(ഡിസ്ക്ലൈമര്‍: ഈ പോസ്റ്റ് ചരിത്രത്തോടു നീതി പുലര്‍ത്തുന്നതല്ല. ചരിത്രത്തിലും ഐതിഹ്യങ്ങളിലും കാണുന്ന ഉദ്ദണ്ഡന്, പുനം നമ്പൂതിരി, കാക്കശ്ശേരി ഭട്ടതിരി എന്നീ വ്യക്തികള്‍ക്കു ചില മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ടു്. വിശദവിവരങ്ങള്‍ അറിയാനും യഥാര്‍ത്ഥ കഥ അറിയാനും ഈ പോസ്റ്റ് വായിക്കുക.)
പണ്ടുപണ്ടു്, ക്രിസ്തുവര്‍ഷം പതിനഞ്ചാം നൂറ്റാണ്ടില്‍, കോഴിക്കോടു മാനവിക്രമന്‍ എന്ന സാമൂതിരി നാടുവാഴുന്ന കാലം. കവികള്‍ക്കും കലാകാരന്മാര്ക്കും യാതൊരു കുറവുമില്ല. വഞ്ചിപ്പാട്ടു്, ഓട്ടന്തുള്ളല്, കുറത്തിയാട്ടം, കൈകൊട്ടിക്കളി തുടങ്ങിയ സാഹിത്യശാഖകളില്‍ നിഷ്ണാതരായി ഇതു താന്‍ വിശ്വസാഹിത്യം എന്നു കരുതി മലയാളസാഹിത്യകാരന്മാര് ആര്‍മ്മാദിച്ചു കഴിഞ്ഞു പോന്നു. ഇടയ്ക്കിടെ സീനിയര്‍, ജൂനിയര്‍, കൂട്ടായ്മ, കോപ്പിറൈറ്റ് എന്നൊക്കെ കേള്‍ക്കാമെങ്കിലും, പൊതുവേ ഈ മലയാളത്താന്മാര് സൌഹാര്‍ദ്ദത്തിലാണു കഴിഞ്ഞുപോന്നതു്. എങ്കിലും സംസ്കൃതത്തില്‍ എഴുതുന്നതാണു് ഉത്തമസാഹിത്യമെന്നു ചിലരൊക്കെ ധരിച്ചു വശായിരുന്നു. സംസ്കൃതത്തിന്റെ കാലം കഴിഞ്ഞെന്നും സാഹിത്യത്തിന്റെ ഭാവി മലയാളത്തില്‍ ആയിരിക്കും എന്നും ചില ദീര്‍ഘദര്‍ശികള്‍ പറഞ്ഞുകൊണ്ടു നടന്നെങ്കിലും താന്‍ മലയാളത്തിലെഴുതിയ സൃഷ്ടികള്‍ സംസ്കൃതത്തിലാക്കാന്‍ വഴി വല്ലതുമുണ്ടോ എന്നു തക്കം പാര്‍ത്തുകൊണ്ടിരുന്നവരും ധാരാളമുണ്ടായിരുന്നു. സംസ്കൃതത്തിലുള്ള ഏതു കൃതിയേക്കാളും മികച്ചവയാണു താന്‍ എഴുതുന്നവ എന്നു് അഭിമാനിച്ചവരും കുറവല്ല.
അങ്ങനെയിരിക്കേ, സംസ്കൃതത്തില്‍ മാത്രം എഴുതിക്കൊണ്ടിരുന്ന ഒരു പരദേശി മലയാളനാട്ടിലെത്തി. ഉദ്ദണ്ഡശാസ്ത്രികള്‍ എന്നായിരുന്നു പേരു്. ശാസ്ത്രികള്‍ എന്നതു സ്വയം ചാര്‍ത്തിയ ബിരുദമായിരുന്നു. താന്‍ എഴുതുന്ന വഹയ്ക്കാണു് ലോകത്തില്‍ ഏറ്റവും കൂടുതല്‍ വായനക്കാരുള്ളതു് എന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. ഈ മലയാളസാഹിത്യകാരന്മാരൊക്കെ വെറും ഭോഷന്മാരാണു് എന്നായിരുന്നു അദ്ദേഹത്തിന്റെ വിചാരം.
ദോഷം പറയരുതല്ലോ, ഈ മലയാളത്താന്മാര് താന്‍ എഴുതുന്നതൊക്കെ വായിക്കണമെന്നു് ഉദ്ദണ്ഡനു് ആഗ്രഹമുണ്ടായിരുന്നു. അതിനാല്‍ അദ്ദേഹം എല്ലാവരുടേയും അടുത്തു ചെന്നു് താന്‍ ഇതാ വരുന്നു എന്നും നീയൊക്കെ എഴുത്തു നിര്‍ത്തി താന്‍ എഴുതുന്നതു വായിക്കാന്‍ തുടങ്ങണം എന്നും അഭ്യര്‍ത്ഥിച്ചു.
ശ്ലോകം:
പലായധ്വം പലായധ്വം രേ രേ ദുഷ്കവികുഞ്ജരാഃ
വേദാന്തവനസഞ്ചാരീ ഹ്യായാത്യുദ്ദണ്ഡകേസരീഅര്ത്ഥം:
രേ രേ ദുഷ്കവികുഞ്ജരാഃ : ഡേയ് പൊട്ടക്കവികളാകുന്ന ആനകളേ പലായധ്വം പലായധ്വം : ഓടടേയ്… ഓടടേയ്… വേദാന്ത–വന-സഞ്ചാരീ : വേദാന്തം എന്ന വനത്തില്‍ സഞ്ചാരിക്കുന്ന ഉദ്ദണ്ഡ-കേസരീ ഹി ആയാതി : ഉദ്ദണ്ഡന് എന്ന സിംഹം ഇതാ വരുന്നു! download MP3
തുടര്‍ന്നു് അദ്ദേഹം ദിവസം ഓരോന്നു വെച്ചു് ശ്ലോകങ്ങള്‍ പടച്ചുവിടാന്‍ തുടങ്ങി. വായിച്ചവര്‍ക്കൊന്നും ഒരു മണ്ണാങ്കട്ടയും മനസ്സിലായില്ല. സംസ്കൃതത്തിലെ എഴുത്തിന്റെ സ്റ്റൈലായിരിക്കും എന്നു കരുതി ആരും ഒന്നും പറഞ്ഞില്ല.
സ്റ്റൈല്‍ മനസ്സിലാക്കാന്‍ ഒരെണ്ണം താഴെ:
ശ്ലോകം:
നൃത്യദ്ധൂര്‍ജ്ജടികരഗതദമരുകഡുമുഡുമുപടുരവപരിപന്ഥിന്യഃ
കല്പക്ഷ്മാരുഹവികസിതകുസുമജമധുരസമധുരിമസഹചാരിണ്യഃ,
മന്ഥക്ഷ്മാധരവിമഥിതജലനിധിഘുമുഘുമുഘനരവമദമന്ഥിന്യഃ
ശൈലാബ്ധീശ്വര, നൃപവര, വിദധതു ബുധസുഖമയി തവ വചസാം ശ്രേണ്യഃ
അര്‍ത്ഥം:
അയി ശൈലാബ്ധി-ഈശ്വര, നൃപവര : അല്ലയോ ശൈലാബ്ധീശ്വരരാജാവേ നൃത്യത്-ധൂര്‍ജ്ജടി-കര-ഗത-ഡമരുക- : നൃത്തം ചെയ്യുന്ന ശിവന്റെ കയ്യിലിരിക്കുന്ന ഉടുക്കിന്റെ ഡുമുഡുമു-പടു-രവ-പരിപന്ഥിന്യഃ : “ഡുമുഡുമു” എന്ന മുഴങ്ങുന്ന ശബ്ദത്തോടു് അടുത്തു നില്ക്കുന്നതും കല്പ-ക്ഷ്മാരുഹ-വികസിത-കുസുമ-ജ- : കല്പവൃക്ഷത്തിന്റെ വിടര്‍ന്ന പൂവില്‍ നിന്നുള്ള മധു-രസ-മധുരിമ-സഹ-ചാരിണ്യഃ : തേനിന്റെ മാധുര്യത്തിനോടു കൂടെ പോകുന്നതും മന്ഥ-ക്ഷ്മാധര-വിമഥിത-ജലനിധി- : മന്ദരപര്‍വ്വതം കടഞ്ഞ കടലിന്റെ ഘുമുഘുമു-ഘനരവ-മദ-മന്ഥിന്യഃ : “ഘുമുഘുമു” എന്ന കനമുള്ള ശബ്ദത്തിന്റെ അഹങ്കാരം കളയുന്നതും തവ വചസാം ശ്രേണ്യഃ : (ആയ) നിന്റെ വാക്കുകളുടെ ശ്രേണികള്‍ ബുധ-സുഖം വിദധതു : പണ്ഡിതന്മാര്ക്കു സുഖം നല്‍കട്ടേ! download MP3
ഇതാണു സ്റ്റൈല്‍. വലിയ കട്ടിയുള്ള വാക്കുകളേ ഉപയോഗിക്കൂ. “ഘടപടാ” എന്നിരിക്കും. കൂട്ടി വായിച്ചു് അര്‍ത്ഥം നോക്കിയാല്‍ കാര്യമായൊന്നും ഉണ്ടാവുകയുമില്ല. രാജാവിനെപ്പറ്റി മാത്രമല്ല, അല്പം പ്രശസ്തരെന്നു തോന്നിയ പലരുടെയും പേരുകള്‍ ചേര്‍ത്തു് ഇദ്ദേഹം കൃതികള്‍ ചമച്ചിരുന്നു. ഈ കൃതികളും ആ ആളുകളും തമ്മില്‍ എന്തു ബന്ധം എന്നു് ആലോചിച്ചു പാമരന്മാര് തല പുണ്ണാക്കി.
ഇദ്ദേഹത്തിനു തര്‍ക്കവും വിമര്‍ശനവുമല്ലാതെ കാവ്യാസ്വാദനത്തിനുള്ള ശക്തി അല്പം പോലുമില്ലായിരുന്നു. അതു തുറന്നു സമ്മതിച്ചിട്ടുമുണ്ടു്.
ശ്ലോകം:
വാചാ വാക്യപദപ്രമാണപദവീസഞ്ചാരസംപൂതയാ
സന്നദ്ധപ്രതിമല്ലഗല്ലമകുടീകുട്ടാകധാടീജുഷാ
സാടോപം വിഹരന് കഥം നു രമതേ സാഹിത്യമുദ്രാരസേ?
പ്രൌഢസ്ത്രീരസികായ ബാലവനിതാസംഗഃ കഥം രോചതേ?അര്‍ത്ഥം:
വാക്യ-പദ-പ്രമാണ-പദവീ-സഞ്ചാര-സംപൂതയാ : വാക്യത്തിന്റെയും പദത്തിന്റെയും പ്രമാണങ്ങളില്‍ സഞ്ചരിച്ചു ശുദ്ധമായതും സന്നദ്ധ-പ്രതി-മല്ല-ഗല്ല-മകുടീ-കുട്ടാക-ധാടീ-ജുഷാ : എതിര്‍ക്കാന്‍ തയ്യാറെടുത്തു വന്നവരുടെ ചെകിടും തലയും തച്ചുടയ്ക്കുവാനുള്ള ധാടി ഉള്ളതും വാചാ : (ആയ) വാക്കു് ഉപയോഗിച്ചു് സാടോപം വിഹരന് : ഒരു അല്ലലുമില്ലാതെ വിഹരിക്കുന്ന (എനിക്കു്) സാഹിത്യ-മുദ്രാ-രസേ : ഈ സാഹിത്യം എന്നു പറയുന്ന സാധനത്തിന്റെ രസത്തില്‍ കഥം നു രമതേ? : വല്ല രസവുമുണ്ടാവുമോ? പ്രൌഢ-സ്ത്രീ-രസികായ : കാമകലയില് കേമികളെ മാത്രം പ്രാപിക്കുന്ന ഒരാള്‍ക്കു് ബാലവനിതാസംഗഃ : ഒരു കിളുന്തുപെണ്ണിനെ കഥം രോചതേ? : എങ്ങനെ ബോധിക്കും? download MP3
ഇങ്ങനെയൊക്കെയായാലും പറയുന്നതു സംസ്കൃതത്തിലായതു കൊണ്ടും തര്‍ക്കം, വ്യാകരണം, വിമര്‍ശനം തുടങ്ങിയവയില്‍ പേരെടുത്ത ആളായതു കൊണ്ടും പൊതുവേ ആളുകള്‍ ഉദ്ദണ്ഡനു് കുറച്ചു് ആദരവു കൊടുത്തു പോന്നു.
ഇദ്ദേഹത്തിന്റെ കയ്യില്‍ നിന്നു് വളരെയധികം പ്രശംസ പിടിച്ചുപറ്റിയിട്ടുള്ള ഒരു മലയാളകവിയുമുണ്ടു്. പുനം നമ്പൂതിരി എന്നാണു് ആ കവിയുടെ പേരു്.
പുനം ആള് ചില്ലറക്കാരനല്ലായിരുന്നു. പുലിയായിരുന്നു.
പാലാഴിത്തയ്യലാള്‍ തന് തിരുനയനകലാലോലലോലംബമാലാ–
ലീലാരംഗം, ഭുജംഗേശ്വരമണിശയനേ തോയരാശൌ ശയാനം,
മേലേ മേലേ തൊഴുന്നേന്‍ – ജഗദുദയപരിത്രാണസംഹാരദീക്ഷാ–
ലോലാത്മാനം പദാന്തപ്രണത സകലദേവാസുരം വാസുദേവം
download MP3 |
എന്നതു പോലെ സ്റ്റൈലായി സംസ്കൃതനിബിഡമായ ശ്ലോകങ്ങള്‍ കൊണ്ടു് ഭാഷാരാമായണചമ്പു എഴുതിയവന്. സംസ്കൃതത്തില്‍ എഴുതിയെഴുതി മതിയായി “ഇനി ഞാന്‍ മലയാളത്തിലേ എഴുതൂ” എന്നു ശപഥം ചെയ്തവന്. ഇനി സംസ്കൃതത്തില്‍ എന്നെങ്കിലും എഴുതിയാലും ആദ്യം അതു മലയാളത്തില്‍ എഴുതിയതിനു ശേഷം മാത്രമേ സംസ്കൃതത്തില്‍ എഴുതൂ എന്നു പരസ്യമായി പ്രഖ്യാപിച്ചവന്.
പുനം നമ്പൂതിരി ഒരിക്കല്‍ ഈ ശ്ലോകം എഴുതി.
ശ്ലോകം:
താരില്‍ത്തന്വീകടാക്ഷാഞ്ചലമധുപകുലാരാമ! രാമാജനാനാം
നീരില്‍ത്താര്‍ബാണ! വൈരാകരനികരതമോമണ്ഡലീചണ്ഡഭാനോ!
നേരെത്താതോരു നീയാം തൊടുകുറി കളകായ്കെന്നുമേഷാ കുളിക്കും
നേരത്തിന്നിപ്പുറം വിക്രമനൃവര! ധരാ ഹന്ത! കല്പാന്തതോയേ.
അര്‍ത്ഥം:
താരില്‍-ത്തന്വീ-കടാക്ഷ-അഞ്ചല-മധുപ-കുല-ആരാമ! : ലക്ഷ്മീദേവിയുടെ നോട്ടത്തിന്റെ അറ്റമാകുന്ന വണ്ടിന് കൂട്ടത്തിനു പൂന്തോട്ടമായുള്ളവനേ! രാമാ-ജനാനാം നീരില്‍-ത്താര്‍-ബാണ! : പെണ്ണുങ്ങളുടെ കാമദേവാ! വൈരാകര-നികര-തമോ-മണ്ഡലീ-ചണ്ഡഭാനോ! : ശത്രുക്കൂട്ടമാകുന്ന ഇരുട്ടിനു് സൂര്യനായവനേ ധരാ കല്പ-അന്ത-തോയേ : ഭൂമി പ്രളയജലത്തില്‍ കുളിക്കും നേരത്തിന്നു് ഇപ്പുറം : കുളിക്കുന്ന സമയത്തിനു മുമ്പു് നേരു് എത്താതോരു നീയാം തൊടുകുറി : തുല്യമില്ലാത്ത നീയാകുന്ന തൊടുകുറി ഹന്ത, എന്നും കളകായ്ക : അയ്യോ, ഒരു കാലത്തും കളയാതിരിക്കണേ! download MP3
ഈ ശ്ലോകം കേട്ടിട്ടു് ഉദ്ദണ്ഡന് ചാടിയെഴുന്നേറ്റു് “ബലേ ഭേഷ്! അന്ത ഹന്തയ്ക്കിന്ത പട്ടു്” എന്നു പറഞ്ഞു് തോളത്തു കിടന്ന പട്ടു പുനത്തിനു സമ്മാനിച്ചു എന്നാണു കഥ. ഈ ശ്ലോകത്തിലെ “ഹന്ത” എന്ന പ്രയോഗത്തിനാണു് ആ പട്ടു കൊടുത്തതത്രേ!
ഉദ്ദണ്ഡന് എന്തിനാണു പ്രശംസിച്ചതെന്നു അധികം ആളുകള്‍ക്കും മനസ്സിലായില്ല. ഈ ശ്ലോകത്തിന്റെ അര്‍ത്ഥഭംഗിയല്ല അദ്ദേഹത്തെ ആകര്‍ഷിച്ചതു്. അര്‍ത്ഥം മനസ്സിലായോ എന്നു തന്നെ അറിയില്ല. (പട്ടു കൊടുക്കാനും അവതാരിക എഴുതാനും അര്‍ത്ഥം അറിയേണ്ടല്ലോ!) കുറേ ശബ്ദങ്ങള്‍ പ്രാസത്തോടെ തിരിച്ചും മറിച്ചുമിട്ടു് എഴുതി മാത്രം ശീലമുള്ള ഉദ്ദണ്ഡനെ ആകര്‍ഷിച്ചതു് ഈ ശ്ലോകത്തിന്റെ പ്രാസഭംഗിയാണു്. നാലു വരിയിലുമുള്ള ദ്വിതീയാക്ഷര-തൃതീയാക്ഷരപ്രാസങ്ങള്‍ മനോഹരമാണു്. കൂടാതെ വരികളുടെ അവസാനമുള്ള അനുപ്രാസവും.
ആദ്യത്തെ വരിയില്‍: “രാമ രാമാജനാം” എന്നു മ.
രണ്ടാം വരിയില്‍: “മണ്ഡലീചണ്ഡഭാനോ” എന്നു് ണ്ഡ.
“ബലേ ഭേഷ്” എന്നു പറയാന്‍ വന്ന ഉദ്ദണ്ഡനെ മൂന്നാം വരി നിരാശനാക്കിക്കളഞ്ഞു. “എന്നുമേഷാ കുളിക്കും”. പ്രാസമില്ല!
“ഈ മലയാളത്താന്മാര്ക്കു മര്യാദയ്ക്കു് ഒരു ശ്ലോകം എഴുതാന്‍ അറിയില്ല” എന്നു മനസ്സില്‍ പറഞ്ഞു പുനത്തിന്റെ പേരു വെട്ടാന്‍ തുനിഞ്ഞപ്പോഴാണു നാലാം വരി: “ഹന്ത, കല്പാന്തതോയേ” എന്നു് ന്ത!
പ്രാസമില്ലാതിരുന്ന നാലാം വരിയില്‍ അര്‍ത്ഥമില്ലാത്ത ഹന്തയെ കടത്തി പുനം പ്രാസമുണ്ടാക്കിയിരിക്കുന്നു! കൊടുക്കു് ആ ഹന്തയ്ക്കു് ഒരു പട്ടു്!
ഇങ്ങനെയാണു് “അന്ത ഹന്തയ്ക്കിന്തപ്പട്ടു്” ഉണ്ടായതു്.
ഉദ്ദണ്ഡന്റെ കാവ്യാസ്വാദനവും വിമര്‍ശനവും ഏതാണ്ടു മനസ്സിലായല്ലോ.
പട്ടു കൊടുക്കുക മാത്രമല്ല, പുനത്തിനു് മഹത്തായ ഒരു അവതാരികയും എഴുതിക്കൊടുത്തു ഉദ്ദണ്ഡന്.
ശ്ലോകം:
അധികേരളമഗ്ര്യഗിരഃ കവയഃ
കവയന്തു വയം തു ന താന്‍ വിനുമഃ
പുളകോദ്ഗമകാരി വചഃപ്രസരം
പുനമേവ പുനഃ പുനരാസ്തുമഹേ
അര്‍ത്ഥം:
അധി-കേരളം അഗ്ര്യഗിരഃ കവയഃ കവയന്തു : കേരളത്തിലെ വാക്സാമര്ത്ഥ്യമുള്ള കവികള്‍ കവിത എഴുതട്ടേ വയം താന്‍ ന വിനുമഃ തു : നാം അവരെ വണങ്ങുന്നില്ല പുളകോദ്ഗമ-കാരി വചഃ-പ്രസരം : പുളകം പുറത്തുവരുന്ന വാക്കു പ്രസരിപ്പിക്കുന്ന പുനം ഏവ : പുനം നമ്പൂതിരിയെ മാത്രം പുനഃ പുനഃ ആസ്തുമഹേ : (ഞാന്‍) പിന്നെയും പിന്നെയും സ്തുതിക്കുന്നു. download MP3
പുനമൊഴികെ മറ്റൊരു കേരളകവിയെയും താന്‍ ബഹുമാനിക്കുന്നില്ല എന്നും അദ്ദേഹം പറഞ്ഞതു ശ്രദ്ധിക്കുക. താന്‍ നേരിട്ടു പരിചയപ്പെട്ടിട്ടില്ലാത്ത കവികളെ വരെ അദ്ദേഹത്തിനു പുച്ഛമായിരുന്നു-കേരളകവിയാണു് എന്ന ഒറ്റക്കാരണം കൊണ്ടു്.
പക്ഷേ, പുനം ഒരു കവിയാണെന്നു സമ്മതിച്ചു കൊടുക്കാന്‍ ഉദ്ദണ്ഡന് തയ്യാറായിരുന്നില്ല. പുനത്തിനെ പരാമര്‍ശിച്ചു് കവി എന്നെഴുതിയാല്‍ ഒരു ചോദ്യചിഹ്നം കൂടി ഇടുന്നതു് അദ്ദേഹത്തിന്റെ സ്വഭാവമായിരുന്നു. അങ്ങനെ മലയാളികളുടെ അരചകവിയായ പുനം നമ്പൂതിരി ഉദ്ദണ്ഡന്റെ ഇടപെടല്‍ മൂലം അരക്കവിയായി മാറി.
പക്ഷേ, കാലം കുറേ കഴിഞ്ഞപ്പോള്‍ പതിനെട്ടരക്കവികളില്‍ അരക്കവിയായിരുന്ന പുനം നമ്പൂതിരിയെ മാത്രം ജനം ഓര്‍ത്തു. ബാക്കി പതിനെട്ടു സംസ്കൃതകവികള്‍ ആരൊക്കെയെന്നറിയാന്‍ ആളുകള്‍ക്കു വിക്കിപീഡിയ നോക്കേണ്ടി വന്നു.
അക്കാലത്തു്, രേവതീപട്ടത്താനം എന്നൊരു വിദ്വത്സദസ്സു സ്ഥിരമായി നടക്കുമായിരുന്നു. ഒരു കാലത്തു വളരെ നല്ല രീതിയില്‍ നടന്നിരുന്ന ഈ വിദ്വത്സദസ്സു് ഉദ്ദണ്ഡന്റെ കാലത്തു് വെറും അനാവശ്യതര്‍ക്കങ്ങളുടെ വേദിയായി. ദിവസവും ഉദ്ദണ്ഡന് എന്തെങ്കിലും പറയും. എതിര്‍ക്കുന്നവരെ ഉദ്ദണ്ഡന് തന്നെ തര്‍ക്കിച്ചു തോല്‍പ്പിക്കും. ആരെന്തു പറഞ്ഞാലും “നഹി, നഹി” (അല്ല, അല്ല) എന്നു പറയുന്നതായിരുന്നു അദ്ദേഹത്തിന്റെ രീതി. തര്‍ക്കിക്കുന്നവരോടു് പോയി പുസ്തകങ്ങള്‍ വായിച്ചിട്ടു വരാന്‍ പറയുക, അവര്‍ക്കു് എഴുതാന്‍ അറിയില്ല എന്നു പറയുക, അവരുടെ പേരുകള്‍ കൊള്ളില്ല എന്നു പറയുക, താന്‍ സംസ്കൃതത്തില്‍ എഴുതുന്നതൊക്കെ ലോകത്തില്‍ വെച്ചു് ഏറ്റവും ഉത്കൃഷ്ടമാണെന്നു പറയുക തുടങ്ങിയ ചെപ്പടിവിദ്യകളും ഉത്തരം മുട്ടുമ്പോള്‍ അദ്ദേഹം ചെയ്തിരുന്നു. എന്തായാലും അവസാനത്തില്‍ താന്‍ ജയിച്ചതായി അദ്ദേഹം പ്രഖ്യാപിക്കും. സാമൂതിരി അതു് അംഗീകരിക്കുകയും ചെയ്യും.
കേരളത്തിലെ പണ്ഡിതര്‍ ഇദ്ദേഹത്തെക്കൊണ്ടു പൊറുതിമുട്ടി. അവര്‍ കൂട്ടമായി ഇദ്ദേഹത്തെ വാദത്തില്‍ തോല്പിക്കാന് ശ്രമിച്ചു. ഉദ്ദണ്ഡന് അവരെ വെട്ടുക്കിളികള്‍ എന്നു വിളിച്ചു. രേവതീപട്ടത്താനം ആകെ അലമ്പായി.
എങ്കിലും കേരളപണ്ഡിതന്മാര്‍ക്കാര്‍ക്കും ഉദ്ദണ്ഡനെ വാദത്തില്‍ ജയിക്കാന്‍ കഴിഞ്ഞില്ല.
ഈ ഉദ്ദണ്ഡനെയും ഒതുക്കാന്‍ ഒരാളുണ്ടായി-കാക്കശ്ശേരി ഭട്ടതിരി. ഇദ്ദേഹത്തിനു സംഭവം നടക്കുമ്പോള്‍ ഏഴെട്ടു വയസ്സേ ഉള്ളൂ. എഴുത്തും വായനയും തുടങ്ങിയിട്ടു് അധികം കാലമായിട്ടില്ല. എന്നാലെന്താ, സൂര്യനു കീഴിലുള്ള എന്തിനെപ്പറ്റിയും ആധികാരികമായ വിവരമാണു്. തര്‍ക്കിക്കാന്‍ ഉദ്ദണ്ഡനെക്കാള്‍ വളരെ മുകളില്‍. എന്തു ചോദിച്ചാലും “നഹി, നഹി” എന്നേ പറയുള്ളൂ. തര്‍ക്കുത്തരം പറയാന്‍ ഇവനെക്കഴിഞ്ഞു് ആരുമില്ല. പണ്ടു ചില ബ്രാഹ്മണര്‍ “ആപദി കിം കരണീയം?” എന്നു ചോദിച്ചപ്പോള്‍ “സ്മരണീയം ചരണയുഗളമംബായാഃ” എന്നും പിന്നെ “തത് സ്മരണം കിം കുരുതേ?” എന്നതിനു് “ബ്രഹ്മാദീനപി ച കിങ്കരീകുരുതേ” എന്നും പദ്യത്തില്‍ത്തന്നെ തര്‍ക്കുത്തരം പറഞ്ഞ ആളാണു്. പ്രാസത്തോടു കൂടി
ഹൃദാകാശേ ചിദാദിത്യസ്സദാ ഭാതി നിരന്തരം
എന്നും മറ്റും കാച്ചാന്‍ കഴിവുള്ള ആളാണു്. ചുരുക്കം പറഞ്ഞാല്‍, പുലിയാണെന്നര്‍ത്ഥം.
കാക്കശ്ശേരി രംഗത്തെത്തിയതോടെ മറ്റു മലയാളപണ്ഡിതന്മാര്‍ക്കും ഉഷാറായി. എങ്ങനെയെങ്കിലും ഉദ്ദണ്ഡനെ കെട്ടുകെട്ടിച്ചേ അടങ്ങൂ എന്നായി അവര്‍.
അക്കാലത്തു രേവതീപട്ടത്താനത്തില്‍ 72 തര്‍ക്കങ്ങളാണു നടക്കുക. ഓരോ തര്‍ക്കത്തിനും വിജയിക്കു് ഓരോ പണക്കിഴി കിട്ടും. ഈ 72 പണക്കിഴിയും സ്ഥിരമായി ഉദ്ദണ്ഡനാണു് കൊണ്ടുപോയിരുന്നതു്. ഇത്തവണ അദ്ദേഹത്തിനു് ഒരെണ്ണം പോലും കൊടുക്കാതിരിക്കുകയായിരുന്നു കാക്കശ്ശേരിയുടെയും കൂട്ടരുടെയും ലക്ഷ്യം.
തര്‍ക്കം തുടങ്ങി. വാദങ്ങള്‍ ആരംഭിക്കുന്നതിനു മുമ്പു് ഉദ്ദണ്ഡന് കാക്കശ്ശേരിയെ ഒന്നു ചുഴിഞ്ഞു നോക്കി. ഒരു കിളുന്തുപയ്യന്‍. അധികം വിവരമൊന്നും ഉണ്ടാകാന്‍ വഴിയില്ല. സംസ്കൃതത്തില്‍ പത്രാധിപര്‍ക്കുള്ള ഒരു കത്തു പോലും എഴുതിയിരിക്കാന്‍ ഇടയില്ല. ഇവന് വെറുതേ തമാശയ്ക്കു വന്നതായിരിക്കും. ഇവനെക്കാള്‍ വലിയ എത്ര പണ്ഡിതരെ താന്‍ പുഷ്പം പോലെ ഒതുക്കിയിരിക്കുന്നു!
“ആകാരോ ഹ്രസ്വഃ,” പുച്ഛത്തോടെ ഉദ്ദണ്ഡന് പറഞ്ഞു. ആകാരം എന്നു വെച്ചാല്‍ ആകൃതി, ശരീരത്തിന്റെ വലിപ്പം. കുഞ്ഞുപയ്യനാണല്ലോ എന്നു്.
എല്ലാറ്റിനും “നഹി, നഹി” എന്നു മാത്രം പറഞ്ഞു പരിചയിച്ചിട്ടുള്ള കാക്കശ്ശേരി വിട്ടില്ല, “നഹി നഹി,” അദ്ദേഹം പറഞ്ഞു, “ആകാരോ ദീര്‍ഘഃ, അകാരോ ഹ്രസ്വഃ”
ആകാരം എന്നതിനു് ആ എന്ന അക്ഷരം എന്നും അര്‍ത്ഥമുണ്ടു്. (“ര” ഒഴികെയുള്ള എല്ലാ അക്ഷരത്തിന്റെയും കൂടെ “…കാരം” ചേര്‍ത്താണു പറയുക. “ര”യ്ക്കു മാത്രം “രകാരം” എന്നു പറയില്ല-“രേഫം” എന്നാണു പറയുക. എന്താണു കാരണമെന്നു് എനിക്കു് ഒരു പിടിയുമില്ല.) അതു ദീര്‍ഘമാണു്, അകാരമാണു ഹ്രസ്വം എന്നാണു കാക്കശ്ശേരി തിരിച്ചടിച്ചതു്.
അങ്ങനെ വാദം തുടങ്ങുന്നതിനു മുമ്പു തന്നെ ഉദ്ദണ്ഡന് എട്ടുനിലയില്‍ പൊട്ടി. വാദം തുടങ്ങുകയായി.
ഉദ്ദണ്ഡനു് ഒരു തത്തയുണ്ടു്. അദ്ദേഹത്തിന്റെ ഭാഗ്യചിഹ്നമാണെന്നാണു് അദ്ദേഹം കരുതിയിരുന്നതു്. അതിനെ എടുത്തു മുന്നില്‍ വെച്ചിട്ടേ എന്തും തുടങ്ങൂ. അതിന്റെ ചേഷ്ടകളനുസരിച്ചാണു് വാദം എങ്ങനെ വേണമെന്നു് അദ്ദേഹം തീരുമാനിക്കുന്നതു്. (പില്ക്കാലത്തു്, കിളി ചത്തു പോയതിനു ശേഷം കിളിയുടെ ഒരു പടം വാദത്തിനു മുമ്പു വെയ്ക്കുമായിരുന്നു. അതു കിട്ടിയില്ലെങ്കില്‍ നദി, മല, വെട്ടുക്കിളികള്‍, അരി അരയ്ക്കുന്ന മെഷീന് തുടങ്ങി വാദവുമായി ബന്ധവുമില്ലാത്ത എന്തെങ്കിലും വെയ്ക്കുന്നതു പതിവാക്കി. “യത്ര യത്ര വാദസ്തത്ര തത്ര ചിത്രഃ” ചിത്രമില്ലെങ്കില്‍ വാദവുമില്ല.) അന്നും അദ്ദേഹം തന്റെ കിളിയെ എടുത്തു മുന്നില്‍ വെച്ചു. കാക്കശ്ശേരി തന്റെ ഭാഗ്യചിഹ്നമാണെന്നു പറഞ്ഞു് ഒരു പൂച്ചയെ എടുത്തു മുന്നില്‍ വെച്ചു. പൂച്ചയെ കണ്ടതോടെ കിളി പേടിച്ചു് കൂട്ടില്‍ കയറി. പിന്നെ വാദത്തിന്റെ ഗതി നിയന്ത്രിക്കാന്‍ കിളിയില്ലാതെ ഉദ്ദണ്ഡന് വലഞ്ഞു.
പിന്നെ കൊടുംപിരിക്കൊണ്ട വാദമായിരുന്നു. വാദത്തിന്റെ വിശദാംശങ്ങള്‍ ഇവിടെ എഴുതുന്നില്ല. താത്പര്യമുള്ളവര്‍ക്കു് അതു് ഉള്ളൂരിന്റെ കേരളസാഹിത്യചരിത്രത്തില്‍ വായിക്കാം. തിരുവനന്തപുരം പബ്ലിക് ലൈബ്രറി ഇല്ലാതാകുന്നതിനു മുമ്പു് അവിടെ ഒരു കോപ്പി കണ്ടേക്കും. ഉദ്ദണ്ഡന്റെ എല്ലാ വാദത്തെയും കാക്കശ്ശേരി “നഹി നഹി” എന്നു പറഞ്ഞു ഖണ്ഡിച്ചു് കിഴിയെല്ലാം സ്വന്തമാക്കി എന്നു പറഞ്ഞാല്‍ കഴിഞ്ഞു.
വാദത്തില്‍ തോറ്റു സഹികെട്ടാല്‍ എന്തു ചെയ്യും? തന്തയ്ക്കും തള്ളയ്ക്കും പറയും, അത്ര തന്നെ. ഇവിടെയും അതു സംഭവിച്ചു. പക്ഷേ, ഒരു കുഴപ്പം. അച്ഛനെയോ അമ്മയെയോ ചീത്ത പറഞ്ഞാല്‍ മറ്റെയാള്‍ “നഹി, നഹി” എന്നു പറഞ്ഞു് അതു തെറ്റാണെന്നു സമര്‍ത്ഥിക്കും. അതുകൊണ്ടു കാര്യമില്ലല്ലോ. അതുകൊണ്ടു് ഉദ്ദണ്ഡന് ഒരു ഉപായം പ്രയോഗിച്ചു. “തവ മാതാ പതിവ്രതാ” എന്നു കാക്കശ്ശേരിയോടു പറഞ്ഞു. നിന്റെ അമ്മ പതിവ്രതയാണു് എന്നു്. ഇതിനെങ്കിലും ഇവന് “നഹി, നഹി” എന്നു പറയാതിരിക്കുമോ എന്നു നോക്കട്ടേ!
വാദത്തിനു വേണ്ടി അമ്മയുടെ പാതിവ്രത്യത്തെപ്പോലും തള്ളിപ്പറയാന്‍ കാക്കശ്ശേരിക്കു മടിയില്ലായിരുന്നു. “നഹി, നഹി” എന്നു തന്നെ പറഞ്ഞു. പിന്നെ, ഭര്‍ത്താവു് അനുഭവിക്കുന്നതിനു മുമ്പു് ഒരു പെണ്ണിനെ ചില ദേവന്മാര് അനുഭവിക്കുന്നു എന്നര്‍ത്ഥം വരുന്ന ഒരു സ്മൃതിവാക്യം ചൊല്ലി അതു സമര്‍ത്ഥിക്കുകയും ചെയ്തു. ഉദ്ദണ്ഡന് തോറ്റു മടങ്ങി.
അങ്ങനെ എഴുപത്തൊന്നു കിഴികളും കാക്കശ്ശേരി നേടി. എഴുപത്തിരണ്ടാമത്തേതു് ഏറ്റവും പ്രായം ചെന്ന പണ്ഡിതനുള്ളതാണു്. അതെങ്കിലും തനിക്കു തരണം എന്നു് ഉദ്ദണ്ഡന് അപേക്ഷിച്ചു.
“ഏയ്, പറ്റില്ല,” കാക്കശ്ശേരി പ്രതിവചിച്ചു, “ഇവിടെ മലയാളകവികളുടെ കൂട്ടത്തില്‍ താങ്കളെക്കാള്‍ പ്രായം കൂടിയ ആളുകള്‍ ധാരാളമുണ്ടു്. റിട്ടയര്‍മെന്റിനു ശേഷം വേറെ ഒന്നും ചെയ്യാനില്ലാത്തതിനാല്‍ അക്ഷരം പഠിച്ചു മലയാളത്തില്‍ കൃതികളെഴുതിത്തുടങ്ങിയവര്‍. അവര്‍ക്കു വിവരമില്ലായിരിക്കാം; പക്ഷേ, അവരെക്കാള്‍ വിവരമുണ്ടെന്നു താങ്കള്‍ക്കും തെളിയിക്കാന്‍ പറ്റിയില്ലല്ലോ…”
അങ്ങനെ എഴുപത്തിരണ്ടാമത്തെ കിഴിയും ഉദ്ദണ്ഡനു കൊടുക്കാതെ കാക്കശ്ശേരി കൈവശമാക്കി. കുപിതനായ ഉദ്ദണ്ഡന് പോയി സംസ്കൃതത്തില്‍ ഇങ്ങനെ എഴുതി.
ശ്ലോകം:
ഭാഷാകവിനിവഹോऽയം
ദോഷാകരവദ്വിഭാതി ഭുവനതലേ
പ്രായേണ വൃത്തഹീനോ
സൂര്യാലോകേ നിരസ്തഗോപ്രസരഃഅര്ത്ഥം:
അയം ഭാഷാകവിനിവഹഃ : ഈ മലയാളകവികള്‍ ഭുവന-തലേ ദോഷാകരവത് വിഭാതി : ഭൂമിയില്‍ ചന്ദ്രനെപ്പോലെ (ദോഷം ചെയ്തു) വിളങ്ങുന്നു. പ്രായേണ വൃത്ത-ഹീനഃ : സാധാരണയായി വൃത്തമില്ല. (പ്രായം കൂടുമ്പോള്‍ വൃത്താകൃതി നഷ്ടപ്പെടുന്നു) സൂരി-ആലോകേ (സൂര്യ-ആലോകേ) നിരസ്ത-ഗോ-പ്രസരഃ : പണ്ഡിതന്മാര് (സൂര്യന്) നോക്കുമ്പോള്‍ വാക്കുകള്‍ (പ്രകാശം) ഇല്ലാതെയാവുകായും ചെയ്യുന്നു. download MP3 കവികളെ സംബന്ധിച്ചു പറയുമ്പോള്‍ വൃത്തം പദ്യമെഴുതുന്ന തോതാണു്. “പ്രായേണ” എന്നതിനു് “സാധാരണയായി” എന്നു് അര്‍ത്ഥവും. ചന്ദ്രപക്ഷത്തില്‍ “പ്രായം ചെല്ലുമ്പോള്‍ വൃത്താകൃതി നഷ്ടപ്പെടുന്നു” എന്ന അര്‍ത്ഥവും. സൂര്യാലോകം എന്നതിനെ സൂരി + ആലോകം എന്നും സൂര്യ + ആലോകം എന്നും സന്ധി ചെയ്യാം. സൂരി = പണ്ഡിതന്. ഗോ എന്ന ശബ്ദത്തിനു പ്രകാശമെന്നും വാക്കെന്നും അര്‍ത്ഥമുണ്ടു്.
ഇത്തരം ഒരു ഭര്‍ത്സനം ഒരു സംസ്കൃതകൃതിയില്‍ ഉദ്ദണ്ഡന് പ്രസിദ്ധീകരിച്ചപ്പോള്‍ മലയാളകവികളാകെ ക്ഷുഭിതരായി. ഇതിനു സംസ്കൃതഭാഷ മലയാളഭാഷയോടു മാപ്പു പറയണമെന്നും ഉദ്ദണ്ഡനെ സംസ്കൃതത്തിലെഴുതുന്നതില്‍ നിന്നും വിലക്കണമെന്നും പരക്കെ ആവശ്യങ്ങളുയര്‍ന്നു. ചിലര്‍ സംസ്കൃതപുസ്തകങ്ങള്‍ ചുട്ടുകരിച്ചു. സംസ്കൃതഭാഷയെ മുഴുവന്‍ ബഹിഷ്കരിക്കാന്‍ ആഹ്വാനങ്ങളുണ്ടായി. സംസ്കൃതപക്ഷപാതികളാകട്ടേ, അതു് അനാദിയും അനന്തവും അന്യൂനവുമാണെന്നുള്ള മൂഢവിശ്വാസത്തില്‍ ഉറച്ചു നിന്നു.
കാണ്ടാമൃഗത്തിന്റെ തൊലിക്കട്ടിയുള്ള ഉദ്ദണ്ഡന് കുലുങ്ങിയില്ല. ദിവസവുമില്ലെങ്കിലും പൊട്ടക്കവിതകള്‍ പടച്ചു വിടുന്നതു് അദ്ദേഹം നിര്‍ത്തിയില്ല. നീലനിറമുള്ള പഴങ്ങളെപ്പറ്റിയും ചിരിക്കുന്ന ചിതലിനെപ്പറ്റിയും അദ്ദേഹം പിന്നെയും എഴുതിക്കൊണ്ടിരുന്നു.
Umesh:ഉമേഷ് | 05-Mar-08 at 2:09 am | Permalink
ശ്ലോകങ്ങളുള്ള പോസ്റ്റുകള്‍ ഇടുമ്പോള്‍ ശ്ലോകങ്ങള്‍ ചൊല്ലി ഇടുക കൂടി ചെയ്താലോ എന്നു് ആലോചിക്കുകയാണു്. ഇതില്‍ ഏഴു ശ്ലോകങ്ങളുണ്ടു്.
ഉദ്ദണ്ഡശാസ്ത്രികളുടെ കഥയ്ക്കൊരു പുതിയ വായന. ശ്ലോകങ്ങളെല്ലാം അതാതു കവികളുടേതു തന്നെ.
സന്തോഷ് | 05-Mar-08 at 2:19 am | Permalink
ഹ ഹ…
Moorthy | 05-Mar-08 at 4:02 am | Permalink
എന്ന്….:)വെട്ടുകിളികള്‍ എന്ന വാക്ക് ഒഴിവാക്കിയാല്‍ കൂടുതല്‍ നന്നായിരിക്കില്ലേ?
ആ വി.കെ.എന്‍ കഥയിലെ പ്രയോഗത്തിന്റെ അര്‍ത്ഥം ഇതായിരുന്നു അല്ലേ…നന്ദി…
Jayarajan | 05-Mar-08 at 4:44 am | Permalink
പണ്ട് മലയാളം ക്ലാസ്സില്‍ ശ്രദ്ധിയ്ക്കാന്‍ ഉള്ള പല കാരണങ്ങളില്‍ ഒന്ന്, ഇതു പോലെയുള്ള കഥകളായിരുന്നു. “ആകാരോ ഹ്രസ്വ…” യൊക്കെ മറന്നിരിക്കുകയായിരുന്നു.
പുനം നമ്പൂതിരി എന്ന ലിങ്ക്-ല്‍ ക്ലിക്കിയപ്പോള്‍ ഒരല്പം കണ്ഫൈയൂഷ്യസ് ആയി.കാക്കശ്ശേരി ഭട്ടതിരി എന്ന ലിങ്ക്-ല്‍ ക്ലിക്കിയപ്പോള്‍ ഇത് കൂടി. പിന്നെ വിചാരിച്ചു, വടവോസ്കി – യുടെ (അല്ലേ?) ലേഖനം വായിച്ച്, deep linking ഒഴിവാക്കിയതാവും എന്ന് 🙂 രേവതി പട്ടത്താനം എന്ന ലിങ്ക്-ല്‍ ക്ലിക്കിയതുമില്ല. വെട്ടുകിളി പ്രയോഗം ഒന്ന് – രണ്ടിടത്ത് കണ്ടപ്പോഴും ഇത്രയും നിരീച്ചില്ല 🙂 അവസാന രണ്ട് വരിയാണ് സസ്പെന്‍സ് പൊളിച്ചത്; വര്‍ത്തമാനകാലത്തിലുള്ള പ്രയോഗം കണ്ടപ്പോഴാണ് ലേബല്‍ നോക്കിയത് 🙂 നമിച്ചു ഉമേഷ്ജീ!!!
പുനം നമ്പൂതിരിയുടെ ആദ്യ ശ്ലോകത്തിന്റെ (പാലാഴിത്തയ്യലാള്‍ …..) അര്‍ത്ഥവും കൊടുക്കാമായിരുന്നു 🙁
രണ്ടാമത്തെ ശ്ലോകത്തില്‍ “കളകായ്കെന്നുമേഷാ കുളിക്കു” എന്ന് കണ്ടപ്പോള്‍ പുനം നമ്പൂതിരിയോട് ചെറിയ ബഹുമാനമൊക്കെ തോന്നി: ഉമേഷ്ജി കുളിക്കാത്ത കാര്യം പുള്ളി 3-4 നൂറ്റാണ്ട് മുമ്പേ മനസ്സിലാക്കിയില്ലേ? പിന്നെയല്ലേ അര്‍ത്ഥം മനസ്സിലായത് 🙂
അതുപോലെ കാക്കശ്ശേരിയെ പരിചയപ്പെടുത്തുമ്പോള്‍ ഉപയോഗിച്ച പദ്യ തര്‍ക്കുത്തരങ്ങളുടെയും (“ആപദി കിം…”) “കാച്ചലു”കളുടെയും (ചിദാകാശേ…) ഒക്കെ അര്‍ത്ഥം പറഞ്ഞ് തന്നിരുന്നെങ്കില്‍ കൂടുതല്‍ ആസ്വദിക്കാമായിരുന്നു …
G.Manu | 05-Mar-08 at 5:48 am | Permalink
ഇതിങ്ങനെ വായിച്ചാ ശരിയാവത്തില്ല..പ്രിന്റൌട്ട് എടുത്തു…
ഉമേഷ്ജി.. നെക്സ്റ്റ് പ്ലീസ്
സുനില്‍ | 05-Mar-08 at 5:55 am | Permalink
ഉദ്ദണ്ഡശാസ്ത്രികളെ ((സാക്ഷാല്‍)) ഇത്ര അപമാനിക്കേണ്ടിയിരുന്നില്ല.
ജ്യോതിര്‍മയി | 05-Mar-08 at 6:26 am | Permalink
ലിങ്കുകളുടെ ഗുട്ടന്സു മനസ്സിലാക്കാന്‍ പറ്റിയില്ല. കൂടുതല്‍ ആലോചിക്കാന്‍ സമയമില്ലാത്തതുകൊണ്ടു താങ്കള്‍ രക്ഷപ്പെട്ടു 🙂
രേവതീപട്ടത്താനം തുലാമാസത്തില്‍ രേവതിയ്ക്ക് ഇന്നും നടത്തിവരുന്നുണ്ട്. സംസ്കൃതത്തില്‍ വാക്യാര്ഥസദസ്സും മറ്റും സാമാന്യം നല്ലരീതിയില്‍ത്തന്നെ (ചുരുക്കം ചില വര്‍ഷങ്ങളിലെ പരിപാടി അത്രമികച്ചതായിരുന്നില്ലെങ്കിലും) നടക്കുന്നുണ്ടു്.
അമ്പലത്തിലെ വിശേഷപൂജകളും, സംസ്കൃതത്തില്‍ത്തന്നെ നടത്തിവരുന്ന വാക്യാര്ഥസദസ്സും(വിദ്വത്സദസ്സും), അഷ്ടാവധാനി-ശതാവധാനി- തുടങ്ങിയ കൌതുകകരമായ പരിപാടിയും ഉണ്ടാവാറുണ്ട്. കൂട്ടത്തില്‍ അക്ഷരശ്ലോകം, കവിയരങ്ങ്, കൂടിയാട്ടം തുടങ്ങിയവയും.
………………………..
ഉദ്ദണ്ഡന്റെ ശ്ലോകത്തിനു ഗാംഭീര്യം പോരാ. ഒന്നുകൂടി ഉഷാറാക്കാമായിരുന്നു, കേള്‍ക്കുമ്പോള്‍ ഞെട്ടണം 🙂
………………………….
തന്റെ എഴുത്തുകള്‍ കൂടുതല്‍ ആള്ക്കാര് വായിക്കാനും കൂടുതല്‍പ്പേര്‍ക്കു രസിയ്ക്ക്കാനും ഉതകുന്നതരത്തില്‍ എഴുത്തില്‍ എന്തെല്ലാം സര്‍ക്കസ് കാണിയ്ക്കാം എന്നു സമര്‍ഥമായി പ്പരീക്ഷിയ്ക്കുന്ന എഴുത്തുകാര്‍ ഇന്നുമുണ്ടെന്നതിന്, ഉദാഹരണം കൂടിയായി ഈ പോസ്റ്റ്.
………………………….
-ജ്യോതിര്‍മയി
ജ്യോതിര്‍മയി | 05-Mar-08 at 6:28 am | Permalink
‘അഹന്ത‘യ്ക്കു പോസ്റ്റു കിട്ടും എന്നതുകൊണ്ടാണു മുന്‍പത്തെ കമന്റിട്ടത്. തുടര്മൊഴികള് കിട്ടാനാണീ കമന്റ്.
Benny | 05-Mar-08 at 6:55 am | Permalink
ഇതാണ് ഉമേഷ്! രസിച്ചുവായിച്ചു. “അഹന്ത”കള്‍ ഇനിയുമുണ്ട് ഉമേഷേ.. ഓരോന്നായി അങ്ങ കയ്യ് വയ്ക്കൂന്നേ. ഭര്‍ത്സനം മാത്രം കൈമുതലാക്കി നമ്മടെ തോലകവി ഡാക്കിലെറങ്ങിയത് കണ്ടില്ലെന്നുണ്ടോ?
സിദ്ധാര്ത്ഥന് | 05-Mar-08 at 6:56 am | Permalink
ഗംഭീരം!
കഥയുടെ ആന്റി ക്ലൈമാക്സ്:
വെട്ടുകിളികളുടെ ശല്യമവസാനിച്ചെന്നു സമാധാനിച്ചു് കൊടൈക്കനാലിലേക്കു് ടൂറു പോയ ഉദ്ദണ്ഡശാസ്ത്രികള്‍ തിരിച്ചുവന്നില്ല. സൂയിസൈഡ് പോയന്റില്‍ നിന്നും തുടങ്ങിയ അന്വേഷണം ലിങ്കുകളിലൂടെ വന്നവസാനിച്ചതു് മലയാളകവിതയിലെ സംസ്കൃതത്തില്‍. വിതച്ചതു കൊയ്യും എന്നു പിറുപിറുത്തുകൊണ്ടു് പോലീസുകാര്‍ ഫയല്‍ പൂട്ടിക്കെട്ടി.
Aravind | 05-Mar-08 at 6:57 am | Permalink
ഹഹഹഹ..
ഞാനിത് വായിച്ച് ചാടിയെഴുന്നേറ്റ് ഉമ്മേഷ്ജിയോട്..
“അന്ത ലിങ്കുകള്ക്കിന്ത ബ്രഡ്ഡ്” എന്നു പറഞ്ഞ് ബ്രേക്ക്ഫാസ്റ്റിന് അച്ചാറിനോടൊപ്പം തിന്നാന്‍ വെച്ചിരുന്ന ബ്രഡ്ഡ് എടുത്തു നീട്ടിപ്പോയി.
(സോറി, ഞാന്‍ സ്ഥിരമായി അണിയാറുള്ള പട്ട് പാവാട, സോറി മേലാട ഡ്രൈക്ലീനിംഗിനു കൊടുത്തേക്കുവാ)
തകര്‍ത്തു രസിച്ചൂ ഉമേഷ്ജീ…
ഇനീപ്പോ ഉമേഷ്ജീടേ ടൈം..മാസികേലൊക്കെ പേര് വന്ന്..ഹോ! എനിക്കു വയ്യ! 🙂
daivam | 05-Mar-08 at 7:31 am | Permalink
ഗംഭീരം,
എന്നാലും ഇത്ര അധ്വാനം അര്‍ഹിക്കുന്നുണ്ടോ, പണിക്കൂലിയെങ്കിലും മുട്ടണ്ടേ 🙂
(വ്യക്തികളെ ചൂണ്ടുന്ന ലിങ്ക് ഒഴിവാക്കാവുന്നതല്ലേ? അതില്ലാതെയും എല്ലാം പൂര്‍ണ്ണമല്ലേ?
ആ ലിങ്കിനുള്ളില്‍ നമുക്കുള്ലിലെ ഉദ്ദണ്ഡഞ്ഞിരിപ്പില്ലേ?)
കണ്ണൂസ് | 05-Mar-08 at 8:28 am | Permalink
ഒരു 🙂
ഒരു 🙁
സനാതനന് | 05-Mar-08 at 8:34 am | Permalink
ഹെന്റമ്മോ!!!!
സന്ദീപ് | 05-Mar-08 at 8:41 am | Permalink
Very knowledgeable, :). And thanks for that. – കാക്കശ്ശേരിയെയും തോലകവിയേയും കുറിച്ച് ഞാന്‍ 2 ദിവസം മുന്‍പ് എന്തോ… ഓര്‍ത്തിരുന്നു
ഞാന്‍ സമകാലിക-related ലിങ്കുകളെ മാനിക്കുന്നില്ല.
ഉമേഷേട്ടന്റെ എല്ലാ പോസ്റ്റുകളും (ഞാന്‍ ഗുരുകുലത്തില്‍ വരുന്നതിന്നു മുന്‍പുള്ള) വായിക്കണമെന്നുള്ളത് എന്റെ TODO ലിസ്റ്റില്‍ കിടപ്പുണ്ട്……
ചിലതൊക്കെ (or ചെലതൊക്കെ?) വായിക്കേം ചെയ്തൂട്ടോ.
കുറുമാന് | 05-Mar-08 at 8:42 am | Permalink
കാണ്ടാമൃഗത്തിന്റെ തൊലിക്കട്ടിയുള്ള ഉദ്ദണ്ഡന് കുലുങ്ങിയില്ല. ദിവസവുമില്ലെങ്കിലും പൊട്ടക്കവിതകള്‍ പടച്ചു വിടുന്നതു് അദ്ദേഹം നിര്‍ത്തിയില്ല. നീലനിറമുള്ള പഴങ്ങളെപ്പറ്റിയും ചിരിക്കുന്ന ചിതലിനെപ്പറ്റിയും അദ്ദേഹം പിന്നെയും എഴുതിക്കൊണ്ടിരുന്നു – ഹെന്റമ്മേ…..എനിക്കിത്രയും തൊലികട്ടി കിട്ടിയിരുന്നെങ്കില്‍ ഭാഷാവരവും, പോര്‍ക്ക് വിന്താലുവുമൊക്കെ പിന്നേം പിന്നേം എഴുതാമായിരുന്നു 🙂
manu | 05-Mar-08 at 9:37 am | Permalink
ഹഹഹ..സംഗതി ഉഷാറായി. പക്ഷേ താരതമ്യങ്ങള്‍ ദയനീയമായി പരാജയപ്പെടുന്ന ഒരിടം ഉണ്ട്. അഹങ്കാരിയാണെങ്കിലും ഉദ്ദണ്ഡശാസ്ത്രികള്‍ക്ക് വിവരം ഉണ്ടായിരുന്നു. 😉
manu | 05-Mar-08 at 10:15 am | Permalink
ചരിത്രത്തെക്കുറിച്ച് ജാമ്യം എടുത്തതുകൊണ്ട് പറയേണ്ടതുണ്ടോ എന്ന് അറിയില്ല. എങ്കിലും ആപദി കിം കരണീയം എന്ന ഭാഷണത്തിന്റെ സാഹചര്യം ഒരുപക്ഷേ കാക്കശ്ശേരിയുടെ ജീവിതത്തിലെ ഏറ്റവും ഗൌരവം ഉള്ള സാഹചര്യം ആണ്. അത് തര്‍ക്കുത്തരം അല്ല.
ആചാരങ്ങള്‍ ശ്രദ്ധിക്കാതെ ജീവിക്കുന്ന ആളായിരുന്നു കാക്കശ്ശേരി. അദ്ദേഹത്തോട് സംസര്‍ഗം ചെയ്യുന്നത് തങ്ങള്‍ക്കും അശുദ്ധിഉണ്ടാക്കും എന്ന് ഭയന്നബ്രാഹ്മണ സമൂഹം അദ്ദേഹത്തെ ഒഴിവാക്കാനുള്ള മാര്‍ഗങ്ങള്‍ ആലോചിച്ചു. എന്തിനും പ്രതിവാദം ഉള്ള ആളായിരുന്നു കാക്കശ്ശേരി എന്നതുകൊണ്ട് യുക്തി ഒന്നും തോന്നിയും ഇല്ല. ഒടുവില്‍ അദ്ദേഹത്തോട് തന്നെ ചോദിക്കാമെന്ന് അവര്‍ തീരുമാനിച്ചു.
അങ്ങനെയാണ് അനര്‍ത്ഥത്തില്‍ എന്തുചെയ്യണം എന്ന് കാക്കശ്ശേരിയോട് അവര്‍ ചോദിക്കുകയും ദേവീപാദപൂജചെയ്യണമെന്നും അത് ബ്രഹ്മദേവനുള്പടെയുള്ളവരെക്കൂടി ദാസരാക്കിത്തരും എന്നും കാക്കശ്ശേരി മറുപടി കൊടുക്കുകയും ചെയ്യുന്നത്. ബ്രാഹ്മണര്‍ കൂടി 41 ദിവസത്തെ ഭഗവതീസേവ നടത്തുകയും അവസാനദിവസം കാക്കശേരി ഭട്ടതിരി ശാലക്ക് പുറത്ത് വന്ന് തനിക്ക് ഭ്രഷ്ടുണ്ട് എന്ന് പറഞ്ഞ് പുറത്തുനിന്നു തന്നെ ഒരു പാത്രം വെള്ളം വാങ്ങിക്കുടിച്ചിട്ട് നാടുവിട്ടു പോവുകയും ചെയ്തു. ഇതാണ് ഐതിഹ്യം.
ഒന്നാന്തരം എം.റ്റി. വാസുദേവന്‍ നായര്‍ സ്റ്റഫ്. തന്നെക്കുറിച്ചു തന്നെയാണെന്ന് അറിഞ്ഞാണ് ഭട്ടതിരി മറുപടി പറഞ്ഞതെന്നാണ് കരുതപ്പെടുന്നത്.
manu | 05-Mar-08 at 10:41 am | Permalink
ഹെന്റമ്മോ ..പെരുകള്ക്ക് ലിങ്കിട്ടേക്കുന്നത് ഞാന്‍ ഇപ്പോഴേകണ്ടുള്ളൂ….. ചതി … കൊലച്ചതി 🙂 അതു വല്ല വിക്കിപേജും ആയിരിക്കും എന്നാ വിചാരിച്ചത്
abhayarthi | 05-Mar-08 at 11:07 am | Permalink
ഗംഗയെ ഒളിപ്പിച്ച(അതോ ഒലിപ്പിച്ചതൊ) ജഡയും, ഒരമ്പിളീശകലവും(അതോ സകലവുമൊ), ഒരു മൂന്നാം കണ്ണും (മൂന്നുകണ്ണിലെ തീപാറുന്ന കണ്ണൊ),
വിഭൂതിഭൂഷണനും ഒക്കെ ആയ ഒരു ഉമേശന്റെ താണ്ഡവമല്ലെ എന്ന് വര്‍ണ്യത്തില്‍ ആശംസ
പുനം നമ്പൂതിരി | 05-Mar-08 at 11:39 am | Permalink
അരക്കവിയെന്ന് കളിയാക്കി വിളിച്ചിരുന്നുവത്രെ. ആയിക്കോട്ടെ.
അരയാണ് വലുത്. ഒന്നിനേക്കാളും. അരയില്‍ നിന്നാണല്ലോ തുടക്കം. അര കഴിഞ്ഞിട്ടേ ഉള്ളൂ ഒന്ന്.
ഒന്ന് രണ്ടാം സ്ഥാനത്താകാന്‍ അര മതി.
അത് മാത്രം മതി
ശ്ശി ബോധിച്ചു. ചിരിച്ച് വശായി
പ്രിയ ഉണ്ണികൃഷ്ണന് | 05-Mar-08 at 2:36 pm | Permalink
ആ ശ്ലോകങ്ങള്‍ ഒന്നു വായിക്കാന്‍ ശ്രമിക്കാരുന്നു ഇത്രേം നേരം. ഇനി ഒരെണ്ണം കൂടീ കിട്ടാനുണ്ട് വായിക്കാന്‍.
രസായി വായന.
കിനാവ് | 05-Mar-08 at 3:48 pm | Permalink
ഇന്ത ഹന്തക്കെന്തുപട്ട്?
ആനുകാലിക സംഭവത്തെ ചരിത്രവുമായി നന്നായി കോര്‍ത്തിണക്കി.
“ഇതിനു സംസ്കൃതഭാഷ മലയാളഭാഷയോടു മാപ്പു പറയണമെന്നും ഉദ്ദണ്ഡനെ സംസ്കൃതത്തിലെഴുതുന്നതില്‍ നിന്നും വിലക്കണമെന്നും പരക്കെ ആവശ്യങ്ങളുയര്‍ന്നു. തീവ്രവാദികള്‍ സംസ്കൃതപുസ്തകങ്ങള്‍ ചുട്ടുകരിച്ചു. സംസ്കൃതഭാഷയെ മുഴുവന്‍ ബഹിഷ്കരിക്കാന്‍ ആഹ്വാനങ്ങളുണ്ടായി.” 🙁
വാല്മീകി | 05-Mar-08 at 7:20 pm | Permalink
കുറച്ചു കഷ്ടപ്പെട്ടിട്ടാണെങ്കിലും വായിച്ചെടുത്തു.
അന്ത അഹന്തക്ക് ഇന്ത പോസ്റ്റ് ധാരാളം. നന്നായി ഉമേഷ്ജി.
Roby Kurian | 05-Mar-08 at 7:33 pm | Permalink
ഹരികുമാരവധം കിളിപ്പാട്ട് അല്ലെങ്കില്‍ ബാലെ…:)(എനിക്കിതു രണ്ടിലും വലിയ പിടിയില്ല.) ബ്ലോഗില്‍ വായിച്ചതില്‍ മികച്ച സറ്റയര്‍…ഇഷ്ടപ്പെട്ടു. ഇത്തരം അവതാരങ്ങള്‍ മുന്‍പും ഉണ്ടായിരുന്നു എന്നു ചുരുക്കം.
ഉമേഷേട്ടന്റെ പേര് ടൈമില്‍ വന്നുവോ..ഏതു ലക്കം…
വെള്ളെഴുത്ത് | 06-Mar-08 at 7:41 am | Permalink
കാലാനുക്രമം അല്പം കൂടിക്കുഴഞ്ഞാല്‍ തന്നെയെന്ത്, സമകാലിക (ബ്ലോഗ്) ചരിത്രം ഒരു അത്യന്താധുനിക അന്യാപദേശമായി പരിണമിക്കുകയുണ്ടായില്ലേ? മാത്രമല്ല, ഹൈപ്പര്‍ ലിങ്കുകളുടെ സാദ്ധ്യതയുപയോഗിച്ച് ഇങ്ങനെയൊരു ‘വക്രോക്തി‘ ആദ്യത്തെ അനുഭവമാണ്. സ്പെഷ്യല്‍ ഇഫക്ടുകള്‍ക്ക് ബ്ലോഗ് പോസ്റ്റുകളില്‍ ചെയ്യാന്‍ കഴിയുന്നത് എന്ന് ഒരു ഭാവി പോസ്റ്റിനുള്ള നല്ല റഫറന്‍സ്.. നമിച്ചു!
അഗ്രജന് | 06-Mar-08 at 9:39 am | Permalink
ഹ ഹ… രസിച്ചു വായിച്ചു ഉമേഷേട്ടാ…
കാക്കശ്ശേരി ഭട്ടതിരിയുടെ ആ മൂന്നാമത്തെ കമന്റും ചിരിപ്പിച്ചു 🙂
RR | 06-Mar-08 at 12:04 pm | Permalink
🙂
manu | 06-Mar-08 at 12:05 pm | Permalink
ഇത്രയും ആയ സ്ഥിതിക്ക് ആദ്യത്തെ കമന്റിന്റെ കൂടെ ഇതുകൂടെ ആഡിയേക്കാം.. താരതമ്യം പിന്നേം പൊളിഞ്ഞു. കാക്കശ്ശേരിക്കും വിവരമുണ്ടായിരുന്നു 🙂
P.C.Madhuraj | 06-Mar-08 at 7:23 pm | Permalink
ഉമേഷ്,
പോസ്റ്റ് വായിച്ചു രസിച്ചു.ഇതില്‍ രസമായി ഹാസ്യം വരാന്‍ വേണ്ടി ചെയ്ത മനോധര്മങ്ങളും വിശേഷമായിരിക്കുന്നു. പക്ഷേ ഈ മനോധര്‍മങ്ങളെ വേര്‍തിരിച്ചറിയാത്തവര്‍ക്കുണ്ടാകുന്ന തെറ്റിദ്ധാരണകള്‍ക്കു ഉമേഷ് ഉത്തരവാദിത്തം ഏല്‍ക്കുമോ?
ചാക്യാന്മാര് കൂത്തിലുപയോഗിച്ച പല മനോധര്‍മ്മക്കസര്‍ത്തുകളും പിന്നീടു ചരിത്രത്തിന്റെ ഭാഗമായി തല്പരകക്ഷികള് ദുരുപയോഗം ചെയ്ത അനുഭവങ്ങളുണ്ടല്ലൊ? (ഉദാ: ബൂര്‍ഷ്വാ വാമനന് സഖാവു മഹാബലിയെ ചവിട്ടിത്താഴ്ത്തി പാതാളത്തിലാക്കിയ കഥ. മനീഷാ പഞ്ചകം എന്ന പ്രകരണത്തിലെ ഒരുശ്ലോകത്തിന്റെപോലും അര്‍ഥം അറിയാതെയും പറയാതെയും, അങ്ങനെ ഒരു പ്രകരണമെഴുതാനുണായതായി ഒരു സംഭവം പടച്ചുവിട്ടതും.
വിശകലനസൂക്ഷ്മതയാണു ഉമേഷിന്റെ എഴുത്തിന്റെ ‘സ്വ’ഭാവം-ഹാസ്യം മിഠായിക്കടലാസ് മാത്രം.
എന്നാലും നന്നായിരിക്കുന്നു.
ഒന്നുരണ്ടു കാര്യം വേറെയും എഴുതാം.
P.C.Madhuraj | 06-Mar-08 at 7:26 pm | Permalink
1.ശൈ ലാബ്ധീശ്വരനു മലയാളരാജാവു എന്നര്‍ഥം പറഞ്ഞുകൂടേ?
2.കേരളക്കാരല്ലാത്ത ഏതെങ്കിലും കവി സ്രഗ്ധരയുടേയും ശാര്ദ്ദൂലവിക്രീദിതത്തിന്റേയും അവസാനത്തെ ഏഴക്ഷരത്തില്‍ ഒരനുപ്രാസം വരുത്തിക്കണ്ടിട്ടുണ്ടോ? ഉദ്ദണ്ഡന് ഇതാദ്യമായി കണ്ടതാവാന്‍ വഴിയില്ലേ?
പൊട്ടു തൊടാനുള്ളതാണു നെറ്റിയെന്നും പ്രാസം ദീക്ഷിയ്ക്കാനുള്ളതാണു വരിയുടെ രണ്ടാമത്തെ അക്ഷരമെന്നും ആദ്യം കണ്ടെത്തിയ ആള് കേമന്‍ തന്നെയല്ലേ?
കുളിക്കുമ്പോളാണല്ലോ സുമങ്ഗലികളുടെ പൊട്ടു മാഞ്ഞുപോകുന്നത്.ഭൂമി കുളിക്കുന്ന പ്രളയകാലംവരുംവരെ അങ്ങയുടെ രാജപദവിയാകുന്ന തൊടുകുറി ഭൂമിയുടെ സനാഥത്വത്തിന്റെ ചിഹ്നമായി നിലനില്‍ക്കുമെന്ന അര്ഥാലങ്കാരത്തിന്റെമുന്പില് ഹന്ത എന്ന നിരര്ഥകപദം പോലും അരോചകമാവുന്നില്ല എന്നും ഉദ്ദണ്ഡന് പറഞ്ഞിരിക്കില്ലേ?
3. ഹൃദാകാശേ ചിദാദിത്യഃ
സദാ ഭാതി നിരന്തരം
ഉദയാസ്തമയൌ നസ്തഃ
കഥം സന്ധ്യാമുപാസ്മഹേ? എന്നു ഭട്ടതിരി ചോദിച്ചതു കുറേക്കാലം കഴിഞ്ഞാണെന്നാണറിവ്.
4. ബ്രഹ്മാദീനപി കിങ്കരീകുരുതേ
P.C.Madhuraj | 06-Mar-08 at 7:34 pm | Permalink
5. ഉമേഷ് അന്വയിച്ചതില് “എന്നും” എന്നതിന്റെ സ്ഥാനം മാറിയിരിക്കുന്നു.(thaarilththanvee …)
Srikrishnan | 07-Mar-08 at 6:30 am | Permalink
1. “hr~daakaashE chidaadithya:” – Just pointing a correction though it does not absolutely impact the theme of this post, which with a high degree of innovation and fine humour “links” (pun intended !) some elements of history to contemporary incidents/characters. Hats off !
2. “kimkariikuruthe” – with the same “disclaimer” as above.
3. Hantha! : (I know, the author has downplayed this usage in order to blend with the satirical tone of the article. My intention here is to add a few lines just in case anybody who may be new to this SlOka suspects what really is the value of this “hantha” to deserve a “historical reward”..) Ideally, the poet would like to have this “thodukuri” (the King) on the forehead of ‘dharaa’ for EVER. But tradition has it that when you take bath, you MUST remove any ‘kuri’: Hence dharaa has no option at the time of her bath (deluge), but to remove it. Due to this the blessing/the wish for his (the King’s) long life had to be “diluted” to “till the time of deluge” – Though the poet would really like to have it for EVER (even beyond pralaya). This “compromise” imposed by the tradition is what is lamented up on by “hantha !” – Certainly not “niratthaka” in the context. The spontaneity with which Uddanda appreciated the poetic beauty of this, (despite coming from a poet whom he perceived as belonging to the “dOshaakaraa”s), adds to the dramatic value of the story/the incident.
—-Just my vaazhanru with the pattunool of Umesh – Hantha !
Ralminov | 07-Mar-08 at 1:11 pm | Permalink
ഓഫ് പോലെയൊന്നു് :
ആകാരാദി എന്ന പറയുമ്പോള്‍ ആ എന്ന അക്ഷരം ആദിയായവ എന്നു് തന്നെയല്ലേ. അക്ഷരമാല ആ യിലാണു് തുടങ്ങുന്നതെങ്കില്‍ അതു് ആ പ്രയോഗിച്ച സ്ഥാനത്തിനു് ചേര്ന്നതുമാണു്. നമ്മുടെ കഷ്ടകാലത്തിനു് അ യിലാണു് അക്ഷരമാല തുടങ്ങുന്നതു്. അതിനാല്‍ അകാരാദിയല്ലേ ആകാരാദിയേക്കാള് ഭംഗി ? പ്രത്യേകിച്ചു് അക്ഷരമാലാക്രമത്തെക്കുറിച്ചു് സംസാരിക്കുന്നിടത്തെങ്കിലും..
ജ്യോതിര്‍മയി | 07-Mar-08 at 1:53 pm | Permalink
ഒറ്റയാവും എന്നതുകൊണ്ടൂ് പറയാനുള്ളതു പറയാതെ പറ്റുമോ? ഗുരുത്വദോഷം
Umesh:ഉമേഷ് | 07-Mar-08 at 10:17 pm | Permalink
റാല്മിനോവേ,
ആകാരാദി തെറ്റും അകാരാദി ശരിയുമാണു്. അല്ലെന്നൊരു ധ്വനി എന്റെ പോസ്റ്റിലുണ്ടോ?
അകാരം, ആകാരം എന്നിവയെപ്പറ്റി സിബുവിനൊരു തെറ്റു പറ്റിയെന്നും അതു സന്തോഷ് തിരുത്തിയെന്നുമാണു് ഞാന്‍ ഉദ്ദേശിച്ചതു്. ആ ലിങ്കില്‍ പോയി കമന്റ് വായിച്ചാല്‍ വ്യക്തമാകുമല്ലോ.
(അതുമായി ബന്ധമില്ലാത്ത ഇവിടെ അതു പറയേണ്ട ആവശ്യമില്ലായിരുന്നു എന്നാണു് അഭിപ്രായമെങ്കില്‍ ഞാന്‍ യോജിക്കുന്നു. ആകാരം കണ്ടപ്പോള്‍ അങ്ങെഴുതിപ്പോയതാണു് 🙂 )
Umesh:ഉമേഷ് | 07-Mar-08 at 11:55 pm | Permalink
വായിച്ച എല്ലാവര്ക്കും നന്ദി. ചില അഭിപ്രായങ്ങള്‍ ഉള്‍ക്കൊള്ളിച്ചു മാറ്റിയെഴുതാന്‍ ശ്രമിക്കാം.
28 കൊല്ലം മുമ്പു് പത്താം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ആദ്യമായി കേട്ട “താരില്‍ത്തന്വീ…” എന്ന ശ്ലോകത്തിലെ “എന്നുമേഷാ കുളിക്കും” എന്ന ഭാഗത്തിനു് “എന്നാണു് ഉമേശാ നീ കുളിക്കുന്നതു്?” എന്നൊരര്‍ത്ഥം തോന്നിയതു് ഈ പോസ്റ്റെഴുതിയപ്പോഴാണു്. ജയരാജനു് അതു് ഒറ്റ വായനയിലേ തോന്നിയെന്നോ? നമിച്ചു!
ബെന്നീ,
ഈ അഹന്തകളെയെല്ലാം നിലയ്ക്കു നിര്‍ത്താന്‍ തുടങ്ങിയാല്‍ അതിനേ സമയം കാണൂ. പിന്നെ അവയ്ക്കു പറ്റിയ ഇതുപോലെ വല്ലതും തോന്നിയാല്‍ കാച്ചാം എന്നേ പറയാന്‍ പറ്റൂ.
അരവിന്ദാ,
പത്തുമുപ്പതു വയസ്സായില്ലേ. ഇനി അച്ചാര്‍ തീറ്റി നിര്‍ത്തിക്കൂടേ? ബ്രഡ്ഡും അച്ചാറുമോ? കൊളസ്ട്രോള്‍ ഒക്കെ നോക്കാറുണ്ടോ?
ദൈവമേ,
ലിങ്കില്ലാതെ ഉദ്ദേശിച്ച കാര്യം മനസ്സിലാവുമോ? എന്തോ, എനിക്കങ്ങോട്ടു ബോദ്ധ്യമാവുന്നില്ല.
എന്തിനാ കണ്ണൂസേ 🙁 എന്ന മുഖം?
സന്ദീപ്, റോബി,
ഇതു് ഉദ്ദണ്ഡന്, കാക്കശ്ശേരി, പുനം എന്നിവരെപ്പറ്റിയുള്ള ആധികാരികമായ പോസ്റ്റല്ല. ദയവായി ഇതുകൂടി വായിക്കുക.
ഗുപ്താ (മനു),
കാക്കശ്ശേരിയുടെ കഥ പറഞ്ഞുതന്നതിനു നന്ദി. പ്രസക്തമല്ലാത്തതിനാലാണു് അതു വിസ്തരിക്കാഞ്ഞതു്.
കുഴൂരേ,
അരക്കവിയല്ല, അരചകവി ആണെന്നും ഒരു അഭിപ്രായമുണ്ടു്.
വെള്ളെഴുത്തേ,
ബ്ലോഗിലുള്ള പല കൃതികളും അച്ചടിയിലുള്ളവ പോലെയാണു്. ഇങ്ങനെയുള്ള പല പരീക്ഷണങ്ങളും വേണം. ഞാന്‍ ചില സങ്കേതങ്ങളും ഫോര്‍മാറ്റിംഗ് രീതികളും ഉപയോഗിച്ചു് ഫുട്ട്നോട്ടുകളും മറ്റും കാണിക്കാറുണ്ടു്. പ്രമോദിന്റെ ലിങ്കു കൊണ്ടുള്ള കളി വായിച്ചില്ലേ?
മധുരാജ്,
രസിച്ചുവെന്നറിഞ്ഞതില് സന്തോഷം. സമീപകാലത്തു ബ്ലോഗില്‍ നടന്ന സംഭവങ്ങളുടെ അന്യാപദേശമായാണോ രസിച്ചതു്? അല്ലെങ്കില്‍ ഞാന്‍ ഉദ്ദണ്ഡനെയും കാക്കശ്ശേരിയെയും ഒക്കെ കഥാപാത്രങ്ങളായി ഒരു നര്‍മ്മഭാവന എഴുതിയെന്നേ തോന്നൂ. അതല്ല ഇതു്. തെറ്റുതിരുത്തലുകള്ക്കു നന്ദി.
ശ്രീകൃഷ്ണാ,
കമന്റിനും വിവരങ്ങള്‍ക്കും നന്ദി.
സുനില്‍, മധുരാജ്, ശ്രീകൃഷ്ണന്,
നന്ദി. ദയവായി ഇതുകൂടി വായിക്കൂ.
സന്തോഷ്, മൂര്‍ത്തി, മനു, സിദ്ധാര്ത്ഥന്, സനാതനന്, കുറുമാന്, അഭയാര്‍ത്ഥി, കിനാവു്, പ്രിയ, വാല്മീകി, അഗ്രജന്, RR,
നന്ദി.
ജ്യോതിക്കു മറുപടിയായി ഒരു പോസ്റ്റു തന്നെ ഇട്ടിട്ടുണ്ടു്. ഇനിയും സംശയം മാറിയില്ലെങ്കില്‍ പറയൂ.
രാജ് നീട്ടിയത്ത് | 08-Mar-08 at 3:04 am | Permalink
ഹമ്പട രാവണാ! സീരിയസ്സായിട്ടും കളിയാക്കാല്ലേ. ശ്ലോകമൊക്കെ ചൊല്ലി, അര്‍ഥം പറഞ്ഞ്, ചരിത്രവും ഭൂമിശാസ്ത്രവും വിസ്തരിച്ച്, ഹോ അങ്ങേരങ്ങ് നന്നായിപ്പോകുമല്ലോ ഉമേഷ്ജീ. ഇവരെയൊന്നും നന്നാവാന്‍ സമ്മതിക്കരുത്, അതാണ് അതിന്റെ രസം. ഏത് 😉
ലിങ്കുകള്‍ ഒഴിവാക്കാമായിരുന്നു, അല്പം സസ്പന്‍സ് പൊളിച്ചില്ലേ എന്നൊരു ശങ്ക.
ജോജൂ | 08-Mar-08 at 6:43 am | Permalink
ഇപ്പഴല്ലേ കാര്യങ്ങള്‍ പിടികിട്ടിയത്.പുതിയ പോസ്റ്റും ലിങ്കും ഡിസ്ക്ലൈമറും ഒക്കെ വായിച്ചപ്പോഴല്ലേ മനസിലായത്.സംഗതി ഗംഭീരമായി. ഉദ്ദണ്ഢ ശാസ്ത്രികള്‍ ഇതു വായിച്ചോ ആവോ
Umesh:ഉമേഷ് | 09-Mar-08 at 3:47 pm | Permalink
വെള്ളെഴുത്തേ,
വ്യംഗ്യം ലിങ്കില്‍ക്കൂടി വെളിവാക്കുന്ന സങ്കേതം ബ്ലോഗില്‍ ആദ്യമല്ല. ഇംഗ്ലീഷില്‍ എഴുതിയിരുന്ന മലയാളി ആനന്ദിന്റെ Ashwathama എന്ന പോസ്റ്റു കാണുക. എന്റെ ബ്ലോഗില്‍ രാജേഷ് വര്‍മ്മ ഒരിക്കലിട്ട ഈ കമന്റും.
താങ്കളുടെ പോസ്റ്റിനായി കാത്തിരിക്കുന്നു.
രാജീവ് ചേലനാട്ട് | 10-Mar-08 at 12:39 pm | Permalink
തന്റെ വൈരൂപ്യത്തെ ഭംഗ്യന്തരേണ പരിഹസിച്ചു ചിരിച്ച സുന്ദരിയുടെ കേശാദിപാദസുഭഗതക്കും, പിന്നെ ഒടുവില്‍ അവളുടെ‘ഉള്ളിലെ കുടിലതക്കും’ശ്ലോകചതുരതയോടെ കൈകൂപ്പിയ കാക്കശ്ശേരി എന്ന ആ റിബലിനെ വണങ്ങാതിരിക്കുന്നതെങ്ങിനെ? ഉമേഷിനെയും.
എങ്കിലും ഇങ്ങനെയൊരു ആട്ടോപ്സി വേണ്ടിയിരുന്നോ എന്നു ചോദിക്കുമ്പോള്‍, വേണ്ടിയിരുന്നില്ല എന്നും തോന്നുന്നു.
Umesh:ഉമേഷ് | 10-Mar-08 at 1:46 pm | Permalink
രാജീവ്,
ചഞ്ചല്‍ച്ചില്ലീലതയ്ക്കും… എന്ന ശ്ലോകം എഴുതിയതു ചേലപ്പറമ്പു നമ്പൂതിരിയാണു്, കാക്കശ്ശേരിയല്ല. കാക്കശ്ശേരി മലയാളത്തില്‍ എന്തെങ്കിലും എഴുതിയിട്ടുണ്ടെന്നു തോന്നുന്നില്ല.
Rajeeve Chelanat | 12-Mar-08 at 7:42 am | Permalink
തിരുത്തലിനു നന്ദി ഉമേഷ്.
Sunil | 08-Oct-08 at 8:14 pm | Permalink
ഉമേഷിനും അക്ഷരത്തെറ്റോ?
“കരഗതദമരുക“ ശ്ലോകത്തിൽ ‘ഡമരുക‘ എന്നാക്കൂ. അർത്ഥത്തിൽ ശരിയാണ് ട്ടൊ.
-സു-
വി . എസ്. രവീന്ദ്രൻ | 07-Apr-17 at 4:38 pm | Permalink
പലായധ്വം പലായധ്വം
രേ രേ ദുഷ്കവി കുഞ്ജരാഃ
ശ്ലോകാര്‍ദ്ധം അങ്ങനെ യാണ്.
യത്ര യത്ര വാദ സ്തത്ര തത്ര ചിത്രാഃ
അര്‍ത്ഥം .എത്രമാത്രം വാദങ്ങളുണ്ടോ
അത്രമാത്രം ചിത്രങ്ങളുണ്ട്
താങ്കൾ ഉദ്ധരിച്ചതിന്റെ അര്‍ത്ഥം ഇങ്ങനെയാണ്.
ശശികുമാർ | 25-Mar-18 at 2:01 pm | Permalink
ഉമേഷ് വളരെ വളരെ രസകരവും ലളിതവുമായി കാര്യങ്ങൾ മനസ്സിലാക്കിത്തന്നിരിക്കുന്നു. 38 വർഷം മുമ്പ് പത്തിലെ മലയാളം പാഠപുസ്തകത്തിൽ പരിചയപ്പെട്ടിട്ടുള്ളതാണ് താരിൽത്തന്വിവിയെ. ഇന്നാണ് ആ ശ്ലോകത്തിലെ രസികത്തം മനസ്സിലായത്.
Shine k G M | 28-Mar-20 at 7:25 am | Permalink
നമസ്തേ
RCP Menon | 02-Sep-20 at 6:00 am | Permalink
ഉദ്ദണ്ഡശാസ്ത്രികൾ വാദത്തിൽ തോറ്റഅവസ്ഥയിൽ കാക്കശ്ശേരി അച്ഛൻ ഇല്ലാതെയാണ് ജനിച്ചതെന്ന് പറയുന്നു: അതിന് കാരണമായി :
“അനാരാധ്യ ഗൗരീം അനാസ്വാദ്യ ഗൌളീം
വിനാ മന്ത്രശക്തിം മൃതേമന്ത്രധൌരീം
വിരിഞ്ജി പ്രപഞ്ചേ മയി അന്യേ കവ്യന്യേ ?(പൂർണ്ണരൂപം ഓർമ്മയില്ല)
കാളിദാസൻ ഗൗരിയെ (കാളിയേ) സേവിച്ചും കാക്കശ്ശേരി ഗൗളി (ശർക്കര) സേവിച്ചിട്ടുമാണ് കവിയായത്, എന്നാൽ വിരിഞ്ജ സൃഷ്ടിയിൽ ഞാൻ മാത്രമാണ് കവിയായി ജനിച്ചിട്ടുള്ളത് എന്ന്.
ഉദ്ദണ്ഡശാസ്ത്രിയെ തോൽപ്പിക്കുവാൻ പ്രാപ്തിയുള്ള ഒരു കുഞ്ഞുജനിക്കുവാനായി കാക്കശ്ശേരി ഗർഭസ്ഥാനായിരിക്കുമ്പോൾ കുട്ടിയുടെ അമ്മക്ക് ശർക്കരജപിച്ച്കൊടുത്തിരുന്നത്രെ – ഇതിനെയാണ്ഉ ദ്ദണ്ഡൻ കളിയാക്കിയത്.
ഇതിന് മറുപടിയായി കാക്കശ്ശേരി പറഞ്ഞത്:
എനിക്ക് അച്ഛനില്ലെങ്കിലെന്ത് താങ്കൾക്ക് ആരാണ് അച്ഛനെന്ന് നിർണ്ണയിക്കാൻ പ്രയാസമാണ് കാരണമായി അദ്ദേഹം പറയുന്നത്:
പര ദേശി ബ്രാഹ്മണർക്ക് വിവാഹാനന്തരം “സേ കം” എന്ന ഒരു ഏർപ്പാടുണ്ട് – അതായത് വധുവിനെ ആദ്യത്തെ ഏഴുദിവസം ദേവന്മാർക്കു സമർപ്പിക്കുക എന്ന ഒരു ചടങ്ങ്.ഏഴ് ദിവസം കഴിഞ്ഞേ സ്വന്തം ഭർത്താവുമായി സംഗം പാടുള്ളൂ !