ആലാഹയുടെ പെണ്മക്കള്, മാറ്റാത്തി എന്നീ മനോഹരനോവലുകള്‍ എഴുതിയ സാറാ ജോസഫിന്റെ ഈ സീരീസിലെ അടുത്ത നോവലാണു് ഒതപ്പു്. പുസ്തകം വാങ്ങിയെങ്കിലും മുമ്പുള്ള രണ്ടു പുസ്തകങ്ങളും വായിച്ചുതീരാത്തതിനാല്‍ വായിച്ചു തുടങ്ങിയില്ല. എങ്കിലും അതിന്റെ ആമുഖം വായിച്ചു. സെന്‍ ചിന്തകര്‍, ഖലീല്‍ ജിബ്രാന്, രജനീഷ്, ജിദ്ദു കൃഷ്ണമൂര്‍ത്തി തുടങ്ങിയവരുടെ ആശയങ്ങള്‍ ഈ പുസ്തകത്തിലുണ്ടത്രേ. വൈകാതെ വായിക്കണം.
ആമുഖത്തിലെ ഈ വാക്യങ്ങള്‍ അല്പം ചിന്തിപ്പിച്ചു.
‘ഒതപ്പു്’ എന്ന വാക്കിനു നിഘണ്ടുവില്‍ അര്‍ത്ഥം പറഞ്ഞുകാണുന്നില്ല. മറ്റൊരാളിനു് ഒതപ്പു് ഉണ്ടാക്കരുതു് എന്നു പറഞ്ഞാല്‍ അതിനര്‍ത്ഥം തെറ്റു ചെയ്യാനുള്ള പ്രേരണ അഥവാ പ്രലോഭനം ഉണ്ടാക്കരുതു് എന്നാണെന്നു പറയാം. തത്തുല്യമായി ഒരൊറ്റവാക്കു പറയാന്‍ കഴിയുന്നില്ല. ഇംഗ്ലീഷില്‍ scandal എന്ന വാക്കു് ഏകദേശം ഉപയോഗിക്കാം എന്നു തോന്നുന്നു.
ഉരല്, ഉലക്ക, ഉറപ്പു്, കുട്ട തുടങ്ങിയവ ഗ്രാമ്യഭാഷയില്‍ ഒരല്, ഒലക്ക, ഒറപ്പു്, കൊട്ട എന്നിങ്ങനെ മാറുന്നതുപോലെ ഉതപ്പു് എന്ന വാക്കു മാറിയതാണു് ഒതപ്പു് എന്നു ചിന്തിച്ചാല്‍ നിഘണ്ടുവില്‍ അതു കണ്ടുകിട്ടിയേനേ. ശബ്ദതാരാവലിയില്‍ ഇങ്ങനെ കാണുന്നു:
ഉതപ്പു് – ഇടര്‍ച്ച, എതിര്‍പ്പു്, ചവിട്ടു്, തൊഴി.
വാക്കുണ്ടെങ്കിലും, ഇതൊന്നും സാറാ ജോസഫ് പറഞ്ഞ അര്‍ത്ഥമല്ലല്ലോ. എനിക്കു വീണ്ടും ചിന്താക്കുഴപ്പമായി.
സിബുവാണു് ഈ സംശയത്തിനു സമാധാനമുണ്ടാക്കിയതു്. ബൈബിള്‍ ഭാഷയില്‍ ഇടര്‍ച്ച എന്നു പറഞ്ഞാല്‍ മനസ്സിന്റെ ഇടര്‍ച്ച, പ്രലോഭനം എന്നൊക്കെയാണത്രേ അര്‍ത്ഥം. ഇടര്‍ച്ചയ്ക്കു് ആ അര്‍ത്ഥമാണു് എങ്കില്‍ ഉതപ്പിനും ആ അര്‍ത്ഥം അങ്ങനെ വന്നതായിരിക്കും.
അപ്പോള്‍ എല്ലാം ശരിയായി. ഒന്നൊഴികെ.
ഇതിനോടു് ഏറ്റവും അടുത്തുനില്ക്കുന്ന ഇംഗ്ലീഷ് വാക്കു് scandal എന്നാണെന്നു ഗ്രന്ഥകര്‍ത്രി പറയുന്നു. ആ വാക്കിനു് അപവാദം, അപകീര്‍ത്തി, ദൂഷണം എന്നൊക്കെയാണല്ലോ അര്‍ത്ഥം. ഞാന്‍ പരിശോധിച്ച എല്ലാ ഇംഗ്ലീഷ്-ഇംഗ്ലീഷ്, ഇംഗ്ലീഷ്-മലയാളം നിഘണ്ടുക്കളിലും ആ അര്‍ത്ഥമാണു കാണുന്നതു്. അതു് ഒതപ്പിനു് ഏകദേശമെങ്കിലും തത്തുല്യമായ പദമാകുന്നതെങ്ങനെ?
സാറാ ജോസഫിന്റെ കയ്യില്‍ ഏതൊക്കെ നിഘണ്ടുക്കളാവും ഉണ്ടാവുക?
(ചിത്രം വരച്ചതു്: സിബു)
അനില്‍@ബ്ലോഗ് | 14-Aug-08 at 5:42 pm | Permalink
ഒതക്കുക എന്നു തമിഴില്‍ എന്തോ വാക്കുണ്ടെന്നു തോന്നുന്നു.പക്ഷെ ഈ പറയുന്ന അര്‍ഥം അല്ലെന്നു തോന്നുന്നു.
scandal എന്ന വാക്കിനു വേറെ വല്ല അര്ത്ഥവുമുണ്ടൊ ആവൊ?
രിയാസ് അഹമദ് | 14-Aug-08 at 6:17 pm | Permalink
ഒതപ്പുണ്ടാക്കുന്നതെന്തോ, അതിനേം ഒതപ്പെന്നു വിളിക്കാമോ?
Devan | 14-Aug-08 at 6:39 pm | Permalink
ഒത എന്ന ആദി ദ്രാവിഡ പദത്തില്‍ നിന്നാണ് ഒത/ഉത എന്നു തുടങ്ങുന്ന വാക്കുകള്‍ തെക്കേയിന്ത്യയില്‍ ഒട്ടുമിക്കതും ഉണ്ടായത് (മണിപ്രവാളത്തോടെ ആശയക്കുഴപ്പം എന്നയര്ത്ഥത്തിലെ സംസ്കൃത ഉതയും ആരെങ്കിലും എടുത്തു കീച്ചിയിട്ടുണ്ടാകും)
ആദി മലയാളത്തിലും ഷെയര്‍ ചെയ്തുവരുന്ന ഒതകള് ഇങ്ങനെയൊക്കെ:
ഉ/ഒതയ്ക്കുക / ഉ/ഒതപ്പ്/ ഒതൈപ്പ്- മര്‍ദ്ദിക്കുക, മര്‍ദ്ദനം, ഇടി, തൊഴി (തമിഴില്‍ ഇപ്പോളും പ്രചാരത്തിലുണ്ട് അനില്‍ പറഞ്ഞതുപോലെ)
ഉതയ്ക്കുക ഒതപ്പ് – വഴക്കുപറയുക (scold, reprove) ഹീനവാക്കുകളാലെ ഭീഷണിപ്പെടുത്തുക, ഭയപ്പെടുത്തല്‍.
ഉതന്മ/ ഉതപ്പ് – വെല്ലുവിളി, ഭീഷണി, ആക്ഷേപം, ലൈംഗിക ചേഷ്ടകള്‍ കാണിച്ച് സ്ത്രീകളെ അപമാനിക്കല്‍, സ്ത്രീകളെ ചതിക്കെണിയില്‍ പെടുത്തുക (വിവാഹത്തട്ടിപ്പു പോലെ)
(അര്‍ത്ഥങ്ങള്‍ ദ്രവീഡിയന്‍ എറ്റിമോളജിക്കല്‍ ഡിക്ഷണറിയില്‍ നിന്ന്)
ഇതിലെ ആക്ഷേപം എന്ന അര്ത്തത്തിനെയായിരിക്കണം സ്കാന്‍ഡല്‍ എന്ന് സാറാ ജോസഫ് ഉദ്ദേശിച്ചത്. (ഏകദേശം അടുത്ത അര്‍ത്ഥം എന്നല്ലേ അവര്‍ പറഞ്ഞുള്ളു). പക്ഷേ പ്രലോഭനം എന്നയര്‍ത്ഥം സൂചിപ്പിക്കുന്ന ഒന്നും കാണുന്നില്ലല്ലോ- പ്രലോഭിപ്പിച്ചശേഷം ചതിക്കുക എനോ ചതിക്കാനായി പ്രലോഭിപ്പിച്ച് വശത്താക്കുക എന്നോ മാത്രമേ സംഗതി എത്ര വികസിപ്പിച്ചാലും എത്തുന്നുള്ളു. ഇനി അതാവുമോ ടീച്ചര്‍ പറയാന്‍ ഉദ്ദേശിച്ചത്?
Devan | 14-Aug-08 at 6:54 pm | Permalink
എനിക്ക് ഒരു സംശയം- എന്തിനാണ് ഒരു വാക്ക് പറയുകയോ എഴുതുകയോ ചെയ്യുന്നത്? മനസ്സിലുള്ളത് മറ്റൊരാളെ മനസ്സിലാക്കാനല്ലേ (പഴയൊരു കള്ളുഷാപ്പ്മേറ്റ് വോഡൗസിനോടുള്ള എന്റെ ആരധന മാ റ്റിത്തരാന് വോഡൗസിനെ കളിയാക്കാന്‍ “ചില്ലുമേടയിലിരുന്നെന്നെ കല്ലെറിയല്ലേ എന്ന പാട്ട് residents of vitreous constructions are requested to refrain from hurling petroformic projectiles എന്നു പാടിത്തന്നു)
ഇനിയിപ്പോ അങ്ങനെ അല്ല എന്നുണ്ടെങ്കില്‍ ഞാനും കാലത്തിനൊത്തു മാറാം.എന്റെ അടുത്ത പോസ്റ്റ് നെല്‍ക്കൃഷി നേരിടുന്ന പ്രതിസന്ധിയെക്കുറിച്ചാണ്. തലക്കെട്ട് “മിളി” . മിളി എന്താണെന്ന് അറിയാതെ വലയുന്നവര്‍ തിരുവന്തോരം ആര്‍ക്കിയോളജിക്കല്‍ വകുപ്പില്‍ പോയി ഇരുന്നൂറു വര്‍ഷത്തിനു മുന്നേയുള്ള ചുരുണകല് എടുത്ത് പരതുക. ഇപ്പഴത്തെ കാലത്തെ ഡിക്ഷണറിയില്‍ ഒന്നും ഇതു കാണില്ല.
Devan | 14-Aug-08 at 7:00 pm | Permalink
മുകളില്‍ അടിച്ചതില്‍ അക്ഷരപ്പിശാചുമുതല് കോപ്പിപ്പേസ്റ്റ് പിശാചുവരെ ഉണ്ട്, കമന്റ് ഒന്നു ഡിലീറ്റി വീണ്ടും പോസ്റ്റാന്‍ ഇവിടെ സംവിധാനമില്ലല്ലോ, സഹി.
ഭൂമിപുത്രി | 15-Aug-08 at 4:28 pm | Permalink
അവിടുത്തുകാരോട് നേരത്തെയന്വേഷിച്ചിരുന്നു ഞാൻ.
പ്രലോഭനം എന്നർത്ഥമാൺ മനസ്സിലാക്കിയത്.
‘ആണുങ്ങൾക്ക് ഒതപ്പുണ്ടാക്കരുതു’എന്ന പറഞ്ഞാണത്രെ പെൺക്കുട്ടികളെ വളർത്തുക (apple മേടിച്ച്തിന്ന ഓർമ്മയിലാവും)
മോളമ്മയ്ക്കറിയ്ണ്ടാവും ഇതിനെപ്പറ്റിക്കൂടുതൽ