ഉമ്പാച്ചിയുടെ ആദ്യപകല്‍ എന്ന കവിതയ്ക്കു് അനംഗാരി എഴുതിയ കമന്റിനു് ഒരു പ്രതികരണം. അവിടെ ഒരു കമന്റിടാന്‍ നോക്കിയിട്ടു പറ്റാഞ്ഞിട്ടാണു് ഇവിടെ എഴുതുന്നതു്.
ദയവായി ഇതിന്റെ പ്രതികരണങ്ങള്‍ ഉമ്പാച്ചിയുടെ പോസ്റ്റില്‍ ഇടുക. ഈ പോസ്റ്റില്‍ കമന്റ് അനുവദിച്ചിട്ടില്ല.
വിപുലമായ വിഷയമായതുകൊണ്ടു് ഇപ്പോള്‍ അഭിപ്രായം പറയുന്നില്ല. കവിതകളില്‍ ചിഹ്നങ്ങളിടുന്നതിനെപ്പറ്റി പത്തറുപതു കൊല്ലം മുമ്പു് കുട്ടിക്കൃഷ്ണമാരാര്‍ പറഞ്ഞതു കേള്‍ക്കുന്നതു രസാവഹമായിരിക്കും. (അവലംബം: സന്തോഷിന്റെ “കുത്തും കോമയും” എന്ന പോസ്റ്റ്.)
വിരാമചിഹ്നങ്ങളെസ്സംബന്ധിച്ച ഈ അധ്യായം തുടങ്ങുമ്പോള്‍, എഴുത്തച്ഛന്‍പാട്ടുപുസ്തകങ്ങളുടെ പഴയ ചില പതിപ്പുകളും മറ്റുമാണ് എന്‍റെ ഓര്‍മ്മയില്‍ വരുന്നത്: പദങ്ങള്‍ക്കിടയില്‍ ഒരകലവുമില്ലാതെ, വരിയെല്ലാം നിരത്തിച്ചേര്‍ത്തു ശീലുകള്‍ തീരുന്നേടത്തു വാക്യം വിരമിച്ചാലും ഇല്ലെങ്കിലും-പദസന്ധിയുണ്ടെങ്കില്‍ക്കൂടി-ഓരോ നക്ഷത്രപ്പുള്ളി (*) യുമിട്ട് അച്ചടിച്ചു തള്ളിയിരുന്ന ആ കോപ്പികള്‍, ആ സമ്പ്രദായം വിട്ടു പദം തിരിയ്ക്കലും വരി തിരിയ്ക്കലും ഇടയ്ക്കു ചില വിരാമചിഹ്നങ്ങള്‍ ചേര്‍ക്കലുമായി അച്ചടി പരിഷ്കരിച്ച് പരിഷ്കരിച്ച്, ഇപ്പോള്‍ കുറേ ബിന്ദു പംക്തിയും കുറേ പ്രശ്നാശ്ചര്യചിഹ്നങ്ങളും (………! ! ??) ചില നക്ഷത്രപ്പുള്ളിവരികളും, അവയ്ക്കെല്ലാമിടയില്‍ കുറേ വാക്കുകളുമായി അച്ചടിക്കപ്പെട്ടതാണ് ഒന്നാംതരം കവിത എന്ന നിലയിലെത്തിയിരിക്കുന്നു.
അക്ഷരശ്ലോകം ഗ്രൂപ്പിനു വേണ്ടി ശ്ലോകങ്ങള്‍ ശേഖരിക്കുമ്പോള്‍ സംസ്കൃത-മലയാളശ്ലോകങ്ങളില്‍ അര്‍ത്ഥം വ്യക്തമാകത്തക്കവിധത്തില്‍ ചിഹ്നങ്ങള്‍ ചേര്‍ക്കുന്ന ഒരു പരിഷ്കാരം ഞാന്‍ കൊണ്ടുവന്നിരുന്നു. ഇതിനെ പലരും ചോദ്യം ചെയ്തിരുന്നു. അങ്ങനെ ഇതുവരെ കണ്ടിട്ടില്ല എന്നതാണു കാരണം.
അപരിചിതത്വം (unfamiliarity) ആണു് പലപ്പോഴും ഇത്തരം വിവാദങ്ങള്‍ക്കു കാരണം. സാഹിത്യത്തിന്റെ നിര്‍വ്വചനം തന്നെ മാറിക്കൊണ്ടിരിക്കുന്നു. ദേവരാജന്‍ മാസ്റ്റര്‍ ഈ അടുത്ത കാലത്തു സംഗീതം നല്‍കിയ പാട്ടുകള്‍ പലതും ഹിറ്റായില്ലല്ലോ. പാട്ടുകളെ സംബന്ധിച്ചും ഗുണത്തെക്കാളേറേ നൊസ്റ്റാള്‍ജിയയാണു് ആളുകളെ അതിനോടു് അടുപ്പിക്കുന്നതെന്നു തോന്നുന്നു. അതുപോലെ വായനയുടെ ആദ്യഘട്ടത്തില്‍ നമുക്കു പരിചിതമാകുന്ന ഘടനയും സങ്കേതങ്ങളും ആ സാഹിത്യത്തിന്റെ നിര്‍വ്വചനമായി നാം ഉറപ്പിക്കുന്നതും ഇതിനു കാരണമാകുന്നു.
എന്നു പറഞ്ഞതുകൊണ്ടു് എന്തെഴുതിയാലും കവിതയായി എന്നര്‍ത്ഥമില്ല.
ഉമ്പാച്ചിയുടെ കവിത ഇഷ്ടമായി. എങ്കിലും ഉദാത്തം, പ്രതിഭയുടെ അനര്‍ഗ്ഗളപ്രവാഹം എന്നൊക്കെ ഇതിനെ പറയുന്നതു് അബദ്ധമാണു് എന്നും ഞാന്‍ കരുതുന്നു.