ലോകാഃ സമസ്താഃ സുഖിനോ ഭവന്തു

സുഭാഷിതം

കല്ലേച്ചി ചോദിച്ചതുകൊണ്ടു് ഈ ശ്ലോകം ഇവിടെ ഉദ്ധരിക്കുന്നു. രാമായണത്തിന്റെ അവസാനത്തിലുള്ളതാണെന്നാണു് എന്റെ ഓര്‍മ്മ. ചിലപ്പോള്‍ രാമായണത്തെപ്പറ്റിയുള്ള ഏതെങ്കിലും പുസ്തകത്തിലായിരിക്കാം. കല്ലേച്ചി പറയുന്നതു പോലെ ഉപനിഷത്തിലേതല്ല.

സ്വസ്തി പ്രജാഭ്യഃ പരിപാലയന്താം
ന്യായ്യേന മാര്‍ഗേണ മഹീം മഹീശാഃ
ഗോബ്രാഹ്മണേഭ്യഃ സുഖമസ്തു നിത്യം
ലോകാഃ സമസ്താഃ സുഖിനോ ഭവന്തു

അര്‍ത്ഥം:

പ്രജാഭ്യഃ സ്വസ്തിഃ : പ്രജകള്‍ക്കു നല്ലതു (വരട്ടേ)
മഹി-ഈശാഃ ന്യായ്യേന മാര്‍ഗേണ : രാജാക്കന്മാര്‍ ന്യായത്തിന്റേതായ മാര്‍ഗ്ഗത്തിലൂടെ
മഹീം പരിപാലയന്താം : ഭൂമിയെ പരിപാലിക്കട്ടേ
ഗോ-ബ്രാഹ്മണേഭ്യഃ നിത്യം സുഖം അസ്തു : പശുക്കള്‍ക്കും ബ്രാഹ്മണന്മാര്‍ക്കും എന്നും സുഖമുണ്ടാകട്ടേ
സമസ്താഃ ലോകാഃ സുഖിനഃ ഭവന്തു : എല്ലാ ആളുകളും സുഖമുള്ളവരായി ഭവിക്കട്ടേ

ഇതിന്റെ നാലാമത്തെ വരി വളരെ പ്രസിദ്ധമാണു്.


ഏതെങ്കിലും മതത്തിനോടു ചായ്‌വുള്ള ശ്ലോകങ്ങളൊന്നും ഇതു വരെ “സുഭാഷിത”ത്തില്‍ ഞാന്‍ എഴുതിയിട്ടില്ല. ഈ നിര്‍ബന്ധം കൊണ്ടു് ഹിന്ദുമതഗ്രന്ഥങ്ങളില്‍ കാണുന്ന പല നല്ല ശ്ലോകങ്ങളും എനിക്കു് ഉള്‍ക്കൊള്ളിക്കുവാന്‍ കഴിഞ്ഞിട്ടില്ല. അവയെ ഉദ്ധരിക്കണമെങ്കില്‍ വേറേ ഏതെങ്കിലും വിഭാഗത്തിലാണു് ചേര്‍ക്കുക.

“ഗോബ്രാഹ്മണേഭ്യഃ” എന്ന ഹിന്ദുമതത്തിലെ പഴയ അനാചാരങ്ങളെ സൂചിപ്പിക്കുന്ന ഭാഗം ഉണ്ടെങ്കിലും ഇതു ഞാന്‍ ഇവിടെ ഉള്‍ക്കൊള്ളിക്കുകയാണു്-ആത്യന്തികമായി ഇതൊരു മംഗളസൂചകമായ സു-ഭാഷിതമായതു കൊണ്ടു്. കല്ലേച്ചിയുടെ പോസ്റ്റില്‍ ഒരു കമന്റായി എഴുതുന്നതിനെക്കാള്‍ ഇതാണു നല്ലതെന്നു തോന്നിയതു കൊണ്ടും.