേഖനം പ്രസിദ്ധീകരിക്കാന്‍ അനുവാദം ചോദിച്ചപ്പോള്‍ ഇതിലെ ലിങ്കുകളുടെ URL-കള്‍ ബ്രായ്ക്കറ്റിലോ മറ്റോ കൊടുക്കണം എന്നു ഞാന്‍ നിര്‍ദ്ദേശിച്ചിരുന്നു. ഇതു സ്ഥലപരിമിതി മൂലമോ മറ്റോ സാധിച്ചില്ലെങ്കില്‍ വായനക്കാര്‍ക്കു ചിന്താക്കുഴപ്പമുണ്ടാക്കാത്ത വിധത്തില്‍ അവതരിപ്പിക്കണമായിരുന്നു. ചില കല്ലുകടികള്‍:
- ആര്‍ക്കിമിഡീസിന്റെ കന്നാലിച്ചോദ്യം വിശകലനം ചെയ്താല്‍…: പോസ്റ്റില്‍ മാത്ത്വേള്‍ഡിലെ ലേഖനത്തിലേയ്ക്കു് ലിങ്കുണ്ടു്. അതിനെപ്പറ്റി യാതൊന്നും (ഒരു ഫുട്ട്നോട്ടു പോലും) പറയാത്ത മാതൃഭൂമിലേഖനം വായിച്ചിട്ടു് “ഇതെന്തൂട്ട്ടാ കന്നാലീ ചോദ്യം?” എന്നു വായനക്കാരന് ചോദിച്ചില്ലെങ്കിലേ അദ്ഭുതമുള്ളൂ.
- ഇവയെപ്പറ്റി വിശദമായ ഒരു ലേഖനം (ഈ ലേഖനത്തിന്റെ രണ്ടാം ഭാഗം) എഴുതാന്‍ ഉദ്ദേശിക്കുന്നതുകൊണ്ടു്…: ഇവിടെ ഈ ലേഖനത്തിന്റെ എന്നതു് ഒരു ലിങ്കാണു്. എന്റെ തന്നെ പിംഗളന്റെ ഛന്ദശ്ശാസ്ത്രവും ദ്വ്യങ്കഗണിതവും എന്ന പോസ്റ്റിനെപ്പറ്റിയാണു് അതു്. അതു വ്യക്തമാക്കാതെ (“ഈ ലേഖനത്തിന്റെ” എന്നതിനു പകരം “പിംഗളന്റെ ഛന്ദശ്ശാസ്ത്രവും ദ്വ്യങ്കഗണിതവും എന്ന ലേഖനത്തിന്റെ” എന്നെങ്കിലും പറയാമായിരുന്നു.) വാക്കുകള്‍ അതേപോലെ എടുത്തെഴുതിയിരിക്കുന്നു. ഇതു വായിച്ചാല്‍ “പിതൃത്വം പിഴച്ച പ്രമാണങ്ങള്‍” എന്ന ഈ പോസ്റ്റിന്റെ രണ്ടാം ഭാഗം എന്നേ തോന്നൂ.
- പ്രൊഫ. ഹില്ലിന്റെ പേപ്പറുകള്‍ ഇവിടെ കാണാം. (എവിടെ? മാതൃഭൂമിയിലോ?) ഈ സിദ്ധാന്തത്തെപ്പറ്റി പല പേപ്പറുകളും അവിടെയുണ്ടു്: “ഇവിടെ” എന്നതു് ഒരു ലിങ്കാണെന്നു വ്യക്തമാക്കാതെ (ഉദാ: “പ്രൊഫ. ഹില്ലിന്റെ പേപ്പറുകള്‍ http://www.math.gatech.edu/~hill/publications/cv.dir/cv.html#publ എന്ന പേജില്‍ കാണാം.”) വാക്യം അതേപടി എഴുതിയതു് വായനക്കാരനെ ചിന്താക്കുഴപ്പത്തിലാക്കുകയേ ഉള്ളൂ.
- ഈ ലേഖനത്തില്‍ പാസ്കലിനു മുമ്പേ ഇതു പിംഗളനും പിന്നീടു ചൈനീസ് ഗണിതജ്ഞനായിരുന്ന യാങ് ഹുയിയും (പതിമൂന്നാം നൂറ്റാണ്ടു്) പേര്‍ഷ്യയിലെ ഒമാര്‍ ഖയ്യാമും (പതിനൊന്നാം നൂറ്റാണ്ടു്. റുബായിയാത്ത് എഴുതിയ കവി തന്നെ-അദ്ദേഹം ഗണിതജ്ഞനുമായിരുന്നു.) കണ്ടുപിടിച്ചിരുന്നു എന്നും പറയുന്നു.: ഇതിലെ “ഈ ലേഖനം” ഇംഗ്ലീഷ് വിക്കിപീഡിയയിലെ ഈ ലേഖനം ആണു്.
- സന്തോഷിന്റെ “റാന്‍ഡം നമ്പരുകള്‍” എന്ന പോസ്റ്റ്, എന്റെ ഭാരതീയഗണിതത്തിലെ നാലു പോസ്റ്റുകള്‍, വിക്കിപീഡിയയിലും മറ്റുമുള്ള കുറേ റെഫറന്‍സുകള്‍ തുടങ്ങിയവ വിട്ടുകളഞ്ഞിരിക്കുന്നു. ഇവ റെഫറന്‍സുകളാണെന്നു വ്യക്തമായതിനാല്‍ മുകളില്‍ സൂചിപ്പിച്ചവയെപ്പോലെ പ്രശ്നമില്ല. എങ്കിലും ഇവയെപ്പറ്റിയുള്ള വിവരങ്ങള്‍ എങ്ങനെ കിട്ടും എന്നു വ്യക്തമാക്കിയിട്ടില്ല.
- ഇനി, പൂര്‍ണ്ണമായ റെഫറന്‍സുകളും മറ്റും കിട്ടാന്‍ വായനക്കാര്‍ ബ്ലോഗ്പോസ്റ്റില്‍ തന്നെ പോകാന്‍ ഇതു പ്രോത്സാഹിപ്പിക്കുകയാണു് എന്നു പറഞ്ഞാല്‍ പോസ്റ്റിന്റെ ലിങ്കും ഇതില്‍ അത്ര വ്യക്തമല്ല. അവസാനത്തില്‍ യു. ആര്. എല്‍. കൊടുത്തിട്ടുണ്ടു് എന്നതു ശരിയാണു്. എങ്കിലും ലേഖനത്തിന്റെ തലക്കെട്ടിലോ മുകളിലോ “ഈ ലേഖനം ബ്ലോഗ്പോസ്റ്റായി വായിക്കാന്‍ http://malayalam.usvishakh.net/blog/archives/198 എന്ന പേജ് സന്ദര്‍ശിക്കുക” എന്നോ മറ്റോ ചേര്‍ക്കാമായിരുന്നു.
ചുരുക്കം പറഞ്ഞാല്‍, ഒരു ബ്ലോഗ്പോസ്റ്റ് അച്ചടിക്കുമ്പോള്‍ അതിലെ ലിങ്കുകളെ പൂര്‍ണ്ണമായി അവഗണിക്കരുതു്. പോസ്റ്റിന്റെ ഒരു പ്രിന്റൌട്ട് എടുത്താല്‍ ഇതിലും ഭേദമാണു്. കാരണം, ലിങ്കുകള്‍ അടിവരയിട്ടോ മറ്റൊരു നിറത്തിലോ വേര്‍തിരിച്ചു കാണിക്കുന്നതുകൊണ്ടു് കുറഞ്ഞപക്ഷം അതൊരു റെഫറന്‍സാണെന്നു വായനക്കാരനു മനസ്സിലാവും, അതു വായിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ത്തന്നെ.
ലിങ്കുകള്‍ കാട്ടാന്‍ കഴിയാത്തതു് അച്ചടിയുടെ പരിമിതിയാണെന്നു പറയാം. എങ്കിലും വേര്‍തിരിച്ചു കാണിക്കേണ്ട ഖണ്ഡങ്ങളെ വേര്‍തിരിക്കാഞ്ഞതു് അശ്രദ്ധയാണെന്നേ പറയാന്‍ കഴിയൂ.
പോസ്റ്റില്‍ എട്ടു ഖണ്ഡങ്ങളുണ്ടു്. ഓരോ ഖണ്ഡത്തിലും സ്രഷ്ടാവിന്റെ കാര്യത്തില്‍ തെറ്റുപറ്റിയ ഓരോ സിദ്ധാന്തത്തെപ്പറ്റിയും അതിനോടു ബന്ധപ്പെട്ട ചില കാര്യങ്ങളും പറയുന്നു. ഓരോ ഖണ്ഡത്തിലും വാക്യങ്ങളുടെ ഒഴുക്കനുസരിച്ചു് ഒന്നിലധികം ഖണ്ഡികകളുണ്ടാവാം. ഖണ്ഡങ്ങളെ വേര്‍തിരിച്ചു കാണിക്കാന്‍ അവയ്ക്കിടയില്‍ ഒരു വര വരയ്ക്കുക എന്ന രീതിയാണു് ഞാന്‍ ഉപയോഗിച്ചതു്. ഇതു് അച്ചടിയില്‍ അഭംഗിയാണു്. എങ്കിലും, ഒരു ഖണ്ഡത്തിന്റെ തുടക്കം അതിലെ ആദ്യാക്ഷരം കട്ടിയുള്ള വലിയ അക്ഷരത്തില്‍ കൊടുത്തു സൂചിപ്പിക്കാമായിരുന്നു. അച്ചടിലേഖനത്തില്‍ ഇതിലെ എല്ലാ ഖണ്ഡികകളും തുല്യപ്രാധാന്യത്തോടെ ചിതറിക്കിടക്കുന്നു. ഒരു ഖണ്ഡത്തില്‍ നിന്നു മറ്റോന്നിലേയ്ക്കുള്ള മാറ്റം വ്യക്തമല്ലാത്തതിനാല്‍ ആരോ എഴുതിക്കൊടുത്ത പ്രസംഗം സ്കൂള്‍ക്കുട്ടി കാണാതെ പഠിച്ചു പറയുന്നതുപോലെ ആയിപ്പോയി ലേഖനം.
എന്റെ ഈ ലേഖനം പൊതുവേ ഒരു അച്ചടിലേഖനത്തോടു വളരെ അടുത്തു നില്ക്കുന്നതുകൊണ്ടു് മറ്റു കുഴപ്പങ്ങള്‍ കാര്യമായി ഇല്ല. പക്ഷേ, ഭൂരിഭാഗം ബ്ലോഗ്പോസ്റ്റുകളും ഉള്ളടക്കം മാത്രം അച്ചടിച്ചാല്‍ പാരായണയോഗ്യമാവണമെന്നില്ല. അവയില്‍ പരാമര്‍ശിച്ചിട്ടുള്ളതും ബ്ലോഗുകളില്‍ മാത്രം ഉപയോഗിക്കുന്നതുമായ പ്രയോഗങ്ങള്‍ക്കു് ഒരു ചെറിയ വിശദീകരണമെങ്കിലും ആവശ്യമാണു്.
മാതൃഭൂമിയില്‍ പ്രസിദ്ധീകരിക്കാന്‍ വേണ്ടി ബ്ലോഗ്പോസ്റ്റ് മാറ്റിയെഴുതണം എന്നതിനോടു യോജിക്കാന്‍ കഴിയില്ല. അപ്പോള്‍ അതു ബ്ലോഗ് കൃതിയാവില്ല. ബ്ലോഗ് കൃതിയെ അതായിത്തന്നെ വായനക്കാര്‍ക്കു മനസ്സിലാക്കിക്കൊടുക്കുകയാണു വേണ്ടതു്.
കമന്റുകളും ചേര്‍ക്കണമെന്നു ചിലര്‍ അഭിപ്രായപ്പെട്ടുകണ്ടു. അതിനോടും എനിക്കു യോജിപ്പില്ല. പ്രസക്തമായ കമന്റുകളുണ്ടെങ്കില്‍ അവയെ പോസ്റ്റെഴുതിയ ആള് തന്നെ പോസ്റ്റില്‍ ചേര്‍ക്കുകയാവും ഉചിതം.
അവസാനമായി, പോസ്റ്റെഴുതിയ ആളിന്റെ പേരു കൂടി പ്രസിദ്ധീകരിക്കേണ്ടതു് ആവശ്യമാണു്. എതിരന്‍ കതിരവന്‍, വെള്ളെഴുത്തു് എന്നിവര്‍ക്കു് കര്‍ത്താവിന്റെ പേരും ബ്ലോഗിന്റെ പേരും ഒന്നു തന്നെയായതിനാല്‍ പ്രശ്നമില്ലായിരുന്നു. (വിശാലന്റെ പേരു പ്രസിദ്ധീകരിച്ചോ എന്നറിയില്ല.) പക്ഷേ, ബാക്കിയുള്ളവര്‍ക്കു് ബ്ലോഗിന്റെ പേരിനോടൊപ്പം എഴുതിയ ആളിന്റെ പേരു കൂടി കൊടുക്കണം. അനോണിപ്പേരിലാണു് എഴുതുന്നതെങ്കില്‍ ആ പേരു മതി.
മാതൃഭൂമി അധികൃതരെ ഈ വിവരങ്ങള്‍ ഞാന്‍ അറിയിക്കുന്നുണ്ടു്. ഭാവിയില്‍ ബ്ലോഗന ന്യൂനതകള്‍ ഒഴിവാക്കി ബ്ലോഗുകളെ കമ്പ്യൂട്ടറുമായി ബന്ധമില്ലാത്തവര്‍ക്കു നന്നായി പരിചയപ്പെടുത്തും എന്നു പ്രതീക്ഷിക്കുന്നു.
ബ്ലോഗ്സൃഷ്ടികളില്‍ കാമ്പുള്ളവ ഉണ്ടെന്നു് മനസ്സിലാക്കിയ മാതൃഭൂമിയുടെ ശ്രമം അഭിനന്ദനാര്‍ഹമാണു്. ഒരു കാലത്തു് അച്ചടിമാദ്ധ്യമങ്ങളും ഇന്റര്‍നെറ്റിലെ തന്നെ പല വല്യേട്ടന്മാരും ഉറക്കെ വിളിച്ചുപറഞ്ഞുകൊണ്ടു നടന്നിരുന്നതു് ബ്ലോഗിലാകെ അശ്ലീലം പറയുന്ന ബാബുക്കുട്ടന്മാരും ആത്മരതിയില്‍ അഭിരമിക്കുന്ന അലവലാതികളും മാത്രമാണു് എന്നായിരുന്നു. (ഇങ്ങനെ എഴുതിയ പലരും പിന്നീടു ബ്ലോഗില്‍ത്തന്നെ ചേക്കേറി എന്നതു മറ്റൊരു കാര്യം.) ആ സ്ഥിതിയ്ക്കു് വ്യത്യാസം വന്നുതുടങ്ങി എന്നതു് നല്ല കാര്യം.
ബ്ലോഗനയിലൂടെ മലയാളബ്ലോഗുകളിലെ നല്ല കൃതികൾ കൂടുതൽ ആളുകളിൽ എത്തട്ടേ എന്നു് ആഗ്രഹിക്കുന്നു.
മഞ്ഞ ഒതളങ്ങ വര്‍മ്മ | 21-Aug-08 at 8:53 pm | Permalink
അങ്ങനെ ഉമേശ്ജിയും മാതൃഭൂമിയിലൊക്കെ എഴുതുന്ന വല്യ സാഹിത്യകാരനായി!
ആലിംഗനങ്ങള്‍.
ലിങ്കുകളെക്കുറിച്ച് പറഞ്ഞത് കറക്റ്റാണ്.
കന്നാലി ചോദ്യം എന്ന് പറഞ്ഞിട്ട്, ലിങ്ക് ലേഖനത്തിന് താഴെ റെഫറന്‍സ് കൊടുത്താല്‍ പത്രാധിപരെ വായനക്കാര്‍ കന്നാലീന്ന് വിളിക്കുകയേയുള്ളൂ. പത്രം വായിച്ചിട്ട് പിന്നെ ഇന്റര്‍നെറ്റില്‍ കയറി ബാക്കി വായിക്കണം എന്നോണോ? എന്നാല്‍ ഉമേശന്ജിയുടെ ലേഖനത്തിന്റെ ലിങ്ക് മാത്രം കൊടുത്താല്‍ മതിയല്ലോ.ഇന്റര്നെറ്റില്ലാത്തവന് പത്രം വായിച്ച ശേഷം, സൈക്കിളെടുത്ത് ഇന്റര്‍നെറ്റ് കഫേയില്‍ പോയി ലിങ്ക് തപ്പണം എന്നാണോ? അത് വളരെ ക്രൂരമാണ്, പ്രത്യേകിച്ച് ഇതൊക്കെ വായിക്കുന്നതും പോരാഞ്ഞ്.
ലിങ്കുകളുടെ കാര്യത്തില്‍ രണ്ട് സജ്ജഷന്‍സ് ഉണ്ട്.
ലിങ്കുകളിലെ കണ്ടന്റ് കൂടി ലേഖനത്തിനൊപ്പം പ്രസിദ്ധീകരിക്കുക. ഇതിനായി വരുന്ന അധിക ചിലവ് സാഹിത്യകാരന്മാരുടെ കൈയ്യില്‍ നിന്ന് മാസഗഡുക്കളായി പിരിക്കാവുന്നതാണ്.
ലിങ്കുകളുള്ള വരികള്‍ ഒഴിവാക്കുക. അര്ത്ഥശങ്കക്കിട നല്‍കാത്ത വണ്ണം ഗ്യാപ്പുകള്‍ ഫില്‍ ചെയ്യാന്‍ പുതിയ വാചകങ്ങള്‍ സബ് എഡിറ്ററെക്കൊണ്ട് എഴുതി മോടി പിടിപ്പിക്കുകയുമാകാം. ഉദാഹരണത്തിന് ആര്‍ക്കമിഡീസിന്റെ കന്നാലി ചോദ്യം വിശകലനം ചെയ്താല്‍ എന്നുള്ളതിന് പകരം, ആര്‍ക്കമിഡീസിന്റെ വിപ്ലവകരമായ ജ്യാമതീയ പരിശ്ചേദങ്ങളുടെ കാതല്‍ വിശകലനം ചെയ്താല്‍ എന്നെഴുതിയാല്‍ വായിക്കുന്നവന് ഒരു സംശയവും ഉണ്ടാകുകയുമില്ല, ബലേ ഭേഷ് എന്നു പറയുകയും ചെയ്യും.
ഇനിയും ഉമേശന് ജിയുടെ വിജ്ഞാന ഭണ്ഡാഗാരമായുള്ള മറ്റു പോസ്റ്റുകളും , തമാശകള്‍ അടക്കം, ലിങ്കില്ലാതെ മാതൃഭൂമിയില്‍ വരട്ടെ എന്നാംശംസിക്കുന്നു.അഭ്യര്‍ത്ഥിക്കുന്നു.
(എന്റെ ഐ പി വെളിപ്പെടുത്തരുതേ, പ്ലീസ്. ആള്ക്കാര് തല്ലിക്കൊല്ലും, അതോണ്ടാ)
ബാന്റ്വാദ്യങ്ങളോടെ
എം.ഒ. വര്‍മ്മ
അല്ലാ മഞ്ഞ ഒതളങ്ങാ വര്‍മ്മ ഇവിടെയും എത്തിയോ? സ്വാഗതം മാഷേ! താങ്കളുടെ കവിതകള്‍ വായിച്ചു ഞാന്‍ താങ്കളുടെ ഒരു കട്ട ഫാന്‍ ആയിട്ടു് ഏതാനും ദിവസങ്ങളേ ആയിട്ടുള്ളൂ 🙂
പറഞ്ഞതിനോടു യോജിക്കുന്നു. ലിങ്കുകള്‍ വായിക്കാന്‍ വായനക്കാരനു ബുദ്ധിമുട്ടാണു്. അതിന്റെ ഉള്ളടക്കം ചേര്‍ക്കാനും ബുദ്ധിമുട്ടാണു്. പക്ഷേ, അതൊരു റെഫറന്സാണെന്നു് എങ്ങനെയെങ്കിലും വ്യക്തമാക്കണം. അല്ലെങ്കില്‍ വലിയ ആശയക്കുഴപ്പത്തിനു കാരണമാകും. ഒരു ഫുട്ട്നോട്ടോ വ്യത്യസ്തമായ ഒരു ഫോണ്ടോ അങ്ങനെ എന്തെങ്കിലും. ഞാന്‍ അക്കമിട്ടു നിരത്തിയ പ്രശ്നങ്ങളില്‍ ആദ്യത്തെ നാലെണ്ണം മാത്രമേ വലിയ പ്രശ്നമായി എനിക്കു തോന്നിയുള്ളൂ. പിന്നെ ഖണ്ദങ്ങള് വ്യക്തമാക്കാത്തതും പേരു വെയ്ക്കാത്തതും.
ലിങ്കുകള്‍ ഒഴിവാക്കി വിശദീകരണം എഴുതുന്നതിന്റെ ഉദാഹരണം റൊമ്പ പുടിച്ചു്!
N.B.: ബഹളം വെച്ചു് ആളു കൂട്ടി ദയവായി മറ്റു വര്‍മ്മമാരെ ഇവിടെ വിളിച്ചു കയറ്റല്ലേ 🙂
അനോണി മാഷ് | 22-Aug-08 at 3:00 am | Permalink
അഭിനന്ദനങ്ങള്‍ എന്റെ വകയും.
ഒരു ഡൌട്ടുണ്ടേ.
ഈ ബ്ലോഗന പ്രസിദ്ധീകരിക്കുന്നതിന് മാതൃഭൂമിക്കാര് കാശ് തരുമോ അതോ ബ്ലോഗു പുസ്തകമാക്കുന്നതു പോലെ സ്വന്തം കൈയ്യീന്ന് കാശ് അങ്ങോട്ട് കൊടുക്കണോ? അതല്ല വെറും ആത്മാവിന്റെ സംതൃപ്തി കൊണ്ട് പണ്ടാറടങ്ങണോ?
കാശു് അങ്ങോട്ടും ഇങ്ങോട്ടുമില്ല മാഷേ. പോസ്റ്റ് എടുക്കാന്‍ അവര്‍ അനുവാദം ചോദിക്കും. നമ്മള് കൊടുക്കും. അവര്‍ ഇടും. നമ്മള് മാഷ് പറഞ്ഞ സംഗതി അടങ്ങും. തീര്‍ന്നു.
മുമ്പു് മൂന്നാമിടക്കാര് ഒരിക്കല്‍ എന്റെ മൂലഭദ്ര എന്ന പോസ്റ്റ് ഇതുപോലെ ഇട്ടിരുന്നു.
ഇതെന്താ അനോണികളിലെ സവര്‍ണ്ണരുടെ സംസ്ഥാനസമ്മേളനമോ? 🙂
എതിരന്‍ കതിരവന്‍ | 22-Aug-08 at 5:06 am | Permalink
ബ്ലോഗ് പേജ് അതേപടി പ്രിന്റ് ചെയ്യുക എന്ന പ്രാധമിക കര്‍മ്മം മാത്രമേ മാതൃഭൂമി ചെയ്യുന്നുള്ളു. പ്രൂഫ് പൊലും നോക്കുന്നില്ല. എന്റെ പേര് തെറ്റിച്ചാണ് എഴുതിയത്. (‘എതിരാന്’) ഹെഡിങ് ആയി ഞാന്‍ എഴുതിയ വാചകം ആദ്യത്തെ ഖണ്ഡികയോടു ചേര്‍ത്ത് തുടക്കം ഒരു ചാട്ടം പോലെയായി. ഞാന്‍ ഉദ്ദേശിക്കാത്ത കാര്യം ഒരു വാചകമായി വലിയ അക്ഷരത്തില്‍ പേജിനു നടുക്കുണ്ട്.
അനോണി മാഷ്: അങ്ങോാട്ടു കാശൊന്നും കൊടുക്കേണ്ട. പ്രസിദ്ധീകരിച്ചോട്ടെ എന്നു ചോദിച്ച് ഇ-മെയില്‍ കിട്ടി ആദ്യം. ആട്ടെ ആട്ടെ എന്നു ഞാന്‍. അടുത്തയാഴ്ച്ച ഇതാ വന്നു കഴിഞ്ഞു!
“മികച്ച സൃഷ്ടി’ എന്ന് മാതൃഭൂമി ആഴ്ച്ചപ്പതിപ്പില്‍ എഴുതിയതിനു താഴെ നമ്മടെ സ്വന്തം വാചകങ്ങള്‍ കാണുമ്പോഴുള്ള ഒരു ‘ഇത്’ (ആത്മസംതൃപ്തി എന്നാണോ പേര്?) ധാരാളം അനുഭവപ്പെട്ടു. നന്നി വേണോ പണം വേണോ.
suraj rajan | 22-Aug-08 at 6:23 am | Permalink
ബ്ലോഗെഴുത്ത് വായനക്കും എഴുത്തിനുമിടയ്ക്കുള്ള ഏതോ ഡൈമെൻഷനിലാണു നിൽക്കുന്നത് എന്ന് തോന്നിയിട്ടുണ്ട്.
കമന്റുകൾ കൊണ്ട് പോസ്റ്റ് വിപുലീകരിക്കപ്പെടുകയോ പൂർണ്ണമാക്കപ്പെടുകയോ ചെയ്യുമ്പോൾ, അല്ലെങ്കിൽ വിഡിയോ ക്ലിപ്പിങ്ങും ആപ്ലെറ്റ് ആനിമേയ്ഷനുമടക്കമുള്ള ലിങ്കൊക്കെ ഇട്ട് എഴുതുമ്പോൾ ഒക്കെ ആ സാധ്യതയാണു പ്രയോഗത്തിൽ വരുന്നത്. അതിനി എത്ര ഫുട്ട് നോട്ടിട്ടാലും മുഴുവനങ്ങോട്ട് ശരിയാകില്ല.
പ്രിന്റഡ് മീഡിയയ്ക്ക് അതിന്റെ ചിട്ടവട്ടങ്ങളിലൊതുങ്ങുന്നത് മാത്രമേ പ്രസിദ്ധീകരിക്കാനാവൂ.
ഡിസ്കൈമൾ: ബ്ലോഗനയിൽ വന്ന ലേഖനങ്ങൾ മോശമാണെന്ന് അഭിപ്രായപെട്ടിട്ടില്ലേ:)
കോവാലകൃഷ്ണന് | 22-Aug-08 at 6:45 am | Permalink
അനോനികളില സവര്‍ണ്ണ ഡേഷ്മക്കള്കള് എല്ലാരും വന്ന സ്ഥിതിയ്ക്ക് ഞാനായിട്ട് കൊറയ്ക്കണോ? നാണമില്ലല്ല് ഉമേശണ്ണാ ഇങ്ങന അച്ചടിമാദ്ധ്യമങ്ങളുട പൊറകേ പോകാനക്കൊണ്ട്. അച്ചടി കയ്ഞ്ഞപ്പം മാതിറുഫൂമികള പള്ള് പറയണല്ലീ?? പഷ്ട് പരുവാടികള്..
അണ്ണാ എന്റ ഐപ്പികള്‍ പിടിയ്ക്കല്ല് കേട്ട.
Babu Kalyanam | 22-Aug-08 at 7:25 am | Permalink
Congrats!!! ഇതു [പിതൃത്വം….] ഞാന്‍ വായിച്ചിരുന്നില്ല. ബുദ്ധിപരീക്ഷയിലും ഇടയ്ക്കൊക്കെ ഒരു പോസ്റ്റ് ഇട്ടൂടെ…
ബെന്നി | 22-Aug-08 at 9:04 am | Permalink
അച്ചടി മാധ്യമങ്ങള്‍ തീര്‍ച്ചയായും വായിച്ചിരിക്കേണ്ട കാര്യങ്ങള്‍! തക്ക സമയത്ത് തന്നെ പറഞ്ഞിരിക്കുന്നു. മാധ്യമങ്ങള്‍ തമ്മില്‍ കൊള്ളക്കൊടുക്കലുകള്‍ തീവ്രമാവുന്ന കാലമാണിത്. കണ്ടന്റിന്റെ ഇന്ററോപറബിലിറ്റിയെ പറ്റി മലയാളത്തില്‍ ഇനിയും പഠനങ്ങള്‍ വരട്ടെ!
പാഞ്ചാലി :: Panchali | 22-Aug-08 at 2:00 pm | Permalink
അഭിനന്ദനങ്ങള്‍!
jayarajan | 24-Aug-08 at 5:39 am | Permalink
അഭിനന്ദനങ്ങള്‍ ഉമേഷ്ജീ! അപ്പോ ഇതിന്റെ ചെലവ് എന്നാ:) (തെറ്റിദ്ധരിക്കനണ്ട നല്ലൊരു ബ്ലോഗ്പോസ്റ്റ്ആയിട്ട് മതി :))
Umesh::ഉമേഷ് | 25-Aug-08 at 2:30 pm | Permalink
ഒരബദ്ധം പറ്റി.
എതിരന്‍ കതിരവന്റെ ലിംഗപ്രതിസസന്ധിയ്ക്കു ശേഷം, വെള്ളെഴുത്തിന്റെ ശിക്ഷയ്ക്കു മുമ്പു്, വിശാലമനസ്കന്റെ “ഇരുപതിനായിരം ഉറുപ്പിക” എന്ന കഥയും ബ്ലോഗനയില്‍ വന്നിരുന്നു. അതു ഞാന്‍ അറിഞ്ഞിരുന്നില്ല. മാതൃഭൂമി ആഴ്ചപ്പതിപ്പു് ഈ അടുത്ത കാലത്തെങ്ങും കണ്ടിട്ടില്ലാത്തതിനാല്‍ ഇതൊന്നും വായിക്കാന്‍ കഴിഞ്ഞില്ല. (ആരെങ്കിലും സ്കാന്‍ ചെയ്തു് അയച്ചു തരുമോ?) അതാണു്, അല്ലാതെ വിശാലന് രണ്ടാം കുടിയിലെ ആയിട്ടല്ല.
വിശാലാ, മാപ്പു്!
പിന്നെ, തന്റെ പോസ്റ്റിന്റെ ബ്ലോഗനാവിഷ്കാരത്തിലും ചില്ലറ കല്ലുകടികള്‍ ഉണ്ടായി എന്നു് എതിരന്‍ കതിരവനും വ്യക്തമാക്കി.
ഇവ ഉള്‍ക്കൊള്ളിച്ചുകൊണ്ടു് പോസ്റ്റ് മാറ്റിയെഴുതിയിട്ടുണ്ടു്. തെറ്റുകള്‍ പറ്റിയതില്‍ ഖേദിക്കുന്നു.
കെ.പി.സുകുമാരന്‍ | 25-Aug-08 at 5:12 pm | Permalink
മാതൃഭൂമി വാരികയുടെ വരിക്കാരനായത് കൊണ്ടും ,എന്റെ ശിഥിലചിന്തകള്‍ ബ്ലോഗിലൂടെ പങ്ക് വെക്കുന്നത് കൊണ്ടും, സാദിഖ് മുന്നൂരിന്റെ ബ്ലോഗില്‍ നിന്ന് അഡ്രസ്സ് കിട്ടിയത് കൊണ്ടും ഞാന്‍ കമല്‍ റാം സജീവിന് ഒരു മെയില്‍ അയച്ചിരുന്നു . എന്റെ ബ്ലോഗില്‍ നിന്ന് സൃഷ്ടികള്‍ ബ്ലോഗനയില്‍ പ്രസിദ്ദീകരിക്കണം എന്ന് ആവശ്യപ്പെടാനല്ല .
മാതൃഭൂമി വാരികയുടെ വായനക്കാര്‍ എല്ലാം ബൂലോഗത്തെ വിശേഷങ്ങള്‍ അറിയുന്നവരായിരിക്കണമെന്നില്ല . അതായത് അണോണി നാമത്തിലേ ബ്ലോഗ് എഴുതാവൂ എന്ന അലിഖിതനിയമം എല്ലാ വായനക്കാരും അറിയാനിടയിലല്ലൊ . ഇത് വരെ ബ്ലോഗനയില്‍ വന്ന വിശാലമനസ്ക്കന്‍, എതിരാന് കതിരന്,വെള്ളെഴുത്ത്,മുന്നൂറാന്‍,ഗുരുകുലം തുടങ്ങിയ ബ്ലോഗെഴുത്തുകാരുടെ പേരുകള്‍ ചില വായനക്കാരിലെങ്കിലും ബ്ലോഗ്ഗര്‍മാരുടെ പേരുകള്‍ എന്താ ഇങ്ങനെയെന്ന് അങ്കലാപ്പ് ഉണ്ടാക്കിയാലോ എന്ന ആശങ്കയിലാണ് ഞാന്‍ ആ മെയില്‍ അയച്ചത് .
ഞാന്‍ മെയിലില്‍ ആവശ്യപ്പെട്ടത് , ബ്ലോഗനയില്‍ പ്രസിദ്ദീകരിക്കുന്ന സൃഷ്ടികളോടൊപ്പം ആ ബ്ലോഗ്ഗറെ പറ്റി അവര്‍ക്ക് സമ്മതമാണെങ്കില്‍ ഒരു ലഘുവിവരണം കൂടി നല്കുകയാണെങ്കില് അത് വായനക്കാര്‍ക്ക് ഉപകാരപ്രദമായിരിക്കും എന്നാണ് . ഇപ്പോഴത്തെ നിലയില്‍ പോയാല്‍ ഇനി വരുന്ന പേരുകള്‍ എന്തെല്ല്ലാം കോലങ്ങളില്‍ ആയിരിക്കും എന്ന എന്റെ ആശങ്കയും ഈ മെയിലിന്റെ പിന്നില്‍ ഉണ്ട് .
എന്റെ ആവശ്യം കമല്‍ റാം സജീവ് പരിഗണിക്കാനിടയില്ല . കാരണം ഒരു ബ്ലോഗറും അത്തരം വിവരണം ഇഷ്ടപ്പെടുകയില്ല എന്ന് അദ്ദേഹം ബ്ലോഗ് ചര്‍ച്ചകളിലൂടെ മനസ്സിലാക്കിയിട്ടുണ്ടാവുമല്ലൊ . ആരേയും വേദനിപ്പിക്കാനോ പ്രകോപിപ്പിക്കാനോ അല്ല ഞാന്‍ ഈ കമന്റ് ഇവിടെ എഴുതുന്നത് . എന്റെ ഒരു അഭിപ്രായം പ്രകടിപ്പിക്കാനുള്ള അവസരം നിങ്ങള്‍ എനിക്കനുവദിച്ചു തരണം . ഗുരുകുലം എന്ന പേര് ഒരു വായനക്കാരന് എപ്രകാരമാണ് മനസ്സിലാക്കുക . ബി.പി.മൊയ്തീന്റെ കഥ ഹൃദയസ്പര്‍ശിയായി എഴുതിയ മുന്നൂറാന്റെ ബ്ലോഗില്‍ ഞാന്‍ എഴുതിയ കമന്റ് ഇങ്ങനെ : ആഴ്ചപ്പതിപ്പില്‍ മുന്നൂറാന്‍ എന്ന പേരിന് പകരം സാദിഖ് മുന്നൂര് എന്നായിരുന്നുവെങ്കില്‍ എത്ര മനോഹരമായിരുന്നു . ഇത്രയും എഴുതിയതില്‍ എന്നോട് പരിഭവം ആര്‍ക്കും തോന്നരുതേ എന്ന അഭ്യര്‍ത്ഥനയോടെ .
Sugarman | 25-Aug-08 at 5:26 pm | Permalink
ഉമേഷ്ജി, എന്തായാലും ബ്ലോഗിന്റെ പ്രത്യേകതയായി ആകെ ഇതിവായിച്ചിട്ടിപ്പം എനിക്കു കിട്ടിയത് ഹൈപ്പര്‍ ലിങ്കുകളുടെ പ്രളയമാണ്. പിന്നെ ബ്ലോഗു നാമം എന്തായാലും എഴുതിയ ആളിന്റെ പേരു വയ്ക്കണമെന്നത്. വേറെ? ഇന്റെര്‍നെറ്റിലെ വല്യേട്ടന്മാര് എന്നിടത്തെ ലിങ്ക് ക്ലിക്കിയപ്പോള്‍ ‘പോടാ.. പോടാ..” എന്ന ആട്ടാണ് കിട്ടിയത്. അപ്പം എല്ലാം കണക്ക് തന്നെ അച്ചടിയും ബ്ലോഗും. അവിടെ ക്ലിക്കാന്‍ ലിങ്കില്ല. ഇവിടെ ക്ലിക്കിയിട്ടും ഒന്നും സംഭവിക്കണില്ല. അല്ല, ഓരോ വരിക്കു ശേഷവും പടിയിറങ്ങി വന്ന് റഫറ് ചെയ്തിട്ട് പിന്നെയും കേറി പോയി ഒരു വരി വായിച്ച് പിന്നെയും താഴെ ഇറങ്ങി വന്ന്… എന്തൊരു പാടാണ്.. ! ഇങ്ങനെ പറഞ്ഞത് ആരാന്ന് അറിയാവോ? എം കൃഷ്ണന് നായര്‍..ഇത് ലതിലും പറ്റും അച്ചടിയില്‍!
Sugarman,
താങ്കള്‍ പറഞ്ഞതു ശരിയാണു്. ലിങ്കുകള്‍ കാണാതാവുകയോ മാറ്റിയെഴുതുകയോ (തന്മൂലം പ്രസക്തി നഷ്ടപ്പെടുകയും) ചെയ്യാം. അച്ചടി റെഫറന്‍സുകളില്‍ അതു പറ്റില്ല. പഴയ വാരികകളൊക്കെ കത്തിക്കാന്‍ പറ്റില്ലല്ലോ.
ബ്ലോഗിന്റെ പ്രത്യേകതകള്‍ മറ്റു പലതുമുണ്ടു്. ഇതുവരെ ബ്ലോഗനയില്‍ വന്നവയില്‍ അതിനുദാഹരണങ്ങള്‍ ഇല്ലെന്നു മാത്രം. ഉദാഹരണമായി “വീഡിയോ കാണാന്‍ ഇവിടെ ഞെക്കുക” എന്നൊരു ബ്ലോഗില്‍ ഉണ്ടെന്നിരിക്കട്ടേ. അച്ചടിക്കുമ്പോള്‍ അതു മാറ്റിയില്ലെങ്കില്‍ എന്തായിരിക്കും സ്ഥിതി? അതു പോലെ ഞാന്‍ ഖണ്ഡങ്ങളായി തിരിച്ചിരുന്നതു് വേര്‍തിരിച്ചു കാണിക്കാന്‍ എന്തെങ്കിലും സംവിധാനം വേണം. ഉദ്ധരണികളെ ഏതെങ്കിലും വിധത്തില്‍ സൂചിപ്പിക്കണം.
പടിയിറങ്ങി വന്ന പ്രയോഗം ഫുട്ട്നോട്ടിനെപ്പറ്റിയായിരിക്കും. എം. കൃഷ്ണന് നായരുടെ വായനയുടെ പരിധിക്കുള്ളില്‍ ഫുട്ട്നോട്ടുകള്‍ ശല്യമായിരുന്നിരിക്കും. പക്ഷേ മറ്റു പലയിടത്തും അങ്ങനെയല്ല എന്നതാണു സ്ഥിതി.
Umesh::ഉമേഷ് | 25-Aug-08 at 5:33 pm | Permalink
കെ. പി. സുകുമാരന്‍,
കാര്യമറിയാതെ ആരോപണങ്ങള്‍ ഉന്നയിക്കരുതു്. ഞാന്‍ അനോണിനാമത്തില് (ഇതെന്തു്? പാതിരിമാര്‍ “കര്‍ത്തൃനാമത്തില്‍” എന്നു പറയുന്നതു പോലെ?) എഴുതുന്നു എന്നതു്.
ഞാന്‍ കഴിഞ്ഞ 43 മാസങ്ങളിലായി ബ്ലോഗെഴുതുന്നു. ആദ്യത്തെ ദിവസം മുതല്‍ എന്റെ പൂര്‍ണ്ണമായ പേരും മറ്റു വിശദവിവരങ്ങളും വീട്ടുകാരുടെ ഫോട്ടോയും ഒക്കെ ഇട്ടുകൊണ്ടാണു ബ്ലോഗു ചെയ്യുന്നതു്. “ഗുരുകുലം” എന്നതു് എന്റെ ബ്ലോഗിന്റെ പേരാണു്. അതാണു് അവര്‍ അവിടെ ഇട്ടതു്. നിങ്ങളുടെ പേരു് “ശിഥിലചിന്തകള്‍” എന്നല്ലല്ലോ.
അനോണിനാമം എന്നു പറഞ്ഞു കുറേക്കാലമായി ബഹളം വെയ്ക്കുന്നുണ്ടല്ലോ. വേറേ ഒന്നുമില്ലേ പറയാന്‍? നിങ്ങളുടെ അക്കാഡമിയുടെ ജീവനാഡിയായ ചിത്രകാരനെക്കാളും കണ്ണൂരാനെക്കാളും വലിയ അനോണിനാമങ്ങളുണ്ടോ? അതുകൊണ്ടു് അവര്‍ മോശമാണോ?
ആക്ടിവിസം നല്ലതാണു്, നല്ല കാര്യത്തിനാണെങ്കില്‍. ആവശ്യമില്ലാതെ ബഹളമുണ്ടാക്കി വെറുതേ അപഹാസ്യനാകരുതേ.
ഉന്മേഷ് ദസ്തക്കീറിന്റെ “ദസ്തക്കീര്‍” എന്ന ഭാഗത്തിനു് ഒരു അനോണിച്ഛായ ഉള്ളതുകൊണ്ടു് അതു മാറ്റണമെന്നു പറഞ്ഞ ആളല്ലേ താങ്കള്‍? ഞാനും മാറ്റിയേക്കാം “ഉമേഷ് പി. നായര്‍” എന്ന പേരു്. ഏതു വേണം?
ഞാന്‍ ഞാന്‍ മാത്രം
എന്നെ ഞാന്‍ തേടുന്നു
ഞാന്‍ ഏകനാണു്
ഏകാന്തപഥികന് ഞാന്‍
ഞാനൊരു ബ്രഹ്മചാരി
ഞാന്‍ ആണയിട്ടാല്‍
ഞാനൊരു ചിന്തു് കാവടിച്ചിന്തു്
ജയിക്കാനായി ജനിച്ചവന്
തോല്ക്കാന് എനിക്കു മനസ്സില്ല
ഒള്ളതു മതി
മാഷ് തന്നെ തീരുമാനിച്ചാട്ടേ 🙂
കെ.പി.സുകുമാരന്‍ | 25-Aug-08 at 6:26 pm | Permalink
പ്രകോപിതനാകരുത് എന്ന മുഖവുരയോടെയാണ് ആ കമന്റ് എഴുതിയത് . പ്രകോപിതനാവുന്നത് അവനവന്റെ ഇഷ്ടം . ഒന്നുകില്‍ കമന്റ് ഡിലീറ്റാം . അല്ലെങ്കില്‍ ഇങ്ങോട്ട് വരരുത് എന്ന് പറയാം . കമന്റ് ഓപ്ഷന് തുറന്ന് കിടക്കുന്നത് കൊണ്ടാണ് കമന്റുന്നത് . എന്റെ ബഹളം കിട്ടാവുന്ന അവസരങ്ങളില്‍ ഇനിയും തുടരും . ഇനി ഇങ്ങോട്ടില്ല .
ശിവന് | 25-Aug-08 at 6:57 pm | Permalink
ബ്ലോഗുകള്‍ക്ക് ഒരല്പം ക്രിയേറ്റിവിറ്റി ആവശ്യമാണ്. അതിവിടെ (എന്റെ കീശയില്‍) ഇത്തിരി കഷ്ടിയായതു കൊണ്ടാണ്. പിന്നെ സാങ്കേതികമായ അറിവില്ലായ്മ.. ഏറ്റവും കാതലായ പ്രശ്നം ബ്ലോഗുകള്‍ വ്യക്തിപരമാവുമ്പോള്‍ ആത്മരതിയുടെ ഒരു പ്രശ്നം അതിലുണ്ട്..അവനവനെ/അവളവളെ തന്നെ എന്നും പ്രതിഫലിച്ചു കാണാനുള്ള കൊതി…. സംവാദത്തിലാവുമ്പോള് കൂടിയിരുന്നു സംസാരിക്കുന്നതിന്റെ സുഖമാണ്..അങ്ങനെ ചിലതാണ് ഇതില്‍ നിന്നു മാറ്റി നിര്‍ത്തുന്നത്…
ചിന്തയിലെ ഈ അഭിപ്രായം അവിടെ തന്നെയുണ്ട് ആരും മാറ്റിയിട്ടില്ല. ഗ്രൂപ്പും ബ്ലോഗും തമ്മിലുള്ള വ്യത്യാസം ചര്‍ച്ച ചെയ്യുന്നതിനിടയിലാണ് ഇങ്ങനെയൊരു കമന്റെഴുതിയത്. അതിന്നും പ്രസക്തമാണ്. ബ്ലോഗ് ഒരാളിന്റെ തന്നെയാണ് എന്തായാലും. അതിന്റെ സാദ്ധ്യതയും പരിമിതിയും അതിനുണ്ട്. എന്നാല്‍ അമിതമായ വ്യക്തിപരതയില്‍ നിന്നോ ആത്മനിഷ്ഠതയില്‍ നിന്നോ മാറി നില്ക്കുന്ന വ്യക്തിത്വം ബ്ലോഗുകള്ക്കുണ്ടായികൂടെന്നൊന്നും ഞാനുദ്ദേശിച്ചിട്ടില്ല. ആ നിലയ്ക്കും പരീക്ഷണങ്ങള്‍ നടക്കുന്നുണ്ട്. അതു തിരിച്ചറിയപ്പെടേണ്ടതുമുണ്ട്.
ശിവന്,
ക്ഷമിക്കുക. അതവിടെത്തന്നെയുണ്ടു്. നേരത്തേ നോക്കിയപ്പോള്‍ കിട്ടാത്തതുകൊണ്ടു് അങ്ങനെ എഴുതിയതാണു്. കമന്റില്‍ ചിന്തയെപ്പറ്റിയുണ്ടായിരുന്ന പരാമര്‍ശം നീക്കം ചെയ്യുന്നു.
താങ്കള്‍ മാത്രമല്ല ബ്ലോഗെഴുത്തിനെ ആത്മരതിയാക്കിയതു്. സങ്കുചിതമനസ്കന്‍ അതിനെക്കാള്‍ രൂക്ഷമായ ഭാഷയില്‍ പറഞ്ഞിട്ടുണ്ടു്. ലിങ്കു തപ്പിയിട്ടു കിട്ടിയില്ല.
അച്ചടിമാദ്ധ്യമത്തില് നിന്നു വ്യത്യസ്തമായി ബ്ലോഗിനെ ആത്മരതിയാക്കുന്നതു് പത്രാധിപന്റെ കൈകടത്തലില്ലായ്മയായിരിക്കാം, അല്ലേ? ആത്മരതിയെക്കാള്‍ ഭേദമാണോ സമൂഹരതി?
വിശാലന് | 26-Aug-08 at 3:59 am | Permalink
ഉമേഷ് ജി, വെരി സോറി. മാപ്പില്ല. കുന്ദംകുളമുള്ള മാപ്പ് ഇപ്പോള്‍ കയ്യിലില്ലാത്തോണ്ടാണ്. പിന്നെ, കായംകുളമുള്ള അഞ്ചാറെണ്ണമുണ്ട്. അത് കൊണ്ട് അഡ്ജസ്റ്റ് ചെയ്യാമോ??
ദേ, അനാവശ്യം പറയരുത്. ഞാന്‍ ചുമ്മാ സൂചിപ്പിച്ചെന്നേയുള്ളൂ അതിനെന്നോട് അങ്ങിനെയൊന്നും പറയരുത് ട്ടാ.
🙂