മനോരമയും ഇക്കാവമ്മയും

ബ്ലോഗ് ഇവന്റ്, സരസശ്ലോകങ്ങള്‍

ഇഞ്ചിപ്പെണ്ണിന്റെ ബ്ലോഗ് ഇവന്റിനു വേണ്ടി ഡാലി എഴുതിയ കവിത എഴുതിയ കന്യാസ്ത്രീയും മലയാളത്തിലെ എഴുത്തുകാരികളും എന്ന പോസ്റ്റിലെ ചില പരാമര്‍ശങ്ങളാണു് ഈ പോസ്റ്റിനു് ആധാരം.

മനോരമത്തമ്പുരാട്ടി തന്റേടിയും പണ്ഡിതയുമായ ഒരു കവയിത്രിയായിരുന്നു. (ഷാജി എന്‍. കരുണിന്റെ “വാനപ്രസ്ഥം” എന്ന സിനിമയില്‍ സുഹാസിനി അവതരിപ്പിച്ച കഥാപാത്രം മനോരമത്തമ്പുരാട്ടിയില്‍ നിന്നു പ്രചോദനം കൊണ്ടതാണെന്നു കേട്ടിട്ടുണ്ടു്.) ആ കാലത്തെ അതിശയിക്കുന്ന നിലപാടു് എടുത്തിട്ടുള്ള മനോരമയെ കേരളത്തിലെ ആദ്യത്തെ ഫെമിനിസ്റ്റ് എന്നു വിശേഷിപ്പിക്കുന്നതില്‍ തെറ്റില്ല.

വിവാഹാഭ്യര്‍ത്ഥനയുമായി വന്ന ഒരു പാമരനെപ്പറ്റി മനോരമത്തമ്പുരാട്ടി എഴുതിയ ഒരു ശ്ലോകം പ്രസിദ്ധമാണു്.

ശ്ലോകം:

യസ്യ ഷഷ്ഠീ ചതുര്‍ത്ഥീ ച
വിഹസ്യ ച വിഹായ ച
അഹം കഥം ദ്വിതീയാ സ്യാദ്
ദ്വിതീയാ സ്യാമഹം കഥം?

അര്‍ത്ഥം:

യസ്യ : ആര്‍ക്കാണോ
വിഹസ്യ ച വിഹായ : വിഹസ്യ, വിഹായ എന്നിവ
ഷഷ്ഠീ ച ചതുര്‍ത്ഥീ : ഷഷ്ഠിയും ചതുര്‍ത്ഥിയും ആകുന്നതു്,
അഹം കഥം ദ്വിതീയാ സ്യാത് : (അതു പോലെ) അഹം, കഥം എന്നിവ ദ്വിതീയയും ആകുന്നതു്,
അഹം കഥം ദ്വിതീയാ സ്യാം? : ഞാന്‍ എങ്ങനെ (അയാളുടെ) ഭാര്യ ആകും?

അകാരാന്തങ്ങളായ നാമങ്ങള്‍ (ഉദാ: രാമഃ) ഷഷ്ഠീവിഭക്തിയില്‍ “അസ്യ” എന്നവസാനിക്കുന്നതും (ഉദാ: രാമസ്യ = രാമന്റെ) ചതുര്‍ത്ഥീവിഭക്തിയില്‍ “ആയ” എന്നവസാനിക്കുന്നതും (ഉദാ: രാമായ = രാമനു്) ദ്വിതീയയില്‍ “അം” എന്നവസാനിക്കുന്നതും (ഉദാ: രാമം = രാമനെ) സാധാരണയാണു്. ഇതു മാത്രമറിയുന്ന വിവരമില്ലാത്തവര്‍ അസ്യ, ആയ, അം എന്നിങ്ങനെ അവസാനിക്കുന്നതൊക്കെ ഷഷ്ഠിയും ചതുര്‍ത്ഥിയും ദ്വിതീയയും ഒക്കെയാണെന്നു കരുതി അബദ്ധങ്ങള്‍ വരുത്താറുണ്ടു്. തന്റെ ഭര്‍ത്താവും അത്തരത്തിലൊരാളാണെന്നാണു മനോരമ പറയുന്നതു്. ക്രിയാവിശേഷണങ്ങളായ വിഹസ്യ (അര്‍ത്ഥം: ചിരിച്ചിട്ടു്), വിഹായ (അര്‍ത്ഥം: ഉപേക്ഷിച്ചിട്ടു്) എന്നിവയും സര്‍വ്വനാമമായ അഹം (അര്‍ത്ഥം: ഞാന്‍), ക്രിയാവിശേഷണമായ കഥം (അര്‍ത്ഥം: എങ്ങനെ) എന്നീ വാക്കുകള്‍ അദ്ദേഹത്തിനു് ഏതോ നാമങ്ങളുടെ ഷഷ്ഠിയും ചതുര്‍ത്ഥിയും ദ്വിതീയയും ഒക്കെ ആയി തോന്നുമത്രേ! ഞാന്‍ അങ്ങേരുടെ ഭാര്യയായി എങ്ങനെ കഴിയും എന്നാണു മനോരമ വിലപിക്കുന്നതു്!

ഈ ശ്ലോകത്തിന്റെ ഭംഗി ഇതിലെ മൂന്നാമത്തെ വരിയിലെ “അഹം കഥം ദ്വിതീയാ സ്യാത്” എന്ന നാലു വാക്കുകളെ അര്‍ത്ഥവ്യത്യാസത്തോടെ നാലാം വരിയില്‍ ക്രമം മാറ്റി “ദ്വിതീയാസ്യാമഹം കഥം” എന്നെഴുതിയതാണു്. ഇത്തരത്തിലുള്ള യമകത്തിനു് ഇതിലും ഭംഗിയുള്ള ഒരു ഉദാഹരണം ഞാന്‍ കണ്ടിട്ടില്ല.


മനോരമത്തമ്പുരാട്ടിയുടെ സമകാലികനായിരുന്നു കവിയും തരക്കേടില്ലാത്ത സ്ത്രീലമ്പടനും ആയിരുന്ന ചേലപ്പറമ്പു നമ്പൂതിരി. അദ്ദേഹത്തിന്റെ ചഞ്ചല്‍ച്ചില്ലീലതയ്ക്കും…, അംഭോരാശികുടുംബിനീതിലകമേ… തുടങ്ങിയ ശൃംഗാരശ്ലോകങ്ങളും, തൊണ്ണൂറു വയസ്സു വരെ കണ്ടമാനം നടന്നിട്ടു് അതിനു ശേഷം ദൈവത്തിനെ സ്തുതിക്കുകയും അതിനൊരു വിശദീകരണം കൊടുക്കുകയും ചെയ്യുന്ന അബ്ദാര്‍ദ്ധേന ഹരിം… എന്ന ശ്ലോകവും (ഇതിനു രാജേഷ് വര്‍മ്മ എഴുതിയ പാരഡി ഇവിടെ വായിക്കുക.) പ്രസിദ്ധങ്ങളാണു്.

മനോരമത്തമ്പുരാട്ടിയുടെ ചെറുപ്പകാലത്തു് ഇദ്ദേഹം വയസ്സനായിരുന്നു. എങ്കിലും ചെറുപ്പക്കാരികള്‍ അദ്ദേഹത്തിന്റെ സൌന്ദര്യത്തില്‍ ഭ്രമിക്കുന്നു എന്നദ്ദേഹം ധരിച്ചിരുന്നു. ഒരിക്കല്‍ മനോരമയുടെ മുന്നില്‍ വെച്ചു് കണ്ണാടിയില്‍ നോക്കി തലയിലെ നരച്ച മുടി പിഴുതുകൊണ്ടിരുന്നപ്പോള്‍ മനോരമ അതു വഴി വന്നു. അപ്പോള്‍ ചേലപ്പറമ്പു നമ്പൂതിരി ഒരു ശ്ലോകത്തിന്റെ പകുതി ഉണ്ടാക്കിച്ചൊല്ലി:

പലിതാനി ശശാങ്കരോചിഷാം
ശകലാനീതി വിതര്‍ക്കയാമ്യഹം

അര്‍ത്ഥം:

പലിതാനി : നരച്ച മുടികള്
ശശാങ്ക-രോചിഷാം : ചന്ദ്രകിരണങ്ങളുടെ
ശകലാനി ഇതി : കഷണങ്ങളാണു് എന്നാണു്
അഹം വിതര്‍ക്കയാമി : ഞാന്‍ സംശയിക്കുന്നതു്

അതു കേട്ടുവന്ന മനോരമത്തമ്പുരാട്ടി ശ്ലോകം ഇങ്ങനെ പൂരിപ്പിച്ചുകൊണ്ടു തിരിച്ചടിച്ചു:

അത ഏവ വിതേനിരേതരാം
സുദൃശാം ലോചനപദ്മമീലനം

അര്‍ത്ഥം:

അതഃ ഏവ : ചുമ്മാതല്ല
സുദൃശാം : സുന്ദരിമാരുടെ
ലോചന-പദ്മ-മീലനം വിതേനിതേതരാം : കണ്ണുകളാകുന്ന താമരകള്‍ കൂമ്പിപ്പോകുന്നതു്!

ചന്ദ്രന്‍ പ്രകാശിക്കുമ്പോഴേയ്ക്കും താമരപ്പൂക്കള്‍ കൂമ്പിപ്പോകുമല്ലോ. അതു പോലെ ഈ നമ്പൂതിരിയുടെ മോന്ത കാണുമ്പോഴേയ്ക്കും പെണ്ണുങ്ങളുടെ മുഖമൊക്കെ കൂമ്പുമെന്നു്!


കേരളവര്‍മ്മ വലിയകോയിത്തമ്പുരാന്‍ മനോരമത്തമ്പുരാട്ടിയുടെ കവിതയെപ്പറ്റി ഇങ്ങനെ അഭിപ്രായം പറഞ്ഞിട്ടുണ്ടു്.

ശ്ലോകം:

വിദ്യാവിദഗ്ദ്ധവനിതാജനവല്ലികള്‍ക്കൊ-
രുദ്യാനമീ രുചിരകേരളഭൂവിഭാഗം
ഹൃദ്യാ മനോരമനരേശ്വരി തന്റെ സൂക്തി-
രദ്യാപി കോവിദമനസ്സു കവര്‍ന്നീടുന്നു

അര്‍ത്ഥം:

വിദ്യാവിദഗ്ദ്ധവനിതാജനവല്ലികള്‍ക്കു് : വിദ്യയില്‍ വിദഗ്ദ്ധകളായ പെണ്ണുങ്ങള്‍ എന്ന വള്ളികള്‍ക്കു്
ഈ കേരള-ഭൂ-വിഭാഗം ഒരു ഉദ്യാനം (ആണു്) : കേരളം എന്ന ഈ ഭൂവിഭാഗം ഒരു പൂന്തോട്ടം ആണു്.
മനോരമ-നര-ഈശ്വരി തന്റെ ഹൃദ്യാ സൂക്തിഃ : മനോരമത്തമ്പുരാട്ടിയുടെ ഹൃദ്യമായ വാക്കു്
അദ്യ-അപി കോവിദ-മനസ്സു കവര്‍ന്നീടുന്നു : ഇപ്പോഴും പണ്ഡിതരുടെ മനസ്സു കവരുന്നു.

അന്നു് എഴുതിയിരുന്ന എല്ലാവര്‍ക്കും പ്രചോദനവും പ്രോത്സാഹനവും വാരിക്കോരി കൊടുത്ത ആളായിരുന്നു കേരളവര്‍മ്മ. എങ്കിലും മനോരമ ഈ പ്രശംസ തീര്‍ച്ചയായും അര്‍ഹിച്ചിരുന്നു എന്നതു സത്യമാണു്.


ഇതുപോലെ വിനോദത്തിനു വേണ്ടിയുള്ള ശ്ലോകങ്ങള്‍ സംസ്കൃതത്തില്‍ എഴുതിയിരുന്ന കവയിത്രിയായിരുന്നു മനോരമത്തമ്പുരാട്ടിയെങ്കില്‍, സംസ്കൃതത്തിലുള്ള കാവ്യങ്ങളുടെയും നാടകങ്ങളുടെയും രീതിയിലുള്ള കൃതികള്‍ മലയാളത്തില്‍ രചിച്ച കവയിത്രിയായിരുന്നു ഇക്കാവമ്മ. കാവ്യങ്ങള്‍ എഴുതുന്നതു പോയിട്ടു് വായിച്ചു മനസ്സിലാക്കാന്‍ തന്നെ പെണ്ണുങ്ങള്‍ക്കു ബുദ്ധിമുട്ടാണു് എന്നു ധരിച്ചുവശായിരുന്ന സൂരിനമ്പൂതിരിപ്പാടിനെപ്പോലെയുള്ള പുരുഷാധിപത്യസൂകരങ്ങള്‍ക്കിടയില്‍ ഇക്കാവമ്മ തലയുയര്‍ത്തി നിന്നു. ഇക്കാവമ്മയുടെ സുഭദ്രാര്‍ജ്ജുനം നാടകം അന്നത്തെ നാടകങ്ങളുടെ സ്വഭാവത്തില്‍ നിന്നും വ്യത്യസ്തമായി നായികയായ സുഭദ്രയ്ക്കും വേണ്ടത്ര പ്രാധാന്യം കൊടുത്തിട്ടുള്ളതാണു്. അതിന്റെ പ്രവേശകത്തില്‍ “പെണ്ണുങ്ങള്‍ കവിത എഴുതുമോ?” എന്ന ചോദ്യത്തിനു സൂത്രധാരന്‍ കൊടുക്കുന്ന മറുപടി സുപ്രസിദ്ധമാണു്.

മല്ലാരിപ്രിയയായ ഭാമ സമരം ചെയ്തീലയോ? തേര്‍ തെളി–
ച്ചില്ലേ പണ്ടു സുഭദ്ര? പാരിതു ഭരിക്കുന്നില്ലെ വിക്ടോറിയാ?
മല്ലാക്ഷീമണികള്‍ക്കു പാടവമിവയ്ക്കെല്ലാം ഭവിച്ചീടുകില്‍
ചൊല്ലേറും കവിതയ്ക്കു മാത്രമവരാളല്ലെന്നു വന്നീടുമോ?

പക്ഷേ അന്നത്തെ പുരുഷകേസരികള്‍ക്കു് ഇത്ര നല്ല ഒരു കൃതി ഒരു പെണ്ണെഴുതിയതാണെന്നു് അംഗീകരിക്കാന്‍ വിഷമമായിരുന്നു. ആണുങ്ങളാരോ എഴുതിക്കൊടുത്തതായിരുന്നു എന്നായിരുന്നു പൊതുവേയുള്ള സംസാരം.

ഒന്നാമതായ്‌ സുമുഖി! ബുക്കു പകുത്തെടുത്തു
നന്നായി നോക്കി നടുതൊട്ടൊടുവാക്കുവോളം
എന്നാലതിന്റെ പുതുരീതിയിലെന്മനസ്സു
മന്നാടിയാരുടെയിതെന്നൊരു ശങ്ക തോന്നി

എന്നു വെണ്മണി മഹന്‍ എഴുതിയ അഭിപ്രായത്തില്‍ ഇക്കാവമ്മയുടെ കൃതി നടുവമോ (നടുവത്തു് അച്ഛന്‍ നമ്പൂതിരിയോ മകനോ) ഒടുവിലോ (ഒടുവില്‍ കുഞ്ഞിക്കൃഷ്ണമേനോന്‍) മന്നാടിയാരോ (ചമ്പത്തില്‍ ചാത്തുക്കുട്ടി മന്നാടിയാരോ) ആയിരിക്കും എഴുതിയതു് എന്ന ദുസ്സൂചനയുണ്ടു്.

ഇക്കാവമ്മയെ പ്രത്യക്ഷത്തില്‍ അഭിനന്ദിച്ച ഒരാള്‍ മുകളില്‍ പറഞ്ഞ കേരളവര്‍മ്മ വലിയകോയിത്തമ്പുരാനായിരുന്നു. പക്ഷേ അദ്ദേഹത്തിന്റെ പ്രശംസയിലും സ്ത്രീകള്‍ പൊതുവേ തെറ്റില്ലാതെ ഒരു വാക്യം പോലും എഴുതാന്‍ കഴിവില്ലാത്തവരാണു് എന്നൊരു സൂചനയുണ്ടു്.

ഇക്കാലത്തൊരു പെണ്ണു തെറ്റുകളകന്നുള്ളോരെഴുത്തെങ്കിലും
മുക്കാലും ശരിയാക്കിയിങ്ങെഴുതിയാലൊട്ടല്ലതാശ്ചര്യമാം
ഇക്കാണുന്നൊരു ചാരുനാടകമദുഷ്ടാക്ലിഷ്ടശബ്ദാര്‍ത്ഥമാ–
യിക്കാവമ്മ ചമച്ചതോര്‍ത്തു മുഴുകുന്നുള്ളദ്‌ഭുതാംഭോനിധൌ.

(ഇക്കാലത്തു് ഒരു പെണ്ണു് തെറ്റുകളില്ല്ലാതെ ഒരു കത്തു പോലും മുക്കാലും ശരിയാക്കി എഴുതിയാല്‍ അതു വലിയ അദ്ഭുതമാണു്. ഈ കാണുന്ന നാടകം ഒരു കുറ്റവും ഇല്ലാതെ ക്ലിഷ്ടതയില്ലാത്ത ശബ്ദവും അര്‍ത്ഥവും ചേര്‍ന്നു് ഇക്കാവമ്മ ഉണ്ടാക്കിയതു് ഓര്‍ത്തു് അദ്ഭുതക്കടലില്‍ എന്റെ മനസ്സു് മുഴുകുന്നു.)

പെണ്ണുങ്ങളുടെ അറിവിനെപ്പറ്റി കേരളവര്‍മ്മയ്ക്കും ഇത്രയേ അഭിപ്രായമുള്ളൂ എന്നര്‍ത്ഥം. എന്നാല്‍ എന്തുകൊണ്ടു് അങ്ങനെ സംഭവിച്ചു എന്നതിനെപ്പറ്റി ആരെങ്കിലും ആലോചിച്ചിട്ടുണ്ടാവുമോ എന്തോ?


അഭിനന്ദിച്ചില്ലെങ്കിലും, ഇക്കാവമ്മയെയും ഇക്കാവമ്മയെപ്പോലുള്ള മറ്റു് എഴുത്തുകാരികളെപ്പറ്റിയും തെറിക്കഥകള്‍ ഉണ്ടാക്കാന്‍ പുരുഷകേസരികള്‍ ധാരാളമുണ്ടായിരുന്നു. അവയിലൊന്നാണു് ഡാലി ആദ്യം ലിങ്കു കൊടുത്ത ഈ ലേഖനം. അതിന്റെ രണ്ടാം പേജില്‍ (ആദ്യത്തെ പേജില്‍ മുകളില്‍ക്കൊടുത്ത “മല്ലാരിപ്രിയയായ…” എന്ന ശ്ലോകം നിറയെ അക്ഷരത്തെറ്റോടു കൂടി കൊടുത്തിരിക്കുന്നു) ഈ തെറിക്കഥ വിസ്തരിച്ചിട്ടുണ്ടു്. ഒരു പെണ്ണു് ഇങ്ങനെ തങ്ങളോടു പറഞ്ഞല്ലോ എന്നു് ഭാവനയില്‍ കണ്ടു് സാക്ഷാല്‍ക്കാരമടയുന്ന ഏതോ പുരുഷന്റെ കൃതിയാണിതു്. ഇക്കാവമ്മയെപ്പറ്റി മാത്രമല്ല, ബാലാമണിയമ്മ, മാധവിക്കുട്ടി, സുഗതകുമാരി എന്നിവരെപ്പറ്റിയും ഈ കെട്ടുകഥ ആളുകള്‍ പറഞ്ഞു ഞാന്‍ കേട്ടിട്ടുണ്ടു്. ഈ കഥ പറഞ്ഞവരൊന്നും ആ ശ്ലോകം മുഴുവനുമായും ഉദ്ധരിച്ചു കണ്ടിട്ടുമില്ല. “കവച്ചതു മതിയോ നിനക്കു്” എന്നതു് സാധാരണ പ്രചാരത്തിലുള്ള ഒരു വൃത്തത്തിലും ഒതുങ്ങുന്നതല്ല എന്നതു് മറ്റൊരു കാര്യം.

തങ്ങളെക്കാള്‍ മികച്ചു നില്‍ക്കുന്ന സ്ത്രീകളെപ്പറ്റി അശ്ലീലകഥകള്‍ ഉണ്ടാക്കുക എന്നതു് പല പുരുഷന്മാര്‍ക്കുമുള്ള മാനസികവൈകല്യമാണു്. ഇതിന്റെ പരമകാഷ്ഠയാണു് പമ്മന്‍ എഴുതിയ “ഭ്രാന്തു്” എന്ന നോവല്‍. മേലേപ്പാട്ടു് മാധവിയമ്മയുടെ മകള്‍ അമ്മുക്കുട്ടിയുടെ കവനജീവിതത്തെയും കാമലീലകളെയും പറ്റി വര്‍ണ്ണിച്ചു് മാധവിക്കുട്ടി എന്ന എഴുത്തുകാരിയെ മലയാളം കണ്ടിട്ടുള്ള ഏറ്റവും വലിയ വ്യക്തിഹത്യയ്ക്കിരയാക്കിയ ഈ കൃതി പ്രസിദ്ധീകരിക്കാന്‍ മലയാളനാടും പിന്നെ പല പ്രസാധകരും തയ്യാറായി എന്നതു് മലയാളത്തിനു് അപമാനമാണു്.

എഴുത്തുകാരെപ്പറ്റി മാത്രമല്ല, പല തുറകളിലും മികച്ചു നില്‍ക്കുന്ന സ്ത്രീകളെപ്പറ്റി അശ്ലീലകഥകള്‍ പ്രചാരത്തിലുണ്ടു്. ഇന്ദിരാഗാന്ധിയെപ്പറ്റി എത്ര കഥകള്‍ കേട്ടിരിക്കുന്നു! വൈറ്റ് ഹൌസിനുള്ളില്‍ വെച്ചു തരവഴി കാട്ടിയ ബില്‍ ക്ലിന്റനേക്കാള്‍ ആളുകള്‍ അശ്ലീലകഥകള്‍ ഉണ്ടാക്കിയതു് ഹിലാരി ക്ലിന്റനെപ്പറ്റിയായിരുന്നു എന്നും ഇവിടെ ഓര്‍ക്കാം.


“വിദ്യാവിദഗ്ദ്ധവനിതാ…” എന്ന ശ്ലോകം ഡാലി പറഞ്ഞുതന്നതാണു്. മറന്നു പോയിരുന്ന “ഒന്നാമതായ് സുമുഖി…” എന്ന ശ്ലോകം വായനശാല സുനിലിന്റെ ഈ പോസ്റ്റില്‍ നിന്നാണു കിട്ടിയതു്. ഡാലിക്കും സുനിലിനും നന്ദി.