സായിബാബയുടെ പ്രവചനവും “നക്ഷത്രമെണ്ണുന്ന” ഫിലിപ്പ് എം. പ്രസാദും
പ്രവാചകന്മാരുടെ തെറ്റായ പ്രവചനങ്ങൾ ശരിയാണെന്നു വരുത്താൻ അനുയായികൾ കാട്ടിക്കൂട്ടുന്ന പ്രകടനങ്ങൾ കാണുമ്പോൾ ചിരിയാണു വരുന്നതു്. തൊണ്ണൂറ്റാറാം വയസ്സിലേ താൻ മരിക്കൂ എന്നു പ്രവചിച്ച സത്യസായിബാബയെ 84 വയസ്സിനപ്പുറം ജീവിപ്പിക്കാൻ ആധുനികവൈദ്യത്തിനു പോലും കഴിഞ്ഞില്ല. ഈ തൊണ്ണൂറ്റാറിന്റെ കണക്കു ശരിയാക്കാൻ ശ്രീ ഫിലിപ്പ് എം പ്രസാദ് (തന്നെ, തന്നെ, മാനസാന്തരപ്പെട്ട പഴയ നക്സലൈറ്റ് നേതാവു് ഫിലിപ്പ് എം. പ്രസാദ് തന്നെ) കേരളകൗമുദിയിൽ എഴുതുന്നു:
റോമന്‍ കലണ്ടര്‍ അനുസരിച്ചാണ് അദ്ദേഹത്തിന് ഇപ്പോള്‍ 84 വയസ്സ്. നക്ഷത്രകാലഗണനാരീതിയാണ് ബാബ ഉപയോഗിച്ചിരുന്നത്. അദ്ദേഹത്തിന്റെ ചില പ്രഭാഷണങ്ങള്‍ തന്നെയാണ് അതിന് തെളിവ്.
അശ്വതി മുതല്‍ രേവതി വരെയുള്ള 27 ദിവസമാണ് നക്ഷത്രകാലഗണനയില്‍ ഒരുമാസം. ഈ കണക്കുവച്ച് 12 മാസത്തിന് (ഒരുവര്‍ഷം) 324 ദിവസമേയുള്ളൂ.
1926 നവംബര്‍ 23-നാണ് ബാബ ജനിച്ചത്. അന്നുമുതല്‍ 2011 ഏപ്രില്‍ 24 വരെ മൊത്തം 30,834 ദിവസമാണ്. ഇത്രയും ദിവസത്തെ 324 കൊണ്ട് ഹരിച്ചാല്‍ ലഭിക്കുക 95 വര്‍ഷവും 54 ദിവസവുമാണ്. നക്ഷത്രകാലഗണന അനുസരിച്ച് 96-ാം വയസ്സില്‍ 54-ാം ദിനത്തിലാണ് ബാബയുടെ ദേഹവിയോഗമെന്ന് അര്‍ത്ഥം.
ഫിലിപ്പ് എം. പ്രസാദ് കണക്കുകൂട്ടലിൽ ഡോ. ഗോപാലകൃഷ്ണനെയും സുഭാഷ് കാക്കിനെയും കടത്തി വെട്ടുമെന്നു തോന്നുന്നു.
ഒന്നാമതായി, ഈ കാലയളവിനെ അടിസ്ഥാനമാക്കിയ വർഷക്കണക്കു് ലോകത്തെങ്ങും ഉണ്ടായിരുന്നില്ല. (ഭാരതത്തിൽ അധിമാസങ്ങളുള്ള സൗര-ചാന്ദ്ര-കലണ്ടർ ആയിരുന്നു. വർഷം സൗരവർഷവും മാസം ചാന്ദ്രമാസവും.) ചാന്ദ്രമാസങ്ങൾ പോലും തിഥിയെ അടിസ്ഥാനമാക്കിയായിരുന്നു. ചാന്ദ്രവർഷം ഉപയോഗിക്കുന്ന ഇസ്ലാമിക് കലണ്ടറിലെ മാസം ഏകദേശം 29.5 ദിവസമാണു്. വർഷം 354 ദിവസവും. അതനുസരിച്ചു് 87 വർഷവും ഏതാനും ദിവസങ്ങളും കഴിഞ്ഞാണു് ബാബ മരിക്കുന്നതു്.
രണ്ടാമതായി, ഈ നക്ഷത്രമാസവർഷക്കണക്കിനെപ്പറ്റി സായിബാബ ഒരിക്കലും പറഞ്ഞിട്ടില്ല. എല്ലാക്കൊല്ലവും പിറന്നാൾ ആഘോഷിക്കുന്ന ബാബ ഈ കണക്കല്ല ദീക്ഷിച്ചിരുന്നതും. പിന്നെ എന്താണു മരണത്തിനു മാത്രം അങ്ങനെയൊരു കണക്കു്?
മൂന്നാമതായി, ഈപ്പറഞ്ഞ കണക്കു് തെറ്റാണു്.
അശ്വതി മുതൽ രേവതി വരെ 27 ദിവസമല്ല, 27.3217 ദിവസമാണു്. ചന്ദ്രൻ ഭൂമിയെ ചുറ്റാനെടുക്കുന്ന സമയം. (അതിനിടയിൽ ഭൂമി സൂര്യനു ചുറ്റും അല്പം പോകുന്നതിനാൽ സൂര്യനെ അപേക്ഷിച്ചു് അതേ സ്ഥലത്തെത്താൻ 29.5307 ദിവസം എടുക്കും. അതായതു് മുപ്പതു തിഥികളുടെ ദൈർഘ്യം.) അപ്പോൾ 12 ചാന്ദ്രമാസങ്ങളുടെ ദൈർഘ്യം = 12 x 27.3217 = 327.8604 ദിവസമാണു്. അതായതു്,
94 ചാന്ദ്രവർഷം = 30818.8776 ദിവസം.
95 ചാന്ദ്രവർഷം = 31146.738 ദിവസം.
96 ചാന്ദ്രവർഷം = 31474.5984 ദിവസം.
(കലണ്ടറുകൾ ഉണ്ടാക്കുന്നതു് പൂർണ്ണസംഖ്യകളിലാണു്. അപ്പോഴും ദിവസങ്ങളെ അങ്ങോട്ടോ ഇങ്ങോട്ടോ റൗണ്ട് ചെയ്താണു് കണക്കുകൂട്ടുന്നതു്. മൊത്തം ദിവസങ്ങളുടെ എണ്ണത്തിൽ കാര്യമായ വ്യത്യാസം ഉണ്ടാവില്ല.)
അപ്പോൾ 30834 ദിവസം ജീവിച്ച ബാബ 94 ചാന്ദ്രവർഷവും 15 ദിവസവുമാണു് ജീവിച്ചിരുന്നതു്. ചാന്ദ്രവർഷം കണക്കാക്കിയാലും 96 വർഷക്കണക്കു ശരിയാവില്ലല്ലോ ഫിലിപ്പേ!
അപ്പോൾ, യോജന എത്ര കിലോമീറ്ററാണെന്നാ പറഞ്ഞതു്?