ഭര്‍ത്തൃഹരിയുടെ നീതിശതകത്തിലും കാളിദാസന്റെ അഭിജ്ഞാനശാകുന്തളത്തിലും (അഞ്ചാം അങ്കം) കാണുന്ന ഒരു പ്രസിദ്ധശ്ലോകം. ഇതു ഭര്‍ത്തൃഹരിയുടേതാണെന്നും ശാകുന്തളത്തില്‍ ആരോ പിന്നെ കൂട്ടിച്ചേര്‍ത്തതാണെന്നും (പ്രക്ഷിപ്തം) ആണു പണ്ഡിതമതം.
ഭവന്തി നമ്രാസ്തരവഃ ഫലോദ്‌ഗമൈര്‍-
നവാംബുഭിര്‍ ദൂരവിലംബിനോ ഘനാഃ
അനുദ്ധതാഃ സത്‌പുരുഷാഃ സമൃദ്ധിഭിഃ
സ്വഭാവ ഏവൈഷ പരോപകാരിണാം
അര്‍ത്ഥം:
തരവഃ ഫല-ആഗമൈഃ നമ്രാഃ ഭവന്തി | : | മരങ്ങള്‍ പഴങ്ങളുണ്ടാകുമ്പോള്‍ കുനിയുന്നു |
ഘനാഃ നവ-അംബുഭിഃ ദൂര-വിലംബിനഃ (ഭവന്തി) | : | മേഘങ്ങള്‍ പുതിയ വെള്ളമുണ്ടാകുമ്പോള്‍ കൂടുതല്‍ താഴുന്നു |
സത്‌പുരുഷാഃ സമൃദ്ധിഭിഃ അനുദ്ധതാഃ (ഭവന്തി) | : | നല്ല ആളുകള്‍ ഐശ്വര്യങ്ങളില്‍ അഹങ്കരിക്കില്ല |
ഏഷ പരോപകാരിണാം സ്വഭാവഃ ഏവ | : | ഇതു പരോപകാരികളുടെ സ്വഭാവം തന്നെയാണു്. |
“ഫലോദ്‌ഗമൈഃ” എന്നതിനു “ഫലാഗമൈഃ” എന്നും “ദൂരവിലംബിനഃ” എന്നതിനു “ഭൂരിവിലംബിനഃ” എന്നും പാഠഭേദം.
വംശസ്ഥം ആണു് ഇതിന്റെ വൃത്തം.
പരിഭാഷകള്‍:
ശാകുന്തളത്തിന്റെ മിക്കവാറും എല്ലാ പരിഭാഷകരും ഈ ശ്ലോകം പരിഭാഷപ്പെടുത്തിയിട്ടുണ്ടു്. മൂന്നെണ്ണം താഴെച്ചേര്‍ക്കുന്നു.
- ആറ്റൂര്‍ കൃഷ്ണപ്പിഷാരടി (വൃത്തം: വംശസ്ഥം)
മരങ്ങള്‍ താഴുന്നു ഫലാഗമത്തിനാല്‍;
പരം നമിക്കുന്നു ഘനം നവാംബുവാല്‍;
സമൃദ്ധിയാല്‍ സജ്ജനമൂറ്റമാര്‍ന്നിടാ;
പരോപകാരിക്കിതു താന്‍ സ്വഭാവമാം - ഏ. ആര്‍. രാജരാജവര്‍മ്മ (വൃത്തം: വംശസ്ഥം)
മരങ്ങള്‍ കായേറ്റു കുനിഞ്ഞു ചാഞ്ഞിടും;
ധരിച്ചു നീരം ജലദങ്ങള്‍ തൂങ്ങിടും;
ശിരസ്സു സത്തര്‍ക്കുയരാ സമൃദ്ധിയാല്‍;
പരോപകാരിക്കിതു ജന്മസിദ്ധമാം. - കേരളവര്‍മ്മ വലിയ കോയിത്തമ്പുരാന്‍ (വൃത്തം: ദ്രുതവിളംബിതം)
ഫലഭരേണ തരുക്കള്‍ നമിച്ചിടും;
ജലഭരേണ ഘനങ്ങളുമങ്ങനെ;
അലഘുസമ്പദി സജ്ജനവും തഥാ
വിലസിടുന്നു-ഗുണം ഗുണികള്‍ക്കിതു്.
അക്ഷരശ്ലോകം ഗ്രൂപ്പിലെ ഇ-സദസ്സില്‍ ഒരു സ-ഫ ശ്ലോകം filler ആയി ആവശ്യം വന്നപ്പോള്‍ ഇതിനെ അവലംബിച്ചു ഞാന്‍ എഴുതിയ ഒരു ശ്ലോകം: (വൃത്തം: ദ്രുതവിളംബിതം)
സ്ഖലിതഭാഗ്യമണഞ്ഞൊരു നാളിലും
നില മറക്കരുതാരുമൊരിക്കലും;
ഫലഗണം പൊഴിയും പൊഴുതേറ്റവും
തലയുയര്‍ത്തുകയാണു തരുവ്രജം.
മക്കളൊക്കെ ഒരു നിലയിലായി വിട്ടുപോകുമ്പോള്‍ അച്ഛനമ്മമാര്‍ക്കുള്ള സ്ഥിതിയാണു് ഇതെന്നായിരുന്നു ബാലേന്ദുവിന്റെ നിരീക്ഷണം 🙂
Umesh::ഉമേഷ് | 07-Sep-06 at 5:34 am | Permalink
മരങ്ങളും പരോപകാരികളും (ഇഞ്ചിയും പ്രാപ്രയുമല്ല) ഒരുപോലെയാണെന്നു പറയുന്ന ഒരു പ്രസിദ്ധശ്ലോകം. കാളിദാസന്റെയാണെന്നും ഭര്ത്തൃഹരിയുടെയാണെന്നും പറയപ്പെടുന്നു.
കുസ്രുതിക്കുടുക്ക | 07-Sep-06 at 7:20 am | Permalink
ഗുരുവേ പരിഭാഷ മനസ്സിലായി,
ഇതൊഴിച്ചു
നല്ല ആളുകള്‍ ഐശ്വര്യങ്ങളില്‍ ഉയരില്ല””
നല്ല ആളുകള്‍ ഐശ്വര്യങ്ങളില്‍ ഉയരില്ലേ?
നല്ല കുറച്ചു കണ്ണുകള്‍ എങ്കിലും ആ നന്മകള് കാണില്ലെ? അതും ഒരു ഉയര്‍ച്ച അല്ലെ?
അതൊ എനിക്കു തെറ്റിയോ?
ഇവിടെ ഉയര്‍ച്ച എന്നു കൊണ്ടു ഉദ്ദേശിച്ചതു എന്തണാവോ?
വല്യമ്മായി | 07-Sep-06 at 7:32 am | Permalink
കുടുക്കേ,നല്ല ആളുകള്‍ ഐശ്വര്യങ്ങളില്‍ അഹങ്കരിക്കില്ല എന്നാണ് ഉദ്ദേശിക്കുന്നത്.
സന്തോഷങ്ങളില്‍ അതിരറ്റ് സന്തോഷിക്കാതെ ദുഃഖങ്ങളില്‍ അതിരറ്റ് ദുഃഖിക്കാതെ മിതത്വം പാലിക്കണമെന്ന്.
അള്ളാഹു രാത്രിയേയും പകലിനേയും സൃഷ്ടിച്ചിരിക്കുന്നു.ബുദ്ധിയുള്ള മനുഷ്യര്‍ക്ക് അതിലൊരു ദൃഷ്ടാന്തമുണ്ട് എന്ന് ഖുറാന്.അതെ ഐശ്വര്യത്തിന് ശേഷം ഒരു ആപല്കാലം ഉണ്ടെന്നറിയുന്ന സജ്ജനങ്ങള്‍ അഹങ്കരിക്കില്ലല്ലോ
ഒമ്പതാം ക്ലാസ്സിലെ ഉപപാഠപുസ്തകത്തില്‍ പഠിച്ച ഊര്‍മ്മിളയുടെ കഥയാണ് ഇത് വായിച്ചപ്പോള്‍ ഓര്‍മ്മ വന്നത്.
Umesh::ഉമേഷ് | 07-Sep-06 at 2:16 pm | Permalink
കുസൃതിക്കുടുക്ക (ഇങ്ങനെയാണെഴുതേണ്ടതു് – kusr^thikkuTukka എന്നു മൊഴി.) ചൂണ്ടിക്കാണിച്ചതും വല്യമ്മായി തിരുത്തിയതും ശരി തന്നെ. “അനുദ്ധതാഃ” എന്നതിനു് “അഹങ്കരിക്കില്ല” എന്നു തന്നെയാണു വേണ്ടതു്-“ഉയരില്ല” എന്നതു വ്യക്തമല്ല.
തിരുത്തിയിട്ടുണ്ടു്. രണ്ടു പേര്‍ക്കും നന്ദി.