നിലവാരമില്ലാത്ത കൃതികള്‍ എഴുതിക്കൂട്ടുന്നവരെ പരിഹസിക്കുന്ന ഒരു ശ്ലോകം. എണ്ണത്തിലല്ല ഗുണത്തിലാണു കാര്യം എന്നു പറയുന്നു.
സൂതേ സൂകരയുവതീ
സുതശതമത്യന്തദുര്‍ഭഗം ഝടിതി
കരിണീ ചിരേണ സൂതേ
സകലമഹീപാലലാളിതം കളഭം
അര്‍ത്ഥം:
സൂകരയുവതീ | : | പെണ്പന്നി |
അത്യന്തദുര്‍ഭഗം സുതശതം | : | എരണം കെട്ട നൂറു കുഞ്ഞുങ്ങളെ |
ഝടിതി സൂതേ | : | പെട്ടെന്നു പ്രസവിക്കുന്നു |
കരിണീ | : | പിടിയാനയാകട്ടേ |
സകലമഹീപാലലാളിതം കളഭം | : | എല്ലാ രാജാക്കന്മാരും ലാളിക്കുന്ന ആനക്കുട്ടിയെ |
ചിരേണ സൂതേ | : | വല്ലപ്പോഴും മാത്രം പ്രസവിക്കുന്നു. |
എണ്ണത്തിലല്ല, ഗുണത്തിലാണു കാര്യമെന്നര്‍ത്ഥം. നൂറു പോസ്റ്റെഴുതുന്നതിലും നൂറു കമന്റു കിട്ടുന്നതിലും ഇതൊക്കെ റെക്കോര്‍ഡ് സമയത്തു ചെയ്യുന്നതിലുമല്ല കാര്യം. ഗുണമുള്ള ഒന്നോ രണ്ടോ പോസ്റ്റ് വല്ലപ്പോഴുമെഴുതുന്നതാണു്.
ഏവൂരാന്റെ കഥകള്‍ പോലെ. കല്ലേച്ചിയുടെ ലേഖനങ്ങള്‍ പോലെ. കണ്ണൂസിന്റെ കമന്റുകള്‍ പോലെ.
[2006/07/19] ഈ ശ്ലോകത്തിനു രാജേഷ് വര്‍മ്മയുടെ മലയാളപരിഭാഷ:
എണ്ണം പെരുത്തിട്ടഴകറ്റ മക്കളെ-
ത്തിണ്ണം പെറും പന്നി തടസ്സമെന്നിയേ
മന്നോര്‍ക്കുമാരോമനയായ കുട്ടിയെ-
പ്പെണ്ണാന പെറ്റീടുമനേകനാളിനാല്‍
നന്ദി, രാജേഷ്!
ഉമേഷ് | Umesh | 18-Jul-06 at 2:33 pm | Permalink
സുഭാഷിതം: സൂകരപ്രസവം.
അരവിന്ദന് | 18-Jul-06 at 2:40 pm | Permalink
എന്നാലും കാക്കക്ക് തന്‍കുഞ്ഞ് പൊന്‍കുഞ്ഞ് എന്നൊരു യാദാര്‍ത്ഥ്യം കൂടി കണക്കിലെടുത്തുകൂടെ ഉമേഷ്ജീ?
ഞാന്‍ പോസ്റ്റ് രണ്ട് മാസം ഒന്നാക്കി.;-)
അരവിന്ദന് | 18-Jul-06 at 2:41 pm | Permalink
സ്റ്റോറി..യാഥാര്‍ത്ഥ്യം അല്ലേ?
ക്ഷമിക്കൂ, സാര്‍.
L.G | 18-Jul-06 at 3:05 pm | Permalink
🙂 ശ്ശൊ! ഞാനുമിനീം വല്ലപ്പോഴും മാത്രം കമന്റിയും പോസ്റ്റിയും ഇരിക്കാന്‍ പോവാണ്..അല്ലെങ്കില്‍ പന്നീന്നൊക്കെ വിളിച്ചാല്ലൊ..
moncy | 18-Jul-06 at 5:25 pm | Permalink
ഉമേഷ്ജി പറഞ്ഞതു സത്യമാണേലും അരവിന്തന് പറഞ്ഞതും സത്യം.
സൂകരപ്രസവത്തെ സുഖകരപ്രസവം ആക്കാനുള്ള ചികിത്സാരീതികള്‍ ഗൈനാക്കോളജി വിഭാഗത്തില്‍ ബിരുദാനന്തബിരുദം ഉള്ള ഡോ.ഉമേഷ് എന്‍ സൂകരപ്രസവങ്ങളില് തരുമെന്നു പ്രതീക്ഷിക്കുന്നു.
പിന്നെ ഒരു കാര്യമുണ്ടു ഉമേഷ്ജി ഗര്‍ഭിണിയാകാനുള്ള ക്രയവിക്രിയ ചെയ്യാന്‍ പിടിയാനയ്കു വലിപ്പം ഒരു ബുദ്ധിമുട്ടാണെ.അതുകൊണ്ടയിരിക്കാം പിടിയാനക്കു സൂകരപ്രസവം ഇല്ലാത്തതു
പല്ലി | 18-Jul-06 at 5:28 pm | Permalink
moncy | 18-Jul-06 at 5:25 pm | Permalink
ഉമേഷ്ജി പറഞ്ഞതു സത്യമാണേലും അരവിന്തന് പറഞ്ഞതും സത്യം.
സൂകരപ്രസവത്തെ സുഖകരപ്രസവം ആക്കാനുള്ള ചികിത്സാരീതികള്‍ ഗൈനാക്കോളജി വിഭാഗത്തില്‍ ബിരുദാനന്തബിരുദം ഉള്ള ഡോ.ഉമേഷ് എന്‍ സൂകരപ്രസവങ്ങളില് തരുമെന്നു പ്രതീക്ഷിക്കുന്നു.
പിന്നെ ഒരു കാര്യമുണ്ടു ഉമേഷ്ജി ഗര്‍ഭിണിയാകാനുള്ള ക്രയവിക്രിയ ചെയ്യാന്‍ പിടിയാനയ്കു വലിപ്പം ഒരു ബുദ്ധിമുട്ടാണെ.അതുകൊണ്ടയിരിക്കാം പിടിയാനക്കു സൂകരപ്രസവം ഇല്ലാത്തതു
Su | 18-Jul-06 at 5:36 pm | Permalink
“എണ്ണത്തിലല്ല, ഗുണത്തിലല്ല കാര്യമെന്നര്‍ത്ഥം. നൂറു പോസ്റ്റെഴുതുന്നതിലും നൂറു കമന്റു കിട്ടുന്നതിലും ഇതൊക്കെ റെക്കോര്‍ഡ് സമയത്തു ചെയ്യുന്നതിലുമല്ല കാര്യം. ഗുണമുള്ള ഒന്നോ രണ്ടോ പോസ്റ്റ് വല്ലപ്പോഴുമെഴുതുന്നതാണു്.”
രണ്ട് കൊല്ലം മുന്‍പെ ഈ ഗുണമുള്ള പോസ്റ്റ് വെച്ചിരുന്നെങ്കില്‍ ഞാന്‍ ബ്ലോഗ് ഉണ്ടാക്കുകയേ ഇല്ലായിരുന്നു.
എണ്ണത്തിലല്ല ഗുണത്തിലാണ് കാര്യം എന്നല്ലേ? ഗുണത്തിലല്ല എന്ന് വെച്ചതുകൊണ്ട് ചോദിച്ചതാണ്
Umesh::ഉമേഷ് | 18-Jul-06 at 5:47 pm | Permalink
ഹഹഹ… സു വേണ്ടിവന്നു ഈ ഭീകരതെറ്റു കണ്ടുപിടിക്കാന്‍.
നന്ദി സൂ. തെറ്റു തിരുത്തിയിട്ടുണ്ടു്. രണ്ടു ദിവസത്തില്‍ ഓരോന്നു വീതം ആനക്കുട്ടിയെപ്പോലുള്ള സ്റ്റൈലന്‍ പോസ്റ്റുകള്‍ ഉണ്ടാക്കുന്ന ശിങ്കമല്ലേ സൂ?
(ആനയല്ലേ എന്നു പറഞ്ഞാല്‍ സൂ എന്നെ ഓടിച്ചിട്ടു കുത്തിയാലോ? 🙂 )
bindu | 18-Jul-06 at 5:48 pm | Permalink
എല്ജീസെ ഇതു നമ്മളെ ഉദ്ദേശിച്ചാണ്, നമ്മളെ മാത്രം ഉദ്ദേശിച്ചാണേ… 🙂
Umesh::ഉമേഷ് | 18-Jul-06 at 5:49 pm | Permalink
ഏവൂരാന്, കല്ലേച്ചി, കണ്ണൂസ് എന്നു മാത്രം പറഞ്ഞതില്‍ ബാക്കിയുള്ളവര്‍ പരിഭവിക്കരുതേ. ഓരോ ഉദാഹരണം കൊടുത്തെന്നേ ഉള്ളൂ.
bindu | 18-Jul-06 at 5:49 pm | Permalink
എന്നാലും ആദ്യം സു വിനെ വേറെ എന്തോ വിളിച്ചു, ഇപ്പോള്‍ ദാ ആനക്കുട്ടിയെന്ന്.. എന്നാലും..
😉
Umesh::ഉമേഷ് | 18-Jul-06 at 5:51 pm | Permalink
ബിന്ദുവിനെ ഉദ്ദേശിച്ചിട്ടേ ഇല്ല. വല്ലപ്പോഴും ഒരു പോസ്റ്റെങ്കിലും ഇടുന്നവരെപ്പറ്റി മാത്രമേ ഇവിടെ പറഞ്ഞിട്ടുള്ളൂ 🙂
bindu | 18-Jul-06 at 5:53 pm | Permalink
അപ്പോള്‍ എന്നെ ഓര്‍ത്തിട്ടേയില്ല അല്ലേ.. ഹാവൂ… സമാധാനമായി.
🙂
venu | 18-Jul-06 at 5:55 pm | Permalink
പ്രസവിക്കുന്ന ആളിനു് അരിഞ്ഞുകൂടാ താന്‍ എന്താണു പ്രസവിക്കുന്നതു് എന്നു് .
സ്രിഷ്ട്ടികര്താവിനും അറിഞൂടാ എന്താണു സംഭവം.
പിന്നെയ് പാവം നമ്മുടെ ദൈവം…
അങേരിരുന്നു ചിരിക്കുന്നു…
വേണു
Su | 18-Jul-06 at 5:57 pm | Permalink
പന്നികളുടെ കുഞ്ഞുങ്ങളുടെ കാര്യത്തില്‍ അതിശയം ഉണ്ട്. ഒരു 10-15 എണ്ണം ഉണ്ടെങ്കിലും അത് പിന്നാലെപ്പിന്നാലെ പോകുന്നത് കാണാന്‍ ഒരു രസമുണ്ട്. ആനയുടെ കൂടെ കുട്ടിയാന പോകുന്നത് അപൂര്‍വമായ കാഴ്ചയാണ്.
രണ്ടാള്ക്കാര് ഇന്ന് സിഹം എന്ന് വിളിച്ചു. 🙁
Dharman | 18-Jul-06 at 6:54 pm | Permalink
ഇതെന്റെ നൂറ്റൊന്നാമത്തെ എന്നും പറഞ്ഞ് ഉമേഷ് ഇന്നു രാവിലേയല്ലേ “നൂറടിക്കുമ്പോള്” എന്ന പോസ്റ്റിങ്ങ് ചെയ്തത്?
“ഞാന്‍ എന്ന ഞാന്‍” , എന്നു ബൂലോഗ ക്ലബ്ബിലും പോസ്റ്റിയിരുന്നല്ലോ. “ഏറ്റവും കൂടുതല്‍ കമന്റു വാങ്ങിയ സൃഷ്ടികര്‍ത്താവെന്നും പറഞ്ഞ് .
അതേ ഉമേഷാണോ ഇപ്പോള്‍ ഇതും എഴുതുന്നത്?
Umesh::ഉമേഷ് | 18-Jul-06 at 7:00 pm | Permalink
അതേ ധര്‍മ്മാ. ഇതിലെ സൂകരം ഞാന്‍ തന്നെ. ആനയാകാന്‍ ശ്രമിക്കണം. അത്ര എളുപ്പമല്ല.
പിന്നെ, ബൂലോഗക്ലബ്ബിലെ പോസ്റ്റ് ഒരു തമാശ മാത്രമായിരുന്നു. അതാണല്ലോ അതു് അവിടെ ഇട്ടതു്. അക്ഷരശ്ലോകഗ്രൂപ്പില്‍ ആളുകള്‍ ചൊല്ലിയ ശ്ലോകങ്ങളോരോന്നും ഓരോ പോസ്റ്റായി ഇട്ടു പോസ്റ്റിന്റെ എണ്ണം കിട്ടിയതും കേരള മീറ്റിന്റെ ആഹ്ലാദത്തിമിര്പ്പിന്റെ പോസ്റ്റ് ഇട്ടതു ഞാനായതും ഒരു മേന്മയല്ലല്ലോ.
ഒരു എട്ടുകാലി മമ്മൂഞ്ഞ് സ്റ്റൈല്‍ തമാശ പോസ്റ്റായിരുന്നു അതു്.
നൂറടിക്കുമ്പോള് എന്ന അതിവാചാലമായ പോസ്റ്റ് ഇട്ടതിന്റെ അനന്തരഫലം തന്നെ ഇതു്. നൂറു പോസ്റ്റ് ഇടുന്നതില്‍ യാതൊരു കാര്യവുമില്ല എന്നു ഞാന്‍ നന്നായി മനസ്സിലാക്കുന്നു.
നന്ദി, ധര്‍മ്മാ.
എന്‍ ജെ മല്ലു | 19-Jul-06 at 3:16 am | Permalink
കമന്റ് നമ്പ്ര 6, അതിന്റെ രണ്ടാം വക്കാരി (para എന്നതിന്റെ മലയാളം) യില്‍ “ഉമേഷ്ജി ഗര്‍ഭിണിയാകാനുള്ള ക്രയവിക്രിയ“ എന്നു വായിച്ചു ഞാന്‍ ഞെട്ടി 🙂
കണ്ണൂസ് | 19-Jul-06 at 5:48 am | Permalink
ഹമ്മോ!! ഉമേഷിന്റെ പ്രശംസ കേള്‍ക്കാന്‍ എന്താ സുഖം.
ഉമേഷിന്റെ 100 പോസ്റ്റ് എന്തായാലും ” എരണം കെട്ട” ഗണത്തില്‍ പെടുത്താന്‍ പറ്റില്ലല്ലോ. നൂറും ആനക്കുട്ടി ആയിരിക്കില്ല, എന്നാലും ഒരു 75 എണ്ണം എങ്കിലും ഉറപ്പായും മദഗജമുഖന് തന്നെ ആയിരിക്കും. അതുറപ്പ്.
(മറിയം കാണണ്ട. പുറം ചൊറിയല്‍ ആണെന്ന് പറയും. 🙂 )
Umesh::ഉമേഷ് | 19-Jul-06 at 6:17 pm | Permalink
നന്ദി, കണ്ണൂസ്. “നൂറും ആനക്കുട്ടി തന്നെ” എന്നു പറഞ്ഞില്ലല്ലോ. കണ്ണൂസിന്റെ കമന്റുകളുടെ ഒരു നല്ല വശം അതു തന്നെ. എങ്കിലും 75-ഉം ഒരു ഓവര്‍ എസ്റ്റിമേറ്റായിപ്പോയോ എന്നൊരു സംശയം… 🙂
ഡെല്‍റ്റാ ടിയും സര്‍വ്വകലാശാലയും മോശമെന്നു് ഇതിനഭിപ്രായമില്ല കേട്ടോ. കൂടുതല്‍ എഴുതാന്‍ കണ്ണൂസിനു സമയം കിട്ടട്ടേ എന്നു് ആഗ്രഹിക്കുന്നു.
Adithyan | 19-Jul-06 at 6:36 pm | Permalink
ഉമേഷ്ജീ ഞാനൊന്നു വിലയിരുത്തി. ഒരു ഏഴ്, വലിഞ്ഞു പിടിച്ചാല്‍ എട്ട് പോസ്റ്റുകള്‍ മാത്രമേ നിലവാരമുള്ളതുള്ളു കേട്ടോ… പിന്നെ ഒരു അഞ്ചാറെണ്ണം കൂടി വായിച്ചിരിയ്ക്കാന് പറ്റിയവ. അങ്ങനെ ആകെ നോക്കിയാല്‍ ഒരു എട്ടും അഞ്ചും കൂടി പതിനേഴ് പോസ്റ്റെ ആനക്കുട്ടി പോസ്റ്റെന്നു പറയാന്‍ കൊള്ളാവുന്നതായിട്ടുള്ളു.
(ആഹാ… നല്ല നിരൂപകന്, നല്ല കമന്റ് എന്നൊക്കെ കേള്ക്കാമോന്നു ഞാനും നോക്കട്ടെ.)
Adithyan | 19-Jul-06 at 7:03 pm | Permalink
മുകളില്‍ത്തെ കമന്റില്‍ വിട്ടുപോയെ കുറെ ഐറ്റംസ് താഴെ ചേര്‍ക്കുന്നു:
🙂 :)) 😉 😀 🙂 =))
L.G | 19-Jul-06 at 7:30 pm | Permalink
ആദീടെ പുറകെ, ഞാന്‍ വിലയിരുത്തീട്ട് ഈ ഒരൊറ്റ പോസ്റ്റിലെ ആന പന്നി എന്നൊക്കെ പരാമര്‍ശിച്ചിട്ടുള്ളൂ.. ഇനി ബിന്ദൂട്ടീന്റെ അഭിപ്രായം കൂടി കേട്ടിട്ടു വെണം കൂലങ്കഷമായി..എന്തെങ്കിലും ഒക്കെ ഇവിടെ നടക്കാന്‍..
പാവം ഇങ്ങിനത്തെ അഭിപ്രായങ്ങള്‍ പറഞ്ഞിട്ടാണെന്ന് തോന്നുന്നു..വക്കാരിചേട്ടന്റെ കമ്പ്യൂട്ടര്‍ വരെ പൊട്ടിത്തെറിച്ചത്..ആരുടെ ബ്ലോഗ് വായിച്ചിട്ടാണ് ആ കമ്പ്യൂട്ടര്‍ പണിമുടക്കിയേന്ന് എനിക്ക് ഇപ്പൊ ചില ഊഹാപോഹങ്ങള്‍ ഇല്ലാതില്ല..ആദീടെ വിട്ടുപോയ ഐറ്റം ഇവിടേയും ചേര്‍ത്തു വായിക്കുക..
Rajesh R Varma | 19-Jul-06 at 10:39 pm | Permalink
ബൂവുലകത്തിലെ ഒരു താപ്പാനയ്ക്ക് അഭിവാദ്യങ്ങളോടെ ഈ ശ്ലോകം പരിഭാഷപ്പെടുത്താനൊരു ശ്രമം.
Rajesh R Varma | 19-Jul-06 at 10:42 pm | Permalink
ബൂവുലകത്തിലെ ഒരു താപ്പാനയ്ക്ക് അഭിവാദ്യങ്ങളോടെ ഈ ശ്ലോകം പരിഭാഷപ്പെടുത്താനൊരു ശ്രമം:
സന്തോഷ് | 19-Jul-06 at 11:09 pm | Permalink
ഈ ശ്ലോകത്തിന് ഉമേഷിന്റെ പരിഭാഷയൊന്നുമില്ലേ?
സന്തോഷ് | 19-Jul-06 at 11:10 pm | Permalink
ബൈ ദ വേ, ദാറ്റ് വാസ് കമന്റ് നമ്പ്ര 25:)
Adithyan | 19-Jul-06 at 11:33 pm | Permalink
പാവം സന്തോഷ്… ഈയിടെ 100 ഒന്നും കാണാന്‍ കൂടി പറ്റാത്തതിനാല്‍ 125, 25 ഒക്കെ അടിച്ചു തൃപ്തിപ്പെടുന്നു.
(ഉമേഷ്ജി എന്റെ കമന്റുകള്‍ സ്പാം ആണെന്നു പറഞ്ഞ് ബ്ലോക്ക് ചെയ്യുന്നതു വരെ ഞാന്‍ ഇവിടെ ഒക്കെ കാണും :D)
L.G | 19-Jul-06 at 11:37 pm | Permalink
ഹിഹി..ഞാനും അതു കണ്ടു..എനിക്കും സഹതാപം തോന്നി..:) പാവം…! ബിന്ദൂട്ടി..ഇനി ഒരു നൂറ് സന്തോഷേട്ടന് കൊടുത്തേരെ..പാവല്ലെ.. 🙂
Umesh::ഉമേഷ് | 19-Jul-06 at 11:41 pm | Permalink
രാജേഷ്,
അതു കൊള്ളാം! ഞാന്‍ ഈ ശ്ലോകം പോസ്റ്റില്‍ത്തന്നെ ചേര്‍ത്തിട്ടുണ്ടു്.
രാജേഷ് ഒരു പരിഭാഷാവിദഗ്ദ്ധനാണു്. അക്ഷരശ്ലോകഗ്രൂപ്പിനുവേണ്ടി രാജേഷ് ഒരുപാടു ശ്ലോകങ്ങള്‍ പരിഭാഷപ്പെടുത്തിയിട്ടുണ്ടു്. രാജേഷിന്റെ പരിഭാഷകളെല്ലാം കൂടി ഒരു പോസ്റ്റായിടണമെന്നു ഞാന്‍ ആലോചിച്ചുവരുകയായിരുന്നു.
സുഭാഷിതത്തിലെ ശ്ലോകങ്ങള്‍ക്കു പരിഭാഷകള്‍ ആര്‍ക്കെങ്കിലും അറിയാമെങ്കില്‍ (പുതിയതായി എഴുതിയതാണെങ്കിലും മതി) അയച്ചുതരുക. ഞാന്‍ അതാതു പോസ്റ്റുകളില്‍ ഇടാം.
Umesh::ഉമേഷ് | 19-Jul-06 at 11:46 pm | Permalink
ഡാ ആദിത്യാ. ഗുരുകുലത്തിലെ പതിനേഴു പോസ്റ്റുകള്‍ വായിക്കാനുള്ള ക്ഷമയും വിവരവും വിവരക്കേടും നിനക്കുണ്ടോ? നിനക്കൊരവാര്ഡു തരണമല്ലോ… 🙂
ങാ, എല്ജീമുണ്ടല്ലോ 🙂
ഞാനും കണ്ണൂസും പറഞ്ഞതു കേട്ടു് ആരുമെന്താ അഹോ രൂപം, അഹോ സ്വരം എന്നു കമന്റിടാഞ്ഞതു്? ഞാന്‍ അതു പ്രതീക്ഷിച്ചിരിക്കുകയായിരുന്നു… 🙂
Adithyan | 19-Jul-06 at 11:59 pm | Permalink
പിന്നേ… ഈ കത്തി പതിനേഴെണ്ണം വായിക്കാനോ 😀
എന്നാ പിന്നെ എനിക്കു രാമലിംഗപ്പിള്ളയുടെ ഇംഗ്ലീഷ് മലയാളം ഡിക്ഷണറി രണ്ടു തവണ വായിച്ചാ പോരെ 😀
(ഞാന്‍ ഓടിക്കൊണ്ടേയിരിയ്ക്കുകയാണ്)
Umesh::ഉമേഷ് | 20-Jul-06 at 12:02 am | Permalink
ഡിക്ഷ്ണറിയില് കുറച്ചു് ഇംഗ്ലീഷെങ്കിലുമില്ലേ ആദീ വായിക്കാന്‍. ഇതില്‍ അതുമില്ലല്ലോ 🙂
ഇങ്ങേരിനി ഇംഗ്ലീഷിലുമെഴുതല്ലേ മിശിഹായേ എന്നു് എല്‍. ജി. പറയുന്നതിനു മുമ്പു ഞാനും ഓടി…
(സ്വന്തം പോസ്റ്റില്‍ ഓഫ് ടോപ്പിക് ഇടുന്നവനെ ആദ്യമായിട്ടാ കാണുന്നതു് :-()
സന്തോഷ് | 20-Jul-06 at 12:13 am | Permalink
ആദ്യമായിട്ടല്ല ഉമേഷ്… ദാ, ഇവിടെ നോക്കൂ!
bindu | 20-Jul-06 at 12:37 am | Permalink
അടുത്ത നൂറു ഞാന്‍ സന്തോഷിനു വേണ്ടി ഒഴിഞ്ഞു കൊടുത്തിരിക്കുന്നു.. പാവല്ലെ ല്ലേ എല്ജിയേ? 😉
സിബു | 20-Jul-06 at 2:51 am | Permalink
കമന്റുകളും പോസ്റ്റുകളും ഇടുമ്പോള്‍ ഉമേഷിന് സ്വയം തോന്നുന്ന സന്തോഷം പോലെ, അവ പന്നിയോ ആനയോ ആയിക്കോട്ടെ. എന്നെ സംബന്ധിച്ചിടത്തോളം, ഉമേഷിന്റെ പോസ്റ്റുകളും കമന്റുകളും ഈ ബൂലോഗത്തുനിന്നും അപ്രത്യക്ഷമാവുന്നത്, വേറെ ആര് ഇവിടേനിന്നും പോകുന്നതിനേക്കാള്‍ വലിയ നഷ്ടമാവും.
Su | 20-Jul-06 at 3:08 am | Permalink
എല്‍ ജീ, ബിന്ദൂ, വക്കാരീ, ആദീ, വാ പോകാം. നമ്മളൊക്കെ ഇനി എത്ര പോസ്റ്റ് വെച്ചിട്ടും കമന്റ് വെച്ചിട്ടും കാര്യമില്ല. സിബു പറഞ്ഞത് കണ്ടില്ലേ? നിങ്ങളൊക്കെ പാട്ടിനുപോടാ എന്ന് 😉
Adithyan | 20-Jul-06 at 3:14 am | Permalink
ഛെ!! അതാണോ സിബു ഉദ്ദേശിച്ചെ? ഉമേഷ്ജി പോയാല്‍ പോട്ടെ, ഞാന്‍ കുറെ ഘനഗംബീര പോസ്റ്റുകള്‍ എഴുതാം എന്നു പറഞ്ഞ് സിബൂനെ ആശ്വസിപ്പിയ്ക്കാന്‍ പോകുവാരുന്നു… ഇനി ഇപ്പോ അതു മാറ്റി ഒരു ഘൊരാവോ ആക്കിക്കളയാം….
L.G | 20-Jul-06 at 3:23 am | Permalink
ഹിഹി..സിബുചേട്ടന് അങ്ങിനെ എങ്കിലും നമ്മളൊന്ന് നിറുത്തുവൊന്ന് നോക്കിയതാണ്..എവിടെ? നമ്മളെവിടെ നിര്‍ത്താന്‍?
സിബു | 20-Jul-06 at 3:27 am | Permalink
സൂ, ഞാനൊരു മനക്കണക്ക് ചോദിക്കട്ടെ. ഇപ്പോ പറഞ്ഞത് വച്ച് സൂ ഇത് പുഷ്പം പോലെ സോള്‍വ് ചെയ്യും:
ഒരു ക്ലാസ്സില്‍ ഉത്തരക്കടലാസ്സുകള്‍ കൊടുത്തപ്പോള്‍ ഏറ്റവും മാര്‍ക്കുള്ള കുട്ടിയുടെ മാര്‍ക്ക് 98. എങ്കില്‍ ബാക്കിയുള്ളവരുടെ മാര്‍ക്കുകള്‍ എത്ര?
🙂
Su | 20-Jul-06 at 3:37 am | Permalink
ഹി ഹി ക്ലാസ്സില്‍ ആകെ 6 കുട്ടികള്‍. ടോട്ടല്‍ മാര്‍ക്ക് ഇപ്പോഴും 100 ആ. അങ്ങനെ നോക്കുമ്പോള്‍ ഒരാള്‍ക്ക് 98 കിട്ടിയാല്‍ ബാക്കി 4 പേര്‍ക്കും അര മാര്‍ക്ക് വീതം, മൊത്തം രണ്ട് മാര്‍ക്ക് കിട്ടും 😉 ഒരാള്‍ക്ക് പൂജ്യം.
എല്‍ ജീ, വക്കാരീ, ആദീ, ബിന്ദൂ, നിങ്ങള്‍ക്ക് അര മാര്‍ക്കെങ്കിലും ഉണ്ട് . എനിക്ക് പൂജ്യവും . ഞാനിതെങ്ങനെ സഹിക്കും.
L.G | 20-Jul-06 at 3:37 am | Permalink
ഈ കണക്കില്‍ നെഗറ്റീവ് മാര്‍ക്കിങ്ങ് ഉണ്ടൊ? 🙂
Adithyan | 20-Jul-06 at 3:39 am | Permalink
സൈന്റിഫിക്ക് കാല്‍ക്കുലേറ്റര്‍ ഉപയോഗിയ്ക്കാന്‍ പറ്റുമോ?
Shiju Alex | 20-Jul-06 at 3:41 am | Permalink
ഇവിടെ ഒരു 50-ന്റെ മണം ഉണ്ടല്ലോ.
അപ്പോള്‍ ഈ പോസ്റ്റ് എന്തിനെ കുറിച്ചാണെന്നാ പറഞ്ഞത്.
Adithyan | 20-Jul-06 at 3:41 am | Permalink
അതെന്തു കണക്കാണു സൂ ചേച്ചിയേ,എല്ലാരടേം മാര്‍ക്ക് കൂട്ടിയാല്‍ 100-ഓ അതെങ്ങനെ?
Shiju Alex | 20-Jul-06 at 3:47 am | Permalink
മോഡറേഷന് ഉണ്ടോ?
എങ്കില്‍ ഞാനും ഉണ്ട് ഈ പരീക്ഷക്ക്.
Su | 20-Jul-06 at 3:50 am | Permalink
ആദീ, ടോട്ടല്‍ മാര്‍ക്ക് നൂറ്, ടോട്ടല്‍ മാര്‍ക്ക് നൂറ് എന്ന് കേട്ടിട്ടില്ലേ.
ഷിജൂ, ഇനിയുള്ളവര്‍ക്ക് പൂജ്യത്തോട് പൂജ്യം കൂട്ടുന്ന “റേഷനേ” ഉള്ളൂ.
Adithyan | 20-Jul-06 at 3:55 am | Permalink
സിബുസാര് ഈ ഉത്തരം ശരിയാണോ?
ചോദ്യത്തില്‍ പറഞ്ഞിട്ടില്ലാത്ത ഊഹങ്ങള്‍ ഒക്കെ ഉപയോഗിയ്ക്കുന്നു.
(നാളെ എന്റെ സെല്‍ ഓഫ് ചെയ്തു വെയ്ക്കണം… അല്ലെങ്കില്‍ പോട്ലാന്ഡില് നിന്നും ഒരു അര മണിക്കൂര്‍ തെറി കേള്‍ക്കേണ്ടി വരും)
L.G | 20-Jul-06 at 3:58 am | Permalink
യ്യൊ! എന്റെ ആദീ ട്ടോട്ടല്‍ ഈസ് എ കോണ്‍സ്റ്റന്റ് എന്ന് ഒരാള്‍ ഇവിടെ ചിഹ്നം വിളിച്ചു നടന്നത് ആദി കേട്ടിട്ടില്ലേ?
L.G | 20-Jul-06 at 4:00 am | Permalink
പാവം ഷിജുചേട്ടന് ആണിവിടെ ആകെ ഇച്ചിരെ എങ്കിലും സീരിയസായിട്ട് ഉണ്ടായിരുന്നത്..ദേ ഇപ്പൊ അന്പതുണ്ടോന്നന്വേഷിച്ച് നടക്കുന്നു…!! ഹിഹി..അല്ലേല്ലും ഈ ആദീടെ കൂടിയാല്‍ എല്ലാരും തല തിരിഞ്ഞു പോവും..:)
ബിരിയാണിക്കുട്ടി | 20-Jul-06 at 4:00 am | Permalink
ഞാന്‍ അതു പറയാന്‍ പോകുവായിരുന്നു എല്‍ജി.
Shiju Alex | 20-Jul-06 at 4:00 am | Permalink
ചോദ്യം ഒന്ന് കൂടി വ്യക്തമായി പറഞ്ഞ് തന്നാല്‍ നന്നായിരുന്നു.
Adithyan | 20-Jul-06 at 4:00 am | Permalink
ചിഹ്നം അല്ല വിളിക്കുന്നെ ചിന്നം
ഒരു 50 തവണ എഴുതിക്കോ ഗുരു എണീറ്റു വരുന്നേനു മുന്നെ
L.G | 20-Jul-06 at 4:00 am | Permalink
അടിക്കട്ടെ? ബിന്ദൂ നമഹ:
ബിരിയാണിക്കുട്ടി | 20-Jul-06 at 4:00 am | Permalink
വെറുതെ ഇരിക്കുമ്പോള്‍ ഒരു 50 കിട്ടിയാല്‍….
L.G | 20-Jul-06 at 4:01 am | Permalink
ശ്ശൊ! മിസ്സ്ഡ്..എന്നാലും ബിരിയാണിയല്ലെ, വല്ലോ സിയാറ്റില്‍ കോഫീയല്ലല്ലൊന്ന് മാത്രം ഒരാശ്വാസം..
ഇക്കാസ് | 20-Jul-06 at 4:02 am | Permalink
ബ്ലോഗ് എന്ന കണ്‍സെപ്റ്റിന്റെ അര്‍ഥം തന്നെ മാറ്റിമറിക്കുന്ന രീതിയിലാണ് ഇപ്പൊഴത്തെ ചിന്തകള്‍. ഓരോ ബ്ലോഗറുടെയും ആത്മാവിഷ്കാരമാണ് ഓരോ പോസ്റ്റും. അതില്‍ക്കയറി അതിലെ പ്രതിപാദ്യം സംബന്ധിച്ച് അഭിപ്രായം പറയാമെന്നല്ലാതെ മൊത്തത്തില്‍ ബ്ലോഗുകളെക്കുറിച്ച് ‘പന്നി പെറുമ്പോലെയാകരുത്’ എന്നൊക്കെ എഴുതുന്നത് വങ്കത്തം തന്നെയാണ്. അപ്പപ്പോള്‍ കാണുന്നതിനെക്കുറിച്ച് കമന്റെഴുതുകയും ആവശ്യമെങ്കില്‍ മടികൂടാതെ തിരുത്തുകയും ചെയ്യുന്ന എല്ജിയുടെയൊക്കെ സമീപനം തന്നെയാണ് അഭികാമ്യം.
ബിരിയാണിക്കുട്ടി | 20-Jul-06 at 4:04 am | Permalink
സമാധാനമായി. ഇനി 100 ആവുമ്പഴേക്കും ഓഫീസ്സിലെത്താന്‍ നോക്കട്ടെ
Adithyan | 20-Jul-06 at 4:04 am | Permalink
സുഹൃത്തെ, ബ്ലോഗിനു പ്രത്യേകിച്ചു അര്‍ത്ഥം ഒന്നുമില്ല 🙂
നിങ്ങള്‍ എന്താണോ ബ്ലോഗ് കൊണ്ടുദ്ദേശിയ്ക്കുന്നത് അതാണ് നിങ്ങളുടേ ബ്ലോഗ്
വിശാല മനസ്കന് | 20-Jul-06 at 4:04 am | Permalink
പഴയപോലെ ബ്ലോഗാന്‍ പറ്റുന്നില്ല.
പണിത്തിരക്കുകൊണ്ട്, എന്റെ ബ്ലോഗല് ഇപ്പോള്‍ കെട്ടുകൊണ്ടിരിക്കുന്ന മണ്ണെണ്ണ വിളക്കുപോലെയായി മാറിയിരിക്കുന്നു.
ഞാനൊക്കെ എന്തായാലും വായിച്ചിരിക്കേണ്ട ഈ സംഭവം വായിച്ചില്ലായിരുന്നു.
തന്റെ പന്നിക്കുഞ്ഞുങ്ങളെയും, ആനക്കുട്ടിയെ പ്പോലെ എല്ലാവര്ക്കും ഇഷ്ടപ്പെടണമേയെന്ന്, അവയെ ആറ്റുനോറ്റ് ചറപറാന്ന് പ്രസവിച്ച ആ പാവം പന്നിയമ്മക്കും മോഹമുണ്ടായിരിക്കും. പക്ഷെ, ഇതൊന്നും ആ അമ്മച്ചിയുടെ കണ്ട്രോളില് അല്ലല്ലോ!
എന്റെ അഭിപ്രായത്തില്‍ വല്ലപ്പോഴും പോസ്റ്റിയാല് അത് ഗംഭീരമാകുമെന്നും തുരുതുരാന്ന് പോസ്റ്റിയാല് സ്ക്രാപ്പുകളാകുമെന്നും അഭിപ്രായവുമില്ല.
സമയവും സൌകര്യവും ഐഡിയകളും ഉണ്ടെങ്കില്‍ മുന്നും പിന്നും നോക്കാതെ എഴുതുക, ബ്ലോഗില്‍ പോസ്റ്റുക, നിങ്ങള്‍ക്ക് അത് വലിയ സന്തോഷം നല്കുന്നുവെങ്കില്…
L.G | 20-Jul-06 at 4:08 am | Permalink
ഹൊ! ആദ്യമായിട്ട് ഞാന്‍ എന്തെങ്കിലും ചെയതതിന് ഒരാള്‍ ഒരു ഗുണം കണ്ട്പിടിച്ചിരിക്കുന്നു..
ഇക്കാസ്…ഗദ് ഗദ്….
പിന്നെ എനിക്കൊന്നെ പറയാനുള്ളൊ..
പന്നിക്കും തന് കുഞ്ഞ് പൊന്‍ കുഞ്ഞ്..:-)
Adithyan | 20-Jul-06 at 4:09 am | Permalink
വിശാലാ, ഞാനും യോജിയ്ക്കുന്നു. ബ്ലോഗിന് ഇവിടെ ആളുകള്‍ ആവശ്യത്തില്‍ അധികം പ്രാധാന്യം കൊടുക്കുന്നുണ്ടോ എന്നെനിക്കൊരു സംശയം…
മുസാഫിര്‍ | 20-Jul-06 at 4:19 am | Permalink
ബ്ലൊഗിങില് ഇപ്പോള്‍ ഇങിനെ ഒരു നിബന്ധന വെച്ചാല്‍ അവാര്‍ഡ് പടം പോലെയാകും.കാണാന്‍ അളുന്ടാകുകകില്ല. തല്ക്കാലം ഇതു ജനകീയമാക്കാന്‍ നോക്കം .പിന്നെ ISO 9001 നു അപേക്ഷിക്കാം.
mullappoo | 20-Jul-06 at 4:42 am | Permalink
ഉമേഷ്ജി,
ഞാന്‍ പോസ്റ്റ് മാത്രമേ ഇപ്പൊള്‍ വായിച്ചുള്ളൂ. എല്ലാ ബ്ലൊഗും പുലികള്‍ മാത്രമായാല്‍, നമ്മുടെ “ ഇകൊളൊജികല് സിസ്റ്റം ??!!!!“ .
പിന്നെ ഈ നൂറടി ഒക്കെ അല്ലേ നമ്മുടെ ആഘോഷം.. 🙂
ഇതും നൂറടിക്കണമേ എന്റെ കമെന്റൂ പുണ്യാളാ….
കണ്ണൂസ് | 20-Jul-06 at 4:55 am | Permalink
ആത്മാവിഷ്കാരം തന്നെയാണ് ബ്ലോഗില്‍ വരുന്നതെങ്കില്‍ എത്ര കൂടുതലായാലും കുഴപ്പമില്ല. നമുക്കിടയില്‍ തന്നെ ഏറ്റവും കൂടുതല്‍ – ഇരുന്നൂറിലധികം – പോസ്റ്റുകള്‍ ചെയ്ത ആളാണ് സു. അത് സൂകര പ്രസവം ആണെന്ന് ആരെങ്കിലും പറയുമോ? സു വിന്റെ ഓരോ പോസ്റ്റും നമ്മള് ആസ്വദിച്ചു വായിക്കുന്നില്ലേ?
പക്ഷേ ദിവസേന മൂന്ന് എന്ന നിലയില്‍ cut & paste material ഉള്‍പ്പടെ സ്വന്തം ബ്ലോഗിലിട്ട് എണ്ണം കൂട്ടുന്നവരും ഇഷ്ടം പോലെ ഉണ്ടല്ലോ. ബൂലോഗത്തില്‍ ഇപ്പോള്‍ അധികം ഇല്ല എന്നു മാത്രം. അത്തരക്കാരെയായിരിക്കും ഉമേഷ് ഉദ്ദേശിച്ചതെന്ന് തോന്നുന്നു. പണ്ടൊരിക്കല്‍ നേതാജി ശ്രീജിത്ത് പറഞ്ഞ പോലെ ( നമ്മുടെ ജിത്ത് അല്ല), എനിക്കിന്ന് driving test ആണ് എന്നൊരു പോസ്റ്റ് ഇട്ടാലും ഇപ്പോള്‍ 50 കമന്റ്സ് കിട്ടിയേക്കും. ബൂലോഗം വളരെ വേഗത്തില്‍ വളര്‍ന്നു കൊണ്ടിരിക്കുന്ന കാലമല്ലേ.
എന്‍ ജെ മല്ലു | 20-Jul-06 at 5:07 am | Permalink
എല്ജീടെ “ചിഹ്നം വിളി” കേട്ട് ഞാന്‍ തലയറഞ്ഞു ചിരിച്ചു. കേരളത്തിലെ രാഷ്ട്രീയപ്രബുദ്ധരായ ആനകളാകണം തെരഞ്ഞെടുപ്പുസമയമാകുമ്പോള് ചിഹ്നം വിളിച്ചുതുടങ്ങുന്നത്. എല്‍ജീ, ആ കാലൊന്നു കാട്ടിയേ, ഒന്നു തൊട്ടുതൊഴുതോട്ടെ 🙂 ഫുഡ്ബാള്‍, ഘോരാവോ, ചിഹ്നം വിളി — ഭാഷയ്ക്ക് എല്‍ജി നല്കിയ സംഭാവനകളെത്രയെത്ര.
പിന്നെ, ഓഫ്റ്റോപിക്ക് എഴുതാന്‍ വേണ്ടി തുടങ്ങിയ ബൂലോക ക്ലബ് ഇനി ആവശ്യമില്ലെന്നു തോന്നുന്നു. ഇവിടെ ഉമേഷിന്റെ ബ്ലോഗുണ്ടല്ലോ. ഇതാണെങ്കില്‍ ബ്ലോഗ്സ്പോട്ടിലല്ലാത്തതിനാല് ഇന്‍ഡ്യാ ഗവണ്മെന്റ് ബ്ലോക്കു ചെയ്യുകയുമില്ല 🙂
100ന്റെ കണക്കുകണ്ടപ്പോളോര്ത്തതാണ്. എവിടെയോ വായിച്ച ഒരു പ്രശ്നം: 100 ടീമുകള്‍ പങ്കെടുക്കുന്ന ഒരു സോക്കര്‍/ഫുട്ബോള്‍ ടൂര്‍ണമെന്റ്. എല്ലാ മത്സരവും knock-out. ലൂസേഴ്സ് ഫൈനല്‍ ഇല്ല. ഫൈനല്‍ മത്സരം ഉള്‍പ്പെടെ ആകെ എത്ര മത്സരങ്ങളുണ്ടാവും? ഈ ഉത്തരം എങ്ങനെയാണു കണ്ടുപിടിച്ചത്?
കണ്ണൂസ് | 20-Jul-06 at 5:22 am | Permalink
ഞാനും അടിക്കട്ടെ ഓ.ടോ.
പാപ്പാനേ, 100 ടീം ആണെങ്കില്‍ കൃത്യമായ നോക്ക്-ഔട്ട് ബുദ്ധിമുട്ടാവുമല്ലോ. രണ്ടിന്റെ വര്ഗ്ഗങ്ങളാണെങ്കിലേ അത് എളുപ്പത്തില്‍ പറയാന്‍ പറ്റൂ. ( എല്ലാ ATP, WTA ടെന്നീസ് ടൂര്‍ണ്ണമെന്റുകളിലും കളിക്കാരുടെ എണ്ണം 32, 64 അല്ലെങ്കില്‍ 128 ആണല്ലോ.) അങ്ങിനെ ആണെങ്കില്‍ n ടീമുകള്‍ ഉണ്ടെങ്കില്‍ കളികളുടെ എണ്ണം n-1 ആയിരിക്കും.
എങ്ങനെ കിട്ടി എന്ന ചോദ്യം ഞാന്‍ കണ്ടില്ല. ഉമേഷ് കണ്ടാല്‍ ആ ഫോര്‍മുല ഇവിടെ എഴുതുമായിരിക്കും. 😉
Ranjith | 20-Jul-06 at 5:26 am | Permalink
99. ഓരോ കളിയിലും ഒരാള്‍ പുറത്താകുന്നു…അപ്പോള്‍, 99 ടീം പുറത്താകാന്‍ 99 കളികള്‍.
venu | 20-Jul-06 at 5:38 am | Permalink
നൂറു് മക്കള്‍ ഉണ്ടായിരുന്ന ഗാന്ധാരിയേക്കാള്,
തീര്‍ച്ചയായും
അഞ്ചു മക്കളുടെ അമ്മയായ…
കുന്തിക്കു തന്നെ ….
ജന്മ സായൂജ്യം .
മുസാഫിര്‍ | 20-Jul-06 at 5:49 am | Permalink
നല്ല ഉപമ,വേണുജി,സൂകര പ്രസവത്തിനേക്കാളും അനുയോജ്യമായതു ഇതാണെന്നു തോന്നുന്നു.
പക്ഷെ , ഗാന്ധാരിയുടെ നൂറു മക്കളും ഒരാളില്‍ നീന്നു ആണല്ലോ.എന്നാല്‍ കുന്തിക്കു അഞ്ചു പേരെ ആശ്രയിക്കേണ്ടി വന്നല്ലോ.
വിശാല മനസ്കന് | 20-Jul-06 at 5:54 am | Permalink
‘അലമ്പ് ചവിര്യാര്‘ എന്ന ഒറ്റ മോന് ഉണ്ടായിരുന്ന ത്രേസ്യാമ്മച്ചേടത്ത്യാരേക്കാളും സായൂജ്യവതി, പത്തില്‍ കൂടുതല്‍ മക്കളുണ്ടായിരുന്ന ആലുക്കാസ് ജോയേട്ടന്റെ അമ്മയാണ്.
‘അതിലൊന്നും വല്യ കഥയൊന്നുമില്ല’
കുറുമാന് | 20-Jul-06 at 7:18 am | Permalink
അയ്യോ, ഇവിടേം ലേറ്റായി….എന്റെ വയറിന്റെ വലുപ്പം വച്ചു നോക്കിയാല്‍ ഇടക്കിടെ പ്രസവിക്കാതെ ഒരു വഴിയുമില്ലല്ലോ എന്റെ ബ്ലോഗിന് കാവിലമ്മേ…പുറത്ത് വരുന്നത്, പന്നിയോ, ആനയോ, നരിയോ, നരച്ചീറോ ആയാലും, പെറ്റൊഴിയുമ്പോള് ലഭിക്കുന്ന സുഖം, നിര്‍വൃതി…ആഹാ……
തലവഴി കമ്പിളി മൂടിയാണെ ബാക്കിയുള്ളവന് വേദനാ നിവാരണത്തിന്നായി പ്രസവം നടത്തുന്നത്
രാജ് നായര്‍ | 20-Jul-06 at 8:00 am | Permalink
ഉപമ വാച്യാര്‍ത്ഥത്തില്‍ തന്നെ വായിച്ചെടുക്കുന്നത്ര കഷ്ടകാലവും മലയാളത്തില്‍ വന്നല്ലേ!
venu | 20-Jul-06 at 8:06 am | Permalink
Gandhari wanted a hundred sons, and Vyasa granted her a boon that she would have these. She became pregnant, but did not deliver for two years, after which she gave birth to a lump of flesh. Vyasa cut this lump into a hundred and one pieces, and these eventually developed into a hundred boys and one girl.
ഗാന്ധാരിയ്ക്കു് …
ക്ലോണിങ്ങ് ചെയ്യേണ്ടി വന്നില്ലേ …മുസാഫിര്‍..
Umesh::ഉമേഷ് | 20-Jul-06 at 2:17 pm | Permalink
സംവാദം ഈ വിധത്തിലാകുമെന്നു കരുതിയില്ല. വഷളാകുന്നതിനു മുമ്പു ചില കാര്യങ്ങള്‍ വ്യക്തമാക്കിക്കൊള്ളട്ടേ.
1) സുഭാഷിതം ഒരു light blog ആണു്. ഇവിടെ സീരിയസ് കാര്യങ്ങള്‍ ഞാന്‍ എഴുതാറില്ല. നര്മ്മമേ ഉദ്ദേശിച്ചിട്ടുള്ളൂ. പിന്നെ, ഞാന്‍ നര്‍മ്മം പറഞ്ഞാല്‍ മമ്മൂട്ടി ഡാന്‍സു ചെയ്യുന്നതുപോലെയാവുന്നതിനു ഞാനെന്തു ചെയ്യും? (പെരിങ്ങോടാ, ആ വിറ്റു ഞാനിങ്ങെടുത്തു :-))
2) അപ്പോള്‍ ഓര്‍മ്മ വരുന്ന ഒരു ശ്ലോകം എഴുതുക, അതിന്റെ അര്‍ത്ഥമെഴുതുക, ഇന്നത്തെ കാലത്തില്‍ അതിനൊരു പ്രസക്തി എഴുതുക ഇതായിരുന്നു ഉദ്ദേശിച്ചതു്. ആദ്യത്തെ രണ്ടു ശ്ലോകങ്ങള്‍ക്കു് ഇതൊക്കെ പറ്റി. പിന്നെയെല്ലാത്തിനും നല്ല “ഇന്നത്തെക്കാലത്തെ പ്രസക്തി” കിട്ടിയില്ല. ഈ ശ്ലോകമെഴുതിയിട്ടു് അര മിനിറ്റിന്റെ ആലോചനയിലെഴുതിയതാണു് അവസാനവാക്യം. സിബു പറഞ്ഞതുപോലെ (സിബു ഉദ്ദേശിച്ചതു് ഇതാണെന്നാണു് എനിക്കു തോന്നിയതു്. അതിനെപ്പറ്റിയും ചൊടുപിടിച്ച വാഗ്വാദം കണ്ടു. എല്ലാവര്ക്കും കൂടി ആകെ 100 മാര്‍ക്കു കൊടുക്കുന്ന പരീക്ഷ ഏതാണാവോ?) , 98 മാര്‍ക്കുള്ള മൂന്നു പേരെ പരാമര്ശിച്ചെന്നേ ഉള്ളൂ. ബാക്കിയുള്ളവരുടെ മാര്‍ക്ക് പത്തില്‍ താഴെയാണെന്നു് അതിനു് അര്‍ത്ഥമല്ല
3) സൂവിനെപ്പോലെ വളരെയധികം കൃതികളെഴുതുന്ന ഒരാള്‍ സിദ്ധാര്‍ത്ഥനെപ്പോലെ വല്ലപ്പോഴും എഴുതുന്ന ഒരാളോടു് (വെറും ഉദാഹരണം മാത്രം. സൂവും സിദ്ധാര്‍ത്ഥനും പിണങ്ങല്ലേ!) “താന്‍ ഒന്നും എഴുതുന്നില്ലല്ലോ എന്നെപ്പോലെ” എന്നു് അഹങ്കാരത്തൊടെ ചോദിച്ചപ്പോള്‍ രണ്ടാമത്തെ കവി കൊടുത്ത മറുപടിയാണു് ഈ ശ്ലോകം. അധികം എഴുതാന്‍ പറ്റാത്തതിന്റെ അപകര്‍ഷതാബോധവും ഇതില്‍ കാണാം. പക്ഷേ ഈ “ഉരുളയ്ക്കുപ്പേരി” ശ്ലോകം ആ കഥയെയും അതിജീവിച്ചു പ്രശസ്തമായി.
4) പന്നിയെയും ആനയെയും വെറുതേ വിടുക. ഒരു കാര്യം പറയാന്‍ മറ്റൊന്നു വ്യംഗ്യമായി പറയുന്നതു സംസ്കൃതകവികളുടെ സ്വഭാവമാണു്. അപ്രസ്തുതപ്രശംസ, അന്യാപദേശം എന്നൊക്കെ പറയും ഈ അലങ്കാരത്തിനു പേര്. ആന നല്ലതാണെന്നോ പന്നി മോശമാണെന്നോ ഇതിനര്‍ത്ഥമില്ല. ഞാന്‍ ആരെയും ആനയെന്നോ പന്നിയെന്നോ വിളിക്കാന്‍ ഉദ്ദേശിച്ചിട്ടുമില്ല.
5) ഇതിവിടെ എഴുതിയാല്‍ ശ്രദ്ധ കിട്ടാതെ പോകും. അടുത്ത കമന്റായി എഴുതാം.
Umesh::ഉമേഷ് | 20-Jul-06 at 2:32 pm | Permalink
ഒരു പ്രധാന കാര്യം, തള്ളയാനയോ തള്ളപ്പന്നിയോ അല്ല പ്രധാനം എന്നതാണു്. നേരേ മറിച്ചു്, ഉണ്ടാകുന്ന കുഞ്ഞുങ്ങള്‍ ആനയാണോ പന്നിയാണോ എന്നതാണു്. പ്രകൃതിയില്‍ നിന്നു വിരുദ്ധമായി, സാഹിത്യത്തില്‍ അതും സാദ്ധ്യമാണു്.
ഒരുപാടു സൂകരങ്ങളെ ഉണ്ടാക്കിയതിനു ശേഷമാണു പെരുമ്പടവം ശ്രീധരന് “ഒരു സങ്കീര്‍ത്തനം പോലെ” എന്ന ആനയെ എഴുതിയതു്.
ഏറ്റവും മികച്ച ആനക്കുട്ടികളെ സൃഷ്ടിച്ചിട്ടുള്ള വി. കെ. എന്‍. വിശേഷാല്പ്രതികള്ക്കും മറ്റും വേണ്ടി അസംഖ്യം പന്നിക്കുഞ്ഞുങ്ങളെയും സൃഷ്ടിച്ചിട്ടുണ്ടു്.
പന്നിക്കുഞ്ഞുങ്ങളുടെ ആവൃത്തിയില്‍ ആനക്കുഞ്ഞുങ്ങളെ ഉണ്ടാക്കിയ മഹാന്മാരുമുണ്ടു്. Erdos, Euler, Newton തുടങ്ങിയ ഗണിതജ്ഞരെയാണു് ആദ്യം ഓര്‍മ്മ വരുന്നതു്. ഷേക്സ്പിയര്, സി. രാധാകൃഷ്ണന്, എം. പി. നാരായണപിള്ള (ലേഖനങ്ങളടക്കം), സുകുമാര്‍, കുഞ്ഞുണ്ണി തുടങ്ങി ഒരുപാടുദാഹരണങ്ങള്‍ കാട്ടിത്തരാനാവും. ബൂലോഗത്തിലും ഉദാഹരണങ്ങളുണ്ടു്. പേരെടുത്തു പറയുന്നില്ല.
“എണ്ണത്തിലല്ല, ഗുണത്തിലാണു കാര്യം” എന്നു ഞാന്‍ രണ്ടു തവണ എഴുതിയിരുന്നു. ഇതിന്റെ അര്‍ത്ഥം കൂടുതല്‍ എണ്ണം ആയാല്‍ മോശമാകും എന്നല്ല.
ബ്ലോഗെഴുത്തുകാരുടെ കാര്യം പറഞ്ഞാല്‍, കൂടുതല്‍ സമയമുള്ളവര്‍ കൂടുതല്‍ ബ്ലോഗുകളും കമന്റുകളുമെഴുതുന്നു. കൂടുതല്‍ പ്രതിഭയുള്ളവര്‍ കൂടുതല്‍ നല്ല പോസ്റ്റുകളിടുന്നു. പ്രതിഭയുള്ളവര്‍ക്കു കൂടുതല്‍ സമയവും കിട്ടണേ എന്നാണു് എന്റെ പ്രാര്‍ത്ഥന.
ഇനി, മികച്ച നിലവാരം പുലര്‍ത്തിയില്ലെങ്കിലും തങ്ങള്‍ക്കു കഴിയുന്നതുപോലെ എല്ലാവരും എഴുതണം. പന്നികള്‍ക്കും ജീവിക്കണ്ടേ സാര്‍? ഇന്നത്തെ പന്നിയാണു നാളത്തെ ആനയെന്നും, ഇന്നത്തെ ആന പണ്ടു പന്നിയായിരുന്നു എന്നും എല്ലാവരും അറിയുന്നതു നന്നു്…
Su | 20-Jul-06 at 2:41 pm | Permalink
ഉമേഷ്ജി പറഞ്ഞ മൂന്നുപേരെപ്പറ്റിയും എനിക്ക് ഒരു പരാതിയും ഇല്ല. അവരൊക്കെ എഴുത്തില്‍ നൂറില്‍ നൂറും നേടേണ്ടവരാണ്. ഈ കവിതയുടെ അര്‍ത്ഥത്തെപ്പറ്റിയും തെറ്റായ ധാരണ ഇല്ല.
പിന്നെ സിബു പറഞ്ഞതും അതിന്റെ അര്‍ത്ഥത്തില്‍ തന്നെയേ എടുത്തിട്ടുള്ളൂ. എല്ലാവരും തമാശ പറയുന്നപോലെ ഞാനും ഒന്ന് പറഞ്ഞു നോക്കി. സിബുവിന് ഇഷ്ടമായില്ലെങ്കില്‍ ക്ഷമിക്കണം.
എഴുതുന്ന കൃതികളൊക്കെ ആനകളാണെന്നും അല്ലെങ്കില്‍ പന്നികളാണെന്നും എന്നൊക്കെ ആരെങ്കിലും ചിന്തിക്കുമോന്നും അറിയില്ല.
ഉമേഷ്ജി ഇനിയും ഒരുപാട് എഴുതണം. എല്ലാവര്ക്കും അറിവ് പകരാന്‍ അതുകൊണ്ട് കഴിയും എന്ന് വിശ്വാസമുണ്ട് 🙂
L.G | 20-Jul-06 at 2:49 pm | Permalink
ഉമേഷേട്ടാ
എല്ലാരും വെറുതെ തമാശ പറയുന്നതല്ലെ..ശ്ശെടാ! ഇവിടിപ്പൊ സീരിയസ്സാവണ എന്തിനാ?..ഇവിടെ അന്‍പതും നൂറുമൊക്കെ അടിക്കാന്‍ ഒരു ട്ടോപ്പിക്ക് എടുത്തിടുന്നതല്ലെ..?:)
ഉമേഷേട്ടന്റെ ശ്ലോകം പരമാര്‍ത്ഥമാണ്…
പിന്നെ എഴുതണമെന്നുണ്ടെങ്കില്‍ സമയം കണ്ടെത്തും എന്നുള്ളത് എന്റെ ഒരു വീക്ഷണം..
പോസ്റ്റിന്റെ എണ്ണത്തില്‍ കാര്യമില്ലാന്നുള്ളത്..വളരെ വളരെ ശരിയാണ്..അത് അവരെഴുതുന്നത് നല്ലതോ ചീത്തയോ ആയതുകൊണ്ടല്ല..എണ്ണത്തില്‍ ഒരു കാര്യവുമില്ല..കമന്റുകളുടേയും.. (ഞാനിതൊക്കെ പറയും..പക്ഷെ എന്റെ പോസ്റ്റില്‍ കമന്റ് ഇടണം കേട്ടൊ..ഹിഹി)
അരവിന്ദന് | 20-Jul-06 at 3:07 pm | Permalink
ഉമേഷ്ജി സീരിയസ്സാക്യോ?
ശ്ശോ…പിള്ളേരെല്ലാം കൂടെ ചുമ്മാ ഒന്നു രസിച്ചതല്ല്യോ…
ഉമേഷ്ജി എഴുത്തിന് ഒരിക്കലും ഒരു കടിഞ്ഞാണുമിടരുത്..എന്നെപ്പോലെയുള്ള “ചാവാന്‍ കടുപ്പമുള്ള ആരാധകര്‍“ വിഷമിക്കും…
(അപ്പോ എന്നതാ പറഞ്ഞോണ്ട് വന്നേ? ആ…. ആനേം പന്നീം…രണ്ടിന്റേം എറച്ചി ഇവടെകിട്ടും കേട്ടോ..ഏതാ മെച്ചം എന്ന് കഴിച്ചിട്ട് പറയാവേ..എല്ലാരും ശകേലം വെയിറ്റ് ചെയ്യണേ….)
(എല്‍ജ്യേ ആനക്കറി രെസിപ്പി വല്ലതും ഒണ്ടോ?)
Shiju Alex | 21-Jul-06 at 4:00 am | Permalink
സുകര പ്രസവം വായിച്ചപ്പോള്‍ എന്റെ ഒരു കൂട്ടുകാരന് (ചാക്കോച്ചി) പറഞ്ഞ കഥ ആണ് ഓര്‍മ്മ വന്നത്. ഉമേഷ്ജിയുടെ ശ്ലോകത്തോട് അടുത്ത അര്‍ത്ഥം വരുന്ന ഒരു കഥ.
കാട്ടില്‍ അഖിലലോക വനിതാസമ്മേളനം നടക്കുന്നു. സമ്മേളനത്തിന് എല്ലാ തരം മൃഗങ്ങളുടേയും വനിതാ പ്രതിനിധികള്‍ എത്തിയിട്ടുണ്ട്.
സമ്മേളനത്തിന്റെ ഇടവേളയില്‍ പതിവ് പോലെ എല്ലാവരും പൊങ്ങച്ചം പറയാന്‍ ഒത്ത് ചേര്‍ന്നു. പ്രസവ മാഹത്മ്യം ആയിരുന്നു അന്നത്തെ വിഷയം.
പന്നി പറഞ്ഞു എനിക്ക് ഒറ്റ പ്രസവത്തില്‍ 100 കുഞ്ഞുങ്ങളാണ്. എന്റെ അത്രെയും കഴിവുള്ളവര്‍ ആരെങ്കിലും ഈ കൂട്ടത്തിലുണ്ടോ? എലി പറഞ്ഞു എനിക്ക് ഒറ്റ പ്രസവത്തില്‍ 20 കുഞ്ഞുങ്ങളാണ്. ഞാനും മോശമല്ല. അങ്ങനെ ഓരോ മൃഗവും അവരവരുടെ പ്രസവ മാഹാത്മ്യം പറഞ്ഞു.
ഇതിലൊന്നും ഇടപെടാതെ നമ്മുടെ സിംഹി അപ്പുറത്ത് മാറി നില്ക്കുന്നുണ്ടായിരുന്നു. മറ്റ് മൃഗങ്ങള്‍ സിംഹിയോട് എന്താ നിനക്ക് ഇതിനെ കുറിച്ചൊന്നും പറയാനില്ലേ എന്ന് ചോദിച്ചു. അപ്പ്പ്പോള്‍ സിംഹിയുടെ മറുപടി ഇങ്ങനെ ആയിരുന്നു. എനിക്ക് എന്റെ ഒരു പ്രസവത്തില്‍ ഒരു കുഞ്ഞേ ഉണ്ടാവൂ. പക്ഷേ അതൊരു സിംഹം ആണ്.
Anil Primrose | 24-Jul-06 at 6:32 am | Permalink
Iq«pImsc kXyw ]dªm aebmfsagpXnbXmWnXv. ………………….?
Umesh::ഉമേഷ് | 24-Jul-06 at 2:38 pm | Permalink
മനസ്സിലായില്ലല്ലോ അനിലേ. ഇതേതു ഫോണ്ടാണു്?
NIYAS | 04-Aug-06 at 5:46 am | Permalink
how i can post a malayalam bloqe
Umesh::ഉമേഷ് | 04-Aug-06 at 7:47 pm | Permalink
നിയാസ്,
എന്റെ ബ്ലോഗില്‍ ഇടത്തു വശത്തു മുകളിലുള്ള ലിസ്റ്റിലുള്ള How to write Malayalam unicode? എന്ന പേജിലുള്ള വിവരങ്ങള്‍ വായിക്കുക. മലയാളം യൂണിക്കോഡ് എഴുതാന്‍ സഹായിക്കുന്ന പേജുകളിലേക്കുള്ല ലിങ്കുകള്‍ അതിലുണ്ടു്.
താങ്കള്‍ നേരത്തെ എഴുതിയ ഒരു കമന്റ് സ്പാമാണെന്നു കരുതി ഞാന്‍ ഡിലീറ്റ് ചെയ്തിരുന്നു. ക്ഷമിക്കുക.
NIYAS | 06-Aug-06 at 5:23 am | Permalink
thank you umeshji. i will try…
for many days i am trying to create a malayalam blog…but still now i am in trouble……