സമസ്യ: വെളുത്തു പോമെന്നിഹ തോന്നിടുന്നു

സമസ്യാപൂരണം

രസകരങ്ങളായ സമസ്യാപൂരണങ്ങള്‍ എന്ന പോസ്റ്റിനെത്തുടര്‍ന്നു് സമസ്യാപൂരണങ്ങളിലുള്ള ബൂലോഗര്‍ക്കുള്ള താത്‌പര്യം വര്‍ദ്ധിച്ചിട്ടുണ്ടു്. ഒരു സമസ്യാപൂരണബ്ലോഗ് തുടങ്ങുമോ എന്നു പലരും ചോദിച്ചു. അതല്പം കടന്ന കയ്യാണെങ്കിലും, ഇവിടെത്തന്നെ വല്ലപ്പോഴും സമസ്യകള്‍ പ്രസിദ്ധീകരിച്ചാലോ എന്നു വിചാരിക്കുകയാണു്. ഭാഷാപോഷിണിയും മംഗളവുമൊക്കെ വേണ്ടെന്നു വെച്ച ഈ വിനോദം നമുക്കു കൊണ്ടു നടക്കാന്‍ പറ്റുമോ എന്നു നോക്കാം. ശ്ലോകങ്ങളെഴുതാന്‍ ഒരു കളരിയുമാവും.

ആദ്യത്തെ സമസ്യയായി എളുപ്പമുള്ള വൃത്തവും ആശയവും നോക്കിയിട്ടു ശരിയായില്ല. അതുകൊണ്ടു് ഒരു നൂറ്റാണ്ടു പഴക്കമുള്ള ഒരു പ്രസിദ്ധസമസ്യ തന്നെ താഴെച്ചേര്‍ക്കുന്നു. വെണ്മണി അച്ഛന്‍ നമ്പൂതിരിയുടെയും കൊച്ചു നമ്പൂതിരിയുടെയും പൂരണങ്ങളും ചേര്‍ത്തിട്ടുണ്ടു്.

സമസ്യ ഇടുന്ന ആള്‍ ഒരു പൂരണവും കൊടുക്കണം എന്നൊരു കീഴ്‌വഴക്കമുണ്ടു്. അതനുസരിച്ചു ഞാന്‍ ഹൈസ്കൂളില്‍ പഠിക്കുമ്പോള്‍ എഴുതിയ ഒരു പൂരണവും ചേര്‍ക്കുന്നു. അതിനേക്കാള്‍ നല്ല ഒരെണ്ണം ഇപ്പോള്‍ എഴുതാന്‍ പറ്റിയില്ല. പറ്റിയാല്‍ ഇനിയും ചേര്‍ക്കാം.
സമസ്യ:

– – – – – – – – – – –
– – – – – – – – – – –
– – – – – – – – – – –
വെളുത്തുപോമെന്നിഹ തോന്നിടുന്നു

വൃത്തം:

ഉപേന്ദ്രവജ്ര (ജ ത ജ ഗ ഗ : v – v – – v v – v – -). മുമ്പുള്ള മൂന്നു വരി ഇതോ ഇന്ദ്രവജ്രയോ (ത ത ജ ഗ ഗ : – – v – – v v – v – -) ആകാം.

പൂരണങ്ങള്‍:

  1. വെണ്‍‌മണി അച്ഛന്‍ നമ്പൂതിരി:
    കുളുര്‍ത്ത ചെന്താമര തന്നകത്തെ-
    ദ്ദളത്തിനൊക്കും മിഴിമാര്‍മണേ! കേള്‍
    തളത്തില്‍ നിന്നിങ്ങനെ തന്നെ നേരം
    വെളുത്തുപോമെന്നിഹ തോന്നിടുന്നു!

  2. കൊച്ചുനമ്പൂതിരി:
    ചെറുപ്പകാലത്തു തനൂരുഹങ്ങള്‍
    കറുത്തിരു, ന്നായതിലതിലര്‍ദ്ധമിപ്പോള്‍
    വെളുത്തതോര്‍ത്താലിനി മേലിതെല്ലാം
    വെളുത്തുപോമെന്നിഹ തോന്നിടുന്നു!

  3. ഉമേഷ് (1980):
    കുളിച്ചിടുമ്പോളയി സുന്ദരീ, സോ-
    പ്പളിച്ചു തേക്കായ്ക നിറം വരുത്താന്‍
    കിളുര്‍ത്തു നില്‍ക്കും മുടി പോലുമിന്നു
    വെളുത്തുപോമെന്നിഹ തോന്നിടുന്നു!


പൂരണങ്ങള്‍ ദയവായി കമന്റായി ചേര്‍ക്കുക. ഒരാള്‍ക്കു` എത്ര പൂരണങ്ങള്‍‍ വേണമെങ്കിലും അയയ്ക്കാം. വൃത്തം തെറ്റാത്തവയും (തെറ്റിയാല്‍ നമുക്കു കമന്റുകളിലൂടെ നേരെയാക്കാം) ആശയം യോജിക്കുന്നവയുമായ പൂരണങ്ങള്‍ ഞാന്‍ പോസ്റ്റില്‍ത്തന്നെ ചേര്‍ക്കാം. മുമ്പു പ്രസിദ്ധീകരിച്ച പൂരണങ്ങളുടെ ആശയം കഴിയുന്നത്ര അപഹരിക്കാതിരിക്കാന്‍ ശ്രമിക്കുക.