നര്‍മ്മം

ഒരു പേരിന്റെ കഥ

“ഒരു പേരിലെന്തിരിക്കുന്നു?” എന്നു ചോദിച്ചതു വിശ്വമഹാകവി ഷേക്സ്പിയറാണു്‌. ഒരു റോസാപ്പൂവിനെ ഏതു പേരിട്ടു വിളിച്ചാലും അതു തന്നെയല്ലേ എന്നു തുടര്‍ന്നു ചോദിക്കുകയും ചെയ്തു. പേരിലല്ല, പേരു സൂചിപ്പിക്കുന്ന കാതലിലാണു കാര്യം എന്നായിരുന്നു അദ്ദേഹത്തിന്റെ വിവക്ഷ.

ഇങ്ങിനെയാണെങ്കിലും, പേരില്‍ ഒരുപാടു കാര്യങ്ങളുണ്ടു്‌ എന്നതാണു കാര്യം. ഇ. വി. കൃഷ്ണപിള്ള ഒരിക്കല്‍ പറഞ്ഞു:

ബാലഗംഗാധരതിലകനെ അറസ്റ്റുചെയ്യാന്‍ ഒരു ഡി. വൈ. എസ്. പി. യെങ്കിലും വേണം. കോരുളയെ അറസ്റ്റു ചെയ്യാന്‍ ഒരു കോണ്‍‌സ്റ്റബിള്‍ പോലും പോകണ്ടാ. ദൂരെ നിന്നു്‌ “കോരുളേ, ഇങ്ങു വാ” എന്നു വിളിച്ചാല്‍ മതി.

പഴയ രാജകുടുംബാംഗങ്ങള്‍ക്കു പേരിടാന്‍ ബുദ്ധിമുട്ടുണ്ടായിരുന്നില്ല. ആദ്യത്തെ ആള്‍ക്കു രാമവര്‍മ്മ, രണ്ടാമത്തെ ആള്‍ക്കു കേരളവര്‍മ്മ, മൂന്നാമത്തെ ആള്‍ക്കു ഗോദവര്‍മ്മ. പിന്നെയും ആളുകളുണ്ടെങ്കില്‍ രാജരാജവര്‍മ്മ, ആദിത്യവര്‍മ്മ, മാര്‍ത്താണ്ഡവര്‍മ്മ എന്നിങ്ങനെയും. (ഈ രാജേഷ് വര്‍മ്മ, ബിജു വര്‍മ്മ എന്നൊക്കെ പറയുന്നവര്‍ എത്രാമത്തെ മക്കളാണോ എന്തോ?). പെണ്ണുങ്ങളാണെങ്കില്‍ അംബ, അംബിക, അംബാലിക. വളരെ എളുപ്പം!

അച്ഛനമ്മമാരുടെ പേരുമായി ബന്ധപ്പെടുത്തി മക്കളുടെ പേരിടുന്നതു പണ്ടേ ഉണ്ടായിരുന്നു. പാഞ്ചാലരാജാവായ ദ്രുപദന്റെ മകള്‍ക്കു പാഞ്ചാലി/ദ്രൌപദി, മൃകണ്ഡുവിന്റെ മകനു മാര്‍ക്കണ്ഡേയന്‍, പൃഥയുടെ മകന്‍ പാര്‍ത്ഥന്‍ തുടങ്ങി. പാശ്ചാത്യരുടെ ഇടയിലും ജോണിന്റെ മകനു ജോണ്‍സണ്‍, എറിക്കിന്റെ മകനു്‌ എറിക്സണ്‍ തുടങ്ങിയ പേരുകളിടുമായിരുന്നു. കേരളത്തിലെ ക്രിസ്ത്യാനികള്‍ക്കിടയില്‍ ആണ്‍മക്കള്‍ക്കു പൊതുവേ അച്ഛന്റെ അച്ഛന്റെ പേരിടുന്ന രീതിയുണ്ടല്ലോ. തോമസ് ജേക്കബിന്റെ മകന്‍ ജേക്കബ് തോമസ്, അയാളുടെ മകന്‍ വീണ്ടും തോമസ് ജേക്കബ് എന്നിങ്ങനെ.

അടുത്ത കാലത്തായി അച്ഛനമ്മമാരുടെ പേരുകളുടെ ആദ്യത്തെ അക്ഷരങ്ങള്‍ ചേര്‍ത്തു് കുട്ടിയ്ക്കു പേരുണ്ടാക്കുന്നതും കാണുന്നുണ്ടു്. ഭാസ്കരന്റെയും വസന്തയുടെയും മകള്‍ക്കു “ഭാവ” എന്നു പേരിടുന്നതു പോലെ. ഇതിനെപ്പറ്റി ഇതിനു മുമ്പും ബൂലോഗത്തില്‍ പരാമര്‍ശമുണ്ടായിട്ടുണ്ടു്. സൂവും കുട്ട്യേടത്തിയും നളനും ദേവരാഗവുമൊക്കെ വേലായുധന്റെയും ശ്യാമളയുടെയും മകളുടെയും മാത്യുവിന്റെയും ക്രിസ്റ്റീനയുടെയും മകന്റെയും നാരായണനു യമുന, റീന എന്നു രണ്ടു ഭാര്യമാരില്‍ ഉണ്ടായ മക്കളുടെയും പേരുകളെപ്പറ്റി ഉറക്കെച്ചിന്തിച്ചിരുന്നു.


കുട്ടികള്‍ക്കു പേരിടുമ്പോള്‍ അര്‍ത്ഥമുള്ള പേരുകളാണോ അതോ വിളിക്കാന്‍ എളുപ്പമുള്ള പേരുകളാണോ ഇടേണ്ടതു് എന്നതിനെപ്പറ്റിയുള്ള തര്‍ക്കത്തിനു് ഇന്നും തീര്‍പ്പായിട്ടില്ല. അര്‍ത്ഥമില്ലെങ്കിലും സിബു, ഷിജു, മിനി തുടങ്ങിയ പേരുകള്‍ക്കു് അര്‍ത്ഥഗാംഭീര്യമുള്ള ദ്രുഹിണന്‍, വിശാലമനസ്കന്‍, രാജരാജേശ്വരി തുടങ്ങിയ പേരുകളേക്കാള്‍ ഓമനത്തവും സൌകര്യവുമുണ്ടെന്നാനു് എന്റെ അഭിപ്രായം.

അര്‍ത്ഥമുള്ള പേരുകള്‍ മാത്രമേ ഇടാവൂ എന്നു് ശ്രീ നിഷാദ് കൈപ്പള്ളി ചിന്തയില്‍ പ്രസിദ്ധീകരിച്ച ഒരു പേരിലെന്തിരിക്കുന്നു? എന്ന രസകരമായ ലേഖനത്തിലൂടെ വാദിക്കുന്നുണ്ടു്. അതു് ഈയിടെ അദ്ദേഹം ഒരു ബ്ലോഗ്‌പോസ്റ്റായി പുനഃപ്രസിദ്ധീകരിച്ചപ്പോള്‍ ഇതിനെപ്പറ്റി നല്ല ഒരു സംവാദം ഉണ്ടായി. അദ്ദേഹത്തിനോടു് പല കാര്യത്തിലും യോജിക്കുന്നുണ്ടെങ്കിലും, ചില കാര്യങ്ങളില്‍ വിയോജിപ്പുണ്ടു്. അവ അദ്ദേഹത്തിന്റെ ബ്ലോഗില്‍ ഒരു കമന്റായി ഇട്ടിട്ടുള്ളതുകൊണ്ടു് ഇവിടെ ആവര്‍ത്തിക്കുന്നില്ല.

എന്റെ അന്ത്യനാമം കേട്ടിട്ടു് പല അമേരിക്കക്കാരും ചിരിച്ചിട്ടുണ്ടു്-പ്രത്യേകിച്ചു സ്ത്രീകള്‍. കാരണം ‘Nair’ എന്നതു് അവിടെ പ്രചാരത്തിലുള്ള ഒരു രോമനിര്‍മാര്‍ജ്ജിനിയുടെ പേരാണു്. അതിന്റെ അര്‍ത്ഥം തേടിച്ചെന്നപ്പോള്‍ (ഞാന്‍ കരുതി വല്ല നായരുടെയും കമ്പനിയാണെന്നു്) “No hair” എന്ന അര്‍ത്ഥത്തിലാണു് ആ വാക്കു് ഉപയോഗിച്ചതു് എന്നാണു് അറിയാന്‍ കഴിഞ്ഞതു്. (അപ്പോള്‍ ‘നായര്‍’ എന്നു വെച്ചാല്‍ അമേരിക്കയില്‍ ‘കഷണ്ടിത്തലയന്‍’ എന്നാണര്‍ത്ഥം എന്നു സാരം.) ‘ഉമേഷ്’ എന്നതു ജാപ്പനീസില്‍ ഏതോ മദ്യത്തിന്റെ പേരാണു്. (ആപ്രിക്കോട്ട് ഇട്ടു വാറ്റുന്ന പട്ടച്ചാരായമാണെന്നു ദാ, ഉത്സവം ഇത്തിരി മുമ്പു പറഞ്ഞു) പോരേ പൂരം! “മര്‍ക്കടസ്യ സുരാപാനം മദ്ധ്യേ വൃശ്ചികദംശനം” എന്നു പറഞ്ഞതുപോലെയായല്ലോ!

പണ്ടു് എന്റെ കൂടെ ജോലി ചെയ്തിരുന്ന ഒരാളുടെ പേരു് “കാസിം ശരാബി” എന്നായിരുന്നു. അദ്ദേഹത്തിന്റെ അന്ത്യനാമത്തിനു ഹിന്ദിയില്‍ “കുടിയന്‍” എന്നാണര്‍ത്ഥം. ഇതുപോലെ അനവധി ഉദാഹരണങ്ങള്‍ കാണാന്‍ കഴിയും.

ഏതായാലും ഒറ്റ നോട്ടത്തില്‍ത്തന്നെ ദുരര്‍ത്ഥം ഉണ്ടാക്കുന്ന പേരുകള്‍ ഒഴിവാക്കേണ്ടവ തന്നെ. ഷാബി മോനും ലൌസി മോളും (ഈ പ്രയോഗത്തിനു് ജെ. ഫിലിപ്പോസ്, തിരുവല്ലയോടു കടപ്പാടു്) പോലെയുള്ള പേരുകള്‍. “പാംസുല” എന്നു പേരുള്ള ഒരാളിനെപ്പറ്റി മന്‍‌ജിത്ത് ഒരിക്കല്‍ പറഞ്ഞിരുന്നു. പാംസുല എന്ന വാക്കിനു വൃത്തികെട്ടവള്‍ എന്നാണര്‍ത്ഥം. (“പൊടിപിടിച്ചു കിടക്കുന്നവള്‍” എന്ന അര്‍ത്ഥത്തില്‍ ഭൂമി എന്നും അര്‍ത്ഥം പറയാം.) പുംശ്ചലീ ധര്‍ഷിണീ ബന്ധക്യസതീ കുലടേത്വരീ സ്വൈരിണീ പാംസുലാഥ സ്യാത് എന്നു് അമരകോശം.


എല്ലായിടത്തും തങ്ങളുടെ മക്കള്‍ ഒന്നാമരാവണം എന്ന നിര്‍ബന്ധമുള്ളവരാണെന്നു തോന്നുന്നു A-യില്‍ത്തുടങ്ങുന്ന പേരുകള്‍ മാത്രം കുട്ടികള്‍ക്കിടുന്നതു്. ഇപ്പോഴുള്ള ഇന്‍ഡ്യന്‍ കുട്ടികളില്‍ ഭൂരിഭാഗവും A-യില്‍ തുടങ്ങുന്ന പേരുള്ളവരാണെന്നു തോന്നുന്നു. Aabhijaathy ആണു് ഈ ജനുസ്സിലെ വിജയി എന്നു തോന്നുന്നു. ബ്ലോഗേഴ്സില്‍ ആരാണു് ആദ്യം? ആദിത്യനാണോ? മലയാളത്തില്‍ എഴുതിയാല്‍ “അകൃതവ്രണന്‍” ആണെന്നു തോന്നുന്നു. എന്റെ മകനു കൈപ്പള്ളി നിര്‍ദ്ദേശിച്ച “അഗന്‍” എന്ന പേരും മത്സരത്തിനുണ്ടു്.


കുട്ടികള്‍ക്കു പ്രാസമുള്ള പേരുകള്‍ ഇടുന്നതു പുരാണകാലം തൊട്ടേ ഉണ്ടായിരുന്നു. സനകന്‍, സനന്ദനന്‍, സനാതനന്‍, സനല്‍ക്കുമാരന്‍ എന്നു നാലു ഋഷികുമാരന്മാരെപ്പറ്റി കേട്ടിട്ടുണ്ടു്. ദുര്യോധനന്‍, ദുശ്ശാസനന്‍,… തുടങ്ങി ദുശ്ശള വരെ നൂറ്റൊന്നു പേരുടെയും കഥ പ്രസിദ്ധമാണല്ലോ. (ഇതില്‍ കുറെപ്പേരുടെ പേരുകള്‍ “ദു”വിലല്ല തുടങ്ങുന്നതെന്നു തോന്നുന്നു.) സൂര്യന്റെ ഇരട്ട പിറന്ന മക്കള്‍ക്കു യമന്‍, യമുന എന്നു പേരിട്ടതും ഇവിടെ സ്മര്‍ത്തവ്യം.

പ്രാസമില്ലെങ്കിലും ചേര്‍ച്ചയുള്ള പേരുകള്‍ ഇടുന്നതും വളരെ സാധാരണയാണു്. മനോജിന്റെ അനുജന്‍ മിക്കവാറും വിനോദോ പ്രമോദോ ആയിരിക്കും. രാജേഷ്, രാജീവ്; രമ്യ, ധന്യ എന്നിവ മറ്റുദാഹരണങ്ങള്‍.

എന്നെ ഏറ്റവും അദ്ഭുതപ്പെടുത്തിയിട്ടുള്ള ഒരു പേരാണു് “ബിന്ദു”. ആ പേരുള്ള ഒരു പെണ്‍കുട്ടിയ്ക്കു് ഒരു ചേച്ചിയോ അനിയത്തിയോ ഉണ്ടെങ്കില്‍ ധൈര്യമായി പന്തയം വെച്ചു കൊള്ളൂ-അവളുടെ പേരു് “രേഖ” എന്നായിരിക്കും. ഗണിതശാസ്ത്രത്തിലെ രണ്ടു പദങ്ങളായതു കൊണ്ടാണോ ഇങ്ങനെ സംഭവിക്കുന്നതു് എന്തോ? ബിന്ദുവും രേഖയും കഴിഞ്ഞുള്ള കുട്ടിക്കു് “തലം” എന്നു പേരിടുമോ എന്നു് എനിക്കു് ഏറെക്കാലം സംശയമുണ്ടായിരുന്നു. എനിക്കറിയാവുന്ന ഒരു വീട്ടില്‍ അതു “ചിത്ര” ആണു്. ബിന്ദുവിനു ശേഷം രേഖ. രേഖയ്ക്കു ശേഷം ചിത്രം. എന്തൊരു പുരോഗതി!


എന്റെ ഗ്രാമത്തിലെ ഒരു വീട്ടില്‍ ആറ്റുനോറ്റിരുന്നു് ഒരു ആണ്‍‌കുട്ടിയുണ്ടായപ്പോള്‍ അവനു് അന്നു് ഇന്‍ഡ്യന്‍ രാഷ്ട്രീയത്തില്‍ ഏറ്റവും ഗ്ലാമറുണ്ടായിരുന്ന പെണ്‍‌കൊടി (അവരന്നു പ്രധാനമന്ത്രിയായിട്ടില്ല) തന്റെ മൂത്ത മകനിട്ട പേരു തന്നെ ഇട്ടു-രാജീവ്. വിളിപ്പേരായി “രാജി” എന്നും തീരുമാനിച്ചു.

അപകടം തുടങ്ങിയതു് മൂന്നര വയസ്സില്‍ ഇദ്ദേഹം വീട്ടിലിരുന്നു ബോറടിച്ചിട്ടു് അമ്മയോടൊപ്പം അമ്മ പഠിപ്പിക്കുന്ന സ്കൂളില്‍ പോയതു മുതല്‍ക്കാണു്. നാലാം ക്ലാസ്സു വരെയുള്ള സ്കൂളില്‍ സൌകര്യം പോലെ ഒന്നിലും രണ്ടിലും മൂന്നിലും നാലിലും ഇരുന്നു് സ്കൂളില്‍ ചേര്‍ക്കുന്നതിനു മുമ്പുള്ള രണ്ടു കൊല്ലം അദ്ദേഹം ലോകവിജ്ഞാനം നേടി. ദോഷം പറയരുതല്ലോ, മലയാളം വായിക്കാനും എഴുതാനും സാമാന്യം നന്നായിത്തന്നെ ഇക്കാലത്തിനിടയില്‍ അഭ്യസിച്ചു.

പഠിക്കാനുള്ളവയെക്കാള്‍ കൂടുതല്‍ പഠിച്ചതു് സഹപാഠികളുടെ കുടുംബപശ്ചാത്തലത്തിന്റെ അടിസ്ഥാനത്തില്‍ കേരളസാമൂഹികവ്യവസ്ഥയുടെ കാലികപരിണാമങ്ങളെപ്പറ്റിയായിരുന്നു. “പാദം സബ്രഹ്മചാരിഭ്യഃ” എന്നുണ്ടല്ലോ.

പല പല കുടുംബങ്ങളെ കേസ് സ്റ്റഡികളാക്കി വിശകലനം ചെയ്തപ്പോള്‍ ആ കൊച്ചു ഗവേഷകനു് ഒരു കാര്യം വ്യക്തമായി. ഒരു വീട്ടിലെ കുട്ടികള്‍ക്കു പ്രാസമുള്ള പേരുകള്‍ വേണം-പ്രദീപ്, പ്രശാന്ത്, പ്രസീദ, പ്രമോദ് എന്നതു പോലെ. അല്ലെങ്കില്‍ ഇടിവാളിന്റെ അയല്‍ക്കാരായ സെന്നി, ഡെന്നി, റെന്നി, ജെന്നി, ബെന്നി എന്നിവരെപ്പോലെ.

മൂത്ത സഹോദരിയായ “ഉഷ”യുടെ പേരിലും “രാജീവ്” എന്ന സ്വന്തം പേരിലും വരമൊഴിയില്‍ എഴുതിയാല്‍ പോലും പൊതുവായ ഒരു അക്ഷരമില്ലെന്നു കണ്ട ആ നാലു വയസ്സുകാരന്റെ ഹൃദയം പ്രക്ഷുബ്ധമായി. മീനാക്ഷിയെപ്പോലെ തന്നെയും തവിടു കൊടുത്തു മീന്‍‌കാരിയുടെ കയ്യില്‍ നിന്നു വാങ്ങിയതാണോ എന്നവന്‍ സംശയിച്ചു. അവസാനം മാതാപിതാക്കള്‍ക്കു പ്രാസബോധമില്ലാത്തതാണു കാരണം എന്നു് അനുമാനിച്ചു. അതില്‍പ്പിന്നെ ചേച്ചിയുടെ പേരിനോടു പ്രാസമുള്ള ഒരു പേരു കണ്ടു പിടിക്കാനുള്ള ശ്രമമായി.

ഉ, ഷ എന്നീ അക്ഷരങ്ങളുള്ള പേരു വേണം എന്ന ആവശ്യവുമായി മലയാളാദ്ധ്യാപികയായിരുന്ന അമ്മയുടെ അടുത്തെത്തി. ഇതൊരു കുട്ടിക്കളിയായേ അമ്മ എടുത്തുള്ളൂ.

“ഉണ്ണൂണ്ണി എന്നായിക്കോട്ടെടാ…”

“അതില്‍ ഷ ഇല്ല.” വേറേ യാതൊരു കുഴപ്പവുമില്ല ആ പേരിനു്!

“എന്നാല്‍ രമേഷ് ആയ്ക്കോട്ടേ…”

“അതില്‍ ഉ ഇല്ല”

“എന്നാല്‍ ഉഷ എന്നു തന്നെ ഇരിക്കട്ടേ…”

“അതു പെണ്‍‌പിള്ളേരുടെ പേരല്ലേ?”

“എന്നാല്‍ അങ്ങനെയൊരു പേരില്ല.”

ഈ കഥ പിന്നീടൊരിക്കല്‍ വക്കാരിയോടു പറഞ്ഞപ്പോള്‍ അദ്ദേഹവും വീട്ടുകാരും ചേര്‍ന്നു് ഉ, ഷ എന്നിവയുള്ള ഒരു പറ്റം പേരുകള്‍ കണ്ടുപിടിച്ചു തന്നിരുന്നു. ഉരഗേഷ്, ഊഷ്മളന്‍, ഉഷ്ണീഷ് എന്നിവ അവയില്‍ ചിലതു മാത്രം.

അക്കാലത്തു വീട്ടില്‍ വരുത്തുന്ന മാതൃഭൂമി ആഴ്ചപ്പതിപ്പു് മൂപ്പര്‍ വായിക്കുമായിരുന്നു. നാലു വയസ്സുകാരന്‍ മാതൃഭൂമി മുഴുവന്‍ വായിക്കുമെന്നു ധരിക്കരുതു്. ബാലപംക്തി മാത്രം. അതും മുഴുവനില്ല. ഫോട്ടോകളും അതിനു താഴെയുള്ള പേരുകളും മാത്രം. അങ്ങനെ തെരഞ്ഞപ്പോള്‍ നോക്കി നടന്ന പേരു കിട്ടി-ഉമേഷ്!

നേരേ അമ്മയുടെ അടുത്തു ചെന്നു:

“അമ്മേ, ഉമേഷ് എന്ന വാക്കിനു വല്ല അര്‍ത്ഥവുമുണ്ടോ?”

“ഉണ്ടല്ലോ,” ശുദ്ധഹൃദയയായ അമ്മ പറഞ്ഞു, “ശിവന്‍ എന്നാണു് അതിന്റെ അര്‍ത്ഥം.”

“എന്നാല്‍ എനിക്കു് ആ പേരു മതി.”

“ആയ്ക്കോട്ടേ, സ്കൂളില്‍ ചേര്‍ക്കാറാകട്ടേ…”

ഇതൊരു വെറും കുട്ടിക്കളി മാത്രമായേ ആ അമ്മ കരുതിയുള്ളൂ.

പക്ഷേ അതൊരു കുട്ടിക്കളി ആയിരുന്നില്ല. കയ്യിലുള്ള ഒന്നാം പാഠം, ചിത്രബാലപാഠം, എഞ്ചുവടി തുടങ്ങിയ ഗ്രന്ഥങ്ങളിലെ രാജീവിനെ നിഷ്കരുണം വെട്ടിക്കളഞ്ഞിട്ടു് ഉമേഷിനെ പ്രതിഷ്ഠിച്ചു. വീടിന്റെ ഭിത്തിയില്‍ “ഉമേഷ്” എന്ന പേരു് പെന്‍സില്‍ ഉപയോഗിച്ചു് എഴുതിവെച്ചതു് അടുത്ത കാലം വരെ ഉണ്ടായിരുന്നു എന്നു ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. കൂട്ടുകാരോടു് ഇനി തന്നെ ഉമേഷ് എന്നേ വിളിക്കാവൂ‍ എന്നു നിഷ്കര്‍ഷിച്ചു.

ഇതുപോലെ ഒരു കഥാപാത്രത്തിനെ പിന്നീടു് “സപ്തപദി” എന്ന ബംഗാളി നോവലില്‍ കണ്ടുമുട്ടി. തന്റെ “കാലാചന്ദ്” എന്ന പേരു മാറ്റി “കൃഷ്ണേന്ദു” എന്ന പേരു സ്വീകരിച്ച നായകന്‍. “ഐ ആം നോട്ട് കാലാചന്ദ്, കോള്‍ മി കൃഷ്ണേന്ദു” എന്നു പറഞ്ഞുനടന്നവന്‍.

കളി കാര്യമായതു് അഞ്ചര വയസ്സില്‍ ഒന്നാം ക്ലാസ്സില്‍ ചേര്‍ക്കാന്‍ ചെന്നപ്പോഴാണു്‌. സ്കൂളില്‍ എത്തിയപ്പോഴാണു് തന്റെ പേരു് “രാജീവ്” എന്നാണു് അച്ഛന്‍ എഴുതിക്കൊടുത്തിരിക്കുന്നതു് എന്നു കണ്ടതു്. അതിന്നെ പല്ലും നഖവും സത്യാഗ്രവും നിസ്സഹകരണവും ഉപയോഗിച്ചു് എതിര്‍ത്തു. “ഉമേഷ്” എന്ന പേരിട്ടില്ലെങ്കില്‍ തനിക്കു പഠിക്കണ്ടാ എന്നു പ്രഖ്യാപിച്ചു.

അച്ഛന്‍ രോഷാകുലനായി. “ഇങ്ങനെയുള്ള സന്തതികള്‍ മൂലമാണു കുലം നശിക്കുന്നതു്” എന്നു ദുര്യോധനനെപ്പറ്റി ധൃതരാഷ്ട്രന്‍ പറഞ്ഞ വാക്കുകള്‍ ഉറക്കെ അനുസ്മരിച്ചു. ഉപായം സാമദാനഭേദങ്ങള്‍ കഴിഞ്ഞു ദണ്ഡത്തിലേക്കു കടക്കാന്‍ തുടങ്ങി. അപ്പോഴാണു ഹെഡ്‌മിസ്ട്രസ്സായിരുന്ന തങ്കമ്മസാറും (വക്കാരിയുടെ തങ്കമ്മസാറുമായി യാതൊരു ബന്ധവുമില്ല.) പ്യൂണ്‍ കം ക്ലര്‍ക്കായിരുന്ന ജോര്‍ജ് സാറും അവന്റെ രക്ഷയ്ക്കെത്തിയതു്. അവരുടെ ഉപദേശപ്രകാരം അച്ഛന്‍ അല്പം അടങ്ങി. എങ്കിലും വളഞ്ഞില്ല. ആദ്യത്തെ ആപ്ലിക്കേഷന്‍ ഫോം വലിച്ചുകീറിക്കളഞ്ഞിട്ടു് പുതിയ ഒരു ഫോമും കുലം‌കലക്കിയായ മകനുമായി തിരിച്ചു വീട്ടിലെത്തി.

അതിനു ശേഷം നടന്നതു് വീട്ടുകാരും ബന്ധുക്കളും അഭ്യുദയകാംക്ഷികളും സംയുക്തമായി സംഘടിപ്പിച്ച ഒരു മസ്തിഷ്കപ്രക്ഷാളനപ്രക്രിയയായിരുന്നു. പ്രസക്തഭാഗങ്ങള്‍:

  1. ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ (അപ്പോഴേക്കു നമ്മുടെ പെണ്‍കൊടി പ്രധാനമന്ത്രിയായിക്കഴിഞ്ഞിരുന്നു) മകന്റെ പേരാണു “രാജീവ്”. “ഉമേഷ്’ എന്നു പേരുള്ള ആരെയെങ്കിലും നിനക്കറിയാമോ?
  2. “ഉമേഷ്” എന്നു് എഴുതിയിരിക്കുന്നതു കാണാന്‍ ഒരു ഭംഗിയുമില്ല. ആ “ഉ” ഒന്നു നോക്കിക്കേ. ഒരു കഷണ്ടിക്കാരനെപ്പോലെ ഇരിക്കുന്നില്ലേ?
  3. “രാജീവ്” എന്ന പേരു കേട്ടാലൊരു നായരുകുട്ടിയാണെന്നു തോന്നും. “ഉമേഷ്” പോലുള്ള പേരുകള്‍ ഈഴവരും മറ്റുമാണു് ഇടുന്നതു്. ആളുകള്‍ നിന്നെ ഈഴവനായി തെറ്റിദ്ധരിക്കും.
  4. എങ്ങുമില്ലാത്ത പേരു കേട്ടാല്‍ ആളുകള്‍ ചിരിക്കും.
  5. ഇതുവരെ നിന്നെ മറ്റേ പേരു വിളിച്ചവര്‍ ഒരിക്കലും മാറ്റിവിളിക്കില്ല.
  6. “രാജി” പോലെ മനോഹരമായൊരു ചുരുക്കപ്പേരു് ഉമേഷിനില്ല.
  7. “ഉമേഷ്” എന്ന പേരിനു് അര്‍ത്ഥമില്ല. “ഉമേശന്‍” എന്നാണു ശരിക്കുള്ള പേരു്. അതു കൊള്ളില്ലല്ലോ. “ഉമേഷ്” എന്നതു ശിവന്റെ പര്യായമൊന്നുമല്ല.
  8. U-വില്‍ തുടങ്ങുന്നതു കൊണ്ടു് എല്ലാ ക്ലാസ്സിലും അവസാനമാകും. അതു നിന്റെ ഭാവിയെ ബാധിക്കും.

ഇതൊന്നും ആ പിഞ്ചുമനസ്സിന്റെ നിശ്ചയദാര്‍ഢ്യത്തിനു് (താന്തോന്നിത്തത്തിനു് എന്നും പറയാം) ഒരു പോറലും ഏല്‍പ്പിച്ചില്ല. മാത്രമല്ല, ഓരോ വാദത്തെയും യുക്തിയുക്തമായ എതിര്‍‌വാദങ്ങളെക്കോണ്ടു ഖണ്ഡിക്കുകയും ചെയ്തു.

അവസാനം എല്ലാവരും വഴങ്ങി. “ഉമേഷ്” എന്ന പേരില്‍ത്തന്നെ അവനെ സ്കൂളില്‍ ചേര്‍ത്തു.

അങ്ങനെയാണു കൂട്ടരേ എനിക്കു് ഈ പേരു കിട്ടിയതു്!


ഇപ്പോഴും എന്റെ വീട്ടിന്റെ ഒരു കിലോമീറ്ററിനുള്ളില്‍ ചെന്നാല്‍ “രാജീവ്” എന്നു പറഞ്ഞാലേ എന്നെ അറിയൂ. സ്കൂളില്‍ ടീച്ചര്‍മാര്‍ മുഴുവനും “രാജീവ്”“ എന്നായിരുന്നു വിളിച്ചിരുന്നതു്. എന്റെ അനന്തരവര്‍ക്കു് ഇന്നും എന്നും ഞാന്‍ “രാജിയമ്മാവന്‍” തന്നെ.

“രാജീവ്” എന്ന പേരു കേട്ടാല്‍ ഞാന്‍ ഇപ്പോഴും തിരിഞ്ഞു നോക്കും. ആ പേരിനോടു് മറ്റേതിനോടില്ലാത്ത ഒരു ആത്മബന്ധം ഇപ്പോഴുമുണ്ടു്. അതുകൊണ്ടു തന്നെ, രാജീവ് എന്ന പേരുള്ളവരോടു ഒരു പ്രത്യേക അടുപ്പം തോന്നാറുണ്ടു്‌. ബൂലോഗത്തില്‍ പല രാജീവുമാര്‍ ഉണ്ടെങ്കിലും ആരും തന്നെ ആ പേരില്‍ എഴുതാത്തതു് എന്നെ അദ്‌ഭുതപ്പെടുത്തി. എനിക്കുള്ള പ്രശ്നം തന്നെ ഇവര്‍ക്കും ഉണ്ടായിരിക്കുമോ? അപ്പോഴാണു് രാജീവ് എന്ന പേരില്‍ത്തന്നെ പിന്നീടു കൊച്ചുവര്‍ത്തമാനമായ ഒരു ക്രോണിക് ബാച്ചിലര്‍ എഴുതിത്തുടങ്ങിയതു്. സന്തോഷത്തോടുകൂടി ഞാന്‍ അവിടെ പോയി ഈ കമന്റ് ഇടുകയും ചെയ്തു:

രാജീവ് എന്ന സ്വന്തം പേരില്‍ ബ്ലോഗ് ചെയ്യുനതു കണ്ടിട്ടു സന്തോഷം. അച്ഛനും അമ്മയും “രാജീവ്” എന്ന പേരു കൊടുത്ത മിക്കവരും ആ പേരിനു പകരം വേറേ ഏതെങ്കിലും പേരു് ഉപയോഗിക്കുന്നതായാണു കണ്ടു വരുന്നതു് 🙂

പിന്നീടു മറ്റൊരു രാജീവും സ്വന്തം പേരില്‍ത്തന്നെ ബൂലോഗത്തെത്തിയിട്ടുണ്ടു്.


ഔദ്യോഗികനാമം ഉമേഷായിട്ടും “എന്തൊരു നല്ല പേരു കളഞ്ഞിട്ടാ ഇവനീ കടുംകൈ ചെയ്തതു്…” എന്നൊക്കെ പറഞ്ഞു് ചേച്ചിയും മറ്റു പലരും എന്നെ മാനസികമായി പീഡിപ്പിച്ചിരുന്നു. അതോടുകൂടി എനിക്കും ഒരു പേടി. ഈ ഉമേഷ് എന്ന പേരു് അത്ര ചീത്തയാണോ?

ഏതോ ദേവീസഹസ്രനാമത്തിന്റെയോ മറ്റോ വ്യാഖ്യാനത്തില്‍ “ഉമ” എന്നതിന്റെ അര്‍ത്ഥം “ശിവന്റെ ഭാര്യ” എന്നാണെന്നു കണ്ടു് ഞാന്‍ ഞെട്ടി.

“ഉ” എന്നു വെച്ചാല്‍ ശിവനാണു്. (“ഓം” എന്നതിലെ അ, ഉ, മ് എന്നിവ യഥാക്രമം വീഷ്ണു, ശിവന്‍, ബ്രഹ്മാവു് എന്നിവരാണത്രേ!) “മാ” എന്നു വെച്ചാല്‍ മഹാലക്ഷ്മി. അതായതു ഭാര്യ. അപ്പോള്‍ ഉമ ശിവന്റെ ഭാര്യ.

കാരണം, “ഭവാനീപതി”, “നാരായണീകാന്തന്‍” തുടങ്ങിയ പ്രയോഗങ്ങളെ ഏ. ആറും ഉള്ളൂരും മറ്റും വിമര്‍ശിച്ചിട്ടുള്ളതു ഞാന്‍ വായിച്ചിട്ടുണ്ടു്. “ശിവന്റെ ഭാര്യയുടെ ഭര്‍ത്താവു്‌” എന്ന അര്‍ത്ഥത്തില്‍ നിന്നു് പാര്‍വ്വതിക്കു രണ്ടു ഭര്‍ത്താക്കന്മാരുണ്ടെന്നും, ഇതു ശിവനല്ലാത്ത വേറേ ഒരുത്തനാണു് എന്നു തോന്നിക്കും എന്നുമാണു് അവരുടെ വാദം. ദൈവമേ, ഞാന്‍ വിപ്ലവം നടത്തി സംഘടിപ്പിച്ച ഈ പേരിനു് ഇങ്ങനെയൊരു ദുരര്‍ത്ഥമോ?

വര്‍ഷങ്ങള്‍ക്കു ശേഷം തിരുവനന്തപുരത്തു പഠിക്കുന്ന കാലത്തു് ഞാന്‍ ഇതു കുറേ സുഹൃത്തുക്കളോടു പറഞ്ഞു. അതിലെ അയ്യപ്പന്‍ പിള്ള എന്നു പേരുള്ള ഒരാള്‍ക്കു് അതു വളരെ ഇഷ്ടപ്പെട്ടു. അയ്യപ്പന്‍ അന്നു ചിരിച്ച ചിരിക്കു കണക്കില്ല.

അതിനെനിക്കു വീരോധമില്ല. പക്ഷേ, രണ്ടു മൂന്നു ദിവസം കഴിഞ്ഞിട്ടു കുറേപ്പേര്‍ ഇരിക്കുന്ന ഒരു സദസ്സില്‍ അയ്യപ്പന്‍ “ഈ ഉമേഷ് എന്നതിന്റെ അര്‍ത്ഥമറിയാമോ? പാര്‍വ്വതിയുടെ ജാരന്‍ എന്നാണു്. ഹ ഹ ഹ… ഹി ഹി ഹി…” എന്നു പറഞ്ഞു തലയറഞ്ഞു ചിരിക്കാന്‍ തുടങ്ങിയപ്പോള്‍ എനിക്കു ദേഷ്യം വന്നു. എം. ടെക്കിനു പഠിക്കുന്ന എന്നെ ബി. ടെക്കിനു പഠിക്കുന്ന ഒരുത്തന്‍ ബി. ടെക്കിനു പഠിക്കുന്നവരുടെ മുന്നില്‍വച്ചു കളിയാക്കുകയോ? അതും ഞാന്‍ തന്നെ പറഞ്ഞുകൊടുത്ത ഒരു ഒരു ഫലിതം ഉപയോഗിച്ചു്? ഞാന്‍ പറഞ്ഞു, “കൂട്ടരേ, നിങ്ങള്‍ക്കു് അയ്യപ്പന്‍ എന്നതിന്റെ അര്‍ത്ഥമറിയാമോ? അഞ്ചു് അപ്പന്മാരുള്ളവന്‍ എന്നാണു്…”

സാധാരണയായി ഇങ്ങനെയൊരു കര്‍മ്മം കഴിഞ്ഞാല്‍ ബലിമൃഗത്തിന്റെ പല്ലു്, നഖം തുടങ്ങിയവ അവശേഷിക്കാറുണ്ടു്. ഈ കേസില്‍ അയ്യപ്പന്റെ ഒരു ഭൌതികാവശിഷ്ടവും അന്നേ ദിവസം കാണാനുണ്ടായിരുന്നില്ല…

അവസാനം രക്ഷിച്ചതു സാക്ഷാല്‍ കാളിദാസനാണു്. കുമാരസംഭവത്തില്‍ ഇങ്ങനെ വായിച്ചു:

താം പാര്‍വ്വതീത്യാഭിജനേന നാമ്നാ
ബന്ധുപ്രിയാം ബന്ധുജനോ ജുഹാവ
ഉമേതി മാത്രാ തപസോ നിഷിദ്ധാ
പശ്ചാദുമാഖ്യാ സുമുഖീ ജഗാമ

ബന്ധു-ജനഃ (ബന്ധുജനങ്ങള്‍) ബന്ധു-പ്രിയാം താം (ബന്ധുപ്രിയയായ അവളെ) പാര്‍വ്വതീ ഇതി അഭി-ജനേന നാമ്നാ (“പാര്‍വ്വതി” എന്ന ജനനത്തിനനുസരിച്ചുള്ള പേരുപയോഗിച്ചു്) ജുഹാവ (വിളിച്ചു). ഉ-മാ ഇതി (“ഓ അരുതേ” എന്നു പറഞ്ഞു്) മാത്രാ തപസഃ നിഷിദ്ധാ പശ്ചാത് (അമ്മ തപസ്സില്‍ നിന്നു വിലക്കിയതിനു ശേഷം) സുമുഖീ (ആ സുന്ദരി) ഉമാ-ആഖ്യാം (“ഉമാ” എന്ന പേരു്) ജഗാമ (സമ്പാദിച്ചു).

(ഉ എന്നതിനു് “ഓ” എന്നു മാത്രമല്ല, “കുഞ്ഞേ” എന്നൊരു അര്‍ത്ഥം കൂടിയുണ്ടെന്നാണു് ഉമാനാമധാരിണിയായ അചിന്ത്യയുടെ അഭിപ്രായം. ഇതിനെച്ചൊല്ലിയുള്ള ഉമോമേശസംവാദം ഇവിടെയും ഇവിടെയും വായിക്കുക.)

അതായതു്, അമ്മയുടെ വിലക്കു വകവെയ്ക്കാതെ ശിവനെ ഭര്‍ത്താവായിക്കിട്ടാന്‍ തപസ്സു ചെയ്യാന്‍ പോയതുകൊണ്ടു പാര്‍വ്വതിക്കു കിട്ടിയ പേരാണത്രേ ഉമ. അച്ഛനമ്മമാരെ എതിര്‍ത്തു പേരിട്ട എനിക്കു പറ്റിയ ഭാര്യ തന്നെ! എനിക്കു സമാധാനമായി.

പില്‍ക്കാലത്തു്, അമ്മ ചൂണ്ടിക്കാണിക്കുന്ന ഏതു കോന്തനെയും കെട്ടാന്‍ തയ്യാറായിരുന്ന ഒരു പെണ്ണാണു ഭാര്യയായതു് എന്നു ചരിത്രം. അല്ലാ,അതു കൊണ്ടു കല്യാണം കഴിച്ചു. അല്ലെങ്കില്‍ ഞാനുമിപ്പോള്‍ നടന്നേനേ ക്രോണിക് ബാച്ചിലറായി… 🙂


ഇതു മൂലമാണോ എന്തോ, എനിക്കൊരു അനുജനുണ്ടായപ്പോള്‍ ഉ, ഷ എന്നിവയുള്ള “സുഭാഷ്” എന്ന പേരാണു് അച്ഛനും അമ്മയും അവനിട്ടതു്. സ്കൂളില്‍ ചേര്‍ക്കാറായപ്പോള്‍ അതു് ഉന്മേഷ് എന്നോ ഉല്ലാസ് എന്നോ ആക്കാനുള്ള എന്റെ നിര്‍ദ്ദേശം അവന്‍ പുറംകാലു കൊണ്ടു തൊഴിച്ചു ദൂരെയെറിഞ്ഞു.

ദശാബ്ദങ്ങള്‍ക്കു ശേഷം, എന്റെ ആദ്യത്തെ മകനിടാന്‍ പത്തുപതിനഞ്ചു പേരുകളില്‍ നിന്നു് ഒന്നു തെരഞ്ഞെടുക്കാന്‍ ഞാന്‍ പാടുപെട്ടപ്പോള്‍ എന്റെ അച്ഛന്‍ പറഞ്ഞു,“എന്തെങ്കിലും ഇട്ടാല്‍ മതിയെടാ, അഞ്ചു വയസ്സാകുമ്പോള്‍ അവന്‍ മാറ്റിക്കൊള്ളും. നിന്റെയല്ലേ മോന്‍!”

താന്‍ ഇട്ട പേരു മാറ്റിയ മകനോടുള്ള അമര്‍ഷവും ദുഃഖവുമൊക്കെ അതിലുണ്ടായിരുന്നു. ഇപ്പോഴാണു് എനിക്കതു മനസ്സിലാകുന്നതു്. ഏതായാലും വിശാഖ് അഞ്ചാം വയസ്സില്‍ പേരു മാറ്റിയില്ല. ഭാഗ്യം!


ഈ പോസ്റ്റിന്റെ പ്രസക്തഭാഗങ്ങള്‍ കുറെക്കാലം മുമ്പു തന്നെ എഴുതി ഡ്രാഫ്റ്റാക്കി വെച്ചിരുന്നു. ഇപ്പോള്‍ ഇതു പൂര്‍ത്തിയാക്കി പ്രസിദ്ധീകരിക്കാന്‍ കാരണം കൈപ്പള്ളിയുടെ പോസ്റ്റില്‍ ഇഞ്ചിപ്പെണ്ണു് ഇട്ട

ശരിക്കും പറഞ്ഞാല്‍ പിള്ളേരൊടു ചോദിച്ചിട്ട് അവര്‍ക്കിഷ്ടമുള്ള പേരിടണം എന്ന അഭിപ്രായക്കാരിയാണ് ഞാന്‍. :). എന്റെ പേര് ഇഷ്ടമല്ലാ,പേരു മാറ്റണം എന്നൊക്കെ പറഞ്ഞ് അമ്മേനോട് വഴക്കിടുമ്പോള്‍, എന്റെ മോളെ,നീ ജനിച്ച് വീഴൂമ്പൊ എന്തോരം സ്നേഹത്തോടെ എന്തു മാത്രം ആലോചിച്ചു,എന്തു മാത്രം വാ‍ത്സല്യത്തോടെ ആണ് ആ പേര് നിനക്കിട്ടതെന്നൊക്കെ അമ്മ പറഞ്ഞിട്ട് അമ്മേടെ കണ്ണ് നിറയണ കണ്ടപ്പൊ പിന്നെ ഞാന്‍ പേര് മാറ്റണ പരിപാടിയില്‍ നിന്ന് മാറി. അപ്പനും അമ്മയും ഒരുപാട് ഒരു വലിയ സ്വപ്ന സാക്ഷാല്‍ക്കാരം പോലെയാണെന്ന് തോന്നണ് നമുക്കൊക്കെ ഒരോ പേരിടുന്നത്. അതും വെച്ച് ജീവിത കാലം മുഴുവന്‍..ശ്ശൊ!ഇത്രെം വൃത്തികെട്ട പേരാണല്ലോ ഇവരെനിക്കിട്ടത് എന്ന് ചിന്തിക്കുന്നതാണെന്ന് തോന്നണ് നമ്മുടെ ഒക്കെ ആദ്യ rebellion.

എന്ന കമന്റും, വിശ്വം അവിടെത്തന്നെ പറഞ്ഞ

അവനവന്റെ സ്വാതന്ത്ര്യത്തില്‍ മറ്റുള്ളവരുടെ ആദ്യത്തെ കടന്നുകയറ്റമാണ് പേരിടീല്‍ എന്നാണെനിക്കു തോന്നാറു്.

എന്ന ചിന്തോദ്ദീപകമായ വാക്യവുമാണു്.

നര്‍മ്മം
സ്മരണകള്‍

Comments (72)

Permalink

കുമാരസംഭവം

രാജേഷ് വര്‍മ്മയ്ക്കു നന്ദി.

കൂപമണ്ഡൂക”ത്തിന്റെ കമന്റില്‍ കുമാരസംഭവത്തെ പരസ്യമാക്കിയതിനു്.

മനഃപൂര്‍വ്വം പറയാതിരുന്നതാണു്. ബൂലോഗര്‍ക്കു് ഒരു സര്‍പ്രൈസായ്ക്കോട്ടേ എന്നു കരുതി. ഒരുപിടി കുഞ്ഞുവാവകളുടെ മൂത്ത ജ്യേഷ്ഠനാകുമെന്നു കരുതിയതാണു്. പവിത്രക്കുട്ടി ഓവര്‍ടേക്ക് ചെയ്തു മൂത്തോപ്പോള്‍ ആയി. അതു മറ്റൊരു സര്‍പ്രൈസ്! യാത്രാമൊഴിക്കും പവിത്രക്കുട്ടിയ്ക്കും ആശംസകള്‍!

പേരു് ഊഹിക്കുന്നതില്‍ മീനാക്ഷി സമ്മാനാര്‍ഹയായി. രാജേഷ് വര്‍മ്മ എന്തു സമ്മാനമാണോ നിശ്ചയിച്ചിരിക്കുന്നതു്? സാധാരണയായി അദ്ദേഹം 101 പവനില്‍ കുറച്ചൊന്നും സമ്മാനമായി കൊടുക്കാറില്ല 🙂

കൂടുതല്‍ വിവരങ്ങള്‍:

പേരു് : വിഘ്നേശ് *
ചെല്ലപ്പേരു് : വിക്കി**
ജനനസമയം (പോര്‍ട്ട്‌ലാന്‍ഡ്) : 2006 നവംബര്‍ 5 11:53 AM PST (1182 തുലാം 20)
ജനനസമയം (ഭാരതം) : 2006 നവംബര്‍ 6 01:23 AM IST (1182 തുലാം 19)
ജനനസ്ഥലം : St. Vincent Hospital, Portland, Oregon, USA.
തൂക്കം : 5 lb 15.8 oz (2.716 Kg)
നീളം : 20 ഇഞ്ച് (50.8 സെന്റിമീറ്റര്‍)
നക്ഷത്രം : ഭരണി
തിഥി : പ്രഥമ (കൃഷ്ണപക്ഷം)
ആഴ്ച : ഞായര്‍
കരണം : സിംഹം
നിത്യയോഗം : വ്യതീപാത

* മിന്നലിന്റെ ചേട്ടന്‍ ഇടിവാളിന്റെ മകന്‍ കൊടുങ്കാറ്റിന്റെ പേരു്
** “വിക്കി ക്വിസ് ടൈം” എന്ന ബ്ലോഗിന്റെ ഉടമസ്ഥനായ മന്‍‌ജിത്തിന്റെ ഏറ്റവും പ്രിയങ്കരമായ വസ്തു


ഏറ്റവും സന്തോഷം വിശാഖിനു തന്നെ. ഇതാ അനുജനെ കണ്ടു് “മുഴുതിങ്കളുദയേന കുമുദമെന്നതുപോലെ” ചിരിച്ചു കൊണ്ടിരിക്കുന്ന വിശാഖ്:

കൂടുതല്‍ പടങ്ങള്‍ക്കു് ഇവിടെ നോക്കുക.


മൂപ്പര്‍ക്കു പേരിട്ടതു് ഒരു കഥയാണു്.

ആണ്‍‌കുട്ടിയാണെന്നറിഞ്ഞതു മുതല്‍ ഒരു പേരിനായി ഞങ്ങള്‍ ചര്‍ച്ചകളും വട്ടമേശസമ്മേളനങ്ങളും നടത്തുകയുണ്ടായി. എനിക്കു ശിവന്റെ പേരും (ഉമേഷ്) മകനു സുബ്രഹ്മണ്യന്റെ പേരും (വിശാഖ്) ആയതിനാല്‍ അടുത്തയാള്‍ക്കു ഗണപതിയുടെ പേരിടണമെന്നു് എനിക്കൊരാഗ്രഹം.

“പെണ്‍‌കുഞ്ഞാകാഞ്ഞതു നന്നായി. അല്ലെങ്കില്‍ അതിനു “ഭദ്രകാളി” എന്ന പേരിടണം എന്നു് ഇങ്ങേരു പറഞ്ഞേനേ” എന്നു സിന്ധു.

എനിക്കും സിന്ധുവിനും പ്രാസത്തില്‍ വലിയ താത്പര്യമില്ലെങ്കിലും (ഇതിനു മുമ്പിടാനായി പേരിടുന്നതിലെ പ്രാസത്തെപ്പറ്റി എഴുതിക്കൊണ്ടിരുന്ന പോസ്റ്റ് സമയത്തു തീര്‍ന്നില്ല. അതു് ഇനിയൊരിക്കല്‍ ഇടാം.) അഭ്യുദയകാംക്ഷികളൊക്കെ വിശാഖിനു ചേരുന്ന “വി”യില്‍ തുടങ്ങുന്ന പേരിടണമെന്ന അഭിപ്രായക്കാരായിരുന്നു.

ഇതെല്ലാമൊത്ത വിനായകന്‍, വിഘ്നേശന്‍, വക്രതുണ്ഡന്‍ എന്നു മൂന്നു പേരുകള്‍ മാത്രമേ കിട്ടിയുള്ളൂ.

വക്രതുണ്ഡന്‍ എന്നതു വക്കാരിയുടെ പേരായതുകൊണ്ടു് ഉപേക്ഷിച്ചു.

വക്കാരിയുടെ പേരു്” എന്നൊരു ഗവേഷണപ്രബന്ധം ഓഫ്‌യൂണിയനില്‍ പ്രസിദ്ധീകരിക്കണം എന്നു വിചാരിച്ചിട്ടു് ഇതുവരെ പറ്റിയില്ല. ഒന്നിലധികം വര്‍ഷത്തെ ഗവേഷണഫലമായി കണ്ടുപിടിച്ചതാണു്. ഇത്രയുമായ സ്ഥിതിയ്ക്കു് ഇവിടെ ചുരുക്കി പറഞ്ഞേക്കാം.

കോട്ടയം ജില്ലയിലെ കുറിച്ചിയ്ക്കും കടുത്തുരുത്തിയ്ക്കും ഇടയ്ക്കു റോഡ്‌സൈഡിലാണു വക്കാരിയുടെ വീടെന്നു് അദ്ദേഹത്തിന്റെ കൃതികളില്‍ നിന്നു വ്യക്തമാണു്. ഗവേഷണഫലമായി അതു കാരിത്താസ് എന്ന സ്ഥലമാണെന്നു ഞാന്‍ കണ്ടുപിടിച്ചു. ഇതിനു് ഉപോദ്ബലകമായ വസ്തുതകള്‍ പ്രബന്ധത്തില്‍ വിശദീകരിച്ചിട്ടുണ്ടു്.

വക്കാരി തന്റെ പ്രൊഫൈലില്‍ ഇട്ടിരിക്കുന്ന പടം ആനയുടേതാണെന്നു ചിലരും ഗണപതിയുടേതാണെന്നു മറ്റു ചിലരും തെറ്റിദ്ധരിച്ചിട്ടുണ്ടു്. ഇതു രണ്ടുമല്ല, അല്ലെങ്കില്‍ ഇതു രണ്ടുമാണു സത്യം എന്നതാണു വസ്തുത. മുഴുവന്‍ ശരീരം വരയ്ക്കാതെ മുഖം മാത്രം വരച്ചതു് ആനയ്ക്കും ഗണപതിയ്ക്കും യോജിക്കുന്ന വക്രതുണ്ഡന്‍ എന്ന പേരിനെ സൂചിപ്പിക്കാനാണെന്നു സംശയാതീതമായി തെളിഞ്ഞിട്ടുണ്ടു്.

ഇപ്പോള്‍ ഗവേഷണവിദ്യാര്‍ത്ഥിയായ ഇദ്ദേഹം കുറച്ചുകാലം ഇന്ത്യയുടെ വടക്കുകിഴക്കേ കോണിലുള്ള ഒരു കലാലയത്തില്‍ അദ്ധ്യാപകനായിരുന്നെന്നും അവിടുത്തെ ഭാഷയില്‍ “മാസ്റ്റര്‍” എന്നതിനു പകരം “മഷ്ടാര്‍” എന്നാണു പറയുക എന്നും എന്റെ ഗവേഷണം വ്യക്തമാക്കുന്നു. ഇദ്ദേഹത്തിന്റെ പുര്‍ണ്ണനാമമായ വക്‌റതുണ്ഡന്‍ കാരിത്താസ് മഷ്‌ടാര്‍ എന്നതിന്റെ ചുരുക്കരൂപമാണു് വക്കാരിമഷ്ടാ എന്നതു് എന്നതു നിസ്തര്‍ക്കമത്രേ.

ഈ പേര്‍ ജാപ്പനീസില്‍ “മനസ്സിലായി” എന്നര്‍ത്ഥമുള്ള ഒരു വാക്കില്‍ നിന്നാണു കിട്ടിയതെന്നു പറയുന്നതു കേവലം ഒരു മറ മാത്രമാണു്. “വകരിമസ്റ്റ” എന്നാണു് ആ വാക്കു്. “ഓക്കേ”, “അതു ശരി”, “അപ്പോള്‍ ശരി”, “പിന്നെക്കാണാം” എന്നൊക്കെയാണു് ആ വാക്കിന്റെ അര്‍ത്ഥം, “മനസ്സിലായി” എന്നല്ല.

ഈ ഗവേഷണത്തിനു് എനിക്കൊരു പി. എഛ്. ഡി. അടുത്തു തന്നെ തരമാകും എന്നൊരു കിംവദന്തിയുമുണ്ടു്.

മാത്രമല്ല, അടുത്ത കുട്ടിക്കു വേണ്ടി കുട്ട്യേടത്തി നോക്കി വെച്ചിരിക്കുന്ന പേരാണതു്.

ഭൂരിഭാഗം ആളുകളും വിനായകിനോടൊപ്പമായിരുന്നു. വിഘ്നേശ് എന്ന പേരിന്റെ കൂടെ ഞാനും വിശാഖും മാത്രം.

ബൂലോഗത്തിലെ കുറേ പുലികളോടു് അഭിപ്രായം ചോദിച്ചു. അവിടെയും വിനായകനായിരുന്നു പിന്തുണ കൂടുതല്‍. വിഘ്നേശിനെ പിന്തുണച്ചതു് ആകെ മന്‍‌ജിത്ത് മാത്രം. അതും ചെല്ലപ്പേരായി “വിക്കി” എന്നു വിളിക്കാം എന്നതുകൊണ്ടു്. വിക്കിപീഡിയ തലയ്ക്കുപിടിച്ചാല്‍ മനുഷ്യന്റെ അഭിപ്രായങ്ങളെ വരെ അതു ബാധിക്കും എന്നു മനസ്സിലായില്ലേ?

അവസാനം കഴിഞ്ഞ പ്രാവശ്യം ചെയ്തതു പോലെ കുറേ സായിപ്പുകളെക്കൊണ്ടു പറയിച്ചു നോക്കി. ഫലം അവിശ്വസനീയമായിരുന്നു. വിനായക് ആര്‍ക്കും വഴങ്ങുന്നില്ല. നീളം കൂടിപ്പോയി എന്നാണു പരാതി. അതേ സമയം വിഘ്നേശ് എല്ലാവരും നന്നായി പറഞ്ഞു. (വിഗ്നേശ് എന്നായിപ്പോയെന്നു മാത്രം. അതു പിന്നെ ഇന്ത്യക്കാരും അങ്ങനെ തന്നെയല്ലേ പറയുന്നതു്?) അങ്ങനെ വിഘ്നേശ് ഏതാണ്ടു് ഉറച്ചു.


UMESH-നു് 5 അക്ഷരം. SINDHU-വിനു് 6 അക്ഷരം. VISHAKH-നു 7 അക്ഷരം. VIGHNESH-നു 8 അക്ഷരം. ഏതായാലും പുരോഗതിയുണ്ടു്. ഒമ്പതക്ഷരമുള്ള ശിവന്റെ മക്കള്‍ ഉണ്ടോ എന്തോ? SHASTHAVU?


എനിക്കു ശിവന്റെ പേരും മക്കള്‍ക്കു രണ്ടും ശിവന്റെ പിള്ളേരുടെ പേരും ആയതു കൊണ്ടു് ഇനി സിന്ധുവിന്റെ പേരു മാറ്റണം. പാര്‍വ്വതിയുടെ ഒരു പേരാക്കണം. “സിന്ധു” എന്ന പദത്തിനു ധാരാളം അര്‍ത്ഥങ്ങള്‍ ശബ്ദതാരാവലി നിരത്തുന്നുണ്ടെങ്കിലും അവയില്‍ ജീവനുള്ളതു് “ആന” മാത്രം.

പെണ്‍‌കുട്ടിയായിരുന്നെങ്കില്‍ ഇടാന്‍ പണ്ടു തൊട്ടേ നോക്കി വെച്ചിരുന്ന പ്രിയപ്പെട്ട പേരുകളൊക്കെ പാര്‍വ്വതിയുടെ പര്യായങ്ങളായിരുന്നു-പാര്‍വ്വതി, ഗൌരി, അപര്‍ണ്ണ, ഉമ,… അതിലെതെങ്കിലും ഒന്നിടാം.

സിന്ധുവിനു് ഒരു സങ്കടമുണ്ടു്-തന്റെ പേരു വളരെ ചെറുതായിപ്പോയെന്നു്. അതിനാല്‍ ചെറിയ ചെല്ലപ്പേരൊന്നും ഉണ്ടായിട്ടില്ല എന്നു്.

Sin എന്ന ചെല്ലപ്പേരു് ഞങ്ങള്‍ നിര്‍ദ്ദേശിച്ചതാണു്. നല്ല അര്‍ത്ഥമുള്ള പേരുമാണു്-ഇംഗ്ലീഷില്‍!

വളരെ നീളമുള്ള ഒരു പേരു്; അതിനു വളരെ ചെറിയ ഒരു വിളിപ്പേരു്. അതാണു സിന്ധുവിന്റെ സ്വപ്നം.

പാര്‍വ്വതിയ്ക്കു പര്യായമായി നീളമുള്ളതും ചെറിയ ചുരുക്കപ്പേരുള്ളതുമായ പേരുകള്‍ വേണമെങ്കില്‍ വലിയ വിഷമമൊന്നുമില്ല. ലളിതാസഹസ്രനാമം നോക്കിയാല്‍ ആയിരം പേരു കിട്ടും. ഞങ്ങള്‍ പരിഗണിച്ചുകൊണ്ടിരിക്കുന്ന പേരുകള്‍ അക്ഷരമാലാക്രമത്തില്‍ താഴെച്ചേര്‍ക്കുന്നു.

പേരു് : ചെല്ലപ്പേരു്
അജ്ഞാനദ്ധ്വാന്തദീപിക : അജ്ഞാന
അശ്വാരൂഢാധിഷ്ഠിതാശ്വകോടികോടിഭിരാവൃതാ : അശ്വ
ഇച്ഛാശക്തിജ്ഞാനശക്തിക്രിയാശക്തിസ്വരൂപിണി : ഇച്ഛ
ഉന്മേഷനിമിഷോത്‌പന്നവിപന്നഭുവനാവലി : ഉന്മേഷ
കാമേശ്വരാസ്ത്രനിര്‍ദഗ്ദ്ധസഭണ്ഡാസുരശൂന്യകാ : കാമ
കാളരാത്ര്യാദിശക്ത്യൌഘവൃത : കാള
കുരുവിന്ദമണിശ്രേണീകനത്‌കോടീരമണ്ഡിത : കുരു
കൂര്‍മ്മപൃഷ്ഠജയിഷ്ണുപ്രപദാന്വിത : കൂര്‍മ്മ
ക്രോധാകാരാങ്കുശോജ്ജ്വല : ക്രോധ
ചണ്ഡമുണ്ഡാസുരനിഷൂദിനി : ചണ്ഡ
ചക്രരാജരഥാരൂഢസര്‍വ്വായുധപരിഷ്കൃത : ചക്ര
ജന്മമൃത്യുജരാതപ്തജനവിശ്രാന്തിദായിനി : ജന്മ
ഡാകിനീശ്വരി : ഡാകിനി
താടങ്കയുഗളീഭൂതതപനോഡുപമണ്ഡല : താട (താടക)
പായസാന്നപ്രിയ : പായസ
മന്ത്രിണ്യംബാവിരചിതവിഷംഗവധതോഷിത : മന്ത്രി
മാണിക്യമകുടാകാരജാനുദ്വയവിരാജിത : മാണി
സംസാരപങ്കനിര്‍മഗ്നസമുദ്ധരണപണ്ഡിത : സംസാര

ഏതു പേരാണു് അവസാനം സ്വീകരിച്ചുതെന്നു് ഗസറ്റ് വിജ്ഞാപനം വഴി അറിയിക്കുന്നതാണു്.

പ്രത്യേക അറിയിപ്പു്: കാര്യങ്ങള്‍ ഇത്രയുമായ സ്ഥിതിയ്ക്കു് ഗംഗ എന്നോ ഗംഗയുടെ പര്യായങ്ങളോ പേരുള്ള ഒരാളും പോര്‍ട്ട്‌ലാന്‍ഡിലോ പരിസരത്തിലോ വരാന്‍ പാടില്ല എന്നും വന്നാല്‍ പ്രത്യാഘാതങ്ങള്‍ (മേഘത്തിന്റെ ഘ) ഗുരുതരമായിരിക്കും എന്നും സിന്ധു മുന്നറിയിപ്പു നല്‍കിയിരിക്കുന്നു.


മേല്‍പ്പറഞ്ഞ കാരണങ്ങള്‍ കൊണ്ടു് ഗുരുകുലവും എന്റെ മറ്റു പരിപാടികളും ഇനിയൊരു അറിയിപ്പുണ്ടാകുന്നതു വരെ അടച്ചുപൂട്ടുകയാണു്. എല്ലാവരും വെക്കേഷന്‍ അടിച്ചുപൊളിക്കുക. അഭിവാദ്യങ്ങള്‍. അടുത്ത സ്കൂള്‍വര്‍ഷം മഴ തുടങ്ങുമ്പോള്‍ കാണാം.

ചിത്രങ്ങള്‍ (Photos)
നര്‍മ്മം
വിഘ്നേശ്
വൈയക്തികം (Personal)

Comments (33)

Permalink

അമ്മ ഇന്നാളു പറഞ്ഞല്ലോ…

“പിന്നെ അമ്മ ഇന്നാളു പറഞ്ഞല്ലോ…”

രാവിലെ അമ്മയും മകനും കൂടി പുസ്തകം വായിക്കുകയാണു്. മകനു കൂട്ടിവായന ശരിയായിട്ടില്ല. “മാര്‍ത്തോമ്മാ വലിയ പള്ളി” എന്നതു “മാറു തോമാ വലിയ പല്ലി” എന്നു വായിക്കുന്ന പരുവം. എങ്കിലും വായിക്കാന്‍ ഇഷ്ടമാണു്. ആരെങ്കിലും വായിച്ചു കൊടുക്കണം. അങ്ങനെ വായിച്ചു കൊടുത്തതില്‍ ഏതോ കാര്യത്തിനു മുമ്പു പറഞ്ഞ എന്തോ കാര്യത്തിനു വിരുദ്ധമായ എന്തോ കണ്ടു. അതാണു് ചോദ്യത്തിനു കാരണം.


സംസാരിക്കാന്‍ തുടങ്ങിയ കാലം മുതല്‍ വായിക്കാന്‍ തുടങ്ങുന്ന കാലം വരെയാണു് കുട്ടികള്‍ സ്വയം നന്നായി പഠിക്കുന്നതെന്നു തോന്നിയിട്ടുണ്ടു്. ഈ പ്രായത്തിലുള്ള കുട്ടികളോടു സംസാരിക്കാനും അവരുടെ ചെയ്തികള്‍ നോക്കിനില്‍ക്കാനും എന്തൊരു രസമാണു്! എന്തു സംശയങ്ങളാണു് അവര്‍ക്കു്? എത്ര ലോജിക്കലായി ആണു് അവര്‍ ചിന്തിക്കുന്നതു്? (Calvin and Hobbes എന്ന കാര്‍ട്ടൂണ്‍ സ്ട്രിപ്പ് ഇഷ്ടമുള്ളവര്‍ക്കു ഞാന്‍ ഉദ്ദേശിക്കുന്നതെന്താണെന്നു മനസ്സിലാകും.) ചോദിക്കാന്‍ അവര്‍ക്കു ലജ്ജയുമില്ല, അറിയേണ്ടതു് എങ്ങനെയെങ്കിലും മനസ്സിലാക്കുകയും ചെയ്യും.

വായിക്കാറാവുമ്പോള്‍ പുസ്തകത്തിലെ അറിവു് അവന്റെ പ്രകൃത്യാ ഉള്ള കഴിവിനെ കെടുത്തിക്കളഞ്ഞു് മറ്റാരുടെയോ അറിവിനെ സ്പൂണ്‍‌ഫീഡ് ചെയ്യുന്നു. സ്കൂള്‍ വിദ്യാഭാസവും മുതിര്‍ന്നവരോടുള്ള ഇടപെടലും അവന്റെ ചോദ്യം ചെയ്യാനുള്ള താത്‌പര്യത്തെ നശിപ്പിച്ചുകളയുന്നു. ഉത്തരം മുട്ടുമ്പോള്‍ മുതിര്‍ന്നവര്‍ കൊഞ്ഞനം കുത്തുകയും “ഇവനിതെന്തൊരു ചെറുക്കന്‍! എന്റെയൊന്നും ചെറുപ്പത്തില്‍ ഇമ്മാതിരി ചോദ്യമൊന്നും ചോദിക്കില്ലായിരുന്നല്ലോ, പ്രായമായവര്‍ പറയുന്നതു് അങ്ങു വിശ്വസിക്കും. അതാണു വേണ്ടതു്.” എന്നു പറയുകയും ചെയ്യും.

രണ്ടര/മൂന്നു വയസ്സുള്ളപ്പോഴുള്ള ഒരു ചോദ്യം:

“അച്ഛാ, അച്ഛാ, മൂണിനെ നമുക്കു കാണാമായിരുന്നല്ലോ. ഇപ്പോള്‍ കാണുന്നില്ലല്ലോ. അതെന്താ?”

മലയാളം പറയാന്‍ പഠിപ്പിച്ചിരുന്നെങ്കിലും പല വസ്തുക്കളുടെയും ഇംഗ്ലീഷ് വാക്കുകള്‍ മാത്രമേ പറഞ്ഞുകൊടുത്തിരുന്നുള്ളൂ. ഭാഷകള്‍ തമ്മില്‍ ചിന്താക്കുഴപ്പം ഉണ്ടാകാതിരിക്കാന്‍. അതാണു “മൂണ്‍” എന്നു പറയാന്‍ കാരണം.

“അതു മോനേ, നമ്മുടെ കണ്ണിന്റെയും മൂണിന്റെയും ഇടയ്ക്കു ട്രാന്‍സ്പെരന്റ് അല്ലാത്ത ഒരു സാധനം വന്നതുകൊണ്ടാ…”

“അതെന്താ ഈ ട്രാന്‍സ്…?”

“ലൈറ്റ് കടന്നുപോകുന്ന സാധനമാണു ട്രാന്‍സ്പെരെന്റ്. കണ്ണാടി, വെള്ളം അതുപോലെയുള്ളവ…”

“അപ്പോള്‍ നമ്മുടെ പുറകിലുള്ളതെന്താ കാണാത്തതു്?”

“അതു്…” (ഒന്നു പരുങ്ങി‌) “നമ്മുടെ കണ്ണിനും അതിനും ഇടയ്ക്കു നമ്മുടെ തല വരുന്നുണ്ടല്ലോ. അതു ട്രാന്‍സ്പെരെന്റ് അല്ലല്ലോ…”

കണ്ണിന്റെ ലെന്‍സ്, റെറ്റീന തുടങ്ങിയവ പറഞ്ഞുകൊടുക്കാന്‍ നിന്നാല്‍ ഇന്നത്തെ ദിവസം പോകും. തത്കാലം ഇതുകൊണ്ടു ശരിയാകുമോ എന്നു നോക്കട്ടേ.

“അപ്പോ എന്താ നമ്മള്‍ നമ്മളുടെ തല കാണാത്തതു്?”

ചുറ്റി. “വീട്ടില്‍ ചെല്ലട്ടേ. അപ്പോള്‍ അച്ഛന്‍ എല്ലാം പറഞ്ഞുതരാം.”

അതാണെന്റെ പത്തൊമ്പതാമത്തെ അടവു്. വീട്ടില്‍ കമ്പ്യൂട്ടര്‍, ഇന്റര്‍നെറ്റ്, ഗൂഗിള്‍, വിക്കിപീഡിയ എന്നിവയൊക്കെ ഉണ്ടല്ലോ. അതില്‍ നോക്കിയിട്ടു പറഞ്ഞുകൊടുക്കാം.

അന്നൊക്കെ ഇങ്ങനെയുള്ള ചീളുകാര്യങ്ങള്‍ക്കു വിക്കിപീഡിയ നോക്കാന്‍ മടിയാണു്. പിന്നെയാണു മനസ്സിലായതു് സര്‍വ്വവിജ്ഞാനകോശം എന്നു ഞാന്‍ വിചാരിച്ചിരുന്ന പലരും മുട്ട പുഴുങ്ങുന്നതെങ്ങനെ എന്നതിനു പോലും വിക്കിപീഡിയ നോക്കുമെന്നു്!

“അച്ഛാ, പിന്നെ അമ്മ ഇന്നാളു പറഞ്ഞല്ലോ…”

“അമ്മ എന്തു പറഞ്ഞു?”

“മൂണിനെ കാണാതായതു് കാര്‍ ഒരു ടേണെടുത്തതുകൊണ്ടാണെന്നു്…”

“അതും ശരി തന്നെ.”

“അതെങ്ങനാ ശരിയാവുന്നതു്?”

“കാര്‍ ഒരു ടേണെടുത്തപ്പോള്‍ നമ്മുടെ കണ്ണിന്റെയും മൂണിന്റെയും ഇടയ്ക്കു് ട്രാന്‍സ്പരന്റല്ലാത്ത ഒരു സാധനം വന്നു. ഉദാഹരണത്തിനു കാറിന്റെ റൂഫ്…”

“അല്ലെങ്കില്‍ മൂണ്‍ നമ്മുടെ പുറകിലായിക്കാണും…” ഇപ്പോള്‍ കിട്ടിയ വിജ്ഞാനത്തില്‍ നിന്നൊരു ചീന്തു്.

“ശരിയാ, അങ്ങനെയും ആവാം.”

അങ്ങനെ തത്ക്കാലം ആ പ്രശ്നം ഒഴിവായി. വീട്ടില്‍ വന്നപ്പോള്‍ അവന്‍ മറ്റേ കാര്യം എടുത്തിട്ടു. ഗൂഗിള്‍, വിക്കിപീഡിയ തുടങ്ങിയവ ഉപയോഗിച്ചു കണ്ണില്‍ പ്രതിബിംബം പതിയുന്നതും, കണ്ണടയുടെ ഉപയോഗവും, ക്യാമറയുടെ പിന്നിലെ തത്ത്വവും-ഒക്കെയായി നാലഞ്ചു മണിക്കൂര്‍ പോയെന്നു പറഞ്ഞാല്‍ മതിയല്ലോ.

അന്നു മുതല്‍ എന്നും വൈകിട്ടു ഞാന്‍ ഓഫീസില്‍ നിന്നു വന്നാല്‍ ഞാനും സിന്ധുവും കൂടി ഒരു ഡിസ്കഷനുണ്ടു്. ഇന്നു് അവന്‍ എന്തു ചോദ്യങ്ങള്‍ ചോദിച്ചു, അവയ്ക്കു് എന്തുത്തരങ്ങള്‍ ആണു പറഞ്ഞതു് എന്നതിനെപ്പറ്റി. അതേ ചോദ്യം മറ്റേ ആളോടു ചോദിച്ചാല്‍ അതേ ഉത്തരം തന്നെ പറയാനുള്ള ഒരു മുന്‍‌കരുതല്‍. ഇതിനെ നമുക്കു് ഉത്തരസമാനത (Equivalence of answers) എന്നു വിളിക്കാം.


ഈ ഉത്തരസമാനത ടെസ്റ്റു ചെയ്യല്‍ അവന്റെ രക്തത്തില്‍ അലിഞ്ഞുചേര്‍ന്നിട്ടുണ്ടു് എന്നു തോന്നും. ഒരു ചോദ്യം നമ്മളോടു തന്നെ പത്തു തവണ ചോദിക്കും. മറ്റുള്ളവരോടും ചോദിക്കും. വ്യത്യാസമുണ്ടെങ്കില്‍ അതില്‍ കടിച്ചുതൂങ്ങും. രണ്ടുപേര്‍ ഒരുപോലെ പറഞ്ഞാല്‍ മൂന്നാമതായി ഒരാളോടു ചോദിക്കും.

ഇവനു പറ്റിയ പണി വക്കീല്‍പ്പണി ആണെന്നു തോന്നിയിട്ടുണ്ടു്. പിന്നീടു മനസ്സിലായി ഈ പ്രായത്തിലുള്ള കുട്ടികള്‍ മുഴുവന്‍ വക്കീല്‍പ്പണിക്കു പഠിക്കുന്നവരാണെന്നു്. “കുട്ടികള്‍ വക്കീലന്മാരായി ജനിക്കുന്നു. മുതിര്‍ന്നവര്‍ അവരെ മറ്റു പലതും ആക്കുന്നു.” എന്നു പറയാന്‍ തോന്നിയിട്ടുണ്ടു്.


ഇരുപതു മൈല്‍ ദൂരെ സകുടുംബം താമസിക്കുന്ന ഭാര്യാസഹോദരന്റെ വീട്ടില്‍ പോയതാണു ഞങ്ങള്‍. ആഴ്ചയിലൊരിക്കല്‍ ഇങ്ങനെയൊരു പോക്കു പതിവുണ്ടു്. അവിടെ അടുത്തുള്ള ഇന്ത്യന്‍ പലചരക്കുകടയില്‍ നിന്നും മറ്റും ആവശ്യമായ ഷോപ്പിംഗ്, വല്ല ബെര്‍ത്‌ഡേ പാര്‍ട്ടിയോ മറ്റോ ഉണ്ടെങ്കില്‍ അതില്‍ സംബന്ധിക്കല്‍ തുടങ്ങിയുള്ള അല്ലറചില്ലറ കാര്യങ്ങള്‍ക്കായി. ഉച്ചയ്ക്കു മുമ്പു് അവിടെയെത്തി അവിടെ നിന്നു് ഉച്ചഭക്ഷണവും പിന്നെ രാത്രി വരെ വര്‍ത്തമാനം പറഞ്ഞിരുന്നു് ആ ഭക്ഷണവും അവിടെ നിന്നാക്കി പാതിരാത്രിയ്ക്കു തൊട്ടു മുമ്പു കൂടു പൂകും.

അഭിരുചികളുടെ കാര്യത്തില്‍ നാലു ധ്രുവങ്ങളില്‍ സ്ഥിതിചെയ്യുന്ന ഞങ്ങള്‍ക്കു നാലു പേര്‍ക്കും താത്പര്യമുള്ള വിഷയം സൂര്യനു കീഴില്‍ ഇല്ലാത്തതുകൊണ്ടു് പത്തുപതിനഞ്ചു മിനിട്ടുകള്‍ക്കുള്ളില്‍ ഞങ്ങളുടെ സംഭാഷണം അരവിന്ദന്റെ അവാര്‍ഡുസിനിമയിലെപ്പോലെ ഒറ്റ വാക്കിലുള്ള ചോദ്യവും (“ഉറങ്ങിയോ?”) ഒരു ഞരക്കത്തിലുള്ള ഉത്തരവും (“ങൂം ങൂം”) ആയി പരിണമിക്കും. അപ്പോഴുള്ള ആകെ ആശ്വാസം മൂന്നര-നാലു വയസ്സുള്ള മകന്റെ അടിസ്ഥാനസംശയങ്ങളാണു്. നാലു പേരും മത്സരിച്ചു് അവന്റെ ചോദ്യങ്ങള്‍ക്കുത്തരം കൊടുക്കാന്‍ വിഫലശ്രമം നടത്തി ഉത്തരസമാനതയുടെ എല്ലാ നിയമങ്ങളും തെറ്റിച്ചു് പിന്നെ ഒരാഴ്ചത്തേക്കു് “അച്ഛന്‍/ അമ്മ/ അമ്മാവന്‍/ അമ്മായി ഇന്നാളു പറഞ്ഞല്ലോ…” എന്നു പറയാന്‍ വകുപ്പുണ്ടാക്കിക്കൊടുക്കും.

അന്നു് അദ്ദേഹം അമ്മാവന്‍ വാങ്ങിക്കൊടുത്ത ഒരു കളിപ്പാട്ടത്തിലെ ചെറിയ ഒരു കുഴലിനകത്തു് വലിയ ഒരു കോല്‍ കടക്കാത്തതു് എന്തുകൊണ്ടു് എന്നതിനെപ്പറ്റി ഫണ്ടമെന്റല്‍ ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടിരിക്കുന്നു. ചെറുതില്‍ വലുതു പോകാത്തതിനെപ്പറ്റി ഞങ്ങള്‍ നാലു് എഞ്ചിനീയര്‍മാര്‍ ഘോരഘോരം ക്ലാസ്സുകളെടുത്തു. അതു കേട്ടിട്ടു് അവന്‍ ഒരു സിമ്പിള്‍ ചോദ്യം ചോദിക്കും, “അതെന്താ?” അതിനു ഞങ്ങള്‍ക്കുത്തരമില്ല. വ്യാപ്തം, തന്മാത്രകളുടെ ജഡത്വവും ചാലകതയും, കണികാസിദ്ധാന്തം, ക്വാണ്ടം മെക്കാനിക്സ്, വേദാന്തം, ഫിലോസഫി തുടങ്ങിയവയൊക്കെ പരീക്ഷിച്ചിട്ടും (ഇതൊക്കെ ഞങ്ങള്‍ക്കാര്‍ക്കെങ്കിലും അറിയാമെന്നു തെറ്റിദ്ധരിക്കരുതു്. പറയാന്‍ ശ്രമിച്ചു എന്നേ ഉള്ളൂ.) “എഗൈന്‍ ശങ്കര്‍ ഇസ് ഓണ്‍ ദ കോക്കനട്ട് ട്രീ” എന്ന സ്ഥിതി. അവസാനം യൂക്ലിഡിന്റെ അഞ്ചാം പ്രമാണം പോലെ ഞങ്ങള്‍ പ്രഖ്യാപിച്ചു, “വലിയ ദ്വാരങ്ങളിലൂടെ വലിയ വസ്തുക്കള്‍ക്കും ചെറിയ വസ്തുക്കള്‍ക്കും പോകാം. എന്നാല്‍ ചെറിയ ദ്വാരങ്ങളിലൂടെ ചെറിയ വസ്തുക്കള്‍ക്കു മാത്രമേ പോകാന്‍ കഴിയൂ. ഇതു നീ സമ്മതിച്ചേ പറ്റൂ.”

ഇതിനു കൊടുക്കേണ്ടി വന്ന വില ചെറുതല്ലായിരുന്നു. അടുക്കും ചിട്ടയുമായി കിടന്നിരുന്ന വീടു് നെയില്‍ പോളിഷ് ട്യൂബുകള്‍, ക്യാമറ, കുപ്പികള്‍, പാത്രങ്ങള്‍, പെട്ടികള്‍, ഇപ്പറഞ്ഞ സാധനങ്ങളില്‍ ഇടാന്‍ വേണ്ടി എടുത്ത ചെറുതും വലുതുമായ പല വലിപ്പത്തിലുള്ള സാധനങ്ങള്‍ ഇവയെക്കൊണ്ടു നിറഞ്ഞു. അവനിരിക്കാന്‍ വേണ്ടി വാങ്ങിയ ഒരു കുഞ്ഞു പ്ലാസ്റ്റിക്ക് കസേരയില്‍ വലിയ ഒരാള്‍ക്കിരിക്കാന്‍ പറ്റില്ല എന്നു ഡെമോണ്‍‌സ്ട്രേറ്റു ചെയ്തു് അതു പല കഷണമായി. ഖരവസ്തുക്കള്‍ക്കു പറഞ്ഞ തത്ത്വം ദ്രാവകങ്ങള്‍ക്കും ബാധകമാണോ എന്നു് അദ്ദേഹം ഞങ്ങളുടെ നിര്‍ദ്ദേശപ്രകാരമല്ലാതെ പരീക്ഷിച്ചതിന്റെ ഫലമായി ഓറഞ്ച്‌ജ്യൂസ്‌കുപ്പി കാര്‍പെറ്റില്‍ കമഴ്ന്നു. ആകെ വീടു് അനോണികള്‍ കയറിയ ബ്ലോഗു പോലെയായി.

പക്ഷേ ഏറ്റവും വലിയ അപകടം സംഭവിച്ചതു ന്യൂട്ടനാണു്. അതേ, ഗുരുത്വാകര്‍ഷണപ്രമാണം കണ്ടുപിടിച്ച സാക്ഷാല്‍ ഐസക് ന്യൂട്ടനു്. മുകളില്‍പ്പറഞ്ഞ സിദ്ധാന്തം വിശദീകരിക്കുന്നതിനിടയില്‍ ന്യൂട്ടന്‍ പണ്ടു് തന്റെ രണ്ടു പട്ടിക്കുട്ടികളെയും ഇടാന്‍ ഒരു കൂടു പണിഞ്ഞതും, വലിയ പട്ടിയ്ക്കു കയറാന്‍ വലിയ വാതിലും ചെറിയ പട്ടിയ്ക്കു കയറാന്‍ ചെറിയ വാതിലും വേണമെന്നു് ആശാരിയോടു പറഞ്ഞതും, വലിയ വാതിലില്‍ക്കൂടി ചെറിയ പട്ടിക്കും കയറിക്കൂടേ എന്നു് ആശാരി ചോദിച്ചതും ഒക്കെ വിശദീകരിക്കുന്ന കഥ പറഞ്ഞുകൊടുത്തു. (അതു ന്യൂട്ടനല്ല ആമ്പിയറാണെന്നും, പട്ടിയല്ല പൂച്ചയാണെന്നും ഒന്നും പറഞ്ഞു് ആരും വന്നേക്കരുതു്. സൌകര്യത്തിനു വിക്കിപീഡിയ അവിടെ ഉണ്ടായിരുന്നില്ല. ഞങ്ങള്‍ക്കു നാലു പേര്‍ക്കും മുട്ട പുഴുങ്ങാന്‍ അറിയാവുന്നതു കൊണ്ടു് അതിന്റെ ആവശ്യവും തോന്നിയിരുന്നില്ല.) ഈ കഥയില്‍ നിന്നു് ലോകം കണ്ട ഏറ്റവും പ്രതിഭാശാലിയായിരുന്ന ആ മനുഷ്യനെ ഒരു ഭൂലോകമണ്ടന്‍ എന്ന രീതിയിലാണു് അവന്‍ പിന്നെ കരുതിയിരുന്നതു്. ഉദാഹരണമായി, ശ്രീജിത്തിന്റെ ബ്ലോഗ് വല്ലതും അവനെ കാണിച്ചാല്‍ “ഇതു ന്യൂട്ടന്‍ എഴുതിയതാണോ” എന്നു് അവന്‍ ചോദിക്കും. പാറപ്പുറത്തു നിന്നു താഴോട്ടു വീണപ്പോള്‍ തനിക്കു 9.8 km/sec സ്പീഡുണ്ടായിരുന്നു എന്നെഴുതിയ മഹാന്റെ പേരു ചേര്‍ത്തു തന്റെ പേരു പറഞ്ഞെന്നു കേട്ടാല്‍ വെസ്റ്റ് മിനിസ്റ്റര്‍ ആബിയിലെ ഒരു ശവകുടീരത്തില്‍ അന്ത്യവിശ്രമം കൊള്ളുന്ന ന്യൂട്ടന്റെ അസ്ഥിപഞ്ജരം പല തവണ തകിടം മറിയും.

പക്ഷേ, ഏറ്റവും വലിയ അത്യാഹിതം വരാനിരിക്കുന്നതേ ഉള്ളൂ. മേല്‍പ്പറഞ്ഞ സംഭവത്തിനു ശേഷം നാലഞ്ചു ദിവസത്തിനുള്ളില്‍ (ഇതിനിടയില്‍ ഏതെങ്കിലും വാതില്‍ കണ്ടാല്‍ അതിലൂടെ ആന പോകുമോ, ഇതിലൂടെ ബ്ലൂ വെയില്‍ പോകുമോ എന്നൊക്കെ ചോദിച്ചു ഞങ്ങളുടെ തല പറപ്പിച്ചിരുന്നു എന്നതു വെറൊരു കാര്യം.) തഥാഗതനെ പ്രീ-സ്കൂളില്‍ കൊണ്ടുവിടാന്‍ കാറില്‍ യാത്ര ചെയ്യുമ്പോഴാണു് കാര്‍ണിവല്‍ നടക്കുന്ന ഒരു പറമ്പിന്റെ അടുത്തു കൂടി പോയതു്. അവിടെ വലിയ ശബ്ദമായതുകൊണ്ടു ഞാന്‍ ജനല്‍ അടച്ചു.

അപ്പോള്‍ വന്നു ചോദ്യം, “അച്ഛാ, എന്താ ഇപ്പോള്‍ ശബ്ദം കേള്‍ക്കാത്തേ…?”

ഹാവൂ, എനിക്കറിയാവുന്ന ഒരു ചോദ്യം കിട്ടി! ശബ്ദതരംഗങ്ങളെപ്പറ്റിയും അവ ചെവിയില്‍ വന്നു തട്ടുമ്പോള്‍ നമ്മള്‍ അതു കേള്‍ക്കുന്നതിനെപ്പറ്റിയും പറഞ്ഞുകൊടുത്തു. അമ്മ പറഞ്ഞുകൊടുത്തു് അവനു് ഇതിനെപ്പറ്റി കുറേ വിവരമുണ്ടായിരുന്നു. പക്ഷേ സംശയം അവിടെക്കൊണ്ടു തീര്‍ന്നില്ല.

“എന്താ കുറച്ചു ശബ്ദം കേള്‍ക്കാമല്ലോ…”

“അതു മോനേ, ഈ ചില്ലിന്റെ ഇടയ്ക്കും ചെറിയ സുഷിരങ്ങളുണ്ടു്. നമുക്കു കാണാന്‍ പറ്റില്ല എന്നു മാത്രം. ശബ്ദം അതിലൂടെ നുഴഞ്ഞുകയറി നമ്മുടെ ചെവിയിലെത്തും. എല്ലാ ശബ്ദത്തിനും അങ്ങനെ പറ്റാത്തതുകൊണ്ടു് കുറച്ചു മാത്രമേ നമുക്കു കേള്‍ക്കാന്‍ പറ്റൂ.”

ചെറിയ ശബ്ദങ്ങള്‍ സുഷിരങ്ങളിലൂടെ നുഴഞ്ഞുകയറുന്നതും വലിയ ശബ്ദങ്ങള്‍ വെളിയില്‍ വഴിമുട്ടി നില്‍ക്കുന്നതുമോര്‍ത്തു് അവന്‍ കുറേ നേരം ചാരിയിരുന്നു.

അപ്പോഴാണു് ഞങ്ങളെ ഞെട്ടിച്ചുകൊണ്ടു് (അതിനേക്കാള്‍ വലിയ ഞെട്ടല്‍ വരാനിരിക്കുന്നതേ ഉള്ളൂ എന്നു ഞാനറിഞ്ഞില്ല) ഒരു വെടിശബ്ദം കേട്ടതു്. കാര്‍ണിവല്‍ പറമ്പില്‍ നിന്നാണു്.

“ജനല്‍ അടച്ചിട്ടും നമ്മളെന്താ അതു കേട്ടതു്?” പേടിച്ചരണ്ട ഒരു ശബ്ദം പുറകില്‍ നിന്നു്.

“ഓ അതൊരു വലിയ ശബ്ദമായതുകൊണ്ടാണു മോനേ…”

“അപ്പോള്‍ ചെറിയ ശബ്ദം ഈ ജനലില്‍ക്കൂടി കടക്കില്ല, വലുതു കടക്കും, അല്ലേ..”

“അതുതന്നെ.” വരാന്‍ പോകുന്ന അപകടം ഞാന്‍ അപ്പോഴും അറിയുന്നില്ല.

“അച്ഛന്‍ ഇന്നാളു പറഞ്ഞല്ലോ, ചെറിയ സാധനങ്ങള്‍ എല്ലായിടത്തും കടക്കും, വലുതിനു പറ്റില്ല എന്നു്…”

ലോകം ഒരു നിമിഷത്തേയ്ക്കു നിശ്ചലമായതുപോലെ തോന്നി. എന്തു പറയും? “ഞാന്‍ വൈകിട്ടു വീട്ടില്‍ വന്നിട്ടു പറയാം.” വിക്കിപീഡിയയില്‍ എന്തു കീവേര്‍ഡുപയോഗിച്ചു തെരഞ്ഞാല്‍ ഇതിനുത്തരം കിട്ടും എന്നായിരുന്നു എന്റെ ചിന്ത.

വൈകിട്ടു് ഹ്യൂജന്‍സിന്റെ തരംഗസിദ്ധാന്തം ഞങ്ങള്‍ പഠിച്ചു. ഒരു പാത്രത്തിലെ വെള്ളത്തില്‍ കല്ലിട്ടു കൊണ്ടായിരുന്നു തുടക്കം. അതു പിന്നെ ശബ്ദത്തിലേക്കും പ്രകാശത്തിലേക്കും എത്തി. അവന്റെ ചോദ്യങ്ങള്‍ കൂടിക്കൂടി വന്നു.

അങ്ങനെ അന്നു വൈകുന്നേരം സിന്ധു വിക്കിപീഡിയ ഉപയോഗിക്കാന്‍ പഠിച്ചു. ഞാന്‍ എന്‍‌സൈക്ലോപീഡിയ ബ്രിട്ടാനിക്കയുടെ പ്രകാശത്തെപ്പറ്റി പറയുന്ന വിഷയങ്ങള്‍ അടങ്ങിയ മൂന്നാലു വാല്യങ്ങള്‍ തറയില്‍ തുറന്നുവെച്ചു പ്രകാശത്തിന്റെ തരംഗസ്വഭാവത്തെപ്പറ്റി പഠിക്കാന്‍ തുടങ്ങി. ഫിസിക്സ് അവസാനം പഠിച്ചതു ഇരുപതു കൊല്ലം മുമ്പാണു്-എഞ്ചിനീയറിംഗ് രണ്ടാം സെമസ്റ്ററില്‍. അന്നു കോലപ്പാപിള്ള സാറിന്റെ ക്ലാസ്സു കട്ടു ചെയ്തു് അക്ഷരശ്ലോകം ചൊല്ലാന്‍ പോയപ്പോള്‍ ആലോചിക്കണമായിരുന്നു അതിനു വലുതായ വില കൊടുക്കേണ്ടി വരുമെന്നു്.

അപ്പോഴതാ സിന്ധുവിനൊരു സംശയം, “നമ്മളൊരു എക്സ്‌പെരിമെന്റ്റു ചെയ്തിട്ടില്ലേ ഫിസിക്സ് ലാബില്‍? ന്യൂട്ടണ്‍സ് റിംഗ്‌സ് എന്നു പറഞ്ഞു്…”

സിന്ധു പണ്ടു് ഏതോ എഞ്ചിനീയറിംഗ് ഡിസ്റ്റിംഗ്‌ഷനോടെ പാസ്സായിട്ടുണ്ടെന്നു് ‘ഐതിഹ്യമാല’യില്‍ വായിച്ചിട്ടുണ്ടെങ്കിലും അതിനു തെളിവായി ആ വായില്‍ നിന്നു് ഒരു മൊഴി ഇതു വരെ ഞാന്‍ കേട്ടിട്ടില്ല. മറ്റൊരവസരത്തില്‍ ഞാന്‍ ആനന്ദതുന്ദിലനായേനേ. പക്ഷേ, ഇപ്പോള്‍ ഇവനെ എന്തെങ്കിലും പറഞ്ഞുകൊടുത്തു് ഒതുക്കാന്‍ നോക്കുമ്പോഴാണു്…

“അച്ഛാ, ന്യൂട്ടന്‍ എന്നു പറയുന്നതു് ആ മണ്ടനല്ലേ? അങ്ങേര്‍ക്കെന്തിനാ റിംഗ്‌സ്?”

പണിയായി. ഞങ്ങളുടെ സേര്‍ച്ചുകള്‍ ന്യൂട്ടണ്‍സ് റിംഗ്‌സിലേക്കു പറിച്ചു നടപ്പെട്ടു.

ഏതാനും മണിക്കൂറുകള്‍ക്കു ശേഷം ഞങ്ങള്‍ ഫിസിക്സ്, ഒപ്റ്റിക്സ്, ക്വാണ്ടം മെക്കാനിക്സ്, ദേഷ്യം കണ്ട്രോള്‍ ചെയ്യല്‍, അരിശം വരുമ്പോള്‍ ചീത്തവാക്കുകള്‍ ഉപയോഗിക്കാതെ ദൈവം, മാതാപിതാക്കള്‍ തുടങ്ങിയവരുടെ പേരുകള്‍ പിന്നില്‍ ആശ്ചര്യചിഹ്നത്തോടെ ഉപയോഗിക്കല്‍ തുടങ്ങിയ ശാസ്ത്രശാഖകളില്‍ പൂര്‍വ്വാധികം വിജ്ഞാനമുള്ളവരായി കാണപ്പെട്ടു. അവന്റെ സംശയങ്ങള്‍ തീര്‍ന്നുമില്ല.


“അച്ഛാ, ഏറ്റവും ചെറിയ പ്ലാനറ്റ് ഏതാ?”

ഇപ്പോള്‍ കഥാനായകനു പ്രായം അഞ്ചര. ലൈബ്രറിയില്‍ നിന്നു കിട്ടിയ ഒരു പുസ്തകത്തില്‍ നിന്നു സൌരയൂഥത്തെപ്പറ്റിയുള്ള ഭാഗം വായിച്ചുകൊടുക്കുകയാണു സിന്ധു. അതിനിടയിലാണു് ഞങ്ങളുടെ ഉത്തരസമാനതയെ ടെസ്റ്റു ചെയ്യുന്ന ഈ ചോദ്യം.

“മെര്‍ക്കുറി”
“പിന്നെ അമ്മ പറഞ്ഞല്ലോ പ്ലൂട്ടോ ആണെന്നു്?”
“പ്ലൂട്ടോ അല്ല മെര്‍ക്കുറിയാണു്.”
“വെറുതേ ആ ചെറുക്കനു തെറ്റു പറഞ്ഞുകൊടുക്കല്ലേ. ഈ പുസ്തകത്തില്‍ പറയുന്നുണ്ടല്ലോ പ്ലൂട്ടോയാണെന്നു്…” എന്നു സിന്ധു.

അതെങ്ങനെ? ഞാന്‍ ചെറുപ്പത്തില്‍ പഠിച്ചതു മെര്‍ക്കുറി എന്നാണല്ലോ. (ഇതില്‍ നിന്നു പ്ലൂട്ടോയെ കണ്ടുപിടിക്കുന്നതിനു മുമ്പാണു ഞാന്‍ സ്കൂളില്‍ പഠിച്ചതെന്നു വായനക്കാര്‍ തെറ്റിദ്ധരിക്കരുതു്. ഞാന്‍ അത്ര വയസ്സനല്ല!) ഇനിയിപ്പോള്‍ ഗൂഗിള്‍ തന്നെ ശരണം. നോക്കിയ സ്ഥലത്തെല്ലാം പ്ലൂട്ടോ ആണു് ഏറ്റവും ചെറിയ ഗ്രഹം എന്നു കണ്ടു.

എന്റെ കയ്യില്‍ ജ്യോതിശ്ശാസ്ത്രപുസ്തകങ്ങള്‍ മൊത്തം തെരഞ്ഞു. എല്ലാറ്റിലും മെര്‍ക്കുറിയെക്കാള്‍ ചെറുതു പ്ലൂട്ടോ തന്നെ. ഇതെന്തു പുകില്‍?

അപ്പോഴാണു യാക്കോവ് പെരല്‍മാന്റെ (അതേ, “ഭൌതികകൌതുകം” എഴുതിയ ആള്‍ തന്നെ) “Astronomy for Entertainment” എന്ന പുസ്തകം നോക്കാന്‍ തോന്നിയതു്. 1932-ല്‍ എഴുതിയ പുസ്തകത്തിന്റെ 1957-ല്‍ പ്രസിദ്ധീകരിച്ച ഈ പതിപ്പു് ഹൈദരാബാദിലെ ഒരു സെക്കന്റ് ഹാന്‍ഡ് ബുക്ക്‍സ്റ്റാളില്‍ നിന്നു വാങ്ങിയതാണു്. അതില്‍ മെര്‍ക്കുറി പ്ലൂട്ടൊയാക്കാള്‍ ചെറുതാണെന്നു കാണുന്നു. അപ്പോള്‍ ഞാന്‍ പഠിച്ചിരുന്ന കാലത്തു പ്ലൂട്ടോയുടെ വലിപ്പം ശരിക്കു കണ്ടുപിടിച്ചിരുന്നിരിക്കില്ല. ഇംഗ്ലീഷ് വിക്കിപീഡിയയില്‍ “Pluto” എന്ന പദം തന്നെ നോക്കി. അതില്‍ ഇങ്ങനെ പറഞ്ഞിരിക്കുന്നു.

Pluto’s diameter and mass were incorrectly overestimated for many decades after its discovery. Initially it was thought to be relatively large, with a mass comparable to Earth, but over time the estimates were revised sharply downward as observations were refined.

The discovery of its satellite Charon in 1978 enabled a determination of the mass of the Pluto-Charon system by application of Newton’s formulation of Kepler’s third law. Originally it was believed that Pluto was larger than Mercury but smaller than Mars, but that calculation was based on the premise that a single object was being observed. Once it was realized that there were two objects instead of one, the estimated size of Pluto was revised downward.

അപ്പോള്‍ 1978-നു മുമ്പു പ്രൈമറി ക്ലാസ്സില്‍ പഠിച്ചതുകൊണ്ടു ഞാന്‍ പഠിച്ചതു് അങ്ങനെയാവണം. പക്ഷേ, അതു് ഇവനോടെങ്ങനെ പറയും? പറഞ്ഞാല്‍ മുകളില്‍ കൊടുത്തിരിക്കുന്ന തിയറിയൊക്കെ കുത്തിയിരുന്നു പഠിക്കേണ്ടി വരും. അതിനാല്‍ ഇങ്ങനെ പറഞ്ഞു.

“അച്ഛനു് അറിയാന്‍ വയ്യായിരുന്നു മോനേ. അച്ഛന്‍ വിചാരിച്ചതു മെര്‍ക്കുറിയാണു ചെറുതെന്നാ…”

അവനു് അതൊരു ഷോക്കായിരുന്നു. അറിയില്ല എന്നതു മനസ്സിലാക്കാം. പക്ഷേ അറിഞ്ഞതു തെറ്റാണു് എന്നതിനു് എന്താണു ന്യായീകരണം?

ശാസ്ത്രം എന്നതു് അറിഞ്ഞതു തെറ്റാണെന്നുള്ള അറിവിന്റെ ആകെത്തുകയാണെന്നും, അറിഞ്ഞതു തെറ്റാകില്ല എന്ന കടും‌പിടിത്തത്തിന്റെ ഫലമാണു് അന്ധവിശ്വാസങ്ങളുടെയും തെറ്റായ അവകാശവാദങ്ങളുടെയും അശാസ്ത്രീയമായ വാഗ്വാദങ്ങളുടെയും കാരണമെന്നും ഇവനോടു പറഞ്ഞാല്‍ മനസ്സിലാവുമോ?

പിറ്റേന്നു മുതല്‍ രാവിലെ ഞാന്‍ ഓഫീസിലെ കുറച്ചു പണികളും പതിവുള്ള ബ്ലോഗ്-പിന്മൊഴി വായനയും കഴിഞ്ഞു താഴെ വരുമ്പോള്‍ ഇങ്ങനെ ഒരു ഡയലോഗ് കേള്‍ക്കാം:

“അമ്മേ, അമ്മേ, ഏറ്റവും ചെറിയ പ്ലാനറ്റ് ഏതാ?”
“പ്ലൂട്ടോ”
“പിന്നെ അച്ഛന്‍ ഇന്നാളു പറഞ്ഞല്ലോ മെര്‍ക്കുറി ആണെന്നു്?”
“അതേ മോനേ, അച്ഛനു വിവരമില്ലാഞ്ഞതു കൊണ്ടാ…”

“ഗുരുകുല”ത്തില്‍ വക്കാരിയും അരവിന്ദനുമൊക്കെ ഇട്ട കമന്റുകള്‍ വായിച്ചു കാലുകള്‍ തറയില്‍ തൊടാതെ സ്വപ്നലോകത്തില്‍ പൊങ്ങിപ്പൊങ്ങി കോണിയിറങ്ങി വരുന്ന ഞാന്‍ “ബ്ധും…” എന്നു താഴേയ്ക്കു്…


പരീക്ഷയ്ക്കു് തെറ്റെഴുതിയിട്ടു് “കേരളത്തിന്റെ തലസ്ഥാനം തൃശ്ശൂരാക്കണേ…” എന്നു ദിവസവും ദൈവത്തോടു പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്ന കുട്ടിയെപ്പോലെ, എന്നു ഞാന്‍ ഉള്ളുരുകി പ്രാര്‍ത്ഥിച്ചു-ഈ പ്ലൂട്ടോയുടെ വലിപ്പം അല്പം കൂടി കൂട്ടി ലവനെ മെര്‍ക്കുറിയെക്കാള്‍ വലുതാക്കണേ എന്നു്. ഈ “വിവരമില്ലാത്തവന്‍” വിളി കേട്ടു മതിയായി…

ആദ്യത്തെ ആശാകിരണം ഷിജുവിന്റെ പ്ലൂട്ടോയ്ക്കു ഗ്രഹപ്പിഴ എന്ന ലേഖനത്തിലൂടെ എത്തി. പ്ലൂട്ടോ ചിലപ്പോള്‍ ഗ്രഹമല്ലാതെ ആയേക്കുമത്രേ! പിന്നീടു ഷിജു തന്നെ പ്ലൂട്ടോ ഗ്രഹമല്ല എന്നും പ്രഖ്യാപിച്ചു. അതിന്റെ പേരിലുള്ള വാര്‍ത്തകള്‍ വളിച്ച ഫലിതങ്ങളായി ബ്ലോഗ്‌പോസ്റ്റുകളായും ഇ-മെയിലുകളായും കിട്ടാനും തുടങ്ങി.

തലമുടി വെട്ടാനുള്ള കാത്തിരിപ്പിനിടയില്‍ അവിടെക്കണ്ട ഒരു മാസികയിലെ ഇതിനെപ്പറ്റിയുള്ള ലേഖനം ഞാന്‍ മകനെ കാണിച്ചുകൊടുത്തു. ഇത്രയും കാലം പ്ലൂട്ടോയെ ഒരു ഗ്രഹമാണെന്നു തെറ്റായി കരുതിയിരുന്നെന്നും, ഇപ്പോള്‍ അങ്ങനെ അല്ല എന്നും അവനോടു വിശദീകരിച്ചു. കൂട്ടത്തില്‍ ഏറ്റവും ചെറിയ ഗ്രഹം മെര്‍ക്കുറിയാണെന്നു ഞാന്‍ പറഞ്ഞതു ശരിയാണെന്നു് ബോദ്ധ്യപ്പെടുത്തുകയും ചെയ്തു.

തിരിച്ചു വീട്ടില്‍ ചെന്നപ്പോള്‍ ഞങ്ങള്‍ രണ്ടുപേരും ഈ വിവരം സിന്ധുവിനെ ധരിപ്പിച്ചു. എന്നും ചൊല്ലുന്ന “നവഗ്രഹസ്തോത്രം” ഇനി “അഷ്ടഗ്രഹസ്തോത്രം” ആയി ചൊല്ലിയാല്‍ മതിയോ എന്നു് എന്തുകൊണ്ടോ സിന്ധു ചോദിച്ചില്ല.


ഇപ്പോള്‍ രാവിലെ ഈ ഡയലോഗ് കേള്‍ക്കാം.

“അമ്മേ, അമ്മേ, ഏറ്റവും ചെറിയ പ്ലാനറ്റ് ഏതാ?”
“മെര്‍ക്കുറി”
“പിന്നെ അമ്മ ഇന്നാളു പറഞ്ഞല്ലോ പ്ലൂട്ടോ ആണെന്നു്?”
“അതേ മോനേ, അമ്മയ്ക്കു വിവരമില്ലാഞ്ഞതു കൊണ്ടാ…”

(Calvin and Hobbes-ലെ കാര്‍ട്ടൂണുകള്‍ കണ്ടുപിടിച്ചു തന്നതിനു് ആദിത്യനു നന്ദി.)

നര്‍മ്മം
വിശാഖ്
വൈയക്തികം (Personal)
സ്മരണകള്‍

Comments (46)

Permalink