കലണ്ടറുകളുടെ ശാസ്ത്രീയതയും ഇസ്ലാമിക് കലണ്ടറും

കലണ്ടര്‍ (Calendar), പ്രതികരണം

ഞാന്‍ വളരെ ആദരിക്കുന്ന ഒരു ബ്ലോഗറാണു് ശ്രീ ഇ. എ. ജബ്ബാര്‍. യുക്തിചിന്തകള്‍ പ്രചരിപ്പിച്ചും ഖുര്‍ ആനിലെ അശാസ്ത്രീയതകള്‍ ചൂണ്ടിക്കാട്ടിക്കൊണ്ടുമുള്ള അദ്ദേഹത്തിന്റെ പോസ്റ്റുകള്‍ വളരെ വിലപ്പെട്ടവയാണു്. എങ്കിലും അദ്ദേഹത്തിന്റെ പോസ്റ്റുകളില്‍ ഒരെണ്ണത്തിനോടു് എനിക്കു യോജിക്കാന്‍ പറ്റുന്നില്ല എന്നു പറയേണ്ടിയിരിക്കുന്നു.

ശ്രീ ജബ്ബാറിന്റെ കാലഹരണപ്പെട്ട കാലഗണന എന്ന പോസ്റ്റ് മുസ്ലീങ്ങള്‍ തങ്ങളുടെ മതപരമായ കാര്യങ്ങള്‍ക്കുപയോഗിക്കുന്ന ഹിജ്ര (ഹിജ്രി) കലണ്ടര്‍ അശാസ്ത്രീയമാണെന്നു വാദിക്കുന്നതാണു്. മറ്റു കലണ്ടറുകളെപ്പോലെ സൂര്യന്റെ ചലനത്തെയും സീസണുകളെയും അവലംബിക്കാതെ ചാന്ദ്രമാസത്തെയും (lunar month) ചാന്ദ്രവര്‍ഷത്തെയും (lunar year) അടിസ്ഥാനമാക്കി കാലഗണന നടത്തുന്നതുകൊണ്ടാണു് അതു് അശാസ്ത്രീയമാണെന്നു ജബ്ബാര്‍ സമര്‍ത്ഥിക്കുന്നതു്.

എന്താണു ശാസ്ത്രീയം എന്നു നോക്കണമെങ്കില്‍ എങ്ങനെയാണു കലണ്ടറുകള്‍ ഉണ്ടാക്കുന്നതെന്നു നോക്കേണ്ടി വരും.


മനുഷ്യന്‍ ആദ്യം അളക്കാന്‍ തുടങ്ങിയ കാലയളവു് ദിവസമായിരിക്കാം. രണ്ടു സൂര്യോദയങ്ങള്‍ക്കിടയിലുള്ള സമയം ഏറെക്കുറെ തുല്യമാണെന്നു് അവന്‍ നിരീക്ഷിച്ചു. വളരെയധികം കലണ്ടറുകളില്‍ (ഇന്ത്യയിലെ പരമ്പരാഗത കലണ്ടറുകള്‍ ഉദാഹരണം) ദിവസം സൂര്യോദയം മുതല്‍ സൂര്യോദയം വരെയാണു്. മറ്റു പല കലണ്ടറുകളിലും (ഇസ്ലാമിക്, ഹീബ്രു) ദിവസം സൂര്യാസ്തമയത്തിനു് ആരംഭിച്ചു് അടുത്ത സൂര്യാസ്തമയത്തിനു് അവസാനിക്കുന്നു.

ദിവസത്തിന്റെ നിര്‍വ്വചനം കാലക്രമത്തില്‍ മാറിയിരിക്കുന്നു. ഇപ്പോഴത്തെ നിര്‍വ്വചനമനുസരിച്ചു് സീഷിയം 133 ആറ്റത്തിന്റെ ഗ്രൌണ്ട് സ്റ്റേറ്റിലുള്ള രണ്ടു ഹൈപ്പര്‍ഫൈന്‍ ലെവലുകള്‍ക്കിടയിലുള്ള മാറ്റത്തിനെടുക്കുന്ന സമയത്തിന്റെ 794,243,384,928,000 ഇരട്ടിയാണു്. ഇതു് ഇപ്പോഴത്തെ ശരാശരി സൌരദിവസത്തെക്കാള്‍ 0.002 സെക്കന്റ് കൂടുതലാണു്.

സൂര്യന്‍ കഴിഞ്ഞാല്‍ പിന്നീടു മനുഷ്യന്‍ ശ്രദ്ധിച്ച ആകാശഗോളം ചന്ദ്രനാണു്. ഏകദേശം മുപ്പതു ദിവസത്തില്‍ അടുത്ത കറുത്ത വാവെത്തുന്നതും ഇടയ്ക്കുള്ള ദിവസങ്ങളില്‍ ചന്ദ്രന്‍ ഒരു പ്രത്യേകസമയത്തു് ഒരു പ്രത്യേക ആകൃതിയില്‍ ഉദിക്കുന്നതും അവന്‍ കണ്ടു. കറുത്ത വാവു മുതല്‍ കറുത്ത വാവുവരെയുള്ള, അല്ലെങ്കില്‍ വെളുത്ത വാവു മുതല്‍ വെളുത്ത വാവു വരെയുള്ള, കാലയളവിനെ അവന്‍ മാസം എന്നു വിളിച്ചു.

വര്‍ഷം എന്ന കാലയളവു് കൊല്ലത്തിലൊരിക്കല്‍ നൈല്‍നദിയില്‍ വെള്ളപ്പൊക്കമുണ്ടാവുന്നതുകൊണ്ടു് ഈജിപ്തുകാര്‍ക്കു പണ്ടേ ഉണ്ടായിരുന്നു. സീസണുകളെ ആശ്രയിച്ചു കൃഷി ചെയ്യുന്ന മനുഷ്യര്‍ക്കു് സൂര്യനെ അടിസ്ഥാനമാക്കി വര്‍ഷം കണക്കാക്കേണ്ടി വന്നു.

ആഴ്ചയ്ക്കു മാത്രം പ്രത്യേകിച്ചു് ഒരു ജ്യോതിശ്ശാസ്ത്രാടിസ്ഥാനവുമില്ല. നക്ഷത്രങ്ങളില്‍ നിന്നു വ്യത്യസ്തമായി ചലിക്കുന്ന ഏഴു ഗ്രഹങ്ങളെ (സൂര്യന്‍, ചന്ദ്രന്‍, ബുധന്‍, ശുക്രന്‍, ചൊവ്വ, വ്യാഴം, ശനി) ഓരോ ദിവസത്തിന്റെ നാഥനാക്കി ഒരു കാലഗണന ഉണ്ടായി എന്നാണു് ഒരു തിയറി. ആറു ദിവസം സൃഷ്ടിച്ചിട്ടു് ഏഴാം ദിവസം വിശ്രമിച്ച ദൈവത്തിന്റെ കഥയും ഒരു വഴിക്കു കൂടി പോകുന്നുണ്ടു്.

ചന്ദ്രനെ അടിസ്ഥാനമാക്കി മാസവും സൂര്യനെ അടിസ്ഥാനമാക്കി വര്‍ഷവും കണക്കാക്കുന്നതു് അല്പം വശപ്പിശകുണ്ടാക്കി. 12 ചന്ദ്രമാസങ്ങള്‍ ഏകദേശം 354 ദിവസമാണു്. സൌരവര്‍ഷം അതിലും അല്പം കൂടുതല്‍. ഏകദേശം 365.25 ദിവസം. ബാക്കി പതിനൊന്നു ദിവസം എന്തു ചെയ്യും?

അങ്ങനെയാണു് ചാന്ദ്ര-സൌര-കലണ്ടറുകള്‍ (lunisolar calendars) ഉണ്ടായതു്. ഇങ്ങനെ കൂടി വരുന്ന 11 ദിവസം രണ്ടുമൂന്നു കൊല്ലം കഴിയുമ്പോള്‍ ഒരു മാസത്തിന്റെ വലിപ്പമാവും. അപ്പോള്‍ ഒരു അധിമാസം (leap month or intercalary month) ഇടയ്ക്കു ചേര്‍ക്കും. ഹീബ്രൂ, ചൈനീസ്, പഴയ ശകവര്‍ഷം എന്നിവ ഇതാണു ചെയ്യുന്നതു്. ഇതു് ഏറ്റവും ശാസ്ത്രീയമായി ചെയ്യുന്നതു ചൈനീസ് കലണ്ടര്‍ ആണു്. കൂടുതലുള്ള ദിവസങ്ങള്‍ ഒരു മാസത്തിനു തുല്യമാകുമ്പോള്‍ അവിടെ അധിമാസം പ്രതിഷ്ഠിക്കും. മറ്റു കലണ്ടറുകളില്‍ പന്ത്രണ്ടാം മാസത്തിനു ശേഷം പതിമൂ‍ന്നാം മാസമായാണു് അധിമാസത്തെ ചേര്‍ക്കുന്നതു്.

അതുകൊണ്ടു് ചൈനീസ് കലണ്ടര്‍ കൃഷി ചെയ്യാന്‍ വളരെ യോജിച്ചതാണു്. ഇറാനിയന്‍ കലണ്ടറിന്റെ അത്രയും വരില്ല എങ്കിലും.

ഇനി, ചന്ദ്രനെ ആശ്രയിക്കാതെ സൂര്യനെ മാത്രം ആശ്രയിച്ചു് കണക്കുകൂട്ടിക്കൂടേ? വര്‍ഷത്തെ പന്ത്രണ്ടായി വിഭജിച്ചു് ഓരോന്നിനെയും ഓരോ മാസമാക്കി?

ചെയ്യാം. അതാണു് സോളാര്‍ കലണ്ടറുകള്‍ ചെയ്യുന്നതു്. ഏറ്റവും നല്ല ഉദാഹരണം നമ്മുടെ മലയാളം (കൊല്ലവര്‍ഷം) കലണ്ടര്‍ തന്നെ. ഭൂമിയില്‍ നിന്നു നോക്കുമ്പോള്‍ നക്ഷത്രങ്ങളെ അപേക്ഷിച്ചു് സൂര്യന്‍ ഒരു കറക്കം കറങ്ങി വരുന്ന സമയം ഒരു വര്‍ഷം. ഇതിനെ 360 ഡിഗ്രി ആയി കണക്കാക്കി അതിനെ പന്ത്രണ്ടു കൊണ്ടു ഹരിച്ചു് ഓരോ മുപ്പതു ഡിഗ്രിയും കടക്കാന്‍ സൂര്യന്‍ എടുക്കുന്ന സമയത്തെ ഓരോ മാസം എന്നു വിളിച്ചു. ഇതിന്റെ ശരാശരി ദൈര്‍ഘ്യം ഏകദേശം മുപ്പതര ദിവസമാണു്. അതിനാല്‍ മാസത്തിനു് മുപ്പതോ മുപ്പത്തൊന്നോ ദിവസം ഉണ്ടാവാം. എന്നാല്‍ സൂര്യന്റെ ചുറ്റും ഭൂമി കറങ്ങുന്നതു് ഒരു ദീര്‍ഘവൃത്തമായതുകൊണ്ടു്, സൂര്യനോടു് അടുത്തിരിക്കുമ്പോള്‍ ഭൂമി കൂടുതല്‍ വേഗത്തിലും അകന്നിരിക്കുമ്പൊള്‍ പതുക്കെയും പോകുന്നു. (ഒരേ സമയത്തു് കടക്കുന്ന ചാപത്തിന്റെ വിസ്താരം തുല്യമായിരിക്കും എന്നു കെപ്ലര്‍.) അതിനാല്‍ കൊല്ലവര്‍ഷമാസങ്ങളില്‍ 29, 32 എന്നീ ദിവസങ്ങളും ഉണ്ടാവാം.

കൊല്ലവര്‍ഷത്തിന്റെ ഒരു കുഴപ്പം അതു സൌരവര്‍ഷത്തെ(solar year)യല്ല, നക്ഷത്രവര്‍ഷത്തെ(sidereal year)യാണു് അടിസ്ഥാനമാക്കുന്നതെന്നാണു്. അതുമൂലം, ഈ കലണ്ടറും കാലം ചെല്ലുമ്പോള്‍ സീസണില്‍ നിന്നു് അകന്നു പോകുന്നു. 500 കൊല്ലം മുമ്പു കേരളത്തിലുണ്ടായിരുന്ന ചൊല്ലുപയോഗിച്ചു് ഇപ്പോള്‍ കൃഷി ചെയ്യരുതു് എന്നു് അര്‍ത്ഥം. ഉദാഹരണത്തിനു്, പകലും രാത്രിയും തുല്യമായി വരുന്ന ദിവസമാണു് വിഷു (സൂര്യന്‍ ഭൂമദ്ധ്യരേഖ മുറിച്ചു് വടക്കോട്ടു പ്രയാണം ആരംഭിക്കുന്ന ദിവസം) എന്നാണു സങ്കല്പം. പണ്ടു് ആയിരുന്നു. ഇപ്പോള്‍ അല്ല. ഇപ്പോള്‍ ഏകദേശം മാര്‍ച്ച് 21-നാണു രാത്രിയും പകലും തുല്യമായി വരുന്നതു്. വിഷു വരുന്നതു് ഏപ്രില്‍ 14-നും. ഇതു് നൂറ്റാണ്ടുകള്‍ കൊണ്ടു വന്ന വ്യത്യാസമാണു്.

അതായതു്, ജ്യോതിശ്ശാസ്ത്രപരമായി വളരെ ശാസ്ത്രീയമാണെങ്കിലും ഒരു സോളാര്‍ കലണ്ടര്‍ എന്ന രീതിയില്‍ കൊല്ലവര്‍ഷം ശാസ്ത്രീയമല്ല എന്നര്‍ത്ഥം.

എന്നാല്‍ സൌരവര്‍ഷത്തെ അടിസ്ഥാനമാക്കി ഒരു സോളാര്‍ കലണ്ടര്‍ ഉണ്ടാക്കിക്കൂടേ? ഉണ്ടാക്കാം. അതാണു് ഇറാനിലെ പേര്‍ഷ്യന്‍ കലണ്ടര്‍. വസന്തവിഷുവത്തിനു് (രാത്രിയും പകലും തുല്യമായി വരുന്ന ദിവസം) ആണു് അവരുടെ വര്‍ഷം തുടങ്ങുന്നതു്. മാസങ്ങളും സോളാര്‍ തന്നെ. ലോകത്തിലെ ഏറ്റവും കൃത്യമായ സോളാര്‍ കലണ്ടറാണു് അതു്. കണക്കുകൂട്ടാന്‍ നന്നേ ബുദ്ധിമുട്ടാണെന്നു മാത്രം.


കണക്കുകൂട്ടാനുള്ള ഈ ബുദ്ധിമുട്ടു കുറയ്ക്കാനാണു് ഇങ്ങനെ കൃത്യമായ ജ്യോതിശ്ശാസ്ത്ര-കലണ്ടറുകള്‍ക്കു (astronomical calendars) പകരം അങ്കഗണിത-കലണ്ടറുകള്‍ (arithmetic calendars) കൂടുതല്‍ പ്രചാരത്തില്‍ വന്നതു്. അവ ഏതെങ്കിലും ജ്യോതിശ്ശാസ്ത്രകലണ്ടറിനെ ഒരു ലളിതമായ രീതിയില്‍ അനുകരിക്കുന്നു. അത്തരം ഒരു കലണ്ടറാണു് ഗ്രിഗോറിയന്‍ കലണ്ടര്‍.

സത്യം പറഞ്ഞാല്‍ ഇതുപോലെ അശാസ്ത്രീയമായ ഒരു കലണ്ടര്‍ വേറേ അധികമില്ല. 28 മുതല്‍ 31 വരെ ദിവസങ്ങളുള്ള മാസങ്ങള്‍. ആ മാസങ്ങള്‍ക്കു് ജ്യോതിശ്ശാസ്ത്രപരമായി യാതൊരു പ്രത്യേകതയുമില്ല. മാസങ്ങളുടെ പേരാകട്ടേ, അതിലും അബദ്ധവും.

പഴയ കലണ്ടറില്‍ പത്തു മാസമായിരുന്നു. ജനുവരിയും ഫെബ്രുവരിയും പിന്നീടു കൂട്ടിച്ചേര്‍ത്തതാണു്. എങ്കിലും പഴയ പേരു കളഞ്ഞില്ല. സെപ്റ്റംബര്‍, ഒക്ടോബര്‍, നവംബര്‍, ഡിസംബര്‍ എന്നിവയുടെ അര്‍ത്ഥം ഏഴാമത്തെ, എട്ടാമത്തെ, ഒമ്പതാമത്തെ, പത്താമത്തെ എന്നാണു്. (സപ്തം, അഷ്ടം, നവം, ദശം എന്നീ സംസ്കൃതപദങ്ങളുമായുള്ള സാമ്യം ശ്രദ്ധിച്ചോ?) ബാക്കിയുള്ളവയ്ക്കു് ചില രാജാക്കന്മാരുടെയും ദേവന്മാരുടെയും പേരുകളും.

അധിവര്‍ഷം കണ്ടുപിടിക്കുന്ന രീതിയാണു് അതിലും അശാസ്ത്രീയം.

365.25 ദിവസമാണു് ഒരു വര്‍ഷം എന്നായിരുന്നു പണ്ടു കരുതിയിരുന്നതു്. (ഇന്നും പല കലണ്ടറുകളും അങ്ങനെയാണു കണക്കുകൂട്ടുന്നതു്.) ആ കലണ്ടറിനെ “ജൂലിയന്‍ കലണ്ടര്‍” എന്നാണു വിളിക്കുന്നതു്. സാധാരണ വര്‍ഷങ്ങള്‍ക്കു 365 ദിവസം. കൂടുതലുള്ള കാല്‍ വര്‍ഷം നാലു കൊല്ലം കൂടുമ്പോള്‍ ഒരു ദിവസമാകും. അപ്പോള്‍ ഒരു ദിവസം ഫെബ്രുവരിയോടു ചേര്‍ത്തു് അധിവര്‍ഷമാക്കും. അങ്ങനെ തന്നെയാണു ചെയ്യേണ്ടതു്. അങ്ങനെ ചെയ്യുന്ന കലണ്ടറുകളെ പൊതുവേ ചാക്രിക-കലണ്ടറുകള്‍ (cyclic calendars) എന്നാണു പറയുന്നതു്.

പിന്നീടാണു് അതല്പം കൂടുതലാണെന്നു കണ്ടെത്തിയതു്. പിന്നീടു് വര്‍ഷത്തിന്റെ ദൈര്‍ഘ്യം 365.2425 എന്നാക്കി (ഇതും ശരിയല്ല. എങ്കിലും ആ വ്യത്യാസം വളരെ നൂറ്റാണ്ടുകള്‍ കൊണ്ടേ പ്രകടമാവുകയുള്ളൂ.) അതനുസരിച്ചു് 400 വര്‍ഷത്തില്‍ 97 അധിവര്‍ഷങ്ങളേ പാടുള്ളൂ. (ജൂലിയന്‍ കലണ്ടറില്‍ 100 എണ്ണമുണ്ടായിരുന്നു.) ഈ മൂന്നു ദിവസം കുറച്ചതു് നൂറാമത്തെയും ഇരുനൂറാമത്തെയും മുന്നൂറാമത്തെയും വര്‍ഷങ്ങളിലാണു്. അതായതു്, 1600 അധിവര്‍ഷമാണു്. 1700, 1800, 1900 എന്നിവ അല്ല. 2000 ആണു്. 2100, 2200, 2300 എന്നിവ അല്ല. 2400 ആണു് എന്നിങ്ങനെ. ബാക്കിയെല്ലാം ജൂലിയന്‍ കലണ്ടര്‍ പോലെ.

400 വര്‍ഷങ്ങളില്‍ 97 അധിവര്‍ഷങ്ങളെ വിന്യസിക്കാന്‍ അതൊരു ചാക്രിക-കലണ്ടറാണെങ്കില്‍ 5 9 13 17 21 25 29 33 38 42 46 50 54 58 62 66 71 75 79 83 87 91 95 99 104 108 112 116 120 124 128 132 137 141 145 149 153 157 161 165 170 174 178 182 186 190 194 198 203 207 211 215 219 223 227 231 236 240 244 248 252 256 260 264 269 273 277 281 285 289 293 297 302 306 310 314 318 322 326 330 335 339 343 347 351 355 359 363 368 372 376 380 384 388 392 396 എന്നീ വര്‍ഷങ്ങളാണു് അധിവര്‍ഷമാകേണ്ടതു്. അങ്ങനെയാണെങ്കില്‍ എല്ലാക്കൊല്ലവും മാര്‍ച്ച് 21-നു തന്നെ വസന്തവിഷുവം വന്നേനേ. ഗ്രിഗോറിയന്‍ കലണ്ടറില്‍ അതല്ല സ്ഥിതി.

അധിവര്‍ഷത്തില്‍ അവസാനത്തില്‍ ഒരു ദിവസം ചേര്‍ക്കുന്നതിനു പകരം ഇടയ്ക്കു് ഫെബ്രുവരിയുടെ അവസാനം ചേര്‍ത്തതു മറ്റൊരു പ്രശ്നം. ക്രിസ്തുവിന്റെ ജനനത്തിനു ശേഷം ഉടന്‍ തന്നെ വര്‍ഷം തുടങ്ങാന്‍ വേണ്ടിയാണു് ഈ അഭ്യാസം ചെയ്തതു്. പിന്നീടാണു്, ഈ കണക്കനുസരിച്ചു് ക്രിസ്തുവിനു നാലു വര്‍ഷങ്ങള്‍ക്കെങ്കിലും മുമ്പാണു് ക്രിസ്തുവിന്റെ ജനനം എന്നു സ്ഥിരീകരിച്ചതു്. അപ്പോഴേയ്ക്കും കലണ്ടര്‍ ഒരു പരുവത്തില്‍ എത്തിയിരുന്നു.

ഇങ്ങനെ എല്ലാം കൊണ്ടും അശാസ്ത്രീയമായ ഒരു കലണ്ടറാണു് നാമെല്ലാം പിന്തുടരുന്ന ഗ്രിഗോറിയന്‍. ശാസ്ത്രീയതയ്ക്കും പോപ്പുലാരിറ്റിയ്ക്കും തമ്മില്‍ വലിയ ബന്ധമൊന്നുമില്ല എന്നു വേണം ഇതില്‍ നിന്നും മനസ്സിലാക്കാന്‍. കീഴടക്കുന്ന സാമ്രാജ്യങ്ങള്‍ പിന്തുടര്‍ന്നു പോരുന്നതു് അടിമകളും പിന്തുടരുന്നു, അത്ര മാത്രം.


അത്ര ശാസ്ത്രീയമല്ലെങ്കിലും ഗ്രിഗോറിയന്‍ കലണ്ടര്‍ ലോകം മുഴുവന്‍ പ്രചാരത്തിലായതോടെ ലോകരാഷ്ട്രങ്ങള്‍ തങ്ങളുടെ പരമ്പരാഗതകലണ്ടറുകളെ ഗ്രിഗോറിയന്‍ രീതിയില്‍ നവീകരിക്കാന്‍ തുടങ്ങി.

  • ജപ്പാന്‍കാര്‍ തങ്ങളുടെ ലൂണിസോളാര്‍ കലണ്ടര്‍ കളഞ്ഞിട്ടു് ഗ്രിഗോറിയന്‍ കലണ്ടറിന്റെ വര്‍ഷം മാത്രം മാറ്റി (ഇപ്പോഴത്തെ ചക്രവര്‍ത്തിയുടെ ഭരണം തുടങ്ങിയതു മുതല്‍ എണ്ണി. ഇപ്പോള്‍ അതൊരു കലണ്ടറേ അല്ലാതായി. രണ്ടു ചക്രവര്‍ത്തികളുടെ കാലത്തുള്ള രണ്ടു തീയതികളുടെ വ്യത്യാസം കണ്ടുപിടിക്കണമെങ്കില്‍ ഇപ്പോള്‍ ചില്ലറപ്പണിയല്ല.) കിട്ടുന്ന ഒരു സാധനം ഉപയോഗിക്കാന്‍ തുടങ്ങി.
  • തായ്‌വാനും അതു തന്നെ. അവര്‍ക്കു സ്വാതന്ത്ര്യം കിട്ടിയെന്നു് അവര്‍ കരുതുന്ന (ചൈന ഇപ്പോഴും സമ്മതിക്കുന്നില്ല) 1941 മുതലാണു് എണ്ണല്‍. അതിനു മുമ്പു പ്രളയം. ചരിത്രം വഴിമുട്ടി നില്‍ക്കുന്നു.
  • ഇന്ത്യന്‍ ശകവര്‍ഷത്തിനു് 1950-കളില്‍ ഒരു നവീകരണം നടന്നു. പഴയ ലൂണിസോളാര്‍ രീതി മാറ്റി ഗ്രിഗോറിയനെ പിന്‍‌തുടര്‍ന്നു കൊണ്ടുള്ള ഒരു കലണ്ടര്‍. വിശദവിവരങ്ങള്‍ താഴെ.
    1. ഗ്രിഗോറിയനില്‍ അധിവര്‍ഷമായ വര്‍ഷങ്ങളില്‍ (അതു് ഏറ്റവും അശാസ്ത്രീയമാണെന്നു നാം മുകളില്‍ കണ്ടു) ഇന്ത്യന്‍ കലണ്ടറിലും അധിവര്‍ഷമാണു്. ആ വര്‍ഷത്തില്‍ ചൈത്രത്തിനു 31 ദിവസം ഉണ്ടാവും. അധിവര്‍ഷമല്ലാത്തവയില്‍ 30 ദിവസവും.
    2. ഇതു് ആദ്യത്തെ മാസത്തിന്റെ കാര്യം. രണ്ടു മുതല്‍ ആറു വരെയുള്ള മാസങ്ങള്‍ക്കു് 31 ദിവസം വീതം. ഏഴു മുതല്‍ 12 വരെയുള്ളവയ്ക്കു 30 ദിവസം വീതം. മൊത്തം സാധാരണവര്‍ഷത്തില്‍ 365 ദിവസം, അധിവര്‍ഷത്തില്‍ 366 ദിവസം.
    3. ജനുവരി 1 (പൌഷം 11) മുതല്‍ ഫെബ്രുവരി 28 (ഫാല്‍ഗുനം 9) വരെയും, ഏപ്രില്‍ 21 (വൈശാഖം 1) മുതല്‍ ഡിസംബര്‍ 31 (പൌഷം 10) വരെയും ഓരോ ഗ്രിഗോറിയന്‍ തീയതിക്കും തത്തുല്യമായ ഒരു ശകവര്‍ഷത്തീയതി ഉണ്ടു് എല്ലാ വര്‍ഷത്തിലും.
    4. ഫെബ്രുവരി 28-ന്റെ പിറ്റേ ദിവസം (മാര്‍ച്ച് 1/ഫെബ്രുവരി 29: ഫാല്‍ഗുനം 10) മുതല്‍ ഏപ്രില്‍ 20 (ചൈത്രം 30/31) വരെ സാധാരണ വര്‍ഷത്തിലും അധിവര്‍ഷത്തിലും തത്തുല്യമായ ശകവര്‍ഷത്തീയതിക്കു് ഒരു ദിവസത്തിന്റെ വ്യത്യാസമുണ്ടു്.
    5. ഫെബ്രുവരി 20-നു തുടങ്ങി സാധാരണ വര്‍ഷത്തില്‍ മാര്‍ച്ച് 21 വരെയും അധിവര്‍ഷത്തില്‍ മാര്‍ച്ച് 20 വരെയുമാണു് പന്ത്രണ്ടാം മാസമായ ഫാല്‍ഗുനം. ഇതിനു് എപ്പോഴും 30 ദിവസം. സാധാരണ വര്‍ഷത്തില്‍ മാര്‍ച്ച് 22-നും അധിവര്‍ഷത്തില്‍ മാര്‍ച്ച് 21-നും തുടങ്ങി ഏപ്രില്‍ 20-നു തീരുന്നതാണു് ആദ്യമാസമായ ചൈത്രം. ഇതിനു സാധാരണ വര്‍ഷങ്ങളില്‍ 30 ദിവസവും അധിവര്‍ഷങ്ങളില്‍ 31 ദിവസവും ഉണ്ടു്.

    ആദ്യത്തെ ആറു മാസത്തിന്റെ ദൈര്‍ഘ്യം പിന്നത്തെ ആറുമാസത്തിന്റെ ദൈര്‍ഘ്യത്തെക്കാള്‍ അഞ്ചോ ആറോ ദിവസം കൂടുതലാണെന്നു ശ്രദ്ധിക്കുക. എന്തു ലോജിക്കാണോ ഇതിന്റെ പിന്നില്‍. ആര്‍ക്കറിയാം!

    ഈ കലണ്ടറില്‍ എന്തു ചെയ്യണമെങ്കിലും ഗ്രിഗോറിയനിലേയ്ക്കു മാറ്റേണ്ട ഗതികേടാണു്. ഉദാഹരണത്തിനു്, ഒരു വര്‍ഷം അധിവര്‍ഷമാണോ എന്നറിയണമെങ്കില്‍ 78 കൂട്ടി അതിനെ ഗ്രിഗോറിയന്‍ വര്‍ഷമാക്കി അതു് അധിവര്‍ഷമാണോ എന്നു നോക്കണം. അതാകട്ടേ, നേരേ ചൊവ്വേ ഒന്നുമല്ല അധിവര്‍ഷം കണ്ടുപിടിക്കുന്നതു്!

    ഈ നവീകരണം കൊണ്ടു് എന്തു ഗുണമുണ്ടായി? ഒന്നുമുണ്ടായില്ല. ഗ്രിഗോറിയനു പകരം ഇതുപയോഗിക്കാമെന്നായിരുന്നു പ്ലാന്‍. ആരും ഉപയോഗിച്ചില്ല. അതു സര്‍ക്കാര്‍ കലണ്ടറില്‍ മാത്രം ഒതുങ്ങി നിന്നു. എന്നാല്‍ ഇതു് ദീപാവലി മുതലായ വിശേഷദിവസങ്ങള്‍ കണ്ടുപിടിക്കാന്‍ ഉപയോഗിക്കാമോ? അതുമില്ല. കാരണം അവയൊക്കെ വെളുത്ത വാവിനും അഷ്ടമിയ്ക്കും ഒക്കെ ആവണമെന്നു നിര്‍ബന്ധമുണ്ടു്. ഇപ്പോള്‍ ഇരട്ടിപ്പണിയാണു്. പുതിയ കലണ്ടര്‍ ഉപയോഗിച്ചു മാസം കണ്ടുപിടിക്കണം. എന്നിട്ടു വേറേ ഏതെങ്കിലും രീതിയില്‍ തിഥി കണ്ടുപിടിക്കണം. പണ്ടു് ഒരേ മാസത്തിലെ 8, 9, 10 തീയതികളില്‍ നടന്നിരുന്ന ദുര്‍ഗ്ഗാഷ്ടമിയും മഹാനവമിയും വിജയദശമിയും ഇപ്പോള്‍ രണ്ടു മാസത്തിലാവാന്‍ സാദ്ധ്യതയുണ്ടു്. അതുകൊണ്ടു്, വിശേഷദിവസങ്ങള്‍ കണ്ടുപിടിക്കുന്നവരും ജ്യോത്സ്യന്മാരും മറ്റും പഴയ കലണ്ടറും തോന്നിയ കണക്കുകൂട്ടലും ഒക്കെ ഉപയോഗിച്ചു് പഞ്ചാംഗം ഉണ്ടാക്കാന്‍ തുടങ്ങി. (ചുമ്മാതാണോ കലണ്ടറിനും പഞ്ചാംഗത്തിനും ഇത്ര വില!)

    ഈയിടെ മറ്റൊരു നവീകരണത്തെപ്പറ്റി കേട്ടു. ചൈത്രമാസത്തിലാണല്ലോ വര്‍ഷം തുടങ്ങുന്നതു്. അതായതു് മാര്‍ച്ച് 20-നോ 21-നോ. പക്ഷേ ഭാരതീയരുടെ പരമ്പരാഗതപുതുവര്‍ഷം മേഷസംക്രാന്തിയാണു് (നമ്മുടെ വിഷു). അതു് ഏപ്രില്‍ 14/15 ആകും. അതൊരു പ്രശ്നമാണല്ലോ! അതിനുള്ള വഴി ചൈത്രത്തില്‍ തുടങ്ങാതെ രണ്ടാം മാസമായ വൈശാഖത്തില്‍ തുടങ്ങുക. എങ്ങനെയുണ്ടു്? ഇനി കുറേ നൂറ്റാണ്ടു കഴിഞ്ഞാല്‍ ജ്യേഷ്ഠത്തിലും ആഷാഢത്തിലും തുടങ്ങാം. ഇതുവരെ എങ്ങുമില്ലാത്ത പുതിയ സിസ്റ്റം!

    വളരെ കൃത്യമായി ഒരു ലൂണിസോളാര്‍ കലണ്ടര്‍ ഉണ്ടാക്കിയ (അതു സൈഡീരിയല്‍ വര്‍ഷമാണെന്നേ പ്രശ്നമുണ്ടായിരുന്നുള്ളൂ) നമ്മുടെ പൂര്‍വ്വികരുടെ ഗണിതപാടവത്തിനു നേരേ കൊഞ്ഞനം കുത്തിക്കൊണ്ടു് ഒരു ട്രോപ്പിക്കല്‍ വര്‍ഷത്തില്‍ ഒരു സൈഡീരിയല്‍ കലണ്ടര്‍ ഏച്ചുകെട്ടി ഇങ്ങനെയൊരു കലണ്ടര്‍ ഉണ്ടാക്കേണ്ട ആവശ്യമെന്തായിരുന്നു? ആര്‍ക്കറിയാം!


ഇനി നമുക്കു ഇസ്ലാമിക് കലണ്ടറിലേയ്ക്കു മടങ്ങിവരാം.

ഇസ്ലാമിക് അഥവാ ഹിജ്ര അഥവാ ഹിജ്രി ഒരു ലൂനാര്‍ കലണ്ടറാണു്. ചാന്ദ്രമാസങ്ങളും പന്ത്രണ്ടു ചാന്ദ്രമാസങ്ങള്‍ ചേര്‍ന്ന വര്‍ഷവുമാണു് അതിനുള്ളതു്. അതുകൊണ്ടു് അതിന്റെ ഒരു വര്‍ഷത്തിനു് ഏകദേശം 354 ദിവസമേ ഉള്ളൂ. അതു് സൌരവര്‍ഷത്തേക്കാള്‍ ചെറുതാണു്. അതു് സീസണുകള്‍ക്കു് അനുസൃതമല്ല. (ഉദാഹരണമായി, റംസാന്‍ മാസം വേനല്‍ക്കാലത്തോ വര്‍ഷകാലത്തോ വരാം.)

പക്ഷേ, അതുകൊണ്ടു് അതു ശാസ്ത്രീയമല്ല എന്നു പറയാമോ? കൊല്ലവര്‍ഷവും ഇറാനിയന്‍ കലണ്ടറും സൂര്യനെ അടിസ്ഥാനമാക്കി മാസവും വര്‍ഷവും നിര്‍ണ്ണയിക്കുന്നതു പോലെ, ഹിജ്രി കലണ്ടര്‍ ചന്ദ്രനെ അടിസ്ഥാനമാക്കുന്നു, അത്ര മാത്രം. കൃഷി ചെയ്യാന്‍ ഈ കലണ്ടര്‍ ഉപയോഗിക്കാന്‍ പറ്റില്ല. വെളുത്ത വാവു് എന്നാണെന്നു കണ്ടുപിടിക്കാന്‍ ഗ്രിഗോറിയന്‍ കലണ്ടറും ഫലപ്രദമല്ല. എന്താ, വെളുത്ത വാവു് പ്രധാനമല്ല എന്നുണ്ടോ?

വളരെ ലളിതമാണു് ഹിജ്രി കലണ്ടറിന്റെ ഘടന. കറുത്ത വാവിനു ശേഷം ചന്ദ്രന്‍ സൂര്യാസ്തമയത്തിനു ശേഷം ഉദിക്കുമ്പോള്‍ ഒരു പുതിയ മാസം തുടങ്ങുന്നു. അടുത്ത കറുത്ത വാവിനു് അടുത്ത മാസവും. ഇങ്ങനെ പന്ത്രണ്ടു മാസം കൂടുമ്പോള്‍ ഒരു വര്‍ഷമാവും.

പക്ഷേ, ഇതിനു രണ്ടു കുഴപ്പങ്ങളുണ്ടു്. ഒന്നു്, ലോകത്തിന്റെ പല ഭാഗത്തും സൂര്യന്റെയും ചന്ദ്രന്റെയും അസ്തമയങ്ങള്‍ പല സമയത്തായതുകൊണ്ടു്, തീയതിയില്‍ വ്യത്യാസം വരാന്‍ സാദ്ധ്യതയുണ്ടു്. (ചന്ദ്രനെ കാണാതായാല്‍ കാണുന്നതു വരെ അടുത്ത മാസം തുടങ്ങാത്ത പ്രശ്നം വേറെയും.) രണ്ടു്, സൂര്യന്റെയും ചന്ദ്രന്റെയും സ്ഥാനം കണ്ടുപിടിക്കുന്നതു് വളരെ ബുദ്ധിമുട്ടുള്ള പണിയാണു്.

മാസം തുടങ്ങുന്നതു് എന്നു് എന്നറിയാന്‍ മാസം തുടങ്ങുന്നതു വരെ കാത്തിരിക്കാന്‍ ബുദ്ധിമുട്ടാണു് എന്നു പണ്ടു തൊട്ടേ ആളുകള്‍ മനസ്സിലാക്കിയിരുന്നു. നേരത്തേ അതു കണ്ടുപിടിക്കാന്‍ പല വഴികളും ആളുകള്‍ ഉണ്ടാക്കി.

കൃത്യമായ ജ്യോതിശ്ശാസ്ത്രരീതികള്‍ ഉപയോഗിച്ചു് സൂര്യന്റെയും ചന്ദ്രന്റെയും സ്ഥാനം കണക്കുകൂട്ടി തീയതി നിശ്ചയിക്കുന്ന രീതിയാണു് ഒന്നു്. സൌദി അറേബ്യയിലും മറ്റു ചില രാജ്യങ്ങളിലും ഉപയോഗിക്കുന്ന ഉം അല്‍-ക്വിറാ കലണ്ടറില്‍ അതാണു ചെയ്യുന്നതു്. ജ്യോതിശ്ശാസ്ത്രരീതി അവലംബിക്കുന്ന മറ്റു രാജ്യങ്ങളുമുണ്ടു്. പല നാടുകളില്‍ പല തീയതികളാവും എന്ന ഒരു പ്രത്യേകത ഇതിനുണ്ടു്.

കുറച്ചുകൂടി സരളമായ രീതികളുപയോഗിച്ചു് മാസാദ്യം വലിയ തെറ്റില്ലാതെ കണക്കുകൂട്ടുന്നതാണു് മറ്റൊരു രീതി. ഒരു ചന്ദ്രമാസത്തിന്റെ ശരാശരി ദൈര്‍ഘ്യം 29.53 ദിവസമാണു്. അതിനെ 29.5 എന്നു കരുതി ഒന്നിടവിട്ടു് 30, 29 എന്നിങ്ങനെ ദിവസങ്ങളുള്ള പന്ത്രണ്ടു മാസങ്ങള്‍ നിരത്തുന്നതാണു് ഈ രീതി.

ഇങ്ങനെ കണക്കുകൂട്ടുമ്പോള്‍ ഒരു വര്‍ഷത്തില്‍ 0.03 x 12 = 0.36 ദിവസത്തിന്റെ വ്യത്യാസം വരും. 30 വര്‍ഷത്തില്‍ ഇതു് ഏകദേശം 11 ദിവസമാകും. 11 അധിവര്‍ഷമുള്ള മുപ്പതു വര്‍ഷങ്ങള്‍ അടങ്ങുന്ന ഒരു ചക്രമാണു് ഹിജ്രി കലണ്ടര്‍. അധിവര്‍ഷങ്ങളില്‍ പന്ത്രണ്ടാമത്തെ മാസത്തിനു് 29-നു പകരം 30 ദിവസങ്ങള്‍ ഉണ്ടാകും.

ഇനി ഏതൊക്കെ വര്‍ഷങ്ങളാണു് അധിവര്‍ഷങ്ങള്‍? ശരിക്കും ഒരു ചാക്രിക-കലണ്ടറായ ഹിജ്രി ബാക്കിയുള്ള സമയം ഒരു ദിവസമോ അതില്‍ കൂടുതലോ ആകുമ്പോഴാണു് ഒരു അധിവര്‍ഷം ഉണ്ടാക്കുന്നതു്. (അതുകൊണ്ടു് അതു വളരെ ശാസ്ത്രീയമാണു് എന്നു പറയേണ്ടി വരും.) പക്ഷേ അതിനു് കലണ്ടര്‍ തുടങ്ങുമ്പോള്‍ എത്ര സമയം ബാക്കിയുണ്ടായിരുന്നു എന്നും നോക്കണം.

ഇതിന്റെ അടിസ്ഥാനത്തില്‍ പല രീതികളുമുണ്ടു്. ചിലര്‍ 2, 5, 7, 10, 13, 16, 18, 21, 24, 26, 29 എന്നീ വര്‍ഷങ്ങള്‍ അധിവര്‍ഷങ്ങളായി കരുതുന്നു. മറ്റു ചിലര്‍ക്കു് 2, 5, 7, 10, 13, 15, 18, 21, 24, 26, 29 എന്നിവയാണു് അധിവര്‍ഷങ്ങള്‍. 2, 5, 8, 10, 13, 16, 19, 21, 24, 27, 29 എന്ന രീതിയും 2, 5, 8, 11, 13, 16, 19, 21, 24, 27, 30 എന്ന രീതിയും നോക്കുന്നവരും ഉണ്ടു്.

മറ്റൊരു വ്യത്യാസം ഹിജ്രി കലണ്ടര്‍ എന്നു തുടങ്ങി എന്നതാണു്. ജൂലിയന്‍ കലണ്ടറില്‍ 622 ജൂലൈ 15 വ്യാഴാഴ്ച കഴിഞ്ഞുള്ള സൂര്യാസ്തമയത്തിനാണു് അതു തുടങ്ങിയതു്. അപ്പോള്‍ ആദ്യത്തെ ദിവസമായി 15-)ം തീയതിയെ കണക്കാക്കണോ 16-)ം തീയതിയെ കണക്കാക്കണോ എന്നു രണ്ടു പക്ഷമുണ്ടു്. ഈ വ്യത്യാസം മൂലം തീയതികള്‍ക്കു് ഒരു ദിവസത്തെ വ്യത്യാസം ഉണ്ടു്.

മൂന്നു തരത്തിലുള്ള അരിത്‌മെറ്റിക് കലണ്ടറുകളാണു് ഇതു മൂലം പ്രചാരത്തിലുള്ളതു്.

  1. ജൂലൈ 16-നെ ഒന്നാം ദിവസമായി കണക്കാക്കി 2, 5, 7, 10, 13, 16, 18, 21, 24, 26, 29 എന്നീ വര്‍ഷങ്ങളെ അധിവര്‍ഷങ്ങളാക്കുന്ന സമ്പ്രദായം. ഇതാണു് അരിത്ത്മെറ്റിക് കലണ്ടറുകളില്‍ ഏറ്റവും പ്രചാരത്തിലുള്ളതു്. ഹിജ്രി കലണ്ടര്‍ കണ്‍‌വേര്‍ഷന്‍ തരുന്ന പല സോഫ്റ്റ്വെയറുകളും ഓണ്‍‌ലൈന്‍ കണ്‍വെര്‍ട്ടറുകളും ഇതാണു് ഉപയോഗിക്കുന്നതു്. GNU Emacs-ലെ ഇസ്ലാമിക് കലണ്ടര്‍ ഇതാണു്.
  2. ജൂലൈ 15-നെ ഒന്നാം ദിവസമായി കണക്കാക്കി 2, 5, 7, 10, 13, 15, 18, 21, 24, 26, 29 എന്നീ അധിവര്‍ഷങ്ങള്‍ ഉള്‍ക്കൊള്ളിക്കുന്ന സമ്പ്രദായം. കുവൈറ്റില്‍ ഇതാണു് ഉപയോഗിക്കുന്നതു്. മൈക്രോസോഫ്റ്റ് ഔട്ട്‌ലുക്കില്‍ ഈ സമ്പ്രദായമാണു് ഉപയോഗിച്ചിരിക്കുന്നതു്. അവര്‍ അതിനെ കുവൈറ്റി അല്‍ഗരിതം എന്നു വിളിക്കുന്നു.
  3. ജൂലൈ 15-നെ ഒന്നാം ദിവസമായി കണക്കാക്കി 2, 5, 8, 10, 13, 16, 19, 21, 24, 27, 29 എന്നീ അധിവര്‍ഷങ്ങള്‍ ഉള്‍ക്കൊള്ളിച്ച ഒരു തരം കലണ്ടര്‍ ഇന്ത്യയിലും പാക്കിസ്ഥാനിലുമുള്ള കുറേ മുസ്ലീങ്ങള്‍ ഉപയോഗിക്കുന്നു. Fatmid എന്നാണു് ഈ കലണ്ടറിന്റെ പേരു്. (കേരളത്തിലുള്ളവര്‍ ഇതല്ല ഉപയോഗിക്കുന്നതു്.)

ഈ അങ്കഗണിത-കലണ്ടറുകളില്‍ ഒമ്പതാം നൂറ്റാണ്ടിലേ കണ്ടുപിടിച്ചവയാണു്. ചന്ദ്രന്റെ ശരിക്കുള്ള സഞ്ചാരത്തെ വളരെ കൃത്യമായി എന്നാല്‍ സരളമായി അവ കണക്കുകൂട്ടുന്നു. ഗണിതത്തിലും ജ്യോതിശ്ശാസ്ത്രത്തിലും അറബികള്‍ക്കുണ്ടായിരുന്ന വിജ്ഞാനത്തെയാണു് ഇതു കാണിക്കുന്നതു്.

ചുരുക്കം പറഞ്ഞാല്‍, നമ്മളെല്ലാം പിന്തുടരുന്ന ഗ്രിഗോറിയനെക്കാള്‍ ഒട്ടും ശാസ്ത്രീയത കുറവല്ല ഇസ്ലാമിക് കലണ്ടറിനു്. സൌരവര്‍ഷം ഉപയോഗിച്ചു ശീലിച്ച നമുക്കു് അതല്പം തലതിരിഞ്ഞതാണെന്നു തോന്നുന്നു എന്നു മാത്രം.

കാലഗണന എങ്ങനെ വേണമെങ്കിലും ആവാം. ജ്യോതിശ്ശാസ്ത്രജ്ഞര്‍ ഉപയോഗിക്കുന്നതു് ക്രമമായി കൂടുന്ന സംഖ്യകളായി ഓരോ ദിവസത്തെയും സൂചിപ്പിക്കുന്ന ജൂലിയന്‍ ഡേ നമ്പര്‍ ആണു്. ഈ ആശയം ഭാരതത്തില്‍ ഉണ്ടായതാണു്. ജൂലിയന്‍ ഡേ ഉണ്ടാകുന്നതിനു നൂറ്റാണ്ടുകള്‍ മുമ്പേ ഇതേ ആവശ്യത്തിനായി നമുക്കു കലിദിനസംഖ്യ ഉണ്ടായിരുന്നു. അതില്‍ വര്‍ഷമില്ല, ആഴ്ചയില്ല, മാസമില്ല, ദിവസം മാത്രം. അതു ശാസ്ത്രീയമല്ല എന്നു് ആര്‍ക്കെങ്കിലും പറയാന്‍ പറ്റുമോ?

ഏതെങ്കിലും മതവുമായി ബന്ധമുള്ളതു കൊണ്ടു മാത്രം ഒന്നും അശാസ്ത്രീയമാവുന്നില്ല. യാമങ്ങളും കാലങ്ങളും നക്ഷത്രവും തിഥിയുമൊക്കെ കാലനിര്‍ണ്ണയത്തിനുള്ള പല ഉപാധികളാണു്. അവ പലതും വളരെ ശാസ്ത്രീയവുമാണു്. അവയെ അടിസ്ഥാനമാക്കി ഭാവിയും ഭൂതവുമൊക്കെ പറയുന്നതാണു് അശാസ്ത്രീയം.


കാലഹരണപ്പെട്ട കാലഗണനയില്‍ ശ്രീ ജബ്ബാര്‍ ഇങ്ങനെ എഴുതുന്നു:

ക്രിസ്തുമസ് ആഘോഷിക്കേണ്ട തിയ്യതിയെക്കുറിച്ച് ലോകത്തെവിടെയും ഒരു തര്‍ക്കവും ഉണ്ടാകുന്നില്ല . എന്നാല്‍ മുസ്ലിംങ്ങളുടെ പെരുന്നാളിനും നോംപിനും തല്ലും തര്‍ക്കവുമില്ലാത്ത ഒരു കൊല്ലവും ഉണ്ടാകാറില്ല!!

കലണ്ടറുകളിലെ തര്‍ക്കം പുത്തരിയല്ല. വിഷുവോ വേറേ ഏതെങ്കിലും വിശേഷദിവസമോ എന്നാവണമെന്നു പറഞ്ഞു് മാതൃഭൂമിയും മനോരമയും മിക്കവാറും എല്ലാ കൊല്ലവും തല്ലുകൂടാറുണ്ടു്. കലണ്ടര്‍ കൂടുതല്‍ “ശാസ്ത്രീയം” ആകും തോറും തര്‍ക്കങ്ങള്‍ കൂടും. കാരണം, കലണ്ടറിന്റെ കാര്യത്തില്‍ “ശാസ്ത്രീയം” എന്നു പറയുന്നതു് ജ്യോതിശ്ശാസ്ത്രവുമായി ബന്ധപ്പെട്ടു കിടക്കുന്നു. അതിനു പല സ്ഥലങ്ങളിലും വ്യത്യാസമുണ്ടാവും. ഞാന്‍ ഇവിടെ പ്രസിദ്ധീകരിക്കുന്ന മലയാളം കലണ്ടറില്‍ പല സ്ഥലങ്ങളില്‍ മലയാളം തീയതിയ്ക്കു വ്യത്യാസമുണ്ടെന്നു കാണാം.

ഗ്രിഗോറിയന്‍ കലണ്ടറില്‍ തര്‍ക്കങ്ങളില്ലാഞ്ഞല്ല. മുന്നൂറു വര്‍ഷം കൊണ്ടാണു് തര്‍ക്കമൊക്കെ തീര്‍ത്തു് ലോകരാഷ്ട്രങ്ങള്‍ അതു് അംഗീകരിച്ചതു്. അതും നിവൃത്തിയില്ലാതെ അംഗീകരിക്കാന്‍ നിര്‍ബന്ധിതരാകുകയായിരുന്നു. വിശേഷദിവസങ്ങള്‍ക്കു് തോന്നിയ നിയമങ്ങള്‍ വെച്ചാല്‍ പിന്തുടരാന്‍ എളുപ്പമാകും. എങ്കിലും ഈസ്റ്റര്‍ കണ്ടുപിടിക്കുന്ന കാര്യത്തില്‍ ഇപ്പോഴും അടിയാണു്. കൂടുതല്‍ വിവരങ്ങള്‍ക്കു് ഉയിര്‍ത്തെഴുന്നേല്‍പ്പിലെ കുരിശുകള്‍ എന്ന പോസ്റ്റു കാണുക.


ഒരു താരതമ്യത്തിനായി 1429 എന്ന ഹിജ്രി വര്‍ഷത്തിലെ (ഇതു പൂര്‍ണ്ണമായും 2008-ല്‍ ഉള്‍ക്കൊണ്ടിരിക്കുന്നു) മാസങ്ങള്‍ തുടങ്ങുന്ന ദിവസം പല സിസ്റ്റങ്ങളില്‍ താഴെക്കൊടുക്കുന്നു.

ഹിജ്രി ഗ്രിഗോറിയന്‍
ഇമാക്സ് ഔട്ട്‌ലുക്ക് സൌദി ഫാറ്റ്മിദ്
1429/1/1 2008/1/10 2008/1/9 2008/1/10 2008/1/8
1429/2/1 2008/2/9 2008/2/8 2008/2/8 2008/2/7
1429/3/1 2008/3/9 2008/3/8 2008/3/9 2008/3/7
1429/4/1 2008/4/8 2008/4/7 2008/4/7 2008/4/6
1429/5/1 2008/5/7 2008/5/6 2008/5/6 2008/5/5
1429/6/1 2008/6/6 2008/6/5 2008/6/5 2008/6/4
1429/7/1 2008/7/5 2008/7/4 2008/7/4 2008/7/3
1429/8/1 2008/8/4 2008/8/3 2008/8/2 2008/8/2
1429/9/1 2008/9/2 2008/9/1 2008/9/1 2008/8/31
1429/10/1 2008/10/2 2008/10/1 2008/10/1 2008/9/30
1429/11/1 2008/10/31 2008/10/30 2008/10/30 2008/10/29
1429/12/1 2008/11/30 2008/11/29 2008/11/29 2008/11/28

സൌദിയിലെ ഉം അല്‍-ക്വറാ കലണ്ടറാണു് യു. എ. ഇ. ഉള്‍പ്പെടെ മിക്ക അറബിരാജ്യങ്ങളിലും ഉപയോഗിക്കുന്നതു്. ഔട്ട്‌ലുക്കിലെ തീയതി കുവൈറ്റില്‍ ഉപയോഗിക്കുന്നു. കേരളത്തില്‍ ഉപയോഗിക്കുന്നതു് ഇമാക്സിലെ തീയതികളുമായി ഏറെക്കുറെ ഒത്തുപോകുന്നുണ്ടെങ്കിലും അതല്ല. ഇക്കൊല്ലം ജൂലൈ 5-നു പകരം ജൂലൈ 4-നാണു കേരളത്തില്‍ റജബ് മാസം തുടങ്ങിയതു്. കേരളത്തില്‍ (മാതൃഭൂമി കലണ്ടറാണു ഞാന്‍ നോക്കിയതു്) ഒരു ജ്യോതിശ്ശാസ്ത്രഗണനമാണു നടത്തുന്നതെന്നു തോന്നുന്നു.

ഒമാനിലൊഴികെ എല്ലാ മിഡില്‍ ഈസ്റ്റ് രാജ്യങ്ങളിലും സൌദി കലണ്ടര്‍ തന്നെയാണെന്നാണു് എന്റെ അറിവു്. ഒമാനില്‍ ഇമാക്സ് കലണ്ടര്‍ ആണെന്നു തോന്നുന്നു. സിംഗപ്പൂര്‍, മലേഷ്യ തുടങ്ങിയ സ്ഥലങ്ങളില്‍ ഏതാണെന്നു് അറിയില്ല.

നിങ്ങളുടെ നാട്ടില്‍ ഇസ്ലാമിക് കലണ്ടര്‍ ഉപയോഗിക്കുന്നുണ്ടെങ്കില്‍ അതു നോക്കി ഇതില്‍ ഏതു കലണ്ടറാണെന്നു പറയാമോ? മുകളില്‍ കൊടുത്ത പന്ത്രണ്ടു തീയതികള്‍ ശ്രദ്ധിച്ചാല്‍ മതി. ഏതെങ്കിലും ഒരു തീയതി വ്യത്യാസമുണ്ടെങ്കില്‍ അതു് ആ കലണ്ടറല്ല. അങ്ങനെ വന്നാല്‍ നിങ്ങളുടെ കലണ്ടറിലെ തീയതികളും കമന്റില്‍ ചേര്‍ക്കുക.