പുത്രനും മിത്രവും

സുഭാഷിതം

കുട്ടികളെ വളര്‍ത്തേണ്ട വിധത്തെപ്പറ്റി ഒരു പഴയ സംസ്കൃതശ്ലോകം:

രാജവത് പഞ്ചവര്‍ഷാണി
ദശവര്‍ഷാണി ദാസവത്
പ്രാപ്തേ ഷോഡശവര്‍ഷേ തു
പുത്രം മിത്രവദാചരേത്

അര്‍ത്ഥം:

പുത്രം : പുത്രനെ
പഞ്ച-വര്‍ഷാണി രാജവത് : അഞ്ചു വര്‍ഷം രാജാവിനെപ്പോലെയും
ദശ-വര്‍ഷാണി ദാസവത് : (പിന്നീടു) പത്തു വര്‍ഷം വേലക്കാരനെപ്പോലെയും
പ്രാപ്തേ ഷോഡശവര്‍ഷേ തു : പതിനാറു വയസ്സായാല്‍
മിത്ര-വത് : കൂട്ടുകാരനെപ്പോലെയും
ആചരേത് : കരുതണം

അഞ്ചു വയസ്സു വരെ കുഞ്ഞിനു വേണ്ടതെല്ലാം കൊടുത്തു രാജാവിനെപ്പോലെ വളര്‍ത്തണം. ആറു മുതല്‍ പതിനഞ്ചു വരെ അനുസരണ, അച്ചടക്കം, മര്യാദ തുടങ്ങിയവ പഠിപ്പിച്ചു് ലോകത്തില്‍ ഒരു നല്ല മനുഷ്യനായി വളരാന്‍ പര്യാപ്തനാക്കണം. പതിനാറു വയസ്സായാല്‍ തനിക്കൊപ്പം കരുതണം. വളരെ അന്വര്‍ത്ഥമായ ഉപദേശം!

ഭാരതത്തില്‍ പണ്ടു പുരുഷന്മാരുടെ പ്രായപൂര്‍ത്തിയ്ക്കുള്ള പ്രായം പതിനാറു വയസ്സാണെന്നു തോന്നുന്നു. പലയിടത്തും ഈ “ഷോഡശ”ത്തെപ്പറ്റി പരാമര്‍ശമുണ്ടു്. അതു പതിനെട്ടും ഇരുപത്തൊന്നുമായി ഇപ്പോള്‍ ഉയര്‍ന്നിട്ടുണ്ടു്. അതു് ഉചിതമാണു താനും. കാരണം കുട്ടിയുടെ രാജത്വം ഇപ്പോള്‍ അഞ്ചു വയസ്സില്‍ തീരുന്നില്ല. പത്തുപന്ത്രണ്ടു വയസ്സുവരെയും അതിനു ശേഷവും കുട്ടികളെ ലാളിക്കുന്ന രീതിയാണു് ഇപ്പോഴുള്ളതു്. ദാസനെപ്പോലെ കരുതുന്ന കാലം ഉണ്ടോ എന്നു തന്നെ സംശയം.

തലമുറകള്‍ കഴിയുന്നതോടെ മക്കളെ സുഹൃത്തുക്കളെപ്പോലെ കരുതുന്ന പ്രവണത കൂടുന്നുണ്ടു്. ഇതു സ്നേഹം കൂടുന്നതാണോ ബഹുമാനം കുറയുന്നതാണോ എന്നു പലരും തര്‍ക്കിക്കുന്നുണ്ടു്. ഏതായാലും ഇന്നത്തെ മക്കള്‍ അച്ഛന്റെ മുന്നില്‍ ഇരിക്കാന്‍ മടിയുള്ളവരല്ല. രണ്ടു തലമുറ മുമ്പു് അറുപതു വയസ്സുള്ള മക്കള്‍ കൂടി അച്ഛന്റെ മുന്നില്‍ ഇരിക്കാറില്ലായിരുന്നു.

എന്തായാലും പ്രായപൂര്‍ത്തിയായാല്‍ മക്കളെ സുഹൃത്തുക്കളെപ്പോലെ കരുതണം എന്ന കാര്യത്തില്‍ ഒരു സംശയവുമില്ല.