കാളിദാസന്റെ ശാകുന്തളത്തില്‍ ദുഷ്യന്തന് ഓര്‍ക്കുന്നില്ലെന്നു പറഞ്ഞതു കേട്ടു ദുഃഖിതയായി നില്ക്കുന്ന ശകുന്തളയോടു് ശാര്‍ങ്ഗരവന്‍ കൊടുത്ത ഉപദേശം:
അതഃ പരീക്ഷ്യ കര്‍ത്തവ്യം
വിശേഷാത് സംഗതം രഹഃ
അജ്ഞാതഹൃദയേഷ്വേവം
വൈരീഭവതി സൌഹൃദം
അര്‍ത്ഥം:
അതഃ | : | അതിനാല്‍ |
പരീക്ഷ്യ കര്‍ത്തവ്യം | : | പരീക്ഷിച്ചേ (എന്തും) ചെയ്യാവൂ |
വിശേഷാത് | : | പ്രത്യേകിച്ചു് |
രഹഃ സംഗതം | : | രഹസ്യമായി ചെയ്യുന്ന കൂട്ടുകെട്ടുകള്‍ |
അജ്ഞാത-ഹൃദയേഷു സൌഹൃദം | : | ഉള്ളിലിരിപ്പു് അറിയാത്ത ആളുകളോടുള്ള സൌഹൃദം |
ഏവം വൈരീ-ഭവതി | : | ഇങ്ങനെ ശത്രുതയാകും. |
വ്യക്തിബന്ധങ്ങളെപ്പറ്റിയുള്ള ഈ ഉപദേശം ഇന്നും പ്രസക്തമാണു്. വനത്തിനു നടുവിലുള്ള ഒരു ആശ്രമത്തില്‍ മുല്ലയ്ക്കു വെള്ളമൊഴിച്ചും മാനിനെ താലോലിച്ചും കഴിഞ്ഞ ഒരു പാവം പെണ്‍കുട്ടി വസ്ത്രം മാറുന്നതു് ഒളിഞ്ഞുനോക്കുകയും പിന്നീടു് അവള് തന്റെ ജാതിയ്ക്കു പറ്റിയവളാണോ എന്നു് ആശങ്കപ്പെടുകയും അവളുടെ പ്രീതി എങ്ങനെയെങ്കിലും പിടിച്ചുപറ്റാന്‍ ശല്യപ്പെടുത്തിയ ഒരു വണ്ടിനെ ഓടിച്ചുവിട്ടു് വീരനാകുകയും ആദ്യം രാജാവിന്റെ ജോലിക്കാരനാണെന്നു കള്ളം പറയുകയും പിന്നീടു രാജാവു തന്നെയാണെന്നു പറയുകയും ചെയ്ത ഒരു അപരിചിതനെ വേണ്ടപ്പെട്ടവരെയൊന്നും അറിയിക്കാതെ വിശ്വസിച്ചതിനുള്ള മറുപടി.
ആലോചിക്കാതെ വ്യക്തിബന്ധങ്ങളില്‍ എടുത്തുചാടുന്നവര്‍ക്കുള്ള ഒരു മുന്നറിയിപ്പാണിതു്. കയ്യിലിരിപ്പും മനസ്സിലിരിപ്പും വ്യക്തമാകുന്നതിനു മുമ്പു് ആരുടെയടുത്തും ഒരു പരിധിയില്‍ കൂടുതല്‍ മനസ്സു തുറക്കരുതു്. അവര്‍ ചിലപ്പോള്‍ നമ്മളെ മുതലെടുക്കാന്‍ ശ്രമിക്കുന്നവരാവാം. നമ്മളെ ഉപദ്രവിക്കാന്‍ ശ്രമിക്കുന്നവരാകാം. സൌഹൃദത്തിന്റെ പേരില്‍ നമ്മള് പറഞ്ഞതൊക്കെ പൊതുസ്ഥലത്തു വിഴുപ്പലക്കുന്നവരാവാം. നമ്മളെപ്പറ്റി അപവാദം പറഞ്ഞുപരത്തുന്നവരാവാം. അസൂയക്കാരുടെ കൂടെ കൂടി കുത്തിത്തിരിപ്പുണ്ടാക്കി നമ്മളെ കരി തേച്ചു കാണിക്കുന്നവരുമാവാം.
ഒരു കണ്ണാടിച്ചില്ലിന്റെ അപ്പുറത്തും ഇപ്പുറത്തും നിന്നുള്ള സംവാദം പോലെയായിരിക്കണം സൌഹൃദം. തൊട്ടടുത്തു തന്നെ പരസ്പരം കാണാനും കേള്‍ക്കാനും കഴിയുമെങ്കിലും തൊടാനും ഉപദ്രവിക്കാനും തേജോവധം ചെയ്യാനും അനുവദിക്കാത്ത അകലം. വേണ്ടിടത്തോളം കാലം ഒന്നിച്ചു കഴിയാനും വേണ്ടെന്നു തോന്നിയാല്‍ പിന്തിരിഞ്ഞു പോകാനുമുള്ള സ്വാതന്ത്ര്യമുള്ള അടുപ്പം. കൂട്ടായ്മ (കൂടായ്മ?) എന്ന ക്ലീഷേയ്ക്കും ഇതില്‍ കൂടുതല്‍ അര്‍ത്ഥം കൊടുക്കേണ്ട കാര്യമില്ല.
നല്ല പരിഭാഷകളൊന്നും ഓര്‍മ്മയില്ല. പത്താം ക്ലാസ്സില്‍ പഠിച്ച “ശകുന്തളാപരിത്യാഗം” എന്ന പാഠത്തിലെ “രഹോബന്ധം വിശേഷിച്ചും പരീക്ഷിച്ചു ചെയ്യണം…” എന്ന ഭാഗം ഓര്‍മ്മയുണ്ടു്. ബാക്കി മറന്നുപോയി. അതിനാല്‍ ഒരു പരിഭാഷ ഞാന്‍ തന്നെ തട്ടിക്കൂട്ടുന്നു. വൃത്തം ഭുജംഗപ്രയാതം.
പരീക്ഷിച്ചു ചെയ്തീടണം കാര്യമെല്ലാം
വിശേഷിച്ചൊളിച്ചിട്ടു ചെയ്യുന്ന നേരം.
ശരിക്കാളറിഞ്ഞില്ലയെങ്കില്‍ സുഹൃത്തി-
ന്നരിത്വം ഭവിച്ചിട്ടനര്‍ത്ഥം ഭവിക്കും.
സാല്‍ജോ | 13-Sep-07 at 5:33 am | Permalink
ഈ വാചകം തന്നെ ഏതാണ്ടിതേ രീതിയില്‍ ബൈബിളില്‍ സുഭാഷിതങ്ങളില്‍ പറയുന്നു. നല്ല സുഹൃത്തിനെ കണ്ടെത്തിയവന് ഒരു നിധികണ്ടെത്തിയിരിക്കുന്നു വെന്നും. നല്ല ചിന്ത മാഷെ..
നിഷ്ക്കളങ്കന്‍ | 13-Sep-07 at 5:42 am | Permalink
നന്നായി ഉമേഷ്ജി.
Saj | 13-Sep-07 at 5:46 am | Permalink
Well said Umesh. Very much reflective of of the current state of so called Malayalam bloggers community.
Vanaja | 13-Sep-07 at 5:46 am | Permalink
ചെറിയ കുട്ടികള്‍ക്ക് ഇതൊക്കെ ഉപദേശിച്ചു കൊടുക്കേണ്ടവരാണ് നാം.പക്ഷേ നമുക്കു തന്നെ ഇതൊന്നും അറിയാന്‍ പാടില്ലെങ്കിലോ?
വളരെ ഇഷ്ടപ്പെട്ടു.
su | 13-Sep-07 at 7:22 am | Permalink
ഉള്ളിരുപ്പ്? ഉള്ളിലിരിപ്പ്?
നല്ല കാര്യമൊക്കെത്തന്നെ. പക്ഷെ, വിശ്വസിക്കുക എന്നതില്‍ വിശ്വസിക്കേണ്ടി വരുന്നു.
ഉമേഷ് | Umesh | 13-Sep-07 at 7:26 am | Permalink
ഉള്ളിലിരിപ്പു തന്നെ സൂ. നന്ദി. തിരുത്തിയിട്ടുണ്ടു്.
തഥാഗതന് | 13-Sep-07 at 7:29 am | Permalink
വളരെ പ്രസക്താമായ ചിന്ത..പ്രത്യേകിച്ചും വര്‍ത്തമാനകാലത്ത് നടക്കുന്ന കോലാഹലങ്ങള്‍ വീര്‍പ്പുമുട്ടിക്കുന്ന പശ്ചാത്തലത്തില്‍
Benny:ബെന്നി | 13-Sep-07 at 8:21 am | Permalink
അര്‍ഹതയുള്ളവര്‍ അതിജീവിക്കും എന്ന ഒരൊറ്റ തത്വം മാത്രമേ മിക്കവരും കാണുന്നുള്ളൂ. ഇവരെല്ലാം സംസ്കാരമെന്നും മതമെന്നും കമ്യൂണിസമെന്നും നോ ഈവിളെന്നും പ്രസംഗിച്ച് നടക്കും. എന്തെങ്കിലും പ്രശ്നം വരുമ്പോള്‍ താന്‍പ്രമാണിത്വം കാണിച്ച് “അര്‍ഹത” തനിക്ക് മാത്രമെന്ന് സ്ഥാപിക്കും. ഇതൊക്കെ എല്ലാ കമ്യൂണിറ്റികളിലും നടക്കുന്ന സംഭവം തന്നെ. ബ്ലോഗര്‍ കമ്യൂണിറ്റിയും ഇതിനൊരു അപവാദമല്ലെന്ന് ചിന്തിച്ചാല്‍ അല്‍പ്പം ആശ്വാസം കിട്ടും.
സൂ പറഞ്ഞത് അക്ഷരം പ്രതി ശരി. ഇതൊക്കെയാണ് ബഹുഭൂരിപക്ഷത്തിന്റെയും പ്രാക്ടിക്കല്‍ പോളിസിയെങ്കിലും നമുക്കൊക്കെ “വിശ്വസിക്കുക എന്നതില്‍ വിശ്വസിക്കേണ്ടി വരുന്നു”.
aravind | 13-Sep-07 at 11:17 am | Permalink
കണ്ണാടിക്കിരുവശവും നില്ക്കുന്ന പോലെയുള്ള ചങ്ങാത്തം.
നല്ല പോസ്റ്റ്.
കലേഷ് | 13-Sep-07 at 11:54 am | Permalink
നല്ല ചിന്ത ഉമേഷേട്ടാ.
ഉറുമ്പ് | 13-Sep-07 at 12:13 pm | Permalink
വളരെ നന്നായി ഉമേഷ്.
ശ്രീ | 14-Sep-07 at 4:13 am | Permalink
നന്നായിരിക്കുന്നു.
സങ്കുചിതന് | 14-Sep-07 at 7:41 am | Permalink
നന്നായിരിക്കുന്നു 🙂
Gopakumar | 14-Sep-07 at 10:05 am | Permalink
snehamuLLOraRiyaaththOril vairamaayththeerumiththaram
next line I heard like this.
nannaayittuNt
സഹയാത്രികന് | 14-Sep-07 at 3:51 pm | Permalink
“കയ്യിലിരിപ്പും മനസ്സിലിരിപ്പും വ്യക്തമാകുന്നതിനു മുമ്പു് ആരുടെയടുത്തും ഒരു പരിധിയില്‍ കൂടുതല്‍ മനസ്സു തുറക്കരുതു്. അവര്‍ ചിലപ്പോള്‍ നമ്മളെ മുതലെടുക്കാന്‍ ശ്രമിക്കുന്നവരാവാം.”
നന്നായിരിക്കുന്നു…. ഒരു പരിധി വരെ സത്യമാണുതാനും
🙂
ശ്രീജിത്ത് കെ | 14-Sep-07 at 4:25 pm | Permalink
കാലികപ്രസക്തമായ ലേഖനം. ഇഷ്ടപ്പെട്ടു.
ബൈ ദ വേ, ഞാന്‍ രണ്ട് ദിവസം മുന്‍പേ ഒന്ന് സംസാരിച്ചതിനു ശേഷമാണോ ഈ സൌഹൃദങ്ങള്‍ ശ്രദ്ധിച്ച് തിരഞ്ഞെടുക്കണം എന്നൊക്കെ ഉമേഷേട്ടന് തോന്നിത്തുടങ്ങിയതെന്ന് എനിക്ക് ഒരു സംശയം. അതങ്ങ് പള്ളിയില്‍ പോയി പറഞ്ഞാല്‍ മതി, അതും കാലിഫോര്‍ണിയ ജങ്ഷനിലെ പള്ളിയില്‍. ഞാന്‍ വിടുന്ന പ്രശ്നമില്ല. ഫോണ്‍ എടുക്കൂ, എത്ര തവണയായി വിളിക്കുന്നു 🙁
മൂര്‍ത്തി | 14-Sep-07 at 4:38 pm | Permalink
“ഒരു കണ്ണാടിച്ചില്ലിന്റെ അപ്പുറത്തും ഇപ്പുറത്തും നിന്നുള്ള സംവാദം പോലെയായിരിക്കണം സൌഹൃദം. തൊട്ടടുത്തു തന്നെ പരസ്പരം കാണാനും കേള്‍ക്കാനും കഴിയുമെങ്കിലും തൊടാനും ഉപദ്രവിക്കാനും തേജോവധം ചെയ്യാനും അനുവദിക്കാത്ത അകലം. വേണ്ടിടത്തോളം കാലം ഒന്നിച്ചു കഴിയാനും വേണ്ടെന്നു തോന്നിയാല്‍ പിന്തിരിഞ്ഞു പോകാനുമുള്ള സ്വാതന്ത്ര്യമുള്ള അടുപ്പം.”
ഒരു Rule of thumb ആയി മാത്രം ഈ വാചകത്തെ കാണാനാണെനിക്കിഷ്ടം. അറിഞ്ഞുകൊണ്ടുതന്നെ ചില്ല് മാറ്റുന്ന, മാറുന്ന തരം ഗാഢമായ സൌഹൃദങ്ങളും വേണം. അല്ലെങ്കില്‍ എല്ലാം ഒരു തരം മീറ്റര്‍ പിടിച്ചുള്ള ബന്ധങ്ങളായിപ്പോകും എന്നൊരു തോന്നല്‍.
InjiPennu | 15-Sep-07 at 10:36 am | Permalink
അങ്ങിനെയൊന്നുമില്ല. മനുഷ്യരൊക്കെ നല്ലവരാണ്. ഇടക്കൊക്കെ ചതിയും വെറുക്കപ്പെടലുകളും ഒറ്റപ്പെട്ടൊക്കെ ഉണ്ടാവാറുണ്ടെങ്കിലും പൊതുവേ മനുഷ്യരൊക്കെ സ്നേഹത്തിനും സൌഹൃദത്തിനും മുന്നില്‍ അടിപതറുന്നവരായാണ് ഞാന്‍ കണ്ടിരിക്കുന്നത്. എല്ലാവരും നല്ലവരാണോ എന്ന് നോക്കി സ്നേഹിക്കാന്‍ പറ്റില്ലല്ലോ. അടി പറ്റുമ്പോള്‍ ഒരിക്കല്‍ ആലോചിക്കും ഇനി സൂക്ഷിക്കണം എന്ന്…പിന്നേം വിശ്വസിക്കും. അല്ലെങ്കില്‍ എങ്ങിനെയാ ജീവിക്കാ?
Rajesh R Varma | 16-Sep-07 at 10:25 pm | Permalink
നമ്മള് സ്കൂളില്‍ പഠിച്ച, ആറ്റൂരിന്റെ തര്‍ജ്ജമ ഇങ്ങനെയായിരുന്നു എന്നു തോന്നുന്നു:
അതിനാലെതുമാചരിക്ക സൂക്ഷി-
ച്ചതിലും പിന്നെ രഹസ്സിലുള്ള വേഴ്ച
കഥയൊന്നുമറിഞ്ഞിടാതെ ചെയ്താ-
ലിതുപോലെ ബന്ധുത ബദ്ധവൈരമാകും
വെള്ളെഴുത്ത് | 16-Mar-10 at 1:10 pm | Permalink
രഹോബന്ധം വിശേഷിച്ചും പരീക്ഷിച്ചിട്ടു ചെയ്യണം
സ്നേഹമുള്ളറിയാത്തോരിൽ വൈരമായ്തീരുമിത്തരം
-ഇതാണ് ആറ്റൂരിന്റെ തർജ്ജുമ.
അരുണ്‍/Arun | 16-Mar-10 at 2:04 pm | Permalink
നല്ല പോസ്റ്റ്. ചക്കരമത്തപോലെ പുറം പച്ചച്ചും അകം ചുവന്നും ഉള്ള മന്സ്സമ്മാരെ എങ്ങനെ വിശ്വസിക്കും ! അതു കൊണ്ട് കണ്ണാടി ഭേദിക്കാന്‍ തുടങ്ങുമ്പോള്‍ ഇഷ്ടമില്ലെടാ എനിക്കിഷ്ടമില്ലെടാ എന്ന പാട്ട് വേണ്ടമോനെ വേണ്ടമോനെ എന്ന മട്ടില്‍ പാടിയാല്‍ ഒരു വിധം ജീവിച്ചുപോവാം. കാലികപ്രസക്തം തന്നെ. പക്ഷേ ഉമേഷ്ജി,
കണ്ണാടിച്ചില്ലിന്റെ അപ്പുറമിപ്പുറം നിന്ന് പ്രേമിക്കാന്‍ പറ്റുമോ ?
Sami Said Ali | 25-May-10 at 1:20 am | Permalink
Umeshji,
ഒരു കണ്ണാടിച്ചില്ലിന്റെ അപ്പുറത്തും ഇപ്പുറത്തും നിന്നുള്ള സംവാദം പോലെയായിരിക്കണം സൌഹൃദം. തൊട്ടടുത്തു തന്നെ പരസ്പരം കാണാനും കേള്‍ക്കാനും കഴിയുമെങ്കിലും തൊടാനും ഉപദ്രവിക്കാനും തേജോവധം ചെയ്യാനും അനുവദിക്കാത്ത അകലം. വേണ്ടിടത്തോളം കാലം ഒന്നിച്ചു കഴിയാനും വേണ്ടെന്നു തോന്നിയാല്‍ പിന്തിരിഞ്ഞു പോകാനുമുള്ള സ്വാതന്ത്ര്യമുള്ള അടുപ്പം. കൂട്ടായ്മ (കൂടായ്മ?) എന്ന ക്ലീഷേയ്ക്കും ഇതില്‍ കൂടുതല്‍ അര്‍ത്ഥം കൊടുക്കേണ്ട കാര്യമില്ല.
May I have the liberty of using these words in an article related to friendship?? :)Hope it is fine..
Umesh:ഉമേഷ് | 25-May-10 at 8:11 am | Permalink
Sami,
ഉപയോഗിച്ചോളൂ.