അങ്ങോട്ടുമിങ്ങോട്ടും പ്രശംസിക്കുന്ന വിഡ്ഢികളെ പരിഹസിക്കുന്ന ഒരു ശ്ലോകം:
ഉഷ്ട്രാണാം ച വിവാഹേഷു
ഗീതം ഗായന്തി ഗര്‍ദ്ദഭാഃ
പരസ്പരം പ്രശംസന്തേ
അഹോ രൂപ, മഹോ സ്വരം!
അര്‍ത്ഥം:
ഉഷ്ട്രാണാം വിവാഹേഷു | : | ഒട്ടകങ്ങളുടെ കല്യാണത്തിനു് |
ഗര്‍ദ്ദഭാഃ ഗീതം ഗായന്തി | : | കഴുതകള്‍ പാട്ടു പാടുന്നു |
പരസ്പരം പ്രശംസന്തേ | : | (അവര്‍ എന്നിട്ടു്) പരസ്പരം പ്രശംസിക്കുന്നു: |
“അഹോ രൂപം!” | : | “എന്തൊരു രൂപം! (എന്തൊരു സൌന്ദര്യം!)” |
“അഹോ സ്വരം!” | : | “എന്തൊരു സ്വരം!” |
അങ്ങോട്ടുമിങ്ങോട്ടും ആരെങ്കിലും പ്രശംസിക്കുന്നതു കാണുമ്പോള്‍ കാച്ചാല്‍ കൊള്ളാം: “അഹോ രൂപം, അഹോ സ്വരം!”
(കേള്‍ക്കുന്നവര്‍ക്കു മനസ്സിലായില്ലെങ്കില്‍ ഇതു ചൊല്ലിക്കൊള്ളൂ :-))
ഇനി വിശാലനെ അരവിന്ദനും അരവിന്ദനെ വിശാലനും പൊക്കുന്നതു കേള്‍ക്കുമ്പോള്‍ വേണം എനിക്കിതു കാച്ചാന്‍…
Umesh | 08-Jun-06 at 3:15 am | Permalink
സുഭാഷിതം: അഹോ രൂപ, മഹോ സ്വരം!
വിശാലനും അരവിന്ദനും തത്കാലം ഇതു വായിക്കേണ്ടാ. സസ്പെന്‍സു പോകും.
Umesh | 08-Jun-06 at 3:17 am | Permalink
അരവിന്ദോ, വിശാലോ, പിണങ്ങല്ലേ. തമാശയാണേ…
വക്കാരിയേ, ആ രണ്ടു കുത്തും ബ്രായ്ക്കറ്റുമിങ്ങു തന്നേ…
wakaari | 08-Jun-06 at 3:27 am | Permalink
ഇന്നാ ഉമേഷ്ജീ, പിടിച്ചോ.. 🙂 🙂 🙂 പൊട്ടിച്ചിരി വേണോ.. വേണ്ടാല്ലേ
“ഒട്ടകങ്ങളുടെ കല്ല്യാണത്തിന്
കഴുതകള്‍ പാട്ടുപാടുന്നു
എന്നിട്ടവര്‍ പരസ്പരം പ്രശംസിക്കുന്നു
എന്തൊരു രൂപം… ഹൊയ് ഹൊയ്
എന്തൊരു സൌന്ദര്യം…. ഹൊയ്ഹൊയ് ഹോയ്
എന്തൊരു സ്വരം.. ഹോയ് ഹോയ്
എന്തൊരു സൌന്ദര്യം…. ഹൊയ്ഹൊയ് ഹോയ്
അപ്പോള്‍ ആരുടെ കല്ല്യാണത്തിനാ ഉമേഷ്ജി പോയതെന്ന് പറഞ്ഞത്?
(ദേ കുത്തുകളും ബ്രാക്കറ്റുകളും ഇഷ്ടം പോലെ-തല്ലല്ലേ…
🙂 🙂 🙂 :] :} :] 🙂
L.G | 08-Jun-06 at 3:27 am | Permalink
ഹി!ഹി! ഈ ഉമേഷേട്ടന്റെ ഒരു കാര്യം!
പിന്നെ വിശാലേട്ടനും അരവിന്ദേട്ടനും പാവങ്ങളും ശുദ്ധു മനസ്സുകള്‍ക്കു ഉടമകള്‍
ആയതു നന്നായി..അല്ലായിരുന്നെങ്കില്‍ ഉമേഷ്ജീ എപ്പൊ പീസ് പീസ് ആയി എന്നു ചോദിച്ചാല്‍ മതി….
bindu | 08-Jun-06 at 3:43 am | Permalink
അയ്യോ ഉമേഷ്ജീ… (ജി ഇല്ലാതെ പറ്റില്ലാത്തതുകൊണ്ടാണേ..)
🙂 🙂
ഈ വക്കാരിക്കെന്താ ഇത്ര തന്തോയം?? 🙂
ഏവൂരാന് | 08-Jun-06 at 4:13 am | Permalink
ഒട്ടകങ്ങളുടെ കഥ കേട്ടപ്പോളോര്മ്മ വന്നൊരു ചോദ്യം.
ബ്രഹ്മാവിനെ ആരുമെന്തേ പൂജിക്കാത്തത് എന്ന് വിശദീകരിക്കുന്ന ഒരു ശ്ലോകം:
അജാഗളസ്ഥ സ്തനം
ഉഷ്ഠപൃഷ്ഠം, നാസാന്തരേ രോമം
..
..
എന്നിവയെയും പിന്നെ സായണന്‍ മായണന്‍ എന്നീ രാജഭൃത്യന്മാരെയും ഉരുവാക്കിയതിനാലാണ് പോലും ബ്രഹ്മാവിനെ ആരും പൂജിക്കാത്തത്.
ഉമേഷേ, വെറുതേയിരിക്കുമ്പോള്‍ ഇതൊന്ന് നേരെയാക്കുമോ?
സിബു | 08-Jun-06 at 5:29 am | Permalink
… ഇതുകൊണ്ടാണ് കമ്പ്യൂട്ടറില്‍ ആണെങ്കിലും എല്ലാപഴയലിപി കൂട്ടക്ഷരങ്ങളും ഒരു ഫോണ്ടുണ്ടാക്കരുത് എന്നു പറയുന്നത്. ‘ഷ’യുടെ അടിയില്‍ കിടക്കുന്നവന് ആരെന്നറിയാന്‍ കുറേ ഏറെ ‘Text size’ പൊക്കേണ്ടിവന്നു. കുത്തനെ സ്റ്റാക്ക് ചെയ്യപ്പെടുന്ന കൂട്ടക്ഷരങ്ങള്‍ക്കാണീ പ്രശ്നം. അതില്‍ താഴെവരുന്ന ചെറിയവന് ഒരു കൂട്ടക്ഷരമായിപ്പോയാല്‍ മുകളിലെ അക്ഷരം വായിക്കാന്‍ പറ്റുന്ന പോയിന്റ് സൈസില്‍ താഴെയുള്ളതിനെ വായിക്കാന്‍ പറ്റില്ല. അതുകൊണ്ട് അത് ഫോണ്ടില്‍ നിന്നൊഴിവാക്കണം. അല്ലെങ്കില്‍, മാതൃഭൂമി ഫോണ്ട് ‘സ്ത്ര’ എന്ന കൂട്ടക്ഷരങ്ങളിലും മറ്റും ചെയ്യും പോലെ ഒരു ‘Reduced form’ കണ്ടുപിടിക്കണം.
wakaari | 08-Jun-06 at 5:43 am | Permalink
ഉഷ്ഠപൃഷ്ഠത്തിലും “ഉ” ഉം “ഷ” യും ഉണ്ട് ഉമേഷിലും “ഉ” ഉം “ഷ” യും ഉണ്ട്. എനിക്കതു മാത്രമേ മനസ്സിലായുള്ളൂ 🙂
വിശാല മനസ്കന് | 08-Jun-06 at 5:45 am | Permalink
ഹലോ ഉമേഷ് മാഷെ.
ഇത് ‘ചിന്തമണി കൊലക്കേസില്‍’ രഘുവിന്റെ റോളായല്ലോ മാഷേ..!
പ്രോത്സാഹിപ്പിച്ച് പ്രോത്സാഹിപ്പിച്ച് വളര്‍ത്തിക്കൊണ്ടുവന്ന ഞങ്ങളെ അവസാനം….
സിദ്ധാർത്ഥൻ | 08-Jun-06 at 11:58 am | Permalink
ഏവൂരാന്റെ കാര്യത്തിൽ ഉമേഷിനു് ഒരു കൈ സഹായം തരാം
അജാഗളസ്ഥസ്തനമുഷ്ട്രകണ്ഠം
നാസാന്തരേ ലോമം തഥാണ്ഡയുഗ്മം
വൃഥാസൃജൻ സായണമായണൌച
— നാലാമത്തെ വരി ഓർമ്മയില്ല. അതുകൊണ്ടാണു് നാന്മുഖനെ ആരും പൂജിക്കാത്തതു് എന്നാണതിന്റെ അർത്ഥം.
സിബുവിനു്, ഉഷ്ട്രം എന്നു് സാധാരണയായി മലയാളത്തിൽ എഴുതുമ്പോൾ ഋ ചിഹ്നം ഇടുന്നതു് ‘ഷ‘യ്ക്കു് മുന്നിലായിരിക്കില്ലേ. കീമാനുപയോഗിച്ചു് ഇവിടെ റ്റൈപ് ചെയ്യുമ്പോഴും എനിക്കങ്ങനെ തന്നെ കാണുന്നു. അതങ്ങനെ തന്നെ നിലനിറുത്താനുള്ള സൂത്രമൊന്നുമില്ലേ?
‘ചിന്താമണി കൊലക്കേസ്‘ ഞാൻ കണ്ടില്ലായിരുന്നെങ്കിൽ വിശാലന്റെ ഉപമയ്ക്കു് ചിരിച്ചെന്റെ വയറുകൊളുത്തിപ്പിടിക്കില്ലായിരുന്നു. കഷ്ടം!
Umesh | 08-Jun-06 at 12:45 pm | Permalink
വക്കാരിക്കു വേണ്ടി, ഇതാ പരിഭാഷ. വക്കാരിയുടെ ചോദ്യത്തിനു് ഉത്തരവുമുണ്ടു്.
വക്കാരീടെ വിവാഹത്തില്‍
പാട്ടുപാടാനുമേഷിതാ;
പരസ്പരം പ്രശംസിപ്പൂ
“അഹോ രൂപം!”, “അഹോ സ്വരം!”
ഏവൂരാനേ,
പണ്ടു് “ഐതിഹ്യമാല”യില്‍ വായിച്ച ഓര്‍മ്മ:
അജാഗളസ്ഥസ്തന, മുഷ്ട്രപൃഷ്ഠം,
നാസാന്തരേ ലോമ, തഥാണ്ഡയുഗ്മം,
വൃഥാ സൃജാ സായണമായണൌ ച
പൂജാ … പദ്മയോനിഃ
ദേ, ഞാന്‍ മറന്ന ഭാഗംതന്നെ സിദ്ധാര്‍ത്ഥനും മറന്നിരിക്കുന്നു. ഇതു ഞാന്‍ കുറെക്കാലമായി ശ്രദ്ധിക്കുന്നതാണു്. ഏതെങ്കിലും പാട്ടിലെയോ പദ്യത്തിലെയോ മറന്നു പോകുന്ന ഭാഗം പലര്‍ക്കും ഒന്നു തന്നെയാണു്. അന്താക്ഷരി ചൊല്ലുമ്പോള്‍ കണ്ടിട്ടില്ലേ, ജോറായി പാടിയിട്ടു്, എല്ലാവരും കൂടി ഒന്നിച്ചു് “നാ നാ നാ നാ…” എന്നു മൂളുന്നതു്? വക്കാരീ, ഗവേഷണത്തിനൊരു വിഷയമായില്ലേ?
വക്കാര്യേ, വഴക്കാളിയിലും വക്കാണത്തിലും വാഴക്കുലയിലും “വ”യും “ക്ക”യുമുണ്ടു കേട്ടോ. ശുട്ടിടുവേന്‍!
വിശാലോ, പോസ്റ്റും കമന്റൂം എഴുതിയിട്ടാണു് മുകളില്‍ “വിഡ്ഢികള്‍” എന്നെഴുതിയതു കണ്ടതു്. അതു തീര്‍ച്ചയായും നിങ്ങളെപ്പറ്റി ഉദ്ദേശിച്ചിട്ടില്ല. അപ്പോള്‍ സങ്കടം തോന്നി. പോസ്റ്റു മാറ്റാന്‍ തോന്നിയുമില്ല. അപ്പോള്‍ പിന്നെ മാപ്പോ ഗ്ലോബോ എന്താണെന്നു വെച്ചാല്‍ ചോദിക്കാമെന്നു വെച്ചിങ്ങനെയങ്ങനെ… ബാക്കി വക്കാരി പറയും.
ചിന്താമണി കൊലക്കേസ് കണ്ടില്ല. അതുകൊണ്ടു പണ്ടു് ഇംഗ്ലീഷ് സിനിമ കണ്ടു മറ്റുള്ളവര്‍ ചിരിക്കുന്നതു കണ്ടു ഞാനും ചിരിക്കുമാറുള്ളതുപോലെ ഞാന്‍ ചിരിക്കുന്നു. (വക്കാരി എഴുതിയെക്കാവുന്ന കമന്റ്: പണ്ടു് എന്നു വെച്ചാല്‍ ഇന്നലെ, അല്ലേ ഉമേഷ്ജീ?)
(ശ്ശെടാ, വക്കാരിയെ നാലു പറയാതെ ഒരു കമന്റും ഇടാന്‍ പറ്റില്ല എന്നായല്ലോ :-))
സിബു പറയുന്നതു നേരു്. പലപ്പോഴും ഞാന്‍ ശ്രദ്ധിച്ചിട്ടുണ്ടു്. അഞ്ജലിയില്‍ ഒരു കുഴപ്പമുണ്ടു്. കൂട്ടക്ഷരമില്ലെങ്കില്ക്കൂടി ഒരു ചെറിയ അക്ഷരം കീഴിലിട്ടു് ഉണ്ടാക്കിക്കളയും. രചനയ്ക്കു് ഈ കുഴപ്പമില്ല.
“ഉഷ്ട്ര”ത്തിലെവിടെയാ “ഋ” സിദ്ധാര്‍ത്ഥാ?
ബോണ്ജിയേ, ബിന്ദുവേ:-)
അരവിന്ദന് | 09-Jun-06 at 10:51 am | Permalink
ഉമേഷ് ജ്യേ :-))) ഹാ ഹാ ഹാ..സത്യായിട്ടും ആ ശ്ലോകവും ഉമേഷ്ജിയുടെ അടിക്കുറിപ്പും വായിച്ച് കുലുങ്ങി കുലുങ്ങിച്ചിരിച്ചു..:-)) (ഇപ്പഴാ വായിച്ചേ!)
പക്ഷേ , അത് കഴിഞ്ഞ് തമാശ പറഞ്ഞതാണേ ന്ന് ഒരു കമന്റ് വേണ്ടാരുന്നു..(ഓ! ഞങ്ങള്‍ സീര്യസ്സാക്ക്യ പോലെ! :-))
പറഞ്ഞതില്‍ പകുതി സത്യാണ് ട്ടോ..എന്റെ കഴുതരാഗത്തിന്റെ കാര്യം.:-)) വിശാല്‍ജി ഗള്ഫില്ലല്ലേ..അപ്പോ ഒട്ടകം മൂപ്പരായിക്കോട്ടെ 😉
പറയാന്‍ വിട്ടു. സുഭാഷിതം തകര്‍പ്പന്‍! മുടങ്ങാതെ വായിക്കുന്നു. 🙂
ഉമേഷ്ജി ഇങ്ങളൊരു താരം തന്നെ! (അഹോ…) 😉
പാപ്പാന് | 09-Jun-06 at 11:26 am | Permalink
ആക്ച്വലി, “തമാശ പറഞ്ഞതാണേ” എന്നുള്ള ഉമേഷിന്റെ കമന്റ് “എന്നെ കണ്ടാല്‍ കിണ്ണം കട്ടൂന്നു തോന്നുമോ” എന്ന പോലെയായി 🙂
“ഊണ്ടോം നേ ജബ് ബ്യാഹ് രചായാ
പശുവോം കോ ന്യോതാ ഭിജ്വായാ
ബന്ദര്‍ ഢോലക് ലേകര്‍ ആയാ
ഔര്‍ ഗധോം നേ ബാന്‍ഡ് സജായാ”
[“ഒട്ടകങ്ങളുടെ കല്യാണം, മൃഗങ്ങള്‍ക്കൊക്കെ കുറി അയച്ചു. കുരങ്ങന് ഢോലക്കുമായി വന്നു, കഴുതകളോ ബാന്‍ഡ് സെറ്റുമായും.”]
എന്നു തുടങ്ങുന്ന ഒരു പദ്യം സ്കൂളില്‍ വച്ച് പഠിച്ചിട്ടുള്ള ഒരോര്‍മ്മ…
vempally | 09-Jun-06 at 1:09 pm | Permalink
ഇത് ഈ പോസ്റ്റുമായി വെല്യ ബന്ധമുള്ള കാര്യമുള്ള കാര്യമല്ല എന്നാ ബന്ധമുണ്ടുതാനും. ഈയിടെയായി ഞാന്‍ സ്ഥിരം ചിന്തിക്കുന്ന ഒരു കാര്യമാണ്:
ഒരു കണ്ടു പിത്തം- എന്താന്നു വച്ചാല്‍ ഒരു ഹെല്‍മറ്റ്, ആ ഹെല്‍മറ്റ് ആരുടെയെങ്കിലും തലയില്‍ വക്കുന്നു എന്നിട്ട് കമ്പ്യൂട്ടറില്‍ കണക്റ്റ് ചെയ്യുന്നു അപ്പോള്‍ ഒരാളിന്റെ തലച്ചോറില്‍ സേവു ചെയ്തു വച്ചിരിക്കുന്ന സംഭവങ്ങള്‍ ഡയറക്റ്ററികളായി കണക്ക്, ഭാഷകള്‍ (ഇംഗീഷ്, മലയാളം, സംസ്കൃതം എക്സറ്ട്രാ), സാഹിത്യം, പൊതുവിജ്ഞാനം, അങ്ങനെ മോനിട്ടറില് തെളിയുന്നു.
ഈയിടെക്ക് ഒരാള്‍ ഓഫീസില്‍നിന്നും റിട്ടയറാവുന്ന മീറ്റിങ്ങില്‍ ഞാന്‍ പറഞ്ഞു, ഇങ്ങനെയൊരു സംഭവം ഉണ്ടെങ്കില്‍ റിട്ടയറാവുന്ന ആളിന്റെ തലേല് വച്ച് മൊത്തം കമ്പ്യൂട്ടറിലോട്ട് കോപ്പിചെയ്ത് വേറൊരു ആളിന്റെ തലേലോട്ടു വച്ച് പേസ്റ്റ് ചെയ്യാമായിരുന്നു എന്ന്.
ഈയിടെയായി ഉമെഷ് മാഷിന്റെ പോസ്റ്റുകളൊക്കെ വായിച്ചപ്പോ തോന്നി ഇതൊക്കെ പഠിച്ച് മനസ്സിലാക്കി എടുക്കുന്നതിനേക്കാളെളുപ്പം ആ ഹെല്‍മറ്റ് കണ്ടു പിടിച്ചേക്കുന്നതാ എന്ന്. മൊത്തം സൂത്രത്തില്‍ അടിച്ചു മാറ്റാമായിരുന്നു പിന്നെ ആ തലേല് എന്തെങ്കിലും കുരുത്തക്കേടിന്റെ ഫയല്‍ കിടക്കുന്നുണ്ടെങ്കില്‍ അതു ഡിലീറ്റും ചെയ്താല്‍ ക്ലീന്‍..
ഞാന്‍ മാഷിനെ പുകഴ്ത്തിയതാണെന്നു തോന്നരുത്, അങ്ങനെ തോന്നിയാല്‍ മാഷും എന്നെയൊന്നു പുകഴ്ത്തിയേര് അപ്പോ ശ്ലോകോം ശരിയാവും.
വക്കാരീടെ തലേല് ഹെല്‍മെറ്റ് വച്ചാ മാഗ്ലെവ് കോപ്പിയടിക്കാം
vempally | 09-Jun-06 at 1:29 pm | Permalink
സോറി :-):-)
Umesh | 09-Jun-06 at 2:45 pm | Permalink
പാപ്പാനേ,
“ലോമഢിയോം നേ നാച് ദിഖായാ” എന്നും (ചപ്പാത്തി കഴിക്കാത്തതുകൊണ്ടു് ഹിന്ദി നല്ല വശമില്ല) “കൌവേ നേ തബ് സര്‍ഗം ഗായാ” എന്നും കൂടി ഞാന്‍ ഓര്‍ക്കുന്നുണ്ടു്. ആറാം ക്ലാസ്സിലെ ഹിന്ദിപുസ്തകത്തിലായിരുന്നു പ്രസ്തുതസാധനം. ചേട്ടനും ചേട്ടത്തിയും കൂടി മോട്ടോര്‍ സൈക്കിളില്‍ കയറി പോകുന്ന “മോട്ടേ മോട്ടേ അഞ്ചര്‍ പഞ്ചര്‍…” എന്ന കവിതയും മയിലിനെപ്പറ്റിയുള്ള “വന്‍ മേം മോര് ഖുശീ സേ നാച്ചാ..” എന്ന കവിതയും ആ പുസ്തകത്തിലായിരുന്നു എന്നാണു് ഒരു ഓര്‍മ്മ. “മോര്” എട്ടാം ക്ലാസ്സിലും ആകാം.
വെമ്പള്ളിയേ,
ആ ഹെല്‍മറ്റു കണ്ടുപിടിച്ചാല്‍ അറിയിക്കണേ. പിന്നെ പണിയില്ലല്ലോ…
അരവിന്ദാ,
ഞാന്‍ നിങ്ങളുടെ പോസ്റ്റുകളുടെ കാര്യമാണു് അതെഴുതിയപ്പോള്‍ ഉദ്ദേശിക്കാഞ്ഞതു്, അല്ലാതെ അരവിന്ദന്റെ പാട്ടും വിശാലന്റെ സൌന്ദര്യവുമല്ല 🙂
(ഇപ്പോള്‍ ശരിക്കു കിണ്ണം കട്ടു :-))
സിദ്ധാര്ത്ഥന് | 10-Jun-06 at 9:43 am | Permalink
ഈ ഉമേഷിന്റെ ഒരു കാര്യം. എഴുതിയതങ്ങനെയാണെങ്കിലും വായിക്കേണ്ടതങ്ങനെയല്ല;)
Rajesh R Varma | 15-Aug-06 at 2:04 pm | Permalink
കെ. സി. കേശവപിള്ളയുടെ സുഭാഷിതരത്നാകരത്തില്‍ നിന്ന്:
വാനരൗഘവിവാഹത്തില്
ഗര്‍ദ്ദഭം തന്നെ ഗായകന്
അവര്‍ തമ്മില്‍ പുകഴ്ത്തുന്നി-
തഹോ! രൂപമഹോ സ്വരം
Umesh::ഉമേഷ് | 15-Aug-06 at 4:43 pm | Permalink
രാജേഷ്,
പയ്യന്സിന്റെ വേര്ഷനാണു ശരിയെന്നു തോന്നുന്നല്ലോ. കെ. സി. കേശവപിള്ള ഒട്ടകമെന്നല്ല കുരങ്ങു് എന്നാണല്ലോ തര്‍ജ്ജമ ചെയ്തിരിക്കുന്നതു്?
(പയ്യന്സിന്റെ ബ്ലോഗിന്റെ പേരു മറന്നുപോയി. അതില്‍ ഈ ശ്ലോകം അല്പം വ്യത്യാസത്തോടെ ഉദ്ധരിച്ചിരുന്നു.)
Umesh::ഉമേഷ് | 24-Aug-08 at 7:13 am | Permalink
വിശാലാ,
ചിന്താമണി കൊലക്കേസ് ഇന്നു കണ്ടു വിശാലാ. എന്നാലും എന്നെപ്പറ്റി ഇതു പറയണ്ടായിരുന്നു 🙂
വിശാലന് | 25-Aug-08 at 10:28 am | Permalink
ഹഹഹ..
പിന്നെ, മാതൃഭൂമിയില്‍ ബ്ലോഗനയില്‍ എതിരവന് ജി ക്ക് ശേഷം വന്നത് ആരാന്ന്?? ആരാന്ന്?? വെള്ളഴെത്തോ?? അപ്പോ ‘ഇരുപതിനായിരം ഉറുപ്പിയ’ യോ?. ഞാനെന്താ രണ്ടാം കുടിയിലെയാ? )
🙂
Rajaram | 21-Jan-15 at 1:26 pm | Permalink
I have added one line
ഊണ്ടോം നേ ജബ് ബ്യാഹ് രചായാ
പശുവോം കോ ന്യോതാ ഭിജ്വായാ
ബന്ദര്‍ ഢോലക് ലേകര്‍ ആയാ
ഔര്‍ ഗധോം നേ ബാന്‍ഡ് സജായാ”
ജുഗുനു നേ ജബ് ഗൈസ് ജലായാ
ലോമഢിയോം നേ നാച് ദിഖായാ
കൌവേ നേ തബ് സര്‍ഗം ഗായാ