സായിബാബയുടെ ചന്ദ്ര-നക്ഷത്ര-കലണ്ടർ

എന്റെ സായിബാബയുടെ പ്രവചനവും “നക്ഷത്രമെണ്ണുന്ന” ഫിലിപ്പ് എം. പ്രസാദും എന്ന പോസ്റ്റിനു ചില ഒറ്റപ്പെട്ട പ്രതികരണങ്ങൾ ഈമെയിൽ വഴിയും നേരിട്ടുള്ള സംഭാഷണങ്ങളിലൂടെയും കിട്ടിയിരുന്നു. ഇത്തരം പോസ്റ്റുകൾ കുറേക്കാലമായി എഴുതുന്നതു കൊണ്ടും, എന്തു തെറ്റു ചൂണ്ടിക്കാണിച്ചാലും അതിനെ ഏതെങ്കിലും വിധത്തിൽ നേരെയാക്കാൻ “നമുക്കറിയാത്ത ഒരുപാടു കാര്യങ്ങൾ ഉണ്ടു്. പൂർവ്വമനീഷികൾ എന്താണുദ്ദേശിച്ചതു് എന്നു തനിക്കു വല്ല വിവരവുമുണ്ടോ?” എന്ന മട്ടിലുള്ള പ്രതികരണങ്ങൾ ധാരാളം കിട്ടി നല്ല പരിചയമുള്ളതു കൊണ്ടും, പറഞ്ഞവർ പറഞ്ഞ കാര്യങ്ങളിൽ യാതൊരു കഴമ്പും ഇല്ലാതിരുന്നതിനാലും, അതൊക്കെ അവഗണിച്ചു. ഭാരതീയപൈതൃകത്തെപ്പറ്റിയുള്ള ചില അവകാശവാദങ്ങൾ തെറ്റാണെന്നു പറയുമ്പോൾ കിട്ടുന്ന ഇങ്ങനെയുള്ള എതിർവാദങ്ങൾക്കു് മറുപടി പറയേണ്ടതുണ്ടു്. കാരണം, പഴയ കാര്യങ്ങളിൽ പല വ്യതിയാനങ്ങളും വ്യാഖ്യാനഭേദങ്ങളും ഉണ്ടാവാം. എങ്കിലും നൂറ്റാണ്ടുകളായി കാര്യമായ വ്യത്യാസമുണ്ടാവാത്ത ചന്ദ്രഗതിയനുസരിച്ചുള്ള കലണ്ടറിനെപ്പറ്റിയുള്ള അബദ്ധങ്ങൾ മറുപടി അർഹിക്കുന്നില്ല.

ഇങ്ങനെയാണെങ്കിലും, ഒരു പ്രതികരണത്തിനു മറുപടി പറയണം എന്നു തോന്നുന്നു. ഇന്റർനാഷണൽ സായി ഫൗണ്ടേഷന്റെ ഔദ്യോഗികവിശദീകരണം രഞ്ജിത്ത് എന്ന വായനക്കാരൻ ഒരു കമന്റിൽ കാണിച്ചു തന്നു.

ചുരുക്കം ഇത്രയുമാണു്:

  1. 1926 നവംബർ 23-നാണു് സത്യസായിബാബ ജനിച്ചതു്.
  2. 1960 സെപ്റ്റംബർ 9-നു നടത്തിയ പ്രഭാഷണത്തിൽ താൻ ഇനി 59 വർഷം കൂടി ജീവിച്ചിരിക്കും എന്നു് അദ്ദേഹം അവകാശപ്പെട്ടു.
  3. 1986-ൽ 93 വയസ്സായിരുന്ന ഒരു സുബ്രഹ്മണ്യശാസ്ത്രിയ്ക്കു നൂറു വയസ്സു തികഞ്ഞു എന്നു ബാബ പറഞ്ഞു.
  4. ബാബ ചാന്ദ്രമാസമായിരുന്നു ഉപയോഗിച്ചിരുന്നതു്. അതനുസരിച്ചു് അദ്ദേഹം 1133 ചാന്ദ്രമാസങ്ങൾ ജീവിച്ചു. മൊത്തം 30833 ദിവസങ്ങൾ.
  5. ഒരു ചാന്ദ്രമാസം 27.21 ദിവസം ആണെന്നു തോന്നുന്നു. (ഇന്റെർനെറ്റിൽ നിന്നു കിട്ടിയതാണു്. കൃത്യമായി അറിയില്ല!) അതു വെച്ചു ചുമ്മാ കണക്കുകൂട്ടിയാൽ എല്ലാം ശരിയാണെന്നു മനസ്സിലാവും.
  6. നമ്മക്കിതൊന്നും ഒരു പിടിയുമില്ല. ശരിയായ കണക്കുകൾ ഒരു ജ്യോത്സ്യനോടു ചോദിക്കണം.

ഇനി നമുക്കു നോക്കാം.


എന്താണു് ഈ ച(ചാ)ന്ദ്രമാസം?

ചന്ദ്രന്റെ ഗതിയെ അടിസ്ഥാനമാക്കി കണക്കാക്കുന്ന മാസമാണു് ചന്ദ്രമാസം. പഴയ കലണ്ടറുകളിലൊക്കെയും ചന്ദ്രന്റെ ഒരു ഭ്രമണത്തിന്റെ കാലത്തെയായിരുന്നു മാസമായി കണക്കാക്കിയിരുന്നതു്. ഇന്നും ഹിജ്രി (ഇസ്ലാമികകലണ്ടർ), ഹീബ്രു കലണ്ടർ, ചൈനീസ് കലണ്ടർ തുടങ്ങി പല കലണ്ടറുകളിലെയും മാസം ചന്ദ്രമാസമാണു്.

ഒരു കറുത്ത വാവു മുതൽ അടുത്ത കറുത്ത വാവു വരെയുള്ള കാലയളവാണു് ചന്ദ്രമാസം. ശരാശരി 29.53 ദിവസമാണു് ഇതു്. നമ്മുടെ കലണ്ടറുകളിൽ പ്രഥമ മുതൽ വാവു വരെ 15 ദിവസങ്ങൾ ഉള്ള രണ്ടു പക്ഷങ്ങൾ ചേർന്നതാണു് ഒരു മാസം.

ഇതാണോ സായിബാബ പറഞ്ഞെന്നു പറയുന്ന ചന്ദ്രമാസം?

അല്ല.

ഭൂമിയിൽ നിന്നു നോക്കുമ്പോൾ സൂര്യനെ അപേക്ഷിച്ചു് ചന്ദ്രൻ ഒരേ സ്ഥലത്തു തന്നെ രണ്ടു പ്രാവശ്യം വരുന്ന സമയങ്ങൾക്കിടയിലുള്ള കാലയളവാണു് മുകളിൽ പറഞ്ഞ ചന്ദ്രമാസം. ഇതല്ലാതെ, ദൂരെയുള്ള ഒരു സ്ഥിരബിന്ദുവിനെ അടിസ്ഥാനമാക്കി (അങ്ങനെയൊരു ബിന്ദുവിനെ കിട്ടാൻ പാടാണു്. സൂര്യനല്ലാത്ത ഏതെങ്കിലും നക്ഷത്രത്തെയാണു് ഭാരതീയർ ഉപയോഗിച്ചതു്.) ചന്ദ്രൻ ഒരേ സ്ഥലത്തെത്തുന്ന രണ്ടു സമയത്തിനിടയിലുള്ള കാലയളവാണു് ഇവിടെ സായിബാബ പറഞ്ഞെന്നു പറയുന്ന മാസം. മറ്റേതിൽ നിന്നു വ്യവച്ഛേദിക്കാൻ അതിനെ നമുക്കു് ചന്ദ്ര-നക്ഷത്ര-മാസം എന്നു വിളിക്കാം. (നേരത്തേ പറഞ്ഞതിനെ ചന്ദ്ര-സൂര്യ-മാസം എന്നും.) അതായതു്, അശ്വതി നക്ഷത്രം മുതൽ അടുത്ത അശ്വതിനക്ഷത്രം വരെയുള്ള സമയം. ഇതു് 27 ദിവസത്തിൽ അല്പം കൂടുതലാണു്.

ചന്ദ്ര-നക്ഷത്ര-മാസം എത്ര ദിവസമാണു്? 27.21 ദിവസം എന്നാണല്ലോ ആ പേജിൽ പറയുന്നതു്?

നക്ഷത്രങ്ങളെ കണക്കാക്കുന്ന ശരാശരി ചന്ദ്ര-നക്ഷത്ര-മാസം 27.21 ദിവസം അല്ല. അതു് draconic month ആണു്. അതായതു് ചന്ദ്രന്റെ ഭ്രമണപഥം ഭൂമിയുടെ ഭ്രമണതലത്തെ കൂട്ടിമുട്ടുന്ന ബിന്ദുവിൽ ചന്ദ്രൻ അടുത്തടുത്ത രണ്ടു തവണ എത്തുന്ന സമയങ്ങൾക്കിടയിലുള്ള കാലയളവാണു്. ഇതിനു് നക്ഷത്രമാസവുമായി ബന്ധമില്ല.

360 ഡിഗ്രി എക്ലിപ്റ്റിക് രേഖാംശത്തെ 27 സമഭാഗങ്ങളാക്കിയതിൽ ഒരു ഭാഗമാണു് ഒരു നക്ഷത്രം. അപ്പോൾ ഒരു ചന്ദ്ര-നക്ഷത്ര-മാസം ചന്ദ്രൻ അതേ എക്ലിപ്റ്റിക് രേഖാംശത്തിൽ തിരിച്ചെത്തുന്ന സമയം ആവണം. വിഷുവങ്ങളുടെ പുരസ്കരണം കണക്കിലെടുത്താൽ ഇതു് (tropical lunar month) 27.32158 ദിവസം ആണു്, കണക്കിലെടുത്തില്ലെങ്കിൽ (sidereal lunar month) 27.32166 ദിവസവും. ഭാരതീയർ (ഷിജു അലക്സ് ഒഴികെയുള്ള ഭാരതീയർ എന്നു പറയുന്നതാണു കൂടുതൽ ശരി 🙂 ) ഈ പുരസ്കരണവും മറ്റും നോക്കാറില്ല. അതായതു്, ചന്ദ്ര-നക്ഷത്ര-മാസം 27.32166 ദിവസം. (ഇതാണു ഞാൻ കഴിഞ്ഞ പോസ്റ്റിൽ 27.3217 എന്നു പറഞ്ഞതു്.) വർഷം 12 മാസമാണെങ്കിൽ ഒരു ചാന്ദ്ര-നക്ഷത്ര-വർഷം = 12 x 27.32166 = 327.85992 ദിവസം.

വിശദവിവരങ്ങൾക്കു് ഈ വിക്കി ലേഖനം കാണുക.

ഈ ചന്ദ്ര-നക്ഷത്ര-മാസം ഒരു മാസമായി കണക്കാക്കുന്ന കലണ്ടറുകൾ ഏതൊക്കെ?

എന്റെ അറിവിൽ ഒന്നും ഇല്ല. ചന്ദ്രനെ അടിസ്ഥാനമാക്കിയുള്ള കലണ്ടറുകൾ എല്ലാം തന്നെ ചന്ദ്ര-സൂര്യ-മാസമാണു് കണക്കിലെടുക്കുന്നതു്. ഭാരതത്തിൽ പ്രചാരത്തിലുണ്ടായിരുന്ന മിക്കവാറും എല്ലാ കലണ്ടറുകളുടെയും സ്ഥിതി ഇതു തന്നെയാണു്. (സൂര്യന്റെ ഗതിയെ മാത്രം അടിസ്ഥാനമാക്കി ഉള്ള കലണ്ടറുകളും ഉണ്ടായിരുന്നു – നമ്മുടെ കൊല്ലവർഷം പോലെ.)

ഭാരതീയരീതിയിലുള്ള ചന്ദ്ര-നക്ഷത്ര-മാസം എന്ന പ്രയോഗം മനുഷ്യരുടെ കണ്ണിൽ മണ്ണിടാനുള്ള ഒരു ശ്രമം മാത്രം.

ചന്ദ്ര-നക്ഷത്ര-മാസം തന്നെയാണു് ഉപയോഗിച്ചതെന്നിരിക്കട്ടേ. സായിബാബയുടെ മരണം സംബന്ധിച്ച കണക്കുകളിൽ ഏതെങ്കിലും ശരിയാണോ?

അല്ല.

1926 നവംബർ 23 മുതൽ 2011 ഏപ്രിൽ 24 വരെ 30833 ദിവസം. അതു ശരിയാണു്. എന്നു വെച്ചാൽ, 94.04321211 ചാന്ദ്ര-നക്ഷത്ര-വർഷം. 1128.518545 ചാന്ദ്ര-നക്ഷത്ര-മാസങ്ങൾ.

1960 സെപ്റ്റംബർ 9 മുതൽ 2011 ഏപ്രിൽ 24 വരെ 18489 ദിവസങ്ങളേ ഉള്ളൂ. 59 ചാന്ദ്ര-നക്ഷത്ര-വർഷങ്ങൾക്കു് 59 x 327.85992 = 19343.73528 ദിവസങ്ങൾ വേണം. അതായതു്, ആ പ്രവചനം അനുസരിച്ചു്, 2013 ഓഗസ്റ്റ് 26 വരെയെങ്കിലും ബാബ ജീവിക്കണം.

ഇനി ആ സൈറ്റിൽ പറഞ്ഞിരിക്കുന്ന 27.21 എന്ന മൂല്യം തന്നെ എടുത്താലോ? എന്നാലും ശരിയാവില്ല. 59 x 12 x 27.21 = 19264.68 ദിവസങ്ങൾ. അതായതു്, ബാബ 2013 ജൂൺ 7 വരെയെങ്കിലും ജീവിക്കണം.

ഇനി, ആ പ്രവചനം ശരിയാകണമെങ്കിൽ ചാന്ദ്ര-നക്ഷത്ര-മാസത്തിന്റെ ദൈർഘ്യം എത്രയാവണം എന്നു നമുക്കു കണക്കുകൂട്ടി നോക്കാം. 18489/ (12 x 59) = 26.1144 ദിവസം! ചന്ദ്രനെ അത്ര പതുക്കെയാക്കാൻ ആ സൈറ്റിൽ വിശദീകരണം എഴുതാൻ മിനക്കെട്ട അണ്ണന്മാർ കുറേ ശ്രമിച്ചുകാണും. പക്ഷേ 27.21-ൽ കുറയ്ക്കാൻ ഒരു വഴിയും കണ്ടില്ല. ഇനി ജ്യോത്സ്യന്മാർ പറഞ്ഞുതരുമായിരിക്കും!


താനും ഇങ്ങനെ തോന്നിയതു പോലെ കുറേ കണക്കുകൾ പറയുകയാണല്ലോ. ഇതു ഞങ്ങളുടെ കണ്ണിൽ പൊടിയിടാനല്ല എന്നു് എങ്ങനെ ബോദ്ധ്യമാവും?

മുകളിൽ പറഞ്ഞ കാര്യങ്ങൾ നിങ്ങൾക്കു തന്നെ കണ്ടുപിടിക്കാവുന്നതേ ഉള്ളൂ. ഇവിടെ ഗ്രിഗോറിയൻ തീയതിയെ കലിദിനസംഖ്യയായും തിരിച്ചും മാറ്റാനുള്ള ഒരു പ്രോഗ്രാം ഞാൻ ഇട്ടിട്ടുണ്ടു്. കലിദിനസംഖ്യ ഓരോ ദിവസവും ഒന്നു വീതം കൂടുന്നതു കൊണ്ടു്

  • രണ്ടു തീയതികൾ തമ്മിലുള്ള വ്യത്യാസം കാണാൻ അവയുടെ കലിദിനസംഖ്യകളുടെ വ്യത്യാസം കാണുക.
  • ഒരു തീയതി കഴിഞ്ഞു് n ദിവസം കഴിഞ്ഞുള്ള തീയതി അറിയാൻ ആദ്യത്തേതിന്റെ കലിദിനസംഖ്യയോടു കൂടി n കൂട്ടിയിട്ടു് കിട്ടുന്ന സംഖ്യയെ തിരിച്ചു് തീയതിയാക്കുക.

ഉദാഹരണത്തിനു്, മുകളിൽ പറഞ്ഞ തീയതികളും അവയുടെ കലിദിനസംഖ്യയും:

1926 നവംബർ 23: 1836377
1960 സെപ്റ്റംബർ 9: 1848721
2011 ഏപ്രിൽ 24 : 1867210
2013 ജൂൺ 7 : 1867985
2013 ഓഗസ്റ്റ് 26 : 1868065

കലിദിനസംഖ്യയെപ്പറ്റി കൂടുതൽ ഇവിടെയും ഇവിടെയും.

ഇനി, കലിദിനസംഖ്യ തന്നെ വേണമെന്നില്ല. ജൂലിയൻ ഡേ നമ്പരോ അതു പോലെയുള്ള എന്തെങ്കിലും സങ്കേതങ്ങളോ നോക്കിയാൽ മതി. അല്ലെങ്കിൽ മൈക്രോസോഫ്റ്റ് എക്സൽ, പല പ്രോഗ്രാമിംഗ് ഭാഷകൾ തുടങ്ങിയവയിൽ തീയതികളുടെ അങ്കഗണിതം സാദ്ധ്യമാണു്. അവയിലേതെങ്കിലും ഉപയോഗിച്ചു കണക്കുകൂട്ടി നോക്കുക.


വേറെയും തെളിവുകളുണ്ടല്ലോ, ബാബ ചന്ദ്ര-നക്ഷത്രമാസം ഉപയോഗിച്ചതിനെപ്പറ്റി?

ഇനി 93 വയസ്സുള്ള ഒരു മനുഷ്യനു നൂറു വയസ്സു തികഞ്ഞു എന്നു ബാബ പറഞ്ഞു (ഒള്ളതാണോ എന്തോ!) എന്നാണു് മറ്റൊരു “തെളിവു്”. എപ്പോൾ പറഞ്ഞു എന്നു വ്യക്തമല്ല. ഏതായാലും 93 തികഞ്ഞു് 94 ആകുന്നതിനു മുമ്പാണെന്നു് നമുക്കു് ഊഹിക്കാം. 100 ചാന്ദ്ര-നക്ഷത്ര-വർഷം = 327.85992 x 100 / 365.25 = 89.76 വർഷമാണു്. 93 തികഞ്ഞ മനുഷ്യൻ പിന്നെ ഏതു ചന്ദ്ര-നക്ഷത്ര-കലണ്ടർ വഴിയാണു 100 വയസ്സാകുന്നതു്?

  • 93 തികയുമ്പോൾ 100 വയസ്സായെങ്കിൽ വർഷം = 93 x 365.25 / 100 = 339.6825 ദിവസം, മാസം = 28.31 ദിവസം.
  • 94 തികയുമ്പോൾ 100 വയസ്സായെങ്കിൽ വർഷം = 94 x 365.25 / 100 = 343.335 ദിവസം, മാസം = 28.61 ദിവസം.

അതായതു് ചന്ദ്രൻ 28.31 ദിവസത്തിനും 28.61 ദിവസത്തിനും ഇടയ്ക്കു് ഭൂമിയ്ക്കു ചുറ്റും കറങ്ങണം എന്നു്. ഏതു ചന്ദ്രനാണോ ഇങ്ങനെ കറങ്ങുന്നതു്?


അപ്പോൾ, പറഞ്ഞു വരുന്നതു്…?

ചുരുക്കം പറഞ്ഞാൽ, മഞ്ഞളു പോലെ വെളുത്തിരിക്കുന്ന അഞ്ജനത്തിന്റെ വർണ്ണനയാണു് ആ ഔദ്യോഗികപേജ് മുഴുവൻ. എന്തൊക്കെയോ കണക്കുകൾ എഴുതിയിട്ടുണ്ടു്. അതിൽ ഒന്നു പോലും ശരിയല്ല.

പിന്നെന്തിനാണു് ഇതൊക്കെ അവിടെ എഴുതി വെച്ചിരിക്കുന്നതു്?

എലിമെന്ററി മിസ്റ്റർ വാട്ട്സൻ! കോപ്പർനിക്കസിനു 2500 വർഷം മുമ്പു് “മൃത് ജല ശിഖി വായുമയോ ഭൂഗോളഃ സര്‍വ്വതോ വൃത്തഃ” എന്നു പറഞ്ഞിട്ടുണ്ടു് എന്നു മൊഴിഞ്ഞ ഡോ. ഗോപാലകൃഷ്ണൻ ഇതു വ്യക്തമാക്കിയിട്ടുണ്ടു്. കുറേ നമ്പരുകൾ അടിച്ചാൽ മതി. ആരും ഇതൊന്നും കണക്കുകൂട്ടാൻ മെനക്കെടില്ല. ചന്ദ്രവർഷം, കലണ്ടർ എന്നൊക്കെ കേൾക്കുമ്പോഴേ മിക്കവാറും പേർ “അതു ശരിയായിരിക്കും” എന്നു പറഞ്ഞു വിട്ടിട്ടു പോകും.

ഇതാണു് ഇങ്ങനെയുള്ള പല ഉഡായിപ്പുകളുടെയും പൊരുൾ. ഇനി ഇങ്ങനെയുള്ള കണക്കുകൾ കാണുമ്പോൾ ഒരു പെൻസിലും കടലാസുമെടുത്തു് (കാൽക്കുലേറ്ററോ കമ്പ്യൂട്ടറോ ആയാലും മതി) ഒന്നു കണക്കുകൂട്ടി നോക്കുക. മിക്കവയും പൊട്ടത്തെറ്റാണെന്നു മനസ്സിലാവും. എന്നാണോ നമ്മുടെ കണക്കിനോടുള്ള പേടി മാറുക?


അതു വിടു്, ഇതു് എങ്ങനെയെങ്കിലും ശരിയാക്കാൻ പറ്റുമോ?

അര നിമിഷത്തിൽ 2202 യോജന സഞ്ചരിക്കുന്ന സൂര്യന്റെ കണക്കു തെറ്റാണെന്നു പറഞ്ഞപ്പോൾ ഈ യോജനയും നിമിഷവുമൊക്കെ പല കാലത്തു പല വിലയായിരുന്നെന്നും അതു കൊണ്ടു് ഒരു പുസ്തകത്തിലെ യോജനയും മറ്റൊരു പുസ്തകത്തിലെ നിമിഷവും കൂടി ചേർത്തു് നമുക്കു് അഡ്ജസ്റ്റു ചെയ്യാം എന്നു വാദിച്ചവരുണ്ടു്. അവർ ഇവിടെ എന്തു ചെയ്യുമോ എന്തോ? നൂറ്റാണ്ടുകളായി (മനുഷ്യൻ കലണ്ടർ ഉപയോഗിക്കാൻ തുടങ്ങിയ കാലം മുഴുവൻ) ചന്ദ്രന്റെ വേഗതയ്ക്കു് ഇവിടെപ്പറഞ്ഞ കണക്കുകൾ എന്തെങ്കിലും ശരിയാക്കാൻ തക്കവണ്ണം മാറ്റം സംഭവിച്ചിട്ടില്ല. കഷ്ടം! അപ്പോൾ എന്തു ചെയ്യും?

ഞാൻ ഒരു വഴി പറയാം.

ബാബയുടെ വർഷം സൂര്യന്റെയും ചന്ദ്രന്റെയും ആണെന്നു് ആരു പറഞ്ഞു? പ്രപഞ്ചത്തിൽ എത്ര വേറേ ഗോളങ്ങളുണ്ടു്! പ്രപഞ്ചം മുഴുവൻ അറിയുന്ന ബാബ (പ്രപഞ്ചം മുഴുവൻ അറിയാം, ഒരു സ്റ്റൂൾ മുതുകിൽ വീണതിനു ശേഷം വീൽചെയറില്ലാതെ സഞ്ചരിക്കാൻ കഴിയില്ലായിരുന്നു. പാവം!) അതിൽ ഏതെങ്കിലും ഗോളത്തിന്റെ വർഷം ആണു് ഉദ്ദേശിച്ചതെങ്കിലോ?

സൗരയൂഥത്തിലെ ഗ്രഹങ്ങളുടെ വർഷക്കണക്കു് താഴെച്ചേർക്കുന്നു. (ഉപഗ്രഹങ്ങൾ, സൗരയൂഥത്തിനു വെളിയിലുള്ള ഗ്രഹങ്ങൾ ഇവയുടെ കണക്കു് വേണമെങ്കിൽ ഇന്റർനെറ്റിലോ മറ്റോ നോക്കി കണ്ടുപിടിച്ചോളൂ. എനിക്കല്പം സമയക്കുറവുണ്ടു്!) ഇതിൽ ഏതെങ്കിലും വെച്ചു് അഡ്ജസ്റ്റ് ചെയ്യാമോ എന്നു നോക്കൂ:

പ്ലൂട്ടോ ഗ്രഹമല്ല എന്നാണു് ഇപ്പോഴത്തെ അറിവു്. എന്നാലും അതും കൂടി ഒന്നു ചെക്കു ചെയ്തേക്കൂ. കണക്കു് എവിടെയാണു ശരിയാവുക എന്നു ബാബയ്ക്കു മാത്രമല്ലേ അറിയൂ!
ബുധൻ 87.96 ദിവസം
ശുക്രൻ 224.68 ദിവസം
ഭൂമി 365.25 ദിവസം
ചൊവ്വ 686.98 ദിവസം
വ്യാഴം 11.862 വർഷം
ശനി 29.456 വർഷം
യുറാനസ് 84.07 വർഷം
നെപ്ട്യൂൺ 164.81 വർഷം
പ്ലൂട്ടോ 247.7 വർഷം

(ആ യുറാനസിന്റെ വർഷം ഏതാണ്ടു് അടുത്തു വരുന്നുണ്ടല്ലോ. 96 വർഷം എന്നതു വ്യാഖ്യാനിച്ചു് യുറാനസിന്റെ ഒരു വർഷം എന്നോ മറ്റോ ആക്കാൻ പറ്റുമോ?)


എനിക്കു് ഇങ്ങനെയൊന്നു പ്രവചിച്ചാൽ കൊള്ളാമെന്നുണ്ടു്. എന്തെങ്കിലും വഴി?

തൊണ്ണൂറ്റാറാം വയസ്സിൽ മരിക്കും എന്ന ആദ്യപ്രവചനത്തെ ഒന്നു നേരെയാക്കാൻ അതിനു പകരം മുപ്പത്തിനാലാം വയസ്സിൽ ഇനി 59 വർഷം കൂടി ജീവിക്കും എന്നു പറഞ്ഞതിനെ (ഇവിടെയും ഒന്നുരണ്ടു കൊല്ലത്തിന്റെ വ്യത്യാസമുണ്ടു്. അതു പോകട്ടേ.) ഉദ്ധരിച്ചു് നേരെയാക്കുന്ന രീതി ബഹുകേമം! മോഡുലർ അരിത്‌മെറ്റിക് എന്ന ഗണിതശാഖ ഉപയോഗിച്ചു് ഇതു് എല്ലാ ബാബമാർക്കും സിദ്ധന്മാർക്കും ഇതു് ഉപയോഗിക്കാം. അതീവഗൂഢമായ ആ രഹസ്യം താഴെച്ചേർക്കുന്നു.

  1. നമ്മൾ സാധാരണ പറയുന്ന വർഷം a ദിവസങ്ങൾ ആണെന്നിരിക്കട്ടേ. a = 365.25
  2. ഇനി സൗകര്യത്തിനു് ഒരു കലണ്ടർ കണ്ടുപിടിക്കണം. അതിന്റെ ഒരു വർഷത്തിൽ നമ്മുടെ b ദിവസങ്ങൾ ഉണ്ടെന്നിരിക്കട്ടേ.
  3. m എന്ന വയസ്സിൽ മരിക്കും എന്നു പ്രവചിക്കുക. പക്ഷേ, അതു് എല്ലാക്കൊല്ലവും പ്രവചിക്കണം. അതായതു്, 40 വയസ്സു തികയുമ്പോൾ, ഇനി (m-40) കൊല്ലം ജീവിക്കും എന്നു പറയണം.
  4. ബാക്കി കണക്കറിയാവുന്ന ഭക്തജനത്തിനു വിടുക.

നമ്മുടെ സിദ്ധൻ m-നു വളരെ മുമ്പു് n വയസ്സുള്ളപ്പോൾ മരിച്ചു എന്നിരിക്കട്ടേ. നമ്മുടെ ഗണിതജ്ഞനു് k എന്നൊരു വർഷം കണ്ടുപിടിക്കണം, ഇതു ശരിയാവാൻ. അതായതു്,

ഇതിൽ നിന്നു്,

എന്നിട്ടു് k എന്ന വർഷത്തിൽ നടത്തിയ പ്രവചനം പ്രസിദ്ധീകരിക്കുക. എല്ലാം ശരിയാണെന്നു തെളിയിക്കുക.

ഉദാഹരണമായി, ഞാൻ ഒരു സിദ്ധനാണെന്നു കരുതുക. ഞാൻ 100 വയസ്സു വരെ ജീവിച്ചിരിക്കും എന്നു പ്രവചിച്ചെന്നും കരുതുക. അല്പം സൂക്ഷിച്ചാൽ ഈ പ്രവചനം ശരിയാക്കാം. ദാ ഇങ്ങനെ:

25 വയസ്സു തികഞ്ഞ ദിവസം, ഞാൻ ഇനി 75 വർഷം ജീവിച്ചിരിക്കും എന്നു പ്രഖ്യാപിക്കുക. 26-ൽ 74, 27-ൽ 73 എന്നിങ്ങനെ പ്രവചിച്ചു കൊണ്ടേ ഇരിക്കുക. ഞാൻ എന്നു തട്ടിപ്പോയാലും എന്റെ ഭക്തജനത്തിനു് എന്റെ പ്രവചനം ശരിയാക്കാം. ഞാൻ ഉദ്ദേശിച്ചതു് ഭൗമവർഷമല്ല, ബുധവർഷം (87.96 ദിവസം) ആണെന്നു പറഞ്ഞാൽ മതി. മുകളിലുള്ള സൂത്രവാക്യം അപ്പോൾ

എന്നാവും.

ഉദാഹരണമായി, ഞാൻ മരിക്കുന്നതു് 55-ആം വയസ്സിലാണെന്നിരിക്കട്ടേ. മുകളിലുള്ള സൂത്രവാക്യം ഉപയോഗിച്ചു് k കണ്ടുപിടിക്കുക.

അതായതു്, എന്റെ നാൽപ്പത്തിയൊന്നാം പിറന്നാളിനു്, “ഞാൻ ഇനി 59 വർഷം കൂടി ജീവിക്കും” എന്നു പറഞ്ഞതു് ക്വോട്ടു ചെയ്താൽ മതി. 59 ബുധവർഷം = 5189.64 ദിവസം = 14.20 ഭൗമവർഷം. അപ്പോൾ സാധാരണ മനുഷ്യരുടെ കണക്കനുസരിച്ചു്, 41 + 14 = 55 വയസ്സിൽ. എന്താ, ശരിയായില്ലേ?

ഇതൊക്കെ നമ്മുടെ അണ്ണന്മാർ ശ്രമിച്ചിട്ടുണ്ടാവും. പക്ഷേ, ദൗർഭാഗ്യവശാൽ, സായിബാബയുടെ ചന്ദ്ര-നക്ഷത്ര-വർഷക്കണക്കനുസരിച്ചു് അതും ശരിയാവില്ല. ഇവിടെ b = 327.8604, m = 96, n = 84. അപ്പോൾ,

അതായതു്, ബാബ ജനിക്കുന്നതിനു് 21 വർഷം മുമ്പു് പ്രവചിക്കണം – 117 വർഷത്തിനു ശേഷം അദ്ദേഹം മരിക്കും എന്നു്. 117 ചന്ദ്ര-നക്ഷത്ര-വർഷം = 117 x 327.8604 = 38359.61 ദിവസം = 105.02 വർഷം. അതായതു്, ജനിച്ചു കഴിഞ്ഞു് 84 വർഷങ്ങൾക്കുള്ളിൽ മരിക്കും.

ഇനി എന്നെങ്കിലും 1905-ൽ ആരോ ഇതു പ്രവചിച്ചു എന്നു വാർത്ത കണ്ടാൽ അദ്ഭുതപ്പെടേണ്ട, ബാബയുടെ ഭക്തഗണത്തിൽ ഹൈസ്കൂൾ ഗണിതം അറിയാവുന്ന ആരോ ഉണ്ടു്!


ഇത്രയും എഴുതിയതു കൊണ്ടു്, ഇതിലെ കള്ളത്തരം എല്ലാവർക്കും മനസ്സിലാവുമോ?

എവടെ?

ഇതുകൊണ്ടൊന്നും ഈ നേരെയാക്കലുകൾ നേരെയാവുമെന്നു തോന്നുന്നില്ല. റോക്കറ്റുണ്ടാക്കുന്ന ശാസ്ത്രജ്ഞന്മാർ മുതൽ അന്തർജ്ഞാനപടുവായ സിനിമാസൂപ്പർസ്റ്റാർ വരെ ഉൾപ്പെടുന്ന ഭക്തഗണങ്ങളിൽ ആരെങ്കിലും കിണഞ്ഞു പരിശ്രമിച്ചു് ബാബയുടെ വാക്കുകൾ എങ്ങനെയെങ്കിലും സത്യമാണെന്നു് ഇനിയും “തെളിയിക്കും”. അതു കാണുമ്പോൾ അതിലുള്ള കാര്യങ്ങൾ തൊള്ള തൊടാതെ വിഴുങ്ങാൻ ഉപ്പു വാങ്ങാൻ പോകുന്നതിനു മുമ്പു് അഞ്ചു നിമിഷം അതൊന്നു കണക്കു കൂട്ടാൻ ഇതു വായിക്കുന്നവരിൽ ചിലരെയെങ്കിലും പ്രേരിപ്പിച്ചെങ്കിൽ ഈ പോസ്റ്റെഴുതാൻ ഞാൻ ചെലവാക്കിയ സമയം സാർത്ഥകമായി.

(ഞാൻ മുകളിലെഴുതിയതും ദയവായി തൊണ്ട തൊടാതെ വിഴുങ്ങരുതു്. കണക്കുകൾ ശരിയാണോ എന്നു പരിശോധിക്കുക. തെറ്റു വന്നിട്ടുണ്ടെങ്കിൽ തിരുത്താം.)