ഏഷണിക്കാരെപ്പറ്റി:
അഹോ ഖലഭുജംഗസ്യ
വിചിത്രോऽയം വധക്രമഃ
കര്‍ണ്ണേ ലഗതി ചൈകസ്യ
പ്രാണൈരന്യോ വിയുജ്യതേ
അര്‍ത്ഥം:
അഹോ! | : | ഭയങ്കരം തന്നെ |
ഖല-ഭുജംഗസ്യ | : | ഏഷണിക്കാരന് എന്ന പാമ്പിന്റെ |
അയം വധക്രമഃ വിചിത്രഃ | : | ഈ വിചിത്രമായ കൊലയുടെ രീതി! |
ഏകസ്യ കര്‍ണ്ണേ ലഗതി ച | : | ഒരുത്തന്റെ ചെവിയില്‍ കടിക്കും, |
അന്യഃ പ്രാണൈഃ വിയുജ്യതേ | : | വേറൊരുത്തന് പ്രാണന് വെടിയും |
ഒരാളോടു് മറ്റൊരാളെപ്പറ്റി ഏഷണി പറഞ്ഞു കുത്തിത്തിരിപ്പു നടത്തിയാല്‍ പ്രശ്നം ആ “മറ്റൊരാള്‍ക്കു്” ആണല്ലോ. ദേവന്റെ പാരയെ പാരുങ്കളേ, വക്കാരിയുടെ സ്നേഹപ്പാര എന്നിവയും വായിക്കുക. അവന് താന്‍ ഇവന്!
ഖലന്‍ (ഖലഃ) എന്ന വാക്കിനു മലയാളത്തില്‍ ദുഷ്ടന് എന്നാണു സാധാരണ ഉദ്ദേശിക്കുന്നതെങ്കിലും (“ധീരന്” എന്നാണു തന്റെ അച്ഛന് വിചാരിച്ചിരുന്നതെന്നു് ഈ. വി. കൃഷ്ണപിള്ള പറഞ്ഞിട്ടുണ്ടു്. “നമ്മുടെ വീട്ടില്‍ നല്ല ഖലന്മാര് ഉണ്ടാകണം” എന്നോ മറ്റോ അങ്ങേര് പറഞ്ഞിട്ടുണ്ടത്രേ!) ഏഷണിക്കാരന് എന്ന അര്‍ത്ഥമാണു സംസ്കൃതത്തില്‍. (ഇയാളെപ്പറ്റി “കീടഃ കശ്ചന വൃശ്ചികഃ” എന്നൊരു ശ്ലോകമുണ്ടു് അന്യാപദേശശതകത്തില്‍. അതു് സുഭാഷിതത്തില്‍ അടുത്ത ശ്ലോകം.)
ഇതിനു ഞാന്‍ രണ്ടു പരിഭാഷകള്‍ കേട്ടിട്ടുണ്ടു് (രാജേഷ് വര്‍മ്മയ്ക്കു നമുക്കൊരു ഡേ ഓഫ് കൊടുക്കാം :-))
- ഏ. ആര്. രാജരാജവര്‍മ്മ:
ഏഷണിക്കാരനാം പാമ്പിന്
വിഷം വിഷമമെത്രയും
കടിക്കുമൊരുവന്‍ കാതില്‍
മുടിയും മറ്റൊരാളുടന്ഏ. ആര്. ഭാഷാഭൂഷണത്തില്‍ വിഷമം എന്ന അലങ്കാരത്തിന്റെ ഉദാഹരണമായി കൊടുത്ത ഒരു പദ്യം. ഇതിന്റെ തര്‍ജ്ജമയാണെന്നു തോന്നുന്നു.
- മഹാകവി ഉള്ളൂര്‍:
ഖലന്റെ രസനപ്പാമ്പു
കാട്ടും ചേഷ്ടിതനദ്ഭുതം!
അന്യന്റെ കര്‍ണ്ണം ദംശിക്കു-
മന്യന് പ്രാണവിഹീനനാംഉള്ളൂര് സംസ്കൃതത്തില്‍ നിന്നും മറ്റും ഒരുപാടു സൂക്തികള്‍ തര്‍ജ്ജമ ചെയ്തും സ്വന്തം കൃതികള്‍ കൂട്ടിച്ചേര്‍ത്തും അനുഷ്ടുപ്പ് വൃത്തത്തില്‍ ഒരു കൃതി എഴുതിയിട്ടുണ്ടു്. “കൊണ്ടുപോകില്ല ചോരന്മാര്…” തുടങ്ങിയവയും അതിലാണു്. “മണിമാല” എന്നാണെന്നു തോന്നുന്നു പേരു്. ഉള്ളൂര്‍ക്കൃതികള്‍ കൈവശമുള്ളവര്‍ ദയവായി പരിശോധിക്കുക. ആ പുസ്തകത്തിലെയാണു് ഇതു്.
[2008/04/26]: പുസ്തകം ദീപാവലി ആണെന്നു മധുരാജ് പറഞ്ഞു തന്നു. മധുരാജിനു നന്ദി.ഇതു തീര്‍ച്ചയായും പ്രസ്തുതശ്ലോകത്തിന്റെ തര്‍ജ്ജമ തന്നെ.
[2006/07/22]: ഈ ശ്ലോകത്തിനു കെ. സി. കേശവപിള്ള ചെയ്ത പരിഭാഷ രാജേഷ് വര്‍മ്മ അയച്ചുതന്നതു്:
ദുഷ്ടനാകുന്ന സര്പ്പത്തിന്
വധമെത്രയുമദ്ഭുതം!
കടിക്കുന്നേകകര്‍ണ്ണത്തില്‍;
മരിക്കുന്നന്യനഞ്ജസാ.
നന്ദി, രാജേഷ്!
[2008/04/26]: പി. സി. മധുരാജിന്റെ പരിഭാഷ:
ഒരാളെക്കൊല്ലുവാന്‍ കാതില്‍-
ക്കടിയ്ക്കും മറ്റൊരാളുടെ;
വിഷവാനേഷണിക്കാര-
നാളെക്കൊല്ലുവതത്ഭുതം!
നന്ദി, മധുരാജ്!
Umesh::ഉമേഷ് | 21-Jul-06 at 1:24 pm | Permalink
അപ്പോള്‍ എന്നെപ്പോലെ തന്നെ മിക്കവാറും എല്ലാവരും പോസ്റ്റുകളിലേയ്ക്കു വരുന്നതു പിന്മൊഴികളിലൂടെയാണു്, അല്ലേ?
അതൊന്നു പരീക്ഷിക്കാനാണു് പിന്മൊഴികളിലൊന്നും പരാമര്‍ശിക്കാതെ ഒരു പോസ്റ്റ് ഇട്ടുനോക്കിയതു്. ആരും കണ്ട ലക്ഷണമില്ല.
സുഭാഷിതത്തില്‍ ഏഷണിക്കാരെപ്പറ്റി പറയുന്നു.
bindu | 21-Jul-06 at 1:34 pm | Permalink
രാജേഷിന്റെ തര്‍ജ്ജിമ കൂടി കാണാം. 🙂
L.G | 21-Jul-06 at 1:41 pm | Permalink
ആദ്യം ഞാന്‍ പിന്മൊഴിയില് കൂടി നടക്കും..എന്നിട്ടൊരു ഉച്ചയാവുമ്പൊ തനിമലയാളത്തില്‍ കൂടിയും..ഉച്ച ആയില്ലല്ലൊ..:)
എനിക്കിതില്‍ മനസ്സുലാവാത്ത് ഒരു കാര്യമേ ഉള്ളൂ? എന്തിനാ ഇങ്ങിനെ കോമ്പ്ലികേറ്റഡ് ആയിട്ട് പറയണെ..
“പാമ്പിന്റെ വിഷം പോലെയാണെ ഏഷണിക്കന്റെ വിഷം” എന്ന് എത്ര സിമ്പിള്‍ ആയിട്ട് പറയുന്ന കാര്യം എന്തിനാണ്.ഈ..അഹൊ: ഹാ: എന്നൊക്കെ പറയണെ? അതാണ് എനിക്കി ശ്ലൊകങ്ങളോടും കവിതയോടും അലര്‍ജി…മനുഷ്യനെ മന:പൂര്‍വ്വം വട്ടിളക്കാന്‍ കണ്ട് പിടിച്ചത് പോലെയാണ് എനിക്ക് തോന്നാ..
Umesh::ഉമേഷ് | 21-Jul-06 at 1:55 pm | Permalink
ആദ്യം പറഞ്ഞ ശ്ലോകം സംസ്കൃതമാണു് എല്‍ജീ. അതാണു “അഹോ” എന്നതു് അരോചകമായിത്തോന്നുന്നതു്. സംസ്കൃതത്തില്‍ അതൊരു സാധാരണ വാക്കു മാത്രം – “അയ്യോ” എന്നതു പോലെ. ഹിന്ദി പറയുന്ന നാട്ടില്‍ നിന്നു വന്നവര്‍ പറയാറില്ലേ – “എന്തു പറഞ്ഞാലും ഇവന് ഉല്‍ട്ടാ ആയേ ചെയ്യൂ…” . ഈ “ഉല്‍ട്ടാ” അരോചകമാകുന്നതു പോലെ തന്നെയാണു് ഇവിടെ “അഹോ”യും.
പിന്നെക്കൊടുത്ത രണ്ടു മലയാളശ്ലോകങ്ങള്ക്കു് ഈ കുഴപ്പമുണ്ടോ?
എന്റെ പഴയ ഒരു പോസ്റ്റില്‍ (സന്തോഷിന്റെ ശ്രദ്ധയ്ക്കു്: ഇങ്ങനെയാണു വായിക്കാത്തവരെക്കൊണ്ടു പോസ്റ്റുകള്‍ വായിപ്പിക്കുന്നതു്. വായിച്ചുകഴിഞ്ഞല്ലേ അതും ഇതും തമ്മില്‍ ബന്ധമില്ല എന്നു മനസ്സിലാവൂ. Google ads കൂടി ഇട്ടാലോ എന്നു വിചാരിക്കുകയാണു് :-)) “ധിഗ് ധിഗ്” എന്നതിനെപ്പറ്റി ഇതുപോലെയൊരു സംവാദം നടന്നിരുന്നു. മലയാളത്തിലാക്കിയപ്പോള്‍ ഞാന്‍ “കഷ്ടം” എന്നാണെഴുതിയതു്. അതും സംസ്കൃതം തന്നെ. പക്ഷേ മലയാളികള്‍ക്കു കൂടുതല്‍ പരിചയമുണ്ടു്.
Ragesh | 21-Jul-06 at 3:13 pm | Permalink
ഞാനും മൊത്തം പിന്മൊഴിയില് കൂടി തന്നേയാണ് അറിയുന്നതും, വായിക്കുന്നതും.
ഉമേഷ്ജീ, താങ്കളുടെ പഴയ പോസ്റ്റുകള്‍ ഇനിയും വായിച്ച് തീര്‍ന്നിട്ടില്ല….എന്നു തീരുമോ ആവോ?
വായിക്കാന്‍ ഇരുന്നാല്‍, എഴുതാന്‍ പറ്റില്ല, എഴുതാനിരുന്നാല്‍, കുറുമി സമ്മതിക്കില്ല, എഴുതാതിരുന്നാല്‍, മനസ്സ് സമ്മതിക്കില്ല.
എന്തെല്ലാം, എന്തെല്ലാം, പ്രശ്നങ്ങളാണെന്നോ?
എന്തെല്ലാം, എന്തെല്ലാം പീഡനമാണെന്നോ?
seeyes | 21-Jul-06 at 4:25 pm | Permalink
വിഷയേതരം:
ഗുരുകുലത്തിനു താഴെ, “മുന്‍പേ നടന്ന ഗുരുക്കള്‍ തെളിച്ച ദീപപ്രകാശത്തില്‍ ലോകത്തെ കാണാനൊരു ശ്രമം…” എന്നായാലോ?
Umesh::ഉമേഷ് | 21-Jul-06 at 10:11 pm | Permalink
നന്ദി, സീയെസ്. ശീര്‍ഷകം ഞാന്‍ മാറ്റിയിട്ടുണ്ടു്. നേരത്തെ ഉള്ളതു വൃഥാസ്ഥൂലമായിരുന്നു.
ആദ്യമായാണിവിടെ കമന്റിടുന്നതു്, അല്ലേ? ഇതു വായിക്കാറുണ്ടോ? പ്രാണിലോകവും ശാസ്ത്രലോകവും ഞാന്‍ സ്ഥിരമായി വായിക്കാറുണ്ടു്. ഫോട്ടോബ്ലോഗുകള്‍ കണ്ടാസ്വദിക്കുകയല്ലാതെയല്ലാതെ അവയില്‍ കമന്റിടാറില്ല.
സീഎസ്സിന്റെ കമന്റ് സ്പാം ബ്ലോക്കറില്‍ പോയി. ഇ-മെയില്‍ ഐഡിയാണോ ഐ.പി. അഡ്രസ്സാണോ കാരണമെന്നറിയില്ല.
സന്തോഷ് | 21-Jul-06 at 11:15 pm | Permalink
ശ്രദ്ധിച്ചു, ശ്രദ്ധിച്ചു. പക്ഷേ, ഈ പണിയൊക്കെ ഒരു പോസ്റ്റിനോ മറ്റോ നടക്കും. ആദിത്യന് ഞാനിട്ട ചൂണ്ടയില്‍ കൊത്തി ‘അത് ഈ പോസ്റ്റല്ലന്നു തോന്നുന്നല്ലോ’ എന്ന് പറഞ്ഞു നടക്കുന്നുണ്ടായിരുന്നു, പാവം!
Umesh::ഉമേഷ് | 21-Jul-06 at 11:36 pm | Permalink
അതു പിന്നെ കൃഷ്ണനെപ്പറ്റി ഒരു കവിതയെഴുതിയിട്ടു “ഈ അവസ്ഥാന്തരത്തെക്കുറിച്ചും അത് ലോകജനതയുടെ ചിന്താഗതിയില്‍ വരുത്തുന്ന മാറ്റങ്ങളെക്കുറിച്ചും ഒരു പോസ്റ്റ്..” എന്നൊക്കെ എഴുതിയാല്‍ ആദിത്യനെപ്പോലെയുള്ള ബുദ്ധിശൂന്യര്‍ക്കു വല്ലതും മനസ്സിലാകുമോ? പയ്യന്റെ അധഃപതനം ശ്രദ്ധിച്ചില്ലേ? ആദ്യം ഖസാക്കിന്റെ ഇതിഹാസം, പിന്നെ ക്യാമ്പസ് കഥകള്‍, അതു കഴിഞ്ഞു പൈങ്കിളിക്കഥകള്‍, പിന്നെ ഫുട്ബാള്‍, പിന്നെ ക്യാമറ, പിന്നെ സാങ്കേതികമോ എച്ടിയെമ്മെല്ലോ മറ്റോ, ഇപ്പോള്‍ ഫുള്‍ടൈം കമന്റടി, ഓഫ്ടോപ്പിക് ഇതു തന്നെ പരിപാടി. ഇവനു് എന്തു മനസ്സിലാകാന്‍?
സിബുവാണു് എനീക്കീ പരിപാടി കാണിച്ചുതന്നതു്. വിക്കിപീഡിയ തലയ്ക്കു പിടിച്ചതാണെന്നാണു് ആദ്യം തോന്നിയതു്. പിന്നെ മനസ്സിലായി അതൊരു വന്‍ പരിപാടിയാണെന്നു്. കുറേ സമയമെടുക്കും ടെക്നിക് മനസ്സിലാകാന്‍. ആശംസകള്‍!
🙂
Adithyan | 21-Jul-06 at 11:41 pm | Permalink
എന്തൊക്കെ കേട്ടാല്‍ ഈ ജന്മം ഒന്ന് അവസാനിച്ചു കിട്ടും എന്റെ പരദേവതകളേ 🙁
L.G | 21-Jul-06 at 11:56 pm | Permalink
ആരാണവിടെ ആദിക്കുട്ടിയെപറ്റി പറയുന്നെ? ആ! ഉമേഷേട്ടാ..ജാഗ്രതൈ!
bindu | 21-Jul-06 at 11:58 pm | Permalink
അത് ഉമേഷ്ജി പറഞ്ഞതു സത്യം! കുട്ടിഭീമന് എന്നോ കുട്ടി ഘടോല്ഘചന് എന്നോ ഒക്കെ പറഞ്ഞു വന്നിട്ടിപ്പോള്‍ .. ( വെറുതേ… നമ്മളൊരു യൂണിയനല്ലെ 😉 )
Adithyan | 22-Jul-06 at 12:01 am | Permalink
ഹാവൂ.. എല്‍ജിയേച്ചി സപ്പോര്‍ട്ട് ചെയ്യുന്നതു കണ്ട് ആനപ്പുറം മാഷിനോട് റ്റണ്ടു ഡൈലോഗ് അടിയ്ക്കാന്‍ ഓടി വന്നപ്പോ സ്വന്തം യൂണിയന് മെമ്പര്‍ ബിന്ദൂട്ടിയും എന്നെ പുറകില്‍ നിന്നും കുത്തി…
ഇനി ആരെങ്കിലും ഒരു വലിയ സ്പീച്ച് എഴുതിത്തന്നാ എനിക്കതു വായിച്ചിട്ട് മരിക്കാരുന്നു. ഈ പഴയ സിനിമയില്‍ ഒക്കെ നസീറും ജയനും ഒക്കെ ചെയ്യുന്നതു പോലെ…
L.G | 22-Jul-06 at 12:02 am | Permalink
ബിന്ദൂട്ടീ…യൂ റ്റൂ…..
bindu | 22-Jul-06 at 12:05 am | Permalink
ഞാന്‍ വെറുതേ ഉമേഷ്ജിക്കൊരു സമാധാനമാവട്ടെ എന്നു കരുതിയല്ലെ…
ഇനി ആരെങ്കിലും ആദിയെ തൊട്ടു കളിച്ചാല്‍… എല്ജീസെ.. ബാക്കി നോക്കിക്കോണം ട്ടോ.. 🙂
😉
Adithyan | 22-Jul-06 at 12:10 am | Permalink
ഹാവൂ… അങ്ങനെ ബിന്ദൂട്ടിയും ഓക്കെ ആയി… ഇപ്പൊ തല്ക്കാലം മരിയ്ക്കുന്നില്ല എന്നു വെച്ചു. വെടിയുണ്ട വരുന്നതേ ഉണ്ടായിരുന്നുള്ളു. മാറിക്കളയാന്‍ തിരുമാനിച്ചു.
Umesh::ഉമേഷ് | 22-Jul-06 at 12:18 am | Permalink
ഞാനിപ്പോ എന്നാ ചെയ്തെന്നാ? അതിനെടയ്ക്കു വന്ന സന്തോഷിനൊരു കൊഴപ്പോമില്ലേ?
മനുഷ്യനൊരു സത്യവും പറയാല് മേലേ? ആ പല്ലി കുറെക്കാലമായി ചിലയ്ക്കുന്നുണ്ടല്ലോ “സത്യമേവ ജയതേ…” എന്നു്…
പിന്നെ വേറെയാരെങ്കിലും പറഞ്ഞ്ഞു പാര വെയ്ക്കുന്നതിനു മുമ്പു ഞാന്‍ തന്നെ പറയട്ടേ: എന്റെ ബ്ലോഗിനെപ്പറ്റി രണ്ടു വാക്കു പറയാന്‍ ചോദിച്ചാല്‍ അതാണു് ഈ പോസ്റ്റിന്റെ ടൈറ്റില്‍.
അയ്യോ, സെല്‍ഫ് ഗോള്‍…
Umesh::ഉമേഷ് | 22-Jul-06 at 12:24 am | Permalink
ബിന്ദു ഇടത്തുപക്ഷമോ വലത്തുപക്ഷമോ എന്നു വ്യക്തമാക്കണം. ഡി. ഐ. സി. യുടെ ഗതി അറിയാമല്ലോ.
Adithyan | 22-Jul-06 at 12:29 am | Permalink
അയ്യോ ഉമേഷ്ജീ, താങ്കളെന്താണൊരുമാതിരി കരുണാകരനെപ്പോലെ സ്വന്തം പാര്‍ട്ടിക്കാരോട്… നമ്മളെല്ലാം ഒരേ പാര്‍ട്ടി. ഓഫ് പാര്‍ട്ടി. പിന്നെ പാര്‍ട്ടിയില്‍ കുറെ ഗ്രൂപ്പൊക്കേ ഉള്ളത് നമ്മടെ കുഴപ്പമാണോ? ഗ്രൂപ്പുകളല്ലെ നമ്മടെ ശക്തി. പിളര്‍ന്നു വളരുന്ന പാര്‍ട്ടി….
രാജേഷ് | 22-Jul-06 at 12:34 am | Permalink
എന്നെ ഒഴിവാക്കാനുള്ള പരിപാടിയാണല്ലെ? അതു സമ്മതിക്കാന്‍ പാടില്ലല്ലോ.
ദുഷ്ടനാകുന്ന സര്പ്പത്തിന്
വധമെത്രയുമദ്ഭുതം!
കടിക്കുന്നേകകര്‍ണ്ണത്തില്‍;
മരിക്കുന്നന്യനഞ്ജസാ.
പേടിക്കേണ്ട. ഞാന്‍ വിവര്‍ത്തനം ചെയ്തതല്ല. കെ. സി. കേശവപിള്ളയുടേതാണ്
ബിന്ദു | 22-Jul-06 at 1:45 am | Permalink
രണ്ടിലൊന്നറിയണമെന്നൊക്കെ പറഞ്ഞെന്നെ ഉമേഷ്ജി പേടിപ്പിച്ചൂ…
അതിനിടയ്ക്കൊരു സെല്ഫ്ഗോള് അടിച്ചതു കണ്ടേ… “വിചിത്രമായ വധം”. 🙂
Umesh::ഉമേഷ് | 22-Jul-06 at 8:09 pm | Permalink
രാജേഷ് വര്‍മ്മയുടെ കമന്റ് (#20) സ്പാമായിപ്പോയി. അദ്ദേഹം കെ. സി. കേശവപിള്ളയുടെ ഒരു പരിഭാഷയും അയച്ചിരുന്നു. അതു പോസ്റ്റില്‍ത്തന്നെ ഇട്ടിട്ടുണ്ടു്.
P.C.Madhuraj | 26-Apr-08 at 12:09 pm | Permalink
ഉള്ളൂരിന്റെ ആ പുസ്തകം “ദീപാവലി” ആണെന്നാണു തോന്നുന്നത്. “വിത്തമെന്തിനു മര്‍ത്ത്യന്നു
വിദ്യ കൈവശമാകുകില്‍?” എന്നതൊക്കെ അതിലാണെന്നു തോന്നുന്നു.
P.C.Madhuraj | 26-Apr-08 at 12:24 pm | Permalink
കേശവപിള്ള “ സര്പ്പത്തിന് വധം..” എന്നു പറഞ്ഞതു സുഖം തോന്നിയില്ല;
ഒരാളെക്കൊല്ലുവാന്‍ കാതില്‍-
ക്കടിയ്ക്കും മറ്റൊരാളുടെ;
വിഷവാനേഷണിക്കാര-
നാളെക്കൊല്ലുവതത്ഭുതം!