മഹാന്മാരെപ്പറ്റി കേള്‍ക്കുമ്പോള്‍ അസൂയ തോന്നാറുണ്ടു്. മഹാന്മാരോടല്ല, അവരെ കൂട്ടുകാരായും സഹപ്രവര്‍ത്തകരായും ബന്ധുക്കളായും മറ്റും കിട്ടിയ മനുഷ്യരോടു്. ലോകം മുഴുവന്‍ വാഴ്ത്തുന്ന വ്യക്തിത്വത്തെ തങ്ങളുടെ സുഹൃദ്വലയത്തില് കിട്ടിയ സാധാരണ മനുഷ്യരോടു്.
“എന്റെ ആല്‍ബം” എഴുതിയ ടി. എന്‍. ഗോപിനാഥന് നായരോടു് ഈ അസൂയ തോന്നിയിട്ടുണ്ടു്. വയലാറിനെ കളിക്കൂട്ടുകാരനായി കൊണ്ടു നടന്ന മലയാറ്റൂരിനോടു് അസൂയ തോന്നിയിട്ടുണ്ടു്. (ടി. എന്‍., മലയാറ്റൂര്‍ തുടങ്ങിയവര്‍ ഒരു വെറും സാധാരണമനുഷ്യരായിരുന്നു എന്നു വിവക്ഷയില്ല.) അങ്ങനെ മറ്റു പലരോടും.
ഇത്തരം അസൂയയുള്ളവരാണോ നിങ്ങള്‍? ആണെങ്കില്‍ എന്നോടു് അസൂയപ്പെട്ടോളൂ. എന്റെ ഒരു അടുത്ത സുഹൃത്തു് ഒരു വലിയ മഹാനാണു്. മലയാളികള്‍ക്കൊക്കെ അഭിമാനമാണു്. IUSBSE(International Union of Societies of Biomaterials Science and Engineering)-യുടെ FBSE(Fellow, Biomaterials Science and Engineering) അവാര്‍ഡിനു് അര്‍ഹനായ അജിത്ത് നായരാണു് ഈ മഹാന്.
കഴിഞ്ഞ മാസം ആംസ്റ്റര്‍ഡാമില്‍ വെച്ചു നടന്ന എട്ടാമത്തെ World Biomaterials Congress-ല്‍ വെച്ചാണു് ഈ ബഹുമതി അജിത്തിനു സമ്മാനിച്ചതു്. ഇതൊരു ആജീവനാന്തബഹുമതിയാണു്.
നോബല്‍ സമ്മാനത്തെപ്പറ്റി എല്ലാവരും കേട്ടിട്ടുണ്ടാവും. ഓസ്കാര്‍ സിനിമാപുരസ്കാരത്തെപ്പോലെ, ഗിന്നസ് റെക്കോര്‍ഡുകളെപ്പോലെ, അളവറ്റ പോപ്പുലാരിറ്റി നേടിയെടുത്ത ഒരു സമ്മാനമാണു് അതു്. പക്ഷേ, പല മേഖലകളിലും നോബല്‍ സമ്മാനത്തെപ്പോലെ തന്നെയോ അതിനെക്കാളോ വിലമതിക്കപ്പെടുന്ന പല പുരസ്കാരങ്ങളുമുണ്ടു്.
ഗണിതശാസ്ത്രത്തിലെ ഇത്തരം ഒരു പുരസ്കാരമാണു് ഫീല്ഡ്സ് മെഡല്‍. നോബല്‍ സമ്മാനം എല്ലാ വര്‍ഷവും കൊടുക്കുമ്പോള്‍ ഫീല്ഡ്സ് മെഡല്‍ നാലു വര്‍ഷത്തിലൊരിക്കലാണു കൊടുക്കുക. നോബല്‍ സമ്മാനത്തെക്കാള്‍ ബുദ്ധിമുട്ടുമാണു് അതു കിട്ടാന്‍.
ബയോമെറ്റീരിയല്‍സ് രംഗത്തെ ഫീല്ഡ്സ് മെഡലാണു് FBSE. നാലു വര്‍ഷത്തിലൊരിക്കല്‍ കൊടുക്കുന്ന പുരസ്കാരം. കുറഞ്ഞതു പത്തു വര്‍ഷമെങ്കിലും ബയോമെറ്റീരിയല്‍സ് രംഗത്തു ഗവേഷണം നടത്തുകയും, അതിലേയ്ക്കു കനത്ത സംഭാവനകള്‍ നല്‍കുകയും, തുടര്‍ച്ചയായി പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുള്ള ശാസ്ത്രജ്ഞരില്‍ നിന്നാണു് ഈ പുരസ്കാരത്തിനു് അര്‍ഹരായവരെ തിരഞ്ഞെടുക്കുന്നതു്.
ഇതിനെപ്പറ്റി മലയാളമനോരമയില്‍ വന്ന വാര്‍ത്ത:
Material Science & Metallurgy-യില്‍ ശ്രീനഗര്‍ റീജണല്‍ എഞ്ചിനീയറിംഗ് കോളേജില്‍ (ഇപ്പോള്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി) നിന്നു ബിരുദവും ഖരഗ്പൂര്‍ ഐ. ഐ. ടി. യില്‍ നിന്നു ബിരുദാനന്തരബിരുദവും നേടിയ അജിത്ത്, ഡോക്ടര്‍ വലിയത്താന്റെ നേതൃത്വത്തില്‍ നടന്നിരുന്ന ബയോമെഡിക്കല്‍ എഞ്ചിനീയറിംഗില്‍ ആകൃഷ്ടനായി ആ മേഖല തിരഞ്ഞെടുത്തു. ഡോക്ടര്‍ വലിയത്താന്, ഡോക്ടര്‍ ഭുവനേശ്വര്‍ എന്നിവരുടെ നേതൃത്വത്തില്‍ ശ്രീ ചിത്രാ മെഡിക്കല്‍ സെന്ററില്‍ നടന്നുവന്ന ഹൃദയവാല്‍വ് പ്രോജക്ട് ടീമില്‍ അംഗമായിരുന്നു അദ്ദേഹം. അതിനു ശേഷം അമേരിക്കയിലെ യൂണിവേഴ്സിറ്റി ഓഫ് യൂട്ടായില്‍ നിന്നു് Biomaterial Science & Engineering-ല്‍ പി. എച്. ഡി. നേടി. ‘കൃത്രിമാവയവങ്ങളുടെ പിതാവു്’ എന്നു പ്രശസ്തനായ ഡോ. വില്യം കോഫിന്റെ ശിഷ്യനും സഹപ്രവര്‍ത്തകനുമായിരുന്ന അജിത്ത് കൃത്രിമാവയവനിര്മ്മാണരംഗത്തു് കനത്ത സംഭാവനകള്‍ നല്കിയിട്ടുണ്ടു്.
പ്രശസ്തമായ മെഡ്ഫോര്‍ട്ട് അവാര്‍ഡിനു് അജിത്തിനെ അര്‍ഹനാക്കിയതു് കൃത്രിമാവയവരംഗത്തെ സുപ്രധാനമായ ഒരു കണ്ടുപിടിത്തമാണു്. സാങ്കേതികപദങ്ങള്‍ ധാരാളമുള്ളതിനാല്‍ അതിന്റെ വിവരണം ഇംഗ്ലീഷില്‍ത്തന്നെ താഴെച്ചേര്‍ക്കുന്നു.
Dr. Nair has developed a unique flexible, ceramic, amorphous, blood compatible coating that acts as a diffusion barrier for the gases that resolved the diffusion issues in VAD development. The ceramic coating can be applied to any surfaces including plastics. This invention of his brought him the renowned Medforte Innovation award.
കൃത്രിമാവയവങ്ങളില്‍ രക്തം കട്ട പിടിക്കുന്നതിനെ അളക്കാന്‍ ഉപയോഗിക്കുന്ന ഒരു മാനകമാണു് അജിത്തിന്റെ മറ്റൊരു ശ്രദ്ധേയമായ കണ്ടുപിടിത്തം. കൃത്രിമാവയവങ്ങള്‍ എത്ര കാലം പ്രവര്‍ത്തിക്കും എന്നു പ്രവചിക്കാന്‍ വളരെ പ്രയോജനകരമായ ഈ രീതിയെ അദ്ദേഹത്തിന്റെ കണ്ടുപിടിത്തത്തിന്റെ ബഹുമാനാര്‍ത്ഥം “നായര്‍ സ്കെയില്‍” എന്നാണു വിളിക്കുന്നതു്.
ധാരാളം പുരസ്കാരങ്ങള്‍ ഇതിനു മുമ്പും അജിത്തിനെ തേടിയെത്തിയിട്ടുണ്ടു്. അവയില്‍ ചിലവ:
- Medforte Innovation Award
- BSC Patent Innovation Awards
- Whitakar Foundation Award
- National Interdisciplinary Research Fellowship (Japan)
- ASAIO Award
- BOYSCAST Fellowship
- SCTIMST Award
അജിത്ത് Indian Society for Biomaterials and Artificial Organs-ന്റെ സ്ഥാപകസെക്രട്ടറിയും അമേരിക്കന്‍ ചാപ്റ്ററിന്റെ ഇപ്പോഴത്തെ പ്രെസിഡന്റുമാണു്. ധാരാളം പേറ്റന്റുകള്‍ അദ്ദേഹത്തിന്റേതായുണ്ടു്.
ദന്തഗോപുരവാസിയായ ഒരു ശാസ്ത്രജ്ഞനല്ല അജിത്ത്. മലയാളഭാഷയിലും സാഹിത്യത്തിലും സിനിമയിലും വളരെയധികം താത്പര്യവും അറിവുമുള്ള അദ്ദേഹം മലയാളത്തില്‍ ധാരാളം കവിതകള്‍ എഴുതിയിട്ടുണ്ടു്. കാലിഫോര്‍ണിയയിലെ ബേ ഏരിയയിലെ മലയാളികളുടെ ഒരു സാംസ്കാരികസംഘടനയായ “മങ്ക”യുടെ വൈസ് പ്രെസിഡന്റായ അജിത്ത് എല്ലാ കലാസാംസ്കാരികപ്രവര്‍ത്തനങ്ങളിലും മുന്‍നിരയിലുണ്ടു്. നല്ലൊരു നടനും സംവിധായകനും പ്രസംഗകനും സംഘാടകനുമാണു് അദ്ദേഹം. അദ്ദേഹമുണ്ടെങ്കില്‍ സുഹൃത്സംവാദങ്ങള് വളരെ സജീവവും രസകരവുമാണു്. വെണ്മണിശ്ലോകങ്ങളും വടക്കന്‍പാട്ടും കടമ്മനിട്ടക്കവിതയും ഷേക്സ്പിയറും വി. കെ. എന്നും നോം ചോസ്കിയുമൊക്കെ അവയില്‍ കൂട്ടിയിണങ്ങി വരും.
അജിത്തിന്റെ ചെറിയ കവിതകളിലൊരെണ്ണം താഴെച്ചേര്‍ക്കുന്നു:
ഇരുട്ടും വെളിച്ചവുംകത്തിനില്ക്കുന്നൊരാ പൊന്വിളക്കിന് തിരി എരിതീയിലുരുകാത്തൊരെന്നാദര്ശത്തിന്റെ ചൊടിയെത്തും മുന്പതാ വിരലില്‍ നിന്നവര്‍ തട്ടി- ഇപ്പോര്ക്കളത്തില് ജയിക്കുവാനായൊട്ടു- കെട്ടുപോകാതെയാ പൊന്വിളക്കിന് തിരി |
അജിത്ത് ഒരു നല്ല ഒരു ചലച്ചിത്രാസ്വാദകനും കൂടിയാണു്. സിനിമയുടെ സാങ്കേതികകാര്യങ്ങാളെപ്പറ്റി നല്ല അവഗാഹമുള്ള അദ്ദേഹം നല്ല സിനിമകള്‍ കാണാതെ വിടാറില്ല. എല്ലാ സിനിമയും അദ്ദേഹം രണ്ടു തവണ കാണുമത്രേ. ആദ്യത്തേതു് നാമൊക്കെ കാണുന്നതു പോലെ. രണ്ടാമതു് അതിന്റെ സാങ്കേതികവശങ്ങളെപ്പറ്റി പഠിക്കാന്‍. സിനിമ സ്പീല്ബെര്ഗിന്റേതായാലും സത്യന് അന്തിക്കാടിന്റേതായാലും ഇതിനു വ്യത്യാസമില്ല.
തിരക്കു മൂലം അജിത്തിന്റെ സഹൃദയത്വം സുഹൃത്സദസ്സുകളില്ലാതെ ആളുകള്‍ അധികം അറിയാറില്ല. അദ്ദേഹത്തിനു കൂടുതല്‍ സമയമുണ്ടായിരുന്നെങ്കില്‍ ഒരു മികച്ച എഴുത്തുകാരനായും അദ്ദേഹം അറിയപ്പെട്ടേനേ.
അജിത്തിനു് ആയുസ്സും ആരോഗ്യവും ഇനിയും ഉയരാനുള്ള അവസരങ്ങളും നേരുന്നു.
സന്തോഷ് | 25-Jun-08 at 2:46 am | Permalink
അജിത്തിനു് ആശംസകള്‍.
1. കൂട്ടുകാരനായ മഹാനും മഹാനായ കൂട്ടുകാരനും തമ്മിലുള്ള വ്യത്യാസമെന്താണു്?
2. സുഹൃത്സദസ്സോ സുഹൃദ്സദസ്സോ? (അതുപോലെ സുഹൃത്ബന്ധമോ സുഹൃദ്ബന്ധമോ, സുഹൃത്സംവാദം/സുഹൃദ്സംവാദം)?
പാഞ്ചാലി :: Panchali | 25-Jun-08 at 2:55 am | Permalink
അജിത്തിനെ പരിചയപ്പെടുത്തിയതിനു നന്ദി.
അദ്ദേഹം ഇനിയും ഉയരങ്ങള്‍ താണ്ടട്ടെ എന്നാശംസിക്കുന്നു.
Nandakumar | 25-Jun-08 at 3:37 am | Permalink
ശ്രീ. അജിത് നെ ബൂലോകത്തിനു പരിചയപ്പെടുത്തിയതിനു ആദ്യം ഉമേഷ്ജീക്ക് നന്ദി. നമ്മൾ അറിയപ്പെടാതെ പോകുന്ന എത്രയെത്ര മഹത് വ്യക്തികൾ ലോകത്തിന്റെ വിവിധ കോണുകളീൽ കഴിയുന്നുണ്ടാവും. ഉന്നതമായ പദവിയ്ക്ക് അർഹനായത് ഒരു മലയാളി കൂടെ ആയതിനാൽ അഭിമാനം തോന്നുന്നു.
ഉമേഷിനോട് അസൂയ തോന്നുന്നു.. (എന്നോടും ആർക്കെങ്കിലും അസൂയ തോന്നുമായിരിക്കും – ഉമേഷ് എന്റെ സുഹൃത്താണെന്നു(?) പറഞ്ഞാൽ !)
സന്തോഷ്, “സൌഹൃദം” എന്ന വാക്കിൽ നിന്നുള്ളതായതിനാൽ “സുഹൃദ്” ആണെന്നാണെനിക്ക് തോന്നുന്നത്. പക്ഷെ സുഹൃത്ത് എന്നു വരുമ്പോൾ “സുഹൃത്” ആണോന്നിപ്പോ സംശയം ആയി.. ഉമേഷ് ജീ..ഒന്നു ഹെൽപ്പൂ.
Jayarajan | 25-Jun-08 at 3:59 am | Permalink
ഉമേഷ്ജീയോടെനിക്കും അസൂയയാണിപ്പോള് (ഉമേഷേട്ടന് ഒരു വെറും സാധാരണമനുഷ്യനാണ് എന്നു വിവക്ഷയില്ല :)).
അതു പറഞ്ഞപ്പോഴാ, ഉമേഷേട്ടന് ഈയിടെയായി വ്യാകരണ സംശയങ്ങള്‍ക്കൊന്നും മറുപടി കൊടുക്കുന്നില്ലല്ലോ? ചോദിക്കുന്നത് ഒരാളാണെങ്കിലും ഉത്തരത്തിനായി അനേകം പേര് കാത്തിരിക്കുന്നുണ്ടെന്നോര്മിച്ചാലും 🙂
തമനു | 25-Jun-08 at 6:07 am | Permalink
അജിത്തിനു് ആയുസ്സും ആരോഗ്യവും ഇനിയും ഉയരാനുള്ള അവസരങ്ങളും ഞാനും നേരുന്നു.
ഓടോ : ഞാന്‍ സ്കൂളില്‍ പഠിക്കാന്‍ വരും മുന്‍പേ ഉമേഷ്ജി അവിടുന്നു പോയതു കൊണ്ടല്ലേ, അല്ലേല്‍ ഇതിനു മുന്‍പേ ആള്‍ക്കാര്‍ക്കു ഉമേഷ്ജിയോടു അസൂയ തോന്നിയേനേമല്ലൊ … 😀
ശ്രീ | 25-Jun-08 at 6:27 am | Permalink
അജിത്തിനെ പരിചയപ്പെടുത്തിയതുനു നന്ദി, ഉമേഷ്ജീ.
രണ്ടു പേര്‍ക്കും ആശംസകള്‍!
ജിസോ | 25-Jun-08 at 1:33 pm | Permalink
പരിചയപ്പെടുത്തിയതിനു നന്ദി !
അജിത്തിനു അഭിനന്ദനങ്ങള്‍ !!
സതീഷ് | 25-Jun-08 at 3:58 pm | Permalink
ഡോ അജിത്തിനെ പരിചയപ്പെടുത്തിയതിന് നന്ദി.
തമനുവിന്റെ കമന്റ് ഇഷ്ടപ്പെട്ടൂ!:)
Umesh::ഉമേഷ് | 25-Jun-08 at 4:22 pm | Permalink
“കൂട്ടുകാരനായ മഹാന്” എന്ന പോസ്റ്റിനു ശേഷം ഞാന്‍ എഴുതുന്ന പോസ്റ്റ് – “നാട്ടുകാരനായ കഷണ്ടിക്കാരന്” !
തമനുവിനെ അവഗണിച്ചു എന്നു വേണ്ടാ 🙂
may | 26-Jun-08 at 6:15 am | Permalink
Thanks for the post.
My apologies for not being able to post this message in malayalam.
I hope you will post this despite that misgiving.
The post brings out several threads that demand a discussion.
How many of us wonder how some people achieve success in this world. To most of my peers, who have been brought up ina modest environment with less of fanfare and doling over, i believe that stimulated luck has played a great part in our paths.
simply put, it means preparing yourself in mind and spirit formidably protecting it from external shocks and being ready for opportunity when it arrives. Preparation as such would involve hours of dedicated hard work and inconspicous effort until one day it blazes forth for the world to acknowldege
I believe your friend is also fortunate to have seen the recognition and fame duly extended to him. May he be bestowed with many more accolades.
Cheers
മനോജ് എമ്പ്രാന്തിരി | 26-Jun-08 at 7:18 am | Permalink
ഉമേഷ്, അജിത്തിനെ പരിചയപ്പെടുത്തിയത് നന്നായി. നന്ദി. അജിത്തിന്റെ ഒരുവിളിപ്പാടകലെ കഴിയുന്ന എനിക്കും അദ്ദേഹത്തിന്റെ വില അറിയില്ലായിരുന്നു! ‘മൈത്രി‘യിലും MANCA-യിലും കണ്ടിരുന്നെങ്കിലും അദ്ദേഹത്തിന്റെ അടുത്തിടപഴകാനുമൊത്തിട്ടില്ല. താമസിയാതെ അതിനൊക്കുമെന്നും കരുതട്ടേ…
ഹരിയണ്ണന്‍ | 26-Jun-08 at 10:35 am | Permalink
ആശംസകള്‍!!
ഞാനൊക്കെ കണ്ടിട്ടുപോലുമില്ലാത്ത ഉമേഷ്ജിയെ പരിചയമുണ്ടെന്നുപറഞ്ഞ് അഹങ്കരിക്കുമ്പോലെ അല്ല;ഇത് ശരിക്കും മഹാനായ കൂട്ടുകാരനും കൂട്ടുകാരിലെ മഹാനും തന്നെ!!
t.k. | 26-Jun-08 at 3:12 pm | Permalink
അജിത്തിനെ ചെറിയ പരിചയം ഉണ്ടെങ്കിലും അദ്ദേഹം ഇത്രയധികം നേട്ടങ്ങളുടെ ഉടമയാണെന്ന് അറിഞ്ഞിരുന്നില്ല. പരിചയപ്പെടുത്തിയതിന് നന്ദി.
ജയകൃഷ്ണന് കാവാലം | 02-Jul-08 at 2:48 pm | Permalink
മഹാന്മാര് കാലത്തിന്റെ ആവശ്യമെന്നോണം അവതരിക്കുകയാണ് പലപ്പോഴും… മഹാത്മജിയെപ്പോലെ, ഭാഭയെപ്പോലെ…
ശ്രീ അജിത് നായര്‍ കാലത്തിന്റെ ആവശ്യമാണെന്നതില്‍ സംശയമില്ല. ഭാരതത്തിന്റെ അഭിമാനവും…
ഈ കമന്റ് എഴുതാനുള്ള പ്രധാന കാരണം അദ്ദേഹത്തിന്റെ കവിതയാണ്… എത്ര ഹൃദ്യമാണതിലെ വരികള്‍… ചിന്തോദ്ദീപകങ്ങളും… ജീവന്റെ തിരിനാളം അല്പമൊന്നുയര്ത്തി വയ്ക്കുവാന്‍ സൌമ്യമായി ആവശ്യപ്പെട്ടുകൊണ്ട് നേരിലേക്കു നമ്മുടെ കാഴ്ചയെ ക്ഷണിക്കുകയാണെന്നു തോന്നി…
എത്രയോ ജീവനുകള്‍ക്ക് പ്രതീക്ഷയുടെ തിരിനാളം ഉയര്‍ത്തി നല്കിയ ഊരു മഹാന്റെ തൂലികയില്‍ നിന്നും ഈവരികള് ഉതിര്‍ന്നു വീഴുമ്പോഴാണ് തീര്‍ച്ചയായും ആ വരികള്‍ പൂര്‍ണ്ണമാവുന്നതും, സമ്പന്നമാവുന്നതും…
ആ പ്രകാശഗോപുരത്തിന് പ്രണാമം
അദ്ദേഹത്തെ പരിചയപ്പെടുത്തിയ ഉമേഷ്ജിക്കും…
സ്നേഹാശംസകളോടെ
ജയകൃഷ്ണന് കാവാലം
K..J.Thomas | 19-Jul-08 at 11:57 am | Permalink
sir,
congrag……..ulations…
————————–
“success is never by chance”
————————–
In this great movement I am
Proud to say that
“You are my friend”
K.J.thomas
ചിത്രകാരന് | 07-Aug-08 at 3:17 pm | Permalink
ഉമേഷിന്റെ സുഹൃത്തിന്റെ മഹത്വത്തില്‍ ചിത്രകാരനുകൂടി അഭിമാനം തോന്നുന്നു. പക്ഷേ, ഒരു വിഷമം ഇത്രയൊക്കെ കേമമായ ദിഗ്വിജയം നേടിയിട്ടും അജിത്തിന്റെ വാലു നഷ്ടപ്പെട്ടില്ലെന്നും,മനുഷ്യനായില്ലെന്നും മനസ്സിലാക്കുമ്പോള്‍ ആ ജ്ഞാനമൊക്കെ ഒരു പ്രഫഷണല്‍ വൈദഗ്ദ്യം മാത്രമായി ഒതുന്ങുന്നല്ലോ എന്ന ഒരു ദുഖം ബാക്കിയാകുന്നു.
അരിവിന്റെ വഴിയില്‍ എതിരെ വരുന്ന ചണ്ഡാലനായ ചിത്രകാരന്റെ ദുഖം കാര്യമാക്കേണ്ട.
അജിത്തിനും,ഉമേഷിനും നന്മകള് !!!
മനോജ് എമ്പ്രാന്തിരി | 05-Sep-08 at 4:55 pm | Permalink
ഏഷ്യാനെറ്റില്‍ നാളെ അജിത് നായരുമായുള്ള അഭിമുഖ സംഭാഷണം കാണാം. World News Roundup – Asianet Saturday, September 6, 2008 @ 10 AM PST. (12 PM IST?)