അദ്ധ്യാപകലക്ഷണം
വിദ്യാര്‍ത്ഥിലക്ഷണത്തിലാണു് സുഭാഷിതം തുടങ്ങിയതു്. വിദ്യാര്‍ത്ഥിയുടെ ലക്ഷണം അടങ്ങുന്ന ആ ശ്ലോകം വളരെ പ്രസിദ്ധമാണെങ്കിലും അദ്ധ്യാപകലക്ഷണങ്ങള്‍ അത്ര പ്രസിദ്ധമല്ല. അദ്ധ്യാപകന്‍, ആചാര്യന്‍, ഗുരു തുടങ്ങിയ പദങ്ങള്‍ക്കു പല വിധത്തിലുള്ള അര്‍ത്ഥവ്യാപ്തി ഉള്ളതുകൊണ്ടു് ഒരു നിര്‍വ്വചനത്തില്‍ അവയെ ഒതുക്കുക ബുദ്ധിമുട്ടാണു്.
അദ്ധ്യാപകന്റെ ലക്ഷണങ്ങളില്‍ എനിക്കു് ഏറ്റവും ഇഷ്ടപ്പെട്ടതു് കാളിദാസന്‍ മാളവികാഗ്നിമിത്രത്തില്‍ നല്‍കുന്ന ഈ നിര്‍വ്വചനമാണു്.
ശിഷ്ടാ ക്രിയാ കസ്യചിദാത്മസംസ്ഥാ
സംക്രാന്തിരന്യസ്യ വിശേഷയുക്താ
യസ്യോഭയം സാധു, സ ശിക്ഷകാണാം
ധുരി പ്രതിഷ്ഠാപയിതവ്യ ഏവ
അര്‍ത്ഥം:
കസ്യചിത് | : | ഒരുത്തനു് |
ആത്മ-സംസ്ഥാ ക്രിയാ ശിഷ്ടാ | : | തന്റെ ഉള്ളില്‍ ഉള്ള അറിവു് വിശിഷ്ടമായിരിക്കും. |
അന്യസ്യ | : | വേറൊരുത്തനു് |
സംക്രാന്തിഃ വിശേഷ-യുക്താ | : | പഠിപ്പിക്കാനായിരിക്കും പ്രത്യേക വാസന. |
യസ്യ ഉഭയം സാധു, സ | : | രണ്ടും സാധിക്കുന്ന ആള്‍ |
ശിക്ഷകാണാം ധുരി | : | അദ്ധ്യാപകരുടെ ശിരസ്സില്‍ |
പ്രതി-സ്ഥാപയിതവ്യഃ ഏവ | : | വാഴ്ത്തപ്പെടേണ്ട ആളാണു്. |
അദ്ധ്യാപകന്റെ ലക്ഷണം തരുന്ന മറ്റു് ഉദ്ധരണികള്‍ അറിയാവുന്നവര്‍ ദയവായി പങ്കുവെയ്ക്കുക.
ഇരുട്ടില്‍ നിന്നു രക്ഷപ്പെടുത്തുന്ന ആള്‍ എന്ന വാച്യാര്‍ത്ഥം ഉള്‍ക്കൊള്ളുന്ന “ഗുരു” എന്ന വാക്കിനു് അദ്ധ്യാപകന്‍ എന്ന വാക്കിനെക്കാള്‍ വളരെ അര്‍ത്ഥവ്യാപ്തിയുണ്ടു്. അതിനെപ്പറ്റിയും ഭാരതീയരുടെ ഗുരുസങ്കല്പത്തെയും പറ്റി മറ്റൊരു പോസ്റ്റിലെഴുതാം.
ഇതനുസരിച്ചു് അദ്ധ്യാപകര്‍ മൂന്നു വിധം.
- ഉത്തമര്‍: നല്ല അറിവും നല്ലതുപോലെ പഠിപ്പിക്കാന്‍ കഴിവും ഉള്ളവര്‍.
- മദ്ധ്യമര്‍: ഇവര്‍ രണ്ടു തരമുണ്ടു്.
- അറിവു കുറവാണെങ്കിലും നന്നായി പഠിപ്പിക്കുന്നവര്‍.
- അറിവുണ്ടെങ്കിലും നന്നായി പഠിപ്പിക്കാന്‍ കഴിയാത്തവര്‍.
- അധമര്‍: അറിവും പഠിപ്പിക്കാന്‍ കഴിവും ഇല്ലാത്തവര്‍.
ഭാഗ്യവശാല്‍, എനിക്കു് (a) വിഭാഗത്തില്‍പ്പെട്ട ധാരാളം അദ്ധ്യാപകരുടെ ശിഷ്യനാകാന്‍ കഴിഞ്ഞിട്ടുണ്ടു്. (c) വിഭാഗത്തിലുള്ളവര്‍ നന്നേ കുറവായിരുന്നു താനും. ഭൂരിഭാഗം അദ്ധ്യാപകരും (b) വിഭാഗത്തിലുള്ളവരായിരുന്നു.
സ്കൂളില്‍ പഠിക്കുമ്പോള്‍ (b1) വിഭാഗത്തിലുള്ള അദ്ധ്യാപകരായിരുന്നു കൂടുതല്‍. അറിയാത്ത വിഷയങ്ങളും മനോഹരമായി പഠിപ്പിക്കുന്നവര്‍. പരീക്ഷകള്‍ ജയിക്കാനും കൂടുതല്‍ മാര്‍ക്കു വാങ്ങാനും ഇത്തരം അദ്ധ്യാപകരാണു പ്രയോജനപ്പെടുക.
(b2) വിഭാഗത്തിലുള്ള അദ്ധ്യാപകരെ എഞ്ചിനീയറിംഗ് കോളേജില്‍ വെച്ചു ധാരാളം കണ്ടുമുട്ടി. വളരെയധികം അറിവുണ്ടു്. പക്ഷേ, പറഞ്ഞുതരുന്നതില്‍ ഒരക്ഷരം പോലും മനസ്സിലാവില്ല.
ഇതില്‍ ഏതുതരം അദ്ധ്യാപകരാണു നല്ലതു് എന്ന അഭിപ്രായം കാലക്രമത്തില്‍ മാറിക്കൊണ്ടിരുന്നു. അറിവു കുറവാണെങ്കിലും നന്നായി പഠിപ്പിക്കുന്നവരാണു കൂടുതല്‍ നല്ലവര്‍ എന്നായിരുന്നു ആദ്യം കരുതിയിരുന്നതു്. താത്ക്കാലികമായ ഗുണം ഇവരെക്കൊണ്ടാണെങ്കിലും ദീര്‍ഘകാലത്തില്‍ ഇവര്‍ ഗുണത്തെക്കാള്‍ ദോഷമാണു ചെയ്യുക എന്നു പിന്നീടു മനസ്സിലായി. ചെറിയ ക്ലാസ്സുകളില്‍ തെറ്റായ വസ്തുതകള്‍ പഠിച്ചാല്‍ (കണക്കും ഭാഷകളുമാണു് ഇവയില്‍ പ്രധാനം) അവ തിരുത്താന്‍ വളരെ ബുദ്ധിമുട്ടാണെന്നു മനസ്സിലാക്കാന്‍ കുറേ കാലം വേണ്ടിവന്നു. അതേ സമയം, പഠിപ്പിക്കാന്‍ നിപുണരല്ലെങ്കിലും അറിവുള്ളവര്‍ പഠിപ്പിച്ച ചെറിയ കാര്യങ്ങള്‍ പോലും പിന്നീടു് ആവശ്യം വന്നപ്പോള്‍ ഉപകരിക്കുന്നതായും കണ്ടു. ഒന്നും മനസ്സിലായില്ല എന്നതു തെറ്റായ ഒരു തോന്നലായിരുന്നെന്നും, ശരിയായ അറിവിന്റെ ഒരു ചെറിയ കണം പോലും എന്നും പ്രയോജനപ്രദമായിരിക്കും എന്നു് ഇപ്പോള്‍ മനസ്സിലാകുന്നു.
മേല്‍പ്പറഞ്ഞ വസ്തുതകള്‍ വ്യക്തികള്‍ക്കു മാത്രമുള്ളതല്ല. പുസ്തകങ്ങളും ഇന്റര്‍നെറ്റിലെ വിവരങ്ങളും ബ്ലോഗുകളുമൊക്കെ അദ്ധ്യാപകരാണു്. അവയെയും ഈ മൂന്നു വിഭാഗങ്ങളായും ഉപവിഭാഗങ്ങളായും തിരിക്കാം. ഉത്തമാദ്ധ്യാപകബ്ലോഗിനു് ഒരു നല്ല ഉദാഹരണമാണു് സീയെസ്സിന്റെ ശാസ്ത്രലോകം.
ഇന്ദ്രവജ്രയും ഉപേന്ദ്രവജ്രയും ചേര്‍ന്ന ഉപജാതിയിലുള്ള ഈ ശ്ലോകത്തിനു ഞാന്‍ കേട്ടിട്ടുള്ള രണ്ടു പരിഭാഷകള്‍:
- ഏ. ആര്‍. രാജരാജവര്‍മ്മ (വസന്തതിലകം):
ഉള്ളില്‍ ഗൃഹീതമൊരുവന്നു തുലോം വിശേഷം;
ഓതിക്കൊടുക്കുവതിലന്യനു കെല്പു കൂടും;
ഏവന്നു യോഗ്യതിയിരണ്ടിലുമൊന്നുപോലെ
ആ വമ്പനാണു ഗുരുനാഥപദത്തിനര്‍ഹന്‍. - കുണ്ടൂര്‍ നാരായണമേനോന്‍? (ഉപേന്ദ്രവജ്ര):
പഠിപ്പു കാട്ടും ചിലര്‍ കേള്‍; ചിലര്‍ക്കു
മിടുക്കതന്യന്നു മനസ്സിലാക്കാന്‍;
പടുത്വമീ രണ്ടിനുമുള്ളവന്‍ താന്‍
നടക്കണം ശിക്ഷകവര്യനായി.