കൂട്ടുകെട്ടു്

പരിഭാഷകള്‍ (Translations), സുഭാഷിതം

ഭര്‍ത്തൃഹരിയുടെ നീതിശതകത്തില്‍ നിന്നു്.

സന്തപ്തായസി സംസ്ഥിതസ്യ പയസോ നാമാപി ന ശ്രൂയതേ;
മുക്താകാരതയാ തദേവ നളിനീപത്രസ്ഥിതം ദൃശ്യതേ;
അന്തസ്സാഗരശുക്തിമധ്യപതിതം തന്മൌക്തികം രാജതേ;
പ്രായേണാധമമധ്യമോത്തമജുഷാമേവം വിധം വൃത്തയഃ

അര്‍ത്ഥം:

സന്തപ്ത-അയസി സംസ്ഥിതസ്യ പയസഃ : ചുട്ടുപഴുത്ത ഇരുമ്പില്‍ സ്ഥിതിചെയ്യുന്ന വെള്ളത്തിന്റെ
നാമ അപി ന ശ്രൂയതേ : പേരു പോലും കേള്‍ക്കാനില്ല (നാമാവശേഷമാകുന്നു)
തത് നളിനീ-പത്ര-സ്ഥിതം : അതു താമരയിലയില്‍ സ്ഥിതിചെയ്യുമ്പോള്‍
മുക്താകാരതയാ ഏവ ദൃശ്യതേ : മുത്തുമണി പോലെ കാണപ്പെടുന്നു
തത് അന്തഃ-സാഗര-ശുക്തി-മധ്യ-പതിതം : അതു് ഉള്‍ക്കടല്‍ച്ചിപ്പിയുടെ നടുക്കു വീണാല്‍
മൌക്തികം രാജതേ : മുത്തായിത്തീരുന്നു
പ്രായേണ അധമ-മധ്യമ-ഉത്തമ-ജുഷാം : സാധാരണയായി അധമം, മദ്ധ്യമം, ഉത്തമം എന്നിവ
ഏവം വിധം വൃത്തയഃ : ഈ വിധത്തിലാണു കാണപ്പെടുന്നതു്.

ഈ പദ്യത്തിനു പാഠഭേദങ്ങള്‍ പലതുണ്ടു്. രണ്ടാം വരിയിലെ “ദൃശ്യതേ” എന്നതിനു പകരം “ജായതേ”; “അന്തസ്സാഗരശുക്തി…” എന്നതിനു പകരം “സ്വാത്യാം (സ്വാതിനക്ഷത്രത്തില്‍) സാഗരശുക്തി…”; “തന്മൌക്തികം” എന്നതിനു പകരം “സന്മൌക്തികം”; നാലാം വരി “പ്രായേണാധമമധ്യമോത്തമദശാ സംസര്‍ഗ്ഗജോ ജായതേ” എന്നിങ്ങനെ പലതും.

ഉദ്ദേശിച്ചതെന്താണെന്നു വ്യക്തം. കൂടെയുള്ളവരെ ആശ്രയിച്ചാണു ഗുണങ്ങള്‍ കിട്ടുന്നതെന്നു്.


പത്താം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ഞാന്‍ ചെയ്ത ഒരു പരിഭാഷ. ശാര്‍ദ്ദൂലവിക്രീഡിതത്തില്‍ത്തന്നെ.

ചേണാര്‍ന്നംബുധിശുക്തിയില്‍ജ്ജലകണം മുത്തായ്‌ പ്രശോഭിക്കുമേ;
വാണാലോ നളിനീദളത്തിലതു നന്മുത്തൊക്കുമേ ഭംഗിയില്‍;
വീണാല്‍ ചുട്ടുപഴുത്ത ലോഹഫലകേ പേര്‍ പോലുമുണ്ടായിടാ;
കാണാ, മുത്തമമദ്ധ്യമാധമതകള്‍ സംഗത്തിനാലെന്നുമേ.

“വീണാല്‍ ചുട്ടുപഴുത്ത കമ്പിയിലതെന്നേക്കും നശിച്ചീടുമേ” എന്നായിരുന്നു മൂന്നാമത്തെ വരി. പിന്നീടു തിരുത്തിയതാണു്.