ഒരു പഴയ സംസ്കൃതശ്ലോകം. നീതിസാരത്തില് നിന്നു്.
ഉപകാരോऽപി നീചാനാം
അപകാരായ വര്‍ത്തതേ
പയഃപാനം ഭുജംഗാനാം
കേവലം വിഷവര്‍ദ്ധനം
അര്‍ത്ഥം:
നീചാനാം | : | നീചന്മാര്‍ക്കു് |
ഉപകാരഃ അപി | : | ഉപകാരം ചെയ്യുന്നതു പോലും |
അപകാരായ വര്‍ത്തതേ | : | ദോഷമേ ഉണ്ടാക്കൂ |
ഭുജംഗാനാം | : | പാമ്പുകള്‍ക്കു് |
പയഃപാനം | : | പാല് കുടിക്കുന്നതു് |
കേവലം വിഷവര്‍ദ്ധനം | : | വിഷം കൂടാനേ ഉപകരിക്കൂ. |
പാത്രവിശേഷേ ന്യസ്തം… എന്നതിന്റെ മറുവശം. എല്ലാ ഉപകാരങ്ങളും അതു സ്വീകരിക്കുന്നവന്റെ ഗുണം പോലെയിരിക്കും എന്നര്‍ത്ഥം.
രണ്ടാമത്തെ വരിക്കു് പ്രകോപായ ന ശാന്തയേ എന്നും പാഠമുണ്ടു്. നീചന്മാര്‍ക്കു് ഉപകാരം ചെയ്യുന്നതു് അവരെ പ്രകോപിപ്പിക്കുകയേ ഉള്ളൂ, ശാന്തരാക്കുകയില്ല എന്നര്‍ത്ഥം.
ആരുണ്ടു പരിഭാഷപ്പെടുത്താന്‍? 🙂
Umesh::ഉമേഷ് | 10-Aug-06 at 2:35 pm | Permalink
പാമ്പിനു പാല് കൊടുക്കുന്നതിനെപ്പറ്റി ഒരു ഉപമ – സുഭാഷിതത്തില്‍.
payyans | 10-Aug-06 at 2:44 pm | Permalink
ദുഷ്ടര്ക്കുപകാരം ചെയ്താലുമെ
ന്തപകാരം ഫലമായ് വരും
പാംപിന്നു പാല് കൊടുത്താലും
ഫലം വിഷദംശമൊന്നു താന്‍
അരവിന്ദന് | 10-Aug-06 at 2:50 pm | Permalink
കറക്റ്റ്.
ഉപകാരം പാത്രമറിഞ്ഞുവേണം എന്നും പറയാം അല്യോ?
ഇന്നാളില്‍ ഒരു ബസ്സേല് ഇരുന്നപ്പോ ഒരു വല്യപ്പന് വന്ന് അടുത്ത് നിന്നു. ബസ്സില്‍ നല്ല തെരക്ക്.
എന്നാപിന്നെ സീറ്റീന്ന് എഴുന്നേറ്റ് വല്യപ്പനെ ഇരുത്തിയേക്കാമെന്ന് വിചാരിച്ച് പൊങ്ങിയതും വല്യപ്പന് ഒറ്റ അലറല്‍.
“കാലില്‍ ചവുട്ടിയാണോടാ എഴുന്നേല്ക്കുന്നെ..ശ്ശോ ചവുട്ടി അരച്ചു..ഒടുക്കത്തെ ഭാരമാടാ ****^^നേ എന്ന്..”
എണീറ്റപോലെ ഞാനിരുന്നു.
wakaari | 10-Aug-06 at 2:56 pm | Permalink
അരവിന്ദേ.. അപ്പോള്‍ ചൊല്ലേണ്ട ശ്ലോകം (?) (എനിക്കറിയാവുന്ന ഏക ശ്ലോകം)
വേണ്ടായിരുന്നൂ ധരണീതല വാസമിന്ന്
വേണ്ടായിരുന്നൂ തരുണീമണിയോട് വാസം
വേണ്ടായിരുന്നൂ ഇതരചിന്ത ചെറുപ്പകാലേ
വേണ്ടായിരുന്നൂ മടി ശങ്കരപൂജ ചെയ്വാന്
🙂
Su | 10-Aug-06 at 2:57 pm | Permalink
ദുഷ്ടന്മാര്ക്ക് ചെയ്തീടും ഗുണം,
ഫലത്തില്‍ ദോഷമായ് വരും.
പാമ്പുകള്‍ക്ക് കൊടുക്കും പാലെല്ലാം,
വിഷമായ് നമ്മെ ഗ്രസീച്ചീടും.
🙁
കൂമന് | 10-Aug-06 at 3:57 pm | Permalink
ദോഷമല്ലാതെ ഫലമെന്ത് നീചനുപകാരം ചെയ്യുകില്‍
ചേരയ്ക്കും കരിമൂര്ഖനാകുവാന് പാലല്ലേ ഗുണപ്രദം!
വൃത്തബോധമൊക്കെ കുറവ്. ഇനി പാടി നീട്ടുകയോ പാടാതെ കുറുക്കുകയോ ഒക്കെ ചെയ്യൂ. ഇതേ എനിക്കു വഴങ്ങിയുള്ളു.
രാജ് നായര്‍ | 10-Aug-06 at 4:04 pm | Permalink
കൂമനൊന്നു വേറിട്ടു ചിന്തിച്ചു അല്ലേ?
സുനില്‍ കൃഷ്ണന് | 10-Aug-06 at 5:28 pm | Permalink
ദുര്ജ്ജനങ്ങളെക്കുറിച്ച് ഇതുകൂടി പറയാതിരിക്കുന്നതെങ്ങനെ?
വൃശ്ചികസ്യ വിഷം പുഛം
മക്ഷികായാ വിഷം ശിരഃ
തക്ഷകസ്യ വിഷം ദന്തം
സര്‍വ്വാംഗം ദുര്‍ജ്ജനസ്യ ച.
തെറ്റുണ്ടെങ്കില്‍ ഉമേഷ്ജി തിരുത്താതിരിക്കുമോ സ്നേഹപൂര്‍വം.
Umesh::ഉമേഷ് | 10-Aug-06 at 5:49 pm | Permalink
പയ്യന്‍സേ,
പരിഭാഷ കാടുകയറിയല്ലോ. മൂലശ്ലോകത്തില്‍ പാമ്പുകടിയെപ്പറ്റി പറയുന്നില്ലല്ലോ. “പാലു കൊടുക്കുന്ന കയ്യില്‍ കടിക്കുന്ന പാമ്പു്” എന്ന കാര്യം ഈ ശ്ലോകത്തിന്റെ പരിധിയില്‍ വരില്ല. അതു വേ, ഇതു റേ.
ശരീരവും മനസ്സും നന്നാക്കേണ്ട (ദേവന് എതിര്‍ത്തേക്കും) പാല് പാമ്പിനു കൊടുത്താല്‍ വിഷം വര്‍ദ്ധിക്കുകയേ ഉള്ളൂ എന്നാണു താത്പര്യം. പാമ്പു തിരിച്ചു കടിക്കും എന്നല്ല.
സൂവിന്റെ തര്‍ജ്ജമയും കൊള്ളാം. പക്ഷേ, നമ്മളെ ഗ്രസിക്കണമെന്നു നിര്‍ബ്ബന്ധമില്ല. പാമ്പിനു വരുന്ന വ്യത്യാസം മാത്രമേ മൂലശ്ലോകം പറയുന്നുള്ളൂ.
കൂമന് കാടും കടന്നു് അതിനപ്പുറത്തെ മലയും കയറിയല്ലോ 🙂
എട്ടാം ക്ലാസ്സില്‍ പഠിക്കുന്ന കാലത്തു ഞാന്‍ ചെയ്ത പരിഭാഷ:
ഉപകാരം നീചനേകില്
കുളമായി ഭവിക്കുമേ
പാമ്പിന്നു പാല് കൊടുത്തീടില്‍
വിഷം വര്‍ദ്ധിക്കു, മത്ര താന്‍.
എന്റെ വൊക്കാബുലറിയില്‍ നിന്നു “കുളമായി” എന്നതില്‍ നല്ല വാക്കു കിട്ടിയില്ല!
അരവിന്ദോ,
ഞാന്‍ അരവിന്ദനെയേ കുറ്റം പറയൂ. എഴുനേല്‍ക്കുമ്പോള്‍ വല്യപ്പന്റെ കാലില്‍ ചവിട്ടാതെ നോക്കാമായിരുന്നില്ലേ? ഇനി, അറിയാതെ ചവിട്ടിയാല്‍ “അയ്യോ അപ്പൂപ്പാ, അപ്പൂപ്പനിരിക്കാന് വേണ്ടി എഴുനേറ്റപ്പോള്‍ പറ്റിയതല്യോ” എന്നൊന്നു പറഞ്ഞുനോക്കിയേ, വല്യപ്പന്റെ വാത്സല്യം കാണാം.
പിന്നെ, അരവിന്ദനു് ഒടുക്കത്തെ ഭാരമാണെന്നു് നീര്‍ക്കോലി കുളം താണ്ടുന്നതുപോലെ റോഡു ക്രോസ്സു ചെയ്തപ്പോള്‍ സൈക്കിളിടിക്കുകയും തദ്വാരാ അരവിന്ദന്റെ മുട്ടിലെ തൊലി പോവുകയും സൈക്കിളുകാരനെ ഐ. സി. യു. വില്‍ കൊണ്ടുപോവുകയും ചെയ്ത എപ്പിസോഡില്‍ നിന്നേ മനസ്സിലായതാ 🙂
പിന്നെ, പ്രായമാകുമ്പോള്‍ ഇങ്ങനെയുള്ള ചെറിയ കാര്യങ്ങള്‍ക്കൊക്കെ വലിയ വേദനയാ. നിങ്ങള്‍ ചെറുപ്പക്കാര്‍ക്കു മനസ്സിലാവില്ല. എനിക്കു മനസ്സിലായി വരുന്നു 🙁
സുനില്‍,
ശ്ലോകം ശരി തന്നെ. ഒന്നാം വരിയില്‍ “പുച്ഛം” എന്നു വേണം.
എല്ലാവര്ക്കും നന്ദി.
ബാബു | 10-Aug-06 at 8:49 pm | Permalink
നീചനേകുംസഹായമോ
ദോഷമായിഫലിക്കുമേ
പാമ്പിനുകൊടുത്തിടുംപാല്
വിഷംകൂട്ടുമുപാധിപോല്
അനുഷ്ടുപ്പ് കറക്ഷന്‍സ് ഉമേഷിനു വിട്ടിരിക്കുന്നു.
Umesh::ഉമേഷ് | 10-Aug-06 at 9:56 pm | Permalink
വക്കാരിയുടെ ആകെയേകശ്ലോകം എഴുതിയിരിക്കുന്നതാകെ അബദ്ധമാണല്ലോ.
വേണ്ടായിരുന്നു ധരണീതലവാസമിന്നു
വേണ്ടായിരുന്നു തരുണീമണിയോടു വാസം
വേണ്ടായിരുന്നിതരചിന്ത ചെറുപ്പകാലേ
വേണ്ടായിരുന്നു മടി ശങ്കരപൂജ ചെയ്വാന്
എന്നായാല്‍ ശരിയാകും. ഇതു വസന്തതിലകം വൃത്തമാണു്. ചൊല്ലി നോക്കൂ.
ബാബുവേ, അനുഷ്ടുപ്പാകെ കുളമായല്ലോ. ഞാന്‍ താമസിയാതെ അനുഷ്ടുപ്പിനെപ്പറ്റി ഛന്ദശ്ശാസ്ത്രത്തിലെഴുതാം. പിന്നെ എല്ലാം ശരിയാകും 🙂
കൂമന് | 10-Aug-06 at 10:09 pm | Permalink
ഉമേഷ്ജീ. വൃത്തങ്ങള്‍ മാത്ര തിരിച്ചു നോക്കുന്നതിലും എളുപ്പം പാടി നോക്കുന്നതല്ലേ. എനിക്കാകെ അങ്ങനെ പറയാവുന്ന ഒരേയൊരു വൃത്തം കുസുമമഞ്ജരിയാണ്. (പ്രീഡിഗ്രിക്കു പഠിപ്പിച്ച കൃഷ്ണങ്കുട്ടി സാറിനു നന്ദി) ഓരോ വൃത്തങ്ങളെ പാടിപ്പിടിക്കുന്ന രീതി ഒരു ഓഡിയോ ബ്ലോഗായി (ആരെങ്കിലും) ഇടാമെങ്കില്‍ വളരെ എഡ്യൂക്കേഷണല്‍ ആകും. (വൃത്തം എളുപ്പത്തില്‍ പഠിക്കാമല്ലോ എന്ന എന്റെ സ്വാര്ത്ഥതയാണേ 🙂 )
കൂമന് | 10-Aug-06 at 10:11 pm | Permalink
സോറി. ഇപ്പോഴാണു കണ്ടത്. ഇതൊക്കെ താങ്കള്‍ മരത്തില്‍ കണ്ട് പോസ്റ്റ് ചെയ്തെന്ന്. നന്ദി.
Umesh::ഉമേഷ് | 10-Aug-06 at 10:32 pm | Permalink
കൂമാ,
ഇതിനുവേണ്ടി ഞാന്‍ ഛന്ദശ്ശാസ്ത്രം എന്നൊരു ബ്ലോഗ് (വേര്‍ഡ്പ്രെസ്സ് കാറ്റഗറി) തുടങ്ങിയിരുന്നു. ഓഡിയോ വേണ്ടിയതുകൊണ്ടു് അതു മെല്ലെപ്പോക്കിലാണു്. ഇതുവരെയുള്ളതു വായിച്ചു/കേട്ടു നോക്കൂ.
Pramod | 11-Aug-06 at 5:45 am | Permalink
എന്റെ ഒരു ഉദ്യമം…വൃത്തബോധം ഒന്നുമില്ല.. 🙁
“നീചര്ക്കുപകാരം ചെയ്വീകില്
ദോഷം തന്നെ പ്രതിഫലം…
പാമ്പിനോ പാല് കൊടുത്തെന്നാല്‍
വര്ദ്ധിതവിഷം തന്നെ പ്രതിഫലം…“
സുരേശന് | 11-Aug-06 at 6:06 am | Permalink
പാമ്പിന് മിമിക്രിക്കാര് മുഴുക്കുടിയന്മാര് എന്ന് അര്‍ത്ഥ ഭേദം കല്പിച്ചിട്ടുണ്ട്.മത്തായിരിക്കുന്നവന് ലേശം പാല് കൂടി അകത്താക്കിയാല്‍ കിക്ക് കൂടുമോ.കുടികാരന്മാര്ക്ക് അറിയുമായിരിക്കും
Rajesh R Varma | 11-Aug-06 at 7:19 pm | Permalink
പരിഭാഷ കാണുക.
നമ്പ്യാരുടെ ഒരീരടി പഠിച്ചിട്ടുണ്ട്:
“പാമ്പിനു പാലു കൊടുത്തെന്നാകില്‍
കമ്പിരിയേറി വരാറേയുള്ളൂ.”
(കമ്പിരി-വിഷം)
ഇതിന്റെ അടുത്തുള്ള വരികള്‍ ആര്‍ക്കെങ്കിലും അറിയുമോ? ചിലപ്പോള്‍ ഇതിന്റെ പരിഭാഷയായിരിക്കും.
എന്‍ ജെ മല്ലു | 12-Aug-06 at 3:29 am | Permalink
അരവിന്ദന്റെ കമന്റ് വായിച്ചപ്പോള്‍ പണ്ടു കേട്ടിട്ടുള്ള “പരോപകാരം പാച്ചുപിള്ളച്ചേട്ടന്‍” കഥകള്‍ ഓര്‍മ്മവരുന്നു. അശ്ലീലത്തിന്റെ ചെറുചുവ ഉള്ളതിനാല്‍ ഞാനതിവിടെ എഴുതിയാല്‍ ഉമേഷിന്റെ ബ്ലോഗിനെ ഏവൂരാന് “ഇട്ടാ“നടിക്കും. (ഇട്ടാന്‍ — നാടന്‍ പന്തുകളിയിലെ ഒരു മുറ)
Adithyan | 12-Aug-06 at 3:34 am | Permalink
ഇട്ടാന്‍ ആണോ പാപ്പാനേ?
ഞങ്ങടങ്ങോട്ടൊക്കെ ഇണ്ടാന്‍ ആണ്.
ഓടോ: ഗ്ലാസ് പെയിന്റ് ചെയ്യുന്നത് ഗ്ലാസിലാണല്ലേ എന്ന് ചോദിച്ച കാവ്യ ഭാവനേ, രാഷ്ട്രം ഇങ്ങളെ നമിക്കുന്നു. (ഇത് കൊള്ളേണ്ടവര്‍ക്ക് കൊണ്ടോളും, വേറേ ആരും കേറി ഏല്‍ക്കരുത് 😉
ഇഞ്ചിപ്പെണ്ണ് | 12-Aug-06 at 3:47 am | Permalink
എനിക്ക് കൊണ്ടില്ലാ
ദിവാസ്വപ്നം | 12-Aug-06 at 4:03 am | Permalink
ആദീ,
‘ഇണ്ടാന്‍‘ ആണോ ?
‘ഇണ്ടന്‍‘ അല്ലേ ?
Adithyan | 12-Aug-06 at 4:06 am | Permalink
കറക്റ്റ്.
ഇണ്ടന്‍ തന്നെ…
തലമ ഒന്ന് കാത്തോ?
ഒറ്റ
പെട്ട
ഇറുക്കി
കവയന്
തൊടേത്താളം
ഇണ്ടന്‍
….
(ബാക്കി മറന്നു)
എന്‍ ജെ മല്ലു | 12-Aug-06 at 4:08 am | Permalink
ഇട്ടിട്ട് പന്ത് നിലം തൊടും മുമ്പ് കാലിനാലടിക്കുന്നത് ഇട്ടാന്‍ എന്നാണ് ഞാന്‍ മനസ്സിലാക്കിയിരിക്കുന്നത്. മൂവാറ്റുപുഴക്കാരെപ്പോലെ ശുദ്ധമലയാളം പറയാന്‍ മറ്റെല്ലാവര്‍ക്കും കഴിഞ്ഞെന്നുവരില്ല എന്നെനിക്കറിയാം, അതിനാല്‍ ആദിയ്ക്കും, ദിവാനും മാപ്പു തന്നിരിക്കുന്നു 🙂
peringz | 12-Aug-06 at 5:10 am | Permalink
എന്‍.ജെ.മല്ലു മൂവാറ്റുപ്പുഴക്കാരനാണോ 🙂
ഈയടുത്തു് ഒരു സുഹൃത്തു്, മൂവാറ്റുപ്പുഴയിലെ രാഷ്ട്രീയക്കാരെ കളിയാക്കിയൊരു തമാശ പറയുന്നതുകേട്ടു. പീച്ചി ജലസംഭരണിയിലെ വെള്ളം, ജലവൈദ്യുതപദ്ധതിയില്‍ ഉപയോഗിച്ചതിനുശേഷം മൂവാറ്റുപ്പുഴയിലേയ്ക്കു ഗതിതിരിച്ചുവിടുന്നതിനെ കുറിച്ചു രാഷ്ട്രീയക്കാരന്: “പുഴയിലെ ഇലക്ട്രിസിറ്റിയെല്ലാം ഊറ്റിയെടുത്തു വെറും വേസ്റ്റ് വെള്ളം മൂവാറ്റുപുഴയിലേയ്ക്കു ഒഴുക്കുന്നതിനെതിരെ നമ്മള് പ്രതികരിക്കണം”
ഹാവൂ ഒരു മൂവാറ്റുപ്പുഴക്കാരനെ കാണാന്‍ കാത്തിരിക്കുകയായിരുന്നു ഈ തമാശപറയാന്‍ 😉
qw_er_ty
ഇഞ്ചിപ്പെണ്ണ് | 12-Aug-06 at 6:40 pm | Permalink
അത് പണ്ട് ദേവിലാല്‍ പറഞ്ഞ ഒരു തമാശയാണ് പെരിങ്ങ്സെ..രാജീവ ഗാന്ധി തോറ്റ ആ ഇലക്ഷന് സമയത്ത അദ്ദേഹം പറഞ്ഞതാണ് അത്..
രാജ് നായര്‍ | 12-Aug-06 at 7:24 pm | Permalink
പീച്ചിഡാമല്ല, ഇടുക്കി ഡാം, ഹോ കേട്ട ഒരു തമാശ തെറ്റാതെ ആവര്‍ത്തിക്കാനും എന്നെക്കൊണ്ടു പറ്റില്ലെന്നായിരിക്കുന്നൂ.
മന്‍ജിത് | 12-Aug-06 at 7:53 pm | Permalink
ആ തമാശ തമിഴ്നാട്ടുകാരന് മന്ത്രിയെ കളിയാക്കാന്‍ പറഞ്ഞിരുന്നതാണു പെരിങ്സേ; മൂവാറ്റുപുഴക്കാരെയല്ല. എന്നിട്ടിപ്പോ കാര്യമെന്തായി? നമ്മുടെ മന്ത്രിമാരുടെയത്ര പുത്തിയില്ലെങ്കിലും വെള്ളം മുഴുവന്‍ അവരുടെ കയ്യില്‍!
Rajesh R Varma | 15-Aug-06 at 1:59 pm | Permalink
കെ. സി. കേശവപിള്ളയുടെ സുഭാഷിതരത്നാകരത്തില്‍ നിന്ന്:
ഉപദേശത്തിനാല്‍ മൂര്‍ഖന്‍
കോപിച്ചീടുമടങ്ങിടാ
വിഷവര്ദ്ധനമായീടും
പാലും പാമ്പു കുടിയ്ക്കിലോ
ആവനാഴി | 03-Feb-07 at 5:02 am | Permalink
ഉമേഷെ,
ഉപകാരം നീചനേകില്
കുളമായി ഭവിക്കുമേ
പാമ്പിന്നു പാല് കൊടുത്തീടില്‍
വിഷം വര്‍ദ്ധിക്കു, മത്ര താന്‍.
ഇതു ഉമേഷിന്റെ കൃതി. അതിനു ഞാന്‍ ഇതാ ഒരു പാഠഭേദം കൊടുക്കുന്നു:
ഉപകാരം നീചനേകില്
വരും ദുര്‍ഗ്ഗതി നിര്‍ണ്ണയം
പാമ്പിന്നു പാല് കൊടുത്തീടില്‍
വിഷം വര്‍ദ്ധിക്കു, മത്ര താന്‍.
ആവനാഴി | 03-Feb-07 at 5:22 am | Permalink
ഗുണം ദുഷ്ടന്നുചെയ്തീടില്‍
ഫലത്തില്‍ ദോഷമായ്വരും
പാലു നാഗത്തിനേകീടില്‍
നിര്‍ണ്ണയം വിഷദംശനം.
എന്നായാലോ സൂ. ( മുകളില്‍ ശ്ലോകം 5 നോക്കുക)
chithrakaran | 03-Feb-07 at 6:55 am | Permalink
പ്രിയ ഉമെഷ്,
താങ്കള്‍
ചിത്രകാരനെ വിഷ പാംബായി ഉപമിച്ചതു വായിച്ചു. സന്തൊഷം , അതില്‍ കുഴപ്പമൊന്നുമില്ല. താങ്കളുടെ ആത്മാര്‍ത്ഥതയെയും, ആത്മശുദ്ധിയെയും ചിത്രകാരന് ബഹുമാനിക്കുന്നു.
എന്നാല്‍, താങ്കളുടെ ചിന്തകളും, പ്രവൃത്തിയും വളരെ ഉപരിപ്ലവമായ തലങ്ങളിലാണ് എന്നു ചൂണ്ടിക്കണിക്കെണ്ടി വന്നതില്‍ ഖേദിക്കുന്നു. എന്താാാ…. വല്ല ഇലക്ഷനും നില്ക്കാന് പരിപാടിയുണ്ടോ ?? അതും ഈ പൊട്ടക്കുളം വില്ലേജില്‍ !!
പാണ്ഡിത്യം നല്ലതുതന്നെ, പക്ഷെ അതു സര്വസ്വമാകുമൊ എന്ന് ചിന്തിക്കുന്നത് മുന്നൊട്ടുപൊകാന് മാര്‍ഗങ്ങളുണ്ടാക്കും.
സസ്നേഹം -ചിത്രകാരന്.
ആവനാഴി | 03-Feb-07 at 7:05 am | Permalink
കൂമന്റെ പോസ്റ്റിനൊരു പാഠഭേദം:
നീചന്നുചെയ്തോരുപകാരമെല്ലാം
പ്രത്യാഗമിക്കും പുന: ദോഷമായി
പാല് വീഴ്ത്തു ചേരക്കുടനേയവന്‍
നിന് നേരെകുതിക്കും കരിമൂര്‍ഖനായി
ആവനാഴി | 03-Feb-07 at 7:29 am | Permalink
ബാബുവിന്റെ ശ്ലോകത്തെ (നമ്പര്‍ 10) ഇങ്ങിനെയൊന്നു മാറ്റിയെഴുതിയാലോ?
ദോഷമായിബ്ഭവിച്ചീടും
നീചന്നേകുന്ന നന്മകള്
ദുഗ്ദ്ധധാരവിഷം കൂട്ടാ
നുതകും കാളിയന്നഹോ!
ആവനാഴി | 03-Feb-07 at 8:16 am | Permalink
(മുകളീല്‍ നമ്പര്‍ 8 ല്‍ പോസ്റ്റു ചെയ്തിരിക്കുന്ന)
“വൃശ്ചികസ്യ വിഷം പുഛം…….” എന്ന ശ്ലോകത്തിനൊരു ഭാഷാന്തരീകരണം:
വിഷം തേളിന്നു വാലിന്മേല്
തേനീച്ചക്കതു മോന്തയില്‍
പാമ്പിനോ പല്ലിലാണത്രേ
മേലാകേ ദുര്‍ജ്ജനത്തിനു!
ആവനാഴി | 03-Feb-07 at 8:55 am | Permalink
ഇനി പ്രമോദിന്റെ ( നമ്പര്‍ 15)പരിഭാഷക്കൊരു പരിഷ്കാരം:
നീചര്‍ക്കു നന്മചെയ്തീടില്
കിട്ടും ദോഷഫലം ശൃണു
പാമ്പിന്നേകുന്ന പാല്‍ത്തുള്ളി
വിഷവര്‍ദ്ധകമല്ലയോ?
ആവനാഴി | 03-Feb-07 at 9:32 am | Permalink
കാക:കൃഷ്ണ: പിക:കൃഷ്ണ:
കോഭേദം പികകാകയോ:?
വസന്തകാലേസംപ്രാപ്തേ
കാക: കാക: പിക:പിക:!
ഇതിന്റെ ഒരു പ്രതിഭാഷ ഇതാ:
കാക്കയും കുയിലും തമ്മില്‍
എന്താണന്തരമോര്‍ക്കുകില്‍?
വസന്തകാലം വന്നീടില്‍
കാക്ക കാക്ക കുയില്‍ കുയില്‍!
കൈപ്പള്ളി | 11-Feb-07 at 5:05 am | Permalink
നന്ദി ഉമേഷ്.
ശ്ലോകം വളരെ ഇഷ്ടപെട്ടു.
പരിണാമം എന്ന വന്‍ വൃക്ഷത്തിന്റെ കീഴ് കൊമ്പില്‍ ഇരിക്കുന്ന പാമ്പിനേയും നാം സംരക്ഷക്കണ്ടേ?
Umesh::ഉമേഷ് | 08-Mar-07 at 2:55 am | Permalink
ആവനാഴീ,
പദ്യങ്ങള്‍ക്കു നന്ദി. “സുഭാഷിത”ത്തിലെ മറ്റു പദ്യങ്ങള്‍ക്കും പരിഭാഷ എഴുതും എന്നു പ്രതീക്ഷിക്കുന്നു. സമസ്യകള്‍ക്കു പൂരണങ്ങളും.
ചിത്രകാരാ/കൈപ്പള്ളീ,
ഈ പ്രശ്നത്തിനു വേണ്ടി എഴുതിയ പോസ്റ്റല്ല ഇതു്. കഴിഞ്ഞ ഓഗസ്റ്റില്‍ എഴുതിയതാണിതു്. അപ്പോള്‍ ഇതു് ഓര്‍മ്മവന്നു എന്നു മാത്രം. ചിത്രകാരനെ പാമ്പുമായി ഉപമിച്ചിട്ടുമില്ല. കൈപ്പള്ളിയുടെ പ്രവൃത്തിയെ പാമ്പിനു പാല് കൊടുക്കുന്നതിനോടു മാത്രമാണു ഞാന്‍ ഉപമിച്ചതു്.
ചിത്രകാരനെ ഉപമിക്കാന്‍ പറ്റിയ ഉപമാനം പാമ്പല്ല. അതു് ഈ ശ്ലോകത്തില്‍ ഉണ്ടു്.
[വായിക്കാതെ കിടക്കുന്ന പോസ്റ്റുകള്‍ വായിപ്പിക്കാന്‍ ആളുകള്‍ എന്തൊക്കെ കളികള്‍ കളിക്കുന്നു പടച്ചോനേ!]
mandrake | 17-Mar-10 at 3:31 pm | Permalink
എന്താണു് പാല്? ഭക്ഷണം ദഹിയ്ക്കാത്ത പിഞ്ചു സസ്തനികള്‍ക്കു് പ്രകൃതി നല്കുന്ന വരദാനം. പ്രത്യേകം എടുത്തു പറഞ്ഞു കൊള്ളട്ടെ, ഓരോ വര്‍ഗ്ഗത്തിലും പെട്ട സസ്തനിയ്ക്കു് അതാതു സസ്തനിയുടെ അമ്മ നല്കുന്ന പാല്… മനുഷ്യനൊഴികെ ഒരു സസ്തനിയും മറ്റു സസ്തനികളെ അടിമയാക്കി അതിന്റെ പാല് കുടിയ്ക്കാറില്ല. ഏതോ പ്രാചീന ഗോത്ര കാലത്തു് മനുഷ്യനു തോന്നിയ അവിവേകമാണു് പശുക്കളുടെയും ആടുകളുടെയും മറ്റും പാല് കുടിയ്ക്കുക എന്നുള്ളതു്.
നിങ്ങള്‍ക്കറിയാമോ? അന്യ മൃഗങ്ങളുടെ പാല് – മനുഷ്യര്‍ക്കു് മാരക വിഷമാണു്. പാലില്‍ നൂറു കണക്കിനു പദാര്‍ത്ഥങ്ങള്‍ അടങ്ങിയിട്ടുണ്ടു്. ഇതില്‍ ഓരോന്നിനും അതിശക്തമായ ജൈവശാസ്ത്രപ്രക്രിയകളെ തുടങ്ങിവെയ്ക്കാനുള്ള കഴിവുകളുണ്ടു്.
എന്താണു് പാലില്‍ ഉള്ളതു്? പ്രൊട്ടീനുകള്‍, ഹോര്‍മോണുകള്‍,കൊഴുപ്പു്,കൊളസ്ട്രോള്‍,കീടനാശിനികള്‍,വൈറസ്സുകള്‍,ബാക്റ്റീരിയ(bovine leukaemia, bovine tuberculosis, cow immunodeficiency virus മുതലായവ). ഇവയ്ക്കെല്ലാം കൂടിച്ചേര്‍ന്നു് മനുഷ്യരില്‍ പല പല മാരക രോഗങ്ങള്‍ ഉണ്ടാക്കാനുള്ള കഴിവുണ്ടു്. ലോക ഗവണ്മെന്റുകളും ശാസ്ത്ര- വൈദ്യശാസ്ത്രസ്ഥാപനങ്ങളും മന:പൂര്‍വ്വം ഈ സത്യങ്ങള്‍, പാല് ഉല്പന്നങ്ങളുടെ ഉപയോഗത്തില്‍ നിന്നുണ്ടാകുന്ന ആപത്തുകള്‍ മറച്ചു വെച്ചു കൊണ്ടേയിരിയ്ക്കുന്നു.
പാല് ഉല്പന്നങ്ങള് ഉപയോഗിയ്ക്കാത്തചില സമൂഹങ്ങളില്‍ (ഉദാഹരണം: ചൈന) ബ്രെസ്റ്റ് കാന്‍സര്‍ പോലുള്ള മാരക രോഗങ്ങള്‍ വളരെ വിരളമാണു്.