ശാര്‍ദ്ദൂലവിക്രീഡിതത്തിലായതു കൊണ്ടാവാം, വെളുത്തു പോയ സമസ്യയുടെ അത്രയും പൂരണങ്ങള്‍ കിട്ടിയില്ലെങ്കിലും പഞ്ചേന്ദ്രിയാകര്‍ഷണം എന്ന സമസ്യയ്ക്കും 18 പൂരണങ്ങള്‍ കിട്ടി. അവ താഴെച്ചേര്‍ക്കുന്നു:
സമസ്യ:
– – – – – – – – – – – – – – – – – – –
– – – – – – – – – – – – – – – – – – –
– – – – – – – – – – – – – – – – – – –
– – – – – – – – – – – – പഞ്ചേന്ദ്രിയാകര്‍ഷണം
വൃത്തം:
ശാര്‍ദ്ദൂലവിക്രീഡിതം (മ സ ജ സ ത ത ഗ , 12 അക്ഷരം കഴിഞ്ഞിട്ടു യതി: – – – v v – v – v v v – / – – v – – v -).
സ്വന്തമായ പൂരണങ്ങള്‍ 7 എണ്ണം:
- ഉമേഷ്:
ഛായാഗ്രാഹകപൃഷ്ഠദര്‍ശന, മലര്‍ച്ചെണ്ടിന്റെ ചീയും മണം,
തീയൊക്കും വെയിലത്തു മേനികള്‍ വിയര്‍ത്തീടുന്നതില്‍ സ്പര്‍ശനം,
മായം ചേര്‍ത്തൊരു ഭക്ഷണം, ചെകിടടച്ചീടും വിധം ഭാഷണം,
നായന്മാര്‍ക്കു വിവാഹഘോഷണ, മഹോ! പഞ്ചേന്ദ്രിയാകര്‍ഷണം!
- പണിക്കര്‍:
കാമോദ്ദീപകവസ്തുവെന്നു മുസലിപ്പേരില്‍ പരസ്യം കൊടു-
ത്തീടും നിങ്ങളിതോര്‍ക്കണം സുഖമൃദുസ്പര്‍ശം സ്വരം സുന്ദരം
രൂപം നേത്രസുഖപ്രദം, മദമെഴും ഗന്ധം രസം രോചകം
സ്ത്രീയാണൂഴിയില്‍ മാനുഷന്നു പരമം പഞ്ചേന്ദ്രിയാകര്‍ഷണം
- പണിക്കര്‍:
പഞ്ചാഖ്യം പദമൊന്നു ചൊല്ലിയതിനെക്കൂട്ടീട്ടു കീഴ്ചൊല്ലുമീ
ഭൂതം തന്ത്രമതാകിലും പുനരിനി കര്‍മ്മാമൃതം ഗവ്യമോ
ലോഹഞ്ചാരയുമാരിസായകനുമാം ചേര്‍ക്കാം പുനഃ പാണ്ഡവര്‍
എന്നിട്ടും ബത പോരെയെങ്കിലിതുമാം പഞ്ചേന്ദ്രിയാകര്‍ഷണം
- പണിക്കര്‍:
ശ്യാമാംഗശ്ശുചിസോമസുന്ദരമുഖഃ സുത്രാമസമ്പൂജിതഃ
സേവ്യാനാം സകലാര്‍ത്തിഭഞ്ജനകരഃ ത്രൈലോക്യരക്ഷാകരഃ
മാമേവം തവ വേണുനാദമധുരാമശ്രൂയതാം കുര്‍വതാം
സാമോദം തവ പാദപദ്‌മനി പുനഃ പഞ്ചേന്ദ്രിയാകര്‍ഷണം
- സന്തോഷ്:
കണ്ണിന്നുത്സവമേകി ഗന്ധമൊഴുകും കാര്‍കൂന്തലോടിങ്ങിതാ
പെണ്ണുങ്ങള്‍ വരവായ്, പതുക്കെയറിവൂ പഞ്ചാരതന്‍സ്വാദു ഞാന്‍,
സൂചിത്തുമ്പവരേറ്റി, ‘നിര്‍ത്തു കെളവാ!’ യെന്നാട്ടിയോ, രെങ്കിലും
കാലത്തുള്ളൊരുയാത്ര വേദനയിലും പഞ്ചേന്ദ്രിയാകര്‍ഷണം!
- ഉമേഷ്:
കോലില്‍ ചുറ്റിയ ചേലയും മിഴികള്‍ തന്നൂണായി, മീന്‍കാരി തന്‍
മേലില്‍ നിന്നു വരും വിയര്‍പ്പുമണവും പൂന്തെന്നലായ്, നാരി തന്‍
കാലാലുള്ള ചവിട്ടു കോള്‍മയിര്‍, തെറിത്തായാട്ടു പഞ്ചാമൃതം,
ചാലേ ബാച്ചിലര്‍മാര്‍ക്കു പെണ്ണു സതതം പഞ്ചേന്ദ്രിയാകര്‍ഷണം!
- രാജേഷ് വര്‍മ്മ:
പുഞ്ചപ്പാടവരമ്പിലാടി, യിളകിക്കൊഞ്ചിച്ചിരി, ച്ചാടതന്‍
തുഞ്ചം കോട്ടിയ കുമ്പിളില്‍പ്പുതുമണം തഞ്ചുന്ന പൂ നുള്ളിയും
നെഞ്ചില്‍ത്തൊട്ടു തലോടി, യെന്‍ ചൊടികളില്‍ പഞ്ചാരമുത്തം തരും
മൊഞ്ചത്തിപ്പുതുമാരി തന്‍ വരവിതില്‍ പഞ്ചേന്ദ്രിയാകര്‍ഷണം!
കൂട്ടുപൂരണങ്ങള്‍ 11 എണ്ണം:
- കാളിയമ്പി/ഉമേഷ്:
ഭൂലോകത്തൊരിടത്തിരുന്നു വിരവോടാ ബ്ലോഗറാമോലയില്‍
കീമാപ്പെന്നൊരു തൂവലാല്‍ ചതുരമായ് നേരം വെളുക്കും വരെ
നാലും കൂട്ടി മുറുക്കി പിന്മൊഴി കുറിച്ചീടുന്ന നാനാവിധം
ചേരും കൊട്ടു കലാശമെന്റെ ശിവനേ! പഞ്ചേന്ദ്രിയാകര്‍ഷണം!
- ശനിയന്‍/ഉമേഷ്:
താതാ, നാദസുദര്‍ശനാത്മകമറിഞ്ഞാലിന്നു പ്രാപിക്കുമോ-
വാണീദായകഭൂമിതന്റെയറിവായീടുന്ന പൂച്ചെണ്ടുകള്‍
താരാനാഥഗണത്തിലെത്ര വലുതാം സൌന്ദര്യരാജ്ഞീഗണം
കണ്ടാല്‍ മാരുതി നില്ക്കുമക്ഷണമഹോ, പഞ്ചേന്ദ്രിയാകര്‍ഷണം! - ശ്രീജിത്ത്/ഉമേഷ്:
വൈവിദ്ധ്യം കലരും സഹസ്രതരുണീരത്നങ്ങള്‍ തന്‍ ദര്‍ശനം,
കള്ളിന്‍ നിത്യമണം, തിരിഞ്ഞു കടി വിട്ടുള്ളെന്തുമേ ഭക്ഷണം,
കൈകള്‍, ബാഗു, ചെരിപ്പു തൊട്ട വഹയാലെന്നും മുഖസ്പര്‍ശനം,
പഞ്ചാരയ്ക്ക സമൃദ്ധി-ബാച്ചിലറിനോ പഞ്ചേന്ദ്രിയാകര്‍ഷണം!
- മിടുക്കന്‍/ഉമേഷ്:
ഇച്ചന്തം കലരുന്നിടങ്ങളിലുമേഷേട്ടന്റെ കാര്യങ്ങളും,
പച്ചാളക്കവികാവ്യഭാവനയുമാ മണ്ടന്റെ നര്‍മ്മങ്ങളും,
നല്‍ച്ചേലാര്‍ന്ന വിശാലഹൃത്കൊടകരത്താപ്പാന തന്‍ ചിന്നവും,
മെച്ചം ചെരുമനേകമന്യവഹയും-പഞ്ചേന്ദ്രിയാകര്‍ഷണം!
- നീര്‍മാതളം/ഉമേഷ്:
എന്‍ കാന്തയ്ക്കൊരു തുല്യയില്ലവനിയില്‍-മൊഞ്ചും ക്ഷമാശീലവും,
തിന്നാന്‍ ജീവനമാര്‍ന്ന ജന്മമിവനിന്നേകുന്ന ഭോജ്യങ്ങളും,
എന്നും ശമ്പളമൊക്കെയെല്ലു മുറിയെച്ചെയ്തിട്ടു കിട്ടുന്നതും,
പിന്നീടുണ്ടെഴുതാത്ത മറ്റു ചിലതും-പഞ്ചേന്ദ്രിയാകര്‍ഷണം!
- വല്യമ്മായി/ഉമേഷ്:
പല്ലില്ലാത്തൊരു മോണ കൊണ്ടു കടിയും, പുണ്യാഹമായ് കുഞ്ഞു ചൂ-
ടുള്ളാ മൂത്രവു, മേറ്റവും മൃദുലമാം മെയ്യിന്റെ സാമീപ്യവും,
ചെഞ്ചെമ്മേ വിലസുന്ന പിഞ്ചുശിശുവിന്‍ ചാഞ്ചാട്ടവും കൊഞ്ചല്‍, ക-
ണ്ണഞ്ചും പുഞ്ചിരിയും, വഴിഞ്ഞ മണവും-പഞ്ചേന്ദ്രിയാകര്‍ഷണം!
- കാളിയമ്പി/ഉമേഷ്:
നീളന്‍ കുന്തളമശ്വപുച്ഛസമമായ് പിന്നില്‍ പതിപ്പിച്ചു, മാ
പാലാപ്പള്ളിയില്‍ നിന്നു ചന്ദനമതാ നെറ്റിയ്ക്കു പൊട്ടാക്കിയും,
ഗാനത്തിന്നിടെ നൃത്ത, “മെന്നതു?”, പൊടിപ്പിള്ളേരു പോല്‍ നാട്യവും,
സാനന്ദം റിമി ടോമി തന്‍ നവരസം പഞ്ചേന്ദ്രിയാകര്‍ഷണം!
- മൈനാകന്‍/ഉമേഷ്:
ശാര്‍ദ്ദൂലാകൃതിയാര്‍ന്നു, മോരു മുതിരയ്ക്കൊപ്പം കലര്‍ത്തിക്കഴി-
ച്ചാകെക്കൂടി വയറ്റുനോവു പിടിപെട്ടശ്വം കണക്കീ വിധം
ബൂലോഗത്തില്‍ സമസ്യയെന്നൊരു പഴം പാഷാണമെന്തി? ന്നിതേ
കോലം കെട്ടൊരു കെട്ടുകാഴ്ച, യിതു പോല്‍ പഞ്ചേന്ദ്രിയാകര്‍ഷണം!
- കൂമന്‍സ്/ഉമേഷ്:
നീളന്‍ തൂശനിലയ്ക്കകത്തരികിലായുപ്പേരിയും, തുമ്പ തന്‍
പൂവിന്‍ കാന്തി വരിച്ച ചോറു, ഘൃതവും, സൂപം തഥാ പപ്പടം,
ചാരേ മൊന്ത നിറഞ്ഞു തൂവി മധുരം പാല്‍പ്പായസം, മര്‍ത്യനി-
ന്നോണത്തിന്നു കഴിച്ച സദ്യ-യതു താന്‍ പഞ്ചേന്ദ്രിയാകര്‍ഷണം!
- കണ്ണൂസ്/ഉമേഷ്:
മന്ദ്രം നാമജപങ്ങളാല്‍ മുഖരിതം ശ്രീകോവി, ലെന്നും കുളിര്‍-
തെന്നല്‍ സാന്ത്വനമേകിടും പടി ലലാടത്തില്‍ കുളിര്‍ചന്ദനം,
ഗന്ധം സത്സുമജന്യ, മാ ത്രിമധുരം നാവിന്നു പീയൂഷമായ്,
പുണ്യം ദര്‍ശന, മമ്പലത്തിലതുലം പഞ്ചേന്ദ്രിയാകര്‍ഷണം!
- കാളിയമ്പി/ഉമേഷ്:
പച്ചാളം “ക്ലിത”മായി വന്നിടുകിലുണ്ടായീടുമേ പൂരണം
ലക്ഷം; ബോറവനില്ലയെങ്കി, ലൊരുവന്‍ പോലും വരില്ലീ വഴി.
മദ്യം മോന്തി, നിഘണ്ടു നോക്കി, യെഴുതാന്‍ പാച്ചാളമേ നീ വരൂ,
കാണാമേ കളി , നൂറു പൂരണവുമേ-“പഞ്ചേന്ദ്രിയാകര്‍ഷണം”!
എല്ലാവര്‍ക്കും നന്ദി.
കൂടുതല്‍ പൂരണങ്ങള്‍ ദയവായി ഇവിടെ ഇടാതെ ഈ പോസ്റ്റില്‍ കമന്റായി ചേര്‍ക്കുക.
Umesh::ഉമേഷ് | 24-Oct-06 at 3:08 pm | Permalink
“പഞ്ചേന്ദ്രിയാകര്‍ഷണം” എന്ന സമസ്യയ്ക്കു കിട്ടിയ പൂരണങ്ങള്‍ ക്രോഡീകരിച്ചതു്.