സർവ്വജ്ഞന്റെ ചൊവ്വാദോഷങ്ങൾ, ആളു നോക്കി മാറുന്ന യോജന എന്നീ പോസ്റ്റുകളിൽ പ്രതിപാദിച്ചിരിക്കുന്ന വസ്തുതകളുടെ റെഫറൻസുകൾ ചേർക്കാനുള്ള പോസ്റ്റാണു് ഇതു്. ഇതിന്റെ പണി മുഴുവനായിട്ടില്ല. സമയം കിട്ടുന്നതനുസരിച്ചു് ഇതിൽ കൂടുതൽ വിവരങ്ങൾ ചേർത്തുകൊണ്ടിരിക്കും.
ഭൂമിയുടെ ഗോളാകൃതി
- ആര്യഭടീയം ഗോളപാദത്തിലെ ആറാം ശ്ലോകം:
വൃത്തഭപഞ്ജരമദ്ധ്യേ
കക്ഷ്യാപരിവേഷ്ടിതഃ ഖമദ്ധ്യഗതഃ
മൃജ്ജലശിഖിവായുമയോ
ഭൂഗോളഃ സർവ്വതോവൃത്തഃ - പഞ്ചസിദ്ധാന്തിക (വരാഹമിഹിരൻ) 13.1:
പഞ്ചമഹാഭൂതമയ-
സ്താരാഗണപഞ്ജരേ മഹീഗോളഃ
ഖേഽയസ്കാന്താന്തസ്ഥോ
ലോഹ ഇവാവസ്ഥിതോ വൃത്തഃ - ബ്രാഹ്മസ്ഫുടസിദ്ധാന്തം (ബ്രഹ്മഗുപ്തൻ) ഗോള 2:
ശശിബുധഭൃഗുരവികുജഗുരു-
ശനികക്ഷ്യാവേഷ്ടിതോ ഭകക്ഷ്യാന്തഃ
ഭൂഗോളഃ സത്ത്വാനാം
ശുഭാശുഭൈഃ കർമ്മഭിരുപാത്തഃ
ഗ്രഹങ്ങൾ പല ഭാവങ്ങളിൽ നിന്നാലുള്ള ഫലങ്ങൾ – വരാഹമിഹിരന്റെ ബൃഹജ്ജാതകത്തിൽ (ഹോര) നിന്നു്
-
ചൊവ്വ (കുജൻ)
ലഗ്നേ കുജേ ക്ഷതതനുർധനഗേ കദന്നോ
ധർമ്മേഽഘവാൻ ദിനകരപ്രതിമോഽന്യസംസ്ഥഃ (18:6)ലഗ്നേ കുജേ ക്ഷതതനുഃ : ചൊവ്വ ലഗ്നത്തിൽ നിന്നാൽ ശരീരത്തിൽ മുറിവുണ്ടാകും. ധനഗേ കദന്നഃ : രണ്ടിൽ നിന്നാൽ ചീത്ത ആഹാരം ഭക്ഷിക്കുന്നവനാകും ധർമ്മേ അഘവാൻ : ഒമ്പതിൽ നിന്നാൽ പാപിയായിരിക്കും അന്യസംസ്ഥഃ ദിനകരപ്രതിമഃ : ബാക്കി സ്ഥലങ്ങളിൽ സൂര്യനെപ്പോലെ തന്നെ ഫലം. -
ബുധൻ
വിദ്വാൻ ധനീ പ്രബലപണ്ഡിതമന്ത്ര്യശത്രുഃ
ധർമ്മജ്ഞവിശ്രുതഗുണഃ പരതോർക്കവത് ജ്ഞേ. (18:6)
ജ്ഞേ : ബുധൻ (ലഗ്നം മുതൽ എട്ടു വരെ നിന്നാൽ യഥാക്രമം) വിദ്വാൻ : വിദ്വാൻ (1) ധനീ : ധനമുള്ളവൻ (2) പ്രബല : ബലമുള്ളവൻ (3) പണ്ഡിത : പണ്ഡിതൻ (4) മന്ത്രി : മന്ത്രി (5) അശത്രുഃ : ശത്രുവില്ലാത്തവൻ (6) ധർമ്മജ്ഞ : ധർമ്മജ്ഞൻ (7) വിശ്രുതഗുണഃ : പ്രസിദ്ധമായ ഗുണങ്ങളുള്ളവൻ (8) (എന്നിവ ഫലം.) പരതഃ അർക്ക-വത് : ബാക്കിയുള്ളവയിൽ സൂര്യനെപ്പോലെ. -
ശുക്രൻ
സ്മരനിപുണഃ സുഖിതശ്ച വിലഗ്നേ
പ്രിയകലഹോഽസ്തഗതേ സുരതേപ്സുഃ
തനയഗതേ സുഖിതോ ഭൃഗുപുത്രേ
ഗുരുവദതോഽന്യഗൃഹേ സധനോഽന്ത്യേ (18:8)
ഭൃഗുപുത്രേ : ശുക്രൻ വിലഗ്നേ സ്മരനിപുണഃ സുഖിതഃ : ലഗ്നത്തിൽ കാമശാസ്ത്രത്തിൽ സമർത്ഥനും സുഖമുള്ളവനും അസ്തഗതേ പ്രിയകലഹഃ സുരത-ഈപ്സുഃ : ഏഴിൽ കലഹപ്രിയനും സുരതത്തിൽ അത്യാഗ്രഹമുള്ളവനും തനയഗതേ സുഖിതഃ : അഞ്ചിൽ സുഖമുള്ളവനും അന്ത്യേ സധനഃ : പന്ത്രണ്ടിൽ ധനമുള്ളവനും അന്യഗൃഹേ ഗുരുവദതഃ : ബാക്കി ഭാവങ്ങളിൽ വ്യാഴത്തെപ്പോലെ -
വ്യാഴം (ഗുരു)
വിദ്വാൻ സുവാക്യഃ കൃപണഃ സുഖീ ച
ധീമാനശത്രുഃ പിതൃതോഽധികശ്ച
നീചസ്തപസ്വീ സധനഃ സലോഭോ
ഖലശ്ച ജീവേ ക്രമശോ വിലഘ്നാത് (18:7)ജീവഃ വിലഘ്നാത് : വ്യാഴം ലഗ്നം തൊട്ടു നിന്നാൽ ക്രമശഃ : യഥാക്രമം വിദ്വാൻ : (ലഗ്നത്തിൽ) വിദ്വാൻ സുവാക്യഃ : (രണ്ടിൽ) നന്നായി സംസാരിക്കുന്നവൻ കൃപണഃ (ച) : (മൂന്നിൽ) ദാനം ചെയ്യാത്തവൻ സുഖീ : (നാലിൽ) സുഖി ധീമാൻ : (അഞ്ചിൽ) ബുദ്ധിമാൻ അശത്രുഃ : (ആറിൽ) ശത്രുവില്ലാത്തവൻ പിതൃതഃ അധികഃ (ച) : (ഏഴിൽ) പിതാവിനെക്കാളും വലുതായവൻ നീചഃ : (എട്ടിൽ) നീചൻ തപസ്വീ : (ഒമ്പതിൽ) തപസ്വി സ-ധനഃ : (പത്തിൽ) ധനമുള്ളവൻ സ-ലോഭഃ : (പതിനൊന്നിൽ) ലോഭമുള്ളവൻ ഖലഃ (ച) : (പന്ത്രണ്ടിൽ) ഏഷണിക്കാരൻ : (എന്നിവ ഫലം) -
ശനി
അദൃഷ്ടാർത്ഥോ രോഗീ മദനവശഗോഽത്യന്തമലിനഃ
ശിശുത്വേ പീഡാർത്തഃ സവിതൃസുതലഗ്നേഽത്യലസവാക്
ഗുരുസ്സ്വർക്ഷോച്ചസ്ഥേ നൃപതിസദൃശോ ഗ്രാമപുരപഃ
സുവിദ്വാംശ്ചാർവ്വംഗോ ദിനകരസമോഽന്യത്ര കഥിതഃ (18:9)
സവിതൃസുതലഗ്നേ : ശനി ലഗ്നത്തിലാണെങ്കിൽ അദൃഷ്ടാർത്ഥഃ : ധനം കണ്ടിട്ടില്ലാത്തവനും രോഗീ : രോഗിയും മദനവിവശഃ : കാമാർത്തനും അത്യന്തമലിനഃ : വൃത്തികെട്ടവനും ശിശുത്വേ പീഡാർത്തഃ : ബാല്യത്തിൽ രോഗമുള്ളവനും അതി അലസവാക് : വളരെ അലസമായി സംസാരിക്കുന്നവനും : (ആയിരിക്കും. എന്നാൽ) ഗുരുഃ-സ്വ-ഋക്ഷ-ഉച്ച-സ്ഥേ : വ്യാഴത്തിന്റെ സ്വക്ഷേത്രമോ ഉച്ചക്ഷേത്രമോ ആയാൽ നൃപതി-സദൃശഃ : രാജാവിനെപ്പോലെയുള്ളവനും ഗ്രാമ-പുര-പഃ : ഗ്രാമങ്ങളുടെയും പട്ടണങ്ങളുടെയും അധിപനും സുവിദ്വാൻ ച : വിദ്വാനും അർവ്വംഗഃ : സുന്ദരനും (ആയിരിക്കും) അന്യത്ര കഥിതഃ ദിനകരസമഃ : ബാക്കി സ്ഥലങ്ങളിൽ സൂര്യനെപ്പോലെ -
സൂര്യൻ (ആദിത്യൻ)
മുകളിൽ പറഞ്ഞ പല ഫലങ്ങളിലും സൂര്യൻ പല ഭാവങ്ങളിൽ നിൽക്കുന്ന ഫലത്തിന്റെ റെഫറൻസുള്ളതിനാൽ അതും താഴെ.
മതിവിക്രമവാംസ്തൃതീയഗേഽർക്കേ
വിസുഖഃ പീഡിതമാനസശ്ചതുർത്ഥേ
അസുതോ ധവവർജ്ജിതസ്ത്രികോണേ
ബലവാൻ ശത്രുജിതശ്ച ശത്രുയാതേ. (18:2)സ്ത്രീഭിർഗതഃ പരിഭവം മതഗേ പതംഗേ
സ്വല്പാത്മജോ നിധനഗേ വികലേക്ഷണശ്ച
ധർമ്മേ സുതാർത്ഥസുഖഭാക് ശ്രുതശൗര്യഭാക് ഖേ
ലാഭേ പ്രഭൂതധനവാൻ പതിതസ്തു രിഃഫേ (18:3)3: ബുദ്ധിമാൻ, പരാക്രമശാലി
4: ദുഃഖിതൻ, മനസ്സിൽനു് ആധിയുള്ളവൻ
5: പുത്രനില്ലാത്തവൻ
6: ബലവാൻ, ശത്രുക്കളെ ജയിക്കുന്നവൻ7: സ്ത്രീജനങ്ങളാൽ അപമാനിതൻ
8: സന്താനം കുറവു്, കാഴചക്കുറവു്
9: പുത്രന്മാരും ധനവും സുഖവും ഉണ്ടാവും.
10: ശ്രുതികൾ പഠിച്ചവൻ, ശൗര്യത്തോടു കൂടിയവൻ
11: വലിയ ധനവാൻ
12: ജാതിഭ്രംശം വരും
ഗ്രഹങ്ങൾ പല ഭാവങ്ങളിൽ നിന്നാലുള്ള ഫലങ്ങൾ – മന്ത്രേശ്വരന്റെ ഫലദീപികയിൽ നിന്നു്
-
ചൊവ്വ (കുജൻ)
ക്ഷതതനുരതിക്രൂരോഽല്പായുസ്തനൗ ഘനസാഹസീ
വചസി വിമുഖോ നിർവിദ്യാർത്ഥഃ കുജേ കുജനാശ്രിതഃ
സുഗുണധനവാഞ്ഛൂരോഽധൃഷ്യഃ സുഖീ വ്യനുജോഽനുജേ
സുഹൃദി വിസുഹൃന്മാതൃക്ഷോണീസുഖാലയവാഹനഃ (8:8)കുജേ : ചൊവ്വ തനൗ : ലഗ്നത്തിൽ നിന്നാൽ ക്ഷതതനുഃ : ദേഹത്തു മുറിവുള്ളവനും അതിക്രൂരഃ : വളരെ ക്രൂരനും അല്പായുഃ : അല്പായുസ്സും ഘന-സാഹസീ : സാഹസികനും (ആയിരിക്കും) : വചസി : രണ്ടിൽ നിന്നാൽ വിമുഖഃ : വിരൂപനും നിർ-വിദ്യ-അർത്ഥഃ : വിദ്യയും ധനവും ഇല്ലാത്തവനും കു-ജന-ആശ്രിതഃ : ചീത്ത ജനത്തെ ആശ്രയിക്കുന്നവനും (ആയിരിക്കും) : അനുജേ : മൂന്നിൽ നിന്നാൽ സു-ഗുണ-ധനവാൻ : നല്ല ഗുണങ്ങളും ധനവും ഉള്ളവനും ശൂരഃ : ശൂരനും അധൃഷ്യഃ : തോൽപ്പിക്കാൻ കഴിയാത്തവനും സുഖീ : സുഖമുള്ളവനും വി-അനുജഃ : സഹോദരന്മാരില്ലാത്തവനും (ആയിരിക്കും) : സുഹൃദി : നാലിൽ നിന്നാൽ വിസുഹൃത്-മാതൃ-ക്ഷോണീ-സുഖ-ആലയ-വാഹനഃ : സുഹൃത്തുക്കൾ, അമ്മ, ഭൂമി, സുഖം, വീടു്, വാഹനം ഇവ ഇല്ലാത്തവനും (ആയിരിക്കും) വിസുഖതനയോഽനർത്ഥപ്രായഃ സുതേ പിശുനോഽല്പധീഃ
പ്രബലമദനഃ ശ്രീമാൻ ഖ്യാതോ രിപൗ വിജയീ നൃപഃ
അനുചിതകരോ രോഗാർത്തോഽസ്തേഽധ്വഗോ മൃതദാരവാൻ
കുതനുരധനോല്പായുശ്ഛിദ്രേ കുജേ ജനനിന്ദിതഃ (8:9)കുജേ : ചൊവ്വ സുതേ : അഞ്ചിൽ നിന്നാൽ വി-സുഖ-തനയഃ : സുഖവും മക്കളും ഇല്ലാത്തവനും അനർത്ഥപ്രായഃ : ചെയ്യുന്നതെല്ലാം കുളമാക്കുന്നവനും പിശുനഃ : പിശുക്കനും അല്പധീഃ : ബുദ്ധി കുറഞ്ഞവനും : രിപൗ : ആറിൽ നിന്നാൽ പ്രബലമദനഃ : കാമകലാവിദഗ്ദ്ധനും ശ്രീമാൻ : ഐശ്വര്യമുള്ളവനും ഖ്യാതഃ : പ്രശസ്തനും വിജയീ : ജയിക്കുന്നവനും നൃപഃ : രാജാവും : അസ്തേ : ഏഴിൽ നിന്നാൽ അനുചിതകരഃ : ഉചിതമല്ലാത്തതു ചെയ്യുന്നവനും രോഗാർത്തഃ : രോഗാർത്തനും അധ്വഗഃ : യാത്ര ചെയ്യുന്നവനും മൃതദാരവാൻ : ഭാര്യ മരിച്ചവനും : ഛിദ്രേ : എട്ടിൽ നിന്നാൽ കു-തനുഃ : ചീത്ത ശരീരമുള്ളവനും അധനഃ : ധനമില്ലാത്തവനും അല്പായുഃ : ആയുസ്സു കുറഞ്ഞവനും ജന-നിന്ദിതഃ : ആളുകൾ നിന്ദിക്കുന്നവനും (ആയിരിക്കും) -
ബുധൻ
ദീർഘായുർജന്മനി ജ്ഞേ മധുരചതുരവാക് സർവ്വശാസ്ത്രാർത്ഥബോധഃ (8:11)
….
സിദ്ധാരംഭഃ സുവിദ്യാബലമതിസുഖസത്കർമ്മസത്യാന്വിതഃ ഖേ (8:13)ജ്ഞേ ജന്മനി : (ബുധൻ) ലഗ്നത്തിൽ ആണെങ്കിൽ ദീർഘായുഃ : ദീർഘായുസ്സുള്ളവനും മധുര-ചതുര-വാക് : മധുരമായും സമർത്ഥമായും സംസാരിക്കുന്നവനും സർവ്വ-ശാസ്ത്ര-അർത്ഥ-ബോധഃ : എല്ലാ ശാസ്ത്രത്തിലും വിവരമുള്ളവനും (ആയിരിക്കും) : ഖേ : (ബുധൻ) പത്തിൽ ആണെങ്കിൽ സിദ്ധ-ആരംഭഃ : നടക്കുന്ന സംരംഭങ്ങൾ തുടങ്ങുന്നവനും സു-വിദ്യാ-ബലം : നല്ല വിദ്യയും ബലവും ഉള്ളവനും അതി-സുഖ-സത്കർമ്മ-സത്യ-അന്വിതഃ : വളരെ സുഖം, നല്ല കർമ്മം, സത്യം ഇവ ഉള്ളവനും (ആയിരിക്കും)
-
ശുക്രൻ
തനൗ സുതനുദൃക്പ്രിയഃ സുഖിനമേവ ദീർഘായുഷം
കരോതി കവിരർഥഗഃ കവിമനേകവിത്താന്വിതം ….(8:17)കവിഃ : ശുക്രൻ തനൗ : ലഗ്നത്തിൽ നിന്നാൽ സു-തനു-ദൃക്-പ്രിയഃ സുഖിനം : നല്ല ശരീരവും കാഴ്ചയും ആരോഗ്യവും സുഖവും ഉള്ളവനും ഏവ ദീർഘായുഷം : ദീർഘായുസ്സുള്ളവനും : അർഥഗഃ : രണ്ടിൽ നിന്നാൽ കവിം അനേക-വിത്ത-അന്വിതം : കവിയും വളരെ ധനം സമ്പാദിക്കുന്നവനും (ആയിരിക്കും) -
വ്യാഴം (ഗുരു)
…വാഗ്മീ ഭോജനസാരവാംശ്ച സുമുഖോ വിത്തേ ധനീ കോവിദഃ… (8:14)
വിത്തേ : (വ്യാഴം) രണ്ടിൽ നിന്നാൽ വാഗ്മീ : വാഗ്മിയും ഭോജന-സാരവാൻ ച : ഭക്ഷണത്തിന്റെ സാരം അറിയുന്നവനും സുമുഖഃ : സുമുഖനും ധനീ : ധനികനും കോവിദഃ : സമർത്ഥനും (ആയിരിക്കും) -
ശനി
സ്വോച്ചേ സ്വകീയഭവനേ ക്ഷിതിപാലതുല്യോ
ലഗ്നാഽർക്കജേ ഭവതി ദേശപുരാധിനാഥഃ
ശേഷേഷു ദുഃഖപരിപീഡിത ഏവ ബാല്യേ
ദാരിദ്ര്യസുഃഖവശഗോ മലിനോഽലസശ്ച (8:20)ലഗ്ന-അർക്കജേ : ശനി ലഗ്നത്തിൽ നിന്നാൽ സ്വ-ഉച്ചേ സ്വകീയ-ഭവനേ : അതു് ഉച്ചത്തിലോ സ്വക്ഷേത്രത്തിലോ ആയാൽ ക്ഷിതി-പാല-തുല്യഃ : രാജാവിനു തുല്യനായ ദേശ-പുര-അധി-നാഥഃ : നാടുകളുടെയും പട്ടണങ്ങളുടെയും നാഥനാകും. ശേഷേഷു : ബാക്കിയുള്ള ഇടങ്ങളിൽ ദുഃഖ-പരി-പീഡിതഃ ഏവ ബാല്യേ : ബാല്യത്തിൽത്തന്നെ ദുഃഖം കൊണ്ടു പീഡിതനും ദാരിദ്ര്യ-ദുഃഖ-വശഗഃ : ദാരിദ്ര്യം കൊണ്ടു വലഞ്ഞവനും മലിനഃ : മലിനനും അലസഃ ച : അലസനും ഭവതി : ആയിരിക്കും വിമുഖമധനമർഥേഽന്യായവന്തം ച പശ്ചാ-
ദിതരജനപദസ്ഥം യാനഭോഗാർഥയുക്തം
വിപുലമതിമുദാരം ദാരസൗഖ്യം ച ശൗര്യേ
ജനയതി രവിപുത്രശ്ചാലസം വിക്ലവം ച (8:21)രവി-പുത്രഃ : ശനി അർഥേ : രണ്ടിൽ നിന്നാൽ വിമുഖം : വിരൂപനും അധനം : ധനമില്ലാത്തവനും അന്യായവന്തം ച : അന്യായം ചെയ്യുന്നവനും പശ്ചാത് : വയസ്സുകാലത്തു് ഇതര-ജന-പദ-സ്ഥം : അന്യനാട്ടിൽ താമസിക്കുന്നവനും യാന-ഭോഗ-അർഥ-യുക്തം : വാഹനവും ആഡംബരവും ധനവും ഉള്ളവനും ആകും. ശനൈശ്ചരേ മൃതിസ്ഥിതേ മലീമസോഽർശസോഽവസുഃ
കരാളധീർബുഭുക്ഷിതഃ സുഹൃജ്ജനാവമാനിതഃ (8:23)ശനൈശ്ചരേ മൃതിസ്ഥിതേ : ശനി എട്ടിൽ നിന്നാൽ മലീമസഃ : വൃത്തികെട്ടവനും അർശസഃ : മൂലക്കുരു ഉള്ളവനും അവസുഃ : ധനമില്ലാത്തവനും കരാള-ധീഃ : ക്രൂരനും ബുഭുക്ഷിതഃ : എപ്പോഴും വിശപ്പുള്ളവനും സുഹൃത്-ജന-അവമാനിതഃ : കൂട്ടുകാർ മാനിക്കാത്തവനും (ആകും)