കമന്റിടാന്‍ ഒരു പുതിയ വഴി

ഗൂഗിള്‍, സാങ്കേതികം (Technical)

“നിന്റെ ബ്ലോഗ് വായിക്കാറുണ്ടു്. കമന്റിടണമന്നു് എപ്പോഴും തോന്നും. എന്നാലും ഇടാറില്ല.”

“അതെന്താ തോന്നിയിട്ടും ഇടാത്തതു്?”

“മംഗ്ലീഷില്‍ കമന്റിട്ടാല്‍ കൈ വെട്ടിക്കളയുമെന്നല്ലേ നീ പറഞ്ഞിട്ടുള്ളതു്?”

“അതേ. ഇംഗ്ലീഷിലോ മലയാളത്തിലോ കമന്റിട്ടോളൂ. മംഗ്ലീഷില്‍ കമന്റിട്ടാല്‍ കീബോര്‍ഡു ഞാന്‍ വെട്ടും!”

“മലയാളത്തില്‍ കമന്റിടാനുള്ള ടെക്നിക് എന്റെ കയ്യിലില്ല.”

സ്വനലേഖ ഉപയോഗിച്ചുകൂടേ?”

“അതു് ലിനക്സില്‍ മാത്രമല്ലേ ഉള്ളൂ?”

“ഗ്നു ലിനക്സ് എന്നു പറയൂ. സന്തോഷ് തോട്ടിങ്ങലോ ഞാനോ കേട്ടാല്‍ കൊന്നുകളയും…”

“നീ കേട്ടാല്‍ ഞൊട്ടും…”

“അയ്യോ ഞാന്‍ അല്ല. ഞാന്‍. ഞാന്‍ എന്ന ബ്ലോഗര്‍…”

“എന്നാലേ, ഞാന്‍ സാധാരണ ഉപയോഗിക്കുന്നതു് വിന്‍ഡോസ് ആണു്.”

“വിന്‍ഡോസില്‍ മലയാളം കീബോര്‍ഡുകള്‍ ഉണ്ടല്ലോ. മൈക്രോസോഫ്റ്റ് തരുന്നതുണ്ടു്. അതല്ലാതെ മറ്റു പല കീബോര്‍ഡുകളും ഉണ്ടു്. ദാ റാല്‍മിനോവ് ഉണ്ടാക്കിയ രണ്ടെണ്ണം-പഴയ ചില്ലുള്ളതു് ഇവിടെ. പുതിയ ചില്ലുള്ളതു് ഇവിടെ.”

“ചില്ലും പുല്ലുമൊന്നും എനിക്കു പ്രശ്നമല്ല. പക്ഷേ ഇതുപയോഗിക്കാന്‍ അതിന്റെ കീ സീക്വന്‍സ് പഠിക്കണ്ടേ?”

“അതു നമുക്കു മാറ്റാന്‍ പറ്റുമല്ലോ.”

“നടക്കുന്ന കാര്യം വല്ലതും പറയു്. ആരെങ്കിലും ഉണ്ടാക്കിത്തന്നാല്‍ ഞാന്‍ ഉപയോഗിക്കും. എന്നെക്കൊണ്ടു് ഇതൊന്നും ഉണ്ടാക്കാന്‍ പറ്റില്ല.”

വരമൊഴി ഉപയോഗിക്കൂ.”

“എന്റെ ഓഫീസ് കമ്പ്യൂട്ടറില്‍ എനിക്കു് അഡ്മിന്‍ പവറില്ല. മാത്രമല്ല, പിന്നെ വരമൊഴിയില്‍ ടൈപ്പു ചെയ്തു്… കണ്ട്രോള്‍ യൂ അടിച്ചു്… വലിയ പണി തന്നെ…”

“കണ്ട്രോള്‍ യൂ ഒക്കെ പണ്ടു്. പുതിയ വരമൊഴിയില്‍ യൂണിക്കോഡ് നേരേ കിട്ടും.”

“എനിക്കു വയ്യ. എനിക്കു് ആ സാധനമേ കണ്ടുകൂടാ. ഒരു കറുത്ത വിന്‍ഡോ വരും. എനിക്കു പേടിയാ. പിന്നെ അതില്‍ നിന്നു കോപ്പി പേസ്റ്റു ചെയ്യുകയും വേണം.”

“എന്നാല്‍പ്പിന്നെ മൊഴി കീമാന്‍ ഉപയോഗിക്കൂ…”

“നിന്നോടു ഞാന്‍ മലയാളത്തിലല്ലേ പറഞ്ഞതു്, എന്റെ ഓഫീസ് കമ്പ്യൂട്ടറില്‍ അതിടാനുള്ള അഡ്മിന്‍ പവര്‍ ഇല്ലെന്നു്. പിന്നെ ഞാന്‍ ചിലപ്പോള്‍ ലിനക്സിലായിരിക്കും. അവിടെ എന്തു കീമാന്‍?”

“ലിനക്സില്‍ കീമാനെക്കാള്‍ അടിപൊളി സാധനങ്ങളുണ്ടല്ലോ. സ്കിം…”

“നീ ഒന്നു പോയേ. അതൊക്കെ ഇന്‍സ്റ്റാള്‍ ചെയ്യണ്ടേ? മാത്രമല്ല, അപ്പോള്‍ വിന്‍ഡോസില്‍ എന്തു ചെയ്യും?”

“അപ്പോള്‍ വിന്‍ഡോസിലും ലിനക്സിലും ഉപയോഗിക്കണം. ഇന്‍സ്റ്റാള്‍ ചെയ്യാന്‍ പവറുമില്ല. അല്ലേ?”

“തന്നെ, തന്നെ.”

ഗൂഗിള്‍ ട്രാന്‍സ്ലിറ്ററേഷന്‍ ഉപയോഗിക്കാമല്ലോ…”

“ബെസ്റ്റ്! ചക്കു് എന്നു ടൈപ്പു ചെയ്താല്‍ കൊക്കു് എന്നു വരും. പിന്നെ സെലക്ഷനില്‍ പോയി ചക്കിനെ പൊക്കണം. എനിക്കിങ്ങനെ ചകചകാന്നു ടൈപ്പു ചെയ്തു പോകണം.”

“ചകചകാന്നു ടൈപ്പു ചെയ്താല്‍ ചക്ക് എന്നാവില്ല. വിരാമ എന്നൊരു സാധനം ഇടയ്ക്കു വേണം.”

“അവന്റെയൊരു വിരാമം! നീ പോടാ…”

ഇളമൊഴിയോ മലയാളം ഓണ്‍ലൈനോ ഉപയോഗിക്കാമല്ലോ.”

“ഉപയോഗിക്കാം. പക്ഷേ അതില്‍ നിന്നും വെട്ടിയൊട്ടിക്കണ്ടേ?”

“എന്നാല്‍പ്പിന്നെ ഒരു വഴിയേ ഉള്ളൂ…”

“അതെന്തരു്?”

“ദാ എന്റെ ബ്ലോഗില്‍ ഒരു കീബോര്‍ഡ് ഇട്ടിട്ടുണ്ടു്. കുറച്ചു ബഗ്ഗൊക്കെ ഉണ്ടു്. ഒന്നു ട്രൈ ചെയ്തു നോക്കു്.”

“നീ ഉണ്ടാക്കിയതാണോ?”

“ഏയ്, അല്ല. ഗൂഗിളില്‍ത്തന്നെ വേറേ ഒരാള്‍ ഉണ്ടാക്കിയതാണു്. മലയാളം ഉള്‍ക്കൊള്ളിച്ചതു സിബുവാണു്.”

“ഇതു കൊള്ളാമല്ലോ. ഇതു ബ്ലോഗ്സ്പോട്ടില്‍ വരാന്‍ എന്താണു വഴി?”

“അതു ഗൂഗിള്‍ അവരുടെ കമന്റ് പേജില്‍ ഇടണം. നമ്മളെക്കൊണ്ടു രക്ഷയൊന്നുമില്ല.”

“ശ്ശെടാ, എനിക്കു കമന്റിടേണ്ടതു് അവിടെയൊക്കെയായിരുന്നു. ബെര്‍ലിയുടെ ബ്ലോഗില്‍, കൊടകരപുരാണത്തില്‍…”

“കൊടകരപുരാണത്തില്‍ എന്തൂട്ടു കമന്റ്? പോസ്റ്റൊന്നും കാണുന്നില്ലല്ലോ എന്നോ?”

“അതു ശരിയാണല്ലോ. ചുള്ളന്‍ എഴുത്തു നിര്‍ത്തിയോ?”

“അതൊക്കെ വിടു്. ഇനി മുതല്‍ എന്റെ ബ്ലോഗില്‍ തുരുതുരാ കമന്റുകള്‍ എഴുതുകയായിരിക്കുമല്ലോ, അല്ലേ?”

“ഏയ് പറ്റില്ല.”

“അതെന്താ?”

“എന്റെ കയ്യില്‍ ഇപ്പോള്‍ ഒരു ആപ്പിള്‍ മാക്ക് മെഷീനാ. അതില്‍ എന്തു ടൈപ്പുചെയ്താലും ചോദ്യചിഹ്നം വരുന്നു…”

“ഛീ… ഓട്രാ മടിയാ…”


മലയാളത്തില്‍ കമന്റിടാന്‍ ഒരു വഴി കൂടി.

വരമൊഴിയിലോ ഇളമൊഴിയിലോ മലയാളം ഓണ്‍‌ലൈനിലോ ഗൂഗിള്‍ ട്രാന്‍സ്‌ലിറ്റ്രേഷനിലോ ടൈപ്പു ചെയ്തു വെട്ടിയൊട്ടിക്കണ്ടാ. കീമാനോ സ്കിമ്മോ മലയാളം കീബോര്‍ഡോ സ്വനലേഖയോ കമ്പ്യൂട്ടറിലില്ലെങ്കില്‍ വിഷമിക്കണ്ടാ. ഈ കാരണങ്ങള്‍ പറഞ്ഞു് എന്റെ ബ്ലോഗില്‍ മലയാളത്തില്‍ കമന്റിടാന്‍ മടിയ്കണ്ടാ എന്നു സാരം.

എന്റെ പോസ്റ്റുകളുടെ താഴെ വലത്തുവശത്തായി “മലയാളം മൊഴി” എന്നൊരു സാധനം കാണാം. അതില്‍ ക്ലിക്കു ചെയ്യുക. അപ്പോള്‍ ഒരു കീബോര്‍ഡു പൊന്തി വരും. ഇനി കമന്റ് ബോക്സില്‍ പോയി മൊഴി സ്കീമില്‍ ടൈപ്പു ചെയ്യുക. മലയാളം തന്നെ വരും. ഇനി സ്കീമറിയില്ലെങ്കില്‍ കീബോര്‍ഡില്‍ ക്ലിക്കു ചെയ്താലും മതി. ഷിഫ്റ്റ് കീ അടിക്കുമ്പോള്‍ മൊഴി സ്കീം അനുസരിച്ചു് കീബോര്‍ഡിലെ അക്ഷരങ്ങളും മാറും.

ഗൂഗിളില്‍ നിന്നു തന്നെയുള്ള ഒരു പരീക്ഷണസംരംഭമാണിതു്. ഈ കീബോര്‍ഡ് അമ്പതിലധികം ഭാഷകള്‍ക്കു ലഭ്യമാണു്. മലയാളം മാത്രമേ ഞാന്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളൂ-ഒരു പരീക്ഷണത്തിനു വേണ്ടി.

“അടയ്ക്കുക” എന്നതില്‍ ക്ലിക്കു ചെയ്താല്‍ കീബോര്‍ഡ് അടഞ്ഞു് ഇംഗ്ലീഷ് തിരിച്ചു വരും. ചില ബ്രൌസറുകളില്‍ ഇതു ശരിക്കു നടക്കുന്നില്ല. അതിനു് കണ്ട്രോള്‍-ജി അടിച്ചാല്‍ മതി.

ചില ബഗ്ഗുകള്‍ ഒക്കെ ഉണ്ടു്. കാണുന്ന ബഗ്ഗുകള്‍ ഈ പോസ്റ്റില്‍ കമന്റുകളായി ദയവായി ഇടുക. കാലക്രമേണ ശരിയാക്കാം.

ഇനി പറയൂ. മലയാളത്തില്‍ കമന്റിടാന്‍ എന്താണു തടസ്സം?


“അല്ലാ, ഈ സന്തോഷ് പിള്ള ഇവിടെ പറയുന്ന ഈ കുന്ത്രാണ്ടവും ഇതു തന്നെ ചെയ്യുമല്ലോ.”

“ചെയ്യും. പക്ഷേ അതൊരു ഫ്രീ സോഫ്റ്റ്വെയറല്ല. ഒരു ഭാഷയുടേതു് വേണമെങ്കില്‍ ഉപയോഗിക്കാം എന്നു പറഞ്ഞിട്ടുണ്ടു്.”

“സന്തോഷ് തോട്ടിങ്ങലിന്റെ സ്വനലേഖ ഓണ്‍ലൈനോ?”

“അതു ഞാന്‍ കണ്ടിരുന്നില്ല. ജിനേഷാണു പറഞ്ഞുതന്നതു്. അടിപൊളി. ശ്ശെടാ, ഞാന്‍ ഇതു് ഇതുവരെ കണ്ടില്ലല്ലോ.”

“സ്വനലേഖയെ കമന്റ് ബോക്സില്‍ ചേര്‍ക്കണ്ടേ?”

“പറ്റില്ല. നീ തന്നെ നിന്റെ ബ്രൌസറില്‍ ഒരു ബുക്ക്മാര്‍ക്ക്‍ലെറ്റായി ചേര്‍ക്കൂ.”