പക്ഷിമൃഗാദികളില്‍ നിന്നു മനുഷ്യനു് ഒരുപാടു കാര്യങ്ങള്‍ പഠിക്കാനുണ്ടെന്നാണു് ഒരു പ്രാചീനാചാര്യന്‍ പറയുന്നതു്. അത്തരം ഇരുപതു ഗുണങ്ങളാണു താഴെ.
സിംഹാദേകം ബകാദേകം
ശിക്ഷേച്ചത്വാരി കുക്കുടാത്
വായസാത് പഞ്ചശിക്ഷേ ച
ഷഡ്ശുനസ്ത്രീണി ഗര്‍ദ്ദഭാത്
അര്‍ത്ഥം:
സിംഹാത് ഏകം | : | സിംഹത്തില്‍ നിന്നു് ഒന്നും |
ബകാത് ഏകം | : | കൊക്കില്‍ നിന്നു് ഒന്നും |
കുക്കുടാത് ചത്വാരി | : | കോഴിയില്‍ നിന്നു നാലും |
വായസാത് പഞ്ചശിക്ഷേ | : | കാക്കയില്‍ നിന്നു് അഞ്ചും |
ശുനഃ ഷട് | : | പട്ടിയില്‍ നിന്നു് ആറും |
ഗര്‍ദ്ദഭാത് ത്രീണി ച | : | കഴുതയില്‍ നിന്നു മൂന്നും (ഗുണങ്ങള്‍) |
ശിക്ഷേത് | : | പഠിക്കണം |
ഓന്തു്, കുറുക്കന്, മുതല, കാണ്ടാമൃഗം തുടങ്ങിയവയില്‍ നിന്നും ചിലതൊക്കെ പഠിക്കാനുണ്ടു് എന്നാണു് ആധുനികമനുഷ്യന്റെ കണ്ടുപിടിത്തം.
പ്രവൃത്തം കാര്യമല്പം വാ
യോ നരഃ കര്‍ത്തുമിച്ഛതി
സര്‍വ്വാരംഭേണ തത്കാര്യം
സിംഹാദേകം പ്രചക്ഷതേ
അര്‍ത്ഥം:
കാര്യം അല്പം വാ പ്രവൃത്തം വാ | : | ഒരു കാര്യം ചെറുതായാലും വലുതായാലും |
യഃ നരഃ കര്‍ത്തും ഇച്ഛതി | : | ചെയ്യാന്‍ ആഗ്രഹിക്കുന്നവന് |
സര്‍വ്വാരംഭേണ തത്കാര്യം | : | മൊത്തം ശ്രമത്തോടെയും ചെയ്യണമെന്ന കാര്യം |
സിംഹാത് ഏകം പ്രചക്ഷതേ | : | സിംഹത്തില്‍ നിന്നു പഠിക്കേണ്ട ഗുണമാണു്. |
തര്‍ക്കിക്കുന്ന കാര്യമാണെങ്കില്‍ നമ്മളെല്ലാം സിംഹത്തെപ്പോലെ തന്നെ. ചെറുതായാലും വലുതായാലും പൂര്‍ണ്ണശക്തിയും ഉപയോഗിച്ചാണു വാദം!
ഇന്ദ്രിയാണി ച സംയമ്യ
ബകവത് പണ്ഡിതോ നരഃ
ദേശകാലബലം ജ്ഞാത്വാ
സര്‍വ്വകാര്യാണി സാധയേത്
അര്‍ത്ഥം:
പണ്ഡിതഃ നരഃ | : | പണ്ഡിതനായ മനുഷ്യന് |
ബക-വത് ഇന്ദ്രിയാണി സംയമ്യ | : | കൊക്കിനെപ്പോലെ ഇന്ദ്രിയങ്ങളെ അടക്കി |
ദേശ-കാല-ബലം ജ്ഞാത്വാ | : | സ്ഥലവും സമയവും നോക്കി |
സര്‍വ്വ-കാര്യാണി സാധയേത് | : | എല്ലാ കാര്യവും സാധിക്കണം. |
എന്തു ചെയ്യാന്‍, ഇങ്ങനെ ആയിപ്പോയി-അനീതിയും അക്രമവും കാണുമ്പോഴാണെന്നു മാത്രം. സ്ഥലവും കാലവും നോക്കി, ഇന്ദ്രിയങ്ങളെ അടക്കി, വാലും ചുരുട്ടി വീട്ടില്‍ പോകും നമ്മള്!
പ്രാഗുത്ഥാനഞ്ച യുദ്ധഞ്ച
സംവിഭാഗഞ്ച ബന്ധുഷു
സ്വയമാക്രമ്യഭുക്തഞ്ച
ശിക്ഷേച്ചത്വാരി കുക്കുടാത്
അര്‍ത്ഥം:
പ്രാക് ഉത്ഥാനം ച | : | നേരത്തേ ഉണരുകയും |
യുദ്ധം ച | : | യുദ്ധം ചെയ്യുകയും |
ബന്ധുഷു സംവിഭാഗം ച | : | കിട്ടിയതു ബന്ധുക്കളുമായി പങ്കുവയ്ക്കുകയും |
സ്വയം ആക്രമ്യ ഭുക്തം ച | : | സ്വയം ജോലി ചെയ്തു ഭക്ഷിക്കാനുണ്ടാക്കുകയും |
ചത്വാരി | : | എന്നു നാലു കാര്യങ്ങള്‍ |
കുക്കുടാത് ശിക്ഷേത് | : | കോഴിയില്‍ നിന്നു പഠിക്കണം. |
വക്കാരി വെറുതേ നിലാവത്തെ കോഴിയാണെന്നു പറഞ്ഞു നടക്കുന്നു. ഈ ഗുണങ്ങളില്‍ ഏതെങ്കിലും വക്കാരിക്കുണ്ടോ?
ഗൂഢമൈഥുനധീരത്വം
കാലേ കാലേ ച സംഗ്രഹം
അപ്രമത്തമവിശ്വാസം
പഞ്ചശിക്ഷേച്ച വായസാത്
അര്‍ത്ഥം:
ഗൂഢമൈഥുനധീരത്വം | : | രഹസ്യമായി മാത്രം മൈഥുനം ചെയ്യുന്നതും ധൈര്യവും |
കാലേ കാലേ ച സംഗ്രഹം | : | സമയം നോക്കി ഗ്രഹിക്കുന്നതും |
അപ്രമത്വം | : | ശ്രദ്ധയോടിരിക്കുന്നതും |
അവിശ്വാസം | : | ആരെയും വിശ്വസിക്കാതിരിക്കുന്നതും |
പഞ്ച വായസാത് ശിക്ഷേത് | : | (ഇങ്ങനെ) അഞ്ചു കാര്യം കാക്കയില്‍ നിന്നു പഠിക്കണം. |
ആദ്യത്തേതും അവസാനത്തേതും നമുക്കുണ്ടെന്നു തോന്നുന്നു. ആദ്യത്തേതു തല്ലു കൊള്ളുമെന്നു പേടിയുള്ളതു കൊണ്ടു്, അവസാനത്തേതു പാര കേറുമെന്നു പേടിയുള്ളതു കൊണ്ടും.
ബഹ്വാശീ സ്വല്പസന്തുഷ്ടഃ
സുനിദ്രോ ലഘുചേതനഃ
സ്വാമിഭക്തീ ച ശൂരത്വം
ഷഡേതേ ശ്വാനതോ ഗുണഃ
അര്‍ത്ഥം:
ബഹു-ആശീ | : | (കിട്ടിയാല്‍) വളരെ ഭക്ഷിക്കുന്നതും |
സ്വല്പ-സന്തുഷ്ടഃ | : | (അതേ സമയം) കുറച്ചു കിട്ടിയാല്‍ അതില്‍ സന്തോഷിക്കുന്നതും, |
സു-നിദ്രഃ | : | നല്ല പോലെ ഉറങ്ങുകയും, |
ലഘു-ചേതനഃ | : | (അതേ സമയം) “ഉറക്കബോധം” ഉണ്ടായിരിക്കുകയും |
സ്വാമി-ഭക്തീ | : | യജമാനനോടുള്ള ഭക്തിയും |
ശൂരത്വം | : | ശൂരത്വവും |
ഏതേ ഷട് ശ്വാനതഃ | : | ഈ ആറു കാര്യങ്ങള്‍ പട്ടിയില്‍ നിന്നും (പഠിക്കണം). |
“സുനിദ്രഃ” എന്നതിനു “സൂവിനെപ്പോലെ ഉറങ്ങുകയും” എന്നും, “ലഘുചേതനഃ” എന്നതിനു “പെരിങ്ങോടനെപ്പോലെ ലഘുചിത്തനായിരിക്കുകയും” എന്നു് ആര്‍ക്കെങ്കിലും അര്‍ത്ഥം തോന്നിയാല്‍ ബ്ലോഗുവായന കുറയ്ക്കണം എന്നു മനസ്സിലാക്കാം 🙂
“സ്വാമിഭക്തി”യുടെ മലയാളമാണു “മണിയടി”.
സുശ്രാന്തോऽപി വഹേദ് ഭാരം
ശീതോഷ്ണൌ ന ച പശ്യതി
സന്തുഷ്ടശ്ചരതേ നിത്യം
ത്രീണി ശിക്ഷേച്ച ഗര്‍ദ്ദഭാത്
അര്‍ത്ഥം:
സുശ്രാന്തഃ അപി ഭാരം വഹേത് | : | ക്ഷീണിച്ചാലും ഭാരം ചുമക്കുന്നതും |
ശീത-ഉഷ്ണൌ ന പശ്യതി | : | ചൂടും തണുപ്പും കണക്കാക്കാത്തതും |
നിത്യം സന്തുഷ്ടഃ ചരതേ | : | എന്നും സന്തോഷത്തോടുകൂടി നടക്കുന്നതും |
ത്രീണി ഗര്‍ദ്ദഭാത് ശിക്ഷേത് | : | (എന്നിങ്ങനെ) മൂന്നു കാര്യങ്ങള്‍ കഴുതയില്‍ നിന്നു പഠിക്കണം. |
ഈ ഗുണമൊന്നും നമുക്കില്ല. അതിനു നമ്മള് കഴുതകളല്ലല്ലോ!
യ ഏതാന് വിംശതി ഗുണാന്
ആചരിഷ്യതി മാനവഃ
കാര്യാവസ്ഥാസു സര്‍വ്വാസു
വിജയീ സംഭവിഷ്യതി
അര്‍ത്ഥം:
ഏതാന് വിംശതി ഗുണാന് | : | ഈ ഇരുപതു ഗുണങ്ങള്‍ |
യഃ മാനവഃ ആചരിഷ്യതു | : | ആചരിക്കുന്ന മനുഷ്യന് |
സര്‍വ്വാസു കാര്യ-അവസ്ഥാസു | : | എല്ലാ കാര്യങ്ങളിലും അവസ്ഥകളിലും |
വിജയീ സംഭവിഷ്യതി | : | വിജയിയായി ഭവിക്കും. |
എണ്ണി നോക്കിയിട്ടു് ഇതില്‍ എത്ര ഗുണമുണ്ടെന്നു പറയൂ. ജീവിതത്തില്‍ എത്ര വിജയിക്കും എന്നു നമുക്കു കണ്ടുപിടിക്കാം 🙂
എല്ലാവര്ക്കും ഓണാശംസകള്‍!
Umesh::ഉമേഷ് | 04-Sep-06 at 3:04 pm | Permalink
ഓണമായിട്ടു പക്ഷിമൃഗാദികളില്‍ നിന്നെങ്കിലും വല്ലതും പഠിക്കൂ – സുഭാഷിതം വായിക്കൂ.
എല്ലാവര്ക്കും ഓണാശംസകള്‍!
യാത്രാമൊഴി | 04-Sep-06 at 3:16 pm | Permalink
എണ്ണി നോക്കാന്‍ സമയമില്ല, അല്പം തിരക്കാണു. ഒരോണസദ്യ തരമായിട്ടുണ്ട്.അങ്ങോട്ട് ചെല്ലട്ടെ.
ഉമേഷ്ജിക്കും കുടുംബത്തിനും
ഓണാശംസകള്‍!
റഷീദ് | 04-Sep-06 at 5:07 pm | Permalink
ഉമേഷേട്ടാ.. സാധാരണ വായിച്ച് പോവാറേ ഉള്ളൂ. മറ്റൊന്നും കൊണ്ടല്ല. ഇത്തിരിവെട്ടത്തെല്ലേ വാസം വലിയകാര്യങ്ങളെ കുറിച്ച് അഭിപ്രായം പറയുമ്പോ കാല്‍മുട്ടിന്റെ വിറയല്‍ ഇപ്പോഴും മാറിയിട്ടില്ല.
നല്ല മാതൃകകള്‍, ഇനി മൃഗീയ സ്വഭവം എന്നോ മൃഗങ്ങളെ പോലെ എന്നോ പറഞ്ഞാല്‍ അവര്‍ ഓടിച്ചിട്ടടിക്കും. എന്നുതോന്നുന്നു.
ഇതിന്റെ വിപരീതാര്‍ത്ഥമുള്ള ഒരു അറബി കവിത ഞാന്‍ വായിച്ചിട്ടൂണ്ട്. അത് ഇങ്ങനെ,
നാലു പക്ഷികളുടെ സ്വാഭാവം ഒഴിവാക്കപെടേണ്ടതാണ്.
ഒന്ന് മയിലിന്റെ അഹങ്കാരം, രണ്ട് പരുന്തിന്റെ ധിക്കാരം, കാക്കയുടെ ആര്‍ത്തി, കോഴിയുടെ കാമം.
കൂടുതല്‍ എനിക്കറിയില്ല.
ഒരു ഓഫ് പറഞ്ഞോട്ടേ.. ഉമേഷേട്ടാ ഇതില്‍ പുലികളെ പറ്റി പറയുന്നേയില്ല.
പല്ലി | 04-Sep-06 at 5:16 pm | Permalink
പക്ഷികളില്‍ നിന്നുമൊക്കെ നമ്മള് ധാരാളം മനസിലാക്കുന്നുണ്ടു.
അതുകൊണ്ടാണല്ലൊ,കോഴിപ്രയോഗവും മറ്റും.
ഓണാശംസകള്‍
Umesh::ഉമേഷ് | 04-Sep-06 at 5:42 pm | Permalink
ഇത്തിരി വെട്ടമേ,
അറബി ന്നന്നായി അറിയാമെങ്കില്‍ “സുഭാഷിതം” പോലെ അറബിയിലുള്ള നല്ല ആപ്തവാക്യങ്ങള്‍ അറബിയില്‍ത്തന്നെ ഉദ്ധരിച്ചു മലയാളത്തില്‍ അര്‍ത്ഥം പറയുന്ന ഒരു ബ്ലോഗ് തുടങ്ങിക്കൂടേ? ഒരുപാടു നല്ല സുഭാഷിതങ്ങളും കവിതകളും ആ ഭാഷയിലുണ്ടെന്നു കേട്ടിട്ടുണ്ടു്. ഇതില്‍ വരുന്നതുപോലെ ധാരാളം പരിഭാഷകളും കമന്റായി എത്തും.
കുടിയന് | 04-Sep-06 at 5:43 pm | Permalink
നമ്മള് കഴുതകളല്ലല്ലോ?..ആണോ?….
എനിക്കൊന്നു തിരിഞ്ഞ് നോക്കണം.
റഷീദ് | 04-Sep-06 at 6:01 pm | Permalink
അറബി കണ്ടാല്‍ ഇത് അറബിയാണെന്നുപറയാനുള്ള അറിവേ ഉള്ളൂ. ഇതിന് ഏതായാലും അതു പോരാ. അതുകോണ്ട് അതിനുമാത്രമുള്ള ധൈര്യം ആയിട്ടില്ല.
പുള്ളി | 05-Sep-06 at 12:19 am | Permalink
ഇങ്ങിനെയൊക്കെ വിജയിക്കുന്നതിലും ഭേദം….
ഏതായാലും വായിക്കാന്‍ രസമുണ്ട് 🙂
കുസ്രുതിക്കുടുക്ക | 05-Sep-06 at 6:25 am | Permalink
ആചാര്യ ദേവോ നമ:
ഈ അദ്ധ്യാപക ദിനത്തില്‍ ഗുരുകുലത്തിലെ ഗുരുവിനും പ്രണാമം
ഒരു പാടു സ്നേഹവും ആദരവും ഗുരുദക്ഷിണ ആയി വെച്ചു ഞാനും ഈ ഗുരുകുലത്തിലെ വിദ്യാര്‍ഥി ആകുന്നു ഇന്നു മുതല്‍ …ഒപ്പം
മനസ്സിന്റെ തിരുമുറ്റതു മുക്കൂറ്റിയും ചെത്തിയും തുമ്പയും ചെമ്പരത്തിയും പിന്നെ നന്ദ്യാര്‍വട്ട പൂക്കളും കൊണ്ടു് പൂക്കളമൊരുക്കി അകലെയാണെങ്കിലും ഞാനും നിങ്ങളൊടൊപ്പം ഈ പൊന്നോണം ആഘോഷിക്കുന്നു,
സ്നേഹാദരങ്ങളോടെ
എത്ര ഗുണങ്ങല്‍ എന്നു എണ്ണി നോക്കിയിട്ടു് തിരിച്ചു വരാം 🙂
അരവിന്ദന് | 05-Sep-06 at 7:31 am | Permalink
നല്ല ഒന്നാന്തരം സുഭാഷിതം ഉമേഷ്ജ്യേ…
കോഴി-കാക്ക..കാക്കയില്‍ നിന്ന് പഠിക്കേണ്ട ഒരു ഗുണം കോഴിയില്‍ നിന്ന് പഠിച്ചത് കൊണ്ടാണെന്ന് തോന്നുന്നു, ഇന്ത്യയില്‍ പോപ്പുലേഷന്‍ പൊട്ടിത്തെറി 🙂
വല്യമ്മായി | 05-Sep-06 at 7:37 am | Permalink
നല്ല പാഠങ്ങള്‍.ഖുര്‍ ആനിനെ കുറിച്ചൊരു ബ്ലോഗ് അതെന്റേയും ഒരു സ്വപ്നമാണ്.നന്നായി പഠിക്കാതെ അതു ചെയ്താല്‍ ശരിയാവില്ല.
anomani | 05-Sep-06 at 8:34 am | Permalink
ഉമേഷേട്ടന്റെ ഓണസമ്മാനം വളരെ ഇഷ്ടപ്പെട്ടു. രസകരങ്ങളായ അടിക്കുറിപ്പുകളും. അറബി ഭാഷയിലെ ചിന്തകള്‍ക്കായി ഒരു ബ്ലോഗ് ! ഞങ്ങള്‍ എല്ലാവരും അതിനായി കാത്തിരിക്കുന്നു. ഉമേഷേട്ടന്റെ സ്നേഹനിര്ബ്ന്ധത്തിന് ആരെങ്കിലും വഴങ്ങുമെന്ന് കരുതുന്നു.
ദേവ് | 05-Sep-06 at 8:55 am | Permalink
ആചാര്യാ. ഭാരതീയരായ കണക്കപ്പിള്ളമാരുടെ രാശ്യാധിപന്‍ – പരുന്ത്
മനുഷ്യന് അവനില്‍ നിന്നും പഠിക്കേണ്ട ഏഴുപാഠങ്ങള്
യാ യേഷ സുപ്തേഷു ജാഗ്രതി..
Umesh::ഉമേഷ് | 05-Sep-06 at 7:09 pm | Permalink
സ്പാം അറ്റാക്കുകള്‍ അല്പം പ്രശ്നമായതിനാല്‍ ഒരു സ്പാം ഫില്‍ട്ടര്‍ ഇട്ടിട്ടുണ്ടു്. നേരത്തേ ഇതുണ്ടായിരുന്നു. പക്ഷേ അതു് രാജേഷിന്റെയും സീയെസ്സിന്റെയും ആദിത്യന്റെയും അവസാനം എന്റെയും വരെ കമന്റുകള്‍ സ്പാമായി കരുതിയതുകൊണ്ടാണു് അതു് എടുത്തു കളഞ്ഞതു്. മറ്റൊരു സംവിധാനം ഉണ്ടാവുന്നതുവരെ ഇതിവിടെ കിടക്കട്ടേ.
അതുപോലെ, ഒന്നില്‍ക്കൂടുതല്‍ ലിങ്കുകള്‍ ഉള്ള കമന്റുകളെ മോഡറേറ്റു ചെയ്യുന്നുണ്ടു്. അതുകൊണ്ടു് നിങ്ങളുടെ കമന്റില്‍ രണ്ടോ അതിലധികമോ ലിങ്കുണ്ടെങ്കില്‍ ഞാന്‍ അനുവദിച്ചുകഴിഞ്ഞേ അതു കമന്റാവുകയുള്ളൂ. പക്ഷേ ഇതു് അനുവാദം കിട്ടിക്കഴിഞ്ഞാല്‍ പിന്മൊഴിയില് വരും.
ചിലപ്പോള്‍ നിങ്ങളുടെ കമന്റുകളെ സ്പാം ആയി കണക്കാക്കിയെന്നു വരും. ഞാന്‍ പിന്നെപ്പോയി അണ്സ്പാം ചെയ്താലും അതു പിന്മൊഴികളില് വരില്ല. സമയം കിട്ടിയാല്‍ അതു ശരിയാക്കാം.
ഈ വേര്‍ഡ് വേരിഫിക്കേഷന് ഇടുന്നതു് എനിക്കത്ര ഇഷ്ടമല്ല. പകരം, എല്ലാവരും umesh എന്നു വേര്‍ഡ് വേരിഫിക്കേഷന് ആയി ഇടണം എന്നൊരു ലഘുവായ പദ്ധതി ആയാലോ?
കലേഷ് | 06-Sep-06 at 10:16 am | Permalink
ഉമേഷേട്ടാ, പഠിക്കേണ്ട കാര്യങ്ങള്‍ ഇത്തിരി കട്ടി തന്നെ!
ഉമേഷേട്ടോസൈക്ലോപ്പീഡികയിലെ ഓരോ പോസ്റ്റും ഒന്നിനൊന്ന് മെച്ചം!
jyothirmayi | 08-Sep-06 at 5:21 am | Permalink
കോഴി, ആട്, പശു(മരം, നദി,)എന്നിവയില്‍ നിന്നു പോലും പാഠങ്ങള്‍ പഠിയ്ക്കുന്നു ബുദ്ധിമാന്. എന്നാല്‍ ഞാനോ, കോഴിയെ നിര്ത്തിപ്പൊരിയ്ക്കണോ, കിടത്തിപ്പൊരിയ്ക്കണോ, അതോ പൊള്ളിച്ചാല്‍ മതിയോ(??) എന്നു ആലോചിക്കുന്നു. കഷ്ടം, ഗുരു തന്നെ വേണം എന്നെ രക്ഷിയ്ക്കാന്‍.
അജാദികുക്കുടാന് ദൃഷ്ട്വാ
പാഠം പഠതി ബുദ്ധിമാന്
സ്വാദിഷ്ടഭോജ്യം ലഭ്യേത
യഥാ തൈരിതി ചിന്തയേ
ധിങ് മാം:-( ഗുരുരേവ ത്രാതുമര്‍ഹസി.
Babukalyanam | 15-Feb-10 at 7:47 am | Permalink
“കിട്ടിയതു ബന്ധുക്കളുമായി പങ്കുവയ്ക്കുകയും”
അങ്ങിനെ ഒരു സ്വഭാവം കോഴിക്കുണ്ടോ?