October 2023

മാതൃപഞ്ചകം

ശങ്കരാചാര്യരുടെ വിഖ്യാതമായ മാതൃപഞ്ചകം എന്ന കൃതിയുടെ വൃത്താനുവൃത്തപരിഭാഷ. 2021 മെയ് 12-ന് ഇത് ഫേസ്ബുക്കിൽ പ്രസിദ്ധീകരിച്ചിരുന്നു.

മൂലം പരിഭാഷ

മുക്താമണിസ്ത്വം നയനം മമേതി
രാജേതി ജീവേതി ചിരം സുത ത്വം
ഇത്യുക്തവത്യാസ്തവ വാചി മാതഃ
ദദാമ്യഹം തണ്ഡുലമേവ ശുഷ്കം

“നീ മുത്തെനിക്കെന്നുടെ കണ്ണു നീ താൻ
രാജാവു നീ, യെന്നുമിരിയ്ക്ക പുത്ര!”
ഈ വണ്ണമോതീടിന നിന്റെ വാക്കിൽ
നൽകീടുവാൻ വായ്ക്കരി മാത്രമാം മേ.

അംബേതി താതേതി ശിവേതി തസ്മിൻ
പ്രസൂതികാലേ യദവോച ഉച്ചൈഃ
കൃഷ്ണേതി ഗോവിന്ദ ഹരേ മുകുന്ദേ-
ത്യഹോ ജനന്യൈ രചിതോഽയമഞ്ജലിഃ

“അമ്മേ, പിതാവേ, ശിവനേ” – യിതൊക്കെ-
ച്ചൊന്നേ കരഞ്ഞൂ പ്രസവത്തിനന്നാൾ;
“ഹേ കൃഷ്ണ, ഗോവിന്ദ, ഹരേ” ജപിച്ചു
ഞാനിന്നു കൂപ്പുന്നിതു നിന്നെയമ്മേ!

ആസ്താം താവദിയം പ്രസൂതിസമയേ ദുർവാരശൂലവ്യഥാ
നൈരുച്യം തനുശോഷണം മലമയീ ശയ്യാ ച സാംവത്സരീ
ഏകസ്യാപി ന ഗർഭഭാരഭരണക്ലേശസ്യ യസ്യാ ക്ഷമോ-
ദാതും നിഷ്കൃതിമുന്നതോഽപി തനയസ്തസ്യൈ ജനന്യൈ നമഃ

പാരം ഭീകരപേറ്റുനോവു, രുചി പോം കാലം, ചടയ്ക്കുന്ന മെ,-
യ്യോരാണ്ടിൻ മലശയ്യയെന്നിവ ഗണിച്ചീടാതിരുന്നീടിലും,
ഭാരം താങ്ങിന ഗർഭകാലരുജയോർത്തീടിൽ തിരിച്ചേകിടാൻ
ആരാവട്ടെ, മകന്നസാദ്ധ്യ, മതുപോലുള്ളോരു തായേ, തൊഴാം!

ഗുരുകുലമുപസൃത്യ സ്വപ്നകാലേതു ദൃഷ്ട്വാ
യതിസമുചിതവേഷം പ്രാരുദോ മാം ത്വമുച്ചൈഃ
ഗുരുകുലമഥ സർവ്വം പ്രാരുദത്തേ സമക്ഷം
സപദി ചരണയോസ്തേ മാതുരസ്തു പ്രണാമഃ

കനവതിൽ മുനിയായിക്കണ്ടു നീയെന്നെ, ദുഃഖം
പെരുകി ഗുരുകുലത്തിൽ ചെന്നുറക്കെക്കരഞ്ഞ്
ഗുരുവരരുടെ മൊത്തം മുന്നിൽ നിന്നോരു തായേ,
ഇരു ചരണവുമിപ്പോൾ താണു കൂപ്പുന്നിതാ ഞാൻ.

ന ദത്തം മാതസ്തേ മരണസമയേ തോയമപി വാ
സ്വധാ വാ നോ ദത്താ മരണദിവസേ ശ്രാദ്ധവിധിനാ
ന ജപ്തോ മാതസ്തേ മരണസമയേ താരകമനുഃ
അകാലേ സമ്പ്രാപ്തേ മയി കുരു ദയാം മാതുരതുലാം

ഒരല്പം വെള്ളം നിൻ മരണസമയത്തേകിയതുമി-
ല്ലൊടുക്കം ചെയ്യേണ്ടും ക്രിയകളെ നടത്തീല വഴി പോൽ;
ജപിക്കാനും പറ്റീലൊടുവിലരികിൽ താരകവുമേ,
ക്ഷമിക്കൂ നേരം വിട്ടണയുമിവനോടെന്റെ ജനനീ!

കവിതകള്‍ (My poems)
പരിഭാഷകള്‍ (Translations)

Comments (0)

Permalink

ഓർമ്മിക്കാനുള്ള വിചിത്രവിദ്യകൾ

ശരാശരി മനുഷ്യരെക്കാൾ ഓർമ്മശക്തി കുറവുള്ള ഒരു മനുഷ്യനാണു ഞാൻ.

സ്വന്തം അഡ്രസ് (ഇതു തെറ്റിച്ചെഴുതിയതു കൊണ്ട് ഒരിക്കൽ നാട്ടിൽ പോകാനുള്ള എയർ ടിക്കറ്റ് തിരിച്ച് ട്രാവൽ ഏജന്റിന്റെ കയ്യിൽ ചെന്നതു കൊണ്ട് യാത്രയുടെ അന്ന് ഒരു മണിക്കൂർ യാത്ര ചെയ്ത് അതു പോയി വാങ്ങേണ്ടി വന്നിട്ടുണ്ട്), സ്വന്തം സിപ് കോഡ് (നാട്ടിലെ പിൻ കോഡ് എന്ന ആറക്കം പോലെ അമേരിക്കയിലുള്ള അഞ്ചക്കകോഡ്. ഡെബിറ്റ് കാർഡ് ഉപയോഗിച്ച് പെട്രോളടിക്കുമ്പോൾ ഇത് എന്റർ ചെയ്യണം), ഓഫീസിൽ ഇപ്പോൾ ഹാൻഡിൽ ചെയ്യുന്ന ബഗ്ഗിന്റെ നമ്പർ, വർക്കു ചെയ്യുന്ന സോഫ്റ്റ്വെയറിന്റെ ഇപ്പോഴത്തെ വേർഷൻ (ആറു മാസത്തേയ്ക്കു മാറ്റമില്ലാതെ നിൽക്കുന്ന സാധനമാണ് ഇത്), പരിചയമുള്ള പലരുടെയും പേര് എന്നിങ്ങനെ ഒരുപാടു കാര്യങ്ങൾ പലപ്പോഴും ഓർമ്മയിൽ നിൽക്കാറില്ല. ബാക്കിയുള്ളവരൊക്കെ ഇവ നന്നായി ഓർക്കുകയും ചെയ്യും.

ചില പരിപാടികൾക്കു പങ്കെടുത്തപ്പോൾ ധരിച്ച വസ്ത്രം, കടയിൽ നിന്നു പണ്ടു വാങ്ങിയ സാധനത്തിന്റെ ബ്രാൻഡും കവറിന്റെ നിറവും തുടങ്ങി സാധാരണ ആളുകൾ (പ്രത്യേകിച്ചു സ്ത്രീകൾ) കൃത്യമായി ഓർക്കുന്ന അഡ്വാൻസ്ഡ് സംഭവങ്ങളുടെ കാര്യം പറയാനും മേലാ.


ഇങ്ങനെയൊക്കെയാണെങ്കിലും സാധാരണ ആളുകൾ ഓർക്കാത്ത പലതും ഞാൻ ഓർക്കാറുണ്ട്.

പോയ വഴികൾ ഓർക്കാൻ ആവറേജ് കഴിവുണ്ട്. ഓർമ്മശക്തിയല്ല, ഡയറക്ഷൻ സെൻസാണ് കാരണം എന്നാണു തോന്നുന്നത്. മിക്കവാറും ആളുകൾ ഇതിൽ മോശമായതിനാൽ ഞാൻ ഇതിൽ കിടിലമാണെന്ന് ഒരു അഭിപ്രായം പൊതുവേ ഉണ്ട്. സത്യത്തിൽ കഷ്ടിച്ച് ആവറേജ് ഓർമ്മയേ ഇതിൽ ഉള്ളൂ. ഇതിൽ പുലികളായ പലരെയും അറിയാം. ഒരിക്കൽ പോയ സ്ഥലത്ത് പിന്നെ മാപ്പും ജീപ്പിയെസും ഒന്നുമില്ലാതെ പോയിക്കളയും.

ബാക്കിയുള്ളവരെക്കാൾ കൂടുതൽ ഓർമ്മയുള്ളത് ശ്ലോകങ്ങൾ, കവിതകൾ, ചെസ് ഗെയിമുകളും പൊസിഷൻസും, പസിലുകൾ, ഫേസ്ബുക്കിലും മറ്റും ആളുകൾ എന്നെങ്കിലും എഴുതിയ പോസ്റ്റുകൾ തുടങ്ങിയ ചില കാര്യങ്ങളാണ്. ഇത് ഇടയ്ക്കിടെ അവിടെയും ഇവിടെയും തള്ളുന്നതു കൊണ്ട് എന്നെ ഒരു ഫോട്ടോഗ്രാഫിക് മെമ്മറിയുടെ ആളായി ജനത്തിനെക്കൊണ്ടു തെറ്റിദ്ധരിപ്പിക്കാൻ കുറേയൊക്കെ കഴിഞ്ഞിട്ടുണ്ട്.


എഞ്ചിനീയറിംഗിനു പഠിക്കുമ്പോൾ ജനം പലതും കാണാതെ പഠിച്ച് പരീക്ഷയ്ക്കു പോകുന്നത് എനിക്ക് അദ്ഭുതമായിരുന്നു. ഒരക്ഷരം മനസ്സിലാകാത്ത മൂന്നു പേജ് തിയറം പ്രൂഫൊക്കെ വള്ളി പുള്ളി (കണക്കാകുമ്പോൾ ആല്ഫാ, ബീറ്റാ എന്നു പറയണമായിരിക്കും, അല്ലേ?) തെറ്റാതെ കാണാതെ പഠിച്ച് പരീക്ഷയ്ക്ക് എഴുതാൻ പ്രാപ്തിയുള്ള ധാരാളം പേരെ കണ്ടിട്ടുണ്ട്. നെടുനെടുങ്കൻ ഫോർമുലകൾ, നിറച്ചും ഡാറ്റയുള്ള ടേബിളുകൾ, വായിൽ കൊള്ളാത്ത പദങ്ങൾ ഇതൊക്കെ പുഷ്പം പോലെ കാണാതെ പഠിച്ച് പുല്ലു പോലെ പരീക്ഷയെഴുതാൻ കഴിവുള്ളവർ.

ഇതൊന്നും കഴിയാത്ത ഞാൻ കാണാതെ പഠിക്കേണ്ട പരീക്ഷയ്ക്കൊക്കെ ബുദ്ധിമുട്ടി. മലയാളം ബി എ യ്ക്കോ മാത്തമാറ്റിക്സ് ബി എസ് സി യ്ക്കോ പോകാതെ എഞ്ചിനീയറിംഗ് എടുത്തതിൽ പലപ്പോഴും സങ്കടം തോന്നിയിട്ടുണ്ട്. പിന്നെ, എക്കണോമിക്സോ പൊളിറ്റിക്കൽ സയൻസോ ഒന്നുമല്ലല്ലോ പഠിച്ചത് എന്നോർക്കുമ്പോൾ അല്പം സമാധാനവും തോന്നും.

അഞ്ചാമത്തെയോ ആറാമത്തെയോ സെമസ്റ്ററിൽ ആയിരുന്നു എക്കണോമിക്സ് ആൻഡ് മാനേജ്മെന്റ് എന്നൊരു പേപ്പർ. ആഡം സ്മിത്ത്, ലയണൽ റോബിൻസ് തുടങ്ങിയവരുടെ എക്കണോമിക് തിയറികളും പിന്നെ പല തരം മാനേജ്മെന്റ് പ്രിൻസിപ്പിൾസും. വെള്ളം കുടിച്ചു പോയി. ടെയ്ലേഴ്സ് മാനേജ്മെന്റ് പ്രിൻസിപ്പിൾസ് എന്നു പറഞ്ഞ് 14 പോയിന്റ്സുണ്ട്. പരീക്ഷയുടെ തലേ ദിവസം ഞാൻ കുത്തിയിരുന്നു പഠിക്കാൻ നോക്കിയപ്പോൾ മൂന്നെണ്ണം പഠിച്ചു.

അപ്പോഴാണു സുരേഷ് വിശേഷം ചോദിക്കാൻ റൂമിലേക്കു വന്നത്. (സുരേഷിനെ നിങ്ങളറിയും. പാചകസ്മരണകളിലെ ഫൈനൽ പഞ്ച് ഡയലോഗ് പറയുന്ന ആൾ തന്നെ.) എന്റെ ബുദ്ധിമുട്ട് കണ്ട് അവൻ ഒരു വഴി പറഞ്ഞു തന്നു. ഈ പതിനാലു പോയിന്റ്സും എഴുതി വെയ്ക്കുക. എന്നിട്ട് ഓരോന്നിന്റെയും ആദ്യത്തെ അക്ഷരങ്ങൾ മാത്രം എഴുതുക. അവയെ തിരിച്ചും മറിച്ചും ഇട്ട് അർത്ഥമുള്ള വാക്കുകൾ ഉണ്ടാക്കുക. KITE TEAK PSI SIR എന്നോ മറ്റോ. അത് ഓർക്കാൻ എളുപ്പമാണ്. പരീക്ഷാഹോളിൽ ചെല്ലുമ്പോൾ ഓരോ അക്ഷരത്തെയും എക്സ്പാൻഡ് ചെയ്യുക.

ആദ്യം എനിക്ക് ഇതത്ര ഇഷ്ടപ്പെട്ടില്ല.

“ഇങ്ങനെ എഴുതിയാൽ ക്രമം തെറ്റില്ലേ?”

“പിന്നേ, നീ ക്രമത്തിലേ എല്ലാം ചെയ്യൂ. ഒന്നു പോയേടാ. വേണേൽ മതി. പോയിന്റ്സ് എല്ലാം ഉണ്ടോ എന്നേ അവർ നോക്കൂ. ക്രമമൊന്നും പ്രശ്നമല്ല” എന്ന് അവൻ.

ഇതു നല്ല പരിപാടിയാണല്ലോ എന്ന് തോന്നി. ടെയ്ലേഴ്സ് പ്രിൻസിപ്പിൾസിന് സുരേഷ് ഉണ്ടാക്കിയ വാക്കുകൾ കാണാതെ പഠിച്ച് ഓരോന്നിന്റെയും പൂർണ്ണരൂപം അറിയാം എന്ന് ഉറപ്പാക്കിയതിനു ശേഷം ഞാൻ സമാധാനമായി ഉറങ്ങി.

പിറ്റേന്ന് പരീക്ഷയ്ക്ക് ആദ്യത്തെ പേജിൽ തുടങ്ങി അരപ്പേജു വീതം വിട്ട് ഈ 14 അക്ഷരവും എഴുതി. അപ്പോഴാണ് ഒരു സത്യം മനസ്സിലാക്കിയത്. ഈ 14 അക്ഷരമേ ഓർമ്മയുള്ളൂ. ഓരോന്നും എന്താണെന്ന് ഓർമ്മയില്ല! തലേന്നു പഠിച്ച മൂന്നു പോയിന്റ് മാത്രം ഓർമ്മയുണ്ട്!

പിന്നെ എന്തൊക്കെയോ എഴുതി എങ്ങനെയോ പരീക്ഷ പാസ്സായി എന്നു പറഞ്ഞാൽ മതിയല്ലോ.


ആയിടയ്ക്കാണ് ഓർക്കാൻ ബുദ്ധിമുട്ടുള്ള കാര്യങ്ങളെ തനിക്ക് ഓർക്കാൻ എളുപ്പമുള്ള കാര്യങ്ങളുമായി കണക്റ്റ് ചെയ്ത് ഓർക്കാൻ ഞാൻ തീരുമാനിച്ചത്.

പ്രാചീനഭാരതത്തിലെ ആളുകൾ ഇതുപോലെയുള്ള കാര്യങ്ങൾ ഓർക്കാൻ ശ്ലോകങ്ങളെ ഉപയോഗിച്ചിരുന്നു. ത്രികടുകമജമോദാ സൈന്ധവേ ജീരകേ ദ്വേ എന്നു ചൊല്ലി മരുന്നു കുറിയ്ക്കുന്ന വൈദ്യനും വൃത്താതാമ്രസുദൃഷ്ണശാകലഘുഭുക്… എന്നു ചൊല്ലി ഫലം പറയുന്ന ജ്യോത്സ്യനും ശ്ലോകങ്ങൾ വഴിയാണ് കാര്യങ്ങൾ ഓർത്തു വെയ്ക്കുന്നത്. ലീലാവതിയിലും മറ്റുമുള്ള ശ്ലോകങ്ങൾ പല ഫോർമുലകളെയും ഓർക്കാൻ ഉപയോഗിക്കാം. ഉദാഹരണമായി, ജ്യാവാസയോഗാന്തര…, വ്യാസച്ഛരോനാച്ഛരസംഗുണാച്ച…, ജീവാർദ്ധവർഗേ… എന്നീ ശ്ലോകങ്ങൾ കൊണ്ട് ഒരു വൃത്തത്തിന്റെ വ്യാസം, ഞാൺ, ശരം എന്നിവയിൽ രണ്ടെണ്ണം കിട്ടിയാൽ മൂന്നാമത്തേതു കണ്ടുപിടിക്കുന്ന ഫോർമുലകൾ ഇപ്പോഴും ഞൊടിയിടയ്ക്കുള്ളിൽ എഴുതാം. ഭദ്രാംബുധിസിദ്ധജന്മഗണിതശ്രദ്ധാസ്മയൻ ഭൂപഗിഃ എന്നോ ഗോപീഭാഗ്യമധുവ്രാത… എന്നോ ഓർത്ത് പൈയുടെ മൂല്യം 17 അല്ലെങ്കിൽ 31 ദശാംശസ്ഥാനങ്ങൾക്കു കൃത്യമായി ഓർക്കാം. (പൈയുടെ മൂല്യം പരല്‍പ്പേരുപയോഗിച്ചു്‌ എന്ന പോസ്റ്റ് കാണുക.) എന്തുകൊണ്ട് ഈ വിദ്യ പഠിക്കാനുള്ള കാര്യങ്ങൾക്ക് ഉപയോഗിച്ചു കൂടാ?

1991-ൽ കുറേക്കാലം തിരുവനന്തപുരത്ത് ഒരു പാരലൽ കോളജിൽ എഞ്ചിനീയറിംഗ്/മെഡിക്കൽ എൻട്രൻസിനു കുട്ടികളെ പഠിപ്പിക്കുന്ന പണി ചെയ്തിരുന്നു. അവരോട് ഫോർമുലകൾ ഓർക്കാൻ ശ്ലോകം പഠിക്കുന്ന കാര്യം പറഞ്ഞു. ഒരു കുട്ടി പറഞ്ഞത്: “നാലു വരി പദ്യം പഠിക്കാൻ ഞങ്ങൾക്ക് 100 ഫോർമുല പഠിക്കുന്നതിലും ബുദ്ധിമുട്ടാണു സാർ. താങ്കൾ എന്താണു പറയുന്നതെന്നു ഞങ്ങൾക്കു മനസ്സിലാകുന്നില്ല!” അതോടെ ഞാൻ മറ്റുള്ളവരോട് ഇതു പറയുന്നതു നിർത്തി. എന്റെ വൈകല്യം മൂലമുള്ള ഈ വിചിത്രസ്വഭാവം ഞാനെന്തിനു മറ്റുള്ളവരിലേയ്ക്കു പകർത്തണം?

സംഖ്യകൾ ഓർക്കാൻ അവയെ പരൽപ്പേരിൽ ആക്കി അത് ഓർമ്മിച്ചു. ഫോർമുലകൾ ഓർക്കാൻ അവയെ ചെറിയ ശ്ലോകങ്ങളാക്കി. അങ്ങനെ തട്ടിമുട്ടിയാണ് എഞ്ചിനീയറിംഗ് പാസ്സായത്. മാർക്ക്ലിസ്റ്റ് കൗതുകകരമാണ്. കണക്കുമായി ബന്ധപ്പെട്ട പരീക്ഷകൾക്കൊക്കെ 85 ശതമാനത്തിൽ കൂടുതൽ മാർക്ക്. കാണാതെ പഠിച്ചെഴുതേണ്ട വിഷയങ്ങൾക്ക് 55 ശതമാനത്തിൽ താഴെയും. 55-നും 85-നും ഇടയ്ക്ക് ഒരു വിഷയത്തിനും മാർക്കില്ല!


ഇതു പലപ്പോഴും ഞാൻ ഇതിനു മുമ്പും ഉപയോഗിച്ചിട്ടുണ്ട്. ഏതു ഗ്രിഗോറിയൻ തീയതിയുടെയും ആഴ്ച കണ്ടു പിടിക്കാൻ ഉള്ള ഒരു രീതിയിൽ (ആഴ്ച കണ്ടുപിടിക്കാന്‍… എന്ന പോസ്റ്റ് കാണുക.) ജനുവരി മുതൽ ഡിസംബർ വരെയുള്ള മാസങ്ങൾക്ക് ഓരോ സംഖ്യ ഓർത്തുവെയ്ക്കേണ്ടതുണ്ട്. 0, 3, 3, 6, 1, 4, 6, 2, 5, 0, 3, 5
എന്നിവയാണ് അവ.


ശൂന്യമൂര്‍ത്തിസ്ത്രിഷഡ്‌ഭൂമിര്‍ യുഗശാസ്ത്രാക്ഷിസായകാഃ
ആകാശാഗ്നീഷവഃ സംഖ്യാ മാസാനാം തു യഥാക്രമം

എന്ന ശ്ലോകം എഴുതിയാണ് അത് ഓർത്തത്.


ട്രാൻസ്പോർട്ടേഷൻ ആൻഡ് ട്രാഫിക് എഞ്ചിനീയറിംഗിലായിരുന്നു എം ടെക് എടുത്തത്. കത്തി സബ്ജക്റ്റ് ഒക്കെ ഒഴിവായല്ലോ എന്ന സന്തോഷത്തിൽ ഇരിക്കുമ്പോഴാണ് രണ്ടാം സെമസ്റ്ററിൽ ദാ ട്രാൻസ്പോർട്ടേഷൻ എക്കണോമിക്സ്! അതിൽ 21 principles of Transportation Economics എന്നൊരു സാധനം പഠിക്കണം. കുരിശുകളെല്ലാം ഏഴിന്റെ ഗുണിതങ്ങളായി ആണോ വരുന്നത് കർത്താവേ എന്നു പറഞ്ഞു പോയി.

പരീക്ഷയുടെ തലേദിവസം. മുകളിൽ പറഞ്ഞ സുരേഷ് എം ടെക്കിനും എന്റെ ക്ലാസ്മേറ്റും റൂം മേറ്റും ആയിരുന്നു. 21 പോയിന്റ്സ് ചേർത്ത് 21 അക്ഷരമുള്ള നാലഞ്ചു വാക്കുകളാക്കി കുട്ടപ്പനാക്കി അത് എനിക്കു വേണോ എന്ന് അവൻ ചോദിച്ചു. സംസ്കൃതത്തിൽ എനിക്കറിയാവുന്ന ഏറ്റവും വലിയ തെറിയാൽ അവനെ സംബോധന ചെയ്തിട്ട് ഞാൻ അത് നന്ദിപൂർവ്വം നിരസിച്ചു.

അപ്പോഴാണ് ഐഡിയ കത്തിയത്. ശ്ലോകത്തിലാക്കി പഠിക്കാം!

ഒരു മണിക്കൂർ എടുത്തു ശ്ലോകം എഴുതാൻ. മൂന്നു മണിക്കൂറെടുത്തു അതു കാണാതെ പഠിക്കാൻ. പിറ്റേന്ന് പരീക്ഷയ്ക്ക് മണിമണിയായി എഴുതി. കോപ്പിയടിച്ചതാണോ എന്ന് നോക്കിയ ആൾക്കു സംശയം വന്നു കാണും.

സംഭവം ഇങ്ങനെയാണു തുടങ്ങിയത്.


പൂർണ്ണമായും സത്യസന്ധം;
തീരുമാനമെടുക്കൊലാ;
ഉൾവിളിയ്ക്കില്ല പ്രാധാന്യം;
എല്ലാക്കാര്യവുമോർക്കണം;


വേണമോ വേണ്ടയോ എന്ന
കാര്യമേറ്റം പ്രധാനമാം;
പണത്തിൻ ബന്ധമില്ലാത്ത-
തൊക്കെ മാറ്റി നിറുത്തണം…

(ബാക്കി മറന്നു പോയി.)

ഈ പോയിന്റുകൾ എഴുതിയാൽ ഇങ്ങനെ വരും:

  1. Your recommendations should be completely objective. (objective എന്നതിനു പറ്റിയ ഒരു മലയാളം ഓർമ്മ വരാഞ്ഞതു കൊണ്ട് “സത്യസന്ധം” എന്നെഴുതി അഡ്ജസ്റ്റ് ചെയ്തു.)
  2. You should only recommend, don’t take decisions.
  3. Intuition has no role in Transportation Economics.
  4. You should consider all factors.
  5. Each recommendation should be answering a question whether a particular thing should be adopted or not.
  6. You should exclude anything not related to money.

ഇങ്ങനെ 21 പോയിന്റുകൾ എഴുതി വിശദീകരിച്ചാണ് പരീക്ഷ എഴുതിയത്.


ചൈനക്കാരുടെ രാശിചക്രത്തിലെ പന്ത്രണ്ട് മൃഗങ്ങളെ (Rat, Ox, Tiger, Rabbit, Dragon, Snake, Horse, Sheep, Monkey, Rooster, Dog, Pig) ഓർക്കാൻ ഞാൻ ഒരിക്കൽ ഈ ശ്ലോകങ്ങൾ എഴുതി.


എലിയും കാളയും പിന്നെ-
പ്പുലിയും മുയലും തഥാ
വ്യാളിസർപ്പാശ്വമേഷങ്ങൾ
കുരങ്ങും, കോഴി, പട്ടിയും
പന്നിയോടൊത്തു ചേർന്നീടിൽ
ചീനവർഷങ്ങളാകുമേ

കൂറേ വർഷങ്ങൾക്കു മുമ്പു ജോലി ചെയ്തിരുന്ന കമ്പനിയിൽ നടന്ന ചൈനീസ് ന്യൂ ഇയർ സെലിബ്രേഷനു ചൈനീസ് വംശജരല്ലാത്തവർക്കു വേണ്ടി നടത്തിയ ഒരു ക്വിസ് മത്സരത്തിൽ ഒരിക്കൽ ഫസ്റ്റടിച്ചിരുന്നു. അതിലെ ഒരു ചോദ്യം ചൈനീസ് വർഷങ്ങൾ ക്രമത്തിൽ പറയുക എന്നതായിരുന്നു. ഈ ശ്ലോകങ്ങൾ അറിയാവുന്നതു കൊണ്ട് ഈസിയായി പറഞ്ഞു. കോഴി എന്നതിന് Rooster എന്നതിനു പകരം Hen എന്നു പറഞ്ഞു എന്നതൊഴിച്ചാൽ മറ്റ് അത്യാഹിതങ്ങളൊന്നും സംഭവിച്ചില്ല.


ഇന്നലെ ഫിസിക്സിലെ ഷെൽ മോഡൽ എനർജി ലെവൽസ് (SPPDSDFPFPGGDDSHHFFPPI) ഓർക്കാൻ ഒരു ശ്ലോകം എഴുതിക്കൊടുക്കാമോ എന്ന് ഒരു സുഹൃത്ത് ചോദിച്ചപ്പോൾ എഴുതിയതാണ് ഈ ശ്ലോകങ്ങൾ.


ശ്രീ-പത്മനാഭ-പാദങ്ങൾ
ദീനനായി സ്മരിച്ചഥ
ദൈവം ഫലം പലേടത്തും
ഫലിപ്പിക്കാൻ പൊറുക്കണം


ഗീത, ഗായത്രി ദിനവും
ദോഷം സൂക്ഷ്മം ഹരിക്കണം
ഹരിച്ചാൽ ഫലമുണ്ടാകും,
ഫലിച്ചാൽ പുണ്യവും പരം.


ഇതു നിത്യേന ഷെൽ മോഡൽ
എനർജി ലെവലോർക്കുവാൻ
പഠിച്ചീടിൽ മറക്കാതെ
എന്നുമോർമ്മയിൽ നിന്നിടും.

ശ്രീ മുതൽ ഇതു വരെയുള്ള 22 വാക്കുകൾ ഇംഗ്ലീഷിൽ എഴുതിയാൽ അവയുടെ ആദ്യത്തെ അക്ഷരങ്ങൾ (ഫ എന്നതിന് F എന്നെഴുതണം) എടുത്താൽ മുകളിൽ പറഞ്ഞ എനർജി ലെവൽസ് കിട്ടും.


ഫോർമുലകളും എസ്സേകളും സംഖ്യകളും ഒക്കെ ഓർക്കാൻ കഴിയാത്തതു കൊണ്ട് അവയെ ശ്ലോകമാക്കി അത് ഓർത്തുവെയ്ക്കുന്ന വിചിത്രജീവികൾ എന്നെപ്പോലെ വേറെ ആരെങ്കിലും ഉണ്ടോ വായനക്കാരേ?

ഗണിതം (Mathematics)
ശ്ലോകങ്ങള്‍ (My slokams)
സ്മരണകള്‍

Comments (0)

Permalink