കുതിച്ചുചാട്ടത്തിലേയ്ക്കു നീളുന്ന കാൽ‌വെയ്പുകൾ

സാഹിത്യം

“ഇതു് എന്റെ ഒരു ചെറിയ കാൽ‌വെയ്പു മാത്രം… മനുഷ്യരാശിക്കോ, ഒരു വലിയ കുതിച്ചുചാട്ടവും”
നീൽ ആസ്ട്രോംഗ്.

സമീപകാലത്തു് ബ്ലോഗുകൾക്കുണ്ടായ മുന്നേറ്റം അദ്ഭുതാവഹമാണു്. ലോകത്തുള്ള പല പ്രമുഖപത്രങ്ങളും അവരുടെ വാർത്തകളും കഥകളും ബ്ലോഗ് രൂപത്തിൽ വായനക്കാരുടെ പ്രതികരണവും ഉൾപ്പെടുത്തി ഇന്റർനെറ്റിൽ ഇന്നു പ്രസിദ്ധീകരിക്കുന്നു. ദിവസത്തിലോ ആഴ്ചയിലോ മാസത്തിലോ ഒരിക്കൽ മാത്രം ഇറങ്ങുന്ന പ്രിന്റഡ് പ്രസിദ്ധീകരണങ്ങളെക്കാൾ കൂടുതൽ ആശയവിനിമയത്തിനും പാരായണക്ഷമതയ്ക്കും ബ്ലോഗു പോലെയുള്ള മാദ്ധ്യമങ്ങളാണു കൂടുതൽ അനുയോജ്യം എന്നു കൂടുതൽ ആളുകളും സ്ഥാപനങ്ങളും മനസ്സിലാക്കി വരുന്നു.

അതേ സമയം തന്നെ, എഡിറ്റ് ചെയ്യപ്പെടാത്ത സ്വയം‌കൃതികൾ എന്ന നിലയ്ക്കു് ബ്ലോഗിലുള്ള കൃതികൾ അച്ചടിക്കപ്പെട്ട കൃതികളെക്കാൾ ഗുണമൂല്യം കുറവുള്ളവയാണു് എന്ന ഒരു ചിന്താഗതിയും ഉണ്ടു്. അച്ചടിയിലുള്ളവയെക്കാൾ ചവറുകൾ ബ്ലോഗിൽ ഉള്ളതുകൊണ്ടാവാം ഇതു്. എങ്കിലും അച്ചടിയിലുള്ള കൃതികളുടെ നിലവാരത്തിലുള്ളതോ അവയിലും മികച്ചതോ ആയ കൃതികൾ ബ്ലോഗുകളിൽ പ്രസിദ്ധീകരിക്കുന്നുണ്ടു് എന്ന വസ്തുതയും ആളുകൾ മനസ്സിലാക്കിയിട്ടുണ്ടു്.

മലയാളത്തെ സംബന്ധിച്ചിടത്തോളം അച്ചടിയിൽ ഉള്ള കൃതികളെക്കാൾ വളരെക്കുറച്ചു മാത്രമാണു ബ്ലോഗ് വായിക്കപ്പെടുന്നതു്. കമ്പ്യൂട്ടറുകൾ ഇന്നും എല്ലാവർക്കും ലഭ്യമല്ല എന്നതു് ഒരു കാരണം. വായനയ്ക്കു് ഒരു പുസ്തകമോ പ്രസിദ്ധീകരണമോ നൽകുന്ന സൌകര്യവും സുഖവും കമ്പ്യൂട്ടറിലെ പേജ് നൽകുന്നില്ല എന്നതു മറ്റൊരു കാരണം.

മാത്രമല്ല, അല്പം കൂടി കാഷ്വൽ വായനക്കാരാണു ബ്ലോഗിനുള്ളതു്. തിരക്കേറിയ ജീവിതത്തിനിടയിൽ വീണു കിട്ടുന്ന അല്പസമയത്തിനുള്ളിൽ വായിക്കുന്നവരാണു് ബ്ലോഗുവായനക്കാർ അധികവും എന്നതുകൊണ്ടു് സരളമായ പ്രതിപാദ്യമാണു് ബ്ലോഗുകളിൽ കൂടുതൽ ജനപ്രീതി ആർജ്ജിക്കുന്നതു്. ഒരു പരിധിയിൽ കൂടുതൽ വലിപ്പമോ ഉള്ളടക്കമോ ബ്ലോഗ് പോസ്റ്റുകൾ വായിക്കാനുള്ള ക്ഷമ പലപ്പോഴും വായനക്കർക്കില്ല. ഉള്ളവരാകട്ടേ, പോസ്റ്റുകളുടെ പ്രിന്റൌട്ട് എടുത്തു് സാവകാശം വായിക്കുകയാണു ചെയ്യുന്നതു്.

ഈ സാഹചര്യത്തിലാണു് ബ്ലോഗുകളിൽ പ്രസിദ്ധീകരിക്കപ്പെടുന്ന നല്ല കൃതികൾ തിരഞ്ഞെടുത്തു് പുസ്തകരൂപത്തിലോ മാസികാരൂപത്തിലോ പ്രസിദ്ധീകരിക്കേണ്ട ആവശ്യം മലയാളത്തിലെങ്കിലും ഇന്നുള്ളതു്. ഇതുവരെ ബ്ലോഗെഴുത്തുകാർ തന്നെ സ്വന്തം ചെലവിൽ ഏതെങ്കിലും പ്രസാധകരെക്കൊണ്ടു പ്രസിദ്ധീകരിപ്പിക്കുകയായിരുന്നു ചെയ്തിരുന്നതു്. അടുത്ത കാലത്തായി പ്രസാധകർ ഇതൊരു ബിസിനസ് മോഡലായി കൊണ്ടു നടക്കുകയും ചെയ്യുന്നുണ്ടു്. എഴുത്തുകാരിൽ നിന്നു് അമിതമായ പണം ഈടാക്കി പുസ്തകങ്ങൾ നേരേ ചൊവ്വേ പ്രൂഫ് റീഡ് പോലും ചെയ്യാതെ വികലമായി പ്രസിദ്ധീകരിച്ചതിന്റെ ഉദാഹരണങ്ങൾ കാട്ടാനുണ്ടു്.

ഒരു പുസ്തകം പ്രസിദ്ധീകരിക്കാൻ ആവശ്യമായ സർഗ്ഗവൈഭവവും സാങ്കേതികജ്ഞാനവും മലയാളം ബ്ലോഗെഴുത്തുകാരിൽത്തന്നെ ആവശ്യത്തിനുള്ളതു കൊണ്ടു് ഇത്തരം പ്രസാധകരെ ആശ്രയിക്കാതെ പുസ്തകങ്ങൾ ഒന്നുകൂടി നല്ല രീതിയിൽ കുറഞ്ഞ ചെലവിൽ പ്രസിദ്ധീകരിക്കാൻ കഴിയും എന്ന ചിന്തയിൽ നിന്നാണു് ബുക്ക് റിപ്പബ്ലിക്ക് എന്ന ആശയം ഉണ്ടായതു്. ഇന്റർനെറ്റിൽ കൂടി പരിചയപ്പെട്ട ഏതാനും ആളുകൾ ചേർന്നുള്ള ഈ സംരംഭത്തിന്റെ ആദ്യത്തെ ഫലം ഈയാഴ്ച പുറത്തു വരുകയാണു്.

തുടക്കത്തിലുള്ള മൂലധനം സംഭരിച്ചതും, കൃതി തിരഞ്ഞെടുത്തതും, ടൈപ്പു ചെയ്തതും, ടൈപ്‌സെറ്റു ചെയ്തതും, വിതരണത്തിനും പരസ്യത്തിനുമുള്ള ഏർപ്പാടുകൾ ചെയ്യുന്നതും ബ്ലോഗിലൂടെ പരിചയപ്പെട്ട ഈ ആളുകൾ തന്നെയാണു്. തീരുമാനമെടുത്തതിനു ശേഷം വളരെ കുറച്ചു സമയത്തിനുള്ളിൽത്തന്നെ ആദ്യത്തെ കൃതി പ്രസിദ്ധീകൃതമാകുകയാണു്.


ബുക്ക് റിപ്പബ്ലിക്കിലൂടെ ആദ്യം പ്രസിദ്ധീകരിക്കുന്ന പുസ്തകം ലാപുട എന്ന ബ്ലോഗിലൂടെ മലയാളകവിതയുടെ കരുത്തും ചാരുതയും ബ്ലോഗുവായനക്കാർക്കു പകർന്നു തന്ന ടി. പി. വിനോദിന്റെ “നിലവിളിയെക്കുറിച്ചുള്ള കടങ്കഥകൾ” എന്ന കവിതാസമാഹാരമാണു്. ബ്ലോഗിൽ പ്രസിദ്ധീകരിച്ച 35 കവിതകൾ കൂടാതെ 14 കവിതകളും ഈ സമാഹാരത്തിലുണ്ടു്. ടൈപ് സെറ്റ് ചെയ്തതു് ശ്രീനി ശ്രീധരൻ (പച്ചാളം). കവറും ലേ ഔട്ടും തയ്യാറാക്കിയതു് ഉന്മേഷ് ദസ്തക്കീർ. ഡോ. സോമൻ കടലൂരിന്റെ പഠനവും ഇതിലുണ്ടു്.

മലയാളബ്ലോഗിലെ അവിസ്മരണീയമായ ഒരു അനുഭവമാണു ലാപുട. വൃത്തത്തിലും താളത്തിലും പഴയ സങ്കേതങ്ങളിലും മാത്രം ഒതുങ്ങിനിൽക്കുന്നതു മാത്രമേ നല്ല കവിതയാകൂ എന്നു ശഠിക്കുന്നവർക്കു കവിതയുടെ ഒതുക്കവും മുറുക്കവും കരുത്തും ഗദ്യത്തിലൂടെ വെളിവാകുന്നതു കാട്ടിക്കൊടുക്കാൻ ലാപുടയെക്കാൾ മികച്ച ഒരു സ്ഥലം കുറവാണു്. കവിതയെന്നാൽ പദ്യത്തിന്റെ ചട്ടക്കൂടിനും മുകളിലുള്ള ഒരു അനുഭവമാണെന്നും, വൃത്തമല്ല മുറുക്കമാണു് അതിന്റെ മുഖമുദ്ര എന്നും അതു വെളിവാക്കിത്തരുന്നു. എണ്ണയെപ്പറ്റി സംസാരിക്കുന്ന പിണ്ണാക്കിനെപ്പറ്റി ആയാലും, മനുഷ്യജീവിതത്തെ സ്വാംശീകരിക്കുന്ന ചിഹ്നങ്ങളെപ്പറ്റി ആയാലും, ബോറടിയുടെ ദൈവത്തെപ്പറ്റിയാണെങ്കിലും, പറയാനുദ്ദേശിക്കുന്ന അനുഭവത്തെ അതിനനുയോജ്യമായ വാക്കുകൾ തന്നെ ഉപയോഗിച്ചു് വായനക്കാരെ ശുദ്ധകവിതയുടെ മായികലോകത്തേയ്ക്കു കൊണ്ടുപോകുന്ന ലാപുടക്കവിതകൾ തന്നെയാണു് ബ്ലോഗിൽ നിന്നു് ആദ്യം പ്രകാശം കാണേണ്ടതു്.

ബുക്ക് റിപ്പബ്ലിക്കിനും ലാപുടയ്ക്കും ആശംസകൾ!


ബ്ലോഗിൽ നിന്നുള്ള മറ്റൊരു സൃഷ്ടിയും ഈ അടുത്തിടെ പുറത്തിറങ്ങി. കെ. വി. മണികണ്ഠൻ (സങ്കുചിതമനസ്കൻ) എഴുതി സനൽ ശശിധരൻ (സനാതനൻ) സംവിധാനം ചെയ്ത പരോൾ എന്ന സിനിമ. ബുക്ക് റിപ്പബ്ലിക്കിനെപ്പോലെ തന്നെയുള്ള ഒരു സംരംഭമാണു് അതും. വലരെ നിലവാരം പുലർത്തുന്ന സിനിമയെന്നു് ഇതിനകം തന്നെ പേരു നേടിയ “പരോ”ളിന്റെ ശില്പികൾക്കും ആശംസകൾ!


ഈ വരുന്ന ജനുവരി പത്താം തീയതി വൈകിട്ടു് നാലരയ്ക്കു് ഇടപ്പള്ളിയിലുള്ള ചങ്ങമ്പുഴ പാർക്കിൽ വെച്ചു് വിനോദിന്റെ “നിലവിളിയെക്കുറിച്ചുള്ള കടങ്കഥകൾ” പ്രകാശനം ചെയ്യപ്പെടുകയാണു്. ബ്ലോഗിനകത്തും പുറത്തുമുള്ള പ്രശസ്തരായ എഴുത്തുകാർ പങ്കെടുക്കുന്നു. “പരോൾ” എന്ന സിനിമയുടെ പ്രദർശനവും ഉണ്ടാവും. വിനോദ് ശങ്കരന്റെ സിതാർ കച്ചേരിയും. ക്ഷണക്കത്തു് ചുവടെ.

എല്ലാ സാഹിത്യപ്രേമികളും ഇതിൽ കഴിയുമെങ്കിൽ പങ്കെടുക്കണമെന്നും പുസ്തകം വാങ്ങി ഈ സംരംഭത്തെ പ്രോത്സാഹിപ്പിക്കണമെന്നും അഭ്യർത്ഥിക്കുന്നു.

കൂടുതൽ വിവരങ്ങൾക്കു്:

  • വെള്ളെഴുത്തിന്റെ ക്ഷണക്കത്തു്.
  • ഈ വിഷയത്തെപ്പറ്റിയുള്ള ബ്ലോഗ്‌പോസ്റ്റുകൾ, വാർത്തകൾ, പഠനങ്ങൾ എന്നിവ സമാഹരിച്ച ബുക്ക് റിപ്പബ്ലിക്ക് ലിങ്ക്.
  • പുസ്തകം വാങ്ങാനുള്ള ലിങ്ക്.