അങ്കം തോറ്റതോ അരിങ്ങോടർ ചതിച്ചതോ?

ചെസ്സ് (Chess)

റഷ്യയിൽ ഇപ്പോൾ (ഫെബ്രുവരി 17 മുതൽ 26 വരെ) ഒരു ചെസ്സ് ടൂർണമെന്റ് നടക്കുകയാണു്. എയറോഫ്ലോട്ട് ഓപ്പൻ ടൂർണമെന്റ്. 160 കളിക്കാർ പങ്കെടുക്കുന്ന ഒരു വലിയ ടൂർണമെന്റാണു് അതു്.

ഈ ടൂർണമെന്റിലെ ടോപ് സീഡ് കളിക്കാരൻ ശഖ്രിയാർ മമേദ്യരോവ് എന്ന അസർബൈജൻ ഗ്രാൻഡ്മാസ്റ്റർ ആണു്. 2008 ജനുവരിയിൽ റേറ്റിംഗ് കൊണ്ടു് ലോകത്തെ ആറാമത്തെ മികച്ച കളിക്കാരനായിരുന്ന മമേദ്യരോവ് ഇപ്പോൾ പതിനെട്ടാം സ്ഥാനത്താണു്.

ഈ ടൂർണമെന്റിലും ഇദ്ദേഹം നല്ല പ്രകടനമാണു കാഴ്ച വെച്ചതു്. ആദ്യത്തെ അഞ്ചു കളികളിൽ നാലു പോയിന്റോടെ വേറേ രണ്ടു ഗ്രാൻഡ്മാസ്റ്റർമാരോടൊപ്പം മുന്നിട്ടു നിൽക്കുകയായിരുന്നു കക്ഷി. അപ്പോഴാണു് അതു സംഭവിച്ചതു്.

ആറാമത്തെ കളിയിൽ തന്നെക്കാൾ നൂറു പോയിന്റ് താഴെയുള്ള ഇഗർ കുർണോസോവ് എന്ന റഷ്യൻ ഗ്രാൻഡ്മാസ്റ്ററോടു തോറ്റു.

ചില്വാനം തോൽ‌വിയൊന്നുമല്ല. വെറും ഇരുപത്തൊന്നു നീക്കത്തിൽ. ക്ലീൻ ബൌൾഡ്.

മമേദ്യരോവ് ഇതെങ്ങനെ സഹിക്കും? കുർണോസോവ് കളിയിൽ ചതി കാണിച്ചു എന്നു് ഒരു പരാതിയും കൊടുത്തു് അങ്ങേർ ടൂർണമെന്റിൽ നിന്നു പിന്മാറി. കളി തീർന്നതിനു ശേഷം Rybka എന്ന കമ്പ്യൂട്ടർ പ്രോഗ്രാം ഉപയോഗിച്ചു് അനലൈസ് ചെയ്തു നോക്കിയപ്പോൾ പ്രോഗ്രാം കളിച്ച നീക്കങ്ങളും കുർണോസോവ് കളിച്ച നീക്കങ്ങളും ഒന്നു തന്നെ എന്നു മനസ്സിലായത്രേ. കുർണോസോവിനു് ഈ പ്രോഗ്രാമിന്റെ സഹായം ലഭിച്ചിരുന്നു എന്നാണു് മമേദ്യരോവിന്റെ പരാതി.

കളിക്കിടെ ഓരോ നീക്കം കഴിഞ്ഞും (മറ്റേയാൾ ആലോചിക്കുമ്പോൾ) കുർണോസോവ് എഴുനേറ്റു ബാത്ത്‌റൂമിൽ പോയത്രേ. പോയപ്പൊഴൊക്കെ കസേരയിൽ ഇട്ടിരുന്ന കോട്ടുമെടുത്താണു പോയതത്രേ. കോട്ടിനുള്ളിൽ വല്ല കമ്പ്യൂട്ടറോ മറ്റോ…

പരാതി കിട്ടിയപ്പോൾ ടൂർണമെന്റ് ഭാരവാഹികൾ കുർണോസോവിന്റെ കോട്ടു് അഴിച്ചുവാങ്ങി പരിശോധിച്ചു. കിട്ടിയതു് ഒരു പായ്ക്കറ്റ് സിഗരറ്റും ഒരു ലൈറ്ററും ഒരു പേനയും മാത്രം. മാത്രമല്ല, ഓരോ നീക്കത്തിനും ശേഷം അങ്ങേർ എഴുനേറ്റു പോയതു് ടോയ്ലറ്റിലേക്കല്ല, പുറത്തു സിഗരറ്റു വലിക്കാനായിരുന്നു എന്നു ദൃക്‌സാക്ഷികൾ പറഞ്ഞു. സിഗരറ്റു വലിക്കാൻ വെളിയിൽ പോകണം. വെളിയിൽ തണുപ്പായതുകൊണ്ടാണു കോട്ടു് എടുത്തതു്.

ഇതൊക്കെ കേട്ടാൻ തോന്നും സാധാരണ മനുഷ്യന്മാർക്കു കളിക്കാൻ പറ്റാത്ത ഏതോ ഭീകരനീക്കങ്ങൾ കുർണോസോവ് നീക്കിയെന്നു്. ദാ ഇതാണു കളി:

ഇതിൽ 16. Rd4 വരെ ഇതിനു മുമ്പു കളിച്ചിട്ടുള്ളതാണു്. ഇത്രയും നീക്കങ്ങൾ കൊണ്ടു തന്നെ കറുപ്പിനു മുൻ‌തൂക്കം കിട്ടുകയും ചെയ്തു. ഇതിനു മുമ്പു് പതിനാറാം നീക്കത്തിൽ കുതിരയെ തിരിച്ചു വലിക്കുകയാണു് (16…Nd6) കറുപ്പു ചെയ്തിട്ടുള്ളതു്. അതിനു പകരം ഈ കളിയിൽ മന്ത്രി ഉപയോഗിച്ചു് (16…Qd6) വെളുത്ത ആനയെ (h6-ൽ ഇരിക്കുന്ന ആന) ആക്രമിച്ചു. “നീ എന്റെ കുതിരയെ എടുത്താൽ ഞാൻ നിന്റെ ആനയെ തട്ടും” എന്ന ലൈൻ. (ചെസ്സിൽ ആനയ്ക്കും കുതിരയ്ക്കും സാധാരണഗതിയിൽ ഒരേ വിലയാണു്.) ഇനി ആദ്യം മറ്റേയാൾ ആനകൊണ്ടു് ആനയെ എടുത്താലും തിരിച്ചു തേരു കൊണ്ടു് എടുക്കുമ്പോൾ വെളുപ്പിന്റെ മന്ത്രിയെ ആക്രമിക്കുന്നതുകൊണ്ടു് കറുപ്പിനു് തന്റെ കുതിരയെ രക്ഷിക്കാൻ സമയവും കിട്ടും. ഈ നീക്കം കുർണോസോവ് തന്നെ ഹോം അനാലിസിസിൽ (കമ്പ്യൂട്ടർ ഉപയോഗിച്ചോ അല്ലാതെയോ) കണ്ടുപിടിച്ചതാവാം. ഇങ്ങനെ ഗ്രാൻഡ്മാസ്റ്റർമാർ ഹോംവർക്ക് ചെയ്യാറുണ്ടു്. അതിനു കമ്പ്യൂട്ടർ ഉപയോഗിക്കുന്നതിൽ നിയമതടസ്സമില്ല താനും.

പതിനാറാം നീക്കത്തിൽ കറുപ്പിനു് മറ്റൊരു കിടിലൻ നീക്കം കൂടിയുണ്ടു്. 16…Nxb2! കുതിരയെ രാജാവു് എടുത്താൽ കറുപ്പിനു പിന്നീടു് ആനയെ തിരിച്ചു കിട്ടും: 17. Kxb2 c5 18. Rxe4 Qb6+ 19. Kc1 Qxh6. നിങ്ങൾക്കാർക്കെങ്കിലും ഈ പൊസിഷൻ എന്നെങ്കിലും കിട്ടിയാൽ അതു കളിച്ചോളൂ 🙂

പിന്നീടുള്ള നീക്കങ്ങളൊക്കെ പ്രവചിക്കാൻ പറ്റുന്നവ തന്നെ. വെളുപ്പിനു വലിയ ഗത്യന്തരമൊന്നുമില്ല. പത്തൊൻപതാം നീക്കം വരെ ഇതാണു സ്ഥിതി. ഏതു സാധാരണ കളിക്കാരനും ഇത്രയും പുഷ്പം പോലെ കളിക്കും.

കളി കളഞ്ഞതു മമേദ്യരോവ് തന്നെയാണു്. 20. Nge2 കളിച്ചു് കഷ്ടിച്ചു രക്ഷപ്പെടാൻ നോക്കാതെ 20. fxe4 കളിച്ചു. അതിനു് കുർണോസോവ് കളിച്ച 20…Bg4 ഒരു സാധാരണ കളിക്കാരനു കളിക്കാവുന്നതേ ഉള്ളൂ.

ഈ കളിയിൽ ആകെ ഒരു അടിപൊളി നീക്കം എന്നു പറയാൻ (സാധാരണ കളിക്കാർ കാണാത്ത നീക്കം) കറുപ്പിന്റെ അവസാനത്തെ നീക്കമാണു്. 21…Qd2! മന്ത്രിയെ തേരിനു വെട്ടാൻ പാകത്തിൽ വെയ്ക്കുന്ന നീക്കം. വെളുത്ത മന്ത്രിയും അടി പതറി ഇരിക്കുകയായതിനാൽ എല്ലാം കലങ്ങിത്തെളിയുമ്പോൾ രണ്ടു മന്ത്രിമാരും വെട്ടിപ്പോവുകയും കറുപ്പിനു് ആനയ്ക്കു പകരം തേരു കിട്ടുകയും ചെയ്യും എന്നതാണു് ഈ നീക്കത്തിന്റെ ഗുണം. 21…Qd2-ന്റെ ഭീഷണി b2-വിലെ അടിയറവാണു്. 22. Rxd2 Nxd2+ 23. Kc1 Bxh5 24. Rxh5 Nf1 കളിച്ചാൽ കറുപ്പിനു് കുതിരയ്ക്കു പകരം തേരുണ്ടു്, ജയിക്കാൻ അതു മതി. അല്ലെങ്കിൽ 23. Na4 Bxh5 24. Rxd2 Nxd2+ 25. Kc1 Bxe2 26. Kxd2 Rxg2 എന്നതും കറുപ്പിനു ജയിക്കാൻ പര്യാപ്തമാണു്.

ഈ നീക്കം കാണാൻ ഒരു ഗ്രാൻഡ്മാസ്റ്റർക്കു കഴിയില്ലേ എന്നു ചോദിച്ചാൽ കഴിയും എന്നു തന്നെയാണു് ഉത്തരം. ഇതിനെക്കാൾ സങ്കീർണ്ണമായ നീക്കങ്ങൾ കേരളത്തിലെ സ്റ്റേറ്റ് ലെവൽ കളിക്കാർ കളിക്കാറുണ്ടു്.

അപ്പോൾ എന്താണു സംഭവിച്ചതു്?

കറുപ്പിന്റെ പതിനാറാമത്തെ നീക്കം അപ്രതീക്ഷിതമായ അടിയായ മമേദ്യരോവ് പിന്നീടുള്ള നീക്കങ്ങൾക്കു് വളരെ ആലോചിച്ചുകാണും. അതിലെ ഓരോ നീക്കത്തിലും സിഗരറ്റ് വലിക്കാനോ കാറ്റു കൊള്ളാനോ മറ്റേയാൾ എഴുനേറ്റു പോയിട്ടുണ്ടാവാം. ഇങ്ങനെ എഴുനേറ്റു പോകുന്നതു് ടൂർണമെന്റുകളിൽ സാധാരണമാണു്. താൻ കുത്തിപ്പിടിച്ചിരുന്നു് ആലോചിക്കുമ്പോൾ തന്നെക്കാൾ റേറ്റിംഗ് വളരെക്കുറവുള്ള എതിരാളി ഈസിയായി ഇടയ്ക്കുള്ള സമയത്തു് എഴുനേറ്റു പോയതു് അങ്ങേർക്കു സഹിച്ചു കാണില്ല. ഫലമോ, പിന്നെയും മോശമായി കളിച്ചു. തോൽക്കുകയും ചെയ്തു.

കളി തോറ്റാൽ ചതിയെന്നു പറയുന്നതു് എന്തായാലും വിചിത്രം തന്നെ. സ്ലം ഡോഗ് മില്യനറിലെപ്പോലെ പിടിച്ചു് ഇഞ്ചപ്പരുവം ചതച്ചു് പൂഴ്ത്തിവെച്ചിരിക്കുന്ന കമ്പ്യൂട്ടർ ചിപ്പ് കണ്ടുപിടിക്കാൻ ശ്രമിച്ചിരുന്നെങ്കിൽ ജോറായേനേ!

കമ്പ്യൂട്ടറിനെ വെല്ലുന്ന കോംബിനേഷനുകൾ ഗ്രാൻഡ്മാസ്റ്റർമാർ എന്നും കളിച്ചിരുന്നു. സ്റ്റെയിനിറ്റ്സിന്റെ പ്രസിദ്ധമായ 14 നീക്കം മുന്നിൽ കണ്ട കോംബിനേഷൻ, ബൈർണെതിരേ പതിമൂന്നുകാരൻ ബോബി ഫിഷർ മന്ത്രിയെ ബലി കഴിച്ചു ജയിച്ചതു്, ഫാൽക്ക്ബീർ കൌണ്ടർ അറ്റായ്ക്കിൽ സ്പീൽമാനെതിരേ തരാഷ് കളിച്ച ബിഷപ്പ് സാക്രിഫൈസ്, അഡോൽഫ് ആൻഡേഴ്സന്റെ രണ്ടു പ്രശസ്തകളികൾ – ഇതൊന്നും ഇപ്പോഴും കമ്പ്യൂട്ടറിനു് കണ്ടുപിടിക്കാൻ പറ്റാത്തവയാണു്. ബോർഡിൽ കണ്ടുപിടിക്കുന്നവ കൂടാതെ വീട്ടിലിരുന്നു തയ്യാറാവുന്ന ഓപ്പനിംഗ് കോംബിനേഷനുകളും ഉണ്ടു്. സ്പീൽമാനെതിരേ ബോട്ട്‌വിനിക് പണ്ടു കളിച്ച കാരോ-കാൻ പാനോവ് അറ്റായ്ക്ക് നീക്കവും ആനന്ദിനെതിരേ ലോകചാമ്പ്യൻഷിപ്പിൽ കാസ്പറോവ് കളിച്ച ഓപ്പൺ റുയ് ലോപ്പസ് നീക്കവും ഉദാഹരണങ്ങൾ.

എന്തായാലും ഇതൊരു വലിയ വിവാദമായിരിക്കുകയാണു്. അടിസ്ഥാനമില്ലാതെ ആരോപണമുന്നയിച്ച മമേദ്യരോവിനെതിരേ നടപടിയെടുക്കണം എന്നും ഒരു വിഭാഗം ആളുകൾ ആവശ്യപ്പെടുന്നു. കൂടുതൽ വിവരങ്ങൾ ഇവിടെയും ഇവിടെയും വായിക്കാം. സൂസൻ പോൾഗാറിന്റെ ഈ ബ്ലോഗ് പോസ്റ്റിലും.