ഏറെ കൊട്ടിഗ്ഘോഷങ്ങളോടെ അവസാനം പഴശ്ശിരാജാ സിനിമയും തീയേറ്ററുകളിലെത്തി. സിനിമ ഞാൻ കണ്ടില്ല. ബ്ലോഗിൽ വന്ന നിരൂപണങ്ങളൊക്കെ വായിച്ചു് ആകെ കൺഫ്യൂഷനായി. ബെൻ ഹർ, ബ്രേവ് ഹാർട്ട് തുടങ്ങിയ വിശ്വപ്രസിദ്ധചിത്രങ്ങളോടു കിട പിടിക്കും, ഓസ്കാറിനു തിരഞ്ഞെടുക്കാൻ സാദ്ധ്യതയുണ്ടു് എന്നൊക്കെ ഈ സിനിമയുടെ അണിയറശില്പികളും അവരുടെ സ്തുതിപാഠകരും കുറേക്കാലമായി പറഞ്ഞു കൊണ്ടു നടക്കുന്നുണ്ടെങ്കിലും, പടത്തിനു് ഒരു ആവറേജ് നിലവാരം പോലുമില്ല എന്നാണു് പലരുടെയും (ഹരീ, യാരിദ്, പതാലി, അർജുൻ കൃഷ്ണ തുടങ്ങിയവർ ഉദാഹരണം) അഭിപ്രായം. അതേ സമയം ഇതൊരു വളരെ നല്ല സിനിമയാണെന്നു് മറ്റു പലരും (പപ്പൂസ്, ദൃശ്യൻ, കാളിദാസൻ തുടങ്ങിയവർ) അഭിപ്രായപ്പെടുന്നു. കുറിച്യരുടെ ജീവിതം യഥാതഥമായി ചിത്രീകരിച്ചിരിക്കുന്നു എന്നു ജി. പി. രാമചന്ദ്രൻ പറയുമ്പോൾ, കുറിച്യരെ ആഫ്രിക്കൻ ആദിവാസികളെപ്പോലെ ചിത്രീകരിച്ചു് അപമാനിച്ചു എന്നാണു് പഴയ വീടു് എന്ന ബ്ലോഗറുടെ (‘ചരിത്രത്തെ കൊഞ്ഞനം കുത്തി പഴശ്ശി’ എന്ന പോസ്റ്റ് ഇപ്പോൾ കാണുന്നില്ല) അഭിപ്രായം.
വടക്കൻ വീരഗാഥയുടെ പ്രശ്നം എം. ടി. വാസുദേവൻ നായർ ചരിത്രത്തെ വളച്ചൊടിച്ചു എന്നതായിരുന്നെങ്കിൽ, പഴശ്ശിരാജായുടെ പ്രശ്നം ചരിത്രത്തെ ഒട്ടും മാറ്റിയില്ല എന്നതാണു് എന്നും കേട്ടു. അതു് അതിലും വിചിത്രം! ചിത്രം ചരിത്രത്തോടു നീതി പുലർത്തുന്നില്ല എന്നു് ആരോപിക്കുന്ന ജി. പി. രാമചന്ദ്രൻ ഒരിടത്തു് അതു് ഒരേയൊരു ചരിത്രരേഖയായ മലബാർ മാന്വലിനെ അനുവർത്തിക്കുന്നതിനെയും വിമർശിക്കുന്നുണ്ടു്!
ഇങ്ങനെ പല അഭിപ്രായങ്ങളുണ്ടെങ്കിലും, ചില കാര്യങ്ങളിൽ നിരൂപകർക്കു് അഭിപ്രായൈക്യമുണ്ടു്. യുദ്ധരംഗങ്ങളിൽ മമ്മൂട്ടിയെയും മറ്റും കയറു കെട്ടി പറക്കാൻ വിട്ടതു് വളരെ മോശമായിപ്പോയി എന്നതാണു് ഒന്നു്. ഇന്ത്യക്കാരോടു സോഫ്റ്റ് കോർണറുള്ള മദാമ്മയെ കൊണ്ടുവന്നതു് (‘ലഗാൻ’ എന്ന ഹിന്ദി സിനിമയിലും കണ്ടിട്ടുണ്ടു് ഇങ്ങനെ ഒരാളെ. എഡ്വിന മൗണ്ട് ബാറ്റൻ ആയിരിക്കും ഇവരുടെയൊക്കെ പ്രചോദനം. എഡ്വിന അല്ലാതെ ഏതെങ്കിലും മദാമ്മയ്ക്കു് ഇങ്ങനെ വല്ലതും തോന്നിയതായി ആരെങ്കിലും കേട്ടിട്ടുണ്ടോ എന്തോ?) എല്ലാവരും എതിർക്കുന്നു. കഥയിൽ ആവശ്യമില്ലാത്ത കൈതേരി മാക്കം എന്ന കഥാപാത്രത്തിനെ എഴുന്നള്ളിച്ചതും ആ കഥാപാത്രത്തെ അവതരിപ്പിച്ച നടി ശരീരപ്രദർശനം നടത്തിയതല്ലാതെ നേരേ ചൊവ്വേ അഭിനയിച്ചില്ല എന്നതുമാണു് മറ്റൊരു കാര്യം.
കൈതേരി മാക്കം ചരിത്രകഥാപാത്രമാണോ എന്നു് എനിക്കറിയില്ല. എന്തായാലും പഴശ്ശിരാജാവിനെപ്പറ്റിയുള്ള കഥകളിലെല്ലാം ഈ സുന്ദരിയെപ്പറ്റി പരാമർശമുണ്ടു്. സി. വി. രാമൻ പിള്ളയ്ക്കു ശേഷം മലയാളത്തിൽ “ചരിത്രനോവലുകൾ” എഴുതാൻ അഗ്രഗണ്യനായിരുന്ന സർദാർ കെ. എം. പണിക്കരുടെ “കേരളസിംഹം” എന്ന നോവലിലെ നായികയും കൈതേരി മാക്കം തന്നെ. പഴശ്ശിരാജാവിന്റെ ചരിത്രം ഇപ്പോൾ അധികം ആളുകൾ അറിയുന്നതു് ഈ കേരളസിംഹത്തിലൂടെയാണു്. പണിക്കരുടെ ചരിത്രനോവലുകളേക്കാൾ കൂടുതൽ ചരിത്രത്തോടു നീതി പുലർത്തുന്നതു വടക്കൻ വീരഗാഥ തന്നെയാണു്. കുളക്കടവിൽ വെള്ളം തെറിച്ചതിനു് കുടുംബം കുളംതോണ്ടിയ നമ്പൂതിരിമാരോടു പ്രതികാരം ചെയ്യാൻ പറങ്കികളോടു ചേർന്ന നാരായണൻ നായർ എന്ന പറങ്കിപ്പടയാളിയെ ചരിത്രപുരുഷനാക്കി നാം കുഞ്ഞാലിമരയ്ക്കാർ സിനിമയിൽ വരെ കണ്ടു. കേരളസിംഹത്തിലെ കഥയും സന്ദർഭങ്ങളും ചരിത്രമായി അംഗീകരിക്കപ്പെട്ടാലും അദ്ഭുതപ്പെടാനില്ല.
ഞാൻ “പഴശ്ശിരാജാ” കണ്ടില്ല. കഥാസാരവും വിശദമായി അറിഞ്ഞില്ല. കേട്ടിടത്തോളം കഥ “കേരളസിംഹ”ത്തെ പിന്തുടരുന്നു എന്നു തോന്നുന്നു. എടച്ചേന കുങ്കനും തലയ്ക്കൽ ചന്തുവും കൈതേരി മാക്കവും കൈതേരി അമ്പുവുമൊക്കെ കേരളസിംഹത്തിലെ കഥാപാത്രങ്ങളാണു്. ചരിത്രത്തിലും ഉണ്ടായിരുന്നിരിക്കാം. അറിയില്ല.
മാക്കത്തിനെ നാട്ടിൽ വിട്ടിട്ടാണു് രാജാവു് ഒളിയുദ്ധത്തിനു കാടു കയറിയതു്. അവിടെ കൂടെ കുഞ്ഞാനിക്കെട്ടിലമ്മ എന്നോ മറ്റോ കെ. എം. പണിക്കർ വിളിക്കുന്ന വലിയ ഭാര്യയുമുണ്ടായിരുന്നു. (സിനിമയിൽ ഇവർ ഉണ്ടോ എന്തോ? റിവ്യൂവിലൊന്നും കണ്ടില്ല.) ഈ മാക്കത്തെ നാട്ടിൽ വിട്ടിട്ടു പോകുമ്പോൾ “ബ്രിട്ടീഷുകാർ പെണ്ണുങ്ങളോടു് അപമര്യാദയായി പെരുമാറില്ല” എന്നു പറഞ്ഞ പഴശ്ശിരാജാവിലൂടെ സിനിമയുടെ ശില്പികൾ ബ്രിട്ടീഷ് കൊളോണിയലിസത്തിനെ ന്യായീകരിക്കുന്നു എന്നും കുളിക്കടവിൽ നിന്നു കയറിവരുന്ന മാക്കത്തിന്റെ മുലകൾ കുലുങ്ങുന്നതു് എന്തോ “മലയാളസിനിമയുടെ ഗതിനിര്‍ണായകസൃഷ്ടിയുടെ പുറകില്‍ അര്‍പ്പണം ചെയ്തവരുടെ ആണ്‍നോട്ട(Male gaze)ത്തിന്റെ ഉദാഹരണം” ആണെന്നും ആണു ജി. പി. രാമചന്ദ്രഭാഷ്യം. “കുന്നത്തെ കൊന്നക്കും പൊന്മോതിരം ഇന്നേതോ തമ്പുരാന് തന്നേപോയി” എന്ന പാട്ടു യൂട്യൂബിൽ കണ്ടപ്പോൾ രാമചന്ദ്രൻ പറഞ്ഞ പ്രശ്നമൊന്നും തോന്നിയിരുന്നില്ല. ലേഖനം വായിച്ചിട്ടു് ഒന്നുകൂടി കണ്ടിട്ടും വലിയ വ്യത്യാസമൊന്നും തോന്നിയില്ല. രാമചന്ദ്രൻ എഴുതുന്നതു വായിച്ചാൽ “മഴു”വിൽ രതീദേവിയും പല കുഞ്ചാക്കോ ചിത്രങ്ങളിലും വിജയശ്രീയും ഒക്കെ കുളികഴിഞ്ഞു കയറി വരുന്നതു പോലെയാണെന്നു തോന്നും.
പഴശ്ശിരാജാ ഒരു കവിയും കൂടി ആയിരുന്നു എന്നു പറയപ്പെടുന്നു. “കോട്ടം വിട്ടൊരു കോട്ടയം കഥകൾ നാലു്” എന്നു പറയുന്ന നാലു് ആട്ടക്കഥകളുടെ (കിർമ്മീര വധം, നിവാതകവചകാലകേയ വധം, കല്യാണസൌഗന്ധികം, ബകവധം) കർത്താവായ കോട്ടയം തമ്പുരാൻ പഴശ്ശിരാജാവു തന്നെയാണെന്നും അല്ലെന്നും അഭിപ്രായമുണ്ടു്.
ആട്ടക്കഥകൾ എഴുതിയ കോട്ടയം കേരളവർമ്മ കൊല്ലവർഷം ഒമ്പതാം ശതകത്തിലും പഴശ്ശിരാജാ എന്ന കോട്ടയം കേരളവർമ്മ കൊല്ലവർഷം പത്താം ശതകത്തിന്റെ ഉത്തരാർദ്ധത്തിലുമാണു ജീവിച്ചിരുന്നതു് എന്നാണു് അയ്മനം കൃഷ്ണക്കൈമൾ അഭിപ്രായപ്പെടുന്നതു്. ഉള്ളൂരിന്റെ കേരളസാഹിത്യചരിത്രത്തിലും ഇവർ രണ്ടുപേരാണു് എന്നു പ്രസ്താവിച്ചിട്ടുണ്ടു്. ഇവർ രണ്ടും ഒരാളാണെന്നു വാദിക്കുന്നതു് ഒരു പറ്റം അറംപറ്റൽഗവേഷകരാണു്. കിർമ്മീരവധം ആട്ടക്കഥയിലെ “കാടേ ഗതി നമുക്കു്” എന്ന പദത്തിനു് അറം പറ്റാതിരിക്കാൻ പറ്റാത്തതിനാൽ അതിന്റെ കർത്താവു് പഴശ്ശിരാജാവല്ലാതെ മറ്റാരുമാവില്ല എന്ന രീതിയിലാണു് വാദത്തിന്റെ പോക്കു്.
എഴുത്തുകാരും അഭിനേതാക്കളും മരിക്കുമ്പോഴും ഇത്തരം അറം പറ്റൽ ഗവേഷകർ തല പൊക്കാറുണ്ടു്. പരേത(ൻ) എഴുതിയ കൃതികളിൽ നിന്നോ അഭിനയിച്ചപ്പോൾ പറഞ്ഞ സംഭാഷണങ്ങളിൽ നിന്നോ മരിച്ച സാഹചര്യവുമായി ബന്ധപ്പെട്ട എന്തെങ്കിലും ചികഞ്ഞു കണ്ടെത്തി അതു് അറം പറ്റിയതാണെന്നു സമർത്ഥിക്കുകയാണു് ഇതിന്റെ രീതി. ബൂലോഗകവി ജ്യോനവൻ അന്തരിച്ചപ്പോഴും ഇത്തരം അറംപറ്റൽ ഗവേഷകരെ കാണാനുണ്ടായിരുന്നു.
ഏതായാലും, ചെറുപ്പക്കാരിയും സുന്ദരിയുമായിരുന്ന കൈതേരി മാക്കത്തെപ്പറ്റി പഴശ്ശിരാജാവു് എഴുതിയ ഒരു പ്രസിദ്ധശ്ലോകത്തെപ്പറ്റി “കേരളസിംഹ”ത്തിൽ സവിസ്തരം പ്രസ്താവിക്കുന്നുണ്ടു്. കാടുകയറിയ പഴശ്ശിരാജാവു് ഒളിപ്പോരു നടത്തുമ്പോഴും അദ്ദേഹത്തിന്റെ ഹൃദയം വിരഹവേദനയിൽ വ്യഥിതമായിരുന്നത്രേ. അങ്ങനെ വെന്തു വെന്തു് ആ ഹൃദയത്തിൽ നിന്നു് ഒരു ശ്ലോകം ഉണ്ടായി. അതു് അദ്ദേഹം തലയിണയ്ക്കടിയിൽ സൂക്ഷിച്ചിരുന്നതു ഭാര്യ കുഞ്ഞാനിക്കെട്ടിലമ്മ കണ്ടെടുത്തു. (പേടിക്കണ്ടാ, അടിയൊന്നും ഉണ്ടായില്ല. ത്രികോണപ്രേമപ്രശ്നങ്ങളൊന്നും ഇല്ലായിരുന്നു. കുഞ്ഞാനിക്കു് മാക്കത്തിനെ വലിയ വാത്സല്യമായിരുന്നത്രേ.) എന്നിട്ടു് ആ ശ്ലോകം ചൊല്ലി രാജാവിനെയും മാക്കത്തിനെയും കളിയാക്കുന്നുണ്ടു് ആ വിശാലഹൃദയ.
വിപ്രലംഭശൃംഗാരത്തിന്റെ മകുടോദാഹരണം എന്നു പലരും പ്രകീർത്തിച്ചിട്ടുള്ളതാണു് ഈ ശ്ലോകം.
സംഭവം മലയാളശ്ലോകമാണെങ്കിലും സംസ്കൃതം ഏറെയുള്ള മണിപ്രവാളമായതിനാൽ അർത്ഥം കൂടി താഴെച്ചേർക്കുന്നു.
ശ്ലോകം:
ജാതീ, ജാതാനുകമ്പാ ഭവ, ശരണമയേ! മല്ലികേ, കൂപ്പുകൈ തേ
കൈതേ, കൈതേരി മാക്കം കബരിയിലണിവാന്‍ കയ്യുയര്‍ത്തും ദശായാം
ഏതാ, നേതാന് മദീയാനലര്‍ശരപരിതാപോദയാ, നാശു നീ താന്‍
നീ താന്‍, നീ താനുണര്‍ത്തീടുക ചടുലകയല്‍ക്കണ്ണി തന് കര്‍ണ്ണമൂലേ!
വൃത്തം: സ്രഗ്ദ്ധര.
അര്‍ത്ഥം:
ജാതീ, ജാത-അനുകമ്പാ ഭവ | : | പിച്ചകപ്പൂവേ, അനുകമ്പ ഉള്ളവളായിത്തീരണേ |
അയേ! മല്ലികേ ശരണം | : | അല്ലയോ മുല്ലപ്പൂവേ (എന്നെ) രക്ഷിക്കണേ |
കൈതേ, തേ കൂപ്പുകൈ | : | കൈതപ്പൂവേ, നിനക്കു നമസ്കാരം! |
കൈതേരി മാക്കം കബരിയിൽ അണിവാന്‍ | : | കൈതേരി മാക്കം കെട്ടിവെച്ച തലമുടിയിൽ അണിയാൻ |
കൈ ഉയര്‍ത്തും ദശായാം | : | കൈ ഉയർത്തുന്ന സമയത്തു് |
ഏതാൻ | : | ഏതാനും (അല്പം) |
ഏതാൻ മദീയാൻ അലർ-ശര-പരിതാപ-ഉദയാൻ | : | കാമദേവൻ മൂലം എനിക്കുണ്ടാകുന്ന ഈ വിഷമങ്ങളെ |
ആശു നീ താന്‍ നീ താന്‍ നീ താന്‍ | : | പെട്ടെന്നു് നീ (പിച്ചകപ്പൂവു്) തന്നെ നീ (മുല്ലപ്പൂവു്) തന്നെ നീ (കൈതപ്പൂവു്) തന്നെ |
ചടുല-കയല്‍-ക്കണ്ണി തന് കര്‍ണ്ണ-മൂലേ | : | (ആ) സുന്ദരിയുടെ (ഇളകുന്ന മീൻ പോലെയുള്ള കണ്ണുകളുള്ളവൾ എന്നു വാച്യാർത്ഥം) ചെവിയിൽ |
ഉണര്‍ത്തീടുക | : | പറയണം |
ഒരു വശത്തേയ്ക്കാണല്ലോ തലമുടി പണ്ടു കാലത്തു കെട്ടി വെയ്ക്കുന്നതു്. പൂ കയ്യിലെടുത്തു് അവിടെ മുടിയിൽ തിരുകുന്ന അല്പസമയത്തേയ്ക്കു് പൂ ചെവിയുടെ സമീപത്തായിരിക്കുമല്ലോ. അപ്പോൾ നീ എന്റെ ഈ കാമപാരവശ്യം അവളുടെ ചെവിയിൽ പറയണേ എന്നു താത്പര്യം.
ജാതീ ജാതാ, കൈതേ കൈതേ, ഏതാൻ ഏതാൻ, നീ താൻ നീ താൻ എന്ന പ്രാസങ്ങളും, കൂപ്പു കൈ തേ കൈതേ, ഏതാൻ ഏതാൻ എന്നിടങ്ങളിലെ യമകങ്ങളും (ആദ്യത്തെ നീതാൻ എന്നതിനു് നയിക്കപ്പെട്ടവ എന്ന അർത്ഥം വിവക്ഷിച്ചിട്ടുണ്ടോ എന്നറിയില്ല. അങ്ങനെയാണെങ്കിൽ ഒരു യമകവും കൂടി ഉണ്ടു്. എന്നാൽ “നീ താൻ” എന്നു പറയുന്നിടത്തു് ഒരു പൂവു കുറയുകയും ചെയ്യും.) കൂടി ആകെപ്പാടെ ശബ്ദാലങ്കാരസുന്ദരമാണു് ഈ ശ്ലോകം.
അക്ഷരശ്ലോകം ചൊല്ലുന്നവരുടെ ഒരു ചിന്താക്കുഴപ്പമാണു് ഒരു ശ്ലോകം ചൊല്ലുമ്പോൾ അതിന്റെ അർത്ഥം വ്യക്തമാകുന്ന രീതിയിൽ ചൊല്ലണോ അതോ അതിന്റെ വൃത്തത്തിന്റെ താളത്തിനും യതിയ്ക്കുമൊക്കെ യോജിക്കുന്ന രീതിയിൽ ചൊല്ലണോ എന്നതു്. രണ്ടു രീതിയുടെയും വക്താക്കളുണ്ടു്. അർത്ഥസമ്പുഷ്ടമായ ശ്ലോകങ്ങളെ അർത്ഥമനുസരിച്ചും, പ്രാസഭംഗിയുള്ള ശ്ലോകങ്ങളെ വൃത്തവും പ്രാസവും അനുസരിച്ചും ചൊല്ലുക എന്നതാണു് എന്റെ ഒരു രീതി. അർത്ഥവും ശബ്ദഭംഗിയുമുള്ള ഇത്തരം ശ്ലോകങ്ങളെ എങ്ങനെ ചൊല്ലും? രണ്ടു രീതിയിലും ചൊല്ലിയേക്കാം.
അർത്ഥത്തിനനുസരിച്ചു്: | |
download MP3 | |
വൃത്തത്തിനനുസരിച്ചു്: | download MP3 |
ഈ ശ്ലോകത്തെ സിനിമയിൽ പരാമർശിക്കുന്നുണ്ടോ എന്നറിയില്ല. ശ്ലോകങ്ങൾ സിനിമയിലെത്തുമ്പോൾ പാട്ടുകളാവുകയാണു പതിവു്. ശകുന്തള സിനിമയിൽ കാളിദാസന്റെ അഭിജ്ഞാനശാകുന്തളത്തിലെ “അനാഘ്രാതം പുഷ്പം…” എന്ന ശ്ലോകം “സ്വർണ്ണത്താമരയിതളിലുറങ്ങും…” എന്നും, “തവ ന ജാനാമി ഹൃദയം…” എന്ന ശ്ലോകം “പ്രിയതമാ, പ്രിയതമാ, പ്രണയലേഖനം എങ്ങനെയെഴുതണം…” എന്നും, കാളിദാസന്റെ മറ്റൊരു കൃതിയായ മേഘസന്ദേശത്തിലെ “ശ്യാമാസ്വംഗം, ചകിതഹരിണീപ്രേക്ഷണേ…” എന്ന ശ്ലോകത്തിന്റെ കാതൽ “ശംഖുപുഷ്പം കണ്ണെഴുതുമ്പോൾ…” എന്നും വയലാർ പാട്ടുകളാക്കിയതു് ഉദാഹരണം.
പണ്ടു്, സിനിമാമാസികകളിലെ വാർത്തകളും വഴിയരികിലെ പോസ്റ്ററുകളും മാത്രം കണ്ടിട്ടു് സിനിമകളെപ്പറ്റി ആധികാരികമായി സംസാരിക്കുന്ന എന്നോടു് ആദ്യദിവസം തന്നെ ഇടി കൊണ്ടു ടിക്കറ്റു കിട്ടാതെ കരിഞ്ചന്തയിൽ ടിക്കറ്റു വാങ്ങി കഷ്ടപ്പെട്ടു സിനിമ കണ്ട കൂട്ടുകാർ സുരേഷും വിനോദനും പറയുമായിരുന്നു, “ഡാ, ഡാ, ഞങ്ങൾക്കു ചെലവായ കാശിന്റെ പകുതിയെങ്കിലും വെച്ചിട്ടു മതി ഈ വാചകമടി…”.
സുരേഷേ, നീയിതു കാണുന്നുണ്ടോ, ഞാൻ റിവ്യൂ വായിക്കുക മാത്രം ചെയ്തിട്ടു “പഴശ്ശിരാജാ”യെപ്പറ്റി ഇത്ര വലിയ ഒരു പോസ്റ്റ് എഴുതിയതു്? 🙂
(ഈ പോസ്റ്റിലേയ്ക്കു് ആവശ്യമായ ചില വിവരങ്ങൾ സംഘടിപ്പിച്ചു തന്ന എതിരൻ കതിരവനു നന്ദി.)
കല്ല് | 30-Oct-09 at 10:58 am | Permalink
കുറേ റിവ്യൂകളൊക്കെ ഞാന്‍ വായിച്ചു.. ഒരോരുത്തരും ഓരോന്നെഴുതുന്നു…
പഴശ്ശിരാജ എന്ന ചിത്രവുമായി ബന്ധപ്പെട്ടതൊന്നും വായിച്ചു സമയം കളയരുതെന്നും തീരുമാനിച്ചു.
എന്നാലും ഗുരുകുലം സംഭവം വേറെയാണല്ലോ…
നന്നായിരിക്കുന്നു പോസ്റ്റ്.
Haree | ഹരീ | 30-Oct-09 at 12:03 pm | Permalink
ഈ ശ്ലോകം സിനിമയില്‍ വരുന്നില്ല. പകരം കഥകളിയിലെ “മാതംഗാനനമബ്ജവാസ…” എന്ന ശ്ലോകം പഴശ്ശിരാജയുടെ പ്രാര്‍ത്ഥനപോലെ ഉപയോഗിച്ചിട്ടുമുണ്ട്. അമ്മാവന് കഥകളിയില്‍ എഴുതിയത് “കാടേ ഗതി നമുക്ക്…” എന്നാണല്ലോ എന്നും പഴശ്ശി സിനിമയില്‍ പറയുന്നുണ്ട്. കുഞ്ഞാനിക്കെട്ടിലമ്മ എന്നൊരു കഥാപാത്രം സിനിമയില്‍ വരുന്നേയില്ല. ഏതായാലും അര്‍ത്ഥം സഹിതം ശ്ലോകം വിശദമായി പരിചയപ്പെടുത്തിയതിനു നന്ദി.
—
Haree | ഹരീ | 30-Oct-09 at 12:05 pm | Permalink
ഒരു കാര്യം കൂടി, രാമചന്ദ്രന് അങ്ങിനെയെഴുതിയത്, ആ സമയങ്ങളിലെ (കുന്നത്തെ കൊന്നയ്ക്കും ഗാനരംഗം, പത്മപ്രിയയ്ക്ക് വെടിയേല്‍ക്കുന്ന രംഗം) പ്രേക്ഷകരുടെ പ്രതികരണം കണ്ടിട്ടും കേട്ടിട്ടുമാവണം. അതല്ലായെങ്കില്‍ ആ രംഗങ്ങള്‍ക്ക് കുഴപ്പമൊന്നുമില്ല! 🙂
—
shankaran | 30-Oct-09 at 4:35 pm | Permalink
ഉമേശ്ജി,
ഞാന്‍ താങ്കളുടെ ബ്ലോഗ് ഇടയ്ക്കിടെ സന്ദര്‍ശിക്കാറുണ്ട്. എന്റെ ഈ അഭിപ്രായം ഈ പോസ്റ്റിനെക്കുറിച്ചു മാത്രമുള്ളതല്ല. പൊതുവായുള്ളതാണ്.
താങ്കളുടെ ഈയിടെയുള്ള പോസ്റ്റുകളില്‍ ചില്ലക്ഷരങ്ങള്‍ ശരിക്കു കാണപ്പെടുന്നില്ല. അതിന്റെ സ്ഥാനത്ത് മറ്റു ചില സിംബലുകളാണ് കാണുന്നത്. പഴയ പോസ്റ്റുകളില്‍ ഈ പ്രശ്നം കാണുന്നില്ല. ഇതൊഴിവാക്കാന്‍ കഴിയുമെങ്കില്‍ വായിക്കുവാന്‍ ഒന്നുകൂടി സുഖമായിരിക്കും. ഇത് നല്ല രുചിയുള്ള ആഹാരം കഴിക്കുന്നതിനിടയ്ക്ക് കല്ലു കടിക്കുന്നതു പോലെയുണ്ട്.
ഉമേഷ്::Umesh | 30-Oct-09 at 4:50 pm | Permalink
Shankaran,
Unicode standardized chillus in version 5.1. I am now using the Unicode chillus. They have separate code points. Before this standardization happened, people used another convention to write chillus. For example ൽ (chillu l) was written as ല + ് + ZWJ.
The old convention is used by all Malayalam unicode fonts, but only a few fonts support the unicode convention. Use one of those fonts and you will be fine.
On Windows: Install AnjaliOldLipi using this installer.
On linux: Install AnjaliOldLipi font.
On Mac: Use modified Rachana font. See the article http://sites.google.com/site/macmalayalam/
For more details on this issue, read this post.
ഉമേഷ്::Umesh | 30-Oct-09 at 5:03 pm | Permalink
Sankaran,
There is one more way. Use Firefox, and install this add-on. It converts Unicode chillus to old-fashioned chillus so that all fonts can display it properly.
In this case, you need not install any new fonts.
Moorthy | 30-Oct-09 at 5:19 pm | Permalink
പഴശ്ശിരാജയുടെ സ്വാതന്ത്ര്യസമരം എന്ന ജഗദീഷ് പോസ്റ്റിന്റെ ലിങ്കും ഇവിടെ കിടക്കട്ടെ..
shankaran | 30-Oct-09 at 5:22 pm | Permalink
Umeshji,
Thanks, I installed the firefox add-on for Malayalam chillu alphabets, that you recemmended. It works fine.
വികടശിരോമണി | 30-Oct-09 at 10:29 pm | Permalink
സിനിമ ഞാനും കണ്ടു.കേരളസിംഹമാണ് മിക്കവാറും ഇടങ്ങളിൽ ആധാരം.ഉമേഷു പറഞ്ഞപോലെ,അമ്പുവും മാക്കവുമൊക്കെ കേരളസിംഹത്തിന്റെയാണല്ലോ.മലബാർ മാന്വലിനോട് സമദൂരസിദ്ധാന്തം.മറ്റേ ഭാര്യേടെ പൊടി പോലുമില്ല.എം.ടി.സ്ഥിരം ചെയ്യുന്ന അടവുകളൊക്കെത്തന്നെ.രണ്ടാമൂഴവും വടക്കൻ വീരഗാഥയിലും പാടിനടന്ന പാണവർഗ്ഗങ്ങൾ ഇവിടെ കുങ്കനും തമ്പുരാനും പാട്ടുകെട്ടുന്നു.പക്ഷേ,പുരനാഖ്യാനം എന്ന ലേബലുറപ്പിക്കാനായി അധികം നിരത്തു വിട്ടു ഡ്രൈവ് ചെയ്യാൻ എം.ടി ശ്രമിക്കുന്നില്ല എന്നു മാത്രം.ആട്ടക്കഥാകാരനായ കോട്ടയത്തുതമ്പുരാനെ എം.ടി.പഴശ്ശിരാജാവിന്റെ വല്യച്ഛനാക്കീട്ടുണ്ട്.അതെന്താ വകുപ്പ് എന്നറിയില്ല.(വല്യച്ഛൻ പറഞ്ഞ പോലെ ആയി,കാലേ വിപിനം…)ഗോവിന്ദമാദ്യം ഗുരൂം എന്ന ഗോവിന്ദൻ മായവരം ഗോവിന്ദനാണെങ്കിൽ പഴശ്ശിരാജാവാവാൻ വഴിയില്ല എന്ന കിള്ളിമംഗലം നിരീക്ഷണമൊക്കെ വരെയേ എനിക്കു പരമാവധി അറിയൂ:)
ജി.പി. വർഗീയചിഹ്നങ്ങൾ,പുരുഷനോട്ടങ്ങൾ എന്നിവയിൽ റിസർച്ച് നടത്തുന്നതിന്റെ ഭാഗാണത്.കാര്യാക്കണ്ട.പൊറോട്ടയ്ക്കു മാവുകുഴച്ചുവെച്ചപോലുള്ള മുഖവുമായി ആ സൌന്ദര്യധാമം വെള്ളത്തീന്നു പൊങ്ങിയപ്പൊ തീയറ്ററിൽ ചെറതിയ കൂക്കലായിരുന്നു:)(മഴു എവിടെ കാണാൻ കിട്ടും?:)
ബാലൻ കെ. നായർക്കു ദേശീയ അവാർഡു കിട്ടിയ കാലത്തിറങ്ങിയ ഒരു സിനിമയാണു മഴു. ബാലൻ കെ. നായർ എന്ന വയനാടൻ കാട്ടിലെ അവിവാഹിതനായ കൃഷിക്കാരന്റെ അനിയൻ പട്ടാളക്കാരനായ രവികുമാർ ഭാര്യയായ രതീദേവിയെ ചേട്ടന്റെ കൂടെ നിർത്തി യുദ്ധരംഗത്തേയ്ക്കു പോവുകയും, ഒരിക്കൽ അവൻ മരിച്ചുപോയി എന്ന വാർത്ത വരുകയും അതിനുശേഷം രതീദേവിയ്ക്കു ചേട്ടനോടു് ആസക്തി തോന്നുകയും അതു് അതിരു കടക്കുകയും അങ്ങനെയിരിക്കുമ്പോൾ രവികുമാർ തിരിച്ചുവരുകയും സംഗതി കാണുകയും അടിയുണ്ടാവുകയും ഭാര്യ വെട്ടുകത്തികൊണ്ടു് ഭർത്താവിനെ വെട്ടിക്കൊല്ലുകയും ആ വെട്ടുകത്തിയുമായി ചേട്ടൻ പോലീസിന്റെ അടുത്തേയ്ക്കു പോവുകയും ചെയ്യുന്നതാണു കഥ. കുട്ടിക്കാലത്തു് അച്ഛന്റെയും അമ്മയുടെയും ഇടയ്ക്കിരുന്നു് ഈ സിനിമ കാണേണ്ട ഗതികേടു് എനിക്കുണ്ടായിട്ടുണ്ടു്. അതിന്റെ ടൈറ്റിൽ കാണിക്കുമ്പോൾ മൊത്തം നായിക കുളികഴിഞ്ഞു വീട്ടിലേക്കു നടന്നുവരുന്ന സീനാണു്.
എവിടെ കിട്ടുമെന്നു് അറിയില്ല 🙁
ശ്ലോകൊന്നും നീപ്പൊ വ്യാഖ്യാനിച്ചാലും മനസ്സിലാവാത്തോണ്ട്.ആ വഴിക്കില്ല.ഉമേഷിന്റെ പോസ്റ്റാണോ,ഒരു ശ്ലോകം വേണം.കൈതേരി മാക്കായാലും കടത്തനാട്ടു മാക്കായാലും മാക്കാച്ചിത്തവളേയാലും:)
പ്രശാന്ത് | 31-Oct-09 at 4:30 am | Permalink
വെണ് ചന്ദ്രലേഖ ഒരപ്സരസ്ത്രീ
വിപ്രലംഭശ്രംഗാര നൃത്തമാടാന്‍ വരും അപ്സരസ്ത്രീ.
ഇതില്‍ എന്താ ഉമേഷേട്ടാ മനസ്സിലാകാത്ത കവി ഭാവന.
വന്നും മറഞ്ഞും അകലെ നിന്ന് കൊതിപ്പിക്കുന്ന സുന്ദരിയായ അപ്സരസ്സാണ് വെണ് ചന്ദ്രലേഖ, അതിന്റെ ശ്രംഗാര രീതി വിപ്രലംഭം ആണ് എന്നല്ലേ കവി ഉദ്ദേശിച്ചത്.
(കവി തോന്നിയത് എഴുതും നിങ്ങള്‍ എന്തി വേണേല്‍ ഉദ്ദേശിച്ചോളൂ എന്ന കാലത്തിരുന്നല്ലല്ലോ വയലാര്‍ എഴുതിയിരുന്നത് )
അപ്പോൾ ഈ കാബറേ ഡാൻസൊക്കെ വിപ്രലംഭശൃംഗാരമായിരുന്നു, അല്ലേ? അങ്ങനെയായിരുന്നില്ല ഞാൻ കരുതിയിരുന്നതു് 🙂
ഗുപ്തന് | 31-Oct-09 at 6:24 am | Permalink
രാവിലെ ശ്ലോകം രണ്ടുമട്ടിലും ചൊല്ലിക്കേട്ട് ധന്യനായി 🙂
വീരനായകന് ഏകപത്നീവൃതക്കാരനാവണം എന്ന ഒബ്സഷനില്‍ നിന്നായിരിക്കണം മറ്റുഭാര്യമാര്‍ രംഗത്തുനിന്ന് അപ്രത്യക്ഷരാകുന്നത്. അതിപ്പോള്‍ മറ്റുഭാര്യമാരെക്കുറിച്ച് പരാമര്‍ശമുണ്ടെങ്കിലും വൈകാരികമായി പ്രസക്തിയുള്ളവളായി ഒരാളേ ഉണ്ടാവാന്‍ പാടുള്ളൂ.
അതാവാം കാരണം. ജോധാ അക്ബറിലെ അക്ബറിനെ കണ്ടില്ലേ? ഹോ! അക്ബറിനു് എത്ര ഭാര്യമാരുണ്ടായിരുന്നു എന്നതിനു വല്ല കണക്കുമുണ്ടോ?
മാക്കത്തിനെക്കുറിച്ച് മുണ്ടിപ്പോകരുത്. കഴുത്തിനു താഴോട്ട് ഇതൊരു ഒന്നൊന്നര മാക്കം തന്നെ! മെയില്‍ ഗെയ്സ് എന്കില് മെയില്‍ ഗെയ്സ് 😉
ചരിത്രത്തെ എത്ര റൊമാന്റീകരിച്ചാലും 300-ലെ നായികയെപ്പോലെ ഒരാളെ നമുക്കുകിട്ടില്ല. ശരീരത്തിനപ്പുറം* പെണ്ണിന് എന്തെങ്കിലും ചെയ്യാനുണ്ടെന്ന് ധ്വനിപ്പിക്കുന്ന ഒരാളെ. മെയില്‍ ഗെയ്സ് ഒക്കെ നോക്കിനടക്കുന്ന നിരൂപകന്മാര് പാത്രസൃഷ്ടിയിലെ ഈ അഴകൊഴമ്പന്‍ സെക്സിസം കണ്ടില്ലെന്ന് നടിക്കുകയും ചെയ്യും.
*പാതിവൃത്യനിഷ്ഠയുള്ളരതി ആണ് ഐഡിയല്‍ സ്ത്രീശരീരത്തിന്റെ ക്ഷേത്രം; അത് 300 നിഷേധിക്കുന്നുണ്ട്.
ഈ മുന്നൂറെന്നു പറയുന്നതു സിനിമയാണോ? എന്നാൽ അതു പറഞ്ഞുകൂടായിരുന്നോ? ZOO എന്നതു് ഇരുനൂറു് എന്നു തെറ്റായി ഒരു മന്ത്രി വായിച്ചു എന്നു ബോബനും മോളിയിലും കണ്ടിട്ടുണ്ടു്.
ഈ സിനിമക്കാരെക്കൊണ്ടു തോറ്റല്ലോ. “കോഫീ & സിഗരറ്റ്” എന്ന ഇംഗ്ലീഷ് സിനിമാ എല്ലാവർക്കും അറിയാവുന്നതും ഒട്ടുമിക്കപേരും കണ്ടിട്ടുള്ളതും ആണെന്നു ദേ ഡിങ്കൻ പറയുന്നു. കിന്നാരത്തുമ്പികളെയാണോ ഉദ്ദേശിച്ചതു്?
ഗുപ്തന് | 31-Oct-09 at 6:41 am | Permalink
ജാമ്യം: മുന്നൂറിലെ കഥാപാത്രം ഐഡിയലാണോ എന്ന് ചോദിച്ച് ആരും കുതിരകയറരുത്. പുരുഷന്റെ കായബലം/ശൂരത്വം എന്ന സ്പാര്ട്ടന് ഐഡിയലിനെ ആഘോഷിക്കുന്ന ഒരു ചിത്രത്തില്‍ ആകെ പത്തുമിനിറ്റില്‍ താഴെമാത്രം വന്നുപോകുന്ന കഥാപാത്രമാണ് ആ നായിക. പകുതിയും പ്രകടമായ ലൈംഗികത ഉള്ള രംഗങ്ങളും ആണ്. പക്ഷെ രതിയിലേക്ക് മാത്രം ഉന്മുഖമായ ഒരു ശരീരസാന്നിധ്യമെന്നതിലുപരി ഉയരാനാവുന്നുണ്ട് ആ കഥാപാത്രത്തിന് ആ പത്ത് മിനിറ്റുകൊണ്ടുതന്നെ. മലയാളത്തിലെ നായിക ആപാദചൂഢം ഉടുത്തൊരുങ്ങി ആദ്യാവസാനം നായകനെ അനുധാവനം ചെയ്താലും ഒരു രതിഘടകം എന്നതിലുപരി ഉയരാനാവില്ല. ലൈംഗികതയെ പകുതി മറച്ച ചുംബനങ്ങളിലും അസ്ഥാനത്തുകയറിവരുന്ന കുട്ടികളുടെ കുരുത്തംകെട്ടനോട്ടങ്ങളിലും പൊളിച്ചുകളയുന്ന ചളിപ്പ് വേറേ.
പാത്തുമ്മയുടെ നായര്‍ | 31-Oct-09 at 2:57 pm | Permalink
വിപ്രലംഭശൃംഗാരനൃത്തം. അന്തോണിസാറിന്റെ റെയ്ഞ്ചും എക്സ്പീരിയന്‍സും എക്സ്പെര്‍ട്ടൈസും എക്സ്പ്ലോസിവ്നെസ്സുമൊന്നുമില്ലാതെ എന്റെ വഹ മൂന്നര്‍ത്ഥങ്ങള്‍
ആദ്യം ഒരു ശ്ലോകം ചൊല്ലട്ടേ:
ആടായി വ, ന്നതു കഴിഞ്ഞൊരു നായരായി,
ആണായി, പിന്നെയൊരു പന്നിയിറച്ചി തിന്നാൻ
ബീവിക്കു നൽകി മൊഴി ചൊല്ലൽ, ഇതെത്ര കഷ്ടം!
ലോകത്തിലിന്നുമിതുപോലെ മനുഷ്യരുണ്ടോ?
൧. സൂര്യന്റെ അഭാവത്തില്‍ ചന്ദ്രിക ഒറ്റയ്ക്ക് ശൃംഗാരനൃത്തം നടത്തുന്നു. ഞാനും എന്റെ പെണ്ണുമ്പിള്ളയും ഇത് അനുകരിക്കാനുള്ള പ്ലാനിട്ടുകൊണ്ടിരിക്കുന്നു.
കലക്കൻ വ്യാഖ്യാനം!
൨. പ്രിയപ്പെട്ടവള്‍ അടുത്തില്ലാത്തപ്പോള്‍ നിലാവിന്റെ നൃത്തം അവളെ ഓര്‍പ്പിക്കുന്നു എന്ന്വെച്ചാല്‍ നിലാവത്തിരുന്ന് സോമരസമടിക്കുന്നത് കാമുകിയുടെ ഓര്മ്മയുണ്ടാക്കുന്നു.
അതിലും കലക്കൻ വ്യാഖ്യാനം!
൩. ബ്രാഹ്മണന്റെ സംഗമം പോലെ ശ്രേഷ്ഠമാണ് നിലാവിന്റെ നൃത്തം എന്ന മൂന്നാമത്തെ അര്‍ത്ഥം ഉള്‍ക്കാഴ്ചയുള്ളവര്‍ക്ക് മനസ്സിലാവും. (‘ജാതീജാതനു കമ്പം അയേ മല്ലികേശാ രണം’ എന്നല്ലേ, ഭാഷജ്ഞാനം അത്രയ്ക്കങ്ങട് പോരാ, എന്നാലും ജാതിയില്‍ ജനവിച്ചവനു കമ്പമുണ്ടായാല്, അനംഗദേവാ, നിന്റെ ടൈം എന്നുതന്നെയാവണം)
ഹഹഹഹ… ‘ജാതീജാതനു കമ്പം അയേ മല്ലികേശാ രണം’ നമിച്ചു പാത്തുമ്മേടേ പുയ്യാപ്ലേ, നമിച്ചു!
സുനിൽ കൃഷ്ണൻ | 31-Oct-09 at 3:21 pm | Permalink
ഉമേഷ്,
ഞാനും ചിത്രം കണ്ടില്ല.ചെന്നൈക്കാരൻ എടുത്ത പടം ഇതുവരെ ചെന്നൈയിൽ വന്നില്ല.എന്നു വരുമോ ആവോ?തമിഴും വരുന്നു എന്നറിഞ്ഞു
പോസ്റ്റ് നന്നായി.പഴശിരാജയുടെ വ്യത്യസ്തമായ ഒരു മുഖം കാണാനും അറിയാനും സാധിച്ചു.
നന്ദി ആശംസകൾ!
വെള്ളെഴുത്ത് | 31-Oct-09 at 7:02 pm | Permalink
കാടേ ഗതി ‘ അമ്മാവന് എഴുതിയതാണെന്ന് സിനിമയില്‍ മമ്മൂട്ടി പറയുന്നുണ്ട്. കോട്ടയത്തിന്റെ വന്ദനശ്ലോകം സിനിമയില്‍ പ്രാര്‍ത്ഥനാഗീതമായി ഉണ്ട്. അതും അമ്മാവന്റെ വകയാകാമല്ലോ. പ്രത്യേകിച്ചൊന്നും പറയുന്നുമില്ല. സിനിമയിലെ മമ്മൂട്ടി ഒരു കലാകാരനാണെന്ന സൂചനയേ ഇല്ല. ഒരിടത്തോ മറ്റോ സന്ധിയുടെ കാര്യം വരുമ്പോള്‍ അങ്ങേയ്ക്ക് ചതുരംഗവും കഥകളിയുമായി കൂടാമല്ലോ എന്ന് അനുയായികളിലാരോ നസ്യം പറയുന്നതല്ലാതെ. അപ്പോള്‍ കൈതേരി മാക്കം.. ഇങ്ങനെയൊരു ശ്ലോകമുള്ള കാര്യം രാമാനം കാണാന്‍ ചുമച്ചും കൊണ്ടിരിക്കുമ്പോള്‍ ഞാന്‍ ഹരിയോട് പറഞ്ഞതാണ് അപ്പോള്‍ ഹരി പറഞ്ഞ ന്യായം.. അമ്മാവനായി ഒരു കേരളവര്‍മ്മ ഉണ്ടായിരുന്നെങ്കില്‍ അയാള്‍ക്ക് അനന്തിരവനായി മറ്റൊരു കേരളവര്‍മ്മ ഉണ്ടായതു പോലെ ഒരു കൈതേരി മാക്കത്തിന്റെ അനന്തിരവളും /ചെറുമകളും മാക്കമാവാമല്ലോ..അമ്മൂമ്മയുടെ പേര് കൊച്ചുമോള്ക്കിടുന്ന പതിവ് ഇപ്പോഴും ചില കുടുംബങ്ങളിലുള്ളതുപോലെ.. (ബോധ്യപ്പെട്ടിട്ടില്ല) എന്നാലങ്ങനെ…. ധ്വനിപ്പിച്ചില്ലെന്നു മാത്രം ആരും പറയില്ലല്ലോ !!!
അതൊരു വല്ലാത്ത ധ്വനിപ്പിക്കലാണല്ലോ വെള്ളെഴുത്തേ! ആവാം. ആയാലുമാകായ്കിലുമെന്തു…
chullan | 03-Nov-09 at 2:15 am | Permalink
സിനിമ കാണാതെ റിവ്യൂ എഴുതുക.. അപാരം!!! 🙂 . എന്റെ അഭിപ്രായത്തില്‍ ഈ സിനിമ കാണാം ഒരു വട്ടം.. ഒരു വടക്കന്‍ വീര ഗാധയോടെ compare ചെയ്യാന്‍ പറ്റില്ല… പൂക്കുട്ടിയുടെ സൌണ്ട് എഞ്ചിനീയറിംഗ് അടിപൊളി!! ഒരു അവാര്‍ഡ് കിട്ടിയേക്കും.. മമ്മുക്ക വാള് വീശുമ്പോള്‍ “ക്ലിം” എന്ന ശബ്ദം ഒക്കെ കേള്‍ക്കാം !!!.. 😛 . ഞാന്‍ ഈ സിനിമ കണ്ടത് ചങ്ങനാശ്ശേരി അഭിനയ തിയേറ്ററില്‍ വച്ചാണ്… അവിടെ ഏറ്റവും കൂടുതല്‍ കൈയടി വന്നത് പദ്മ പ്രിയയുടെ തുട സീന്‍ വന്നപോളാണ്… തുടയില്‍ വെടിയേറ്റ പദ്മപ്രിയയുടെ മുറിവ് പരിശോധിക്കാന്‍ വന്ന മനോജ് കെ ജയന് പദ്മയുടെ മുണ്ട് ഒരൊറ്റ വലി… പിന്നെ കൈ അടിയുടെ അനര്‍ഗള നിര്‍ഗള പ്രവാഹമാരുന്നു!!! North കേരള യിലുള്ളവര്‍ക്ക് മാക്കത്തിന്റെ മാറിടമാണ് ഇഷ്ടപെട്ടതെന്കില് മദ്യ തിരുവിടംകൂരുകര്ക്ക് തുടയാണ് ഇഷ്ട പെട്ടത്.. (മദ്യ എന്ന് എഴുതുയത് അക്ഷര പിശകല്ല!!! ). ജസ്റ്റ് എ cultural ഗാപ് !!!!
പറഞ്ഞു വന്നതു് വടക്കൻ കേരളത്തിലുള്ളവരുടെ സിനിമാ ആസ്വാദനനിലവാരം തെക്കൻ കേരളത്തിലുള്ളവരുടേതിനെ അപേക്ഷിച്ചു് “ഉയർന്ന” നിലവാരത്തിൽ ആണെന്നാണോ? 🙂
chullan | 03-Nov-09 at 2:17 am | Permalink
malayaalathille spelling mistakukkal sadaram kshamikkuka.. valare kashta pettanu ithrayum ezhuthiyathu!!
ബഷീര്‍ | 08-Nov-09 at 6:19 am | Permalink
ഉമേഷ്ജിയുടെ പടംകാണാറിവ്യു കസറി. പഴശ്ശി രാജയുടെ സീ ഡീ ഇറങ്ങിയോ എന്തോ. വീട്ടിലിരുന്നു കാണാന്‍ ആണേ
ദേവന് | 08-Nov-09 at 8:53 am | Permalink
ചുള്ളനോട് യോജിക്കുന്നു. താങ്കളെന്തിന് ഇനി പടം കാണണം. ബ്ലോഗിലെ കുറേ റിവ്യൂ ഭക്ഷിച്ചില്ലേ? ഇനി ഒരു ഗ്ലാസ്സ് വെള്ളം കൂടി കുടിച്ചാല്‍ മതി. അല്ലെങ്കില്‍ ഇനി നേരിട്ട് കണ്ട് ബോധ്യപ്പെടാനുള്ളത് മേല്‍പ്പറഞ്ഞ തുടയും മുലയുമാണ്.
ഇതു് ഏതു ദേവൻ?
രാവുണ്ണി | 09-Nov-09 at 3:20 pm | Permalink
ഓഫ് ടോപിക്:
ഉമേഷ്ജിക്ക് പണ്ടേ അറിയാമായിരിക്കും, അഥവാ ഇല്ലെങ്കിൽ…
http://ravunni.blogspot.com/2009/08/blog-post.html
കണ്ടിരുന്നില്ല. നന്ദി. ഞാൻ അവിടെ ഒരു കമന്റ് ഇട്ടിട്ടുണ്ടു്.
ഉമേഷ് | Umesh | 10-Nov-09 at 7:30 pm | Permalink
കല്ലു്, ഹരീ, ശങ്കരൻ, മൂർത്തി, വികടശിരോമണി, പ്രശാന്ത് (രാധേയൻ എന്നു തന്നെ എഴുതൂ, പ്ലീസ്!), ഗുപ്തൻ, പാത്തുമ്മയുടെ ആടു്/ആണു്/നായർ, സുനിൽ കൃഷ്ണൻ, വെള്ളെഴുത്തു്, ചുള്ളൻ, ബഷീർ, ദേവൻ, രാവുണ്ണി,
എല്ലാവർക്കും നന്ദി. ചിലർക്കു മറുപടി അതാതു കമന്റിന്റെ കൂടെത്തന്നെ ഇട്ടിട്ടുണ്ടു്.
VM | 11-Nov-09 at 5:46 am | Permalink
/രാമചന്ദ്രൻ എഴുതുന്നതു വായിച്ചാൽ “മഴു”വിൽ രതീദേവിയും പല കുഞ്ചാക്കോ ചിത്രങ്ങളിലും വിജയശ്രീയും ഒക്കെ കുളികഴിഞ്ഞു കയറി വരുന്നതു പോലെയാണെന്നു തോന്നും./
ഈ മഴു / വിജയശ്രീ സീനുകളുടെ യു-റ്റ്യൂബ് ലിങ്ക് കൂടി ചേര്‍ത്താല്‍ ആ പഴശ്ശിരാജയിലെ മാക്കം കുളിസീനെ കുറിഛ് കമ്പരേറ്റിവ് സ്റ്റഡി തന്നെ നടത്തിക്കളയാമായിരുന്നു
പാത്തുമ്മയുടെ നായര്‍ | 11-Nov-09 at 8:17 pm | Permalink
എനിക്കും ഒരു ശ്ലോകം, അതും വസന്തതിലകത്തില്‍. നന്ദി.
ബൂലോകത്തില്‍ ആടിത്തകര്ക്കാമെന്നു കരുതി ആടായി വന്നു പ്ലാവില കടിച്ചു തിന്നൂ, പിന്നെ ബൂലോകര് എടുത്തിട്ടലക്കുമെന്നായപ്പോള് നയം പറഞ്ഞൊരു നായരായി ആട്ടിന്പാലിലൊരു ചായ കൂട്ടി, ബൂലോകപുലിയെന്നു സ്വയം നിനച്ച നിമിഷങ്ങളില്‍ പെണ്കുട്ടിവര്ഗ്ഗം ഓട്ടോഗ്രാഫ് തേടിവരുന്ന കിനാവികളിലൊന്നില് ചാമ്പമരത്തില്‍ ചാടിക്കയറുന്ന ഒരാണ്രൂപമായി, പെണ്ണുങ്ങളുടെ ബുദ്ധി മൂത്ത് പാത്തു അര്‍ത്ഥം വെച്ച് ചൊമച്ചുതുടങ്ങിയപ്പോള് എന്റേതു ഞാന്‍ ചൊമക്കും എന്ന തീരുമാനത്തില്‍ സ്ലേറ്റും കല്ലോലും പൊസ്സകോം ചോറ്റ്വാത്രോമായി ഒറ്റയ്ക്കായി യാത്ര, ആരുടെയുമല്ലാത്തനായര്
പാത്തുമ്മയുടെ നായര്‍ | 12-Nov-09 at 3:04 am | Permalink
ആടേ ആണായിപിന്നെയതു നായരുമതേ, ഒന്നിതേ മാറ്റം പേരേ,
ഞാനോ ഞാനേറിയെന്റെ കനവിതിലൊരുചേല് മഞ്ചലേല്, ബ്ലോഗുലോകേ
ഈടേ നേതാവുപിന്നെയതു ഞാനൊരുവനേ, സത്യമാം സ്വപ്നം പാത്തൂ
താനോ ദേണ്ടറിക ഭൂമിയിതിലൊരുഞാന് ഇങ്ങനേം റ്റ്വീറ്റിയേക്കും
ആടിനെന്താ ശ്ലോകഭ്രാന്തോ? ഇല്ല, മേലിൽ ആടിനെപ്പറ്റി ശ്ലോകമെഴുതില്ല. ദയവായി ഇങ്ങനെയൊന്നും കടുംകൈ ചെയ്യരുതു്…
സ്രഗ്ദ്ധര എഴുതാനാണു ശ്രമിച്ചതെന്നു മനസ്സിലായി. ഈ വൃത്തത്തിനെ മേഷപുരീഷം എന്നു വിളിച്ചാലോ?
🙂
visalamanaskan | 12-Nov-09 at 6:31 am | Permalink
ഇന്നലെ പഴശ്ശിരാജ അങ്കിളിനെ കണ്ടു.
കോട്ടയം കുഞ്ഞച്ചനിൽ കൃഷ്ണങ്കുട്ടി നായർ, ‘അമിതാബച്ചനേക്കാളും രജനീകാന്തിനേക്കാളും…‘ എന്ന് പറയുന്ന ടോണീൽ പറഞ്ഞാൽ,
പടം; തച്ചോളി അമ്പുവിനേക്കാളും തച്ചോളി ഒതേനനെക്കാളും മുളം മൂട്ടിൽ അടിമയേക്കാളും… മച്ച് മച്ച് ബെറ്റർ. പക്ഷെ, ബെൻഹർ, ബ്രേവ് ഹാർട്ട് ന്നൊക്കെ പറഞ്ഞുവന്നാൽ പണ്ട്,
‘റ്റ്വിൻ റ്റവർ തകർത്തതിന്റെ ഉത്തരവാദിത്വം ഞങ്ങൾ ഏറ്റെടുക്കുന്നു‘
എന്ന് കാശ്മീരിലെ ഏതോ ഒരു തുക്കട ഭീകരസംഘടന അറിയിച്ചപ്പോൾ പ്രധാനമന്ത്രി വാജ്പേയി പറഞ്ഞ സെയിം ഡയലോഗേ എനിക്കും പറയാനുള്ളൂ.
‘പോയേരാ അവടന്ന്!!‘ എന്ന്.
മലയാളത്തിന്റെ പരിമിതമായ ഇൻഫ്രാസ്ട്രക്ചർ വച്ച് ഇത്രയെങ്കിൽ ഇത്ര സംഘടിപ്പിച്ചൊരു സിനിമ ഉണ്ടാക്കിയതിൽ ഹരിഹരൻ ടീമിനെ അഭിനന്ദിക്കുന്നു. തിരുപ്പനുകളും വെപ്പുതാടികളും കുറച്ചും കൂടെ ക്വാളിറ്റിയുള്ളതും, വാൾപയറ്റ് സീനുകൾക്ക് കുറച്ച് സ്പീഡും (ഇതിൽ, കുട്ടനാടൻ പുഞ്ചയിലേ… പാട്ടിന്റെ ടെമ്പോയിലാണ് പടവെട്ട് മുഴുവൻ) അമ്പ് കൊള്ളുമ്പോഴേക്കും ആളുകൾ ചാവലും പിന്നെ കുതിര പാടത്തൂടെ നടക്കുമ്പോഴു ‘ക്ട്ട്ലോം ക്റ്റ്ട്ലോം’ എന്ന സൌണ്ടുകൾ, പഴങ്കഞ്ഞി സായിപ്പന്മാർ, മദാമ്മ, ആൾ ചാവുന്നതിനുമുൻപുള്ള ചില ടിപ്പിക്കൽ സെന്റിമെൻസ് സീൻസ്, ഒളിത്താമസത്തിനിടയിലും ശരത് കുമാറിന്റെം മറ്റും ക്ലീൻ ഷേവ്ഡ് മുഖങ്ങൾ, ഒക്കെ ഒഴിവാക്കിയിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു. മമ്മുട്ടിക്കും ശരത് കുമാറിനും ഒരു പതിനഞ്ച് വയസ്സ് കുറവുണ്ടായിരുന്നെങ്കിൽ…എന്നും ആഗ്രഹിച്ചു.
ശരത്കുമാറ്, സുമനോട് ‘നിന്നെ ഒറ്റക്ക് കിട്ടുമെടാ..’ എന്ന് പറഞ്ഞ് കസേര ചവിട്ടിതെറിപ്പിക്കുന്ന സീൻ, മനോജ് കെ ജയന്റെ പത്മപ്രിയയുടെം ചില പെർഫോമൻസ്, മഴയുടെം മറ്റും ശബ്ദലേഖനം, അങ്ങിനെ കുറെ സീനുകളൊക്കെ 100/100 മാർക്ക് കൊടുക്കാൻ പറ്റുന്നതാണ്.
visalamanaskan | 12-Nov-09 at 6:37 am | Permalink
‘ഇൻഫ്രാസ്ട്രച്ചർ’ എന്നതിന്റെ ഞാനുദ്ദേശിച്ച അർത്ഥം “സെറ്റപ്പ്“ എന്നതാണ്. ഡിക്ഷ്ണറിയിൽ കാണണമെന്നില്ല! 😉
പാത്തുമ്മയുടെ നായര്‍ | 13-Nov-09 at 12:02 am | Permalink
സ്രഗ്ദ്ധരയ്ക്കുള്ള ശ്രമമായിരുന്നു എന്ന് ധ്വനിപ്പിക്കാനായി എന്നത് ഒരു വിജയമാക്കി ഞാനങ്ങുപോകുന്നു. ആയിരം ആട്ടിന്കാട്ടശകലങ്ങള് വീട്ടുമുറ്റത്തുകൂട്ടിയിട്ട് ഇതാനപ്പിണ്ടമെന്ന് വിരുന്നുകാരോട് ധ്വനിപ്പിക്കാനൊരു യാത്ര.
സുഷേണന്റെ സഹായിയൊക്കെ പണ്ടേ ഡൗണ്‍ലോഡ് ചെയ്തതാ 🙂 പക്ഷെ ഗുരുവും ലഘുവുമൊക്കെ തിരിക്കാന്‍ നമ്മളെക്കൊണ്ടായില്ല. എനിക്കാകെയറിയാവുന്ന മലയാള അക്ഷര ക്ലാസ്സിഫിക്കേഷന് ഇത്.
മലയാളത്തില്‍ അഞ്ചുതരം അക്ഷരങ്ങളുണ്ട്. unsigned (ഉദാ: ക, ത) , short (ഉദാ: കെ, തി) , long (ഉദാ: കേ, തീ) , double (ഉദാ: ക്ക, ക്ത) , string (ഉദാ: ഗ്ദ്ധ)
ഇതൊക്കെയറിമായിരിന്നിട്ടും മറ്റുള്ളവര്‍ക്ക് അവസരം കിട്ടട്ടേ എന്നു കരുതി ഞാനൊന്ന് ഒതുങ്ങിയിരിക്കുന്നവെന്നുമാത്രം
അഘോരി | 18-Nov-09 at 4:22 pm | Permalink
ഗംഗാതരംഗ രമണീയ ജടാകലാപം
ഗൌരീ നിരന്തര വിഭൂഷിത വാമഭാഗം
നാരായണ പ്രിയമനംഗമതാപഹാരം
വാരാണസി പുരപതേ ഭജ വിശ്വനാഥം
ഉമേശ്വരനു പ്രണാമം
മദാലസൻ | 18-Nov-09 at 4:47 pm | Permalink
അഘോരീ,
കൊണമുള്ള മതമല്ല, ഗുണമുള്ള മദമാണു് ആ സ്ലോകത്തിൽ വേണ്ടതു്. അച്ചരചുത്തി വന്നിട്ടു പോരേ കൊല്ലന്റെ ആലേൻ വന്നു തൂശി വിൽക്കാൻ?
suresh | 25-Nov-09 at 7:03 pm | Permalink
oru offtopic question
ee slokam evidunnanennu parayamo
prasadam vadanathinkal
karunyam darshanathilum
madhuryam vakkilum
chernnullavane purushothaman
Pazhassi
കെ. സി. കേശവപിള്ളയുടെ സുഭാഷിതരത്നാകരത്തിൽ നിന്നു്.
suresh | 28-Nov-09 at 10:50 pm | Permalink
thanks a lot Umesh for the quick reply
..::വഴിപോക്കന്[Vazh | 09-Dec-09 at 8:19 am | Permalink
അക്കാലത്തിന്
യോജിച്ച ഭാഷയാണോ പഴശിരാജയില്‍ ?
സംശയം.
Ramanunni Sujanika | 12-Dec-09 at 3:26 pm | Permalink
സിനിമ കണ്ടു. നല്ല സിനിമ തന്നെ.കാഴ്ച ഭംഗി, ശബ്ദഭംഗി.. വിമർശനം ഒക്കെ ശരി. ട്രോയ് സിനിമയിലെ 2-3 ഷൊട്ട്സ് വികലമായി പകർത്തിയത് കണ്ടില്ലേ? കുതിരപ്പുറത്തുനിന്നുള്ള ഇറക്കം, തോളിൽ കത്തിതാഴ്ത്തിയുള്ള വധം, ചന്തുവിനെ കൊന്ന് കെട്ടിവലിക്കൽ…പിന്നെ എല്ലാം വെളു വെളുത്ത ആദിവാസികൾ..ഇളയരാജ പറ്ഞ്പോലെ പാട്ടു മോശായി.
Sathish | 19-Jun-14 at 12:29 pm | Permalink
Hi, Any one has got the remaining lines of
prasadam vadanathinkal
karunyam darshanathilum
madhuryam vakkilum
chernnullavane purushothaman
If so, please share/send.