പഴശ്ശിരാജാവിന്റെ ശൃംഗാരം

ശബ്ദം (Audio), സരസശ്ലോകങ്ങള്‍, സിനിമ

Pazhassi
ഏറെ കൊട്ടിഗ്ഘോഷങ്ങളോടെ അവസാനം പഴശ്ശിരാജാ സിനിമയും തീയേറ്ററുകളിലെത്തി. സിനിമ ഞാൻ കണ്ടില്ല. ബ്ലോഗിൽ വന്ന നിരൂപണങ്ങളൊക്കെ വായിച്ചു് ആകെ കൺഫ്യൂഷനായി. ബെൻ ഹർ, ബ്രേവ് ഹാർട്ട് തുടങ്ങിയ വിശ്വപ്രസിദ്ധചിത്രങ്ങളോടു കിട പിടിക്കും, ഓസ്കാറിനു തിരഞ്ഞെടുക്കാൻ സാദ്ധ്യതയുണ്ടു് എന്നൊക്കെ ഈ സിനിമയുടെ അണിയറശില്പികളും അവരുടെ സ്തുതിപാഠകരും കുറേക്കാലമായി പറഞ്ഞു കൊണ്ടു നടക്കുന്നുണ്ടെങ്കിലും, പടത്തിനു് ഒരു ആവറേജ് നിലവാരം പോലുമില്ല എന്നാണു് പലരുടെയും (ഹരീ, യാരിദ്, പതാലി, അർജുൻ കൃഷ്ണ തുടങ്ങിയവർ ഉദാഹരണം) അഭിപ്രായം. അതേ സമയം ഇതൊരു വളരെ നല്ല സിനിമയാണെന്നു് മറ്റു പലരും (പപ്പൂസ്, ദൃശ്യൻ, കാളിദാസൻ തുടങ്ങിയവർ) അഭിപ്രായപ്പെടുന്നു. കുറിച്യരുടെ ജീവിതം യഥാതഥമായി ചിത്രീകരിച്ചിരിക്കുന്നു എന്നു ജി. പി. രാമചന്ദ്രൻ പറയുമ്പോൾ, കുറിച്യരെ ആഫ്രിക്കൻ ആദിവാസികളെപ്പോലെ ചിത്രീകരിച്ചു് അപമാനിച്ചു എന്നാണു് പഴയ വീടു് എന്ന ബ്ലോഗറുടെ (‘ചരിത്രത്തെ കൊഞ്ഞനം കുത്തി പഴശ്ശി’ എന്ന പോസ്റ്റ് ഇപ്പോൾ കാണുന്നില്ല) അഭിപ്രായം.

വടക്കൻ വീരഗാഥയുടെ പ്രശ്നം എം. ടി. വാസുദേവൻ നായർ ചരിത്രത്തെ വളച്ചൊടിച്ചു എന്നതായിരുന്നെങ്കിൽ, പഴശ്ശിരാജായുടെ പ്രശ്നം ചരിത്രത്തെ ഒട്ടും മാറ്റിയില്ല എന്നതാണു് എന്നും കേട്ടു. അതു് അതിലും വിചിത്രം! ചിത്രം ചരിത്രത്തോടു നീതി പുലർത്തുന്നില്ല എന്നു് ആരോപിക്കുന്ന ജി. പി. രാമചന്ദ്രൻ ഒരിടത്തു് അതു് ഒരേയൊരു ചരിത്രരേഖയായ മലബാർ മാന്വലിനെ അനുവർത്തിക്കുന്നതിനെയും വിമർശിക്കുന്നുണ്ടു്!

ഇങ്ങനെ പല അഭിപ്രായങ്ങളുണ്ടെങ്കിലും, ചില കാര്യങ്ങളിൽ നിരൂപകർക്കു് അഭിപ്രായൈക്യമുണ്ടു്. യുദ്ധരംഗങ്ങളിൽ മമ്മൂട്ടിയെയും മറ്റും കയറു കെട്ടി പറക്കാൻ വിട്ടതു് വളരെ മോശമായിപ്പോയി എന്നതാണു് ഒന്നു്. ഇന്ത്യക്കാരോടു സോഫ്റ്റ് കോർണറുള്ള മദാമ്മയെ കൊണ്ടുവന്നതു് (‘ലഗാൻ’ എന്ന ഹിന്ദി സിനിമയിലും കണ്ടിട്ടുണ്ടു് ഇങ്ങനെ ഒരാളെ. എഡ്വിന മൗണ്ട് ബാറ്റൻ ആയിരിക്കും ഇവരുടെയൊക്കെ പ്രചോദനം. എഡ്വിന അല്ലാതെ ഏതെങ്കിലും മദാമ്മയ്ക്കു് ഇങ്ങനെ വല്ലതും തോന്നിയതായി ആരെങ്കിലും കേട്ടിട്ടുണ്ടോ എന്തോ?) എല്ലാവരും എതിർക്കുന്നു. കഥയിൽ ആവശ്യമില്ലാത്ത കൈതേരി മാക്കം എന്ന കഥാപാത്രത്തിനെ എഴുന്നള്ളിച്ചതും ആ കഥാപാത്രത്തെ അവതരിപ്പിച്ച നടി ശരീരപ്രദർശനം നടത്തിയതല്ലാതെ നേരേ ചൊവ്വേ അഭിനയിച്ചില്ല എന്നതുമാണു് മറ്റൊരു കാര്യം.

കൈതേരി മാക്കം ചരിത്രകഥാപാത്രമാണോ എന്നു് എനിക്കറിയില്ല. എന്തായാലും പഴശ്ശിരാജാവിനെപ്പറ്റിയുള്ള കഥകളിലെല്ലാം ഈ സുന്ദരിയെപ്പറ്റി പരാമർശമുണ്ടു്. സി. വി. രാമൻ പിള്ളയ്ക്കു ശേഷം മലയാളത്തിൽ “ചരിത്രനോവലുകൾ” എഴുതാൻ അഗ്രഗണ്യനായിരുന്ന സർദാർ കെ. എം. പണിക്കരുടെ “കേരളസിംഹം” എന്ന നോവലിലെ നായികയും കൈതേരി മാക്കം തന്നെ. പഴശ്ശിരാജാവിന്റെ ചരിത്രം ഇപ്പോൾ അധികം ആളുകൾ അറിയുന്നതു് ഈ കേരളസിംഹത്തിലൂടെയാണു്. പണിക്കരുടെ ചരിത്രനോവലുകളേക്കാൾ കൂടുതൽ ചരിത്രത്തോടു നീതി പുലർത്തുന്നതു വടക്കൻ വീരഗാഥ തന്നെയാണു്. കുളക്കടവിൽ വെള്ളം തെറിച്ചതിനു് കുടുംബം കുളംതോണ്ടിയ നമ്പൂതിരിമാരോടു പ്രതികാരം ചെയ്യാൻ പറങ്കികളോടു ചേർന്ന നാരായണൻ നായർ എന്ന പറങ്കിപ്പടയാളിയെ ചരിത്രപുരുഷനാക്കി നാം കുഞ്ഞാലിമരയ്ക്കാർ സിനിമയിൽ വരെ കണ്ടു. കേരളസിംഹത്തിലെ കഥയും സന്ദർഭങ്ങളും ചരിത്രമായി അംഗീകരിക്കപ്പെട്ടാലും അദ്ഭുതപ്പെടാനില്ല.

ഞാൻ “പഴശ്ശിരാജാ” കണ്ടില്ല. കഥാസാരവും വിശദമായി അറിഞ്ഞില്ല. കേട്ടിടത്തോളം കഥ “കേരളസിംഹ”ത്തെ പിന്തുടരുന്നു എന്നു തോന്നുന്നു. എടച്ചേന കുങ്കനും തലയ്ക്കൽ ചന്തുവും കൈതേരി മാക്കവും കൈതേരി അമ്പുവുമൊക്കെ കേരളസിംഹത്തിലെ കഥാപാത്രങ്ങളാണു്. ചരിത്രത്തിലും ഉണ്ടായിരുന്നിരിക്കാം. അറിയില്ല.

മാക്കത്തിനെ നാട്ടിൽ വിട്ടിട്ടാണു് രാജാവു് ഒളിയുദ്ധത്തിനു കാടു കയറിയതു്. അവിടെ കൂടെ കുഞ്ഞാനിക്കെട്ടിലമ്മ എന്നോ മറ്റോ കെ. എം. പണിക്കർ വിളിക്കുന്ന വലിയ ഭാര്യയുമുണ്ടായിരുന്നു. (സിനിമയിൽ ഇവർ ഉണ്ടോ എന്തോ? റിവ്യൂവിലൊന്നും കണ്ടില്ല.) ഈ മാക്കത്തെ നാട്ടിൽ വിട്ടിട്ടു പോകുമ്പോൾ “ബ്രിട്ടീഷുകാർ പെണ്ണുങ്ങളോടു് അപമര്യാദയായി പെരുമാറില്ല” എന്നു പറഞ്ഞ പഴശ്ശിരാജാവിലൂടെ സിനിമയുടെ ശില്പികൾ ബ്രിട്ടീഷ് കൊളോണിയലിസത്തിനെ ന്യായീകരിക്കുന്നു എന്നും കുളിക്കടവിൽ നിന്നു കയറിവരുന്ന മാക്കത്തിന്റെ മുലകൾ കുലുങ്ങുന്നതു് എന്തോ “മലയാളസിനിമയുടെ ഗതിനിര്‍ണായകസൃഷ്ടിയുടെ പുറകില്‍ അര്‍പ്പണം ചെയ്തവരുടെ ആണ്‍നോട്ട(Male gaze)ത്തിന്റെ ഉദാഹരണം” ആണെന്നും ആണു ജി. പി. രാമചന്ദ്രഭാഷ്യം. “കുന്നത്തെ കൊന്നക്കും പൊന്‍മോതിരം ഇന്നേതോ തമ്പുരാന്‍ തന്നേപോയി” എന്ന പാട്ടു യൂട്യൂബിൽ കണ്ടപ്പോൾ രാമചന്ദ്രൻ പറഞ്ഞ പ്രശ്നമൊന്നും തോന്നിയിരുന്നില്ല. ലേഖനം വായിച്ചിട്ടു് ഒന്നുകൂടി കണ്ടിട്ടും വലിയ വ്യത്യാസമൊന്നും തോന്നിയില്ല. രാമചന്ദ്രൻ എഴുതുന്നതു വായിച്ചാൽ “മഴു”വിൽ രതീദേവിയും പല കുഞ്ചാക്കോ ചിത്രങ്ങളിലും വിജയശ്രീയും ഒക്കെ കുളികഴിഞ്ഞു കയറി വരുന്നതു പോലെയാണെന്നു തോന്നും.

ജി. പി. രാമചന്ദ്രൻ പലപ്പോഴും എഴുത്തിന്റെ ആവേശത്തിൽ ഒരല്പം കടന്നു ചിന്തിക്കുന്നു എന്നു തോന്നിയിട്ടുണ്ടു്. 2 ഹരിഹർ നഗർ-നെ വിമർശിച്ചപ്പോൾ വില്ലന്റെ ജാതി-മതത്തിലേക്കു് വിശകലനം കടന്നതു് ഒരുദാഹരണം. (ആ ലേഖനം വളരെ പ്രസക്തമാണു്. അതു മറ്റൊരു കാര്യം.)

പഴശ്ശിരാജാ ഒരു കവിയും കൂടി ആയിരുന്നു എന്നു പറയപ്പെടുന്നു. “കോട്ടം വിട്ടൊരു കോട്ടയം കഥകൾ നാലു്” എന്നു പറയുന്ന നാലു് ആട്ടക്കഥകളുടെ (കിർമ്മീര വധം, നിവാതകവചകാലകേയ വധം, കല്യാണസൌഗന്ധികം, ബകവധം) കർത്താവായ കോട്ടയം തമ്പുരാൻ പഴശ്ശിരാജാവു തന്നെയാണെന്നും അല്ലെന്നും അഭിപ്രായമുണ്ടു്.

ആട്ടക്കഥകൾ എഴുതിയ കോട്ടയം കേരളവർമ്മ കൊല്ലവർഷം ഒമ്പതാം ശതകത്തിലും പഴശ്ശിരാജാ എന്ന കോട്ടയം കേരളവർമ്മ കൊല്ലവർഷം പത്താം ശതകത്തിന്റെ ഉത്തരാർദ്ധത്തിലുമാണു ജീവിച്ചിരുന്നതു് എന്നാണു് അയ്മനം കൃഷ്ണക്കൈമൾ അഭിപ്രായപ്പെടുന്നതു്. ഉള്ളൂരിന്റെ കേരളസാഹിത്യചരിത്രത്തിലും ഇവർ രണ്ടുപേരാണു് എന്നു പ്രസ്താവിച്ചിട്ടുണ്ടു്. ഇവർ രണ്ടും ഒരാളാണെന്നു വാദിക്കുന്നതു് ഒരു പറ്റം അറം‌പറ്റൽ‌ഗവേഷകരാണു്. കിർമ്മീരവധം ആട്ടക്കഥയിലെ “കാടേ ഗതി നമുക്കു്” എന്ന പദത്തിനു് അറം പറ്റാതിരിക്കാൻ പറ്റാത്തതിനാൽ അതിന്റെ കർത്താവു് പഴശ്ശിരാജാവല്ലാതെ മറ്റാരുമാവില്ല എന്ന രീതിയിലാണു് വാദത്തിന്റെ പോക്കു്.

അറം പറ്റൽ ഗവേഷകർ കൈവെയ്ക്കാത്ത എഴുത്തുകാർ കുറവാണു്. ഉണ്ണായിവാര്യരുടെ “എന്നാൽ കുലവുമറുതി വന്നിതു” എന്ന ഹംസവാക്യവും അറം പറ്റിയത്രേ. വാര്യർക്കു ശേഷം അദ്ദേഹത്തിന്റെ വംശം അന്യം നിന്നു പോയി. കുമാരനാശാന്റെ “അന്തമില്ലാത്തൊരാഴത്തിലേയ്ക്കതാ ഹന്ത താഴുന്നു…” എന്നതു് അറം പറ്റിയതു കൊണ്ടാണു് അദ്ദേഹം ബോട്ടു മുങ്ങി മരിച്ചതു് എന്നും ഈ ഗവേഷകർ സമർത്ഥിക്കുന്നു.

എഴുത്തുകാരും അഭിനേതാക്കളും മരിക്കുമ്പോഴും ഇത്തരം അറം പറ്റൽ ഗവേഷകർ തല പൊക്കാറുണ്ടു്. പരേത(ൻ) എഴുതിയ കൃതികളിൽ നിന്നോ അഭിനയിച്ചപ്പോൾ പറഞ്ഞ സംഭാഷണങ്ങളിൽ നിന്നോ മരിച്ച സാഹചര്യവുമായി ബന്ധപ്പെട്ട എന്തെങ്കിലും ചികഞ്ഞു കണ്ടെത്തി അതു് അറം പറ്റിയതാണെന്നു സമർത്ഥിക്കുകയാണു് ഇതിന്റെ രീതി. ബൂലോഗകവി ജ്യോനവൻ അന്തരിച്ചപ്പോഴും ഇത്തരം അറം‌പറ്റൽ ഗവേഷകരെ കാണാനുണ്ടായിരുന്നു.

ഏതായാലും, ചെറുപ്പക്കാരിയും സുന്ദരിയുമായിരുന്ന കൈതേരി മാക്കത്തെപ്പറ്റി പഴശ്ശിരാജാവു് എഴുതിയ ഒരു പ്രസിദ്ധശ്ലോകത്തെപ്പറ്റി “കേരളസിംഹ”ത്തിൽ സവിസ്തരം പ്രസ്താവിക്കുന്നുണ്ടു്. കാടുകയറിയ പഴശ്ശിരാജാവു് ഒളിപ്പോരു നടത്തുമ്പോഴും അദ്ദേഹത്തിന്റെ ഹൃദയം വിരഹവേദനയിൽ വ്യഥിതമായിരുന്നത്രേ. അങ്ങനെ വെന്തു വെന്തു് ആ ഹൃദയത്തിൽ നിന്നു് ഒരു ശ്ലോകം ഉണ്ടായി. അതു് അദ്ദേഹം തലയിണയ്ക്കടിയിൽ സൂക്ഷിച്ചിരുന്നതു ഭാര്യ കുഞ്ഞാനിക്കെട്ടിലമ്മ കണ്ടെടുത്തു. (പേടിക്കണ്ടാ, അടിയൊന്നും ഉണ്ടായില്ല. ത്രികോണപ്രേമപ്രശ്നങ്ങളൊന്നും ഇല്ലായിരുന്നു. കുഞ്ഞാനിക്കു് മാക്കത്തിനെ വലിയ വാത്സല്യമായിരുന്നത്രേ.) എന്നിട്ടു് ആ ശ്ലോകം ചൊല്ലി രാജാവിനെയും മാക്കത്തിനെയും കളിയാക്കുന്നുണ്ടു് ആ വിശാലഹൃദയ.

വിപ്രലംഭശൃംഗാരത്തിന്റെ മകുടോദാഹരണം എന്നു പലരും പ്രകീർത്തിച്ചിട്ടുള്ളതാണു് ഈ ശ്ലോകം.

കടുകട്ടി വാക്കുകൾ പ്രയോഗിച്ചതിനു് വെള്ളെഴുത്തിനെ ക്രൂശിച്ചതു പോലെ എന്നോടു ചെയ്യരുതേ. ശൃംഗാരം രണ്ടു വിധം. നായകനും നായികയും അടുത്തിരിക്കുമ്പോൾ ഉള്ള ശൃംഗാരം സംഭോഗശൃംഗാരം. അകന്നിരിക്കുമ്പോൾ ഉള്ള ശൃംഗാരം വിപ്രലംഭശൃംഗാരം. “വെൺ‌ചന്ദ്രലേഖയൊരപ്സരസ്ത്രീ, വിപ്രലംഭശൃംഗാരനൃത്തമാടാൻ വരും അപ്സരസ്ത്രീ” എന്ന പാട്ടിന്റെ അർത്ഥം സത്യമായും എനിക്കറിയില്ല. അനോണി ആന്റണിയോടു ചോദിക്കണം.

സംഭവം മലയാളശ്ലോകമാണെങ്കിലും സംസ്കൃതം ഏറെയുള്ള മണിപ്രവാളമായതിനാൽ അർത്ഥം കൂടി താഴെച്ചേർക്കുന്നു.

ശ്ലോകം:

ജാതീ, ജാതാനുകമ്പാ ഭവ, ശരണമയേ! മല്ലികേ, കൂപ്പുകൈ തേ
കൈതേ, കൈതേരി മാക്കം കബരിയിലണിവാന്‍ കയ്യുയര്‍ത്തും ദശായാം
ഏതാ, നേതാന്‍ മദീയാനലര്‍ശരപരിതാപോദയാ, നാശു നീ താന്‍
നീ താന്‍, നീ താനുണര്‍ത്തീടുക ചടുലകയല്‍ക്കണ്ണി തന്‍ കര്‍ണ്ണമൂലേ!

വൃത്തം: സ്രഗ്ദ്ധര.

അര്‍ത്ഥം:

ജാതീ, ജാത-അനുകമ്പാ ഭവ : പിച്ചകപ്പൂവേ, അനുകമ്പ ഉള്ളവളായിത്തീരണേ
അയേ! മല്ലികേ ശരണം : അല്ലയോ മുല്ലപ്പൂവേ (എന്നെ) രക്ഷിക്കണേ
കൈതേ, തേ കൂപ്പുകൈ : കൈതപ്പൂവേ, നിനക്കു നമസ്കാരം!
കൈതേരി മാക്കം കബരിയിൽ അണിവാന്‍ : കൈതേരി മാക്കം കെട്ടിവെച്ച തലമുടിയിൽ അണിയാൻ
കൈ ഉയര്‍ത്തും ദശായാം : കൈ ഉയർത്തുന്ന സമയത്തു്
ഏതാൻ : ഏതാനും (അല്പം)
ഏതാൻ മദീയാൻ അലർ-ശര-പരിതാപ-ഉദയാൻ : കാമദേവൻ മൂലം എനിക്കുണ്ടാകുന്ന ഈ വിഷമങ്ങളെ
ആശു നീ താന്‍ നീ താന്‍ നീ താന്‍ : പെട്ടെന്നു് നീ (പിച്ചകപ്പൂവു്) തന്നെ നീ (മുല്ലപ്പൂവു്) തന്നെ നീ (കൈതപ്പൂവു്) തന്നെ
ചടുല-കയല്‍-ക്കണ്ണി തന്‍ കര്‍ണ്ണ-മൂലേ : (ആ) സുന്ദരിയുടെ (ഇളകുന്ന മീൻ പോലെയുള്ള കണ്ണുകളുള്ളവൾ എന്നു വാച്യാർത്ഥം) ചെവിയിൽ
ഉണര്‍ത്തീടുക : പറയണം

ഒരു വശത്തേയ്ക്കാണല്ലോ തലമുടി പണ്ടു കാലത്തു കെട്ടി വെയ്ക്കുന്നതു്. പൂ കയ്യിലെടുത്തു് അവിടെ മുടിയിൽ തിരുകുന്ന അല്പസമയത്തേയ്ക്കു് പൂ ചെവിയുടെ സമീപത്തായിരിക്കുമല്ലോ. അപ്പോൾ നീ എന്റെ ഈ കാമപാരവശ്യം അവളുടെ ചെവിയിൽ പറയണേ എന്നു താത്പര്യം.

ജാതീ ജാതാ, കൈതേ കൈതേ, ഏതാൻ ഏതാൻ, നീ താൻ നീ താൻ എന്ന പ്രാസങ്ങളും, കൂപ്പു കൈ തേ കൈതേ, ഏതാൻ ഏതാൻ എന്നിടങ്ങളിലെ യമകങ്ങളും (ആദ്യത്തെ നീതാൻ എന്നതിനു് നയിക്കപ്പെട്ടവ എന്ന അർത്ഥം വിവക്ഷിച്ചിട്ടുണ്ടോ എന്നറിയില്ല. അങ്ങനെയാണെങ്കിൽ ഒരു യമകവും കൂടി ഉണ്ടു്. എന്നാൽ “നീ താൻ” എന്നു പറയുന്നിടത്തു് ഒരു പൂവു കുറയുകയും ചെയ്യും.) കൂടി ആകെപ്പാടെ ശബ്ദാലങ്കാരസുന്ദരമാണു് ഈ ശ്ലോകം.


അക്ഷരശ്ലോകം ചൊല്ലുന്നവരുടെ ഒരു ചിന്താക്കുഴപ്പമാണു് ഒരു ശ്ലോകം ചൊല്ലുമ്പോൾ അതിന്റെ അർത്ഥം വ്യക്തമാകുന്ന രീതിയിൽ ചൊല്ലണോ അതോ അതിന്റെ വൃത്തത്തിന്റെ താളത്തിനും യതിയ്ക്കുമൊക്കെ യോജിക്കുന്ന രീതിയിൽ ചൊല്ലണോ എന്നതു്. രണ്ടു രീതിയുടെയും വക്താക്കളുണ്ടു്. അർത്ഥസമ്പുഷ്ടമായ ശ്ലോകങ്ങളെ അർത്ഥമനുസരിച്ചും, പ്രാസഭംഗിയുള്ള ശ്ലോകങ്ങളെ വൃത്തവും പ്രാസവും അനുസരിച്ചും ചൊല്ലുക എന്നതാണു് എന്റെ ഒരു രീതി. അർത്ഥവും ശബ്ദഭംഗിയുമുള്ള ഇത്തരം ശ്ലോകങ്ങളെ എങ്ങനെ ചൊല്ലും? രണ്ടു രീതിയിലും ചൊല്ലിയേക്കാം.

അർത്ഥത്തിനനുസരിച്ചു്:
download MP3
വൃത്തത്തിനനുസരിച്ചു്:
download MP3

ഈ ശ്ലോകത്തെ സിനിമയിൽ പരാമർശിക്കുന്നുണ്ടോ എന്നറിയില്ല. ശ്ലോകങ്ങൾ സിനിമയിലെത്തുമ്പോൾ പാട്ടുകളാവുകയാണു പതിവു്. ശകുന്തള സിനിമയിൽ കാളിദാസന്റെ അഭിജ്ഞാനശാകുന്തളത്തിലെ “അനാഘ്രാതം പുഷ്പം…” എന്ന ശ്ലോകം “സ്വർണ്ണത്താമരയിതളിലുറങ്ങും…” എന്നും, “തവ ന ജാനാമി ഹൃദയം…” എന്ന ശ്ലോകം “പ്രിയതമാ, പ്രിയതമാ, പ്രണയലേഖനം എങ്ങനെയെഴുതണം…” എന്നും, കാളിദാസന്റെ മറ്റൊരു കൃതിയായ മേഘസന്ദേശത്തിലെ “ശ്യാമാസ്വംഗം, ചകിതഹരിണീപ്രേക്ഷണേ…” എന്ന ശ്ലോകത്തിന്റെ കാതൽ “ശംഖുപുഷ്പം കണ്ണെഴുതുമ്പോൾ…” എന്നും വയലാർ പാട്ടുകളാക്കിയതു് ഉദാഹരണം.


പണ്ടു്, സിനിമാമാസികകളിലെ വാർത്തകളും വഴിയരികിലെ പോസ്റ്ററുകളും മാത്രം കണ്ടിട്ടു് സിനിമകളെപ്പറ്റി ആധികാരികമായി സംസാരിക്കുന്ന എന്നോടു് ആദ്യദിവസം തന്നെ ഇടി കൊണ്ടു ടിക്കറ്റു കിട്ടാതെ കരിഞ്ചന്തയിൽ ടിക്കറ്റു വാങ്ങി കഷ്ടപ്പെട്ടു സിനിമ കണ്ട കൂട്ടുകാർ സുരേഷും വിനോദനും പറയുമായിരുന്നു, “ഡാ, ഡാ, ഞങ്ങൾക്കു ചെലവായ കാശിന്റെ പകുതിയെങ്കിലും വെച്ചിട്ടു മതി ഈ വാചകമടി…”.

സുരേഷേ, നീയിതു കാണുന്നുണ്ടോ, ഞാൻ റിവ്യൂ വായിക്കുക മാത്രം ചെയ്തിട്ടു “പഴശ്ശിരാജാ”യെപ്പറ്റി ഇത്ര വലിയ ഒരു പോസ്റ്റ് എഴുതിയതു്? 🙂

(ഈ പോസ്റ്റിലേയ്ക്കു് ആവശ്യമായ ചില വിവരങ്ങൾ സംഘടിപ്പിച്ചു തന്ന എതിരൻ കതിരവനു നന്ദി.)