ഞാന്‍ ബ്ലോഗിംഗ് തുടങ്ങിയിട്ടു് ഇന്നു രണ്ടു വര്‍ഷമാകുന്നു. 2005 ജനുവരി 19-നു് കവി സച്ചിദാനന്ദനു പന്തളം കേരളവര്‍മ്മ പുരസ്കാരം കിട്ടിയതിനെപ്പറ്റി ഒരു പോസ്റ്റെഴുതിയാണു് ഇതു തുടങ്ങിയതു്. ആദ്യം കുറെക്കാലം വ്യാകരണവും ഭാഷാശാസ്ത്രവും സംബന്ധിച്ച പോസ്റ്റുകളായിരുന്നു. കുറേ പരിഭാഷകളും. ഏതാണ്ടു് ഒരു കൊല്ലം മുമ്പാണു ഭാരതീയഗണിതത്തെപ്പറ്റി എഴുതാന്‍ തുടങ്ങിയതു്. സുഭാഷിതം, സമസ്യാപൂരണം തുടങ്ങിയവ തുടങ്ങിയിട്ടു് ഏഴെട്ടു മാസമേ ആയിട്ടുള്ളൂ. സ്മരണകളും അല്പസ്വല്പം നര്‍മ്മവും തുടങ്ങിയതു് വളരെ അടുത്തിടയ്ക്കും.
കുറെക്കാലം മുമ്പു്, എനിക്കു് ഭാരതീയഗണിതത്തിലെ തെറ്റുകള്‍ എന്ന ഒരു പോസ്റ്റ് എഴുതേണ്ടി വന്നു. ഭാരതീയഗണിതത്തെപ്പറ്റിയുള്ള എന്റെ പോസ്റ്റുകളില്‍ നിന്നു് ലോകവിജ്ഞാനം മുഴുവന്‍ പ്രാചീനഭാരതഗ്രന്ഥങ്ങളില്‍ അടങ്ങിയിരിക്കുന്നു എന്നു ഞാന്‍ കരുതുന്നതായി തെറ്റിദ്ധരിച്ചുള്ള കമന്റുകളും ഇ-മെയിലുകളും കിട്ടിയതിനെത്തുടര്‍ന്നായിരുന്നു അതു്.
നേരേ മറിച്ചു്, ശ്രീമദീയെമ്മെസ്സഷ്ടോത്തരനാമസ്തോത്രം (സവ്യാഖ്യാനം) തുടങ്ങിയ ചില പോസ്റ്റുകള്‍ക്കു ശേഷം ഞാന്‍ വേദങ്ങളിലും മതഗ്രന്ഥങ്ങളിലും പ്രാചീനഭാരതത്തിലും മുഴുവന്‍ അബദ്ധങ്ങളാണെന്നു കരുതുന്നു എന്ന തെറ്റിദ്ധാരണ ഉണ്ടായിട്ടുണ്ടു്.
അതേ സമയം, എന്റെ ബ്ലോഗില്‍ ആകെ അരാഷ്ട്രീയതയാണെന്നും അതു് അപകടകരമായ ചില പ്രതിലോമരാഷ്ട്രീയത്തിനു വഴി തെളിക്കുന്നു എന്നും ഒരു ആരോപണം ഉയര്‍ന്നിട്ടുണ്ടു്.
ഇതിന്റെ പശ്ചാത്തലത്തില്‍ ഈ ബ്ലോഗിന്റെ ഉദ്ദേശ്യവും രാഷ്ട്രീയവും ഒന്നു വ്യക്തമാക്കണം എന്നു തോന്നിയതിന്റെ ഫലമാണു് ഈ പോസ്റ്റ്.
അറിവു സമ്പാദിക്കുകയും സമ്പാദിക്കുന്നവ മറ്റുള്ളവര്‍ക്കു പകര്‍ന്നുകൊടുക്കുകയും ചെയ്യുക എന്നൊരു ഉദ്ദേശ്യത്തോടു കൂടിയാണു് ഈ ബ്ലോഗ് തുടങ്ങിയതു്. ഇതില്‍ വരുന്ന മിക്കവാറും എല്ലാം തന്നെ (ഈ അടുത്ത കാലത്തു സ്മരണകള്‍ എന്ന പേരില്‍ എഴുതിയ രണ്ടുമൂന്നു നര്‍മ്മലേഖനങ്ങളൊഴികെ) എവിടെനിന്നെങ്കിലും അടിച്ചുമാറ്റിയ വിവരങ്ങളാണു്. മൌലികമായി ആകെയുള്ളതു് വിവരങ്ങളുടെ ക്രോഡീകരണം മാത്രമാണു്.
മുന്‍പേ നടന്ന ഗുരുക്കള്‍ തെളിച്ച ദീപപ്രകാശത്തില്‍ ലോകത്തെ കാണാനൊരു ശ്രമം… എന്നാണു് ഈ ബ്ലോഗിന്റെ പ്രഖ്യാപിതലക്ഷ്യം. “ഗുരുകുലം” എന്ന വാക്കു് തെരഞ്ഞെടുത്തതും ഗുരുക്കന്മാരുടെ കുലം എന്ന അര്‍ത്ഥത്തിലാണു്. എന്നെ സംബന്ധിച്ചിടത്തോളം, പഠിപ്പിച്ച അദ്ധ്യാപകര്‍ മാത്രമല്ല, വഴി പറഞ്ഞു തന്നവരും, കൂടെ ജോലി ചെയ്തവരും, പുസ്തകങ്ങളും പത്രമാസികകളും ബ്ലോഗുകളും എഴുതുന്നവരും തൊട്ടു് ഞാന്‍ ഇന്നു വായിച്ച വിക്കിപീഡിയ ലേഖനം അവസാനം എഡിറ്റു ചെയ്ത അജ്ഞാതന്‍ വരെ ഗുരുക്കളാണു്. എല്ലാവര്ക്കും പ്രണാമം!
പക്ഷേ അവയെ “വെറും ക്രോഡീകരണം” എന്നു പറഞ്ഞു തള്ളിക്കളയാന്‍ ഞാന്‍ തയ്യാറല്ല. കാരണം, ഈ വിവരങ്ങളെ അറിയാവുന്ന മറ്റു കാര്യങ്ങളുമായി യോജിപ്പിച്ചുനോക്കുകയും സ്വന്തമായി ആലോചിച്ചു് ശരിയെന്നു തോന്നുന്ന അഭിപ്രായങ്ങള്‍ പറയുകയും കൂടി ചെയ്യുന്നുണ്ടു്. അതേ സമയം കുറേയെങ്കിലും പഠിക്കാതെ അഭിപ്രായം പറയില്ല എന്നൊരു ശാഠ്യവും ഉണ്ടു്. രാഷ്ട്രീയലേഖനങ്ങള്‍ എഴുതാത്തതും ഈ ശാഠ്യത്തിന്റെ ഫലമായാണു്.
ഈ ശാഠ്യം മൂലം പലപ്പോഴും ഒരു തത്ത്വശാസ്ത്രത്തില്‍ ഉറച്ചുനില്ക്കാന് കഴിയാറില്ല. ഉദാഹരണമായി, ജ്യോതിഷത്തെപ്പറ്റി അഭിപ്രായം പറയാന്‍ അതിനെപ്പറ്റി കൂടുതല്‍ പഠിക്കണം. അതു കൂടുതല്‍ പഠിച്ചാല്‍ അതിനെ കൂടുതല്‍ വിമര്‍ശിക്കാന്‍ തോന്നും. അങ്ങനെ വരുമ്പോള്‍ ജ്യോതിഷം പഠിക്കുന്നതു വൃഥാവ്യായാമമാണെന്നു കരുതുന്നവര്‍ക്കും ജ്യോതിഷം ശരിയാണെന്നു കണ്ണടച്ചു വിശ്വസിക്കുന്നവര്‍ക്കും ഞാന്‍ അനഭിമതനാകുന്നു. ഈ ബ്ലോഗിന്റെ അരാഷ്ട്രീയത ഈ വിധത്തിലുള്ള വിമര്‍ശനാത്മകപഠനത്തില്‍ (Critical reading) നിന്നുണ്ടായതാണു്.
മറ്റൊന്നു്, എനിക്കു താത്പര്യവും കുറച്ചൊക്കെ അറിവും ഉള്ള വിഷയങ്ങളെപ്പറ്റിയേ എഴുതാറുള്ളൂ. അവയില്‍ പലതും ഇന്നു പഴഞ്ചനും ഫ്യൂഡല്‍ സംസ്കാരത്തിന്റെ ഭാഗവും പ്രതിലോമകരങ്ങളും മനുഷ്യപുരോഗതിയെ തടസ്സപ്പെടുത്തുന്നതും ആണെന്നു പൊതുവേ ധാരണയുള്ള വിഷയങ്ങളാണു്. ഭാരതീയഗണിതം ഉദാഹരണം. വേദകാലത്തു തന്നെ ഭാരതത്തിലെ ഗണിതം ആധുനികഗണിതത്തെക്കാള്‍ മുന്നില്‍ നില്‍ക്കുന്നതായിരുന്നു എന്ന വാദവുമായി ബാലിശമായ സ്പാം ഇ-മെയിലുകളും അവകാശവാദങ്ങളും പ്രചരിക്കുന്ന ഈ കാലത്തു് “പെല്‍ സമവാക്യം” എന്നു ലോകം വിളിക്കുന്ന സാധനം ബ്രഹ്മഗുപ്തന്‍ നിര്‍ദ്ധരിച്ചിരുന്നു എന്നു പറയുമ്പോള്‍ മേല്‍പ്പറഞ്ഞ വഴിയിലൂടെ പോകുന്ന മറ്റൊരുവന് എന്നു ധരിക്കപ്പെടാന്‍ എളുപ്പമാണു്. നേരേ മറിച്ചു്, “വേദിക് മാത്തമാറ്റിക്സ്” എന്ന പേരില്‍ അടുത്ത കാലത്തു പ്രചരിക്കുന്ന രീതിയില്‍ കഴമ്പില്ല എന്നു പറഞ്ഞാല്‍ ഭാരതത്തില്‍ ഒരു ചുക്കുമുണ്ടായിരുന്നില്ല എന്നു പറഞ്ഞു പുച്ഛിക്കുന്നവരുടെ കൂട്ടത്തില്‍ എന്നെ പെടുത്തുന്നതും സ്വാഭാവികം.
ഞാന്‍ പ്രീഡിഗ്രിയ്ക്കു പഠിക്കുന്ന കാലത്താണു്. സ്കൂളില്‍ വെച്ചു പഠിത്തം നിര്‍ത്തി ക്രിസ്ത്യന്‍ ഉപദേശിയായ ഒരു സുഹൃത്തു് (എന്നെക്കാള്‍ ഒരു വയസ്സിനു മൂത്ത ആള്) ഒരിക്കല്‍ വീട്ടില്‍ വന്നു. അയാള്‍ക്കു ഡാര്‍വിന്റെ പരിണാമസിദ്ധാന്തത്തിന്റെ ഒരു പുസ്തകം വേണം. എനിക്കു് ആശ്ചര്യവും അയാളെപ്പറ്റി മതിപ്പും തോന്നി. എന്റെ കയ്യില്‍ കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച “പരിണാമം: പ്രക്രിയയും ഉത്പന്നവും” എന്ന പുസ്തകമുണ്ടായിരുന്നു. അതു കൊടുത്തു. രണ്ടാഴ്ച കഴിഞ്ഞു് അയാള്‍ അതു തിരിച്ചു കൊണ്ടു തന്നു. “മുഴുവന്‍ വായിച്ചോ?” ഞാന്‍ ചോദിച്ചു. “ഇല്ല, ആരു വായിക്കും ഇതൊക്കെ? ഇതു മുഴുവന്‍ പൊട്ടത്തെറ്റല്ലേ?” എന്നു മറുപടി. “പിന്നെന്തിനാ വാങ്ങിയതു്?” എന്നു ഞാന്‍. “ഒരു മാസികയില്‍ പരിണാമസിദ്ധാന്തം മുഴുവന്‍ തെറ്റാണെന്നു് ഒരു ലേഖനം എഴുതണമായിരുന്നു. എഴുതി. സ്റ്റൈലായിട്ടു്. വളരെ ഉപകാരം, കേട്ടോ…”
ലേഖനം ഞാന്‍ വായിച്ചില്ല. എങ്കിലും എങ്ങനെ ആയിരിക്കും എന്നു് എനിക്കു് ഊഹിക്കാന്‍ കഴിയും. ആ പുസ്തകത്തിലെ വാക്യങ്ങള്‍ ഉദ്ധരിച്ചിട്ടു് ബൈബിളിലെ വാക്യങ്ങളുടെ അടിസ്ഥാനത്തില്‍ അവ തെറ്റാണെന്നു തെളിയിക്കും. വളരെ ലളിതം.
ബൈബിള്‍ മാത്രമല്ല, വേദങ്ങളും ഖുറാനും മറ്റും ഇങ്ങനെ ആധികാരികഗ്രന്ഥങ്ങളാകാറുണ്ടു്. അവ അതാതു കാലത്തെ ഏറ്റവും പ്രഗല്ഭരായിരുന്ന മനുഷ്യര്‍ രചിച്ച മഹത്തായ ഗ്രന്ഥങ്ങളാണു് എന്ന വസ്തുത അംഗീകരിക്കാത്ത ഇത്തരം മനുഷ്യരെ നാം “അന്ധവിശ്വാസികള്‍” എന്നു വിളിക്കുന്നു.
പത്തുപതിനഞ്ചു കൊല്ലം മുമ്പു ബോംബെയില്‍ ജോലി ചെയ്യുമ്പോള്‍ എനിക്കു് ഒരു യുക്തിവാദി സഹപ്രവര്‍ത്തകനുണ്ടായിരുന്നു. അദ്ദേഹം തന്ന ചില പ്രസിദ്ധീകരണങ്ങള്‍ വായിക്കുകയും ചെയ്യുമായിരുന്നു. അവയില്‍ ചിലതു് വളരെ തരം താണതായിരുന്നു. മതഗ്രന്ഥങ്ങളിലും മറ്റും അസംബന്ധവും അശ്ലീലവും മറ്റുമാണെന്നു തെളിയിക്കാന്‍ വേണ്ടി ഗവേഷണം നടത്താതെ ഉപരിപ്ലവമായ കാര്യങ്ങള്‍ മാത്രം പറഞ്ഞുകൊണ്ടു നടത്തുന്ന വൃഥാവ്യായാമം മാത്രമായിരുന്നു അവയില്‍ പലതിലും ഉണ്ടായിരുന്നതു്. അവയെപ്പറ്റി ആ സുഹൃത്തുമായി തര്‍ക്കത്തിലേര്‍പ്പെടുന്നതു പതിവായിരുന്നു.
ഈ സുഹൃത്തു് ഒരിക്കല്‍ ഒരു ഭഗവദ്ഗീത വ്യാഖ്യാനത്തോടു കൂടി വാങ്ങുന്നതു കണ്ടു് എനിക്കു സന്തോഷം തോന്നി-ഗീതയില്‍ എന്തുണ്ടെന്നു മനസ്സിലാക്കാന്‍ താത്പര്യമുണ്ടല്ലോ എന്നോര്‍ത്തു്. പക്ഷേ അദ്ദേഹം പറഞ്ഞതു് “ഇതില്‍ മുഴുവന്‍ അസംബന്ധമാണു് എന്നെനിക്കറിയാം. അതിനെപ്പറ്റി ഒരു ലേഖനം എഴുതണം. അതിനു വാങ്ങിയതാണു്” എന്നാണു്. “അസംബന്ധമാണു് എന്നെങ്ങനെ അറിയാം?” എന്നു ഞാന്‍. “അതു വിവരമുള്ളവര്‍ പറഞ്ഞിട്ടുണ്ടു്” എന്നു് അദ്ദേഹം. “അപ്പോള്‍ വിവരമുള്ളവര്‍ എന്നു് അവര്‍ വിശ്വസിക്കുന്നവരൊക്കെ പറഞ്ഞതു ശരിയെന്നു വിശ്വസിക്കുന്ന അന്ധവിശ്വാസികളും നിങ്ങളും തമ്മില്‍ എന്തു വ്യത്യാസം?” എന്നു ഞാന്‍. അതിനു് അദ്ദേഹത്തിനു മറുപടിയുണ്ടായിരുന്നില്ല. ഞാന്‍ പറഞ്ഞു, “സുഹൃത്തേ, മുന്‍വിധിയൊക്കെ മാറ്റി വെച്ചിട്ടു് ഗീത വായിക്കൂ. അതില്‍ അസംബന്ധമല്ലാത്ത പലതും കണ്ടേക്കാം. അസംബന്ധവും കണ്ടേക്കാം. ഒരു ജ്ഞാനവും പൂര്‍ണ്ണമായും ശരിയും പൂര്‍ണ്ണമായും തെറ്റും അല്ല എന്നല്ലേ ആധുനികശാസ്ത്രവും പറയുന്നതു്?”
അദ്ദേഹം ഗീത അങ്ങനെ വായിച്ചോ എന്നറിയില്ല. പക്ഷേ, ഇങ്ങനെയാണു പല യുക്തിവാദികളും സംസ്കൃതത്തെയും പ്രാചീനഗ്രന്ഥങ്ങളെയും വിമര്‍ശിക്കുന്നതു് എന്നു പറയേണ്ടിയിരിക്കുന്നു. സംസ്കൃതത്തിലുള്ള വിജ്ഞാനം ശാസ്ത്രമല്ല, വെറും ‘ഡൊക്യുമെന്റേഷന്‍’ മാത്രമാണു് എന്നു് ഒരിടത്തു കണ്ടു. അതു ചവച്ചു തുപ്പിക്കളയേണ്ട ച്യൂയിംഗമാണു് എന്നു വേറേ ഒരിടത്തും. ടോയിലറ്റ് പേപ്പര്‍ തുടങ്ങി മറ്റു് ഉപമകളും കണ്ടിട്ടുണ്ടു്. ഇവയൊക്കെ പറയുന്നവരേക്കാള്‍ വലിയ അന്ധവിശ്വാസികള്‍ വേറെയില്ല. അവര്‍ ശാസ്ത്രം, കമ്യൂണിസം തുടങ്ങി പലതിലും അന്ധമായി വിശ്വസിക്കുന്നു. ഡാര്‍വിനോ മാര്‍ക്സോ പറഞ്ഞതില്‍ തെറ്റുണ്ടെന്നു പറഞ്ഞാല്‍ അവരുടെ വിധം മാറും. സായിബാബയെയും അമൃതാനന്ദമയിയെയും മറ്റും പരസ്യമായി പച്ചത്തെറി പറയുന്നവര്‍ ഇ. എം. എസ്.-നെയോ ഇടമറുകിനെയോ വിമര്‍ശിച്ചാല്‍ രോഷാകുലരാകും. ഇതിനെ “യുക്തിവാദം” എന്നു വിളിക്കാമോ?
ശാസ്ത്രത്തെയും യുക്തിവാദത്തെയും അവഹേളിക്കാനല്ല ഇതെഴുതിയതു്. യുക്തിവാദികളെന്നും ശാസ്ത്രവാദികളെന്നും സ്വയം വിശേഷിപ്പിക്കുന്ന പലര്‍ക്കും യുക്തിചിന്ത ഇല്ല എന്നു പറയാന്‍ മാത്രമാണു്. മതമായാലും പ്രത്യയശാസ്ത്രമായാലും ശാസ്ത്രമായാലും എഴുതപ്പെട്ടിരിക്കുന്നതു തെറ്റില്ല എന്ന കടുംപിടുത്തത്തില്‍ മറ്റുള്ളവയ്ക്കു നേരേ കണ്ണടയ്ക്കുന്ന എല്ലാവരും അന്ധവിശ്വാസികളാണു്. യുക്തിപൂര്‍വ്വം ചിന്തിക്കുന്നവന് കണ്ണു തുറന്നു പിടിക്കണം. എതിര്‍സിദ്ധാന്തങ്ങളെ മുന്‍വിധിയില്ലാതെ വിശകലനം ചെയ്യാനുള്ള മനസ്സു വേണം. അതില്ലാത്തവരെല്ലാം അന്ധവിശ്വാസികളാണു്.
ഇങ്ങനെയുള്ള എല്ലാ അന്ധവിശ്വാസികളേയും എതിര്‍ക്കാനും ഞാന്‍ ഈ ബ്ലോഗ് ഉപയോഗിക്കുന്നു.
കൂട്ടത്തില്‍ പറയട്ടേ, ഞാന്‍ വിശ്വാസത്തിനു് എതിരല്ല. വിശ്വാസം മനുഷ്യന്റെ ഒരു സ്വഭാവമാണു്. ഭര്‍ത്താവും ഭാര്യയും പരസ്പരം വിശ്വസിക്കുന്നതാണു ദാമ്പത്യത്തിന്റെ അടിത്തറ. മറ്റേയാള്‍ വിശ്വസ്തന്/വിശ്വസ്തയാണെന്നതിനു തെളിവൊന്നുമില്ല. വിശ്വസ്തതയുടെയോ അവിശ്വസ്തതയുടെയോ തെളിവിന്റെ അഭാവം അഭാവത്തിന്റെ തെളിവല്ലല്ലോ. മറിച്ചും. ലോകത്തിലെ സ്റ്റാറ്റിസ്റ്റിക്സ് എടുത്താല്‍ നല്ല ഒരു ശതമാനം വിശ്വസ്തത കാണിക്കാത്തവരാണു്. ഒരു ഭൌതികനിയമം ഉപയോഗിച്ചും വിശ്വസ്തതയെ തെളിയിക്കാനാവില്ല. ഇതൊക്കെയായിട്ടും നാം പരസ്പരം വിശ്വസിക്കുന്നില്ലേ? ഈ പറഞ്ഞതൊക്കെയല്ലേ നാം എല്ലാ വിശ്വാസങ്ങള്‍ക്കും എതിരേ പറയുന്ന ന്യായങ്ങള്‍?
വിശ്വാസങ്ങള്‍ അന്ധവും അപകടകരവുമാകുന്നതു് അവ മറ്റുള്ളവരില്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുമ്പോഴും അവ തെളിയിക്കാന്‍ മറ്റു ശാസ്ത്രങ്ങളെ വൃഥാ കൂട്ടുപിിക്കുമ്പോഴുമാണു്. ഭാരതത്തിനും ലങ്കയ്ക്കും ഇടയില്‍ ഇപ്പോഴും ഒരു ചിറയുണ്ടെന്നും ജോഷ്വായുടെ കാലത്തു് ഒരു ദിവസം നിന്നു പോയി എന്നും വിശ്വസിക്കാം. പക്ഷേ അതു തെളിയിക്കാന്‍ നാസയുടെ ഉപഗ്രഹങ്ങളെയും കമ്പ്യൂട്ടറുകളെയും ചേര്‍ത്തു കള്ളക്കഥകള്‍ ഉണ്ടാക്കരുതു്.
പ്രാചീനഭാരതീയഗ്രന്ഥങ്ങളില്‍ വളരെയധികം ശാസ്ത്രതത്ത്വങ്ങള്‍ അടങ്ങിയിട്ടുണ്ടു്. അന്നത്തെ കാലത്തെ ഏറ്റവും മികച്ച വിജ്ഞാനമായിരുന്നു അവ എന്നു മാത്രമല്ല, നൂറ്റാണ്ടുകള്‍ക്കു ശേഷം മാത്രം മറ്റു പലരും കണ്ടുപിടിച്ച പലതും അവയില്‍ അടങ്ങിയിട്ടുണ്ടു്. അതു് അംഗീകരിക്കാത്തവന് യുക്തിവാദിയല്ല. ഇങ്ങനെ സംഭവിച്ചതു് ഭാരതത്തിന്റെ ദിവ്യത്വം കൊണ്ടല്ല, ഈ വിജ്ഞാനം പുറംലോകം അറിയാഞ്ഞതുകൊണ്ടു് മറ്റുള്ളവര്‍ അവയെ വീണ്ടും കണ്ടുപിടിക്കാന്‍ നൂറ്റാണ്ടുകള്‍ എടുത്തു എന്നേ ഉള്ളൂ. ഭാരതത്തില്‍ മാത്രമല്ല, ചൈന, ബാബിലോണിയ, ഈജിപ്ത് തുടങ്ങിയ പല സ്ഥലങ്ങളിലും ഇങ്ങനെ സമകാലികലോകവിജ്ഞാനത്തെ കവച്ചുവെയ്ക്കുന്ന വിജ്ഞാനങ്ങള്‍ ഉണ്ടായിട്ടുണ്ടു്. (ഗ്രീക്ക്/റോമന്‍, അറബികള്‍ എന്നിവരുടെ വിജ്ഞാനം മാത്രം ഏതാണ്ടു പൂര്‍ണ്ണരൂപത്തില്‍ത്തന്നെ ലോകം അതാതു കാലത്തില്‍ത്തന്നെ അറിഞ്ഞിരുന്നു.)
ഇവയെ ഋഷിപ്രോക്തം, അന്യൂനം എന്നൊക്കെ മുദ്രകുത്തി ഉള്ളതില്‍ക്കൂടുതല്‍ മഹത്ത്വം ആരോപിക്കുമ്പോഴാണു് പ്രശ്നം ഉണ്ടാകുന്നതു്. അങ്ങനെ ചിന്തിക്കുന്നവര്‍ക്കു് അതിന്റെ വൈകല്യങ്ങള്‍ കാണാന്‍ കഴിയില്ല. ഭൂമിയുടെ താഴെ പാതാളമുണ്ടെന്നും പരന്ന ഭൂമിയെ എട്ടു് ആനകള്‍ താങ്ങിനിര്‍ത്തുന്നു എന്നും മറ്റും അവര്‍ക്കു വിശ്വസിച്ചേ പറ്റൂ. കവികളുടെ ഭാവനാസൃഷ്ടികളായ വിമാനത്തെയും പറക്കും പരവതാനിയെയും ക്ലോണിംഗിനെയും ടെസ്റ്റ് ട്യൂബ് ശിശുക്കളെയും കൂടു വിട്ടു കൂടു മാറ്റത്തെയുമൊക്കെ അന്നത്തെ ശാസ്ത്രത്തിന്റെ നേട്ടങ്ങളായി കരുതേണ്ടി വരും. ജ്യോതിഷത്തെയും മറ്റും പരീക്ഷിച്ചു നോക്കാതെ വിശ്വസിക്കേണ്ടി വരും.
അദ്വൈതവും ക്വാണ്ടം മെക്കാനിക്സും തമ്മില്‍ ചില സാദൃശ്യങ്ങളുണ്ടെന്നു് ആരെങ്കിലും പറഞ്ഞാല്‍ “ഞാന്‍ അപ്പഴേ പറഞ്ഞില്ലേ, അദ്വൈതത്തിലില്ലാത്ത ലോകതത്ത്വമില്ല” എന്നു് ഒരു കൂട്ടര്, “ഇതു പൊട്ടത്തെറ്റാകാനേ വഴിയുള്ളൂ, ഇതൊക്കെ സംഘപരിവാറിന്റെ കളികളാണു്” എന്നു മറ്റൊരു കൂട്ടര്. അന്ധവിശ്വാസത്തെപ്പറ്റിയുള്ള ഒരു പ്രസിദ്ധമായ ഉദ്ധരണി നോക്കുക: The greatest damage done by superstition is, it deflects attention from the primary cause, and leads to a defeatist attitude of helpless acceptance. രണ്ടു കൂട്ടരും അപ്പോള്‍ അന്ധവിശ്വാസികളല്ലേ?
ഇവര്‍ രണ്ടു കൂട്ടരും ഒരു പോലെ അജ്ഞാനികളാണു്. ഭഗവദ്ഗീതയില്‍ പറയുന്നതു പോലെ “ഉഭൌ തൌ ന വീജാനീതോ”-രണ്ടു കൂട്ടരും അറിയുന്നില്ല. സത്യത്തെ സ്വര്‍ണ്ണപ്പാത്രത്തിന്റെ കീഴില്‍ത്തന്നെ നിലനിര്‍ത്താനാണു രണ്ടു കൂട്ടരും നോക്കുന്നതു്.
എന്റെ ഒരു ബ്ലോഗര്‍ സുഹൃത്തു് ഒരിക്കല്‍ പറഞ്ഞു, “എനിക്കു് ഈ സംസ്കൃതം പറയുന്നവരെയൊക്കെ പുച്ഛമായിരുന്നു. അതുകൊണ്ടു് ഉമേഷിന്റെ പോസ്റ്റൊന്നും വായിക്കാറില്ലായിരുന്നു. പിന്നീടാണറിഞ്ഞതു് അവയില്‍ കഴമ്പുണ്ടെന്നു്”. മറ്റൊരാള്‍ ഇങ്ങനെ ഒരു കമന്റിട്ടു: “സംസ്കൃതം പഠിച്ചാല്‍ ഇതുപോലെ അല്പന്മാരുമായിപ്പോകുമെന്നൊരു തെറ്റിദ്ധാരണ വച്ചു പുലര്‍ത്തിയിരുന്നു…”. ഇതും മറ്റൊരു തരത്തിലുള്ള അന്ധവിശ്വാസം. അതു മാറ്റാന്‍ എന്റെ പോസ്റ്റുകള്‍ കാരണമായി എന്നറിഞ്ഞതില്‍ വളരെ സന്തോഷം.
ജ്യോതിഷം, പഞ്ചാംഗഗണനം തുടങ്ങിയവയില്‍ താത്പര്യം കാണിക്കുന്നതുകൊണ്ടു് ഞാന്‍ ഒരു ജ്യോതിഷവിശ്വാസിയാണെന്നു് പലരും തെറ്റിദ്ധരിക്കുന്നുണ്ടു്. (എന്റെ കല്യാണത്തിന്റെ ആലോചനയുമായി പെണ്‍വീട്ടില്‍ പോയ ഇടനിലക്കാരന് പറഞ്ഞതു് “പയ്യന് ഒരു അസ്ട്രോളജറാണു്” എന്നായിരുന്നു. നെറ്റിയില്‍ മൂന്നു ഭസ്മക്കുറികളും എന്തിനും ശകുനംനോക്കലും ഒക്കെയായി നടക്കുന്ന ഒരുവനെ പ്രതീക്ഷിച്ച പെണ്‍വീട്ടുകര്‍ക്കു കമ്പ്ലീറ്റു തെറ്റി!) പ്രാചീനകാലത്തു ശാസ്ത്രമായി ഗണിച്ചിരുന്ന അതിന്റെ പിന്നിലുള്ള ഗണിതവും ജ്യോതിശ്ശാസ്ത്രവും രസകരമാണു്. നമ്മുടെ കലണ്ടറുമായും അതു വളരെ ബന്ധപ്പെട്ടു കിടക്കുന്നു. ജ്യോതിഷത്തില്‍ അവിശ്വാസിയാകാന്‍ ജ്യോതിഷം എന്നു കേള്‍ക്കുമ്പോഴേ കാര്‍ക്കിച്ചു തുപ്പി പുച്ഛിച്ചു തള്ളണം എന്നു ഞാന്‍ കരുതുന്നില്ല.
“പഴഞ്ചന്‍ വിശ്വാസി” എന്നു യുക്തിവാദികളും “താന്തോന്നിയായ അവിശ്വാസി” എന്നു വിശ്വാസികളും മുദ്രകുത്തിയ ഒരാളാണു ഞാന്‍. എനിക്കതില്‍ അഭിമാനമേ ഉള്ളൂ. വിഗ്രഹഭഞ്ജനമല്ല, വിജ്ഞാനസമ്പാദനമാണു് എന്റെ ലക്ഷ്യം. നേരായ വഴി (എന്നു് എനിക്കു തോന്നുന്നതു്) മറ്റുള്ളവര്‍ക്കു കാണിച്ചുകൊടുക്കുക എന്നൊരു ലക്ഷ്യവും അതോടൊപ്പമുണ്ടു്. ഈ ബ്ലോഗ് തുടങ്ങാനുള്ള കാരണവും അതു തന്നെ.
എല്ലാവര്ക്കും ഒരിക്കല്‍ക്കൂടി നന്ദി.
Umesh::ഉമേഷ് | 20-Jan-07 at 8:58 am | Permalink
ബ്ലോഗിംഗിന്റെ രണ്ടു വര്‍ഷം.
162 പോസ്റ്റുകള്‍ (ശരാശരി നാലര ദിവസത്തില്‍ ഒരു പോസ്റ്റ്)
3060 കമന്റുകള്‍ (ശരാശരി ഒരു പോസ്റ്റിനു 19 കമന്റുകള്‍)
30 വിഷയങ്ങള്‍ (categories)
പൂര്‍ത്തിയാക്കാത്ത 25 ഡ്രാഫ്റ്റ് പോസ്റ്റുകള്‍.
നിരവധി തെറ്റിദ്ധാരണകള്‍, ലേബലുകള്‍.
ഈ ബ്ലോഗിന്റെ ഉദ്ദേശ്യത്തെയും രാഷ്ട്രീയത്തെയും പറ്റിയൊരു പോസ്റ്റ്.
തഥാഗതന് | 20-Jan-07 at 9:44 am | Permalink
ഉമേഷ്ജി
വളരെ ചിന്തോദ്വീപകമായ ലേഖനം.
സമൂഹത്തെ നന്മയിലേയ്ക്ക് നയിയ്ക്കുന്ന പ്രകാശകിരണങ്ങളായി തീരട്ടെ, താങ്കളുടെ പോസ്റ്റുകളും കമന്റുകളും എന്ന് ആത്മാര്‍ത്ഥമായി ആശംസിക്കുന്നു.
Rajesh R Varma | 20-Jan-07 at 9:51 am | Permalink
ഉമേഷ്,
വളരെ ആത്മാര്‍ത്ഥമായി, സമചിത്തതയോടെ വാസ്തവം പറഞ്ഞിരിക്കുന്നു. ഉമേഷെഴുതിയിരിക്കുന്നത് എല്ലാം വായിക്കാന്‍ മെനക്കെടുന്നവര്‍ക്ക് പക്ഷപാതം ആരോപിക്കാന്‍ വളരെ ബുദ്ധിമുട്ടായിരിക്കും. അല്ലാത്തവര്‍ എന്തെങ്കിലും പറയട്ടെന്നേ. എന്റെ അടുത്ത കമന്റ് പത്താം വാര്‍ഷികത്തിന്. 🙂
ആമിര്‍ ഖാന് | 20-Jan-07 at 9:55 am | Permalink
ബൈബിളിനേയും ഖുറാനേയും മറ്റും പറ്റി എഴുതുമ്പോള്‍ അവ കുറഞ്ഞതു് ഒരു് വട്ടമെങ്കിലും വായിച്ചശേഷമായിരുന്നെങ്കില്‍ നന്നായിരുന്നു. എങ്കില്‍ മാത്രമേ ഇത്ര ആധികാരികമായി അതതു് കാലഘട്ടത്തിലെ “മനുഷ്യര്‍” രചിച്ചവയാണവ എന്ന നിരീക്ഷണത്തില്‍ എത്തിച്ചേരാനാവൂ.
കുറുമാന് | 20-Jan-07 at 10:10 am | Permalink
ഉമേഷ്ജീ, അടിപൊളി ലേഖനം……താങ്കള്‍ മലയാളത്തിനും, മലയാളം ബ്ലോഗിനും ചെയ്യുന്ന സംഭാവനകള്‍ പ്രശംസനീയം തന്നെ. നമിക്കുന്നു ഗുരുവേ, നമിക്കുന്നു.
ഓ ടോ : കുഞ്ഞി വാവക്കു സുഖം തന്നെയല്ലെ?
കണ്ണൂരാന്‍ | 20-Jan-07 at 10:22 am | Permalink
2 വര്‍ഷം പൂര്‍ത്തിയാക്കിയതില്‍ വളരെ സന്തോഷം. ബൂലോഗത്ത് താങ്കള്‍ക്കെതിരെ എന്തൊക്കെ വിമര്‍ശനങ്ങള്‍ ഉണ്ടാവട്ടെ, താങ്കളുടെ ഇന്നത്തെ നിലപാട് തന്നെയാണ് ശരി എന്നാണെന്റെ അഭിപ്രായം.
പുള്ളി | 20-Jan-07 at 10:37 am | Permalink
ഉമേഷ്ജിയ്ക്ക് രണ്ടാംവാര്ഷീകാശംസകള്…
ഇപ്പോഴെങ്കിലും നയം വ്യക്തമാക്കിയത് നന്നായി. ഇനിയും ഇതുവരെ വന്നതുപോലെ നല്ല പോസ്റ്റുകള്‍ വരുമെന്ന് ‘വിശ്വസിക്കുന്നു’.
വേണു | 20-Jan-07 at 11:41 am | Permalink
അഭിമാനത്തോടെ ബൂലോകത്തു് നില്ക്കുമ്പോള് എനിക്കു ചുറ്റും നില്ക്കുന്ന ഉമേഷ്ജിയുടെ ബ്ലോഗുള്‍പ്പെടെ പലതും പഠിക്കുമ്പോള്‍, അത്ഭുതങ്ങളുടെ ലോകത്തൊരു കൊച്ചു പൊട്ടനായിനിന്നു വായിക്കുമ്പോഴൊക്കെ ഞാന്‍ ഒര്ക്കാറുണ്ടു്. “സുഹൃത്തേ, മുന്‍വിധിയൊക്കെ മാറ്റി വെച്ചിട്ടു് ഗീത വായിക്കൂ. അതില്‍ പൊട്ടത്തെറ്റല്ലാത്ത പലതും കണ്ടേക്കാം. തെറ്റും കണ്ടേക്കാം. ഒരു ജ്ഞാനവും പൂര്‍ണ്ണമായും ശരിയും പൂര്‍ണ്ണമായും തെറ്റും അല്ല എന്നല്ലേ ആധുനികശാസ്ത്രവും പറയുന്നതു്?” അതെ ആ ഉള്ളറിവോടെ തന്നെ എല്ലാം വായിക്കുന്നു.
ഉമേഷ്ജിയുടെ ബ്ലോഗിലെ പഴഞ്ചന്‍ വിശ്വാസിയെയും,താന്തോന്നിയായ അവിശ്വാസിയെയും ഞാന്‍ ഇഷ്ടപ്പെടുന്നു എന്നു് അറിയിച്ചുകൊള്ളട്ടെ.
വിജ്ഞാന സമ്പാദനത്തിനു് ഇനിയുമിനിയും താങ്കളില്‍നിന്നും പല ഉപഹാരങ്ങളും പ്രതീക്ഷിക്കുന്നു. അതിനായി ജഗദീശ്വരനോടു പ്രാര്‍ഥിക്കുന്നു.
Salu Thomas John | 20-Jan-07 at 11:43 am | Permalink
എന്റെ ദൃഷ്ടിയില് താങ്കള്‍ ഐസെക് അസിമൊവിന്റെയും കാള്‍ സാഗന്റെയും മറ്റും ഒരു മലയാളി പതിപ്പാണ്. നാട്ടില്‍ താങ്കളുടെ അയല്‍ പ്രദേശത്തുകാരനായതില് അഭിമാനിക്കുന്നു. തുടര്‍ന്നും താങ്കളുടെ രസകരവും വിജ്ഞാനപ്രദവുമായ ബ്ലോഗുകള്‍ പ്രതീക്ഷിച്ചുകൊണ്ട്,
സലു തോമസ് ജോണ്‍
നാരങ്ങാനം
കിരണ്‍സ്..!! | 20-Jan-07 at 11:45 am | Permalink
ഉമേഷ്ജീ,ബൂലോഗത്തെത്തിയതിനു ശേഷം ആദ്യമായാണ് ഒരു കമന്റ് ഇവിടെ ഇടുന്നത്,സംസ്കൃതത്തിലും ശ്ലോകങ്ങളിലൂമുള്ള താത്പര്യക്കുറവായിരുന്നു പ്രധാനമായും അതിനൂള്ള കാരണം,എന്നാല്‍ ആലപിച്ച മൂന്ന് കവിതകള്‍,യേശുദാസിന്റെ ആദരച്ചടങ്ങിനെഴുതി അജിത്ത് ആലപിച്ച കവിത എന്നിവ കേട്ടു.(എന്റെ കൊക്കിലൊതുങ്ങിയവ ). വിജ്ഞാന പ്രദമായ ലേഖനങ്ങളുടെ ഒരു ആര്‍ക്കൈവ് തന്നെയായ ഈ ബ്ലോഗ് എന്നും നിലനില്ക്കാറാകട്ടെ എന്നാശംസിക്കുന്നു…2-ആം പിറന്നാളാശംസകളും..!
സജിത്ത് വികെ | 20-Jan-07 at 11:53 am | Permalink
ഹലോ ഉമേഷ്,
താങ്കളുടെ പോസ്റ്റുകള്‍ ഉപയോഗപ്രദമാണെന്ന് തോന്നിയ ഒരാളാണ് ഞാന്‍. അപൂര്‍വ്വമായെങ്കിലും, “മാര്‍ക്സിസ്റ്റ് അന്ധവിശ്വാസികള്‍” പ്പോലും ഈ നാട്ടില്‍ നിലനില്ക്കുന്നു എന്നത് യാഥാര്‍ഥ്യവും.
കൂടുതല്‍ കാലിക പ്രാധാന്യമുള്ള വിഷയങ്ങളെ അധികരിച്ച്, അവയോടുള്ള നിലപാടുകളെ താങ്കളുടെ കാഴ്ചപ്പാടിനനുസരിച്ച് വിലയിരുത്തിയാല്‍ അത് കൂടുതല്‍ Conveying ആയിരിക്കും. ഉദാഹരണ സഹിതം വ്യക്തമാക്കണം എന്നുണ്ട്. സമയക്കുറവുമൂലം പിന്നീടേക്ക് മാറ്റിവെയ്ക്കട്ടെ….
bnsubair | 20-Jan-07 at 12:27 pm | Permalink
ബൈബിള്‍ മാത്രമല്ല, വേദങ്ങളും ഖുറാനും മറ്റും ഇങ്ങനെ ആധികാരികഗ്രന്ഥങ്ങളാകാറുണ്ടു്. അവ അതാതു കാലത്തെ ഏറ്റവും പ്രഗല്ഭരായിരുന്ന മനുഷ്യര്‍ രചിച്ച മഹത്തായ ഗ്രന്ഥങ്ങളാണു് എന്ന വസ്തുത അംഗീകരിക്കാത്ത ഇത്തരം മനുഷ്യരെ നാം “അന്ധവിശ്വാസികള്‍” എന്നു വിളിക്കുന്നു.
എന്താ? ഉമേഷേ ഇതൊക്കെ..
chithrakaran | 20-Jan-07 at 12:55 pm | Permalink
പ്രിയ ഉമേഷ്,
ഈ പൊസ്റ്റിനെ തങ്കളുടെ “നിലപാടുതറ” എന്നു മനസിലാക്കട്ടെ.
വളരെ തുറസായതും, വൃത്തിയുള്ളതുമായ താങ്കളുടെ നിലപാടുകള്‍ ബ്ലൊഗ്ലൊകത്തിനു മാത്രമല്ല, മലയാളത്തിനു തന്നെ അനുഗ്രഹമാകട്ടെ എന്ന് ആശിക്കുന്നു.
chandrakkaran | 20-Jan-07 at 3:07 pm | Permalink
ഉമേഷ്, സന്ദര്‍ഭോചിതമായ പോസ്റ്റ്. ഇതില്‍ സൂചിപ്പിച്ചിട്ടുള്ള ചില കാര്യങ്ങള്‍ ഞാനുള്‍പ്പെടുന്ന ചിലരില്നുന്നുകൂടി വിശദീകരണമാവശ്യപ്പെടുന്നുണ്ട് (ഉദാഹരണത്തിന് “വെറും ഡോക്യുമെന്റേഷന്” എന്നത് എന്റെ പ്രയോഗമാണ്, അത് ഒരു പ്രത്യേക contextഇല് എഴുതിയതുമാണ്. absolute ആയ ഒരു ചുറ്റുപാടില്‍ ഞാന്‍ പോലും അതിനോടു യോജിക്കില്ല) കഴിയുമെങ്കില്‍ പിന്നീടു ചെയ്യാം. വളരെയധികം തെറ്റിദ്ധരിക്കപ്പെട്ടുവെന്നതും manipulate ചെയ്യപ്പെട്ടുവെന്നതും താങ്കളെ ലക്ഷ്യമാക്കിയുള്ള ആരോപണമായിരുന്നില്ല, അതിന്റെ ഉത്തരവാദികള്‍ manipulators ആയിരുന്നു, ഒരിക്കലും ഉമേഷല്ല.
രണ്ടു വര്‍ഷക്കാലം ഒരു തിരിഞ്ഞുനോട്ടത്തിനു യോജിച്ച കാലം തന്നെ. മലയാളം ബ്ലോഗില്‍ ഏറ്റവും കനത്ത സംഭാവന ആരുടേതാണെന്നുചോദിച്ചാല് ഒറ്റയടിക്കു മനസ്സില്‍ വരുന്നത് താങ്കളുടെ പേരുതന്നെയാണ്.
താങ്കളോടു വിയോജിക്കുമ്പോഴും താങ്കളെ സ്നേഹിക്കാതിരിക്കാനും ബഹുമാനിക്കാതിരിക്കാനും ആര്‍ക്കുമാവില്ല എന്ന് ഈ പോസ്റ്റ് ഒന്നുകൂടി അടിവരയിടുന്നു.
su | 20-Jan-07 at 3:12 pm | Permalink
ആശംസകള്‍. 🙂
Krishnakumar | 20-Jan-07 at 3:25 pm | Permalink
ഉമേഷ്,
അന്വേഷണവും പഠനവും ഈ അറിവു പങ്കുവെക്കലും തുടരൂ. അഭിനന്ദനങ്ങള്‍ !!
വിശ്വാസങ്ങളെ പറ്റി തോന്നിയിട്ടുള്ള ഒരു കാര്യം ഞാന്‍ ഇവിടെ പറയട്ടെ..
നാം ഒരു കാലത്ത് പഠിച്ച കാര്യങ്ങള്‍ വച്ചാണല്ലോ പലപ്പോളും (അന്ധ)വിശ്വാസങ്ങള്‍ നമ്മളില്‍ ഉണ്ടാവുന്നത്. അതുകൊണ്ട് കാലാകാലങ്ങളില്‍ നമ്മുടെ നിലപാടുകളിലും മാറ്റം വരുന്നു. അതിനാല്‍ ഒന്ന് ശരി വേറൊന്ന് തെറ്റ് എന്നത് കുറേക്കാലത്തിന് ശേഷം വേറൊരു രീതിയില്‍ കാണാന്‍ തുടങ്ങുന്നു.
നന്ദി
കൃഷ്ണകുമാര്‍
വിഷ്ണു പ്രസാദ് | 20-Jan-07 at 3:30 pm | Permalink
ഉമേഷേട്ടാ,
ഞാന്‍ താങ്കളെ തെറ്റിദ്ധരിച്ചിട്ടുണ്ടായിരുന്നില്ല എന്നു പറഞ്ഞാല്‍ അത് തെറ്റിദ്ധാരണയ്ക്ക് ഇടയാക്കുമെന്നതിനാല്‍ തെറ്റിദ്ധരിച്ചിരുന്നുവെന്നും അക്കാരണത്താല്‍ ഒരു അന്ധവിശ്വാസിയാണെന്നും ഇതിനാല്‍ തെര്യപ്പെടുത്തുന്നു.
കമന്റുകളിലൊന്നിനെ പിടിക്കുന്നു:
ആമിര്‍ ഖാന് | 20-Jan-07 at 9:55 am | Permalink
ബൈബിളിനേയും ഖുറാനേയും മറ്റും പറ്റി എഴുതുമ്പോള്‍ അവ കുറഞ്ഞതു് ഒരു് വട്ടമെങ്കിലും വായിച്ചശേഷമായിരുന്നെങ്കില്‍ നന്നായിരുന്നു. എങ്കില്‍ മാത്രമേ ഇത്ര ആധികാരികമായി അതതു് കാലഘട്ടത്തിലെ “മനുഷ്യര്‍” രചിച്ചവയാണവ എന്ന നിരീക്ഷണത്തില്‍ എത്തിച്ചേരാനാവൂ.
മനുഷ്യരല്ലെങ്കില്‍ പിന്നെ ആരാണാവോ…?
സ്വാര്‍ത്ഥന്‍ | 20-Jan-07 at 3:45 pm | Permalink
ഇവിടെ വരുമ്പോള്‍ എപ്പോഴും പുതിയതെന്തെങ്കിലും ലഭിക്കുന്നു.
എന്റെ അറിവിന്റെ പരിമിതി വച്ച് നോക്കുമ്പോള്‍ ഇനിയും ഒരുപാടുകാലത്തേക്കുള്ള വകുപ്പുകള്‍ ഇങ്ങേരുടെ കയ്യില്‍ കാണും.
ആശംസകള്‍ 🙂
ബിന്ദു. | 20-Jan-07 at 4:10 pm | Permalink
ഉമേഷ്ജീ വളരെ നല്ല ചിന്തകള്‍. നൂറു ശതമാനം യോജിക്കുന്നു. കാര്യങ്ങള്‍ വസ്തുനിഷ്ഠമായി പറയുന്നതുകൊണ്ടു തന്നെ ആണ് ഈ ബ്ലോഗ് എനിക്ക് പ്രിയംകരം.
ആശംസകള്‍ !!!:)
വല്യമ്മായി | 20-Jan-07 at 4:30 pm | Permalink
ആശംസകള്‍,ഈ ബ്ലോഗിനെ കുറിച്ച് പറയാനുള്ളതെല്ലാം പണ്ടേ പറഞ്ഞിട്ടുണ്ട്.
പസ്സില്‍ പോസ്റ്റുകള്‍ കാണാനില്ലല്ലോ
shajid | 20-Jan-07 at 4:33 pm | Permalink
ഉമേഷ്ജി, എല്ലാ ഭാവുകങ്ങളും നേരുന്നു. …..
Raghavan P K | 20-Jan-07 at 4:37 pm | Permalink
“നമ്മുടെ ഇന്ത്യന്‍ സമൂഹത്തിന് ഇന്നാവശ്യം സമൂഹത്തില്‍ തലച്ചോറായി വര്‍ത്തിക്കേണ്ട സ്വതന്ത്ര ചിന്തകരാണ്.”
ഒരു ബ്ലോഗില്‍ കുറച്ചു മുന്‍പ് വായിച്ചതാണ്.ഇവിടെ അത് സഫലമായിരിക്കുന്നു.പുതിയ ചിന്തകരെ ഉത്പാദിപ്പിക്കുന്ന ഒരു ലേഖനം.
മൂന്നാം വര്‍ഷത്തിലേക്ക് കടക്കുന്ന ബ്ലോഗര്‍ക്ക് അഭിനന്ദനങള്‍.
sujith | 20-Jan-07 at 6:30 pm | Permalink
കമന്റ് കുറച്ചെ ഇട്ടിട്ടുള്ളുവെങ്കിലും ഉമേഷിന്റെ പോസ്റ്റ് ആദ്യകാലം മുതലെ വായിച്ചിരുന്നു.ഉമേഷിന്റെ റോള്‍ ഉമേഷ് നന്നായിത്തന്നെ ചെയ്യുന്നു.ഇനിയും തുടരട്ടെ
പ്രമോദ് | 20-Jan-07 at 8:31 pm | Permalink
ഉമേഷ്ജി,
ആദ്യമായണു് താങ്കളുടെ ബ്ലോഗില്‍ കമന്റിടുന്നതു്. മിക്കവാറും എല്ലാ പോസ്റ്റുകളും വായിക്കാറുണ്ടായിരുന്നെങ്കിലും, type ചെയ്യനുള്ള മടി കൊണ്ടോ സമയ പരിമിതി മൂലമോ കമന്റുകളിടാറില്ലായിരുന്നു.
താങ്കളുടെ പോസ്റ്റുകള്‍ ഒരുതരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ വളരെ വിജ്ഞാനപ്രദങ്ങളാണു്. താങ്കളെ ഈ മലയാള ബൂലോകത്തെ കാര്‍ണവരായി വിശേഷിപ്പിച്ചാല്‍ അതൊരു തെറ്റാവില്ല. വരും വര്‍ഷങ്ങളിലും ഇതുപോലെ “മുന്‍പേ നടന്ന ഗുരുക്കന്മാര് തെളിയിച്ച ദീപപ്രകാശം” മറ്റുള്ളവര്‍ക്കായി പകര്‍ന്നു നല്കാനാകട്ടേ എന്നാര്മാത്ധ്മായി ആശംസിക്കുന്നു.
പ്രമോദ്
bnsubair | 21-Jan-07 at 4:53 am | Permalink
ഉമേഷ് &വിഷ്ണുപ്രസാദ്! ഖുര്‍ ആന്‍ പ്രപഞ്ച സൃഷ്ടാവായ അല്ലാഹുവ്ന്റെ കലാം(വാക്കുകള്‍)ആണ്,
ര്‍ ആന്‍ മനുഷ്യ നിര്‍മ്മിതമാണെങ്കില്‍ അതിലെ ഒരു വാചകത്തിനെങ്കിലും തുല്യമായ മറ്റൊരു വാചകം താങ്കള്‍ക്ക് നിര്‍മ്മിക്കുവാന്‍ കഴിയുമോ? അതിനു വേണ്ടി ഇന്നും, ഇന്നലെയുമായി ലോകത്തുള്ളതും, ഇനി വരുന്നതുമായ എല്ലാ സൗകര്യങ്ങളും, ലോകത്തെ ആരുടെ വേണമെങ്കിലും സേവനവും നിങ്ങള്‍ക്കുപയോഗിക്കാം..സ്നേഹത്തോടെ
thaRavaDi | 21-Jan-07 at 5:33 am | Permalink
ആശംസകള്‍
അനില്‍ | 21-Jan-07 at 6:03 am | Permalink
വസ്തുനിഷ്ടമായ വിവരങ്ങളടങ്ങിയ ഒരു ബ്ലോഗ് ആര്‍ക്കെങ്കിലും ചൂണ്ടിക്കാണിക്കാനായി ഗുരുകുലം മാത്രമേയുള്ളൂ. മുന്‍വിധിയില്ലാത്ത നിരീക്ഷണങ്ങളാവണം ഉമേഷ്ജിയുടെ ചിന്താഗതിയുമായി ഒത്തുപോവാന്‍ എന്നെപ്പോലുള്ളവരെ പ്രേരിപ്പിക്കുന്നതും.
ആശംസകളും നന്ദിയും.
മന്‍ജിത് | 21-Jan-07 at 6:16 am | Permalink
കീവേഡ് സെര്ച്ചിങ്ങിലൂടെയുള്ള ഗൂഗിള്‍ വിജ്ഞാനം അണ്ഡകടാഹങ്ങളൊട്ടുക്കും നിറയുമ്പോള്‍ വസ്തുതകള്‍ വിശകലനം ചെയ്യാന്‍ നടത്തുന്ന അന്വേഷണങ്ങളും കഷ്ടപ്പാടുകളുമാണ് ഉമേഷിനെയും ഉമേഷിന്റെ ബ്ലോഗിനെയും വ്യത്യസ്തമാക്കുന്നത്. അതിനാല്‍ തന്നെ തികച്ചും അജ്ഞരായ വായനക്കാര്‍ക്കുപോലും ഉമേഷിന്റെ ലേഖനങ്ങളില്‍ നിന്നും എന്തെങ്കിലും ലഭിക്കും എന്നാണെന്റെ തോന്നല്‍.
ബ്ലോഗിംഗ് രണ്ടും രണ്ടും രണ്ടും വര്‍ഷങ്ങള്‍ കടന്നുപോകട്ടെ ഉമേഷ്ജീ. എന്നായാലും ഇവിടെയെത്താനും ഇതൊക്കെ വായിക്കാനുമുള്ള തോന്നല്‍ എന്റെ മനസില്‍ നിന്നു മായാതിരിക്കട്ടെ എന്നുമാത്രമേ പ്രാര്‍ത്ഥനയുള്ളൂ.
(അല്പം ശ്രദ്ധിക്കപ്പെടണമെന്നുണ്ടെങ്കില് ഉമേഷിനെ വിമര്‍ശിക്കുക എന്നൊരു മറുപാഠവുമുണ്ട് കേട്ടോ 😉 }
chithrakaran | 21-Jan-07 at 6:32 am | Permalink
സുബൈരെ,
അങ്ങിനെ “ഠ”വട്ടത്തിലുള്ള കുറച്ച് അറബികള്‍ക്കു മാത്രമായി ദൈവം നേരിട്ട് വന്ന് ഒരു സ്വകാര്യമായി പുസ്തകമെഴുതി കൊടുക്ക്വൊ? മറ്റുള്ള മനുക്ഷ്യരൊക്കെ ഇപ്പറഞ്ഞ ദൈവത്തിന്റെ ആരുമല്ലെങ്കില്‍ ആ ദൈവത്തെ ഒരു പ്രാദേശിക ദൈവമായി ചെറുതാക്കുന്നവയല്ലേ സുബൈറിന്റെ വാക്കുകള്‍ ?
Umesh::ഉമേഷ് | 21-Jan-07 at 8:10 am | Permalink
“രണ്ടു തരം അന്ധവിശ്വാസികള്‍”എന്നൊരു പോസ്റ്റ് എഴുതിവരുകയായിരുന്നു. അപ്പോഴാണു് രണ്ടു കൊല്ലമായ വിവരം ശ്രദ്ധയില്‍പ്പെട്ടതു്. അപ്പോള്‍ ആ പോസ്റ്റിനെ ധൃതിയില്‍ ഈ പരുവമാക്കിയതാണു്. ഇതില്‍ കാണുന്ന കൃത്രിമത്വവും പന്തിയില്ലായ്മയും അപൂര്‍ണ്ണതയും അതുകൊണ്ടാണു്. സാധാരണയായി പോസ്റ്റുകളെഴുതുന്നതു വളരെ സമയമെടുത്തു പല തിരുത്തുകള്‍ക്കും ശേഷമാണു്. അങ്ങനെ ചെയ്യാന്‍ പറ്റാതെ സമയബന്ധിതമായി എഴുതേണ്ടി വരുമ്പോഴാണു് ഇങ്ങനെ വരുന്നതു്.
ഒന്നുറങ്ങിയുണര്ന്നെണീറ്റു വായിച്ചപ്പോള്‍ ഇഷ്ടപ്പെടാഞ്ഞ ഒന്നു രണ്ടു ചെറിയ കാര്യങ്ങള്‍ തിരുത്തിയിട്ടുണ്ടു്. “പൊട്ടത്തെറ്റ്” എന്നതിന്റെ വല്ലാത്ത ആവര്‍ത്തനം ഒന്നു്. “ഡോക്യുമെന്റേഷന്” എന്ന വാക്കു് ഒന്നു രണ്ടിടത്തുപയോഗിച്ചതു ചന്ത്രക്കാറനെ തെറ്റിദ്ധരിപ്പിച്ചതു മറ്റൊന്നു്. സംസ്കൃതം ഡോക്യുമെന്റേഷന് മാത്രമാണു് എന്നു പറഞ്ഞ ഭാഗത്തു മാത്രമേ ഞാന്‍ ചന്ത്രക്കാറന്റെ പരാമര്‍ശം ഉദ്ദേശിച്ചിട്ടുള്ളൂ. അദ്ദേഹത്തെ ഞാന്‍ തെറ്റിദ്ധരിച്ചിട്ടില്ല എന്നും വ്യക്തമാക്കട്ടേ.
പത്തൊന്‍പതാം തീയതി തീര്‍ക്കാനുള്ള ശ്രമത്തില്‍ (പന്ത്രണ്ടു മണിക്കു മുമ്പു് എഴുതിത്തീര്‍ന്നെങ്കിലും സ്പെല്‍ചെക്കറും ഗ്രാമര്‍ ചെക്കറും ഓടിച്ചു കഴിഞ്ഞപ്പോഴേക്കും-എന്നു വെച്ചാല്‍ രണ്ടു തവണ വായിച്ചു കഴിഞ്ഞപ്പോള്‍-ഇരുപതാം തീയതി ആയി. ഈ ബ്ലോഗില്‍ ഞാന്‍ GMT/UT ഉപയോഗിക്കുന്നതുകൊണ്ടു് അതിനു മുമ്പേ ഇവിടെ 20 ആയിരുന്നു.) പാതിയുറക്കത്തില്‍ ലിങ്കുകളും മറ്റും കൊടുത്തിരുന്നില്ല. അവയും ചേര്‍ത്തു. ചന്ത്രക്കാറന്റെയും തഥാഗതന്റെയും മുന്കമന്റുകളിലെ തിരുത്തലുകള്‍ ചൂണ്ടിക്കാണിക്കുക മാത്രം ചെയ്ത കമന്റ്റുകള്‍ ഡിലീറ്റു ചെയ്യുകയും തിരുത്തേണ്ടവ തിരുത്തുകയും ചെയ്തിട്ടുണ്ടു്.
എല്ലാവര്ക്കും പ്രത്യേകമായി മറുപടി പിന്നീടു പറയാം. ഒന്നു രണ്ടു പേര്‍ക്കു മാത്രം ഇപ്പോള്‍.
കൃഷ്ണകുമാറിന്റെ നിരീക്ഷണം വളരെ പ്രസക്തം. മുന്‍പൊരു കമന്റില്‍ ചോദിച്ച ശാസ്ത്രനിര്വ്വചനവും ഇതോടു ചേര്‍ത്തു വായിക്കണം. എന്റെ അഭിപ്രായത്തില്‍ ശാസ്ത്രത്തിന്റെയും വിശ്വാസത്തിന്റെയും വ്യത്യാസം വിഷയത്തിലല്ല, അവ പഠിക്കുന്ന രീതിയിലാണു്. ക്വാണ്ടം മെക്കാനിക്സ് ഒരു വിശ്വാസമാക്കാനും (കമ്യൂണിസത്തില്‍ “വിശ്വസി”ക്കുന്ന അതുല്യയെ എവിടെയോ കണ്ടു.) ജ്യോതിഷം ഒരു ശാസ്ത്രമാക്കാനും പ്രയോക്താവിനു കഴിയും. വിശദമായ വിശകലനം എന്ന്റ്റെ “ശാസ്ത്രവും വിശ്വാസവും” എന്റെ പോസ്റ്റില്‍ ഉണ്ടാകും എന്നു പ്രതീക്ഷിക്കുന്നു.
bnsubair & ആമിര്‍ ഖാന്,
എന്റെ “അവ അതാതു കാലത്തെ ഏറ്റവും പ്രഗല്ഭരായിരുന്ന മനുഷ്യര്‍ രചിച്ച മഹത്തായ ഗ്രന്ഥങ്ങളാണു്” എന്ന ഭാഗത്തിന്റെ അര്‍ത്ഥം വ്യക്തമായില്ല എന്നു നിങ്ങളുടെ കമന്റുകളില്‍നിന്നു വ്യക്തമായി. ദയവായി ക്ഷമിക്കുക. അതു വ്യക്തമാക്കുവാന്‍ അതിലെ മനുഷ്യര്‍ എന്ന പദം കട്ടിയുള്ള അക്ഷരങ്ങളിലാക്കിയിട്ടുണ്ടു്. ആനത്തലയുള്ള ഗണപതിയും കുരങ്ങനായിരുന്ന ഹനുമാനും മറ്റും പുസ്തകങ്ങളെഴുതിയതായി കഥകളുണ്ടെങ്കിലും ഇന്നു നാം കാണുന്നപുസ്തകങ്ങളെല്ലാം മനുഷ്യന് എഴുതിയതാണു് എന്നാണു് എന്റെ അറിവു്. അതല്ല എന്നു വാദിക്കുന്നിടത്താണു് ഈ അന്ധവിശ്വാസങ്ങളുടെയും മൌലികവാദത്തിന്റെയും ഒക്കെ തുടക്കം. ഇതിനെപ്പറ്റി വിശദമായി പിന്നീടെഴുതാം.
എല്ലാവര്ക്കും നന്ദി. വിശദവും പ്രത്യേകവുമായ മറുപടി പിന്നീടെഴുതാം.
ആമിര്‍ ഖാന് | 21-Jan-07 at 8:42 am | Permalink
bnsubair & ആമിര്‍ ഖാന്,
എന്റെ “അവ അതാതു കാലത്തെ ഏറ്റവും പ്രഗല്ഭരായിരുന്ന മനുഷ്യര്‍ രചിച്ച മഹത്തായ ഗ്രന്ഥങ്ങളാണു്” എന്ന ഭാഗത്തിന്റെ അര്‍ത്ഥം വ്യക്തമായില്ല എന്നു നിങ്ങളുടെ കമന്റുകളില്‍നിന്നു വ്യക്തമായി. ദയവായി ക്ഷമിക്കുക. അതു വ്യക്തമാക്കുവാന്‍ അതിലെ മനുഷ്യര്‍ എന്ന പദം കട്ടിയുള്ള അക്ഷരങ്ങളിലാക്കിയിട്ടുണ്ടു്. ആനത്തലയുള്ള ഗണപതിയും കുരങ്ങനായിരുന്ന ഹനുമാനും മറ്റും പുസ്തകങ്ങളെഴുതിയതായി കഥകളുണ്ടെങ്കിലും ഇന്നു നാം കാണുന്നപുസ്തകങ്ങളെല്ലാം മനുഷ്യന് എഴുതിയതാണു് എന്നാണു് എന്റെ അറിവു്. അതല്ല എന്നു വാദിക്കുന്നിടത്താണു് ഈ അന്ധവിശ്വാസങ്ങളുടെയും മൌലികവാദത്തിന്റെയും ഒക്കെ തുടക്കം. ഇതിനെപ്പറ്റി വിശദമായി പിന്നീടെഴുതാം.
മുന്‍വിധിയെന്തിനു് ഉമേഷ്. ഖുറാന് ഒരു വട്ടമെങ്കിലും വായിച്ചതിനു് ശേഷം പോരേ വിധിപ്രസ്താവം? അല്ലെങ്കില്‍ അതും ഒരു അന്ധവിശ്വാസമായിപ്പോവില്ലേ? ഇതു് താങ്കളുടെ തന്നെ നിരീക്ഷണമാണു്.
bnsubair | 21-Jan-07 at 11:14 am | Permalink
ചിത്രകാരന് &ഉമേഷ്… ഖുര്‍ ആന്‍ അറബി ഭാഷയില്‍ അവതരിച്ച ഗ്രന്ധമാണ്, എന്നാല്‍ അത് അറബികളെ മാത്രമല്ല ഫോക്കസ് ചെയ്യുന്നത് എന്ന് താങ്കള്‍ക്ക് ഒറ്റ വായനയില്‍ തന്നെ മനസ്സിലാക്കുവാന്‍ സാധിക്കും,
എത്ര നിസ്സാരമായാണ് താങ്കള്‍ ഈ വിഷയത്തെ സമീപിച്ചത് എന്നത് എന്നെ അത്ഭുതപ്പെടുത്തുന്നു,
അക്ഷരാഭ്യാസിയല്ലാതിരുന്ന മുഹമ്മദ് നബി(സ:അ) യില്‍ നിന്നും ഇങ്ങനെയൊരു ഗ്രന്ഥം വിരചിതമായി എന്നത് അക്കാലത്തെ ഏറ്റവും വലിയ ശത്രുക്കള്‍ പോലും ഉന്നയിച്ചിട്ടില്ലാത്ത ഒരാരോപണമാണ്..
ഉമേഷിന്റെ വാക്കുകള്‍ മനസ്സിലാക്കുവാന്‍ പ്രത്യേകിച്ച് ബിദ്ധിമുട്ടുകള്‍ എന്തെങ്കിലും ഉള്ളതായി എനിക് തോന്നുന്നില്ല,
പിന്നെ താങ്കള്‍ ആ വാദം കൂടുതല്‍ ശക്തമായി ഉന്നയിച്ചതില്‍ നിന്നും ഉമേഷിന്റെ മൗലിക വാദത്തെക്കുറിച്ചും, അന്ധവിശ്വാസസ്ങ്ങളെക്കുറിച്ചും കൂടുതല്‍ വ്യക്തമാകുകയും ചെയ്തു,
താങ്കള്‍ക്ക് ഈ അറിവ് എവിടെ നിന്നും കിട്ടി എന്നു വെളിവാക്കണമെന്നാവശ്യപ്പെടുന്നതോടൊപ്പം ഞാനെന്റെ വെല്ലുവിളി ആവര്‍ത്തിക്കുകയും ചെയ്യുന്നു….
സിയ | 21-Jan-07 at 11:34 am | Permalink
പ്രിയ ഉമേഷ് ജി,
താങ്കളുടെ എല്ലാ വാദഗതികളോടും യോജിക്കുന്നില്ലെങ്കിലും….
ചിന്തോദ്ദീപകമായ ലേഖനങ്ങളുമായി രണ്ടു വര്‍ഷം പൂര്‍ത്തിയാക്കിയ ഈ വേളയില്‍ അഭിനന്ദനങ്ങള്‍..ആശംസകള്‍
സിജു | 21-Jan-07 at 11:35 am | Permalink
രണ്ട് വര്‍ഷം പൂര്‍ത്തിയായ ഉമേഷേട്ടന് ആശംസകളും അഭിനന്ദനങ്ങളും
അറിവും വിജ്ഞാനവും പകരുന്ന ലേഖനങ്ങള്‍ വീണ്ടും വീണ്ടും എഴുതുക
qw_er_ty
chithrakaran | 21-Jan-07 at 1:35 pm | Permalink
സുബൈര്‍,
വ്രണപ്പെടുന്ന തരത്തിലുള്ള മതവികാരം കൊണ്ട് പ്രത്യേകം അടച്ചുവച്ച മനസ്സുകളിലേക്ക് സാക്ഷാല്‍ ദൈവം തന്നെ ശ്രമിച്ചാലും ഒരു തരി വെളിച്ചം പോലും കടത്തിവിടാനാകില്ല. ഒരു മതം കര്‍ക്കശ വിലക്കുകളിലൂടെ നല്ലൊരു ജനതയെ 1500 വര്‍ഷം പഴക്കമുള്ള അടിമത്വത്തിന്റെ കുറ്റിയില്‍ കെട്ടിയിട്ടിരിക്കുന്നു. ഈ അടിമകളെവച്ച് അധികാരം നിലനിര്‍ത്താനും, നിയന്ത്രിക്കാനും,വിപുലമാക്കാനും നടത്തുന്ന രാഷ്ട്രീയ ശ്രമമാണ് താങ്കളെപ്പൊലുള്ള നല്ല മനുഷ്യരുടെ അത്മാര്‍ത്ഥതയുള്ള വക്കുകളിലൂടെ പുറത്തു ചാടുന്നത്
bnsubair | 21-Jan-07 at 1:49 pm | Permalink
ചിത്രകാരാ….വൈകാരികതകളുടെയും അന്ധ്വിശ്വാസങ്ങളുടെയും ഇരുണ്ട കാന്‍ വാസില്‍ നിന്നും പുറതുവന്ന് ഞാന്‍ മുന്നോട്ടുവച്ച ചോദ്യത്തിന് ശരിയായ ഉത്തരം നല്കാന് താങ്കള്‍ക്ക് കഴിയില്ലേ…?
അലിഫ് | 21-Jan-07 at 2:15 pm | Permalink
വളരെയധികം വ്യത്യസ്ഥമാര്‍ന്ന താങ്കളുടെ സമീപനം, നര്‍മ്മം അവതരിപ്പിക്കുന്നതിലുള്പ്പെടെ അനുഭവിക്കാനായിട്ടുണ്ട് പല പോസ്റ്റിലൂം, ആ പോസ്റ്റുകള്‍ അറിവും ആശങ്കയും പകരുന്നതിനൊപ്പം. പലപ്പൊഴും പ്രതിപാദ്യ വിഷയങ്ങളെക്കുറിച്ചുള്ള അറിവില്ലായ്മ എന്നെ കമന്റിടുന്നതില് നിന്നും പിന്തിരിപ്പിച്ചിട്ടുണ്ട്.വിണ്ടും തിരിച്ച് വന്ന് വായിക്കുവാനുതകുന്ന ബ്ലോഗനുഭവം ഇനിയും തരുവാന്‍ കഴിയട്ടെയെന്ന് ആശംസിക്കുന്നു.
ഓഫടിക്കാമോ എന്തോ; എന്തായാലും തലക്കെട്ട് കലക്കി, ചില ‘അന്ധ‘ വിശ്വാസികള്‍ അടിതുടങ്ങി.
sandozone | 21-Jan-07 at 2:28 pm | Permalink
ബൂലോഗത്ത് രണ്ടു വര്‍ഷം പൂര്‍ത്തിയാക്കിയ ഉമേഷേട്ടനു അഭിനന്ദനങ്ങള്‍.
ഓ;ടൊ;ആ താഴ്വാരം രക്ഷപ്പെട്ടു.
jyothirmayi | 21-Jan-07 at 5:26 pm | Permalink
രണ്ടാം ബ്ലോഗുവാര്ഷികത്തിന് ആശംസകള്‍!
കുശാഗ്രബുദ്ധിയും വിജ്ഞാനതൃഷ്ണയും അറിവു പങ്കുവെയ്ക്കാനുള്ള മനോഭാവവും സ്ഥിരോത്സാഹവും എല്ലാം കൂടി ഒരുമിച്ച് ഒരാളില്‍ കാണുക എന്നത് ഇക്കാലത്ത് വിഷമമാണ്. താങ്കളെ ഒരു പ്രതിഭാസം എന്നു വിശേഷിപ്പിക്കാന്‍ പോലും തോന്നിയിട്ടുണ്ട്!
( തെളിവൊന്നുമില്ല, അന്ധവിശ്വാസമാണേ:-)) അതുകൊണ്ട്, ആ പ്രതിഭയ്ക്കുമുന്നില്‍ നമ്രശിരസ്കയായി, അദ്ദേഹത്തിന്റെ അമ്മയ്ക്ക് എന്റെ നമസ്കാരം സമര്‍പ്പിക്കുന്നു:-)
ഉമേഷ്ജീയെ പണ്ടുമുതലേ ബഹുമാനത്തോടെ വീക്ഷിച്ചിരുന്നതുകൊണ്ടും, ആളെ അറിയാം എന്നുള്ള ഒരു വിശ്വാസം കൊണ്ടും മാത്രമാണ് എന്റെ ചെറിയ ചെറിയ കാഴ്ച്ചപ്പാടുകളും ഗുരുകുലത്തില്‍ സധൈര്യം വന്നു പറയുന്നത്. എനിയ്ക്ക് അറിയാവുന്ന ആളാണ് എന്ന വെറും വിശ്വാസമെങ്കിലും ഉണ്ടായിരുന്നില്ലെങ്കില്‍, ഇവിടെ ഒരുഭാഗത്ത് ഒതുങ്ങി മാറിനിന്ന് നോക്കിക്കാണുകയേ ചെയ്യുമായിരുന്നുള്ളൂ.
പല പുതിയകാര്യങ്ങളും ഇവിടെ നിന്നും പഠിയ്ക്കാന്‍ പറ്റിയിട്ടുണ്ട്. പഠിയ്ക്കാനും എഴുതാനും ഉള്ള ഉത്സാഹം കുറച്ചെങ്കിലും കൂടിയിട്ടുമുണ്ട്. അക്ഷരശ്ലോകം ഗ്രൂപ്പില്‍നിന്നും ഉമേഷ്ജി, (ബാലേന്ദുvum) തുടങ്ങിയവരാണ്, ഞാനോരോന്നു കുത്തിക്കുറിച്ചപ്പോള്‍ പ്രോത്സാഹിപ്പിച്ചതും തെറ്റുതിരുത്തിത്തന്നതും, ഈ ലോകം എനിയ്ക്കു കാണിച്ചുതന്നതും. ഇവിടെ ഗുരുകുലത്തിലും അദ്ദേഹത്തിന്റേതായ, വൈജ്ഞാനികലേഖനങ്ങളുടെ ഗാംഭീര്യം ഒട്ടും ചോര്‍ന്നുപോകാതെ, ബൂലോകത്തുള്ളവരെയെല്ലാം പലതരത്തിലും പ്രോത്സാഹിപ്പിക്കുകയും പലകഴിവുകളേയും പുറത്തുകൊണ്ടുവരാന്‍ അവസരമൊരുക്കുകയും ചെയ്യുന്നു.
ആശംസകള്‍! നന്ദി.
അപ്പോള്‍ ആ പ്രതിഭയ്ക്കുമുന്നില്‍ നമ്രശിരസ്കയായി, രണ്ടാം ബ്ലോഗുവാര്ഷികത്തിന് ആശംസകള്‍ അര്‍പ്പിക്കുന്നു, ജ്യോതിര്മയികൃഷ്ണകുമാര് 🙂
കരീം മാഷ് | 21-Jan-07 at 6:07 pm | Permalink
ഇന്ടര്നെറ്റ് ഒരു വേസ്റ്റ് ബിന്‍ ആണെന്നു പറയുന്നവരെ നേരിടാന്‍ ഞാനിതു വരെ http://malayalam.usvishakh.net/ആണ് കൊടുത്തിരുന്നത്.അതിനിയും തുടരും.
രണ്ടു വര്‍ഷം പൂര്‍ത്തിയാക്കുന്ന ഈ വേളയില്‍ ആശംസകള്‍.
വല്ലതും വിലപ്പെട്ടതെഴുതുന്നവരുടെ വിലപ്പെട്ട സമയം കാലം നിങ്ങള്‍ക്കു നന്മയായി മടക്കിത്തരും. തീര്‍ച്ച
വിശാലമനസ്കന് | 21-Jan-07 at 6:31 pm | Permalink
ബൂലോഗത്തെ പണ്ഢിത ശ്രേഷ്ഠന് ശ്രീ.ഉമേഷ് മാഷിന് രണ്ടാം ബ്ലോഗ് വാര്‍ഷിക ആശംസകള്‍.
ഠേ..ഠേ..ഠേ..ഠേ.. അങ്ങിനെ നൂറ്റൊന്ന്!
(ഇത് തേങ്ങയല്ല… കതിനാവെടി പൊട്ടിച്ചതാകുന്നു)
ഇഞ്ചിപ്പെണ്ണ് | 22-Jan-07 at 2:17 am | Permalink
അപ്പൊ ഈ പോസ്റ്റിനുള്ളത് എവിടുന്നെങ്കിലും അടിച്ചു മാറ്റിയതാണൊ? 😉 രണ്ടാം വിവാഹവാര്‍ഷികാശംസകള്‍!
അല്ല..സോറി..ബ്ലോഗെഴുത്താംശംസകള്!
jyothirmayi | 22-Jan-07 at 3:44 am | Permalink
“ഇഞ്ചിപ്പെണ്ണേ, ഇഞ്ചിപ്പെണ്ണേ!
Where have you been?”…? 🙂
Nice to meet you:-)
തഥാഗതന് | 22-Jan-07 at 5:27 am | Permalink
ഉമേഷ്ജി
എന്റെ ,ഒരേ കമന്റ് രണ്ടു തവണ വീണതില്‍ ഒന്നല്ലെ ഡിലിറ്റ് ചെയ്തത് (ആവശ്യമില്ലാത്ത കമന്റുകള്‍ എന്ന് എഴുതിക്കണ്ട് ഇനി ആളുകള്‍ തെറ്റിദ്ധരിക്കരുതല്ലൊ)
jyothirmayi | 22-Jan-07 at 6:28 am | Permalink
ഉമേഷ്ജി,
ഇതും കൂടി ഒന്നു വായിക്കുമോ?
നന്ദി
jyothirmayi | 22-Jan-07 at 6:31 am | Permalink
ഞാന്‍ പറയുന്നതിനുമുന്പേ വായിച്ചുവല്ലേ, നന്ദി. കമന്റു കണ്ടു. ശരിയാണ്. ബാക്കി അവിടെ
Umesh::ഉമേഷ് | 22-Jan-07 at 2:24 pm | Permalink
അതു തന്നെ തഥാഗതാ. ആദ്യത്തെ കമന്റിലുണ്ടായിരുന്ന “തഥഗതന്‍” എന്ന അക്ഷരത്തെറ്റു തിരുത്തി തഥാഗതന് രണ്ടാമതു് അതു തന്നെ കമന്റിട്ടു. അതിലെ ആദ്യത്തെ കമന്റാണു ഞാന്‍ ഡിലീറ്റു ചെയ്തതു്. അല്ലാതെ “ആവശ്യമില്ലാത്ത” കമന്റല്ല 🙂
അയച്ച കമന്റ് ഡിലീറ്റു ചെയ്യാനോ എഡിറ്റ് ചെയ്യാനോ ഇവിടെ സംവിധാനമില്ലാത്തതില്‍ ഖേദിക്കുന്നു. കഴിയുന്നതുപോലെ ഇങ്ങനെ തെറ്റായും ആവര്‍ത്തനമായും പോയ കമന്റുകള്‍ ഞാന്‍ ശരിയാക്കാറുണ്ടു്.
ദുരര്‍ത്ഥം ഉണ്ടായതില്‍ ക്ഷമിക്കുക. എന്റെ കമന്റും ഞാന്‍ തിരുത്തിയിട്ടുണ്ടു്.
“ഇന്നു ഭാഷയതപൂര്ണ്ണമിങ്ങഹോ
വന്നു പോം പിഴയുമര്ത്ഥശങ്കയാല്…”
🙂
ഡാലി | 22-Jan-07 at 4:10 pm | Permalink
രണ്ട് വര്‍ഷം പൂര്‍ത്തിയായ ബ്ലോഗെഴുത്തിനു എല്ല ഭാവുകങ്ങളും.
മലയാളം ബ്ലോഗുകള്‍ ഉണ്ടെന്നറിയാനും അവ വായിക്കാനും കൊടകര പുരാണം കാരണമായെങ്കില്‍, ഒരു ബ്ലോഗ് തുടങ്ങികളയാം എന്ന കുരുത്തം കെട്ട ബുദ്ധി തോന്നാന്‍ ഗുരുകുലത്തിലെ വസന്തതിലകം പോസ്റ്റ് കാരണമായി.
സമസന്തുലിതാവസ്ഥയില്/സമതുലിതവസ്ഥ?(ഈക്വലിബ്രിയം) ഒരു സിസ്റ്റം നില്ക്കുക ബുദ്ധിമുട്ടാണ്. അഥവാ അങ്ങിനെ വന്നാല്‍ രാസപ്രവര്‍ത്തനം നടന്നാലും ഉത്പന്നം ഒന്നും ഉണ്ടാകില്ല. അപ്പോഴണ് ലേ ഷറ്റലിയര് പ്രിന്‍സിപ്പിള്‍ അനുസരിച്ച് ഉല്പ്രേരകങ്ങളും, മര്‍ദ്ദവും ഒക്കെ ഉപയോഗിക്കാന്‍ നാം നിര്‍ബന്ധിതരാകുന്നത്. മുന്നോട്ടുള്ള പ്രവര്‍ത്തനത്തെ നിയന്ത്രിക്കുന്നതാണെകില് വളരെ വളരെ നല്ലത്. അല്ലെങ്കില്‍ ഉല്പന്നം
അഭികാരകമായി( റിയാക്റ്റന്റ്സ്)മാറാനേ സഹായിക്കൂ.
ഇപ്പോഴത്തെ വിവാദങ്ങളെല്ലാം ഉമേഷ് മാഷിന്റെ വഴിയില്‍ മുന്നിലേയ്ക്കു തന്നെ നടത്തുന്ന ഉല്പ്രേരകമായി ഭവിക്കട്ടെ.
മുന്നില്‍ പലരും പറഞ്ഞ പോലെ മലയാളത്തില്‍ ഞാനും എടുത്ത് കാണിക്കുന്ന ആദ്യത്തെ ബ്ലോഗ് ഉമേഷ് മാഷിന്റെ തന്നെ ആയിരിക്കും.
അഭിവാദ്യങ്ങള്‍ അഭിവാദ്യങ്ങള്‍ ആയിരമായിരം അഭിവാദ്യങ്ങള്‍.
(എന്നെ തല്ലണ്ട. മുദ്രാവാക്യം എന്റെ വീക്നെസ്സാണ്. മുന്നില്‍ എഴുതിയതില്‍ അക്ഷരതെറ്റ് വ്യാകരണ തെറ്റ് ഇതിന്നൊന്നും വഴക്കു പറച്ചിലോ, ഇമ്പോസിഷനോ ഇല്ലാ ഇല്ലാ ഇല്ലാ.)
കൃഷ് | krish | 22-Jan-07 at 4:46 pm | Permalink
നല്ല ലേഖനം.
ബ്ലോഗിംഗ് രണ്ടു വര്‍ഷം തികച്ചതില്‍ സന്തോഷം. ഭാവുകങ്ങള്‍.
കൃഷ് | krish
ആമിര്‍ ഖാന് | 22-Jan-07 at 6:47 pm | Permalink
ആദ്യം പറയേണ്ടതായിരുന്നു ഇതു്. ലേഖനം നന്നായിരിക്കുന്നു. പക്ഷേ ഞാനൊരു ക്രിട്ടിക്കല്‍ റീഡര്‍ ആയിപ്പോയി. എന്റെ കുറിപ്പിനു് പക്ഷേ ഞാനൊരു പരാമര്‍ശവും പ്രതീക്ഷിക്കുന്നില്ല.
jinij | 04-Nov-07 at 4:02 pm | Permalink
http://www.rim.org/muslim/quranproblems.htm
Joyan | 31-Dec-07 at 5:09 am | Permalink
I Could not write in malayalam from office PC. So posting a comment in English…
Dear Umesh and Subair,
It is very easy to slip in to discussions such as existence of god, or whether a book is written by God or man… But often such discussions has no end and as you said in the article it diverts people out from the core issue. How does it matter if Quran is written by Allah or Nabi or anybody else? Subair, Al though not from Cover to cover, I have read Quran. The great words those are written in other spirtual books ( I am puposefuly not using the word “Holy” )as Bible, for the progress of community in which it has originated, has similar words. And I beleive in critical reading, whereby you read, think and accept what you “think” right is. I quoted the word “think” because there is a danger in beleiving that a Book or a person is always right. It halts free thinking and progress.
എന്‍.ജെ. ജോജൂ | 29-Oct-08 at 7:20 am | Permalink
നൂറു ശതമാനം യോജിക്കുന്നു.
രണ്ടു വര്‍ഷം തികച്ചതിന്റെ ആശംസകള്‍
Babukalyanam | 15-Feb-10 at 8:41 pm | Permalink
ഹോ. ഇനിയും മൂന്നു വര്‍ഷത്തെ പോസ്റ്റുകള്‍ വായിക്കണം. 🙂
Sunitha | 09-Aug-10 at 7:11 pm | Permalink
kollaaaam