ഒരു വിദ്യാര്‍ത്ഥിയ്ക്കു് അറിവു് എങ്ങനെ കിട്ടുന്നു എന്നു പറയുന്ന ഒരു പ്രാചീനശ്ലോകം:
ആചാര്യാത് പാദമാദത്തേ
പാദം ശിഷ്യഃ സ്വമേധയാ
പാദം സബ്രഹ്മചാരിഭ്യഃ
പാദം കാലക്രമേണ തു
അര്‍ത്ഥം:
ശിഷ്യഃ | : | ശിഷ്യന് |
പാദം ആചാര്യാത് | : | കാല് ഭാഗം ആചാര്യനില്‍ നിന്നും |
പാദം സ്വമേധയാ | : | കാല് ഭാഗം സ്വന്തം ബുദ്ധി കൊണ്ടും |
പാദം സബ്രഹ്മചാരിഭ്യഃ | : | കാല് ഭാഗം കൂടെ പഠിക്കുന്നവരില്‍ നിന്നും |
പാദം കാലക്രമേണ തു | : | കാല് ഭാഗം കാലം പോകുന്നതനുസരിച്ചും |
ആദത്തേ | : | നേടുന്നു |
വളരെ നല്ല ശ്ലോകം. അദ്ധ്യാപകനു കാല് ഭാഗം മാത്രമേ പറഞ്ഞു തരാന്‍ പറ്റൂ എന്നും, സ്വന്തം പരിശ്രമം കൊണ്ടും മറ്റുള്ളവരോടു ചോദിച്ചും മാത്രമേ നല്ല ജ്ഞാനം കിട്ടൂ എന്നും, എങ്കിലും കാലം തരുന്ന അറിവു് മറ്റൊരു വിധത്തിലും കിട്ടില്ല എന്നും ഒരു ചെറിയ ശ്ലോകത്തിലൂടെ പറഞ്ഞിരിക്കുന്നു.
ഇതു പഴയ കാലത്തെ കഥ. ഇതു നാലുമായിരുന്നു വിദ്യ കിട്ടാനുള്ള വഴികള്‍. ഇന്നോ?
ഇന്നു വിദ്യ വരുകയല്ല. തലയില്‍ കെട്ടിവെയ്ക്കുകയാണു്. പഠിപ്പാണു ലോകത്തിലെ ഏറ്റവും മികച്ച കാര്യമെന്നു കരുതുന്ന ഈ കാലത്തു് (ഇതു് അറിവിനു വേണ്ടിയല്ല, പിന്നീടു കിട്ടുന്ന ജോലിക്കും ശമ്പളത്തിനും സ്ഥാനമാനങ്ങള്‍ക്കും വേണ്ടിയാണെന്നു് ആര്‍ക്കാണറിഞ്ഞുകൂടാത്തതു്?) എല്ലാ വഴികളിലൂടെയും കുട്ടികള്‍ക്കു വിദ്യ ചോര്‍ത്തിക്കൊടുക്കാന്‍ അശ്രാന്തപരിശ്രമം നടത്തുകയാണു മാതാപിതാക്കള്‍. ട്യൂഷന്, ഗൈഡുകള്‍, വര്ക്ക്ബുക്കുകള്, കോച്ചിംഗ് ക്ലാസ്സുകള്‍, മത്സരങ്ങള്‍ എന്നിവയ്ക്കൊക്കെ തള്ളിവിടുകയും അവയിലൊക്കെ ഒന്നാമതാകണമെന്നു നിഷ്കര്‍ഷിക്കുകയും ചെയ്യുന്നതുകൊണ്ടു വിദ്യയെ ഊറ്റിയെടുക്കുകയാണോ ചോര്‍ത്തിക്കളയുകയാണോ എന്നു സംശയം.
എന്റെ ചെറുപ്പകാലത്തു് ഇന്നത്തെപ്പോലെ ട്യൂഷനും മറ്റും പോകുന്ന ഏര്‍പ്പാടുണ്ടായിരുന്നില്ല. സ്കൂളില്‍ പഠിപ്പിക്കുന്നതു പഠിക്കുക, അവനവനെക്കൊണ്ടു കഴിയുന്നതു പരീക്ഷയ്ക്കെഴുതുക എന്നതില്‍ കവിഞ്ഞു മാതാപിതാക്കള്‍ക്കോ കുട്ടികള്‍ക്കോ മത്സരബുദ്ധി ഉണ്ടായിരുന്നില്ല. പത്താം ക്ലാസ്സില്‍ മാത്രം അല്പം വ്യത്യാസമുണ്ടായിരുന്നു. ബുദ്ധിമുട്ടുള്ള വിഷയങ്ങള്‍ക്കു മാത്രം ചിലപ്പോള്‍ ട്യൂഷനു പോകും. ഗൈഡുകള്‍ക്കും മറ്റും പാഠപുസ്തകത്തിനേക്കാള്‍ പ്രാധാന്യം കൊടുത്തിരുന്നുമില്ല.
ഇന്നത്തെ സ്ഥിതി അതാണോ? ഇടയ്ക്കിടയ്ക്കു നാട്ടില്‍ പോകുമ്പോള്‍ രാവിലെ അഞ്ചരയ്ക്കു ട്യൂഷനു പോകുന്ന കുട്ടികളെ കാണാറുണ്ടു്. വൈകിട്ടു പത്തു മണി വരെയും പഠിത്തമാണു്-സ്കൂളിലും വീട്ടിലും ട്യൂഷന് സെന്ററിലും മറ്റും. ഈ കുട്ടികള്‍ കളിക്കുകയും അടുത്ത ലൈബ്രറിയിലുള്ള നോവലുകള്‍ എടുത്തു വായിക്കുകയും ചെയ്യുന്നുണ്ടോ, ഞാനൊക്കെ ചെയ്ത പോലെ? ഉണ്ടാവില്ല. എന്നാല്‍ ഇവര്‍ക്കു് ഇതിനു തക്ക വിജ്ഞാനം കിട്ടുന്നുണ്ടോ? അറിയില്ല.
അമേരിക്കയില്‍ സ്ഥിതി അല്പം വ്യത്യസ്തമാണു്. ഇവിടെ സ്കൂളുകളില്‍ റാങ്ക്, മാര്‍ക്ക്, കാണാതെ പഠിക്കല്‍ തുടങ്ങിയവയ്ക്കു പ്രാധാന്യമില്ല. അത്രയും ഭാഗ്യം. അതില്‍ മത്സരമില്ല. കുട്ടികളുടെ “സ്റ്റാന്‍ഡേര്‍ഡ്” വര്‍ദ്ധിപ്പിക്കാന്‍ ഇന്ത്യ, റഷ്യ, യൂറോപ്പ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള പുസ്തകങ്ങള്‍ (പ്രധാനമായി കണക്കു്) ഉപയോഗിച്ചു വീട്ടിലിരുത്തി പഠിപ്പിക്കുകയും, ഗണിതവും മറ്റും കാണാതെ പഠിപ്പിക്കുന്ന പാഠ്യേതരവിദ്യാലയങ്ങളില്‍ കുട്ടികളെ അയയ്ക്കുകയും ചെയ്യുന്നതു് ഇന്ത്യക്കാര്‍ക്കിടയില്‍ സാധാരണയാണെങ്കിലും, പഠിച്ചു റാങ്കു നേടാനുള്ള മത്സരം നാട്ടിലെപ്പോലെ ഇവിടെയില്ല. എങ്കിലും മക്കളെ നീന്തല്‍, പലതരം പന്തുകളികള്‍, പലതരം കായികാഭ്യാസമുറകള്‍, പലതരം സംഗീത-നൃത്ത അഭ്യസനങ്ങള്‍ തുടങ്ങിയുള്ള എക്സ്ട്രാ കരിക്കുലര്‍ ആക്ടിവിറ്റികളുടെ അതിപ്രസരത്തിലേക്കു തള്ളിവിടുന്ന പ്രവണത വളരെയുണ്ടു്. ഇവയൊക്കെ നല്ലതു തന്നെ. പക്ഷേ, കുട്ടികള്‍ക്കു ശ്വാസം വിടാന്‍ സമയമില്ലാത്ത വിധത്തില്‍ ഇതൊക്കെ ആയാലോ? മദ്ധ്യവേനലവധിക്കുമുണ്ടു സമ്മര്‍ ക്യാമ്പുകള്‍. ഇതു കണ്ടാല്‍ ജീവിതകാലത്തെ മുഴുവന്‍ ഒളിമ്പിക്ക് മെഡലുകളും നൊബേല്‍ സമ്മാനങ്ങളും ഓസ്കാര്‍-ഗ്രാമി അവാര്‍ഡുകളും തന്റെ കുട്ടിക്കു നേടിക്കൊടുക്കണം എന്നാണു് ആഗ്രഹമെന്നു തോന്നിപ്പോകും.
(എന്നാല്‍ കുട്ടികളെ മലയാളം പറയാനും, വായിക്കാനും, എഴുതാനും പഠിപ്പിക്കുന്നുണ്ടോ? അതൊട്ടില്ല താനും!)
വിദ്യ കിട്ടാന്‍ ഒരു ദ്വാരം ആവശ്യമാണു്. ആ ദ്വാരം തന്നെ അതു ചോര്‍ത്തിക്കളയുകയും ചെയ്യും എന്നു് ആലോചിക്കുന്നതു നന്നു്.
ഇന്നത്തെ വിദ്യ വരുന്ന വഴി വിവരിക്കാന്‍ ഒരു ശ്ലോകം പോരാ. വലിയ ഒരു മഹാകാവ്യം തന്നെ വേണം. അങ്ങനെയൊരു മഹാകാവ്യത്തിലെ ഏതാനും ശ്ലോകങ്ങള്‍ താഴെ.
വൃത്തത്തിലൊതുങ്ങാന്‍ ‘നൂറ്റെട്ടു്‘ എന്ന സംഖ്യ ഉപയോഗിച്ചതാണു്. ശരിക്കുള്ള സംഖ്യ സൂചിപ്പിക്കാന്‍ അഞ്ചക്കമെങ്കിലും വേണ്ടിവരും 🙂
നൂറ്റെട്ടിലൊന്നു സാറന്മാര്,
നൂറ്റെട്ടിലൊന്നു കൂട്ടുകാര്‍,
നൂറ്റെട്ടിലൊന്നു തന് ബുദ്ധി,
നൂറ്റെട്ടിലൊന്നു കാലവും
…
നൂറ്റെട്ടിലൊന്നു വീ ഗൈഡും,
നൂറ്റെട്ടിലൊന്നസീസിയും,
നൂറ്റെട്ടിലൊന്നു വിദ്യാര്‍ത്ഥി-
മിത്രം തൊട്ടവയും തഥാ
…
നൂറ്റെട്ടിലൊന്നു കമ്പ്യൂട്ടര്‍,
നൂറ്റെട്ടിലൊന്നു വിക്കിയും,
നൂറ്റെട്ടിലൊന്നി`ലീ ബുക്കും’,
നൂറ്റെട്ടിലൊന്നു ബ്ലോഗുകള്‍,
…
നൂറു ദ്വാരം തുളച്ചിട്ടു
വിദ്യയൂറ്റിക്കുടിക്കവേ
കോടി ഭാഗത്തു കീറീട്ടു
ചോര്‍ന്നു പോകുന്നു സര്‍വ്വതും…
Umesh::ഉമേഷ് | 24-Aug-06 at 3:04 pm | Permalink
വിദ്യ വരുന്ന വഴി – സുഭാഷിതത്തില്‍.
(ഈ പോസ്റ്റിനു ദേവരാഗവുമായി യാതൊരു ബന്ധവുമില്ല 🙂 )
ദില്ബാസുരന് | 24-Aug-06 at 3:37 pm | Permalink
ഉമേഷേട്ടാ,
വായിച്ചു. പലപ്പോഴും തോന്നിയിട്ടുണ്ട് അമേരിക്കക്കാര്‍ക്ക് ഔട്ട് ഡോര്സിനോടും ഇന്ത്യക്കാര്‍ക്ക് സ്റ്റഡീസിനോടും ഒരു തരം ഭ്രാന്തിന്റെ വക്കോളമെത്തുന്ന കമ്പമില്ലേ എന്ന്. (കമ്പം എന്ന് ഉദ്ദേശിച്ചത് കുട്ടികളുടെ തലയില്‍ കെട്ടി വെക്കാന്‍ കമ്പം എന്നാണ്)
കവിത വായിച്ചു. ഇനി ശ്രീജിത്തിനെ പോലെ ആരെങ്കിലും ചോദിക്കുമ്പൊ ക്വോട്ടാലോ. 🙂
ഇഞ്ചിപ്പെണ്ണ് | 24-Aug-06 at 3:56 pm | Permalink
അതെ, നാട്ടില്‍ പഠിച്ചാലെ വല്ലൊ ജോലിയുമൊക്കെ കിട്ടൂ..ഇവിടെ പഠിച്ചില്ലെങ്കിലും വല്ലോ ട്രക്ക് ഡ്രൈവറോ മെക്കനിക്കൊ എന്തിനു മക്ക്ഡോണാള്സിലോ മറ്റൊ പോയാലും സുഖായി ജീവിക്കാം. ഇഷ്ടം പോലെ ജോലി അവേലബിള്‍ ആണ്…
ഉമേഷേട്ടനൊക്കെ ബുദ്ധിയുണ്ട്.അതോണ്ട് തല്ലി പഠിപ്പിക്കണ്ട.. ഞാനൊക്കെ 90% ദൈവം പിന്നെ 10% ഞാന്‍ എന്ന് വെച്ചിട്ടാണ് പരീക്ഷയൊക്കെ പാസ്സയെ…എന്തോരം മെഴുകുതിരികള്‍ കത്തിച്ചേക്കുന്നു… 🙂
നൂറ്റെട്ടിലൊന്നു ഗൂഗിളും,
നൂറ്റെട്ടിലൊന്നു ഡിസ്കഷന് പേജും,
നൂറ്റെട്ടിലൊന്നി കെട്ടിയോന്റെ വായില്‍ നിന്നും,
നൂറ്റെട്ടിലൊന്നു ബ്ലോഗുകള്‍,
ഇതാണ് എന്റെ കാര്യം 🙂
Suseela Devi | 24-Aug-06 at 4:22 pm | Permalink
samayam pokan veruthe thappiyappol kittiyatha chintha site. Peru kandappo Mathrubhumile lekhanam orma vannu.Njangade adutha nattukarananennum manasilayi.
Kanappettathonnum vayichilla. Manasilavande?
Parnjathokke sariya.Nadodumpam naduve ennalle.
All the best wishes for happy onam.
Raghavan P K | 24-Aug-06 at 4:43 pm | Permalink
ചെന്നയില്‍ പല പുരാതന അമ്പലങളിലും പരീക്ഷ സമയത്ത് പോയി നോക്കൂ.ഒരു പേപ്പറില്‍ അല്ലെങ്കില്‍ ഗര്‍ഭഗൃഹത്തിന്റെ ചുവരില്‍ വിദ്യാര്തികളുടെ പേരും ക്ലസ്സും എല്ലം എഴുതി ദൈവത്തിനെ ഏല്പിക്കുകയാ.അപ്പോ നൂറു ശതമാനവും ദൈവത്തിന്റെ കയ്യില്‍ തന്നെ.ആചാര്യനില്‍ നിന്നും മറ്റും ഒന്നുമേ പ്രതീക്ഷിക്കുന്നില്ലന്ന തോന്നിപ്പോകുക.
വല്യമ്മായി | 24-Aug-06 at 4:54 pm | Permalink
ഞാനേതാണ്ട് ഇതു പോലൊക്കെ ആയിരുന്നു.ക്ലാസ്സിലിരുന്ന് ഉറക്കം തൂങ്ങിയുരുന്ന കാരണം കാല് ഭാഗമേ കേട്ടിരുന്നൊള്ളൂ.പീന്നെ ലൈബ്രറിയില്‍ നിന്നും കൂട്ടുകാരില്‍ നിന്നും.ഒരോ ദിവസവും വ്യത്യസ്ത പാഠങ്ങളല്ലേ ജീവിതം നമുക്ക് നീട്ടീതരുന്നത്.
Su | 24-Aug-06 at 5:35 pm | Permalink
കാലം മാറി. ഇന്നെന്റെ മോന്, അല്ലെങ്കില്‍ മോള്, സ്വയം പഠിക്കട്ടെ, ഞാനൊന്നും തല്ലിപ്പഠിപ്പിക്കുന്നില്ല എന്ന് ഒരമ്മയോ അച്ഛനോ വിചാരിച്ചാല്‍ അവര്‍ വിഡ്ഡികളായി. അവര്‍ക്ക് എവിടേയും സ്ഥാനവും ഇല്ല. ലോകത്തിന്റെ കൂടെ എത്തണമെങ്കില്‍ മറ്റുള്ളവര്‍ ചെയ്യുന്നതൊക്കെ അനുകരിച്ചേ പറ്റൂ.
🙂
ബാബു | 24-Aug-06 at 5:43 pm | Permalink
ഉമേഷ്, ‘നൂറ്റെട്ടിലൊന്നു’ എന്നതിനു പകരം ‘കാല്ഭാഗമാണു’ എന്നാക്കിയാല്‍ വൃത്തം തെറ്റുമോ?
Umesh::ഉമേഷ് | 24-Aug-06 at 6:13 pm | Permalink
ദില്‍ബാ, 🙂
ഇഞ്ചീ,
കുട്ടികളെ അടിച്ചുപഠിപ്പിക്കണോ അടിക്കാതെ പഠിപ്പിക്കണോ എന്നതു വേറേ ഒരു വിഷയമാണു്. എന്തൊക്കെ പഠിപ്പിക്കണം, എത്ര പഠിപ്പിക്കണം എന്നതാണു് ഇവിടെ എന്റെ വിഷയം. ഇഞ്ചി പറഞ്ഞതുപോലെ പഠിത്തം ജോലിയുടെ മാനദണ്ഡമായതാണു ഏറ്റവും വലിയ പ്രശ്നം. അതുപോലെ തന്നെ, ജോലി ശമ്പളത്തിലേക്കുള്ള വഴിയാണു്, പണി ചെയ്യുന്നതിലേക്കല്ല.
സുശീലാദേവീ,
സന്തോഷം. നാട്ടില്‍ എവിടെയാണു വീടു്?
രാഘവാ,
അപ്പറഞ്ഞതു കാര്യം. എങ്കിലും, പഠിക്കാതെ നടന്നിട്ടു നേര്‍ച്ചയുടെ ബലത്തില്‍ മാത്രം പരീക്ഷ എഴുതുന്നതു് ആവശ്യമില്ലാതെ സ്ട്രെയിന്‍ ചെയ്തിട്ടു ഒന്നും തലയില്‍ കയറാത്തതിനേക്കാള് ഭേദമാണു് എന്നാണു് എന്റെ അഭിപ്രായം.
വല്യമ്മായീ,
അതു തന്നെയാണു് ആ ശ്ലോകവും പറയുന്നതു്. വല്യമ്മായി ചെയ്തതു തന്നെയാണു ശരിയായ വഴി. ഇപ്പോഴത്തെ അദ്ധ്യാപകരില്‍ പലരും ഈ ശ്ലോകത്തിലെ “ആചാര്യന്” എന്ന വിശേഷണത്തിനര്ഹരാവണമെന്നുമില്ല. ഉണര്‍ന്നിരുന്നാലും എത്ര കിട്ടുമെന്നു് ഉറപ്പില്ല.
സു,
ഇഞ്ചിയ്ക്കു കൊടുത്ത മറുപടി നോക്കൂ. തല്ലിപ്പഠിപ്പിക്കലിനെപ്പറ്റിയല്ല ഞാന്‍ പറഞ്ഞതു്.
പറഞ്ഞ കാര്യം ശരി തന്നെ. സമൂഹം ചെയ്യുന്നതു ചെയ്യാത്തവരെ ഇന്ന്നു വിഡ്ഢികള്‍ എന്നു വിളിക്കുന്നു.
ബാബു,
മാറില്ല. പരിഭാഷപ്പെടുത്താനാണെങ്കില്
കാല് ഭാഗമേകുമാചാര്യന്
കാല് ഭാഗം സ്വന്തബുദ്ധിയാല്‍
കാല് ഭാഗം കൂട്ടുകാരേകും
കാലക്രമേണ ബാക്കിയും
എന്നോ മറ്റോ ആയിരിക്കും ഭംഗി.
Su | 24-Aug-06 at 6:24 pm | Permalink
ഉമേഷ്ജീ,
കുഞ്ഞുങ്ങള്‍ എന്ത് പഠിക്കണം, പഠിക്കേണ്ട, എന്നൊന്നും തീരുമാനിക്കാന്‍ ഇന്ന് രക്ഷിതാക്കള്‍ക്ക് അവകാശമില്ല. കുറേ പുസ്തകങ്ങള്‍ കെട്ടിക്കൊടുത്ത് സ്കൂളില്‍ അയക്കുക, വീട്ടില്‍ വന്നാല്‍ അദ്ധ്യാപകര്‍ ചെയ്യാന്‍ പറഞ്ഞുവിട്ട ഗൃഹപാഠം ചെയ്യിപ്പിക്കുക. കുട്ടികളോട് തന്നെ എന്തെങ്കിലും കൂടുതല്‍ പറഞ്ഞുകൊടുക്കാമെന്ന് വെച്ചാല്‍ അതൊന്നും മാഷ് പറഞ്ഞിട്ടില്ലാന്നും പറഞ്ഞ് ഒറ്റ പോക്കാണ്. റാങ്കിലും, ഉദ്യോഗത്തിലും കണ്ണ് വെച്ച് പഠനം നടത്തുന്നു. സ്കൂളിനും, അവരുടെ പേര് നിലനിര്‍ത്തണം. അത്രേ ഉള്ളൂ.
Su | 24-Aug-06 at 6:28 pm | Permalink
ലൈഫ് ഈസ് ബ്യൂട്ടിഫുള്‍ എന്ന മലയാളം ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന കഥാപാത്രം, ഇന്നത്തെ വിദ്യാഭ്യാസ സമ്പ്രദായത്തെ പരിഹസിക്കുന്നുണ്ട്.
Adithyan | 24-Aug-06 at 6:59 pm | Permalink
നല്ല ശ്ലോകം ഉമേഷ്ജി.
പഠിത്തത്തെ ജോലിക്കായുള്ള ഒന്നാം പടി ആയേ കണ്ടിട്ടുള്ളു. ആസ്വദിച്ചു പഠിച്ചിരുന്നത് സ്കൂളിലായിരുന്നു. പ്രീയൂണിവ്-ഇല് ആദ്യ വര്‍ഷവും ഏകദേശം അത് തുടരാനായി. അവിടുന്നങ്ങോട്ട് അര്‍മ്മാദം തുടങ്ങിയതാണ്. നാലു വര്‍ഷം ‘അലക്കിപ്പോളിക്കാന്’ മാത്രമാണ് കോളേജ് കണ്ടത്.
എവിടെയൊക്കെയോ എത്തിപ്പെട്ടു. ചെയ്ത പരിശ്രമം വെച്ചു നോക്കിയാല്‍ ഇവിടെ ഒക്കെത്തന്നെ എത്തിയത് അത്ഭുതം.
പിന്നെ അങ്ങനെ ഇരുന്ന് ആലോചിക്കുമ്പോ തോന്നും എന്തേലും കൂടെ ഒക്കെ നന്നായി പഠിച്ചേക്കാമായിരുന്നു എന്ന്. ഇപ്പൊഴും ചെയ്യാന്‍ പറ്റും. എന്നാലും മടി.
Rajesh R Varma | 24-Aug-06 at 7:59 pm | Permalink
ആചാര്യാ,
ഒരു തര്‍ജ്ജമ
🙂
Viswaprabha വിശ്വപ്രഭ | 24-Aug-06 at 9:13 pm | Permalink
നല്ലൊരു വിഷയം ആണ് ഉമേഷ് എടുത്തിട്ടത്.
നാട്ടിലെ കാഴ്ചകള്‍ കണ്ടിട്ട് സങ്കടം തോന്നി. ഈ കുട്ടികളൊക്കെ എന്തായിത്തീരുമോ ആവോ!
സ്വന്തം വീട്ടിലെ കുട്ടികള്‍ പഠിക്കുന്നത് അവരുടെ അച്ഛനമ്മമാരുടെ കണക്കനുസരിച്ച് നഗരത്തിലെ ഏറ്റവും നല്ല സ്കൂളുകളിലാണ്. ഏറ്റവും താഴെക്കിടയില്‍ ഉള്ള സ്കൂളിലെ കുട്ടികളും ഉണ്ട് അയല്പക്കത്ത്. രണ്ടു കൂട്ടരും തരുന്നത് നിരാശയാണ്.
ഒരുത്തിക്ക് റാങ്കു കിട്ടുമായിരിക്കാം. അത്ര നല്ല മാര്‍ക്കുകളാണ്. എല്ലാ ചോദ്യത്തിനും ഉത്തരം അറിയാം. പക്ഷേ ആ ചോദ്യവും ഉത്തരവും റെഡിമണിയായി എഴുതിവെച്ചിട്ടുണ്ട് ഗൈഡ് ഫാക്ടറിയില്‍ നിന്നും വരുന്ന കെട്ടുകണക്കിനുള്ള പുസ്തകങ്ങളില്‍. അച്ചടിവ്യവസായത്തില്‍ ഇപ്പോള്‍ ഏറ്റവും തഴച്ചുനില്ക്കുന്നത് ഒരു തരം ഗൈഡ് മാസികകളാണ്.
ഇക്കുട്ടിയോട് വളരെ അടിസ്ഥാനപരമായ കുറെ ചോദ്യങ്ങള്‍ ചോദിച്ചു; ഉദാഹരണത്തിന് അക്ഷാംശം / രേഖാംശം : ഏതാണു നെടുകെയും ഏതാണു കുറുകെയും എന്നു പോലും ഉറപ്പില്ല. ഒടുവില്‍ പറഞ്ഞു കൊടുക്കേണ്ടി വന്നു അക്ഷാംശം (latitude) ക്യാരറ്റു പോലെ Carrottitude-ഉം രേഖാംശം (longitude) ഓറഞ്ചുപോലെ Oranjittude-ഉം ആണെന്ന്.
അതുപോലെ തന്നെ അടിസ്ഥാന ഊര്‍ജ്ജതന്ത്രവും കണക്കും രസതന്ത്രവുമെല്ലാം.
തത്തമ്മേ പൂച്ച പൂച്ച!
രസമുള്ള ഒരു കാര്യം കൂടി കേള്‍ക്കണോ ഉമേഷേ?
ഗണങ്ങള്‍ (sets) എന്നൊരു കാര്യത്തെ പറ്റി കേട്ടിട്ടുപോലുമില്ലത്രേ SSLCയ്ക്കു പഠിക്കുന്ന ഒരു കുട്ടി! എനിക്കത് ഇനിയും വിശ്വസിക്കാനായിട്ടില്ല. അതേ സമയത്ത് അഞ്ചില്‍ പഠിക്കുന്ന അവളുടെ അനിയനു ഗണങ്ങളെപ്പറ്റി പഠിക്കാനുണ്ടു താനും.
10-ലെ ഫിസിക്സ് പുസ്തകത്തില്‍ ഗതികവൈദ്യുതിയെപ്പറ്റി പഠിപ്പിക്കുന്നുണ്ട്. സംഗതി പണ്ടത്തെ സംസ്കൃതാചാര്യന്മാരുടെ വഴിക്കു പോയിരിക്കുന്നു. എങ്ങനെയാണു യുക്തി എന്നൊന്നും കാണിക്കാതെ എന്തൊക്കെയോ വലിച്ചുവാരി എഴുതിയിരിക്കുന്നു.
പഠനരീതി എല്ലാം പരിഷ്കരിച്ചു എന്നാണ് പേര്. പ്രൊജക്റ്റ് റിപ്പോര്‍ടുകള്‍ തയ്യാറാക്കാന്‍ പ്രൊജക്റ്റു ചെയ്യണമെന്നില്ല. റെഡിമെയ്ഡ് ആയി വാങ്ങാന്‍ കിട്ടും ഒക്കെ.
ടീച്ചര്‍മാര്‍ക്കു സുഖം. ഒക്കെ ഹോം വര്‍ക്ക് കൊടുത്താല്‍ മതി. പഠിപ്പിക്കാന്‍ ഒരു താല്‍പ്പര്യവുമില്ലെന്ന് (നല്ല അദ്ധാനികളും മിടുക്കരുമായ) കുട്ടികള്‍ തന്നെ പറയുന്ന അവസ്ഥ!
ഇല്ലാത്ത സമയത്ത് ഈ കുട്ടികളെ തട്ടിക്കൊണ്ടു പോയി ഞാന്‍ വല്ലപ്പോഴുമൊക്കെ എന്തെങ്കിലും പറഞ്ഞുകൊടുത്തു.
ഫിസിക്സ് ഒന്നും മനസ്സിലായിട്ടില്ല ഇതുവരെ എന്നു പറഞ്ഞു കുട്ടി. മൂന്നുകൊല്ലത്തെ ഊര്‍ജ്ജതന്ത്രം പഠിക്കേണ്ടതെങ്ങിനെ എന്ന് ഒന്നര മണിക്കൂര്‍ കൊണ്ട് പഠിപ്പിക്കാനായി. വീട്ടിലെ ഓരോ ഉപകരണത്തിനും വേണ്ടി വരുന്ന കറന്റുചെലവ് എത്ര എന്ന് അവരെക്കൊണ്ടു തന്നെ കണക്കുകൂട്ടാനും മറ്റും എടുത്തത് തുച്ഛമായ സമയം! ഇപ്പോള്‍ മഴയും ഇടിമിന്നലും റോട്ടിലെ കാറും കാര്‍ബണ്‍ സൈക്കിളും ഇന്‍സാറ്റും ഒക്കെ എങ്ങനെയാണ് ഊര്‍ജ്ജം കൈമാറുന്നതെന്ന് അവര്‍ക്കറിയാം! ചുവന്ന ജ്വാലയേക്കാളും മഞ്ഞക്കും നീലക്കും എന്തുകൊണ്ടാണ് ചൂടുകൂടുതലെന്നും ഒക്കെ ഇപ്പോള്‍ അവര്‍ക്കു സ്വയം ആലോചിച്ചുപറയാം. അത്രയും കഴിഞ്ഞപ്പോളാണ് സ്വന്തം ടീച്ചറുടെ അലംഭാവത്തിനെ പറ്റി സൂചിപ്പിക്കാന്‍ അക്കുട്ടിക്ക് ധൈര്യം കിട്ടുന്നതു തന്നെ!
കുറച്ചു ദിവസം കൊണ്ട് സ്വയം അവര്‍ക്കു മനസ്സിലായി പരീക്ഷയില്‍ ഛര്ദ്ദിക്കേണ്ടതും യതാര്‍ത്ഥത്തില്‍ പഠിച്ചെടുക്കേണ്ടതും തമ്മില്‍ ഏറെ വ്യത്യാസമുണ്ടെന്ന്.
പറയാന്‍ ഇനിയുമേറെയുണ്ട്. പക്ഷേ നമുക്കൊന്നുമറിയില്ലായിരിക്കാം. നാട്ടിലെ വിദ്യാഭ്യാസവിചക്ഷണന്മാരും ടെക്സ്റ്റുബുക്കു കമ്മിറ്റിക്കാരും കൂടി ഒക്കെ തീരുമാനിച്ചോളും.
കൂമന്‍സ് | 24-Aug-06 at 9:31 pm | Permalink
അമേരിക്കയിലെ പിള്ളേരെ മലയാളം പഠിപ്പിക്ക്യേ…ഛേ ഛേ..എന്താദ്? 🙂
ഒരിയ്ക്കല്‍ നല്ലപാതിയും ഞാനും മോളും കൂടി പീഡിയാട്രീഷ്യനെ കാണാന്‍ പോയപ്പോള്‍ കണ്ട കാഴ്ച. അടുത്തിരുന്നവര്‍ മലയാളമാണ് സംസാരിച്ചിരുന്നത്. ഞങ്ങള്‍ മലയാളികളാണെന്നത് തിരിച്ചറിഞ്ഞതിനു ശേഷം അവര്‍ തമ്മില്‍ ആക്സന്റൊക്കെയിട്ട് ഇംഗ്ലീഷിലാക്കി പിന്നത്തെ സംസാരം. (ഞങ്ങളെക്കണ്ടിട്ട് ഇംഗ്ലീഷൊന്നുമറിയാത്ത ‘കണ്ട്രി’കളാണ് എന്നു വിചാരിച്ചു കാണും:)) മലയാളിയോളം ഭാഷാസ്നേഹമില്ലാത്ത വര്‍ഗ്ഗം ഉണ്ടാവില്ല, വേറെ.
ശ്ലോകം വളരെ നന്ന്. സംസ്കൃതത്തിലും മലയാളത്തിലും റഷ്യനിലും ഒക്കെ ഇങ്ങനെ തകര്‍ത്തു നടക്കുന്നത് കണ്ടിട്ട് എള്ളോളം അസൂയ തോന്നുന്നു. പടിഞ്ഞാട്ടേക്കുള്ള ഫ്ലൈറ്റു പിടിച്ച് വരുന്നുണ്ട്, താങ്കളുടെ ശിഷ്യത്വം കൂടാന്‍
പല്ലി | 25-Aug-06 at 6:55 am | Permalink
ഏതു മാതാപിതാക്കള്‍ എന്റെ മക്കളെ തല്ലിപടിപ്പിക്കുന്നില്ല എന്നു പറഞ്ഞാലും വിശ്വാസയൊഗ്യമല്ല.
പിന്നെ ഇപ്പോഴത്തെ കുട്ടികള്‍ സ്വയം ചിന്തിക്കുന്നവരാണന്നു തോന്നുന്നു.
വെസ്റ്റേണ്‍ സ്റ്റൈല്‍
ലാലേട്ടന് | 25-Aug-06 at 7:30 am | Permalink
ഭാഷാ പഠനം ഒരിക്കലും അടിച്ചേപ്പിക്കലാകരുത്. തമിഴ്നട്ടിലെ കാര്യം തന്നെ നോക്കൂ. രാഷ്ട്രീയ താല്പര്യത്തിനുവേണ്ടി രാഷ്ട്രഭാഷയെ അവര്‍ അകറ്റി നിര്‍ത്തി. അതു മണ്ടത്തരമായിപ്പൊയിയെന്ന് തോന്നുന്നവരാണ് ഇന്ന് അവിറ്റെയുള്ളവരില് പലരും. സ്ഥാപിത താത്പര്യക്കാര്‍ ഇന്നും അതു പ്രോത്സാഹിപ്പിക്കുന്നില്ല. കുട്ടികള്‍ ഭാഷ പഠിക്കുന്നില്ല എന്നുതല്ല മറിച്ച് അവര്‍ അതു പഠിക്കുന്നതില്‍ മാതാപിതാക്കള്‍ക്കു താതിപര്യമുണ്ടൊ എന്നാണ് ചിന്തിക്കേണ്ടത്. എത്ര പേര് ഇതില്‍ ആത്മാര്‍ത്ഥമായി ശ്രമിക്കും?
P.C.Madhuraj | 25-Aug-06 at 8:11 am | Permalink
“vivara”ththinu ‘thuLa’,’mALam’, ‘poththu’ ennokke aRththhamu,NTallE ?
പയ്യന്‍സ് | 25-Aug-06 at 8:33 am | Permalink
അനുഷ്ടുപ്പിലൊരു തര്ജല് എന്റെ ഒരവകാശമായിരുന്നു. അതു ബാബുവിനുള്ള മറുപടിയായി ഉമേഷ്ജി തന്നെ കേറി പോസ്റ്റിക്കളഞ്ഞു.
ഇതിപ്പോ ഏതാ വൃത്തമെന്നൊന്നും പിടിയില്ല..
അറിവിലൊരു പാദമാചാര്യനേകു
മൊരു പാദം ശിഷ്യന് സ്വയം നേടു
മിനിയുമൊന്നാത്തോഴരില് നിന്നു താ
നൊരു പാദം കാലക്രമേണയും
അരവിന്ദന് | 25-Aug-06 at 10:29 am | Permalink
നല്ല ശ്ലോകം.
ഒരു തമാശ ഓര്‍മവന്നു.
ക്ലാസിലെ മണ്ടനായ വിദ്യാര്‍ത്ഥിയെ അദ്ധ്യാപകന് പരിഹസിക്കുന്നു.
“നിന്റെ തലയുടെ വലുപ്പം ഇത്തിരിയേയുള്ളെങ്കിലും വയറ് ഭയങ്കര വലുതാണല്ലോടാ!“
വി : അത് പിന്നെ അമ്മയാണ് എന്റെ വയറ് നിറക്കുന്നത്.സാറല്ലേ എന്റെ തല നിറക്കുന്നത്?
പയ്യന്‍സ് | 25-Aug-06 at 11:54 am | Permalink
അരവിന്ദങ്കുട്ട്യേ…
ആത്മകഥയില്‍ നിന്നൊരു
പീസല്ലേ ഈ കമന്റ്റ്?
ബിന്ദു | 25-Aug-06 at 1:08 pm | Permalink
വളരെ ശരിയാണ്. വിദ്യ എന്നാല്‍ മാര്‍ക്കു വാങ്ങല്‍ മാത്രമല്ല. 🙂
lal | 25-Aug-06 at 1:42 pm | Permalink
very good
ഇഞ്ചിപ്പെണ്ണ് | 25-Aug-06 at 7:39 pm | Permalink
ഞാനെപ്പോഴും ആലോച്ചിക്കും…എല്ലാരും ഇന്നത്തെ കുട്ടികളുടെ ബാല്യം എന്നൊക്കെ പറഞ്ഞ് വിഷമിക്കണപോലെയാണെല്ലൊ കര്‍ത്താവെ എന്റെ ഒക്കെ ബാല്യം ആയിരുന്നത് എന്ന്…
കണ്ണാടികൂട്ടില്‍ വളര്‍ന്ന്…ഒരോ മലയാളം വാക്ക് അറിയാണ്ട് പറയണതിനു അഞ്ചു രൂപാ ഫൈന്‍ ഒക്കെ അടച്ച്…ശ്ശൊ! അപ്പൊ എന്റെ ബാല്യം ഭയങ്കര മോശമായിരുന്നൊ? 🙁
അപ്പള് ഇന്നത്തെ പിള്ളേരൊക്കെ വലുതാവുമ്പൊ എന്റെ പോലെയാ ആവാ..യ്യൊ! എന്നാല്‍ മൈക്കും സൈക്കിളും എടുത്ത് ഒരു വാര്‍ണിങ്ങ് കൊടുക്കണല്ലൊ…
Rajesh R Varma | 25-Aug-06 at 8:25 pm | Permalink
ഇഞ്ചി പറഞ്ഞതു തന്നെ എന്റെയും കാര്യം.
ഞാനും ഉമേഷും തമ്മില്‍ പല തലമുറകളുടെ വിടവുണ്ട്. എന്റെ കാലമായപ്പോഴേക്കും ഒന്നാം ക്ലാസില്‍ ചേരുന്നതിനു മുന്‍പു തന്നെ റ്റ്യൂഷന് ഒരു ദൈനംദിന പരിപാടിയായിരുന്നു. പിന്നെ ഗൈഡ്, ക്വിസ് തുടങ്ങിയ മറ്റനുസാരികള്‍ വേറെയും. പഠിക്കുന്നതു മാര്‍ക്കു മേടിക്കാനാണെന്നു വളരെ നേരത്തെ മനസ്സിലാക്കിയിരുന്നു. അതുകൊണ്ട്, അച്ഛനമ്മമാരെയും കുറ്റം പറയാന്‍ നിവൃത്തിയില്ല. അതു കൊണ്ടെന്തു പറ്റി? വിശ്വം ചോദിച്ചിട്ടുള്ള ഒരൊറ്റ ഊര്ജ്ജതന്ത്രചോദ്യത്തിന്റെയും ഉത്തരം അറിഞ്ഞുകൂടാ. പഠിത്തം –> മാര്‍ക്ക് –> ജോലി –> ശമ്പളം + ബ്ലോഗ് എന്ന രാസമാറ്റത്തില്‍ വിശ്വസിക്കുന്നു.
എന്നെപ്പോലെ ആയിത്തീരുമെന്നു പറഞ്ഞു പേടിപ്പിച്ചാല്‍ ചിലപ്പോള്‍ ഇനിയുള്ള തലമുറകള്‍ നന്നായേക്കും
🙁
സന്തോഷ് | 29-Aug-06 at 2:22 am | Permalink
ഒരു പരിഭാഷ എന്റെ വകയും.
ദേവരാഗം | 29-Aug-06 at 5:25 am | Permalink
പാഠം പഠിക്കും ഞാന്‍ സിന്താവാ സിന്താവാ
തത്തച്ചേ തത്തച്ചേ പൂമ്മ പൂമ്മ!
(അയ്യപ്പ പണിക്കരുടെ കാര്‍ട്ടൂണ്‍ കവിത സീരീസിലെ ആണോ അതോ ഏ എസ്സിന്റെ കാര്‍ട്ടൂണോ? ഈയിടെ ഓര്‍മ്മ ഒട്ടും പിടിക്കുന്നില്ല. സന്തോഷ്, ബ്രഹ്മി ഉണ്ടോ?)
നാലു കാലേല് ആണു വിദ്യ വരുന്നത് (ഭഗവാനെ ഇവളു വെള്ളമടിയും തുടങ്ങിയോ?) എന്നു ഗുരുക്കളു പറഞ്ഞപ്പോ “ഉണ്ടോ കാലെന്നു പണ്ടാല” ചോദിച്ചു നോക്കി.
1. ഗുരുക്കാല്. മോശമില്ലാണ്ടെ കിട്ടിയിട്ടുണ്ട്. ഇംഗ്ലീഷു മീഡിയന് ആയിരുന്നേലും സര്‍ക്കാരു പള്ളിക്കൂടം ആയിരുന്നതു കൊണ്ട് പഠിച്ചു ബീയെഡ്ഡും എമ്മെഡ്ഡും മെഡലു വാങ്ങിപ്പഠിച്ച സാറന്മാര് മരുന്നിനെങ്കിലും ഒന്നുരണ്ടുണ്ടായിരുന്നു സ്കൂളിലെന്ന് മാത്രമല്ല, വേറേ പണിയൊന്നുമില്ലാത്ത പയ്യന്മാര് 1000 രൂപാ പോക്കറ്റ് മണിക്കും, വീട്ടമ്മയെന്നു പറയാന്‍ നാണക്കേടുള്ള വല്യേവീട്ടിലെ കൊച്ചമ്മക്ക് നാമമത്രത്തൊഴിലിനു വേണ്ടിയും കെട്ടിയെടുത്ത് അങ്ങോട്ടു വരാറില്ലായിരുന്നു.
2. ഓം ദ്വിത്യം ബ്രഹ്മചാരിണി സ്വാഹാ. സഹ-ബ്രഹ്മചാരി-ഏഭ്യ . ചെറ്റക്കു ചെറ്റയേ ചേര്‍ച്ചയുള്ളു എന്നല്ലായിരുന്നോ. കൂടെ പഠിച്ച ഒരെണ്ണം ങേ ഹേ
3. സ്വമേധയാല്‍: ജന്മനാ നമ്മുടെ മേധാ പട്കര്‍ ശകലം സ്ലോയാ. എന്നാലും നാഴൂരിപ്പാലുകൊണ്ട് മില്‍മാ ബൂത്ത് നടത്തിയെന്നോ കുര്യന് ചമഞ്ഞെന്നോ മറ്റോ ഒരു നാടകപ്പാട്ടില്ലേ.. അതുപോലെ. കൊഴപ്പമില്ലാണ്ട് പോണു.
4. നാലാം കാലു
കാലത്തിലാണല്ലോ. തലേല് നര, മീശേലും നര. എന്നാലും പണ്ട് തെങ്ങേലിരിക്കുന്ന അടൂര്ഭാസിയേം മറന്ന് പൂമ്പാറ്റയെ പിടിക്കാന്‍ ഓടിയ ജോണ്‍ അബ്രഹാമിന്റേതു പോലെ ഒരു ഇളം പ്രായക്കാരന് മനസ്സ് ഈ പക്ക്വത എന്നൊരു ക്വത എന്റെ പക്കില്‍ വെട്ടാതെ കാക്കുന്നു.
അസ്സീസ്സി ഗൈഡ്, വിദ്യാര്‍ത്ഥിമൂത്രം സര്‍വഞ്ജാനകോശി, മനോരോഗം വാരിക, ഫ്രീ വൈ ഫൈ എനേബിള്‍ഡ് ടൌണ്‍ഷിപ്പ് അങ്ങനെ നൂറ്റി നാലെണ്ണം കൂടി ഉള്ളതില്‍ ചിലതൊക്കെ “തുറന്നാല്‍ സര്‍പ്പങ്ങള്‍ പുറത്തു ചാടും, അടഞ്ഞാല്‍ രത്നമ്മ ഇരുട്ടിലാകും” എന്ന സിനിമാപ്പാട്ടില്‍ വര്‍ണ്ണിച്ചപോലെ ഒന്നും മൂന്നുമല്ലാത്ത പരുവത്തില്‍ ഇരിപ്പുണ്ട്.
അതു വഴികള്‍. ഒരു വഴി വെട്ടിയാല്‍ അതിലേ സാര്‍ത്ഥവാഹക സംഘം കയറി വരില്ലല്ലോ, ഈ വഴി ആള് സഞ്ചാരമുണ്ടാവാന്‍ എന്നതാ ഒരു വഴി?
ഈ വഴിയെല്ലാം വന്ന് അകത്ത് കറങ്ങുന്ന ഒരു റൌണ്ടെബൌട്ട് ഉണ്ട്. അത് പ്രജ്ഞ. ഈ പ്രജ്ഞ തെളിയാത്ത കൊജ്ഞാണന്മാരുടെ വഴിയെല്ലാം വെട്ടിത്തുറന്നിട്ടാലും കാര്യമില്ല. “പോത്തിന്റെ ചെവിയില്‍ വേദമോതി, പൊട്ടന്റെ മുന്നില്‍ ചെന്നു ശംഖു വിളിച്ചു” എന്നൊക്കെ ചില പഴഞ്ചൊല്ലുകള്‍ കേട്ടിട്ടില്ലേ.
പ്രജ്ഞയുടെ വിളക്ക് അതിന്റെ സഹജമായി എല്ലാവര്‍ക്കുമുണ്ട്. അതിന്റെ തിരി തെളിക്കാന്‍ ഏറ്റവും പറ്റിയത് അച്ഛനമ്മമാരാണ്. പൂര്‍ണ്ണപ്രജ്ഞരായ ഒട്ടുമിക്ക ആളുകളും അച്ഛനെന്നു പറയുമ്പോള്‍ ആശായപരമായ,
ആദര്‍ശപരമായ, താത്വികമായ, വൈഞ്ജാനികമായ, ദാര്‍ശനികമായ ഔന്നത്യത്തിലുള്ള ഒരാള്‍ എന്ന് വിശേഷിപ്പിച്ചാണ് കാണാറ്. അപൂര്‍വ്വമായേ എന്റെയച്ഛന് വലിയൊരു കവലച്ചട്ടമ്പി അല്ലെങ്കില്‍ കൈക്കൂലിക്കാരന്, വ്യഭിചാരി, സീരിയലുകളുടെ ആരാധകന്, ക്ഷുദ്രവാസനകളുള്ളവന്‍ എന്നൊക്കെ പറഞ്ഞു കേള്‍ക്കാറുള്ളൂ.
മക്കള്‍ക്കും അനന്തിരവര്‍ക്കും, കൊച്ചുമക്കള്‍ക്കും അയലത്തെ കുട്ടികളുടെയും മനസ്സില്‍ ജ്ഞാനത്തിന്റെ നാളം കൊളുത്താന്‍ നമുക്കാവും. ഒരു മെഴുകുതിരിയില്‍ നിന്നും മറ്റൊന്നു കൊളുത്തുമ്പോലെ.
വിഷയം ( സ്കോപ്പ്, അജെന്ഡ എന്നൊക്കെ പറയുന്നത് )കുട്ടികള്‍ അസ്സിമിലേറ്റ് ചെയ്യുകയാണ് (യൂങ്ങും ഫ്രാഡുമൊന്നും പറഞ്ഞതല്ല, എന്റെ തന്നെ ഐഡിയ) അതിലെ ആസക്തിയാണ് അവനെ/ അവളെ നയിക്കുന്നതെന്ന് സത്യവേദം പറയുന്നു. കുട്ടികളുടെ വിഷയത്തില്‍ ഡോക്റ്റര്‍ പട്ടത്തിനും സ്ത്രീധനത്തിനും അഡിഡാസ് ഷൂവിനും എസ് ക്ലാസ്സ് ബെന്‍സിനും ഡീ ബീയര്‍ ഡയമണ്ടിനും, 916 സ്വര്‍ണ്ണാഭരണത്തിനും, കോളനിയിലെ ഏറ്റവും വലിയ വീടിന്റെ ഉടമസ്ഥതക്കും പുറമേ ഞ്ജാനം, സത്യം, നന്മ, സമൂഹം എന്നിവ കൂടി ഉള്‍പ്പെടുത്താന്‍ നമ്മള് ബാദ്ധ്യസ്ഥരാണ്. ലോകം അവനവനിലേക്ക് ചുരുങ്ങി പോകാതിരിക്കാന്‍, നാളെക്കു വേണ്ടി എന്തെങ്കിലും മിച്ചം വച്ചേക്കാന്‍..
സന്തോഷ് | 29-Aug-06 at 5:57 am | Permalink
ദേവാ,ഒരു ഒന്നൊന്നര കമന്റായിപ്പോയി. ഒരു പോസ്റ്റായിട്ട് അതിലേയ്ക്കൊരു ലിങ്കു മതിയായിരുന്നു ഇവിടെ.
ദേവരാഗം | 29-Aug-06 at 6:11 am | Permalink
അത്രേമുണ്ടായിരുന്നോ എന്നാ ദേ പോസ്റ്റാക്കാം ഒരഞ്ചു മിനുട്ട്..
devaragam | 29-Aug-06 at 10:09 am | Permalink
കമന്റ് നമ്പ്ര 27 നെ ഭേദഗതികള്‍ വരുത്തി വിദ്യ ബ്ലോഗില്‍
പോസ്റ്റാക്കിയിട്ടു സന്തോഷേ.
jyothirmayi | 29-Aug-06 at 10:42 am | Permalink
കൂട്ടരേ, ഞാനിതു നാലുകാലില്‍ പഠിച്ചുനോക്കുകയായിരുന്നൂ:-)
ആചാര്യന്റെ കാല്:-)/ഉമേഷ്മാഷ് പറഞ്ഞത്: “അദ്ധ്യാപകനു കാല് ഭാഗം മാത്രമേ പറഞ്ഞുതരാന്‍ പറ്റൂ. സ്വന്തം പരിശ്രമം കൊണ്ടും മറ്റുള്ളവരോടു ചോദിച്ചും മാത്രമേ നല്ല ജ്ഞാനം കിട്ടൂ. കാലം തരുന്ന അറിവ് മറ്റൊരു വിധത്തിലും കിട്ടില്ല”.
സഹപാഠികളേ, നിങ്ങളുടെ കാല്: എന്തിനോവേണ്ടിയുള്ളതാവരുത് പഠിത്തം. ആശയമറിഞ്ഞ്, ആവശ്യം(പ്രായോഗികത)അറിഞ്ഞ് പഠിയ്ക്കണം. ആചാര്യനു മുന്നിലിരിയ്ക്കുന്ന ശിഷ്യനും ചില യോഗ്യതകള്‍ വേണം. അച്ഛനമ്മമാര്‍ കുട്ടികളില്‍ ജ്ഞാനത്തിനുള്ള ദാഹം ഉണ്ടാക്കണം. അങ്ങനെ അറിവിനായി കൊതിയോടെ കാത്തിരിയ്ക്കുന്നവനാവണം ശിഷ്യന്.
എന്റെ കാല്: 20 പേജുള്ള പുസ്തകത്തിന്റെ 5 പേജേ ആചാര്യനു പഠിപ്പിയ്ക്കാനാവൂ എന്നതല്ല ആചാര്യന് ഉദ്ദേശിച്ചത്. (മഹാനാണ് ആചാര്യന്. തത്വത്തെ അറിഞ്ഞ്, ആദരിച്ച്, ആചരിക്കുന്നവനാണ് ആചാര്യന്, കൂലിക്കുവേണ്ടി പഠിപ്പിയ്ക്കുന്ന ആളല്ല). ഞാന്‍ പഠിയ്ക്കേണ്ടതായ എന്തോ ഒരു നല്ല പാഠം ഇതിലുണ്ട്. കേട്ട വാക്കുകളില്‍ കുരുങ്ങിക്കിടക്കരുത്. വാക്കുകള്‍ ചൂണ്ടുപലകകളാണ്. ആചാര്യന് ചൂണ്ടിയ ദിശയില്‍ ഞാന്‍ സഞ്ചരിയ്ക്കേണ്ടതുണ്ട്. മനസ്സിനെ ഏകാഗ്രമാക്കി ചിന്തിചു ചിന്തിച്ച് ആശയത്തിന്റെ ഉള്ളിലേയ്ക്കിറങ്ങിച്ചെല്ലണം. ഇതുകൊണ്ടും ചിലപ്പോള്‍ മുഴുവന്‍ അര്‍ഥം ഞാന്‍ മനസ്സിലാക്കി എന്നു ഞെളിയേണ്ട, ബാക്കി കാലം കാണിച്ചുതരും.
ശ്രീഗുരുഭ്യോ നമഃ
jyothirmayi | 29-Aug-06 at 10:52 am | Permalink
കൂട്ടരേ,
ദേവരുടെ വിദ്യ കാണൂ. ആചാര്യനോളം പോന്ന സഹപാഠി. എത്ര സരസമായാണ് കാര്യങ്ങള്‍ വിശദീകരിച്ചുതരുന്നത്. ദേവര്‍ക്കും നമസ്കാരം!