വക്കാരിയുടെ ഒരു പോസ്റ്റില്‍ കമന്റിട്ടപ്പോള്‍ ഓര്‍മ്മ വന്നതു്. ഏതു പുസ്തകത്തിലേതെന്നോര്‍മ്മയില്ല. പഞ്ചതന്ത്രമാകാനാണു സാദ്ധ്യത. അതോ ഭര്‍ത്തൃഹരിയുടേതോ?
നാഗോ ഭാതി മദേന, ഖം ജലധരൈഃ, പൂര്‍ണ്ണേന്ദുനാ ശര്‍വ്വരീ,
ശീലേന പ്രമദാ, ജവേന തുരഗോ, നിത്യോത്സവൈര്‍ മന്ദിരം,
വാണീ വ്യാകരണേന, ഹംസമിഥുനൈര്‍ നദ്യഃ, സഭാ പണ്ഡിതൈ,-
സ്സത്പുത്രേണ കുലം, നൃപേണ വസുധാ, ലോകത്രയം ഭാനുനാ.
അര്‍ത്ഥം:
നാഗഃ മദേന | : | ആന മദം കൊണ്ടും |
ഖം ജലധരൈഃ | : | ആകാശം മേഘങ്ങളെക്കൊണ്ടും |
ശര്‍വ്വരീ പൂര്‍ണ്ണേന്ദുനാ | : | രാത്രി പൂര്‍ണ്ണചന്ദ്രനെക്കൊണ്ടും |
പ്രമദാ ശീലേന | : | സുന്ദരി നല്ല സ്വഭാവം കൊണ്ടും |
തുരഗഃ ജവേന | : | കുതിര വേഗം കൊണ്ടും |
മന്ദിരം നിത്യോത്സവൈഃ | : | ക്ഷേത്രം എന്നുമുള്ള ഉത്സവങ്ങളെക്കൊണ്ടും |
വാണീ വ്യാകരണേന | : | വാക്കു് വ്യാകരണശുദ്ധി കൊണ്ടും |
നദ്യഃ ഹംസമിഥുനൈഃ | : | നദികള്‍ ഇണയരയന്നങ്ങളെക്കൊണ്ടും |
സഭാ പണ്ഡിതൈഃ | : | സദസ്സു പണ്ഡിതരെക്കൊണ്ടും |
കുലം സത്പുത്രേണ | : | വംശം നല്ല മക്കളെക്കൊണ്ടും |
വസുധാ നൃപേണ | : | ഭൂമി രാജാക്കന്മാരെക്കൊണ്ടും |
ലോകത്രയം ഭാനുനാ | : | മൂന്നു ലോകങ്ങളും സൂര്യനെക്കൊണ്ടും |
ഭാതി | : | ശോഭിക്കുന്നു. |
സുന്ദരിക്കു നല്ല സ്വഭാവം വേണമെന്നും, വാക്കിനു വ്യാകരണശുദ്ധി വേണമെന്നും പ്രത്യേകവിവക്ഷ. ഇന്നത്തെക്കാലത്തു് ഇതൊക്കെ വിലപ്പോകുമോ എന്തോ? “ആശയസമ്പാദനം മാത്രമല്ലേ ഭാഷയുടെ ലക്ഷ്യം? കമ്പ്യൂട്ടര്‍ ഭാഷകളെപ്പോലെ കമ്പൈല്‍ ചെയ്യുന്നതെന്തും നല്ല ഭാഷ…” എന്ന അഭിപ്രായം രൂഢമൂലമായിക്കൊണ്ടിരിക്കുന്നു.
“വസുധാ നൃപേണ” എന്നതിനു് “രാജ്യം നല്ല ഭരണകര്‍ത്താക്കളെക്കൊണ്ടു്” എന്നര്‍ത്ഥം പറഞ്ഞാല്‍ ഈ ശ്ലോകം ഇന്നും പ്രസക്തം.
(രാജേഷേ, പരിഭാഷ….)
ശാര്‍ദ്ദൂലവിക്രീഡിതത്തിലുള്ള ഈ ശ്ലോകത്തെ എന്റെ അപേക്ഷപ്രകാരം വളരെക്കുറഞ്ഞ സമയം കൊണ്ടു രാജേഷ് വര്‍മ്മ സ്രഗ്ദ്ധരയില്‍ ഭംഗിയായി പരിഭാഷപ്പെടുത്തി.
കൊമ്പന് ചീര്‍ക്കും മദത്താല്‍, മുകിലൊടു ഗഗനം, രാത്രി പൂര്‍ണ്ണേന്ദുവാലും,
പൈമ്പാല് വാക്കാള്‍ ഗുണത്താല്‍, ജവമൊടു ഹയവും, മേളയാലമ്പലങ്ങള്‍,
ഹംസദ്വന്ദ്വത്തൊടാറും, കവിയൊടു സഭയും, വാണി വാക്ചിന്തയാലും,
മാണ്‍പാളുന്നൂഴി രാട്ടാ,ലുലകുകളിനനാല്‍, വീടു സത്പുത്രരാലും
നന്ദി, രാജേഷ്!
Adithyan | 20-Jul-06 at 9:09 pm | Permalink
നന്നായിരിയ്ക്കുന്നു. അറിവിന്റെ ഒരു മുത്തു കൂടി.
കുടിയന് | 21-Jul-06 at 12:43 am | Permalink
കുടിയന് വിവരം തീരെ കുറവായത് കൊണ്ടും, പലപ്പോഴും ഉമേഷ്ജി പറയുന്ന കാര്യങ്ങള്‍, വളരെ വലുതായതു കൊണ്ടും, കമന്റാന്‍ കഴിയുന്നില്ല.
ഉമേഷ്ജി, മലയാള വൃത്തങ്ങള്‍ ഓരോന്നായി അങ്ട് വിശദമായി എഴുതിക്കൂടെ?…കുടിയന് എല്ലാം മറന്നു….സംസ്കൃത പഠനം കുടിയന് 7-ല്‍ നിര്‍ത്തി.
തന്മാത്രയുടെ കടന്നാക്രമണം ഭയങ്കരം തന്നെ….
L.G | 21-Jul-06 at 12:51 am | Permalink
ഇങ്ങിനെ മുത്തു കൂട്ടി കൂട്ടി ഒരു പേള്‍ മാല ഉണ്ടാക്കാന്‍ പറ്റിയെങ്കില്‍…
Adithyan | 21-Jul-06 at 12:53 am | Permalink
ക്ഷീരമുള്ളോരകിടിന് ചുവട്ടിലും ചോര തന്നെ കൊതുകിന്നു കൌതുകം
സന്തോഷ് | 21-Jul-06 at 1:00 am | Permalink
പറ്റിയെങ്കില്‍… പറ്റിയെങ്കില്‍ ആ മാല കൊണ്ട് ബാങ്ക് ലോക്കറില്‍ വയ്ക്കാമായിരുന്നു, അല്ലേ എല്‍ജ്യേ?
ഏവൂരാന് | 21-Jul-06 at 1:01 am | Permalink
തന്മാത്രയുടെ കടന്നാക്രമണം ഭയങ്കരം തന്നെ….
ഇതൊരു ക്ലീഷേ ആയി വരികയാണല്ലോ? എന്തിനും കാരണമായി ഞാന്‍ കേള്‍ക്കുന്നതും ഇതു തന്നെ.. 🙂
തന്മാത്ര..
:^)
ഏവൂരാന് | 21-Jul-06 at 1:11 am | Permalink
മുത്തു കൂട്ടി കൂട്ടി ഒരു പേള്‍ മാല
അല്ല, മുത്ത് കൂട്ടിക്കൂട്ടി ഒരു മുത്ത് മാല എന്ന് പറഞ്ഞാല്‍ പോരേ..?
(ബോണ്ജിയെ ആക്രമിക്കുന്നത് കാണുമ്പോള്‍, ഇത്രയും സ്നേഹം ഞാന്‍ മാത്രമെങ്ങിനെ ഒതുക്കി വെയ്ക്കും..? )
🙂
L.G | 21-Jul-06 at 1:23 am | Permalink
ആദിക്കുട്ടീ…
അവിടെ ഓഫ് ഇടാന്‍ ഒരു പേടി..ഇവിടെ ഇടാന്‍ പേടിക്കണ്ടല്ലൊ..:)
പാഷന് – അഭിനിവേശം? ആര്‍ത്തി ഹിഹി…
ഇതു തെറ്റാണെങ്കില്‍ എന്നെ തല്ലല്ലെ… 🙂
പിന്നേയ്..എനിക്കുമിങ്ങിനെ ഒരു സംശയം ഉണ്ട്.
ഈ ‘പ്രണയം‘ എന്ന മലയാള വാക്ക്..ആണ്‍കുട്ടിക്ക് പെണ്‍കുട്ടിയോട് തോന്നുന്നത് മാത്രമാണൊ? എന്ന് വെച്ചാല്‍ സ്നേഹം ത്തിന്റെ ഒരു കൂടി നിക്കുന്ന വികാരത്തെ എന്തു പറയും? അമ്മക്ക് കുഞ്ഞിനോട്.
പെണ്ണിന് തോഴിയോട്…അങ്ങിനത്തെ ഒക്കേനെയും സ്നേഹം എന്ന് മാത്രേ പറയുള്ളൊ? അതിലും കൂടിതല്‍ തീവ്രമായതിനൊരു വാക്കുണ്ടൊ? തമിഴില്‍
അന്പ് – സ്നേഹം.
പാസം – സ്നേഹം * 2
അങ്ങിനെ ഈ പാസത്തിനൊരു മലയാള വാക്കുണ്ടൊ?
സന്തോഷേട്ടാ..ഞാന്‍ കണകുണാന്ന് എഴുതണതൊക്കെ വെച്ച് എനിക്കിട്ട് തന്നെ കോട്ടുവാണല്ലെ…ഇത്രേം ക്രൂരത വേണൊ??പക്ഷെ എന്നാലും നൂറടിക്കാന്‍ സമ്മതിക്കൂല്ല 🙂
എല്ലാരും അപ്പൊ ആക്രമണ്!!! തന്നെയാണല്ലെ..
എന്നെ… (കട: സ്വാര്‍ത്ഥന്‍)
Adithyan | 21-Jul-06 at 1:47 am | Permalink
ഇവിടെ ഇടാന്‍ പേടിക്കണ്ടല്ലൊ – ഉമേഷ്ജി ഒരു തോക്കും മേടിച്ച് ഇറങ്ങും. ഫ്ലോറിഡ വഴി ഇങ്ങോട്ട്…
പാഷന്റെ അര്‍ത്ഥം അഭിനിവേശം എന്നു പറയുമ്പോള്‍ കുഴപ്പമില്ല… പക്ഷെ അത് ആ വാചകത്തില്‍ ഒന്ന് ഉപയോഗിച്ചു നോക്കൂ… എന്തോ എവിടെയോ..
ഈ ‘പ്രണയം‘ എന്ന മലയാള വാക്ക്..ആണ്‍കുട്ടിക്ക് പെണ്‍കുട്ടിയോട് തോന്നുന്നത് മാത്രമാണൊ? – അല്ല. പെണ്‍കുട്ടിയ്ക്ക് ആണ്‍കുട്ടിയോട് തോന്നുന്നതും (തോന്ന്വോ?) അതു തന്നെ. :))
സ്നേഹം * 2-നു മലയാളത്തില്‍ വാക്കോ? പായസത്തിനോടുള്ള സ്നേഹത്തിനെ ആണോ പാസം എന്നു വിളിക്കുന്നത്?
Su | 21-Jul-06 at 3:20 am | Permalink
🙂
bindu | 21-Jul-06 at 3:31 am | Permalink
മുത്തുകൊണ്ടു മാല തീര്‍ക്കുമ്പോള്‍ എക്സ്ട്രാ ഒന്നുകൂടി തീര്‍ത്തോളൂ എല്ജീസെ. 🙂
ഇതു നൂറടിക്കാന്‍ പ്ലാന്‍ ഉണ്ടോ? ഇരിക്കണോ എന്നറിയാന 😉
Rajesh R Varma | 21-Jul-06 at 3:32 am | Permalink
ഉമേഷേ,
ഇത്രയും വേണ്ടായിരുന്നു. ഇത്തരം പട്ടികനിരത്തുന്ന ശ്ലോകങ്ങള്‍ സംസ്കൃതത്തില്‍ ധാരാളമാണ്. നാലുവരിയില്‍ ഒപ്പിക്കാവുന്നിടത്തോളം കാര്യങ്ങള്‍ ചേര്‍ത്തിരിക്കും. പരിഭാഷ നടത്താന്‍ പോകുന്നവന് ചക്രം ചവിട്ടും. (ഇത്രയും ഞാന്‍ ചെയ്ത കാര്യത്തിന്റെ ബുദ്ധിമുട്ടു ധരിപ്പിക്കാന്‍ പറഞ്ഞതാണ് ;-)) എന്തായാലും ഒന്നു കൈവച്ചു നോക്കി. ആര്‍ക്കും വായിച്ചിട്ടു മനസ്സിലായില്ലെങ്കിലെന്താ? തര്‍ജ്ജമ ചെയ്തല്ലോ. അതു മതി.
🙂
എന്‍ ജെ മല്ലു | 21-Jul-06 at 3:42 am | Permalink
ഉമേഷേ, ഈ ആനയ്ക്കും “നാഗ” എന്നുതന്നെയാണോ സംസ്കൃതത്തില്‍?
wakaari | 21-Jul-06 at 4:03 am | Permalink
ആകാനാണു വഴി യെഞ്ജെമല്ലൂ, നാഗവല്ലിയുടെ മലയാളമാണല്ലോ ആനവാല് 🙂
ഏവൂര്‍ജീ, മുത്തെല്ലാം കൂട്ടിക്കൂട്ടി മാലയുണ്ടാക്കിയാല്‍ പോരേ, അത് മുത്തുമാലതന്നെയാവില്ലേ?
അതോ ഇനി മുത്തെല്ലാം കൂട്ടിക്കൂട്ടി മുത്തുമാല തന്നെയുണ്ടാക്കണമായിരിക്കുമോ? -വേണമായിരിക്കും, അല്ലെങ്കില്‍ മുത്തെല്ലാം കൂട്ടിക്കൂട്ടി ഒരിടത്ത് വെച്ചിട്ട് വല്ല നൂലുമാലയുമുണ്ടാക്കിയാല് പിന്നീടുണ്ടാകുന്ന നൂലാമാലകള്‍…..:)
രജനീകാന്തിന്റെ മുത്തുപ്പടം ഇവിടെ സൂപ്പര്‍ ഹിറ്റ്.
ഏവൂരാന് | 21-Jul-06 at 4:44 am | Permalink
വക്കാരീ, ബോണ്ജിക്കു വിലങ്ങനെ ചാടാനൊരു ശ്രമം നടത്തിയതല്ലേ?
🙂
Umesh::ഉമേഷ് | 21-Jul-06 at 6:27 am | Permalink
രാജേഷ് വര്‍മ്മ ഈ ശ്ലോകം തര്‍ജ്ജമ ചെയ്തു കുറേ മുമ്പേ തന്നെ അയച്ചിരുന്നു. എന്തോ കാരണം കൊണ്ടു് അദ്ദേഹത്തിന്റെ കമന്റുകള്‍ എന്റെ website സ്പാം ആയി കരുതുന്നു. എന്താണെന്നു പരിശോധിക്കണം.
അദ്ദേഹത്തിന്റെ ശ്ലോകം ഈ പോസ്റ്റിന്റെ അവസാനം കൊടുത്തിട്ടുണ്ടു്. അദ്ദേഹത്തിന്റെ കമന്റില്‍ ലിങ്കുമുണ്ടു്. അല്ലെങ്കില്‍ ഇവിടെ നോക്കുക.
Umesh::ഉമേഷ് | 21-Jul-06 at 6:33 am | Permalink
“ന അഗം” (പര്വ്വതമല്ലാത്തതു്) എന്ന അര്‍ത്ഥത്തില്‍ നാഗശബ്ദത്തിനു് ആന എന്നും അര്‍ത്ഥമുണ്ടു്. പര്വ്വതത്തെപ്പോലെയിരിക്കുന്നതും എന്നാല്‍ പര്വ്വതമല്ലാത്തതും എന്നു വിവക്ഷ.
നഗത്തില്‍ ഉണ്ടാകുന്നതു് എന്ന അര്‍ത്ഥത്തില്‍ പാമ്പു് എന്ന അര്‍ത്ഥം തന്നെയാണു കൂടുതല്‍ ഉപയോഗത്തിലുള്ളതു്. നഗം എന്നതിനു ചന്ദനവൃക്ഷം എന്നും പര്‍വ്വതം എന്നും അര്‍ത്ഥമുണ്ടു്.
നാഗേന്ദ്ര എന്ന പേരിലെ നാഗം ആനയാണെന്നു തോന്നുന്നു.
നാഗം വിഷമില്ലാത്ത പാമ്പും സര്‍പ്പം വിഷമുള്ള പാമ്പും ആണെന്നും കേട്ടിട്ടുണ്ടു്. രണ്ടു വര്‍ഗ്ഗവും കദ്രുവിന്റെ മക്കളാണു്. ഗരുഡനും അരുണനും വിനതയുടെയും.
Su | 21-Jul-06 at 6:58 am | Permalink
രാജേഷ് വര്‍മ്മയുടെ പരിഭാഷ നന്നായി 🙂
രാജ് നായര്‍ | 21-Jul-06 at 8:09 am | Permalink
ഉമേഷിന്റെയും രാജേഷിന്റെയും ഒരുമിച്ചുള്ള ഈ സംരംഭം കൊള്ളാം. അര്‍ത്ഥവും പരിഭാഷയുമെല്ലാം വായിച്ചശേഷം സംസ്കൃതം മൂലശ്ലോകം ഒരാവര്‍ത്തികൂടി വായിക്കുമ്പോള്‍ എനിക്കും സംസ്കൃതമറിയാമല്ലോ എന്നൊരു തോന്നല്‍ വരും 😉
cALviN::കാല്വിന് | 08-May-09 at 7:20 pm | Permalink
വാക്കിന്റെ വ്യാകരണശുദ്ധി അവിടെ നില്ക്കട്ടെ (അതു നമ്മള്ക്കിട്ടാണല്ലോ),
സുന്ദരിക്കു നല്ല സ്വാഭാവം എന്നുള്ള എടുത്തു പറച്ചിലിനെ ശക്തമായി എതിര്‍ക്കുന്നു…
ഒരു പുരുഷപക്ഷവായനയായിപ്പോയി അത്….
Kiran | 27-Dec-12 at 3:06 am | Permalink
അഗം = ചലിക്കാത്തത് – പർവ്വതം, വൃക്ഷം എന്നിവയെ ദ്യോതിപ്പിക്കാൻ ഉപയോഗിക്കും
ന അഗം = നാഗം = ചലിക്കുന്നതും, ചലിക്കാത്തതും, അതായത് സ്പന്ദിക്കുന്നത്. ഈ അർത്ഥം ഒരു ആചാര്യൻ പറഞ്ഞ് ഈയിടെ കേൾക്കുകയുണ്ടായി.
Arun | 01-Nov-13 at 7:41 am | Permalink
ന ഗച്ഛതീതി നഗ : – ഉപപദ തത്പുരുഷൻ അല്ലെ ?