ബൂലോഗത്തിനെ ഒരു ഭൂതം ബാധിച്ചിരിക്കുന്നു-സമസ്യാപൂരണത്തിന്റെ ഭൂതം.
“വെളുത്തു പോമെന്നിഹ തോന്നിടുന്നു” എന്ന സമസ്യയ്ക്കു പൂരണങ്ങള്‍ തേടിക്കൊണ്ടുള്ള പോസ്റ്റിനു് അപ്രതീക്ഷിതമായ സ്വീകരണമാണു കിട്ടിയതു്. പൂരണങ്ങള്‍ ക്രോഡീകരിച്ചു കൊണ്ടുള്ള പോസ്റ്റ് സമയം കിട്ടുമ്പോള്‍ എഴുതാം. അതിനിടയില്‍, സമസ്യാപൂരണം തലയ്ക്കു പിടിച്ച കവികളുടെ “ടച്ച്” വിട്ടു പോകാതിരിക്കാന്‍ അടുത്ത സമസ്യ.
സമസ്യ:
– – – – – – – – – – – – – – – – – – –
– – – – – – – – – – – – – – – – – – –
– – – – – – – – – – – – – – – – – – –
– – – – – – – – – – – – പഞ്ചേന്ദ്രിയാകര്‍ഷണം
വൃത്തം:
ശാര്‍ദ്ദൂലവിക്രീഡിതം (മ സ ജ സ ത ത ഗ , 12 അക്ഷരം കഴിഞ്ഞിട്ടു യതി: – – – v v – v – v v v – / – – v – – v -).
എന്റെ പൂരണം:
ഛായാഗ്രാഹകപൃഷ്ഠദര്‍ശന, മലര്‍ച്ചെണ്ടിന്റെ ചീയും മണം,
തീയൊക്കും വെയിലത്തു മേനികള് വിയര്‍ത്തീടുന്നതില്‍ സ്പര്‍ശനം,
മായം ചേര്‍ത്തൊരു ഭക്ഷണം, ചെകിടടച്ചീടും വിധം ഭാഷണം,
നായന്മാര്ക്കു വിവാഹഘോഷണ, മഹോ! പഞ്ചേന്ദ്രിയാകര്‍ഷണം!
(ഇതു മുമ്പു പ്രസിദ്ധീകരിച്ചതാണു്. വക്കാരി ഇതിനൊരു ഫോട്ടോയും പ്രസിദ്ധീകരിച്ചിരുന്നു.)
ശാര്‍ദ്ദൂലവിക്രീഡിതം ഉപേന്ദ്രവജ്രയെക്കാള്‍ ബുദ്ധിമുട്ടാണു്. എങ്കിലും എളുപ്പത്തില്‍ എഴുതാവുന്ന വൃത്തമാണതു്. വലിയ വൃത്തമായതുകൊണ്ടു് (ഒരു വരിയില്‍ 19 അക്ഷരം) വളരെ കാര്യങ്ങള്‍ എഴുതാന്‍ പറ്റും. അതിനാല്‍ കൂടുതല്‍ നല്ല പൂരണങ്ങള്‍ സാദ്ധ്യമാണു്.
നാലാമത്തെ വരിയിലെ അവസാനത്തെ ഏഴക്ഷരം മാത്രമേ തന്നിട്ടുള്ളൂ എന്നു ശ്രദ്ധിക്കുക. നാലാമത്തെ വരിയില്‍ത്തന്നെ അതിനു മുമ്പില്‍ പന്ത്രണ്ടക്ഷരമുണ്ടു്.
എല്ലാവര്ക്കും ആശംസകള്‍!
ഉമേഷ്::Umesh | 13-Oct-06 at 9:39 pm | Permalink
അടുത്ത സമസ്യ-“പഞ്ചേന്ദ്രിയാകര്‍ഷണം”.
കാളിയമ്പി | 13-Oct-06 at 10:13 pm | Permalink
ഭൂലോകത്തിലെങ്ങാണ്ടിരുന്നിട്ടൊരു ഗൂഗിളിന് ബ്ലോഗറിന്മേല്
കീമാപ്പെന്നൊരു നാരായവും കൊണ്ടു നേരം വെളുക്കും വരെ
നാലും കൂട്ടി മുറുക്കിയീ പിന്മൊഴി വാതില്‍ തുറന്നങ്ങഹോ
കാണും കൊട്ടുകലാശമെന്, തേവരേ പഞ്ചേന്ദ്രിയാകര്‍ഷണം..
കാളിയമ്പി | 13-Oct-06 at 10:15 pm | Permalink
ഞാന്‍ ഫസ്റ്റടിച്ചേ…ഹീയഹൂവാലുട്ടാപ്പീ..ഞാന്‍ ഫസ്റ്റടിച്ചേ…
ശനിയന്‍ | 14-Oct-06 at 2:17 am | Permalink
എന്റെ വക:
താതാ, നാദസ്വത്വദര്ശനസുഖമറിഞ്ഞാലിന്നു പ്രാപിക്കുമോ-
മുക്തിയാം നദിതന്നിഹപര ജ്ഞാനത്തിന് പൂച്ചെണ്ടുകള്‍?
താരാനാഥന്റെ ഗണത്തിലിന്നെത്ര സൌന്ദര്യ രാജ്ഞികളഹോ,
ഏവര്‍ക്കും ശ്വസനഗതിനിലച്ചു പോം, ഹാ! പഞ്ചേന്ദ്രിയാകര്‍ഷണം! (കാണുന്നവര്‍ക്ക് ശ്വാസഗതിനിലച്ചു പോം, ഹാ! പഞ്ചേന്ദ്രിയാകര്‍ഷണം!)
തിരുത്തിയത്:
താതാ, നാദസുദര്‍ശനാത്മകമറിഞ്ഞാലിന്നു പ്രാപിക്കുമോ-
വാണീദായകഭൂമിതന്റെയറിവായീടുന്ന പൂച്ചെണ്ടുകള്‍
താരാനാഥഗണത്തിലെത്ര വലുതാം സൌന്ദര്യരാജ്ഞീഗണം
കണ്ടാല്‍ മാരുതി നില്ക്കുമക്ഷണമഹോ, പഞ്ചേന്ദ്രിയാകര്‍ഷണം!
ഉമേഷ്ജി, ക്ഷമ സമ്മതിച്ചിരിക്കുന്നു! 🙂
പ്രത്യേക അറിയിപ്പ്: ഞാന്‍ പച്ചാളത്തിനു പഠിക്കുകയല്ല. 🙂
Dr.N.S.Panicker | 14-Oct-06 at 4:45 am | Permalink
കാമോദ്ദീപകവസ്തുവെന്നു മുസലിപ്പേരില്‍ പരസ്യം കൊടു-
ത്തീടും നിങ്ങളിതോര്‍ക്കണം സുഖമൃദുസ്പര്‍ശം സ്വരം സുന്ദരം
രൂപം നേത്രസുഖപ്രദം, മദമെഴും ഗന്ധം രസം രോചകം
സ്ത്രീയാണൂഴിയില്മാനുഷന്നു പരമം പഞ്ചേന്ദ്രിയാകര്‍ഷണം
ശ്രീജിത്ത് കെ | 14-Oct-06 at 6:20 am | Permalink
വൈവിധ്യമാര്ന്നൊരായിരം തരുണീമണികള്തന് ദര്‍ശ്ശനം,
സ്ഥായിയായ കള്ളിന്‍മണം, ഭക്ഷണത്തിനെത്രയോ അവസരങ്ങളും,
പലവിധബഹുമുഖസ്പര്ശ്ശനം, കര്ണ്ണാനന്ദകരമാം പഞ്ചാരയും
ബാച്ചിലര്‍ഹുഡ് അവിവാഹിതന് പഞ്ചേന്ദ്രിയാകര്‍ഷണം
മിടുക്കന് | 14-Oct-06 at 7:10 am | Permalink
ഉമേഷേട്ടാ, ഒരൊറ്റ വരി കവിത ഇന്നേ വരെ കുറിച്ചിട്ടില്ലത്താ ഒരു വിലക്ഷണകുക്ഷിയുടെ, ഒരു മുന്‍കൂര്‍ മാപ്പാപേക്ഷയോടെ…
”
ഉമേഷണ്ണന്റെ നൂതന ആശയവും,
പാച്ചാളത്തെ ഇടിവെട്ടും, കാവ്യഭാവനയും, മണ്ടൂസിന്റെ ചിരിയും കല്പനകളും,
കൊടകരയുടെ വിശാല ഹൃദയവും
എല്ലാം ബൂലൊകത്തിന്റെ പഞ്ചേന്ദ്രിയാകര്‍ഷണം.”
നീര്‍മാതളം | 14-Oct-06 at 8:36 am | Permalink
പ്രിയതമ തന് ക്ഷമാശീലവും
അവളുണ്ടാക്കും സാമ്പാറും,
പിന്നെയവളുടെ ശമ്പളവും,
എഴുതാത്ത ചിലതും മമ പഞ്ചേന്ദ്രിയാകര്‍ഷണം.
വല്യമ്മായി | 14-Oct-06 at 8:38 am | Permalink
അതൊരു ഒന്നര പൂരണമായി നീര്‍മാതളം.
വല്യമ്മായി | 14-Oct-06 at 9:02 am | Permalink
പിഞ്ചുകുഞ്ഞിന് നറും പുഞ്ചിരിയും
ബേബി സൊപ്പിന് ഇളം മണവും
പല്ലില്ലാ മോണയാലുള്ള കടിയും
ഉണ്ണി മൂത്രത്തിന്റെയിളം ചൂടും,ഹാ! പഞ്ചേന്ദ്രിയാകര്‍ഷണം
കാളിയമ്പി | 14-Oct-06 at 9:48 am | Permalink
പച്ചാളത്തിന് ‘ക്ലിതമവള്’ക്കില്ലാതെയീ സമസ്യാ ചമയ്ക്കല്‍ ശ്രമം
അച്ചോ എന്തു പരമബോരെന്നങ്ങൊരു സത്യം നൂറ്റൊന്നു തരം…
പച്ചാളമേ വരു,വന്നങ്ങൊരു നാലഞ്ച് പൂരണമിടൂ
അപ്പോള്‍ കാണാം കളി, വരും നൂറായിരം“ പഞ്ചേന്ദ്രിയാകര്‍ഷണം.“
കാളിയമ്പി | 14-Oct-06 at 10:11 am | Permalink
നീളന്മുടി കുതിര തന് വാലുപോലാക്കി ഒരുക്കിവച്ച്
പാലാപ്പള്ളിയില്‍ നിന്നുള്ള ചന്ദനം,”എന്നതാ” പോല്‍ ഭാഷണം
പാട്ടങ്ങൊപ്പിച്ച് നൃത്തവും, നേഴ്സറി ക്കുട്ടി പോല്‍ സ്വഭാവവും
കാണാം ടീവീല് റിമി ടോമി തന് ‘നവരസം’ പഞ്ചേന്ദ്രിയാകര്‍ഷണം…
ആരാധന കൂടി പ്രാന്തായതൊന്നുമല്ല…
എനിയ്ക്ക് മുട്ടായി വാങ്ങിച്ചു തന്നില്ലേല്‍ ….ഉമേഷേട്ടാ..ഞാന്‍ എല്ലാരോടും പറായുമേ….ഹി ഹി…
Dr.N.S.Panicker | 14-Oct-06 at 11:06 am | Permalink
പഞ്ചാഖ്യം പദമൊന്നു ചൊല്ലിയതിനെക്കൂട്ടീട്ടു കീഴ്ചൊല്ലുമീ
ഭൂതം തന്ത്രമതാകിലും പുനരിനി കര്‍മ്മാമൃതം ഗവ്യമോ
ലോഹഞ്ചാരയുമാരിസായകനുമാം ചേര്‍ക്കാം പുനഃ പാണ്ഡവര്‍
എന്നിട്ടും ബത പോരെയെങ്കിലിതുമാം പഞ്ചേന്ദ്രിയാകര്‍ഷണം
‘പഞ്ച’ ആഖ്യം പദമൊന്നു ചൊല്ലിയതിനെക്കൂട്ടീട്ടൂ കീഴ്ചൊല്ലുമീ
‘ഭൂതം’ തന്ത്ര’മതാകിലും പുനരിനി ‘കര്‍മ്മ’ ‘ആമൃതം’ ഗവ്യമോ
‘ലോഹം’ ച ‘ആര’ യും ‘ആരി’ ‘സായക’നുമാം ചേര്‍ക്കാം പുനഃ ‘പാണ്ഡവര്‍’
എന്നിട്ടും ബത പോരെയെങ്കിലിതുമാം പഞ്ചേന്ദ്രിയാകര്‍ഷണം
പന്ചഭൂതം, പഞ്ചതന്ത്രം, പഞ്ചകര്‍മ്മം, പഞ്ചാമൃതം, പഞ്ചലോഹം, പഞ്ചാര, പഞ്ചാരി, പഞ്ചസായകന്‍, പഞ്ചപാണ്ഡവര്‍, പഞ്ചേന്ദ്രിയം ഇങ്ങനെ പഞ്ച കൊണ്ടുള്ള വിക്രസ്സ്
mynaagan | 14-Oct-06 at 1:31 pm | Permalink
ശാര്ദ്ദൂലാകൃതി, മോരിനൊത്തു ചേരും മുതിരയോര്ത്തു കൊതിയിളകി,
കാണെക്കാണെ കണ്ട്രോള് പൊളിഞ്ഞു ദഹനക്കേടായ കുതിര!
ബൂലോകത്തിലിപ്പഴഞ്ചന് കെട്ടുകാഴ്ച്ചയാരെ പറ്റിക്കുവാനോ ?
കോലംകെട്ട കാലപ്രയാണത്തിങ്കലീ, പഞ്ചേന്ദ്രിയാകര്‍ഷണം!
സിദ്ധാർത്ഥന് | 14-Oct-06 at 8:24 pm | Permalink
പണിക്കർസാറിനു് അപ്ലാസ്
തള്ളവിരലു മടക്കി ബാക്കിയുള്ള നാലവന്മാരെ താടിക്കു താഴെ വീശാനായി വാഹ് വാഹ് എന്നും പറയുന്നു.
രണ്ടും ഉഗ്രോഗ്രം
Dr.N.S.Panicker | 15-Oct-06 at 3:23 am | Permalink
ഹാവൂ ന്റെ സിദ്ധാര്‍ത്ഥാ,
പെട്ടെന്നൊന്നങ്ങു വിയര്‍ത്തു പോയി, പിന്നെ സമാധാനിച്ചു- അങ്ങു ദുബായിയിലാണല്ലൊ അല്ലെ- കയ്യിങ്ങ് റായ്പ്പൂര്‍ വരെ നീളില്ലല്ലൊ അല്ലെ? അല്ല തള്ളവിരല്‍ മടക്കി താടിക്കു കീഴെ ഒന്നു വീശിയാല്‍- എന്റമ്മോ അവിടെയല്ലേ ഈ പിടലിയും ശ്വാസക്കുഴലും ഒക്കെ
ഒരു ശ്ലോകമെഴുതിപ്പോയാല് ഇത്രയും അപകടമുണ്ടോ
കൂമന് | 15-Oct-06 at 3:34 am | Permalink
ഈ വൃത്തം എനിക്കു വഴങ്ങൂല. എന്നാലും ഉമേഷിനെ നിരാശപ്പെടുത്തരുതല്ലോ എന്നു കരുതി ഒന്നു പടച്ചതാണ്.
നീളന്തൂശനിലയില്ത്തങ്കക്കായുപ്പേരി വിതാനി-
ച്ചോലന്നീളേ തൂവി തുമ്പപ്പൂഞ്ചോറാകെ വിളമ്പി-
ച്ചാരേമൊന്തതൂവുന്നിടം തൂപ്പാല്പ്പായസം മേവുന്നോ-
രോണശ്ശാപ്പാടല്ലേ മന്നനു പാരില്‍ പഞ്ചേന്ദ്രിയാകര്‍ഷണം
കണ്ണൂസ് | 15-Oct-06 at 7:50 am | Permalink
മന്ദ്രം, മധുര നാമജപങ്ങള് തിങ്ങിനില്ക്കുന്നൊരീ ശ്രീലകം
കുളിര്‍തെന്നല്‍ പകരുന്ന സാന്ത്വനം പോല്‍ നെറ്റിമേലോ ചന്ദനം
ഗന്ധം നറുപുഷ്പങ്ങള്‍ തന് ഹൃദ്യം, നാക്കില്‍ വായ്ക്കും തൃമധുരം
ഓര്ത്താലീ ദേവാലയദര്ശനമഹോ, പഞ്ചേന്ദ്രീയാകര്ഷണം.
ശരിയായോ?
indiaheritage | 15-Oct-06 at 1:26 pm | Permalink
ശ്യാമാംഗശ്ശുചിസോമസുന്ദരമുഖഃ സുത്രാമസമ്പൂജിതഃ
സേവ്യാനാം സകലാര്‍ത്തിഭഞ്ജനകരഃ ത്രൈലോക്യരക്ഷാകരഃ
മാമേവം തവ വേണുനാദമധുരാമശ്രൂയതാം കുര്‍വതാം
സാമോദം തവ പാദപദ്മനി മമ പഞ്ചേന്ദ്രിയാകര്‍ഷണം
ഉമേഷ്::Umesh | 16-Oct-06 at 9:40 pm | Permalink
പണിക്കര്‍ മാഷേ,
നല്ല പൂരണങ്ങള്‍. അവസാനത്തെ പൂരണത്തില്‍ “മമ പഞ്ചേന്ദ്രിയാകര്‍ഷണം” എന്നതില്‍ വൃത്തഭംഗമുണ്ടല്ലോ.
ബാക്കിയുള്ളവരുടെ പൂരണങ്ങളും കൊള്ളാം. പക്ഷേ ശനിയന്റേതൊഴികെ ഒന്നിനും വൃത്തം ശരിയായിട്ടില്ല. ശനിയന്റേതാകട്ടേ, അര്‍ത്ഥം മനസ്സിലാക്കാന്‍ പച്ചാളത്തെ കൊണ്ടുവരികയും വേണം 🙂
സമയം കിട്ടുമ്പോള്‍ ബാക്കിയുള്ളവയുടെ വൃത്തം ശരിയാക്കാന്‍ പറ്റുമോ എന്നു നോക്കാം.
വല്യമ്മായി പറഞ്ഞതുപോലെ നീര്‍മാതളത്തിന്റെ പൂരണം ഒരു ഒന്നര പൂരണമാണല്ലോ.
സിദ്ധാര്‍ത്ഥാ, ചില്ലു ശരിയല്ലല്ലോ.
indiaheritage | 17-Oct-06 at 3:09 am | Permalink
ഉമേഷേ,
ആ ‘പ’ ഒന്നു ബലം കൂട്ടി ഉച്ചരിക്കാന്‍ വല്ല യുക്തിയുമുണ്ടോ?
ഏതാണ്ട് ‘മമപ്പഞ്ചേന്ദ്രിയ’ എന്നപോലെ;
ഇല്ലെങ്കില്‍ ‘മമ’ ക്കു പകരം ‘പുനഃ’ എന്നാക്കിയാല്‍ മതി. മറുപടിക്കുമല്ലൊ അല്ലേ
സ്നേഹപൂര്‍വം
പണിക്കര്‍
Umesh::ഉമേഷ് | 17-Oct-06 at 1:10 pm | Permalink
കണ്ണൂസിന്റെ പൂരണം മനോഹരം. ശാര്ദ്ദൂലവിക്രീഡിതത്തിലാക്കിയതു്:
മന്ദ്രം നാമജപങ്ങളാല്‍ മുഖരിതം ശ്രീകോവി, ലെന്നും കുളിര്-
തെന്നല്‍ സാന്ത്വനമേകിടും പടി ലലാടത്തില്‍ കുളിര്‍ചന്ദനം,
ഗന്ധം സത്സുമജന്യ, മാ ത്രിമധുരം നാവിന്നു പീയൂഷമായ്,
പുണ്യം ദര്‍ശന, മമ്പലത്തിലതുലം പഞ്ചേന്ദ്രിയാകര്‍ഷണം!
കണ്ണൂസ്, ഇതു മതിയോ എന്നു നോക്കുക.
Umesh::ഉമേഷ് | 17-Oct-06 at 1:20 pm | Permalink
മൈനാകന്റെ പൂരണം ശാര്ദ്ദൂലവിക്രീഡിതത്തിലാക്കിയതു്:
ശാര്‍ദ്ദൂലാകൃതിയാര്‍ന്നു, മോരു മുതിരയ്ക്കൊപ്പം കലര്‍ത്തിക്കഴി-
ച്ചാകെക്കൂടി വയറ്റുനോവു പിടിപെട്ടശ്വം കണക്കീ വിധം
ബൂലോഗത്തില്‍ സമസ്യയെന്നൊരു പഴം പാഷാണമെന്തി? ന്നിതേ
കോലം കെട്ടൊരു കെട്ടുകാഴ്ച, യിതു പോല്‍ പഞ്ചേന്ദ്രിയാകര്‍ഷണം!
ഇതു തന്നെയല്ലേ ഉദ്ദേശിച്ചതു് എന്നു പറയുക.
Umesh::ഉമേഷ് | 17-Oct-06 at 1:33 pm | Permalink
കൂമന്സിന്റെ പൂരണം ശാര്ദ്ദൂലവിക്രീഡിതത്തിലാക്കിയതു്:
നീളന്‍ തൂശനിലയ്ക്കകത്തരികിലായുപ്പേരിയും, തുമ്പ തന്
പൂവിന് കാന്തി വരിച്ച ചോറു, ഘൃതവും, സൂപം തഥാ പപ്പടം,
ചാരേ മൊന്ത നിറഞ്ഞു തൂവി മധുരം പാല്‍പ്പായസം, മര്ത്യനി-
ന്നോണത്തിന്നു കഴിച്ച സദ്യ-യതു താന്‍ പഞ്ചേന്ദ്രിയാകര്‍ഷണം!
കൂമന്‍സേ, അഭിപ്രായം പറയുക. ഈ സദ്യ മതിയോ തത്കാലം? ഘൃതം = നെയ്യു്, സൂപം = പരിപ്പു്. ഓലനില്ല 🙁
Umesh::ഉമേഷ് | 17-Oct-06 at 1:47 pm | Permalink
നീര്‍മാതളത്തിന്റെ പൂരണം മിനുക്കിയെടുത്തു ശാര്ദ്ദൂലവിക്രീഡിതത്തിലാക്കിയതു്:
എന്‍ കാന്തയ്ക്കൊരു തുല്യയില്ലവനിയില്‍-മൊഞ്ചും ക്ഷമാശീലവും,
തിന്നാന്‍ ജീവനമാര്‍ന്ന ജന്മമിവനിന്നേകുന്ന ഭോജ്യങ്ങളും,
എന്നും ശമ്പളമൊക്കെയെല്ലു മുറിയെച്ചെയ്തിട്ടു കിട്ടുന്നതും,
പിന്നീടുണ്ടെഴുതാത്ത മറ്റു ചിലതും-പഞ്ചേന്ദ്രിയാകര്‍ഷണം!
നീര്‍മാതളമേ, ഇതു മതിയോ?
Umesh::ഉമേഷ് | 17-Oct-06 at 1:58 pm | Permalink
ശ്രീജിത്തിന്റെ പൂരണം ശാര്ദ്ദൂലവിക്രീഡിതത്തിലാക്കിയതു്:
വൈവിദ്ധ്യം കലരും സഹസ്രതരുണീരത്നങ്ങള്‍ തന് ദര്‍ശനം,
കള്ളിന് നിത്യമണം, തിരിഞ്ഞു കടി വിട്ടുള്ളെന്തുമേ ഭക്ഷണം,
കൈകള്‍, ബാഗു, ചെരിപ്പു തൊട്ട വഹയാലെന്നും മുഖസ്പര്‍ശനം,
പഞ്ചാരയ്ക്ക സമൃദ്ധി-ബാച്ചിലറിനോ പഞ്ചേന്ദ്രിയാകര്‍ഷണം!
ശ്രീജിത്ത്, ഇതു തന്നെയല്ലേ ഉദ്ദേശിച്ചതു്? 🙂
mynaagan | 17-Oct-06 at 2:02 pm | Permalink
ഉമേഷ് സാറേ, ഞാന്‍ വൃത്തത്തിനകത്ത് പണ്ടേ നില്‍ക്കാറില്ല. ‘പഞ്ചേന്ത്രിയാകര്ഷണം’ കാരണം അങ്ങനെയൊരു പറ്റ് പറ്റിപ്പോയതാണേ! വൃത്തത്തിനു പുരത്ത് ചടിയപ്പോള് ഇങ്ങനെയൊരു പരീക്ഷണം പ്രതീക്ഷിച്ചില്ല. പൂരണം ‘ക്ഷ’ പിടിച്ചു. ഈ സേവനം താങ്കള്‍ തുടരുക തന്നെ വേണം. ഞാന്‍ കഴിയുമ്പോഴൊക്കെ ശ്രമിക്കാം.
Umesh::ഉമേഷ് | 17-Oct-06 at 2:05 pm | Permalink
കാളിയമ്പിയുടെ ഒരു പൂരണത്തിന്റെ വൃത്തം ശരിയാക്കിയതു്:
ഭൂലോകത്തൊരിടത്തിരുന്നു വിരവോടാ ബ്ലോഗറാമോലയില്‍
കീമാപ്പെന്നൊരു തൂവലാല്‍ ചതുരമായ് നേരം വെളുക്കും വരെ
നാലും കൂട്ടി മുറുക്കി പിന്മൊഴി കുറിച്ചീടുന്ന നാനാവിധം
ചേരും കൊട്ടു കലാശമെന്റെ ശിവനേ! പഞ്ചേന്ദ്രിയാകര്‍ഷണം!
Umesh::ഉമേഷ് | 17-Oct-06 at 2:15 pm | Permalink
മിടുക്കന്റെ പൂരണം ശാര്‍ദ്ദൂലവിക്രീഡിതത്തില്‍:
ഇച്ചന്തം കലരുന്നിടങ്ങളിലുമേഷേട്ടന്റെ കാര്യങ്ങളും,
പച്ചാളക്കവികാവ്യഭാവനയുമാ മണ്ടന്റെ നര്‍മ്മങ്ങളും,
നല്‍ച്ചേലാര്‍ന്ന വിശാലഹൃത്കൊടകരത്താപ്പാന തന് ചിന്നവും,
മെച്ചം ചെരുമനേകമന്യവഹയും-പഞ്ചേന്ദ്രിയാകര്‍ഷണം!
മിടുക്കാ, ഇതു കിടുക്കനായോ, കടുക്കന്‍ കൊടുക്കാന്‍ വകുപ്പുണ്ടോ എന്നു നോക്കുക.
കാളിയമ്പി | 17-Oct-06 at 2:18 pm | Permalink
കണ്ണൂസിന്റെ പൂരണാം തിരുത്തി…മൈനാകന്റെ പൂരണം തിരുത്തി…ഇപ്പം വരുമെന്റേത് ..ഇപ്പം വരുമെന്നു വിചാരിച്ചു…
കൂമന്സിന്റെ തിരുത്തി….നീര്മാതളത്തിന്റ്റെ തിരുത്തി…..
അപ്പോഴും പ്രതീക്ഷ വിട്ടില്ല….
അവസാനം ശ്രീജിത്തിന്റേയും തിരുത്തി വന്നു……
പ്രതീക്ഷ വിട്ടു..ഇനിയില്ല…
തോറ്റുപോയിക്കണുമെന്നു വിചാരിച്ചു…സങ്കടമായി…
അപ്പോഴതാ വരുന്നു..ഹുറേ…
പണ്ട് ക്ലാസ്സില്‍ ഉത്തരക്കടലാസു തരുന്നതിനു ശേഷം…
ഇത്രയും ടെന്ഷനിപ്പോഴാണുമേഷേട്ടാ അനുഭവിച്ചത്…..
താങ്ക്യൂ…താങ്ക്യൂ…
Umesh::ഉമേഷ് | 17-Oct-06 at 2:24 pm | Permalink
താഴെ നിന്നു മുകളിലേക്കാണു കാളിയമ്പീ വായിച്ചതു്. ആദ്യം ഉത്തരം തന്നവന്റെ കടലാസ് അവസാനമേ നോക്കൂ 🙁
കാളിയമ്പിയുടെ ബാക്കിയുള്ളവ പിന്നെ ചെയ്യാം. വല്യമ്മായിയുടെ പൂരണം നന്നാക്കാമോ എന്നു നോക്കട്ടേ.
വല്യമ്മായി | 17-Oct-06 at 2:29 pm | Permalink
ഞാനും കാളിയന്റെ അതേറ്റെന്ഷനിലായിരുന്നു.ഇപ്പോള്‍ സമാധാനമായി.
കാളിയമ്പി | 17-Oct-06 at 2:35 pm | Permalink
ങാ….വല്യമ്മായീ ഞാന്‍ കാളിയനല്ല..കാളിയംബിയാ….അമ്പീന്ന് സ്നേഹത്തോടെ വിളിയ്ക്കൂ…..അല്ലങ്കില്‍ എനിയ്ക്കു വിഷമമാകും
ഞാനൊരു ലോല ഹൃദയനാണ്….
Umesh::ഉമേഷ് | 17-Oct-06 at 2:35 pm | Permalink
വല്യമ്മായി ഇതു വരെ വൃത്തത്തിലൊതുങ്ങിയില്ല. തത്ക്കാലം കാളിയമ്പിയുടെ മറ്റൊരു പൂരണം അടിച്ചുടച്ചതു്:
നീളന്‍ കുന്തളമശ്വപുച്ഛസമമായ് പിന്നില്‍ പതിപ്പിച്ചു, മാ
പാലാപ്പള്ളിയില്‍ നിന്നു ചന്ദനമതാ നെറ്റിയ്ക്കു പൊട്ടാക്കിയും,
ഗാനത്തിന്നിടെ നൃത്ത, “മെന്നതു?”, പൊടിപ്പിള്ളേരു പോല്‍ നാട്യവും,
സാനന്ദം റിമി ടോമി തന് നവരസം പഞ്ചേന്ദ്രിയാകര്‍ഷണം!
Umesh::ഉമേഷ് | 17-Oct-06 at 2:45 pm | Permalink
ഹാവൂ, അങ്ങനെ വല്യമ്മായിയുടെ ശ്ലോകവും ശരിയാക്കി!
പല്ലില്ലാത്തൊരു മോണ കൊണ്ടു കടിയും, പുണ്യാഹമായ് കുഞ്ഞു ചൂ-
ടുള്ളാ മൂത്രവു, മേറ്റവും മൃദുലമാം മെയ്യിന്റെ സാമീപ്യവും,
ചെഞ്ചെമ്മേ വിലസുന്ന പിഞ്ചുശിശുവിന്‍ ചാഞ്ചാട്ടവും കൊഞ്ചല്, ക-
ണ്ണഞ്ചും പുഞ്ചിരിയും, വഴിഞ്ഞ മണവും-പഞ്ചേന്ദ്രിയാകര്‍ഷണം!
ഇതു മതിയോ?
കാളിയമ്പി | 17-Oct-06 at 2:45 pm | Permalink
അങ്ങൊരു പ്രസ്ഥാനം തന്നെയുമേശേട്ടാ…ഞാന്‍ പോലും വിചാരിച്ചില്ല ഇതിത്രയും നന്നാകുമെന്ന്…
ആ ലിങ്ക് അത്യുഗ്രന്‍….
വല്യമ്മായി | 17-Oct-06 at 2:50 pm | Permalink
നന്ദി ഉമേഷ് ചേട്ടാ,വ്യാസം കൂട്ടി എന്നെ വൃത്തത്തിലാക്കിയതിന്.കാളിയമ്പീ….. ക്ഷമീ
കാളിയമ്പി | 17-Oct-06 at 2:54 pm | Permalink
പണ്ട് അപ്പൂപ്പനൊത്തിരി ചെറിയ ശ്ലോകങ്ങല്‍ പഠിപ്പിച്ചിരുന്നു…ഓര്‍മ്മ പോലും വയ്ക്കുന്നതിനു പോലും മുമ്പ്..
അതിലൊന്നാണ്..
സൂര്യസ്പര്ദ്ധി കിരീടമൂര്ധ്വ തിലക..
എന്നു തുടങ്ങുന്നൊരു നാരായണ വര്‍ണ്ണന…
എന്നും രാവിലെയെഴുനേല്ക്കുന്മ്പോള് മറ്റുപല ശ്ലോകങ്ങളുടേയും കൂടെ യിതും …ഏതാണ്ട് എട്ടാം ക്ലാസ്സു വരെ അര്‍ഥവും വാക്കുകളുമറിയാതെ ചൊല്ലിയിരുന്നു…
പിന്നെയിതെല്ലാം സമയംകൊല്ലിയെന്ന അഹങ്കാരം കുറേ നാള് ഭരിച്ച്പ്പോള് ആ ശീലമൊക്കെ നിന്നു…
വാക്കുകളുമിതുതന്നേയോ എന്നറിയില്ല…
അതു ശാര്‍ദ്ദൂല വിക്രീഡിതമാണോ ഉമേഷേട്ടാ?
താളമൊരു പോലെയുണ്ട്
അര്ഥവുമൊന്നു പറഞ്ഞു തരാമോ?
സമയമുള്ളപ്പോള്‍
Umesh::ഉമേഷ് | 17-Oct-06 at 2:55 pm | Permalink
എന്നാല്‍പ്പിന്നെ ഇതായിട്ടു് എന്തിനു ബാക്കിവെയ്ക്കണം? കാളിയമ്പിയുടെ ഇനിയുള്ള പൂരണം:
പച്ചാളം “ക്ലിത”മായി വന്നിടുകിലുണ്ടായീടുമേ പൂരണം
ലക്ഷം; ബോറവനില്ലയെങ്കി, ലൊരുവന്‍ പോലും വരില്ലീ വഴി.
മദ്യം മോന്തി, നിഘണ്ടു നോക്കി, യെഴുതാന്‍ പാച്ചാളമേ നീ വരൂ,
കാണാമേ കളി , നൂറു പൂരണവുമേ-“പഞ്ചേന്ദ്രിയാകര്‍ഷണം”!
ഇതോടെ ഇന്നത്തെ പൂരണങ്ങള്‍ കഴിഞ്ഞു. ഓഫീസില്‍ പോകണം 🙁
Umesh::ഉമേഷ് | 17-Oct-06 at 3:03 pm | Permalink
അതേ, അതും ശാര്‍ദ്ദൂലവിക്രീഡിതം തന്നെ. നാരായണീയം രണ്ടാം ദശകം,ഒന്നാം ശ്ലോകം.
സൂര്യസ്പര്ദ്ധികിരീട, മൂര്ദ്ധ്വതിലകപ്രോദ്ഭാസി ഫാലാന്തരം,
കാരുണ്യാകുലനേത്രമാര്‍ദ്രഹസിതോല്ലാസം, സുനാസാപുടം,
ഗണ്ഡോദ്യന്മകരാഭകുണ്ഡലയുഗം, കണ്ഠോജ്ജ്വലത്കൌസ്തുഭം
ത്വദ്രൂപം വനമാല്യഹാരപടലശ്രീവത്സദീപ്രം ഭജേ.
അതിന്റെ അര്‍ത്ഥം വളരെ എളുപ്പമാണല്ലോ. പദച്ഛേദം നടത്തി താഴെച്ചേര്‍ക്കുന്നു. തനിയേ ശ്രമിച്ചുനോക്കൂ.
സൂര്യ-സ്പര്‍ദ്ധി-കിരീടം, ഊര്‍ദ്ധ്വ-തിലക-പ്രോദ്ഭാസി ഫാല-അന്തരം, കാരുണ്യ-ആകുല-നേത്രം ആര്‍ദ്ര-ഹസിത-ഉല്ലാസം, സു-നാസാ-പുടം, ഗണ്ഡ-ഉദ്യത്-മകര-ആഭ-കുണ്ഡല-യുഗം, കണ്ഠ-ഉജ്ജ്വലത്-കൌസ്തുഭം, ത്വത്-രൂപം വനമാല്യ-ഹാര-പടല-ശ്രീവത്സ-ദീപ്രം ഭജേ.
Umesh::ഉമേഷ് | 17-Oct-06 at 3:11 pm | Permalink
പണിക്കര്‍മാഷേ,
“മമപ്പഞ്ചേന്ദ്രിയാകര്ഷണം” പറ്റില്ല. സംസ്കൃതശ്ലോകമല്ലേ? മലയാളത്തിലല്ലേ ഇമ്മാതിരി തരികിട പറ്റൂ? 🙂
“പുനഃ” കുഴപ്പമില്ല. നല്ലതാണു താനും. വീണ്ടും വീണ്ടും വണങ്ങുന്നു എന്നര്‍ത്ഥം.
കാളിയമ്പി | 17-Oct-06 at 3:29 pm | Permalink
സൂര്യനെ തോല്‍പ്പിയ്ക്കുന്ന കിരീടം(സ്പര്‍ദ്ധി-എന്നാല്‍ സ്പര്‍ദ്ധ എന്നതിന്റെ രൂപമല്ലേ…)മുകളിലോട്ടുള്ള തിലകം..(ഊര്ധ്വ- മുക്കളിലോട്ട് എന്നത് ഊര്ധ്വ ശ്വാസമെന്നതില് നിന്നൂഹിച്ചതാണ്) പിന്നെ നാരായണന് ഗോപീതിലകമാണല്ലോ..
പ്രോത്ഭാസി ഫാലാന്തരം….? തുടുത്ത കവിളുകള്‍ ?? ഫാലം എന്നത് കവിളുകള്‍ തന്നേയോ? പ്രോത്ഭാസമെന്നത് ഭംഗിയുള്ള എന്നതും ഊഹം..
കാരുണ്യാകുല നേത്രം…മനസ്സിലായി..
ആര്‍ദ്ര ഹസിതോല്ലാസവും സു നാസാപുടവും മനസ്സിലായി..
കുണ്ഡലം ചെവിയിലായതു കൊണ്ട് ഗണ്ഡം ചെവി തന്നെ…മകരം മത്സ്യം..ചെവിയില്‍ മത്സ്യത്തെപ്പോലെ ഭംഗിയുള്ള കുണ്ഡലങ്ങള്‍
കണ്ഠോജ്വലത് കൌസ്തുഭം-കഴുത്തില്‍ ഉജ്ജ്വലമായ കൌസ്തുഭം..(കൌസ്തുഭം കഴുത്തിലാണോ? മാറിലാണന്നൊരു ശങ്ക…? പക്ഷേ കണ്ഠം കഴുത്ത് തന്നെ..
ത്വത് രൂപം-അങ്ങയുടെ രൂപം..ത്വത് എന്നത് അങ്ങ് എന്നു തന്നെയോ?
വനമാല്യ ഹാരം -അറിയാം
ശ്രീവത്സം-അറിയാം
ദീപ്രം..അറിയില്ല..രൂപം എന്നാണോ?
ഭജേ…..
ശരിയാണോ ഉമേശേട്ടാ…തിടുക്കമില്ല…ഓഫീസില്‍ നിന്ന് വൈകുന്നേരം വന്നിട്ട് ഒരു ചായയൊക്കെ കുടിച്ച് …സമാധാനമായി മതി…
ഞാനോഫീസില്‍ നിന്ന് വന്നിട്ട് ചുമ്മാതിരിയ്ക്കുകയാ…
എന്നെങ്കിലും സമയം കിട്ടുമ്പോള്‍ മതി…ശരിയാണോന്ന് നോക്കി പറയണേ.
വരികളിങ്ങനൊന്നുമല്ലായിരുന്നു ഞാന്‍ ചൊല്ലുന്നത്..തോന്നിയ പോലെ എന്തൊക്കെയോ വാക്കുകളിട്ട് അറിയാത്ത ഗ്യാപ്പ് ഞാന്‍ തന്നെ അടച്ചിരുന്നു.
എന്തായാലും വളരെ നന്ദി…
ശിഷ്യപ്പെട്ടോട്ടേ?
കുട്ടന് മേനൊന് | 17-Oct-06 at 3:46 pm | Permalink
ശാര്ദ്ദൂലവിക്രീഡിതത്തെ കുറിച്ച് ഒരു തമാശ പങ്കുവെക്കുന്നു.
‘പന്ത്രണ്ടാല്‍ മസിതം സതന്ത ഗുരുവും ശാര്‍ദ്ദൂലവിക്രീഡിതം’ എന്നാണല്ലോ.
അതിനെ വിസ്തരിച്ചാല്‍ പന്ത്രണ്ടാം മാസത്തില്‍ പിറന്നവനും സ്വന്തം തന്തയും ഗുരുവും കൂടി ശാര്‍ദ്ദൂലം(പുലി)വിക്രീഡിതം(കളി) നടത്തി എന്നാവും. ഇതെത്രമാത്രം ശരിയാണെന്നറിയില്ല. പണ്ട് മലയാളം പഠിപ്പിച്ചിരുന്ന കൃഷ്ണന്‍മാഷുടെ സൃഷ്ടിയാണിത്.
സന്തോഷ് | 18-Oct-06 at 12:02 am | Permalink
കണ്ണിന്നുത്സവമേകി ഗന്ധമൊഴുകും കാര്‍കൂന്തലോടിങ്ങിതാ
പെണ്ണുങ്ങള് വരവായ്, പതുക്കെയറിവൂ പഞ്ചാരതന്‍സ്വാദു ഞാന്‍,
സൂചിത്തുമ്പവരേറ്റി, ‘നിര്ത്തു കെളവാ!’ യെന്നാട്ടിയോ, രെങ്കിലും
കാലത്തുള്ളൊരുയാത്ര വേദനയിലും പഞ്ചേന്ദ്രിയാകര്‍ഷണം!
ഉമേഷ്::Umesh | 18-Oct-06 at 12:14 am | Permalink
കോലില്‍ ചുറ്റിയ ചേലയും മിഴികള്‍ തന്നൂണായി, മീന്‍കാരി തന്
മേലില്‍ നിന്നു വരും വിയര്പ്പുമണവും പൂന്തെന്നലായ്, നാരി തന്
കാലാലുള്ള ചവിട്ടു കോള്മയിര്, തെറിത്തായാട്ടു പഞ്ചാമൃതം,
ചാലേ ബാച്ചിലര്‍മാര്‍ക്കു പെണ്ണു സതതം പഞ്ചേന്ദ്രിയാകര്‍ഷണം!
(സന്തോഷിന്റെ പൂരണത്തോടു കടപ്പാടു്)
കണ്ണൂസ് | 18-Oct-06 at 5:30 am | Permalink
പണ്ട് എന്റെ ഓഫീസില്‍ ഒരു സര്‍ദാര്‍ പയ്യനുണ്ടായിരുന്നു. അത്യാവശ്യമായി ഒരു കസ്റ്റമര്‍ക്ക് ഫാക്സ് ചെയ്തു കൊടുക്കേണ്ട കുറേ ഡോക്സ് കക്ഷി ഞങ്ങളുടെ ഓഫിസിലെ തന്നെ രണ്ടാമത്തെ ഫാക്സിലേക്ക് അയച്ച് സീറ്റില്‍ വന്നിരുന്നു. ആര്‍ക്കു കൊടുക്കണം എന്നറിയാതെ മറ്റേ മഷീനില് കുറേ നേരം കിടന്ന ഡോക്സ് അവസാനം കറങ്ങിത്തിരിഞ്ഞ് ഇവന്റെ കയ്യില്‍ത്തന്നെ തിരിച്ചെത്തി. അപ്പോഴേ കീറിക്കളഞ്ഞ് ശരിയായ നമ്പറില്‍ ഫാക്സ് ചെയ്ത് പ്രശ്നം ഒതുക്കേണ്ടതിനു പകരം ചങ്ങാതി അതും എടുത്ത് ബോസിന്റെ അടുത്ത് പോയി, വയറു നിറയെ ചീത്ത വാങ്ങി തിരിച്ച് സീറ്റില്‍ ഇരുന്നപ്പോള്‍ എന്റെ വേറൊരു സുഹൃത്ത് എന്നോട് പറഞ്ഞു.
” ആദ്മി ഔര്‍ സര്‍ദാര്‍ മേം യേ ഫറക് ഹോതാ ഹേ”
ഇത്രയും പറയാന്‍ കാരണം, എന്റെ “പൂരണവും” ഉമേഷിന്റെ കറക്ഷനും അടുത്ത് വെച്ച് വായിച്ചപ്പോള്‍ ഉള്ളില്‍നിന്നാരോ പറഞ്ഞു.
” കപി ഔര്‍ കവി മേം യേ ഫറക് ഹോതാ ഹേ”
Rajesh R Varma | 18-Oct-06 at 11:47 pm | Permalink
ഒരു മൊഞ്ചത്തിയെ ഹാജരാക്കിയിരിക്കുന്നു. തുളസിയുടെ പടത്തില്‍ കണ്ടവള്‍ തന്നെ.
Umesh::ഉമേഷ് | 19-Oct-06 at 3:50 am | Permalink
രസികന്‍ ശ്ലോകം, രാജേഷ്!
അഷ്ടപ്രാസവും സമാസോക്തിയും സസ്പെന്‍സും എല്ലാം ഉഗ്രന്‍!
കണ്ണൂസേ, ഞാന്‍ കവിയല്ല, വെറും പദ്യമെഴുത്തുതൊഴിലാളി മാത്രം. കവി കണ്ണൂസ് തന്നെ 🙂
മിടുക്കന് | 19-Oct-06 at 6:03 am | Permalink
ഉമേഷണ്ണാ….
ഇതിനു കിടുക്കന്‍ അല്ല…
പൊന്നും വള ഇടിക്കണം ഇതെഴുതിയാ ആ കയ്യില്‍…
:))
ഇടിവെട്ട്.. തന്നെ.. ഇടിവെട്ട്..
rajendran sharjah | 22-Oct-06 at 1:42 am | Permalink
ellam nannayittund, Bhaavukanngal
ഇഡ്ഢലിപ്രിയന്‍ | 22-Oct-06 at 1:24 pm | Permalink
ഇതാ എന്റെ ചെറിയൊരു പരീക്ഷണം…
“നാറും ചേലയിലത്തറും, മുടിയില്‍ ബില്‍ക്രീമിന്‍ പുറം പൂച്ചുമായ്,
ബാറില്‍ പോയ് പലവേളമോന്തി അന്തിയൊടുവില്‍ വാളും വലിച്ചങ്ങിനെ,
രാവില്‍ വീടുതെണ്ടിമണ്ടിയലയും പാവം ബാച്ചിക്കഹോ!
ചേലുള്ളോരു വിവാഹജീവിതം സദാ പഞ്ചേന്ദ്രിയാകര്‍ഷണം.”
ഉമേഷേട്ടാ, വൃത്തം ശരിയാണോ? മൂന്നാമത്തെ വരിയില്‍ എന്തെങ്കിലും പിശകുണ്ടോ?
ഇഡ്ഢലിപ്രിയന്‍ | 22-Oct-06 at 1:47 pm | Permalink
ചെറിയൊരു തിരുത്ത്…
“നാറും ചേലയിലത്തറും, മുടിയില്‍ ബില്‍ക്രീമിന്‍ പുറം പൂച്ചുമായ്,
ബാറില്‍ പോയ് പലവേളമോന്തി അന്തിയൊടുവില്‍ വാളും വലിച്ചങ്ങിനെ,
രാവില്‍ വീടുതെണ്ടിമണ്ടിയലയും പാവം ബാച്ചിക്കു പൂ-
ഞ്ചേലുള്ളോരു വിവാഹജീവിതമതു സദാ പഞ്ചേന്ദ്രിയാകര്‍ഷണം.”
Umesh::ഉമേഷ് | 22-Oct-06 at 2:47 pm | Permalink
ഇഡ്ഡലിപ്രിയാ,
വൃത്തം മിക്കവാറും ശരിയായിട്ടുണ്ടു്. രണ്ടാം വരിയില്‍ “അന്തി” വേണ്ട. “മോന്തിയൊടുവില്” എന്നു മതി. മൂന്നാം വരിയില്‍ “വീടു തെണ്ടി” എന്നിടത്തു് ഒരക്ഷരത്തിന്റെ (ലഘു) കുറവുണ്ടു്.(“വീടതു തെണ്ടി” എന്നോ മറ്റോ.) “പാവം ബാച്ചിയ്ക്കു” എന്നിടത്തും ഒരക്ഷരത്തിന്റെ കുറവുണ്ടു്. (വം, ബാ എന്നിവയ്ക്കിടയില്‍ ഒരു ലഘു.) “വിവാഹജീവിതമതു സദാ…” എന്നിടത്തു രണ്ടു ലഘു കൂടുതലുണ്ടു്. “വിവാഹജീവിതമഹോ” എന്നോ മറ്റോ ആയാല്‍ ശരിയാവും.
ഒന്നു കൂടി ശ്രമിച്ചുനോക്കൂ.
Umesh::ഉമേഷ് | 24-Oct-06 at 3:07 pm | Permalink
ഇവിടെ കിട്ടിയ സമസ്യാപൂരണങ്ങള്‍ ഇവിടെ ക്രോഡീകരിച്ചിട്ടുണ്ടു്.
നീര്‍മാതളം | 17-Nov-06 at 2:33 pm | Permalink
“ഞാന്‍ കവിയല്ല, വെറും പദ്യമെഴുത്തുതൊഴിലാളി മാത്രം.”
വൃത്തം എന്നത്തും ഞാനും തമ്മില്‍ ഒരു ബന്ധവും ഇല്യ.
അതും വൃത്തത്തില്‍ ആക്കിയ പദ്യമെഴുത്തുതൊഴിലാളി ഗുരോ
ഗംഭീരം എന്നു പറ്ഞ്ഞാല് അതു കുറഞ്ഞു പോകും…