നര്‍മ്മം

സുജനികയുടെ ശ്ലോകവും സീനിയര്‍ ബ്ലോഗറും…

സുജനികയിലെ ഒരു പോസ്റ്റിലാണു് ഈ ശ്ലോകത്തെ പരാമര്‍ശിച്ചിരിക്കുന്നതു കണ്ടതു്. ഇപ്പോള്‍ ആ പോസ്റ്റ് കാണുന്നില്ല. എന്തിനു ഡിലീറ്റ് ചെയ്തോ ആവോ?

രാജേഷ് വര്‍മ്മയും പറയുന്നതു കേട്ടു സുജനികയിലെ ഏതോ പോസ്റ്റ് കാണാനില്ലെന്നു്. ഇതെന്താ പോസ്റ്റുകള്‍ കൂട്ടമായി കാണാതാവുകയാണോ?

എന്റെ ചെറുപ്പത്തില്‍ പഴങ്കഥകള്‍ പറയുന്ന ഒരു അപ്പൂപ്പന്‍ പറഞ്ഞാണു് ഈ ശ്ലോകം കേട്ടതു്. രസകരമായതിനാല്‍ അതു് എഴുതിയെടുക്കുകയും പഠിക്കുകയും ചെയ്തു. പിന്നീടു് അതിനെപ്പറ്റി കാണുന്നതു് ഇപ്പോഴാണു്. അപ്പോഴേയ്ക്കും ശ്ലോകം മറന്നുപോയിരുന്നു. സുജനികയുടെ പോസ്റ്റില്‍ കൊടുത്തിരുന്ന അര്‍ത്ഥവിവരണമനുസരിച്ചു് ശ്ലോകം ഓര്‍ത്തെടുത്തതു താഴെച്ചേര്‍ക്കുന്നു. ഈ ശ്ലോകം അറിയാവുന്നവര്‍ തെറ്റുകള്‍ ചൂണ്ടിക്കാണിക്കണം എന്നു് അപേക്ഷിക്കുന്നു.

രാവണവധത്തിനും വിഭീഷണാഭിഷേകത്തിനും ശേഷം എന്തോ കാര്യത്തില്‍ കുപിതനായ രാമന്‍ താന്‍ നേടിക്കൊടുത്തതെല്ലാം തിരിച്ചുകൊടുക്കാന്‍ വിഭീഷണനോടു പറയുന്നതു കേട്ടു് ജാംബവാന്‍ പറയുന്നതായാണു് ആ അപ്പൂപ്പന്‍ ഈ ശ്ലോകം ചൊല്ലിയതു്. ആരെഴുതിയതെന്നോ ഏതു പുസ്തകത്തിലേതെന്നോ അറിയില്ല.

ശ്ലോകം:

ഇന്ദ്രം ദ്വ്യക്ഷ, മമന്ദപൂര്‍വ്വമുദധിം, പഞ്ചാനനം പദ്മജം,
ശൈലാന്‍ പക്ഷധരാന്‍, ഹയാനപി ച, തം കാമം ച സദ്വിഗ്രഹം,
അബ്ധിം ശുദ്ധജലം, സിതം ശിവഗളം, ലക്ഷ്മീപതിം പിംഗളം,
ജാനേ സര്‍വ്വമഹം പ്രഭോ രഘുപതേ ദത്താപഹാരം വിനാ

അര്‍ത്ഥം:

അഹം സര്‍വ്വം ജാനേ : ഞാന്‍ എല്ലാം അറിഞ്ഞിട്ടുണ്ടു്
ദ്വി-അക്ഷം ഇന്ദ്രം : രണ്ടു കണ്ണുള്ള ഇന്ദ്രനെയും
അമന്ദ-പൂര്‍വ്വം ഉദധിം : ഇളകുന്നതിനു മുമ്പുള്ള കടലിനെയും
പഞ്ച-ആനനം പദ്മജം : അഞ്ചു തലയുള്ള ബ്രഹ്മാവിനെയും
പക്ഷധരാന്‍ ശൈലാന് : ചിറകുള്ള പര്‍വ്വതങ്ങളെയും
ഹയാന്‍ അപി ച : അതു പോലെ (ചിറകുള്ള) കുതിരകളെയും
തം സദ്-വിഗ്രഹം കാമം : ആ ശരീരമുള്ള കാമദേവനെയും
ശുദ്ധ-ജലം അബ്ധിം : ശുദ്ധജലമുള്ള കടലിനെയും
സിതം ശിവ-ഗളം : ശിവന്റെ വെളുത്ത കഴുത്തിനെയും
പിംഗളം ലക്ഷ്മീ-പതിം : മുഴുവന്‍ മഞ്ഞനിറമുള്ള മഹാവിഷ്ണുവിനെയും
: (കണ്ടിട്ടുണ്ടു്)
പ്രഭോ രഘു-പതേ : ശ്രീരാമപ്രഭുവേ
ദത്ത-അപഹാരം വിനാ : കൊടുത്തതു തിരിച്ചെടുക്കുന്നതു മാത്രം കണ്ടിട്ടില്ല

ജാംബവാന്‍ വളരെ പഴയ ആളാണെന്നു കാണിക്കാനാണു താന്‍ കണ്ടിട്ടുള്ള പഴയ കാര്യങ്ങള്‍ അക്കമിട്ടു നിരത്തുന്നതു്. ഓരോന്നിന്റെയും പിറകില്‍ ഓരോ കഥയുണ്ടു്.

  • രണ്ടു കണ്ണുള്ള ഇന്ദ്രന്‍: ദേവേന്ദ്രനു് ആദിയില്‍ മറ്റെല്ലാവരെയും പോലെ രണ്ടു കണ്ണുകളായിരുന്നു. ഗൌതമന്റെ ഭാര്യ അഹല്യയുടെ അടുത്തു വേണ്ടാതീനത്തിനു പോയപ്പോള്‍ ഗൌതമന്‍ ശപിച്ചു് ഇന്ദ്രനെ സഹസ്രഭഗനാക്കി. ദേഹം മുഴുവന്‍ മുണ്ടിട്ടു മൂടിയല്ലാതെ പുറത്തിറങ്ങാന്‍ പറ്റാതെ ഇന്ദ്രന്‍ അവസാനം ഗൌതമനെത്തന്നെ ശരണം പ്രാപിച്ചു. ഗൌതമന്‍ ആയിരം ജനനേന്ദ്രിയങ്ങളെയും കണ്ണുകളാക്കി. (പിന്നെ ജനനേന്ദ്രിയമില്ലാതെ വലഞ്ഞ ഇന്ദ്രനു് ഒരു ആടിന്റെ ജനനേന്ദ്രിയം വെച്ചുപിടിപ്പിച്ചു എന്നും കേട്ടിട്ടുണ്ടു്.) അങ്ങനെ ഇപ്പോള്‍ ഇന്ദ്രനു് ആയിരം കണ്ണുകളുണ്ടു്. അതാണു് എല്ലാവരും കാണുന്നതു്. അഹല്യാസംഭവത്തിനു മുമ്പും ഇന്ദ്രനെ കണ്ടവനാകുന്നു ഈ ജാംബവാന്‍!

    പത്തു തലയുള്ള രാവണനെയും പാമ്പിനെ ചൂടുന്ന ശിവനെയും മറ്റും തന്മയത്വത്തോടു കൂടി കാണിച്ച തമിഴ് പുരാണസിനിമക്കാര്‍ എന്തുകൊണ്ടാണു് ഇന്ദ്രനെ ആയിരം കണ്ണുകളുള്ളവനായി കാണിക്കാഞ്ഞതു് (അഹല്യാ എപ്പിസോഡിനു തൊട്ടു ശേഷമുള്ള ഇന്ദ്രനെ കാണിക്കാത്തതു നമ്മുടെ ഭാഗ്യം!) എന്നു് എനിക്കു മനസ്സിലായിട്ടില്ല.

  • ഇളക്കുന്നതിനു മുമ്പുള്ള കടല്‍: സമുദ്രത്തില്‍ തിരമാലകളുണ്ടായതെങ്ങനെ എന്നതിനെപ്പറ്റി പുരാണത്തില്‍ എന്തെങ്കിലും കഥയുണ്ടാവും. എനിക്കറിഞ്ഞുകൂടാ. അറിയാവുന്നവര്‍ ദയവായി പറഞ്ഞുതരൂ.

    സുജനിക തന്നെ പറഞ്ഞു തന്നു:
    പാലാഴിമഥനത്തെയാണു് ഇവിടെ സൂചിപ്പിക്കുന്നതു്. ദേവന്മാരും അസുരന്മാരും കൂടി അമൃതു കിട്ടാന്‍ വേണ്ടി പാലാഴി കടഞ്ഞപ്പോഴാണു് ആദ്യമായി സമുദ്രം ഇളകിയതു്. അതിനു മുമ്പുള്ള സമുദ്രത്തെയും ജാംബവാന്‍ കണ്ടിട്ടുണ്ടു്.

  • അഞ്ചു തലയുള്ള ബ്രഹ്മാവു്: ബ്രഹ്മാവിനു് ഇപ്പോള്‍ നാലു ദിക്കിലേക്കും നോക്കിയിരിക്കുന്ന നാലു തലകളേ ഉള്ളൂ. (ചില ചിത്രങ്ങളില്‍ മൂന്നു തലയേ കാണുന്നുണ്ടാവൂ. അശോകസ്തംഭത്തിലെ സിംഹത്തിനെപ്പോലെ നാലാമത്തെ തല പുറകിലുണ്ടു്.) സരസ്വതിയെ സൃഷ്ടിച്ചു കഴിഞ്ഞപ്പോള്‍ അവളുടെ സൌന്ദര്യം നോക്കി ഇരുന്നുപോയത്രേ ബ്രഹ്മാവു്. അച്ഛന്‍ (സൃഷ്ടിച്ചവന്‍) നോക്കുന്നതില്‍ ജാള്യം തോന്നിയ സരസ്വതി ബ്രഹ്മാവിന്റെ പുറകിലേക്കു മാറി. തല തിരിച്ചു നോക്കാനുള്ള മടി കൊണ്ടോ എന്തോ, ബ്രഹ്മാവു് അവിടെയും ഒരു തല ഉണ്ടാക്കി. സരസ്വതി ഇടത്തോട്ടും വലത്തോട്ടും മാറിയപ്പോള്‍ അവിടെയും ഓരോ തലയുണ്ടായി. രക്ഷയില്ലെന്നു കണ്ട സരസ്വതി ചാടി മുകളിലേയ്ക്കു പോയി. മുകളിലേയ്ക്കു നോക്കുന്ന ഒരു തല കൂടി ഉണ്ടായി. നിവൃത്തിയില്ലാതെ വന്ന സരസ്വതി അവസാനം ഒളിക്കാനുള്ള ശ്രമം ഉപേക്ഷിച്ചു. ബ്രഹ്മാവു സരസ്വതിയെ ഭാര്യയാക്കുകയും ചെയ്തു.

    ചുറ്റി. ചിത്രകാരന്‍ ഇതു വല്ലതും കണ്ടാല്‍ ഇനി ബ്രഹ്മാവിന്റെയും സരസ്വതിയുടെയും അഗമ്യഗമനത്തെപ്പറ്റി (ഇതിനു പകരം ചിത്രകാരന്‍ എന്തു വാക്കുപയോഗിക്കും എന്നു് എനിക്കു ചിന്തിക്കാന്‍ പോലും വയ്യ!) നാലു പേജില്‍ ഒരു പോസ്റ്റെഴുതിയേക്കും. കുന്തിയ്ക്കു ശേഷം കാര്യമായി ഒന്നും പുരാണത്തില്‍ നിന്നു തടഞ്ഞിട്ടില്ലെന്നു തോന്നുന്നു 🙂

    പിന്നീടു്, ശിവന്‍ ഒരിക്കല്‍ വിഷ്ണുവിനോടും ബ്രഹ്മാവിനോടും ചോദിച്ചു, “നിങ്ങള്‍ക്കെന്റെ അറ്റങ്ങള്‍ കണ്ടുപിടിക്കാമോ?”. ഇതു പറഞ്ഞു് ശിവന്‍ വലിയ രൂപമെടുത്തു നിന്നു. താഴേയ്ക്കു പോയ വിഷ്ണു ശിവന്റെ കാല്‍ കാണാന്‍ പറ്റാതെ തോല്‍‌വി സമ്മതിച്ചു തിരിച്ചു പോന്നു. മുകളിലേയ്ക്കു പോയ ബ്രഹ്മാവിനു് ശിവന്റെ തലയില്‍ നിന്നു് ഊര്‍ന്നുവീണ ഒരു കൈതപ്പൂവിനെ കിട്ടി. ശിവന്റെ തല കണ്ടുവെന്നും അവിടെ നിന്നു് എടുത്തതാണെന്നും ബ്രഹ്മാവു് കള്ളം പറഞ്ഞു. കൈതപ്പൂവും കള്ളസാക്ഷി പറഞ്ഞു. ദേഷ്യം വന്ന ശിവന്‍ ബ്രഹ്മാവിന്റെ മുകളിലേക്കു നോക്കുന്ന തല മുറിച്ചെടുത്തു. (കൈതപ്പൂവിനും കിട്ടി ശാപം-പൂജയ്ക്കെടുക്കാത്ത പൂവു് ആകട്ടേ എന്നു്.) ബ്രഹ്മാവു തിരിച്ചൊരു ശാപവും കൊടുത്തു. ആ തലയോടും എടുത്തു ശിവന്‍ ദിവസവും തെണ്ടാന്‍ ഇടയാവട്ടേ എന്നു്. അങ്ങനെ ശിവന്‍ തെണ്ടിയും കപാലിയുമായി. (ചുമ്മാതല്ല ലക്ഷ്മി പാര്‍വ്വതിയോടു് ഇങ്ങനെയൊക്കെ ചോദിച്ചതു്!)

    അപ്പോള്‍ പറഞ്ഞു വന്നതു്, കൈതപ്പൂ കള്ളസാക്ഷി പറഞ്ഞ കേസ് പരിഗണനയ്ക്കു വരുന്നതിനു മുമ്പു തന്നെ ജാംബവാന്‍ ബ്രഹ്മാവിനെ കണ്ടിട്ടുണ്ടെന്നു്!

  • ചിറകുള്ള പര്‍വ്വതങ്ങള്‍: ആദിയില്‍ പര്‍വ്വതങ്ങളുണ്ടായിരുന്നു. പര്‍വ്വതങ്ങള്‍ ചിറകുകളോടുകൂടി ആയിരുന്നു. അന്നു് അവ ഒരിടത്തു കിടക്കുകയായിരുന്നില്ല. ഇടയ്ക്കിടയ്ക്കു പറന്നു വേറൊരിടത്തേയ്ക്കു പോകും.

    തലയ്ക്കു മുകളിലൂടെ ഈ ഭീമാകാരങ്ങളായ പര്‍വ്വതങ്ങള്‍ പറന്നു പോകുന്നതു കണ്ട മുനിമാര്‍ക്കു പേടിച്ചിട്ടു വെളിയിലിറങ്ങാന്‍ പറ്റാതായി. അവര്‍ ദേവേന്ദ്രനോടു പരാതി പറഞ്ഞു. ദേവേന്ദ്രന്‍ വജ്രായുധം കൊണ്ടു് എല്ലാ പര്‍വ്വതങ്ങളുടെയും ചിറകുകള്‍ വെട്ടിക്കളഞ്ഞു. അവ “പ്ധും” എന്നു താഴേയ്ക്കു വീണു. അവ വീണ സ്ഥലത്താണു് ഇപ്പോള്‍ ഉള്ളതു്.

    എല്ലാ പര്‍വ്വതങ്ങളെയും കിട്ടിയില്ല. ഹിമവാന്റെ മകനും പാര്‍വ്വതിയുടെ സഹോദരനുമായ മൈനാകം ഓടിപ്പോയി കടലില്‍ ഒളിച്ചു. (വരുണന്‍ രാഷ്ട്രീയാഭയം കൊടുത്തതാണെന്നാണു റിപ്പോര്‍ട്ട്.) ആ പര്‍വ്വതത്തിനു മാത്രം ചിറകുകളുണ്ടു്. വല്ലപ്പോഴും കക്ഷി കടലില്‍ നിന്നു് അല്പം പൊങ്ങിവരാറുണ്ടു്. ഹനുമാന്‍ ലങ്കയിലേക്കു ചാടിയപ്പോള്‍ മൈനാകം പൊങ്ങിവന്നു് കാല്‍ ചവിട്ടാന്‍ സ്ഥലം കൊടുത്തിരുന്നു. പിന്നെ പൊങ്ങിയതു് 1970-കളിലാണു്. “മൈനാകം കടലില്‍ നിന്നുയരുന്നുവോ…” എന്ന സിനിമാപ്പാട്ടു് എഴുതിക്കാന്‍ വേണ്ടി.

    ഈ സംഭവം ഉണ്ടാകുന്നതിനു മുമ്പും ജാംബവാന്‍ ഉണ്ടായിരുന്നു. ചിറകുള്ള പര്‍വ്വതങ്ങളെയും കണ്ടിട്ടുണ്ടു്. ജാംബവാനാരാ മോന്‍!

  • ചിറകുകളുള്ള കുതിരകള്‍: ചിറകുള്ള കുതിരകളെപ്പറ്റി എന്തോ ഒരു കഥ കേട്ടിട്ടുണ്ടു്. എന്താണെന്നു് ഓര്‍മ്മയില്ല. ആര്‍ക്കെങ്കിലും ഓര്‍മ്മയുണ്ടോ?
  • ശരീരമുള്ള കാമദേവന്‍: തപസ്സു ചെയ്തിരുന്ന ശിവന്‍ കണ്ണു തുറന്നപ്പോള്‍ പരിചരിച്ചു കൊണ്ടു നിന്ന പാര്‍വ്വതിയെ കാണുകയും ദേവന്മാരുടെ അപേക്ഷപ്രകാരം അപ്പോള്‍ കാമദേവന്‍ “സമ്മോഹനം” എന്ന അമ്പയയ്ക്കുകയും അപ്പോള്‍ ശിവനു മനശ്ചാഞ്ചല്യം വരുകയും ചെയ്തു.

    എന്നിട്ടു്
    ഉമാമുഖേ ബിംബഫലാധരോഷ്ഠേ
    വ്യാപാരയാമാസ വിലോചനാനി

    എന്നു കാളിദാസന്‍.

    ഇതിനു കാരണക്കാരനായ കാമദേവനെ മൂന്നാം കണ്ണു തുറന്നു് ശിവന്‍ ദഹിപ്പിച്ചു കളഞ്ഞു. അതില്‍പ്പിന്നെ കാമദേവനു ശരീരമില്ല. കാമികളുടെ മനസ്സില്‍ മാത്രം ജീവിക്കുന്ന മനോജന്‍ അഥവാ മനോജ് ആണു് കക്ഷി പിന്നീടു്.

    കാമദേവനു പിന്നെ ശരീരം കിട്ടുന്നതു കൃഷ്ണന്റെ മകനായ പ്രദ്യുമ്നനായി ജനിക്കുമ്പോഴാണു്. പക്ഷേ, ജാംബവാന്‍ രാമനോടു സംസാരിക്കുമ്പോള്‍ എന്തു പ്രദ്യുമ്നന്‍?

    ഈ സംഭവത്തിനു മുമ്പു തന്നെ ജാംബവാനു കാമദേവനെ നല്ല പരിചയമായിരുന്നത്രേ. ആളു കൊള്ളാമല്ലോ!

  • ശുദ്ധജലമുള്ള കടല്‍: കടലിലെ വെള്ളത്തിനു് ഉപ്പുരസം വന്നതെങ്ങനെ എന്നതിനെപ്പറ്റി പല കഥകളും കേട്ടിട്ടുണ്ടു്. എന്തു ചോദിച്ചാലും തരുന്ന കുടുക്ക ഉപ്പുണ്ടാക്കിക്കൊണ്ടിരുന്നപ്പോള്‍ കപ്പലില്‍ നിന്നു കടലില്‍ വീണു പോയതും എപ്പോഴും ജോലി ചെയ്തുകൊണ്ടിരുന്ന ജിന്നിനെ അവസാനം കടലില്‍ ഉപ്പു കലക്കുന്ന ജോലി കൊടുത്തു് ഒതുക്കിയതും മറ്റും. എങ്കിലും ഭാരതീയപുരാണങ്ങളില്‍ ഇതിനുള്ള കഥ എന്താണെന്നു് എനിക്കറിയില്ല. എന്തെങ്കിലും കാണും. ആര്‍ക്കെങ്കിലും അറിയാമോ?

    സുജനിക തന്നെ പറഞ്ഞു തന്നു:

    ഒരിക്കല്‍ അഗസ്ത്യമുനി ദേഷ്യം വന്നിട്ടു സമുദ്രത്തെ മുഴുവന്‍ കുടിച്ചു. പിന്നെ ദേവന്മാരും മുനിമാരുമൊക്കെക്കൂ‍ടി താണു കേണപേക്ഷിച്ചപ്പോള്‍ സമുദ്രത്തെ ചെവിയിലൂടെ പുറത്തേയ്ക്കു വിട്ടു. അഗസ്ത്യന്റെ ശരീരത്തിനുള്ളില്‍ക്കൂടി കടന്നു പോയ ഈ പ്രക്രിയയിലാണത്രേ സമുദ്രത്തിനു് ഉപ്പുരസം ഉണ്ടായതു്!

    ഇതും ജാംബവാന്‍ കണ്ടിരിക്കുന്നു. എന്താ കഥ!

  • ശിവന്റെ വെളുത്ത കഴുത്തു്: ദേവന്മാരും അസുരന്മാരും കൂടി പാലാഴി കടഞ്ഞപ്പോള്‍ അതില്‍നിന്നു കാളകൂടവിഷം പൊങ്ങിവന്നു. അതു വീണു ലോകം നശിക്കാതിരിക്കാന്‍ ശിവന്‍ അതെടുത്തു കുടിച്ചു. അതു വയറ്റില്‍ പോകാതിരിക്കാന്‍ പാര്‍വ്വതി ശിവന്റെ കഴുത്തില്‍ കുത്തിപ്പിടിച്ചു. അതു തിരിച്ചു വെളിയില്‍ വരാതിരിക്കാന്‍ വിഷ്ണു വായും പൊത്തിപ്പിടിച്ചു. അങ്ങനെ വിഷം കഴുത്തില്‍ ഉറച്ചു. അങ്ങനെയാണു ശിവന്‍ നീലകണ്ഠനായതു്. (നീലകണ്ഠനിലെ “നീലം” വിഷമാണു്, നീലനിറമല്ല.) ജാംബവാന്‍ അതിനു മുമ്പു തന്നെ ശിവനെ കണ്ടിട്ടുണ്ടത്രേ!

    എനിക്കൊരു സംശയമുണ്ടു്. ശിവന്റെ നിറം വെളുപ്പായിരുന്നോ? ഭാരതത്തിലെ ദേവന്മാരൊക്കെ കറുത്തവരായിരുന്നില്ലേ? ദേവന്മാര്‍ക്കൊക്കെ വെളുപ്പുനിറം കിട്ടിയതു് എന്നാണു്? വെള്ളക്കാര്‍ വന്നതിനു ശേഷമാണോ അതോ ആര്യന്മാര്‍ വന്നപ്പോഴാണോ?

  • മഞ്ഞനിറമുള്ള വിഷ്ണു: വിഷ്ണുവിനു എപ്പോഴോ മഞ്ഞനിറമായിരുന്നത്രേ. പിന്നെ അതു കറുപ്പായി. എങ്ങനെയെന്നു് എനിക്കറിഞ്ഞുകൂടാ. ആര്‍ക്കെങ്കിലും അറിയാമെങ്കില്‍ അറിയിക്കുക. ഏതായാലും വിഷ്ണുവിനു കറുപ്പുനിറമാകുന്നതിനു മുമ്പു് ജാംബവാന്‍ കണ്ടിട്ടുണ്ടു് എന്നു മാത്രം ഇപ്പോള്‍ മനസ്സിലാക്കിയാല്‍ മതി.

    സുജനിക പറഞ്ഞതു്:
    വിഷ്ണുവിന്റെ ശരീരം മുഴുവന്‍ പിംഗളമായിരുന്നു. ഭൃഗു ചവിട്ടിയപ്പോള്‍ അത്രയും ഭാഗം കറുപ്പായി. അതാണു സൂചിതകഥ.

    ത്രിമൂര്‍ത്തികളില്‍ ആരാണു മികച്ചവന്‍ എന്നറിയാന്‍ ആദ്യം ബ്രഹ്മാവിന്റെയും പിന്നെ ശിവന്റെയും അടുത്തു പോയിട്ടു് തൃപ്തിയാകാതെ വിഷ്ണുവിന്റെ അടുത്തെത്തിയതാണു ഭൃഗു എന്ന മുനി. അപ്പോള്‍ ദാ അദ്ദേഹം കിടന്നുറങ്ങുന്നു. ലോകം മുഴുവന്‍ രക്ഷിക്കേണ്ട ആളാണു്, കിടക്കുന്ന കിടപ്പു കണ്ടില്ലേ? കൊടുത്തു ഒരു ചവിട്ടു്. ഒരു മാതിരി ചവിട്ടൊന്നുമല്ല. ചവിട്ടു കൊണ്ട നെഞ്ചു മുഴുവന്‍ കറുത്തു കരുവാളിച്ചു. ഞെട്ടിയുണര്‍ന്ന വിഷ്ണുവിനു ദേഷ്യമൊന്നും വന്നില്ല. പകരം മുനിയുടെ കാലു വേദനിച്ചോ എന്നു ചോദിച്ചു. ഉറങ്ങിയതിനു മാപ്പു പറയുകയും ചെയ്തു. ഇവന്‍ തന്നെ മികച്ചവന്‍ എന്നു് ഉറപ്പിച്ച ഭൃഗു (എതോ വൈഷ്ണവന്‍ ഉണ്ടാക്കിയ കഥയാവാം) എന്തു വരം വേണമെന്നു ചോദിച്ചു. ഭൃഗു ചവിട്ടിയ സ്ഥലത്തെ കരുവാളിച്ച കറുത്ത പാടു് എന്നും ഉണ്ടാവണം എന്നാണു വിഷ്ണു വരം ചോദിച്ചതു്. ആ വരം കൊടുത്തു. അതിനെയാണു് “ശ്രീവത്സം” എന്നു പറയുന്നതു്.

    ശ്രീവത്സത്തോടൊപ്പം തന്നെ പറയുന്ന മറ്റൊരു സാധനമാണു കൌസ്തുഭം. അതു വിഷ്ണു മാറില്‍ ധരിക്കുന്ന രത്നമാണു്.

    (ഈ ശ്രീവത്സവും കൌസ്തുഭവും എന്താണെന്നു ഗുരുവായൂരുള്ളവരോടു ചോദിച്ചു നോക്കൂ. രണ്ടു ഗസ്റ്റ് ഹൌസുകളാണു് എന്നു് ഉത്തരം കിട്ടും. 🙂 )

    ഈ ഭൃഗുവിനെക്കാളും പഴയ ആളാണു ജാംബവാന്‍. കക്ഷി ആദ്യം വിഷ്ണുവിനെക്കാണുമ്പോള്‍ നെഞ്ചത്തു ശ്രീവത്സവുമില്ല, കൌസ്തുഭവുമില്ല. ക്ലീന്‍ മഞ്ഞനിറം!

ചുരുക്കം പറഞ്ഞാല്‍, ഇതില്‍ പറഞ്ഞിട്ടുള്ള ഒന്‍പതു കാര്യങ്ങളില്‍ നാലെണ്ണത്തിന്റെ സൂചിതകഥകള്‍ എനിക്കറിയില്ല.

മൂന്നെണ്ണത്തിന്റെ കഥ സുജനിക എന്ന രാമനുണ്ണി തന്നെ പറഞ്ഞു തന്നു.

പുരാണത്തെപ്പറ്റിയുള്ള വിവരം തുലോം പരിമിതമാണെന്നു മനസ്സിലായി. ഇനി അതറിഞ്ഞിട്ടു് ഇതു പോസ്റ്റു ചെയ്യാം എന്നു കരുതിയാല്‍ ഇതൊരിക്കലും വെളിച്ചം കാണില്ല. ഈ കഥകള്‍ അറിയാവുന്നവര്‍ ദയവായി കമന്റുകളിടുക. അവ ഈ പോസ്റ്റില്‍ത്തന്നെ ചേര്‍ക്കാം.


ബൂലോഗത്തിലും ജാംബവാനെപ്പോലെ ഒരു ജീവിയുണ്ടു്. അതാണു “സീനിയര്‍ ബ്ലോഗര്‍”. പണ്ടു തൊട്ടേ ബ്ലോഗിംഗ് തുടങ്ങിയവരാണെന്നു പറയുന്നു. ഇപ്പോള്‍ കാര്യമായി പോസ്റ്റുകളൊന്നുമില്ല. കണ്ണു കാണാന്‍ ബുദ്ധിമുട്ടുണ്ടു്. ഇടയ്ക്കിടെ കണ്ണിന്റെ പോള പൊക്കി ഒന്നു നോക്കി ഒരു പോസ്റ്റോ കമന്റോ ഇടും. ഇങ്ങേരുടെ കാലം കഴിഞ്ഞു എന്നു കരുതി ഇരിക്കുന്ന നമ്മള്‍ അപ്പോള്‍ ഒന്നു ഞെട്ടും. പിന്നെ കാണണമെങ്കില്‍ ഒരു യുഗം കഴിയണം.

ഇങ്ങനെ ഇടയ്ക്കിടെ മുഖം കാണിക്കുന്ന സന്ദര്‍ഭത്തില്‍ ജാംബവാനെപ്പോലെ തന്റെ പഴക്കം സൂചിപ്പിക്കുന്ന ചില കഥകള്‍ പറയും:

“പണ്ടു കേരളാ ഡോട്ട് കോമിലും മലയാളവേദിയിലും ഞാന്‍ ബ്ലോഗ് ചെയ്തിട്ടുണ്ടു്…”

“ഇപ്പോള്‍ എല്ലാം എളുപ്പമല്ലേ. ഈ വരമൊഴിയും സ്വനലേഖയും മലയാളം കീബോര്‍ഡുമൊക്കെ വരുന്നതിനു മുമ്പു് ഞാന്‍ മലയാളം യൂണിക്കോഡ് ടൈപ്പു ചെയ്തിട്ടുണ്ടു്. ഓരോ കോഡ്‌പോയിന്റിന്റെയും നമ്പര്‍ നോക്കിയിട്ടു് അതിലെ ഓരോ ബിറ്റും ഓരോന്നായി പെറുക്കിവെച്ചു്. ഒരു “അ” എഴുതാന്‍ മൂന്നു ദിവസമെടുത്തു. അങ്ങനെ ഒരു മഹാകാവ്യം എഴുതിയ ആളാണു ഞാന്‍…”

“ഞങ്ങളൊക്കെ ബ്ലോഗ് ചെയ്തിരുന്ന കാലത്തു് നല്ല ഈടുള്ള കൃതികളായിരുന്നു ബ്ലോഗില്‍. ഇപ്പോള്‍ എന്താ കഥ? വായില്‍ തോന്നിയതു കോതയ്ക്കു പാട്ടു് എന്നല്ലേ?”

ഭാവിയില്‍ നമ്മളും ഇങ്ങനെയൊക്കെ പറയുമായിരിക്കും:

“ഞാന്‍ ബ്ലോഗിംഗ് തുടങ്ങിയപ്പോള്‍ പ്ലൂട്ടോ ഒരു ഗ്രഹമായിരുന്നു…”

“ചില്ലില്ലാത്ത മലയാളത്തിലാണു് ഞാന്‍ എന്റെ ഇരുനൂറാമത്തെ പോസ്റ്റ് എഴുതിയതു്…”

“കൊടകരപുരാണം പുസ്തകമാകുന്നതിനു മുമ്പു ബ്ലോഗില്‍ വായിച്ചവനാണു ഞാന്‍…”

“ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ ബ്ലോഗ് നേരിട്ടു കണ്ടിട്ടുള്ളവനാണു ഞാന്‍…”

നര്‍മ്മം
സരസശ്ലോകങ്ങള്‍

Comments (27)

Permalink

2008-ലെ കലണ്ടറും കുറേ അലപ്രകളും

കഴിഞ്ഞ കൊല്ലം ചെയ്ത പോലെ ഈക്കൊല്ലവും പഞ്ചാംഗം പ്രസിദ്ധീകരിക്കുന്നു. കഴിഞ്ഞ കൊല്ലം വായനക്കാരുടെ അപേക്ഷപ്രകാരം വിവിധ സ്ഥലങ്ങള്‍ക്കു വേണ്ടി പഞ്ചാംഗം ഉണ്ടാക്കിയിരുന്നു. ആ സ്ഥലങ്ങള്‍ക്കെല്ലാം ഈക്കൊല്ലവും പഞ്ചാംഗങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ടു്. കൂടുതല്‍ സ്ഥലങ്ങള്‍ക്കു വേണമെങ്കില്‍ ഈ പോസ്റ്റിനൊരു കമന്റിടുകയോ എനിക്കൊരു ഈ-മെയില്‍ അയയ്ക്കുകയോ ചെയ്യുക.

പഞ്ചാംഗം ഈ ബ്ലോഗിന്റെ സൈഡ്‌ബാറില്‍ മലയാളം കലണ്ടര്‍/പഞ്ചാംഗം എന്ന ലിങ്കില്‍ നിന്നു PDF ഫോര്‍മാറ്റില്‍ ഡൌണ്‍‌ലോഡ് ചെയ്യാം. ഇതിനുപയോഗിച്ച തിയറി അവിടെത്തന്നെയുള്ള ഈ പുസ്തകത്തില്‍ വിശദീകരിച്ചിട്ടുണ്ടു്.


അടിയ്ക്കടി ലഭിക്കുന്ന പ്രശ്നങ്ങള്‍ (അലപ്ര) [Frequently Asked Questions]

കഴിഞ്ഞ കൊല്ലം ഈ പഞ്ചാംഗം പ്രസിദ്ധീകരിച്ചപ്പോള്‍ വായനക്കാര്‍ ചോദിച്ചതും ഇനി ചോദിക്കാന്‍ ഇടയുള്ളതുമായ പ്രധാന ചോദ്യങ്ങളും അവയുടെ മറുപടികളുമാണു് താഴെ.

  1. ഇതൊരു പഞ്ചാംഗമാണോ?
    തിഥി, നക്ഷത്രം, വാരം, യോഗം, കരണം എന്നിവ അടങ്ങിയതാണു പഞ്ചാംഗം. ഇതില്‍ ആദ്യത്തേതു മൂന്നുമുണ്ടു്. അവസാനത്തേതു രണ്ടുമില്ല. അതിനാല്‍ ഇതിനെ പഞ്ചാംഗം എന്നു പറഞ്ഞുകൂടാ. എങ്കിലും ഇതിലുള്ള വിവരങ്ങളില്‍ നിന്നു യോഗവും കരണവും കണ്ടുപിടിക്കാനുള്ള വഴി കേരളപഞ്ചാംഗഗണനം (പേജ് 5, 9, 10) എന്ന പുസ്തകത്തില്‍ വിവരിക്കുന്നുണ്ടു്.

  2. ഇതൊരു കലണ്ടറാണോ?
    തീയതികളും മറ്റു വിവരങ്ങളും കൃത്യമായി കൊടുത്തിട്ടുള്ളതുകൊണ്ടു് (A calendar is a system of organizing days for a socially, religious, commercially, or administratively useful purpose എന്നു വിക്കിപീഡിയ.) ഇതൊരു കലണ്ടറാണെന്നു പറയാം. എന്നാല്‍ വര്‍ണ്ണശബളമായ ചിത്രങ്ങളോടു കൂടിയോ അല്ലാതയോ ഓരോ മാസത്തെയും ആഴ്ച തിരിച്ചു പട്ടികയാക്കി കാണിച്ചു ഭിത്തിയില്‍ തൂങ്ങുന്ന സാധനം എന്ന അര്‍ത്ഥത്തില്‍ ഇതു കലണ്ടറല്ല.

  3. ഈ കുന്ത്രാണ്ടം ഉണ്ടാക്കാന്‍ എന്താണു പ്രചോദനം?
    കലണ്ടര്‍, ആഴ്ച, തീയതി, നക്ഷത്രം, തിഥി തുടങ്ങിയവ പണ്ടേ എനിക്കു താത്പര്യമുള്ള വിഷയങ്ങളായിരുന്നു. അമേരിക്കയില്‍ വെച്ചു് പിറന്നാള്‍ എന്നാഘോഷിക്കണം, ഇവിടെ ജനിക്കുന്ന കുട്ടിയുടെ നക്ഷത്രമെന്താണു്, രാഹുകാലം എപ്പോള്‍ നോക്കണം, ഷഷ്ഠി, പ്രദോഷം തുടങ്ങിയ വ്രതങ്ങള്‍ എന്നാണു നോക്കേണ്ടതു് തുടങ്ങിയ ചോദ്യങ്ങള്‍ക്കു മറുപടി പറഞ്ഞുകൊടുക്കുന്നതിനോടൊപ്പം മാതൃഭൂമി കലണ്ടര്‍ നോക്കി ഈ സമയങ്ങള്‍ എങ്ങനെ അമേരിക്കന്‍ സമയത്തിലേക്കു മാറ്റി ഇവ കണ്ടുപിടിക്കും എന്നു മനുഷ്യര്‍ക്കു പറഞ്ഞുകൊടുത്തതൊക്കെ അവര്‍ ഒരു ചെവിയിലൂടെ അകത്തേയ്ക്കെടുത്തു് മറുചെവിയിലൂടെ പുറത്തേയ്ക്കു കളഞ്ഞു് അടുത്ത തവണയും അതേ ചോദ്യവുമായി വരുന്നതില്‍ മനം നൊന്തു് എല്ലാവര്‍ക്കുമായി ഉണ്ടാക്കിയതാണു് ഇതു്.

    ആദ്യം ഇംഗ്ലീഷിലായിരുന്നു. മലയാളത്തിലാക്കാന്‍ പ്രചോദനം രാജേഷ് വര്‍മ്മയാണു്. ശ്രീ എ. ജെ. അലക്സ് സരോവര്‍ പോര്‍ട്ടലില്‍ ഇട്ടിരുന്ന LaTeX മലയാളം പാക്കേജ് ഉപയോഗിച്ചു മലയാളം ഉണ്ടാക്കുന്ന ഒരു വിദ്യ അറിയാമായിരുന്നു. വരമൊഴിയെയും ബ്ലോഗുകളെയും യൂണിക്കോഡിനെയും ഒക്കെ പരിചയപ്പെടുന്നതിനു മുമ്പാണു സംഭവം. ഒരു കമ്പ്യൂട്ടര്‍ പ്രോഗ്രാമില്‍ നിന്നു LaTeX സോഴ്സ് ഉണ്ടാക്കാന്‍ പറ്റുമെന്നതിനാല്‍ ഇതിനെ ഒരു പ്രോഗ്രാമിലൊതുക്കാനും പറ്റി.

    പിന്നെ, ബ്ലോഗു തുടങ്ങിയപ്പോള്‍ എല്ലാക്കൊല്ലവും ഇതു പ്രസിദ്ധീകരിക്കാനും തുടങ്ങി.

  4. 10 മുതല്‍ 21 വരെയുള്ള പേജുകളില്‍ ഉള്ള പട്ടികകള്‍ എങ്ങനെയാണു് ഉപയോഗിക്കുക?
    ആദ്യത്തെ മൂന്നു കോളങ്ങളില്‍ ഇംഗ്ലീഷ്, മലയാളം, ശകവര്‍ഷത്തീയതികളെ സൂചിപ്പിക്കുന്നു. പിന്നെ ആഴ്ച. അടുത്ത രണ്ടു കോളങ്ങളില്‍ നക്ഷത്രവും തിഥിയും. പിന്നെ ഉദയവും അസ്തമയവും. അതിനു ശേഷം രാഹുകാലം.

    പട്ടികയ്ക്കു താഴെ ഏകാദശി, പ്രദോഷം, ഷഷ്ഠി എന്നീ വ്രതങ്ങളുടെ ദിവസങ്ങള്‍ കൊടുത്തിരിക്കുന്നു. മുകളില്‍ മാസങ്ങള്‍, സംക്രമസമയം തുടങ്ങിയ വിവരങ്ങളും.

    C

  5. 10 മുതല്‍ 21 വരെയുള്ള പേജുകളില്‍ ഉള്ള പട്ടികകള്‍ ഉപയോഗിച്ചു നക്ഷത്രവും തിഥിയും എങ്ങനെ കണ്ടുപിടിക്കും?
    ഒരു നക്ഷത്രത്തില്‍ നിന്നു മറ്റൊന്നിലേക്കു മാറുന്നതു ദിവസത്തിനിടയിലായിരിക്കും. അതുകൊണ്ടു് രണ്ടും ഇടയില്‍ / ഇട്ടു കാണിച്ചിരിക്കുന്നു. ആദ്യത്തേതില്‍ നിന്നു രണ്ടാമത്തേതിലേക്കു മാറുന്ന സമയവും കാണിച്ചിട്ടുണ്ടാവും. ഒരു ദിവസത്തില്‍ ഒന്നിലധികം തവണ മാറുന്നുണ്ടെങ്കില്‍ രണ്ടു വരികളിലായി കൊടുത്തിട്ടുണ്ടാവും.

    സൂര്യോദയസമയത്തെ നക്ഷത്രവും തിഥിയും കട്ടിയുള്ള അക്ഷരത്തില്‍ കൊടുത്തിരിക്കുന്നു. ഇതു മാത്രമേ സാധാരണ കലണ്ടറുകള്‍/പഞ്ചാംഗങ്ങള്‍ കൊടുക്കാറുള്ളൂ.

    ഉദാഹരണമായി കോഴിക്കോട്ടെ പഞ്ചാംഗത്തില്‍ 2008 ജനുവരി 4 നോക്കുക. (പേജ് 10, പട്ടിക 1 2.1.) 2008 ജനുവരി 4. 1183 ധനു 19. 1929 പൌഷം 14. വെള്ളിയാഴ്ച. സൂര്യോദയത്തിനു നക്ഷത്രം വിശാഖം. ഉച്ചയ്ക്കു 2:23-നു വിശാഖത്തില്‍ നിന്നു് അനിഴമാകും. സൂര്യോദയത്തിനു തിഥി കറുത്ത പക്ഷത്തിലെ ഏകാദശി. രാവിലെ 10:06-നു ദ്വാദശിയാകും. സൂര്യോദയം 6:50-നു്. അസ്തമയം 6:12-നു്. രാഹുകാലം 11:06 മുതല്‍ 12:31 വരെ.

  6. വെള്ളിയാഴ്ച രാഹുകാലം രാവിലെ പത്തര മുതല്‍ പന്ത്രണ്ടു വരെ എന്നാണല്ലോ മാതൃഭൂമി കലണ്ടറില്‍.
    സൂര്യന്‍ ആറു മണിക്കുദിച്ചു് ആറു മണിക്കസ്തമിച്ചാല്‍ പത്തര മുതല്‍ പന്ത്രണ്ടു വരെയാണു്. ഉദയാസ്തമയങ്ങള്‍ അനുസരിച്ചു് കാലങ്ങളും മാറും. ഈ ദിവസം 6:50-നു് ഉദിച്ചു് 6:12-നു് അസ്തമിക്കുന്നതുകൊണ്ടു കാലങ്ങളും അതിനനുസരിച്ചു മാറും. വിശദവിവരങ്ങള്‍ കേരളപഞ്ചാംഗഗണനം എന്ന പുസ്തകത്തില്‍ പതിനൊന്നാം പേജിലുണ്ടു്. മറ്റു സ്ഥലങ്ങളില്‍ ഇതു വ്യത്യസ്തമായിരിക്കും.

  7. ഈ രാഹുകാലം എന്നൊക്കെ പറയുന്നതു് അന്ധവിശ്വാസമല്ലേ? പിന്നെ എന്തിനാണു് അതല്ല ഇതാണു ശരി എന്നു പറയുന്നതു്?
    രാഹുകാലം അന്ധവിശ്വാസമല്ല. അതൊരു സമയനിര്‍ണ്ണയോപാധിയാണു്. രാഹുകാലം തുടങ്ങിയ കാലങ്ങള്‍ നോക്കി ചെയ്യുന്ന പ്രവൃത്തികള്‍ക്കു ഗുണദോഷങ്ങള്‍ ഉണ്ടു് എന്നു പറയുന്നതാണു് അന്ധവിശ്വാസം.

    ജ്യോതിഷം എന്ന “ശാസ്ത്ര”ത്തെ ശരിയെന്നു കരുതുന്നവരും ഇതൊന്നും ശരിയായി കലണ്ടറുകളിലും പഞ്ചാംഗങ്ങളിലും കാണിക്കാറില്ലെന്നും, ശരാശരി മാത്രം കാണിച്ചാലും ഈ വ്യത്യാസത്തിന്റെ വിശദവിവരങ്ങള്‍ വ്യക്തമാക്കാറില്ല എന്നും വ്യക്തമാക്കാന്‍ കൂടിയാണു് ഇതിവിടെ ഉള്‍ക്കൊള്ളിച്ചിരിക്കുന്നതു്.

  8. ഇതില്‍ രാഹുകാലമേ ഉള്ളല്ലോ. ഗുളികകാലം, യമകണ്ടകകാലം തുടങ്ങിയവ എങ്ങനെ കണ്ടുപിടിക്കും?
    കേരളപഞ്ചാംഗഗണനം എന്ന പുസ്തകത്തില്‍ പതിനൊന്നാം പേജു നോക്കി ഉദയാസ്തമയങ്ങളില്‍ നിന്നു കണക്കുകൂട്ടുക.

  9. 24-ാ‍ം പേജു മുതല്‍ 35-ാ‍ം പേജു വരെയുള്ള പട്ടികകള്‍ എങ്ങനെ ഉപയോഗിക്കാം?
    ഓരോ ദിവസവും തുടങ്ങുമ്പോഴുള്ള (അര്‍ദ്ധരാത്രി) ഗ്രഹസ്ഫുടമാണു് അതിലുള്ളതു്. ഉദാഹരണമായി ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ് ടൈം 2008 ജനുവരി 1-നു മുമ്പുള്ള അര്‍ദ്ധരാത്രിയ്ക്കു സൂര്യന്‍ ധനു 15:43, ചന്ദ്രന്‍ കന്നി 20:34, ചൊവ്വ മിഥുനം 5:58, ബുധന്‍ ധനു 23:56, വ്യാഴം ധനു 9:4, ശുക്രന്‍ വൃശ്ചികം 7:16, ശനി ചിങ്ങം 14:36, രാഹു കുംഭം 6:22, കേതു ചിങ്ങം 6:22.

    C

  10. കുജന്‍, ശനി, രാഹു, കേതു എന്നിവയുടെ സ്ഫുടം കട്ടിയുള്ള അക്ഷരത്തിലാണല്ലോ.
    അവ വക്രം (retrograde) ആണെന്നാണു് അര്‍ത്ഥം. ഭൂമിയില്‍ നിന്നു നോക്കുമ്പോള്‍ അവ പുറകോട്ടു പോകുന്നതായി തോന്നുന്നു എന്നര്‍ത്ഥം. ഇതെന്തുകൊണ്ടാണെന്നു് (സൂര്യനെ ചുറ്റി ഭൂമിയുള്‍പ്പെടെയുള്ള ഗ്രഹങ്ങള്‍ സഞ്ചരിക്കുന്നതുകൊണ്ടു്) പണ്ടുള്ളവര്‍ക്കു് അറിയാന്‍ പാടില്ലാത്തതിനാല്‍ അധിവൃത്തങ്ങളുടെ ഒരു തിയറി ഉണ്ടാക്കുകയും വക്രനായാല്‍ ഒരു ഗ്രഹത്തിന്റെ ബലം വിപരീതമാകുകയോ കുറയുകയോ ചെയ്യുമെന്നും പറഞ്ഞു.

    സൂര്യനും ചന്ദ്രനും ഒരിക്കലും വക്രമാവില്ല. (കാരണം നമുക്കറിയാം. സൂര്യനെ ഭൂമിയും ഭൂമിയെ ചന്ദ്രനും ഒരേ ദിശയില്‍ത്തന്നെ ചുറ്റുന്നു.) സൂര്യ-ചന്ദ്രപഥങ്ങളുടെ സംഗമബിന്ദുക്കള്‍ എപ്പോഴും പുറകോട്ടു പോകുന്നതു കൊണ്ടു് രാഹുവും കേതുവും എപ്പോഴും വക്രന്മാരാണു്. ബാക്കി എല്ലാ ഗ്രഹങ്ങളും വക്രമാവാം. ഇതൊക്കെ ജ്യോതിഷപുസ്തകങ്ങളില്‍ പ്രത്യേകനിയമങ്ങളായി കൊടുത്തിട്ടുണ്ടു്. ചില “കാരണങ്ങളും” പറഞ്ഞിട്ടുണ്ടു്.

  11. അര്‍ദ്ധരാത്രിയല്ലാത്ത സമയത്തിന്റെ സ്ഫുടം എങ്ങനെ കണ്ടുപിടിക്കും?
    Linear interpolation ഉപയോഗിക്കുക. ഇതില്‍ കൂടുതല്‍ granularity കൊടുക്കാന്‍ നിവൃത്തിയില്ല. പഞ്ചാംഗങ്ങളില്‍ 10 ദിവസങ്ങളിലൊരിക്കല്‍ ഉള്ള സ്ഫുടമേ ഉള്ളൂ എന്നും ഓര്‍ക്കുക.

  12. യുറാനസ്, നെപ്റ്റ്യൂണ്‍, പ്ലൂട്ടോ എന്നിവ കാണുന്നില്ലല്ലോ? 🙂
    36-ാ‍ം പേജില്‍ അതുമുണ്ടു്. മാസത്തില്‍ രണ്ടു പ്രാവശ്യമേ ഉള്ളൂ എന്നു മാത്രം. ആര്‍ക്കെങ്കിലും വേണമെങ്കില്‍ എടുക്കാം 🙂

  13. എന്താണു ലഗ്നം? 38 മുതല്‍ 49 വരെയുള്ള പേജുകളിലെ ടേബിളുകള്‍ എന്തിനാണു്?
    ഒരു സ്ഥലത്തിന്റെ കൃത്യം കിഴക്കുഭാഗത്തു് ഒരു പ്രത്യേക സമയത്തു് ഉള്ള രാശിയാണു ലഗ്നം (Ascendant). രാശി എന്നതുകൊണ്ടു് ഒരു ബിന്ദുവിനെ അടിസ്ഥാനമാക്കിയുള്ള ആംഗിള്‍ എന്നു കരുതിയാല്‍ മതി. ഇതു് ഓരോ സ്ഥലത്തിനും (ഒരേ ടൈം സോണിലുള്ളവയ്ക്കും) വ്യത്യസ്തമായിരിക്കും.

    ഇതു ജ്യോതിഷത്തില്‍ മാത്രമുപയോഗിക്കുന്ന ഒരു കാര്യമാണു്. സാധാരണ ആവശ്യമുള്ളതല്ല.

  14. ഇവയിലെ ആദ്യത്തെ സെറ്റ് ടേബിളുകളേ സാധാരണ ആവശ്യമുള്ളൂ. ഇതു മൂന്നു ഡോക്യുമെന്റ് ആയി പ്രസിദ്ധീകരിച്ചുകൂടേ? എല്ലാം കൂടി പ്രിന്റ് ചെയ്യണ്ടല്ലോ.
    അക്രോബാറ്റ് റീഡറില്‍ പറയുന്ന പേജുകള്‍ മാത്രം പ്രിന്റു ചെയ്യാനുള്ള വകുപ്പുണ്ടല്ലോ.

    ടേബിളുകള്‍ പുനഃക്രമീകരിക്കണമെന്നു് ആഗ്രഹമുണ്ടു്. ഒരേ ടൈം സോണിലുള്ളവയ്ക്കു പൊതുവായുള്ളതു വേറെയും വ്യത്യസ്തമായതു വേറെയും എന്നിങ്ങനെ. മുസ്ലീം നമസ്കാരസമയം തുടങ്ങിയവയും അതിനോടൊപ്പം ചേര്‍ക്കാം.

  15. നക്ഷത്രവും മറ്റും മാറുന്ന സമയം സാധാരണ കലാണ്ടറുകളില്‍ കാണുന്നതില്‍ നിന്നു വ്യത്യാസമുണ്ടല്ലോ, ഞാന്‍ കോഴിക്കോട്ടേ പഞ്ചാംഗം നോക്കിയിട്ടും?
    സാധാരണ കലണ്ടറുകളിലും പഞ്ചാംഗങ്ങളിലും ഉദയാല്‍പ്പരനാഴികയാണു കൊടുക്കുക. അതായതു്, സൂര്യോദയത്തിനു ശേഷം എത്ര നാഴിക (1 നാഴിക = 24 മിനിട്ടു് = 60 വിനാഴിക) കഴിഞ്ഞാണെന്നു്.

    ഉദാഹരണമായി, 2008 ജനുവരി 2-നു കോഴിക്കോട്ടു് ഉദയം 6:49-നാണു്. ചിത്തിര നക്ഷത്രം ചോതിയാകുന്നതു് 8:26-നാണു്-അതായതു് ഉദയം കഴിഞ്ഞു് 97 മിനിറ്റ് കഴിഞ്ഞു്, അതായതു് 97/24 = 4.041666… നാഴിക കഴിഞ്ഞു്. അതായതു് 4 നാഴിക 2.5 വിനാഴിക കഴിഞ്ഞു്. കലണ്ടറുകളില്‍ 4:2 എന്നോ 4:3 എന്നോ കാണാം.

    സൂര്യോദയത്തിനു നാഴികവട്ട സജ്ജീകരിച്ചു് അതിനെ നോക്കി സമയം കണ്ടുപിടിക്കുന്ന രീതി ഇപ്പോഴും തുടരുന്നതു് എന്തിനാണെന്നറിയില്ല. കലണ്ടറിലെ സമയം കണ്ടുപിടിക്കാന്‍ ആളുകള്‍ക്കു് ഇപ്പോള്‍ അന്നത്തെ സൂര്യോദയം കണ്ടുപിടിച്ചു് അതു കുറച്ചു് മണിക്കൂര്‍/മിനിട്ടു് ആക്കണം.

  16. ചില ജ്യോതിഷകാര്യങ്ങള്‍ക്കു് ഉദയാല്‍പ്പരനാഴിക തന്നെ വേണമെന്നു കേള്‍ക്കുന്നല്ല്ലോ.
    ലഗ്നം കണ്ടുപിടിക്കാനുള്ള ഭാരതീയരീതിയ്ക്കാണു് അതു വേണ്ടതു്. ഈ പഞ്ചാംഗത്തില്‍ ലഗ്നത്തിനു വേറേ പട്ടികകളുണ്ടു്. ഇനി ഉദയാല്‍പ്പരനാഴിക കണ്ടുപിടിക്കണമെങ്കില്‍ത്തന്നെ മുകളില്‍ കൊടുത്തിരിക്കുന്ന രീതിയില്‍ കണക്കു കൂട്ടി കണ്ടുപിടിക്കാം.

  17. ജ്യോതിഷത്തിനു ശാസ്ത്രീയാടിസ്ഥാനമുണ്ടോ?
    ശാസ്ത്രീയമായ പഠനങ്ങള്‍ കാണിക്കുന്നതു സംഭാവ്യതാശാസ്ത്രം തരുന്നതില്‍ കൂടുതല്‍ ഫലമൊന്നും ജ്യോതിഷത്തിന്റെ പ്രവചനങ്ങള്‍ക്കില്ല എന്നാണു്. അതിനാല്‍ ശാസ്ത്രീയാടിസ്ഥാനം ഇല്ലെന്നു തന്നെ പറയേണ്ടി വരും.

  18. എന്റെ സ്ഥലത്തിന്റെ പഞ്ചാംഗം ഈ ലിസ്റ്റിലില്ലല്ലോ. എന്തു ചെയ്യും?
    അടുത്തുള്ളതും അതേ ടൈം‌സോണിലുള്ളതുമായ ഏതെങ്കിലും സ്ഥലത്തിന്റെ പഞ്ചാംഗം കൊണ്ടു് തത്ക്കാലം അഡ്‌ജസ്റ്റു ചെയ്യൂ. കോഴിക്കോട്ടോ കോട്ടയത്തോ ഗണിച്ച കലണ്ടര്‍ കൊണ്ടു മലയാളികള്‍ മുഴുവന്‍ അഡ്ജസ്റ്റു ചെയ്യുന്നില്ലേ?

    അതു പോരാ എന്നുണ്ടെങ്കില്‍ ഏതു സ്ഥലത്തിന്റെ പഞ്ചാംഗം വേണമെന്നു കാണിച്ചു് ഒരു കമന്റിടുക. ഉമേഷ്.പി.നായര്‍ അറ്റ് ജീമെയില്‍.കോം എന്ന വിലാസത്തില്‍ ഒരു മെയിലയച്ചാലും മതി.

  19. ഭൂമിയിലുള്ള ഏതു സ്ഥലത്തിന്റെയും പഞ്ചാംഗം ഗണിക്കാന്‍ പറ്റുമോ?
    പറ്റില്ല. ഇതിലെ പലതും കണ്ടുപിടിക്കുന്നതിനു് ആ ദിവസത്തെ സൂര്യോദയാസ്തമയങ്ങള്‍ ആവശ്യമാണു്. ആറുമാസത്തേയ്ക്കു സൂര്യന്‍ ഉദിക്കുകയോ അസ്തമിക്കുകയോ ചെയ്യാത്ത ആര്‍ട്ടിക് സര്‍ക്കിളിനു വടക്കുള്ളതോ അന്റാര്‍ട്ടിക് സര്‍ക്കിളിനു തെക്കുള്ളതോ ആയ സ്ഥലങ്ങള്‍ക്കു് ഈ ക്രിയകള്‍ എങ്ങനെ ചെയ്യും എന്നു് എനിക്കറിയില്ല.

    നോര്‍വ്വേ, സ്വീഡന്‍, ഫിന്‍ലാന്‍ഡ്, റഷ്യ, അമേരിക്ക (അലാസ്ക സ്റ്റേറ്റ്), കാനഡ, ഗ്രീന്‍‌ലാന്‍ഡ്, ഐസ്‌ലാന്‍ഡ് എന്നീ രാജ്യങ്ങളില്‍ മാത്രമേ ആര്‍ട്ടിക് സര്‍ക്കിളിന്റെ വടക്കു മനുഷ്യവാസമുള്ളൂ. അന്റാര്‍ട്ടിക് സര്‍ക്കിളിനു തെക്കു് അന്റാര്‍ട്ടിക്ക മാത്രമേ ഉള്ളൂ.

  20. ഞാന്‍ ഫിന്‍ലാന്‍ഡില്‍ താമസിക്കുന്ന ഒരു ബ്ലോഗസഹോദരനാണു്. എനിക്കിവിടെ ആറു മാസം പകലും ആറു മാസം രാത്രിയുമാണു്. എന്റെ പ്രിയപ്പെട്ട ബ്ലോഗസഹോദരനു പിറന്നാള്‍ ആശംസകള്‍ ഫോണില്‍ വിളിച്ചു് അര്‍പ്പിക്കുന്നതെങ്ങനെയെന്നു പറഞ്ഞുതരാമോ?
    ആര്‍ട്ടിക് സര്‍ക്കിളിനു തെക്കുള്ള ഹെല്സിങ്കിയിലെ പഞ്ചാംഗം വേണമെങ്കില്‍ ഉണ്ടാക്കിത്തരാം. അല്ലെങ്കില്‍ അതേ ടൈം‌സോണിലുള്ള ഏതെങ്കിലും പഞ്ചാംഗം നോക്കി പിറന്നാളിന്റെ തീയതി കണ്ടുപിടിച്ചു വിളിച്ചാല്‍ മതി.

    സൂര്യോദയത്തിനു് നക്ഷത്രം വരുന്ന ദിവസമാണു് പിറന്നാളായി ആഘോഷിക്കുന്നതു്. ഈ പഞ്ചാംഗത്തില്‍ അതു കട്ടിയുള്ള അക്ഷരത്തില്‍ കൊടുത്തിരിക്കുന്നു.

    പിന്നെ, തലയില്‍ ഒരു രോമമെങ്കിലുമുള്ളവരുടെ മാത്രമേ പിറന്നാള്‍ ആഘോഷിക്കാറുള്ളൂ 🙂

  21. ഞാന്‍ ഇന്ത്യ, ജപ്പാന്‍, യൂറോപ്പ്, അമേരിക്ക തുടങ്ങിയ സ്ഥലങ്ങളില്‍ ഒരു ജിടെന്‍ഷാ അഥവാ സൈക്കിളില്‍ പര്യടനം നടത്തുന്ന ഒരു സഞ്ചാരിയാണു്. ഞാന്‍ ഇപ്പോള്‍ എവിടെയാണെന്നു പറയാന്‍ എനിക്കു മനസ്സില്ല. എനിക്കു ഷഷ്ഠി, ഏകാദശി തുടങ്ങിയ വ്രതങ്ങള്‍ അനുഷ്ഠിക്കാന്‍ ഏതു പഞ്ചാംഗമാണു നോക്കേണ്ടതു്?
    യാത്ര ചെയ്യുമ്പോള്‍ വ്രതം നോക്കാന്‍ പഞ്ചാംഗം നോക്കണ്ടാ സഞ്ചാരീ. എവിടെയാണെന്നു പറയാന്‍ മനസ്സില്ലെങ്കില്‍ ഈ ചോദ്യത്തിനു് ഉത്തരം പറയാന്‍ എനിക്കും മനസ്സില്ല.

  22. ഇന്ത്യ, അമേരിക്ക, ഉഗാണ്ടാ, കൊളംബിയ, ഇറ്റലി, അന്റാര്‍ട്ടിക്ക തുടങ്ങിയ സ്ഥലങ്ങളില്‍ ഓരോ ആഴ്ചയും മാറിമാറി താമസിക്കുന്ന ഒരു ക്രിസ്ത്യാനിപ്പെണ്ണാണു ഞാന്‍. ഓരോ ആഴ്ചയിലും പേരും മാറ്റാറുണ്ടു്. എല്ലാ ക്ഷാരബുധനും, ദുഃഖവെള്ളിയാഴ്ചയ്ക്കും ക്രിസ്തുമസ്സിനും ഞാന്‍ ഓരോ ബ്ലോഗ് ഡിലീറ്റ് ചെയ്തു ബലിയര്‍പ്പിക്കാറുണ്ടു്. ഈ ദിവസങ്ങള്‍ കണ്ടുപിടിക്കാന്‍ ഞാന്‍ ഏതു പഞ്ചാംഗമാണു നോക്കേണ്ടതു്?
    ക്രിസ്തുമസ് എല്ലാക്കൊല്ലവും എല്ലാ പഞ്ചാംഗത്തിലും ഡിസംബര്‍ 25 ആണു്. ബാക്കിയുള്ളവ മാറും. എങ്കിലും ഒരു പ്രത്യേക വര്‍ഷത്തില്‍ അവയെല്ലാം നിശ്ചിതതീയതിയിലായിരിക്കും. അതുകൊണ്ടു് ഏതെങ്കിലും പഞ്ചാംഗം നോക്കിയാല്‍ മതി.
    എവിടെയായാലും 2008-ല്‍ ക്ഷാരബുധന്‍ ഫെബ്രുവരി 6, ദുഃഖവെള്ളിയാഴ്ച മാര്‍ച്ച് 21, ക്രിസ്തുമസ് ഡിസംബര്‍ 25. ഈ തീയതികളില്‍ ബ്ലോഗ് ഡിലീറ്റ് ചെയ്തുകൊള്ളൂ.

  23. ഇതു മൊത്തം തെറ്റാണു ചേട്ട. ക്രിസ്തുമസ് ഡിസംബര്‍ 25 അല്ല. ഗാന്ധിജയന്തി വിശേഷദിവസമായി കാണിക്കാന്‍ തക്ക മഹാത്മാവല്ല ഗാന്ധി. അമേരിക്കാ‍ാ‍ാ‍ാ‍ായിലെ താങ്ക്സ് ഗിവിംഗുമൊക്കെ മലയാളം പഞ്ചാങ്കത്തില്‍ എന്തരു കാട്ടണതു്?
    പോപ്പുലറായ കുറച്ചു വിശേഷദിവസങ്ങളാണു് ഇതിലുള്ളതു്. സമഗ്രമെന്നു് അവകാശപ്പെടുന്നില്ല. പല വിശേഷദിവസങ്ങളും ശരിയായ ദിവസത്തിലല്ല ആഘോഷിക്കുന്നതെന്നറിയാം. എങ്കിലും പൊതുവേ ഉപയോഗിച്ചു വരുന്ന തീയതികളാണു് ഇതില്‍ കാണുക.

    ഇതിന്റെ വലിയൊരു പങ്ക് ഉപഭോക്താക്കള്‍ അമേരിക്കയിലുള്ളവരാണു്. അതുകൊണ്ടാണു് അമേരിക്കന്‍ വിശേഷദിവസങ്ങളും ഉള്‍ക്കൊള്ളിച്ചതു്.

  24. ഇതു മൊത്തം ആസ്കി ഫോണ്ടാണല്ലോ. ഈ മല്ല്ലുക്കളോടു പറഞ്ഞു മടുത്തു. എത്ര പറഞ്ഞാലും നീയൊന്നും യൂണിക്കോട് ഉപയോഗിക്കുകയില്ല എന്നുറച്ചിരിക്കുകയാണോ? നിന്നെയൊക്കെ വേലിപ്പത്തലൂരി മുക്കാലിയില്‍ കെട്ടി അടിക്കണം.
    യൂണിക്കോഡിനെപ്പറ്റി അറിയാത്ത കാലത്തു് ഉണ്ടാക്കിയതാണിതു്. PDF-ല്‍ യൂണിക്കോഡ് അല്പം ബുദ്ധിമുട്ടുമാണു്. ഈയിടെ ഒരു ലാറ്റക് മലയാളം/ഒമേഗ പാക്കേജ് http://malayalam.sarovar.org/-ല്‍ കണ്ടു. അതു് ഉപയോഗിച്ചു തുടങ്ങുന്നതേ ഉള്ളൂ. അതു ശരിയായി ഉപയോഗിക്കാന്‍ പഠിച്ചാല്‍ ഇതും യൂണിക്കോഡിലാക്കാം.

  25. ബാംഗ്ലൂരില്‍ നിന്നും അമേരിക്കയിലെ മിനസോട്ടയിലേക്കു കുടിയേറിപ്പാര്‍ത്ത ഒരു രണ്ടക്ക-ഐക്യു ബ്ലോഗറാ‍ണു ഞാന്‍. ഞാന്‍ എവിടെപ്പോയാലും അവിടെ അത്യാഹിതം സംഭവിക്കും. ഒരു പാലത്തിന്റെ പടമെടുത്താ‍ല്‍ അതു പൊളിയും. വെക്കേഷനു പോകുന്ന സ്ഥലത്തു തീപിടിത്തമുണ്ടാവും. യാത്ര തുടങ്ങുമ്പോള്‍ രാഹുകാലം നോക്കാത്തതുകൊണ്ടാണു് ഇങ്ങനെ സംഭവിക്കുന്നതു് എന്നു് ബാംഗ്ലൂരുള്ള ഒരു മുന്‍ കമ്യൂണിസ്റ്റ് നേതാവു പറഞ്ഞു. ഇതു ശരിയാണോ?
    ശരിയല്ല. രാഹുകാലം നോക്കുന്നതു് ഒരു അന്ധവിശ്വാസമാണു്. അതു നോക്കുന്നതുകൊണ്ടോ നോക്കാത്തതു കൊണ്ടോ ഒരു വ്യത്യാസവും ഉണ്ടാവുകയില്ല.

  26. രാഹുകാലം, ഗ്രഹസ്ഫുടങ്ങള്‍, ലഗ്നം ഇവയൊക്കെ കൊടുക്കുന്നതുകൊണ്ടു് താങ്കള്‍ അന്ധവിശ്വാസങ്ങളെ പ്രോത്സാഹിപ്പിക്കുകയല്ലേ?
    ഞാന്‍ ഇവയുടെ സമയം കണക്കുകൂട്ടി കൊടുക്കുക മാത്രമാണു ചെയ്യുന്നതു്. അല്ലാതെ ആ സമയങ്ങള്‍ക്കു് എന്തെങ്കിലും പ്രത്യേകതയുണ്ടെന്നോ ആ സമയത്തു ചെയ്യുന്ന കാര്യങ്ങള്‍ക്കു ഗുണമോ ദോഷമോ ഉണ്ടാകും എന്നോ പറയുന്നില്ല. എന്നു മാത്രമല്ല, ഇത്തരം കാര്യങ്ങള്‍ വെറും അന്ധവിശ്വാസമാണെന്ന അഭിപ്രായക്കാരനാണു ഞാന്‍.

    ഞാന്‍ ഇതു പ്രസിദ്ധീകരിക്കുന്നതിനു പല കാരണങ്ങളുണ്ടു്:

    1. മലയാളികളുടെ പല വിശേഷദിവസങ്ങളും (ഓണം, വിഷു, ഈസ്റ്റര്‍ തുടങ്ങിയവ) കണ്ടുപിടിക്കുന്നതു ശ്രമകരമാണു്. ഇവയില്‍ പലതും മതപരമായ കാര്യങ്ങളുമായി ബന്ധപ്പെട്ടു കിടക്കുന്നെങ്കിലും മലയാളിയുടെ സംസ്കാരത്തിന്റെ ഭാഗമാണു്. അവ ആചരിക്കുന്നവര്‍ക്കു്, പ്രത്യേകിച്ചു വിദേശത്തുള്ളവര്‍ക്കു്, ചിന്താക്കുഴപ്പമില്ലാതെ അവരവരുടെ സമയത്തില്‍ അവയെ കാണിക്കുന്നതു പ്രയോജനപ്രദമാകും എന്നു കരുതി.
    2. ജ്യോതിഷപ്രവചനങ്ങള്‍ തെറ്റുമ്പോള്‍ പലപ്പോഴും കണക്കുകൂട്ടലുകള്‍ തെറ്റിയതുകൊണ്ടാണു് അങ്ങനെ സംഭവിച്ചതു് എന്നൊരു വാദം കേള്‍ക്കാറുണ്ടു്. അത്തരം സന്ദര്‍ഭങ്ങളില്‍ കൃത്യമായ കണക്കുകൂട്ടലുകള്‍ പരിശോധിക്കാനുള്ള ഒരു സംവിധാനം ഇതു നല്‍കുന്നു. ആധുനികജ്യോതിശ്ശാസ്ത്രം (astronomy) ഉപയോഗിച്ചു ഗ്രഹങ്ങളുടെ സ്ഥാനം കണ്ടുപിടിക്കുന്നതിനോടൊപ്പം ഭാരതീയജ്യോതിഷത്തിലെ നക്ഷത്രം, തിഥി, ലഗ്നം തുടങ്ങിയവയും കൃത്യമായി കണ്ടുപിടിക്കുന്നു. ജ്യോത്സ്യന്മാര്‍ സാധാരണയായി ഉപയോഗിക്കുന്ന ത്രൈരാശികം (linear interpolation) എന്ന ഏകദേശക്കണക്കിനു പകരം സൂക്ഷ്മമായ iterative algorithms ഉപയോഗിച്ചാണു് സങ്കീര്‍ണ്ണമായ ഗണിതക്രിയകള്‍ ചെയ്യുന്നതു്.
    3. കലണ്ടറുകളില്‍ കാണുന്ന ഉദയാല്‍പ്പരനാഴികയ്ക്കു പകരം ഇന്നു പ്രചാരത്തിലുള്ള ഘടികാരസമയം തന്നെ കാണിക്കുക. Day light savings ഉള്ള സ്ഥലങ്ങളില്‍ അതും കണക്കിലെടുക്കുക.
    4. വ്രതങ്ങളും മറ്റും നോക്കുന്ന വിശ്വാസികള്‍ക്കു് നാട്ടിലെ കലണ്ടറില്‍ നിന്നു സമയം സംസ്കരിച്ചെടുക്കാനുള്ള ബുദ്ധിമുട്ടു്‌ ഒഴിവാക്കാന്‍ ഒരു വഴി.

    ഇവയാണു്, ഇവ മാത്രമാണു്, ഇതിന്റെ ഉദ്ദേശ്യം. അന്ധവിശ്വാസങ്ങളെ പ്രോത്സാഹിപ്പിക്കാനല്ല, എതിര്‍ക്കാ‍ന്‍ തന്നെയാണു് എന്റെ ശ്രമം.

  27. അഗ്രഹാരത്തില്‍ ജനിച്ചു് ഇപ്പോഴും പൂജ, കൂടോത്രം, ജ്യോതിഷം, മന്ത്രവാദം എന്നിവ നിത്യേന ചെയ്യുന്ന ഒരു മൂത്ത കമ്മ്യൂണിസ്റ്റ് യുക്തിവാദിനിയാണു ഞാന്‍. എല്ലാ മലയാളമാസം ഒന്നാം തീയതിയും ഞാന്‍ മാര്‍ക്സ്, എംഗത്സ്, ലെനിന്‍, ചെ ഗുവര, ഇ. എം. എസ്. തുടങ്ങിയവരുടെ ആത്മാവിനു നിത്യശാന്തി കിട്ടാന്‍ പൊങ്കാലയിടാറുണ്ടു്. പക്ഷേ, നാട്ടിലെ കലണ്ടറില്‍ കാണുന്ന ദിവസമല്ല ഈ പഞ്ചാംഗത്തില്‍ ഒന്നാം തീയതി. ഏതു ദിവസമാണു ഞാന്‍ ഉപയോഗിക്കേണ്ടതു്?
    സൂര്യന്‍ ഒരു രാശി(മാസം)യില്‍ നിന്നു് അടുത്ത രാശിയിലേക്കു മാറുന്ന നിമിഷം (സംക്രമം) ഒരു പകലിന്റെ അഞ്ചില്‍ മൂന്നു ഭാഗം കഴിയുന്നതിനു മുമ്പാണെങ്കില്‍ അതേ ദിവസവും, ശേഷമാണെങ്കില്‍ പിറ്റേ ദിവസവും ആണു് രണ്ടാമത്തെ മാസത്തിലെ ഒന്നാം തീയതി എന്നാണു കണക്കു്. (വടക്കേ മലബാര്‍ കണക്കനുസരിച്ചു് എപ്പോഴും പിറ്റേ ദിവസമാണു് ഒന്നാം തീയതി. അതു് ഇവിടെ കൊടുത്തിട്ടില്ല. മാതൃഭൂമി കലണ്ടറില്‍ അതുണ്ടു്.) എന്റെ പഞ്ചാംഗത്തില്‍ അതാതു സ്ഥലത്തെ ഉദയം നോക്കിയിട്ടു് ഞാന്‍ ഈ നിയമം ഉപയോഗിച്ചു് ഒന്നാം തീയതി കണ്ടുപിടിക്കുന്നു. ഇതു നാട്ടിലെ കലണ്ടറുമായി ഗ്രിഗോറിയന്‍ കലണ്ടറിലെ തീയതിയില്‍ വ്യത്യാസമുണ്ടാവാം.

    ഇങ്ങനെ തന്നെ വേണോ കൊല്ലവര്‍ഷകലണ്ടര്‍ തയ്യാറാക്കാന്‍, അതോ കേരളത്തിലെ ഏതെങ്കിലും സ്ഥലത്തെ അടിസ്ഥാനമാക്കി വേണോ എന്നതിനെപ്പറ്റി ആരും ആധികാരികമായി എഴുതിയിട്ടില്ല. അതിനാല്‍ ഞാന്‍ എനിക്കു ശാസ്ത്രീയമെന്നു തോന്നിയ ഈ രീതി ഉപയോഗിക്കുന്നു.

  28. ഇതില്‍ ബക്രീദ്, റംസാന്‍ തുടങ്ങിയ മുസ്ലീം വിശേഷദിവസങ്ങള്‍ ഇല്ലല്ലോ. ഹിജ്ര വര്‍ഷത്തീയതിയും ഇല്ല.
    ഇസ്ലാമിക് കലണ്ടറിന്റെ കണക്കുകൂട്ടലുകള്‍ കൈവശമുണ്ടെങ്കിലും ഇതു വരെ അതു് ഈ കലണ്ടറില്‍ ഉള്‍ക്കൊള്ളിക്കുവാന്‍ കഴിഞ്ഞിട്ടില്ല. താമസിയാതെ ചേര്‍ക്കാം എന്നു കരുതുന്നു.

  29. രാഹുകാലം പോലെയുള്ള അന്ധവിശ്വാസങ്ങള്‍ ഒഴിവാക്കി മുസ്ലീം നമസ്കാരസമയങ്ങള്‍ ചേര്‍ത്തുകൂടേ?
    രാഹുകാലവും മുസ്ലീം നമസ്കാരസമയവും ഒരുപോലെ തന്നെയുള്ള ആചാരങ്ങളാണു്. രണ്ടും കണ്ടുപിടിക്കുന്നതില്‍ സാമ്യവുമുണ്ടു്. ഓരോ ദിവസത്തിന്റെയും മുസ്ലീം നമസ്കാരസമയവും ചേര്‍ക്കാന്‍ ഉദ്ദേശ്യമുണ്ടു്. പക്ഷേ, ഉയര്‍ന്ന അക്ഷാംശം ഉള്ളിടത്തെ കണക്കുകൂട്ടലില്‍ ഇസ്ലാമിക് പണ്ഡിതന്മാര്‍ക്കു ഭിന്നാഭിപ്രായമുണ്ടു്. അതുപോലെ ചില നിസ്കാരസമയം സമുദായത്തിലെ രണ്ടു വിഭാഗങ്ങള്‍ രണ്ടു വിധത്തിലാണു കണക്കുകൂട്ടുന്നതു്. ഏറ്റവും ശരിയായ തിയറി കിട്ടിയാല്‍ അതും ചേര്‍ക്കാം. ഇതുവരെ എനിക്കറിയാവുന്ന കാര്യങ്ങള്‍ ഇവിടെ ഉണ്ടു്.

  30. കേരളത്തിലെ അഞ്ചു സ്ഥലങ്ങളിലെ പഞ്ചാംഗമുണ്ടെങ്കിലും കൊല്ലവര്‍ഷം തുടങ്ങിയ കൊല്ലം നഗരത്തിന്റെ പഞ്ചാംഗമില്ല. ഇതിനെതിരേ മുഖ്യമന്ത്രിയ്ക്കു് ഒരു നിവേദനം സമര്‍പ്പിക്കുകയും ഒരു സെക്രട്ടേറിയേറ്റ് ധര്‍ണ്ണ സംഘടിപ്പിക്കുകയും ചെയ്താലോ എന്നു കരുതുകയാണു്.
    വായനക്കാര്‍ ആവശ്യപ്പെട്ട സ്ഥലങ്ങളിലെ പഞ്ചാംഗങ്ങളാണു് ഇവ. അല്ലാതെ സ്ഥലങ്ങളുടെ പ്രാധാന്യം നോക്കിയുള്ളതല്ല. കൊല്ലത്തിന്റെയോ മറ്റേതെങ്കിലും സ്ഥലത്തിന്റെയോ പഞ്ചാംഗം വേണമെങ്കില്‍ അറിയിക്കുക.

  31. പഴയ പഞ്ചാംഗത്തിന്റെ രീതിയിലുള്ള പട്ടികകള്‍ക്കു പകരം ആധുനികകലണ്ടറുകളുടെ രീതിയില്‍ ആഴ്ച തിരിച്ചു് പ്രസിദ്ധീകരിക്കാമോ?
    ഇതിനുപയോഗിക്കുന്ന ലൈബ്രറിയുപയോഗിച്ചു് (ലൈബ്രറി എന്താണെന്നറിയാന്‍ അരവിന്ദന്റെ വികടസരസ്വതി എന്ന കൃതി വായിക്കുക) അതും ഉണ്ടാക്കാന്‍ പറ്റും. കുറച്ചു പണിയുണ്ടെന്നു മാത്രം. ആര്‍ക്കെങ്കിലും താത്പര്യമുണ്ടെങ്കില്‍ അറിയിക്കുക.

  32. ഇതു് ഗ്നു ലൈസന്‍സ് ഉപയോഗിച്ചു് സ്വതന്ത്ര സോഫ്റ്റ്വെയര്‍ ആക്കിക്കൂടേ?
    ആക്കണം. അതിനു മുമ്പു് കോഡ് ഒന്നു നേരേ ചൊവ്വേ ആക്കണം. മലയാളം ലാറ്റക് മാത്രം ഉണ്ടാക്കുന്ന API മാറ്റി ഏതു ഫോര്‍മാറ്റിലും customized ആയി ഔട്ട്‌പുട്ട് ഉണ്ടാക്കാവുന്ന രീതിയില്‍ മാറ്റിയെഴുതണം. അത്രയും ചെയ്തു കഴിഞ്ഞാല്‍ സ്വതന്ത്ര സോഫ്റ്റ്വെയറായി പ്രസിദ്ധീകരിക്കും.

  33. കേരളീയപഞ്ചാംഗഗണനത്തിനുള്ള algorithms ഒരു ബ്ലോഗ് പോസ്റ്റോ PDF പുസ്തകമോ ആയി പ്രസിദ്ധീകരിച്ചുകൂടേ?
    ആഗ്രഹമുണ്ടു്. കുറെയൊക്കെ എഴുതി വെച്ചിട്ടുമുണ്ടു്. പൂര്‍ത്തിയാക്കാന്‍ പറ്റുമോ എന്നു നോക്കട്ടേ.

  34. ഇതില്‍ മാതൃഭൂമിയും മനോരമയും മറ്റും പ്രസിദ്ധീകരിക്കുന്ന കലണ്ടറുകളിലെ എല്ലാ വിവരങ്ങളും ഉണ്ടോ? അവയ്ക്കു പകരം ഇതുപയോഗിച്ചാല്‍ മതിയോ?
    ഇല്ല, പോരാ. അവയില്‍ പല ദേവാലയങ്ങളിലെയും ഉത്സവങ്ങള്‍, പല ആചാരങ്ങളുടെയും തീയതികള്‍, നേതാക്കന്മാരുടെയും മറ്റും ജനന/മരണത്തീയതികള്‍ തുടങ്ങി ധാരാളം വിശേഷദിവസങ്ങള്‍ ചേര്‍ത്തിട്ടുണ്ടു്. പിന്നെ തീവണ്ടിസമയം, STD കോഡുകള്‍ തുടങ്ങിയ വിവരങ്ങളും. അവയൊന്നും ഇതിലില്ല. കൂടാതെ അവയുടെ ഫോര്‍മാറ്റ് അല്പം കൂടി സൌകര്യപ്രദമാണെന്നു മിക്കവരും പറയുന്നു.

    അതേ സമയം, ഇതില്‍ നാളും മറ്റും മാറുന്ന സമയം ഘടികാരസമയമായി കൊടുത്തിരിക്കുന്നതു കൂടുതല്‍ സൌകര്യമാണെന്നു പറയുന്നവരുമുണ്ടു്.

  35. ഇതില്‍ മാതൃഭൂമിയും ഗുരുവായൂര്‍ ദേവസ്വവും മറ്റും പ്രസിദ്ധീകരിക്കുന്ന പഞ്ചാംഗങ്ങളിലെ എല്ലാ വിവരങ്ങളും ഉണ്ടോ? അവയ്ക്കു പകരം ഇതുപയോഗിച്ചാല്‍ മതിയോ?
    ഇല്ല, പോരാ. അവയില്‍ പല തരം മുഹൂര്‍ത്തങ്ങള്‍, വ്രതങ്ങള്‍, വിശേഷദിവസങ്ങള്‍ തുടങ്ങിയവയും ചേര്‍ത്തിട്ടുണ്ടു്. കൂടാതെ ഹസ്തരേഖാശാസ്ത്രം, പക്ഷിശാസ്ത്രം, സീതാചക്രം, സുബ്രഹ്മണ്യചക്രം, ദശാചക്രം, ഓരോ നക്ഷത്രത്തിന്റെയും ദേവന്‍, വൃക്ഷം തുടങ്ങിയ വിവരങ്ങള്‍, ഭാവി പ്രവചിക്കാനുള്ള പല വഴികള്‍, വിവാഹപ്പൊരുത്തം തുടങ്ങിയ പല കാര്യങ്ങളുമുണ്ടു്. അവ ഇതിലില്ല.

  36. കേരളം: 50 വിശേഷദിവസങ്ങള്‍ എന്നൊരു പരമ്പര എഴുതിവരുകയാണു ഞാന്‍. എഴുതണമെന്നുള്ള പല വിശേഷദിവസങ്ങളും ഇതിലില്ല. അവ ഉള്‍ക്കൊള്ളിക്കാന്‍ എന്താണു വഴി?
    അവയുടെ നിര്‍വ്വചനങ്ങള്‍ (ഉദാ: മീനമാസത്തിലെ അവസാനത്തെ ഭരണിനക്ഷത്രം) അയച്ചുതരുക. ഉള്‍പ്പെടുത്താന്‍ ശ്രമിക്കാം.

  37. സീയെസ് ഇവിടെ പറഞ്ഞ പ്രശ്നം പരിഹരിച്ചോ?
    ഇല്ല. ഇതുവരെ അതു നോക്കാന്‍ സമയം കിട്ടിയില്ല.

  38. 38 മുതല്‍ 45 വരെയുള്ള പേജുകളിലുള്ള ലഗ്നപ്പട്ടികകളില്‍ ചിലതിന്റെ അവസാനത്തെ കോളത്തിനു് ആവശ്യമില്ലാത്ത വീതിയുണ്ടല്ലോ.
    അതൊരു ബഗ്ഗാണു്. ലാറ്റക് ടേബിള്‍ സെല്ലുകള്‍ക്കു വീതീ നിശ്ചയിക്കുന്നതു് ആ കോളത്തിലെ ഏറ്റവും നീളമുള്ള സ്ട്രിംഗിന്റെ നീളം അനുസരിച്ചാണു്. ഗ്ലിഫ്-ബേസ്ഡ് ആയ ഈ രീതിയില്‍ മലയാളം വാക്കുകളുടെ നീളം ശരിക്കു് ഊഹിക്കാന്‍ വരുന്ന പാകപ്പിഴയാണതു്.

    സെല്ലുകള്‍ക്കു ഫിക്സ്ഡ് വിഡ്ത്ത് കൊടുത്തു് ഇതു പരിഹരിക്കാം. പതുക്കെ ചെയ്യാം.

  39. ഇങ്ങനെയുള്ള പ്രവൃത്തികള്‍ വഴി താ‍ങ്കള്‍ പ്രതിലോമചിന്തകള്‍ക്കു വളം വെച്ചു കൊടുക്കുന്നു എന്നല്ലേ ചന്ത്രക്കാറന്‍ ഇവിടെ പറഞ്ഞതു്?
    അതേ. അതു കൊണ്ടു തന്നെയാണു് ഈ അലപ്ര ഇന്നു് ഇവിടെ എഴുതിയതും. ചന്ത്രക്കാറനു നന്ദി.

കലണ്ടര്‍ (Calendar)
നര്‍മ്മം

Comments (20)

Permalink

അബദ്ധധാരണകള്‍ (ഭാഗം 2)

2006 മാര്‍ച്ചു മുതല്‍ 2007 നവംബര്‍ വരെ തുടങ്ങിവെച്ച മുപ്പത്തിയെട്ടു പോസ്റ്റുകളാണു ഡ്രാഫ്റ്റ് രൂപത്തില്‍ ഗുരുകുലത്തില്‍ കിടക്കുന്നതു്. ആരംഭശൂരത്വം കൊണ്ടും പൂര്‍ണ്ണതാവ്യഗ്രത കൊണ്ടും തീര്‍ക്കാതെ കിടക്കുന്നവയാണു ഭൂരിപക്ഷവും. വിഷയത്തിലുള്ള താത്പര്യമോ അതിന്റെ പ്രസക്തിയോ നഷ്ടപ്പെട്ടവയുമുണ്ടു കുറെയെണ്ണം. ഇനി മുതല്‍ പുതിയ പോസ്റ്റുകള്‍ എഴുതുന്നതിനു പകരം ഡ്രാഫ്റ്റന്മാരെ മുഴുമിക്കാന്‍ ശ്രമിക്കണം എന്നു കരുതിയതിന്റെ ഫലമാണു് കഴിഞ്ഞ രണ്ടു പോസ്റ്റുകള്‍.

പ്രോത്സാഹനം എഴുതിത്തുടങ്ങിയതു 2007 ജൂലായില്‍ ആണു്. ശ്ലോകവും അര്‍ത്ഥവുമെഴുതി ഇട്ടിരുന്നു. വിശദീകരണമായി കമന്റുകള്‍ എങ്ങനെ ബ്ലോഗുകളെ നല്ല രീതിയില്‍ ബാധിക്കുന്നു, പോസ്റ്റ്/കമന്റ് അഗ്രിഗേറ്ററുകളെപ്പറ്റിയും വായനലിസ്റ്റിനെപ്പറ്റിയും എനിക്കുള്ള അഭിപ്രായങ്ങള്‍ തുടങ്ങിയവ ഉള്‍പ്പെടുന്ന ഒരു കനത്ത ലേഖനം എഴുതിത്തുടങ്ങിയതുമാണു്. അതു് ഇപ്പോഴെങ്ങും തീരില്ല എന്നു തോന്നിയപ്പോള്‍ എടുത്തുകളഞ്ഞിട്ടു് അപ്പോള്‍ തോന്നിയതാണു് ജ്ഞാനപ്പാനയുടെ പാരഡി എഴുതാന്‍. ബുദ്ധിരാക്ഷസനായ വക്കാരി അതു് എങ്ങനെയോ മണത്തറിഞ്ഞു കമന്റിലൂടെ!

അബദ്ധധാരണകള്‍ അതിനും മുമ്പു തുടങ്ങിയതാണു്. “എന്റെ ഓര്‍മ്മയില്‍ ഞാന്‍ ആദ്യമായി വായിക്കുന്ന…” എന്ന ഖണ്ഡിക തൊട്ടായിരുന്നു ആ പോസ്റ്റ്. രാം മോഹന്റെ അന്നങ്ങള്‍ പോയ വഴി ആണു് അതു മുഴുമിക്കാന്‍ പിന്നെയും പ്രചോദനം തന്നതു്. അഞ്ചു ദിവസം മുമ്പു് അതു പ്രസിദ്ധീകരിക്കാന്‍ വേണ്ടി അതിനു മുമ്പു് ഒരു ചെറിയ ഉപക്രമം എഴുതാന്‍ ശ്രമിച്ചതാണു് അമ്മാവന്റെയും ചിറ്റപ്പന്റെയും കഥ പറഞ്ഞു വൃഥാസ്ഥൂലമായതു്. പതിവുള്ള എഡിറ്റിംഗ് ചെയ്യാന്‍ ക്ഷമയുണ്ടായില്ല.

അതിലും വലിയ പ്രശ്നം ഉണ്ടായതു് അതില്‍ എഴുതാന്‍ ഉദ്ദേശിച്ചിരുന്ന പല കാര്യങ്ങളും പോസ്റ്റു ചെയ്തപ്പോള്‍ വിട്ടുപോയി എന്നതാണു്. അവയില്‍ ചിലതൊക്കെ പെറുക്കിക്കൂട്ടി നിരത്തിയിരിക്കുകയാണു് ഈ പോസ്റ്റില്‍. പുതിയ പോസ്റ്റ് ഉടനെയെങ്ങും എഴുതില്ല എന്ന തീരുമാനത്തിന്റെ ആദ്യത്തെ ലംഘനം.


ഞാന്‍ വായിച്ചു തുടങ്ങിയ കാലത്തു് ഇന്നത്തെപ്പോലെ കുട്ടികള്‍ക്കുള്ള പ്രസിദ്ധീകരണങ്ങള്‍ കാര്യമായി ഉണ്ടായിരുന്നില്ല. ജനയുഗത്തിന്റെ ബാലപ്രസിദ്ധീകരണമായ “ബാലയുഗം” മാത്രമായിരുന്നു ശരണം. വല്ലപ്പോഴും സ്കൂളില്‍ നിന്നു “തളിരു്” എന്ന സാധനവും കിട്ടും. ബാക്കി വായനയൊക്കെ മുതിര്‍ന്നവരുടെ പുസ്തകങ്ങള്‍ തന്നെ. (ഇങ്ങനെ “മാതൃഭൂമി” ആഴ്ചപ്പതിപ്പു വായിച്ചതു കൊണ്ടുണ്ടായ ഒരു അപകടത്തെപ്പറ്റി ഇവിടെ പറയുന്നുണ്ടു്.)

ഏഴെട്ടു വയസ്സുള്ളപ്പോള്‍ ആദ്യമായി വായിക്കുന്ന പുസ്തകങ്ങളില്‍ പൊന്‍‌കുന്നം ദാമോദരന്റെ രാക്കിളികള്‍ (കര്‍ഷകത്തൊഴിലാളികളായ നാണുവും പവാനിയും തമ്മില്‍ കണ്ടുമുട്ടുന്നതും പവാനി ഗര്‍ഭിണിയാകുന്നതും പിന്നെ അവര്‍ കല്യാണം കഴിക്കുന്നതും അതിനു ശേഷം പവാനി വീണ്ടും വീണ്ടും ഗര്‍ഭിണിയാകുന്നതും കുഞ്ഞുങ്ങളെ നോക്കാന്‍ കഴിയാതെ അവര്‍ കഷ്ടപ്പെടുന്നതും അവസാനം പവാനി പ്രസവിച്ചു കിടക്കുന്ന ആശുപത്രിയുടെ വെളിയിലുള്ള സര്‍വ്വേക്കല്ലില്‍ നാണു തല തല്ലി ചാവുന്നതും ആണു കഥാതന്തു. കുടുംബാസൂത്രണപ്രചാരണത്തിനായി എഴുതിയ ഒരു നോവല്‍.), കാട്ടാക്കട ദിവാകരന്റെ കിളിക്കൂടു് (അമ്മാവന്റെ മകളായ ശ്രീദേവിയെ ചതിച്ചിട്ടു പട്ടണത്തില്‍ പോയി വലിയ ഡോക്ടറായ രവിയുടെ ഭാര്യയുടെ അച്ഛന്റെ രണ്ടാം ഭാര്യയായി ശ്രീദേവി എത്തുന്നതും അതിനു ശേഷമുള്ള ഉദ്വേഗജനകങ്ങളായ സംഭവവികാസങ്ങളുമാണു് ഇതിന്റെ ഇതിവൃത്തം. ചതിച്ചിട്ടു പോയ മുന്‍‌കാമുകന്റെ ശല്യം സഹിക്കാന്‍ വയ്യാതെ ആത്മഹത്യ ചെയ്ത സരോജിനി എന്നൊരു ചേച്ചിയും, അവളുടെ മുന്‍‌കാമുകനെ കുത്തിമലര്‍ത്തിയിട്ടു നാടുവിട്ടുപോയ രഘു എന്നൊരു ചേട്ടനും ശ്രീദേവിക്കുണ്ടു്. രഘു നാടു വിട്ടു പോയിട്ടു് ഏതാനും മാസങ്ങള്‍ക്കു ശേഷം കുറച്ചകലെ താമസിക്കുന്ന ആശാന്റെ മകള്‍ പങ്കലാച്ചി ശ്രീദേവിയുടെ വീട്ടിലെത്തി രഘുവിന്റെ കുഞ്ഞിനെ അവിടെ പ്രസവിക്കുകയുണ്ടായി.) തുടങ്ങിയ മഹത്തായ ആഖ്യായികകള്‍ ഉള്‍പ്പെടുന്നു. ഇവയിലെ ദ്വയാര്‍ത്ഥപ്രയോഗങ്ങളുള്‍പ്പെടെ മനസ്സിലാകാത്ത ഒരുപാടു കാര്യങ്ങളുണ്ടായിരുന്നു. പലതിനും മുമ്പു പറഞ്ഞ അതീന്ദ്രിയദ്ധ്യാനം വഴി സമ്പാദിച്ച അര്‍ത്ഥങ്ങള്‍ മനസ്സിലാക്കുകയും ഭാവിയില്‍ അതൊക്കെ അബദ്ധമാണെന്നു മനസ്സിലാക്കുകയും ചെയ്തു.

ആയിടെ തന്നെ കെ. സുരേന്ദ്രന്റെ “മരണം ദുര്‍ബ്ബലം” എന്ന നോവല്‍ വായിക്കാന്‍ തുടങ്ങുകയും അതില്‍ മായമ്മ എന്നോ മറ്റോ പറയുന്ന നായികയും ഒരു കവിയും തമ്മിലുള്ള വക്കാരിയുടെ കമന്റുകള്‍ മാതിരിയുള്ള നെടുങ്കന്‍ കത്തുകള്‍ വായിച്ചു് അന്തം വിട്ടു കുന്തം വിഴുങ്ങി വായന നിര്‍ത്തുകയും ചെയ്തു. പിന്നെ കുറെക്കാലം കഴിഞ്ഞു “ജ്വാല” വായിക്കുന്നതു വരെ കെ. സുരേന്ദ്രന്‍ എന്നു കേള്‍ക്കുന്നതു തന്നെ പേടിയായിരുന്നു.


എന്റെ വായനശീലം വര്‍ദ്ധിപ്പിക്കാന്‍ ഗണ്യമായ ഒരു പങ്കു വഹിച്ചതു ലോറികളും ബസ്സുകളുമായിരുന്നു.

ലോറികളുടെ പിറകില്‍ മലയാളത്തിലും ഇംഗ്ലീഷിലും ആപ്തവാക്യങ്ങള്‍ ഉണ്ടാവും. “ദൈവമേ”, “പിന്നെക്കാണാം” തുടങ്ങിയ ഒറ്റവാക്‍സന്ദേശങ്ങള്‍ തൊട്ടു് “എനിക്കു വിശക്കുന്നു”, “നാം രണ്ടു്, നമുക്കു രണ്ടു്”, “എനിക്കു നീയും നിനക്കു ഞാനും” തുടങ്ങിയ മഹദ്വചനങ്ങള്‍ വരെ അവിടെ കാണാം. വര്‍ഷങ്ങള്‍ക്കു ശേഷം അമേരിക്കയിലെ കാറുകളിലെ ആലോചനാമൃതമായ ബമ്പര്‍ സ്റ്റിക്കറുകള്‍ കാണുമ്പോള്‍ (ഉദാ: ബുഷിനെതിരായ ഒരു ബമ്പര്‍ സ്റ്റിക്കര്‍: “No one died when Clinton lied!”) ഞാന്‍ ഈ ലോറിസന്ദേശങ്ങള്‍ ഓര്‍ക്കാറുണ്ടു്.

ബസ്സിനകത്തും (പ്രൈവറ്റ് ബസ്സുകള്‍) ഇങ്ങനെ പല സന്ദേശങ്ങളുണ്ടു്. “കയ്യും തലയും പുറത്തിടരുതു്”, “പുകവലി പാടില്ല” (സാധാരണ ഇതിലെ “പുലി” ആരെങ്കിലും മായ്ച്ചു കളഞ്ഞിട്ടുണ്ടാവും.), “എന്നെ തൊടരുതു്”, “എന്നെ ചവിട്ടരുതു്” തുടങ്ങിയവ. (അവസാനത്തെ രണ്ടെണ്ണം ഡ്രൈവറുടെ ഇടത്തുവശത്തുള്ള തൊട്ടാല്‍ ചുട്ടുപൊള്ളുന്ന പെട്ടിയുടെ പുറത്തുള്ളതാണു്. അതിനു മുകളില്‍ എപ്പോഴും വിറച്ചുകൊണ്ടിരിക്കുന്ന ഒരു കോലുമുണ്ടു്. ബോറടിക്കുമ്പോള്‍ ഡ്രൈവര്‍ ഇടയ്ക്കിടെ അതു് അങ്ങോട്ടും ഇങ്ങോട്ടും തട്ടുന്നതു കാണാം. അതിന്റെയൊന്നും പേരൊന്നും ആരോടും ചോദിച്ചിട്ടില്ല. ആ പെട്ടിയുടെയും ഇടത്തു വശത്തായി ഒരു തടിപ്പെട്ടിയുണ്ടു്. അതായിരുന്നു എന്റെ ഫേവറിറ്റ് സീറ്റ്. അവിടെയിരുന്നാല്‍ ഡ്രൈവര്‍ ചെയ്യുന്നതു കമ്പ്ലീറ്റ് കാണാം. ഇടയ്ക്കിടെ എഴുനേറ്റു കൊടുക്കേണ്ടിവരും. വണ്ടിയ്ക്കാവശ്യമുള്ള സ്പാനര്‍, കൈ തുടയ്ക്കുന്ന തോര്‍ത്തു്, ചീപ്പു്, കണ്ണാടി, മുറുക്കാന്‍ ചെല്ലം തുടങ്ങിയവ അതിനകത്താണു വെച്ചിരിക്കുന്നതു്.) കൂടാതെ ബസ്സിന്റെ മുന്‍ഭാഗത്തു യേശുക്രിസ്തുവിന്റെ ഒരു പടവും (ഇതെന്താ ക്രിസ്ത്യാനികള്‍ക്കു മാത്രമേ ബസ്സുള്ളോ? അതോ ബസ് ട്രാന്‍സ്പോര്‍ട്ടേഷന്‍ വകുപ്പു ദൈവമാണോ ക്രിസ്തു?) കൂടെ ഒരു ബൈബിള്‍ വചനവും ഉണ്ടാവും. ഇവയില്‍ ചിലവയാണു് എന്റെ വായനതൃഷ്ണയെ വിജൃംഭിച്ചതു്.


ആദ്യത്തെ വേദവാക്യം

യഹോവ എന്റെ ഇടയനാകുന്നു, എനിക്കു മുട്ടുണ്ടാവുകയില്ല

എന്നതായിരുന്നു. യഹോവ ഇടയനായാല്‍ മുട്ടിനു് എന്തു സംഭവിക്കും എന്നു് എത്ര ആലോചിച്ചിട്ടും മനസ്സിലായില്ല. “ഇവിടെ കുറേ അഹങ്കാരികള്‍ ക്രിസ്ത്യാനികള്‍ ഉണ്ടു്. എല്ലാറ്റിന്റെയും മുട്ടു തല്ലിയൊടിക്കണം” എന്നു ചില ഹിന്ദുത്വതീവ്രവാദികള്‍ പറയുന്നതു കേട്ടിട്ടുണ്ടു്. യഹോവയെ പിന്തുടര്‍ന്നാല്‍ ആരെങ്കിലും മുട്ടു തല്ലിയൊടിക്കും എന്നു യഹോവയോടു പരാതി പറയുകയാണു് എന്നാണു് ആദ്യം കരുതിയതു്. മുട്ടിന്റെ ഇവിടെ ഉദ്ദേശിച്ച അര്‍ത്ഥം പിന്നീടാണു മനസ്സിലായതു്. The Lord is my shepherd. I have everything I need. (Psalms 23:1)


“മുട്ടു്” എന്ന വാക്കിന്റെ അര്‍ത്ഥം മനസ്സിലാകാത്തതു കൊണ്ടാണു് മുകളില്‍ പറഞ്ഞതു മനസ്സിലാവാത്തതെങ്കില്‍, “ദൂരാന്വയം” എന്ന കാവ്യദോഷമാണു് താഴെപ്പറയുന്ന വാക്യത്തെ ദുര്‍ഗ്രഹമാക്കിയതു്.

നിന്റെ കൃപ എനിക്കു മതി.

ഇതിലെ നാലു വാക്കുകളും നന്നായി അറിയാം. പക്ഷേ ഈ വാക്യത്തിന്റെ അര്‍ത്ഥം മനസ്സിലാക്കാന്‍ ഒരുപാടു കാലമെടുത്തു.

ആദ്യം തോന്നിയ അര്‍ത്ഥം ഇതാണു്: “ദൈവമേ, കുറെക്കാലമായി നീ എനിക്കു കൃപ തരുന്നു. ഇഷ്ടം പോലെ കിട്ടി. ഇനി എനിക്കു മതി. മടുത്തു. അതിനാല്‍, പ്ലീസ്, നീ എനിക്കു കൃപ തരരുതു്.”

ഇതിനൊരു പന്തികേടു്. കൃപ തരരുതു് എന്നു് ആരെങ്കിലും പ്രാര്‍ത്ഥിക്കുമോ? അതോ ദൈവം പരമകാരുണികനാണു് എന്നു് ഊന്നിപ്പറയുകയാണോ ഇതു്?

കുറച്ചു കഴിഞ്ഞപ്പോള്‍ തോന്നിയതു് ഇതാണു്: “നിന്റെ കൃപ എനിക്കു തന്നാല്‍ മതി. ഈ നാട്ടിലുള്ള വേറേ ഒരൊറ്റ അലവലാതിയ്ക്കും കൊടുത്തു പോകരുതു്.”

സുവിശേഷകര്‍ ഫ്രീയായി തരുന്ന ചുവന്ന പുറംചട്ടയും പോക്കറ്റിലിടാന്‍ തക്കവണ്ണം ചെറുപ്പവും മിനുസമുള്ള കടലാസും ചെറിയ അക്ഷരങ്ങളും ഉള്ള ഇംഗ്ലീഷ് ബൈബിളില്‍…

ഇതിലാണു ഞാന്‍ ആദ്യമായി internationalization കാണുന്നതു്. യോഹന്നാന്റെ സുവിശേഷം മൂന്നാം അദ്ധ്യായം പതിനാറാം വാക്യം അതിന്റെ ആദിയില്‍ പല ലോകഭാഷകളിലും എഴുതിയിരുന്നു. ഇന്ത്യന്‍ ഭാഷകളില്‍ ഹിന്ദിയും (क्योंकि परमेश्वर ने …) തമിഴും (தேவன், …) മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതില്‍ മലയാളം ഇല്ലാത്തതില്‍ ഞാന്‍ ആരോടൊക്കെയോ രോഷം കൊണ്ടിരുന്നു. ഇന്നും അതു തുടരുന്നു. യൂണിക്കോഡിലും ഗൂഗിളിലും മറ്റും ഇല്ലാത്തതിനാണെന്നു മാത്രം.

…ഇതിന്റെ ഇംഗ്ലീഷ് രൂപം (My grace is all you need. 2 Cor. 12:9) വര്‍ഷങ്ങള്‍ക്കു ശേഷം കണ്ടപ്പോഴാണു് ഇതിന്റെ വിവക്ഷ “എനിക്കു നിന്റെ കൃപ മതി, വേറേ ഒരു കുന്തവും വേണ്ടാ” എന്നാണെന്നു മനസ്സിലായതു്. മലയാളമറിയാത്ത പാതിരിമാര്‍ തോന്നിയതു പോലെ പരിഭാഷപ്പെടുത്തിയ ബൈബിള്‍ പില്‍ക്കാലത്തെങ്കിലും അല്പം കൂടി നല്ല ഭാഷയില്‍ കണ്ടു വരുന്നു എന്നതു് ആശ്വാസജനകമാണു്.

(ഇതെഴുതിക്കഴിഞ്ഞു റെഫറന്‍സ് തപ്പിയപ്പോഴാണു കൊറിന്ത്യരുടെ രണ്ടാം ലേഖനം ഇരുപത്താറാം അദ്ധ്യായം ഒമ്പതാം വാക്യത്തില്‍ “എന്റെ കൃപ നിനക്കു മതി” എന്നാണെന്നു കണ്ടതു്. ഏതായാലും അബദ്ധധാരണകളെപ്പറ്റിയുള്ള ലേഖനമായതു കൊണ്ടു് അതു തിരുത്തുന്നില്ല. ഒട്ടാവ/ഒഷാവ പോലെ ഞാന്‍ ഇതു പലരോടും പറഞ്ഞിട്ടുണ്ടു്. അതു കേട്ട ആരെങ്കിലും ബൈബിളില്‍ ആ വാക്യവും ചേര്‍ത്തിരിക്കാന്‍ സാദ്ധ്യതയുണ്ടു്. :))

ഇനി, “നിന്റെ കൃപ എനിക്കു മതി” എന്ന വാക്യം ബൈബിളില്‍ എവിടെയെങ്കിലും കണ്ടാല്‍ ദയവായി എന്നെ അറിയിക്കുക. പ്ലൂട്ടോയുടെ കാര്യത്തിലെന്നതു പോലെ ഇവിടെയും എനിക്കൊന്നു് ഊരിയെടുക്കാമല്ലോ :))


ഇതിലെ ബൈബിള്‍ വാക്യങ്ങളുടെ റെഫറന്‍സ് കണ്ടെടുത്തു തന്ന കുട്ട്യേടത്തി, ഇഞ്ചിപ്പെണ്ണു്, സിബു, തമനു എന്നിവര്‍ക്കു നന്ദി.

(ഇവരില്‍ തമനു ഒരു കുന്തവും ചെയ്തിട്ടില്ല. അവനു കൂദാശ എത്രയുണ്ടെന്നു പോലും അറിയില്ല. നാട്ടുകാരനല്ലേ, ചേതമില്ലാത്ത ഒരുപകാരമിരിക്കട്ടേ എന്നു കരുതി :))


ഞാന്‍ ആദ്യമായി ചെസ്സുകളി കണ്ടതു് തൊട്ടടുത്തുള്ള പഞ്ചായത്ത് ഗ്രൌണ്ടില്‍ വോളിബോള്‍ കളി കാണാന്‍ പോകുമ്പോഴാണു്.

മുതിര്‍ന്നവരുടെ കളിയാണു്. പന്തു വരാന്‍ സാദ്ധ്യതയുള്ള സ്ഥലത്തു നില്‍ക്കുന്നതു തന്നെ അപകടമാണു്. പിന്നല്ലേ കളിക്കുന്നതു്! എങ്കിലും റഫറിയായി നടിച്ചു് ഒരു പോസ്റ്റിന്റെ മുകളില്‍ കയറി നില്‍ക്കുക, സ്കോര്‍ കീപ്പിംഗ് നടത്തുക, വെളിയില്‍ പോകുന്ന പന്തെടുത്തു കൊടുക്കുക, “അടി…”, “ഇടി…”, കൊടു്…”, “ശ്ശേ…”, “കലക്കി…”, “അതു മതി…” തുടങ്ങിയ വ്യാക്ഷേപകങ്ങള്‍ പുറപ്പെടുവിക്കുക, ടച്ചൂണ്ടോ, ക്രോസ് ചെയ്തോ, പന്തു് ഔട്ടാണോ റൈറ്റാണോ തുടങ്ങിയ തര്‍ക്കങ്ങള്‍ വരുമ്പോള്‍ വിലയേറിയ അഭിപ്രായങ്ങള്‍ (ആരും വിലമതിക്കില്ലെങ്കിലും) പ്രകടിപ്പിക്കുക ഇത്യാദി എണ്ണമറ്റ സേവനങ്ങള്‍ ചെയ്തുപോന്നു.

ചില ദിവസം സര്‍ക്കാര്‍ ജോലിക്കാ‍രായ രണ്ടുപേര്‍ ഒരു ചെസ്സ് സെറ്റുമായി വരും. അവിടെ പന്തുകളി നടക്കുമ്പോള്‍ ഇവിടെ ചെസ്സുകളി നടക്കും. ഇവര്‍ വരുന്ന ദിവസങ്ങളില്‍ ഞാന്‍ പന്തുകളി വിട്ടിട്ടു് ചെസ്സുകളി കാണാന്‍ പോയി ഇരിക്കും. പഴം കളി, ഇരുപത്തിനാലു നായും പുലിയും, പാറ കൊത്തു് (കൊത്തുകല്ലു്) തുടങ്ങിയ ഇന്‍ഡോര്‍ ഗെയിമുകളില്‍ നിഷ്ണാതനായിരുന്നെങ്കിലും ഈ സാധനം കാര്യമായി മനസ്സിലായിരുന്നില്ല. ഏറ്റവും ബുദ്ധിമുട്ടു് കാലാളിന്റെ നീക്കമായിരുന്നു. ചിലപ്പോള്‍ ഒരു കളം, ചിലപ്പോള്‍ രണ്ടു കളം, ചിലപ്പോള്‍ കോണോടു കോണായി… ആകെ കണ്‍ഫ്യൂഷന്‍! ചോദിക്കുന്നതെങ്ങനെ? എനിക്കീ കളി അറിയില്ല എന്നു് അവര്‍ അറിയില്ലേ? അതുകൊണ്ടു് കളിയെല്ല്ലാം മനസ്സിലായി എന്നു നടിച്ചു തലയാട്ടി ഞാന്‍ അവിടെയിരിക്കും.

കുറെക്കാലം അങ്ങനെയിരുന്നപ്പോള്‍ നീക്കങ്ങളൊക്കെ പഠിച്ചു. എപ്പോഴാണു കളി തീരുന്നതു് എന്നു മാത്രം മനസ്സിലായില്ല. എനിക്കറിയാവുന്ന മറ്റു കളികളിലൊക്കെ ഒരാളുടെ കരുക്കളെല്ലാം തീരുമ്പോഴാണു കളി തീരുന്നതു്. ഇതില്‍ ഇടയ്ക്കു് ധാരാളം കരുക്കള്‍ ബാക്കിയിരിക്കുമ്പോള്‍ത്തന്നെ “കലക്കന്‍ കളിയായിരുന്നു” എന്നും മറ്റും പറഞ്ഞു നിര്‍ത്തുന്നതു കാണാം. ചോദിക്കാന്‍ പറ്റുമോ? അതിന്റെ ജീന്‍ വേണ്ടേ?

അങ്ങനെയിരിക്കേ ഒരു ദിവസം ഒരാള്‍ വിചിത്രമായ ഒരു നീക്കം നടത്തി. രാജാവിനെയും തേരിനെയും ഒരു നീക്കത്തില്‍ത്തന്നെ അങ്ങോട്ടുമിങ്ങോട്ടും നീക്കുന്ന വിദ്യ. “അതെന്താ?” എന്ന എന്റെ ചോദ്യം ജീനില്ലാത്തതു കൊണ്ടു തൊണ്ടയില്‍ത്തന്നെ കുരുങ്ങി. അപ്പോള്‍ നീക്കം നടത്തിയ ആളിന്റെ എതിരാളി ചോദിച്ചു.

“അതെന്താ?”

സമാധാനം. ഞാന്‍ ചെവി കൂര്‍പ്പിച്ചിരുന്നു.

“ഓ അതോ, അതു ഡയസ് നോണ്‍”

അവര്‍ എന്തോ ജോലിക്കാര്യം സംസാരിച്ചു കൊണ്ടിരുന്നതിന്റെ തുടര്‍ച്ചയാണു് അതെന്നു് എനിക്കു മനസ്സിലായില്ല. ആ നീക്കത്തിന്റെ പേരാണെന്നാണു ഞാന്‍ കരുതിയതു്.

ഏതാനും ദിവസം കഴിഞ്ഞപ്പോള്‍ “ഡയസ് നോണ്‍” എങ്ങനെ നീക്കും എന്നെനിക്കു മനസ്സിലായി. രാജാവിനെ അതേ നിറത്തിലുള്ള തൊട്ടടുത്ത കളത്തിലേക്കു നീക്കുക. അതു ചാടിക്കടന്ന കളത്തിലേക്കു തേരിനെ വെയ്ക്കുക. അവയ്ക്കിടയില്‍ കരുക്കളുണ്ടെങ്കില്‍ ചെയ്യാന്‍ പാടില്ല എന്നു തോന്നുന്നു.

കാലം കുറേക്കഴിഞ്ഞു. ഇപ്പോള്‍ അത്യാവശ്യമായി അടിയറവും മറ്റും മനസ്സിലായി. കുറേശ്ശെ കളിച്ചും തുടങ്ങി, ജയിക്കാറില്ലെങ്കിലും.

എന്റെ വീടിനടുത്തു് ആകെ ഒരു സ്ഥലത്തേ ചെസ്സ് സെറ്റൂള്ളൂ. വൈ. എം. ഏ. ലൈബ്രറിയില്‍. രണ്ടു പേര്‍ കളിക്കുന്നുണ്ടാവും. പത്തിരുപതു പേര്‍ ചുറ്റും നിന്നു് “അതു കളി”, “ഇതു കളി”, “ഇവനെന്താ ഈ ചെയ്യുന്നതു്”, “മന്ത്രിയെക്കാള്‍ സ്ട്രോംഗ് കുതിരയല്ലേ” എന്നും മറ്റും ബഹളമുണ്ടാക്കിക്കൊണ്ടിരിക്കും. ഈ ബഹളക്കൂട്ടത്തില്‍ ഞാനും ഒരു സജീവാംഗമായിരുന്നു.

ഒരിക്കല്‍ നടുക്കിരിക്കുന്ന രാജാവിനെതിരേ ആക്രമണം കൊടുമ്പിരിക്കൊള്ളുന്ന സമയത്തു് അക്രമത്തിനിരയാകുന്നവനെ സഹായിച്ചുകൊണ്ടു ഞാന്‍ ഗര്‍ജ്ജിച്ചു:

“ഡയസ് നോണ്‍ ചെയ്യു്”

ലൈബ്രറിയിലുണ്ടായിരുന്ന എല്ലാവരുടെയും കണ്ണുകള്‍ ഒരുമിച്ചു് എന്റെ മേല്‍ പതിച്ചു.

“ഡയസ് നോണ്‍” എന്നു വെച്ചാല്‍ ജോലി ചെയ്യാതെ സമരമോ മറ്റോ ചെയ്താല്‍ ശമ്പളം പിടിക്കുകയോ മറ്റോ ചെയ്യുന്ന സര്‍ക്കാര്‍ ജോലി ജാര്‍ഗണാണെന്നും ചെസ്സിലെ നീക്കത്തിന്റെ പേരു് “കാസ്ലിംഗ്” (Castling) എന്നാണെന്നും അന്നു ഞാന്‍ മനസ്സിലാക്കി.

പിന്നീടു് എത്രയോ തവണ O-O എന്നും O-O-O എന്നും സ്കോര്‍ ഷീറ്റില്‍ എഴുതി ഞാന്‍ കാസ്ലിംഗ് ചെയ്തിരിക്കുന്നു. ഓരോ തവണയും ഞാന്‍ ഡയസ് നോണിനെ ഓര്‍ക്കും.

എന്‍-പാസന്റ് എന്ന വിദ്യ അവര്‍ക്കറിയില്ലായിരുന്നു എന്നു തോന്നുന്നു. അറിയാമായിരുന്നെങ്കില്‍ ഞാന്‍ അതിനെ “കമ്യൂട്ടഡ് ലീവ്” എന്നോ മറ്റോ വിളിച്ചേനേ.


ആദ്യമായി കടലാസ്സില്‍ നോക്കി ഒരു ചെസ്സ് ഗെയിം കളിച്ചു നോക്കിയതു് 1978-ല്‍ കാര്‍പ്പോവും കൊര്‍ച്ച്നോയിയും ലോക ചാമ്പ്യന്‍ ഷിപ്പു കളിച്ചപ്പോഴാണു്. Sports in the USSR എന്ന മാ‍സികയില്‍ കാര്‍പ്പോവ് ജയിച്ച ആറു കളികളും ഉണ്ടായിരുന്നു. അതു കളിച്ചു നോക്കിയിട്ടു് കാര്യമായി ഒന്നും മനസ്സിലായില്ല. 1. c4 e6 2. Nc3 d5 3. d4 എന്നീ നീക്കങ്ങള്‍ക്കു ശേഷം (അതില്‍ descriptive notation-ല്‍ ആയിരുന്നു. 1. P-QB4 P-K3 2. N-QB3 P-Q4 3. P-Q4) c4-ലെ കാലാളിനെ അഞ്ചാറു നീക്കങ്ങള്‍ കഴിയുന്നതു വരെ കാര്‍പ്പോവ് വെട്ടാത്തതെന്താണെന്നു തല പുകഞ്ഞാലോചിച്ചു മണിക്കൂറുകള്‍ കളഞ്ഞിട്ടുണ്ടു്. മൂര്‍ത്തി പറഞ്ഞ എതിരന്‍ പുസ്തകങ്ങള്‍ പോയിട്ടു് ടി. കെ. ജോസഫ് തറപ്പേലിന്റെ “ചെസ്സ് മാസ്റ്റര്‍” എന്ന മലയാളപുസ്തകം പോലും ഉണ്ടെന്നു് അറിയാത്ത കാലം. ആറുകളിയും തോറ്റ കോര്‍ച്ച്നോയി ഒരു മണ്ടന്‍ കളിക്കാരനായിരുന്നു എന്നായിരുന്നു എന്റെ വിചാരം.

ആദ്യത്തെ ചെസ്സ് പുസ്തകം പ്രഭാത് ബുക്ക് ഹൌസിന്റെ ചലിക്കുന്ന പുസ്തകശാലയില്‍ നിന്നു വാങ്ങിയ “Your first move” (സൊക്കോള്‍സ്കി എഴുതിയതു്) ആയിരുന്നു. അതില്‍ കോര്‍ച്ച്നോയിയെപ്പോലെ മറ്റൊരു മണ്ടനെ കണ്ടുമുട്ടി. ഇദ്ദേഹം എല്ലാ കളികളിലും തോറ്റിരുന്നു. Amateur എന്നാണു പേരു്. പത്തൊന്‍പതാം നൂറ്റാണ്ടില്‍ മോര്‍ഫിയോടു തോറ്റ അദ്ദേഹം 1930-കളില്‍ അലക്സാണ്ടര്‍ അലക്കൈനോടും വയസ്സുകാലത്തു തോറ്റിട്ടുണ്ടു്. തോറ്റെങ്കിലും ഇത്ര വയസ്സുകാലത്തും കളിക്കുന്ന അയാളോടു് എനിക്കു ബഹുമാനം തോന്നിയിരുന്നു-അതും ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ ചുറ്റി നടന്നു കളിച്ചിരുന്ന ആ അര്‍പ്പണബോധത്തെ ഓര്‍ത്തിട്ടു്.

പിന്നീടു മറ്റൊരു പുസ്തകത്തില്‍ ഇദ്ദേഹം ബോബി ഫിഷറിനോടു് 1960-കളില്‍ തോല്‍ക്കുന്നതു കണ്ടപ്പോഴാണു് എന്തോ പാകപ്പിഴയുണ്ടെന്നു മനസ്സിലായതു്. പിന്നെ മനസ്സിലായി പേരു പ്രസക്തമല്ലാത്ത വെറും കളിക്കാരെ (വലിയ കളിക്കാര്‍ സൈമല്‍ട്ടേനിയസ്സ് എക്സിബിഷനിലും മറ്റും കളിക്കുന്നവര്‍) സൂചിപ്പിക്കാന്‍ സാധാരണ ഉപയോഗിക്കുന്ന പേരാണു് Amateur എന്നു്.

പില്‍ക്കാലത്താണു് മാക്സ് ഓയ്‌വിന്റെ Master vs Amateur, Road to the Chess Mastery എന്നീ പുസ്തകങ്ങള്‍ വായിച്ചതു്.


ജോലി തെണ്ടിയും പിന്നെ കിട്ടിയും ബോംബെയില്‍ മൂന്നു സഹമുറിയന്മാരൊപ്പം താമസിക്കുന്ന സമയത്തു വീട്ടില്‍ ഇംഗ്ലീഷ് പത്രം വരുത്തുമായിരുന്നു. ടൈംസ് ഓഫ് ഇന്ത്യ. ഇന്നത്തെയും എന്നത്തെയും പോലെ അന്നും എനിക്കു പത്രവായനയുടെ ദുശ്ശീലമില്ല. (ഈയിടെ കാലിഫോര്‍ണിയയില്‍ തീപിടുത്തമുണ്ടായതറിഞ്ഞതു രാം മോഹന്റെ പോസ്റ്റു കണ്ടപ്പോഴാണു്. മൂട്ടില്‍ ചൂടു തട്ടിയപ്പോഴല്ല, ഭാഗ്യം!) ഞായറാഴ്ച വേറേ ഒന്നും ചെയ്യാനില്ലാത്തതു കൊണ്ടു വാരഫലം, കാര്‍ട്ടൂണുകള്‍, മുകുല്‍ ശര്‍മ്മയുടെ “മൈന്‍ഡ് സ്പോര്‍ട്ട്”, ചെസ്സ്, ബ്രിഡ്ജ് തുടങ്ങിയവ വായിക്കും. അത്രമാത്രം.

താത്പര്യത്തോടു കൂടി ആകെ വായിക്കുന്നതു വേറേ ഏതോ ദിവസം പ്രസിദ്ധീകരിക്കുന്ന വിവാഹപ്പരസ്യങ്ങള്‍ മാത്രമാണു്. പരസ്യത്തിനു മറുപടി അയയ്ക്കാന്‍ ഉദ്ദേശ്യമൊന്നുമില്ല. എങ്കിലും കെട്ടുപ്രായമായ പെങ്കൊച്ചുങ്ങള്‍ക്കും അവരുടെ അപ്പനമ്മമാര്‍ക്കും വരന്‍ എങ്ങനെയുള്ളവനാകണം? എന്നതിനെപ്പറ്റിയുള്ള അഭിപ്രായം അറിയാന്‍ ഒരു കൊതി. അതുപോലെ ആകാന്‍ ശ്രമിക്കാം എന്ന ദുരുദ്ദേശ്യമൊന്നുമില്ല താനും.

അങ്ങനെ നോക്കിയിരിക്കുമ്പോഴാണു് മിക്കവാറും എല്ലാ പരസ്യത്തിലും ഉള്ള ഒരു വാക്കു കണ്ണില്‍ തറച്ചതു്. പയ്യന്‍ teetotaler ആയിരിക്കണമത്രേ!

സഹമുറിയന്‍ വാങ്ങി വെച്ച ഒരു നിഘണ്ടു അലമാരയിലുണ്ടു്. ഈ വക കാര്യങ്ങളില്‍ ഞാന്‍ അതു തൊട്ടുനോക്കാറു പോലുമില്ല. (അതിനു വേറേ ഒരു കാരണം കൂടിയുണ്ടു്. അതു് ഇംഗ്ലീഷ്-ഇംഗ്ലീഷ് നിഘണ്ടുവാണു്, ഇംഗ്ലീഷ്-മലയാളം അല്ല. അതില്‍ അറിയാത്ത ഒരു വാക്കിന്റെ അര്‍ത്ഥം നോക്കിയാല്‍ അറിയാത്ത വേറെ അഞ്ചു വാക്കു കിട്ടും. അവയുടെ അര്‍ത്ഥം നോക്കിയാല്‍ നമ്മുടെ അണ്‍നോണ്‍ വൊക്കാബുലറിയില്‍ ഇരുപത്തഞ്ചു വാക്കുകളാകും. അങ്ങനെ അര്‍ജ്ജുനന്റെ അമ്പുകള്‍ പോലെ എടുക്കുമ്പോള്‍ ഒന്നു്, തൊടുക്കുമ്പോള്‍ പത്തു് എന്നിങ്ങനെ അറിയാത്ത വാക്കുകള്‍ കൂടിക്കൊണ്ടിരിക്കും.) പകരം, സ്വന്തം അതീന്ദ്രിയദ്ധ്യാനം തന്നെ ഉപയോഗിക്കും. ആ വാക്കു കണ്ടിട്ടു നല്ല മെലിഞ്ഞു നീണ്ട ഒരുവനാണെന്നു തോന്നി. Toe വരെ total ആയി എത്തുന്ന കൈയുള്ളവന്‍ എന്നോ മറ്റോ ഒരര്‍ത്ഥവും തോന്നി. അതുകൊണ്ടു മെലിഞ്ഞുനീണ്ടവന്‍ എന്നൊരു അര്‍ത്ഥമെടുത്തു. ആജാനുബാഹു എന്നു വേണമെങ്കില്‍ ഒരു വെയിറ്റിനു പറയാം എന്നും ഓര്‍ത്തു.

എന്തിനും സംശയം ചോദിക്കുന്ന ഒരുവന്‍ മുറിയില്‍ വന്നതും അവന്‍ പത്രം വായിച്ചതും (അവന്‍ പത്രം മുഴുവന്‍ പരസ്യമുള്‍പ്പെടെ അരിച്ചുപെറുക്കി വായിക്കും) ഇതിന്റെ അര്‍ത്ഥം ചോദിച്ചതും ഞാന്‍ “ആജാനുബാഹു” എന്നു പറഞ്ഞതും എല്ലാവരും തലയറഞ്ഞു ചിരിച്ചതും പിന്നെ കുറേക്കാലം എന്നെ എല്ലാവരും “ആജാനുബാഹു” എന്നു വിളിച്ചതും ഒക്കെ ഇന്നലെ കഴിഞ്ഞതു പോലെ തോന്നുന്നു. ഓര്‍മ്മകളേ….

(എന്നെപ്പോലെ മടിയുള്ളവര്‍ക്കു വേണ്ടി: teetotaler എന്നു വെച്ചാല്‍ ഒരു കാലത്തും മദ്യപിക്കില്ല എന്നു പ്രതിജ്ഞയെടുത്തവന്‍ എന്നാണര്‍ത്ഥം.)


ഇനിയുമുണ്ടു് ഒരുപാടു പോസ്റ്റുകളെഴുതാനുള്ള വകുപ്പു് ഈ വിഷയത്തില്‍. ഞാന്‍ ഏതായാലും തത്ക്കാലം ഇവിടെ നിര്‍ത്തുന്നു. ഇതിന്റെ മൂന്നാം ഭാഗം അരവിന്ദനും നാലാം ഭാഗം വിശാലമനസ്കനും എഴുതും എന്നറിയുന്നു. ഒരു പക്ഷേ, ഇതു ബൂലോഗത്തിലെ ആദ്യത്തെ സംയുക്തപരമ്പരയാവില്ല എന്നാരു കണ്ടു? ഇതായിരിക്കുമോ ബൂലോഗത്തില്‍ നിന്നുള്ള അടുത്ത പുസ്തകം? “ബൂലോഗരുടെ അബദ്ധധാരണകള്‍”!

അബദ്ധധാരണകളുടെ ഇനിയുള്ള ഭാഗങ്ങള്‍ എഴുതുന്നവരുടെ പ്രത്യേക ശ്രദ്ധയ്ക്കു്:

  1. നാമെഴുതുന്നതു് ആരോടെങ്കിലും ചോദിച്ചു മനസ്സിലാക്കാവുന്ന സംഗതികള്‍ മടി കൊണ്ടോ ജീന്‍ ഇല്ലാത്തതു കൊണ്ടോ ചെയ്യാതെ വളരെക്കാലം കൊണ്ടു് അബദ്ധത്തില്‍ ചാടുന്ന സംഗതികളാണു്. അല്ലാതെ അറിവില്ലായ്മ കൊണ്ടും അധികപ്രസംഗം കൊണ്ടും കാണിക്കുന്ന മണ്ടത്തരങ്ങളല്ല. അത്തരം സംഗതികള്‍ക്കായി ശ്രീജിത്ത് “മണ്ടത്തരങ്ങള്‍” എന്ന ബ്ലോഗ് തുറന്നു വെച്ചിട്ടുണ്ടു്. അതിപ്പോള്‍ ലീസിനു ലഭ്യമാണു്.
  2. മുകളില്‍ പറഞ്ഞ കാരണം കൊണ്ടു് അനംഗാരിയും വെമ്പള്ളിയും പറഞ്ഞ മാതിരിയുള്ള ഉദാഹരണങ്ങള്‍ സ്വീകാര്യമല്ല.
  3. ഓവറാക്കരുതു്. സത്യം സത്യമായേ പറയാവൂ.

ആശംസകള്‍!

നര്‍മ്മം
സ്മരണകള്‍

Comments (28)

Permalink

അബദ്ധധാരണകള്‍

ഭൂരിഭാഗം കുട്ടികള്‍ക്കുള്ള ഒരു ഗുണം എനിക്കു ചെറുപ്പത്തില്‍ ഉണ്ടായിരുന്നു. അറിയില്ല എന്നു നാലാള്‍ അറിയുന്നതിലുള്ള ചമ്മല്‍. അതുകൊണ്ടു് അറിയാത്ത എന്തെങ്കിലും കേട്ടാല്‍ അതു ചോദിച്ചു മനസ്സിലാക്കുന്ന സ്വഭാവമില്ല. വായിച്ചോ വേറെ ആരോടെങ്കിലും ചോദിച്ചോ അതീന്ദ്രിയദ്ധ്യാനം നടത്തിയോ ടി കാര്യം പിന്നീടു ഗ്രഹിച്ചുകൊള്ളാം എന്നങ്ങു തീരുമാനിക്കും. പിന്നെ ആ വഴിക്കു പോകുന്ന പ്രശ്നമില്ല. കുറേ കഴിയുമ്പോള്‍ താന്‍ തന്നെ മേല്‍പ്പറഞ്ഞ അതീന്ദ്രിയദ്ധ്യാനത്തിലൂടെ കണ്ടുപിടിച്ച സംഗതി ശരിയാണെന്നങ്ങു് ഉറപ്പിക്കും. അതു മഹാ അബദ്ധവുമായിരിക്കും.

വലുതായിട്ടും ഈ സ്വഭാവം മാറിയില്ല. അറിയാത്ത കാര്യങ്ങള്‍ ക്ലാസ്സില്‍ സാറിനോടു ചോദിക്കില്ല. ആചാര്യനല്ലാതെ വിദ്യ നേടാന്‍ നാലില്‍ മൂന്നു കാര്യങ്ങളുണ്ടല്ലോ എന്നു കരുതി അങ്ങു വിടും. അവസാനം അവയില്‍ അതെല്ലാം വിട്ടിട്ടു് കാലക്രമം കൊണ്ടു് അതു കിട്ടുമ്പോഴേയ്ക്കു പശു ചത്തു മോരിലെ പുളിയും പോയി എന്ന സ്ഥിതിയാകും.

ജോലിസ്ഥലത്താണു് ഏറ്റവും ബുദ്ധിമുട്ടിയതു്. സിവില്‍ എഞ്ചിനീയറിംഗില്‍ ബിരുദവും ട്രാന്‍സ്പോര്‍ട്ടെഷന്‍ ആന്‍ഡ് ട്രാഫിക് എഞ്ചിനീയറിംഗില്‍ ബിരുദാനന്തരബിരുദവുമെടുത്തിട്ടു് അവയോടു പുലബന്ധം പോലുമില്ലാത്ത കമ്പ്യൂട്ടര്‍ പ്രോഗ്രാമറായി ജോലി തുടങ്ങിയ എന്നെത്തേടിയെത്തിയ പ്രോജക്ടുകളില്‍ പലതിലും (ടെലഫോണ്‍ സ്വിച്ചിംഗ് ടെക്നോളജി, മ്യൂച്വല്‍ ഫണ്ട്സ്, ഹാര്‍ഡ്വെയര്‍ മോഡങ്ങളുടെ എംബഡഡ് സോഫ്റ്റ്വെയര്‍, ഇലക്ട്രോണിക് ഡിസൈന്‍ ഓട്ടോമേഷന്‍ തുടങ്ങി യൂണിക്കോഡ് വരെ) അറിയുന്നതില്‍ കൂടുതലും അറിയാ‍ത്തതായിരുന്നു. വായിച്ചറിയാം എന്നു കരുതി ചോദ്യങ്ങള്‍ ചോദിക്കാതിരുന്നിടത്തൊക്കെ അത്യാഹിതങ്ങള്‍ പലതും സംഭവിച്ചു. ഏതായാലും കുറെക്കാലമായി സംശയങ്ങള്‍ മടി വിട്ടു ചോദിക്കാന്‍ കഴിയുന്നുണ്ടു്. അതിനു സാദ്ധ്യമായതില്‍ പിന്നെയാണു ജോലിയില്‍ അല്പം സമാധാനമായതു്.

എന്റെ ഗ്രാമത്തില്‍ എനിക്കു മുമ്പുള്ള കുറേ തലമുറകളിലുള്ള ആളുകള്‍ക്കൊരു പ്രത്യേകതയുണ്ടായിരുന്നു. അധികം ദൂരെപ്പോയി വിവാഹം കഴിക്കാന്‍ അധികം പേര്‍ക്കും താത്പര്യമുണ്ടായിരുന്നില്ല. അതിനാല്‍ മിക്കവാറും ആളുകളും സ്വഗ്രാമമായ ഇലന്തൂര്‍, അടുത്ത ഗ്രാമമായ ഓമല്ലൂര്‍ എന്നീ സ്ഥലങ്ങളില്‍ നിന്നു തന്നെ കല്യാണം കഴിച്ചു സസുഖം വാണു. പത്തു കിലോമീറ്ററില്‍ കൂടുതല്‍ ദൂരത്തു നിന്നു ഇവിടെ വന്നു കല്യാണം കഴിച്ചവരെ “വരത്തര്‍” എന്നു വിളിച്ചു. അവരുടെ നാടിനെ കടപ്പുറമെന്നോ മലമ്പ്രദേശമെന്നോ അവര്‍ വന്ന ദിശയെ എക്സ്ട്രാപൊളേറ്റ് ചെയ്തു വിവക്ഷിച്ചു.

ഇതുമൂലം വലഞ്ഞതു് സംശയപൂരണത്തില്‍ പിന്നോക്കമായിരുന്ന ഞാനാണു്. കാണുന്ന മിക്കവാറും മുഖങ്ങളൊക്കെ ബന്ധുക്കളാണു്. എന്നാല്‍ അവരുടെ പേരു്, ബന്ധം, എന്താണു് അവരെ വിളിക്കേണ്ടതു്, അവരുടെ മാതാപിതാപുത്രകളത്രങ്ങള്‍ ആരൊക്കെ എന്നിവയെപ്പറ്റി എനിക്കൊരു ഗ്രാഹ്യവുമില്ല. ജനിച്ചപ്പോള്‍ മുതല്‍ കാണുന്ന ആളുകളോടു് “നിങ്ങളാരാ?” എന്നെങ്ങനെ ചോദിക്കും? അമ്മയോടെങ്ങാനും രഹസ്യമായി ചോദിച്ചാല്‍ പിന്നെ കുശാലായി. അയാളുടെ മുന്നില്‍ വെച്ചു തന്നെ അമ്മ ഉറക്കെ തമാശ പറയും: “ദേ, കേട്ടോ, ഇവനു കൊച്ചാട്ടന്‍ ആരാണെന്നു് അറിയില്ലെന്നു്. ഇവനെപ്പോലൊരു കൊജ്ഞാണന്‍!” (കൊജ്ഞാണന്‍ എന്നതു ബുദ്ധിരാക്ഷസന്‍, സര്‍വ്വജ്ഞന്‍ തുടങ്ങിയവയുടെ വിപരീതപദമാകുന്നു.)

സായിപ്പിന്റെ നാട്ടിലാണെങ്കില്‍ അങ്കിള്‍ എന്നോ ആന്റി എന്നോ പറഞ്ഞു തടി തപ്പാവുന്ന ബന്ധങ്ങളില്‍ പലതും ഇവിടെ വളരെ സങ്കീര്‍ണ്ണമാണു്. അച്ഛന്റെ ജ്യേഷ്ഠന്റെ സ്ഥാനത്തുള്ളവരെ പേരപ്പന്‍ എന്നും അനിയന്റെ സ്ഥാനത്തുള്ളവരെ ചിറ്റപ്പന്‍ എന്നും വിളിക്കണം. (ഈ സ്ഥാനം കണ്ടുപിടിക്കാന്‍ നാലു തലമുറ പുറകോട്ടു പോയി ഒരു സാഹോദര്യം കണ്ടുപിടിച്ചിട്ടു തിരിച്ചു വരണം.) അച്ഛന്റെ സഹോദരിയുടെ സ്ഥാനത്തുള്ള സ്ത്രീ അപ്പച്ചിയാണു്. അതു തന്നെ മൂത്തതാണെങ്കില്‍ വല്യപ്പച്ചി, ഇളയതാണെങ്കില്‍ കൊച്ചപ്പച്ചി. അമ്മയുടെ സഹോദരസ്ഥാനത്തുള്ളവര്‍ അമ്മാവന്‍ (അമ്മാവന്‍, കുഞ്ഞമ്മാവന്‍, ഗോപാലകൃഷ്ണനമ്മാവന്‍ എന്നിങ്ങനെ പല രൂപവുമുണ്ടു് അതിനു്), പേരമ്മ, കൊച്ചമ്മ/കുഞ്ഞമ്മ/ചിറ്റമ്മ (ഇതിലേതു വേണമെന്നു വിളിക്കപ്പെടേണ്ടവരുടെ ഇഷ്ടമനുസരിച്ചു മാറും) എന്നിങ്ങനെ. അതിനും മുമ്പുള്ള തലമുറ അപ്പൂപ്പനും അമ്മൂമ്മയും. ഭാഗ്യത്തിനു് അച്ഛന്‍ വഴിയ്ക്കും അമ്മ വഴിയ്ക്കും വെവ്വേറേ പേരില്ല. എങ്കിലും അച്ഛന്റെയോ അമ്മയുടേയോ അമ്മാവന്റെ/അമ്മായിയുടെ സ്ഥാനത്തുള്ള ആളെ വല്യമ്മാവന്‍/വല്യമ്മായി എന്നേ വിളിക്കാവൂ. ഒരേ ഡെസിഗ്നേഷന്‍ (ഉദാ: വല്യമ്മായി) പലരുണ്ടാകാമെന്നതുകൊണ്ടു് ഒരാളെപ്പറ്റി മറ്റൊരാളോടു പറയുമ്പോള്‍ വീട്ടുപേരും ചിലപ്പോള്‍ ആളിന്റെ പേരും ചേര്‍ത്തും പറയണം. വല്യതറയിലെ പുരുഷോത്തമന്‍ ചിറ്റപ്പന്‍, ഇളം‌പ്ലാവിലെ ദാമോദരനമ്മാവന്‍ എന്നിങ്ങനെ.

ഏറ്റവും ബുദ്ധിമുട്ടു ജരാ‍നരകള്‍ ബാധിച്ച ചില മനുഷ്യരുടെ കാര്യമാണു്. ഏതു കണ്ണുപൊട്ടനും അപ്പൂപ്പാ എന്നു വിളിക്കും. പക്ഷേ കണക്കെടുത്താല്‍ അയാള്‍ നമ്മുടെ ഒരു ചേട്ടനായി വരും. അതിനാല്‍ കൊച്ചാട്ടാ എന്നേ വിളിക്കാവൂ. ചേച്ചിമാരെ ഇച്ചേയീ എന്നും.

ചിലര്‍ ഒരേ സമയത്തു രണ്ടായിരിക്കും. വെള്ളമടിക്കാതെ തന്നെ. അച്ഛന്‍ വഴിക്കു ചിറ്റപ്പനും അമ്മ വഴിക്കു് അമ്മാവനും ഒരാള്‍ തന്നെയാവാം. (നാലഞ്ചു തലമുറകള്‍ കൊണ്ടുള്ള സാഹോദര്യമാണെന്നോര്‍ക്കണം. അല്ലാതെ പെരിങ്ങോടന്‍ പറയുന്ന അഗമ്യഗമനമല്ല.) ഈ സന്ദര്‍ഭത്തില്‍ എന്തു വിളിക്കണം എന്നതു വളരെ കോമ്പ്ലിക്കേറ്റഡ് ആയ ഒരു അല്‍ഗരിതം ആണു്. എനിക്കിതു വരെ മനസ്സിലായിട്ടില്ല. ഇതില്‍ ഏറ്റവും അടുത്ത ബന്ധം നോക്കുകയോ മറ്റോ ആണു്. അതൊന്നും വ്യക്തമാകാത്തതു കൊണ്ടു് “പുസ്തകത്തില്‍ ഇടത്തു വശത്തുള്ളതു് ഉപമ, വലത്തു വശത്തുള്ളതു് ഉത്പ്രേക്ഷ” എന്നു പിള്ളേര്‍ കാണാതെ പഠിക്കുന്നതു പോലെ ഗോപാലകൃഷ്ണനമ്മാവന്‍, വിശ്വനാഥന്‍ ചിറ്റപ്പന്‍ എന്നിങ്ങനെ ഉരുവിട്ടു പഠിച്ചു കഷ്ടിച്ചു രക്ഷപ്പെട്ടു പോന്നു.

ചുരുക്കം പറഞ്ഞാല്‍ ആളുകളുടെ പേരു്, ബന്ധം (through shortest-path algorithm), പ്രായം, ജോലിസ്ഥലം തുടങ്ങി ധാരാളം വിവരങ്ങള്‍ അറിയാമെങ്കിലേ നിന്നു പിഴയ്ക്കാന്‍ പറ്റൂ. എനിക്കിതു വലിയ ബുദ്ധിമുട്ടായിരുന്നു. അതിനാല്‍ “ഓമല്ലൂരെങ്ങാണ്ടുള്ള, നരച്ച താടിയുള്ള, എല്ലാ സദ്യയ്ക്കും ആദ്യത്തെ പന്തിയ്ക്കു തന്നെയിരിക്കുന്ന ഒരു അപ്പൂപ്പനോ പേരപ്പനോ ആരാണ്ടില്ലേ, അങ്ങേരു്” എന്നൊക്കെയാണു് എന്റെ വിവരണം പലപ്പോഴും.

ബന്ധുക്കള്‍ക്കു മാത്രമല്ല ഈ പ്രശ്നം. നാട്ടില്‍ നൂറു വികാരിയച്ചന്മാരുണ്ടു്. എല്ലാവര്‍ക്കും ളോഹയുണ്ടു്, ബെല്‍റ്റുണ്ടു്, താടിയുണ്ടു്, ചുണ്ടില്‍ പുഞ്ചിരിയുണ്ടു്, കക്ഷത്തില്‍ ബൈബിളുണ്ടു്. ഏതച്ചനാ‍ണെന്നു പറയാന്‍ എനിക്കു യാതൊരു നിര്‍വ്വാഹവുമില്ല. എന്നാല്‍ അച്ചനോടു ചോദിച്ചാല്‍ പോരേ പേരെന്താണെന്നോ ഏതു പള്ളിയിലെയാണെന്നോ. ങ്ങേ ഹേ! അച്ചനെന്തു വിചാരിക്കും!

അറിയാത്തതു ചോദിക്കാനുള്ള മടിയുടെ ഉത്തരവാദിത്വം ഞാന്‍ അവസാനം മാതാപിതാക്കളിലാണു ഞാന്‍ ആരോപിച്ചതു്. ആ സ്വഭാവത്തിനുള്ള ജീന്‍ അവര്‍ എനിക്കു തരാഞ്ഞതാണു് അതിനു കാരണം എന്നായിരുന്നു എന്റെ കണ്ടുപിടിത്തം. (ഏതായാലും ആ ജീനാണോ അമ്മ വഴിക്കു കിട്ടിയ ജീനാണോ എന്തോ, എന്റെ മകനു് അറിയാത്തതു ചോദിക്കാനുള്ള സ്വഭാവം കിട്ടിയിട്ടുണ്ടു്.)

സംശയം ചോദിക്കാനുള്ള ജീനിന്റെ അഭാവം മൂലം വന്നുകൂടിയ അസംഖ്യം അബദ്ധധാരണകളില്‍ നിന്നു തിരഞ്ഞെടുത്ത ഏതാനും മുത്തുമണികളാണു താഴെ.


എന്റെ ഓര്‍മ്മയില്‍ ഞാന്‍ ആദ്യമായി വായിക്കുന്ന പത്രവാര്‍ത്ത “ഇന്ത്യയുമായി യുദ്ധത്തിനു പാക്കിസ്താന്‍ ഒരുങ്ങിനില്‍ക്കുന്നു” എന്നു മാതൃഭൂമിയില്‍ വന്ന വാര്‍ത്തയാണു്. 1971-ലായിരിക്കണം. അപ്പോള്‍ എനിക്കു പ്രായം അഞ്ചോ ആറോ. അതിനു മുമ്പു തന്നെ ഇന്ത്യയുടെ ഭൂപടവും അതിന്റെ മുകളില്‍ ഇടത്തുവശത്തായി കിടക്കുന്ന പാക്കിസ്ഥാനെയും കണ്ടിട്ടുണ്ടായിരുന്നു. മുഖലക്ഷണം പറയുന്ന കാക്കാത്തിയുടെ തോളത്തിരിക്കുന്ന തത്തയെപ്പോലെ ഇന്ത്യയുടെ തോളത്തിരിക്കുന്ന ഒരു ജീവിയായാണു ഞാന്‍ അന്നു പാക്കിസ്ഥാനെ കരുതിയിരുന്നതു്. ആ ജീവിക്കു് ഇന്ത്യയോടു യുദ്ധം ചെയ്യാന്‍ എന്തൊരു ധൈര്യമാണെന്നു് അദ്ഭുതപ്പെടുകയും ചെയ്തു.

“ഒരുങ്ങിനില്‍ക്കുന്നു” എന്ന പ്രയോഗമാണു കൂടുതല്‍ കൗതുകമുണര്‍ത്തിയതു്. എവിടെയെങ്കിലും പോകുന്നതിനു തൊട്ടുമുമ്പു് എന്റെ അമ്മ (കര്‍മ്മണിപ്രയോഗത്തിന്റെ പ്രഖ്യാപിതശത്രുവായ ബെന്നി ദയവായി ഈ വാക്യത്തിന്റെ ബാക്കി ഭാഗം വിട്ടു വായിക്കുക.) ഭിത്തിയില്‍ രണ്ടാണികളില്‍ താങ്ങപ്പെട്ട കീഴ്‌ഭാഗവും വലിഞ്ഞുനില്‍ക്കുന്ന ഒരു ചരടിനാല്‍ മറ്റൊരാണിയോടു ബന്ധിതമായ മുകള്‍ഭാഗവുമുള്ള, ലംബദിശയോടു് ഏകദേശം 30 ഡിഗ്രിയില്‍ ചരിഞ്ഞുനില്‍ക്കുന്ന, കണ്ണാടിക്കു മുമ്പില്‍ നിന്നു മുഖത്തു പൗഡറിടുന്ന പ്രക്രിയയെയാണു് അന്നു വരെ ഒരുങ്ങുക എന്ന പദത്തിന്റെ അര്‍ത്ഥമായി ഞാന്‍ മനസ്സിലാക്കിയിരുന്നതു്. ഇന്ത്യയോടു യുദ്ധം ചെയ്യാന്‍ ഇന്ത്യയുടെ വലത്തു തോളിലിരുന്നു് ഇന്ത്യയുടെ ചെവിയിലോ മറ്റോ തൂക്കിയിട്ടിരിക്കുന്ന കണ്ണാടിയില്‍ നോക്കി മുഖത്തു പൗഡറിടുന്ന പാക്കിസ്ഥാനെ ഞാന്‍ മനസ്സില്‍ കണ്ടു. ഇന്ത്യാ-പാക്ക്‌ യുദ്ധത്തെപ്പറ്റി കേള്‍ക്കുമ്പോള്‍ ഇന്നും എന്റെ മനസ്സില്‍ വരുന്ന ചിത്രം ഇതാണു്.


ആദ്യം വായിച്ച പത്രവാര്‍ത്ത ഇന്ത്യാ-പാക്ക് യുദ്ധമാണെങ്കിലും, അതിനു മുമ്പു തന്നെ പത്രം കാണുകയും വലിയവര്‍ വായിക്കുന്ന വാര്‍ത്തകള്‍ കേള്‍ക്കുകയും ചെയ്യുമായിരുന്നു. അങ്ങനെയുള്ളവയില്‍ ഏറ്റവും ആദ്യത്തേതായി മനസ്സില്‍ തങ്ങിനില്‍ക്കുന്നതു് മനുഷ്യന്‍ ചന്ദ്രനിലിറങ്ങിയ വാര്‍ത്തയാണു്. അതിന്റെ പടങ്ങള്‍ പത്രത്തില്‍ കണ്ടതു് നല്ല ഓര്‍മ്മയുണ്ടു്. എന്റെ അമ്മയുടെ അഭിപ്രായത്തില്‍ കഴിഞ്ഞ നൂറ്റാണ്ടിലെ ഏറ്റവും വലിയ രണ്ടു വാര്‍ത്തകള്‍ ഇന്ത്യയ്ക്കു സ്വാതന്ത്ര്യം കിട്ടിയതും മനുഷ്യന്‍ ചന്ദ്രനിലിറങ്ങിയതുമാണു്. അവ രണ്ടും പോലെ മനുഷ്യരെ ആകര്‍ഷിച്ച മറ്റൊരു വാര്‍ത്തയും ഉണ്ടായിട്ടില്ലത്രേ. മൂന്നാമത്തെ വാര്‍ത്തയായ 1957-ലെ തെരഞ്ഞെടുപ്പും കമ്യൂണിസ്റ്റ് മന്ത്രിസഭ അധികാരത്തില്‍ വന്നതും ഇവയുടെ അടുത്തെത്തില്ലത്രേ.

പാക്കിസ്ഥാന്‍ ഇന്ത്യയോടു യുദ്ധത്തിനൊരുങ്ങിയ സമയത്തു തന്നെ നടന്ന സംഭവമാണു്. അന്നു് എന്റെ വീട്ടിനടുത്തുള്ള ഒരു അപ്പൂപ്പന്‍ അദ്ദേഹത്തിന്റെ വീട്ടില്‍ ഞായറാഴ്ചകളില്‍ ഒരു “ഗീതാക്ലാസ്” നടത്തിയിരുന്നു. പേരു് അങ്ങനെയാണെങ്കിലും അവിടെ ഭഗവദ്ഗീതയ്ക്കു പുറമേ ഹരിനാമകീര്‍ത്തനം, എഴുത്തച്ഛന്റെ അദ്ധ്യാത്മരാമായണം തുടങ്ങിയവയും പഠിപ്പിച്ചിരുന്നു. എന്റെ ചേച്ചിയും മറ്റു പല ചേച്ചിമാരും അവിടെ പഠിക്കാന്‍ പോകുമ്പോള്‍ ഞാനും കൂടെപ്പോകുമായിരുന്നു. കൊച്ചുകുട്ടിയായിരുന്നതു കൊണ്ടു് എന്നോടു പഠിക്കാന്‍ പറഞ്ഞിരുന്നില്ല. അപ്പൂപ്പന്റെ പഠനമുറിയിലുണ്ടായിരുന്ന ഭൂതക്കണ്ണാടി, ലാടകാന്തം തുടങ്ങിയവ എടുത്തു കളിക്കുകയായിരുന്നു എന്റെ വിനോദം. അതിനിടയില്‍ രാമായണവും ഹരിനാമകീര്‍ത്തനവുമൊക്കെ കുറേശ്ശെ കേള്‍ക്കും. കുറച്ചൊക്കെ മനസ്സിലാവും. മനസ്സിലാവാത്തതിനു തോന്നുന്ന അര്‍ത്ഥം മനസ്സിലാക്കും. വര്‍ഷങ്ങള്‍ക്കു ശേഷമാണു് അവയില്‍ പലതിന്റെയും അര്‍ത്ഥം മനസ്സിലാക്കിയതു്.

അങ്ങനെ കേട്ട ഒരു പദ്യമാണു് ഇതു്.

ഗര്‍ഭസ്ഥനായ് ഭുവി ജനിച്ചും മരിച്ചുമുദ-
കപ്പോള പോലെ ജനനാന്ത്യേന നിത്യഗതി
ത്വദ്ഭക്തിവര്‍ദ്ധനവുദിക്കേണമെന്‍ മനസി
നിത്യം തൊഴാമടികള്‍ നാരായണായ നമഃ

മനുഷ്യന്‍ ജനിക്കുന്നതിനു മുമ്പു് അമ്മയുടെ ഗര്‍ഭത്തില്‍ കുറച്ചു കാലം കിടക്കുന്നുണ്ടു് എന്നറിയാമായിരുന്നു. ഹിന്ദുമതക്ലാസ്സുകളും മതപ്രസംഗങ്ങളും മറ്റും കേള്‍ക്കുന്നതു കൊണ്ടു് മരിച്ചു കഴിഞ്ഞാല്‍ പിന്നെയും ജനിക്കുമെന്നും പിന്നെയും മരിക്കുമെന്നും അങ്ങനെ ഒരുപാടു ജനനമരണങ്ങള്‍ക്കു ശേഷം മോക്ഷം കിട്ടുമെന്നും കുറേശ്ശെ മനസ്സിലായിരുന്നു. അങ്ങനെ മോക്ഷം കിട്ടാന്‍ ദൈവഭക്തി വേണം. അതുണ്ടാവാന്‍ എന്നും ഈശ്വരന്റെ പാദങ്ങള്‍ തൊഴാം. ഇങ്ങനെ ശ്ലോകത്തിന്റെ അര്‍ത്ഥം വലിയ കുഴപ്പമില്ലാതെ മനസ്സിലാക്കി. ആകെ പ്രശ്നം വന്ന ഒരു വാക്കു് “അപ്പോള” ആണു്. (“ഉദ” എന്നതു് ബത, അപി, ച, ഹന്ത എന്നിവയെപ്പോലെ അര്‍ത്ഥം മനസ്സിലാക്കേണ്ടാത്ത ഒരു വാക്കാണെന്നു ഞാനങ്ങു തീരുമാനിച്ചു!) ഈ അപ്പോള പോലെയാണു ഗര്‍ഭത്തില്‍ കിടക്കുന്ന ശിശു മരിച്ചു സ്വര്‍ഗ്ഗത്തിലേക്കു പോകുന്നതു്.

ഈ അപ്പോള എന്താണെന്നതിനു് അത്ര വലിയ സംശയമൊന്നും തോന്നിയില്ല. സ്വര്‍ഗ്ഗത്തിലേയ്ക്കു് എളുപ്പം പോകാന്‍ സഹായിക്കുന്ന ഒരു വണ്ടിയാണു് അപ്പോള. ഈ അപ്പോളയില്‍ കയറിയാണു് അമേരിക്കക്കാര്‍ ഈയിടെ ചന്ദ്രനില്‍ പോയതു്. മരിക്കാന്‍ സമയമാവുമ്പോള്‍ ഏതോ വിമാനം വന്നു കൊണ്ടുപോകും എന്നൊക്കെയും പലയിടത്തും കേട്ടിട്ടുണ്ടു്. എല്ലാം കൂടി ചേര്‍ത്തു് ആലോചിച്ചപ്പോള്‍ സംഗതി ക്ലിയര്‍!

പിന്നീടെപ്പോഴോ കുങ്കുമം വാരികയില്‍ “ഉദകപ്പോള” എന്നൊരു നോവല്‍ (ആരെഴുതി എന്നോര്‍മ്മയില്ല, വായിച്ചിട്ടുമില്ല) കണ്ടപ്പോഴാണു് “അപ്പോള” അല്ല “ഉദകപ്പോള” ആണു വാക്കെന്നു മനസ്സിലായതു്. അമ്മയോടു ചോദിച്ചു് അര്‍ത്ഥം മനസ്സിലാക്കി. ഉദക+പോള = വെള്ളത്തിലെ കുമിള.

നീറ്റിലെപ്പോളയ്ക്കു തുല്യമാം ജീവിതം
പോറ്റുവാനെത്ര ദുഃഖിക്കുന്നു മാനുഷര്‍!

എന്ന കവിത പിന്നീടാണു കേട്ടതു്.

ഒരു യതിഭംഗം വരുത്തിയ വിന നോക്കണേ!


നാലാം ക്ലാസ്സിലോ ഏഴാം ക്ലാസ്സിലോ എത്തിയ അല്പസ്വല്പം പഠിക്കുന്ന സകലമാന പിള്ളേരുടെയും അന്നത്തെ ഒരു നിഷ്ഠയുണ്ടായിരുന്നു-സ്കോളര്‍ഷിപ്പു പരീക്ഷയ്ക്കു പഠിക്കല്‍. പിള്ളേരുടെ പ്രായത്തിനും അറിവിനും ഒതുങ്ങാത്ത ഒരു പറ്റം ചോദ്യങ്ങള്‍ ചോദിക്കുകയാണു് ഇതിന്റെ രീതി. മലയാളത്തില്‍ വ്യാകരണം, സാഹിത്യം, ലേഖനമെഴുതല്‍, സാഹിത്യചരിത്രം തുടങ്ങി വിവിധമേഖലകളിലെ വിജ്ഞാനം പരിശോധിക്കും. പഠിക്കുന്ന ക്ലാസ്സിനു മൂന്നു ക്ലാസ് മുകളിലുള്ള കണക്കുകളാണു് ഗണിതത്തിലെ ഉള്ളടക്കം. അതും നേരേ ചൊവ്വേ ചോദിക്കുകയില്ല. ബുദ്ധിപരീക്ഷ ബ്ലോഗിലെപ്പോലെ വളച്ചു കെട്ടിയേ ചോദിക്കൂ. ഇതിലും ഭീകരമാണു് ജെനറല്‍ നോളജ് എന്നാ സാധനം. ലോകവിജ്ഞാനം മുഴുവന്‍ അളക്കുന്ന ഈ പേപ്പറില്‍ (ഞാ‍ന്‍ എഴുതിയ വര്‍ഷം ശ്രീലങ്കയിലെ വിദേശകാ‍ര്യമന്ത്രി ആരാണെന്നു ചോദിച്ചിരുന്നു) അഞ്ചിലൊന്നില്‍ കൂടുതല്‍ ഒരു കുട്ടിയും എഴുതുക തന്നെയില്ല.

ഇനി ഇതെഴുതി കിട്ടിയാലോ, സര്‍ട്ടിഫിക്കറ്റില്ല, ട്രോഫിയില്ല, സമ്മാനമില്ല. ആകെ ഉള്ളതു് സ്കോളര്‍ഷിപ്പാണു്. ശിഷ്ടകാലത്തെ വിദ്യാഭ്യാസത്തിനുള്ള കാശു കിട്ടും എന്നു കരുതിയാല്‍ നിങ്ങള്‍ക്കു തെറ്റി. വര്‍ഷം തോറും 20 രൂപാ കിട്ടും. (കേരളത്തിലെ ആ‍ദ്യത്തെ 12-ല്‍ ഒരാളായാല്‍ നാഷണല്‍ സ്കോളര്‍ഷിപ്പു കിട്ടും. വര്‍ഷത്തില്‍ 150 രൂപാ!)

ഇങ്ങനെയൊക്കെയാണെങ്കിലും മിക്കവാറും എല്ലാ കുട്ടികളും ഇതെഴുതും. എന്തിനാണെന്നു ചോദിച്ചാല്‍, എല്ലാം വ്യര്‍ത്ഥമാണെന്നറിഞ്ഞിട്ടും ആളുകള്‍ ബുദ്ധിമുട്ടി മഴയും വെയിലുമേറ്റു ക്യൂ നിന്നു വോട്ടു ചെയ്യുന്നില്ലേ? അതുപോലെ ഒരു അഭ്യാസം.

ഇതിനു പഠിക്കാനായി അസ്സീസ്സി, വിദ്യാര്‍ത്ഥിമിത്രം, വി തുടങ്ങിയവര്‍ ഗൈഡുകള്‍ ഇറക്കിയിരുന്നു. എല്ലാ വിഷയത്തിന്റെയും ഗൈഡുകള്‍ ചേച്ചി പഠിച്ചതു് ഒരു കുഴപ്പവുമില്ലാതെ ലഭ്യമായതിനാല്‍ ഞാന്‍ മൂന്നാം ക്ലാസ്സിലേ പഠനം തുടങ്ങി. അന്നു മുതല്‍ പരീക്ഷയുടെ തലേ ആഴ്ച വരെ മലയാളം പഠിച്ചു. ഒരാഴ്ച കൊണ്ടു് കണക്കും ജെനറല്‍ നോളജും പഠിച്ചു പരീക്ഷയ്ക്കു പോയി. (ഏഴാം ക്ലാസ്സില്‍ ഇവ കൂടാതെ ഇംഗ്ലീഷ് എന്നൊരു സാധനം കൂടി ഉണ്ടെന്നറിഞ്ഞതു പരീക്ഷയുടെ ടൈം ടേബിള്‍ കിട്ടിയപ്പോഴാണു്.)

ബി. എ. നിലവാരത്തിലുള്ള മലയാളം പുസ്തകം രണ്ടു കൊല്ലം പഠിച്ചതിനാല്‍ എനിക്കു അതിഭീകരമായ ഭാഷാവിജ്ഞാനം സിദ്ധിച്ചു. ഗൈഡില്‍ കൊടുത്തിട്ടുള്ള എല്ലാ പദ്യങ്ങളും പഴഞ്ചൊല്ലുകളും കടങ്കഥകളും കാണാതെ പഠിച്ചു് ഉറക്കെ ചൊല്ലി നടന്നു ഞാന്‍ നാട്ടുകാരെ മുഴുവന്‍ ബുദ്ധിമുട്ടിച്ചു.

പദ്യങ്ങളില്‍ പലതിന്റെയും അര്‍ത്ഥം മനസ്സിലായിരുന്നില്ല. എല്ലാ കവികളുടെയും കവിതകളുണ്ടായിരുന്നു. ഒരു കവിയുടെ പേരു പറഞ്ഞു് അയാളുടെ നാലു വരി എഴുതാന്‍ പറഞ്ഞാല്‍ എഴുതണ്ടേ? അതിനാണു ഗൈഡുകാര്‍ അതെല്ലാം ഇട്ടതു്. (അതെല്ലാം ഇട്ടു ഗൈഡു വലുതായെങ്കിലല്ലേ കൂടുതല്‍ വില ഈടാക്കാന്‍ പറ്റൂ?)

അങ്ങനെ പഠിച്ച് കൂട്ടത്തില്‍ ചങ്ങമ്പുഴയുടേതായി ഈ കവിത കണ്ടു.

അങ്കുശമില്ലാത്ത ചാപല്യമേ, മന്നില്‍
അംഗനയെന്നു വിളിക്കുന്നു നിന്നെ ഞാന്‍!

അംഗന എന്നു വെച്ചാല്‍ സ്ത്രീ ആണെന്നറിയാം. മന്നു ഭൂമിയും. ചാപല്യത്തിന്റെ അര്‍ത്ഥവുമറിയാം. അങ്കുശം മാത്രം എന്താണെന്നൊരു പിടിയുമില്ല. എന്തോ ഇല്ലാത്ത ചാപല്യത്തിനെ ഭൂമിയില്‍ പെണ്ണെന്നു വിളിക്കുന്നു എന്നു മനസ്സിലായി. അമ്മ മലയാളാദ്ധ്യാപികയാണു്. ചോദിച്ചാല്‍ പറഞ്ഞു തരും. പക്ഷേ ചോദിച്ചു മനസ്സിലാക്കി അറിവു വര്‍ദ്ധിപ്പിക്കാനുള്ള ജീന്‍ പകര്‍ന്നു തരാത്ത അമ്മയോടു് എങ്ങനെ ചോദിക്കും? ങേ ഹേ!

സ്കോളര്‍ഷിപ്പുപുസ്തകത്തിന്റെ മറ്റൊരു സ്ഥലത്തു് കുത്തും കോമയും കൊടിലുമൊക്കെ പറയുന്ന സ്ഥലത്തു നിന്നു് ഉത്തരം കിട്ടി.


ചോദ്യചിഹ്നം അഥവാ കാകു Question mark (?)
ആശ്ചര്യചിഹ്നം അഥവാ വിക്ഷേപിണി Exclamation mark (!)
ശൃംഖല Hyphen (-)
കോഷ്ഠം Square brackets ([])
വലയം Brackets (())
ഭിത്തിക Colon (:)
അര്‍ദ്ധവിരാമം അഥവാ രോധിനി Semi-colon (;)
പൂര്‍ണ്ണവിരാമം അഥവാ ബിന്ദു Full stop (.)
അല്പവിരാമം അഥവാ അങ്കുശം Comma (,)

“യുറീക്കാ” എന്നു ഞാന്‍ പറയാഞ്ഞതു് ആ വാക്കിനെപ്പറ്റി കേട്ടിട്ടില്ലാത്തതു കൊണ്ടു മാത്രമാണു്. (ആ പേരിലുള്ള ശാസ്ത്രമാസിക അന്നു പ്രസിദ്ധീകരിച്ചു തുടങ്ങിയിട്ടില്ല.) അങ്കുശം എന്നു വെച്ചാല്‍ കോമ. ഒരു കോമയും, അതായതു ചെറിയ ഒരു നിര്‍ത്തും, ഇല്ലാത്ത ചാപല്യമാണു് ഈ പെണ്ണെന്നു പറയുന്നതു്. ഈ ചങ്ങമ്പുഴയുടെ ഒരു വിവരമേ!

അങ്കുശം എന്നു പറയുന്നതു് ആനത്തോട്ടിയാണെന്നും ആനയ്ക്കു തോട്ടി പോലെയുള്ള യാതൊരു കണ്ട്രോളും ഇല്ലാത്ത ചാപല്യമാണു കവി അംഗനയില്‍ കെട്ടിവെച്ചതെന്നും ആനത്തോട്ടി പോലെയിരിക്കുന്നതു കൊണ്ടാണു കോമയെ അങ്കുശം എന്നു വിളിച്ചതെന്നും ചങ്ങമ്പുഴയുടെ കാലത്തിനും ശേഷമാണു് ആ പേര്‍ കോമയ്ക്കു വീണതെന്നും കാലം കുറെക്കഴിഞ്ഞിട്ടാണു് അറിഞ്ഞതു്.

എങ്കിലും ഇന്നും കോമയില്ലാത്ത ചാപല്യം എന്ന അര്‍ത്ഥം തന്നെയാണു് എനിക്കു് ആ പ്രയോഗത്തിനു കൂടുതല്‍ യോജിച്ച അര്‍ത്ഥമായി തോന്നുന്നതു്.


ഞാന്‍ ആദ്യമായി അമേരിക്കയിലെത്തിയ കാലം. ബിയറാണെന്നു കരുതി ഒരു വെന്‍ഡിംഗ് മെഷീനില്‍ നിന്നു റൂട്ട് ബിയര്‍ എടുത്തു കുടിച്ചിട്ടു “ഇതു കോള്‍ഗേറ്റ് ടൂത്ത്‌പേസ്റ്റു കലക്കിയ വെള്ളമാണല്ലോ” എന്നു പറഞ്ഞു തുപ്പിക്കളഞ്ഞ സംഭവം കഴിഞ്ഞിട്ടു് അധികം കാലമായിട്ടില്ല. അന്നു ജോലി ബോസ്റ്റണിലാ‍യിരുന്നു. ഒരു സുഹൃത്തിനോടൊപ്പം നയാഗ്ര കാണാന്‍ പോയി. കാറോടിക്കാനും മറ്റും അറിയില്ല. ഒരു ബസ്സില്‍ കയറി ബോസ്റ്റണില്‍ നിന്നു സിറക്യൂസില്‍ പോയി. അവിടെ സുഹൃത്തിന്റെ സുഹൃത്തുണ്ടു്. അവനും വേറേ ഒന്നുരണ്ടു സുഹൃത്തുക്കളും ചേര്‍ന്നു് ഒരു കാര്‍ റെന്റു ചെയ്തു് നയാഗ്രയിലേക്കു പോയി.

പോകുന്ന വഴിയ്ക്കു കാറിലെ റേഡിയോ വെച്ചപ്പോഴാണു വാര്‍ത്ത കേട്ടതു് – “ദിസ് ഈസ് റേഡിയോ ഒഷാവാ”. കര്‍ത്താവേ, ഞാന്‍ ഇത്രയും കാലം Ottawa എന്ന സ്ഥലത്തെ “ഒട്ടാവാ” എന്നാണല്ലോ വിളിച്ചിരുന്നതു്! വിവരമുള്ള ആരും അതു കേള്‍ക്കാഞ്ഞതു ഭാഗ്യം! സിറക്യൂസിനും നയാഗ്രയ്ക്കുമൊക്കെ വടക്കുഭാഗത്തു കിടക്കുന്ന ഒണ്ടേറിയോ തടാകത്തിന്റെ തൊട്ടു വടക്കു ഭാഗത്താണു കാനഡയുടെ തലസ്ഥാനമായ ഒട്ടാവ, തെറ്റി ഒഷാവ എന്ന ഭൂമിശാസ്ത്രവിജ്ഞാനം എനിക്കുണ്ടായിരുന്നു.

പൊടുന്നനേ അതീന്ദ്രിയദ്ധ്യാനത്തില്‍ നിന്നു കിട്ടിയ വിജ്ഞാനം ഞാന്‍ കാറിലുണ്ടായിരുന്നവരുമായി പങ്കു വെച്ചു. പിന്നീടു പലയിടത്തും വെച്ചു കണ്ടു മുട്ടിയ പലരോടും ആവശ്യമില്ലാതെ തന്നെ പറഞ്ഞു. അവരില്‍ പലരും ഈ വിജ്ഞാനം കുറെക്കൂടി വലിയ ഒരു ജനക്കൂട്ടത്തിനു പകര്‍ന്നു. “കൊടുക്കും തോറുമേറിടും” എന്നാണല്ലോ. അങ്ങനെ Ottawa-യുടെ ഉച്ചാരണം “ഒഷാവ” എന്നാണെന്നു ചിന്തിക്കുന്ന ഒരു വലിയ ജനതതിയെ തന്നെ എനിക്കു സൃഷ്ടിക്കുവാന്‍ കഴിഞ്ഞു.

ഇവ രണ്ടും രണ്ടു സ്ഥലങ്ങളാണെന്നു പിന്നീടു മനസ്സിലായപ്പോഴേയ്ക്കും ഒരു വലിയ ജനക്കൂട്ടം Ottava എന്നതിന്റെ യഥാര്‍ത്ഥ ഉച്ചാരണം ഒഷാവ എന്നാണെന്നു മനസ്സിലാക്കിക്കഴിഞ്ഞിരുന്നു. അറിവുള്ളവരോടു ചോദിക്കാതെ കേള്‍ക്കുന്നതൊക്കെ വിശ്വസിക്കുന്നവരുടെ കാര്യം എന്തു പറയാന്‍?


ഇനിയുമുണ്ടു ധാരാളം. Teetotaler എന്നു വെച്ചാല്‍ ആജാനുബാഹു എന്നാണര്‍ത്ഥമെന്നും, കുങ്ഫു എന്നതിന്റെ അര്‍ത്ഥം “മാരകമായ കൈ” എന്നാണെന്നും വെസ്റ്റ് ഇന്‍ഡീസ് എന്ന സ്ഥലം ഓസ്ട്രേലിയയുടെ അടുത്താണന്നും ഇസ്രയേല്‍ ആഫ്രിക്കയിലാണെന്നും തായ്‌വാനും തായ്‌ലന്‍ഡും ഒന്നാണെന്നും ഞാന്‍ വളരെക്കാലം കരുതിയിരുന്നു. കിം‌വദന്തിയെപ്പറ്റി ചെറുപ്പത്തിലേ കേട്ടിരുന്നതു കൊണ്ടു് ഏതായാലും അതൊരു ജന്തുവാണെന്നുള്ള പൊതുവായ ധാരണ എനിക്കുണ്ടായിരുന്നില്ല.


ഗുണപാഠം: അജ്ഞത ഒരു കുറ്റമല്ല. അറിയില്ല എന്നു പറയുന്നതു് മോശമായ കാര്യമല്ല. അതിനാല്‍ നമുക്കു നമ്മുടെ കുട്ടികളെ ചോദിച്ചു ചോദിച്ചു പോകാന്‍ പഠിപ്പിക്കാം.

നര്‍മ്മം
സ്മരണകള്‍

Comments (33)

Permalink

ദീര്‍ഘദര്‍ശനം

പണ്ടുപണ്ടു്‌, ദ്വാപരയുഗത്തില്‍, ദീര്‍ഘദര്‍ശിയായ ഒരു പിതാവുണ്ടായിരുന്നു. തന്റെ മകള്‍ ഒരിക്കല്‍ കടത്തുവള്ളം തുഴഞ്ഞുകൊണ്ടിരിക്കുമ്പോള്‍ ഒരു മുനിയില്‍ നിന്നു ഗര്‍ഭിണിയായതു മുതല്‍ അയാള്‍ മകളുടെ കാര്യത്തില്‍ വളരെയധികം ശ്രദ്ധാലുവായിരുന്നു. പില്‍ക്കാലത്തു് ഒരു രാജാവു് അവളെ വിവാഹം കഴിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചപ്പോള്‍ അയാള്‍ അവളെ പട്ടമഹിഷിയാക്കണമെന്നും അവളുടെ മക്കള്‍ക്കു രാജ്യം കൊടുക്കണമെന്നും ആവശ്യപ്പെട്ടു.

സത്യവതി എന്നായിരുന്നു മകളുടെ പേരു്. അവളെ മോഹിച്ച രാജാവിന്റെ പേരു് ശന്തനു എന്നും.

അരയത്തിപ്പെണ്ണിനെ പട്ടമഹിഷിയാക്കാന്‍ രാജാവു മടിച്ചു. അദ്ദേഹത്തിനു് ഉന്നതകുലജാതനും സമര്‍ത്ഥനുമായ ഒരു പുത്രനുണ്ടായിരുന്നു-ദേവവ്രതന്‍. അവനെ രാജാവാക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം. എങ്കിലും സത്യവതിയെ മറക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞില്ല.

അച്ഛന്റെ ദുഃഖം മനസ്സിലാക്കിയ ദേവവ്രതന്‍ രാജ്യം ഉപേക്ഷിക്കാന്‍ തയ്യാറായി. സത്യവതിയുടെ മക്കള്‍ക്കു രാജ്യത്തിന്റെ അവകാശം പൂര്‍ണ്ണമായി നല്‍കാന്‍ സ്വമേധയാ സമ്മതിച്ചു.

ദാശന്റെ ദീര്‍ഘദര്‍ശിത്വം അവിടെ അവസാനിച്ചില്ല. ദേവവ്രതന്റെ സന്തതിപരമ്പരയും സത്യവതിയുടെ സന്തതിപരമ്പരയും തമ്മില്‍ അധികാരത്തിനു വേണ്ടി വഴക്കുണ്ടാക്കിയേക്കാം എന്നു് അയാള്‍ ഭയപ്പെട്ടു. ദേവവ്രതന്‍ വിവാഹം കഴിക്കരുതു് എന്നു് അയാള്‍ ശഠിച്ചു.

അച്ഛനു വേണ്ടി ദേവവ്രതന്‍ അതിനും വഴങ്ങി. അങ്ങനെ പുരാണത്തിലെ ഏറ്റവും ഭീഷ്മമായ പ്രതിജ്ഞയ്ക്കു വഴിയൊരുങ്ങി.

എന്നിട്ടെന്തുണ്ടായി?

സത്യവതിയ്ക്കു രണ്ടു മക്കളുണ്ടായി. മൂത്തവന്‍ തന്റെ പേരു് മറ്റൊരുത്തനുണ്ടാകുന്നതു സഹിക്കാതെ വഴക്കുണ്ടാക്കി മരിച്ചു. നിത്യരോഗിയായിരുന്ന രണ്ടാമന്‍ കുട്ടികളുണ്ടാകുന്നതിനു മുമ്പു മരിച്ചു.

അവിടെ തീര്‍ന്നു ശന്തനുവിന്റെ വംശം. എങ്കിലും തന്റെ വംശം കുറ്റിയറ്റു പോകരുതു് എന്നു സത്യവതി ആഗ്രഹിച്ചു. അതിനു വേണ്ടി ലൌകികസുഖങ്ങള്‍ ഉപേക്ഷിച്ചു മുനിയായ മൂത്ത മകനെക്കൊണ്ടു് ഇളയവന്റെ ഭാര്യമാരില്‍ കുട്ടികളെ ഉണ്ടാക്കി.

എന്നിട്ടെന്തുണ്ടായി?

മക്കളില്‍ ഇളയവനു കുട്ടികളുണ്ടായില്ല. വേറെ അഞ്ചു പേരില്‍ നിന്നു് അവന്റെ ഭാര്യമാര്‍ ഗര്‍ഭം ധരിച്ചു. മൂത്തവന്റെ പുത്രന്മാരും പൌത്രന്മാരും ഇളയവന്റെ ഭാര്യമാരുടെ മക്കളോടു തല്ലി മരിച്ചു.

ചുരുക്കം പറഞ്ഞാല്‍, സത്യവതിയുടെ സന്തതിപരമ്പര നാലു തലമുറയ്ക്കപ്പുറത്തേയ്ക്കു രാജ്യം ഭരിക്കുന്നതു പോകട്ടേ, ജീവിച്ചു തന്നെയില്ല. ദീര്‍ഘദര്‍ശനം എത്രയുണ്ടായാലും ചില കാര്യങ്ങളൊക്കെ അതിനെതിരായി വരും.

അന്യഥാ ചിന്തിതം കാര്യം
ദൈവമന്യത്ര ചിന്തയേത്

എന്നു പറഞ്ഞതു വെറുതെയാണോ? (സംസ്കൃതത്തില്‍ “ദൈവം” എന്ന വാക്കിന്റെ അര്‍ത്ഥം “വിധി” എന്നാണു്-ഈശ്വരന്‍ എന്നല്ല.)


കലിയുഗത്തിലെ ആറാം സഹസ്രാബ്ദത്തില്‍ കേരളത്തിലെ ഒരു അമ്മ ഇതുപോലെ അല്പം കടന്നു ചിന്തിച്ചു.

എഞ്ചിനീയറിംഗ് പാസ്സായി സ്വന്തം ജില്ലയില്‍ ജോലി കിട്ടാഞ്ഞതിനാല്‍ ജോലിയ്ക്കു പോകാതെ നാലുകൊല്ലം ഹിന്ദി സിനിമകളും കല്യാണാലോചനകളുമായി മകള്‍ പുര നിറഞ്ഞു നിന്നപ്പോള്‍ കല്യാണത്തിനു ശേഷം മകള്‍ കഷ്ടപ്പെടരുതു് എന്നു് അമ്മയ്ക്കു നിര്‍ബന്ധമുണ്ടായിരുന്നു.

ആയിടെ നല്ല ഒരു ആലോചന വന്നു.

പയ്യന്‍ ഇലക്ട്രിസിറ്റി ബോര്‍ഡില്‍ എഞ്ചിനീയര്‍. സുന്ദരന്‍. സത്സ്വഭാവി. ജാതകപ്പൊരുത്തമാണെങ്കില്‍ ബഹുകേമം. വളരെ നല്ല സ്വഭാവമുള്ള വീട്ടുകാര്‍. വീടു് അധികം ദൂരെയല്ല താനും. ഇനിയെന്തു വേണം?

പക്ഷേ…

ഇലക്ട്രിസിറ്റി ബോര്‍ഡില്‍ മൂന്നുകൊല്ലത്തൊലൊരിക്കല്‍ സ്ഥലം‌മാറ്റം ഉണ്ടാവും. ഓരോ മൂന്നു കൊല്ലത്തിലും തന്റെ മകള്‍ കുട്ടികളേയും കൊണ്ടു് സാധനങ്ങളും പെറുക്കിക്കെട്ടി വീടു മാറുന്നതോര്‍ത്തപ്പോള്‍ അമ്മയ്ക്കു സങ്കടം തോന്നി. ജോലിയ്ക്കായി പല സ്ഥലത്തു പോകേണ്ടി വന്നതു മൂലമുള്ള പ്രശ്നങ്ങള്‍ നന്നായി അറിയാവുന്നതു കൊണ്ടു് മകള്‍ സ്ഥിരമായി ഒരു സ്ഥലത്തു താമസിക്കണമെന്നും അവളുടെ മക്കള്‍ ഇടയ്ക്കിടെ സ്കൂള്‍ മാറാതെ പഠിക്കണം എന്നും ആ അമ്മ ആഗ്രഹിച്ചു.

അങ്ങനെ ആ കല്യാണം വേണ്ടെന്നു വെച്ചു. മകള്‍ തിരികെ ഹിന്ദി സിനിമകളിലേക്കു മടങ്ങി.

കുറെക്കാലത്തിനു ശേഷം മറ്റൊരു ആലോചന വന്നു. പയ്യന്‍ ബോംബെയില്‍ സോഫ്റ്റ്വെയര്‍ എഞ്ചിനീയര്‍. ഇപ്പോള്‍ അമേരിക്കയിലാണു്. ചിലപ്പോള്‍ അമേരിക്കയില്‍ സ്ഥിരതാമസമാക്കാനും മതി.

സൌന്ദര്യം, സ്വഭാവം തുടങ്ങിയവയൊന്നും വലിയ ഗുണമൊന്നുമില്ല. മകളെക്കാള്‍ പത്തിഞ്ചു പൊക്കം കൂടുതലുമുണ്ടു്. എങ്കിലും സ്ഥിരതയുണ്ടല്ലോ. അതല്ലേ പ്രധാനം?

അങ്ങനെ ആ കല്യാണം നടന്നു.

എന്നിട്ടെന്തുണ്ടായി?

അവരുടെ ദാമ്പത്യജീവിതത്തിലെ ആദ്യത്തെ പത്തുകൊല്ലത്തിന്റെ രത്നച്ചുരുക്കം താഴെച്ചേര്‍ക്കുന്നു:

  1. 1996 ഓഗസ്റ്റ്: വിവാഹം.
  2. 1996 സെപ്റ്റംബര്‍: ബോംബെയിലുള്ള ജോലിസ്ഥലത്തേയ്ക്കു്.
  3. 1996 നവംബര്‍: ബോബെയില്‍ത്തന്നെ മറ്റൊരിടത്തേയ്ക്കു താമസം മാറ്റം.
  4. 1996 ഡിസംബര്‍: ബോംബെയില്‍ മൂന്നാമതൊരിടത്തേയ്ക്കു താമസം മാറ്റം.
  5. 1997 ജനുവരി: ജോലിസംബന്ധമായി അമേരിക്കയില്‍ ഷിക്കാഗോയ്ക്കടുത്തു വുഡ്‌റിഡ്ജിലേക്കു്-ഓഫീസില്‍ നിന്നും ഒമ്പതു മൈല്‍ ദൂരെ.
  6. 1997 ജൂലൈ: ഓഫീസ് ദൂരെയാണെന്നു തോന്നുകയാല്‍ ഓഫീസില്‍ നിന്നു വെറും നാലു മൈല്‍ ദൂരെയുള്ള അപ്പാര്‍ട്ട്‌മെന്റിലേയ്ക്കു (നേപ്പര്‍‌വില്‍) താമസം മാറ്റം.
  7. 1997 ഡിസംബര്‍: പ്രോജക്റ്റ് ക്യാന്‍സല്‍ ചെയ്തതിനാല്‍ തിരിച്ചു ബോംബെയിലേക്കു്.
  8. 1998 ഫെബ്രുവരി: മറ്റൊരു കമ്പനി വഴി വീണ്ടും ഷിക്കാഗോയ്ക്കടുത്തു്.

    (ഇതു് ഓഫീസില്‍ നിന്നും പന്ത്രണ്ടു മൈല്‍ അകലെ. ഭാഗ്യത്തിനു് ഓഫീസിനടുത്തേയ്ക്കു മാറാന്‍ തോന്നിയില്ല.)

  9. 1999 ജനുവരി: ജോലി മാറി 2000 മൈല്‍ ദൂരെയുള്ള പോര്‍ട്ട്‌ലാന്‍ഡിലേക്കു്. താമസം ആങ്ങളയുടെ അപ്പാര്‍ട്ട്‌മെന്റിനടുത്തു് (ബീവര്‍ട്ടണ്‍). ഓഫീസില്‍ നിന്നു് 20 മൈല്‍ ദൂരെ.
  10. 1999 നവംബര്‍: ഓഫീസിനടുത്തേയ്ക്കു് (വില്‍‌‌സണ്‍‌വില്‍-2 മൈല്‍ ദൂരം.)
  11. 2000 ജൂലൈ: ഗര്‍ഭിണിയായതിനാല്‍ മുകളിലത്തെ നിലയിലുള്ള രണ്ടു മുറി അപ്പാര്‍ട്ട്‌മെന്റില്‍ നിന്നു് താഴത്തെ നിലയിലുള്ള മൂന്നു മുറി അപ്പാ‍ര്‍ട്ട്‌മെന്റിലേയ്ക്കു്.
  12. 2001 ജൂലൈ: ലീസ് തീര്‍ന്നതുകൊണ്ടും ഉടന്‍ തന്നെ നാട്ടില്‍ പോകേണ്ടതു കൊണ്ടും 20 മൈല്‍ ദൂരെയുള്ള ആങ്ങളയുടെ അപ്പാര്‍ട്ട്‌മെന്റിലേയ്ക്കു താത്‌‌ക്കാലികമായ താമസം മാറ്റം.
  13. 2001 ഓഗസ്റ്റ്: കമ്പനിയുടെ ഹൈദരാബാദിലുള്ള ഓഫീസിലേയ്ക്കു്. തിരിച്ചു് ഇന്ത്യയില്‍. ഖൈരത്താബാദില്‍ താമസം.

    (ഭാഗ്യം, ഇവിടെ താമസം മാറിയില്ല.)

  14. 2002 ഡിസംബര്‍: തിരിച്ചു മാതൃസ്ഥാപനത്തിലേക്കു്. താമസം ആങ്ങളയുടെ അപ്പാര്‍ട്ട്‌മെന്റിനടുത്തു് (ഹിത്സ്‌ബൊറോ). ഓഫീസില്‍ നിന്നു് 22 മൈല്‍ ദൂരെ.
  15. 2003 നവംബര്‍: ഓഫീസിനടുത്തേയ്ക്കു (വില്‍‌സണ്‍‌വില്‍-2 മൈല്‍) താമസം മാറ്റം. ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ സമയം ഇവിടെ താമസിച്ചു-രണ്ടു വര്‍ഷം.
  16. 2005 ഡിസംബര്‍: ആറു മാസം കൊണ്ടു സ്വന്തമായി പണിയിച്ച വീട്ടിലേയ്ക്കു (പോര്‍ട്ട്‌ലാന്‍ഡ്) താമസം മാറ്റം. ഓഫീസില്‍ നിന്നു് 21 മൈല്‍.

    ഒമ്പതു കൊല്ലത്തിനിടയില്‍ പതിനഞ്ചു തവണ വീടു മാറിയ ഈ നെട്ടോട്ടം ഇതോടെ അവസാനിച്ചു എന്നു കരുതി മുപ്പതു കൊല്ലത്തെ ഫിക്സഡ് ലോണുമെടുത്തു താമസം. വീടുമാറ്റം ഇതോടെ അവസാനിച്ചു എന്നു കരുതി. എവിടെ?

  17. 2007 ഏപ്രില്‍: 600 മൈല്‍ ദൂരെ കാലിഫോര്‍ണിയയില്‍ മറ്റൊരു ജോലി കിട്ടുന്നു. വീടു വില്‍ക്കാനായി തത്‌കാലത്തേയ്ക്കു് ആങ്ങളയുടെ വീട്ടിലേയ്ക്കു താമസം മാറ്റം.
  18. 2007 മെയ്: വീടു വിറ്റു. പുതിയ ജോലിയില്‍ പ്രവേശിക്കാന്‍ കാലിഫോര്‍ണിയയില്‍ സാന്‍ ഫ്രാന്‍സിസ്കോയ്ക്കടുത്തേയ്ക്കു്. താമസം കമ്പനി കൊടുത്ത താല്‍ക്കാലിക അപ്പാര്‍ട്ട്‌മെന്റില്‍ (സാന്റാ ക്ലാര).
  19. 2007 ജൂണ്‍: അടുത്ത വാടകവീട്ടിലേയ്ക്കു്-ക്യൂപ്പര്‍ട്ടീനോയില്‍.

അങ്ങനെ ഈ ജൂണ്‍ 13-നു് എന്റെ ഹതഭാഗ്യയായ ഭാര്യ സിന്ധു പതിനൊന്നു കൊല്ലത്തെ ദാമ്പത്യജീവിതത്തിലെ പതിനെട്ടാമത്തെ വീടുമാറ്റത്തിനു തയ്യാറെടുക്കുകയാണു്. പഴയ ഇലക്ട്രിക്കല്‍ എഞ്ചിനീയറുടെ കുടുംബം അങ്ങേയറ്റം മൂന്നു തവണ സ്ഥലം മാറി സുഖമായി കഴിയുന്നുണ്ടാവും!

അന്യഥാ ചിന്തിതം കാര്യം
ദൈവമന്യത്ര ചിന്തയേത്


“ആറു മാസമെടുത്തു് സ്വന്തം അഭിരുചിയ്ക്കനുസരിച്ചു പണിയിച്ച, 2700 ചതുരശ്ര അടി വലിപ്പമുള്ള മനോഹരമായ വീടു വിറ്റിട്ടു് അതിന്റെ മൂന്നിലൊന്നു മാത്രം വലിപ്പമുള്ള വാടകവീട്ടിലേയ്ക്കു മാറാന്‍ എന്തേ കാരണം?”

പലരും എന്നോടു ചോദിക്കുന്ന ചോദ്യമാണു്‌.

ഒന്നാമതായി, ജോലി ചെയ്തുകൊണ്ടിരുന്ന കമ്പനിയില്‍ ചില പ്രശ്നങ്ങള്‍. (ബ്ലോഗിംഗു കൊണ്ടല്ല.) ആളുകളെ പറഞ്ഞുവിടുന്നു. പ്രോജക്ടുകള്‍ ക്യാന്‍സല്‍ ചെയ്യുന്നു. മറ്റെവിടെയെങ്കിലും ജോലി കണ്ടുപിടിക്കണമെന്നു കരുതിയിട്ടു കുറേ നാളായി. വീട്ടിനടുത്തു ജോലിയൊന്നും കിട്ടാഞ്ഞപ്പോഴാണു് ദൂരെ ശ്രമിച്ചതു്.

രണ്ടാമതായി, ജോലി കിട്ടിയതു് ഒരു നല്ല സ്ഥലത്തു്-ഗൂഗിളില്‍. എന്നും മഴയുള്ള ഓറിഗണില്‍ നിന്നു സൂര്യപ്രകാശമുള്ള കാലിഫോര്‍ണിയ കൂടുതല്‍ സുഖപ്രദമാവും എന്നൊരു (തെറ്റായ) വിചാരവുമുണ്ടായിരുന്നു.

മൂന്നാ‍മതായി, ഇഷ്ടമുള്ള വിഷയത്തില്‍ ജോലി. ഭാഷാശാസ്ത്രം, കലണ്ടര്‍ തുടങ്ങി എനിയ്ക്കിഷ്ടമുള്ള പല വിഷയങ്ങളുമായി ബന്ധപ്പെട്ടതു്. ഗൂഗിളില്‍ ഇന്റര്‍നാഷണലൈസേഷന്‍ ഗ്രൂപ്പിലാണു് ആദ്യത്തെ പ്രോജക്റ്റ്.

നാലാമതായി, ബ്ലോഗും മലയാളവും വഴി പരിചയപ്പെട്ട, രണ്ടു കൊല്ലമായി എന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളിലൊരാളായ സിബുവിനെ നേരിട്ടു പരിചയപ്പെടാനും കൂടെ ജോലി ചെയ്യാനും ഒരു അവസരം.

അങ്ങനെ ഞങ്ങള്‍ തത്‌ക്കാലം ഇവിടെ. അടുത്ത മാറ്റം ഇനി എന്നാണാവോ?


ഈ മാറ്റത്തെപ്പറ്റി ആരോടും പറഞ്ഞിരുന്നില്ല്ല. സ്ഥിരമായി ഫോണ്‍ ചെയ്യുകയോ ഇ-മെയില്‍ അയയ്ക്കുകയോ ചെയ്തിരുന്ന പെരിങ്ങോടന്‍, ദേവന്‍, വിശ്വം, മഞ്ജിത്ത് തുടങ്ങിയവരോടു പോലും. എല്ലാവര്‍ക്കും സര്‍പ്രൈസായി ഇങ്ങനെയൊരു പോസ്റ്റിടാമെന്നു കരുതി. അതിനു വേണ്ടി എഴുതി വെച്ചിരുന്ന പോസ്റ്റ് പഴയ കമ്പനിയിലെ ലാപ്‌ടോപ്പ് തിരിച്ചു കൊടുത്തപ്പോള്‍ അതിനോടൊപ്പം പോയി. പിന്നീട്ടു് എഴുതിയതാണു് ഇതു്. പക്ഷേ വൈകിപ്പോയി. ഇതിനിടെ നമ്മുടെ തൊമ്മന്‍ ഇങ്ങനെയൊരു പോസ്റ്റിട്ടു സംഗതി പുറത്താക്കി. ഞാന്‍ തൊമ്മനോടു ക്ഷമിച്ചതുപോലെ നിങ്ങള്‍ എന്നോടും ക്ഷമിക്കുക 🙂

നര്‍മ്മം
വൈയക്തികം (Personal)
സ്മരണകള്‍

Comments (40)

Permalink

Prayer (പ്രാര്‍ത്ഥന)

Our Malayalam who art in unicode
boolOgam be thy name
Thy chillaksharams come
Thy will be done in Firefox as it will be in IE
Give us our daily rendering on all computers
Forgive our stupid posts as we forgive the stupid comments in our blogs
Guard us from Anonies and Varmas
Off-ing ever and for ever
qw_er_ty

യൂണിക്കോഡില്‍ സ്ഥിതനായ ഞങ്ങളുടെ മലയാളമേ
നിന്റെ നാമം ബൂലോഗമാകേണമേ
നിന്റെ ചില്ലക്ഷരങ്ങള്‍ വരേണമേ
നിന്റെ തിരുശേഷിപ്പു് ഐയീയില്‍ പോലെ ഫയര്‍ഫോക്സിലും കാണപ്പെടേണമേ
അന്നന്നു വേണ്ട അക്ഷരങ്ങളൊക്കെ എല്ലാ കമ്പ്യൂട്ടറിലും കാണുമാറാകേണമേ
ഞങ്ങളുടെ പോസ്റ്റുകളില്‍ കമന്റിടുന്നവരുടെ തോന്ന്യവാസം ഞങ്ങള്‍ പൊറുക്കുന്നതു പോലെ ഞങ്ങളുടെ പോസ്റ്റുകളിലെ തോന്ന്യവാസം ഞങ്ങളോടു പൊറുക്കേണമേ
അനോണികളില്‍ നിന്നും വര്‍മ്മമാരില്‍ നിന്നും ഞങ്ങളെ രക്ഷിക്കേണമേ
എന്നും ഓഫടിക്കാന്‍ ഞങ്ങളെ അനുഗ്രഹിക്കണമേ
കൊരട്ടി

ഓഫ് ടോപ്പിക്:

പിന്മൊഴികളില്‍ പ്രസിദ്ധീകൃതമായി ലോകപ്രശസ്തരാകാനാണു്‌ ആളുകള്‍ കമന്റിടുന്നതെന്നാണു്‌ എതിരന് കതിരവനും സംഘവും പറയുന്നതു്‌. അതു ശരിയാണോ എന്നു നോക്കട്ടേ. ഇതിന്റെ കമന്റുകള്‍ പിന്മൊഴികളില്‍ പോവില്ല. ആരെങ്കിലും കമന്റിടുമോ എന്നു കാണാമല്ലോ.

നര്‍മ്മം

Comments (529)

Permalink

സമസ്യ: …എനിക്കു കൊതി തോന്നിയതെന്തു കൊണ്ടോ? (കുറേ ആര്‍. ഇ. സി. സ്മരണകളും)

സമസ്യ:

– – – – – – – – – – –
– – – – – – – – – – –
– – – – – – – – – – –
– – – എനിക്കു കൊതി തോന്നിയതെന്തുകൊണ്ടോ?

വൃത്തം:

വസന്തതിലകം (ത ഭ ജ ജ ഗ ഗ : – – v – v v v – v v – v – -).


ഈ സമസ്യയുടെ കര്‍ത്താവു് ഞാന്‍ തന്നെ. എണ്‍പതുകളില്‍ കോഴിക്കോടു് ആര്‍. ഇ. സി.-യില്‍ പഠിച്ചിരുന്ന കാലത്തു നടത്തിയിരുന്ന “മന്ഥര” എന്ന ഹാസ്യ-കയ്യെഴുത്തുമാസികയില്‍ പ്രസിദ്ധീകരിച്ചതു്. സമസ്യയും പലരുടെ പേരില്‍ എഴുതിച്ചേര്‍ത്ത പൂരണങ്ങളും ഞാന്‍ തന്നെ എഴുതിയതായിരുന്നു.

ഈ പൂരണങ്ങളുടെ പിന്നിലെ കഥകള്‍ പറഞ്ഞാലേ മനസ്സിലാവൂ. അതിനാല്‍ അതും താഴെച്ചേര്‍ക്കുന്നു.

  1. ഞങ്ങള്‍ ഏഴാം സെമസ്റ്ററില്‍ (അവസാനവര്‍ഷം) പഠിക്കുമ്പോള്‍ ഞങ്ങളെ ഇലക്‍ട്രോണിക്സ് പഠിപ്പിക്കാന്‍ വന്നതു് അവിടെത്തന്നെ എം. ടെക്കിനു പഠിക്കുന്ന ഒരു ചേച്ചിയായിരുന്നു. (അന്നു് അങ്ങനെ പി.ജി.-യ്ക്കു പഠിക്കുന്നവര്‍ക്കു ചില ചെറിയ ക്ലാസ്സുകള്‍ എടുക്കാന്‍ അവസരം കൊടുക്കുമായിരുന്നു.) ഈ ചേച്ചി ഞങ്ങളുടെ ക്ലാസ്സിലുള്ള പെണ്‍‌കുട്ടികളുടെ സുഹൃത്തും അതിലൊരാളുടെ റൂം‌മേറ്റും ആയിരുന്നു. കൂടാതെ അവര്‍ പ്രോജക്റ്റു ചെയ്യാന്‍ കമ്പ്യൂട്ടര്‍ സെന്ററില്‍ വന്നു “മെഴുക്കസ്യാ” എന്നിരിക്കുമ്പോള്‍ ഞാനുള്‍പ്പെടെ പലരും പ്രോഗ്രാം എഴുതാനും കമ്പൈല്‍ ചെയ്യാനും മറ്റും സഹായിച്ചിരുന്നു. ചുരുക്കം പറഞ്ഞാല്‍, ആര്‍ക്കും അവരെ ഒരു വിലയും ഉണ്ടായിരുന്നില്ല എന്നര്‍ത്ഥം. അതിനാല്‍ ക്ലാസ്സില്‍ ആകെ ബഹളമായിരുന്നു. ടീച്ചര്‍ ക്ലാസ്സില്‍ കാതോഡിനെയും ആനോഡിനെയും പറ്റി പഠിപ്പിക്കും; കുട്ടികള്‍ പുറകിലത്തെ ബെഞ്ചിലിരുന്നു് “കാതോടു കാതോരം…” എന്ന പാട്ടു പാടും.

    കുറെക്കഴിഞ്ഞപ്പോള്‍ ടീച്ചര്‍ക്കു മതിയായി. ഡിപ്പാര്‍ട്ട്മെന്റ് തലവനോടു പരാതി പറയുക, ക്ലാസ്സില്‍ ദേഷ്യപ്പെടുക, കരച്ചില്‍ വരുക അങ്ങനെ ആകെ ബഹളമായി. ഇതിന്റെ ഇടയില്‍ പെട്ടു് ചെയ്തുകൊണ്ടിരുന്ന തീസിസ് മുമ്പോട്ടു പോകുന്നില്ല എന്ന ടെന്‍ഷനും. കുറെക്കഴിഞ്ഞു് അവര്‍ ഞങ്ങളെ പഠിപ്പിക്കുന്നതു നിര്‍ത്തി.

    ഈ ടീച്ചര്‍ എഴുതുന്നതായാണു് ഈ പൂരണം:

    ധാരാളമേറ്റു പരിഹാസ, മതാണു നേട്ടം!
    വാരാശി പോലൊരു തിസീസു കിടപ്പു മുന്നില്‍,
    തീരാത്ത വേദന ചെവി, ക്കൊരു ടീച്ചറായി-
    ച്ചേരാനെനിക്കു കൊതി തോന്നിയതെന്തു കൊണ്ടോ?

  2. ഒരു പഞ്ചപാവമായ ഒരുത്തനുണ്ടായിരുന്നു. പഠിക്കാന്‍ തരക്കേടില്ല. രാഷ്ട്രീയമില്ല. യാതൊരു വിധ അലമ്പിനുമില്ല. സുന്ദരന്‍. സുശീലന്‍.

    ആയിടയ്ക്കു് “ആന്റി-പൊളിറ്റിക്സ്‌” എന്നൊരു പാര്‍ട്ടി തുടങ്ങി. രാഷ്ട്രീയമില്ലാത്തവരുടെ പാര്‍ട്ടി എന്നര്‍ത്ഥം. അവര്‍ ഇവനെപ്പിടിച്ചു് തെരഞ്ഞെടുപ്പിനു നിര്‍ത്തി. എട്ടുനിലയില്‍ പൊട്ടി. കാശു കുറേ പോയി. ജയിച്ച എസ്‌. എഫ്‌. ഐ.-ക്കാര്‍ ഇവന്മാരെ എടുത്തു തല്ലി. ഇവന്മാരും തല്ലി. കേസായി, എന്‍ക്വയറിയായി, സസ്‌പെന്‍ഷനായി, വീട്ടില്‍ നിന്നു് അച്ഛനെ വിളിച്ചുകൊണ്ടു വരലായി. ഇതിലൊക്കെ ഈ പാവവും ഉള്‍പ്പെട്ടു.

    ഇവന്‍ എഴുതുന്നതായാണു് ഈ പൂരണം:

    തത്ക്കാലമുള്ള പണമൊക്കെ നശിച്ചു; തല്ലു,
    വക്കാണ, മെന്‍‌ക്വയറി, കേസ്സുകള്‍, മാനനഷ്ടം,
    ദുഷ്കാലവൈഭവ-മിലക്‍ഷനു കേറിയൊന്നു
    നില്‍ക്കാനെനിക്കു കൊതി തോന്നിയതെന്തു കൊണ്ടോ?

  3. ഞങ്ങള്‍ ഒരു സ്റ്റഡീലീവ്‌ കാലത്തു കാര്യമായി ഒന്നും ചെയ്യാനില്ലാതെ കോളേജില്‍ തേരാപ്പാരാ നടക്കുന്നു. അപ്പോഴാണു് ഒരു കൂട്ടുകാരന്റെ ചേട്ടന്റെ കല്യാണം വന്നതു്. അടുത്തു തന്നെയുള്ള തിരുവമ്പാടിയിലാണു കല്യാണം. എല്ലാവരും പോയി. ആര്‍ക്കും വാഹനമില്ലെങ്കിലും എങ്ങനെയെങ്കിലും പോയി. ബസ്സ്‌, കാര്‍, ജീപ്പ്, ബൈക്ക്‌ എന്നിങ്ങനെ പല വിധത്തിലും. (ഞാന്‍ ബസ്സിലാണു പോയതു്.) കല്യാണം അടിച്ചുപൊളിച്ചു. ഭക്ഷണത്തിനു് ഒരു ദാക്ഷിണ്യവുമുണ്ടായിരുന്നില്ല. “മാഷേ, എന്തൊരു പിശുക്കാ ഇതു്, ഒരു രണ്ടു മൂന്നു ചിക്കന്‍ കഷണം കൂടി തന്നേ. ദാ ഇവനു് ഒരു രണ്ടു പഴവും…” എന്നിങ്ങനെ പറഞ്ഞു് വിശദമായി, പല തവണ ഏമ്പക്കം വിട്ടു്, വിയര്‍ത്തു് അദ്ധ്വാനം ചെയ്തു് ഭക്ഷിച്ചു. ബാക്കി എല്ലാവരും കൂടി തിന്നതിനേക്കാള്‍ കൂടുതല്‍ ആറീസിയില്‍ നിന്നു വന്ന പിള്ളേര്‍ തിന്നു എന്നാണു പിന്നീടു കേട്ടതു്.

    അന്നു കല്യാണം കഴിച്ച ആള്‍ എഴുതുന്നതായാണു് ഈ പൂരണം:

    മുട്ടാളരെത്ര ശകടങ്ങളിലായി വന്നു
    മൃഷ്ടാന്നഭോജനമടിച്ചു തിരിച്ചു പോയി!
    കുട്ടന്റെ കോഴ്സു കഴിയുന്നതു മുമ്പു പെണ്ണു
    കെട്ടാനെനിക്കു കൊതി തോന്നിയതെന്തു കൊണ്ടോ?

  4. ക്ലെപ്റ്റോമാനിയ ചെറിയ തോതിലുണ്ടായിരുന്ന ഒരു സുഹൃത്തുണ്ടായിരുന്നു ഞങ്ങള്‍ക്കു്. പോകുന്നിടത്തെല്ലാം എന്തെങ്കിലും അടിച്ചുമാറ്റും. സ്റ്റഡി ടൂറിനു പോകുമ്പോഴാണു് ഇതു് അധികം. വഴിയിലുള്ള കടകളില്‍ നിന്നും മറ്റും വിദഗ്ദ്ധമായി സാധനങ്ങള്‍ അടിച്ചുമാറ്റും.

    (അതു താമസിയാതെ മറ്റാരെങ്കിലും അവന്റെ കയ്യില്‍ നിന്നു് അടിച്ചുമാറ്റും. അതിനവനു സങ്കടമില്ല. സാധനങ്ങള്‍ക്കായല്ല, അതു് അടിച്ചുമാറ്റുന്ന ത്രില്ലിനായിരുന്നു അവനതു ചെയ്തിരുന്നതു്.)

    ഒരിക്കല്‍ ആളുകള്‍ പറഞ്ഞു പിരി കയറ്റി ഒരു ബെറ്റു വെച്ചു് അവന്‍ ഒരു സാഹസത്തിനു മുതിര്‍ന്നു.

    അടുത്തുള്ള ഫോട്ടോ സ്റ്റുഡിയോയുടെ മേശപ്പുറത്തുള്ള ചില്ലിനു കീഴില്‍ ധാരാളം ഫോട്ടോകളുണ്ടായിരുന്നു. അതിന്റെ കൃത്യം നടുക്കായി ഞങ്ങളുടെയൊക്കെ ഒരു സ്വപ്നസുന്ദരിയുടെ ഫോട്ടോ സ്ഥിതി ചെയ്തിരുന്നു. സ്വപ്നസുന്ദരി എന്നു പറഞ്ഞാല്‍ എഞ്ചിനീയറിംഗ്‌ കോളേജില്‍ പഠിക്കുന്ന ജാതി പെണ്ണു് എന്നു വായനക്കാര്‍ തെറ്റിദ്ധരിക്കരുതു്. കൊളേജിനടുത്തുള്ള ഒരു വീട്ടില്‍ പ്രീഡിഗ്രി ഒന്നാം വര്‍ഷം പഠിക്കുന്ന സുന്ദരി. അവളുടെ ആരോ ആണു് ഈ സ്റ്റുഡിയോ നടത്തുന്നതു്.

    എന്തും എവിടെനിന്നും അടിച്ചുമാറ്റും എന്നു വീമ്പിളക്കിയ നമ്മുടെ കഥാനായകനെ ഒരു ബെറ്റിന്റെ പുറത്തു് ഞങ്ങള്‍ സ്റ്റുഡിയോയിലേക്കു വിട്ടു. ഈ ഫോട്ടോ പൊക്കണം. അതാണു മിഷന്‍ ഇമ്പോസ്സിബിള്‍.

    അവനതു ചെയ്തു. സ്റ്റുഡിയോ ഉടമ തൊണ്ടിയോടെ പിടികൂടി. തല്ലു കിട്ടിയില്ലെങ്കിലും അതിനടുത്തു പലതും കിട്ടി. നാട്ടുകാര്‍ മൊത്തം അറിഞ്ഞു. (അറിയാത്തവരെ ഞാന്‍ ഈ സമസ്യാപൂരണം വഴി അറിയിച്ചു.) അങ്ങനെ ഒരു ദിവസം കൊണ്ടു് അദ്ദേഹം കോളേജിലാകെ പ്രശസ്തനായി.

    ഇദ്ദേഹം എഴുതുന്നതായാണു് ഈ പൂരണം:

    കക്കാനെനിക്കു വലുതായ പടുത്വമുണ്ടെ-
    ന്നിക്കാലമേവരുമുരയ്പതു കേള്‍ക്കയാലേ
    മുക്കാല്‍ പണത്തിനൊരു പന്തയമായി ഫോട്ടോ
    പൊക്കാനെനിക്കു കൊതി തോന്നിയതെന്തു കൊണ്ടോ?


നിങ്ങളുടെ പൂരണങ്ങള്‍ ക്ഷണിച്ചുകൊള്ളുന്നു. ഞാന്‍ ചെയ്തതുപോലെ വേണമെങ്കില്‍ വേറേ ആരെങ്കിലും എഴുതുന്നതായും എഴുതാം. വ്യക്തിഹത്യ പാടില്ല.

ഇതിന്റെ വൃത്തം വസന്തതിലകം. വളരെ എളുപ്പം എഴുതാവുന്ന ഒരു വൃത്തമാണു്. ഇതിനെപ്പറ്റി വിശദമായി ഞാന്‍ ഇവിടെ എഴുതിയിട്ടുണ്ടു്. വൃത്തം തെറ്റാതെ എഴുതുക. തെറ്റിയാല്‍ മറ്റാരെങ്കിലും ദയവായി ശരിയാക്കിക്കൊടുക്കുക. നല്ല പൂരണങ്ങള്‍ ഇവിടെ എടുത്തു പ്രസിദ്ധീകരിക്കും. ചീത്ത പൂരണങ്ങള്‍ ഉള്ള കമന്റുകള്‍ ഡിലീറ്റ്‌ ചെയ്യും.

ഗുരുകുലത്തിലെ മൂന്നാമത്തെ സമസ്യാപൂരണത്തിലേക്കു് എല്ലാവര്‍ക്കും സ്വാഗതം. മുമ്പു നടന്ന സമസ്യാപൂരണങ്ങള്‍ ഇവിടെ വായിക്കാം.

നര്‍മ്മം
ശ്ലോകങ്ങള്‍ (My slokams)
സമസ്യാപൂരണം
സ്മരണകള്‍

Comments (87)

Permalink

ഒരു ബ്ലോഗു ശ്ലോകവും കുറേ ലിങ്കുകളും

ജ്യോതിര്‍മയിയുടെ ബ്ലോഗിലെ പുപ്പുലിക്കളി (കിം ലേഖനം) എന്ന വാഗ്‌ജ്യോതി പോസ്റ്റിനു കമന്റായി ഇട്ട ശ്ലോകം. പതിനഞ്ചു മിനിട്ടു കൊണ്ടെഴുതിയതാണെങ്കിലും (എഴുതിയതു് എന്നതു ശരിയല്ല, ടൈപ്പുചെയ്തതു് എന്നതു ശരി) പിന്നീടു വായിച്ചപ്പോള്‍ അതു കൂടുതല്‍ രസകരമായിത്തോന്നി. അതിനാല്‍ ഇവിടെയും ഇടുന്നു.

ബ്ലോഗാറില്ല, കമന്റുവാന്‍ കഴികയി, ല്ലേവൂര്‍ജി തന്‍ സര്‍വറില്‍
പോകാറി, ല്ലൊരു തേങ്ങയില്ലെറിയുവാ, നാര്‍മ്മാദമില്ലൊട്ടുമേ,
ഹാ, കഷ്ടം! “ഹിഹി”, സ്മൈലി തൊട്ട ചിരിയി, ല്ലോഫില്ല-പിന്നെന്തരോ
ആകട്ടേ, ഗഡി, പോസ്റ്റുവായനയെ നിര്‍ത്തീടൊല്ല, ശുട്ടീടുവേന്‍!

(കമന്റിട്ടപ്പോള്‍ “തേങ്ങയില്ലുടയുവാന്‍…” എന്നും “ശുട്ടീടുവന്‍” എന്നുമായിരുന്നു.)

ആരെങ്കിലും ഈ ബൂലോഗം എന്താണെന്നറിയാന്‍ ആദ്യമായി എന്റെ ബ്ലോഗിലെങ്ങാനും എത്തി അന്ധാളിച്ചു നില്‍ക്കുകയാണെങ്കില്‍ അവര്‍ക്കു വേണ്ടി ഒരു വ്യാഖ്യാനവും താഴെ:

  • ബ്ലോഗാറില്ല: ബ്ലോഗുക എന്നു വെച്ചാല്‍ ബ്ലോഗ് എഴുതുക എന്നര്‍ത്ഥം. To blog.
  • കമന്റുക: കമന്റു ടൈപ്പു ചെയ്യുക. To comment.
  • ഏവൂര്‍ജി: ബൂലോഗത്തില്‍ ആളുകളെ ഏട്ടന്‍, ചേട്ടന്‍, ജി, മാഷ്, സാര്‍, ഗുരു, ലഘു എന്നൊക്കെ വിളിച്ചാല്‍ വിളിക്കുന്ന ആളുകള്‍ക്കു പ്രായം കുറവാണെന്നു തോന്നും എന്നൊരു മിഥ്യാധാരണയുണ്ടു്. പാപ്പാനെ ഒഴികെ ആരെയും “ജി” എന്നു വിളിക്കാം. പാപ്പാനെ “പാപ്പാന്‍‌ജി” എന്നു വിളിച്ചാല്‍ (വരമൊഴിയില്‍ ഇടയിലൊരു _ ഇട്ടില്ലെങ്കില്‍ “പാപ്പാഞി” ആയിപ്പോകും എന്നു വേറൊരു കുഴപ്പം) ആനയെക്കൊണ്ടു ചവിട്ടിക്കും എന്നു കേള്‍ക്കുന്നു. ഒരേ പ്രായമുള്ളവരെ “ഗഡി” എന്നു വിളിക്കണം. പ്രായം കുറവായവരെ “ഉണ്ണി” എന്നോ “കുട്ടി” എന്നോ (കുട്ടി എന്നു സമപ്രായക്കാരെയും വിളിക്കാം എന്നും ഒരു മതമുണ്ടു്.) “ഊട്ടി” (as in ബിന്ദൂട്ടി) എന്നോ വെറും പേരോ വിളിക്കാം. അചിന്ത്യയ്ക്കു മാത്രം ആരെയും എന്തും വിളിക്കാം.

    ഇവിടെ സ്മര്യപുരുഷന്‍ ഏവൂരാന്‍ ആണു്. അദ്ദേഹം തനിമലയാളത്തിനും മറ്റും ചെയ്യുന്ന സംഭാവനകളെ ആദരിക്കാന്‍ ഏവൂര്‍‌ജി എന്നു വിളിക്കുന്നു. ഏവൂരാന്‍‌ജി എന്നും (അണ്ടര്‍സ്കോര്‍ മറക്കരുതു്) വിളിക്കാം. പാപ്പാനെപ്പോലെ വയലന്റല്ല ഈ ജി.

  • സര്‍വര്‍: ഏവൂരാന്റെ തനിമലയാളം സര്‍വര്‍. ഇവിടെച്ചെന്നാല്‍ പുതിയ പോസ്റ്റുകളുടെ ലിസ്റ്റു കാണാം.

    അവിടെ പരസ്യങ്ങള്‍ മൂലം കാലതാമസമുള്ളതിനാല്‍ പോകില്ല എന്നും പകരം പോളിന്റെ സര്‍വറിലാണു പോകുന്നതെന്നും ഇതിനെ ആരെങ്കിലും ദുര്‍വ്യാഖ്യാനം ചെയ്താല്‍ കവി ഉത്തരവാദിയല്ല.

  • തേങ്ങ: Coconut. പോസ്റ്റു വായിക്കാന്‍ സമയമില്ലെങ്കില്‍ തേങ്ങയടിക്കാം പിന്നെ വായിച്ചില്ലെങ്കിലും കുഴപ്പമില്ല എന്നു കണ്ടുപിടിച്ചതു അഗ്രജനും സുല്ലുമാണു്. ഒരു തേങ്ങാക്കാരന്‍ മറ്റൊരു തേങ്ങാക്കാരന്റെ തെങ്ങിന്‍തോപ്പില്‍ പോയി തേങ്ങയടിച്ചതിന്റെ ഉദാഹരണം ഇവിടെ.
  • ആര്‍മ്മാദം: ഇതിന്റെ അര്‍ത്ഥം മലയാളം എമ്മേ (എന്റമ്മേ!) പാസ്സായ സിജിയ്ക്കു പോലും അറിയില്ല (അലങ്കാരം അര്‍ത്ഥാപത്തി). ഏതോ സിനിമയില്‍ ഇന്നസെന്റു പറയുന്നു എന്നു സൂ പറയുന്നു. ഏതായാലും ബൂലോഗത്തില്‍ ആദിത്യനും ദില്‍ബാസുരനുമൊക്കെ സ്ഥാനത്തും അസ്ഥാനത്തും ഇതെടുത്തു പൂശാറുണ്ടു്. ബൂലോഗക്ലബ്ബിന്റെ പ്രഖ്യാപിതലക്ഷ്യവാക്യത്തിലും ഇതുണ്ടു്. “അടിച്ചു പൊളിക്കുക” എന്നര്‍ത്ഥം. ഇതൊരു തൃശ്ശൂര്‍ സ്ലാങ്ങാണെന്നാണു് ഏറ്റവും ഒടുവില്‍ കിട്ടിയ അറിവു്.
  • ഹാ, കഷ്ടം: വൃത്തത്തിനും പ്രാസത്തിനും വേണ്ടി തിരുകിക്കയറ്റിയതു്. ഇങ്ങനെയുള്ള ഒരാളിന്റെ സ്ഥിതിയെപ്പറ്റി ഓര്‍ക്കുമ്പോള്‍ ഇങ്ങനെ പറഞ്ഞുപോകും എന്നു് ആരെങ്കിലും വ്യാഖ്യാനിക്കാന്‍ സാദ്ധ്യതയുണ്ടു്.
  • ഹി ഹി: ബൂലോഗത്തില്‍ ചിരിക്കേണ്ടതു് ഇങ്ങനെയാണു് എന്നു കണ്ടു പിടിച്ചതു ജ്യോതിയാണു്. പെരിങ്ങോടനു മാത്രം “ഹാ ഹാ” എന്നു ചിരിക്കാം. അട്ട എന്ന ജീവി ഹസിക്കുന്നതും അങ്ങനെ തന്നെ.
  • സ്മൈലി: “വായിച്ചു, കൂടുതലൊന്നും പറയാനില്ല” എന്ന അര്‍ത്ഥത്തില്‍ കമന്റിലിടുന്ന സാധനം. ഏറ്റവും കൂടുതല്‍ കമന്റുകളില്‍ ഇതിട്ടതു സൂ ആണു്.

    അങ്ങനെയല്ലാതെ പുട്ടിനിടയില്‍ തേങ്ങാപ്പീര ഇടുന്നതുപൊലെയും ഇതു് ഇടാം. “തല്ലണ്ടാ, വിരട്ടി വിട്ടാല്‍ മതി…” എന്നര്‍ത്ഥം. (കട: പതാലി) അങ്ങനെ ഇതു് ഏറ്റവും കൂടുതല്‍ ഇട്ടിട്ടുള്ളതു വക്കാരി.

  • ഓഫ്: ഓഫ്‌ടോപ്പിക്കിന്റെ ചുരുക്കരൂപം. “ഓ. ടോ.” (ഓട്ടോ അല്ല), “ഓ. പൂ.” (ഓണത്തിനിടയ്ക്കു പൂട്ടുകച്ചവടം) എന്നൊക്കെ പറയും. ആദിത്യന്‍, ഇഞ്ചിപ്പെണ്ണു്, ബിന്ദു തുടങ്ങിയവര്‍ പുനരുജ്ജീവിപ്പിച്ച പ്രാചീനകല. ഇതിനൊരു യൂണിയനും ഉണ്ടു്. പ്രെസിഡണ്ട് ദില്‍ബാസുരന്‍. സെക്രട്ടറി ബിന്ദു. കജാഞ്ചി (ഖജാന്‍‌ജി എന്നതിന്റെ ബൂലോഗവാക്കു്) ആദിത്യന്‍. സാങ്കേതികസഹായം ശ്രീജിത്ത്. ശബ്ദം സുല്ല് & അഗ്രജന്‍ (“ഠോ”). വെളിച്ചം ഇത്തിരിവെട്ടം. ഗ്രാഫിക്സ് കുമാര്‍.

    “ദില്‍ബാസ്വരന്‍” ലോപിച്ചാണു “ദില്‍ബാസുരന്‍” ആയതു്‌. “ഓഫ്‌ യൂണിയന്‍” എന്നതു സ്വരത്തില്‍ തുടങ്ങുന്നതു കൊണ്ടു്‌ സ്വരത്തില്‍ തുടങ്ങുന്ന പേരുള്ളവരേ പ്രെസിഡന്റാകാവൂ എന്നൊരു കീഴ്‌വഴക്കമുണ്ടായിരുന്നു. (ഇതിനു മുമ്പുള്ള രണ്ടു പ്രെസിഡന്റുകളുടെയും-ഉമേഷ്‌, ഇടിവാള്‍- പേരു്‌ സ്വരത്തിലായിരുന്നു തുടങ്ങിയിരുന്നതു്‌.) ദില്‍ബനു്‌ പ്രെസിഡന്റാവുകയും വേണം. ഈ ദുഃസ്ഥിതി ഒഴിവാക്കാന്‍ ദില്‍ബനു്‌ “അസ്വരന്‍” എന്ന പേരു കൊടുത്തു. സ്വരമില്ലാത്തവന്‍ എന്നര്‍ത്ഥം. അതു്‌ ആളുകള്‍ വിളിച്ചുവിളിച്ചു്‌ “അസുരന്‍” എന്നായി. ഒരു ഇള്ളാവാവയുടെ മുഖമുള്ള ആ സാധുവിനെ എന്തിനു്‌ അസുരന്‍ എന്നു വിളിക്കുന്നു എന്നു്‌ ആര്‍ക്കെങ്കിലും സംശയമുണ്ടെങ്കില്‍ ഇപ്പോള്‍ തീര്‍ന്നല്ലോ.

    ഇതിന്റെ മറ്റൊരു വകഭേദമാണു് നൂറടിക്കുക, ഇരുനൂറടിക്കുക തുടങ്ങിയവ. സന്തോഷും ബിന്ദുവുമാണു് ഇതിനു വിദഗ്ദ്ധര്‍. എത്ര തവണ നൂറടിച്ചാലും തലയുടെ സ്ഥിരതയില്‍ കാര്യമായ മാറ്റം ഇവര്‍ക്കു വരാറില്ല.

  • എന്തരോ ആകട്ടേ: രാജമാണിക്യത്തില്‍ നിന്നും ദേവരാഗത്തില്‍ നിന്നും ബൂലോഗം കടം കൊണ്ട ഭാഷ. ഈ ചിന്താഗതിയെ “അരാഷ്ട്രീയത” എന്നു ചന്ത്രക്കാറനും ബെന്നിയും വിളിക്കുന്നു.
  • ഗഡി: ബൂലോഗത്തിനു വിശാലമനസ്കന്‍ നല്‍കിയ രണ്ടാമത്തെ മികച്ച സംഭാവന. ഇപ്പോള്‍ ഇതു പബ്ലിക്ക് ഡൊമൈനില്‍. ആദ്യത്തെ സംഭാവന കറന്റ് ബൂക്സിന്റെ പ്രൈവറ്റ് ഡൊമൈനിലും. കൂട്ടുകാരന്‍, കാശിനു കൊള്ളാത്തവന്‍ എന്നൊക്കെ അര്‍ത്ഥം. സുന്ദരന്‍ എന്ന അര്‍ത്ഥമില്ല. അതിനു “ചുള്ളന്‍” എന്നു പറയണം.
  • പോസ്റ്റ്: ബ്ലോഗില്‍ ഒരു സമയത്തു വരുന്ന സാധനം. ഇതിനെന്തിനു പോസ്റ്റ് എന്നു പറയുന്നതെന്നറിയണമെങ്കില്‍ ഉമേഷിന്റെ ബ്ലോഗില്‍ നോക്കിയാല്‍ മതി. അവസാനം എത്തുമ്പോഴേയ്ക്കു് ആദ്യത്തിലുള്ളതു മറന്നുപോകും, വല്ലതും മനസ്സിലായെങ്കില്‍!
  • ശുട്ടീടുവേന്‍: ബൂലോഗത്തിനു വക്കാരിയുടെ പല സംഭാവനകളില്‍ ഒന്നു്. തനിമലയാളം ഓടിക്കാന്‍ ഒരു ലിനക്സ് സര്‍വറും നല്ല ഇന്റര്‍നെറ്റ് കണക്‍ഷനും നോക്കി നടന്ന ഏവൂരാന്‍ പല തവണ ആവശ്യപ്പെട്ടിട്ടും ഒരെണ്ണം സെറ്റപ്പ് ചെയ്യാഞ്ഞ ഉമേഷിനെ അതിനു പ്രേരിപ്പിക്കാന്‍ ഏവൂരാന്‍ ഇട്ട പോസ്റ്റില്‍ വക്കാരി ഉമേഷിനെ ഭീഷണിപ്പെടുത്തിയതു്. മണിച്ചിത്രത്താഴു് സിനിമയില്‍ നിന്നു പൊക്കിയതാണെന്നു തോന്നുന്നു.

അര്‍ത്ഥം:

ബ്ലോഗെഴുതാറില്ല, കമന്റിടുവാന്‍ സമയമില്ല, തനിമലയാളം പേജില്‍ പോകാറുപോലുമില്ല, വായിച്ചില്ലെങ്കിലും പേജു വരെ പോയി ഒരു തേങ്ങായടിക്കുകയും കൂടിയില്ല, വായിച്ചു കമന്റിട്ടു അതിന്റെ ബാക്കി കമന്റിട്ടു നൂറടിച്ചു രസിക്കാറില്ല. ഹാ, കഷ്ടമെന്നേ പറയേണ്ടൂ… ഒരു ചിരി പോലും -“ഹി ഹി” എന്നോ ഒരു സ്മൈലി ഇട്ടോ-ചിരിക്കാറില്ല, ഒരു ഓഫ്‌ടോപ്പിക് കമന്റു പോലും ഇടാറില്ല… എന്തു പറ്റി ഉണ്ണീ നിനക്കു്? എന്തെങ്കിലും ആകട്ടേ, പോസ്റ്റു വായിക്കുന്നതു നീ നിര്‍ത്തരുതു്. നിര്‍ത്തിയാല്‍ കൊന്നുകളയും ഞാന്‍!

[ഞാന്‍ ഓടി പാലത്തില്‍ നിന്നു വെള്ളത്തിലേക്കെടുത്തു ചാടി നീന്തി തുമ്പയിലെത്തി ഒരു റോക്കറ്റിന്റെ മൂട്ടില്‍ പിടിച്ചു ചന്ദ്രനിലേക്കു പോകട്ടേ-പുറകേ ജ്യോതി മാത്രമല്ല, കവിതയില്‍ ഇമ്മാതിരി ഭാഷയും ഇംഗ്ല്ലീഷും ഉപയോഗിച്ചതിനു് അനംഗാരിയും അതിനെ വ്യാഖ്യാനിച്ചതുകൊണ്ടു് അങ്ങനെ പറ്റുന്നതിനു പകരം ഇങ്ങനെ പറ്റിയില്ലേ എന്നു ചോദിച്ചു വക്കാരിയും ഉണ്ടു്!]


ബ്ലോഗുഭാഷയിലെ പദങ്ങളും ഉള്‍ക്കൊള്ളിക്കാന്‍ പറ്റിയില്ല. ശാര്‍ദ്ദൂലവിക്രീഡിതത്തിനു് ഒരു വരിയില്‍ പത്തൊന്‍പതക്ഷരമല്ലേ ഉള്ളൂ.

ഇതുപോലെയുള്ള ബ്ലോഗുഭാഷയിലെഴുതിയ ബ്ലോഗുകവിതകള്‍ കമന്റുകളായി ക്ഷണിച്ചുകൊള്ളുന്നു. ഏറ്റവും നല്ല കവിതയ്ക്കു് ജ്യോതി ഒരു സമ്മാനം കൊടുക്കുമായിരിക്കും. കൊടുത്തില്ലെങ്കില്‍ വക്കാരിയെക്കൊണ്ടു് “ശുട്ടിടുവേന്‍” എന്നു പറയിച്ചു നോക്കാം 🙂


(അടുത്ത തവണ പുഴ.കോമിന്റെ കൊളാഷില്‍ ഇതായിരിക്കും എന്റെ ടിപ്പിക്കല്‍ പോസ്റ്റായി വരുന്നതു്. ആര്‍ക്കറിയാം!)

നര്‍മ്മം
ശ്ലോകങ്ങള്‍ (My slokams)

Comments (33)

Permalink

ശ്രീമദീയെമ്മെസ് അഷ്ടോത്തരശതനാമസ്തോത്രം (സവ്യാഖ്യാനം)

രാജേഷ് വര്‍മ്മ എഴുതിയ ശ്രീമദ്‌ ഇ. എം. എസ്‌. അഷ്ടോത്തരശതനാമസ്തോത്രം എന്ന മാര്‍ക്സിസ്റ്റ് സ്തോത്രകൃതിയ്ക്കു് ആറു നൂറ്റാണ്ടിനു ശേഷം എഴുതപ്പെട്ട വ്യാഖ്യാനമാണു് ഈ പോസ്റ്റില്‍.


ഉപക്രമം

യുഗപ്രഭാവമാചാര്യം ശ്മശ്രുകേശസമന്വിതം
ധനതത്ത്വജ്ഞമക്ഷീണം തം മാര്‍ക്സം പ്രണമാമ്യഹം

(മാര്‍ക്സ് യുഗം തുടങ്ങിയവനും, ആചാര്യനും, മീശയും തലമുടിയും ഉള്ളവനും, ധനതത്ത്വജ്ഞനും ആയ മാര്‍ക്സിനെ ഞാന്‍ നമസ്കരിക്കുന്നു.)

പത്രാധിപം ദീര്‍ഘകായം സ്ത്രീസ്വാതന്ത്ര്യപ്രചാരകം
മദ്യസംഗീതഭുഞ്ജാനം ഏംഗത്സം ച നമാമ്യഹം

(പത്രാധിപനും ഉയരം കൂടിയവനും സ്ത്രീസ്വാതന്ത്ര്യവാദം പ്രചരിപ്പിച്ചവനും മദ്യവും സംഗീതവും ആസ്വദിച്ചവനും ആയ ഏംഗല്‍‌സിനെ ഞാന്‍ നമസ്കരിക്കുന്നു.)

അന്തിമാചാര്യമത്യന്തബുദ്ധിരാക്ഷസമവ്യയം
സര്‍വജ്ഞപീഠമാസീനം ശങ്കരംപ്രണമാമ്യഹം

(അവസാനത്തെ ആചാര്യനും വന്‍ ബുദ്ധിരാക്ഷസനും വ്യത്യാസമില്ലാത്തവനും സര്‍വജ്ഞപീഠത്തില്‍ ഇരിക്കുന്നവനും ആയ ശങ്കരനെ ഞാന്‍ നമസ്കരിക്കുന്നു.)

ലെനിനസ്റ്റാലിനപാദസരോരുഹം
ചെഗുവരാദിനിണാദതിശോണിതം
ഫിഡലകാസ്ട്രപരാഗയുതം വരം
കമലമന്വഹമാശ്രയ മാര്‍ക്സിസം

(ലെനിന്‍, സ്റ്റാലിന്‍ എന്നിവരുടെ കാലുകളാകുന്ന സരസ്സില്‍ നിന്നുണ്ടായതും ചെഗുവര തുടങ്ങിയവരുടെ രക്തത്താല്‍ ചുവന്നതും ഫിഡല്‍ കാസ്റ്റ്രോ എന്ന പരാഗത്താല്‍ പ്രചാരം സിദ്ധിച്ചതുമായ മാര്‍ക്സിസം എന്ന താമരയെ രാത്രിയും പകലും ആശ്രയിക്കുവിന്‍!)


ലോകത്തിലെ എല്ലാ മതങ്ങളുടെയും വിജ്ഞാനങ്ങളുടെയും അന്തസ്സത്ത സമാഹരിച്ചെടുത്തു കാച്ചിക്കുറുക്കിയ വിശിഷ്ടമതമാണു മാര്‍ക്സിസം. ഇതിലുള്ളതു മറ്റു പലയിടത്തും കണ്ടേക്കാം; പക്ഷേ, ഇതിലില്ലാത്തതു മറ്റൊരിടത്തും കാണുകയില്ല. എല്ലാ മതങ്ങളിലെയും വിജ്ഞാനങ്ങളിലെയും പുണ്യാത്മാക്കള്‍ മാര്‍ക്സിസത്തിലെ ആചാര്യന്മാരാണു്. അവരെ “ജി” എന്ന പ്രത്യയം ചേര്‍ത്തു വിളിക്കുന്നു. കൃഷ്ണജി, ക്രിസ്തുജി, ബുദ്ധജി, മുഹമ്മദ്‌ജി, ന്യൂട്ടണ്‍ജി, ഡാര്‍വിന്‍‌ജി തുടങ്ങിയവര്‍ മാര്‍ക്സിസമതത്തിലെ ആചാര്യന്മാരാണു്. മാര്‍ക്സ്‌ജിയാണു് ഇതിന്റെ ഉപജ്ഞാതാവു്. അദ്ദേഹം അന്നേ പ്രവചിച്ചിരുന്നു, “ലോകവിജ്ഞാനം മുഴുവന്‍ സ്വായത്തമാക്കിയ അന്തിമാചാര്യന്‍ നൂറു കൊല്ലത്തിനുള്ളില്‍ ഉണ്ടാകും. അദ്ദേഹത്തിനു ശേഷം ശാസ്ത്രമോ വിജ്ഞാനമോ വികസിക്കാന്‍ ഉണ്ടാവില്ല. അദ്ദേഹത്തിന്റെ വാക്യങ്ങള്‍ ലോകാവസാനം വരെ സത്യമായി നിലകൊള്ളും.” അങ്ങനെ ഉണ്ടായ അവസാനത്തെ ആചാര്യനാണു് ഈയെമ്മെസ്‌ജി (വിപ്ലവം ജയിക്കട്ടേ!) (മാ. പി. 91-180).

മാര്‍ക്സ്ജി ജനിച്ചപ്പോള്‍ തുടങ്ങിയ വര്‍ഷമാണു് മാര്‍ക്സ് വര്‍ഷം. B.M. (മാ. മു.) = Before Marx (മാര്‍ക്സിനു മുമ്പു്), A.M. (മാ. പി.) = After Marx (മാര്‍ക്സിനു പിമ്പു്).

ഇതു മാര്‍ക്സ്‌ജി ജനിച്ചു കുറേ വര്‍ഷങ്ങള്‍ക്കു ശേഷമാണു തുടങ്ങിയതെന്നും, വര്‍ഷത്തിന്റെ തുടക്കത്തിലല്ല മാര്‍ക്സ്‌ജിയുടെ ജന്മദിനം, അതിനു് ഏഴെട്ടു ദിവസം മുമ്പാണു് എന്നതും തുടങ്ങിയ കാര്യങ്ങള്‍ മുന്‍‌നിര്‍ത്തി മാര്‍ക്സ്‌ജിയും ഈ വര്‍ഷവും തമ്മില്‍ ബന്ധമില്ല എന്നു വാദിക്കുന്നവരുമുണ്ടു്. ഏതായാലും, മാര്‍ക്സ്‌ജിയിലൂടല്ലാതെ മോക്ഷമില്ല എന്നു വിശ്വസിക്കുന്നവര്‍ക്കു് ഇതില്‍ സംശയമൊന്നുമില്ല.

മാര്‍ക്സ്‌ജിയുടെ കാലം തൊട്ടുള്ള കാലഘട്ടത്തെ “മാര്‍ക്സ്‌യുഗം” എന്നു വിളിക്കുന്നു. ഇതു് കൃതയുഗം, ത്രേതായുഗം, ദ്വാപരയുഗം, കലിയുഗം എന്നിവയ്ക്കു ശേഷമുള്ള അഞ്ചാമത്തെ യുഗമാണെന്നും, അതല്ല കലിയുഗത്തിന്റെ ഒരു ഉപയുഗമാണെന്നും അഭിപ്രായങ്ങളുണ്ടു്.

മാര്‍ക്സിസത്തെപ്പറ്റി ഇതിനു മുമ്പുള്ള എല്ലാ പ്രവാചകന്മാരും പറഞ്ഞിരുന്നു. “മാ” എന്ന ചുരുക്കപ്പേരിലാണു് അവര്‍ മാര്‍ക്സിസത്തെ വിവക്ഷിച്ചിരുന്നതു്.

കൃഷ്ണയജുര്‍‌വേദത്തില്‍ അനോണിമസ്‌ജി ഇങ്ങനെ പറയുന്നു.

അസതോ മാ സദ് ഗമയ
തമസോ മാ ജ്യോതിര്‍ ഗമയ
മൃത്യോര്‍ മാ അമൃതം ഗമയ

(അസതഃ മാ സത് ഗമയ, തമസഃ മാ ജ്യോതിഃ ഗമയ, മൃത്യോഃ മാ അമൃതം ഗമയ)

“അസത്യത്തില്‍ നിന്നു മാര്‍ക്സിസം സത്യത്തിലേക്കു (ലോകത്തെ) നയിക്കേണമേ! ഇരുട്ടില്‍ നിന്നു മാര്‍ക്സിസം വെളിച്ചത്തിലേക്കു നയിക്കേണമേ! മരണത്തില്‍ നിന്നു മാര്‍ക്സിസം അമരത്വത്തിലേക്കു നയിക്കേണമേ!” എന്നര്‍ത്ഥം.

ആദികവിയായ വാല്മീകിജി തന്റെ ആദ്യശ്ലോകത്തില്‍ ഇങ്ങനെ പറയുന്നു:

മാ നിഷാദ! പ്രതിഷ്ഠാം ത്വമഗമശ്ശാശ്വതീസമാഃ
യത് ക്രൌഞ്ചമിഥുനാദേകമവധീഃ കാമമോഹിതം

(മാ നിഷാദ! പ്രതിഷ്ഠാം ത്വം അഗമത് ശാശ്വതീസമാഃ. യത് ക്രൌഞ്ച-മിഥുനാത് ഏകം അവധീഃ കാമമോഹിതം)

“മാര്‍ക്സിസം, കാട്ടാളാ, മാര്‍ക്സിസം! അതിനെ പിന്തുടര്‍ന്നു് നീ ശാശ്വതനായി. സ്വകാര്യസ്വത്തു് വേണമെന്നാഗ്രഹിച്ച ബൂര്‍ഷ്വായെ നീ ഇല്ലാതാക്കിയല്ലോ” എന്നര്‍ത്ഥം.

അമ്പും വില്ലും ഉപയോഗിക്കുന്ന കാട്ടാളന്‍ തൊഴിലാളിയെ സൂചിപ്പിക്കുന്നു. “കാമമോഹിതഃ” എന്നു വെച്ചാല്‍ എല്ലാം സ്വന്തമാക്കണമെന്നു് ആഗ്രഹിക്കുന്നവന്‍; അതായതു് സ്വകാര്യസ്വത്തു സമ്പാദിക്കുന്ന ബൂര്‍ഷ്വാ. ഈ ശ്ലോകത്തിലെ “മാ” എന്നതിനെ അരുതു് എന്നും മഹാലക്ഷ്മി എന്നും മറ്റും അര്‍ത്ഥം കല്പിച്ചു് മാര്‍ക്സ്‌യുഗത്തിനു മുമ്പുള്ളവര്‍ അര്‍ത്ഥം പറഞ്ഞിരുന്നു.

കൃഷ്ണജി (മാ. മു. 58-ാ‍ം നൂറ്റാണ്ടു്) ഭഗവദ്‌ഗീതയില്‍ (18:66) ഇങ്ങനെ പറയുന്നു:

സര്‍വ്വധര്‍മ്മാന്‍ പരിത്യജ്യ മാമേകം ശരണം വ്രജ

(സര്‍വ്വ-ധര്‍മ്മാന്‍ പരിത്യജ്യ മാം ഏകം ശരണം വ്രജ)

“എല്ലാ ധര്‍മ്മങ്ങളെയും (മതങ്ങളെയും) ഉപേക്ഷിച്ചിട്ടു നീ മാര്‍ക്സിസത്തെ ശരണം പ്രാപിക്കൂ” എന്നര്‍ത്ഥം. ഇവിടെ “മാം” എന്നതിനെ “എന്നെ” എന്ന അര്‍ത്ഥം പറഞ്ഞു പല വികലവ്യാഖ്യാനങ്ങളും കണ്ടിട്ടുണ്ടു്.

ക്രിസ്തുജി (മാ. മു. 19-ാ‍ം നൂറ്റാണ്ടു്) ഇങ്ങനെ പറയുന്നു:

മാമാശ്രയ സദാ നാന്യം രേ ലോകാഃ സര്‍പ്പസൂനവഃ
യദി മര്‍ത്യാന്‍ സ്വമാര്‍ഗ്ഗേഷു നേതുമിച്ഛതി കോऽപിചിത്

(മാം ആശ്രയ സദാ ന അന്യം രേ ലോകാഃ സര്‍പ്പ-സൂനവഃ യദി മര്‍ത്യാന്‍ സ്വ-മാര്‍ഗ്ഗേഷു നേതും-ഇച്ഛതി കഃ-അപി-ചിത്)

“മനുഷ്യരെ പിടിച്ചു പാര്‍ട്ടിയില്‍ ചേര്‍ക്കുന്ന ആളുകളാകണമെങ്കില്‍ സര്‍പ്പസന്തതികളേ, നിങ്ങള്‍ മാര്‍ക്സിസത്തെ ആശ്രയിക്കൂ…” എന്നര്‍ത്ഥം.
“നിങ്ങള്‍ എന്റെ പിറകേ വരുവിന്‍, ഞാന്‍ നിങ്ങളെ മനുഷ്യരെ പിടിക്കുന്നവരാക്കും” എന്നായിരുന്നു മാര്‍ക്സ്‌യുഗത്തിനു മുമ്പു് ഇതിനെ വ്യാഖ്യാനിച്ചിരുന്നതു്.

ന്യൂട്ടണ്‍‌ജി (മാ. മു. രണ്ടാം നൂറ്റാണ്ടു്) ഇങ്ങനെ പറയുന്നു:

മാം വിദ്ധി ലോകശാസ്ത്രജ്ഞം അംസാരൂഢം മഹാത്മനാം
സംഗരപ്രാന്തമാസന്നം ക്രീഡാലോലം തു ബാലകം

“ലോകശാസ്ത്രത്തെ അറിയുന്നതും മഹാത്മാക്കളുടെ തോളില്‍ നില്‍ക്കുന്നതും വര്‍ഗ്ഗസമരത്തിന്റെ അടുത്തെത്തി കളിക്കുന്ന കുട്ടിയും ആയ മാര്‍ക്സിസത്തെ അറിയൂ” എന്നര്‍ത്ഥം.

ഈ ശ്ലോകവും തെറ്റായി വ്യാഖ്യാനിക്കപ്പെട്ടിട്ടുണ്ടു്. “മാം” എന്നതു് “എന്നെ” എന്നു വ്യാഖ്യാനിച്ചതു പോകട്ടേ, “സംഗരം” (യുദ്ധം) എന്നതിനെ “സാഗരം” (കടല്‍) എന്നു വായിച്ചു് “കടല്‍ക്കരയില്‍ ചിപ്പി പെറുക്കുന്ന കുട്ടി” എന്നൊക്കെയാണു വ്യാഖ്യാനം. ഗുരുമുഖത്തു നിന്നു വിദ്യ പഠിക്കാത്തതിന്റെ പ്രശ്നം നോക്കണേ!

ഇങ്ങനെയുള്ള മാര്‍ക്സിസത്തിന്റെ അവസാനത്തെ ആചാര്യനാണു് ഈയെമ്മെസ്‌ജി (വിപ്ലവം ജയിക്കട്ടേ!). മുമ്പുള്ള ആചാര്യന്മാരെല്ലാം ഭാഗികമായി മാത്രം ലോകത്തെ തത്ത്വങ്ങള്‍ പഠിപ്പിച്ചപ്പോള്‍ അദ്ദേഹം പൂര്‍ണ്ണമായ ജ്ഞാനം നല്‍കി. അദ്ദേഹം പറഞ്ഞ ഒരു കാര്യവും ലോകാവസാനം വരെ തെറ്റില്ല. നൂറ്റാണ്ടുകള്‍ക്കു ശേഷം ശാസ്ത്രം കണ്ടുപിടിച്ചേക്കാവുന്ന എല്ലാ വിജ്ഞാനങ്ങളെയും അദ്ദേഹത്തിന്റെ വചനങ്ങളെ വ്യാഖ്യാനിച്ചു നമുക്കുണ്ടാക്കാം-കണ്ടുപിടിത്തത്തിനു ശേഷം മാത്രമേ ഇതു പറ്റൂ എന്നു മാത്രം.

കവിപരിചയം

മഹാകവികുലോത്തംസമായ രാജേഷ് വര്‍മ്മ (മാ. പി. 150-?) മാര്‍ക്സിനു ശേഷം രണ്ടാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഭക്തകവികളില്‍ പ്രമുഖനാണു്. ചെറുപ്പത്തില്‍ ഇദ്ദേഹം ഒരു തിരുമണ്ടനും ഇരിക്കുന്ന കൊമ്പു മുറിക്കുന്നവനും പാറക്കെട്ടിന്റെ മുകളില്‍ കയറി താഴെയിറങ്ങാന്‍ കഴിയാതെ വീഴുന്നവനും ഹെല്‍മറ്റു വെച്ചുകൊണ്ടു തുമ്മുന്നവനും പൊട്ടുന്ന കതിനയെ ചവിട്ടിക്കെടുത്താന്‍ ശ്രമിച്ചവനുമായിരുന്നു. (ആ സമയത്തു് ശ്രീജിത്ത് എന്ന പേരില്‍ എഴുതിയ മണ്ടത്തരപുരാണം എന്ന പ്രാകൃതമലയാളകാവ്യം സംസ്കൃതത്തിലല്ലാത്തതുകൊണ്ടു് ആരും സൂക്ഷിച്ചു വെച്ചിട്ടില്ല.) പില്‍ക്കാലത്തു് അദ്ദേഹം വിഷയാസക്തനും സ്ത്രീലമ്പടനും കലഹപ്രിയനും ആദിത്യനും ആയിത്തീരുകയും അശ്വമേധംഎന്ന ശൃംഗാരകാവ്യം രചിക്കുകയും ചെയ്തു. പിന്നീടു കുറെക്കാലം മദ്യം, മയക്കുമരുന്നു്, നിയമലംഘനം തുടങ്ങിയവയ്ക്കു് അടിമയാവുകയും കുറുമപുരാണം എന്നൊരു വിശിഷ്ടകൃതി രചിക്കുകയും ചെയ്തു.

ആയിടയ്ക്കു മാ. പി. 188-ല്‍ സപ്തര്‍ഷികളില്‍ ഒരാളായ പുലഹ‌ജി അദ്ദേഹത്തിനു സ്വപ്നത്തില്‍ ദര്‍ശനം നല്‍കുകയും സംസ്കൃതഭാഷാവരം നല്‍കുകയും തത്ഫലമായി അദ്ദേഹം മഹാപണ്ഡിതനാവുകയും ചെയ്തു. “എനിക്കെല്ലാം മനസ്സിലായി” എന്നര്‍ത്ഥമുള്ള “വക്കാരിമഷ്ടാ” എന്നു് ഉറക്കെ വിളിച്ചുകൊണ്ടു് ഉറങ്ങുന്ന വേഷത്തില്‍ത്തന്നെ നഗരവീഥികളില്‍ക്കൂടി ഓടിയതിനാല്‍ ആളുകള്‍ അദ്ദേഹത്തെ “വക്കാരിമഷ്ടാ” എന്നു വിളിച്ചു. സൂര്യനു താഴെയുള്ള ഏതു വിഷയത്തെപ്പറ്റിയും ആധികാരികമായി കമന്റെഴുതാന്‍ ഈ സമയത്തു് അദ്ദേഹത്തിനു കഴിയുമായിരുന്നു. പില്‍ക്കാലത്തെ ധ്യാനത്തിന്റെ നൈരന്തര്യം കൊണ്ടു് സൂര്യനു മുകളിലുള്ളതിനെപ്പറ്റിയും എഴുതാന്‍ പ്രാവീണ്യം നേടുകയും “വിശ്വപ്രഭ” എന്ന പേരു സ്വീകരിച്ചു് സൂര്യന്റെ മുകളില്‍ പോയിട്ടുള്ളവര്‍ക്കു മാത്രം മനസ്സിലാകുന്ന ഒരു തരം ഭാഷയില്‍ എഴുതിത്തുടങ്ങുകയും ചെയ്തു. ഇതിനിടയില്‍ അദ്ദേഹം സര്‍വ്വജ്ഞപീഠം ഏറ്റവും കൂടുതല്‍ തവണ കയറുന്ന ആള്‍ എന്ന ബഹുമതി പല പ്രാവശ്യം നേടുകയുണ്ടായി. സര്‍വ്വജ്ഞപീഠം കയറുന്നതിന്റെ ഭാഗമായി ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ ചുറ്റിസഞ്ചരിക്കുകയും വാദങ്ങളില്‍ എതിര്‍ത്തവരെ തോല്‍പ്പിക്കുകയും ചെയ്തു. അദ്വൈതം, ക്വാണ്ടം മെക്കാനിക്സ്, ഇസ്രയേല്‍ ചരിത്രം എന്നിവ പഠിക്കാനായി ഡാലി എന്ന ഒരു വിദ്യാര്‍ത്ഥിനിയുടെ രൂപത്തിലാണത്രേ ഇസ്രയേലില്‍ കടന്നതു്. ഇതൊരു പരകായപ്രവേശമായിരുന്നു. പരമഭാഗവതന്മാര്‍ക്കു് എന്തു തന്നെ കഴിയില്ല!

മുകളില്‍ പരാമര്‍ശിച്ചിട്ടുള്ള മഹാത്മാക്കളെല്ലാം ഒരാളല്ല, മറിച്ചു് സമകാലീനരായിരുന്ന പല എഴുത്തുകാരാണു് എന്നു് പല ഗവേഷകരും ചരിത്രകാരന്മാരും അവരുടേതായ തെളിവുകള്‍ നിരത്തി വാദിക്കുന്നുണ്ടു്. ഗുരുമുഖത്തു നിന്നു കേള്‍ക്കുന്നതിനെ അപ്പാടെ അംഗീകരിക്കാതെ ഗവേഷണവും പരീക്ഷണവും വഴി വിദ്യ നേടാമെന്നു വ്യാമോഹിക്കുന്ന ഇവരുടെ ശ്രമം ഹാ കഷ്ടം! ഇങ്ങനെയുള്ള കാര്യങ്ങളില്‍ ഐതിഹ്യത്തിനാണു ചരിത്രത്തേക്കാളും ഭാഷാശാസ്ത്രത്തെക്കാളും പ്രാമാണികത്വം എന്നു് ആര്‍ക്കാണു് അറിയാന്‍ കഴിയാത്തതു്? വിക്കിപീഡിയ ചുട്ടുകരിക്കുകയും ഐതിഹ്യമാല വിദ്യാലയങ്ങളില്‍ പാഠപുസ്തകമാക്കുകയും ചെയ്യേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.

മാ. പി. മൂന്നാം നൂറ്റാണ്ടില്‍ ഇദ്ദേഹം സമാധിയടഞ്ഞു എന്നു ചരിത്രകാരന്മാര്‍ പറയുന്നു. പക്ഷേ, ഇദ്ദേഹം അശ്വത്ഥാമാവു്, മഹാബലി, വ്യാസജി, ഹനുമാന്‍‌ജി, വിഭീഷണന്‍, കൃപജി, പരശുരാമജി എന്നിവരോടൊപ്പം ചിരഞ്ജീവികളിലൊരാളാണെന്നാണു് ഐതിഹ്യം.

അശ്വത്ഥാമാ ബലിര്‍‌വ്യാസോ ഹനൂമാംശ്ച വിഭീഷണഃ
കൃപഃ പരശുരാമശ്ച രാജേശോ ചിരജീവിനഃ

ഈ വ്യാഖ്യാനത്തെപ്പറ്റി

പന്ത്രണ്ടു കൊല്ലം നീണ്ടുനിന്ന സാധനയുടെ ഫലമായാണു് ഈ വ്യാഖ്യാനം രചിച്ചതു്. ഇതിന്റെ പല ഘട്ടത്തിലും സാക്ഷാത് രാജേഷ് വര്‍മ്മ തന്നെ സ്വപ്നത്തില്‍ പ്രത്യക്ഷനായി അര്‍ത്ഥം പറഞ്ഞുതന്നതുകൊണ്ടാണു് ഇതു് ഇപ്പോഴെങ്കിലും പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞതു്.

ഈ വ്യാഖ്യാനം വെറുതേ വായിച്ചാല്‍ ഗുണം കിട്ടുകയില്ല. ഗുരുമുഖത്തു നിന്നു കിട്ടുന്ന വിദ്യയ്ക്കേ ഗുണമുള്ളൂ. അതുകൊണ്ടു് ആദ്യമായി ഒരു ഗുരുവിനെ കണ്ടുപിടിക്കുക. ആവശ്യമെങ്കില്‍ അക്ഷരം പഠിപ്പിക്കുക (അതു നിങ്ങള്‍ ചെയ്യരുതു്. ഗുരുവിനെ പഠിപ്പിക്കുന്നതു പാപമാണു്. അതിനു വേറേ ഒരു ഗുരുവിനെ കണ്ടുപിടിക്കുക.) പിന്നീടു് ഇതു വായിച്ചു തരാന്‍ പറയുക. ശ്രീഗുരവേ നമഃ

അഥ രാജേശകൃത ഈയെമ്മെസ് അഷ്ടോത്തരശതനാമസ്തോത്രസ്യ “മുക്തിദീപികാ” നാമ ഉമേശകൃതവ്യാഖ്യാനം:

ധ്യാനം

ശുക്ലാംബരധരം ദേവം ഭുക്തിമുക്തിപ്രദായകം
തൂലികാസംയുതം ധ്യായേ ശങ്കരം ലോകശങ്കരം

ശുക്ലാംബരധരം : വെളുത്ത വസ്ത്രം ധരിച്ചവനും
ഭുക്തിമുക്തിപ്രദായകം : ഭൌതികസുഖങ്ങളെയും മുക്തിയെയും തരുന്നവനും
തൂലികാ-സംയുതം : പേനയേന്തിയവനും
ലോകശങ്കരം : ലോകത്തിനു മുഴുവന്‍ മംഗളകാരിയുമായ
ശങ്കരം ദേവം : ശങ്കരന്‍ എന്ന ദേവനെ
ധ്യായേ : (ഞാന്‍) ധ്യാനിക്കുന്നു

മുക്തി എന്നതിനു് വളരെയധികം അര്‍ത്ഥങ്ങളുണ്ടു്. ചങ്ങലക്കെട്ടുകളില്‍ നിന്നുള്ള മോചനം എന്നതു് ഒന്നു്. പരമമായ മോക്ഷം എന്നതു മറ്റൊന്നു്. ഗുരുമുഖത്തു നിന്നു പഠിക്കുന്നവര്‍ ഗുരു പറയുന്ന അര്‍ത്ഥം മാത്രം പഠിച്ചാല്‍ മതി.

ഭൌതികസുഖങ്ങള്‍ എന്നു വെച്ചാല്‍ വൈരുദ്ധ്യാത്മകഭൌതികവാദം തരുന്ന സുഖങ്ങള്‍ എന്ന അര്‍ത്ഥവും മനസ്സിലാക്കുക.

അഷ്ടോത്തരനാമസ്തോത്രം

ഓം

എല്ലാ വിജ്ഞാനത്തിന്റെയും കാതലായ മൂലമന്ത്രം. ലോകത്തിലെ എല്ലാ വിജ്ഞാനവും ഈ അക്ഷരത്തില്‍ അടങ്ങിയിരിക്കുന്നു. ഈ മന്ത്രത്തില്‍ നിന്നാണു ലോകം ഉണ്ടായതും നിലനില്‍ക്കുന്നതും നശിക്കുന്നതും. ഇതിന്റെ ബൃംഹണത്താല്‍ ബൂര്‍ഷ്വാസികള്‍ നശിക്കുന്നു. ഇതിന്റെ അനുരണനത്താല്‍ തൊഴിലാളിവര്‍ഗ്ഗം നിലനില്‍ക്കുന്നു.

അ, ഉ, മ്‌ എന്ന മൂന്നു ശബ്ദങ്ങളില്‍ നിന്നാണു് “ഓം” എന്ന മന്ത്രം ഉണ്ടായതു്.

അകാരോऽസിഃ പ്രഭുഘ്നാതാ ഹ്യുകാരശ്ചോഡുദീപകഃ
മകാരോ മുസലശ്ചൈവ ശൃംഖലാഛിന്നഭിന്നകഃ

(അകാരഃ അസിഃ പ്രഭു-ഘ്നാതാ, ഹി ഉകാരഃ ച ഉഡു-ദീപകഃ, മകാരഃ മുസലഃ ച ഏവ ശൃംഖലാ-ഛിന്ന-ഭിന്നകഃ)

എന്ന പ്രമാണമനുസരിച്ചു് കാരം ബൂര്‍ഷ്വാസികളെ നശിപ്പിക്കുന്ന അസി(വാള്‍, ലക്ഷണയാ അരിവാള്‍)യെയും കാരം പ്രകാശം പരത്തുന്ന ഉഡു(നക്ഷത്രം)വിനെയും കാരം ചങ്ങലകളെ പൊട്ടിച്ചിതറിക്കുന്ന മുസല(ഇരുമ്പുലക്ക, ലക്ഷണയാ ചുറ്റിക)ത്തെയും സൂചിപ്പിക്കുന്നു.

അവയില്‍ അരിവാള്‍(അസി) ആണു് ഏറ്റവും ശ്രേഷ്ഠം. “തത്ത്വമസിഃ” എന്നു പ്രസിദ്ധം. “അരിവാള്‍ തത്ത്വം ആകുന്നു” എന്നും “അതിനാല്‍ നീ അരിവാള്‍ ആകുന്നു” (തത് ത്വം അസിഃ) എന്നും ഇതിന്റെ അനേകാര്‍ത്ഥങ്ങളില്‍ രണ്ടെണ്ണം മാത്രം.

ക്രിസ്തുജി ഇപ്രകാരം പറയുന്നു:

അസിര്യസ്യ സ്ഥിതോ ഹസ്തേ അസിനാ ഫലമസ്യ ഹി

(അസിഃ യസ്യ സ്ഥിതഃ ഹസ്തേ അസിനാ ഫലം അസ്യ ഹി)

“അരിവാളേന്തിയവനു് അരിവാളിന്റെ ഫലം കിട്ടുക തന്നെ ചെയ്യും” എന്നര്‍ത്ഥം. “നമ്മളു കൊയ്യും വയലെല്ലാം നമ്മുടേതാകും പൈങ്കിളിയേ” എന്നു പറയുന്നതും ഇതു തന്നെ. ഇതിനെ “വാളെടുത്തവന്‍ വാളാലെ” എന്നാണു സാധാരണ വ്യാഖ്യാനിച്ചു കാണാറുള്ളതു്.

ഇവ്വിധത്തില്‍ സര്‍വ്വജ്ഞാനചിഹ്നമായ അരിവാള്‍-ചുറ്റിക-നക്ഷത്രത്തെ സൂചിപ്പിക്കുക വഴി മാഹാത്മ്യകേദാരമായ ഈ മന്ത്രം എല്ലാ മാര്‍ക്സിസ്റ്റ് ജ്ഞാനശാസ്ത്രസ്തോത്രങ്ങളുടെയും നാമാവലിയുടെയും മുമ്പു ജപിക്കേണ്ടതാകുന്നു. എല്ലാ സ്തോത്രങ്ങളുടെയും അവസാനത്തില്‍ “ഓം ശാന്തി ശാന്തി ശാന്തിഃ” എന്നും പറയുക. “അരിവാള്‍ ചുറ്റിക നക്ഷത്രം സമാധാനം തരട്ടേ” എന്നര്‍ത്ഥം. മൂന്നു സാധനമുള്ളതു കൊണ്ടാണു മൂന്നു പ്രാവശ്യം ശാന്തി എന്നു പറയുന്നതു്.

ജനപ്രിയോ ജനപ്രേമീ ജനമാനസമന്ദിരഃ
ജനായത്തമുനിശ്രേഷ്ഠോ ജന്മീ ജന്മിത്വനാശകഃ

1 ജനപ്രിയഃ : ജനപ്രിയനും
2 ജനപ്രേമീ : ജനങ്ങളില്‍ പ്രിയമുള്ളവനും
3 ജനമാനസമന്ദിരഃ : ജനങ്ങളുടെ മനസ്സാകുന്ന മന്ദിരത്തില്‍ കുടികൊള്ളുന്നവനും
4 ജനായത്തമുനിശ്രേഷ്ഠഃ : ജനാധിപത്യത്തിലെ മുനികളില്‍ വെച്ചു ശ്രേഷ്ഠനും
5 ജന്മീ : ജന്മിയും
6 ജന്മിത്വനാശകഃ : ജന്മിത്വം അവസാനിപ്പിച്ചവനും

“ജന്മി” എന്ന വാക്കിനു “ഭൂവുടമ” എന്നു മാത്രമല്ല അര്‍ത്ഥം. ജന്മമെടുത്തവന്‍ ജന്മി. മനുഷ്യരുടെ പാപനിവാരണത്തിനായി ഭൂമിയില്‍ ജന്മമെടുത്തവന്‍ എന്നര്‍ത്ഥം.

“മുനി” എന്ന പ്രയോഗവും അര്‍ത്ഥഗര്‍ഭമാണു്. ജനാധിപത്യത്തില്‍ ആവശ്യമുള്ള സന്ദര്‍ഭത്തില്‍ മൌനമാകാന്‍ കഴിയുന്നവനെ മാത്രമേ “മുനി” എന്നു വിളിക്കാന്‍ കഴിയൂ.

പ്രേഷിതഃ പ്രേക്ഷകഃ പ്രാജ്ഞഃ പ്രേമപൂരിതമാനസഃ
പ്രപന്നജനമന്ദാരഃ പ്രതിപക്ഷപ്രണാശനഃ

7 പ്രേഷിതഃ : നിയോഗിക്കപ്പെട്ടവനും
8 പ്രേക്ഷകഃ : എല്ലാം കാണുന്നവനും
9 പ്രാജ്ഞഃ : അറിവുള്ളവനും
10 പ്രേമപൂരിതമാനസഃ : സ്നേഹം നിറഞ്ഞ മനസ്സോടുകൂടിയവനും
11 പ്രപന്നജനമന്ദാരഃ : ആശ്രയിക്കുന്നവര്‍ക്കു കല്പവൃക്ഷവും
12 പ്രതിപക്ഷപ്രണാശനഃ : പ്രതിപക്ഷത്തെ നശിപ്പിക്കുന്നവനും

ലോകത്തെ അജ്ഞാനത്തില്‍ നിന്നു കര കയറ്റാന്‍ നിയോഗിക്കപ്പെട്ടവന്‍ എന്ന അര്‍ത്ഥത്തിലാണു “പ്രേഷിതന്‍” എന്നുപയോഗിച്ചിരിക്കുന്നതു്. “പ്രതിപക്ഷം” എന്നതിനു് ഭരിക്കാത്ത കക്ഷി എന്ന സാമാന്യാര്‍ത്ഥമല്ല മനസ്സിലാക്കേണ്ടതു്. തന്റെ ആശയങ്ങളെ എതിര്‍ക്കുന്നവര്‍ എന്നാണു്. എല്ലാ മഹാത്മാക്കളും ആചാര്യന്മാരും പ്രതിപക്ഷത്തെ വാദം കൊണ്ടോ കരബലം കൊണ്ടോ ഇല്ലാതാക്കി മാത്രം മുന്നോട്ടു പോയവരാണു്.

അച്യുതാനന്ദസംസേവ്യോ ശ്രീധരപ്രാണദായകഃ
ഗോപാലകപരിത്രാതാ ഇന്ദിരാരിരനംഗജിത്‌

13 അച്യുതാനന്ദസംസേവ്യഃ : അച്യുതാനന്ദനാല്‍ സേവിക്കപ്പെടുന്നവനും
14 ശ്രീധരപ്രാണദായകഃ : ശ്രീധരനു ജന്മം നല്‍കിയവനും
15 ഗോപാലകപരിത്രാതാ : ഇടയന്മാരെ സംരക്ഷിച്ചവനും
16 ഇന്ദിരാരിഃ : ഇന്ദിരയുടെ ശത്രുവും
17 അനംഗജിത്‌ : കാമദേവനെ ജയിച്ചവനും

“ഗോപാലകന്‍” എന്നതിനു് എ. കെ. ഗോപാലന്‍ എന്നും അര്‍ത്ഥം പറയണം. അച്യുതാനന്ദന്‍, എ. കെ. ഗോപാലന്‍ എന്നിവര്‍ മാര്‍ക്സിസ്റ്റ് വിദ്വാന്മാരായിരുന്നു. ഇ. എം. ശ്രീധരന്‍ പുത്രനും.

ഇന്ദിര എന്നതുകൊണ്ടു് മാര്‍ക്സിസത്തിന്റെ ശത്രുവായിരുന്ന ഇന്ദിരാഗാന്ധിയെയാണു സൂചിപ്പിക്കുന്നതു്.

ഇന്ദിരാ ലോകമാതാ മാ രമാ മംഗലദേവതാ
ഭാര്‍ഗ്ഗവീ ലോകജനനീ ക്ഷീരസാഗരകന്യകാ

എന്നു് “അമരകോശം” എഴുതിയ അമരസിംഹജി പറഞ്ഞിരിക്കുന്നതില്‍ നിന്നു് ഇന്ദിര ലോകത്തിന്റെ (മാര്‍ക്സിസ്റ്റിതരലോകത്തിന്റെ) മാതാവും ഭാര്‍ഗ്ഗവീതങ്കപ്പന്‍ ലോകത്തിന്റെ (മാര്‍ക്സിസ്റ്റ് ലോകത്തിന്റെ) ജനനിയുമാണെന്നു മനസ്സിലാക്കാം. “മാ” എന്നു പ്രത്യേകം പറഞ്ഞിരിക്കുന്നതും ശ്രദ്ധിക്കുക.

ബ്രാഹ്മണഃ ക്ഷാത്രസന്നദ്ധോ വൈശ്യതന്ത്രപരായണഃ
ശൂദ്രനാഥോ ബൌദ്ധബന്ധുര്‍ ചാതുര്‍വര്‍ണ്യവിവര്‍ജ്ജിതഃ

18 ബ്രാഹ്മണഃ : ബ്രാഹ്മണനും
19 ക്ഷാത്രസന്നദ്ധഃ : യുദ്ധത്തിനു സന്നദ്ധനും
20 വൈശ്യതന്ത്രപരായണഃ : വ്യാപാരത്തെപ്പറ്റി അറിവുള്ളവനും
21 ശൂദ്രനാഥഃ : അധ്വാനിക്കുന്നവരുടെ നാഥനും
22 ബൌദ്ധബന്ധുഃ : ബൌദ്ധന്മാരുടെ ബന്ധുവും
23 ചാതുര്‍വര്‍ണ്യവിവര്‍ജ്ജിതഃ : ചാതുര്‍വര്‍ണ്യത്തെ വര്‍ജ്ജിക്കുന്നവനും

ബൌദ്ധശബ്ദത്തിനു നാസ്തികന്‍ എന്നും മുസ്ലീം ലീഗുകാരന്‍ എന്നും അര്‍ത്ഥം പറയാം. രണ്ടാമത്തേതാണു് ഇവിടെ കൂടുതല്‍ ‍യോജ്യം. മുസ്ലീം ലീഗുകാരുമായി കൂട്ടുകൂടുക വഴി മതസൌഹാര്‍ദ്ദത്തിന്റെ ഉത്തമമാതൃക കാട്ടിയ മഹാനായിരുന്നു ഈയെമ്മെസ്‌ജി (വിപ്ലവം ജയിക്കട്ടേ!).

നമ്പൂതിരികുലത്തില്‍ ജനിച്ച ഈയെമ്മെസ്‌ജി (വിപ്ലവം ജയിക്കട്ടേ!) ഒരു ശുദ്ധബ്രാഹ്മണനായിരുന്നു. ഏതെങ്കിലും കുലത്തില്‍ ജനിച്ചാല്‍ ബ്രാഹ്മണനാവുകയില്ല. അതിനു ബ്രഹ്മജ്ഞാനം ഉണ്ടാകണം. ബൂര്‍ഷ്വാ, രോധതി, ഹന്തി, മര്‍ദ്ദതി എന്നീ വാക്കുകളില്‍ നിന്നാണു ബ്രഹ്മശബ്ദം ഉണ്ടായതു്.

ബൂര്‍ഷ്വാം രോധതി തം ഹന്തി മര്‍ദ്ദ്യന്തേ വിത്തബാന്ധവാഃ
ഏതജ്ജ്ഞാനം ഭവേദ് ബ്രഹ്മോ യസ്യ സന്തി സ ബ്രാഹ്മണഃ

എന്നാണു ബ്രഹ്മത്തിന്റെയും ബ്രാഹ്മണന്റെയും ലക്ഷണം.

വിജ്ഞാനത്തിന്റെ ചരിത്രം വര്‍ഗ്ഗസമരത്തിന്റെ ചരിത്രമാണു്. സമരം ചെയ്യുന്നവനാണു ക്ഷത്രിയന്‍.

തസ്മാദുത്തിഷ്ഠ കൌന്തേയ യുദ്ധായ കൃതനിശ്ചയഃ

(സര്‍വ്വരാജ്യത്തൊഴിലാളികളേ സംഘടിക്കുക, യുദ്ധം ചെയ്യാന്‍ നിശ്ചയിച്ചു് എഴുനേല്‍ക്കുക) എന്നാണു കൃഷ്ണജി (ഭഗവദ്‌ഗീത 2:37) ആഹ്വാനം ചെയ്തിരിക്കുന്നതു്. “കൌന്തേയ” എന്ന പ്രയോഗം ശ്രദ്ധിക്കുക. കോന്തന്മാരുടെ വംശത്തില്‍പ്പെട്ടവന്‍ എന്നര്‍ത്ഥം. മാര്‍ക്സിസം പഠിക്കുന്നതിനു മുമ്പു് എല്ലാവരും കോന്തന്മാരാണു് എന്നു വ്യംഗ്യം.

ഈ ശ്ലോകത്തില്‍ ചാതുര്‍വര്‍ണ്യമായ ബ്രാഹ്മണന്‍, ക്ഷത്രിയന്‍, വൈശ്യന്‍, ശൂദ്രന്‍ എന്നിവരെപ്പറ്റി പ്രതിപാദിച്ചിരിക്കുന്നു. ഒരു ഓഫീസില്‍ മാനേജര്‍, കാവല്‍ക്കാരന്‍, ശിപായി തുടങ്ങിയ പല തസ്തികകള്‍ ഉള്ളതു പോലെയാണു് സമൂഹത്തില്‍ ബ്രാഹ്മണനും ക്ഷത്രിയനും വൈശ്യനും ശൂദ്രനും ഉള്ളതു്. ഇവ നാലും സമൂഹത്തിലെ നാലു നെടും‌തൂണുകളാണു്. ഇവയിലേതെങ്കിലും ഇല്ലെങ്കില്‍ മാര്‍ക്സിസമെന്നല്ല, ഒരു മതവും നിലനില്‍ക്കില്ല.

എങ്കിലും മാര്‍ക്സിസം ജാതിവ്യവസ്ഥയ്ക്കും അതിനു കാരണമായ ചാതുര്‍‌വര്‍ണ്യത്തിനും എതിരാണു്.

ചാതുര്‍വര്‍ണ്യം മയാസൃഷ്ടം ഗുണകര്‍മ്മവിഭാഗശഃ
തസ്യ കര്‍ത്താരമപി മാം വിദ്ധ്യകര്‍ത്താരമവ്യയം

(ചാതുര്‍വര്‍ണ്യം മയാ അസൃഷ്ടം ഗുണ-കര്‍മ്മ-വിഭാഗശഃ
തസ്യ കര്‍ത്താരം അപി മാം വിദ്ധി അകര്‍ത്താരം അവ്യയം)

എന്നാണു കൃഷ്ണജി പറഞ്ഞിരിക്കുന്നതു്. “മുതലാളി തൊഴിലാളി, ഗുണം, കര്‍മ്മം ഇവയൊക്കെ അടിസ്ഥാനമാക്കി ഞാനല്ല (മയാ അസൃഷ്ടം) ചാതുര്‍‌വര്‍ണ്യം ഉണ്ടാക്കിയതു്. മാര്‍ക്സിസമാണു് അതുണ്ടാക്കിയതു്. മാര്‍ക്സിസം അതുണ്ടാക്കിയില്ല എന്നും അറിയുക.” എന്നര്‍ത്ഥം. ഇതിനെ “ഞാന്‍ ചാതുര്‍വര്‍ണ്യം ഉണ്ടാക്കി (മയാ സൃഷ്ടം)” എന്നു വ്യാഖ്യാനിച്ചു് അവിശ്വാസികള്‍ എത്ര തെറ്റിദ്ധാരണകള്‍ ഉണ്ടാക്കിയെന്നോ? ഇതാണു ഗുരുവില്ലെങ്കിലുള്ള കുഴപ്പം. ഇങ്ങനെ അവസരമനുസരിച്ചു് സൃഷ്ടമെന്നോ അസൃഷ്ടമെന്നോ അര്‍ത്ഥം പറഞ്ഞു വ്യാഖ്യാനിക്കണം. അതിന്റെ സൌകര്യത്തിനാണു് ഈ വക കാര്യങ്ങള്‍ സംസ്കൃതത്തില്‍ത്തന്നെ എഴുതണം എന്നു പറയുന്നതു്.

ഉത്തരാര്‍ദ്ധത്തില്‍ അതുണ്ടാക്കിയതു മാര്‍ക്സിസമാണെന്നും അല്ലെന്നും പറഞ്ഞിരിക്കുന്നതു നോക്കുക. ആണെന്നു പറഞ്ഞേ പറ്റൂ-എങ്കിലേ മുതലാളിയെയും തൊഴിലാളിയെയും വ്യവച്ഛേദിക്കാന്‍ പറ്റൂ. എന്നാല്‍ ജാതിവ്യവസ്ഥിതിയെ എതിര്‍ക്കാന്‍ അല്ലെന്നും പറയേണ്ടി വരും. ചെകുത്താനെ നശിപ്പിക്കാന്‍ ആഹ്വാനം ചെയ്യുന്ന മതങ്ങള്‍ ചെകുത്താനില്ലാതായാല്‍ മതത്തിന്റെ പ്രസക്തിയും ഇല്ലാതാവും എന്നു ഭയപ്പെടുന്നതുപോലെ, രണ്ടു പക്ഷത്തെയും താങ്ങാതെ ഒരു പ്രത്യയശാസ്ത്രത്തിനും നിലനില്‍പ്പില്ല എന്നര്‍ത്ഥം.

സൈദ്ധാന്തികോ വീരബാഹുഃ പദ്‌മാക്ഷസ്തന്ത്രവല്ലഭഃ
വിദേശഗോ വിദേശജ്ഞോ വൈദേശികവികീര്‍ത്തിതഃ

24 സൈദ്ധാന്തികഃ : സിദ്ധാന്തമറിയാവുന്നവനും (theoretician)
25 വീരബാഹുഃ : ശക്തമായ കൈകള്‍ ഉള്ളവനും
26 പദ്‌മാക്ഷഃ : താമര പോലെ സുന്ദരമായ കണ്ണുള്ളവനും
27 തന്ത്രവല്ലഭഃ : തന്ത്രത്തില്‍ സമര്‍ത്ഥനും
28 വിദേശഗഃ : വിദേശത്തു പോയിട്ടുള്ളവനും
29 വിദേശജ്ഞഃ : വിദേശങ്ങളെപ്പറ്റി അറിയുന്നവനും
30 വൈദേശികവികീര്‍ത്തിതഃ : വിദേശത്തുള്ളവരാല്‍ പ്രശംസിക്കപ്പെടുന്നവനും

മന്ത്രം അറിയാവുന്നവനെ തന്ത്രി എന്നും തന്ത്രമറിയാവുന്നവനെ മന്ത്രി എന്നും വിളിക്കുന്നു. രണ്ടു തവണ മുഖ്യമന്ത്രി ആയ ആളാണു ഈയെമ്മെസ്‌ജി (വിപ്ലവം ജയിക്കട്ടേ!).

ശാസ്ത്രജ്ഞസ്തത്ത്വശാസ്ത്രജ്ഞശ്ചരിത്രജ്ഞശ്ചരിത്രകൃത്‌
ത്രികാലജ്ഞോऽര്‍ത്ഥശാസ്ത്രജ്ഞോ വൈയാകരണകേസരീ

31 ശാസ്ത്രജ്ഞഃ : ശാസ്ത്രം (science) അറിയാവുന്നവനും
32 തത്ത്വശാസ്ത്രജ്ഞഃ : തത്ത്വശാസ്ത്രം (philosophy) അറിയാവുന്നവനും
33 ചരിത്രജ്ഞഃ : ചരിത്രം അറിയാവുന്നവനും
34 ചരിത്രകൃത്‌ : ചരിത്രം (History) ഉണ്ടാക്കിയവനും
35 ത്രികാലജ്ഞഃ : മൂന്നു കാലത്തെയും അറിയുന്നവനും
36 അര്‍ത്ഥശാസ്ത്രജ്ഞഃ : സാമ്പത്തികശാസ്ത്രം (Economics) അറിയുന്നവനും
37 വൈയാകരണകേസരീ : വ്യാകരണവിജ്ഞാനത്തില്‍ ഒരു പുലിയും

“ചരിത്രമെഴുതുന്നവനല്ല, ചരിത്രത്തെ മാറ്റിമറിക്കുന്നവനാണ്‌ യഥാര്‍ത്ഥ ചരിത്രകാരന്‍” എന്നു മാര്‍ക്സ്‌ജി പറഞ്ഞിട്ടുണ്ടു്. “ചരിത്രകൃത്” എന്ന പ്രയോഗം ഇതിനെ സൂചിപ്പിക്കുന്നു. ചരിത്രവിഷയകമായ അനേകം പുസ്തകങ്ങള്‍ എഴുതിയവനെന്നും പറയാം.

എല്ലാം അറിയാവുന്നവന്‍ എന്നു പ്രഖ്യാതമായിരിക്കേ എന്തിനു് ഓരോ വിഷയത്തെയും ഇങ്ങനെ പേരെടുത്തു പറയുന്നു എന്നു സംശയമുണ്ടായേക്കാം. അതിന്റെ സമാധാനം ഇങ്ങനെ: സാമാന്യമായ സൂക്ഷ്മശരീരത്തില്‍ നിന്നും വിശേഷമായ സ്ഥൂലശരീരത്തിലേക്കുള്ള ദേഹിയുടെ പ്രയാണത്തിലെ ഓരോ ആന്ദോളനത്തിലും ഉരുത്തിരിഞ്ഞു വരുന്ന കോടാനുകോടി കോശങ്ങളിലും അന്തര്‍‌ലീനമായിരിക്കുന്ന ആത്മജ്ഞാനത്തിന്റെ അന്തസ്സത്ത, പല നദികളും കൈവഴികളുമായി പോകുന്ന ജലം അവസാനം സമുദ്രത്തില്‍ ലയിച്ചു ചേരുന്നതുപോലെ, പല രൂപത്തില്‍ കുത്തിയൊഴുകുന്ന വിജ്ഞാനങ്ങളായി അവസാനം പരബ്രഹ്മത്തില്‍ ലയിക്കുന്നു എന്ന പരമസത്യം പാമരന്മാര്‍ക്കു പറഞ്ഞുകൊടുക്കാനുള്ള ഒരു ഉപാധിയാണു് വിശേഷങ്ങളെ വാച്യമാക്കിയും സാമാന്യത്തെ വ്യംഗ്യമാക്കിയും ഉള്ള ഈ വ്യായാമം.

രക്തവര്‍ണ്ണോ രക്തകേതൂ രക്തസാക്ഷ്യഭിവന്ദിതഃ
രക്തനേത്രോ രക്തമാല്യോ രക്തവര്‍ണ്ണസുമാര്‍ച്ചിതഃ

38 രക്തവര്‍ണ്ണഃ : ചുവന്ന നിറമുള്ളവനും
39 രക്തകേതുഃ : ചുവന്ന കൊടിയുള്ളവനും
40 രക്തസാക്ഷ്യഭിവന്ദിതഃ : രക്തസാക്ഷികളാല്‍ വന്ദിക്കപ്പെടുന്നവനും
41 രക്തനേത്രഃ : ചുവന്ന കണ്ണുകളുള്ളവനും
42 രക്തമാല്യഃ : ചുവന്ന മാല ധരിക്കുന്നവനും
43 രക്തവര്‍ണ്ണസുമാര്‍ച്ചിതഃ : ചുവന്ന പുഷ്പങ്ങളെക്കൊണ്ടു് അര്‍ച്ചിക്കപ്പെടുന്നവനും

വര്‍ഗ്ഗയോദ്ധാ വര്‍ഗ്ഗഹീനോ വര്‍ഗ്ഗശത്രുവിനാശകഃ
വൈരുദ്ധ്യാധിഷ്ഠിതോ വന്ദ്യോ വിശ്വകര്‍മ്മജനായകഃ

44 വര്‍ഗ്ഗയോദ്ധാ : വര്‍ഗ്ഗസമരയോദ്ധാവും
45 വര്‍ഗ്ഗഹീനഃ : വര്‍ഗ്ഗചിന്ത ഇല്ലാത്തവനും
46 വര്‍ഗ്ഗശത്രുവിനാശകഃ : തൊഴിലാളിവര്‍ഗ്ഗത്തിന്റെ ശത്രുക്കളെ നശിപ്പിക്കുന്നവനും
47 വൈരുദ്ധ്യാധിഷ്ഠിതഃ : വൈരുദ്ധ്യത്തില്‍ ഉറച്ചുനില്‍ക്കുന്നവനും
48 വന്ദ്യഃ : വന്ദിക്കപ്പെടുന്നവനും
49 വിശ്വകര്‍മ്മജനായകഃ : ലോകത്തിലെ തൊഴിലാളികളുടെ നായകനും

ഈയെമ്മെസ്‌ജി (വിപ്ലവം ജയിക്കട്ടേ!)യുടെ പ്രസ്താവനകള്‍ വായിച്ചിട്ടുള്ളവര്‍ക്കു “വൈരുദ്ധ്യാധിഷ്ഠിതഃ” എന്നതിന്റെ അര്‍ത്ഥം മനസ്സിലാകും. വൈരുദ്ധ്യാത്മകമായ ഭൌതികവാദത്തിന്റെയും ആദ്ധ്യാത്മികവാദത്തിന്റെയും രാഷ്ട്രീയവാദത്തിന്റെയും വക്താവായിരുന്നു അദ്ദേഹം.

കാമഘ്നഃ കാമസന്ദാതാ കാമിനീജനകാമിതഃ
അഹങ്കാരവിനിര്‍മ്മുക്തോ ആര്യാമാനസവല്ലഭഃ

50 കാമ-ഘ്നഃ : കാമത്തെ (സ്വകാര്യസ്വത്തിനോടുള്ള ആഗ്രഹം) ഇല്ലാതാക്കുന്നവനും
51 കാമ-സന്ദാതാ : ഇഷ്ടങ്ങളെ തരുന്നവനും
52 കാമിനീ-ജന-കാമിതഃ : സുന്ദരിമാരാല്‍ ആഗ്രഹിക്കപ്പെടുന്നവനും
53 അഹങ്കാര-വിനിര്‍മ്മുക്തഃ : അഹങ്കാരമില്ലാത്തവനും
54 ആര്യാ-മാനസ-വല്ലഭഃ : ആര്യാ അന്തര്‍ജ്ജനത്തിന്റെ മാനസേശ്വരനും

ഈ ശ്ലോകത്തില്‍ പറഞ്ഞിരിക്കുന്നതെല്ലാം ഭഗവാന്‍ ശിവജിക്കും യോജിക്കും. ഇവിടെ “കാമഘ്നഃ” എന്നതിനു് “കാമദേവനെ കൊന്നവന്‍” എന്ന അര്‍ത്ഥം പറയണം.

ഗൌരീഹൃദയമര്‍മ്മജ്ഞോ ഭൂതനാഥോ ഗണാധിപഃ
കരുണാകരഗര്‍വ്വഘ്നോ രാഘവാര്‍ത്തിവിധായകഃ

55 ഗൌരീ-ഹൃദയ-മര്‍മ്മജ്ഞഃ : ഗൌരിയുടെ ഉള്ളിലിരുപ്പു മനസ്സിലാക്കിയവനും
56 ഭൂതനാഥഃ : എല്ലാ ചരാചരങ്ങളുടെയും അധിപതിയും
57 ഗണാധിപഃ : അണികളുടെ നാഥനും
58 കരുണാകര-ഗര്‍വ്വഘ്നഃ : കരുണാകരന്റെ അഹങ്കാരം ഇല്ലാതാക്കിയവനും
59 രാഘവ-ആര്‍ത്തി-വിധായകഃ : രാഘവനു ദുഃഖം കൊടുത്തവനും

മാര്‍ക്സിസം വിട്ടു പുറത്തുപോയ നേതാവായിരുന്നു ഗൌരിയമ്മ. “താനാണു കേരളരാഷ്ട്രീയത്തിലെ ലീഡര്‍” എന്നു ഭാവിച്ചിരുന്ന ആളായിരുന്നു കെ. കരുണാകരന്‍. “ഞാന്‍ പോയാല്‍ മാര്‍ക്സിസം ഉണ്ടാവില്ല” എന്നഹങ്കരിച്ചിരുന്നു എം. വി. രാഘവന്‍.

ശിവപക്ഷത്തിലും ഈ ശ്ലോകം യോജിക്കും. “കരുണാകരഗര്‍വ്വഘ്നഃ” എന്നതു ശിവജിയുടെ അഗ്രം കണ്ടുപിടിക്കാന്‍ പരിശ്രമിച്ചു പരാജയപ്പെട്ടു് അഹങ്കാരം ശമിച്ച മഹാവിഷ്ണുജിയെ സൂചിപ്പിക്കുന്നു.

നിരീശ്വരോ യുക്തിവാദിര്‍ മന്ത്രീ മന്ത്രവിശാരദഃ
മുദ്രാവാക്യപ്രിയോ മുഗ്‌ദ്ധോ മുഖ്യമന്ത്രികുലോത്തമഃ

60 നിരീശ്വരഃ : നിരീശ്വരനും
61 യുക്തിവാദിഃ : യുക്തിവാദിയും
62 മന്ത്രീ : മന്ത്രിയും
63 മന്ത്ര-വിശാരദഃ : ഉപദേശിക്കാന്‍ സമര്‍ത്ഥനും
64 മുദ്രാവാക്യ-പ്രിയഃ : മുദ്രാവാക്യം ഇഷ്ടമുള്ളവനും
65 മുഗ്‌ദ്ധഃ : മോഹിപ്പിക്കുന്നവനും
66 മുഖ്യമന്ത്രി-കുലോത്തമഃ : മുഖ്യമന്ത്രിമാരില്‍ വെച്ചു ശ്രേഷ്ഠനും

കര്‍മ്മയോഗിഃ കര്‍മ്മഹീനോ കര്‍മ്മസംഗരനായകഃ
ഝഷനേത്രോ ഝഷാസക്തഃ ഝഷകേതനസന്നിഭഃ

67 കര്‍മ്മയോഗിഃ : കര്‍മ്മയോഗിയും
68 കര്‍മ്മഹീനഃ : കര്‍മ്മം ഇല്ലാത്തവനും
69 കര്‍മ്മസംഗരനായകഃ : വര്‍ഗ്ഗസമരത്തിന്റെ നായകനും
70 ഝഷനേത്രഃ : മത്സ്യം പോലെയുള്ള കണ്ണുള്ളവനും
71 ഝഷാസക്തഃ : മത്സ്യം ഇഷ്ടമുള്ളവനും
72 ഝഷ-കേതന-സന്നിഭഃ : കാമദേവനെപ്പോലെ സുന്ദരനും

കൃഷ്ണജി ഭഗവദ്‌ഗീതയില്‍ (2:47) പറഞ്ഞിരിക്കുന്നതു് ഇവിടെയും പ്രസക്തമാണു്.

കര്‍മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചന
മാ കര്‍മ്മഫലഹേതുര്‍ ഭൂഃ മാ തേ സംഗോऽസ്ത്വകര്‍മ്മണി.

(കര്‍മ്മണി ഏവ അധികാരഃ തേ, മാ ഫലേഷു കദാചന, മാ കര്‍മ്മ-ഫല-ഹേതുഃ ഭൂഃ, മാ തേ സംഗഃ അസ്തു അകര്‍മ്മണി)

“ജോലി ചെയ്യുക എന്നതല്ലാതെ നിനക്കു വേറേ ഒരു അധികാരവും ഇല്ല. മാര്‍ക്സിസത്തിനാണു് അതിനു് അധികാരം. ഫലമെടുക്കുന്നതും എല്ലാവര്‍ക്കും വീതിച്ചുകൊടുക്കുന്നതും മാര്‍ക്സിസമാണു്. ജോലി ചെയ്യാതിരുന്നാല്‍ നിന്റെ മുട്ടു തല്ലിയൊടിക്കും.” എന്നര്‍ത്ഥം.

ഇതു തന്നെയാണു മാര്‍ക്സ്‌ജിയെയും എംഗല്‍‌സ്‌ജിയും കമ്യൂണിസ്റ്റ് മാനിഫേസ്റ്റോയിലും പറഞ്ഞിരിക്കുന്നതും.

ഈയെമ്മെസ്‌ജി (വിപ്ലവം ജയിക്കട്ടേ!)യ്ക്കു മീന്‍‌കറി വളരെ ഇഷ്ടമായിരുന്നു. അതാണു് “ഝഷാസക്തഃ” എന്നു പറഞ്ഞിരിക്കുന്നതു്.

നിര്‍ദ്ധനോ ധനതത്ത്വജ്ഞോ ധനപാലസമാശ്രിതഃ
ധനാസക്തിവിമുക്താത്മാ ധന്യോ ധാന്യക്രയപ്രിയഃ

73 നിര്‍ദ്ധനഃ : ധനമില്ലാത്തവനും
74 ധന-തത്ത്വ-ജ്ഞഃ : ധനത്തിന്റെ തത്ത്വം അറിഞ്ഞവനും
75 ധന-പാല-സമാശ്രിതഃ : പണക്കാര്‍ വന്നു് ആശ്രയിക്കുന്നവനും
76 ധനാസക്തി-വിമുക്താത്മാ : പണത്തിനോടു് ആസക്തിയില്ലാത്തവനും
77 ധന്യഃ : ധന്യനും
78 ധാന്യ-ക്രയ-പ്രിയഃ : അരി മുതലായ വസ്തുക്കളുടെ വാണിജ്യത്തില്‍ പ്രിയമുള്ളവനും

സ്വന്തം ധനമൊക്കെ പാര്‍ട്ടിയ്ക്കു കൊടുത്തു നിര്‍ദ്ധനനായ മഹാത്മാവായിരുന്നു ഈയെമ്മെസ്‌ജി (വിപ്ലവം ജയിക്കട്ടേ!). ധനതത്ത്വശാസ്ത്രം അറിയുന്നവനായിട്ടും ധനത്തില്‍ ആസക്തി തെല്ലും ഉണ്ടായിരുന്നില്ല.

ശിവപക്ഷത്തില്‍ കുബേരന്‍ (ധനപാലന്‍) ആശ്രയിക്കുന്നവന്‍ എന്നര്‍ത്ഥം.

ധര്‍മ്മമാര്‍ഗ്ഗപ്രയോഗജ്ഞോ അര്‍ത്ഥശാസ്ത്രപരായണഃ
മുക്തഃ കാമവിമുക്താത്മാ പുരുഷാര്‍ത്ഥവിവര്‍ജ്ജിതഃ

79 ധര്‍മ്മമാര്‍ഗ്ഗപ്രയോഗജ്ഞഃ : ധര്‍മ്മമാര്‍ഗ്ഗത്തിന്റെ പ്രയോഗം അറിഞ്ഞവനും
80 അര്‍ത്ഥശാസ്ത്രപരായണഃ : അര്‍ത്ഥശാസ്ത്രം (economics) അറിയുന്നവനും
81 മുക്തഃ : മുക്തനും
82 കാമവിമുക്താത്മാ : ആഗ്രഹമില്ലാത്ത മനസ്സോടുകൂടിയവനും
83 പുരുഷാര്‍ത്ഥവിവര്‍ജ്ജിതഃ : പുരുഷനു വേണ്ട അര്‍ത്ഥങ്ങളെ ഉപേക്ഷിച്ചവനും

ശ്ലേഷസുന്ദരമായ ശ്ലോകം. ധര്‍മ്മം, അര്‍ത്ഥം, കാമം, മോക്ഷം എന്നീ നാലു പുരുഷാര്‍ത്ഥങ്ങളെയും ശ്ലേഷരീത്യാ സൂചിപ്പിച്ചിരിക്കുന്നു. പാമരനായിരുന്ന രാജേഷിനെക്കൊണ്ടു് ഇത്ര മനോഹരമായ കവിത എഴുതിച്ച പുലഹജിയുടെ മാഹാത്മ്യത്തെപ്പറ്റി എന്തു പറയാന്‍!

വിപ്ലവജ്ഞോ വിപ്ലവേശോ വിപ്ലവപ്രാണദായകഃ
വിപ്ലവാനന്ദിതോ വിപ്രോ വിപ്ലവാതീതമാനസഃ

84 വിപ്ലവജ്ഞഃ : വിപ്ലവം അറിയുന്നവനും
85 വിപ്ലവേശഃ : വിപ്ലവത്തിന്റെ ഈശ്വരനും
86 വിപ്ലവപ്രാണദായകഃ : വിപ്ലവത്തിനു വേണ്ടി ജീവന്‍ പോലും കൊടുക്കുന്നവനും
87 വിപ്ലവാനന്ദിതഃ : വിപ്ലവത്താല്‍ ആനന്ദിക്കുന്നവനും
88 വിപ്രഃ : വിപ്രനും
89 വിപ്ലവാതീതമാനസഃ : വിപ്ലവ(പെട്ടെന്നുള്ള മാറ്റം)ത്തിനു് അതീതമായ മനസ്സുള്ളവനും

വിപ്രശബ്ദത്തിനു് വിശേഷേണ തപഃപൂര്‍ത്തിയെ ചെയ്യുന്നവന്‍ (വി-പ്രാ പൂര്‍ത്തൌ) എന്നും കോപത്തിങ്കല്‍ അധിക്ഷേപിക്കുന്നവന്‍ (വിപ ക്ഷേപേ) എന്നും ബ്രാഹ്മണന്‍ എന്നും മൂന്നര്‍ത്ഥം. എല്ലാം ഈയെമ്മെസ്‌ജി (വിപ്ലവം ജയിക്കട്ടേ!)യ്ക്കു യോജിക്കും.

നിസ്വാര്‍ത്ഥോ നിരഹങ്കാരോ നിര്‍മ്മമോ നിത്യനിര്‍മ്മലഃ
നിര്‍നിദ്രോ നിര്‍വികാരാത്മാ നിരാകാരോ നിരാശ്രയഃ

90 നിസ്വാര്‍ത്ഥഃ : സ്വാര്‍ത്ഥതയില്ലാത്തവനും
91 നിരഹങ്കാരഃ : അഹങ്കാരമില്ലാത്തവനും
92 നിര്‍മ്മമഃ : (ഒന്നിലും) ആഗ്രഹമില്ലാത്തവനും
93 നിത്യനിര്‍മ്മലഃ : ഒരിക്കലും കളങ്കമില്ലാത്തവനും
94 നിര്‍നിദ്രഃ : ഉറക്കമില്ലാത്തവനും
95 നിര്‍വികാരാത്മാ : വികാരമില്ലാത്ത മനസ്സോടു കൂടിയവനും
96 നിരാകാരഃ : ആകാരമില്ലാത്തവനും (വിനയമുള്ളവനും)
97 നിരാശ്രയഃ : ആരെയും ആശ്രയിക്കാത്തവനും

ഈയെമ്മെസ്‌ജി (വിപ്ലവം ജയിക്കട്ടേ!)യ്ക്കു് ഉറക്കം വളരെ കുറവായിരുന്നു. അതുകൊണ്ടാണു “നിര്‍‌നിദ്രഃ” എന്നു പറഞ്ഞിരിക്കുന്നതു്.

ഒരു സ്വഭാവമുള്ളതു മറ്റൊന്നായി മാറുന്നതു വികാരം. തരമനുസരിച്ചു സ്വഭാവം മാറുന്നവന്‍ വികാരി. സ്വഭാവം മാറാത്ത ആത്മാവുള്ളവന്‍ നിര്‍‌വികാരാത്മാ.

വാമദേവോ വാമരൂപോ വാമനോ വാമിനീയുതഃ
വാമപക്ഷകുലോത്തംസോ വാമപക്ഷകുലാന്തകഃ

98 വാമദേവഃ : ദേവന്മാരില്‍ വെച്ചു ശ്രേഷ്ഠനും
99 വാമരൂപഃ : സുന്ദരമായ ശരീരത്തോടു കൂടിയവനും
100 വാമനഃ : പൊക്കം കുറഞ്ഞവനും
101 വാമിനീയുതഃ : പൊക്കം കുറഞ്ഞ പത്നിയോടുകൂടിയവനും
102 വാമപക്ഷകുലോത്തംസഃ : ഇടതുപക്ഷത്തിലെ ശ്രേഷ്ഠനും
103 വാമപക്ഷകുലാന്തകഃ : ഇടഞ്ഞവരുടെ വംശം നശിപ്പിക്കുന്നവനും

“വാമപക്ഷകുലോത്തംസോ വാമപക്ഷകുലാന്തകഃ” എന്നതിലെ വിരോധാഭാസം അത്യന്തരമണീയം! ഒരു ദിവ്യനു മാത്രമേ ഇങ്ങനെയൊന്നു് എഴുതാന്‍ കഴിയൂ!

വാമനശബ്ദം അര്‍ത്ഥഗര്‍ഭമാണു്. “മൂന്നു് അടി” എന്ന ഭീഷണിയുമായിച്ചെന്നു മാ. പി. 130-കളില്‍ ഈയെമ്മെസ്‌ജി (വിപ്ലവം ജയിക്കട്ടേ!) ഭൂമി പിടിച്ചെടുത്ത കഥ വിശ്വപ്രസിദ്ധമാണു്. സ്വകാര്യസ്വത്തു കൈവശം വെയ്ക്കുന്നവനെ പാതാളത്തിലേക്കു ചവിട്ടിത്താഴ്ത്തണം എന്ന അഭിപ്രായക്കാരനായിരുന്നു ഈയെമ്മെസ്‌ജി (വിപ്ലവം ജയിക്കട്ടേ!).

വിവേകദോ വിശേഷജ്ഞോ വിവേചനവിവര്‍ജ്ജിതഃ
വിജിതേന്ദ്രിയസംഘാതോ വിരാഗയുതമാനസഃ

104 വിവേകദഃ : വിവേകത്തെ തരുന്നവനും
105 വിശേഷജ്ഞഃ : വിശേഷജ്ഞാനമുള്ളവനും
106 വിവേചനവിവര്‍ജ്ജിതഃ : വിവേചനം ഇല്ലാത്തവനും
107 വിജിതേന്ദ്രിയസംഘാതഃ : ഇന്ദ്രിയങ്ങളെ ജയിച്ചവരോടു കൂട്ടുകൂടുന്നവനും
108 വിരാഗയുതമാനസഃ : ആഗ്രഹമില്ലായ്മയുള്ള മനസ്സോടുകൂടിയവനും
  (ശങ്കരം ധ്യായേ) : (ആയ ഈയെമ്മെസ്‌ജി (വിപ്ലവം ജയിക്കട്ടേ!)യെ ഞാന്‍ ധ്യാനിക്കുന്നു.)

ഫലശ്രുതി

അഷ്ടോത്തരമിദം പുണ്യം യഃ പഠേത്‌ ഭക്തിമാന്‍ നരഃ
വിദ്യാവിത്തമവാപ്നോതി ഹ്യധികാരം ച സര്‍വ്വദാ

ഇദം പുണ്യം അഷ്ടോത്തരശതം : ഈ മോക്ഷദായകമായ അഷ്ടോത്തരശതം
യഃ ഭക്തിമാന്‍ നരഃ പഠേത് : ഏതു മനുഷ്യന്‍ ഭക്തിയോടെ ജപിക്കുന്നുവോ
വിദ്യാ ച വിത്തം (ച) അധികാരം ഹി : (അവനു്) വിദ്യയും ധനവും അധികാരവും
സര്‍വ്വദാ അവാപ്‌നോതി : എന്നും ലഭിക്കുന്നു.

ഫലശ്രുതിയില്‍ ഇതിനു ശേഷം ഈ രണ്ടു ശ്ലോകങ്ങള്‍ കൂടി ചൊല്ലിക്കേള്‍ക്കാറുണ്ടു്. പില്‍ക്കാലത്തു് എഴുതിച്ചേര്‍ത്തതാവാം.

ഏകകാലേ പഠേന്നിത്യം മഹാരാഷ്ട്രിയവല്ലഭഃ
ദ്വികാലം യോ ജപേന്നിത്യം സഭാസാമാജികോऽപി ച

ത്രികാലം യോ ലിഖേന്നിത്യം മുഖ്യമന്ത്രിസ്സ രാജതേ
സര്‍വ്വകാലേ സ്മരേന്നിത്യം സര്‍വ്വശാസനകോവിദഃ

“(ഈ സ്തോത്രം) ദിവസവും ഒരു നേരം വായിച്ചാല്‍ വലിയ രാഷ്ട്രീയനേതാവാകും. രണ്ടു നേരം ജപിച്ചാല്‍ നിയമസഭാസാമാജികനാകും. മൂന്നുനേരം എഴുതിപ്പഠിച്ചാല്‍ മുഖ്യമന്ത്രിയാകും. എല്ലാ സമയത്തും ഓര്‍ത്തുകൊണ്ടിരുന്നാല്‍ ഇവരെയൊക്കെ നിയന്ത്രിച്ചു് ഏ. കെ. ജി. സെന്ററില്‍ ഇരിക്കുന്നവനാകും” എന്നര്‍ത്ഥം.

ഇതി രാജേശകൃതൈയെമ്മെസ്സഷ്ടോത്തരശതനാമസ്തോത്രസ്യോമേശകൃതവ്യാഖ്യാനം “മുക്തിദീപികാ” സമ്പൂര്‍ണ്ണം.

നാമാവലി

ഭക്തജനത്തിനു നിത്യപാരായണസൌകര്യത്തിനായി ഈ നൂറ്റെട്ടു പേരുകള്‍ നാമാവലിയായി താഴെച്ചേര്‍ക്കുന്നു:

1 ഓം ജനപ്രിയായ നമഃ            55 ഓം ഗൌരീഹൃദയമര്‍മ്മജ്ഞായ നമഃ
2 ഓം ജനപ്രേമിണേ നമഃ            56 ഓം ഭൂതനാഥായ നമഃ
3 ഓം ജനമാനസമന്ദിരായ നമഃ            57 ഓം ഗണാധിപായ നമഃ
4 ഓം ജനായത്തമുനിശ്രേഷ്ഠായ നമഃ            58 ഓം കരുണാകരഗര്‍വ്വഘ്നായ നമഃ
5 ഓം ജന്മിനേ നമഃ            59 ഓം രാഘവാര്‍ത്തിവിധായകായ നമഃ
6 ഓം ജന്മിത്വനാശകായ നമഃ            60 ഓം നിരീശ്വരായ നമഃ
7 ഓം പ്രേഷിതായ നമഃ            61 ഓം യുക്തിവാദിനേ നമഃ
8 ഓം പ്രേക്ഷകായ നമഃ            62 ഓം മന്ത്രിണേ നമഃ
9 ഓം പ്രാജ്ഞായ നമഃ            63 ഓം മന്ത്രവിശാരദായ നമഃ
10 ഓം പ്രേമപൂരിതമാനസായ നമഃ            64 ഓം മുദ്രാവാക്യപ്രിയായ നമഃ
11 ഓം പ്രപന്നജനമന്ദാരായ നമഃ            65 ഓം മുഗ്ദ്ധായ നമഃ
12 ഓം പ്രതിപക്ഷപ്രണാശനായ നമഃ            66 ഓം മുഖ്യമന്ത്രികുലോത്തമായ നമഃ
13 ഓം അച്യുതാനന്ദസംസേവ്യായ നമഃ            67 ഓം കര്‍മ്മയോഗിനേ നമഃ
14 ഓം ശ്രീധരപ്രാണദായകായ നമഃ            68 ഓം കര്‍മ്മഹീനായ നമഃ
15 ഓം ഗോപാലകപരിത്രാത്രേ നമഃ            69 ഓം കര്‍മ്മസംഗരനായകായ നമഃ
16 ഓം ഇന്ദിരാരയേ നമഃ            70 ഓം ഝഷനേത്രായ നമഃ
17 ഓം അനംഗജിതേ നമഃ            71 ഓം ഝഷാസക്തായ നമഃ
18 ഓം ബ്രാഹ്മണായ നമഃ            72 ഓം ഝഷകേതനസന്നിഭായ നമഃ
19 ഓം ക്ഷാത്രസന്നദ്ധായ നമഃ            73 ഓം നിര്‍ദ്ധനായ നമഃ
20 ഓം വൈശ്യതന്ത്രപരായണായ നമഃ            74 ഓം ധനതത്ത്വജ്ഞാ‍യ നമഃ
21 ഓം ശൂദ്രനാഥായ നമഃ            75 ഓം ധനപാലസമാശ്രിതായ നമഃ
22 ഓം ബൌദ്ധബന്ധവേ നമഃ            76 ഓം ധനാസക്തിവിമുക്താത്മനേ നമഃ
23 ഓം ചാതുര്‍‌വര്‍ണ്യവിവര്‍‌ജ്ജിതായ നമഃ            77 ഓം ധന്യായ നമഃ
24 ഓം സൈദ്ധാന്തികായ നമഃ            78 ഓം ധാന്യക്രയപ്രിയായ നമഃ
25 ഓം വീരബാഹവേ നമഃ            79 ഓം ധര്‍മ്മമാര്‍ഗ്ഗപ്രയോഗജ്ഞായ നമഃ
26 ഓം പദ്മാക്ഷായ നമഃ            80 ഓം അര്‍ത്ഥശാസ്ത്രപരായണായ നമഃ
27 ഓം തന്ത്രവല്ലഭായ നമഃ            81 ഓം മുക്തായ നമഃ
28 ഓം വിദേശഗായ നമഃ            82 ഓം കാമവിമുക്താത്മനേ നമഃ
29 ഓം വിദേശജ്ഞായ നമഃ            83 ഓം പുരുഷാര്‍ത്ഥവിവര്‍ജ്ജിതായ നമഃ
30 ഓം വൈദേശികവികീര്‍ത്തിതായ നമഃ            84 ഓം വിപ്ലവജ്ഞായ നമഃ
31 ഓം ശാസ്ത്രജ്ഞായ നമഃ            85 ഓം വിപ്ലവേശായ നമഃ
32 ഓം തത്ത്വശാസ്ത്രജ്ഞായ നമഃ            86 ഓം വിപ്ലവപ്രാണദായകായ നമഃ
33 ഓം ചരിത്രജ്ഞായ നമഃ            87 ഓം വിപ്ലവാനന്ദിതായ നമഃ
34 ഓം ചരിത്രകൃതേ നമഃ            88 ഓം വിപ്രായ നമഃ
35 ഓം ത്രികാലജ്ഞായ നമഃ            89 ഓം വിപ്ലവാതീതമാനസായ നമഃ
36 ഓം അര്‍ത്ഥശാസ്ത്രജ്ഞായ നമഃ            90 ഓം നിസ്വാര്‍ത്ഥായ നമഃ
37 ഓം വൈയാകരണകേസരയേ നമഃ            91 ഓം നിരഹങ്കാരായ നമഃ
38 ഓം രക്തവര്‍ണ്ണായ നമഃ            92 ഓം നിര്‍മ്മമായ നമഃ
39 ഓം രക്തകേതവേ നമഃ            93 ഓം നിത്യനിര്‍മ്മലായ നമഃ
40 ഓം രക്തസാക്ഷ്യഭിവന്ദിതായ നമഃ            94 ഓം നിര്‍നിദ്രായ നമഃ
41 ഓം രക്തനേത്രായ നമഃ            95 ഓം നിര്‍വികാരാത്മനേ നമഃ
42 ഓം രക്തമാല്യായ നമഃ            96 ഓം നിരാകാരായ നമഃ
43 ഓം രക്തവര്‍ണ്ണസമാര്‍ച്ചിതായ നമഃ            97 ഓം നിരാശ്രയായ നമഃ
44 ഓം വര്‍ഗ്ഗയോദ്ധായ നമഃ            98 ഓം വാമദേവായ നമഃ
45 ഓം വര്‍ഗ്ഗഹീനായ നമഃ            99 ഓം വാമരൂപായ നമഃ
46 ഓം വര്‍ഗ്ഗശത്രുവിനാശകായ നമഃ            100 ഓം വാമനായ നമഃ
47 ഓം വൈരുദ്ധ്യാധിഷ്ഠിതായ നമഃ            101 ഓം വാമിനീയുതായ നമഃ
48 ഓം വന്ദ്യായ നമഃ            102 ഓം വാമപക്ഷകുലോത്തംസായ നമഃ
49 ഓം വിശ്വകര്‍മ്മജനായകായ നമഃ            103 ഓം വാമപക്ഷകുലാന്തകായ നമഃ
50 ഓം കാമഘ്നായ നമഃ            104 ഓം വിവേകദായ നമഃ
51 ഓം കാമസന്ദാത്രേ നമഃ            105 ഓം വിശേഷജ്ഞായ നമഃ
52 ഓം കാമിനീജനകാമിതായ നമഃ            106 ഓം വിവേചനവിവര്‍ജ്ജിതായ നമഃ
53 ഓം അഹങ്കാരവിനിര്‍മുക്തായ നമഃ            107 ഓം വിജിതേന്ദ്രിയസംഘാതായ നമഃ
54 ഓം ആര്യാമാനസവല്ലഭായ നമഃ            108 ഓം വിരാഗയുതമാനസായ നമഃ

ആക്ഷേപഹാസ്യം (satire)
നര്‍മ്മം

Comments (91)

Permalink

മഹാത്മാഗാന്ധി

എന്നെക്കൊണ്ടു് ഇത്രയൊക്കെയേ പറ്റൂ!

വനിതാലോകത്തിലെ ചിത്രരചനാമത്സരത്തില്‍ ഒരു പടം വരച്ചയയ്ക്കണമെന്നു് വല്യമ്മായി നിര്‍ബന്ധിക്കുന്നു. എന്റെ കമ്പ്യൂട്ടറിലാകട്ടേ, മൈക്രോസോഫ്റ്റ് പെയിന്റല്ലാതെ പടം വരയ്ക്കാന്‍ ഒരു കുന്തവുമില്ല. ഇനി എന്തെങ്കിലും ഉണ്ടെങ്കില്‍ത്തന്നെ അതു മീനിനു സൈക്കിള്‍ കിട്ടുന്നതുപൊലെയാണു്. വിരലുകളില്ലാത്ത മണ്ടന്റെ കയ്യില്‍ മണിവീണ കിട്ടുന്നതുപോലെയാണു്.

എന്നാലും അണ്ണാറക്കണ്ണനും തന്നാലായതു്. താഴെക്കാണുന്നതു് മഹാത്മാഗാന്ധി വടി കുത്തിപ്പോകുന്ന ഒരു ചിത്രമാണു്. (പറഞ്ഞില്ലെങ്കില്‍ മനസ്സിലാവില്ല. അതുകൊണ്ടു പറഞ്ഞതാണു്.) ഇതു ഞാന്‍ m എന്ന അക്ഷരം മാത്രം ഉപയോഗിച്ചു് emacs-ല്‍ വരച്ചതാണു്. ചിലപ്പോള്‍ ഇതുപോലെ ഒരെണ്ണം ഞാന്‍ എവിടെയെങ്കിലും കണ്ടിട്ടുണ്ടാവാം. വെറുമൊരു മോഷ്ടാവായോരെന്നെ കള്ളനെന്നു വിളിക്കരുതേ!

 

                      mm
                      m  m
                      m  m          mm
                    mmmmmmmm        mm
                   m        m       mm
                  m          m      mm
                  m          m      mm
                  m          m      mm
                  m          m     mmm
                  m          m   m  mm
                  m          m m    mm
                  m          m      mm
                  m          m      mm
                   m        m       mm
                    m      m        mm
                     mmmmmm         mm
                     m    m         mm
                     m    m         mm
                     m    m         mm
                     m    m         mm
                      mmmm          mm
                      m  m          mm
                      m  m          mm

ചിത്രങ്ങള്‍ (Photos)
നര്‍മ്മം

Comments (12)

Permalink