പെണ്ണു കഞ്ഞി പോലെ!

സരസശ്ലോകങ്ങള്‍

ഉദ്ദണ്ഡശാസ്ത്രികളുടെ ശ്ലോകങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടു് അന്ത അഹന്തയ്ക്കു് ഇന്ത പോസ്റ്റ് എന്ന പോസ്റ്റെഴുതിയപ്പോള്‍ ഈ ശ്ലോകം ഓര്‍മ്മ വന്നില്ല. അവിടെ അതു വളരെ യോജിക്കുമായിരുന്നു. “കേരളത്തിലെ അമ്പതു ഭാവങ്ങള്‍, ഭാവം 37: കഞ്ഞി” എന്നു കാച്ചാമായിരുന്നു. പോയ ബുദ്ധി ആന പിടിച്ചാല്‍ കിട്ടുമോ? 🙂

ഉദ്ദണ്ഡശാസ്ത്രികള്‍ കഞ്ഞിയെപ്പറ്റി എഴുതിയ ശ്ലോകമാണു് ഇതു്. കഞ്ഞി ഒരു സുന്ദരിയെപ്പോലെയാണന്നാണു് “പ്രൌഢസ്ത്രീരസിക”നായ ഉദ്ദണ്ഡന്‍ പറയുന്നതു്. ശ്ലേഷം ഉപയോഗിച്ചാണു് ഈ ഉപമ ഉണ്ടാക്കുന്നതു്.

ശ്ലോകം:

അംഗജതാപനിഹന്ത്രീ
സുരുചിരലാവണ്യസമ്പദാ മധുരാ
അധരാമൃതോപദംശാ
ശ്രാണാ ശോണാധരീവ രമണീയാ

അര്‍ത്ഥം:

അംഗ-ജ-താപ-നിഹന്ത്രീ : ശരീരത്തില്‍ ഉണ്ടാവുന്ന ചൂടു് ഇല്ലാതാക്കുന്നതും (സുന്ദരി അംഗജന്‍ (കാമദേവന്‍) മൂലമുള്ള ദുഃഖം ഇല്ലാതാക്കുന്നു. താപം = ചൂടു്, ദുഃഖം.)
സുരുചിരലാവണ്യസമ്പദാ : നല്ല രുചിയുള്ള ഉപ്പു ചേര്‍ന്നതും (ലാവണ്യം = ലവണത്വം = ഉപ്പു്. സുന്ദരിയെപ്പറ്റി പറയുമ്പോള്‍ സൌന്ദര്യം എന്നര്‍ത്ഥം. ലാവണ്യം എന്ന വാക്കിനു രണ്ടര്‍ത്ഥവും ഉണ്ടു്.)
മധുരാ : രുചിയുള്ളതും (മാധുര്യമുള്ളവളും)
അധര-അമൃത-ഉപദംശാ : ചുണ്ടിനു് അമൃതായ തൊട്ടുകൂട്ടാന്‍ (ചുട്ട പപ്പടം, അച്ചാര്‍, അസ്ത്രം തുടങ്ങിയവ) ഉള്ളതും (ചുണ്ടിനു് അമൃതു നല്‍കിക്കൊണ്ടു് മെല്ലെ കടിക്കുന്നവള്‍ എന്നു് സുന്ദരിയ്ക്കു് അര്‍ത്ഥം)
ശ്രാണാ : (ആയ) കഞ്ഞി
ശോണാധരീ ഇവ : ചുവന്ന ചുണ്ടുള്ള സുന്ദരിയെപ്പോലെ
രമണീയാ : ആനന്ദദായിനിയാണു്.

ശരീരത്തിലുള്ള ചൂടു കുറയ്ക്കാന്‍ കഞ്ഞി വളരെ നല്ലതാണത്രേ. അതുകൊണ്ടാണല്ലോ പനിയുള്ളവര്‍ക്കു കഞ്ഞി കൊടുക്കുന്നതു്. ചൂടുള്ള ദിവസം കുടിക്കാന്‍ ഏറ്റവും നല്ലതു കഞ്ഞിയാണെന്നും പറഞ്ഞുകേട്ടിട്ടുണ്ടു്.

നിഹന്ത്രീ എന്ന വാക്കിന്റെ ശരിയായ അര്‍ത്ഥം പറഞ്ഞു തന്ന ശ്രീ ഏ. ആര്‍. ശ്രീകൃഷ്ണനു നന്ദി.

ഇനി ഉദ്ദണ്ഡന്‍ പെണ്ണുങ്ങളെ “കഞ്ഞി” എന്നു വിളിച്ചെന്നും അതിനു ഞാന്‍ അര്‍ത്ഥമെഴുതിയെന്നും ഒക്കെ പറഞ്ഞു സ്ത്രീവിമോചന-വനിതാലോകക്കാര്‍ ബഹളം ഉണ്ടാക്കാതിരുന്നാല്‍ മതിയായിരുന്നു 🙂

പ്രചോദനം: കഞ്ഞിവെള്ളത്തെപ്പറ്റി ഡാലി ഇട്ട “ഒഴക്ക് കഞ്ഞെര്‍ള്ളം” എന്ന ജീ‌ടോക്ക് സ്റ്റാറ്റസ് മെസ്സേജ്.