വിദ്യാര്‍ത്ഥിലക്ഷണത്തിലാണു് സുഭാഷിതം തുടങ്ങിയതു്. വിദ്യാര്‍ത്ഥിയുടെ ലക്ഷണം അടങ്ങുന്ന ആ ശ്ലോകം വളരെ പ്രസിദ്ധമാണെങ്കിലും അദ്ധ്യാപകലക്ഷണങ്ങള്‍ അത്ര പ്രസിദ്ധമല്ല. അദ്ധ്യാപകന്, ആചാര്യന്, ഗുരു തുടങ്ങിയ പദങ്ങള്‍ക്കു പല വിധത്തിലുള്ള അര്‍ത്ഥവ്യാപ്തി ഉള്ളതുകൊണ്ടു് ഒരു നിര്‍വ്വചനത്തില്‍ അവയെ ഒതുക്കുക ബുദ്ധിമുട്ടാണു്.
അദ്ധ്യാപകന്റെ ലക്ഷണങ്ങളില്‍ എനിക്കു് ഏറ്റവും ഇഷ്ടപ്പെട്ടതു് കാളിദാസന് മാളവികാഗ്നിമിത്രത്തില്‍ നല്കുന്ന ഈ നിര്‍വ്വചനമാണു്.
ശിഷ്ടാ ക്രിയാ കസ്യചിദാത്മസംസ്ഥാ
സംക്രാന്തിരന്യസ്യ വിശേഷയുക്താ
യസ്യോഭയം സാധു, സ ശിക്ഷകാണാം
ധുരി പ്രതിഷ്ഠാപയിതവ്യ ഏവ
അര്‍ത്ഥം:
കസ്യചിത് | : | ഒരുത്തനു് |
ആത്മ-സംസ്ഥാ ക്രിയാ ശിഷ്ടാ | : | തന്റെ ഉള്ളില്‍ ഉള്ള അറിവു് വിശിഷ്ടമായിരിക്കും. |
അന്യസ്യ | : | വേറൊരുത്തനു് |
സംക്രാന്തിഃ വിശേഷ-യുക്താ | : | പഠിപ്പിക്കാനായിരിക്കും പ്രത്യേക വാസന. |
യസ്യ ഉഭയം സാധു, സ | : | രണ്ടും സാധിക്കുന്ന ആള് |
ശിക്ഷകാണാം ധുരി | : | അദ്ധ്യാപകരുടെ ശിരസ്സില്‍ |
പ്രതി-സ്ഥാപയിതവ്യഃ ഏവ | : | വാഴ്ത്തപ്പെടേണ്ട ആളാണു്. |
അദ്ധ്യാപകന്റെ ലക്ഷണം തരുന്ന മറ്റു് ഉദ്ധരണികള്‍ അറിയാവുന്നവര്‍ ദയവായി പങ്കുവെയ്ക്കുക.
ഇരുട്ടില്‍ നിന്നു രക്ഷപ്പെടുത്തുന്ന ആള് എന്ന വാച്യാര്‍ത്ഥം ഉള്‍ക്കൊള്ളുന്ന “ഗുരു” എന്ന വാക്കിനു് അദ്ധ്യാപകന് എന്ന വാക്കിനെക്കാള്‍ വളരെ അര്‍ത്ഥവ്യാപ്തിയുണ്ടു്. അതിനെപ്പറ്റിയും ഭാരതീയരുടെ ഗുരുസങ്കല്പത്തെയും പറ്റി മറ്റൊരു പോസ്റ്റിലെഴുതാം.
ഇതനുസരിച്ചു് അദ്ധ്യാപകര്‍ മൂന്നു വിധം.
- ഉത്തമര്‍: നല്ല അറിവും നല്ലതുപോലെ പഠിപ്പിക്കാന്‍ കഴിവും ഉള്ളവര്‍.
- മദ്ധ്യമര്‍: ഇവര്‍ രണ്ടു തരമുണ്ടു്.
- അറിവു കുറവാണെങ്കിലും നന്നായി പഠിപ്പിക്കുന്നവര്‍.
- അറിവുണ്ടെങ്കിലും നന്നായി പഠിപ്പിക്കാന്‍ കഴിയാത്തവര്‍.
- അധമര്‍: അറിവും പഠിപ്പിക്കാന്‍ കഴിവും ഇല്ലാത്തവര്‍.
ഭാഗ്യവശാല്‍, എനിക്കു് (a) വിഭാഗത്തില്‍പ്പെട്ട ധാരാളം അദ്ധ്യാപകരുടെ ശിഷ്യനാകാന്‍ കഴിഞ്ഞിട്ടുണ്ടു്. (c) വിഭാഗത്തിലുള്ളവര്‍ നന്നേ കുറവായിരുന്നു താനും. ഭൂരിഭാഗം അദ്ധ്യാപകരും (b) വിഭാഗത്തിലുള്ളവരായിരുന്നു.
സ്കൂളില്‍ പഠിക്കുമ്പോള്‍ (b1) വിഭാഗത്തിലുള്ള അദ്ധ്യാപകരായിരുന്നു കൂടുതല്‍. അറിയാത്ത വിഷയങ്ങളും മനോഹരമായി പഠിപ്പിക്കുന്നവര്‍. പരീക്ഷകള്‍ ജയിക്കാനും കൂടുതല്‍ മാര്‍ക്കു വാങ്ങാനും ഇത്തരം അദ്ധ്യാപകരാണു പ്രയോജനപ്പെടുക.
(b2) വിഭാഗത്തിലുള്ള അദ്ധ്യാപകരെ എഞ്ചിനീയറിംഗ് കോളേജില്‍ വെച്ചു ധാരാളം കണ്ടുമുട്ടി. വളരെയധികം അറിവുണ്ടു്. പക്ഷേ, പറഞ്ഞുതരുന്നതില്‍ ഒരക്ഷരം പോലും മനസ്സിലാവില്ല.
ഇതില്‍ ഏതുതരം അദ്ധ്യാപകരാണു നല്ലതു് എന്ന അഭിപ്രായം കാലക്രമത്തില്‍ മാറിക്കൊണ്ടിരുന്നു. അറിവു കുറവാണെങ്കിലും നന്നായി പഠിപ്പിക്കുന്നവരാണു കൂടുതല്‍ നല്ലവര്‍ എന്നായിരുന്നു ആദ്യം കരുതിയിരുന്നതു്. താത്ക്കാലികമായ ഗുണം ഇവരെക്കൊണ്ടാണെങ്കിലും ദീര്‍ഘകാലത്തില്‍ ഇവര്‍ ഗുണത്തെക്കാള്‍ ദോഷമാണു ചെയ്യുക എന്നു പിന്നീടു മനസ്സിലായി. ചെറിയ ക്ലാസ്സുകളില്‍ തെറ്റായ വസ്തുതകള്‍ പഠിച്ചാല്‍ (കണക്കും ഭാഷകളുമാണു് ഇവയില്‍ പ്രധാനം) അവ തിരുത്താന്‍ വളരെ ബുദ്ധിമുട്ടാണെന്നു മനസ്സിലാക്കാന്‍ കുറേ കാലം വേണ്ടിവന്നു. അതേ സമയം, പഠിപ്പിക്കാന്‍ നിപുണരല്ലെങ്കിലും അറിവുള്ളവര്‍ പഠിപ്പിച്ച ചെറിയ കാര്യങ്ങള്‍ പോലും പിന്നീടു് ആവശ്യം വന്നപ്പോള്‍ ഉപകരിക്കുന്നതായും കണ്ടു. ഒന്നും മനസ്സിലായില്ല എന്നതു തെറ്റായ ഒരു തോന്നലായിരുന്നെന്നും, ശരിയായ അറിവിന്റെ ഒരു ചെറിയ കണം പോലും എന്നും പ്രയോജനപ്രദമായിരിക്കും എന്നു് ഇപ്പോള്‍ മനസ്സിലാകുന്നു.
മേല്‍പ്പറഞ്ഞ വസ്തുതകള്‍ വ്യക്തികള്‍ക്കു മാത്രമുള്ളതല്ല. പുസ്തകങ്ങളും ഇന്റര്‍നെറ്റിലെ വിവരങ്ങളും ബ്ലോഗുകളുമൊക്കെ അദ്ധ്യാപകരാണു്. അവയെയും ഈ മൂന്നു വിഭാഗങ്ങളായും ഉപവിഭാഗങ്ങളായും തിരിക്കാം. ഉത്തമാദ്ധ്യാപകബ്ലോഗിനു് ഒരു നല്ല ഉദാഹരണമാണു് സീയെസ്സിന്റെ ശാസ്ത്രലോകം.
ഇന്ദ്രവജ്രയും ഉപേന്ദ്രവജ്രയും ചേര്‍ന്ന ഉപജാതിയിലുള്ള ഈ ശ്ലോകത്തിനു ഞാന്‍ കേട്ടിട്ടുള്ള രണ്ടു പരിഭാഷകള്‍:
- ഏ. ആര്. രാജരാജവര്‍മ്മ (വസന്തതിലകം):
ഉള്ളില്‍ ഗൃഹീതമൊരുവന്നു തുലോം വിശേഷം;
ഓതിക്കൊടുക്കുവതിലന്യനു കെല്പു കൂടും;
ഏവന്നു യോഗ്യതിയിരണ്ടിലുമൊന്നുപോലെ
ആ വമ്പനാണു ഗുരുനാഥപദത്തിനര്‍ഹന്‍. - കുണ്ടൂര്‍ നാരായണമേനോന്? (ഉപേന്ദ്രവജ്ര):
പഠിപ്പു കാട്ടും ചിലര്‍ കേള്; ചിലര്‍ക്കു
മിടുക്കതന്യന്നു മനസ്സിലാക്കാന്‍;
പടുത്വമീ രണ്ടിനുമുള്ളവന്‍ താന്‍
നടക്കണം ശിക്ഷകവര്യനായി.
ഡാലി | 27-Jul-07 at 5:02 pm | Permalink
ഈ അദ്ധ്യാപകലക്ഷണം ഞാന്‍ കേട്ടീട്ടുണ്ട്! രണ്ടും അറിയുന്നവന് ആചാര്യന് എന്നാണ് കേട്ടിരുന്നത്. ഏ വിഭാഗത്തില്‍പെട്ട ധാരാളം പേരുടെ ക്ലാസ്സ് കേട്ടീട്ടുണ്ട്. സി വിഭാഗത്തിലെ ഒരാളെയെ ഈക്കാലയളവില്‍ സഹിക്കേണ്ടി വന്നീട്ടുള്ളൂ. അത് വിദ്യാര്‍ത്ഥി ജീവിതത്തിലെ തന്നെ പാപപരിഹാര കാലമായാണ് ഞാന്‍ കാണുന്നത്.
ബി (2) തന്നെ എന്തു കൊണ്ടും നല്ലത് എന്ന് എനിക്കും.
ANT | 27-Jul-07 at 7:34 pm | Permalink
ഇന്നും മറക്കാനാവാത്ത രണ്ട് അധ്യാപകര്‍ എനിക്കുണ്ട് ഒരാള്‍ ഉത്തമരില്‍ ഊത്തമനെങ്കില് അടുത്തയാള്‍ തികഞ അവജ്ഞ്ക്കു അര്‍ഹനും അധമന് എന്നു പറയപ്പെടന്പോലും അര്ഹനല്ലാത്തയാള്
രണ്ടും ഏതാണ്ട് ഒരേ കാലത്തില്‍ അനുഭവിച്ചവ.
അതൊരു നീണ്ട കഥയായതിനാല്‍ ഒരു പോസ്റ്റായി പിന്നെ എഴുതാം
ഇങിനൊരു പോസ്റ്റ് ഇട്ടതിനു നന്ദി.
സജിത്ത് | 28-Jul-07 at 3:40 am | Permalink
എന്റെ ഒരു സുഹൃത്ത് സ്ഥിരമായി പറയാറുണ്ട്, ഒരു മികച്ച അധ്യാപകന്റെ ചുമതല സ്വയം സ്വയം അപ്രധാനമായി (irrelevant) തീരുക എന്നതാണെന്ന്. അതായത്, വിദ്യാര്‍ഥിയെ സ്വയം വിദ്യ ആര്‍ജിക്കുവാന്‍ സജ്ജമാക്കുകയാണ് അധ്യാപകന്റെ ചുമതല. ഇതിനുള്ള കഴിവാണ് വിലയിരുത്തപ്പെടേണ്ടതും.
സതീഷ് | 28-Jul-07 at 3:49 am | Permalink
ശിഷ്ടാ ക്രിയാ കസ്യചിദാത്മസംസ്താ
ഇത് ശരിക്കും
ശിഷ്ടാ ക്രിയാ കസ്യചിദാത്മസംസ്ഥാ
എന്നല്ലേ ശരി!?
ഇനി അടുത്തത്
ഏ ആര് പറഞ്ഞതിങ്ങനെയല്ലേ എന്നൊരു സംശയം..
ഉള്ളില്‍ ഗൃഹീതമൊരുവന്നു തുലോം വിശേഷം;
ഓതിക്കൊടുക്കുവതിനന്യനു കെല്പു കൂടും;
ഏവന്നു യോഗ്യതിയിരണ്ടിലുമൊന്നുപോലെ
ആ വമ്പനാണു ഗുരുനാഥപദത്തിനര്‍ഹന്‍.
അചിന്ത്യ | 28-Jul-07 at 4:19 am | Permalink
ഗുരുലക്ഷണങ്ങളും ശിക്ഷണതന്ത്രങ്ങളും ഭരതനും നാട്യശാസ്ത്രത്തില്‍ വിശദായി പറഞ്ഞ്ണ്ട്.പഠിപ്പിക്ക്യാ എന്നുള്ളതിന്റെ നിര്‍വ്വചനം തന്നെ ഇവടെ തര്‍ക്ക വിഷയാ.ഓരോ ശിഷ്യനും ഓരോ രീതിയാ എടുക്കണ്ടതെന്ന് തോന്നീണ്ട് പലപ്പഴും.ഓരോരുത്തരും ആവ്ശ്യപ്പെടണത് വ്യത്യസ്തായ ഓരോ പാഠങ്ങളും.എളുപ്പല്ല മാഷേ, പക്ഷെ രസാ.
(ഇതിവടത്തെ ചില കോളേജുകളിലെ കുട്ട്യോള് കാണാണ്ടിരിക്കാന് വല്ല വഴീം ണ്ടോ? പ്രാര്‍ത്ഥിക്കാം, ല്ലെ)
ദില്ബാസുരന് | 28-Jul-07 at 8:15 am | Permalink
അചിന്ത്യാമ്മയുടെ നെഞ്ചത്താണ് ഈ ശ്ലോകം ചെന്ന് കൊണ്ടത് ഉമേഷേട്ടാ. സീ.. സീ… (കാണൂ.. കാണൂ.. എന്നാണ് ഉദ്ദേശിച്ചത് അല്ലാതെ അചിന്ത്യാമ്മ ഗ്രേഡ് സീ എന്നല്ല.. ഏയ്.. അല്ലെന്നേ):-)
ദിവ | 28-Jul-07 at 3:32 pm | Permalink
“സംക്രാന്തിഃ വിശേഷ-യുക്താ : പഠിപ്പിക്കാനായിരിക്കും പ്രത്യേക വാസന”
സംക്രാന്തിയ്ക്ക് അങ്ങനെയൊരു അര്‍ത്ഥമുണ്ടോ
കരിപ്പാറ സുനില്‍ | 29-Jul-07 at 12:18 am | Permalink
സര്,
എല്ലാ മനുഷ്യരിലും അദ്ധ്യാപകനില്ലേ.ഒരിയ്ക്കലെങ്കിലും ഒരു അദ്ധ്യാപകനാവാത്ത മനുഷ്യര്‍ കുറവ്.അര്‍ക്കെങ്കിലും എന്തെങ്കിലും പറഞ്ഞുകൊടുക്കാത്തവരുണ്ടോ?
മനുഷ്യരുടെ കാര്യം പോട്ടേ,മിയ്ക്ക ജീവികളുടേയും കാര്യവും അങ്ങനെ തന്നെയല്ലേ.ഭക്ഷണം കഴിയ്ക്കാനും ഇര തേടാനുമൊക്കെ അവ തങ്ങളുടെ കുഞ്ഞുങ്ങള്‍ക്ക് പഠിപ്പിച്ചു കോടുക്കുന്നില്ലേ
കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും ഈ ആഗോളവല്‍ക്കരണ കാലഘട്ടത്തില്‍ അദ്ധ്യാപക സാദ്ധ്യതകള്‍ ഒട്ടേറെയെന്ന കാര്യവും വിസ്മരിയ്ക്കുന്നില്ല.
ആശംസകളോടെ
കരിപ്പാറ സുനില്‍
Umesh | 31-Jul-07 at 1:36 am | Permalink
സതീഷ് പറഞ്ഞ കാര്യങ്ങള്‍ ശരിയാണു്. സംസ്ഥാ തന്നെയാവണം ശരി. എനിക്കു് ഈ ശ്ലോകം കാണാതെ അറിയില്ലായിരുന്നു. നോക്കിയെഴുതിയ പുസ്തകത്തിലെ അക്ഷരത്തെറ്റു് അതുപോലെ പകര്‍ത്തി. അധികം ആലോചിച്ചില്ല.
കുറേ കാലം മുമ്പു് (2006 ഒക്ടോബര്‍) എഴുതിയതാണു് ഇതിന്റെ ആദ്യഭാഗം (സംസ്കൃതശ്ലോകവും അര്‍ത്ഥവും.) പരിഭാഷകള്‍ ഓര്‍മ്മയില്‍ നിന്നു് ഇതു പ്രസിദ്ധീകരിച്ച ദിവസം (2007 ജൂലൈ 27) എഴുതിയതാണു്. പുസ്തകത്തില്‍ നോക്കിയപ്പോള്‍ സതീഷ് പറഞ്ഞ രൂപമാണു കണ്ടതു്. (“ഓതിക്കൊടുക്കുവതില്” എന്നൊരു വ്യത്യാസം മാത്രം.) എന്റെ ഓര്മ്മയില്ക്കിടന്നതു് മറ്റൊരൂ പതിപ്പിലുണ്ടായിരുന്ന രൂപമായിരുന്നോ എന്നറിയില്ല.
ഏതായാലും രണ്ടും സതീഷ് പറഞ്ഞതുപോലെ മാറ്റിയിട്ടുണ്ടു്. നന്ദി.
ദിവാസ്വപ്നമേ,
ഒരിടത്തുനിന്നു മറ്റൊരിടത്തേയ്ക്കു പകരുന്നതാണു (transfer) സംക്രാന്തി. സൂര്യനും മറ്റും ഒരു രാശിയില്‍ നിന്നു മറ്റൊന്നിലേക്കു പകരുന്നതാണു സംക്രാന്തി. (ഉദാ: മകരസംക്രാന്തി) അറിവു പകര്‍ന്നു കൊടുക്കല്‍ എന്ന അര്‍ത്ഥത്തില്‍ അദ്ധ്യാപനം എന്ന അര്‍ത്ഥവും അതിനുണ്ടു്.
അചിന്ത്യേ,
നാട്യശാസ്ത്രത്തിലെ ഗുരുലക്ഷണം ഒരു പോസ്റ്റായി ഇടാമോ?
എല്ലാവര്ക്കും നന്ദി.
കുറുമാന് | 31-Jul-07 at 2:49 am | Permalink
ഇഷ്ടായി ഉമേഷേട്ടാ ഇത്. ഇനി നാലാമതൊരുകൂട്ടം കൂടി ഉണ്ടെന്നാണ് എന്റെ പക്ഷം. അറിവില്ലെങ്കിലും, അറിവുണ്ടെന്ന് നടിച്ച്, വിഡ്ഢിത്തം പഠിപ്പിക്കുന്നവര്‍. തെറ്റുകള്‍ ശരിയാണെന്ന് ധരിച്ച് പഠിച്ച്, ജീവിതത്തിന്റെ മുന്നോട്ടുള്ള യാത്രയില്‍ പഠിച്ചതെല്ലാം തെറ്റാണെന്ന് തിരിച്ചറിയപെടുന്ന ശിഷ്യര്‍/വിധ്യാര്ത്ഥികള്.
വേണു | 31-Jul-07 at 4:38 am | Permalink
ഒരു ശ്ലോകം. അദ്ധ്യാപകരുടെ ലക്ഷണം വിവരിക്കുകയല്ല.
ആദ്യ വിഭാഗത്തില്‍ പെടുന്ന എന്റെ ഒരു മലയാളം അദ്ധ്യാപിക, ആറാം ക്ലാസ്സില്‍ എന്റെ ബുക്കിലെഴുതി തന്ന നാലു വരികള്‍, ഇന്നും ഞാന്‍ ഓര്‍ത്തു വച്ചിരിക്കുന്നു.(എഴുതി തരാന്‍ അന്നു കാരണവും ഉണ്ടായിരുന്നു.)
“അദ്ധ്യാപകന് തന് പരുഷോക്തി
കേട്ടിട്ടുള്ത്താരു കത്താതെ മഹത്വമെത്താ
ശാണോപലത്തിന്നുരവാര്ന്ന രത്നം
ക്ഷോണീശ മൂര്‍ദ്ധാവില്‍ വിളങ്ങിടുന്നു.“
(വരികള്‍ ഓര്‍മ്മയില്‍ നിന്നായതിനാല്‍ തെറ്റുണ്ടെങ്കില്‍ തിരുത്തുക)
എന്റെ പ്രിയപ്പെട്ട ലക്ഷ്മി ടീച്ചറിനെ ഓര്‍മ്മിക്കാന്‍ ഈ പോസ്റ്റെനിക്കവസരം നല്കിയിരിക്കുന്നു.
ചിത്രകാരന് | 26-Aug-07 at 7:38 am | Permalink
പ്രിയ ഉമേഷ്,
ചിത്രകാരന് ഇവിടെ എന്തു പറഞ്ഞാലും അതു കുരുത്തംകെട്ട വിദ്യാര്ത്ഥിലക്ഷണമായിത്തീരും എന്ന് താങ്കള്‍ക്ക് അറിവുള്ളതാണല്ലോ….
പക്ഷേ, താങ്കളുടെ നന്മനിറഞ്ഞ മനസ്സിനെ നമിക്കാതെ പോയാല്‍ അത് ചിത്രകാരനു വ്യസനകാരണവുമാകും.
ചിത്രകാരന്റെ ഹൃദയം നിറഞ്ഞ ഓണാശംസകള്‍ നേരുന്നു. താങ്കള്‍ക്കും കുടുംബത്തിനും. വരട്ടെ …:)