ഡോ. പണിക്കര്‍ തന്റെ ശ്രീരാമന്റെ തിരിച്ചു വരവ് എന്ന പോസ്റ്റിന്റെ ഒരു കമന്റില്‍ എന്നെ വ്യക്തിപരമായി അധിക്ഷേപിച്ചുകൊണ്ടും കുറേ ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ടും ഒരു കമന്റിട്ടിരിക്കുന്നതു കണ്ടു. അതിന്റെ മറുപടിയാണിതു്.
ഇതു് ഒരു കമന്റു മാത്രമാണു്. ഇത്ര വലിയ ഒരു കമന്റ് ഒന്നിച്ചു് അവിടെ ടൈപ്പു ചെയ്യാന്‍ സമയമില്ലാഞ്ഞതുകൊണ്ടും, ഇവിടെയായാല്‍ ഉദ്ധരണികളും മറ്റും കാണിക്കാന്‍ കൂടുതല്‍ സൌകര്യമുള്ളതുകൊണ്ടും ആണു് ഇവിടെ ഇടുന്നതു്. ഇതിന്റെ പ്രതികരണങ്ങള്‍ ദയവായി ഡോ. പണിക്കരുടെ പോസ്റ്റില്‍ത്തന്നെ ഇടുക. ഈ പോസ്റ്റില്‍ കമന്റ് അനുവദിച്ചിട്ടില്ല.
ഡോ. പണിക്കര്‍,
എന്നെക്കൊണ്ടു പറയിച്ചേ അടങ്ങൂ? പറയാം.
- ആദ്യമായി, ചൊവ്വദോഷത്തിന്റെ തര്‍ക്കം. താങ്കള്‍ ഇപ്പോള്‍ പറയുന്നു:
ഉമേഷ് ഗുരുവിന് ഇപ്പോള്‍ ഈ ലേഖനത്തിന്റെ തീം മനസ്സിലായോ എന്തോ അദ്ദേഹം അല്ലെങ്കിലും അങ്ങനെയാണ്
എന്നോട് എന്തെങ്കിലും ചോദ്യം അങ്ങു ചോദിക്കും ഞാന്‍ ഉത്തരം പറഞ്ഞാല്‍ അതു ശരിയായോ ഇല്ലയോ
എന്നൊന്നും രാണ്ടാമതു പറയുന്ന പതിവില്ല. മുമ്പ് ചൊവ്വാദോഷത്തെ കുറിച്ചുള്ള പോസ്റ്റില്‍
ഈയുള്ളവന്‍ അറിയാതെ ഒരു കമന്റിട്ടു പോയിരുന്നു- “മനപ്പൊരുത്തമാണ് എറ്റവും പ്രധാനം
അതുണ്ടെങ്കില്‍ പിന്നെ ഒന്നും നോക്കേണ്ട ആവശ്യമില്ല ” ഇതു കൈക്കുളങ്ങരരാമവാര്യരുടെ
വ്യാഖ്യാനമുള്ള വരാമിഹിരന്റെ ഹോരാശസ്ത്രത്തിലുണ്ട് എന്ന്. അതിനദ്ദേഹം എഴുതിയ മറുപടി
പരസ്പരബഹുമാനം പ്രകടിപ്പിക്കുന്നതിന്റെ പരമകാഷ്ടയാണ്,. അതിനു ഞാന്‍ പേജു നമ്പര്‍
വരെ കാണിച്ച് മറുപടി കൊടുത്തിരുന്നു.ഇനി എന്താണു സംഭവിച്ചതെന്നറിയാന്‍ നമുക്കു Mosilager-ന്റെ “സാധനം കയ്യിലുണ്ടോ?” എന്ന ബ്ലോഗിലെ ഈ പോസ്റ്റിലേക്കു പോകാം. (ഇങ്ങനെ ലിങ്കും റെഫറന്‍സുമൊന്നും കൊടുക്കുന്ന സ്വഭാവം താങ്കള്‍ക്കില്ലല്ലോ. ആരെങ്കിലും പറഞ്ഞതിന്റെ വക്കും മൂലയും വികലമായി ഉദ്ധരിച്ചാണല്ലോ താങ്കളുടെ നിരൂപണം!)
താങ്കള്‍ പറഞ്ഞതു്:
ജാതകപരിശോധനക്ക് ആധാരമായ ഹോരാശാസ്ത്രത്തില്‍ പ്രധാനമായ ഒന്നാണ് വരാഹമിഹിരാചാര്യണ്റ്റേത്. അതിണ്റ്റെ ശ്രീ കൈക്കുളങ്ങര രാമവാര്യരുടെ വ്യഖ്യാനമുള്ള പുസ്തകം നോക്കുക.
ആ പുസ്തകത്തില്‍ പറയുന്നുണ്ട് മനപ്പൊരുത്തമാണ് പ്രധാനം, അതുണ്ടെങ്കില്‍ വേറേ ഒന്നും നോക്കേണ്ട കാര്യമില്ല എന്ന്.അതിനു് എന്റെ ചോദ്യം:
വരാഹമിഹിരഹോരയിലെവിടെയാണു മനപ്പൊരുത്തത്തിന്റെ കാര്യം പറഞ്ഞിരിക്കുന്നതു്? പോട്ടേ, അതിലെവിടെയാണു വിവാഹപ്പൊരുത്തത്തിന്റെ കാര്യം പറഞ്ഞിരിക്കുന്നതു്? ചുരുക്കം ചില വര്‍ജ്ജ്യയോഗങ്ങളല്ലാതെ ഇന്നു പറയുന്ന വിവാഹപ്പൊരുത്തമെന്തെങ്കിലും ഹോരാശാസ്ത്രത്തിലുണ്ടോ?
ശ്ലോകം ഉദ്ധരിക്കണമെന്നില്ല. ഏതദ്ധ്യായത്തില്‍ എത്രാമത്തെ ശ്ലോകമെന്നു പറഞ്ഞാല്‍ മതി.
ഇനി, അതിലില്ലാത്തതു കൈക്കുളങ്ങര രാമവാര്യര്‍ പറഞ്ഞിട്ടുണ്ടെങ്കില്‍ അതു ദുര്‍വ്യാഖ്യാനമല്ലേ?
വിവാഹപ്പൊരുത്തം ഹോരാശാസ്ത്രത്തിലോ ഫലദീപികയിലോ സാരാവലിയിലോ ഒന്നുമില്ല. ഉദരപൂരണത്തിനു കൂടുതല്‍ വഴികള്‍ക്കായി പിന്നീടു ജ്യോത്സ്യന്മാര്‍ കൂട്ടിച്ചേര്‍ത്തതാണു്.
അതിനു താങ്കളുടെ മറുപടി:
ജാതകപൊരുത്തത്തെ പറ്റി ശ്രീ കൈക്കുളങ്ങര രാമവാരിയര്‍ പുസ്തകത്തിണ്റ്റെ ഒന്നാം ഭാഗം പേജ് ൩൨ ല്‍ കൊടുത്തിരിക്കുന്ന വ്യാഖ്യാനം നോക്കുക . അതു വ്യാഖ്യാതാവിണ്റ്റെ വാക്കുകളാണ് അതുകൊണ്ടാണ് ഞാന്‍ വ്യാഖ്യാതാവിണ്റ്റെ പേരുള്ളത് നിര്‍ദ്ദേശിച്ചത്.
താങ്കളുടെ ആദ്യവാക്യത്തിലെ സൂചന അങ്ങനെയല്ലല്ലോ. “ജാതകപരിശോധനയ്ക്കു് ആധാരമായ ഹോരാശാസ്ത്രത്തില്‍…” എന്നു വരാഹമിഹിരനെ കൂട്ടുപിടിച്ചു പറഞ്ഞ വാക്യത്തില്‍ ഇതു വരാഹമിഹിരന്‍ പറഞ്ഞതല്ല, വ്യാഖ്യാതാവു കൂട്ടിച്ചേര്‍ത്തതാണു് എന്നു വിവക്ഷയില്ലല്ലോ? മൂലകൃതി എഴുതിയ ആള്‍ ഉദ്ദേശിച്ചതു മനസ്സിലാക്കാന്‍ കഴിയാത്തവര്‍ക്കു വിശദീകരിച്ചുകൊടുക്കുന്ന പുസ്തകമല്ലേ വ്യാഖ്യാനം? മൂലകൃതിയിലില്ലാത്തതു വ്യാഖ്യാനത്തിലുണ്ടെങ്കില്‍ അതിനു മൂലകൃതിയുടെ ആധികാരികത ഉണ്ടാവുമോ? “ഹോരാശാസ്ത്രത്തിനു കൈക്കുളങ്ങര രാമവാര്യര്‍ എഴുതിയ വ്യാഖ്യാനമാണു് ജാതകപരിശോധനയ്ക്കു് ആധാരമായ ഗ്രന്ഥം” എന്നോ മറ്റോ എഴുതിയാല്‍ സമ്മതിക്കാം.
ഇനി താങ്കളുടെ കയ്യിലുള്ള പുസ്തകത്തിലെ 32-)ം പേജ് എന്നു പറഞ്ഞിട്ടു് എന്തു കാര്യം? വരാഹമിഹിരഹോരയും ദശാദ്ധ്യായിയും മറ്റും എന്റെ കയ്യിലുണ്ടു്. കുറഞ്ഞപക്ഷം ഹോരയിലെ ഏതു ശ്ലോകത്തിന്റെ വ്യാഖ്യാനം എന്നു പറഞ്ഞാലും മതി. (സക്കീനവക്കീല്‍ “കഥം ഭീഷ്മമഹം സംഖ്യേ…” എന്നതിന്റെ അര്‍ത്ഥം ഇവിടെ ഒരു വ്യാഖ്യാനത്തിന്റെ അടിസ്ഥാനത്തില്‍ പറഞ്ഞിരിക്കുന്നതു പോലെയാവില്ല എന്നു പ്രതീക്ഷിക്കുന്നു.)
മാത്രമല്ല, എന്റെ ആദ്യത്തെ ചോദ്യത്തില്‍ത്തന്നെ ഞാന്‍ അതു വ്യക്തമായി ചോദിച്ചിട്ടുണ്ടു്: “ഇനി, അതിലില്ലാത്തതു കൈക്കുളങ്ങര രാമവാര്യര്‍ പറഞ്ഞിട്ടുണ്ടെങ്കില്‍ അതു ദുര്‍വ്യാഖ്യാനമല്ലേ?” എന്നു്. അതിനു താങ്കള്‍ ഉത്തരം തന്നിട്ടില്ല. “പണിക്കര്‍ മാഷെന്താ ഉത്തരം തരാത്തതു്?” എന്നു് ആഴ്ചയിലൊരു കമന്റ് വീതം ഞാന്‍ ഇട്ടു കൊണ്ടിരിക്കണമെന്നാണോ പറയുന്നതു്?
അസ്സല്‍ ആരോപണം. താങ്കളുടെ ചോദ്യത്തിനു് ഇവിടെ ഞാന്‍ ഉത്തരം തന്നില്ലെന്നു്!
ഇനി, കൈക്കുളങ്ങര രാമവാര്യര്‍ അപാരജ്ഞാനിയും ആചാര്യനും അദ്ദേഹം വ്യാഖ്യാനിച്ചിട്ടുള്ള പുസ്തകങ്ങളുടെ കര്‍ത്താക്കളെക്കാള്‍ മഹാനും ഒക്കെയാണെന്നാണു് അഭിപ്രായമെങ്കില്‍ കേട്ടോളൂ. അദ്ദേഹത്തിന്റെ വ്യാഖ്യാനങ്ങളില്‍ ഞാന്‍ നന്നായി വായിച്ചിട്ടുള്ളതു് അമരകോശത്തിന്റെ “ബാലപ്രിയ” വ്യാഖ്യാനമാണു്. അതില്‍ അനവധി തെറ്റുകള്‍ ഞാന്‍ കണ്ടുപിടിച്ചിട്ടുണ്ടു്. ഉദാഹരണത്തിനു് “അക്ഷൌഹിണി” എന്ന വാക്കിന്റെ വിവരണം അമരകോശത്തില്‍ (2:9:80-81) ഇങ്ങനെ കാണുന്നു:
ഏകേഭൈകരഥാ ത്ര്യശ്വാ പത്തിഃ പഞ്ചപദാതികാ
പത്ത്യംഗൈസ്ത്രിഗുണൈസ്സര്‍വ്വൈഃ ക്രമാദാഖ്യാ യഥോത്തരം
സേനാമുഖം ഗുല്‌മഗണൌ വാഹിനീ പൃതനാ ചമൂഃ
അനീകിനീ ദശാനീകിന്യക്ഷൌഹിണ്യഥ സമ്പദിഃഅതായതു്, 1 ആന, 1 രഥം, 3 കുതിര, 5 കാലാള്‍ എന്നിവ ചേര്‍ന്നതിനെ “പത്തി” എന്നു പറയുന്നു. പത്തിയുടെ അംഗങ്ങളെ മൂന്നുകൊണ്ടു ക്രമത്തില്‍ ഗുണിച്ചവയെ സേനാമുഖം, ഗുല്‌മം, ഗണം, വാഹിനി, പൃതനാ, ചമൂ, അനീകിനി എന്നു പറയുന്നു. പത്തു് അനീകിനി കൂടിയതാണു് അക്ഷൌഹിണി.
(അതായതു്, 3 പത്തി സേനാമുഖം, 3 സേനാമുഖം ഗുല്‌മം, 3 ഗുല്‌മം ഗണം, 3 ഗണം വാഹിനി, 3 വാഹിനി പൃതന, 3 പൃതന ചമു, 3 ചമു അനീകിനി, 10 അനീകിനി അക്ഷൌഹിണി എന്നര്‍ത്ഥം.)
കൈക്കുളങ്ങര വ്യാഖ്യാനിച്ചിരിക്കുന്നതു് 3 അനീകിനി ദശാനീകിനി, 3 ദശാനീകിനി അക്ഷൌഹിണി എന്നാണു്. അതായതു് അക്ഷൌഹിണി എന്നതു 10 അനീകിനി എന്നതിനു പകരം 9 അനീകിനി എന്നു്!
ഇതു് അത്ര ഗഹനമായ കാര്യമൊന്നുമല്ല. അക്ഷൌഹിണിയുടെ നിര്‍വ്വചനം ഒരുപാടു സ്ഥലത്തുണ്ടു്. ഉദാഹരണമായി മഹാഭാരതം ആദിപര്‍വ്വത്തിന്റെ ആദിയിലുണ്ടു്. ഇവയൊന്നും നോക്കാതെയും “ദശം” എന്ന വാക്കിന്റെ അര്‍ത്ഥം “പത്തു്” എന്നാണെന്നു ചിന്തിക്കാതെയും തയ്യാറാക്കിയ പുസ്തകം (അതിന്റെ പിന്നീടുള്ള പതിപ്പുകളിലും- ഞാന്‍ വായിച്ചതു് അറുപതുകളില്‍ പ്രസിദ്ധീകരിച്ചതായിരുന്നു) ആധികാരികമായ വ്യാഖ്യാനമായി പരമ്പരാഗതവിദ്യാഭ്യാസക്കാര്‍ കരുതിപ്പോരുന്നുണ്ടു്. വൈദ്യം, ജ്യോതിഷം തുടങ്ങിയ പല മേഖലകളിലുമുള്ള ഗ്രന്ഥങ്ങള്‍ക്കും ഇങ്ങനെയുള്ള വ്യാഖ്യാനങ്ങള്‍ അദ്ദേഹത്തിന്റേതായുണ്ടു്. വിവാഹത്തിനു മനപ്പൊരുത്തം സ്വന്തം നിലനില്‍പ്പിനു വേണ്ടി വ്യാഖ്യാനത്തില്‍ ഏച്ചുകെട്ടിയതാണു്.
- ഇനി, എവിടെയാണു ഗുരുമുഖത്തെപ്പറ്റി പറഞ്ഞതു് എന്നു്. താങ്കള്‍ ഇപ്പോള്‍ പറയുന്നു:
അദ്ദേഹത്തിന്റെ തന്നെ പോസ്റ്റായ വിമാനസംബന്ധിയായ പോസ്റ്റില്‍ “ഗുരുമുഖത്തു നിന്നു പഠിച്ച വിദ്യക്കേ ഗുണമുള്ളു ” “എല്ലാം ഗുരുമുഖത്തു നിന്നു തന്നെ പഠിക്കണം” എന്നിത്യാദി പ്രസ്താവനകള്‍ ഞാന്‍ പറഞ്ഞു എന്നു എഴുതി കണ്ടു. അതിനും ഞാന്‍ ചോദിച്ചു ഞാന്‍ എവിടെയാണ് ഇപ്പറഞ്ഞ രീതിയില്‍ പറഞ്ഞത് ? എന്ന്. അതിനു മറുപടിയില്ല. അപ്പോള്‍ ഇപ്പറഞ്ഞ വ്യക്തമായി ആര്‍ എവിടെ എപ്പോള്‍ പറഞ്ഞു എന്നതൊന്നും അദ്ദേഹത്തിനു ബാധകമല്ലേ? ഞാന്‍ പറയാത്ത കാര്യങ്ങള്‍ ഞാന്‍ പറഞ്ഞു എന്ന് തുറന്നെഴുതിയാല്‍ അതു ഒന്നുകില്‍ തെളിയിക്കാണം അല്ലെങ്കില്‍ തിരുത്തണം. ഇതു സാമാന്യ മര്യാദയാണ്. മഹാന്മാര്‍ക്ക് ഇതൊന്നും ബാധകമല്ലായിരിക്കാം.
എന്റെ വിമാനസംബന്ധിയായ പോസ്റ്റ് ഇതാണു്. ഇതിലെവിടെയാണു ഞാന്‍ ഡോ. പണിക്കര്‍ അങ്ങനെ പറഞ്ഞതായി പറഞ്ഞിട്ടുള്ളതു്? ആരോപണമുന്നയിക്കുമ്പോഴെങ്കിലും ശരിയായ റെഫറന്‍സു കൊടുത്തുകൂടേ?
ഞാന്‍ ഇതു ചോദിച്ചതു താങ്കളുടെ പോസ്റ്റുകളില്‍ കമന്റുകളായാണു്. മുകളില്‍ പറഞ്ഞ ചൊവ്വദോഷം പോസ്റ്റിന്റെ കമന്റിലും സൂചിപ്പിച്ചിട്ടുണ്ടു്. എന്റെ ബ്ലോഗിലെ ഈ കമന്റില്‍ താങ്കള്‍ അവസാനം കൊടുത്ത ഗുരുനിര്‍വ്വചനം എനിക്കു സ്വീകാര്യമാണെന്നും ഇനി അതില്‍ വാദമില്ലെന്നും പറഞ്ഞിരുന്നു. (അതിനു താങ്കള്‍ എഴുതിയ വലിയ കമന്റിനു് ഇതു വരെ മറുപടി പറഞ്ഞില്ല. “ഗുരു” എന്നതിനെപ്പറ്റി ഒരു പോസ്റ്റെഴുതിവരുന്നതൊകൊണ്ടാണു് എന്നു വ്യക്തമാക്കുകയും ചെയ്തിരുന്നു.) കൂടാതെ ശ്രീമദീയെമ്മെസ് അഷ്ടോത്തരശതനാമസ്തോത്രം (സവ്യാഖ്യാനം) എന്ന പോസ്റ്റില്‍ ഈ വാദത്തെ വിമര്‍ശിക്കുകയും ചെയ്തിരുന്നു. പക്ഷേ, അതു താങ്കള്‍ക്കെതിരേയുള്ള വിമര്‍ശനമായിരുന്നില്ല. ഈ വാദം ഞാന്‍ ഒരുപാടു കാലമായി കേള്‍ക്കുന്നതാണു്.
ഇനി എവിടെ താങ്കള്‍ അതു പറഞ്ഞു എന്നു്. ഒരുപാടു സ്ഥലത്തുണ്ടു്. ഒന്നു് ഇവിടെ (ഡാലിയുടെ ഒരു പോസ്റ്റിന്റെ കമന്റായി). താങ്കളുടെ വാക്കുകള്‍:
ഞാന്‍ ഇതെഴുതിയാല്‍ ഉടനെ ചോദ്യം വരുമായിരിക്കും എന്റെ മൂന്നാം തൃക്കണ്ണില്‍ മുളച്ചതാണൊ എന്നൊക്കെ.
അല്ല കൂട്ടരേ. ഇതൊക്കെ അറിയണമെങ്കില്‍ ഗുരുമുഖത്തു നിന്നും പഠിക്കണം.
അതല്ലാതെ പറയാന്‍ പാടില്ലെന്നാണ് മിന്നാമിനുങ്ങിനെ പിടിച്ചു വച്ച് തീ കത്തിക്കാന്‍ ഊതിക്കൊണ്ടിരുന്ന കുരങ്ങന്മാരുടെ കഥയിലൂടെ പഞ്ചതന്ത്രം പറഞ്ഞത്.
അതുകൊണ്ടാണ് കഠോപനിഷത്തില്‍ നചികേതസ്സിന് യമധര്‍മ്മന്റെ അടുത്ത് ഉത്തരം കിട്ടാന്‍ പെടാപ്പാടു പെടേണ്ടി വന്നത്
അതനുസരിക്കാതിരുന്നതുകൊണ്ടാണ് കട്ട് ചെയ്തു കളയത്തക്കവണ്ണം തറയായിട്ടുള്ള കമെന്റുകള്‍ എനിക്കു കിട്ടിക്കൊണ്ടിരിക്കുന്നത് — “ആചാര കുലമാഖ്യാതി” എന്നുള്ളതു കൊണ്ട് ഞാനവക്ക് മരൂപടി പറയുന്നില്ല.
ഇനിയുമുണ്ടു്. നാളെയോ മറ്റോ ഒന്നുകൂടി തപ്പി കൂടുതല്‍ കണ്ടുപിടിച്ചു തരാം.
- താങ്കളുടെ അടുത്ത കണ്ടുപിടിത്തം:
“അതിബുദ്ധിയുള്ള പൊന്മാന്‍ കിണറ്റുകരയിലാണ് മുട്ടയിടുക ” എന്നൊരു ചൊല്ലുണ്ട്. മലയാള വാക്കുകളുടെ
അര്‍ഥത്തെ പറ്റി തര്‍ക്കം വരുമ്പോള്‍ അദ്ദേഹം ഉയര്‍ത്തിക്കാട്ടാറുള്ള ശബ്ദതാരവലിയില്‍
കൂര്‍മ്മബുദ്ധി എന്ന വാക്കും അതിന്റെ അര്‍ഥവും കൊടുത്തിട്ടുണ്ട്. തീക്ഷ്ണമായ ബുദ്ധി എന്നാണ്‍് അത്,
ഞങ്ങളൊക്കെ ചെറുപ്പത്തില്‍ പഠിച്ചതും അതുതന്നെയാണ്; – പക്ഷെ ഉമേഷ് ഗുരുവിന്റെ
അഭിപ്രായത്തില്‍ അതിന് കൂര്‍മ്മത്തിന്റെ- ആമയുടെ ബുദ്ധി എന്നാണ് അര്‍ഥം. ഇതിനൊക്കെ മറുപടി
പറയുവാന്‍ തുടങ്ങിയാല്‍ അവസാനിക്കുകയില്ല.ഇതിനു താങ്കള്‍ ശബ്ദതാരാവലി (“താരവലി” അല്ല) നോക്കിയതിനു നന്ദി. ശബ്ദതാരാവലിയില്‍ ഇങ്ങനെയാണു കൊടുത്തിരിക്കുന്നതു്:
കൂര്‍മ്മബുദ്ധി-ബുദ്ധിക്കു കൂര്‍മ്മയുള്ളവന്‍ (അ. പാ.)
ഏതു് എഡിഷനിലാണു “തീക്ഷ്ണമായ ബുദ്ധി” എന്നു കണ്ടതു്?
ഇനി ദയവായി “അ. പാ.” എന്നാല്‍ എന്താണെന്നു് ശബ്ദതാരാവലിയുടെ ആദ്യത്തിലുള്ള സങ്കേതസൂചികയില്‍ (എന്റെ കയ്യിലിരിക്കുന്ന പുസ്തകത്തില്‍ പേജ് ൧൬) നോക്കുക. “അപപാഠം” എന്നാണു്. തെറ്റായ പ്രയോഗം എന്നു്. ശബ്ദതാരാവലി നല്ല വാക്കുകള്‍ മാത്രം തരുന്ന നിഘണ്ടുവല്ല. അപപാഠങ്ങളും അശ്ലീലവും ഗ്രാമ്യപദങ്ങളും ഒക്കെ അതിലുണ്ടു്. ഇതു മാത്രമല്ല, സ്വതവേ (സ്വതേ ശരി), മനോസാക്ഷി (മനസ്സാക്ഷി ശരി), മനോസുഖം (മനസ്സുഖം), ക്ഷണനം (ക്ഷണിക്കല്‍ എന്ന അര്‍ത്ഥത്തില്‍-ക്ഷണം ശരി) തുടങ്ങിയ അപപാഠങ്ങളും അതിലുണ്ടു്. വിവരമില്ലാത്തവര്‍ ഇങ്ങനെ പലതും പറയും, അവ തെറ്റാണു് എന്നു വ്യക്തമാക്കാനാണു് ശബ്ദതാരാവലി എഴുതിയ ആള്‍ അവയെയും ചേര്‍ത്തതു്.
കിണറ്റിന്‍ കരയില്‍ കണ്ടതു പൊന്മാന്റെ മുട്ടയല്ലല്ലോ മാഷേ, കാക്കയുടെ കാഷ്ഠമായിരുന്നല്ലോ. വേറേ എവിടെങ്കിലും തപ്പിനോക്കൂ!
- താങ്കള്‍ തുടര്‍ന്നു പറയുന്നു:
പിന്നെയും പറയുന്നു ശ്രീരാമനെ പോലെ ഒളിയമ്പു എയ്യാനാണോ ഭാവം? എന്നൊരു ചോദ്യം. ശ്രീരാമന്‍
ഒളിയമ്പെയ്തതു ബാലിയെയാണ് ബാലി ഒരു വാനരന്‍ –(വാനരന്‍ എന്നാല്‍ കുരങ്ങ് എന്നാണ് അര്‍ഥം ഇനി
അദ്ദെഹത്തിന്റെ ഭാഷയില്‍ വേറെ വ്യഖ്യാനമുണ്ടായേക്കാം). അതുകൊണ്ട് അങ്ങനെയൊന്നും വിചാരിക്കേണ്ട.ഒളിയമ്പു പോലെയുള്ള അധര്‍മ്മത്തിന്റെ കാര്യം പറയുമ്പോഴൊക്കെ അധര്‍മ്മത്തിനിരയായവന്റെ കുലത്തെ അധിക്ഷേപിച്ചുകൊണ്ടു് (ശംബൂകന്റെ കഥ രാമായണത്തിലില്ലെന്നു കയ്യൊഴിഞ്ഞെങ്കിലും) തര്‍ക്കുത്തരം പറയുന്ന കാലം കഴിഞ്ഞു മാഷേ. ഈ കുരങ്ങന്മാരായിരുന്നു നമ്മുടെ മുതുമുത്തച്ഛന്മാര്‍ എന്നൊരു തിയറി കേട്ടിട്ടുണ്ടോ? ഞാനും താങ്കളുമൊക്കെ ഒരു പക്ഷേ ഈ ബാലിയുടെയും സുഗ്രീവന്റെയും ജാംബവാന്റെയുമൊക്കെ വംശത്തില്‍ പെട്ടവരായിരിക്കും, ആര്‍ക്കറിയാം? ഇനി, പണ്ഡിതനും ശക്തനും രാവണനെപ്പോലും എളുപ്പത്തില്‍ തോല്പിച്ചവനുമായ ബാലിയുടെ വംശപരമ്പരയില്‍പ്പെട്ടവനാണു ഞാന്‍ എന്നു വന്നാലും എനിക്കു് അഭിമാനമേ ഉള്ളൂ.
- താങ്കള്‍ അവസാനമായി പറയുന്നു:
പ്രൊഫെയിലില്‍ നിങ്ങളുടെ പ്രായം ശരിയാണെങ്കില്‍ നിങ്ങള്‍ ജനിക്കുന്നതിനു മുമ്പു മുതല്‍ വാല്മീകിരാമായണം പഠിച്ചു തുടങ്ങിയവനാണ് ഞാന്‍ നിങ്ങളെഴുതിയതു പോലെ അയലുവക്കത്തെ വീട്ടില്‍ നിന്നും ഫോണ്‍ വഴി വായിച്ചു കേള്‍ക്കേണ്ട ഗത്‌ഇകേട് ഇല്ല.
രാമായണവും മഹാഭാരതവും മൂലകൃതികള്‍ എന്റെ കയ്യിലുണ്ടു്. അയല്‍വക്കത്തു ഫോണ്‍ ചെയ്തു ചോദിക്കാം എന്നു ഞാന്‍ ഇവിടെ പറഞ്ഞതു് മഹാഭാരതത്തിന്റെ പ്രതാപചന്ദ്രറോയിയുടെ ഇംഗ്ലീഷ് പരിഭാഷയും കുഞ്ഞിക്കുട്ടന്‍ തമ്പുരാന്റെ മലയാളപരിഭാഷയുമാണു്. (റെഫറന്‍സുകള്‍ കൊടുക്കുമ്പോള്‍ കൂടുതല്‍ ശ്രദ്ധിക്കണം എന്നു് ഒന്നുകൂടി ഓര്‍മ്മിപ്പിക്കുന്നു.) ഒരു കാര്യത്തില്‍ അന്തിമതീരുമാനം എടുക്കുന്നതിനു മുമ്പു് കിട്ടാവുന്ന റെഫറന്‍സുകള്‍ നോക്കുക എന്നതു് എന്റെ ഒരു ദൌര്‍ബല്യമാണു്. ഗുരുത്വമില്ലാത്തതുകൊണ്ടു് അതേയുള്ളു വഴി. താങ്കള്‍ക്കു ഗുരുത്വവും അകക്കണ്ണും ഉള്ളതുകൊണ്ടു് തെറ്റുകളൊന്നും വരില്ലായിരിക്കും. അങ്ങനെയല്ലല്ലോ പാമരനായ ഞാന്‍!
താങ്കളുടെ പ്രൊഫൈല്‍ പ്രായം ശരിയാണെങ്കില്‍ പത്തു വയസ്സിനു മുമ്പേ വാല്മീകിരാമായണം വായിക്കാന്‍ തുടങ്ങി, അല്ലേ? കൊള്ളാം! എന്നിട്ടെന്തായി, ബാലകാണ്ഡം കഴിഞ്ഞോ? എന്നു വായിക്കാന്‍ തുടങ്ങി എന്നതിലല്ല കാര്യം, എങ്ങനെ വായിക്കുന്നു എന്നതിലാണു്.
വക്കാരീ, ക്ഷമിക്കുക. വക്കാരീസ് ടിപ്‌സ് ഫോര്‍ സ്‌ട്രെസ് ഫ്രീ ചര്‍ച്ച… കണ്ടു. ഇതൊന്നു പോസ്റ്റു ചെയ്തു കഴിഞ്ഞിട്ടു വായിക്കാം 🙂