കാക്കിന്റെ കണക്കും ബാക്കിയുള്ളവരുടെ ആക്കലുകളും

ഉഡായിപ്പുകൾ, പ്രതികരണം, ഭാരതീയഗണിതം (Indian Mathematics), സംവാദം

ഞാൻ അടുത്ത കാലത്തെഴുതിയവയിൽ ഏറ്റവും ജനശ്രദ്ധ ആകർഷിച്ച പോസ്റ്റാണു് ആളു നോക്കി മാറുന്ന യോജന. ആർഷഭാരതജ്ഞാനത്തെപ്പറ്റി സത്യമല്ലാത്ത അവകാശവാദങ്ങൾ പ്രസംഗിച്ചു നടക്കുന്ന വളരെ പോപ്പുലർ ആയ ഒരാളുടെ കള്ളി വെളിച്ചത്താക്കിയതു മാത്രമല്ല, അടുത്ത കാലത്തായി ചെയിൻ മെയിലുകളിലും മറ്റുമായി ഇന്റർനെറ്റിൽ കറങ്ങി നടക്കുന്ന “സായണന്റെ സൂര്യവേഗതയുടെ” പൊള്ളത്തരം വെളിവാക്കിയതുമാണു് ആ പോസ്റ്റ് വളരെയധികം ആളുകൾ വായിക്കാൻ കാരണമായതു്. വായിച്ചവരിൽ നല്ല പങ്കും എന്റെ ആശയങ്ങളെ എതിർക്കുന്നവരാണെങ്കിലും, അതിനുള്ള യുക്തി മുന്നോട്ടു വെയ്ക്കാൻ കാര്യമായി ആർക്കും കഴിഞ്ഞില്ല. ചില മുട്ടാപ്പോക്കു ന്യായങ്ങളുമായി വന്നവർക്കു് (വിരസവും ഏകപക്ഷീയവുമായി പോകുകയായിരുന്ന ചർച്ചയെ ആനന്ദദായകമാക്കിയ ശേഷു എന്ന വായനക്കാരനു പ്രത്യേക നന്ദി :) ) ചില വായനക്കാർ തന്നെ മറുപടി കൊടുത്തു. അങ്ങനെ എന്റെ ജോലി എളുപ്പമാക്കിത്തന്ന എല്ലാവർക്കും, പ്രത്യേകിച്ചു് കാൽ‌വിൻ, എക്സ്, ഉന്മേഷ്, സൂരജ്, യാത്രാമൊഴി, വാസുകി, ആരായാലെന്താ?, ഞാനായാലെന്താ?, റോബി, ഒടുക്കം ദേ ഇങ്ങനെയും ആയി (aka ബാബു), ശിശുപാലൻ, രസായനം എന്നീ വായനക്കാർക്കു്, വളരെ നന്ദി!

അധികം ആളുകളും പോസ്റ്റിലും പിന്നെ വന്ന കമന്റുകളിലും ഉള്ള ചെറിയ കാര്യങ്ങളിൽ തൂങ്ങിയാണു് വാദം. ഇവയിൽ ഒന്നിൽ‌പ്പോലും യാതൊരു കഴമ്പുമില്ല.


ഡോ. ഗോപാലകൃഷ്ണന്റെ പ്രസംഗത്തിൽ പറഞ്ഞ കണക്കു ന്യായീകരിക്കാൻ ആരും ശ്രമിച്ചില്ല. പകരം, ആർഷസംസ്കാരതീവ്രവാദികളൊക്കെ ഗോപാലകൃഷ്ണനെ തള്ളിപ്പറഞ്ഞിട്ടു് പിന്നെ “യഥാർത്ഥ” ആർഷസംസ്കാരത്തിന്റെ വാലിൽ കടിച്ചു തൂങ്ങി. ചിലർ ബ്രാഹ്മണരുടെയും ചാതുർ‌വർണ്യത്തിന്റെയും തലയിൽ എല്ലാ പഴിയും ചാരി. അവർ ഇല്ലായിരുന്നെങ്കിൽ നൂറ്റാണ്ടുകൾക്കു മുമ്പേ കെട്ടുകഥകളിൽ നിന്നു വികസിപ്പിച്ചെടുത്ത ക്ലോണിംഗും വിമാനവുമൊക്കെ ഭാരതത്തിൽ ഉണ്ടായേനേ എന്നാണു വാദം!

ഡോ. ഗോപാലകൃഷ്ണന്റെ കണക്കു വളരെ വ്യക്തമായ തെറ്റായതു കൊണ്ടു മാത്രമാണോ മിക്കവാറും എല്ലാവരും അദ്ദേഹത്തെ തള്ളിപ്പറഞ്ഞതു് എന്നെനിക്കു സംശയമാണു്. ഒരാളെ തള്ളിപ്പറഞ്ഞു് പ്രസ്ഥാനത്തിന്റെ പുറകേ പോകുന്നതാണല്ലോ എളുപ്പം. ഒരുപാടു പേർ പുറകേ നടന്ന ഒരു സ്വാമിയെ അനാശാസ്യനടപടിക്കു പിടിക്കൂടുമ്പോൾ “ഈ സ്വാമി മാത്രം ഫ്രോഡ്. ബാക്കി എല്ലാ സ്വാമിമാരും അവരുടെ തത്ത്വങ്ങളും ഉത്തമം!” എന്നു വാദിക്കും. ലൈംഗികപീഡനം മുതൽ അരും‌കൊല വരെ നടത്തിയ ക്രിസ്ത്യൻ പുരോഹിതരുടെ കാര്യവും വ്യത്യസ്തമല്ല. ഒരു പ്രശസ്തജ്യോത്സ്യൻ പറഞ്ഞ പ്രവചനങ്ങളിലെ തെറ്റുകൾ ചൂണ്ടിക്കാണിക്കുമ്പോൾ “ആ ജ്യോത്സ്യൻ ഫ്രോഡ്. ജ്യോതിഷം എന്നതു കറ കളഞ്ഞ ശാസ്ത്രം!” എന്നു് ഉദ്ഘോഷിക്കും. ശബരിമലയിലെ മകരജ്യോതി ആളുകൾ കത്തിക്കുന്നതാണെന്നു പറയുമ്പോൾ അതു യുക്തിവാദികളുടെ വെറും തട്ടിപ്പാണെന്നു പറയും. അതു വ്യക്തമായി തെളിയിച്ചു കഴിയുമ്പോൾ ആരു കത്തിച്ചാലും വിശ്വാസമാണു പ്രധാനം എന്നു പറഞ്ഞു് നക്ഷത്രത്തിലേയ്ക്കും പരുന്തിലേയ്ക്കും പോകും. പാർട്ടിയിൽ നിന്നു് ഒരാൾ പുറത്തു ചാടുമ്പോൾ “ഇയാൾ പണ്ടു തൊട്ടേ ആളു പിശകായിരുന്നു. ഇയാൾ പോയിക്കഴിഞ്ഞപ്പോൾ ഇനി ബാക്കി പാർട്ടിയിലുള്ളവരെല്ലാം ആദർശധീരർ!” എന്നു പറയുന്നതും ഈ നിലപാടു തന്നെ.

ആളുകളെ കബളിപ്പിക്കുന്ന ഡോ. ഗോപാലകൃഷ്ണനെപ്പോലെയുള്ളവരെക്കാൾ വലിയ പ്രശ്നം അന്ധവിശ്വാസത്തിൽ നിന്നു് കൂടുതൽ അന്ധവിശ്വാസത്തിലേയ്ക്കു കൂപ്പുകുത്തുന്ന ഈ മനഃസ്ഥിതിയാണു്.


സായണന്റെ കണ്ടുപിടിത്തത്തെപ്പറ്റി ആദ്യമായി ഞാൻ കേൾക്കുന്നതു് കുറേക്കാലം മുമ്പു് ചിത്രകാരന്റെ ഒരു പോസ്റ്റിൽ (ചിത്രകാരൻ ഈ പോസ്റ്റുകളൊക്കെ പിന്നെ ഡിലീറ്റ് ചെയ്തതുകൊണ്ടു് ലിങ്കു തരാൻ നിവൃത്തിയില്ല.) പൊതുവാളൻ എന്ന ബ്ലോഗർ എഴുതിയ ഒരു കമന്റിലാണു്. അതിനെത്തുടർന്നു് പൊതുവാളനുമായി ഒരു ചെറിയ തർക്കം ഞാൻ നടത്തിയിരുന്നു. ആരോ പറഞ്ഞു കേട്ടതാണു് (ഡോ. ഗോപാലകൃഷ്ണൻ തന്നെ ആയിരിക്കും :)), കൂടുതലായി ഒന്നും അറിയില്ല, തനിക്കു സംസ്കൃതം തീരെ അറിയില്ല എന്നു പറഞ്ഞു് പൊതുവാളൻ തടിതപ്പി. ഈ സംഭാഷണത്തെപ്പറ്റി വിശദമായി ഞാൻ ഭാരതീയജ്ഞാനം – ചില ചിന്തകൾ എന്ന പോസ്റ്റിൽ പറഞ്ഞിട്ടുണ്ടു്.

ആളു നോക്കി മാറുന്ന യോജന എന്ന പോസ്റ്റ് എഴുതിത്തുടങ്ങുമ്പോൾ ഡോ. ഗോപാലകൃഷ്ണന്റെ വീഡിയോയും ലിൻഡാ ജോൺസിന്റേതെന്ന പേരിലുള്ള ലേഖനവും (ഈമെയിൽ ഫോർ‌വേർഡായി വന്നതു്) മാത്രമേ കണ്ടിരുന്നുള്ളൂ. സുഭാഷ് കാക്കിന്റെ പേപ്പറുകൾ വായിച്ചിരുന്നില്ല. സുഭാഷ് കാക്കിന്റെയും ഗോപാലകൃഷ്ണന്റെയും കണക്കുകൂട്ടലുകൾ ശരിയാണെന്നു തന്നെയാണു ഞാൻ കരുതിയിരുന്നതു്. രണ്ടു കൂട്ടരും യോജനയുടെയും നിമിഷത്തിന്റെയും രണ്ടു മൂല്യങ്ങൾ ഉപയോഗിച്ചിട്ടും ഒരേ ഉത്തരം കിട്ടിയതിന്റെ മാജിക്കാണു് എന്നെ ആകർഷിച്ചതു്. അപ്പോൾ എഴുതിയ “പ്രത്യേകമായ വിലകളൊക്കെ വേറെയാണെങ്കിലും അവസാനത്തെ ഉത്തരം കറക്ടാവുന്ന ചെപ്പടിവിദ്യ അവിടെക്കാണാം!” എന്ന വാക്യം ഇപ്പോഴും അവിടെയുണ്ടു്. വിശദമായി എഴുതാൻ ഓരോ കണക്കും പരിശോധിച്ചപ്പോഴാണു് രണ്ടിലും ഓരോ പ്രശ്നമുണ്ടെന്നു കണ്ടതു്. ഗോപാലകൃഷ്ണന്റെ കണക്കുകൂട്ടൽ തന്നെ തെറ്റായിരുന്നെങ്കിൽ, സുഭാഷ് കാക്ക് നിമിഷത്തിന്റെ വില ഉപയോഗിച്ചതിൽ ഒരു പിശകു കണ്ടു. അങ്ങനെയാണു് രണ്ടും ഒപ്പിക്കലാണെന്ന നിഗമനത്തിൽ എത്തിച്ചേർന്നതു്.

ആ പോസ്റ്റ് എഴുതിയതിനു ശേഷമാണു് സുഭാഷ് കാക്കിന്റെ പേപ്പറുകൾ വായിക്കാൻ സാധിച്ചതു്. അതു വായിച്ചപ്പോഴാണു് ചില കാര്യങ്ങൾ പിടികിട്ടിയതു്.


ആദ്യമായി വായിക്കേണ്ടതു് സുഭാഷ് കാക്ക് ഇന്ത്യൻ ജേണൽ ഓഫ് ഹിസ്റ്ററി ഓഫ് സയൻസിൽ 1997-ൽ എഴുതിയ Sayana’s astronomy എന്ന പേപ്പർ ആണു്.

സായണനും പ്രകാശവേഗതയും തമ്മിലുള്ള ബന്ധത്തെപ്പറ്റിയുള്ള കണ്ടുപിടിത്തം തന്റെ കണ്ടുപിടിത്തമല്ലെന്നും പദ്മാകാർ വിഷ്ണു വർത്തക് എന്ന ആളുടെ Scientific knowledge in the Vedas എന്ന പുസ്തകത്തിൽ നിന്നുള്ളതാണെന്നും സുഭാഷ് കാക്ക് പറയുന്നു. അതനുസരിച്ചു് ഒരു യോജന 9.0625 മൈലും അര നിമേഷം 8/75 സെക്കന്റുമാണു്. (ഇതിനു് മഹാഭാരതം ശാന്തിപർ‌വ്വം അദ്ധ്യായം 231-ന്റെ ഒരു റെഫറൻസ് പറയുന്നുണ്ടു്. എനിക്കു പരിശോധിക്കാൻ പറ്റിയില്ല.) ഇതു വെച്ചു കണക്കുകൂട്ടിയാൽ പ്രകാശവേഗത 187084.1 മൈൽ/സെക്കന്റ് എന്നു വരും. അതു് ശരിയായ മൂല്യമായ 186300-നെക്കാൾ അല്പം കൂടുതലാണു്. അതിനാൽ മോണീയർ വില്യംസ് (ശബ്ദതാരാവലി പോലെ ഒരു നിഘണ്ടു എഴുതിയ ആൾ) പറയുന്ന 9 മൈൽ എന്ന മൂല്യം എടുത്തു നമുക്കു് ഒന്നുകൂടി അടുത്ത 186413.22 എന്ന മൂല്യം കണ്ടുപിടിക്കാനാവും എന്ന മഹാതത്ത്വം ആ പുസ്തകത്തിൽ നിന്നാണു തനിക്കു കിട്ടിയതു് എന്നു് അദ്ദേഹം പറയുന്നു.

അതവിടെ നിൽക്കട്ടേ. ഇതൊക്കെ പറയാൻ എന്തെങ്കിലും കാരണം വേണ്ടേ? ആ കാരണം കണ്ടുപിടിക്കാൻ നടന്നപ്പോൾ സുഭാഷ് കാക്കിനു കിട്ടിയ പിടിവള്ളിയാണു് ചാണക്യന്റെ (കൗടില്യൻ) അർത്ഥശാസ്ത്രം. അതനുസരിച്ചു് യോജന ഒരു ധനുസ്സിന്റെ (ആറടി) 8000 ഇരട്ടിയാണു്. (ഇതു് ആര്യഭടൻ പറഞ്ഞ ഒരു മനുഷ്യന്റെ ഉയരത്തിന്റെ 8000 ഇരട്ടി എന്നതിനോടു് ഒത്തുപോകുന്നു.) 150 നിമേഷം ഒരു കലയും 80 കല ഒരു മുഹൂർത്തവും (48 മിനിറ്റ്) ആണു്. അതനുസരിച്ചു് ഒരു നിമേഷം 48 x 60 / (80 x 150) = 6/25 സെക്കന്റ് ആണു്.

മുകളിൽ പറഞ്ഞതു ശരിയാണു്. അർത്ഥശാസ്ത്രം രണ്ടാം അധികരണമായ അധ്യക്ഷപ്രചാരത്തിന്റെ ഇരുപതാം അദ്ധ്യായത്തിലെ (ഇതു് ദേശകാലമാനം എന്ന മുപ്പത്തെട്ടാം പ്രകരണവും കൂടിയാണു്) 79 മുതൽ 84 വരെയുള്ള സൂത്രങ്ങൾ: (അർത്ഥശാസ്ത്രം ഗണപതിശാസ്ത്രികളുടെ സംസ്കൃതവ്യാഖ്യാനത്തിന്റെ കെ. വി. എമ്മിന്റെ മലയാളപരിഭാഷയോടുകൂടി കേരളസാഹിത്യ അക്കാദമി പ്രസിദ്ധീകരിച്ചിട്ടുണ്ടു്. അതു കിട്ടാൻ നിർ‌വ്വാഹമില്ലാത്തവർ ഇവിടെ നിന്നു സംസ്കൃതം മൂലമോ ഇവിടെ നിന്നു് ഇംഗ്ലീഷ് പരിഭാഷയോ വായിക്കുക.)

പഞ്ചനിമേഷാഃ കാഷ്ഠാഃ = 5 നിമേഷം ഒരു കാഷ്ഠ
ത്രിംശത്കാഷ്ഠാഃ കലാഃ = 30 കാഷ്ഠ (150 നിമേഷം) ഒരു കല.
ചത്വാരിംശത്കലാഃ നാലികാ = 40 കല (6000 നിമേഷം) ഒരു നാഴിക
സുവർണമാഷകാശ്ചത്വാരശ്ചതുര//ംഗുലായാമാഃ കുംഭച്ഛിദ്രം ആഢകം അംഭസോ വാ നാലികാ = നാലു മാഷത്തൂക്കം സ്വര്‍ണ്ണം അടിച്ചു നീട്ടി നാലംഗുലം നീളമുള്ള ശലാകയാക്കി അതു കൊള്ളത്തക്ക ദ്വാരത്തില്‍ ഒരു കുടം തുളച്ചാല്‍ ആ ദ്വാരത്തിലൂടെ ഒരാഢകം വെള്ളം വാര്‍ന്നുപോകുവാന്‍ എത്ര സമയം വേണമോ അത്ര സമയമാണു് ഒരു നാലിക.
ദ്വിനാലികോ മുഹൂർത്തഃ = 2 നാഴിക (12000 നിമേഷം) ഒരു മുഹൂർത്തം
പഞ്ചദശമുഹൂർത്തോ ദിവസോ രാത്രിശ്ച ചൈത്രേ ചാശ്വയുജേ ച മാസി ഭവതഃ = 15 നാഴിക ഒരു പകൽ അല്ലെങ്കിൽ രാത്രി (ചൈത്രം, അശ്വയുഗം എന്നീ മാസങ്ങളിൽ)

അതായതു് ഒരു നിമേഷം ഒരു നാഴികയുടെ (24 മിനിറ്റ്) 6000-ൽ ഒന്നാണു്. അതായതു് 24 x 60 / 6000 = 6/25 = 0.24 സെക്കന്റ്.

ഇനി യോജന: (72-73)

ദ്വിധനുസഹസ്രം ഗോരുതം = 2000 ധനു ഒരു ഗോരുതം
ചതുർഗോരുതം യോജനം = 4 ഗോരുതം ഒരു യോജനം

ഒരു ധനു എന്നു പറയുന്നതു് ഒരു മനുഷ്യന്റെ പൊക്കം തന്നെയാണു് (ആറടി). അതായതു് 1 യോജന = 8000 x 6 / 5280 = 9.09 മൈൽ.

ഇനി നമുക്കു് അർത്ഥശാസ്ത്രം വെച്ചു് ഒന്നു കണക്കുകൂട്ടാം: സായണന്റെ സൂര്യന്റെ വേഗത = 2202 x 9.09 / 0.12 = 166801.5 മൈൽ / സെക്കന്റ് = 268440.993 കിലോമീറ്റർ / സെക്കന്റ്.

ഇതു് പ്രകാശവേഗതയെക്കാൾ 10% കുറവാണു്. എന്തെങ്കിലും കൂടി അഡ്ജസ്റ്റ് ചെയ്തെങ്കിലേ ശരിയാവുകയുള്ളൂ. വല്ല മോണീയർ വില്യംസിനെയോ മറ്റോ കൂട്ടുപിടിച്ചു്…

ഇനി, ഈ വിലകളൊക്കെ ഉപയോഗിച്ചാൽ ആര്യഭടന്റെ ഭൂവ്യാസം തെറ്റും എന്നു സുഭാഷ് കാക്ക് മനസ്സിലാക്കി. ആര്യഭടന്റെ യോജന ഏഴര മൈലേ ഉള്ളൂ എന്നും ഭൂവ്യാസം ആര്യഭടന്റെ യോജനയനുസരിച്ചു് 1050 യോജനയാണെന്നും അദ്ദേഹം പറയുന്നു. മനുഷ്യന്റെ ഉയരത്തിന്റെ 8000 ഇരട്ടി എന്നു് ആര്യഭടൻ പറഞ്ഞതു സൗകര്യപൂർ‌വ്വം വിട്ടുകളഞ്ഞിരിക്കുന്നു. പകരം 96 അംഗുലത്തിന്റെ (ഇതു് ആര്യഭടൻ പറഞ്ഞതല്ല) 8000 ഇരട്ടി എന്നെടുത്തിരിക്കുന്നു. (ആര്യഭടന്റെ ഭൂവ്യാസം ശരിയാക്കാം, ഒരു മനുഷ്യന്റെ ഉയരം ഏകദേശം അഞ്ചടി എന്നെടുത്താൽ.) ഉരുണ്ടുകളിയിൽ കാക്കും കണക്കുതന്നെ എന്നർത്ഥം.

അതിനു ശേഷം ആര്യഭടന്റെ യോജന, സ്റ്റാൻഡേർഡ് യോജന എന്നിങ്ങനെ യോജനകളുടെ ഒരു കളി തന്നെയുണ്ടു്. അവസാനം ദാ ഇങ്ങനെയും:

According to these sources, a yojana is 8,000 dhanus or 32,000 hastas, which is approximately 9 miles, and a nimesha is given by the equation that

18 nimeshas = 1 kashta
30 kashtas = 1 kala
30 kalas = 1 muhurta (48 minutes).

ഇതു മുകളിൽ കൊടുത്ത അർത്ഥശാസ്ത്രനിർ‌വ്വചനമല്ല. അതിൽ 40 കലയാണു് ഒരു നാഴിക. ഒരു മുഹൂർത്തം 80 കലയും. അതുപോലെ 15 നിമേഷമാണു് ഒരു കാഷ്ഠം.


ഇനി അവിടെ നിന്നു് നമുക്കു ശേഷു കണ്ടെടുത്ത പേപ്പറിലേയ്ക്കു പോകാം. The Speed of Light and Puranic Cosmology. രസായനത്തിന്റെ കമന്റിൽ പറയുന്ന വിക്കിപേജിലും ഈ പേപ്പറിലേയ്ക്കു ലിങ്കുണ്ടു്. പിയർ റിവ്യൂ ചെയ്യാത്ത arXiv e-print server-ൽ നിന്നാണു് ഈ പേപ്പർ.

ഈ പേപ്പർ പിയർ റിവ്യൂ ചെയ്തു് ഏതെങ്കിലും ജേർണലിൽ പ്രസിദ്ധീകരിച്ചതല്ല. കോർണൽ യൂണിവേഴ്സിറ്റിയുടെ arXiv എന്ന സ്ഥലത്താണു്. ജേർണലുകളിൽ ഇടുന്നതിനു മുമ്പു് പിയർ റിവ്യൂവിനും മറ്റുമായി ഇടാനുള്ള സ്ഥലമാണു് അതു്. അവിടത്തെ പേപ്പറുകൾക്കു് പബ്ലിഷ്ഡ് പേപ്പറുകളുടെ ആധികാരികതയില്ല. ആദ്യത്തെ പേപ്പറിനു മാത്രം ചെറിയ ഒരു പിയർ റിവ്യൂ ഉണ്ടു്. അവിടെ ഒരു പേപ്പർ ഇട്ടിട്ടുള്ള പരിചയമുള്ളതുകൊണ്ടാണു് ഞാൻ ഇതു പറയുന്നതു്. ആ പേപ്പർ അവിടെ ഇട്ടതുകൊണ്ടു് എനിക്കിനി നമ്പർ തിയറിയിലെ എന്തു പേപ്പർ വേണമെങ്കിലും അവിടെ ഇടാം.

ഇവിടെ വന്നപ്പോൾ കണക്കാകെ മാറി.

15 നിമേഷം = 1 കാഷ്ഠ
30 കാഷ്ഠ = 1 കല
30 കല = 1 മുഹൂർത്തം
30 മുഹൂർത്തം = 1 രാത്രിയും പകലും

ഒറ്റ നോട്ടത്തിൽ (ശേഷു സാധാരണ ഒറ്റ നോട്ടത്തിൽ കൂടുതൽ പോകാറുമില്ല!) ഇതു് അർത്ഥശാസ്ത്രത്തിലെ പട്ടിക തന്നെയാണെന്നു തോന്നും. പക്ഷേ അർത്ഥശാസ്ത്രത്തിലെ ഒരു മുഹൂർത്തം 40 കലയാണു്. അതിനെ സൂത്രത്തിൽ 30 കലയാക്കി. അപ്പോൾ അവിടെ ഞാൻ പറഞ്ഞ 10% വ്യത്യാസം യോജനയിൽ ഒരു ചെറിയ അഡ്ജസ്റ്റ്മെന്റു കൂടി ചെയ്തപ്പോൾ ശരിയായി. ചത്വാരിംശത് എന്നു സംസ്കൃതത്തിൽ പറയുന്നതു് മുപ്പതല്ല നാല്പതാണെന്നു് വായിക്കുന്നവർക്കു മനസ്സിലാവില്ലല്ലോ. (സൗകര്യപൂർ‌വ്വം അർത്ഥശാസ്ത്രസൂത്രങ്ങൾ ഉദ്ധരിച്ചിട്ടുമില്ല!)

ചുരുക്കം പറഞ്ഞാൽ ചെരിപ്പിനൊപ്പിച്ചു കാലു മുറിക്കുന്ന പരിപാടിയാണു് സുഭാഷ് കാക്ക് അതിഭീകരപേപ്പറെന്ന പേരിൽ ഇവിടെ ചെയ്തിരിക്കുന്നതു്. തന്റെ തീസീസ് എഴുതുമ്പോൾ റെഫർ ചെയ്യുന്ന പേപ്പറുകൾ അല്പം കൂടി മനസ്സിരുത്തി വായിക്കുന്നതു ശേഷുവിനു കൊള്ളാം!


സുഭാഷ് കാക്കിന്റെ ഈ കണ്ടുപിടിത്തത്തിനു് ശാസ്ത്രജ്ഞരുടെ ഇടയിൽ യാതൊരു അംഗീകാരവും ലഭിച്ചില്ല. (അതു കൊണ്ടു തന്നെയാണല്ലോ ധാരാളം പേപ്പറുകൾ പ്രസിദ്ധീകരിച്ചിട്ടുള്ള അദ്ദേഹത്തിന്റെ ഈ പേപ്പർ arXiv-ൽ ഒതുങ്ങിപ്പോയതു്!) അതിന്റെ അമർഷം മറ്റൊരു ഇന്ത്യൻ മാസികയിലൂടെ പുറത്തു വരുന്നതു നോക്കുക. “ഈ കണ്ടുപിടിത്തത്തെപ്പറ്റി ആർക്കും ഒരു വിലയുമില്ല, അന്റാർട്ടിക്കയിൽ കുഴിച്ച ആർക്കിയോളജിസ്റ്റുകൾക്കു് ഒരു സൂര്യന്റെ പടവും 186000 എന്ന സംഖ്യയും കിട്ടി അതു പ്രകാശപ്രവേഗമാണെന്നു വ്യാഖ്യാനിച്ചാൽ അതു ശാസ്ത്രലോകം തള്ളിക്കളയുന്നതു പോലെ…” എന്നൊക്കെ നിരർത്ഥകമായി പുലമ്പുന്നും മറ്റുമുണ്ടു്.

കമ്പ്യൂട്ടർ സയൻസിൽ അത്യാവശ്യം വിവരവും സ്വന്തമായി ചില പേപ്പറുകളും ഉണ്ടെങ്കിലും അത്യാവശ്യം ഉഡായിപ്പുകളും കൈവശമുണ്ടെന്നു് ഇദ്ദേഹത്തെപ്പറ്റിയുള്ള വിക്കി പേജ് പറയുന്നു. ഋഗ്വേദത്തിലെ മന്ത്രങ്ങളുടെ എണ്ണം, അതിൽ പറയുന്ന വേദകാലത്തെ അൾത്താരകളിലെ ഇഷ്ടികകകളുടെ എണ്ണം തുടങ്ങിയവയെ അങ്ങോട്ടുമിങ്ങോട്ടും കൂട്ടിക്കിഴിച്ചു് ഭൂമിയും സൂര്യനും ഇടയ്ക്കുള്ള ദൂരം കണ്ടുപിടിച്ചത്രേ! കൂടാതെ സ്പെഷ്യൻ റിലേറ്റിവിറ്റിയിലെ റ്റ്വിൻ പാരഡോക്സിന്റെ മറുകര കണ്ടു എന്നൊരു പൊളിഞ്ഞ അവകാശവാദവും അദ്ദേഹത്തിന്റേതായി ഒരിക്കൽ ഉണ്ടായിരുന്നു. അശ്വമേധത്തിന്റെ പ്രതീകാത്മകതയെപ്പറ്റിയും അദ്ദേഹം പുസ്തകമെഴുതിയിട്ടുണ്ടത്രേ! ഇതൊക്കെ ഭാവിയിൽ ഗോപാലകൃഷ്ണന്മാരുടെ പ്രസംഗങ്ങളിൽ കേട്ടു നമുക്കു് സായുജ്യമടയാം!


ഇതാണു് സുഭാഷ് കാക്കിന്റെ കണക്കിന്റെ രത്നച്ചുരുക്കം: പുരാണത്തിൽ കാണുന്ന സംഖ്യകളെ കൂട്ടിയും ഗുണിച്ചും അതിനു് ആധുനികശാസ്ത്രത്തിലെ എന്തെങ്കിലും സംഭവവുമായി ആകസ്മികമായ ബന്ധമുണ്ടോ എന്നു നോക്കുകയാണു് ഇഷ്ടന്റെ പ്രിയപ്പെട്ട ഗവേഷണവിഷയം. ഋഗ്വേദസൂക്തങ്ങളുടെ എണ്ണത്തിൽ നിന്നു സൂര്യന്റെ ദൂരം, സായണന്റെ ഋഗ്വേദഭാഷ്യത്തിൽ നിന്നു പ്രകാശത്തിന്റെ വേഗത തുടങ്ങി. അദ്ദേഹം പറഞ്ഞ കൃത്യത കിട്ടണമെങ്കിൽ പല സ്രോതസ്സുകളിൽ നിന്നു് യോജനയുടെയും നിമേഷത്തിന്റെയും മൂല്യങ്ങൾ തരം പോലെ എടുത്തു ചേർക്കേണ്ടി വരും. അല്ലാതെ ബിജു കുമാറും ശേഷുവും ചൂണ്ടിക്കാട്ടിയതു പോലെ അർത്ഥശാസ്ത്രത്തിൽ നിന്നുള്ള നിർ‌വ്വചനങ്ങൾ രണ്ടിനും എടുത്താൽ ശരിയുത്തരത്തിൽ നിന്നും പത്തിലൊന്നു കുറവായ മൂല്യമേ കിട്ടൂ.


ഇതു കൂടാതെ ബിജു കുമാർ എന്ന വായനക്കാരൻ മറ്റു ചില ആരോപണങ്ങളും കൂടി ഉന്നയിച്ചിരുന്നു. ചുരുക്കത്തിൽ അവയ്ക്കും മറുപടി പറയാം (അദ്ദേഹത്തിന്റെ വാക്കുകൾ പലതും ഞാൻ സൗകര്യത്തിനു വേണ്ടി മാറ്റിയിട്ടുണ്ടു്. അദ്ദേഹം എഴുതിയതു കാണാൻ ലിങ്കു ചെയ്തിരിക്കുന്ന കമന്റുകൾ വായിക്കുക):

 1. സൂര്യൻ എന്ന വാക്കില്ലാത്ത ഒരു ശ്ലോകത്തിൽ പറയുന്നതു സൂര്യനാണെന്നു പറഞ്ഞുകൊണ്ടല്ലേ ഉമേഷ് അതിനെ പൊളിച്ചടുക്കിയതു്? ഇതെവിടത്തെ ന്യായം? (ഈ കമന്റിൽ)

  സൂര്യനെപ്പറ്റിയാണു് അതെന്നു പറഞ്ഞതു ഞാനല്ല. സുഭാഷ് കാക്കും ഡോ. ഗോപാലകൃഷ്ണനുമാണു്. ആ പോസ്റ്റ് എഴുതുമ്പോൾ എനിക്കു് ആ രണ്ടു സ്രോതസ്സുകളിൽ നിന്നുള്ള അറിവേ ആ ശ്ലോകത്തെപ്പറ്റി ഉണ്ടായിരുന്നുള്ളൂ. ഋഗ്വേദത്തിലെ സൂര്യസ്തുതിയുടെ വ്യാഖ്യാനമാണു് അതെന്നുള്ള അവരുടെ വാക്കുകൾ ഞാൻ മുഖവിലയ്ക്കെടുത്തു. അത്ര മാത്രം. എന്റെ കയ്യിൽ ഋഗ്വേദമോ അതിന്റെ വ്യാഖ്യാനമോ ഇല്ല.

  പിന്നീടു്, ഋഗ്വേദത്തിലെ സൂക്തം അതിന്റെ ക്റമനമ്പർ ഉൾപ്പെടെ സൂരജ് ഉദ്ധരിച്ചിരുന്നല്ലോ. സായണന്റെ ഭാഷ്യം ആ സൂക്തത്തിന്റേതാണെന്നു വിശദീകരിക്കുകയും ചെയ്തിരുന്നു. ഇപ്പോൾ സൂര്യനാണു കക്ഷി എന്നു മനസ്സിലായല്ലോ.

  (പ്രകാശത്തിന്റെ വേഗതയല്ല, സൂര്യന്റെ വേഗതയാണു് ഇവിടെ പറഞ്ഞിരിക്കുന്നതു് എന്നു് സംസ്കൃതം വായിച്ചു മനസ്സിലാക്കിയതിൽ നിന്നു പറഞ്ഞതാണു്. തെറ്റുണ്ടെങ്കിൽ തിരുത്താം.)

 2. ഗ്യാലൻ എന്ന അളവിനു് ഇന്നും പല നിർ‌വ്വചനങ്ങൾ ഉള്ളതു പോലെ യോജന എന്ന അളവിനു് പണ്ടു് പല നിർ‌വ്വചനങ്ങളും ഉണ്ടായിരുന്നു എന്നു് അംഗീകരിക്കാൻ ഉമേഷിനു് എന്താണു പ്രശ്നം? (ഈ കമന്റിൽ)

  എനിക്കൊരു പ്രശ്നവുമില്ല. എന്നു മാത്രമല്ല, അതു് അംഗീകരിക്കുകയും ചെയ്യുന്നു. യോജനയ്ക്കു മാത്രമല്ല, നിമിഷത്തിനും പല നിർ‌വ്വചനങ്ങൾ ഉണ്ടായിരുന്നു എന്നു് ഇപ്പോൾ മനസ്സിലാകുന്നു. പക്ഷേ, അവ കണ്ടുപിടിക്കുമ്പോൾ ഒരേ കാലത്തു് അല്ലെങ്കിൽ ഒരേ പ്രദേശത്തു നിലവിലുണ്ടായിരുന്ന നിർ‌വ്വചനങ്ങൾ ഉപയോഗിച്ചു വേണം കണക്കുകൂട്ടാൻ. അല്ലാതെ തോന്നിയ വിലകൾ പെറുക്കിയെടുത്തു് വേണ്ട ഉത്തരം ഉണ്ടാക്കലല്ല.

 3. എന്നാൽ അതെന്താണു് ഉമേഷിനു ബാധകമല്ലാത്തതു്? താങ്കളും തോന്നിയ വിലകൾ വെച്ചു കണക്കുകൂട്ടിയല്ലേ തെറ്റാണെന്നു തെളിയിച്ചതു്? (ഈ കമന്റിൽ)

  അല്ല. ഡോ. ഗോപാലകൃഷ്ണൻ പറഞ്ഞ സംഖ്യകൾ തന്നെ ഉപയോഗിച്ചാണു് അതു തെറ്റാണെന്നു തെളിയിച്ചതു്. സുഭാഷ് കാക്കിന്റേതെന്നു പറഞ്ഞു വന്ന ഉദ്ധരണിയിൽ നിന്നു തന്നെയാണു് ആ കണക്കുകൂട്ടലുകളും. അതിൽ ഞാൻ കണ്ട പ്രശ്നം (നിമിഷത്തിന്റെ ദൈർഘ്യം) ചൂണ്ടിക്കാണിക്കുകയും ചെയ്തു. അർത്ഥശാസ്ത്രവും മറ്റും പിന്നീടാണു് അറിഞ്ഞതു്. ആ വാദം വന്നപ്പോൾ അർത്ഥശാസ്ത്രത്തിൽ നിന്നും കാക്ക് മാറിയെന്നു് (ഈ പോസ്റ്റിൽ) ചൂണ്ടിക്കാട്ടി.

  ഒരു തിയറി ഉണ്ടാക്കുമ്പോൾ അതിൽ പറഞ്ഞ വസ്തുതകൾ ശരിയാണെന്നു തെളിയിക്കേണ്ടതു് അതുണ്ടാക്കുന്ന ആളിന്റെ ബാദ്ധ്യതയാണു്, വിമർശകന്റേതല്ല. ഒരു തിയറം ശരിയാണെന്നു തെളിയിക്കാൻ അതു് എല്ലാ കേസിലും ശരിയാകും എന്നു തെളിയിക്കണം. തെറ്റാണെന്നു തെളിയിക്കാൻ ഒരൊറ്റ കൗണ്ടർ-എക്സാമ്പിൾ മതി.

 4. ഇനി ഗോപാലകൃഷ്ണനെ വെല്ലുന്ന ചില വേലകള്‍ കാണുക:
  ഉമേഷ് ഉദ്ധരിച്ചിരിയ്ക്കുന്ന ഇ-മെയിലില്‍ നിന്നും മനസ്സിലാവുന്നത്, സായണന്‍ ഭാഷ്യം ചമച്ച സൂക്തം ഋഗ്വേദത്തിലേതാണെന്നാണ്. അതില്‍ പറയുന്ന യോജനക്കണക്ക് തെറ്റെന്ന് “തെളിയിയ്ക്കാന്‍” ഉദ്ധരിച്ചിരിയ്ക്കുന്നത് ഭാഗവതം തൃതീയ സ്കന്ദം, ഭാസ്കരാചാര്യരുടെ ലീലാവതി, ശബ്ദതാരാവലി എന്നിവയില്‍ നിന്നൊക്കെ! ഇവ തമ്മില്‍ എത്ര കാലത്തെ വ്യത്യാസമുണ്ട് ഉമേഷെ? താങ്കള്‍ക്ക് സായണഭാഷ്യം തെറ്റെന്ന് സമര്‍ത്ഥിക്കണമെന്ന് നിര്‍ബന്ധമെങ്കില്‍ ഋഗ്വേദത്തില്‍ നിന്നുതന്നെ തെളിവു തരൂ, യോജന അളവ് മറ്റൊന്നാണെന്ന്.
  (ഈ കമന്റിൽ)

  ഒന്നാമതായി, സായണന്റെ ശ്ലോകം ഋഗ്വേദത്തിൽ നിന്നുള്ളതല്ല. സായണൻ ക്രിസ്തുവിനു ശേഷം പതിനാലാം നൂറ്റാണ്ടിലാണു ജീവിച്ചിരുന്നതു്. ഗണിത-ജ്യോതിശ്ശാസ്ത്രജ്ഞനായിരുന്ന മാധവൻ സായണന്റെ സഹോദരനായിരുന്നു എന്നൊരു അഭിപ്രായമുണ്ടു്. അതു ശരിയാണെങ്കിൽ സഹോദരന്റെ ജ്യോതിശ്ശാസ്ത്രജ്ഞാനത്തിൽ നിന്നു് അറിവുൾക്കൊണ്ടതാവാൻ സാദ്ധ്യതയുണ്ടു്. സായണൻ ഗണിതജ്ഞനായിരുന്നില്ല. 2202 യോജനയുടെ കണക്കു് മാധവനോ അക്കാലത്തെ മറ്റു ജ്യോതിശ്ശാസ്ത്രജ്ഞരോ പറഞ്ഞിട്ടുണ്ടോ എന്നറിയാൻ അവരുടെ പുസ്തങ്ങൾ പഠിക്കണം. സൂര്യനും ഭൂമിയും തമ്മിലുള്ള ദൂരം അക്കാലത്തു ഭാരതീയജ്യോതിശ്ശാസ്ത്രജ്ഞർ വളരെ കൂടുതലായാണു കരുതിയിരുന്നതു്. (എന്റെ പോസ്റ്റിലെ അവസാനത്തെ പട്ടിക നോക്കുക.) അതിൽ നിന്നു് അര നിമിഷത്തിൽ 2202 യോജന സൂര്യൻ സഞ്ചരിക്കുന്നതായി മാധവനോ മറ്റാരെങ്കിലുമോ പറഞ്ഞതാവാം സായണന്റെ അറിവു്.

  ഈപ്പറഞ്ഞതു് അഭ്യൂഹം മാത്രം. ഇതിനെപ്പറ്റി അറിയാൻ മാധവന്റെയും മറ്റും പുസ്തകങ്ങൾ ആഴത്തിൽ പഠിക്കണം. അതിനു കഴിഞ്ഞാൽ ആ വിവരങ്ങൾ ഇവിടെ പങ്കുവെയ്ക്കാം. അതുവരെ ഇതു വ്യക്തമല്ല, ഏതായാലും സൂര്യവേഗതയല്ല എന്നൊക്കെ പറയാനേ പറ്റൂ.

  പല തവണ ഞാൻ പറഞ്ഞിട്ടുള്ള ഒരു കാര്യം ഒന്നുകൂടി പറയുന്നു: പതിനാലാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന സായണന്റെ വാക്കുകൾ വേദകാലത്തെയാണെന്നു പറയരുതു്. പത്താം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഹലായുധൻ കണ്ടുപിടിച്ച ഖണ്ഡമേരു എന്ന രീതി അതു് പിംഗളന്റെ ഛന്ദസൂത്രങ്ങളുടെ ഭാഷ്യത്തിലായതുകൊണ്ടു് പിംഗളന്റെ തലയിൽ കെട്ടിവെയ്ക്കരുതു്. വ്യാഖാനമെഴുതുന്നവന്റെ വാക്കുകളിൽ അവൻ ജീവിക്കുന്ന കാലത്തെ അറിവും ശാസ്ത്രബോധവും ഉണ്ടാവും. ആര്യഭടീയത്തിനു് ഡോ. ഗോപാലകൃഷ്ണൻ ചെയ്ത വ്യാഖ്യാനത്തിൽ “സൂര്യനു ചുറ്റം ദീർഘവൃത്താകൃതിയിൽ ഭൂമി കറങ്ങുമ്പോൾ…” എന്നും മറ്റും കാണാം. ആര്യഭടൻ ഭൂമി സൂര്യനു ചുറ്റും കറങ്ങുന്നു എന്നോ ഭ്രമണപഥം ദീർഘവൃത്തമാണെന്നോ പറഞ്ഞിട്ടില്ല.

 5. ഇനി, ഉമേഷ് ഉദ്ധരിയ്ക്കുന്ന ഹാരപ്പയിലെ യോജനക്കണക്ക് (ഉദ്ധരണി-3) നമുക്കെടുക്കാം.(എന്റെ ചെറിയ അറിവില്‍ ഹാരപ്പ സംസ്കാരവും വേദകാലഘട്ടവും തമ്മില്‍ വലിയ അന്തരമില്ല തന്നെ)
  അതു പ്രകാരം 1 യോജന= 13.54 കിലോമീറ്റര്‍ .
  ഋഗ്വേദ സൂക്തപ്രകാരം പ്രകാശത്തിന്റെ നിമിഷാര്‍ത്ഥ വേഗത = 2202 യോജന.
  അതായത് 2202 x 13.54 / 0.1066667 = 279507.64 കിലോമീറ്റര്‍ /സെക്കന്റ്.
  ഇന്നത്തെ കണക്കനുസരിച്ചു് പ്രകാശത്തിന്റെ വേഗത സെക്കന്റില്‍ 299,792.458 കിലോമീറ്റര്‍ ആണു്!
  (കണക്കുകളെല്ലാം ഉമേഷിന്റെ പോസ്റ്റില്‍ നിന്നും) എന്താ ഉമേഷെ വേദകാലഘട്ടത്തിലെ കണക്ക് ഏറെക്കുറെ പൊരുത്തപ്പെടുന്നില്ലേ?
  (മറ്റു കാലഘട്ടങ്ങളിലെ യോജനക്കണക്ക് വിടാം. )
  (ഈ കമന്റിൽ)

  ബിജുകുമാറിന്റെ വാദത്തിലെ പൊരുത്തക്കേടുകൾ:

  1. ഇതു വേദകാലത്തെ കണക്കല്ല. പതിനാലാം നൂറ്റാണ്ടിലെ കണക്കാണു്.
  2. ഋഗ്വേദസൂത്രത്തിലല്ല 2202 യോജന. സായണന്റെ ഭാഷ്യത്തിലാണു്.
  3. സായണന്റെ ശ്ലോകത്തിൽ പറയുന്നതു് സൂര്യന്റെ വേഗതയാണു്, പ്രകാശത്തിന്റെ വേഗതയല്ല.
  4. നിമിഷത്തിന്റെ മൂല്യം സുഭാഷ് കാക്ക് പറയുന്നതാണു് ബിജു കുമാർ എഴുതിയതു്. അതു് അഡ്ജസ്റ്റ്മെന്റാണെന്നു ഞാൻ മുകളിൽ പറഞ്ഞിട്ടുണ്ടു്. ഹാരപ്പൻ കാലത്തെ നിമിഷത്തെപ്പറ്റി വിവരം കിട്ടിയാൽ അതുപയോഗിക്കാം.
  5. സായണൻ ഗണിതജ്ഞനായിരുന്നില്ല. വേദഭാഷ്യത്തിൽ കണക്കുകൾ അദ്ദേഹം വിശദീകരിക്കുന്നുമില്ല. അതിനാൽ വേദകാലത്തെ യോജനയെക്കാൾ തന്റെ കാലത്തെ യോജനയായിരിക്കും അദ്ദേഹം എടുത്തിരിക്കാൻ സാദ്ധ്യത. നിമിഷത്തിന്റെ മൂല്യം ആ കാലമായപ്പോഴേയ്ക്കു് സ്റ്റാൻഡേർഡ് ആയിരുന്നു.
  6. ഇത്രയൊക്കെ ചെയ്തിട്ടും ഗുണിച്ചു കിട്ടുന്ന മൂല്യം ഏഴു ശതമാനം പിന്നെയും കുറവാണു്. കിറുകൃത്യം എന്നാണു വാദം.
 6. ചതുരംഗം പോലെ സങ്കീര്‍ണമായ ഒരു ഗെയിം ഉണ്ടാക്കാന്‍ ഉമേഷിനു കഴിയുമോ? (ഈ കമന്റിൽ)

  ഹഹഹഹ! ഈ ചോദ്യം ഇതിനുമുമ്പും കേട്ടിട്ടുണ്ടു്. ഖുറാൻ എന്ന ഗ്രന്ഥത്തെ വിമർശിക്കുമ്പോഴാണു് ഇതു് ഏറ്റവും കേൾക്കുന്നതു്. “ദൈവം തന്നെ എഴുതിയതും, ലോകത്തിലെ ഏറ്റവും മികച്ചതും, മറ്റൊന്നും ഇതു പോലെ അല്ലാത്തതുമായ ഖുറാൻ പോലെ മറ്റൊരു ഗ്രന്ഥം എഴുതാൻ തനിക്കു കഴിയുമോ”? എന്ന ചോദ്യം. എന്താണു പറയുക? ഖുറാൻ കുറച്ചു വായിച്ചിട്ടുണ്ടു്. ഇങ്ങനെ വലിയ അഭിപ്രായമൊന്നും അതിനെപ്പറ്റി തോന്നിയിട്ടില്ല. അതുപോലെ ഒന്നെഴുതണമെന്നു് ആഗ്രഹവുമില്ല. അതിനെക്കാൾ നല്ല പുസ്തകമൊന്നും ലോകത്തിൽ ആരും എഴുതിയിട്ടില്ലെന്നു വിശ്വാസവുമില്ല.

  ചതുരംഗം നല്ല ഒരു കളിയാണു്. വളരെ സങ്കീർണ്ണവും. (എനിക്കു് ഏറ്റവും ഇഷ്ടമുള്ള കളിയാണതു്.) ചെസ്സ് അതിനെക്കാൾ സങ്കീർണ്ണമാണു്. ഇതിനെക്കാൾ സങ്കീർണ്ണമായ പല കളികളും കുട്ടികൾ ഇന്നു കളിക്കുന്നുണ്ടു്. അടുത്ത ടോയ് ഷോപ്പിൽ ഒന്നു പോയി നോക്കൂ. ആ കളിക്കും ഇങ്ങനെ ആർഷജ്ഞാനപാരമ്പര്യം ഒന്നും കൊടുക്കല്ലേ.

 7. ജെനിറ്റിക്സ് എന്ന ശാസ്ത്രശാഖ സൂചിപ്പിക്കുന്നതു് ജ്യോതിഷത്തിലുള്ളതുപോലെയുള്ള പ്രവചനം സാദ്ധ്യമാണെന്നും പുനർജന്മം പോലെയുള്ള ഹൈന്ദവതത്ത്വങ്ങളിൽ കഴമ്പുണ്ടെന്നുമാണു്. (ഈ കമന്റിൽ)

  ഈ രണ്ടു കാര്യങ്ങളും വിശ്വസിക്കുന്നതിൽ വിരോധമില്ല. പക്ഷേ അവയെ ജെനിറ്റിക്സുമായി കൂട്ടിക്കെട്ടല്ലേ. അതു വേറേ, ഇതു വേറേ. യാത്രാമൊഴിയുടെ ഈ കമന്റ് വായിക്കുക.

 8. വിദ്യയുടെ ഒഴുക്കിനെ ചാതുര്‍വര്‍ണ്യം തടഞ്ഞില്ലായിരുന്നുവെങ്കില്‍ ഒരു പക്ഷെ റൈറ്റ് സഹോദരന്മാര്‍ക്ക് മുന്‍പേ വിമാനം ഭാരതീയന്‍ കണ്ടുപിടിയ്ക്കുമായിരുന്നു, ഡോളിയ്ക്കു മുന്‍പേ ഇവിടെ ക്ലോണിങ്ങ് ശിശു പിറക്കുമായിരുന്നു. (ഈ കമന്റിൽ)

  ചാതുർ‌വർണ്യമാണു് ഇന്ത്യയിൽ വിദ്യയുടെ ഒഴുക്കു തടഞ്ഞതു് എന്നാണോ പറഞ്ഞുവരുന്നതു്? വിദ്യ എന്നും ഉയർന്നവരുടെ കയ്യിലായിരുന്നല്ലോ പണ്ടു്. അപ്പോഴെങ്ങനെ ചാതുർ‌വർണ്യം അതിനു തടയിടും? ഇതിനെപ്പറ്റി ഒരു സം‌വാദം എന്റെ അധികാരവും മതവും ശാസ്ത്രവും – ഭാരതത്തിൽ എന്ന പോസ്റ്റിൽ നടക്കുന്നുണ്ടു്. വായിച്ചു നോക്കുക. കൂടുതൽ വിവരങ്ങൾ നൽകാൻ കഴിയുമെങ്കിൽ ദയവായി നൽകുക.

  ചാതുർ‌വർണ്യത്തെ കുറ്റം പറയുകയും ബ്രാഹ്മണനെ നാലു തെറി പറയുകയും ചെയ്താൽ പുരോഗമനവാദിയാവുകയും അതിന്റെ മറവിൽ പിന്തിരിപ്പൻ ചിന്താഗതികളെ അരക്കിട്ടുറപ്പിക്കുകയും ചെയ്യാം എന്നതും പുതിയ ആർഷജ്ഞാനതീവ്രവാദികളുടെ ഒരു അടവാണു്.

ഭാരതത്തിൽ ഗണിതശാസ്ത്രം മികച്ചുനിന്നിരുന്നു എന്നും, അന്നത്തെ കാലത്തിനനുസരിച്ച കണ്ടുപിടിത്തങ്ങൾ ഇവിടെ ഉണ്ടായിരുന്നു എന്നും, ആ കാര്യത്തിൽ ആ കാലത്തെ ലോകത്തിൽ മുൻ‌പന്തിയിൽത്തന്നെ ഭാരതം നിന്നിരുന്നു എന്നും ഉള്ള വാദത്തിനോടു് എനിക്കു വിയോജിപ്പില്ല. ആധുനികമൂല്യത്തോടു കിടപിടിക്കുന്ന കാര്യം ഒരു ആചാര്യൻ ധ്യാനത്തിലൂടെ മനസ്സിലാക്കി എന്ന പോയിന്റിനെയാണു ഞാൻ വിമർശിക്കുന്നതു്. അല്ലാതെ ഏഴു ശതമാനമോ പത്തു ശതമാനമോ എറർ ഉള്ളതിനെയല്ല. പാശ്ചാത്യരുടെ കണക്കുകൂട്ടലിൽ അതിനെക്കാൾ വലിയ തെറ്റുകൾ ഉണ്ടായിരുന്നു.


ആ പോസ്റ്റിലെ കമന്റുകളുടെ പ്രതികരണമായി പറഞ്ഞതു തന്നെ വീണ്ടും വിശദീകരിക്കേണ്ടി വന്നു. എല്ലാ ചോദ്യങ്ങൾക്കും ഉത്തരം പറഞ്ഞു എന്നു വിശ്വസിക്കുന്നു. വിമർശനങ്ങളുണ്ടെങ്കിൽ എഴുതുക. മുട്ടാപ്പോക്കു ന്യായങ്ങൾക്കു് ഇനി എന്നിൽ നിന്നു മറുപടി പ്രതീക്ഷിക്കരുതു്. എനിക്കു പോസ്റ്റുകൾ ഇനിയും എഴുതാനുണ്ടു്. നനഞ്ഞിറങ്ങിപ്പോയതു കൊണ്ടു കുളിച്ചു കയറാം എന്നു കരുതിയതല്ല. ഈ കുളി ആവശ്യമാണെന്നു കുറേ കാലമായി അറിയാവുന്നതുകൊണ്ടു് മനഃപൂർ‌വ്വം നനഞ്ഞതാണു്.