ഭര്‍ത്തൃഹരിയുടെ വൈരാഗ്യശതകത്തില്‍ നിന്നു് ഒരു പ്രസിദ്ധശ്ലോകം.
ഭോഗേ രോഗഭയം, കുലേ ച്യുതിഭയം, വിത്തേ നൃപാലാദ് ഭയം,
മാനേ ദൈന്യഭയം, ബലേ രിപുഭയം, രൂപേ ജരായാ ഭയം,
ശാസ്ത്രേ വാദിഭയം, ഗുണേ ഖലഭയം, കായേ കൃതാന്താദ് ഭയം,
സര്‍വ്വം വസ്തു ഭയാന്വിതം ഭുവി നൃണാം-വൈരാഗ്യമേവാഭയം!
അര്‍ത്ഥം:
ഭോഗേ രോഗഭയം | : | അനുഭവിച്ചാല്‍ രോഗത്തിന്റെ ഭയം |
കുലേ ച്യുതിഭയം | : | നല്ല വംശത്തിലായാല്‍ കുലച്യുതിയുടെ ഭയം |
വിത്തേ നൃപാലാദ് ഭയം | : | പണമുണ്ടെങ്കില്‍ രാജാവിനെ ഭയം |
മാനേ ദൈന്യഭയം | : | അഭിമാനമുണ്ടെങ്കില്‍ ദാരിദ്ര്യം ഭയം |
ബലേ രിപുഭയം | : | ബലമുണ്ടെങ്കില്‍ ശത്രുക്കളെ ഭയം, |
രൂപേ ജരായാഃ ഭയം | : | സൌന്ദര്യമുണ്ടെങ്കില്‍ വാര്‍ദ്ധക്യത്തിലെ ജര ഭയം |
ശാസ്ത്രേ വാദിഭയം | : | അറിവുണ്ടെങ്കില്‍ വാദിക്കുന്നവരെ ഭയം |
ഗുണേ ഖലഭയം | : | ഗുണമുണ്ടെങ്കില്‍ ഏഷണിക്കാരെ ഭയം |
കായേ കൃതാന്താദ് ഭയം | : | ആരോഗ്യമുണ്ടെങ്കില്‍ മരണത്തെ ഭയം |
നൃണാം ഭുവി സര്‍വ്വം വസ്തു ഭയ-അന്വിതം | : | മനുഷ്യര്‍ക്കു ഭൂമിയില്‍ എല്ലാം ഭയം കലര്‍ന്നതാണു് |
വൈരാഗ്യം ഏവ അഭയം | : | വൈരാഗ്യം മാത്രമാണു് അഭയം! |
സുഖഭോഗങ്ങളില്‍ കൂടുതല്‍ മുഴുകുന്നവനു കൂടുതല്‍ രോഗങ്ങളും വരും. അതാണു “ഭോഗേ രോഗഭയം”. (“ഭോഗം” എന്നതിനു മലയാളത്തില്‍ ഇപ്പോള്‍ ഒരര്‍ത്ഥം മാത്രം വാച്യമായതു കൊണ്ടു് ഇതു കേള്‍ക്കുമ്പോള്‍ എയിഡ്സിനെപ്പറ്റി ഓര്‍ത്താല്‍ അവരെ കുറ്റം പറയാന്‍ കഴിയില്ല 🙂 )
“കുലേ ച്യുതിഭയം” എന്നതിനു രണ്ടു വ്യാഖ്യാനങ്ങള്‍ കണ്ടിട്ടുണ്ടു്. വലിയ വംശങ്ങള്‍ (സ്ഥാപനങ്ങള്‍, സാമ്രാജ്യങ്ങള്‍, സര്‍ക്കാരുകള്‍) ക്രമേണ നശിച്ചുപോകുന്നതു ചരിത്രസത്യം. വലുതായ എന്തിനും ഈ ഭയം ഉണ്ടാവും. മറ്റൊരു വ്യാഖ്യാനം, ഉന്നതകുലത്തില്‍ ജനിച്ചവനു ഭ്രഷ്ടനാകുന്നതിന്റെ ഭയം ഉണ്ടാവും എന്നാണു്.
കൂടുതല്‍ പണമുണ്ടായാല് അതു രാജാവു കൊണ്ടുപോകും എന്നതു പഴയ കാലത്തെ സ്ഥിരം പതിവായിരുന്നു. (നികുതി പിരിക്കുന്നതിനെയും ഇതില്‍ പെടുത്താം.) അതാണു “വിത്തേ നൃപാലാദ് ഭയം”. ഇന്നും സ്ഥിതി വ്യത്യസ്തമല്ല. രാജാവിനു പകരം ഗവണ്മെന്റാണെന്നു മാത്രം. കൂടാതെ രാഷ്ട്രീയ-ആത്മീയ സംഘടനകളും.
“പണമുണ്ടായാല് പിരിവുകാരെ ഭയം” എന്നതാണു ഇന്നത്തെ കാലത്തു കൂടുതല്‍ യോജിക്കുന്നതു്.
അഭിമാനിയായാല്‍ മറ്റുള്ളവരോടു സഹായം ചോദിക്കാന്‍ മടിക്കും. തത്ഫലമായി ദീനതയും ദാരിദ്ര്യവും ഫലം. അതാണു “മാനേ ദൈന്യഭയം”.
കൂടുതല്‍ ബലമുണ്ടാകുന്തോറും ശത്രുക്കളും കൂടും. അതാണു “ബലേ രിപുഭയം”.
സൌന്ദര്യമുള്ളവര്‍ക്കു വയസ്സാകാന്‍ വലിയ സങ്കടമാണു്. സൌന്ദര്യം മാത്രം മുതലായവര്‍ക്കു പ്രത്യേകിച്ചും. അതാണു “രൂപേ ജരായാഃ ഭയം”.
അറിവുണ്ടായാല്‍, അതു പ്രകടിപ്പിച്ചാല്‍, എതിര്‍ക്കാനും ആളുണ്ടാവും. ഒരു ശാസ്ത്രവും പൂര്‍ണ്ണസത്യമല്ലല്ലോ. അതാണു “ശാസ്ത്രേ വാദിഭയം”.
“ഖലന്‍” എന്ന വാക്കിനു സംസ്കൃതത്തില്‍ ഏഷണിക്കാരന് എന്നാണര്‍ത്ഥം. (ഇതു കാണുക.) ഗുണമുള്ള മനുഷ്യരെപ്പറ്റി ഏഷണി പറയാനും ആളു കൂടും. “ജനാനാം പീയൂഷം ഭവതി ഗുണിനാം ദോഷകണികാ” എന്നു മേല്‍പ്പത്തൂര്‍ നാരായണീയത്തില്‍ പറയുന്നു. അതാണു “ഗുണേ ഖലഭയം”.
ശരീരബലമുള്ളവനു മരണത്തെ ഭയമുണ്ടായിരിക്കും. അതാണു “കായേ കൃതാന്താദ് ഭയം”.
ഇതിനു “കാലേ കൃതാന്താദ് ഭയം” എന്നൊരു പാഠഭേദമുണ്ടു്. കാലം ചെല്ലുന്തോറും (നല്ല കാലം വരുമ്പോള്‍ എന്നും പറയാം) മരണത്തെ കൂടുതല്‍ ഭയക്കുന്നു എന്നു സാരം. കാലന്, കൃതാന്തന്‍ എന്നിവ പര്യായങ്ങളായതുകൊണ്ടു് “പുനരുക്തവദാഭാസം” എന്നൊരു അലങ്കാരവും ഈ പാഠത്തിനുണ്ടു്.
ഇങ്ങനെ എല്ലാം ഭയത്തിനു കാരണമാണു്. അല്ലാത്തതു വൈരാഗ്യം മാത്രമാണു്. “വൈരാഗ്യം” എന്ന വാക്കിനു മലയാളത്തില്‍ “വിദ്വേഷം” എന്ന അര്‍ത്ഥമാണു കൂടുതല്‍ പ്രചാരം. വൈരാഗ്യം അല്ലെങ്കില്‍ വിരാഗത അടുപ്പമില്ലായ്മയാണു്. ഒന്നിനോടും ആഗ്രഹമോ attachment-ഓ ഇല്ലാത്ത അവസ്ഥ. “സന്ന്യാസം” എന്നാണു് ഇതിന്റെ അര്‍ത്ഥം പറയുന്നതെങ്കിലും അത്രത്തോളം പോകണമെന്നില്ല. ഉദാഹരണമായി, ശാസ്ത്രത്തില്‍ ഒന്നാമനാകണമെന്നില്ലാത്തവനു വാദികളെ ഭയമില്ല. സൌന്ദര്യത്തില്‍ ശ്രദ്ധയില്ലാത്തവനു ജരാനരകളെയും ഭയമില്ല.
“അഭയം” എന്ന വാക്കിന്റെ ചാരുത ശ്രദ്ധിക്കുക. ഭയമില്ലായ്മ, ആലംബം എന്ന രണ്ടര്‍ത്ഥങ്ങളും ഇവിടെ നന്നായി ചേരുന്നു.
ഞാന്‍ ഇവിടെ ഒരു പരിഭാഷയ്ക്കു മുതിരുന്നില്ല. പരിഭാഷപ്പുലികളും യന്ത്രങ്ങളും അതിനു ശ്രമിക്കട്ടേ.
ഒരു ഹാസ്യാനുകരണം ആയ്ക്കോട്ടേ. ബ്ലോഗേഴ്സിന്റെ ഭയങ്ങളെപ്പറ്റി:
വീട്ടില്‍ ഭാര്യ ഭയം, പണിസ്ഥലമതില്‍ ബോസ്സിന് ഭയം, കൂടിടും
മീറ്റില്‍ തീറ്റി ഭയം, പ്രൊഫൈലിലപരന്‍ കാഷ്ടിച്ചിടും വന്‍ ഭയം,
ഓര്‍ക്കുട്ട് സ്ക്രാപ്പു ഭയം, കമന്റെഴുതുകില്‍ ലേബല്‍ ഭയം, കൈരളീ-
പോസ്റ്റില്‍ വിശ്വമുമേഷ്ഭയങ്ങ, ളഭയം ബ്ലോഗര്‍ക്കു കിട്ടാ ദൃഢം!
(രണ്ടാം വരി “മീറ്റിങ്കല്‍ സെമിനാര്‍ ഭയം,…” എന്നും, മൂന്നാം വരി “ചാറ്റില്‍ ബാച്ചിലര്‍മാര്‍ ഭയം,…” എന്നുമാണു് ആദ്യം എഴുതിയതു്. ബാക്കിയുള്ളവ വൃത്തത്തിലൊതുങ്ങിയില്ല. ശാര്‍ദ്ദൂലവിക്രീഡിതത്തിനു വലിപ്പം പോരാ എന്നു തോന്നിയ സന്ദര്‍ഭം 🙂 )
Umesh::ഉമേഷ് | 28-Nov-06 at 2:05 pm | Permalink
ഭയം: ഭര്‍ത്തൃഹരിയുടെ “ഭോഗേ രോഗഭയം…” എന്ന ശ്ലോകവും വിശദീകരണവും-സുഭാഷിതത്തില്‍.
കൂട്ടത്തില്‍ ബ്ലോഗേഴ്സിന്റെ ഭയങ്ങളെപ്പറ്റി ഒരു സ്വന്തം ശ്ലോകവും.
Umesh::ഉമേഷ് | 28-Nov-06 at 2:14 pm | Permalink
ഇതു ഗുരുകുലത്തിലെ 150-ാം പോസ്റ്റാണു്. മുപ്പത്തിരണ്ടാമത്തെ സുഭാഷിതവും.
su | 28-Nov-06 at 2:18 pm | Permalink
അഭിനന്ദനങ്ങള്‍. ഇനിയും ഇത്തരം അറിവുകള്‍ ഗുരുകുലത്തിലൂടെ ഞങ്ങള്‍ക്ക് ലഭിക്കാനിടയാവണം എന്ന് ആശിക്കുന്നു.
🙂
su | 28-Nov-06 at 2:21 pm | Permalink
ഹാസ്യാനുകരണം നന്നായി.
ബിന്ദു | 28-Nov-06 at 2:30 pm | Permalink
150 )0 പോസ്റ്റിനു ആശംസകള്‍!! 🙂
വല്യമ്മായി | 28-Nov-06 at 2:37 pm | Permalink
കൈരളീ-
പോസ്റ്റില്‍ വിശ്വമുമേഷ്ഭയങ്ങ??
ഇതു മാത്രം മനസ്സിലായില്ല.
അഭിനന്ദനങ്ങള്‍.
Umesh::ഉമേഷ് | 28-Nov-06 at 3:04 pm | Permalink
വല്യമ്മായീ,
രണ്ടര്‍ത്ഥം പറയാം. (ഒന്നില്‍ക്കൂടുതല്‍ അര്‍ത്ഥമില്ലെങ്കില്‍ പിന്നെ എന്തോന്നു ശ്ലോകം? 🙂 )
1) മലയാളം പോസ്റ്റുകള്‍ വായിക്കാന്‍ ചെന്നാല്‍ അബദ്ധത്തിനു് വിശ്വത്തിന്റെയോ ഉമേഷിന്റെയോ ബ്ലോഗില്‍ ചെന്നു പെടും എന്ന ഭയം. പിന്നെ അവന് ആയുസ്സില്‍ മലയാളം വായിക്കില്ല 🙂
2) അലമ്പു കമന്റിട്ടാല്‍ വിശ്വം ഇടയ്ക്കിടെ വന്നു രണ്ടു പെട തരും. അക്ഷരത്തെറ്റെഴുതിയാല് ഞാനും കൊടുക്കും പെട രണ്ടെണ്ണം. പോസ്റ്റെഴുതുന്നവര്ക്കു് ഈ രണ്ടു ഭയങ്ങളുണ്ടെന്നു് അര്‍ത്ഥം.
(ശ്രീജിത്ത്, ആദിത്യന്, പെരിങ്ങോടന് ഇവരെയൊക്കെ ഉള്‍ക്കൊള്ളിക്കണമെന്നു് ആഗ്രഹമുണ്ടായിരുന്നു. ശാര്‍ദ്ദൂലവിക്രീഡിതത്തിനു വലിപ്പം പോരാ എന്നു പറഞ്ഞില്ല്ലേ? 🙂 )
വേണമെങ്കില്‍ “പോസ്റ്റിട്ടീടിലനോണിയെബ്ഭയം” എന്നോ മറ്റോ ആക്കിക്കോളൂ.
(വിശ്വം ഇതു വായിക്കുന്നതിനു മുമ്പു് ഞാന്‍ ഓടട്ടേ…)
സൂ,ബിന്ദൂ, നന്ദി.
മുസാഫിര്‍ | 28-Nov-06 at 3:05 pm | Permalink
ഗുരുകുലത്തിലെ നൂറ്റി അമ്പതാമത്തെ പോസ്റ്റിനുള്ള അഭിനന്ദനങ്ങള്‍ ഉമേഷ്ജി.
ഹാസ്യാനുകരണവും നന്നായി
വല്യമ്മായി | 28-Nov-06 at 3:18 pm | Permalink
അത്രയേ ഉള്ളൂ,എന്തായാലും ഈ രണ്ടു ഭയവും എനിക്കില്ല,ഞാന്‍ പേടിയ്ക്കും എന്ന് കരുതിയാണോ ഉമേഷ് ചേട്ടനും വിശ്വേട്ടനും അങ്ങോട്ട് വരാത്തത്?
Viswaprabha വിശ്വം | 28-Nov-06 at 3:39 pm | Permalink
“(വിശ്വം ഇതു വായിക്കുന്നതിനു മുമ്പു് ഞാന്‍ ഓടട്ടേ…)”
ഉമേഷിന്റെ കഷ്ടകാലത്തിന് ഗുരുകുലത്തിലൊരു പുതിയ പോസ്റ്റുവന്നാല്‍ നിമിഷങ്ങള്‍ക്കകം എന്റെ കമ്പ്യൂട്ടറും അതിനോടു ഘടിപ്പിച്ചിരിക്കുന്ന ഒരു വലിയ അലാറവും ഉച്ചൈസ്തരം അലറിവിളിക്കും!
അകലെ ഏതെങ്കിലും മരുഭൂമിയിലൂടെ വണ്ടിയോടിച്ചുപോകുകയാണെങ്കിലും മൊബൈല്‍ ഫോണില്‍ ഫ്ലാഷിങ്ങ് SMS വരും!
വീശിയടിക്കുന്ന കാറ്റ് ഒരു നിമിഷം നിശ്ചലമാവും.
ചക്രവാളങ്ങളില്‍ ഇടിവാളുകള്‍ തമ്മില്‍ പുണര്ന്നുപാളിക്കത്തിയൊടുങ്ങും.
കടലുകള്‍ തിളച്ചുതൂവി തിരമാലകളായി തീരം കുതിര്‍ക്കും.
നഗരം ഒരൊറ്റയിട മഞ്ഞായിമരവിച്ചുനില്ക്കും.
ഉമേഷേ, ഓടരുതമ്മാവാ, ആളറിയാം.
ബാക്കി ലേഹ്യം പിന്നെ….
(ഞാനാരാ ബൂലോഗമലയാളത്തിന്റെ പ്രതിസന്ധോ അങ്ങനെ പെട കൊടുക്കാന്‍!)
tharavadi | 28-Nov-06 at 4:07 pm | Permalink
ഉമേഷേ, വിശ്വപ്രഭേ( ചേട്ടന്മാരേ, വയസ്സ് കൂടുതലായതിനാല്‍ മാത്രം!!) അതൊക്കെ വെറും തോന്നലല്ലെ??
ശ്രീജിത്ത് കെ | 28-Nov-06 at 6:40 pm | Permalink
ശ്രീജിത്ത്, ആദിത്യന്, പെരിങ്ങോടന് ഇവരെയൊക്കെ ഉള്‍ക്കൊള്ളിക്കണമെന്നു് ആഗ്രഹമുണ്ടായിരുന്നു. ശാര്‍ദ്ദൂലവിക്രീഡിതത്തിനു വലിപ്പം പോരാ എന്നു പറഞ്ഞില്ല്ലേ
ശാര്ദ്ദൂലവിക്രീഡിതമേ, നിനക്ക് ഒരായിരം നന്ദി. ആദ്യമായി ഒരു വൃത്തത്തിനോടിത്തിരി സ്നേഹം തോന്നുന്നു. ഉമേഷേട്ടാ, ഒരു സംശയം. ലോങ്ങസ്റ്റ് വൃത്തം ഏതാണ്? ആയിക്കോട്ടെ, ചീത്ത വിളിച്ചോളൂ; പക്ഷെ വൃത്തതില്‍ വിളിക്കരുത്.
ശ്രീജിത്ത് കെ | 28-Nov-06 at 6:46 pm | Permalink
ബ്ലോഗില്‍ പാര ഭയം, ചുമ്മാതിരിക്കുമ്പോഴും ഞോണ്ടിന് ഭയം,
എനിക്ക് വൃത്തം ഭയം, കവിത എഴുതുമ്പോള്‍ ഉമേഷേട്ടനെ ഭയം
ഓര്‍ക്കുട്ടില്‍ ടെസ്റ്റിമോണിയല് ഭയം, അവിടേയും പാര ഭയം
ആന ഭയം, ആനപ്പുറത്തിരിക്കുന്നവരെ അതിലേറെ ഭയം
വേണു | 28-Nov-06 at 6:52 pm | Permalink
അഭിനന്ദനങ്ങള്‍. അറിവുകളുടെ അക്ഷയ ഖനിയില്‍ നിന്നും ഇനിയുമിനിയും മോക്ഷ പുണ്യങ്ങള്‍ ഗുരുകുലത്തിലൂടെ ഞങ്ങള്‍ക്ക് ലഭിക്കാനിടയാവട്ടെ.
Adithyan | 28-Nov-06 at 10:22 pm | Permalink
എല്ലാമേ ഭയമയം എന്ന് കമലാഹാസന് പറഞ്ഞതിതിനെപ്പറ്റിയാണല്ലേ?
ശ്രീ, ഒരാവശ്യവുമില്ലാതെ നമ്മുടെ പേര് ഈ വിവാദത്തിലേക്ക് വലിച്ചിട്ടതിലുള്ള നമ്മുടെ സന്തോഷം നീ പ്രകടിപ്പിക്കുമോ, അതോ ഞാന്‍ പ്രകടിപ്പിക്കണോ? 😉
ഡയപ്പര്‍ മാറ്റാനുള്ള ഭയം, മാറ്റേണ്ടി വരുമല്ലോ എന്നോര്‍ത്തുള്ള ഭയം, ഉറക്കമില്ലാതാവുന്ന രാവുകളെക്കുറിച്ചുള്ള ഭയം, ബാര്‍ബറെ കാണാന്‍ പോകാന്‍ പോലും സമയമില്ലാതാവുന്നതിനെപ്പറ്റിയുള്ള ഭയം എന്നു തുടങ്ങിയ ഒരു വിവാഹിതന്റെ ഭയങ്ങളെപ്പറ്റി ഒന്നും പറഞ്ഞു കേട്ടില്ല 😉
അനംഗാരി | 29-Nov-06 at 3:23 am | Permalink
ആദി നിയാണ് മോനെ ശരിയായ ബാച്ചി. എങ്കിലും ഡയപ്പറിന്റെ ഭയം…എനിക്ക് വയ്യ. ആ കവിതയിനി ആദിയോ, അതോ ശ്രീജിയോ എഴുതാന്‍ പോകുന്നത്?
sooryodayam | 29-Nov-06 at 6:01 am | Permalink
ഉമേഷ്ജീ… മൊത്തത്തില്‍ ഭയങ്കരം … 🙂 ശ്ശി പിടിച്ചിരിക്ക് ണൂ…
അല്ലാ, ആദിത്യന് അവിടെ വിവാഹിതരെ ഒന്ന് മാന്തിനോക്കിയോ എന്ന് സംശയം.
‘മംഗല്ല്യസാധ്യഭയം, സ്ത്രീസാമീപ്യഭയം, സ്വയംക്രിതഭക്ഷണഭയം, സഹമുറിയകൈപുണ്ണ്യഭയം…’ എന്ന് തുടങ്ങുന്ന സംഭവങ്ങള്‍ വെറുതെ പുറത്തെടുപ്പിക്കേണ്ട… 🙂 ഞാനീ എഴുതിയ പോലെയാവില്ല ഉമേഷ്ജി ഒന്ന് മാന്തിയാല്‍ :-))
താര | 29-Nov-06 at 11:02 am | Permalink
ഉമേഷ്ജീ, ശരിയാണ് വൈരാഗ്യം തന്നെ അഭയം…പക്ഷെ ഭയമില്ലാത്ത ഒരു മനുഷ്യനുണ്ടാവുമോ?
സ്നേഹം ഒരുപാട് കിട്ടുന്നവന് അത് നഷ്ടപ്പെടുമോന്നുള്ള ഭയം..
ഒറ്റപ്പെടലിന്റെ ഭയമാണ് എന്റെ അഭിപ്രായത്തില്‍ ഏറ്റവും ഭയാനകം!
150)0 പോസ്റ്റിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍.:)
atulya | 29-Nov-06 at 11:37 am | Permalink
ഉമേശന് മാശേ.. ഇപ്പോ എനിക്കും ഭയമാണു… ആ ചൂരലേ…. സിനിമാ പാട്ട് ചോദിച്ചപ്പോ കിട്ടിയ അടിയേ..
പണ്ട്, ഭയം പോകാന്‍ എന്റെ വീട്ടില്‍ ഒരു ശ്ലോകം പറഞ്ഞ് തന്നിരുന്നു,
രാമ വൈകദേയം…
….
…
ഭയം തസ്യ നാശതീ ന്നോ മറ്റോ..
ഉമേഷന് മാഷ് തന്നെ കരുതിയാലെ ഇത് ശരിയാവു.
(ഇത് പോലെ രാവിലെ മുതല്‍ അര്‍ദ്ധരാത്രി വരെ പറയുന്ന ഒരു സീരീസ് ശ്ലോകങ്ങള്‍ തന്നെ എന്റെ വീട്ടില്‍ നിര്ബ്ബദ്ധമായിട്ടും പറയിച്ചുമിരുന്നു… എണീക്കാന്‍, കാലു വയ്കാന്‍, കുളിയ്കാന്‍, പഠിയ്കാന്‍, മറക്കാതിരിയ്കാന്, തപ്പിയാ കിട്ടാന്‍, മോഷണം പോവാതെയിരിയ്കാന്, പരീക്ഷയ്ക് നല്ല ചോദ്യം വരാന്‍, ഉറങ്ങാന്‍, വേഗം കല്ല്യാണം കഴിയ്കാന്‍, നല്ല കുഞ്ഞുങ്ങളുണ്ടാകാന്‍.. എന്റമ്മോ.. അഗ്രഹാരമോര്ക്കുമ്പോള് വിഷപാമ്പിനെ കാണുന്ന പോലയായിരുന്നു, ആ കാലഘട്ടം. ഒരു ചെറിയ കളക്ഷന്‍ ഇപ്പോഴുമുണ്ട്) കിം ഫലം!!
ഉമേശന് മാഷിനു അഭിനന്ദനങ്ങള്‍. ഒക്കേനും സൂക്ഷിയ്കുന്നുണ്ട്.
Umesh::ഉമേഷ് | 30-Nov-06 at 7:05 am | Permalink
ശ്രീജിത്തേ,
ഒരു വരിയില്‍ അങ്ങേയറ്റം 26 അക്ഷരമുള്ള സാധനത്തിനെ മാത്രമേ “വൃത്തം” എന്നു പറയൂ. അതില്‍ കൂടിയതിനെ “ദണ്ഡകം” എന്നാണു പറയുന്നതു്.
26 അക്ഷരമുള്ള വൃത്തങ്ങള്‍ കുറവാണു്. അതിലൊന്നാണു് ശംഭുനടനം.
സാധാരണയായി ശ്ലോകങ്ങള്‍ക്കു് 8 മുതല്‍ 21 വരെ അക്ഷരങ്ങളാണുള്ളതു്. സ്രഗ്ദ്ധര, കുസുമമഞ്ജരി എന്നിവയ്ക്കു് 21 അക്ഷരങ്ങളാണു്.
ശാര്‍ദ്ദൂലവിക്രീഡിതത്തിനു് ഒരു വരിയില്‍ 19 അക്ഷരങ്ങളുണ്ടു്.
ബാക്കിയുള്ളവര്‍ക്കു മറുപടി ഇനി സമയം കിട്ടുമ്പോള്‍.
അഗ്രജന് | 30-Nov-06 at 7:30 am | Permalink
പന്ത്രണ്ടാല്‍ മസജം സതംതഗുരുവും ശാര്‍ദ്ദൂലവിക്രീഡിതം.
ശാര്‍ദ്ദൂലവിക്രീഡിതത്തെപ്പറ്റി പഠിച്ചതൊന്നും ഓര്‍മ്മയില്ലെങ്കിലും, പണ്ട് മനോരമയില്‍ ഇതേപ്പറ്റി ഏതോ ഒരുത്തന് എഴുതിയ ഉത്തരം ഇപ്പോഴും ഓര്‍ത്തിരിക്കുന്നു.
പന്ത്രണ്ടാല്‍ മസജം = പന്ത്രണ്ടാം മാസത്തില്‍ പിറന്നവന്
സതംത = അവന്റെ തന്തയും
ഗുരുവും = അദ്ധ്യാപകനും
ശാര്‍ദ്ദൂലവിക്രീഡിതം = പുലിക്കളി
വിശദീകരിച്ചതിങ്ങനെ: പന്ത്രണ്ടാം മാസത്തില്‍ പിറന്നവനും, അവന്റെ തന്തയും, അദ്ധ്യാപകനും ചേര്‍ന്നുള്ള പുലിക്കളി 🙂
ഓഫിനു മാപ്പ്. എഴുതണ്ടാന്ന് വെച്ചിട്ടും എഴുതാതിരിക്കാന്‍ പറ്റിയില്ല.
ഇഞ്ചിപ്പെണ്ണ് | 30-Nov-06 at 4:39 pm | Permalink
കുറച്ചൂസായി ഞാന്‍ ഉമേഷേട്ടനൊരു പാരശ്ലോകം നോക്കുന്നു ഇത്തേലോട്ട് എഴുതാന്‍. എനിക്ക് ഒന്നും കിട്ടുന്നില്ല. 🙁
ബിന്ദൂട്ടിയേ ഒരു അരകൈ നോക്കിക്കെ.
എനിക്ക് ഭക്ഷണത്തോട് വൈരാഗ്യം എന്ന് പറഞ്ഞാല്‍ വിരക്തിയാണല്ലേ? ഓ..ഓ.എന്തെല്ലാം സെറ്റപ്പുകള്‍! ഒരു മലയാളം എം.എ എടുത്ത ഒരു മിടുക്കി പെങ്കൊച്ച് ബ്ലോഗ് തുടങ്ങിയിട്ടുണ്ട്. അതോണ്ട് ഇച്ചിരെ സൂക്ഷിച്ചോട്ടൊ 🙂
പൊന്നമ്പലം | 30-Nov-06 at 4:46 pm | Permalink
നളിനീ ദള ഗത ജലമതി തരളം
തദ്വത് ജീവിതം അതിശയ ചപലം
വിദ്ധി വ്യാദ്ധ്യഭിമാന ഗ്രസ്തം
ലോകം ശോക ഹതം ച സമസ്തം
ഭജ ഗോവിന്ദം…
Umesh::ഉമേഷ് | 30-Nov-06 at 5:19 pm | Permalink
മുസാഫിര്‍, വേണു, താര, അതുല്യ,
ആശംസകള്‍ക്കു നന്ദി.
വല്യമ്മായീ, തറവാടീ,
വായിക്കുന്നതിന്റെ അമ്പതിരട്ടി മടിയാണു കമന്റിടാന്‍. കീമാനാക്കണം, കമന്റ് ടൈപ്പു ചെയ്യണം, ബായ്ക്ക് സ്പേസടിക്കണം അങ്ങനെയങ്ങനെ. നിങ്ങളുടെ മൂന്നുപേരുടെയും പോസ്റ്റുകള്‍ വായിക്കാറുണ്ടു്. കമന്റ് അധികം ഇടാന്‍ സൌകര്യം കിട്ടിയില്ല എന്നു പറഞ്ഞാല്‍ തീര്‍ന്നു. പാര്‍വ്വതി, കൂമന്‍സ്, തഥാഗതന് തുടങ്ങി പല ബ്ലോഗുകളുടെയും സ്ഥിതി ഇതുതന്നെ.
വിശ്വം,
കലക്കന്‍ ടെക്നോളജി സെറ്റപ്പാണല്ലോ. ഞാന്‍ പാവം ജി-മെയിലില്‍ പിന്മൊഴിയ്ക്കു ഫില്ട്ടറിട്ടു ജീവിക്കുന്നു. അലാറവുമില്ല എസ്സെമ്മെസ്സുമില്ല.
വീശിയടിക്കുന്ന കാറ്റ് ഒരു നിമിഷം നിശ്ചലമാവും.
ചക്രവാളങ്ങളില്‍ ഇടിവാളുകള്‍ തമ്മില്‍ പുണര്ന്നുപാളിക്കത്തിയൊടുങ്ങും.
കടലുകള്‍ തിളച്ചുതൂവി തിരമാലകളായി തീരം കുതിര്‍ക്കും.
നഗരം ഒരൊറ്റയിട മഞ്ഞായിമരവിച്ചുനില്ക്കും.
ചുമ്മാതാണോ “വിശ്വം ഭയം” എന്നെഴുതേണ്ടി വന്നതു്?
ശ്രീജിത്തേ,
അപ്പോള്‍ എന്നെ മാത്രമാണു ഭയം, അല്ലേ? നന്നായി. ആരെയെങ്കിലും ഭയമുണ്ടല്ലോ. വിക്രീഡിതന്‍ ഒന്നു ശരിയായിരുന്നെങ്കില്‍ ഒന്നാന്തരം ഒരു ശ്ലോകമായേനേ.
ആദിത്യാ,
നമ്മള് ഒരുപോലെ ചിന്തിക്കുന്നു എന്നു പലപ്പോഴും തോന്നാറുണ്ടു്. “തെന്നാലി”യിലെ കമലഹാസന്റെ ഡയലോഗ് -“തെന്നാലിയ്ക്കു് എല്ലാമേ ഭയം താന്‍”- ഈ പോസ്റ്റിലെഴുതണമെന്നു വിചാരിച്ചതായിരുന്നു. എഴുതി വന്നപ്പോള്‍ വിട്ടുപോയി. “അമ്മ ഇന്നാളു പറഞ്ഞല്ലോ…”യിലെ Calvin and Hobbes വേറേ ഉദാഹരണം.
പിന്നെ ഡയപ്പര്‍ തുടങ്ങിയവയെ ഭയമില്ല ആദീ. അതൊക്കെ ആനന്ദമാണു്. ആ ആനന്ദം അനുഭവിക്കാന്‍ നിനക്കിനി പത്തുപതിനഞ്ചു കൊല്ലം കഴിയണമല്ലോ എന്നോര്‍ക്കുമ്പോള്‍ (നിന്റെ പടം കണ്ടിട്ടു മനസ്സിലായതാണു്) സങ്കടം തോന്നുന്നു. സാരമില്ല, ഒരു നാള് നീയും എന്നെപ്പോലെയാകും 🙂
അനംഗാരേ,
പോട്ടേ, ശിന്നപ്പയ്യന്‍. എന്നമോ ആഹട്ടും…
സൂര്യോദയമേ,
സമയം കിട്ടുമ്പോള്‍ ആ വഴിയ്ക്കൊരു ശ്ലോകം എഴുതാന്‍ നോക്കാം. ക്ലബ്ബിലിപ്പം പരിപാടിയൊന്നുമില്ലേ? ക്രിസ്മസ് കരോള്‍ ഒരെണ്ണം ഇറക്കിയാലോ?
താര പരഞ്ഞതും ശരി. വൈരാഗ്യമില്ലാത്തവനു ഭയമുണ്ടാവും. ഞാന്‍ പറഞ്ഞതു്, എല്ലാറ്റിനോടും വൈരാഗ്യം വേണമെന്നില്ല എന്നാണു്. സന്ന്യാസിയാകേണ്ടെന്നര്ത്ഥം. ഒരു സാധനത്തിനോടു വൈരാഗ്യമുണ്ടെങ്കില്‍ അതിനോടുള്ള ഭയം മാറും.
അതുല്യേ,
ഭയവുമായി ബന്ധപ്പെട്ട
അര്‍ജ്ജുനഃ ഫല്‍ഗുനഃ പാര്‍ത്ഥഃ
കിരീടിഃ ശ്വേതവാഹനഃ
ബീഭത്സു വിജയോ ജിഷ്ണുഃ
സവ്യസാചീ ധനഞ്ജയഃ
എന്ന അര്ജ്ജുനപ്പത്തും
അര്ജ്ജുനന് ഫല്ഗുനന് പാര്ത്ഥന് വിജയനും
വിശ്രുതമായ പേര് പിന്നെക്കിരീടിയും
എന്ന മലയാളം വേര്ഷനുമേ അറിയൂ. ശര്‍മ്മാജി, ശര്‍മ്മാജി എന്നു വിളിക്കുന്നതിനു പകരം അര്‍ജ്ജുനാ, അര്‍ജ്ജുനാ എന്നു വിളിച്ചാല്‍ മതി, പേടി മാറിക്കോളും 🙂
അഗ്രജോ, അതു് അര നൂറ്റാണ്ടു പഴക്കമുള്ള ചളം ഫലിതമാണല്ലോ. എന്റെ ഒരു സുഹൃത്തിന്റെ അച്ഛന് അങ്ങേരുടെ ഒരു സാറു പറഞ്ഞു എന്നു പറഞ്ഞു് ഒരു പത്തിരുപതു കൊല്ലം മുമ്പു് ഇതെന്നൊടു പറഞ്ഞിട്ടുണ്ടു്.
എന്റെ കയ്യില്‍ കേക, മാലിനി എന്നീ വൃത്തങ്ങളെപ്പറ്റിയും ഇജ്ജാതി ഉരുപ്പടികളുണ്ടു്. ഓരോ പ്ലേറ്റ് എടുക്കട്ടോ? 🙂
ഇഞ്ചീ,
ഏതാ ആ എമ്മേ പാസ്സായ മിടുക്കിപ്പെണ്ണു്?
പൊന്നമ്പലമേ,
അതില്‍ ഭയമല്ലല്ലോ പറയുന്നതു്, ദുഃഖമല്ലേ? ശങ്കരാചാര്യര്‍ തന്നെ വേറെയും പറഞ്ഞിട്ടുണ്ടല്ലോ:
ജന്മദുഃഖം ജരാദുഃഖം
ജായാദുഃഖം പുനഃ പുനഃ
സംസാരസാഗരം ദുഃഖം
തസ്മാജ്ജാഗ്രത, ജാഗ്രത!
എല്ലാവര്ക്കും നന്ദി.
siji | 04-Dec-06 at 2:04 am | Permalink
എന്റെ മാഷേ ഞാന്‍ ശരിക്കും ഞെട്ടീട്ടോ.മലയാളം എം.എ പഠിച്ചതുശരിയാ പഷെ ഇതൊന്നും എനിക്കറിയില്ല.പിന്നെ അക്ഷരത്തെറ്റ് എന്റെ ബ്ലോഗിലായിരിക്കും ഏറ്റവും കൂടുതല്‍.പുതിയ ബ്ലോഗിനിയാ.വളരെ നല്ല ഉദ്യമം.അഭിനന്ദനങ്ങള്‍..
അഗ്രജന് | 04-Dec-06 at 9:33 am | Permalink
കേക, മാലിനി അതും പോന്നോട്ടെ ഉമേഷ് ജി, ഭാവിയില്‍ എവിടേങ്കിലുമൊക്കെ തട്ടി ഇതേപോലത്തെ ‘കൊട്ട്’ വാങ്ങിക്കാലോ 🙂
Umesh::ഉമേഷ് | 04-Dec-06 at 3:54 pm | Permalink
സിജീ,
അപ്പോള്‍ സിജിയാണല്ലേ ഇഞ്ചി പറഞ്ഞ മിടുക്കിപ്പെണ്ണു്? പരിചയപ്പെട്ടതില്‍ സന്തോഷം. ഞാന്‍ പ്രീ-ഡിഗ്രിയോടെ മലയാളം പഠിക്കുന്നതു നിര്‍ത്തി എഞ്ചിനീയറിംഗ്, ഗുസ്തി, എരുമയെ കുളിപ്പിക്കല്‍, വാഗ്വാദം, ക്ഷമായാചനം തുടങ്ങിയവ അഭ്യസിച്ചുകൊണ്ടിരിക്കുന്ന ഒരുവനാകുന്നു. ദയവായി ഇവിടെ പോയി വ്യാകരണം, സുഭാഷിതം തുടങ്ങിയ വിഭാഗങ്ങളിലെ പോസ്റ്റുകള്‍ വായിച്ചു് തെറ്റു തിരുത്തിത്തരുകയും അഭിപ്രായം പറയുകയും ചെയ്യാന്‍ അപേക്ഷ.
അഗ്രജാ,
ദാ പിടിച്ചോ.
കേക/ചക്ക:
കുരുവും ചുളയും ചുളയും കുരുവും ചുളയും ചുളയെന്നെഴുത്തുകള്
ഒരു കുരൂന്നൊരു ചുള, ചുളയെല്ലാമൊന്നു പോല്‍
കുരുവൊന്നെങ്കിലും വേണം മാറാതോരോ ചുളയിലും,
നടുക്കു കൂഞ്ഞു്, പുറത്തു മുള്ളു്-പൊരുത്തമിതു ചക്കയാം.
മാലിനി/പട്ടിണി:
വയറു മുതുകിനോടൊട്ടണം പട്ടിണിയ്ക്കു്
(മാലിനിയുടെ ലക്ഷണം: നനമയയുഗമെട്ടില്‍ത്തട്ടണം മാലിനിക്കു്. കേകയുടെ ലക്ഷണം മിക്കവാര്‍ക്കും എല്ലാവര്ക്കും അറിയാമെന്നു തോന്നുന്നു.)
ഇഞ്ചിപ്പെണ്ണ് | 04-Dec-06 at 4:01 pm | Permalink
ആ ഉമേഷേട്ടന് ഇവിടെയുടുണ്ടായിരുന്നൊ? ഞാനൊരു സംശയം ചോദിക്കണം എന്ന് വിചാരിച്ചു മുട്ടി ഇരിക്കുവായിരുന്നു.
അതേയ്…
ജോര്‍ജ് ബുഷ് ഇറാക്കിനെ ആക്രമിച്ചത് സ്നേഹത്തിനു വേണ്ടിയാന്ന് പറയാന്‍ പറ്റൊ?
ഞാന്‍ ആലോചിക്കുവായിരുന്നു ഉമേഷേട്ടന് എന്താ ഇങ്ങിനെ അക്ഷരതെറ്റ് കാണുമ്പൊ സ്റ്റോപ് എന്ന റെഡ് ലൈറ്റ് കാണികണേയെന്ന്. ട്രാഫിക്ക് സിഗ്നല്‍ കാണിച്ച് കാണിച്ച് പഠിച്ചതാ അല്ല്യ്യോ? 🙂
Saul | 19-Sep-14 at 2:50 pm | Permalink
A million thanks for posting this infoomatirn.